"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

തന്തൈ പെരിയാര്‍ : ദ്രാവിഡമണ്ണില്‍ ബ്രാഹ്മണിസത്തിന്റെ ഉന്മൂലനാശകന്‍ - ഡോ. സുരേഷ് മാനേ

പെരിയാര്‍ ഇ.വി.രാമസ്വാമിനായ്ക്കരും (1879-1973) ബാബാസാഹേബ് ഡോ. അംബേദ്ക്കറും. ഇരുവരും ആധുനിക ഇന്ത്യയുടെ സാമൂഹ്യരാഷ്ട്രീയ രംഗത്ത് ഏറ്റവും വിവാദ പുരുഷന്‍മാ രായിരുന്ന സാമൂഹ്യ വിപ്‌ളവകാരികളാണ്. ഇരുവരും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് വളര്‍ന്നു വന്നതെങ്കില്‍ക്കൂടി, ജീവിതത്തിലെ വ്യത്യസ്തമായ അവസരങ്ങളില്‍ ജാതിസംസ്‌ക്കാരത്തിന്റെ ഇരകളെ വിമോചിപ്പിക്കു വാനുള്ള മാര്‍ഗത്തില്‍ ഒരേ സമീപനമാണുണ്ടാ യിരുന്നത്. അതിനാല്‍ ഇരുവരും ഇന്ത്യയിലെ സാമൂഹ്യവിപ്‌ളവത്തില്‍ അതികായരായി ഉയര്‍ന്നുനില്‍ക്കുന്നുവെന്നു മാത്രമല്ല, ഇന്ത്യയിലെ വിലപിക്കുന്ന ദശലക്ഷങ്ങള്‍ക്ക് പ്രചോദനത്തി ന്റെയും ധൈര്യത്തി ന്റെയും ഉറവിടങ്ങളായി നിലകൊള്ളുകയും ചെയ്യുന്നു.

1879 സെപ്റ്റംബര്‍ 17 നാണ് തമിഴ്‌നാടിലെ ഈറോഡില്‍ ധനികരായ ഒരു ഹിന്ദു യാഥാസ്ഥിതിക കുടുംബത്തില്‍ പെരിയാര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശ്രീ. വെങ്കിട്ടപ്പ ഈറോഡ് നഗരത്തിലെ ഒരു പ്രശസ്തനായ വ്യവസായിയായിരുന്നു. ധനികമായ കുടുംബത്തിലാണ് പെരിയാറുടെ ജീവിതം വികസിച്ചുവന്നതെങ്കിലും കുട്ടിക്കാലം മുതലേ പെരിയാര്‍ ഏറ്റവും നിന്ദ്യരായി കരുതിപ്പോന്ന അയിത്ത ജാതിക്കാരു മായി സ്വതന്ത്രമായി ഇടപഴകുമായിരുന്നു. എട്ടാമത്തെ വയസ്സില്‍ അദ്ദേഹത്തെ സ്‌കൂളില്‍ ചേര്‍ത്തുവെങ്കിലും പെരിയാറെ സംബന്ധി ച്ചിടത്തോളം വിദ്യാലയം വിദ്യാഭ്യാസപരമെന്നതിനെക്കാള്‍ കൂടുതല്‍ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന കാഴ്ചപ്പാടു വച്ചുപുലര്‍ത്തിയ തിരുന്നതിനാല്‍ പത്താമത്തെ വയസ്സില്‍ത്തന്നെ സ്‌കൂളിനോട്‌ വിട പറയേണ്ടിവന്നു. അദ്ദേഹത്തിന്റെ അധ്യാപകരും രക്ഷിതാക്കളും പോലും കരുതിയത് അദ്ദേഹം ഒരു വിദ്യാലയത്തിനും അനുയോജ്യനല്ല എന്നാണ്. എന്നാലതുപോലെ രാമസ്വാമി കരുതിയത് വിദ്യാലയം തനിക്കും അനുയോജ്യമല്ല എന്നാണ്1. അതിനുശേഷം അദ്ദേഹം തന്റെ ശ്രദ്ധ പിതാവിന്റെ ബിസിനസ്സില്‍ കേന്ദ്രീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉള്ളില്‍ തിളച്ചുപൊന്തുന്ന വിപ്ലവവീര്യം അവിടേയും കൂടുതലൊന്നും ചെയ്യാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഇക്കാലത്ത് വര്‍ണ്ണ ജാതി സംസ്‌ക്കാരത്തെ അതിനിശിതമായി നിന്ദിക്കുകയും യുക്തിബോധ ത്തിന്റേയും ബുദ്ധിസത്തിന്റേയും തത്വങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത പണ്ഡിറ്റ് അയോധീ താസിന്റെ പ്രസ്ഥാനം പെരിയാറെ അത്യധികം ആകൃഷ്ടനാക്കി.

19 ാമത്തെ വയസ്സില്‍ അദ്ദേഹം നാഗമ്മാളെ വിവാഹം കഴിക്കുകയും കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു. പക്ഷേ യാഥാസ്ഥിതികവും അന്ധ വിശ്വാസ പൂര്‍ണ്ണവുമായി നിലനില്‍ക്കുന്ന മനുഷ്യ ജീവിതവും വീടിനകത്തും പുറത്തും നടക്കുന്ന അയിത്താ ചരണവും അദ്ദേഹത്തെ വേദനിപ്പിച്ചു. ഇന്ത്യന്‍ സ്ത്രീകളനു ഭവിക്കുന്ന താഴ്ന്ന സാമൂഹ്യപദവി അദ്ദേഹത്തെ വല്ലാതെ അലട്ടിയ പ്രശ്‌നമായിരുന്നു. 1909 ല്‍, കേവലം ഒന്‍പതാമത്തെ വയസ്സില്‍ വിധവയാ കേണ്ടിവന്ന സ്വസഹോദരിയുടെ പുനര്‍വിവാഹം സമൂഹത്തിന്റേയും കുടുംബത്തിന്റേയും അതി കഠിനമായ എതിര്‍പ്പുകളെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം നടത്തി. വിവാഹിതകള്‍ കഴുത്തിനുചുറ്റും ധരിക്കുന്ന ആഭരണമായ താലി, അടിമത്തത്തിന്റെ ഒരു ചിഹ്നമാണെന്ന് അക്കാലത്തുപോലും അദ്ദേഹം കരുതിയിരുന്നു. ഒരുദിവസം അദ്ദേഹം ഭാര്യയുടെ താലിമാലയെല്ലാം പൊട്ടിച്ചെറിഞ്ഞത് കുടുംബത്തില്‍ ഒരു വലിയ കൊടുങ്കാറ്റുതന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഇത്തരം വിപ്ലവകരമായ പ്രവൃത്തികളെ തടയാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം വീടുപേക്ഷിച്ചിറങ്ങുകയും പ്രത്യേകിച്ച് യാതൊരു നിശ്ചിത ലക്ഷ്യവുമില്ലാതെ ഉത്തരേന്ത്യയിലേയ്ക്ക് യാത്രതിരിക്കുകയും ചെയ്തു. പിന്നീട് പെട്ടന്നുതന്നെ അദ്ദേഹം വീട്ടിലേയ്ക്ക് തിരിച്ചുവരികയും പിതാവിനെ ബിസിനസ്സില്‍ സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധമാര്‍ഗ്ഗങ്ങളിലൂടെ അദ്ദേഹം ജനങ്ങളെ സേവിക്കാനാരംഭിച്ചു.

തന്റെ ചുരുങ്ങിയ കാലത്തെ പൊതുജനസേവനം അദ്ദേഹത്തെ ഈറോഡിലെ മുനിസിപ്പല്‍ ചെയര്‍മാനാക്കി മാറ്റി. അദ്ദേഹത്തിന്റെ എതിരാളിയാകട്ടെ സേലത്തുനിന്നുള്ള കറകളഞ്ഞ കോണ്‍ഗ്രസ്സ് വിധേയനായ മി. രാജഗോപാലാ ചാരിയായിരുന്നു. 1920 ആവുമ്പോ ഴേയ്ക്കും പൊതുപ്രാധാന്യമുള്ള ഇരുപത്തൊന്‍പതോളം ഓഫീസുകളുടെ ചുമതലക്കാരനായി പെരിയാര്‍ മാറി. പെരിയാറുടെ നിഷ്ഠയിലും സംഘടനാപരമായ കഴിവിലും വളരെയധികം ആകൃഷ്ടനായ രാജാജി, പെരിയാറെ കോണ്‍ഗ്രസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. കോണ്‍ഗ്രസ്സില്‍ ചേരുന്നതില്‍ പെരിയാറിന് ഒട്ടും വൈഷമ്യം തോന്നിയില്ല. എന്തുകൊ ണ്ടെന്നാല്‍ അക്കാലത്ത് അദ്ദേഹം സത്യസന്ധമായി വിശ്വസിച്ചിരുന്നത്, ദുരിതമനുഭവിക്കുന്ന ബ്രാഹ്മണേതര വിഭാഗങ്ങളുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കോണ്‍ഗ്രസ്സ് എന്നാണ്. ഒരു കോണ്‍ഗ്രസ്സു കാരനെന്ന നിലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരിപാടികള്‍ നടപ്പിലാ ക്കുന്നതില്‍ പെരിയാര്‍ എപ്പോഴും മുന്‍നിരയിലുണ്ടായിരുന്നു. അന്ന് ചില ബ്രാഹ്മണേതര നേതാക്കള്‍ 'ബ്രാഹ്മണകോണ്‍ഗ്രസ്സ്' എന്നു വിളിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ ദക്ഷിണേന്ത്യയിലെ ഒരു ദീപസ്തംഭമായി പെരിയാര്‍ അക്കാലത്ത് ഉയര്‍ന്നു വന്നു.

തമിഴ്‌നാട് എന്നും ദ്രാവിഡജനതയുടെ മണ്ണാണ്. അവര്‍ വിശിഷ്യാ ആര്യ-ബ്രാഹ്മണര്‍ക്കെതിരെയുള്ള ഒരു സവിശേഷമായ സാംസ്‌ക്കാരിക പൈതൃകം വഹിക്കുന്നവരാണ്. എല്ലാ മേഖലകളിലുമുള്ള ബ്രാഹ്മണരുടെ ആധിപത്യം അബ്രാഹ്മണപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഗൗരവകരമായ ഒരു പ്രശ്‌നമായിരുന്നു. അന്ന് മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലംഗമായിരുന്ന സര്‍ പി.ത്യാഗരാജ ചെട്ടിയാര്‍, പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസിലെ എല്ലാ തസ്തികകളിലും ബ്രാഹ്മണര്‍ക്കുള്ള കുത്തകാധികാരത്തെ തുറന്നുകാട്ടിയിരുന്നു. 1912 ല്‍ റോയല്‍ കമ്മീഷന്‍ ഓണ്‍ പബ്ലിക് സര്‍വ്വീസസ് മുമ്പാകെ നിരവധി ബ്രാഹ്മണേതര നേതാക്കള്‍ എല്ലാ സമുദായങ്ങള്‍ക്കും ന്യായമായ വിഹിതത്തിനുവേണ്ടി ശക്തിയായി വാദിച്ചു. ഈ വാദത്തെ അതേ ശക്തിയോടെ ബ്രാഹ്മണര്‍ എതിര്‍ത്തി രുന്നു. 1915 ല്‍ വിദ്യാഭ്യാസവകുപ്പിലെ 518 തസ്തികകളില്‍ 399 എണ്ണവും കയ്യാളിയിരുന്നത് വെറും 3% വരുന്ന ബ്രാഹ്മണരായിരുന്നു. അതേസമയം 97% വരുന്ന ബ്രാഹ്മണേതരര്‍ക്കാകട്ടെ വെറും 84 തസ്തികകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെയൊക്കെ പരിണിതഫലമായി ദക്ഷിണേന്ത്യയിലെ അബ്രാഹ്മണ നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സ് മുന്നോട്ടു വയ്ക്കുന്ന 'ഹോംറൂള്‍പ്രസ്ഥാനം' കേവലം 'ബ്രാഹ്മണറൂള്‍ പ്രസ്ഥാന'മാണെന്ന് നന്നായി ബോധ്യപ്പെട്ടു.

1893 മുതല്‍ 1909 വരെ പ്രൊവിന്‍ഷ്യല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അബ്രാഹ്മണരായ ഒരൊറ്റയാള്‍ പോലും ഇല്ലായിരുന്നു. സമ്പൂര്‍ണ്ണമായും അതില്‍ ബ്രാഹ്മണാധിപത്യമായിരുന്നു. 1914 ല്‍ തെരെഞ്ഞെടുക്കപ്പെട്ട 16 അംഗങ്ങളില്‍ 14 ഉം ബ്രാഹ്മണരായിരുന്നു. ദക്ഷിണേന്ത്യയില്‍ അബ്രാഹ്മണ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാനിടയാക്കിയ മുഖ്യകാരണങ്ങളിലൊന്നും അതായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയിലെ അബ്രാഹ്മണ രാഷ്ട്രീയത്തിന് ഒരു നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയത്, അബ്രാഹ്മണരുടെ കഴിവുറ്റവനും സമര്‍പ്പിതമനസ്സുള്ളവനുമായ നേതാവ് ഡോ. ടി.എന്‍. നായര്‍ (1868-1919), 1916 ല്‍ നടന്ന പ്രൊവിന്‍ഷ്യല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്കുള്ള തെരെഞ്ഞെടുപ്പില്‍ ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഫലമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്. 2 ഡോ.നായര്‍ക്ക് 1916 ല്‍ സംഭവിച്ച ഈ പരാജയം ദക്ഷിണേന്ത്യയിലെ അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ അതീവ നിര്‍ണ്ണായകമായ മുഹൂര്‍ത്തമായിരുന്നു. ഈ സംഭവം ബ്രാഹ്മണ-അബ്രാഹ്മണ നേതാക്കള്‍ ക്കിടയിലുള്ള അകലം വലുതാക്കുകയും അബ്രാഹ്മണ നേതാക്കള്‍ക്കിടയില്‍ രാഷ്ട്രീയമായ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. 1916 ദക്ഷിണേന്ത്യ യിലെ അബ്രാഹ്മണപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായ വര്‍ഷമായിരുന്നു. ആ വര്‍ഷം നവംബര്‍ 20 ന് അബ്രാഹ്മണരായ നേതാക്കളെല്ലാം മദ്രസില്‍ സമ്മേളിക്കുകയും അബ്രാഹ്മണരുടേതായ ഒരു രാഷ്ട്രീയപ്രസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനമെടുക്കുകയും ആ തീരുമാനങ്ങള്‍ക്ക് പ്രചാരം നല്‍കുവാനായി ഒരു പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള എല്ലാ സംഭവവികാസങ്ങളും 'ദ സൗത്ത് ഇന്ത്യന്‍ പീപ്പിള്‍സ് അസോസിയേഷന്‍' രൂപീകരിക്കുന്നതിലേയ്ക്കു നയിക്കുകയും റാവു ബഗാദൂര്‍ ത്യാഗരാജ ചെട്ടിയാരുടെ കൈയ്യൊപ്പോടുകൂടി അത്യന്ത്യം പ്രശസ്തമായ അബ്രാഹ്മണ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ഈ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പെരിയാറുടെ പ്രക്ഷോഭങ്ങളെ നാം വിലയിരുത്തേണ്ടത്. പെരിയാര്‍ ഒരു ഉറച്ച യുക്തിവാദിയും എല്ലാവര്‍ക്കും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ തത്വങ്ങളാല്‍ നയിക്കപ്പെട്ട യാളുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ദൈവസ ങ്കല്‍പ്പം, വേദം, മതം, അയിത്തം എന്നിവയെ നിരാകരിക്കുകയും മനുസ്മൃതിയേയും പുരോഹിത മേധാവിത്തത്തേയും തമസ്‌ക്കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാഷയില്‍ എല്ലാ തിന്മകളുടേയും അടിവേരായ ബ്രാഹ്മണിസത്തിന്റെ അഭ്യുദയകാംക്ഷികളെ ചുറ്റിപ്പറ്റിയായിരുന്നു പോരാട്ടങ്ങള്‍ പുരോഗമിച്ചിരുന്നത്. തനിക്കു പ്രിയപ്പെട്ട ഒരാഹ്വാനത്തോ ടെയായിരുന്നു തന്റെ എല്ലാ പ്രസംഗങ്ങളും അദ്ദേഹം അവസാനിപ്പി ച്ചിരുന്നത്. അദ്ദേഹം പറയുന്നു, 'എന്റെ സുചിന്തിതമായ അഭിപ്രായ മിതാണ് ബ്രാഹ്മണിസം എന്നെന്നേയ്ക്കുമായി തുടച്ചുമാറ്റപ്പെടണം.'

പെരിയാറിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു വൈക്കം സത്യാഗ്രഹം. യഥാര്‍ത്ഥത്തില്‍ ഈ സത്യാഗ്രഹം ക്ഷേത്രപ്രവേശനത്തിന് വേണ്ടിയല്ലായിരുന്നു. മറിച്ച് ക്ഷേത്രത്തിനു ചുറ്റുമുള്ള നിരോധിത വഴികളിലൂടെ അയിത്തജാതിക്കാര്‍ക്ക് സഞ്ചാരാവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരമായിരുന്നു. കേരളത്തിലെ തിരുവിതാംകൂര്‍ രാജാവിന്റെ കീഴിലുണ്ടായിരുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു വൈക്കം. 1924 വരെ വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ താഴ്ന്ന ജാതിക്കാരെ നടക്കാന്‍ അനുവദിച്ചി രുന്നില്ല. അയിത്തജാതിയായ ഈഴവസമുദായത്തില്‍പ്പെട്ട അഡ്വ. മാധവനെ ക്ഷേത്രത്തിനരികിലൂടെയുള്ള വഴിയിലൂടെ യാത്ര ചെയ്ത് കോടതിയിലെത്താന്‍ അനുവദിച്ചില്ല. ഇതിനെത്തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റാ യിരുന്ന ബാരിസ്റ്റര്‍. കെ.പി.കെ. മേനോനും ടി.കെ. മാധവനും അഡ്വ. ജോര്‍ജ്ജ് ജോസഫും മറ്റുള്ളവരെല്ലാം ചേര്‍ന്ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു. ഉടന്‍ തന്നെ രാജകല്‍പ്പന പ്രകാരം പത്തൊന്‍പതോളം നേതാക്കളെ അറസ്റ്റു ചെയ്തു.

എല്ലാ നേതാക്കളും ജയിലിനകത്താവുകയും പ്രക്ഷോഭം ഏറെക്കുറെ നിര്‍ജ്ജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ പെരിയാറിന് പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുക്കണമെന്ന ഭ്യര്‍ത്ഥിച്ചുകൊണ്ട് മേനോനും ജോസഫും എഴുതിയ കത്തു ലഭിച്ചു. ആ കത്തില്‍ പ്രസ്താവിച്ചിരുന്നത് 'അങ്ങ് തീര്‍ച്ചയായും വരികയും പ്രക്ഷോഭത്തിന് ജീവന്‍ നല്‍കുകയും ചെയ്യണം. അല്ലാത്ത പക്ഷം ഞങ്ങള്‍ക്ക് രാജാവിനോട് മാപ്പപേക്ഷിക്കുകയല്ലാതെ വേറൊരുഗത്യന്തരവുമില്ല. അങ്ങനെ ചെയ്യുന്നതു വഴി ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെട്ടെന്നുവരില്ല. എന്നാല്‍ കുലീനമായൊരു ദൗത്യം അതുവഴി ബുദ്ധിമുട്ടിലാകും. യഥാര്‍ത്ഥത്തില്‍ ഞങ്ങളെ ആകുലചിത്തരാ ക്കുന്നത് അതാണ്. അതിനാല്‍ ദയവായി ഉടന്‍വരികയും പ്രക്ഷോഭം ഏറ്റെടുക്കുകയും ചെയ്യുക.'

അക്കാലത്ത് ജസ്റ്റിസ് പാര്‍ട്ടി അയിത്താചരണത്തിന്റെയും ജാതിയുടെയും നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി ആശയപ്രചാരണം നടത്തുകയായിരുന്നു. എന്നാല്‍ വൈക്കംസത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പെരിയാറിനേയും ക്രിസ്തുമതത്തില്‍ നിന്നുള്ള നേതാക്കളേയും തടയുന്നതിന് അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ രാജഗോപാലാചാരി പെരിയാറിന് ഒരു കത്തയച്ചു. 'നിങ്ങളെന്തിനാണ് മറ്റൊരു രാജ്യത്തു പോയി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്? '3 എന്നാണ് അതില്‍ ചോദിക്കുന്നത്. മഹാത്മാഗാന്ധിയുടെ ഉപദേശമില്ലാതെ വൈക്കം സത്യാഗ്രഹം തുടങ്ങിയതിനാല്‍ അതില്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം പെരിയാറെ ഉപദേശിച്ചു. കാരണം അത് കോണ്‍ഗ്രസ്സിന്റെ അജണ്ടയ്ക്ക് പുറത്തുള്ളതായിരുന്നു. ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ്സ് നേതാവായ ജോര്‍ജ്ജ് ജോസഫിനോട് അദ്ദേഹം ക്രിസ്ത്യാനിയായതിനാല്‍ ഈ വിഷയത്തില്‍ ഇടപെടരുതെന്ന് ചൂണ്ടികാട്ടി ഗാന്ധിജിപോലും കത്തെഴുതുകയുണ്ടായി. ഗാന്ധിജി പറഞ്ഞത് 'വൈക്കത്തെ സംബ ന്ധിച്ചിടത്തോളം ഞാന്‍ കരുതുന്നത് നിങ്ങള്‍ ഹിന്ദുക്കളെ ആ ജോലി ചെയ്യാന്‍ വിടണമെന്നാണ്. കാരണം അവരാണ് സ്വന്തംനിലയില്‍ ശുദ്ധീകരിക്കപ്പെടേത്. നിങ്ങളുടെ തൂലികയിലൂടെയും അനുഭവത്തിലൂ ടെയും നിങ്ങള്‍ക്കവരെ സഹായിക്കാം. എന്നാല്‍ അത് ജനങ്ങളെ സംഘടിപ്പിക്കുന്ന ഒരു സത്യാഗ്രഹസമരത്തിനായി ഒരിക്കലും ആകരുത്.'4 എന്നാല്‍ പെരിയാര്‍ ഇത്തരത്തിലുള്ളവയെല്ലാം അവഗണിച്ചുകൊണ്ട് തന്റെ അജണ്ടയുമായി മുന്നോട്ടു പോവുകയും പ്രക്ഷോഭത്തിന്റെ നായകസ്ഥാനം വഹിക്കുകയും ആത്യന്തികമായി അതിനെ വിജയത്തി ലെത്തിക്കുകയും ചെയ്തു.

മദ്രാസ് പ്രവിശ്യയില്‍ കേവലം മൂന്നു ശതമാനം മാത്രമു ണ്ടായിരുന്ന ബ്രാഹ്മണരുടെ ആധിപത്യമാണ് പെരിയാറിന്റെ വിക്ഷോഭത്തിന്റെ മൂലകാരണം. അതിനാല്‍ നിയമസഭയിലും പബ്ലിക് സര്‍വ്വീസിലും അബ്രാഹ്മണര്‍ക്ക് സാമുദായിക പ്രാതിനിധ്യംനല്‍കുന്നതിനായി അദ്ദേഹം കഠിനപ്രയത്‌നം നടത്തി. ഒരു വിനീതനായ പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ലഭ്യമായ എല്ലാ വേദികളിലും അദ്ദേഹം തുടര്‍ച്ചയായി ഇക്കാര്യത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തമിഴ്‌നാട് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ 1920 ലെ തിരുനെല്‍വേലി സമ്മേളനം മുതല്‍ 1925 ലെ കാഞ്ചിപുരം സമ്മേളനം വരെ അദ്ദേഹം ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതു തുടര്‍ന്നുവെങ്കിലും എപ്പോഴും കോണ്‍ഗ്രസ്സ് അതിനെ തുടര്‍ച്ചയായി തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ പരിണിതഫലമായി പെരിയാര്‍ കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു പുറത്തു പോയി. കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചശേഷം അദ്ദേഹം പ്രസ്താവിച്ചു.'ഇനി എന്റെ പരിപാവനമായ ദൗത്യം ബ്രാഹ്മണരുടെ ഉറച്ച സംരക്ഷകരായ കോണ്‍ഗ്രസ്സിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യലാണ്.''

തമിഴ്‌നാട് കോണ്‍ഗ്രസ്സ് യൂണിയന്റെ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഗുരുകുലങ്ങള്‍ എന്നറിയപ്പെടുന്ന സ്‌കൂള്‍ഹോസ്റ്റലുകളില്‍ ബ്രാഹ്മണരും അബ്രാഹ്മണരുമായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാട്ടുന്ന വിവേചനവിഷയവുമായി ബന്ധപ്പെട്ട് 1924 ല്‍ അദ്ദേഹം തമിഴ്‌നാട് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം രാജി വച്ചു. ഇത്തരം വിഷയങ്ങളില്‍ ഗാന്ധിയും രാജാജിയുമായിപ്പോലും ഒത്തു തീര്‍പ്പിലെത്തു ന്നതിന് പെരിയാര്‍ വിസമ്മതം പ്രകടിപ്പിക്കുകയും അവസാനം കോണ്‍ഗ്രസ്സിനെ മദ്രാസ്സ് പ്രവിശ്യയിലെമ്പാടുംനിന്ന് ഉന്‍മൂലനാശം വരുത്തുമെന്ന ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം കോണ്‍ഗ്രസ്സിനെ ഉപേക്ഷി ക്കുകയും ചെയ്തു.

''ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്തജാതിക്കാര്‍ക്കായി ചെയ്തതെന്താണ് ?'(1945)5 എന്ന തന്റെ വിഖ്യാത രചനയില്‍, ഡോ.അംബേദ്ക്കര്‍, ഗാന്ധി-കോണ്‍ഗ്രസ്സ് എന്ന മിത്തിനെയും അയിത്തജാതിക്കാരോടുള്ള അവരുടെ കപടസ്‌നേഹത്തിനേയും തുറന്നു കാട്ടുന്നുണ്ട്. 'അംബേദ്ക്കര്‍ റെഫ്യൂട്ടഡ് ''(അംബേദ്ക്കര്‍ നിരാകരിക്കപ്പെടുന്നു) എന്ന പേരില്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും പങ്കിനെ ന്യായീകരിച്ചു കൊണ്ട് 1946 ല്‍ സി. രാജഗോപാലാചാരി എഴുതി പ്രസിദ്ധീകരിച്ച 38 പേജുള്ള ഒരു ലഘുലേഖ വഴി നടത്തിയ എളിയ പരിശ്രമമൊഴിച്ചാല്‍, കോണ്‍ഗ്രസ്സിനും ഗാന്ധിക്കും മേല്‍ അംബേദ്ക്കര്‍ നടത്തിയ ഉഗ്രമായ ആക്രമണത്തെ വെല്ലുവിളിക്കാന്‍ ഒരു കോണ്‍ഗ്രസ്സുകാരനും ധൈര്യപ്പെട്ടില്ല.6 പെരിയാറും തന്റെ ജീവിതത്തിലുടനീളം കോണ്‍ഗ്രസ്സിന്റെയും ഗാന്ധിയുടെയും രാജഗോപാലാ ചാരിയുടേയും കപടനാട്യങ്ങളെ പൂര്‍ണ്ണമായും തുറന്നു കാട്ടുകയും ഡോ. അംബേദ്ക്കറുടെ വാദഗതികളെ നീതീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഉപേക്ഷിച്ചതിനു ശേഷം 1925 ല്‍ പെരിയാര്‍ ആത്മാഭിമാന പ്രസ്ഥാനത്തനു രൂപം നല്‍കി. ആത്മാ ഭിമാന പ്രസ്ഥാന ത്തിന്റെ ആദ്യസമ്മേളനം 1929 ഫെബ്രുവരിയില്‍ ചെങ്കല്‍പേട്ട് വച്ചു കൂടുകയും താഴെ കൊടുത്തിരിക്കുന്ന പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തു.

1. അയിത്ത നിര്‍മ്മാര്‍ജ്ജനം
2. ഏവര്‍ക്കും തുല്യാവകാശം
3. വര്‍ണ്ണാശ്രമധര്‍മ്മത്തെ ഇല്ലായ്മ ചെയ്യല്‍
4. ജനങ്ങള്‍ അവരുടെ ശരീരത്തിലോ നെറ്റിയിലോ ജാതിചിഹ്‌നങ്ങള്‍ ഉപയോഗിക്കാതിരിക്കല്‍
5. പൗരോഹിത്യസമ്പ്രദായത്തിന്റെ നിര്‍മാര്‍ജ്ജനം
6. ക്ഷേത്രാരാധനയ്ക്കായി പണം പാഴാക്കാതിരിക്കല്‍
7. ജനങ്ങള്‍ അവരുടെ ജാതിനാമങ്ങള്‍ ഉപേക്ഷിക്കല്‍
8. പൊതുഖജനാവിലെ പണം വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെക്കവര്‍ക്കായിരിക്കണം ഉപയോഗിക്കേണ്ടത്. അല്ലാതെ മഠങ്ങള്‍ നിര്‍മ്മിക്കരുത്.

പെരിയാറിന്റെ ആത്മാഭിമാന പ്രസ്ഥാനത്തിനും (1925-1939) ജസ്റ്റിസ് പാര്‍ട്ടിയുടെ മുന്നേറ്റത്തിനും ബ്രാഹ്മണരെ മദ്രാസ് പ്രവിശ്യയില്‍ നിന്നും സ്ഥാനഭ്രഷ്ടരാക്കുകയെന്ന പൊതുവായ ലക്ഷ്യ മാണുണ്ടായിരുന്നതെങ്കിലും അവരുടെ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും വ്യത്യസ്തമായിരുന്നു. ജസ്റ്റിസ് പാര്‍ട്ടിയിലെ തികച്ചും മതഭക്തരായ ചില അംഗങ്ങള്‍ക്ക് പെരിയാറിന്റെ സമീപനരീതികളോട് കടുത്ത അലര്‍ജിയായിരുന്നു. എസ്.ആര്‍.എം എന്ന് വ്യാപകമായി അറിയപ്പെ ട്ടിരുന്ന ആത്മാഭിമാന പ്രസ്ഥാനത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്വം പ്രവിശ്യയിലെ അബ്രാഹ്മണര്‍ക്കിടയില്‍ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ ഉണര്‍വ്വ് സൃഷ്ടിക്കുക എന്നുള്ളതായിരുന്നു. ജാതിവ്യവസ്ഥ, ബ്രാഹ്മണമേധാവിത്തം, ദൈവ സങ്കല്പം, അന്ധവിശ്വാസം, സര്‍വ്വവ്യാപിയായ ജാതീയത തുടങ്ങിയ വയ്‌ക്കെ തിരെയുള്ള സാംസ്‌ക്കാരിക പ്രക്ഷോഭമായിരുന്നു അടിസ്ഥാനപര മായി ഈ പ്രസ്ഥാനം. ദ്രാവിഡ സമൂഹത്തിന്റെ യുക്തിചിന്താവല്‍ക്കര ണമായിരുന്നു അടുത്ത മുഖ്യലക്ഷ്യം.

ആത്മാഭിമാന പ്രസ്ഥാനം അഞ്ച് മുഖ്യ തത്വങ്ങളില്‍ അധിഷ്ഠിതമാിയരുന്നു.
1. ദൈവം എന്നൊന്ന് ഇല്ല
2. മതം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുക തന്നെ വേണം
3. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നശിപ്പിക്കല്‍
4. ഗാന്ധിസത്തിന്റെ നിര്‍മാര്‍ജ്ജനം
5. ബ്രാഹ്മണിസത്തിന്റെ വേരറുക്കല്‍

ബ്രാഹ്മണിക്കല്‍ അടിച്ചമര്‍ത്തലിനെതിരെ ദ്രാവിഡ വംശത്തെ ഉണര്‍ത്തുന്നതിനും ആത്മാഭിമാനപ്രസ്ഥാനത്തിന്റെ തത്വങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി 1925 മേയ് 2 ന് 'കൂടിഅരശു' (റിപ്പബ്‌ളിക്) എന്ന പേരില്‍ ഒരു തമിഴ് ആഴ്ചപ്പതിപ്പ് പെരിയാറുടെ പത്രാധിപത്യ ത്തില്‍ ആരംഭിച്ചു. 1933 ല്‍ ബ്രിട്ടീഷുകാര്‍ കൂടി അരശുവിനെ നിരോധിച്ചപ്പോള്‍ പെരിയാര്‍ 'പുര്ടിച്ചി' (വിപ്‌ളവം) എന്ന പേരില്‍ മറ്റൊരു മാസിക തുടങ്ങി. 1934 ല്‍ 'പാഗുതരിവ്' (യുക്തിവാദി) എന്ന പേരില്‍ അദ്ദേഹം മറ്റൊരു തമിഴ് ആഴ്ചപതിപ്പ് പുറത്തിറക്കി.

ബ്രാഹ്മണിസം, ഹിന്ദുയിസം, ദൈവം, പുരോഹിതവര്‍ഗ്ഗം, മതത്തിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീയവും മനുഷ്യത്വരഹിത വുമായ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് നേരെ പെരിയാര്‍ നടത്തിയ ആക്രമണം രാജ്യത്തിന്റെ ആധുനിക ചരിത്രത്തില്‍ വെല്ലുവിളിക്കപ്പെടാന്‍ കഴിയാത്തതാണ്. പെരിയാറിന്റെ നേതൃത്വത്തില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ഉറച്ച രാഷ്ട്രീയേതരമായ അടിത്തറ ആത്മാഭിമാന പ്രസ്ഥാനം പ്രദാനം ചെയ്തു. 1921 മുതല്‍ 1937 വരെ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം നേടിയെടുത്തുവെങ്കിലും 1937 ല്‍ കോണ്‍ഗ്രസ്സിനു മുന്നില്‍ പാര്‍ട്ടിയുടെ അധികാരം നഷ്ടപ്പെട്ടു. ജസ്റ്റിസ് പാര്‍ട്ടിയുടെ തിരിച്ചടിയുടെ കാരണങ്ങളെ വിശകലനം ചെയ്തുകൊണ്ട് 1944 സെപ്റ്റംബര്‍ 23ന് മദ്രാസില്‍ നടത്തിയ പ്രസംഗത്തില്‍ ഡോ.അംബേദക്കര്‍ പ്രസ്താവിച്ചത് 'ഈ ആകസ്മികവും അപ്രതീക്ഷിതവുമായ പ്രഹരത്തിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, ജസ്റ്റിസ് പാര്‍ട്ടിയുടെ അനുയായികള്‍ തങ്ങളുടെ പാര്‍ട്ടിയും എതിര്‍ പാര്‍ട്ടിയുമാുള്ള സിദ്ധാന്തപരമായ വ്യത്യാസങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാമതായി തൊണ്ണൂറു ശതമാനം അബ്രാഹ്മണരും ഗ്രാമങ്ങളിലാണ് അധിവ സിക്കുന്നതെന്ന വസ്തുത മറന്നു കൊണ്ട് അതൊരു തൊഴിലന്വേ ഷകരുടെ പാര്‍ട്ടിയായി മാറി.'7