"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

കറുപ്പന്‍ മാസ്റ്ററും ക്ഷേത്ര പ്രവേശനവും - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കറുപ്പന് 17 വയസ്സ് പ്രായമുണ്ടാ യിരുന്നപ്പോള്‍ തമിഴ്‌നാട് സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വഴി ആലത്തൂര്‍ ആശ്രമം സന്ദര്‍ശിച്ച് ബ്രഹ്മാനന്ദ ശിവയോഗി യുമായി സമ്പര്‍ക്കം സ്ഥാപിച്ചു. പില്‍ക്കാലത്ത് അദ്ദേഹം കവിയായി വളര്‍ന്നപ്പോള്‍ ആനന്ദ മഠത്തിന്റെ സ്വാധീനത അദ്ദേഹത്തിന്റെ ചിന്താ മണ്ഡലത്തില്‍ അനുഭവ പ്പെടുകയും രണ്ടു കവിതകള്‍ 'ആനന്ദഗാനവും' 'മഹാസമാധി'യും രചിക്കുകയും ചെയ്തു എന്നു മുമ്പു പറഞ്ഞു വല്ലോ. ആദ്ധ്യാത്മിക തയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന സാമൂഹ്യ പ്രവര്‍ത്ത കരേയും നേതാക്കളെയും ആദരിക്കുന്ന തില്‍ മാസ്റ്റര്‍ വിമുഖനാ യിരുന്നില്ല എന്നാണ് ബ്രഹ്മാനന്ദ ശിവയോഗിയു മായുള്ള ബന്ധം സൂചിപ്പിക്കുന്നത്. ഒരു യുവാവ് എന്ന നിലയില്‍ അപക്വമായ കാലത്ത് തമിഴ്‌നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്നതിനു ശേഷം ഒരു ആശ്വാസത്തിനു വേണ്ടി മാത്രം ആലത്തൂര് എത്തിയതല്ല കറുപ്പന്‍ മാസ്റ്റര്‍ എന്നാണ് പില്‍ക്കാലത്ത് അദ്ദേഹം രചിച്ച കവിതകള്‍ സൂചിപ്പിക്കുന്നത്.

2 മാസ്റ്റര്‍ ജാതി വിവേചനത്തിനും ജാതിയുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനും എതിരായി ശക്തിയുക്തം പ്രവര്‍ത്തിച്ച കാലത്ത് ഒരിക്കല്‍ പോലും തന്റെ ജനത്തിന് കൊച്ചിയിലെ അരയന്മാര്‍ക്കും പുലയന്മാര്‍ക്കും അവര്‍ ഹിന്ദുക്കളാണ് എന്ന അടിസ്ഥാനത്തില്‍ അവിടത്തെ സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രവേശിച്ച് ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അരയര്‍ക്ക് അന്നു ചില വെച്ചു പൂജകളെങ്കിലും ഉണ്ടായിരുന്നു. പുലയര്‍ക്ക് അതുപോലുമുണ്ടായിരു ന്നില്ല. കറുപ്പന്‍ മാസ്റ്ററുടെ പ്രവര്‍ത്തനകാലഘട്ടത്തില്‍ തൊട്ടടുത്ത തിരുവിതാംകൂറിലെ എസ്.എന്‍.ഡി.പിയോഗം അതിനുവേണ്ടി പ്രമേയങ്ങള്‍ പാസ്സാക്കുകയും പ്രക്ഷോഭണങ്ങള്‍ നടത്തുകയും നിയമസഭയില്‍ പ്രമേയം അവതരിപ്പി ക്കുകയും ചെയ്തുകൊണ്ടിരുന്നു. 1920 മേയ് 13ാം തീയതി ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരി പ്പിച്ച പ്രമേയം മുതല്‍ 1930 ല്‍ ഓച്ചിറവച്ച് ടി.കെ മാധവന്‍ വിളിച്ചുകൂട്ടിയ മഹാസമ്മേളനംവരെ അത് നീണ്ടുനിന്നു. അതിനിടയ്ക്ക് ടി.കെ മാധവന്‍ തന്നെ തിരുവിതാംകൂര്‍ നിയമസഭയില്‍ അതിനു വേണ്ടിയുള്ള പ്രമേയം പല പ്രാവശ്യം അവതരിപ്പിച്ചതാണ്. അവസാനം രാഘവയ്യാ ദിവാനായി വന്നപ്പോഴാണ് മതപരമായ കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാ എന്ന് റൂളിംഗ് ഉണ്ടായി പ്രശ്‌നം തത്കാലത്തേയ്ക്ക് കെട്ടടങ്ങിയത്. തിരുവിതാംകൂറിലെ ഈഴവര്‍ ഒന്നടങ്കം ക്രിസ്തുമതത്തിലേയ്‌ക്കോ സിക്കുമതത്തിലേയ്‌ക്കോ പരിവര്‍ ത്തനം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുക കൂടി ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെയും ചങ്ങനാശ്ശേരിയിലെയും കത്തോലിക്കാ മെത്രാന്മാരുടെ അരമനയില്‍ സി.വി.കുഞ്ഞുരാമന് അത്താഴവിരുന്നുകള്‍ നല്‍കി. ഈഴവരുടെ ക്രിസ്തുമത പ്രവേശനപ്ര മേയത്തിന്റെ ഉപജ്ഞാതാവ് സി.വി.കുഞ്ഞുരാമനായിരുന്നു. അദ്ദേഹം അതു സംബന്ധിച്ച് ഒരു പുസ്തകം രചിക്കുക കൂടി ചെയ്തു. തിരുവിതാംകൂര്‍ രാജാവ് ക്ഷേത്രപ്രവേശന വിളമ്പരം പ്രഖ്യാപിച്ചതു തന്നെ ക്രിസ്തുമതത്തിലേയ്ക്കുള്ള അയിത്തക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് അവസാനിപ്പിക്കാനാണ് എന്ന് വ്യാഖ്യാനവുമുണ്ട്. അതല്ലാ ഈഴവരെ സംയുക്ത സമുദായ മുന്നണിയില്‍ നിന്നും വിടുവിച്ച് സവര്‍ണ മുന്നണിയില്‍ ചേര്‍ക്കാന്‍ വേണ്ടി അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യര്‍ കണ്ടെത്തിയ ഗൂഢതന്ത്രമാണ് എന്നും വ്യാഖ്യാനമുണ്ട്.1 സിക്കുമതത്തിലേയ്ക്കും ബുദ്ധമതത്തിലേയ്ക്കും ചേരുന്നതിനെപ്പറ്റിയും ഈഴവരുടെ ഇടയില്‍ അന്ന് ആലോചനയുണ്ടായി.

3 1936 നവംബര്‍ 12-ാം തീയതി തിരുവിതാംകൂര്‍ രാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോള്‍ അതിന് കാരണക്കാരനായ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ക്ക് ചേര്‍ത്തലവച്ച് എസ്.എന്‍.ഡി.പി. യോഗം ശാഖകള്‍ ചേര്‍ന്ന് ഗംഭീരമായ ഒരു സ്വീകരണം നല്‍കുകപോലുമുണ്ടായി. അന്ന് അതേ എസ്.എന്‍. ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സി.കേശവന്‍ സര്‍.സി.പി. യുടെ കല്‍ത്തുറുങ്കിലായിരുന്നു.2 ഈഴവരുള്‍പ്പെടെ തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉദ്യോഗങ്ങളും നിയമസഭാ സ്ഥാനങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടതിനാണ് അദ്ദേഹത്തെ കല്‍ത്തു റങ്കിലടച്ചത്. അതൊന്നും ശാഖക്കാര്‍ പരിഗണിച്ചില്ല. അതൊന്നും കറുപ്പന്‍ മാസ്റ്റര്‍ അറിയാത്ത സംഭവങ്ങളായിരുന്നില്ല. അറിഞ്ഞിരുന്നില്ലാ എന്നു പറയാനൊക്കുമോ? തിരുവിതാംകൂറിലെ സംഭവ വികാസങ്ങളില്‍ അജ്ഞാതനായിരുന്നു എന്നു പറയാനാകുമോ? തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞ് രണ്ട് കൊല്ലം കൂടി കഴിഞ്ഞിട്ടാണ് അദ്ദേഹം നിര്യാതനാകുന്നത്.

4 1937 -ല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെയും ദിവാനെയും അനുമോദിക്കാന്‍ ഗാന്ധി വന്നതുമെല്ലാം മാസ്റ്റര്‍ അറിഞ്ഞു എങ്കിലും കൊച്ചിയിലും അങ്ങനെ ക്ഷേത്രങ്ങള്‍ അയിത്തജാതികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയോ അതിനു വേണ്ടി അസംബ്ലിയില്‍ പ്രമേയം അവതരിപ്പിക്കുകയോ അദ്ദേഹം ചെയ്തില്ല.

5 കൊച്ചിയില്‍പ്പെട്ടതല്ലെങ്കിലും കൊച്ചിയോട് തൊട്ടടുത്ത് സാമൂതിരിയുടെ അധികാരത്തില്‍പ്പെട്ട ഗുരുവായൂര്‍ക്ഷേത്രം അയിത്ത ജാതിക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍വേണ്ടി അനേകം സമരങ്ങളും പ്രക്ഷോഭണങ്ങളുമെല്ലാം നടത്തി പരാജയപ്പെട്ടാണ് 1932 സെപ്റ്റംബര്‍ 19-ാം തീയതി കെ.കേളപ്പന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.3 കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വലിയ സംഭവമായി രുന്നു അത്. അന്ന് മാസ്റ്റര്‍ക്ക് 47 വയസ്സ് പ്രായമുണ്ടായിരുന്നു. പക്ഷെ കറുപ്പന്‍ മാസ്റ്റര്‍ അതിനെ നിശ്ശേഷം അവഗണിച്ചു. അരയര്‍ക്കും പുലയര്‍ക്കും ഈഴവര്‍ക്കും അതുപോലുള്ള അയിത്ത ജാതിക്കാര്‍ക്കും കൂടി ദര്‍ശനം നടത്തുവാന്‍ ആ ക്ഷേത്ര കവാടങ്ങള്‍ തുറന്നുകൊടുക്കണ മെന്നാണ് കേളപ്പന്‍ ആവശ്യപ്പെട്ടത്. പണ്ഡിറ്റ് കറുപ്പന്‍ ആ ദിവസങ്ങളില്‍ അരയരുടെയും പുലയരുടെയും സാമൂഹ്യാവശതകള്‍ പരിഹരിക്കുന്ന തിനുവേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രം തുറന്നു കൊടുത്തതു കൊണ്ടൊന്നും അരയരുടെയോ പുലയരുടെയോ സാമൂഹ്യാ വശതകള്‍ പരിഹരിക്കപ്പെടുകയില്ല, ആ ലക്ഷ്യത്തിലേയ്ക്ക് ഒരു പടിപോലും മുന്നേറാന്‍ അത് സഹായകമാകു കയില്ലാ എന്ന് മാസ്റ്റര്‍ക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആ രംഗത്തെ നിസ്സഹകരണം വ്യക്തമാക്കുന്നത്. 'രാമനാമം ജപിച്ചതുകൊണ്ടോ തുളസീമാല ധരിച്ചതുകൊണ്ടോ നിങ്ങള്‍ക്ക് ആരും ഭക്ഷണം തരികയില്ലാ, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ആരും വഹിക്കുകയില്ല, നിങ്ങള്‍ക്ക് ആരും തൊഴില്‍ നല്‍കുകയില്ല' എന്നു പ്രഖ്യാപിച്ച ഡോ: അംബേദ്ക്കറുടെ മാര്‍ഗ്ഗമാണ് കറുപ്പനും സ്വീകരിച്ചത്.3 അംബേദ്ക്കറുടെ ആ പ്രസംഗം കറുപ്പന്‍ കേട്ടിരുന്നില്ല. കറുപ്പന്‍ മാസ്റ്റര്‍ പ്രശ്‌നങ്ങളെ യുക്തിപൂര്‍വ്വം സമീപിച്ചു.

6 ഭൗതിക രംഗത്ത് മാത്രമല്ല ആധ്യാത്മിക രംഗത്ത്‌പോലും ക്ഷേത്ര പ്രവേശനം ഒരു അവശതാ നിവാരിണിയല്ല എന്ന് ഇന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. അന്നു കേളപ്പന്റെ നിരാഹാര സമരം കൊണ്ടു ഗുരുവായൂര്‍ ക്ഷേത്രം തുറക്കപ്പെട്ടില്ലെങ്കിലും പിന്നീടത് തുറന്നു കൊടുക്കപ്പെട്ടു. അതിന് ശേഷം അരനൂറ്റാണ്ടിലേറെക്കാലം കടന്നു പോയി. പക്ഷെ ഇന്നും അയിത്തം അതിന്റെ രൂക്ഷമുഖവുമായി ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ നില ഉറപ്പിച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് നടന്ന രണ്ടു സംഭവങ്ങള്‍ അത് വ്യക്തമാക്കുന്നു. ശ്രീ. വയലാര്‍ രവിയുടെ മകന്റെ വിവാഹവും കൊച്ചിന്റെ ചോറുകൊടു ക്കലും ആണ് ആ രണ്ടു സംഭവങ്ങള്‍. അതെല്ലാം മുമ്പ് ചര്‍ച്ചചെയ്തതാണല്ലോ. പിന്നെ എന്തുമാറ്റമാണ് ഇവിടെ സംഭവിച്ചത്. ക്ഷേത്രത്തില്‍ അയിത്തജാതിക്കാരെ പ്രവേശിപ്പിച്ചതുകൊണ്ട് സമൂഹത്തില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല എന്ന പൂര്‍ണ്ണ ബോധ്യമുള്ള ഒരാളായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. അതുകൊണ്ടാണ് അദ്ദേഹം അതിനോടെല്ലാം നിസ്സഹകരണം പുലര്‍ത്തിയത്.

7 സാമൂഹ്യമാറ്റവും മുന്നേറ്റവുമാണ് പ്രഥമവും പ്രധാനവുമായി നേടേണ്ടത് എന്ന് ഡോ: അംബേദ്ക്കര്‍ പറഞ്ഞപ്പോള്‍ അതിനെ പുച്ഛിച്ചുതള്ളിയവരാണിവിടുത്തെ രാഷ്ടീയപ്രവര്‍ത്തകര്‍. വൈകുണ്ഠ സ്വാമികളും നാരായണഗുരുവും അയ്യന്‍കാളിയും പൊയ്കയില്‍ യോഹന്നാനും പണ്ഡിറ്റ് കറുപ്പനുമെല്ലാം തങ്ങളുടെ ജീവിതവും പ്രവൃത്തിയും കൊണ്ട് അംബേദ്ക്കറാണ് ശരി എന്ന് വിളിച്ചു പറയുക യാണ് ചെയ്തത്. 

8 ക്ഷേത്രപ്രവേശന വിളംബരം വഴി തിരുവിതാംകൂര്‍ രാജാവ് ചെയ്തത് വളരെ സ്തുത്യര്‍ഹമായ ഒരു കാര്യമാണ് എന്നു പറയാന്‍ പോലും കറുപ്പന്‍ മാസ്റ്റര്‍ തയ്യാറായില്ല. ചെറുതും വലുതുമായി ഇരൂനൂറിലധികം കവിതകള്‍ മുമ്പു സൂചിപ്പിച്ച വിധം വിവിധ വിഷയ ങ്ങളെപ്പറ്റി രചിച്ച അദ്ദേഹം ഒരു കവിത പോലും ക്ഷേത്ര പ്രവേശന വിളംബരത്തെപ്പറ്റി എഴുതിയില്ല. മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും അയിത്തക്കാര്‍ ഇന്നും പ്രവേശിച്ചിടത്ത് തന്നെ നില്‍ക്കുന്നു. ജനസംഖ്യാനു പാതികമായി സര്‍ക്കാര്‍ ഉദ്യോഗം ഞങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ട പ്പോള്‍ നിങ്ങള്‍ അമ്പലത്തില്‍ കയറി ആരാധിച്ച് മോക്ഷം പ്രാപിച്ചു കൊളളുക എന്നാണ് തിരുവിതാംകൂര്‍ മഹാരാജാവ് പറഞ്ഞത്. പാതിരായ്ക്ക് കളളന്‍ വീട്ടില്‍ കയറിയപ്പോള്‍ പട്ടി ശക്തമായി കുരച്ചു. അതിനെ ശാന്തമാക്കാന്‍ ചീഞ്ഞ മത്തി അതിന്റെ വായിലേക്ക് തളളിയതു പോലെയാണ് സര്‍ക്കാര്‍ ഉദ്യോഗം ചോദിച്ച ഈഴവരുടെ വായിലേക്ക് ക്ഷേത്ര പ്രവേശന വിളംബരം തളളി അവരുടെ വായ് അടച്ചത്. ഇന്ത്യ ഒട്ടാകെയുളള സവര്‍ണ്ണ നേതാക്കള്‍ അന്ന് അതിനെ വാനോളം പുകഴ്ത്തി. എറണാകുളം ശിവക്ഷേത്രത്തിന്റെ മുമ്പിലൂടെ ദിവസവും നടന്നുപൊയ്‌ക്കൊണ്ടിരുന്ന മാസ്റ്റര്‍ക്ക് ആ ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്തണമെന്ന ആഗ്രഹം ഉദിക്കുകയോ, തൊട്ട് അപ്പുറത്ത് വൈക്കത്തെ ശിവക്ഷേത്രത്തില്‍ അയിത്ത ജാതിക്കാര്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്ന വിവരം അറിഞ്ഞപ്പോള്‍ അവിടെ ഒന്നു പോവുകയോ അതിനെ ശ്ലാഘിക്കുകയോ ഒന്നും മാസ്റ്റര്‍ ചെയ്തിട്ടില്ല. 

9 അക്കാര്യത്തില്‍ മാസ്റ്റര്‍ അയ്യന്‍കാളിക്ക് തുല്യനാണ്. ക്ഷേത്രങ്ങളും ക്ഷേത്രാരാധനയുമെല്ലാം സവര്‍ണ്ണര്‍ക്ക് അയിത്തക്കാരെ ചൂഷണം ചെയ്യാനുളള ഉപാധികളില്‍ ഒന്നുമാത്രമാണ് എന്ന് അയ്യന്‍കാ ളിക്കും മാസ്റ്റര്‍ക്കും വ്യക്തമായി അറിയാമായിരുന്നു. അയിത്തജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്തി സായൂജ്യമടയണമെന്ന് സര്‍. സി.പി. രാമസ്വാമി അയ്യരുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തി ന്റെയും അടങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ക്ഷേത്രപ്രവേ ശന വിളംബരം പ്രഖ്യാപിച്ചത് എന്ന മിഥ്യാധാരണയൊന്നും മാസ്റ്റര്‍ക്കു ണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പേരില്‍ രാജ കുടുംബത്തെയും ദിവാനേയും അനുമോദിക്കാന്‍ വന്ന ഗാന്ധിക്കും ആ ധാരണയൊന്നും ഇല്ലായിരുന്നുവല്ലോ. അതെല്ലാം ഒരു തരം വെട്ടിപ്പും തട്ടിപ്പും മാത്രമാണ് എന്ന് വ്യക്തമായിരുന്നു. വയലാര്‍ രാമവര്‍മ്മയുടെ സിനിമാഗാനങ്ങളില്‍ നിറയെ ബ്രാഹ്മണ ഐതിഹ്യങ്ങളുടെ പരാമര്‍ശന മാണ്. എന്നാല്‍ അദ്ദേഹം പ്രസ്തുത ഐതിഹ്യങ്ങളെ സ്തുതിച്ചു കൊണ്ട് ഒരു വരി ഗാനം പോലും എഴുതിയിട്ടില്ല. കറുപ്പന്റെയും നിലപാട് അതുതന്നെയായിരുന്നു. രാമവര്‍മ്മ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എന്റെ സതീര്‍ത്ഥ്യനാണ്. ഓരോ ഐതിഹ്യത്തിന്റെയും പുറകിലുളള ചൂഷണ ലക്ഷ്യവും അദ്ദേഹം അറിഞ്ഞിരുന്നു. ക്ഷേത്ര പ്രവേശന വിളംബരവും അത്തരത്തിലുളള മറ്റൊരു ചൂഷണമാണ്. 

10 1933-34 ല്‍ തിരുവിതാംകൂറില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭണത്തില്‍ ഈഴവ ക്രൈസ്തവ മുസ്ലീം സമുദായങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത സമുദായ മുന്നണി വിജയിച്ചു. നായര്‍ നമ്പൂതിരിക്കൂട്ടുകെട്ടു പരാജയപ്പെട്ടു. 1937ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെങ്കിലും നായര്‍ നമ്പൂതിരി കൂട്ടുകെട്ടിനെ വിജയിപ്പിക്കണം. അതിന് മാര്‍ഗ്ഗം ഒന്നേയുളളൂ. സംയുക്ത സമുദായ മുന്നണിയില്‍ നിന്നും ഈഴവരെ അടര്‍ത്തി മാറ്റി നായര്‍ക്കൊപ്പം നിര്‍ത്തണം. അതിനുവേണ്ടി ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍ നടത്തിയ രാഷ്ട്രീയ കരുനീക്കമാണ് ക്ഷേത്ര പ്രവേശന വിളംബരം. നാലു കൊല്ലം മുമ്പ് 1932 നവംബര്‍ 10-ാം തീയതി ടൈംസ് ഓഫ് ഇന്ത്യയില്‍ അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് ലേഖനം എഴുതിയ സര്‍. സി.പി യാണ് കാലു മാറിച്ചവിട്ടിയത്. ക്ഷേത്രത്തില്‍ പോകുന്ന ജനങ്ങളെല്ലാം രാഷ്ട്രീയത്തിലും ഒരുമിച്ചു നില്‍ക്കണം എന്ന് വിളംബര ശേഷം മന്നത്തു പദ്മനാഭപിളള പ്രസംഗിച്ചു. 1939ല്‍ സര്‍.സി.പി സ്വന്തം ഔദ്യോഗിക വസതിയായ ഭക്തി വിലാസത്ത് ഹൈന്ദവ ഫെഡറേഷന്‍ രൂപീകരിക്കാ നുളള ശ്രമം നടത്തി പരാജയപ്പെട്ടു. ഇതിനെല്ലാം കൊച്ചിക്കാരന്‍ കറുപ്പനും ഓശാന പാടണമോ? അതാണ് കറുപ്പന്‍ മാസ്റ്റര്‍ ചിന്തിച്ചത്. ഹിന്ദു മതത്തിന് അവഹേളനം വരുത്തിക്കൊണ്ട് സ്വന്തം രാഷ്ട്രീയ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ നടത്തിയതാണ് ക്ഷേത്ര പ്രവേശന വിളംബരം എന്നാണ് പുത്തേഴത്ത് രാമന്‍മേനോന്‍ ക്ഷേത്ര പ്രവേശന വിളംബരം'ആര്‍ക്ക്? എന്തിന്? എന്ന ലഘു ഗ്രന്ഥത്തില്‍ പറഞ്ഞത്.4

11 കൊച്ചി രാജാവ് നടത്തിയ ഉദ്യാന വിരുന്നില്‍ എല്ലാ നിയമസഭാ മെമ്പറന്‍മാരേയും ക്ഷണിച്ചപ്പോള്‍ അയിത്ത ജാതിയില്‍ നിന്നുമുളള ഏക അംഗമായ തന്നെ മാത്രം ക്ഷണിക്കാതെ വിവേചനം കാണിച്ചതിനെ തിരെ പ്രതിഷേധിക്കുന്ന കൃതിയാണ് ഉദ്യാനവിരുന്ന്. അതില്‍പോലും അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കാത്തതിനെതിരെ പ്രതിക്ഷേധിക്കുന്ന ഒരു സൂചന പോലും ഉള്‍ക്കൊളളിച്ചിട്ടില്ല. തിരുവിതാം കൂര്‍ അസംബ്ലി യില്‍ ക്ഷേത്രപ്രവേശന പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അതില്‍ പങ്കെടുത്തു സംസാരിക്കണമെന്ന് അയ്യന്‍ കാളിക്കു തോന്നിയില്ല. അതുതന്നെയായിരുന്നു കറുപ്പന്‍ മാസ്റ്ററുടെ ഉളളിലിരിപ്പും. മതത്തെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി വ്യഭിചരിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ക്ഷേത്രപ്രവേശന വിളംബരം.അതുകൊണ്ടാണ് ഗാന്ധി അതിനെ സ്തുതി ച്ചത്. അദ്ദേഹവും തന്റെ ജീവിതകാലം മുഴുവനും ചെയ്തു കൊണ്ടി രുന്നത് അതുതന്നെയാണല്ലോ. സമാന ചിന്താഗതിക്കാരായ ഗാന്ധിയും സര്‍.സി.പി.യും ഒത്തുചേര്‍ന്നു. പാവം ചിത്തിര തിരുനാള്‍ രാമവര്‍മ്മ എന്ന പയ്യനു അതിലെങ്ങും ഒരു അഭിപ്രായവും പ്രകടി പ്പിക്കാ നുള്ള കഴിവില്ലായിരുന്നു.

12 ഇന്ന് അയ്യന്‍കാളിയെ ഒരു ക്ഷേത്രാരാധകനാക്കുവാനുളള ശ്രമം ബോധപൂര്‍വ്വം നടക്കുന്നുണ്ട്. നാളെ കെ.പി കറുപ്പനേയും ആ വിധത്തില്‍ ചിത്രീകരിച്ചു എന്നും വരാം. ക്ഷേത്രപ്രവേശനം അയിത്ത ജാതിക്കാര്‍ക്ക് അനുവദിച്ച അമ്മറാണിയേയും സര്‍. സി. പി രാമസ്വാമി അയ്യരേയും ചിത്തിരതിരുനാള്‍ രാജാവിനേയും അനുമോദിക്കാന്‍ ഗാന്ധി തിരുവനന്ത പുരത്ത് വന്നപ്പോള്‍ അയ്യന്‍കാളി സാധുജന പരിപാലന സംഘത്തിലെ അംഗങ്ങളെ നയിച്ചുകൊണ്ട് ശ്രീപത്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തി എന്നുവരെ എഴുതിപ്പിടിപ്പിക്കാന്‍ ഇന്ന് ആളുണ്ട്. അങ്ങനെ അവര്‍ പറയുന്നതെല്ലാം നാം കണ്ണുമടച്ച് വിശ്വസിച്ചുകൊ ളളണം പോലും. പോരെങ്കില്‍ 'അമ്മ പറഞ്ഞു''എന്നതാണ് തെളിവ്. പക്ഷെ ഗാന്ധി വെങ്ങാനൂരില്‍ വന്നു അവിടെകൂടിയ സാധുജന പരിപാലന സംഘത്തിലെ പുലയരോട് നിങ്ങള്‍ നിത്യവും ക്ഷേത്രദര്‍ശനം നടത്തണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ തന്റെ സമുദായത്തില്‍ പത്തു ബി.ഏക്കാരെ കണ്ട് മരിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അയ്യന്‍കാളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തി എന്നു എഴുതി പിടിപ്പിക്കണമെങ്കില്‍ അസാധാരണ തൊലിക്കട്ടി തന്നെ വേണം. അതും അയ്യന്‍കാളിയുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ടുകൊണ്ട്.

നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിയ ശേഷം വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ.....'' അതിനര്‍ത്ഥം ഈഴവരെ കൂടാതെ പറയരും പുലയരും കുറവരും കൂടിവന്ന് ദര്‍ശനം നടത്താനുള്ളതാണ് അരുവിപ്പുറം ഉള്‍പ്പെടെയുള്ള പ്രതിഷ്ഠാസ്ഥാപനങ്ങള്‍ എന്നാണല്ലോ. നായരും നമ്പൂതിരിയും വരിക സാധാരണ നിലയില്‍ അന്ന് സംഭവമല്ല. ആ പ്രതിഷ്ഠാസ്ഥാനങ്ങളില്‍ പോയി ദര്‍ശനം നടത്തുവാന്‍ അന്ന് അയ്യന്‍ കാളിക്കു തന്റെ അനുയായികളോട് ആഹ്വാനം ചെയ്യാമായിരുന്നു. ഈഴവരും ദലിതരും തമ്മിലുള്ള ജാതിഭേദം അവസാനിപ്പിക്കുവാനുള്ള പല പരിപാടികളില്‍ ഒന്നായി അതു മാറുമായിരുന്നു. പുലയക്കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നടത്തണമെന്ന് അയ്യന്‍കാളി നിര്‍ബന്ധമായി ആവശ്യപ്പെട്ടതും അതിനുവേണ്ടി ഐതിഹാസികമായി സമരം ചെയ്തതുമെല്ലാം പുലയക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. അവര്‍ക്ക് ഈഴവ-നായര്‍-ബ്രാഹ്മണകു ട്ടികളോടൊപ്പം സ്‌കൂളില്‍ ഇരുന്നു വിദ്യ അഭ്യസിക്കുവാന്‍ വേണ്ടി കൂടിയായിരുന്നു. അത് പിന്നീട് ജീവിതത്തില്‍ ജാതിക്കതീതമായി മനുഷ്യരെന്ന സമത്വം അംഗീകരിക്കുവാന്‍ പ്രേരകമാകും എന്ന പ്രതീക്ഷയു മുണ്ടായിരുന്നു. നാരായണഗുരു സ്ഥാപിച്ച പ്രതിഷ്ഠാസ്ഥാ നങ്ങളില്‍ പോയി ദര്‍ശനം നടത്തുമ്പോള്‍ ആ സമത്വചിന്താധാര ഒരു പരിധിവരെ ഈഴവരുമായി പങ്കുവയ്ക്കാനാകും എന്നുപോലും അയ്യന്‍കാളി ചിന്തിച്ചില്ല. അതിനുവേണ്ടി നാരായണഗുരുവിന്റെ പ്രതിഷ്ഠാസ്ഥാനങ്ങള്‍ ദര്‍ശിക്കുവാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തില്ല. അവിടെ ചെല്ലുന്ന പുലയരെ ഈഴവര്‍ അകറ്റിനിറുത്തിയാല്‍ നാരായണ ഗുരു അത് നോക്കി നില്‍ക്കുമോ? അയ്യന്‍കാളി ഒരിയ്ക്കല്‍ ഗുരുവിനെ സന്ദര്‍ശിക്കുവാന്‍ ഒരു ഈഴവപ്രമാണിയുടെ വീട്ടിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവം അറിയാമല്ലോ. അപ്പോള്‍ ക്ഷേത്രപ്രവേശന വിളംബരം ഒരു തട്ടിപ്പാണ് എന്ന് അയ്യന്‍കാളിയെപ്പോലെ പണ്ഡിറ്റ് കറുപ്പനും മനസ്സിലാക്കിയിരുന്നു. 

ഈഴവ ക്രൈസ്തവ മുസ്ലീം സമുദായങ്ങള്‍ ഒത്തു ചേര്‍ന്നു തങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളും നിയമസഭാ സ്ഥാനങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോ ഭണം നടത്തി. അതിനുവേണ്ടി പ്രസ്തുത സമുദായങ്ങള്‍ രൂപം കൊടുത്തതാണ് സംയുക്ത സമുദായമുന്നണി. അതിനുള്ള സര്‍.സി.പി.രാമസ്വാമി അയ്യരുടെ മറുമരുന്നായിരുന്നു ക്ഷേത്രപ്രവേശനം.

കുറിപ്പുകള്‍

1. ദലിത്ബന്ധു, ക്ഷേത്രപ്രവേശന വിളംബരം ഒരു പഠനം, കാണുക.
2. ശങ്കുപ്പിള്ള കുമ്പളത്ത്, കഴിഞ്ഞ കാലസ്മരണകള്‍, പേജ് 268.
3. ദലിത്ബന്ധു, അംബേദ്ക്കര്‍, കാണുക.
4. രാമന്‍ മേനോന്‍ പുത്തേഴത്തു, ക്ഷേത്രപ്രവേശന വിളംമ്പരം-ആര്‍ക്ക്? എന്തിന്?