"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

പറയരുടെ ഇടയിലെ ആചാരങ്ങളും സവിശേഷതകളും - കുന്നുകുഴി എസ് മണി


വസ്ത്രധാരണ കാര്യത്തില്‍ നാണം മറയ്ക്കണം എന്നല്ലാതെ മറ്റ് ഭ്രമങ്ങളൊന്നും ഇവരില്‍ കാണുന്നില്ല. ആണുങ്ങള്‍ കുറിയമുണ്ടും, പെണ്ണങ്ങള്‍ ചേലയുമാണ് ധരിക്കുന്നത്. (ചേല-സാരിയെക്കാള്‍ നീളം കൂടുതല്‍ ഉള്ളത്) വിവാഹത്തിനു ചേല വാങ്ങുമ്പോള്‍ വിലകൂടിയത് ആകരുതെന്ന് നിര്‍ബന്ധമുണ്ട്. ചേലയോടൊപ്പം ചിലര്‍ ജാക്കറ്റും ധരിച്ചു കാണാറുണ്ട്. വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ബന്ധം ഇവരില്‍ കാണുന്നില്ല. ആഭരണ ഭ്രമവും ഇവരില്‍ ഇല്ല. സ്ത്രീകള്‍ കഴുത്തില്‍ പളുങ്കുമാലകളും, കാതില്‍ സ്വര്‍ണ്ണകമ്മലും (ചിലര്‍ തോടയെന്ന ആഭരണം) കൈകളില്‍ പിച്ചളവള കളും ധരിക്കാറുണ്ട്. സ്ത്രീകളില്‍ ചിലര്‍ കാല്‍ വിരലില്‍ വെള്ളി മോതിരവും ധരിക്കുന്നു.

ഋതുവായ (തിരണ്ട-വയസ്സറിഞ്ഞ) പെണ്‍കുട്ടിയെ സാംബവര്‍ താമസിക്കുന്ന കുടിലില്‍ നിന്നും ഒരു പ്രത്യേക കുടിലില്‍ (മാടത്തില്‍, പാട്ടുപുരയില്‍) മാറ്റി താമസിപ്പിക്കുക പതിവാണ്. നേരത്തെ ഋതുവാകുന്ന വര്‍ഗ്ഗക്കാരാണ് ഇവര്‍. ആദ്യമായി തിരളുന്ന പെണ്‍കുട്ടി ഇരുപതു ദിവസംവരെ അശുദ്ധി ആചരിക്കാറുണ്ട്. ഇരുപത്തി ഒന്നാം ദിവസംതിരണ്ടുകുളി കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് വീട്ടില്‍ കയറാം. ഈ ദിവസത്തെ തിരണ്ടുകല്യാണമായി ആഘോഷിക്കാറുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും ഗ്രാമത്തിലുളള സ്ത്രീകള്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സദ്യകൊടുക്കാറുണ്ട്.

ഇവരുടെ ഇടയില്‍ പണ്ടുകാലത്ത് താലികെട്ട്, സംബന്ധം എന്നീ രണ്ടുതരം വിവാഹ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. പെണ്ണ് തിരണ്ട (ഋതുവായ) ശേഷമേ വിവാഹം നടത്താറുള്ളു. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വയസ്സിനകം പെണ്‍കുട്ടികള്‍ ഋതുമതി കളാകും. വീട്ടുജോലിയും കൃഷിപ്പണിയും നന്നായി അറിയാവുന്ന പെണ്ണിനെയാവും വിവാഹത്തിന് ആലോചിക്കുന്നത്. അമ്മാവന്റെ മകളെയോ, അച്ഛന്റെ പെങ്ങളെയോ വിവാഹം ചെയ്യാം. എന്നാല്‍ മുറപ്പെണ്ണെന്ന സങ്കല്പം ഇവരുടെ ഇടയില്‍ ഇല്ല. (അച്ഛന്റെ പെങ്ങള്‍ മറ്റു ജാതിക്കാര്‍ക്കിടയില്‍ അമ്മായിയാ ണെങ്കിലും പറയര്‍ക്ക് ആ മുറയില്ലാതെ വിവാഹം കഴിക്കാമായിരുന്നു.) വരന്റെ അച്ഛനാണ് വിവാഹം നിശ്ചയിക്കുന്നത്. ചുരുങ്ങിയ തോതില്‍ ജാതകപ്പൊരുത്തവും നോക്കാറുണ്ട്. ജാതകങ്ങള്‍ ഒത്തുനോക്കുന്നതിന് സാംബവച്ചേരിയില്‍ ജ്യോത്സ്യന്മാരുണ്ട്. ജാതകപ്പൊരുത്തമുണ്ടായാല്‍ വരന്റെ അച്ഛനും വധുവിന്റെ അച്ഛനും, ജ്യോത്സ്യനും കൂടി അടുത്ത കള്ളുഷാപ്പിലെത്തി ഓരോ രൂപ വീതം എടുക്കും. ആ രൂപയ്ക്കുകിട്ടുന്ന കള്ള് മൂന്നുപേരും കൂടി കുടിച്ചുതീര്‍ക്കും. ഇതോടെ വിവാഹ നിശ്ചയം കഴിയും. പിന്നീട് വീട്ടിലെത്തി ചെറിയ സദ്യയും നടത്തി വിവാഹ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു റപ്പിക്കും. വൃക്ഷികം, മേടം മാസങ്ങളിലാവും വിവാഹം. വിവാഹം പെണ്ണിന്റെ വീട്ടില്‍ വച്ചാണ് നടക്കുന്നത്. വിവാഹത്തിന് തലേ ദിവസം തന്നെ വരനും കൂട്ടരും വധുവിന്റെ വീട്ടിലെത്തിച്ചേരണം. വരന്‍ വസ്ത്രവും, ആഭരണങ്ങളും വധുവിന് നല്‍കുന്ന ചടങ്ങാണ് ആദ്യം നടക്കുന്നത്. ഇതിന് ചിലവാകുന്ന 70 രൂപ (500 പണം) വരന്‍ സ്വന്തമായി സമ്പാദിച്ചതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പെണ്‍വീട്ടുകാര്‍ വരന് ഒരു പുതിയ മുണ്ടും 5 രൂപയും സമ്മാനമായി നല്‍കും.

ജ്യോത്സ്യന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെയാവും താലികെട്ട്. വരന്‍ വധുവിന്റെ കഴുത്തില്‍ ചരരോടുകൂടി താലി വെയ്ക്കുകമാത്രമേ ചെയ്യാറുള്ളു. താലിമുറുക്കി ക്കെട്ടുന്നത് വരന്റെ പെങ്ങളാണ്. വിവാഹാനന്തരം പെണ്‍വീട്ടില്‍ ഗംഭീര സദ്യയുണ്ടാകും. സദ്യകഴിഞ്ഞ് രണ്ടു മണിക്കൂര്‍ വാദ്യമേളം നടത്തുന്നു. ചെണ്ടയും കുഴലുമാണ് വാദ്യോപകരണങ്ങള്‍. ചെണ്ടമേളം കഴിയുന്നതോടെ വധുവും വരനും വരന്റെ വീട്ടിലേക്ക് യാത്രതിരിക്കും. നടന്നാവും യാത്ര. സന്ധ്യക്കുമുമ്പ് വരന്റെ വീട്ടില്‍ എത്തണമെന്നാണ് വ്യവസ്ഥ. വരന്റെ വീട്ടിലും കല്യാണസദ്യ ഉണ്ടായിരിക്കും. അടുത്ത ദിവസം തന്നെ വരനും വധുവും വധുവിന്റെ വീട്ടില്‍ എത്തി അവിടെ രണ്ടു ദിവസം താമസിക്കും. ഈ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വരനും വധുവും വിവാഹ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണം. വരന്‍ മടങ്ങാന്‍നേരം പെണ്‍വീട്ടുകാര്‍ രണ്ടു രൂപയും കൊടുക്കണം.

ഗര്‍ഭകാലത്ത് ഇവര്‍ക്കിടയില്‍ പ്രത്യേക ചടങ്ങുകള്‍ ഒന്നും നടത്താറില്ല. പ്രസവം അടുക്കുന്ന സന്ദര്‍ഭത്തില്‍ 'മുത്താലമ്മ' എന്ന ദേവതയ്ക്ക് പ്രത്യേകം വഴിപാട് കഴിക്കും. നാഴി അരി, വാഴപ്പഴം, നാളികേരം, പാല് എന്നിവയാണ് നിവേദ്യ സാധനങ്ങള്‍. സുഖപ്രസവത്തിന് പ്രത്യകം പ്രാര്‍ത്ഥനയും നടത്താറുണ്ട്. ദേഹം അശുദ്ധമായാല്‍ പ്രസവം അടുത്തതായി കരുതും. പിന്നീട് ഗര്‍ഭിണിയെ പ്രത്യേക കുടിലിലേക്ക് (പേറ്റുമാടത്തിലേക്ക്) മാറ്റിപാര്‍പ്പിക്കും. പ്രസവശുശ്രൂഷ ചെയ്യാന്‍ പഠിച്ച സ്ത്രീകള്‍ (പതിച്ചികള്‍) ഇവരുടെ ഇടയില്‍ ധാരാളമുണ്ട്. പ്രസവം നടന്നാല്‍ 41 ദിവസം അശുദ്ധിയാണ്. പാത്രങ്ങളൊന്നും തൊടാന്‍ പ്രസവിച്ച സ്ത്രീക്ക് പാടില്ല. രാവിലെ കഞ്ഞിയും, വൈകുന്നേരം ചോറുമാണ് ഭക്ഷണം. പ്രസവിച്ച പതിനൊന്നാം ദിവസം നല്ല ചാരായത്തില്‍ ചില മരുന്നുകള്‍ കലര്‍ത്തി പ്രസവിച്ച സ്ത്രീക്ക് കൊടുക്കും. നാല്‍പത്തിരണ്ടാം ദിവസം പ്രസവിച്ച സ്ത്രീ കുളിക്കുന്ന തോടെ അശുദ്ധിയെല്ലാം മാറുന്നു. പതിനഞ്ചു ദിവസത്തെ പ്രസവച്ചെലവു ഭര്‍ത്താവും, ശേഷിച്ച ഇരുപത്തിയഞ്ചു ദിവസത്തെ ചെലവ് പെണ്‍വീട്ടു കാരും വഹിക്കണമെന്നാണ് പറയരുടെ ഇടയിലെ സാമുഹ്യ വ്യവസ്ഥ.പ്രസവകാലത്ത് നാല്പത്തിയൊന്നു ദിവസത്തിനുള്ളില്‍ കൃഷിപ്പണിക്കു പോകാന്‍ മാത്രം സ്ത്രീകള്‍ക്കു യാതൊരു വിലക്കുമില്ല. നാഞ്ചിനാട്ടില്‍ പിഞ്ചുകുഞ്ഞിനെ പാടത്തിന്റെ വരമ്പില്‍ കമ്പുകള്‍ നാട്ടി മുണ്ടുകൊണ്ട് തൊട്ടില്‍ കെട്ടി കുഞ്ഞിനെ കിടത്തിയിട്ട് സ്ത്രീകള്‍ കൊയ്യാന്‍ പോകുമാ യിരുന്നു. പ്രസവം ഇന്നത്തെപ്പോലെ ക്ലേശകരമായ കാര്യമായി ആദിമനിവാസികള്‍ കരുതിയിരുന്നില്ലെന്ന് പേള്‍ ബക്ക് 'GOOD EARTH'' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

പ്രസവം കഴിഞ്ഞാല്‍ മറ്റു ജാതിക്കാര്‍ക്കിടയില്‍ ഉള്ള ഇരുപത്തിയെട്ടു കെട്ട് എന്ന ചടങ്ങ് പറയര്‍ക്കിടയില്‍ ഇല്ലെങ്കിലും 28-ാം ദിവസം പേരിടല്‍ കര്‍മ്മം വലിയ പ്രാധാന്യത്തോടെ നടത്തിയിരുന്നു. അറുമുഖന്‍, സാംബന്‍, മാടസ്വാമി, ഈശാക്കി, മുത്തു, അരവിള, സുന്ദരം, ഷണ്‍മുഖം എന്നീ പേരുകളാണ് ആ കാലത്ത് ആണ്‍കുട്ടികള്‍ക്ക് സാധാരണ ഇടാറുള്ളത്. പെണ്‍കുട്ടികള്‍ക്ക് പേത്തി, കറുത്താള്‍, പുലമാടി, മാരിയമ്മ എന്നൊക്കെയാണ് പേരുകള്‍. ഭാര്യ പ്രസവിച്ചു കഴിഞ്ഞാല്‍ ഏഴുദിവസം ഭര്‍ത്താവ് അടുപ്പില്‍ വെന്ത ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. കിഴങ്ങും പഴവര്‍ഗ്ഗങ്ങളുമേ കഴിക്കാവു. എന്നാല്‍ മദ്യപാനം എത്രവേണമെങ്കിലും ആകാം.

പറയര്‍ മരിച്ചുകഴിഞ്ഞാല്‍ ശവം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ആണ് ചെയ്യുന്നത്. മരിച്ച ആളുടെ മകനും, മരുമകനുംചേര്‍ന്ന് എണ്ണയും മഞ്ഞളും തേയ്ക്കുന്നത് ശവ ശരീരത്തില്‍ ബാധിച്ച അണുക്കള്‍ നശിക്കാന്‍ വേണ്ടിയാണ്. മഞ്ഞള്‍ തേച്ച് ശവത്തെ കുളിപ്പിക്കും. അതിനുശേഷമേ ശ്മശാനത്തിലേക്ക് കൊണ്ടുപോകാറുള്ളു. വളരെ പ്രായം ചെന്നു മരിക്കുന്നവരെ പല കര്‍മ്മങ്ങളോടെയാവും സംസ്‌കരിക്കുക. ശവം കിടത്തിയല്ല സംസ്‌കരിക്കുക. പില്‍ക്കാലത്ത് ഇവരുടെ ആചാരം സവര്‍ണ്ണരില്‍പ്പെട്ട ചില വിഭാഗക്കാര്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് (പിഷാരടി വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ ചുവരില്‍ ചാരി ഇരുത്തു കയാണ് പതിവ്). നാലരയടി ആഴത്തില്‍ കുഴി എടുത്തശേഷം ശവത്തെ ഇരിക്കുന്ന നിലയില്‍ത്തന്നെയാവും കുഴിച്ചിടുന്നത്. കുഴിയില്‍ വെയ്ക്കുന്നതിനുമുമ്പ് ശവത്തിന്റെ വായില്‍ അരിയും വെള്ളവും അര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്. ഇതിനെ നാടന്‍ ഭാഷയില്‍ വായ്ക്കരി യിടുക'എന്നാണ് പറയുന്നത്. മകനുണ്ടെങ്കില്‍ ഒരു പുത്തന്‍ കുടത്തില്‍ വെള്ളംനിറച്ച് ശവക്കുഴിക്ക് മൂന്നുപ്രാവശ്യം പ്രദക്ഷിണംവച്ച് കുടം പുറകിലേക്ക് - കുഴിക്ക് പുറത്തേക്ക് തറയില്‍ ഇട്ടുടയ്ക്കണം. എന്നിട്ടാണ് ശവക്കുഴി മൂടേണ്ടത്. കുഴി മൂടുംമുമ്പ് മരിച്ച ആളുടെ മുറുക്കാന്‍ പെട്ടികൂടി കുഴിക്കുള്ളില്‍ വയ്ക്കുന്നു. മരിച്ച അശുദ്ധി (പുല) നാല്‍പത്തിയൊന്നു ദിവസം ആചരിക്കുന്നു. ശവം സംസ്‌കരിക്കും മുമ്പുതന്നെ മരിച്ച ആളിന്റെ വിധവയായ ഭാര്യയുടെ ആഭരണങ്ങള്‍ (താലിമാല) മറ്റൊരു വിധവ അഴിച്ചുനീക്കും. അതോടൊപ്പം വിധവയായി ത്തീര്‍ന്ന സ്ത്രീയുടെ തലയില്‍ ഒരു മുണ്ടും ഇടുക പതിവാണ്. ബന്ധുജനങ്ങള്‍ കൊണ്ടുവരുന്ന പലഹാരങ്ങള്‍ ശവം മറവുചെയ്ത കുഴിക്കു സമീപം വച്ച് എല്ലാവരും ഉച്ചത്തില്‍ നിലവിളിച്ചുകരയും. തുടര്‍ന്നു കരച്ചില്‍ നിറുത്തി പലഹാരങ്ങള്‍ പങ്കുവച്ച് മരണം കൂടാന്‍ വന്നവര്‍ കഴിക്കും. നാല്‍പത്തിയൊന്നാം ദിവസം മകന്‍ അമ്മയ്ക്ക് വെള്ളവസ്ത്രം കൊടുക്കും. അതോടെ 41 ദിവസത്തെ പുല അവസാനിക്കും. അന്ന് സദ്യയും നടത്താറുണ്ട്. ഭര്‍ത്താവ് മരിച്ച ദിവസം തലയില്‍ ധരിച്ചിരുന്ന വസ്ത്രം സഹോദരന്‍ എടുത്തുമാറ്റുമ്പോള്‍ രണ്ടണ സഹോദരി ദക്ഷിണ കൊടുക്കണമെന്നുണ്ട്.

പറയര്‍ ദൈവത്തെ ആരാധിക്കുന്നതും പ്രത്യേകതകളോടെ ആണെന്ന് കാണാവുന്നതാണ്. ഇവര്‍ക്ക് പ്രത്യേക മതമൊന്നുമില്ല. തെക്കന്‍ തിരുവിതാംകൂറില്‍ ഉളള ഗ്രാമങ്ങളില്‍ ഓരോ കോവില്‍ (ക്ഷേത്രം) കാണും. അവിടെയുളള ചെറിയ മണ്‍ ക്ഷേത്രത്തിനുമുന്നില്‍ ഏതാനും കല്ലുകള്‍ നാട്ടിയാണ് ഈശ്വരനെ ആരാധിക്കുന്നത്. (ഇത്തരത്തില്‍ പെട്ട ഒരു ആരാധനാലായം എന്റെ വീടിനടുത്ത് ചെറുപ്പകാലത്തുണ്ടായിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മാടന്‍ നടയെന്നാണ് പറഞ്ഞുകേട്ടിരുന്നത്. തൊട്ടടുത്തുളള പുലയകുടുംബക്കാരും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കു മായിരുന്നു.) ഗ്രാമത്തിന് ഉപദ്രവമുണ്ടാക്കുന്ന പകര്‍ച്ച വ്യാധികള്‍, വറുതി, കന്നുകാലികള്‍ക്കുളള അസുഖങ്ങള്‍ എന്നിവ ഉണ്ടകുമ്പോള്‍ എല്ലാവരും ഒത്തുകൂടി ഗ്രാമദേവതയുടെ മുന്നിലെത്തി പ്രാര്‍ത്ഥിക്കും. ഉച്ചകാളി, ഭദ്രകാളി, മാരിയമ്മ, മുത്താലമ്മ എന്നിവയാണ് പറയരുടെ ദേവതകള്‍. മാടന്‍, തിയോട്ടുകാരന്‍ എന്നീ പുരുഷദേവതകള്‍ പരിചാരകരാണ്. മരിച്ചുപോയ ആത്മാക്കളെ പ്രീതിപ്പെടു ത്തുവാന്‍ കറുത്ത വാവുതോറും പണ്ടാരത്തിന്റെ നേതൃത്വത്തില്‍ പൂജയും, മന്ത്രവാദവും നടത്തുക പതിവാണ്. കൊച്ചിയിലേയും മലബാറിലേയും പറയര്‍ ആഭിചാരപ്രയോഗങ്ങളില്‍ സമര്‍ത്ഥന്മാരാണ്. എവിടെയെങ്കിലും കളവുനടന്നാല്‍ പറയ മന്ത്രവാദികളെ വിളിക്കുമായിരുന്നു. പറക്കുട്ടി യാണ് പറയരുടെ പരദേവത നൂലും, ഏലസും, ഉറുക്കുമെല്ലാം ജപിച്ചുകൊടുക്കും. ശത്രുക്കളെ കൊല്ലാനുളള മന്ത്രവാദം പോലും പറയര്‍ക്ക് സ്വന്തമായിരുന്നു. ഒടിവെയ്ക്കലാണ് പറയരുടെ മറ്റൊരു പ്രാധാന ആഭിചാര പ്രയോഗം. ചുരുക്കത്തില്‍ പ്രകൃതി ശക്തികളെയാണ് ഇവര്‍ ദൈവമായി വിശ്വസിച്ച് ആരാധിക്കുന്നത്. കാലം മാറിയപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു വെന്നുമാത്രം. പക്ഷെ ആചാരാനുഷ്ഠാ നങ്ങളില്‍ വ്യക്തമായ മാറ്റം ഇന്നും സംഭവിച്ചിട്ടില്ല.
----------------------------
(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും. ഇ തെഴ്സ്ട്ടന്റെ കാസ്റ്റ് ആന്‍ഡ് ട്രൈബ്സ് ഓഫ് സൌത്ത് ഇന്ത്യ)