"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

അഴകുള്ള മകളും അഭയസ്ഥാനവും - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഏഴ്

ഒരിക്കല്‍ മുതലാളി പാടവരമ്പത്തു വരുവാനിടയായി. കൂട്ടത്തില്‍ മാടന്റെ കുടിലും കണ്ടു. മക്കളെയൊക്കെ മനസ്സിലാക്കി.
വൈകിട്ടു കൂലി വാങ്ങുവാന്‍ വന്നപ്പോള്‍ മാടനോടു ചോദിച്ചു. മാടാ നിന്റെ മകള്‍ വല്ല പണിയൊക്കെ ചെയ്യോ?
ഉവ്വ് മൊതലാളി.
ഇവിടത്തെ പശുക്കള്‍ക്കൊക്കെ ദിവസവും പുല്ലു ചെത്തിക്കൊണ്ടു വന്നിട്ടു കൊടുക്കണം. പറ്റുമെങ്കില്‍ നാളെ മുതല്‍ അവള്‍ വേല ചെയ്യട്ടെ.
കൂലിയും വാങ്ങി തിരിച്ചു ചാത്തേനോടൊപ്പം കടയില്‍ നിന്നും അരിയും സാധനങ്ങളുമൊക്കെ വാങ്ങി കുടീല് ചെന്നു ചക്കിയോടു വിവരമൊക്കെ പറഞ്ഞു.
അതുകേട്ടു ചക്കി പറഞ്ഞു. അവളിപ്പ വേലക്കൊന്നും പോണ്ട. അവളു പുള്ള പിടിക്കട്ടെ. ഏന്‍ പുല്ലു ചെന്തി കൊണ്ടോയി കൊടുക്കാ.
(പുലയരുടെ കുടിലില്‍ കൊച്ചു കുട്ടിയെ നോക്കുന്ന മുതിര്‍ന്ന മകള്‍ക്ക് പുള്ള പിടിയെന്നാണ് പറഞ്ഞിരുന്നത്)
മാടന്‍ പറഞ്ഞു. നെന്റെ ഇട്ടം പോലെ ചെയ്യ്. ചരതന്‍ അക്കാലത്ത് വെറുതെ കൂട്ടുകാരൊന്നിച്ച് കളിച്ചു നടക്കുകയായിരുന്നു. ഒരു വേനല്‍ക്കാലത്തു ആ നാട്ടില്‍ കുടിപ്പള്ളിക്കൂടം തുടങ്ങി. ആ ഭാഗത്തുള്ള കുട്ടികള്‍ കുടിപ്പള്ളിക്കൂടത്തില്‍ പോകുന്നു, കളിച്ചു ചിരിച്ചു ഓടിച്ചാടി. എഴുത്തോലയും കയ്യില്‍ പിടിച്ചു വരുന്നതു കണ്ട ചരതനീം ഉത്സാഹം തോന്നി. തനിക്കും ഇതുപോലെ ഇവരോടൊപ്പം കുടിപ്പള്ളിക്കൂടത്തില്‍ പോകണമെന്നാശയുണ്ടായി. ചരതന്‍ അച്ഛനോടു പറഞ്ഞു.
അച്ഛാ ഞാനും കുടിപ്പള്ളിക്കൂടത്തീ പോട്ടെ. അതൊരു പുതിയ അറിവായി മാടനു തോന്നി, മകനു പഠിക്കുവാനുള്ള ആഗ്രഹം.
നുമ്മള പള്ളിക്കൂടത്തി കേറേലാട പുള്ളേ പണിയെടുക്കാനക്കൊണ്ടു മാത്തരം വിതിക്കപ്പെട്ടോറോണെടാനുമ്മ.
ഇളയ മകളായ കോത പള്ളിക്കൂടത്തില്‍ പോകാറായിട്ടില്ല. ചാത്തനു പഠിക്കുവാനുള്ള അവസരം ലഭിച്ചതുമില്ല. ചരതനിതു തോന്നിയതു മാടനു മനസ്സില്‍ ആവേശം മൊട്ടിട്ടു.
പിറ്റേദിവസം കൂലിയും മേടിച്ചു വരുന്ന വഴി ഒരു കെട്ടുവള്ളിയുള്ള കളസം വാങഹി കൊണ്ടു വന്നു ചരതനു കൊടുത്തു.
മോനിതിട്ടിട്ടു പള്ളിക്കൂടത്തി പോയ്‌ക്കോ. പിറ്റേദിവസം മാടന്‍ ചരതനേം കൊണ്ടു കുടിപ്പള്ളിക്കൂടത്തില്‍ ചെന്നു.
വിദ്യ പകര്‍ന്നു കൊടുക്കുന്ന ആശാന് കുടുമ്മിയുണ്ട്. അതു ചായ്ചു ചരിച്ചു കെട്ടി ഭസ്മക്കുറിയും വരച്ച്, ഭക്തിയാര്‍ന്നു നടക്കുന്നവനായിരുന്നു. ആശാന്‍ ഒരു കൊരണ്ടി പലകയില്‍ ഇരിക്കും, കുട്ടികള്‍ നിലത്തും.
ആശാന്റെ സമീപത്തു തന്നെ വേറൊരു കൊരണ്ടിപ്പലകയുടെ പുറത്ത് കുറേയധികം പനയോലകള്‍ എഴുതിയത് ഒരു ഭാഗത്തും എഴുതാത്തവ വേറൊരു വശത്തും വച്ചിരിക്കുന്നു.
പുതുതായി വരുന്ന കുട്ടികള്‍ക്ക് ചില ചിട്ടകള്‍ ചെയ്യേണ്ടതുണ്ട്. അവ ഒന്നാമതായി ഗുരുവിനു നമസ്‌തേ പറയണ്. അതും രണ്ടു കയ്യും കൂപ്പിയായിരിക്കണ്. അടുത്തു ചെന്നു പാദം തൊട്ടു നമസ്‌ക്കരിക്കണം. പിന്നെ ഭവ്യതയോടൊ നില്‍ക്കണം. അന്നേരം എഴുതി വെച്ചിരിക്കുന്ന ഓലകളില്‍ ആ കുട്ടി പഠിക്കേണ്ട ഭാഗമുള്ളത് ആശാന്‍ തിരഞ്ഞെടുത്തു കൊടുക്കും. പിന്നെ ഇരിക്കേണ്ട സ്ഥലത്തു പോയിരുന്നു, ചിരട്ടയില്‍ വാരി വെച്ചിരിക്കുന്ന മണ്ണ് നിലത്തു പരത്തിയിട്ട് എഴുതി പഠിക്കണം. അതിനു വേണ്ടി ആശാന്‍ കൈ പിടിച്ചെഴുതിക്കും.
ചരതനേയും കൊണ്ടു ചെന്ന മാടനോടു ആശാന്‍ ചോദിച്ചു.
ഉം. എന്താ.
കൊച്ചവനെ ഇവിടെ ചേര്‍ക്കണം.
പേരെന്താ.
ചരതന്‍
നിന്റെ പേരെന്താ - തന്തയോടു ചോദിച്ചു.
മാടനെന്നാണേയ്.
പുലയനാണല്ലേ.
അതേ - മാടന്‍ മറുപടിയായി പറഞ്ഞു.
കുഞ്ചു, ആശാന്‍ അനുകമ്പാപൂര്‍വ്വം. വിദ്യ ആര്‍ക്കും നിഷേധിക്കുവാന്‍ അവകാശമില്ല. അതു ഈശ്വരന്റെ വരദാനമാണ്.
ഊം ചെറുക്കനെ ഇവിടെ വിട്ടിട്ടു പൊയ്‌ക്കോളൂ. അന്നുമുതല്‍ ചരതന്‍ കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാര്‍ത്ഥിയായി.
ഹരിശ്രീ ഗണപതായേ നമ: അവിഷ്‌ന മസ്തു. അതു ആശാന്‍ ചൊല്ലി കൊടുത്താണ്, കുട്ടികളെ ഹൃദ്ദിസ്ഥമാക്കിക്കുന്നത്. എഴുത്തു മുഖേന അതാദ്യം പഠിപ്പിക്കാറില്ല. 
''റ'' എന്ന അക്ഷരമാണ് ആദ്യമായി എഴുതി പഠിപ്പിക്കുന്നത്. നിലത്തു വിരിച്ച മണ്ണില്‍ കൈവിരല്‍ കൊണ്ട് എഴുതിച്ചു പഠിപ്പിക്കുന്നു. എഴുതാന്‍ വിരല്‍ ആശാന്‍ തന്നെ പിടിച്ചെഴുതിച്ചു പഠിപ്പിക്കും.
ഈ ആശാന്‍ അകലെ ഒരിടത്തു നിന്നും വന്നു താമസിക്കുന്നതാണ്. സേവന തല്‍പ്പരത കൊണ്ടു മാത്രമാണ് കുടിപ്പള്ളിക്കൂടം തുടങ്ങിയത്.

ധനു എളങ്കുന്നപ്പുഴ
ഉന്നത ജാതിക്കാര്‍, ഉന്നതര്‍ക്കു മാത്രം വിദ്യ പകര്‍ന്നു കൊടുക്കുന്ന രീതിയില്‍ നിന്നും വ്യതിയാനം വന്നു കൊണ്ടിരുന്ന കാലമായിരുന്നത്. ഉന്നതരില്‍ തന്നെ കുറച്ചു പുരോഗമന തല്‍പ്പരതയുള്ളവരും ഉണ്ടായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹമുള്ളവര്‍ പിന്നോക്കക്കാര്‍ക്കും വിദ്യപകര്‍ന്നു നല്‍കിയിരുന്നു.
പിന്നോക്കക്കാരില്‍ ഈഴവ സമുദായക്കാര്‍, ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസം നടത്തിയിരുന്നത് ഒരു പ്രത്യേക തരത്തിലായിരുന്നു. അവരില്‍ നിറം കൊണ്ടു വെളുത്തവരും മാതാപിതാക്കള്‍ മകനെ പഠിപ്പിക്കണമെന്ന താല്‍പ്പര്യമുള്ളവരുമായിരുന്നു. നായന്മാരായ ആശാന്മാരുടെ ഗുരുകുലത്തില്‍ വെളുത്ത കുട്ടികളെ ജാതിയേതെന്നറിയാതെ കൊണ്ടു ചെന്നു പള്ളിക്കൂടത്തില്‍ ചേര്‍ത്തിരുന്നു. അവരുടെ ജാതി ഗുരു മനസ്സിലാക്കുന്ന അവസരം വരുമ്പോഴേയ്ക്കും ചെറുക്കന്‍ പഠിച്ചു മിടുക്കനായി ഗുരുവന്റെ ഉത്തമ ശിഷ്യനായി തീര്‍ന്നിരിക്കും. അത്തരത്തില്‍ പഠിച്ചു വളര്‍ന്ന ആശാന്മാരിലൊരുവനായിരിക്കും ഈ കുഞ്ചുവാശാന്‍. അദ്ദേഹത്തിനു താഴ്ത്തപെട്ടവരേയും പഠിപ്പിക്കണമെന്ന ഒരു ആഗ്രഹം മനസ്സില്‍ അങ്കുരിച്ചത് വലിയൊരു കാര്യമായി നാട്ടുകാര്‍ ചിന്തിക്കാതിരുന്നില്ല.

വെളുത്തവനും കുടുംമ്പിയുള്ളവനും ഭസ്മലേപനവും പ്രാര്‍ത്ഥനയും ഒക്കെ നടത്തിയിരുന്നയാളാണദ്ദേഹം. അല്‍പ്പസ്വല്‍പ്പം വൈദ്യവും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഈ പ്രദേശത്തു വന്നു പള്ളിക്കൂടം തുടങ്ങുവാന്‍ ആഗ്രഹം ഉണ്ടായത് വലിയൊരു അനുഗ്രഹമായി കണക്കാക്കുന്നവരാണെല്ലാവരും. അദ്ദേഹം നായരാണെന്നു കരുതിയിരുന്നു. ജാതിയേതെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നുമില്ല. ഉന്നതജാതിക്കാരുമായുള്ള സമ്പര്‍ക്കത്തിലെല്ലാം, പാവപ്പെട്ടവരേയും സഹായിക്കണമെന്ന അഭിപ്രായം അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു.
ആ അനുകമ്പയാണ് ചരതനെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ പ്രേരിപ്പിച്ചത്.
ഇതിനിടയ്ക്കദ്ദേഹം കുടിപ്പള്ളിക്കൂടം ഒരു സ്‌ക്കൂളാക്കണമെന്ന ആഗ്രഹം പല സമ്പന്നരോടും സൂചിപ്പിച്ചിരുന്നു. കുളിച്ചു കുറിയിട്ടു പ്രാര്‍ത്ഥിച്ചു സായാഹ്നത്തില്‍ അദ്ദേഹം നടക്കുവാനിറങ്ങുമ്പോള്‍ പലരുടേയും ഭവനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തന്റെ ആഗ്രഹം സഫലീകൃതമാക്കുവാന്‍ വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിരുന്നു.
അങ്ങിനെ നാളുകളേറെക്കഴിഞ്ഞപ്പോള്‍ കുടിപ്പള്ളിക്കൂടത്തിന്നു പകരം ഗവണ്‍മെന്റിന്റെ സഹായത്തോടു കൂടി പ്രൈമറി സ്‌ക്കൂള്‍ തുടങ്ങാമെന്നായി. പക്ഷേ അവിടെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. താഴ്ത്തപ്പെട്ടവര്‍ക്കു സ്‌ക്കൂള്‍ പ്രവേശനം നിഷിദ്ധമായ രീതിയിലുള്ള പ്രവണത തുടര്‍ന്നു കൊണ്ടേയിരുന്നു.
നാട്ടില്‍ പലയിടങ്ങളിലും സര്‍ക്കാരിന്റെ ഒത്താശയോടു കൂടി പല പള്ളിക്കൂടങ്ങളും തുടങ്ങി, അവയില്‍ മിക്ക വിദ്യാലയങ്ങളിലും അധ:സ്ഥിതര്‍ക്കു പ്രവേശനം നിഷിദ്ധമായിരുന്നു. ആദ്യമാദ്യം ചില ആശാന്‍ പള്ളിക്കൂടത്തില്‍ പഠിക്കുവാനവസരം ലഭിച്ചിരുന്ന ചരതനെപ്പോലെയുള്ള അധ:കൃത ബാലന്മാര്‍ക്കു മാത്രം സ്‌ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു. ബാക്കി ഭൂരിഭാഗം പേര്‍ക്കും വിദ്യാഭ്യാസം നിഷിദ്ധമായി തന്നെ തുടര്‍ന്നു കൊണ്ടിരുന്നു. 
മാടന്റെ ജീവിതം കൂലിപ്പണിയില്‍ തന്നെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ചക്കി പാടത്തു പണിക്കു പോകുമ്പോള്‍ മാണ്ട ചിലനേരം പുല്ലരിഞ്ഞു മുതലാളിയുടെ വീട്ടില്‍ കൊണ്ടു പോയി കൊടുത്തിരുന്നു. മുതലാളിയുടെ സ്വഭാവം നല്ലതാണെന്നു മനസ്സിലാക്കിയിരുന്നതു കൊണ്ടാണ് ചക്കിയുടെ നിര്‍ദ്ദേശ പ്രകാരം മാണ്ട പുല്ലുമായി മുതലാളിയുടെ വീട്ടില്‍ പൊയ്‌ക്കൊണ്ടിരുന്നത്. കോതപ്പെണ്ണല്‍പ്പം വളര്‍ന്നു. തള്ളയും തന്തയും പണിക്കു പോകും, കൂട്ടത്തില്‍ ചാത്തേം വേറെയെന്തെങ്കിലും പണിക്കു പോയിരുന്നു. ചരതന്‍ കുടിപ്പള്ളിക്കൂടത്തില്‍ നിന്നും, പള്ളിക്കൂടത്തില്‍ പോകുവാന്‍ തുടങ്ങി.
പുല്ലരിയുന്ന പണിയില്‍ നിന്നും മാണ്ടയ്ക്കു, മുതലാളിയുടെ വീട്ടുവളപ്പിലും, കളത്തിലും പണി ചെയ്യുവാനുള്ള അവസരം ലഭ്യമാക്കി. ചില നേരം ഉച്ചക്കഞ്ഞിയും മുതലാളിയുടെ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു.
വസ്ത്രധാരണത്തിലും മാറ്റം വന്നു, പെണ്‍കുട്ടികള്‍ റൗക്ക ദേഹത്തു ധരിച്ചു നടക്കാമെന്നായി. ചിലര്‍ മുലക്കച്ച കെട്ടി തോര്‍ത്തു കൊണ്ടു കഴുത്തില്‍ കെട്ടി ഞാത്തിയിട്ടു നടന്നിരുന്നു. ചില പിന്നോക്കവര്‍ഗ്ഗക്കാരും, അധ:സ്ഥിതരില്‍ ചിലരും പാവാട ധരിച്ചും നടന്നിരുന്നു. മാടന് മുണ്ടും തോര്‍ത്തുമായിരുന്നു വേഷം. വല്ല കല്ല്യാണാവശ്യത്തിനോ, അടിയന്തിരാവശ്യത്തിനോ പോകുമ്പോള്‍ നാടന്‍ മുണ്ടു തോളത്തിട്ടു കൊണ്ടു പോകുമായിരുന്നു. അതാണെങ്കില്‍ പടിക്കേന്നു പഴകിയതും കീറിയതുമായത് ദാനം കൊടുത്തതായിരിക്കും.
ഒരിക്കല്‍ മുതലാളി കളത്തിലിരിക്കുമ്പോള്‍ മാണ്ട ഒറ്റയ്ക്കു പണിക്കു വന്നു. അക്കാലത്തു തേങ്ങാ വെട്ടും, ഉണക്കലും, തിയിടലും കൊപ്ര പറത്തില്‍ ചായിച്ചു പുകയിടലും മറ്റും നടക്കുന്ന അവസരമായിരുന്നത്.
യാദൃശ്ചികമായി മാണ്ടയെ മുതലാളി പിടിച്ചു ആലിംഗനം ചെയ്തിട്ടു പറഞ്ഞു.
നിന്നെ എനിക്കു വളരെ ഇഷ്ടമാണ്. നിനക്കും അച്ചനീം, അമ്മയ്ക്കും ഒക്കെ ഞാനല്ലേ അഭയം തന്നത്. അതിനുള്ള നന്ദി കാണിക്കേണ്ടേ.
അവളുടെ കണ്ണുകളില്‍ നിന്നും ധാമുറിയാതെ കണ്ണുനീര്‍ പൊട്ടിയൊഴുകി. താന്‍ മൂലം ഒരിക്കല്‍, കുടിലെരിക്കപ്പെട്ടു, നാടു വിട്ടു, ജീവിതം പോലും നശിച്ച അവസരത്തിലാണ് ഈ മുതലാളി തങ്ങളെ സഹായിച്ചത്. അദ്ദേഹത്തോട് കൃതജ്ഞത കാണിക്കാതിരിക്കുന്നതു മനുഷ്യത്വമേയല്ല. ഇനി ഇയാളുടേയും കോപം താങ്ങുവാന്‍ ഞങ്ങള്‍ക്കു കരുത്തില്ല.
അദ്ദേഹത്തിന്റെ കരവലയത്തില്‍ കിടന്നു മാണ്ടു അശ്രുധാര ചൊരിഞ്ഞെങ്കിലും, കൈതട്ടി മാറ്റിയില്ല. അയാളുടെ ബല പരീക്ഷണത്തില്‍ നിന്നും രക്ഷ നേടുവാന്‍ തക്കതായ ശ്രമം നടത്താതെയുമിരുന്നില്ല.
മുതലാളിയുടെ മുഖദാവില്‍ നിന്നും, വാഗ്ദാനങ്ങളൊഴുകി, നിനക്കു ഞാനെന്തും തരും, വീടുണ്ടാക്കിത്തരാം. പാടം തരാം, തെങ്ങും പുരയിടം തരാം, സ്വര്‍ണ്ണമാല തരാം. നിന്റെ പ്രതിഷേധം വക വയ്ക്കാതെ തന്നെ, എനിക്കിതൊക്കെ പ്രവര്‍ത്തിക്കുവാനറിയാ്, പക്ഷേ സ്ത്രീയെ മന:പ്പൂര്‍വ്വം കൈകാര്യം ചെയ്യുന്നതു ശരിയല്ലെന്നെനിക്കു തോന്നി. അത്രയേയുള്ളൂ. അവള്‍ കുതറി മാറ്റുവാന്‍ തുടങ്ങിയ കൈകള്‍ അയഞ്ഞു. അയാള്‍ക്കു വശംവദയായി. കുളത്തിനുള്ളില്‍ കൊപ്രയുണക്കി അട്ടിയിടുന്ന ഭാഗത്തൊരു മൂലയില്‍, അയാളുടെ ഇംഗിതത്തിനു മൗനിയായി നിന്നു. മനസ്സില്ലാ മനസ്സോടെ മാണ്ട അനുസരിച്ചു. അവള്‍ പുഞ്ചിരി കലര്‍ന്നു മൊഴിഞ്ഞു.
കാര്യം കയ്യുംമ്പ - വാക്കുമാറേക്കരുത്; ഏം പറഞ്ചേക്കാ.
മാണ്ടയുടെ തേന്‍ പുരട്ടിയ വചനങ്ങള്‍ - അല്‍പ്പം പരിഭവവും.
ഒന്നുമില്ലന്നേയ്, നിനക്കെല്ലാ സഹായോം ഞാന്‍ ചെയ്തു തരുന്നുണ്ട്.
ഒരിക്കല്‍ പരിഗണിച്ചാല്‍ അതു തുടരുവാന്‍ വിരോധമുണ്ടാകാറില്ലല്ലോ. വലിയൊരു മാറ്റത്തിന്റെ നാന്ദികുറിക്കപ്പെടുകയായിരുന്നു. കേവലം, അധ:സ്ഥിത പെണ്‍കൊടിയാണെങ്കിലും ചാരിത്ര്യത്തിന്നു മാന്യത കല്‍പ്പിക്കുന്നവരുണ്ടെങ്കില്‍, അവയുടെ പരിണിതഫലം, നന്മ നിറഞ്ഞതായിരിക്കും.
പ്രസ്തുത പ്രക്രിയയില്‍ ഏതെങ്കിലും ചെറിയൊരു അംഗത്തോടുള്ള പരിഗണന, യുഗങ്ങളോളം നിലനില്‍ക്കുന്ന വ്യതിയാനത്തിനു തുടക്കം കുറിക്കപ്പെടലായിരിക്കും.
കൃഷ്ണന്‍ ചോന്‍ മുതലാളിക്ക് ഒരിടത്തു നിന്നും, ഇതു പോലുള്ള അനുഭവമുണ്ടായിട്ടില്ല. അധ:സ്ഥിത പെണ്ണെങ്കിലും അവള്‍ കാത്തു സൂക്ഷിച്ച സ്ത്രീധനം, തന്റെ വാഗ്ദാനത്തിന്നു അടിയറ വെച്ചതില്‍ അയാള്‍ അകയ്തവ കൃതാര്‍ത്ഥനായി.
നിലത്തു നിന്നെഴുന്നേറ്റ മാണ്ട, കരഞ്ഞു കലങ്ങിയ നയനങ്ങളോടെ, അയാളെ കെട്ടിപ്പിടിച്ചു വീണ്ടും വിലപിച്ചു. എങ്കള ചതിക്കല്ലേ മൊതലാളി.
നീ കരയല്ലേ, നിന്നെ ഞാന്‍ ജീവനുള്ള കാലം വരെ നോക്കിക്കൊള്ളാം.
പണക്കാരനായ മുതലാളിയാണെങ്കിലും, പുതിയ പൂവിലെ തേന്‍ നുകര്‍ന്നു അളി കണക്കെ മൂളി പറന്നു പോകാതെ ഉന്മാദനായി പതുക്കെ അവളെ ആശ്വസിപ്പിച്ചു പുറത്തിറങ്ങി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മുതലാളി പാടത്തും പറമ്പിലും നോക്കാന്‍ വന്നു. കൂടെ ഒരാള്‍ കാര്യസ്ഥനെ പോലെ പിന്നാലെ വന്നിരുന്നു. മാടന്റെ കുടിലിരിക്കുന്ന ഭാഗത്തു വന്നപ്പോള്‍ മുതലാളി നിന്നു. മാടനും മക്കളുമെല്ലാവരും കുടിലില്‍ തന്നെ ഉണ്ടായിരുന്നു. മാണ്ട കുടിലിന്റെ മറുവശം മാറി നിന്നു ശ്രദ്ധിച്ചു.
മുതലാളി മാടനെ വിളിച്ചു... എടാ... മാടാ.... മാടാ.... മാടന്‍ പുറത്തിറി തോര്‍ത്തെടുത്തു കക്ഷത്തു വച്ചു ഭവ്യതയോടെ തൊഴുതു നിന്നു.
മുതലാളി, മാടാ നിന്റെ കുടിലൊക്കെ ഞാന്‍ പുതുക്കി കല്ലും പുരയാക്കി തരുന്നുണ്ട്.
മാടന്‍ പറഞ്ഞു - മൊതലാളീട ഇട്ടം പോലെ ആകട്ടെ. മുതലാളിയുടെ അടുത്ത വാഗ്ദാനം - കൂടാതെ ഈ പുരയിരിക്കുന്ന സ്ഥലം ഞാന്‍ നിനക്കു പതിച്ചു തരുന്നുണ്ട്. 
മുതലാളിയുടെ ദയവാണേയ് - മാടന്‍ അത്ഭുത പരതന്ത്രനായി അദ്ദേഹത്തെ നോക്കി.
അപ്പുറത്തിതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന മാണ്ടയുടെ ഹൃദയത്തില്‍ സ്‌നേഹസൃണമായ ആ വാക്കുകള്‍ കുളിരല സൃഷ്ടിച്ചു.
സ്‌നേഹം നല്‍കുന്നവര്‍ക്കേ സ്‌നേഹം നല്‍കാവൂ.
വാക്കു പാലിക്കുന്നവരില്‍ നിന്നേ വാഗ്ദത്വം സ്വീകരിക്കാവൂ. പക്ഷേ ഒരിക്കലുമതു പ്രത്യക്ഷത്തില്‍ മനസ്സിലായെന്നു വരില്ല. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ പെരുമാറ്റത്തില്‍ നിന്നും താന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ എങ്ങിനെ മനസ്സിലാകും. ഉന്നതനായ മുതലാളിയാണ്. ഉന്നതനെന്നും ഉന്നതര്‍ക്കു മാത്രമേ ഉപകാരം ചെയ്യുകയുള്ളൂ.
സ്ത്രീയെപ്പോഴും ഉന്നതന്റെ ഒരു വൈകല്യവുമാണ്. അതിനു വേണ്ടി ഉന്നതന്‍ പണം തന്നെ ചിലവാക്കിയെന്നു വരും. രഹസ്യമായ, സ്ത്രീ സംയോഗം നന്മയിലൂടെ പ്രാവര്‍ത്തികമാകുമ്പോള്‍ നാട്ടില്‍ പാട്ടാകും. എന്നാല്‍ ഉന്നതനതു ബാധിക്കാറില്ല.
ഇല മുള്ളില്‍ വീണാലും, മുള്ള് ഇലയില്‍ വീണാലും; ഇലയ്ക്കു തന്നെ ഛേദം. മുറിപ്പെട്ട ഇലയെ യോജിപ്പിക്കുവാനൊക്കുകയില്ല. നല്ലവനെന്നു പ്രത്യക്ഷത്തില്‍ തോന്നിച്ചാലും, അവസരം വരുമ്പോള്‍ ക്രൂരനാകാം.
അന്നു കളത്തില്‍ വെച്ചു തന്നെ സമീപിച്ച മുതലാളി ഇത്രയും വേഗം സഹായ വാഗ്ദാനം സഫലീകരിപ്പിക്കുമെന്നു തോന്നിയില്ല. തങ്ങളുടെ കാണപ്പെട്ട ദൈവമാണു മുതലാളിയെന്നു മാണ്ട്‌യക്കു തോന്നി.
കുടിലിനു പുറത്തും പറമ്പിലുമായി നിന്നിരുന്ന ചാത്തേനും, ചരതനു്, ചക്കിയും മുതലാളി വന്നപ്പോള്‍ അടുത്തു ചെല്ലാതെ അകലെ നിന്നു മുതലാളിയെ വീക്ഷിച്ചു കൊണ്ടിരുന്നു.
വെളുത്ത സുന്ദരനായ ഗാംഭീര്യം തുളുമ്പി നില്‍ക്കുന്ന മുഖഭാവത്തോടു കൂടിയുള്ള മുതലാളി തോളില്‍ കസവുള്ള നാടന്‍ മുണ്ട്, ചീനക്കുട ചൂടിയിട്ടുണ്ട്. കാലില്‍ മരത്തിന്റെ മെതിയടി തൂവെള്ള വില കൂടിയ മുണ്ട്. സമീപം കാര്യക്കാരന്‍.
മുതലാളി കാര്യക്കാരനോട് കുടിലിന്റെ സമീപം വച്ചു തന്നെ മാടനു വാഗ്ദാനം ചെയ്ത, കാര്യങ്ങളൊക്കെ നിവര്‍ത്തി ചെയ്യുവാന്‍ കല്‍പ്പന കൊടുത്തു.
അതൊരു സായാഹ്നമായിരുന്നു.
മുതലാളി അവിടെയുള്ള അദ്ദേഹത്തിന്റെ അധികാരത്തിലുള്ള പാടമൊക്കെ ചുറ്റി നടന്നു കാണുവാന്‍ പുറപ്പെട്ടപ്പോള്‍ മാടനും അകമ്പടി സേവിച്ചു. പല ഭാഗങ്ങളും നടന്നു വീക്ഷിച്ച മുതലാളി ചിറയൊക്കെ ബലപ്പെടുത്തണമെന്നു മാടനോടു നിര്‍ദ്ദേശിച്ചു.
മാടനോടായി തിരിഞ്ഞു വീണ്ടും മുതലാളി പറഞ്ഞു മാടാ ഈ ചിറയില്‍ കാണുന്ന കള്ളനൊക്കെ അടയ്ക്കണം. ചിറയ്ക്കുള്‍ഭാഗത്തു കൂടി പാടത്തേയ്ക്കു ചെറിയ സുഷിരം പഴി വെള്ളം കുറുകേ കുത്തിയൊലിച്ചൊഴുകുന്നതിനാണ് കള്ളനെന്നു പറയുന്നത്. ഈ കള്ളന്‍ വലുതായാല്‍ ചിറപൊട്ടിയൊഴുകും. പിന്നെ വീതി കൂടി വലിയ മുറിപ്പാടായി ചിറതകരും. അതൊഴിവാക്കാന്‍ കള്ളന്റെ ചെറിയ ഒഴുക്കു കണ്ടാല്‍നുഉടനെ അതടയ്ക്കണം.
മുളയിലേ നുള്ളു... എന്നു പറയും പോലെ തുടക്കത്തിലേ തടഞ്ഞാല്‍ വലിയൊരു അത്യാഹിതമൊഴിവാക്കാം. അതിനായി ചിറപ്പുറത്തു കൂടി ഇടയ്ക്കിടയ്ക്കു നടന്നു നോക്കണ്. അപ്പോഴതു കണ്ടു പിടിക്കാം.
ചില സ്ഥലത്തു വേലിയേറ്റവും വേലിയിറക്കവും നിയന്ത്രിക്കുവാന്‍ തൂമ്പു വെച്ചിട്ടുണ്ടാകും. അതു വെള്ളം കയറ്റാനും, വെള്ളമിറക്കുവാനും സഹായിക്കും. മത്സ്യം വളര്‍ത്തുന്ന കാലത്തു ചെമ്മീന്‍ വാറ്റിയെടുക്കുന്ന പ്രക്രിയ ആര്‍ക്കെങ്കിലും കരാറായി കൊടുക്കും. ആ കരാറുകാരന്‍ ഒരു നോട്ടക്കാരനെ നിയമിക്കും അതാണ് കാവല്‍ക്കാരന്‍.
മുതലാളിയോടൊപ്പം നടന്നു പൊയ്‌ക്കൊണ്ടിരുന്ന മാടന്‍ ഓരോ പാടത്തിന്റെയും, പറമ്പിന്റെയും ഭാഗത്തു ചെല്ലുമ്പോള്‍ താന്‍ ചെയ്ത അറ്റകുറ്റ പണികള്‍ നിര്‍വ്വഹിച്ച കാര്യങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു മനസ്സിലാക്കിച്ചിരുന്നു. മുതലാളി നിര്‍ദ്ദേശിക്കാതെ തന്നെ താന്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തവയൊക്കെ മനസ്സിലാക്കിയ മുതലാളിയുടെ മനസ്സില്‍ മാടനെപ്പറ്റി ഉത്തമവിശ്വാസം അങ്കുരിച്ചു. തന്റെ പാടവും പറമ്പും മാടന്‍േറതാണെന്ന ധാരണയോടെ പണി ചെയ്യുന്ന അവനെപ്പറ്റി വലിയ മതിപ്പു തോന്നി.
മുതലാളി നടന്നു പാടവും പറമ്പുകളും കണ്ടതിനു ശേഷം തന്റെ വീട്ടിലേയ്ക്കുള്ള പ്രയാണം തുടങ്ങി. മാടനും കൂടെ ചെന്നു. വീട്ടിലെത്തിയ മാടനു കുറച്ചു കാശു കൊടുത്തു അതും വാങ്ങി മാടന്‍ തന്റെ കുടിലിലേയ്ക്കു പോന്നു. വഴിക്കു വച്ച് തൂമ്പില്‍ വലവെയ്ക്കാറുള്ള നോട്ടക്കാരനുമായി മാടന്‍ കുശലം പറഞ്ഞു.
എടാ കണ്ടാ നീയെന്താ ചൊവ്വേ നേരേ, തോട്ടപ്പണി ചെയ്യാത്തത്. ചെമ്മിയൊന്നും കിട്ടാറില്ലേ.
കണ്ടന്‍ - മാട ചേട്ടനെന്താണീ പറകണീത് - ചെമ്മി ള്ളപ്പ തക്കോല്ല, തക്കേള്ളപ്പ ചെമ്മീല്ല. തക്കോം ചെമ്മീം എള്ളപ്പ - ആനില്ല. ആന്‍ ചാപ്പിലല്ലേ!
കറമ്പനും, മാടനും വല്ല്യാ കൂട്ടുകാരായിരുന്നു. ഒരിക്കല്‍ കള്ളും കുടിച്ചു ആടിയാടി ചിറപ്പൊറുത്തു കൂടി രാത്രി വരികയായിരുന്നു. കറമ്പന്‍ പറഞ്ഞു - പൊങ്കളിക, പൊങ്കളിക ചാപ്പിലോളം പൊങ്കളിക കുണ്ടണ്ടു - കള്ളുണ്ടു, നോക്കി ബെക്കണം കാലളിക, ഞണ്ടണ്ട് ഞവണ്യാണ്ട് പാത്തു പൊങ്കണം പൊന്നളിക.
അവര്‍ നടന്നു മാടന്റെ കുടീലെത്തി കറമ്പന്‍ പറഞ്ഞു മച്ചാ എന്നെ കൊണ്ടേ എണ്ട കുടീലാക്ക്.
അതീനെന്താണീ ഏന്‍ കൊണ്ടോയാക്ക - മാടന്‍ കറമ്പനേം കൊണ്ട് അവന്റെ കുടീചെന്ന്, കള്ളിന്റെ ലഹരി കാരണം ആടിയാടി ഒരു വിധം കണ്ണു കണ്ടു കണ്ടില്ലാത്ത രീതിയില്‍ കറമ്പന്റെ കുടീലെത്തി രണ്ടു പേരും വര്‍ത്തമാനം പറഞ്ഞു നേരം പോയതറിഞ്ഞില്ല. കറമ്പന്‍ പറഞ്ഞു. മച്ചാനി പോകാന കൊണ്ട് ഏന്‍ ചൂട്ടു കത്തിച്ചി തരണ്ട് - മാടന്‍ ഉം. മൂളി.
ചൂട്ടുകത്തിച്ച് കയ്യില്‍ പിടിച്ച മാടന്‍, ചൂട്ടും അവനും കൂടി നിലത്തിരുന്നു പോയി. പിന്നെ കറമ്പന്‍ താങ്ങിപ്പിടിച്ചു രണ്ടു പേരും കൂടി മാടന്റെ കൂടിലേയ്ക്കു നടന്നു. മാടനെ കൊണ്ടു പോയാക്കാന്‍.
മാടന്റെ കുടിലിലെത്തിയപ്പോള്‍, അവന്‍ പറഞ്ഞു മച്ചാനെങ്ങനെ ഒറ്റയ്ക്കു പോകും. ഏന്‍ കൊണ്ടോയാക്കാ എന്നു പറഞ്ഞു രണ്ടു പേരും കൂടി കറമ്പന്റെ കുടീലേയ്ക്കു നടന്നു. പിന്നെ വീണ്ടും മാടന്റെ കുടീലേയ്ക്കു നടന്നു. അപ്പോഴേയ്ക്കും നേരം പുലര്‍ന്നു. മാടന്‍ പറഞ്ഞു.
അളികാ - തേ തൈവം തമ്പ്രാന്‍ ഉദിച്ചുയരണി ഇനി എന്നാത്തിനാ പോണേ. എന്നു പറയുന്നതിനു മുന്‍പേ കറമ്പന്‍ മാടന്റെ കുടിലിനു സമീപം മെടഞ്ഞു വെച്ചിരുന്ന ഓലയുടെ മുകളില്‍ കിടന്നു പോയി. പെട്ടെന്നു ഉറക്കവും പിടിച്ചു.
കൊപ്ര ഉണക്കുമ്പോള്‍ കാക്കയെ ഓടിക്കാനും, കൊപ്ര ചുമന്നിടാനും മറ്റും മാണ്ട കളത്തില്‍ മിക്കപ്പോഴും പോയിരുന്നു. മുതലാളി ചില നേരം മാണ്ടയുമൊത്തു കളത്തില്‍ തന്നെയുള്ള വിശ്രമ മുറിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മാണ്ടയ്ക്കു, സന്തോഷവും, സുഖവും ആത്മനിര്‍വൃതിയും പ്രദാനം ചെയ്തിരുന്നു.
ഏന്‍ നിരീച്ചിച്ചില്ല. മൊയിലാളി ഇത്തര ബേകം എങ്കള തകായിക്കോന്ന്.
ഈ കൃഷ്ണന്‍ മുതലാളി പറഞ്ഞാ പറഞ്ഞതാണ്. നിന്നെക്കൊണ്ട് നിന്റെ കുടുംബം കരകേറും, നിങ്ങളിവിടെ വന്നപ്പോള്‍, സഹായിച്ചതു ഞാനല്ലേ കൂടാതെ നിന്റെച്ഛന്‍ മാടന്‍ ഒരു ശുദ്ധ ഗതിക്കാരനാണ്. അവന്റെ ബഹുമാനവും, എളിമയും അന്നു കണ്ടപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടു. അതുകൊണ്ടാണ് എന്റെ ആ ഭാഗത്തുള്ള പാടത്തിന്റെ പണിയൊക്കെ അവന ഏല്‍പ്പിച്ചത്, നിങ്ങള്‍ക്ക് കുടിലുകെട്ടിത്തന്നു, വേല തന്നു. ഇതൊക്കെ ചെയ്തത് നിന്നെ ഞാനന്നു കാണാതെയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടപ്പോള്‍ വലിയ കാര്യമായി.
നിന്റെ നല്ല മാറിടം, മുഖം, കണ്ണുകള്‍, ചുരുണ്ട തലമുടി നല്ല പൂപോലുള്ള കാലുകള്‍ ഇതൊക്കെ വല്ല ചെളിപ്പെലേനീം കൊണ്ടു പോയി കൊടുത്തിരുന്നെങ്കില്‍ - ഹോ - വല്ലാത്ത കഷ്ടമായിപ്പോയേനേ!
മാണ്ട - എന്തെങ്കിലായാലെ കൊണ്ട് എന്നാ ചെയ്യാനാണ്. അതിനൊരു വഴിയുണ്ട് മാണ്ടേ - നിനക്കു ഞാനൊരു ചെറുക്കനെ കണ്ടു വെച്ചിട്ടുണ്ട്. നിന്നെ അവനെക്കൊണ്ട് കല്ല്യാണം കഴിപ്പിച്ചാലും നീ എന്‍േറതായി തന്നെ എന്നും തുടരും.
മാണ്ട കിന്നാരത്തോടെ - ഓ ഈ മൊതലാളീട ഒരു താമശേയ് എന്നു പറഞ്ഞു വീണ്ടും രണ്ടു കൈകളും കൊണ്ടു അവള്‍ ആലിംഗനം ചെയ്തു, പ്രേമമസൃണമായ ചുമ്പനവുമര്‍പ്പിച്ചു.
ശൃംഗാര രസത്തിലാറാടിയ അവര്‍ സമയം പോയതു പോലുമറിഞ്ഞില്ല. എഴുന്നേറ്റു നോക്കിയപ്പോള്‍ ഉണക്കാനിട്ടിരിക്കുന്ന കൊപ്ര രസത്തോടു കൂടി തിന്നു കൊണ്ടിരിക്കുന്ന നായകളെയാണ് കണ്ടത്.
ഉടനേ മുതലാളി - എടീ ദേ കണ്ടോ കൊപ്രയൊക്കെ നായ തിന്നുന്നത്.
പട്ടീ - പട്ടീ - പോ പട്ടീ, തുണിയൊക്കെ തപ്പിയെടുത്തു മുലക്കച്ചയും ഒരുവിധം കെട്ടി, വടിയുമെടുത്തു വന്നപ്പോഴേയ്ക്കും നായകള്‍ കൊപ്രയും കടിച്ചു പിടിച്ചു കൊണ്ടോടുന്നതാണ് കണ്ടത്.
ശോ മൊതലാളീ - ഏന്‍ കാവക്കാര്യാല്ലേ. എന്ന വിളിച്ചിതക്ക ചെയ്തതു കൊണ്ടല്ലോ, എനിക്ക് പട്ടീന നോക്കാമ്പറ്റാഞ്ഞത്.
ഉം... പോട്ടെ എനിക്കു നിന്ന മതി നായ രണ്ടോ മൂന്നോ കൊപ്രയല്ലേ കൊണ്ടു പോയതുള്ളൂ, നിന്നെപ്പോലെ വിലമതിക്കാന്‍ പറ്റാത്തതിനെ കിട്ടോ - നീയിങ്ങോട്ടു ബാ എന്നു പറഞ്ഞു വീണ്ടും വിളിച്ചു.
ഇപ്പോ ഒന്നും വേണ്ടാ - പിന്നീടാകാം അവള്‍ മുടക്കു പറഞ്ഞു.
മുതലാളി അതു പറ്റില്ല എനിക്കാവേശം വന്നാല്‍ ക്ഷമിക്കുവാന്‍ പറ്റില്ല.
മാണ്ട - എനിക്കു വെശക്കണുണ്ട് - വേണ്ടാ.
എന്നാലും നീ വാ - കഴപ്പിനു മേലേ വിശപ്പൊരു തടസ്സമല്ല.
മനുഷ്യന്റെ ഏതു പ്രശ്‌നവും ഇതുകൊണ്ടു മൂടപ്പെടാം. അതു കൊണ്ടു നീ ഇങ്ങോട്ടു വാ, അദ്ദേഹമവളെ കൈക്കു പിടിച്ചു, കളമുറിക്കകത്തേയ്ക്കു കൊണ്ടു പോയി.
വീണ്ടും കീഴുടുപ്പും മേലുടുപ്പും അഴിച്ചെറിഞ്ഞു. മാണ്ടയുടെ സുന്ദര മേനിയെ വാരിപ്പുണര്‍ന്ന മുതലാളി ആനന്ദ സാഗരത്തിലാറാടി, പുളക ചാര്‍ത്തില്‍ മുങ്ങിക്കുളിച്ചു, കോരിത്തരിപ്പിന്റെ ഉത്തുംഗ സ്വര്‍ഗ്ഗ വാതിലിലെത്തി തേന്‍ നുകര്‍ന്നു, മദോന്മത്തനായി, അധരപാനത്തിലൂടെ മാധുര്യം നുകര്‍ന്നു. മാറിന്റെ തുടിപ്പിലൂടെ കയ്കളമര്‍ത്തി, ചുണ്ടോടടുപ്പിച്ചു പാനതുരമാക്കി, കോരിത്തരിപ്പില്‍ കോര്‍ത്തിണിക്കി. മാണ്ടയുടെ കയ്കള്‍ മുതലാളിയെ വാരിച്ചേര്‍ത്തു. എഴുന്നു നിന്ന അമൃതകുംഭത്തില്‍ മുതലാളിയുടെ മേനിയമര്‍ന്നപ്പോള്‍ ചതഞ്ഞരഞ്ഞു, മാംസളത വിങ്ങി നിന്നു. അമൃതവാനി പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു പതഞ്ഞൊഴുകി. നേരത്തിനിതില്‍ കാര്യമില്ല. നേരം ചലിക്കുമ്പോള്‍ നേരത്തോടു ചേരുന്നു.
പൂണ്മമാം മേനിയോടൊട്ടി ചേര്‍ന്നു, സുഖശീതളിമയില്‍ അല്‍പ്പ നേരം മന്ദിച്ചു പോയി. പുലയിക്കും സാധിക്കും വലിയവന്റെ പൊന്‍കുടം പേറാന്‍, പുലയി നല്‍കുന്ന സുഖനിദ്ര, വേറൊരുത്തിക്കുമേകുവാന്‍ സാധിക്കുകയില്ലെന്നു കൃഷ്ണന്‍ ചോവാനു തോന്നി. താന്‍ വിവാഹിതനും, പരസ്ത്രീ ബന്ധം, ഉന്നതജാതികളില്‍ പെട്ടവരടക്കം, നിറയെ അനുഭവിച്ചിട്ടുള്ളവനെങ്കിലും, ഇത്തരത്തിലൊരനുഭവം ഇദംപ്രദമാണ് പയറ്റിത്തെളിഞ്ഞ ചേകവരുടേതു പോലെ മാണ്ടയുടെ കഴിവിനെ മുതലാളി വിലയിരുത്തി. പക്ഷേ പുതുപ്പെണ്ണിലെ ജന്മവികാരം ഇത്തരത്തിലാകുവാന്‍ കാരണമെന്താണെന്ന് എത്ര വിശകലനം ചെയ്തിട്ടും മനസ്സിലാകുന്നില്ല.
അല്‍പ്പം കഴിഞ്ഞു പിടഞ്ഞെഴുന്നേറ്റു ജനലില്‍ കൂടി നോക്കിയ മുതലാളി കണ്ടത്, കൊപ്രയൊക്കെ രുചിച്ചു നോക്കുന്ന, കാക്ക കൂട്ടത്തെയാണ്.
ചാടിയെഴുന്നേറ്റ മുതലാളി അലറി - മാണ്ടേ എടീ മാണ്ടേ - ദേ എഴുന്നേറ്റേ, കാക്കയൊക്കെ കൊപ്ര മൊത്തം തിന്നു തീര്‍ത്തു.
ഇങ്ങനെയൊരു സദ്യ അവര്‍ക്കൊരിക്കലും ലഭിച്ചിട്ടുണ്ടായിരിക്കില്ല.
മുതലാളീ, ഈ കളത്തില്‍ എന്നും ആനന്ദിക്കുമാറാകട്ടെ എന്നവരാശിച്ചിരിക്കും. തിന്നു തിന്നു വയറു മുറ്റിയ ചില കാക്കകള്‍ അടുത്തു തെങ്ങോല മടലില്‍ ചെന്നിരുന്നു മറ്റുള്ളവരെ കൂടി വിളിച്ചു വരുത്തി കൊണ്ടിരുന്നു.
കല്ലെടുത്തെറിഞ്ഞതിനെയൊക്കെ ആട്ടിപ്പായിച്ചു. അവയൊക്കെ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ്, മാണ്ട റൗക്കയും തോര്‍ത്തുമെടുത്തു തോളത്തിട്ടു പുറത്തേയ്ക്കു പാഞ്ഞു വന്നു വടിയെടുത്താട്ടി ഓടിച്ചത്.
അന്നേരം നെഞ്ചത്തുള്ള ഇടിയാത്ത മാര്‍കുടം ഓട്ടത്തില്‍ തലയിട്ടാടി ചലിച്ചു കളിക്കുന്നത് മുതലാളി കണ്ടാസ്വദിച്ചത്.
എന്താടി മാണ്ടേ നിന്റെയതു തുളുമ്പി കളിക്കുന്നത്. എന്നെ വീണ്ടും വിളിക്കുന്ന പോലുണ്ടല്ലോ.
ഒന്നു ചുമ്മാ ഇരിക്കണണ്ടാ, അവള്‍ നാണത്താല്‍ തോര്‍ത്തു കൊണ്ടു പൊത്തിപ്പിടിച്ചു. തിരിച്ചു നടന്നു മുറിയില്‍ കയറി റൗക്കയൊക്കെ ധരിച്ചു തോര്‍ത്തു നേരെയാക്കി മുണ്ടൊക്കെ കുടഞ്ഞുടുത്തു, കളത്തിന്റെ തണലു പറ്റിയിരുന്നു. 
ഏന്‍ കാവക്കാര്യാല്ലേ, ഏന്‍ വേലേലാണ്, എന്നു പറഞ്ഞു ഒരു വടിയെടുത്തു തിക്കും പൊക്കും നോക്കി.
കാക്കേ... പോ... പോ എന്നു തമാശയായി പറഞ്ഞു. പിന്നെ മുതലാളിയെ നോക്കി പുഞ്ചിരിയോടെ.
ഉം. കള്ളന്‍ ചിരിക്കണ കണ്ടില്ലേ, എണ്ട തുണ്യേക്ക ചീത്തേക്കി, ചുക്കി ചുളുങ്ങി പയന്തുണി പോലായി, ഏനിന്ന് ഇച്ചിരി നേര്‍ത്തേ കുടീലോട്ടു പോം.
മുതലാളി - നീ പൊയ്‌ക്കോ ഇപ്പോത്തന്നെ പൊയ്‌ക്കോ വഴിക്കു വച്ച് കൊപ്രാ വാരിയിടാറുള്ളവരോട് വേഗം വരാന്‍ പറയണം.
ശരി മൊതലാളി - ഏന്‍ പോകേണ്, അവളെഴുന്നേറ്റു നടന്നു. അക്കാലത്തു വേറൊരു നായര്‍ പ്രമാണിയുടെ പാടത്തു കാളപൂട്ടു നടന്നുകൊണ്ടിരിക്കുകയായിരുന്നു. പണിക്കാരില്‍ കണ്ടനും, കറമ്പനും ജോലി ചെയ്യുന്നുണ്ട്. ആ മുതലാളിയുടെ കാര്യസ്ഥനാണെങ്കില്‍ ഭയങ്കര മുഷ്‌ക്കനും തണ്ടനുമായിരുന്നു. ഉഴവു പണിയോടനുബന്ധിച്ച്, മട്ടലു വെട്ടുക, ചിറ പിടിപ്പിക്കുക, തോടു കോരുക എന്നിത്യാദി പണികള്‍ യാതൊരു ദാക്ഷിണ്യമില്ലാതെയാണ് ചെയ്യിച്ചു കൊണ്ടിരുന്നത്.
നാട്ടിലൊക്കെ പണി കൂടുതല്‍ നടക്കാത്ത കാലമായതിനാലാണ് അകലെയുള്ള ഈ നായര്‍ ജന്മിയുടെ പാടത്തു പണിക്കു ചെന്നിരുന്നത്. അടിമ വേല തന്നെ ഒരു ചെറിയ തെറ്റു കണ്ടാല്‍ മതി ഉടനെ മാടമ്പിയുടെ കിങ്കരന്മാര്‍ വന്ന് അവനെ പിടികൂടി അടുത്ത തെങ്ങില്‍ കെട്ടിയിട്ടടി തുടങ്ങും. വെള്ളം പോലും കൊടുക്കാതെ അതേ രീതിയില്‍ തന്നെ കിടന്നു ഒരു പക്ഷേ ചത്തെന്നുമിരിക്കും. അതുകൊണ്ട് ആരുമൊന്നും ശബ്ദിക്കാറില്ല. വേണ്ടി വന്നാല്‍ വൈകിട്ടു ഇരുളടയുന്നതു വരേയ്ക്കും പണി ചെയ്യിച്ചിരുന്നു. 
അന്നുച്ചയ്ക്കാണെങ്കില്‍ ഓരോ തൊണ്ടു കള്ളു മാത്രമേ കൊടുത്തിരുന്നുള്ളൂ. അന്നു വൈകുന്നേരമായിട്ടും ജന്മിയുടെ കാര്യസ്ഥന്‍ പണി ചെയ്യിച്ചു കൊണ്ടേയിരുന്നു.
കണ്ടന്‍ പാടത്തിന്റെ അകലെയൊരിടത്തു ചാലു കീറുന്ന പണിയിലായിരുന്നു. വൈകുന്നേരമായിട്ടും പണി കേറുവാനനുവദിക്കാത്തതു കൊണ്ട് അവന്‍ വര്‍ത്തമാനവും പാട്ടും തുടങ്ങി പറയുവാനവകാശമില്ലല്ലോ.
നേരം പോയ് നേരം പോയ്
പൂക്കയ്ത മറപറ്റേയ്
ഒരു തൊണ്ടു കള്ളും തന്നു
കൊല്ലാകൊല ചെയ്യണിയേ
ഇതു ചിറപ്പുറത്തു നിന്നിരുന്ന തമ്പുരാന്റെ കാര്യസ്ഥനു മനസ്സിലായി. അയാളുടനെ വിളിച്ചു പറഞ്ഞു.
എടേയ് - കേറി പോകിനെടാ.
അതു കേള്‍ക്കേണ്ട താമസം എല്ലാവരും കരയ്ക്കു കയറി.
അക്കാലത്തു കൂലി ചോദിക്കുവാന്‍ പാടില്ല, അതിനു പീഡനമായിരിക്കും ഫലം. എന്നാലും കാര്യസ്ഥനോടു പറയും.
തമ്പ്രാ കൂലി കിട്ടീരുന്നേ, പോകാരിന്നേ.
ചിലപ്പോള്‍ പറയും - ഇന്നുപോ, നാളെത്തരാം എന്നു പറഞ്ഞാലെന്തു ചെയ്യു്. പകലന്തിയോളം പണി ചെയ്തിട്ട് കൂലി ലഭിക്കാതെ വെറും കയ്യോടെ നിരാശനായി കുടിലിലേയ്ക്കു പോകുന്ന പുലയന്റെ ഗതികേട് വലിയ കഷ്ടപ്പാടായി തീരുന്നു. 
അവനെ പ്രതീക്ഷിച്ചു കുടീല് കഴിയുന്ന അവന്റെ കുഞ്ഞുങ്ങളും, തള്ളയും പട്ടിണിയില്‍ കിടന്നു വീര്‍പ്പു മുട്ടുന്നു. പകലവന്‍ കുടിച്ച കള്ളാണെങ്കില്‍ കൊഴിഞ്ഞു പോയിരിക്കും. കൂലിയും, ലഭിക്കാതായാല്‍ ഭഗ്‌നാശയനായി കുടിലില്‍ വന്നു തളര്‍ന്നു കിടന്നു പോകുന്നു. മക്കളവന്റെ ദേഹത്തു കയറിയിരുന്നു തട്ടിവിളിച്ചു കരയും.
അച്ചാ, അച്ചാ, പയ്ക്കണീച്ചാ, അച്ചാ, അച്ചാ പകിക്കണീച്ചാ. പുലയി കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടു കണ്ണുനീര്‍ വാര്‍ത്തു വിതുമ്പും.
മുല കുടിക്കുന്ന കുഞ്ഞാണെങ്കില്‍, തള്ളയുടെ മടിയില്‍ കിടന്നു, പാലില്ലാത്ത മുല ചപ്പിയിട്ടും, പാലു ലഭിക്കാതായപ്പോള്‍ തൊണ്ട പൊട്ടി കീറിപ്പൊളിച്ചു കരയും തള്ള കോപം കൊണ്ട് ഈ ചവത്താലി പുള്ള എന്നു പറഞ്ഞ് ഒറ്റ അടി വെച്ചു കൊടുക്കും. അതോടെ കരഞ്ഞു തളര്‍ന്നു കിടന്നുറങ്ങും. കുടിലിന്റെ ഗദ്ഗദം ആരാറിയുന്നു. കഷ്ടപ്പാടും ദുരിതവും ഈ വര്‍ഗ്ഗങ്ങള്‍ക്കു മാത്രമുള്ളതാണ്.
അല്‍പ്പം അഴകും, തുടിപ്പുമുള്ളവളാണെങ്കില്‍ മറ്റുള്ളവരെ കണ്ണു കാണിച്ച് കാശു വാങ്ങി ഭക്ഷണം വാങ്ങി കഴിക്കുവാനുള്ള ധൈര്യം കാണിച്ചെന്നിരിക്കും. ഈ ദാരിദ്ര്യം മുതലെടുക്കുവാന്‍, ക്രിസ്ത്യാനി ചെറുപ്പക്കാരോ, ഈഴവ പയ്യന്മാരോ, രാത്രി കാലങ്ങളില്‍ പുലയ കുടിലുകളില്‍ ചെറ്റ പൊക്കല്‍ പ്രക്രിയ അരങ്ങേറുന്നു.
അങ്ങിനെ സമീപിക്കുന്നവരോടൊ, ഉറക്ക ചടവാണെങ്കിലും അവള്‍ ഇരുട്ടില്‍ ശബ്ദുമുണ്ടാക്കാതെ സമീപിക്കുന്നവരോട് കാശുവാങ്ങി കാര്യ നിര്‍വ്വഹണശേഷം തിരിച്ചയയ്ക്കുന്നു. ആ കാശു കൊണ്ടായിരിക്കും രാവിലെ ചായപ്പൊടിയും ശര്‍ക്കരയും കിഴങ്ങും വാങ്ങി ചൂടു വെള്ളമനത്തി കുടിക്കുന്നതും, കിഴങ്ങു പുഴുങ്ങി തിന്നുന്നതും. വാസ്തവത്തില്‍ ഇതു ചെയ്യിപ്പിച്ചത് മുതലാളി തന്നെയല്ലേ. കൂലി കൊടുത്തിരുന്നുവെങ്കില്‍ ഈ കുടുംബം പട്ടിണി കിടക്കുകയില്ലായിരുന്നു. കൂടാതെ ആ ചെറുമി വേശ്യാവൃത്തിക്കായി വശംവദയാകുമായിരുന്നുമില്ല. ദാരിദ്ര്യമാണ് മനുഷ്യനെ കൊണ്ട് തെറ്റു ചെയ്യിപ്പിക്കുന്നത്.
അതായത് പണക്കാരനെന്നും, അധ:സ്ഥിതരായ പുലയരെ ഏതു വിധേനയും ദ്രോഹിച്ചു കൊണ്ടേയിരുന്നു.
ഒരിക്കല്‍ കണ്ടന്റെ അച്ഛന്‍ ചോദിപ്പെലേന്‍ കുടിലിലെ കഷ്ടപ്പാടു കണ്ടു കോപാകുലനായി, മാടമ്പിയുടെ കയാലയില്‍ കരികൊണ്ടെഴുതി വച്ചു.
''ഇവിടത്ത മൂപ്പീന്നു കൂലി തരികേല''.
പിറ്റേദിവസം ആളുകളൊക്കെ ഉണര്‍ന്നു കണികണ്ടത് ഈ ചുവരെഴുത്താണ്. എല്ലാവരും കേട്ടറിഞ്ഞു ഓടിക്കൂടി. വന്നവരൊക്കെ ഈ ചുവരെഴുത്തു വായിച്ചു. ആരാണെഴുതിയതെന്നു പരസ്പരം ചോദിച്ചു. സംശയാസ്പദമായി അടക്കം പറഞ്ഞു, പഠിപ്പുള്ളവന്റെ കയ്യക്ഷരമല്ല. ആരുടേതാണെന്നു കണ്ടിട്ടു മനസ്സിലാകുന്നുമില്ല. ഇത്തരത്തിലൊരു കുറിപ്പെഴുതുവാനാര്‍ക്കു ധൈര്യമുണ്ടാകും. നാടു ഭരിക്കുന്ന ജന്മിക്കെതിരായല്ലേ ഇത്തരം എഴുത്തെഴുതിയിരിക്കുന്നത്. എഴുതിയവന്റെ ധൈര്യം അപാരം തന്നെ. ജന്മിയുടെ വീട്ടിലുള്ളവരൊക്കെ സംഭവമറിഞ്ഞിറങ്ങി വന്നു വായിച്ചു. നാടറിഞ്ഞു, നാട്ടാരറിഞ്ഞു ജന്മിക്കു നാണക്കേടായി. 
ഈ നാട്ടിലെ ആദ്യത്തെ ചുവരെഴുത്ത്. മണ്ണിലധ്വാനിക്കുന്നവന്റെ പ്രതികരണം. മാടമ്പി അടങ്ങിയിരിക്കുമോ. അവന്‍ ആളെ കണ്ടു പിടിക്കുവാന്‍ ശിങ്കിടികളെ ചട്ടംകെട്ടി. ആളുകള്‍ കൂടുന്നിടത്തും, കുടിലുകളുടെ സമീപത്തു്, കളിസ്ഥലം മുതലായയിടങ്ങളിലും രഹസ്യം ചോര്‍ത്തുന്നവരെ നിയോഗിച്ചു. ചിലരെ സംശയാസ്പദമായി പിടിച്ചു ചോദ്യം ചെയ്തു. സത്യം തെളിഞ്ഞില്ല. അപ്പോഴാണറിയുന്നത് ചോദിപ്പെലേന്‍ നാടുവിട്ടു പോയ കാര്യം അയാള്‍ ഓടിയും, നടന്നും നിരവധി പ്രദേശങ്ങള്‍ താണ്ടിയും നാടും നഗരവും വിട്ടു പോയി. വടക്കന്‍ മലബാര്‍ ഭാഗത്താണ് ചെന്നതെന്നൊരു സൂചന ലഭിച്ചു.
പിന്നീടയാള്‍ വന്നത് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടാണ്. അതായത് വലിയ മുതലാളി മരിച്ചു. മക്കളൊക്കെ വീതം വാങ്ങി പല സ്ഥലത്തായി താമസിച്ചു. തറവാട്ടിലുള്ളവരാണെങ്കില്‍ പണ്ടത്തെ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തവരായി മാറി. പാവങ്ങളെ ദ്രോഹിച്ചതിന്റെ ഫലമനുഭവിക്കുന്ന തരത്തില്‍ കുടുംബം നശിച്ചു തറവാടു മുടിഞ്ഞു.
ലോകത്തിലാദ്യത്തെ പ്രതിഷേധ കുറിപ്പായിരിക്കും ചോദിപ്പെലേന്‍േറത്. വേലയ്ക്കു തക്കതായ കൂലിക്കു വേണ്ടി മൂകജനതയുയര്‍ത്തിയ പ്രതിഷേധം. എഴുത്തിലൂടെ ആദ്യപ്രതികരണം. അതും ചുവരെഴുത്തിലൂടെ. ഏതവനും പ്രകോപിതനാകുന്ന വസ്തുത. ഏതൊരുവന്‍േറയും ആത്മധൈര്യം ചോര്‍ത്തി കളയുന്ന ആശയ സമരം, സാംസ്‌ക്കാരിക വിപ്ലവത്തിന്റെ നാന്ദി.
എന്തു വിളകൊടുത്തും ഉന്നതനതിനെ അടിച്ചമര്‍ത്തുവാന്‍ നോക്കുന്ന പ്രവണത സൃഷ്ടിക്കപ്പെട്ടു.
*****