"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

പുലച്ചെറുക്കനു നമ്പൂതിരിപ്പെണ്ണിന്റെ അനുമോദനം

അദ്ധ്യായം പന്ത്രണ്ട്

കരഭാഗത്തു താമസിക്കുന്നവരെ കരോട്ടുകാരെന്നാണ് പറഞ്ഞിരുന്നത്. അതുപോലും വ്യക്തമായുച്ചരിക്കുവാനറിയില്ല. അതുകൊണ്ടാണ് കരൂട്ടുകാരെന്നു പറയുന്നത്. ഇവരാണെങ്കില്‍ ചെളിപ്രദേശത്തു വെള്ളത്തിന്റെ സമീപം കുടിലു കെട്ടി താമസിക്കുന്നവര്‍. അവിടെയും വ്യത്യാസം പതിതവര്‍ഗ്ഗക്കാര്‍ക്ക് കുടിലു കെട്ടുവാനനുവാദം കൊടുക്കുന്നത് ചെളി പ്രദേശത്താണ്. അവന്‍ നല്ല തറയിലോ കിടന്നുറങ്ങുവാന്‍ പാടില്ല. വെള്ളപ്പൊക്കം വന്നാല്‍ അവരായിരിക്കും ആദ്യം ഒലിച്ചു പോകാറുള്ളത്. മഴക്കാലം വന്നാല്‍ ഈ അടിമകളുടെ കുടിലും നിലം പൊത്തും. എല്ലാത്തിനും ജന്മിയെ ആശ്രയിക്കണം അതിനു വേണ്ടിയാണീ അവഗണനയൊക്കെ.
ജന്മിക്കൊന്നും നഷ്ടപ്പെടുന്നില്ല, നഷ്ടമെപ്പോഴും ഈ പാവങ്ങള്‍ക്കു മാത്രം. അവരുടെ വകയായവര്‍ക്കൊന്നുമലില. ചെറുമരുടെ സ്ത്രീകളും കുട്ടികളും എല്ലാം ജന്മിയുടെ വകയാണ്. കൂടാതെ ജന്മിയുടെ വാല്യക്കാരും ചട്ടമ്പികളും ഇവരെ സ്വാധീനിച്ചു ചൂഷണം ചെയ്യും. അതിനും ഈ വര്‍ഗ്ഗക്കാര്‍ക്കെതിര്‍ക്കുവാന്‍ സാധ്യമല്ല. എതിര്‍ത്താല്‍ കൊന്നു കുഴിച്ചു മൂടും.
അന്നു പതിവുപോലെ പപ്പു മാനേജര്‍ പുസ്തകം വായിച്ചു കിടന്നുറങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ ഗാഢനിദ്രയെ പുല്‍കി. ജനലരികില്‍ ഒരാളു വന്നു നില്‍ക്കുന്നപോലെ തോന്നി. പെട്ടെന്നുണര്‍ന്നു. തീപ്പെട്ടി കയ്യിലെടുത്തു ശബ്ദുമുണ്ടാക്കാതെ വാതില്‍ തുറന്നു വെളിയില്‍ വന്നു പുറത്തേയ്ക്കിറങ്ങിയതും അവ്യക്തതയോടെ നിന്നിരുന്നയാള്‍ മാഷിനെ ചാടി കെട്ടിപ്പിടിച്ചു.
ഏ-ഗീതാദേവി-അയാള്‍ കൈതട്ടി മാറ്റി വിടുവിച്ചു. എന്താ ഗീതേയിത് - അവളയാളുടെ മുഖം പൊത്തിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു എന്നോടു ദേഷ്യമാണോ?
പപ്പുമാനേജര്‍ - കോപമൊന്നുമില്ല. പക്ഷേ ഇതൊന്നും അത്ര ശരിയല്ല. നീ ഉടനെ നിന്റെ മുറിയിലേയ്ക്കു പോകൂ. ഉം - വേഗം പൊയ്‌ക്കോ.
ഗീതാദേവി - ഞാന്‍ പോകില്ല. എനിക്കിഷ്ടോണ്, മാഷ് ഇക്കാര്യത്തില്‍ എന്നോടു സഹകരിച്ചില്ലെങ്കില്‍, ഞാന്‍ കൊഴപ്പോണ്ടാക്കും.
മാഷെന്നെ വിളിച്ചിട്ടാണ് ഞാന്‍ വന്നതെന്നു പറയും. പിന്നെ ആളെക്കൂട്ടി നാണക്കേടുമാക്കും, അതില്‍പരം എന്നെ അനുസരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇവിടെ താമസിക്കുവാനും ഞാനനുവദിപ്പിക്കുകയില്ല. നാണം കെട്ടു പോകേണ്ടി വരും സമരോം ഒന്നും നടക്കില്ല.
മാഷ് - നീ എന്നെ വലിയ വെട്ടിലാക്കിക്കളഞ്ഞല്ലോ ഗീതേ അദ്ദേഹം അവളുടെ ശ്രദ്ധയ്ക്കു വേണ്ടി ശബ്ദം താഴ്ത്തി പറഞ്ഞു. പിന്നെ എനിക്കു നാട്ടില്‍ ഭാര്യയും കുട്ടികളുമൊക്കെയുണ്ട് എനിക്കു നിന്നെ ഭാര്യയാക്കുവാന്‍ പറ്റുകയില്ല.
ഗീതാദേവി - അതൊന്നും വേണ്ട എന്നോടൊപ്പം ഇപ്പോള്‍ സഹകരിച്ചേ പറ്റൂ. എന്നു പറഞ്ഞവള്‍, അയാളുടെ കഴുത്തില്‍ രണ്ടും കയ്യും കൂട്ടിച്ചേര്‍ത്തു കെട്ടിപ്പിടിച്ചു. പിന്നെ മുറിയിലേയ്ക്കു തള്ളിക്കൊണ്ടു പോയി. 
പപ്പുമാനേജര്‍, ഗീതയോടൊപ്പം മുറിയില്‍ ചെന്നു പായയിലിരുന്നു. ആലിംഗനബദ്ധരായി കൊണ്ടു തന്നെ ഗീതയോടുരിയാടി.
ഗീതേ! എനിക്കു ചില ഉദ്ദേശങ്ങളൊക്കെയുണ്ട്. വലിയൊരു പരിപാടിയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. അതിനു കളങ്കം ചാര്‍ത്തരുത്. എനിക്കിതൊന്നും അനുവദിച്ചിട്ടില്ല. ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകനാണ്. എനിക്കെന്തെങ്കിലുമൊരു പാകപ്പിഴപറ്റിയാവിലെടു പരിപാടികളൊക്കെ പൊട്ടിപ്പൊളിഞ്ഞു തകര്‍ന്നു പോകും. ഉന്നതര്‍ ചട്ടമ്പികളുമായി വന്നു നിന്നേയും നിന്റെ അച്ഛനെയും, അമ്മയേയും, എന്നേയും ഈ വീടും ഒക്കെ നശിപ്പിച്ചു കളയും. അതുണ്ടാവുകാവന്‍ പോകുന്നത് ഇതിന്റെ തീപ്പൊരിയില്‍ നിന്നായിരിക്കും. അതുകൊണ്ടാ ഗീതേ സംയമനം പാലിച്ച് നിന്റെ മുറിയിലേയ്ക്കു പോകുവാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുന്നത്.
ഗീതാദേവി - ഞാന്‍ മൂലം ഒന്നും സംഭവിക്കുകയില്ല. എനിക്കു മാഷുമായി ഇതു പോലെയൊക്കെ എന്നും ആസ്വദിച്ചാല്‍ മതിയാകും, ഞാനാരോടും പറയുകയോ ഇക്കാര്യം മരണം വരേ, ആരു അറിയുകയോ ചെയ്യില്ല. മാഷിന്റെ പ്രവര്‍ത്തനത്തിനു ഞാനെല്ലാവിധ സഹകരണങ്ങളും ചെയ്തു തരുവാന്‍ തയ്യാറാണ്.
അവളുടെ വാഗ്ദത്വവാക്കുകള്‍ മാഷിലൊരു ആശ്വാസം പകര്‍ന്ന പോലെ തോന്നി. യുവ മിഥുനങ്ങളെപ്പോലെ ആലിംഗനബദ്ധരായി പായയില്‍ വിശ്രമിച്ചു. കുറേയധിക നേരത്തെ ചൂടുപകരലില്‍ ആശ്വാസാത്മകമായ ശയനത്തിനു ശേഷം ഗീതാദേവി എഴുന്നേറ്റു ഇരുളിലൂടെ നടന്നു മുറിയിലേയ്ക്കു പോയി.

അന്നു നേരം പുലര്‍ന്നയുടനെ ചക്കിയുടെ അമ്മ മരിച്ചതായി വിവരം ലഭിച്ചു. ചക്കി ഇളമുളപൊട്ടും പോലെ നെഞ്ചത്തിടിച്ചു കരഞ്ഞു. ചാത്തേന്റെ ചികിത്സ കഴിഞ്ഞു ശരിയായി നടക്കുവാന്‍ കെല്‍പ്പില്ലാതെ കുടിലിലും, മുറ്റത്തുമായി പയ്യെ ഇരുന്നും, കിടന്നും സമയം തള്ളി നീക്കുന്ന അവസരമായിരുന്നു. മാടനും കുടുംബവും ഉടന്‍ പുറപ്പെട്ടു. ചരതന്‍ പള്ളിക്കൂടത്തില്‍ പോയില്ല. എല്ലാവരും കൂടി യാത്രയായി. ചാത്തേന്‍ കുടിലിലിരുന്നു. രണ്ടു മൂന്നു മണിക്കൂറുകള്‍ നടന്നു മരിച്ച വീട്ടിലെത്തി.
മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു ചക്കി വാവിട്ടു കരഞ്ഞു മാണ്ടയും അമ്മുമ്മയ്ക്കരികിലായിരുന്നു വിതുമ്പിക്കരഞ്ഞു.
അമ്മോ - എണ്ട പെറ്റ തള്ളേല്ലേ എങ്കക്കിനി ആരുണ്ടേ എണ്ട... അമ്മേ.
ദു:ഖ നിമഗ്നമായ അന്തരീക്ഷം സകല വിധമായ പുലയരും, സ്വന്തക്കാരും, സമുദായക്കാരും, മുതലാളിയുടെ വേലക്കാരില്‍ ചിലരും വന്നിരുന്നു.
അക്കാലത്തു ശവശരീരം കുഴിച്ചിടുകയാണ് പതിവ്. അതുപ്രകാരം മൂന്നു നാലടി ആഴത്തില്‍ കുഴിതോണ്ടി തുണിയില്‍ പൊതിഞ്ഞ് പറമ്പില്‍ തന്നെ കുഴിച്ചിടുന്നു. സ്വന്തക്കാരും മക്കളും മരുമക്കളും പേരക്കിടാങ്ങളും ഓരോ പിടി മണ്ണിട്ടു അവസാനം കുഴി മൂടുന്നു. കുഴിയുടെ മുകള്‍ ഭാഗത്തു നീളത്തിലും അല്‍പ്പം വീതിയിലും വരമ്പു പോലെയുണ്ടാക്കി അതിനു മുകളില്‍ തലഭാഗത്തു ഒരു കരിക്ക് മുഖം വെയ്ക്കൂന്നു. അതോടെ മരണപ്പെട്ടയാളുടെ ചടങ്ങു തീരുന്നു.
അതിനുശേഷം, തലേദിവസം മുതല്‍ ഉണ്ണാതെയുറങ്ങാതെയിരുന്ന എല്ലാവരും ദാഹമകറ്റാന്‍ കള്ളുഷാപ്പില്‍ പോകുന്നു. സ്ത്രീകളില്‍ ചിലരും ഈ കൂട്ടത്തില്‍ കൂടും. ചില വീട്ടുകാര്‍ നെല്ലു വറുത്തിടിച്ച അവലും, ചുട്ടമീനും, ഞണ്ടു പുഴുങ്ങിയതും കരുതിയിരിക്കും.
മരിച്ച വീട്ടില്‍ കുറച്ചു പെണ്ണുങ്ങള്‍ വലിയൊരു കലത്തില്‍ കഞ്ഞി വയ്ക്കുന്നു. കൂട്ടത്തിലൊരു പുളിഞ്ചമ്മന്തിയും ഉണ്ടാക്കും. അതു കുഞ്ഞുങ്ങള്‍ക്കും ചെറുപ്പക്കാരി പെണ്ണുങ്ങള്‍ക്കും കഞ്ഞിയായി കോരിക്കുടിക്കാറാകും.
ഷാപ്പില്‍ ചെന്നാല്‍ മുറ്റത്തു വട്ടം വളഞ്ഞിരിക്കും ഓരോരുത്തരായി കൊണ്ടു വന്ന അവലും മറ്റും വാഴയിലയില്‍ വിളമ്പും രണ്ടുമൂന്നു കുടം കള്ള് എല്ലാവരുടേയും നടുക്കു കൊണ്ടു വന്നു വച്ച്, സമുദായക്കാരില്‍ ഒന്നു രണ്ടാളുകള്‍ ചിരട്ടയില്‍ പകര്‍ന്നു കൊടുക്കുന്നു. പോരാതെ വന്നാല്‍പിന്നെയും വാങ്ങിക്കൊണ്ടു വന്നു കുടിക്കും. അവലും മീനും ഞണ്ടുമൊക്കെ തിന്നു എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞു ആടിയാടി, കുറ്റവും കുറവുകളും വിളമ്പി ചിലര്‍ തോര്‍ത്തെടുത്തു തലയില്‍ കെട്ടി നടന്നു നീങ്ങും. വാക്കുകള്‍ക്കു മൂര്‍ച്ചയേറിയാല്‍ പരസ്പരം തമാശയ്ക്കു ഉന്തും തള്ളും വരേ നടത്തും. ചിലര്‍ നടന്നു വരുമ്പോള്‍ ചെളിയുള്ള ചിറപ്പുറത്തു വീഴും. അവിടന്നു തുണിയെടുത്തു തോളത്തിട്ടു അടിയിലിട്ടിരിക്കുന്ന നിക്കറോടെ ബീഡിയും വലിച്ചു നടക്കും. മറ്റു ചിലരെ താങ്ങിപ്പിടിച്ചായിരിക്കും നടന്നു പ്രയാണം ചെയ്യുക.
''ബിടടാ എന്ന ഇനിക്കു നടക്കാനറിയാ'' അവന്റെ കെല്‍പ്പിനേയും, അഭിമാനത്തിനേയും ചോദ്യം ചെയ്യുന്നതായി തോന്നി. പിടിക്കുന്നവരെ തെറിപറഞ്ഞു ആടിയാടി പയ്യേ നീങ്ങും.
സമുദായാംഗങ്ങള്‍ പന്തലില്‍ വിരിച്ച ചിക്കു പായയിലിരുന്നു ഓരോ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞു ദുഖത്തോടെ വീണു കരഞ്ഞും മരിച്ചയാളോടുള്ള സ്‌നേഹം പ്രകടിപ്പിക്കും.
സ്ത്രീകളില്‍ ചിലര്‍ പറഞ്ഞു, കഞ്ഞി വേണ്ടവര്‍ ഈ കോലായിലിരുന്നു കഞ്ഞി കുടിക്കാ - ബാ.
ഇവരുടെയൊക്കെ ദു:ഖം എന്നു പറയുന്നത് മരിച്ച വീട്ടില്‍ അകത്തു കിടക്കുന്ന നെല്‍കൂനയുടെ വലുപ്പത്തിനനുസരിച്ചാണ്. നെല്ലിന്‍ കൂമ്പാരം വലുതാണെങ്കില്‍ സങ്കടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചിരിക്കും. നെല്ലു കുറവാണെങ്കില്‍ ഓരോരുത്തരായി പിരിഞ്ഞു പോകുവാന്‍ തുടങ്ങും.
ചക്കിയും, മാടനും, മക്കളും രണ്ടു നാള്‍ കഴിഞ്ഞു പോകുവാനൊരുങ്ങി.
വയസ്സായ അച്ഛന്‍ പറഞ്ഞു, നിങ്ങേക്ക പോയ ഇവടാരാണ് വാവേ (ഇഷ്ടമുള്ള മരുമക്കളെയൊക്കെ പേരെടുത്തു പറയാതെ ഓമനത്വമുള്ള സംബോധനയാണ് വാവ എന്നത്).
പഷ്ണീം പാടാണെങ്കിലും, നുമ്മട കുടീകയ്യാ പിന്നപ്പോകാ വാവേ.
പനി കാണാന്‍ വന്നാല്‍ പതിനാറു കൂടിയേ പോകൂ. അത്തരത്തില്‍ നില്‍ക്കുവാന്‍ മാടന്‍ തയ്യാറായിരുന്നില്ല. മാടന്‍ പറഞ്ഞു - കുടീല് ചാത്തേക്ക് സൊകോല്ലാതെ ഇരിക്കണേണി നാങ്ക ബന്നിട്ടിപ്പ മൂനാലായില്ലേ. അവന്‍ വെശമിക്കണേരിക്കും. എങ്ക പൊട്ടേച്ചോ, നാങ്ക പിന്ന എപ്പയെങ്കിലും ബരണുണ്ട്.
അച്ഛന്‍ മാണ്ടയുടെ കുഞ്ഞിന കെട്ടിപ്പിടിച്ച് മുത്തം നല്‍കി കൊണ്ട് - കുഞ്ഞി എപ്പേങ്കിലും മുത്തന കാണാന്‍ ബന്നോട്ടാ എന്നു പറഞ്ഞു യാത്രയാക്കി.
മാടനും കുടുംബവും ഇല്ലാത്തതിനാലും, ചാത്തേനു സുഖമില്ലാത്തതിനാലും സംഘത്തിന്റെ പ്രവര്‍ത്തനത്തിനൊരു ഉണര്‍വുമുണ്ടായിരുന്നില്ല. പപ്പു മാനേജര്‍ വല്ലാത്ത വിഷമത്തിലായിരുന്നു. പരമശിവന്‍ പിള്ള ആരാഞ്ഞു.
എന്താ മാഷേ, നമ്മുടെ പ്രവര്‍ത്തനത്തിനു മങ്ങളേറ്റാ ചാത്തേന ആക്രമിച്ചവരെ കണ്ടു പിടിക്കുന്നതിനു വേണ്ടി ഇട്യാതി മൂപ്പന്റെ കുടിലില് പോയി രഹസ്യമായി ആളെ കണ്ടു പിടിക്കുന്നതിനു വേണ്ടി ചില ചെറുപ്പക്കാരെ ഏര്‍പ്പാടാക്കി. പിള്ളയും അതറിയുന്നതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു.
ഒരിക്കല്‍ രണ്ടു മൂന്നു നായന്മാര്‍ വന്നു പറഞ്ഞു. പുലയരെ ഇരുത്താറുള്ള ഈ ബഞ്ചിലൊക്കെ, ഞങ്ങളിരിക്കുകയില്ല. പുലയര്‍ക്ക് ചായ കൊടുത്ത തബ്ലറില്‍ ഞങ്ങള്‍ക്ക് ചായ വേണ്ടാ.
അച്ചി പറഞ്ഞു - പുലയര്‍ ഇവിടെ നിന്നു അരിയും സാമാനങ്ങളും വാങ്ങാറില്ലേ, ഇനി അതിന്റെ ബാക്കി നിങ്ങള്‍ക്കു വേണ്ടാ എന്നും പറയുമോ?
അവര്‍ക്കുത്തരം മുട്ടി എന്നാലും പറഞ്ഞു. അതുപോലെയല്ലല്ലോ ചായകുടി.
പിള്ള - പുലയര്‍ക്കു ചായ കൊടുത്തതിന്റെ ബാക്കിയാണല്ലോ പാലും, പഞ്ചസാരയും, വെള്ളവും ഒക്കെ, അതു ചേര്‍ത്ത ചായ നിങ്ങള്‍ക്കു വേണ്ടായെന്നു പറയുമോ. അതുകൊണ്ടു, വലിയ ന്യായമൊന്നും പറയേണ്ട, നിങ്ങള്‍ ഈ കടയില്‍ കയറിയില്ലെങ്കില്‍ വേണ്ട പാവപ്പെട്ടവര്‍ക്കു സാധനങ്ങള്‍ വിറ്റാലും ഇവിടെ ചിലവുണ്ടാകും. നിങ്ങളെപ്പോലെയുള്ളവര്‍ വാങ്ങിച്ച കടക്കാശ് തന്നിട്ടു വേറെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചോളൂ. കടം പറ്റിയ കാശൊക്കെ, എല്ലാവരുടെയും, കണക്ക് ഉടന്‍ തീര്‍ക്കണം. അല്ലെങ്കില്‍ പിടിച്ചു നിര്‍ത്തു.
സംഭാഷണം കേട്ടു കൊണ്ടു, മുറ്റത്തിട്ടിരിക്കുന്ന ബഞ്ചില്‍ ആസനസ്ഥനായി പുസ്തകം വായിക്കുകയായിരുന്നു പപ്പുമാനേജര്‍. അവരോടു ഭീഷണി സ്വരത്തില്‍ പിള്ള പറയുമ്പോള്‍, നാണക്കേടു കാരണം അവര്‍ ഇടയ്ക്കിടയ്ക്കു മാഷിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാഷ് ഒന്നിനും ചെവി കൊടുക്കാത്തപോലെ കുമ്പിട്ടിരുന്നു, പുസ്തകം വായിച്ചു കൊണ്ടിരുന്നു.
അവര്‍ നാണം കെട്ടു തിരിച്ചു പോകുമ്പോള്‍ അടക്കം പറഞ്ഞു കൂടുതലൊന്നും പറയേണ്ട മറ്റേക്കാര്യം ആരെങ്കിലുമറിയും.
ഏതു കാര്യാടാ.
ആ ചാത്തേന്റെ കാര്യോ.
വ്യക്തമായി കേട്ടില്ലെങ്കിലും, മാഷിനു ചിലതു മനസ്സിലായി. അവനേക്ക മാഷ് നോട്ടമിട്ടു. അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ മാഷ് പിള്ളയെ നോക്കി, തല കൊണ്ടാംഗ്യമായി വരുവാന്‍ പറഞ്ഞു. പിള്ള ഓടിക്കൊണ്ടു വന്നു. മാഷിന്റെ സമീപമിരുന്നു.
അവനെയൊക്കെ പിള്ള അറിയുമോ?
അറിയും മാഷേ - അവനൊക്കെ ഇവിടുത്തെ വലിയ തമ്പുരാനായ വിഷ്ണുനമ്പൂതിരിയുടെ ആളുകളാണ്.
അവരുടെ വീടും മറ്റും എവിടെയാണ്.
അത് പരമശിവന്‍ പിള്ള പറഞ്ഞു കൊടുത്തു.
അന്നു വൈകിട്ടു - നിശാപാഠശാലയും പരിചമുട്ടുകളിയും നടത്തുന്ന സ്ഥലമായ ഇട്യാതി മൂപ്പന്റെ വീട്ടില്‍ ചെന്നു കാര്യങ്ങളൊക്കെ പറഞ്ഞു ഏര്‍പ്പാടാക്കി.
ഒരു നാലു ചുണക്കുട്ടന്മാരെ ഏര്‍പ്പാടാക്കി എന്നിട്ടു മാഷവിടെ കാത്തിരുന്നു. കുറെ രാത്രിയായപ്പോള്‍ ഒരു നായര്‍ ചട്ടമ്പിയേയും കൊണ്ടവര്‍ വന്നു. നിശാപാഠശാലയുടെ സമീപമുള്ള തെങ്ങില്‍ വരിഞ്ഞുകെട്ടി.
മാഷു ചെന്നു കൈകൊണ്ടു രണ്ടു മൂന്നിടി കൊടുത്തു ഇടികൊണ്ടു അയ്യോയെന്നു ഉറക്കെ കരഞ്ഞു.
ഇങ്ങനെയല്ലേടാ നീയൊക്കെ പാവങ്ങളെ തല്ലിക്കൊന്നിട്ടുള്ളത്. ചാത്തേന നിയല്ലേട തല്ലിച്ചതച്ചത്. അവനൊന്നും മിണ്ടിയില്ല. ഒരുത്തവന്‍ വന്നു തോര്‍ത്തു കൊണ്ടു അവന്റെ വായ മൂടിക്കെട്ടി. മാഷു കല്‍പ്പിച്ചു അവന അടിച്ചു കൊല്ലടാ. ഒരുവന്‍ ഒരു ഓലത്തുഞ്ചു അറത്തെടുത്തു പൊതിരെ അടിച്ചു. അടികൊണ്ടു ഇഞ്ചപ്പരവുമായി അവന്റെ കയ്യും കാലും തല്ലിച്ചതച്ചു. നടക്കുവാന്‍ പോലും കഴിയാത്ത രീതിയിലാക്കി. ചാകാത്ത രീതിയില്‍ പുലയ ചെറുപ്പക്കാരെ കൊണ്ടു താങ്ങിയെടുപ്പിച്ചു തമ്പുരാന്റെ പട്ടിക്കല്‍ കൊണ്ടു ചെന്നിട്ടു.
പിറ്റേന്നാള്‍ നേരം പുലര്‍ന്നപ്പോള്‍ വിഷ്ണു നമ്പൂതിരിയും വാല്യക്കാരും കണ്ടത് കേശവന്‍ ചട്ടമ്പി ജീവഛവം പോലെ പടിക്കല്‍ കിടക്കുന്നതാണ്. അവനെ തിരിച്ചും മറിച്ചുമിട്ടു നോക്കി. പിന്നെ കുലുക്കി വിളിച്ചു. കേശവാ - കേശവാ അവനു ശബ്ദിക്കുവാന്‍ പോലും കഴിവില്ലാതെ മരണത്തോടുമല്ലിടുകയായിരുന്നു. ദേഹം മുഴുവനും അടികൊണ്ടപാടുണ്ട്. കൈകാലുകള്‍ ഒടിഞ്ഞു ചതഞ്ഞിരിക്കുന്നു. മനയ്ക്കലുള്ള എല്ലാവരും വന്നു നോക്കി. കേശവന്റെ വീട്ടിലറിയിക്കുവാനും ആളുപോയി. അവന്റെ സ്വന്തക്കാര്‍ വന്നു താങ്ങിയെടുത്തു കൊണ്ടു പോകുന്ന വഴിക്കവന്‍ അന്ത്യശ്വാസം വലിച്ചു കഴിഞ്ഞിരുന്നു.
ആരാണവനെ ആക്രമിച്ചതെന്നോ, എങ്ങിനെയാണെന്നോ ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു. അവന്റെ കൂടെയുള്ളവരാരെങ്കിലും പരസ്പരം വഴക്കും വക്കാണവും നടത്തി, അടിപിടിയായി മരിച്ചതായിരിക്കുവാനാണ് സാധ്യത എന്നെല്ലാവരും കരുതി.
ഒരിക്കല്‍ ചരതന്‍ കുഞ്ചുവാശാനെ കാണുവാന്‍ പ്രൈമറി സ്‌ക്കൂളില്‍ ചെന്നു. ആശാനവനെ ബഞ്ചിലിരുത്തി കുറെ കാര്യങ്ങള്‍ പറഞ്ഞു. കൂട്ടത്തില്‍ സ്‌ക്കൂള്‍ ഫൈനല്‍ ആകുമ്പോള്‍ അവന്റെ പേരിനു ചില മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍ദ്ദേശിച്ചു. അതിനായി ഞാന്‍ പറയുന്നപോലെ നിന്റെ പേര് ''ശരദദാസ്സ്'' എന്നാക്കണമെന്നു ആ വലിയ ഗുരുനാഥന്‍ ഉപദേശിച്ചു.
ചരതന്‍ പറഞ്ഞു ശരി ആശാനെ ഞാന്‍ ആശാന്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇന്നുമുതല്‍ എന്റെ പേര് ശരദദാസ്സ് എന്ന് പരിഷ്‌ക്കരിച്ചിരിക്കുന്നു. കൂടാതെ ആശാനെ - ഒരു സന്തോഷവാര്‍ത്ത എനിക്കു പാട്ടിനു ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു.
കേള്‍ക്കേണ്ട താമസം അദ്ദേഹത്തിന്റെ നയനങ്ങളില്‍ നിന്നും ആനന്ദാശ്രുക്കളുതിര്‍ന്നു. സന്തോഷത്താല്‍ ആലിംഗനം ചെയ്തു മൂര്‍ദ്ധാവിലുമ്മ വെച്ചു. അവനെ ആമോദനത്തോടു കൂടി അനുഗ്രഹിച്ചു യാത്രയാക്കി.
മെട്രിക്കുലേഷന്‍ പരീക്ഷയടുത്തു വന്നു കൊണ്ടിരുന്നു. അക്കാലത്താണ് പാട്ടിനു ഒന്നാം സ്ഥാനം ലഭിച്ച ശരദദാസ്സിനെ അനുമോദിക്കുവാന്‍ പലരും വന്നു പരിചയപ്പെട്ടു. കൂട്ടത്തില്‍ ഒരു നമ്പൂതിരി പെണ്‍കുട്ടിയും ശരദദാസ്സിനെ വന്നനുമോദിച്ചു. പേര് സാവിത്രി.
ഒരിക്കല്‍ ശരദദാസിനോടു ഒരു പുസ്തകം കടം വാങ്ങി തിരിച്ചു കൊടുത്തപ്പോള്‍ അതിലൊരു കത്തുണ്ടായിരുന്നു. അവയ്‌ക്കൊന്നും ശരദദാസ് മറുപടി കൊടുത്തില്ല പകരം നേരിട്ടു സംസാരിച്ചു.
സാവിത്രിയുടെ വീടെവിയെടാണ്.
അങ്ങ് വടക്കാണ്.
അച്ഛന്റെ പേര്; നീലകണ്ഠന്‍ നമ്പൂതിരി.
ശരദദാസ് - ശരി എന്നാല്‍ ഞാന്‍ ഒരടിമവര്‍ഗ്ഗത്തില്‍ പെട്ടവനാണ്, പുലയനാണ്, അതുകൊണ്ട് സാവിത്രിയുടെ പെരുമാറ്റത്തില്‍ വളരെയധികം അപാകതയുണ്ട്. നാം തമ്മിലുള്ള അന്തരം ആനയും ആടും പോലെയാണ്, വര്‍ണ്ണം കൊണ്ട് ഞാനൊരു പുറം ജാതിക്കാരന്‍. നിങ്ങളാണെങ്കില്‍ ഭരണ വര്‍ഗ്ഗം, ഉന്നതകുലജാത, എനിക്കു പഠിക്കുവാനവസരം ലഭിച്ചു. ഞാന്‍ വിദ്യ സമ്പാദിച്ചെങ്കിലേ, ഞങ്ങള്‍ക്കല്‍പ്പമെങ്കിലും ഉയര്‍ച്ചയുണ്ടാകുകയുള്ളൂ. പക്ഷേ നിങ്ങള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഒരു കുഴപ്പവും വരാനില്ല. സാവിത്രിക്കു വര്‍ണ്ണ ശബളിമയാര്‍ന്ന ഭാവിയുള്ളതാണ് അഴകും പഠിപ്പും ഉള്ള വലിയൊരു അധികാരി വന്നു വേളി കഴിച്ചു രാജകുമാരിയെപ്പോലെ ജീവിക്കുവാനാകും എന്നെപ്പോലെയുള്ള അടിമകളെ ഭരിച്ചു കെട്ടിലമ്മയായി വാഴാം. ഈ പ്രായത്തില്‍ കാണിക്കുന്ന പ്രേമവും സ്‌നേഹവുമൊക്കെ വെറും ബാലിശമാണ്. ഈ വിവരം ആരെങ്കിലും വഴി നിങ്ങളുടെ തറവാട്ടിലറിഞ്ഞാല്‍, നിന്റെ മുഖത്തു പോലും നോക്കുവാനര്‍ഹതയില്ലാത്ത എന്നെ തല്ലിക്കൊന്നു കുഴിച്ചു മൂടും. അതുകൊണ്ടു സാവിത്രി ഈ സംരംഭത്തില്‍ നിന്നു പിന്‍മാറുന്നതാണ് നല്ലത്.
എനിക്കു ചരതനെ വലിയ ഇഷ്ടമാണ്, നല്ല പാട്ടുകാരന്‍ എല്ലാവര്‍ക്കുമിഷ്ട പെട്ടവന്‍. നല്ലപോലെ പഠിക്കുന്നവന്‍. സമൂഹത്തിന്റെ ഉന്നതിക്കു വേണ്ടി പരിശ്രമിക്കണമെന്നാഗ്രഹമുള്ളവന്‍ അങ്ങിനെയുള്ള ചരതന്‍ (ശരദദാസ്) ആത്മാര്‍ത്ഥതയുള്ളവനാണ്. അവളുടെ സംസാരം മുഴുവിപ്പിക്കുവാനവസരം നല്‍കാതെ- ശരി സമയം പോയി പിന്നെക്കാണാം എന്നു പറഞ്ഞു ശരദദാസ് ധൃതിയില്‍ നടന്നു നീങ്ങി.
അന്നും പതിവു പോലെ, നിശാപാഠശാല, പരിച മുട്ടുകളി തുടികൊട്ടിപ്പാട്ട് മുതലായവ നടന്നു. ചാത്തനും, ശരദദാസും പങ്കെടുത്തു ഒഴിവു ദിവസമായതിനാല്‍ മാഷിന്റെ നിര്‍ദ്ദേശപ്രകാരം പിള്ളയുടെ മകള്‍ ഗീതാദേവിയും വന്നു പഠിപ്പിക്കുവാന്‍ തുടങ്ങി.
പിറ്റേന്നാള്‍ രാവിലെ മാഷിനെ കാണുവാന്‍ ചാത്തേന്‍ വന്നു. അന്നേരം പരമശിവന്‍ പിള്ളയും, പപ്പു മാനേജരും കൂടി മുറിയിലിരുന്നു സംസാരിക്കുകയായിരുന്നു. ചാത്തന്‍ അകത്തു ചെന്നു അവരോടൊപ്പമിരുന്നു.
മാഷ് പിള്ളയോടു ചാത്തേന്റെ സവിധത്തില്‍ പറഞ്ഞു. കേട്ടോ പിള്ളേ, ഈ ചാത്തന് ഒരു പേരിടണ്, ജാതിയറിയാത്ത തരത്തിലുള്ള പേര്. അതും ഇപ്പോഴത്തെ പേരുമായി സാദൃശ്യമുണ്ടായിരിക്കണം. ചിത്തരാജന്‍ എന്ന പേരെങ്ങിനെയുണ്ട്.
അതു വളരെ നന്നായിട്ടുണ്ട് പിള്ള പറഞ്ഞു ചാത്തേനോടു തിരിഞ്ഞു പരമശിവന്‍ പിള്ള പേരു വിളിച്ചു.
നീ ഇന്നുമുതല്‍ ചിത്തരാജന്‍ എന്ന പേരിലറിയപ്പെടും. അന്നു പിള്ളയുടെ വീട്ടുമുറ്റത്തു പുലയരും, കണക്കന്മാരും, പറയും, മണ്ണാന്മാരും മറ്റും ഒത്തൊരുമിച്ചു യോഗം കൂടി മുന്‍കാലങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളൊഴിവാക്കുവാന്‍ നാലഞ്ചാളുകള്‍ രഹസ്യമായി കുറ്റിക്കാടുകള്‍ക്കിടയില്‍ മറഞ്ഞിരുന്നു.
വിളക്കു കത്തിച്ച് അതിന്റെ പ്രകാശത്തില്‍ യോഗം തുടങ്ങി. മാഷിന്റെ പ്രസംഗം പകുതി കഴിഞ്ഞപ്പോള്‍ ഒന്നു രണ്ടാളുകള്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ ഇരുളിന്റെ മറപറ്റി മാര്‍ജാരപാദമൂന്നി ഒളിച്ചു നടന്നു വന്നു കൊണ്ടിരുന്നു.
മറഞ്ഞിരുന്നവര്‍ അവരെ ചാടിപ്പിടിച്ചു. അവര്‍ രണ്ടു പേരുടെയും വായപൊത്തി. കയ്യിലുണ്ടായിരുന്ന ആയുധവും പിടിച്ചു വാങ്ങിച്ചു. ജോലിയെടുത്തു തഴമ്പിച്ച കൈകള്‍ കൊണ്ട് രണ്ടു പേര്‍ക്കും നല്ല ഇടിവെച്ചു കൊടുത്തു. പിന്നെ യോഗം നടക്കുന്ന സ്ഥലത്തെ വിളക്കിന്റെ മുന്‍പില്‍ കൊണ്ടു വന്നു നിര്‍ത്തി.
മാഷേ - ദേ ഇവനൊക്കെയാണ് ഇപ്പോള്‍ പതുങ്ങി വന്നത്. നുമ്മട യോഗം കലക്കാന്‍.
മാഷവരുടെ അടുത്തേയ്ക്കു വന്നു, രണ്ടു പേരുടെയും നടുവിലൂടെ മുമ്പോട്ടു നടന്നു പോയി പിന്നെ തിരിച്ചു വീണ്ടും പുറകോട്ടു നടന്നു. നിങ്ങള്‍ക്കിതു വരേയും അടികിട്ടിക്കാണില്ല അല്ലേട, അതാണിത്ര ധൈര്യമായി യോഗം കലക്കാന്‍ വന്നത് അല്ലേ എന്നു പറഞ്ഞു തീര്‍ന്നില്ല അതിനു മുമ്പു രണ്ടു പേര്‍ക്കും മാഷിന്റെ വക കനത്ത പ്രഹരം, രണ്ടു കൈകൊണ്ടു ശക്തമായ അടിയും കാലുമടക്കി ചവിട്ടും ഒപ്പം കഴിഞ്ഞു. ശക്തനായ അഭ്യാസിയില്‍നിന്നെന്ന പോലുള്ള പ്രഹരമേറ്റു അമ്മേ എന്നു പറഞ്ഞു രണ്ടു പേരും വീണു. അതിലൊരാള്‍ വിഷ്ണു നമ്പൂതിരിയുടെയും, മറ്റവന്‍ കൃഷ്ണന്‍ മുതലാളിയുടെയും ചട്ടമ്പികളായിരുന്നു.
അടികിട്ടി വീണവരെ പിടിച്ചെഴുന്നേല്‍പ്പിച്ചു നേരെ നിര്‍ത്തി. പിന്നേയും ചോദ്യം ചെയ്തു.
ആരാടാ ചാത്തേന ആക്രമിച്ചത്.
ആരും മിണ്ടിയില്ല.
മാഷ് വീണ്ടും അവരുടെ അടുത്തേയ്ക്കു ചെന്നു.
എന്നിട്ടാക്രോശിച്ചു, പറയടാ...
മിണ്ടിയില്ല.
ശരി നിങ്ങള്‍ പറയില്ല. പറയിപ്പിക്കുവാന്‍ പറ്റുമോ എന്നു ഞാന്‍ നോക്കട്ടെ - ഒരുത്തന്റെ കുത്തിനു പിടിച്ചു പൊക്കി, മൂക്കിനിടിച്ചു അവന്റെ മൂക്കില്‍ നിന്നും ചോരയൊലിപ്പിക്കുവാന്‍ തുടങ്ങി.
മറ്റവനീം കൊടുത്തു ശക്തമായ പ്രഹരം അവന്‍ അമ്മേ എന്നെ കൊല്ലല്ലേ എന്നു പറഞ്ഞു വയറും പൊത്തിയിരുന്നു പോയി.
പറയടാ ആരാടാ ചാത്തേന തല്ലിയത്. പറയാമേ, ഞങ്ങള ഇനി തല്ലല്ലേ പറയാമേ - ഞങ്ങളാണേ.
ഇപ്പ എങ്ങനേണ്ടടാ ഞങ്ങട കയ്യുട ചൂട്, ഒരു ചട്ടമ്പി വന്നിരിക്കുന്നു.
ചെറുപ്പക്കാരോടു മാഷ് പ്രഖ്യാപിച്ചു. എടാ പിടിച്ചു കെട്ടടാ രണ്ടിനേം ആ തെങ്ങില്‍.
തെങ്ങില്‍ രണ്ടിനേയും പിടിച്ചു ബന്ധിച്ചു, തോര്‍ത്തു കൊണ്ടു വായ മൂടികെട്ടി.
തല്ലി സത്യം പറയിപ്പിക്കടാ മാഷ് വീണ്ടും ആക്രോശിച്ചു.
പിന്നെ ശബ്ദം താഴ്ത്തി എല്ലാവരും കേള്‍ക്കെ, ഇന്നുമുതല്‍ നമ്മുടെ ചാത്തേന് പുതിയ പേരിട്ടിരിക്കുന്നു ''ചിത്തരാജന്‍'' എന്താ നല്ല പേരല്ലേ. കൂടാതെ ഒന്നു കൂടി നിങ്ങള്‍ ശ്രദ്ധിച്ചോളൂ. അതായത് എല്ലാവരും ഈ യോഗം കഴിഞ്ഞു പോകുമ്പോള്‍, ഒറ്റയ്ക്കു പോകരുത്. ഒന്നിച്ചേ വഴി നടക്കാവൂ. എന്തു പ്രശ്‌നമുണ്ടായാലും എന്നേയോയോ പിള്ളയേയോ വിവരമറിയിക്കണ്. ആ നില്‍ക്കുന്ന ചട്ടമ്പികളെ പറ്റി ആരു ചോദിച്ചാലും, ഞങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറയാവൂ... ഉം... ഇനി എല്ലാവരും പിരിഞ്ഞു പൊയ്‌ക്കൊള്ളൂ.
ചട്ടമ്പികളെ കൈകാര്യം ചെയ്യുന്നവരൊഴിച്ച് ബാക്കി എല്ലാവരും പോയശേഷം, മാഷ് അവരെ കെട്ടിയിട്ട സ്ഥലത്തേയ്ക്കു ചെന്നു അവര്‍ അടികൊണ്ട ശബ്ദം പോലും വെളിയില്‍ വരാത്ത വണ്ണം അവശരായിരുന്നു. രണ്ടു പേരെയും അവരവരുടെ മുതലാളിയുടെ വീട്ടുപടിക്കല്‍ കൊണ്ടു പോയിട്ടു.
നേരം പുലര്‍ന്നത് ഓരോ മുതലാളിയുടെയും വീട്ടു പടിക്കലുള്ള ശവശരീരങ്ങള്‍ കണ്ടു കൊണ്ടാണ്.
വിഷ്ണു നമ്പൂതിരിയുടെ തറവാട്ടു പടിക്കല്‍ രണ്ടാമത്തെ ശവശരീരവും, കൃഷ്ണന്‍ മുതലാളിയുടെ വീട്ടുപടിക്കല്‍ ഒന്നാമത്തെ ശവശീരരവുമായിരുന്നു.
കൃഷ്ണന്‍ മുതലാളി വല്ലാത്ത വിഷമസന്ധിയിലായി, വീട്ടുകാരും വന്നു നോക്കി. ചട്ടമ്പിയുടെ വീട്ടിലേയ്ക്കാളെ വിട്ടു. അവര്‍ വന്നു ശരീരവും എടുത്തു കൊണ്ടുപോയി. കൃഷ്ണന്‍ ചോന്‍ പറഞ്ഞു, ചട്ടമ്പികള്‍ തമ്മില്‍ അടിപിടിയുണ്ടായി, പരസ്പരം വ്യക്തി വൈരാഗ്യം തീര്‍ക്കുവാന്‍ അടിയിട്ടപ്പോള്‍ മരിച്ചതായിരിക്കും. അദ്ദേഹം അഭിപ്രായപ്പെട്ടു.
പക്ഷേ വീട്ടുകാര്‍ അതിനോടു യോജിച്ചില്ല. വല്ല അനുസരണക്കേടും കാണിച്ചപ്പോള്‍ മുതലാളി തന്നെ തല്ലിക്കൊന്നു വെളിയിലിട്ടതാകുവാനാണ് സാധ്യതയെന്നായിരുന്നു അവരുടെ നിഗമനം, അവര്‍ മുറുമുറുത്തു മുതലാളിയോടുള്ള അമര്‍ഷം ഉള്ളിലടക്കി പിടിച്ചു കൊണ്ടു പോയി. 
പക്ഷേ അടിയും, പീഡനങ്ങളും നിരന്തരമനുഭവിക്കുന്ന അടിമ വര്‍ഗ്ഗക്കാരെ ആരും സംശയിച്ചില്ല. ആരും അവരോടു ചോദിക്കുവാനും മുതിര്‍ന്നില്ല. കാരണം അവര്‍ക്കതിനു കഴിവില്ലെന്നാണ് വിചാരം.
ഈ സംഭവങ്ങളോടനുബന്ധിച്ച് നായന്മാര്‍ക്കും ചട്ടമ്പികള്‍ക്കും അല്‍പ്പം ഭയപ്പാടില്ലാതെ ജീവിക്കുവാന്‍ പറ്റുമായിരുന്നില്ല. കൂട്ടം കൂടിയേ സഞ്ചരിച്ചിരുന്നുള്ളൂ. പല സ്ഥലത്തും കൊയ്ത്തും മെതിയും നടന്നു. കൃഷ്ണന്‍ മുതലാളിയുടെ കളത്തിലും കൊയ്തു കേറി, മാടന്‍ തന്നെയായിരുന്നു മൂപ്പന്‍ പണിക്കാരന്‍. പതമ്പിന്റെ വിഹിതം അല്‍പ്പം കൂട്ടിക്കൊടുത്തു തുടങ്ങി. 
ചെറുപ്പക്കാര്‍ മിക്കവരും മെതിച്ചു കൊടുക്കുന്ന വേലകളില്‍ പങ്കെടുത്തു. മെതിച്ചു കഴിഞ്ഞ നെല്ലിനെ അളന്നു, പൊലിവാ പൊലി എന്നു വിളിച്ചു കുട്ടയിലാക്കി മറച്ചിടുന്നു. പിന്നെ ഇടങ്ങഴി കൊണ്ടു പതമ്പളന്നു കൊയ്തുകാര്‍ക്കു കൊടുക്കും.
മൂപ്പന്‍ പണിക്കാരനു പതമ്പിന്റെ വിഹിതം കൂടാതെ വട്ടി തീര്‍പ്പ്, പുട്ടി തീര്‍പ്പ്, ചുരുട്ടു തീര്‍പ്പ് മുതലായ നാട്ടുനടപ്പനുസരിച്ചു നല്‍കിയിരുന്നു. പലതവണയായി കിട്ടിയ നെല്ല് മാടന്റെ കുടിലിലെ മൂലയ്ക്ക് ഉണക്കു തീര്‍ത്തു കൂട്ടിയിട്ടു.
കുറച്ചു നാള്‍ക്ക് കഞ്ഞി കുടിക്കാറായി. മാടന്‍ കണക്കു കൂട്ടി. ചരതന്‍ ചിലനേരം മീന്‍ പിടിക്കുവാന്‍, വീശുവലയുമായി പോയിരുന്നു. കുട്ട പിടിക്കുവാന്‍ കോതയേയോ, മാണ്ടയേയോ കൊണ്ടു പോകും. മീന്‍ വിറ്റു കിട്ടുന്ന കാശു കൊണ്ടു ഷര്‍ട്ടും മുണ്ടും വാങ്ങിയിരുന്നു. പുസ്തകങ്ങളും, നോട്ടു പുസ്തകങ്ങള്‍ക്കും അച്ഛനേയും അമ്മയേയും ആശ്രയിക്കുന്ന സ്വഭാവം നിര്‍ത്താന്‍ തുടങ്ങി. കുട്ട പിടിക്കുവാന്‍ വന്നിരുന്ന കോതപ്പെണ്ണിന്നു പാവാടയു് ജമ്പറും വാങ്ങിച്ചു കൊടുത്തിരുന്നു.
ചാത്തേന്‍ പാടത്തു പണിക്കു പോകുന്നതു കുറവായി. സാമൂഹ്യ പ്രവര്‍ത്തനമായതു കൊണ്ടു പറയത്തക്ക വരുമാനമില്ലായിരുന്നു. വലിയൊരു ലക്ഷ്യബോധത്തോടു കൂടി ചിത്തരാജന്‍ ഓടി നടന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. അതുകൊണ്ടു കൊച്ചൂട്ടിയാണ് അളിയനു മുണ്ടും ജുബ്ബയും വാങ്ങിക്കൊടുത്തു കൊണ്ടിരുന്നത്. ദിനംപ്രതി പ്രവര്‍ത്തനം വിഫുലമാക്കി കൊണ്ടിരുന്നു. അടിക്കടി പരമശിവന്‍ പിള്ളയുടേയും പപ്പു മാനേജരുടെയും നിര്‍ദ്ദേശത്തിനു വേണ്ടി പോകുമായിരുന്നു ഇട്യാതി മൂപ്പന്റെ കുടിലില്‍ പോയി പരിച മുട്ടുകളി, തുടികൊട്ടിപ്പാട്ട് കൂടാതെ ചെണ്ടകൊട്ടും അഭ്യസിച്ചിരുന്നു. ചരതനെന്ന ശരദദാസ് ഒത്തയൊരു യുവാവിന്റെ പ്രസരിപ്പോടെ പക്വതയുള്ള വിദ്യാര്‍ത്ഥിയായി മാറി. സാമൂഹ്യപരമായ വീക്ഷണത്തോടു കൂടി ബഹുമാനമുള്ള വിദ്യാര്‍ത്ഥിയായും പുറംജാതിക്കാരനെങ്കിലും അദ്ധ്യാപകരുടെ അനുകമ്പ ലഭിക്കുന്നവനായും ശരദദാസ് മാറി. സ്‌ക്കൂള്‍ ഫൈനലിന്റെ പരീക്ഷയടുക്കാറയപ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ ചരതന്റെ പേര് ശരദദാസെന്ന് എഴുതിച്ചു.
സമയം കിട്ടുമ്പോഴൊക്കെ ശരദദാസിനെ സന്ദര്‍ശിക്കുവാന്‍ സാവിത്രി തമ്പുരാട്ടിക്കുട്ടി വരുമായിരുന്നു. പൊതുവേ സൗമ്യസ്വഭാവമുള്ള ശരദദാസ് മിക്കപ്പോഴും ക്ലാസു മുറിയില്‍ തന്നെ ഇരിക്കുമായിരുന്നു. അനാവശ്യമായ കൂട്ടുകെട്ടില്ല പട്ടിണിയും, പരിവട്ടവും കൈമുതലായ കുടിലില്‍ നിന്നാണ് താന്‍ വരുന്നതെന്ന ബോധം എപ്പോഴും അവനിലുണ്ടായിരുന്നു. അതുള്‍ക്കൊണ്ടു കൊണ്ടാണ് ശരദദാസ് എന്നും പെരുമാറിയിരുന്നത്.
ചുരുണ്ട തലമുടി ബലിഷ്ടമായ കൈകാലുകള്‍ അധികം തടിയില്ലാത്ത സാമാന്ന്യം ഉയരമുള്ള ശരീരഘടന. ഇരുനിറത്തോടു കൂടി ചന്തമുള്ളമുഖഭാവം. ലക്ഷണമൊത്ത ശരദദാസിനെ ആരും ഇഷ്ടപ്പെട്ടു പോകും. പതിത വര്‍ഗ്ഗത്തില്‍ നിന്നു പള്ളിക്കൂടത്തില്‍ ചേര്‍ന്നു പഠിക്കുവാന്‍ അവസരം ലഭിച്ച് ചുരുക്കം ചിലരില്‍ പെട്ട ഒരുവനാണീ യുവാവ്. തന്റെ സമുദായത്തിന്റെ ഭാവി വാഗ്ദാനമാണ് താനെന്ന ചിന്ത ശരദദാസിലെന്നുമുണ്ടായിരുന്നു. തന്നെ പ്രതീക്ഷിക്കുന്ന സമുദായത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ താനാദ്യം നന്നാകണം.
രക്തബന്ധിമില്ലാത്തവരില്‍ ചിലര്‍ തന്നോട് ഇഷ്ടം കൂടുന്നത് എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടിയായിരിക്കുമെന്നവന്‍ ചിന്തിക്കാതിരുന്നില്ല.
തന്റെ മിത്രങ്ങളെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല ഭാവിയില്‍ തന്നിലേയ്ക്കായിരിക്കുമെന്നവനോര്‍ത്തു. അങ്ങിനെയുള്ള താന്‍ ഉത്തരവാദിത്വത്തോടു കൂടി മാത്രമേ പെരുമാറാവൂ. സാവിത്രിയെ ആകര്‍ഷിച്ചത് ശരദദാസിലുള്ള കലാവാസനയും അതിലുപരി സൗമ്യമായ പെരുമാറ്റവുമായിരുന്നു.
ചിലനേരം വിളിച്ചാലൊന്നും അവന്‍ പോകുമായിരുന്നില്ല. ഏതെങ്കിലും മരത്തണലില്‍ രണ്ടു പേരുമൊരുമിച്ചിരുന്നു കിന്നാരം പറയുവാനാണ് ക്ഷണിക്കുന്നതെന്നവന്‍ മനസ്സിലാക്കി. സ്‌ക്കൂളി വിട്ടാല്‍ അനാവശ്യമായിട്ടെങ്ങും അലഞ്ഞു തിരിഞ്ഞു സമയം കളയുമായിരുന്നില്ല. കുറേക്കാലമായി പപ്പു മാനേജരെ പരിചയപ്പെടുവാന്‍ തുടങ്ങിയതു മുതല്‍ ചിലനേരം അദ്ദേഹത്തെ കാണുവാന്‍ പോകുമായിരുന്നു. അല്ലെങ്കില്‍ ആശാന്റെ പള്ളിക്കൂടത്തില്‍ പോകുമായിരുന്നു. പഠിപ്പിക്കുന്ന പാഠങ്ങള്‍, പഠിക്കുവാന്‍ സമയം കണ്ടെത്തും. ചുമ്മ സ്വന്തക്കാരായ ചെറുപ്പക്കാരോടൊത്തു കൂട്ടുകൂടി നടക്കണമെന്നു തോന്നുന്ന സമയമാണ് നിശാപാഠശാലയില്‍ പഠിപ്പിക്കുവാനായി സമയം വിനിയോഗിച്ചിരുന്നത്.
അക്കാലത്താണ് തിരുവാതിര ആഘോഷത്തിന്റെ അവസരം സംജാതമായി വന്നത്. അതിന്റെയൊരു സമ്മാനമായി സാവിത്രി ഒരു ഷര്‍ട്ടിനുള്ള തുണി കൊണ്ടു വന്നു ശരദദാസിനു കൊടുത്തു. അവന്‍ പറഞ്ഞു. എനിക്കിതു സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഞാനീ വില കൂടിയ കുപ്പായമിട്ടു നടക്കുവാനര്‍ഹനല്ല. ഇതൊക്കെ തയ്പിക്കുവാന്‍ ചെല്ലുമ്പോള്‍ തയ്യക്കാരനും ഇട്ടോണ്ടു നടക്കുമ്പോള്‍ മറ്റുള്ളവരും ചോദിക്കും.
ഈ കുപ്പായമാര് വാങ്ങിച്ചു തന്നതാണെന്ന ചോദ്യത്തിന്നു, സാവിത്രി വാങ്ങി തന്നതാണെന്ന സത്യം പറഞ്ഞാല്‍ അത് തകരാറാണ്. എന്റെ അച്ഛന്‍വാങ്ങിച്ചു തന്നതാണെന്നു പറഞ്ഞാലോ അതു നുണയാകും. എന്റെയച്ഛനാണെങ്കില്‍, ഇത്ര വില കൂടിയ സാധനം വാങ്ങിക്കുവാന്‍ സാമ്പത്തികമില്ലാത്തതുമാണ്. അതുകൊണ്ട് ഈ കുപ്പായത്തിന്റെ തുണി, സാവിത്രി, തിരിച്ചു കൊണ്ടു പോയ്‌ക്കോളൂ.
സാവിത്രിക്ക് ഇതു വാങ്ങിച്ചു തരുവാനുള്ള മന:സ്ഥിതിയുണ്ടായതില്‍ ഞാന്‍ വളരെ കൃതജ്ഞതയുള്ളവനാണ്.
സമ്മാനങ്ങള്‍ അര്‍ഹതപ്പെട്ടതേ സ്വീകരിക്കാവൂ, അല്ലാത്തവ മന:പ്പൂര്‍വ്വം തിരസ്‌ക്കരിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ന്യായാന്യായത്തോടു കൂടിയുള്ള ശരദദാസിന്റെ സംഭാഷണത്തില്‍ സാവിത്രി തമ്പുരാട്ടിക്കുട്ടിക്ക് നിരാശതയേക്കാളുപരി, അവനോടു ബഹുമാനവും, അറിവിലുള്ള വ്യാപ്തിയിലും മാനസികാടുപ്പത്തിന്നു കാരണഹേതുമായി. അവന്റെ ദൃഡമായ മേനിയിലും, അഴകും കൂടാതെ നന്മ നിറഞ്ഞ മനസ്സിനും, അവള്‍ക്കാരാധനാ മനോഭാവംമങ്കുരിച്ചു.
ശരദദാസ് - സാവിത്രി, ഈ ചരതന്‍ നാറുന്ന പുലയനാണ്. ഞണ്ടും, ചെമ്മീനും, പുഴുക്കല്‍ മെന്തും താവലരിയിട്ടു കാച്ചിയ കഞ്ഞിയും കുടിച്ചു നടക്കുന്നവനാണ്. എന്നെപ്പോലെയുള്ളവരെ മുട്ടിയുരുമ്മിയിരിക്കുന്നതു ന്യായമാണോ? തീണ്ടിക്കുളി ഐത്തം മുതലായ വര്‍ഗ്ഗത്തില്‍ പെട്ടവനാണ് താന്‍. പണമില്ല ദരിദ്രന്‍, കഞ്ഞിക്കുടിക്കുവാന്‍ പോലും വകയില്ലാത്തവന്‍ അങ്ങിനെയുള്ള എന്നോടു തമ്പുരാട്ടിക്കു ഉണ്ടായിരിക്കുന്നത് പ്രണയമോ അതോ അനുകമ്പയോ.
സാവിത്രി - അനുകമ്പയോടടുത്ത പ്രണയം.
തിരുവാതിര നാളുകള്‍, ആഹ്ലാദത്തോടും, മോദത്തോടും കൂടി ഉന്നതര്‍ കൊണ്ടാടി. പുലയരും, കണക്കന്മാരും, വേലനും, വേട്ടുവരും, മണ്ണാനും, പറയരും ഒക്കെ ഉന്നതരുടെ പടിക്കല്‍, കുത്തുപാളയുമേന്തി തെണ്ടിയും, ഉച്ചിഷ്ടം വാങ്ങി കുടിലില്‍ കൊണ്ടു വന്നു ഭക്ഷിച്ചും ജീവിച്ചിരുന്നു. ഉന്നതര്‍ ആഘോഷനാളുകള്‍, ഉല്ലാസത്തോടു കൂടി മദിച്ച് ആഹ്ലാദിക്കുമ്പോള്‍ പാവങ്ങള്‍ തെണ്ടിത്തിരിഞ്ഞു ഗതികെട്ടു നടന്നിരുന്നു. അടിമവര്‍ഗ്ഗങ്ങള്‍ക്കു ആകെയുള്ള കൈമുതല്‍ ശരീരം മാത്രമായിരുന്നു. അതുകൊണ്ടധ്വാനിച്ചും ചിലനേരം ഉന്നതന്റെ വികാരശമനത്തിന്നു വിധേയരായും, ആലംബഹീനരായും നടക്കേണ്ടി വന്നിരുന്നു. അല്ലെങ്കില്‍ ഭൂമിക്കു മേലേ ജീവിക്കുവാന്‍ സാധിക്കുമായിരുന്നില്ല. നായര്‍ യുവാക്കളും, ഈഴവരും, ക്രിസ്ത്യാനികളും ഇവരെ സ്വാധീനിച്ചു കാമപൂര്‍ത്തീകരണത്തിലേര്‍പ്പെടുമ്പോള്‍ പതിതന്റെതരുണികള്‍ ഗര്‍ഭം ചുമക്കേണ്ടി വന്നാലും പരാതിപ്പെടുവാന്‍ പോലും അര്‍ഹതയില്ലായിരുന്നു. സ്വന്തം ഭര്‍ത്താവോ അച്ഛനമ്മമാരോ അറിഞ്ഞാലും അവര്‍ക്കു പോലും പരാതിപ്പെടുവാനാരുമില്ലായിരുന്നു. പരാതിപ്പെട്ടാല്‍ ഉന്നതന്‍, ഉന്നതര്‍ക്കുവേണ്ടി മാത്രമേ നിലകൊണ്ടിരുന്നുള്ളു.
അപ്പോഴും അടിമകള്‍ക്ക് ആരും പോരുമില്ലായിരുന്നു.
അത്തരം സന്ദര്‍ഭങ്ങളിലാണിവര്‍, ഗദ്ഗദം ഉള്ളിലൊതുക്കി, ദൈവം തുണയെന്നു പ്രാര്‍ത്ഥിച്ചു നടക്കേണ്ടി വന്നിരുന്നത്. തങ്ങളുടെ ജനനം മൃഗങ്ങളേക്കാള്‍ കഷ്ടമാണല്ലോ എന്നോര്‍ത്തു ഭഗ്നാശയരായി മേവുന്നു.
സ്വന്തം മുതലാളിയോടു പരാതിപ്പെട്ടാല്‍, അദ്ദേഹം പോലും, മറ്റവനു മാത്രമേ അനുകൂല നിലപാടെടുത്തിരുന്നുള്ളൂ. അടിമവര്‍ഗ്ഗം ജീവിച്ചാലും മരിച്ചാലും അവര്‍ക്കൊന്നുമില്ല.
നിങ്ങള്‍ നോക്കി നടക്കേണ്ടത് നിങ്ങളുടെ കടമ അക്കാലത്തെ, തിരുവാതിര, പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നീ നാളുകള്‍ ചില അനിഷ്ട സംഭവങ്ങളോടു കൂടി കഴിഞ്ഞു.
ഒരു നായര്‍ തറവാട്ടിലെ സ്ത്രീ ഭര്‍ത്താവും, മക്കളും പേരക്കുട്ടികളുമുള്ളവള്‍, പണ്ടു കാലം മുതല്‍ക്കേ പ്രണയത്തിലായിരുന്നു. തൈക്കിളത്തിയായെങ്കിലും, കാമുകനായ നായര്‍ വാസുപിള്ള അവസരം കിട്ടുമ്പോഴൊക്കെ രഹസ്യമായി കുഞ്ഞിക്കുട്ടിയമ്മയെ പ്രാപിച്ചിരുന്നു. അതവരുടെ ഗതികേടു കൊണ്ടു സഹിക്കുകയല്ലാതൊരു നിവര്‍ത്തിയുമില്ലായിരുന്നു. മകള്‍ക്കു പോലും കുട്ടികളായിട്ടും ഇവയൊക്കെ തുടരുന്നതില്‍ കുഞ്ഞികുട്ടിയമ്മയ്ക്കു വെറുപ്പായി തുടങ്ങി. തമ്പുരാന്റെ വീട്ടില്‍, വാല്യക്കാരനായിരുന്ന ഭര്‍ത്താവിനും ഇതൊക്കെ അറിയാമായിരുന്നെങ്കിലും, കൂടുതലും വഴക്കിനും വക്കാണത്തിനും പോകുന്ന സ്വഭാവക്കാരനായിരുന്നില്ല. പെണ്‍മക്കളിലൊരുവള്‍ തള്ളയായ കുഞ്ഞിക്കുട്ടിയെ പലപ്പോഴായി ശാസിച്ചിരുന്നു. അതുകാരണം വാസുപിള്ളയോടും, പലപ്പോഴും തന്നെ ശല്യം ചെയ്യരുതെന്നു പറഞ്ഞു വിലക്കിയിരുന്നു.
പക്ഷേ വാസുപിള്ളയ്ക്കു കോപമാണുണ്ടായത്. ഏതു വിധേനയും ഇവളെ കെണിയില്‍ വീഴ്ത്തണമെന്നു തക്കം പാര്‍ത്തു നടന്നിരുന്നു.
അതിനായി കരുവൊരുക്കിയത്, കൃഷ്ണന്‍ മുതലാളിയുടെ അടിമപണിക്കാരനായ കറമ്പന്റെ ഏറ്റവും ഇളയ സഹോദരന്‍ ചീതങ്കനെയായിരുന്നു.
ചീതങ്കനെ പലപ്പോഴാലിയ വാസുപിള്ള പണിക്കു വിളിച്ചിരുന്നു. ചിലനേരം വളരെ നേരത്തേ കുടിലില്‍ നിന്നിറങ്ങി നടന്നു ചെന്നു വേണം പാടത്തോ പറമ്പിലോ പണി ചെയ്യുവാന്‍. അതേസമയം കുഞ്ഞിക്കുട്ടിയമ്മയും വളരെ നേരത്തേ കുടിലില്‍ നിന്നറങ്ങി നടന്നു ചെന്നു വേണം പാടത്തോ പറമ്പിലോ പണി ചെയ്യുവാന്‍. അതേ സമയം കുഞ്ഞിക്കുട്ടിയമ്മയും വളരെ നേരത്തേ വെളുപ്പാന്‍ കാലത്ത് കുളിച്ചു തയ്യാറായി അമ്പലത്തില്‍ പോകുന്നതിനു പുറപ്പെട്ടിരുന്നു.
പുലപ്പേടി നാളില്‍, ചെറുപ്പക്കാരനായ ചീതങ്കനോടു വളരെ നേരത്തേ പണി സ്ഥലത്തെത്താന്‍ വാസുപിള്ള നിര്‍ദ്ദേശിച്ചിരുന്നു, അതും കുഞ്ഞിക്കുട്ടിയമ്മ അമ്പലത്തിലേയ്ക്കു നടന്നു പോകുന്ന വഴിക്കുമായിരുന്നു. ചീതങ്കന്റെ പ്രയാണവും ഇതു തന്നെയാണ് വാസുപിള്ളയൊരുക്കിയ കെണിയും. അതു സന്ദര്‍ഭോജിതമായി പരിണമിക്കുകയും ചെയ്തു.
അയാളും വേറെ രണ്ടു പേരോരുമൊപ്പം കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു.
നേരം പുലര്‍കാലം, വെട്ടം വെച്ചു വരുന്ന സമയം. ചീതങ്കനെ കുഞ്ഞിക്കുട്ടിയമ്മ വഴിക്കു കണ്ടു മുട്ടി. വഴിമാറുവാനിടമില്ലാത്തവന്‍ നിന്നു പരുങ്ങി. കുഞ്ഞിക്കുട്ടിയമ്മയും പ്രതിസന്ധിയില്‍പ്പെട്ടു നിന്നു വട്ടം കറങ്ങിയ പോലായി. തദവസരത്തില്‍ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന വാസുപിള്ളയുടെ കൂട്ടുകാര്‍ രംഗത്തെത്തി. ചീതങ്കനും കുഞ്ഞിക്കുട്ടിയമ്മയും നില്‍ക്കുന്നതു കണ്ടു അത്ഭുതം നടിച്ചു പറഞ്ഞു.
ഓഹോ ചെറുപ്പക്കാരനായ പുലച്ചെറുക്കനെ തന്നെ നീ പിടിച്ചതു നന്നായി. ഇനി ഒന്നും നോക്കണ്ടു, പുലപ്പേടി നാളുകളായതു കൊണ്ടു ധൈര്യമായി അവന്റെ കൂടെ പോകാം. കുഞ്ഞിക്കുട്ടിയമ്മയ്ക്കു സുവര്‍ണ്ണകാലം. 
ഏന്‍ ഒന്നും അറിഞ്ഞതല്ലേ - ചീതങ്കന്‍ പേടിച്ചരണ്ടു പറഞ്ഞു. 
നീ ഒന്നും പറയണ്ടടാ, വാസുപിള്ളയുടെ കൂട്ടുകാര്‍ അസഭ്യമായിത്തന്നെ പറഞ്ഞു. നായരിച്ചിയില്ലേ, അതും നല്ല അഴകുള്ള ഉരുപ്പടിയാ, വിളിച്ചോണ്ടു പൊയ്‌ക്കോടാ, അമ്മുമ്മ പ്രായമാണെങ്കിലും ഇപ്പോഴും നല്ല തയ്യാറാണ്.
അവര്‍ അങ്ങിനെ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ കൂടി അവിടെ വന്നു ചേര്‍ന്നു. അവരും വാസുപിള്ളയുടെ കൂട്ടുകാരെ പിന്‍താങ്ങി സംസാരിച്ചു. കൂടാതെ കുഞ്ഞുക്കുട്ടിയമ്മയുടെ ഭര്‍ത്താവും മുകളില്‍ ചിലരും അവിടെ വന്നു ചേര്‍ന്നു. പുലയകിടാത്തന്മാരും, പറയരും മറ്റും അകലെ മാറി നിന്നു. അവരാരും സമീപിച്ചില്ല.
എല്ലാവരേയും കണ്ടു കുഞ്ഞിക്കുട്ടിയമ്മ, ജീവഛവം പോലെ നിന്നു പോയി. അനാവശ്യമായും, അവിചാരിതമായും വന്നു ചേര്‍ന്ന കുറ്റാരോപണം. മനസ്സില്‍ വിമ്മലുണ്ടാക്കി അവര്‍ കുടുക്കിലായതില്‍ വിഷണ്ണയായി നിന്നു പോയി. ഭര്‍ത്താവും മക്കളും അവരെ തള്ളിപ്പറഞ്ഞു.
അല്‍പ്പം കഴിഞ്ഞു വാസുപിള്ളയും, ചിലഭാഗത്തു കൂടി വളഞ്ഞു തിരിഞ്ഞു കുറ്റിക്കാടുതാണ്ടി ഒന്നുമറിയാത്തവനെപ്പോലെ അവിടെ വന്നു ചേര്‍ന്നു.
ഹോ - നാണക്കേട് (കുഞ്ഞിക്കുട്ടിയമ്മയെ നോക്കി) ഇനി സുഖമല്ലേ പുലയച്ചെറുക്കനെ ലഭിച്ചല്ലോ. ഈ പുലപ്പേടി നാളില്‍ തന്നെ കിട്ടിയില്ലേ - ഉം. പൊയ്‌ക്കോളൂ.
കുഞ്ഞിക്കുട്ടിയമ്മേ, നിങ്ങളെ സമുദായത്തില്‍ നിന്നും ഭ്രഷ്ടു കല്‍പ്പിച്ചിരിക്കുന്നു. പടിയടച്ചു പിണ്ഡം വയ്ക്കാനുള്ള കാര്യങ്ങളൊക്കെ ഏര്‍പ്പാടാക്കണം (അവരുടെ ഭര്‍ത്താവിനെ നോക്കി വാസുപിള്ള അവഹേളനാ രൂപത്തില്‍ പറഞ്ഞു). 
ചീതങ്കനോടായി വാസുപിള്ള പറഞ്ഞു. നീയാ തമ്പുരാട്ടിയെ വിളിച്ചോണ്ട പോടാ.
കുഞ്ഞിക്കുട്ടിയമ്മ - എന്തു പറയണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ പൊട്ടിത്തെറിച്ചു. വാസുപിള്ളേ, നിങ്ങളെന്നെ കുടുക്കില്‍ ചാടിച്ചതല്ലേ. ഈ നില്‍ക്കുന്ന പുലയക്കിടാത്തനെ എനിക്കൊട്ടും പരിചയമില്ല. നിങ്ങള്‍ ഞങ്ങളുടെ കുടുംബം തകര്‍ത്തേ അടങ്ങൂ. ഇതിനു നീ അനുഭവിക്കും കണ്ടോ.
വാസുപിള്ള അലറി - എടാ പുലയ ചെറുക്കാ നീ അവളേം വിളിച്ചോണ്ടു പോടാ - പോകാനല്ലേ പറഞ്ഞത്, ഉം അവളുടെ ഒരു ന്യായീകരണം.
മക്കളും തള്ളയെ പുച്ഛിച്ചു സംസാരിച്ചു.
അമ്മേ അമ്മയ്ക്കിതു വേണമായിരുന്നോ, ഭര്‍ത്താവും കുട്ടികളുമുള്ള നിങ്ങള്‍ക്കിത ഒരിക്കലും ചേര്‍ന്നതല്ല. പുലയച്ചെറുക്കനെയൊ കണ്ടോള്ളാ നിങ്ങള്‍ക്കു പിടിക്കുവാന്‍. എത്ര നായന്മാരായ ചെറുപ്പക്കാരുണ്ടീ നാട്ടില്‍.
അവര്‍ സംസാരിക്കുവാന്‍ വായ തുറന്നു. വാക്കുകള്‍ തൊണ്ടയിലുടക്കി എന്നാലും പ്രയാസപ്പെട്ടു ശബ്ദിച്ചു. മോളേ - എന്നെ അപകടത്തില്‍ പെടുത്തിയതാണ്.
എന്താമ്മേ - നിങ്ങളെ ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ സ്വഭാവം ചെറുപ്പത്തിലേ മുതല്‍ കണ്ടു മനസ്സിലാക്കീട്ടുള്ളവരല്ലേ ഞങ്ങള്‍. ഇപ്പോളിത്തിരി ബലമുള്ള ചെറുപ്പക്കാരനെ പിടിച്ചിരിക്കുന്നു. കൊള്ളാം.... വാച്ഛാ നമ്മള്‍ക്കു പോകാം.
കുഞ്ഞുക്കുട്ടിയമ്മയുടെ നായര്, അവരുടെ ദയനീയമായ മുഖത്തേയ്ക്കു നോക്കി, അനുകമ്പയാര്‍ന്നു കണ്ണുനീരുതിര്‍ത്തു.
കുഞ്ഞിക്കുട്ടിയമ്മ കാതരമായി മൊഴിഞ്ഞു. ഞാന്‍ മനസ്സും വായുമറിയാത്ത സംഗതിയാണ് നിങ്ങളെന്നെ വിശ്വസിക്കണം. എനിക്കു വേണ്ടി നിങ്ങള്‍ക്കൊന്നും പറയുവാനില്ലേ. അവര്‍ പൊട്ടിക്കരഞ്ഞു.
വാസുപിള്ള - കരച്ചിലും പിഴിച്ചിലും ഒക്കെ പെണ്ണുങ്ങള്‍ക്കു സ്വഭാവമാണ്, അതൊന്നും വേണ്ട.
വേഗം രണ്ടു പേരും സ്ഥലം വിട്ടോ.
അവന്‍ തിരിച്ചു നടക്കുവാന്‍ ഭാവിച്ചു.
വാസുപിള്ള ആക്രോശിച്ചു. എടാ പുലച്ചെറുക്കാ അവിടെ നില്ലടാ. ഇവളുടെ കൈപിടിക്കടാ.
അവന്‍ പേടിച്ചരണ്ടു, കുഞ്ഞിക്കുട്ടിയമ്മയുടെ കൈപിടിച്ചു. പക്ഷേ അവള്‍ കൈതട്ടി മാറ്റി.
പോടി വേഗം ആ പുലയച്ചെറുക്കന്റെ കൂടെ പോടി വാസുപിള്ള അലറി.
കുഞ്ഞിക്കുട്ടിയമ്മ പൊട്ടിക്കരഞ്ഞു, ഭര്‍ത്താവിന്റെ സമീപത്തേയ്ക്കു ഓടിച്ചെന്നു. പക്ഷേ മക്കളും ഭര്‍ത്താവും നടന്നകന്നു.
വാസുപിള്ളയും കൂട്ടുകാരും വിടുന്ന ഭാവമില്ലായിരുന്നു. പ്രതിഷേധം ആര്‍ത്തിരമ്പി. അനാവശ്യ വാക്കുകള്‍ കോരിച്ചൊരിഞ്ഞു.
പോടീ വേഗം നിന്റെ പെലേന്റെ കൂടെ, പോടി ഇനിയും നിനക്കു പെറ്റു കൂട്ടാം, പെലക്കൊച്ചുങ്ങളെ തന്നെ പെറാം.
ഇപ്പോള്‍ നീ കുഞ്ഞിക്കുട്ടിയമ്മയല്ല. കുഞ്ഞിക്കുട്ടി പെലക്കള്ളി. അവര്‍ കൂക്കു വിളിച്ചു. അവഹേളിച്ചു.
കുഞ്ഞിക്കുട്ടി പെലക്കളീയേ ചീതങ്കപെലേന്റെ പെലക്കള്യേ പൂയ്... പൂയ്.
ഇനി നീ ഞങ്ങളൊക്കെ വഴി വരുമ്പോ, വഴി മാറിത്തന്നോണം. പാടത്തു പണിക്കു പോണം. മാട്ടോം വട്ടവലേം കൊണ്ടു തപ്പാന്‍ പോണം. മീന്‍കിട്ടും. പേ നാളു വരുമ്പോള്‍ പെലേനും പെലക്കളീം ഞങ്ങടേക്ക വീടുകളില്‍ തെണ്ടാന്‍ വരണം.... എടാ ചീതങ്കാ അവളുടെ കൈക്കു പിടിച്ചോണ്ട് പോടാ നിന്റെ കുടിലോട്ട്.
കുഞ്ഞിക്കുട്ടി തിരിഞ്ഞു നിന്നു പറഞ്ഞു. വാസൂ നീ ഇതിനനുഭവിക്കും. നീയും അത്ര വല്യാവനല്ല. നീ വീടു പണിക്കാരനല്ലേ. കണ്ണിക്കണ്ട ഉന്നതരുടെ വീട്ടിലൊക്കെ നിരങ്ങി നടക്കുന്നവന്‍.
അവള്‍ ചീതങ്കന്റെ പിന്നാലെ നടന്നു.
ചീതങ്കാ ഇവിടെ വാടാ - എന്റെ കൈക്കു പിടിക്കടാ.
നിനക്കു ധൈര്യമുണ്ടോ ഇതൊക്കെ നേരിടാന്‍.
ചീതങ്കന്‍ - തമ്പ്രേട്ട്യേയ് ഞാനിതൊന്നുമറിഞ്ഞതല്ലേയ്.
കുഞ്ഞിക്കുട്ടിയമ്മ - എനിക്കിതൊക്കെ മനസ്സിലായടാ. ഈ പട്ടി വാസു ചതിച്ചതാടാ. നിന്റെ കൂടെ ഞാനിപ്പോ വരാമെടാ. നീ ധൈര്യമായി നിന്നോ. നിന്നെ ഞാനാളാക്കി ഇതിനെ നേരിടും.
അകലെ മാറി നിന്നിരുന്ന പുലയരും, പറയരും അടുത്തു കൂടി. അവരുടെ അകമ്പടിയോടു കൂടി ചീതങ്കനും, കുഞ്ഞിക്കുട്ടിയമ്മയും പുലക്കുടിയെ ലക്ഷ്യമാക്കി നടന്നു നീങ്ങി.
*****