"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പുലയരുടെ ആചാരങ്ങള്‍: പുലകുളി അടിയന്തിരവും കൊടുതിയും - കുന്നുകുഴി എസ് മണി

പുലകുളി അടിയന്തിരം 

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അന്നുമുതല്‍ 16 ദിവസം വരെ-പുല-ആചരിക്കുന്നവരാണ് പുലയര്‍. പുലയര്‍ക്കിടയില്‍ പണ്ടു പണ്ടേ യുയുള്ള ഒരു ചടങ്ങാണ് ഈ പുലകുളി അടിയ ന്തിരം. ചാവെടുപ്പു കഴിഞ്ഞിട്ടാണ് പുലകുളി നടത്തുന്നത്. മന്ത്രവാദിക്ക് പുലകുളിയില്‍ റോളൊന്നം ഇല്ല. പുലകുളി നടത്തുന്നത് പുലയരിലെ വള്ളുവ പുരോഹിത നാണ്. ഈ ചടങ്ങും വളരെ പ്രാധാന്യമേറിയ ഒന്നാണ്. വളരെ പണ്ട് പുലയരും പ്രേതം കുഴിച്ചിടുകയാണ് ചെയ്തിരുന്നത്. പരദേശി ബ്രാഹ്മണരുടെ തള്ളിക്കയറ്റ ത്തോടെ പ്രേതം ദഹിപ്പിക്കുന്ന ഏര്‍പ്പാടും പുലയര്‍ക്കിടയില്‍ നിലവില്‍ വന്നു.

മരിച്ച് അഞ്ചാം നാള്‍ മറ്റൊരു ചടങ്ങും പുലയര്‍ക്കിടയില്‍ ഉണ്ട്. 'സഞ്ചയനം' എന്നാണ് അതിന്റെ പേര്. പ്രേതം ദഹിപ്പിക്കുന്നു വെങ്കില്‍ സഞ്ചയനദിവസം മരിച്ച ആളിന്റെ അസ്ഥി വേവിക്കാത്ത ഒരു പുത്തന്‍ കലത്തില്‍ എടുത്തുകൊണ്ടുവന്ന് മഞ്ഞള്‍, പാല്‍, ഗോമൂത്രം, താളി എന്നിവയില്‍ കഴുകി ശുദ്ധീകരിച്ച് ബന്ധപ്പെട്ടവര്‍ അസ്ഥി നമസ്‌കാരം ചെയ്യുന്ന കര്‍മ്മമാണ് സഞ്ചയനം.മരിച്ച ആളിന്റെ അടുത്ത ബന്ധുക്കള്‍ തന്നെ അസ്തിനമസ്‌കാരം ചെയ്യണമെന്നാണ് സമുദായാചാരമെങ്കിലും ആധുനിക കാലത്ത് ഹിന്ദുക്കളോടും, കൃസ്ത്യാനികളോടും ചേര്‍ന്ന പുലയര്‍ ഇത്തരം ആചാരക്രമങ്ങള്‍ നടത്താറില്ല.അതിന്റെ ദോഷവും ഈ ജനവിഭാഗത്തിനുണ്ട്.പട്ടില്‍ പൊതിഞ്ഞു കൊണ്ടുവരുന്ന അസ്തിക്കലം തുറന്ന് ശുദ്ധീകരിച്ചശേഷം ഭാര്യ, മക്കള്‍, മരുമക്കള്‍, മറ്റുബന്ധുക്കള്‍ ഓരോരുത്തരായി അസ്തികലത്തിന് മുന്നില്‍ വന്ന് മുട്ടുകുത്തിയിരുന്ന് ആദ്യം പൈസ തലക്കുഴിഞ്ഞിട്ട് പൂവ് മൂന്നുപ്രാവശ്യം തലക്കുഴിഞ്ഞ് അസ്ഥിക്കലത്തില്‍ ഇട്ട് വണങ്ങുന്നു. പിന്നീട് പൈസമാറ്റി കലം അടച്ച് പട്ടില്‍ പൊതിഞ്ഞ് പൂക്കള്‍ ചൂടി ഏതെങ്കിലും പാല്‍മരച്ചുവട്ടില്‍ വച്ച് പതിനാറു ദിവസം വിളക്കുതെളിക്കുന്നു. അസ്തിനമസ്‌കാരം പുരുഷന്മാര്‍ ഒറ്റമുണ്ടു ടുത്തും സ്ത്രീകള്‍ തലമുടി അഴിച്ചിട്ടിട്ടും മാത്രമേപടുള്ളൂ. തുടര്‍ന്ന് അവിടെ കൂടുന്നവര്‍ക്ക് കാപ്പിയോ ചോറോകൊടുക്കുന്നു.

പതിനാറാം ദിവസം ചാവെടുപ്പുകഴിഞ്ഞാല്‍ പുലകുളിയായി. മരണ ദിവസം തന്നെ വീട്ടുമുറ്റത്ത് മരണപന്തല്‍ കെട്ടണമെന്നുണ്ട്. ഓലകൊണ്ട് താല്‍ക്കാലികമായി കെട്ടുന്നപുരയില്‍ കുരുത്തോല കീറിതോരണം കെട്ടി മാവില, കുരുത്തോല കീറുകളില്‍ കൊരുത്തിടാറുണ്ട്. ഒപ്പം പ്രേതത്തില്‍ മൂടിയ പട്ടിന്റെ ഒരുഭാഗം കീറി മരണപന്തലിലെ തൂണില്‍ ചുറ്റി ക്കെട്ടുന്നു. ഇത് മരണവീടാണെന്നും, പുലയുണ്ടെന്നും നാട്ടുകാരെ അറിയിക്കുന്നതിനാണ്.പണ്ടുകാലത്ത് രണ്ട് മെടഞ്ഞ ഓലക്കീറുകള്‍ ചടങ്ങിന് നേതൃത്വംവഹിക്കുന്ന പുലയരിലെ പുരോഹിതന്‍ തിരിച്ചും മറിച്ചുമിട്ട് അതിന്റെ പുറത്ത് ഒരു പുതിയ തോര്‍ത്ത് വിരിച്ചിടുന്നു. ഓരോ ഗ്ലാസില്‍ പാല്‍, താളി, മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവ തോര്‍ത്തിന്റെ നാലറ്റത്തുമായി വയ്ക്കുന്നു. കൂടാതെ ഓരോ വെറ്റിലയും ഓരോ പാക്കും നാലു ഭാഗത്തും വയ്ക്കും. പ്രേതത്തില്‍ വാക്കരിയിട്ട ബന്ധുക്കള്‍ ആണും പെണ്ണും വലതുകാലിന്റെ പെരുവിരല്‍ തോര്‍ത്തില്‍ ചവിട്ടിനില്‍ക്കും.സ്ത്രീകള്‍ മുടികെട്ട് അഴിച്ചിട്ടേ നില്‍ക്കാവൂ. അപ്പോഴേ യ്ക്കും പുരോഹിതന്‍ നാലുകരക്കാരെവിളിച്ച് ഓരോപാത്രവും എടുത്ത് തുളസിതുമ്പുകൊണ്ട് പാത്രത്തില്‍ മുക്കി മൂന്നുപ്രാവശ്യം തോര്‍ത്തില്‍ തളിക്കും മൂന്നുപ്രാവശ്യം തോര്‍ത്തില്‍ ചവിട്ടി നില്‍ക്കുന്ന പുലയുളള വരുടെ മേലിലും തളിക്കുന്നു. ഓരോതളിക്കാരനും അവരവര്‍ തളിച്ച പാത്രത്തിനു സമീപം വച്ച വെറ്റയും പാക്കും എടുക്കണം. എല്ലാവരും തളിച്ച് കഴിയുമ്പോള്‍ പാത്രങ്ങളില്‍ ശേഷിക്കുന്ന പാലും, താളിയും, മഞ്ഞളും, എണ്ണയും പുരോഹിതന്‍ എടുത്ത് ഒന്നാക്കി മരണവീടിന്റെ നാലുവശത്തും കൊണ്ടുപോയി തളിക്കണം.തളികൊണ്ട ബന്ധുക്കള്‍വീട്ടില്‍ കയറാതെ ഒഴുക്കുളള ആറ്റില്‍ പോയി കുളിച്ചു വരണമെന്നാണ് പഴയകാലത്തെ വ്യവസ്ഥ. ഈ ചടങ്ങോടെ പുല തീരുന്നു. പിന്നീട് ഒരാള്‍ മുറത്തില്‍ കുറെ വെറ്റിലയുമായി തളിപണം വാങ്ങാന്‍ ഇരിക്കും.അവിടെ കൂടിയ ബന്ധുക്കളും കരക്കാരും പ്രമാണിമാരും തളിപ്പണം മുറത്തിലി ടുമ്പോള്‍ ഓരോവെറ്റ പുരോഹിതന്‍ അവര്‍ക്കു കൊടുക്കും. പിന്നെ വിഭവസമൃദ്ധമായ സദ്യ എല്ലാവര്‍ക്കും നല്‍കുന്നു. ഇപ്പോള്‍ ചോറിനു പകരം കാപ്പിനല്‍കുകയാണ് പതിവ്.

കാലം മാറിയതോടെ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ പുലയരില്‍ അന്യം നിന്നു പോയിരിക്കുന്നു. പുലകുളി അടിയന്തിരം തന്നെ നിലച്ചമട്ടാണ്. സഞ്ചയനവും പുലകുളി അടിയന്തിരവും അഞ്ചിനോ ഏഴിനോനടത്തി ഒരുചായയിലും ബിസ്‌ക്കറ്റിലും ഒതുക്കുന്ന വിദ്വാന്മാരും പുലയരുടെ ഇടയില്‍ കുറവല്ല. ഇതൊന്നും ഹിന്ദുമതത്തിന്റെ ഭാഗ മല്ലെങ്കിലും സവര്‍ണ സമുദായക്കാരെ അനുകരിക്കാനുളള പ്രവണതമൂലം പുലയര്‍ തങ്ങളുടേതായ ആചാരാനുഷ്ഠാനങ്ങളെ ഉന്മൂലനം ചെയ്യുകയാണ്. ലോകത്തിലെ മറ്റൊരുസമുദാവും അവരുടെ ആചാരങ്ങളേയോ, അനുഷ്ഠാന ങ്ങളേയോ തളളി ക്കളയാറില്ല. എന്തെല്ലാം മാറ്റങ്ങളു ണ്ടായാലും ആരും ആചാരങ്ങളെ തള്ളിക്കളയാറില്ല. പക്ഷെ പുലയര്‍ മാത്രം ആചാരങ്ങളേയും നൂറ്റാണ്ടുകള്‍ പഴക്കമുളള അനുഷ്ഠാന കര്‍മ്മങ്ങളേയും മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല.

കൊടുതി പുലയരിലെ പ്രധാന ആചാരം

പുലയരുടെ ഇടയില്‍ പണ്ട് വ്യപകമായി നിലനിന്നിരുന്ന കൊടുതി എന്ന വിശേഷ ആചാരം ഇന്ന് എങ്ങും കാണാനില്ല. തലമുറകളായി മരിച്ചു പോയ എല്ലാ പിതൃക്കളേയും തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ആര്‍ഭട പൂര്‍വ്വമായ ഒരു ചടങ്ങാണ് കൊടുതി. ചിലപ്പോള്‍ ഒരു കുടുംബത്തില്‍ പ്പെട്ടവര്‍ മാത്രമായിട്ടും, മറ്റുചിലപ്പോള്‍ പലകുടുംബക്കാര്‍ ഒരുമിച്ചും കൊടുതികള്‍ നടത്താറുണ്ട്. മേടപ്പത്തിനാ യിരിക്കും സാധാരണ പുലയര്‍ക്കിടയില്‍ കൊടുതി കൊണ്ടാടാറുളളത്. കൃഷിപ്പണികള്‍ക്ക് തുടക്കം കുറിക്കുന്നതും മേടപത്തിനാണ്. കൊടുതിക്കു മുന്‍പുതന്നെ കണിയാനെകണ്ട് സമയം നോക്കാറുണ്ട്. മേടപത്തിന് തലേദിവസം ബന്ധുക്കളും കുടുംബക്കാരും കുടുംബകാരണവരുടെ വീട്ടില്‍ ഒത്തു ചേരും. കൊടുതിക്ക് കുടുംബ കാരണവരാണ് നേതൃത്വം വഹിക്കേണ്ടത്. അതിനു മുന്‍പുതന്നെ ദേശത്തെ പേരുകേട്ട ഒരു പ്രശ്‌നക്കാരനെ (മന്ത്രവാദിയെ) ക്ഷണിച്ചുവരുത്തുന്നു. പിന്നീട് കാരണവരുടെ വീട്ടില്‍ ഏതാനും മരഉരകള്‍ ഇട്ട് മര ഉലക്കയ്ക്ക് ഇടിച്ച് നാടന്‍ അവല്‍ ഉണ്ടാക്കുന്നു. അതേടെപ്പം നാടന്‍ കോഴി ഇറച്ചിക്കറിയും, പയറുകറിയും പെണ്ണുങ്ങള്‍ തയ്യാറാക്കും. സന്ധ്യയോടെ മന്ത്രവാദിയും പരികര്‍മ്മികളും എത്തിച്ചേരുന്ന. പിന്നീട് അവര്‍ കൂട്ടമായി കുരുത്തോ ലയില്‍ വെലിക്കടതട്ടങ്ങള്‍ ഉണ്ടാക്കുന്നു. പഴം ചാവുകള്‍ക്കും പുതു ചാവുകള്‍ക്കും, അറിയപ്പെടാത്ത കുടുംബത്തിലെ സകല പിതൃ ചാവുകള്‍ക്കുമായി ഒട്ടേറെ തട്ടകങ്ങള്‍ ഉണ്ടാക്കിയശേഷം മാന്ത്രവാദിയും പരികര്‍മ്മികളും പോയി കളളുകുടിയും മറ്റും കഴിച്ച് മന്ത്രവാദത്തിന് തയ്യാറായി എത്തും.

മന്ത്രവാദി ഒരു മുറത്തില്‍ കവടി ഇട്ട് കറക്കി മന്ത്രംചൊല്ലി ശംഖുകറക്കി ഉറപ്പുവരുത്തുന്നു. തുടര്‍ന്ന് പരികര്‍മ്മികള്‍ വീട്ടുമുറ്റത്തോ, നെല്ലു കളത്തിലോ വെലിക്കടതട്ടകങ്ങള്‍ നിരനിരയായി നിരത്തിവയ്ക്കും. അതില്‍ വറപ്പൊടിയും, പൊരിയും ഇട്ട് പിതൃക്കളെ ധ്യാനിക്കുന്നു. തുടര്‍ന്ന് തുമ്പെലകള്‍ ഓരോ തട്ടകത്തിന് മുന്നിലും ഇട്ട് അതില്‍ അവിലും കോഴിഇറച്ചിയും, പയറും വിളമ്പി, മണ്‍മാത്രങ്ങളില്‍ കളളും, ചാരായവും പകര്‍ന്നുവയ്ക്കും. അപ്പോഴേയ്ക്കും മന്ത്രവാദി മന്ത്രം ചൊല്ലി ശംഖുകറക്കി പിതൃക്കളെ ഊട്ടുന്നു. പിന്നെയും മന്ത്രം ചൊല്ലി ഒരു വര്‍ഷത്തെ ഐശ്യര്യത്തിനും, രോഗ ദുരിതങ്ങള്‍ ഇല്ലാതാക്കാനും പിതൃക്കളോട് അപേക്ഷിക്കും. അപേക്ഷ സ്വീകരിച്ചതായി ശംഖു തെളിവുനല്‍കുന്ന തോടെ മന്ത്രവാദം അവസാനിപ്പിക്കുകയും കുടുംബക്കാരും, കരക്കാരും, പ്രമാണിമാരും അവിലും കോഴിക്കറിയും കഴിക്കുകയും കളളും ചാരായവുമൊക്കെ കുടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് കള്ളോ, ചാരായമോ നല്‍കാറില്ല. പകരം കരുപ്പട്ടി കാപ്പിയായിരിക്കും നല്‍കുന്നത്. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടാക്കിയിരിക്കും. പലരും സദ്യ ഉണ്ണാറില്ല. കാരണം അവിലും കോഴിക്കറിയും കഴിക്കുമ്പോള്‍തന്നെ വയറുനിറയും. വളരെ യേറെ ധനം ചെലവഴിക്കപ്പെടുന്ന ഒന്നാണ് കൊടുതിയെന്നചടങ്ങ്. വിശ്വാസത്തിന്റെ പേരില്‍ എത്രപണം മുടക്കാനും പുലയര്‍ തയ്യാറാവും. കൊടുതിക്ക് കുടുംബക്കാര്‍ അവരവരുടെ വിഹിതം കാരണവര്‍ക്ക് കൊടുക്കണ മെന്നുണ്ട്. 1960 കളില്‍ ഇത്തരത്തില്‍ ഒരു കൊടുതിയില്‍ പങ്കെടുത്ത ഓര്‍മ്മകള്‍ ഈ ഗ്രന്ഥകര്‍ത്താവിനുണ്ട്. അതിനു ശേഷം ഒരു കൊടുതി യില്‍ പങ്കെടുത്ത ഓര്‍മ്മയില്ല. കൊടുതി നടത്തിയവരോ അതില്‍ പങ്കെടുത്ത കുടുംബക്കാരോ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ യെല്ലാം പിന്‍മുറക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അഞ്ചും, ആറും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തുന്ന മറ്റൊരുചടങ്ങാണ് 'പാലതുളളല്‍' വടക്കന്‍ തിരുവിതാം കൂറിലെ പാലതുളളലിന് സമാനമായിട്ടാണ് തിരുവിതാം കൂറിലെ 'കൊടുതി' എന്നചടങ്ങ് നടത്തുന്നത്. നാല്പതു വര്‍ഷം മുന്‍പാണ് തിരുവനന്തപുരം നഗരത്തില്‍ കണ്ണമ്മൂല തോട്ടുവരമ്പില്‍ ചാത്തന്‍ അപ്പുപ്പന്‍ എന്നുവിളിക്കുന്ന 90 കാരന്റെ വീട്ടില്‍ വച്ച് അവസാനമായി കൊടുതിനടന്നതായിട്ടാണ് എന്റെ ഓര്‍മ്മ. യുവാവായിരുന്ന ഞാന്‍ ആ കൊടുതിയില്‍ സംബന്ധിച്ചിരുന്നു. പിന്നീട് അതുപോലൊരു കൊടുതി തിരുവനന്തപുരം സിറ്റിയില്‍ നടന്നതായി അറിവില്ല.

ഇവ കൂടാതെ മറ്റനേകം ആചാരങ്ങളും അനുഷ്ടാന കര്‍മ്മങ്ങളും പുലയരുടെ ജീവിത ചരിത്രത്തില്‍ ചോര്‍ന്നുകിടപ്പുണ്ട്. അവയൊക്കെ കണ്ടെത്തുക ദുഷ്‌ക്കരമാണിണ്. കാരണം ഇവയൊന്നും രേഖപ്പെടുത്തി വച്ചുട്ടുളളതല്ല. തലമുറകളില്‍നിന്നും തലമുറകളിലേയ്ക്ക് പകര്‍ന്നു കിട്ടിയ വിവരങ്ങളാണ്. അവയില്‍ ഒന്നാണ് പടേനി. വേലപ്പണിക്കാര്‍, കുറവര്‍ എന്നിവരെ പിണിയാളുകളാക്കി തുള്ളിച്ച് ഫലം പറയിപ്പിക്കുകയും പ്രേതബാധ ഒഴിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെയാണ് പടേനി എന്നുപറയുന്നത്. കോഴികളെ അറുത്ത് കുരുതി കൊടുക്കുന്ന ഏര്‍പ്പാടും പുലയരില്‍ പണ്ടുകാലത്ത് നിലവിലുണ്ടായിരുന്നു. അതിപ്രാചീനകാലത്ത് സൂര്യന്‍, അഗ്നി, വായു, വൃഷ്ടി തുടങ്ങിയപ്രകൃതി ശക്തികളെ ആരാധി ക്കുന്നത് ഈ ആദിമ ജനങ്ങള്‍ക്കിടയില്‍ വേരുന്നിയിരുന്നു. അതോടൊപ്പം സര്‍പ്പങ്ങള്‍, ഭൂത-പ്രേത-പിശാചുക്കളെക്കുറിച്ചുള്ള ഭയവും ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇത്തരം ആരാധനാ സമ്പ്രദായ ങ്ങള്‍ക്ക് പ്രാകൃതമതമെന്നായിരുന്നു നവീന ചരിത്രാന്വേഷകര്‍ നല്‍കിയ പേര്. വൈവിധ്യമാര്‍ന്ന ഈ ആരാധന സമ്പ്രദായങ്ങള്‍ കേരളീയ സാംസാക്കാരിക ജീവിതത്തിന്റെ ആകെത്തുകയായി കണക്കാക്കുന്നുണ്ട്.