"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചണ്ഡാളരുടെ പ്രക്ഷോഭങ്ങള്‍ - സുരേഷ് മാനേ

ബ്രാഹ്മണിക്കല്‍ രചനകളില്‍ ഏറ്റവും വെറുക്കപ്പെട്ടതും നിന്ദാര്‍ഹ വുമായ പദമാണ് 'ചണ്ഡാളന്‍'. ചണ്ഡാളര്‍ മനുഷ്യ ജീവികളല്ല, ഏറ്റവും വൃത്തികെട്ട വസ്തുക്ക ളാണ് എന്നു വിശദീകരിക്കുന്ന എണ്ണിയാലൊടു ങ്ങാത്ത ബ്രാഹ്മണ വ്യാഖ്യാനങ്ങളും പുരാണങ്ങളും അനുശാസന ങ്ങളുമൊ ക്കെയുണ്ട്. 1947 വരെ, ബംഗാളിലെ കിഴക്കന്‍ മേഖലകളിലെ ഏറ്റവും വലുതും പടിഞ്ഞാറന്‍ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ സമുദായവും ചണ്ഡാളരായിരുന്നു. 1871 ലെ സെന്‍സസനുസരിച്ച്, ആകെ ജനസംഖ്യയില്‍ 73.5 ശതമാനവും ചണ്ഡാളരായ, ജഷോര്‍, ഡാക്ക, ഫരീദ്പൂര്‍, ബകാര്‍ഗഞ്ച്, സിലെറ്റ്, മൈമേന്‍സിംഗ് എന്നിങ്ങനെ ആറു ജില്ലകളു ണ്ടായിരുന്നു. മദ്രാസ് പ്രവിശ്യയിലെ പുലയരെയും പറയരെയും പോലെ, മഹാരാഷ്ട്രയിലെ മഹറുകളെപ്പോലെ, ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലുളള ചമാറുകളെപ്പോലെ ചണ്ഡാളരും സാമൂഹ്യവും സാംസ്‌കാരി കവും സാമ്പത്തികവുമെന്നല്ല മറ്റെല്ലാതര ത്തിലുളള ചൂഷണങ്ങള്‍ അനുഭവിച്ചിരുന്നു. 

1871 ല്‍ ബംഗാളിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സൂപ്രണ്ടായ സി.ജെ.ഒ. ഡോനല്‍, സെന്‍സന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചത്, പൊക്കമുളളവരും വലിയ അവയവങ്ങളുളളവരും കരുത്തുറ്റവരുമായ ചണ്ഡാലരാണ് ആര്യന്‍ കടന്നുകയറ്റക്കാരുടെ ഏറ്റവും ഊര്‍ജ്ജ്വസ്വലരും വിജയശ്രീലാളിതരുമായ ശത്രുക്കള്‍.1 അദ്ദേഹം തുടര്‍ന്നു രേഖപ്പെടുത്തിയത്, ചണ്ഡാളരുടെ മുന്‍ഗാമികളായി പാല്‍ സാമ്രാജ്യത്തി നുടമകളായ ബുദ്ധിസ്റ്റ് പരമാധികാരികള്‍ ധാക്ക ഭരിച്ചിരുന്നുവെന്നാണ്. അതുപോലെ ആധുനിക ബംഗാളിലെ ബര്‍ദാന്‍, നദിയ എന്നീ ജില്ലകളില്‍ പോഡുകളും ബാഗ്ഡികളും അവരുടെ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചിരുന്നു2. ഉയര്‍ന്നജാതി ഹിന്ദുക്കളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് 1911 ല്‍ ചണ്ഡാളരെന്ന പേര് നമോശൂദ്രരെന്നാക്കി പുനര്‍ നാമകരണം ചെയ്തു. ബ്രാഹ്മണിക അനുശാസനങ്ങള്‍ പ്രകാരം, ചണ്ഡാലര്‍ അഥവാ നമോശൂദ്രര്‍, ഒരു ബ്രാഹ്മണസ്ത്രീക്ക് ശുദ്രപുരുഷനിലുണ്ടാകുന്ന ജാരസന്തതിയാണ്3. 1872 ല്‍ ബംഗാളിലെ ചണ്ഡാളരുടേയും ബ്രാഹ്മണരുടേയും ജനസംഖ്യ യഥാക്രമം 16,20,545 ഉം 11,00,149 മായിരുന്നു.

നോബിന്‍ഡോം എന്ന അയിത്ത ജാതിക്കാരന്‍ നല്‍കിയ അപകീര്‍ത്തി ക്കേസില്‍ ബീര്‍ഭൂമിലെ ഡപ്യൂട്ടി മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ചണ്ഡാലര്‍ക്കെതിരെയുളള വെറുപ്പും പുച്ഛവും എത്രത്തോളമുണ്ടായിരുന്നുവെന്ന് നന്നായി മനസ്സിലാക്കുവാന്‍ കഴിയും. ഒരു ആടുമോഷണക്കേസില്‍ നോബിന്‍ ഡോമിനെ വിചാരണ ചെയ്യുകയും കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതേ വിടുകയും ചെയ്തു. വിധി വന്നതിനുശേഷം പരാതിക്കാരനെതിരെ ഡോം ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഡോം ഒരു താഴ്ന്ന ജാതിക്കാരനാണെന്നും അയാള്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ മാനനഷ്ടത്തിന്റെ പ്രശ്‌നം ഉദിക്കുന്നി ല്ലെന്നും എന്തുകൊ ണ്ടെന്നാല്‍ അയാള്‍ക്ക് മാനമേ ഇല്ലെന്നും ഹര്‍ജി തളളിക്കൊണ്ട് മജിസ്‌ട്രേറ്റ് വിധി പ്രസ്താവിച്ചു. എന്നാല്‍ ബ്രിട്ടീഷ് ജഡ്ജിമാരില്‍ വിവേകപൂര്‍ണ്ണമായ ഗുണവിശേഷം നിലനിന്നിരുന്നതിനാല്‍ 1865 ഫെബ്രുവരി 17 ന് ആ മജിസ്‌ട്രേറ്റിനോട് അയാള്‍ കാട്ടിയത് തെറ്റാണെന്നും ആ തീരുമാനം തിരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രക്ഷോഭ ങ്ങള്‍ക്ക് കൊളോണിയന്‍ ബംഗാള്‍ ദൃക്‌സാക്ഷിയായി. കിഴക്കന്‍ ബംഗാളിലെ ജില്ലകളായ ധാക്ക, ബകര്‍ഗഞ്ച്, ഫരീദ്പൂര്‍, മൈമെന്‍സിംഗ്, ജഷോര്‍, കുല്‍നാര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ കേന്ദ്രീകരിച്ചിട്ടുളള ചണ്ഡാലരും രംഗ്പൂര്‍, ദിനാജ്പൂര്‍, ജാല്‍പായ്ഗുരി എന്നീ ജില്ലകളില്‍ ധാരാളമുളള രാജ്ബന്‍സികളു(നേരത്തേയവര്‍ കോച്ച് കള്‍ എന്നറിയപ്പെട്ടി രുന്നു) മായിരുന്നു സാമൂഹ്യ പ്രക്ഷോഭങ്ങളില്‍ ആധിപത്യം ചെലുത്തി യിരുന്ന രണ്ടുജാതികള്‍. ഈ രണ്ടു ജാതികളും അയിത്തവും, അസമത്വ വും മറ്റു നിരവധി സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവശതകളും അനുഭവിച്ചിരുന്നു. ഇവരില്‍ ഉയര്‍ന്നജാതി മേധാവിത്തത്തിനെതിരെ അതിരൂക്ഷമായി പ്രവര്‍ത്തിച്ചത് നമോ ശൂദ്രരായിരുന്നു. 

സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കും അപമാനങ്ങള്‍ക്കുമെതിരെ നിരക്ഷരരും അജ്ഞരും അസംഘടിതരുമായ നാമോശൂദ്രര്‍ 1873 ല്‍ ഫരീദ്പൂര്‍ ജില്ലയില്‍ ഒരു പൊതുപണിമുടക്കു നടത്തി. അന്നത്തെ ഫരീദ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന എ. കെല്ലി രേഖപ്പെടുത്തിയത് 'ഇപ്പോള്‍ അവര്‍ വഹിച്ചിരിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട സ്ഥാനം ഹിന്ദുജാതികള്‍ക്കിടയില്‍ തങ്ങള്‍ക്കും ലഭിക്കുന്നതുവരെ, ഒരു ഉയര്‍ന്ന ജാതിക്കാരനെയും ഒരുതരത്തിലും സേവിക്കുകയില്ലായെന്ന ആവശ്യം മുന്‍നിര്‍ത്തി ഈ വര്‍ഷത്തിന്റെ (1873) ആദ്യപാദത്തില്‍ ചണ്ഡാളര്‍ ഒരു പൊതുപണിമുടക്കു നടത്തി'4 എന്നാണ്.

ചണ്ഡാളര്‍ എന്നുളള തങ്ങളുടെ പേര് നമോശൂദ്രര്‍ എന്നാക്കി മാറ്റുന്നതി നായും അവര്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന്റെ തുടക്കം 1880 ല്‍ കണ്ടെത്താന്‍ കഴിയും. ഉയര്‍ന്ന ജാതിഹിന്ദുക്കള്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അവസാനം പേരുമാറ്റം പ്രബല്യത്തില്‍ വരുത്തിക്കൊണ്ട് 1911 ല്‍ ബംഗാള്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനിടയില്‍ 1883 ജൂണ്‍ 29 ന് നാമശൂദ്രര്‍ ക്കിടയില്‍ ആചാരപരമായി നടന്നുവരുന്ന വിധവാ പുനര്‍വിവാഹത്തെ സാധൂകരിച്ചുകൊണ്ട് അത്തരം വിവാഹ ങ്ങള്‍ നിയമ സാധുത്വമുളള വയാണെന്ന് കീഴ്‌ക്കോടതി വിധിയെ അസാധു വാക്കിക്കൊണ്ടുള്ള ബംഗാള്‍ ഹൈക്കോടതിയുടെ തീരുമാനമുണ്ടായി. 1901 ഏപ്രിലില്‍ തങ്ങളി ലടിച്ചേല്‍ പ്പിക്കപ്പെട്ട ഗുരുതരമായ അവശതകള്‍ വിവരിച്ചുകൊണ്ടും തങ്ങളുടെ ജാതിയുടെ പേരുമാറ്റ മുള്‍പ്പെടെയുളള അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും ബംഗാള്‍ ഗവര്‍ണര്‍ക്ക് ചണ്ഡാളര്‍ ഒരു നിവേദനം നല്‍കിയിരുന്നു. 

ചണ്ഡാളരില്‍ അഥവാ നമോശൂദ്രസമുദായത്തില്‍ ഹരിച്ചന്ദ് താക്കൂര്‍ (യഥാര്‍ത്ഥത്തില്‍ ബിശ്വാസ്) എന്നും ഗുരുച്ചന്ദ് താക്കൂര്‍ എന്നുമുളള മഹാന്മാരായ രണ്ട് സാമൂഹ്യവിപ്ലവകാരികള്‍ ജനിച്ചു. ബംഗാളിലെ ഗോപാല്‍ഗുഞ്ജ് ജില്ലയിലെ (ഇപ്പോള്‍ ബംഗ്ലാദേശില്‍) സഫലഡംഗ ഗ്രാമത്തിലാണ് 1812 ല്‍ ഹരിചന്ദ് താക്കൂര്‍(1812- 87) ജനിച്ചത്. അദ്ദേഹം ശൂദ്രരെ അയിത്താചരത്തിനെതിരെയും ജാതിയുടെ കോട്ടകള്‍ക്കെതിരെയും ഉണര്‍ത്തി. മഹാത്മാ ഫൂലെയെപ്പോലെത്തന്നെ തരംതാഴ്ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ വ്യാപനത്തിനും സാമൂഹ്യ പരിഷ്‌ക്കരണത്തിനും അദ്ദേഹം പ്രാധാന്യം നല്‍കി. ഹിന്ദുയിസത്തിന് ഒരു ബദല്‍ സംസ്‌ക്കാരമെന്നനിലയില്‍ അദ്ദേഹം മട്‌വമതം സ്ഥാപിക്കുകകയും ലക്ഷക്കണക്കിനാള്‍ക്കാര്‍ അതിനെ ആശ്ലേഷിക്കുകയും ചെയ്തു. മട്‌വമതം ജാതിയെയും ബ്രാഹ്മണരുടെ മേല്‍ക്കോയ്മയേയും നിരാകരിച്ചിരുന്നു. എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ മട്‌വ പ്രഖ്യാപി ച്ചിരുന്നു. ചണ്ഡാലരുടെ സാമൂഹ്യജീവിതം ചിട്ടപ്പെടുത്തുന്നതിനായി ഒരു പുതിയ പെരുമാറ്റചട്ടം മട്‌വ പ്രദാനം ചെയ്തിരുന്നു. മറ്റു സമുദായ ങ്ങളില്‍ നിന്നുപോലും ആദരവു ലഭിക്കുന്നതിനായി വിദ്യഭ്യാസം ചെയ്യുക, സമ്പാദിക്കുക, ബഹുമാനിതനാവുക എന്നിവയായിരുന്നു മട്‌വയുടെ സ്ഥാപകന്‍ ഹരിച്ചന്ദ് താക്കൂര്‍ നല്‍കിയ മൂന്ന് കല്‍പ്പനകള്‍. ഔപചാരികമായ ആചാരങ്ങളെ മട്‌വ മതം വിലക്കിയിരുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ചണ്ഡാലര്‍ക്ക് സാമൂഹ്യാദരവിനും സാമൂഹ്യ മുന്നേറ്റത്തിനും പുതിയൊരു അവബോധത്തിന്റെ ഉരുത്തിരിയലിനു മാവശ്യമായ പ്രതീക്ഷ അതു നല്‍കിയിരുന്നു. 

തത്വത്തില്‍ മത്‌വ മതം ബ്രാഹ്മണിസത്തിന് മാരകമാംവിധം എതിരായി രുന്നു. മട്‌വ മതത്തിന്റെ പന്ത്രണ്ടു കല്‍പ്പനകള്‍ മനുഷ്യത്വത്തെ പരിരക്ഷിക്കുന്നതിനുളള മാര്‍ഗ്ഗദായകതത്വങ്ങളായിരുന്നു. ഹരിച്ചന്ദ് താക്കൂറിന്റെ പ്രസ്ഥാനം പിന്നീട് മുന്നോട്ടുകൊണ്ടുപോയത് അദ്ദേഹ ത്തിന്റെ സാമൂഹ്യവിപ്ലവകാരിയായ മകന്‍ ഗുരുച്ചന്ദ് താക്കൂര്‍ (1846-1936) ആയിരുന്നു. 1846 ലാണ് അദ്ദേഹം ജനിച്ചത്. തന്റെ പിതാവിനെ പ്പോലെ തന്നെ ഗുരുച്ചന്ദും അയിത്തജാതിക്കാരെ അവരുടെ ഉയര്‍ച്ച യ്ക്കായി സംഘടിപ്പിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരും തരംതാഴ്ത്തപ്പെട്ട വരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യഭ്യാസം വ്യാപിപ്പിക്കുന്നതിന് അദ്ദേഹവും കൂടുതല്‍ ഊന്നല്‍ നല്‍കി. തന്റെ വീട്ടില്‍ത്തന്നെ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ച അദ്ദേഹം ഒറാകണ്ടിയില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ സ്ഥാപിച്ചു. അവിടത്തെ പ്രഥമാധ്യാപകന്‍ അദ്ദേഹ ത്തിന്റെ മകനായിരുന്നു. തരംതാഴ്ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ക്കിടയിലെ വിധവാവിവാഹത്തെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ശൈശവ വിവാഹത്തെ എതിര്‍ക്കുകയും ചെയ്തു. അയിത്തജാതിക്കാരെ ഉണര്‍ത്തുന്നതിനും സംഘടിപ്പിക്കുന്നതിനുമായി അദ്ദേഹം 'നമോശൂദ്രാ സര്‍ഹിത്' എന്ന മാസിക തുടങ്ങുകയും ആറുവര്‍ഷത്തോളം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ബംഗാള്‍ വിഭജനത്തിനെതിരായി ഉയര്‍ന്നജാതിക്കാരുടെ നേതൃ ത്വത്തില്‍ പ്രക്ഷോഭം (ബംഗോ ഭംഗോ ആന്ദോളന്‍) നടന്ന കാലത്ത് ആ പ്രക്ഷോഭത്തിലും തുടര്‍ന്നുളള വിദേശവസ്തുക്കള്‍ ബഹിഷ്‌ക്കരിക്കു വാനുളള ആഹ്വാനത്തിലും സഹകരിക്കുന്നതിന് നമോശൂദ്രര്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവായ സുരേന്ദ്രനാഥ ബാനര്‍ജിക്ക് ശക്തമായ ഒരു കത്ത് ഗുരുച്ചന്ദ് താക്കൂര്‍ എഴുതി. അതില്‍ ഇപ്രകാരം പ്രസ്താവിച്ചിരുന്നു. 'നമോശൂദ്രര്‍ പാവപ്പെട്ട ജനങ്ങളാണ്. അവര്‍ ആഡംബരത്തില്‍ മുഴുകുന്നില്ലെന്നു മാത്രമല്ല, അവര്‍ക്കതിനെ ക്കുറിച്ച് അറിയുക പോലുമില്ല. അവരുപയോഗിക്കുന്ന ഒരേയൊരു വിദേശ വസ്തു ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വസ്ത്രങ്ങളാണ്. ഈ ബഹിഷ്‌ക്കരണ സമരം അതിനാല്‍ പൂര്‍ണ്ണമായും അവര്‍ക്കെതിരായി നില്‍ക്കുന്നു. നമോശൂദ്രര്‍ ഇപ്പോഴും രാഷ്ട്രീയാവകാശങ്ങള്‍ ആര്‍ജ്ജിക്കു ന്നതിന് കഴിവോ ഗുണമോ ഇല്ലാത്തവരാണ്. മാത്രമല്ല അവരുടെ സ്വന്തം നാട്ടില്‍ നിഷ്‌ക്കരുണമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയരുമാണ്. അവര്‍ക്ക് രാഷ്ട്രീയാവകാശങ്ങള്‍ നല്‍കുന്നതിന് ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ മാരകമാംവിധം എതിരുമാണ്. അതിനാല്‍ അവര്‍ താഴ്ന്ന ജാതിക്കാരുമായി ഒരു സാഹോദര്യത്തിന്റെ മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കുക തന്നെ വേണം. അല്ലാത്തപക്ഷം ബ്രിട്ടീഷുകാര്‍ ക്കെതിരെ നടത്തുന്ന ഒരൊറ്റ സമരത്തിലും തരംതാഴ്ത്തപ്പെട്ടവരും താഴ്ന്നജാതിക്കാരുമായ ജനത ഉയര്‍ന്ന ജാതിക്കാരുമായി ഒരിക്കലും സഹരിക്കില്ല'.5

1906 ല്‍ നമോശൂദ്രര്‍ സുവ്യക്തമാം വിധം എടുത്ത പ്രതിജ്ഞയിതാണ്, 'ബ്രഹ്മണരുടേയും ക്ഷത്രിയരുടേയും വൈശ്യരുടേയും വെറുതേയുളള വെറുപ്പും അനിഷ്ടവും കൊണ്ടുമാത്രം നമോശൂദ്രസമുദായം പിന്നോക്കാ വസ്ഥയില്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍ അവരോടോ അവരുടെ പ്രക്ഷോഭങ്ങളോടോ ഏറ്റവും പരിമിതമായ സഹാനുഭൂതിപോലും നമോശൂദ്രസമുദായത്തിനില്ല...' താക്കൂറിന്റെ ഈ വീക്ഷണകോണ്‍, മഹാത്മാ ഫൂലെയുടെയും, പെരിയാറിന്റേയും, രാജര്‍ഷി സാഹു മഹാരാജിന്റേയും, ഡോ. അംബേദ്ക്കറുടേയും വീക്ഷണകോണുകളുമായി തികഞ്ഞ സദൃശ്യതയുളളതാണ്. 

1908 മാര്‍ച്ചിലെ നമോശൂദ്രരുടെ സമ്മേളനം അവരുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കണമെന്നതുള്‍പ്പെടെയുളള നിരവധി പ്രമേയങ്ങള്‍ പാസ്സാക്കി. 1918 ല്‍ ഉയര്‍ന്ന ജാതിക്കാരുടെ രാഷ്ട്രീയമായ മേല്‍ക്കോ യ്മയെ പ്രതിരോധിക്കുന്നതിനായി സാമുദായിക പ്രാതി നിധ്യം വേണമെന്ന് നമോശൂദ്രരുടേയും രാജ്ബന്‍സികളുടേയും ഒരു സംയുക്ത യോഗം ആവശ്യപ്പെട്ടു. 1929 ജനുവരി 21 ബംഗാളിലെ മര്‍ദ്ദിത വിഭാഗങ്ങളുടെ പോരാട്ടചരിത്രത്തിലെ ഒരു സുവര്‍ണ്ണദിനമായിരുന്നു. ആ ദിവസം ബംഗാള്‍ ഡിപ്രസ്സ്ഡ് ക്ലാസ്സസ് അസോസിയേഷനും, ആള്‍ ബംഗാള്‍ നമോശൂദ്ര അസോസിയേഷനും പ്രത്യേകം പ്രത്യേകമായി സൈമണ്‍ കമ്മീഷനു മുമ്പാകെ നിവേദനം സമര്‍പ്പിക്കുകയും മുഖദാവില്‍ ആവശ്യങ്ങളുന്നയിക്കുകയും ചെയ്തു. സൈമണ്‍കമ്മീഷനു മുമ്പാകെയുളള നിവേദക സംഘത്തില്‍ പ്രമുഖ അഭിഭാഷകനായിരുന്ന മുകുന്ദ ബെഹാരി മുളളിക്, നമോശൂദ്ര അസോസിയേഷന്റെ പ്രസിഡന്റായ റായ് സാഹിബ് സിര്‍ക്കാര്‍, ധനന്‍ജയ് റോയ്, മന്‍മോഹന്‍ദാസ്, ജയഗോപാല്‍ ബിശ്വാസ്, ബിരാട് ചന്ദ്രമണ്ഡല്‍, രാധന്‍ നാഥ് ദാസ്, ഭരത്ചന്ദ്രസിര്‍ക്കാര്‍, രസിക് ലാല്‍ ബിശ്വാസ്, ബനമാലി ദാസ് എന്നിവരുള്‍പ്പെട്ടിരുന്നു.6 ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലും ഭരണസംവിധാനത്തിലും വിശ്വാസം വരുന്നതിനായി കോടതിയിലും ജുഡീഷ്യറിയിലും പ്രാതിനിധ്യമുള്‍പ്പടെ നിരവധി സാമൂഹ്യരാഷ്ട്രീയ ജുഡീഷ്യല്‍ പരിഷ്‌ക്കരണങ്ങള്‍ക്കൊപ്പം, അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക സമ്മതിദാനാവകാശവും ഈ നിവേദനം ആവശ്യപ്പെട്ടു. 

ബംഗാളിലെ ബ്രിട്ടീഷ് ഭരണകാലത്ത്, ബ്രാഹ്മിണ്‍ ഹിന്ദുഭരണവും ബ്രിട്ടീഷ് ഭരണവും തമ്മിലുളള പെരുമാറ്റ വ്യത്യാസം അയിത്തജാതിക്കാര്‍ തിരിച്ചറിയുകയുണ്ടായി. അതിനാല്‍ 'പതാക''എന്ന ഒരു നമോശൂദ്ര പ്രസിദ്ധീകരണം1916 ലെ അതിന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി. '.....ഹിന്ദു സമുദായത്തിനുമേല്‍ ഭരണം നടത്തിയ അന്ധരായ ഹിന്ദു രാജാക്കന്മാരാല്‍ ഞങ്ങള്‍ നിദ്രയിലേയ്ക്കു തളളിയിടപ്പെട്ടു. ഇന്നു ഞങ്ങള്‍, ജാതിയിലല്ലാതെ മനുഷ്യസമത്വത്തില്‍ വിശ്വസിക്കുന്ന പ്രതാപശാലികളായ ബ്രിട്ടീഷുകാരുടെ ദയാവായ്പിനാല്‍ ആ മയക്കത്തില്‍ നിന്നും വിളിച്ചു ണര്‍ത്തപ്പെട്ടിരിക്കുകയാണ്.... 7

1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടനുസരിച്ച് 1937 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സ്വന്തം ജാതി നേതാക്കളെ മാത്രം തെരെഞ്ഞെടു ക്കുവാന്‍ പ്രതിജ്ഞാബദ്ധരായിരുന്ന കോണ്‍ഗ്രസ്സിനേയും ഹിന്ദു മഹാ സഭയേയും, നമോശൂദ്രരും രാജ്ബന്‍സികളും ഒരുപോലെ നിരാകരിച്ചു. 1942 ല്‍ ഡോ.അംബേദ്ക്കര്‍ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍, ആ വിമോചന പ്രസ്ഥാന ത്തില്‍ ഈ സമുദായങ്ങള്‍ അണിചേര്‍ന്നു. ഷെഡ്യൂള്‍സ് കാസ്റ്റ് ഫെഡറേഷന്റെ ബംഗാള്‍ പ്രവിശ്യയുടെ പ്രസിഡന്റായിരുന്ന ജോഗീന്ദ്രനാഥ് മണ്ഡലിലൂടെ ഈ പ്രക്രിയയുടെ ഗതിവേഗം കൂടി. കിഴക്കന്‍ ബംഗാളില്‍ നമോശൂദ്ര പ്രസ്ഥാനം അതിശക്തമായിരുന്നു. അതിനാലാണ് 1946 ല്‍ കോണ്‍സ്റ്റിറ്റി യുന്റ് അസംബ്ലിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ ശരത്ചന്ദ്രബോസിനെ തോല്‍പ്പിച്ച് കൊണ്ട് ഡോ. അംബേദ്ക്കര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ കഴിഞ്ഞത്.

എന്നാല്‍ ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് നമോശൂദ്രര്‍ക്ക് ഏറെ ആധിപത്യ മുണ്ടായിരുന്ന ബകര്‍ഗഞ്ച്, ഫരീദ്പൂര്‍, ജഷോര്‍, കുല്‍നാ അതുപോലെ രാജ്ബന്‍സികള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ദിനാജ്പൂര്‍, റാണ്‍പൂര്‍ എന്നിവ കിഴക്കന്‍ പാകിസ്ഥാനു കൈമാറി. എന്തുകൊണ്ടാണ് നമോശൂദ്രര്‍ ഇടതിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശങ്ങള്‍ ഹിന്ദുക്കള്‍ പാകിസ്ഥാനു കൈമാ റിയത്? എന്തുകൊണ്ടാണ് ഗാന്ധിയടക്കമുളള കോണ്‍ഗ്രസ്സുകാര്‍ ഇതിനെ എതിര്‍ക്കാതിരുന്നത്? ഇവ പ്രത്യേക പരിശോധന ആവശ്യമുളള ഗുരുതരമായ ചോദ്യങ്ങളാണ്. സാധ്യതയുളള ഒരു ഉത്തരമിതാണ്. കോണ്‍ഗ്രസ്സിന്റെ ശക്തമായ പ്രതിരോധത്തെ തകര്‍ത്തുകൊണ്ട് ഡോ. അംബേദ്ക്കറെ ഭരണഘടനാ നിര്‍മ്മാണ സഭയിലേയ്ക്ക് തെരഞ്ഞെടു ത്തയച്ച അദ്ദേഹത്തിന്റെ വീറുറ്റ പ്രവര്‍ത്തകരെ ശിക്ഷിക്കുവാനും വടക്കു കിഴക്കു മേഖലയിലെ ഡോ. അംബേദ്ക്കറുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുവാനുളള ഒരു കോണ്‍ഗ്രസ്സ് ഗൂഢാലോചനയായിരുന്നു അത്. 

പാകിസ്ഥാനിലായിപ്പോവുയോ അഥവാ പാകിസ്ഥാനിലേക്ക് നിര്‍ബന്ധിച്ചു മാറ്റുകയോ ചെയ്യപ്പെട്ട വമ്പിച്ചൊരു വിഭാഗം അയിത്തജാതിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യാവിഭജനം അവര്‍ക്ക് ഭീകരമായ ഒരവസ്ഥ സൃഷ്ടിച്ചു. അത് അവരെ അവരുടെ പിതൃഭൂമിയില്‍ നിന്നും വേരോടെ പിഴുതെടുത്തു. അതിന്റെ പരിണിതഫലമായി അവരില്‍ നിരവധിപേര്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി കുടിയേറി. കിഴക്കന്‍ ബംഗാളിലെ അവസാനത്തെ ബ്രിട്ടീഷ് ഗവര്‍ണ്ണറായിരുന്ന എഫ്.സി. ബോര്‍ണി 1950 ല്‍ രേഖപ്പെടുത്തിയത് 'വിഭജനാനന്തര അക്രമങ്ങള്‍ നിരവധി നമോശൂദ്രരെ അവരുടെ ജീവനും ധരിച്ച വസ്ത്രങ്ങള്‍ക്കുമുപരിയായി മറ്റൊന്നുമില്ലാത്ത വരാക്കി'8 എന്നാണ്.

ഇത്തരം തെറ്റിപ്പിരിയലുകളുടെയെല്ലാം ആത്യന്തിക ഫലമായി ഡോ. അംബേദ്ക്കറുടെ ശക്തമായ കോട്ടയായിരുന്ന ബംഗാളിലെ നമോശൂദ്ര പ്രസ്ഥാനം തകര്‍ന്നടിയുകയും നല്ലൊരു വിഭാഗം ജനങ്ങള്‍ പാകിസ്ഥാനി ലേക്ക് പോകുവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇന്നത്തെ ബംഗ്ലാദേശില്‍ നല്ലൊരുവിഭാഗം നമോശുദ്രരുണ്ട്. ഹരിചന്ദ്-ഗുരുച്ചന്ദു മാരുടെ ജന്മ വാര്‍ഷികം വലിയ രീതിയില്‍ ഇന്നും അവിടെ ആഘോഷി ക്കുന്നുണ്ട്. 

വിഭജനത്തിനു മുമ്പുളള കാലഘട്ടത്തില്‍ ജോഗേന്ദ്രനാഥ് മണ്ഡല്‍ കിഴക്കന്‍ ബംഗാളിലെ മന്ത്രിയും ഇന്ത്യാഗവണ്‍മെന്റില്‍ സെന്‍ട്രല്‍ ലെജിസ്‌ളേച്ചറില്‍ ലാ മെമ്പറുമായിരുന്നു. ഇടക്കാല ഗവണമെന്റില്‍, 1946 സെപ്റ്റംബര്‍ 26 ന് അദ്ദേഹം മുസ്ലീം ലീഗിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനും അതുപോലെ മുസ്ലീം ലീഗും അദ്ദേഹത്തിന് ബോംബെയില്‍ വമ്പിച്ചൊരു സ്വീകരണം നല്‍കി. ഡോ. അംബേദ്ക്കറുടെ ഷെഡ്യൂള്‍സ് കാസ്റ്റ് ഫെഡറേഷന്റെ ഭാരവാഹി യായിരുന്നു മണ്ഡലെങ്കില്‍ക്കൂടി, 1946 ഡിസംബര്‍ 23 ന്, ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ ഒരു അഭിമുഖ്യത്തില്‍ പാകിസ്ഥാന്‍ രൂപീകരണ ത്തിനെതിരായുളള ഡോ. അംബേദ്ക്കറുടെ അഭിപ്രായവുമായി വിയോജിച്ചു. വിഭജനകാര്യത്തില്‍ മണ്ഡല്‍ ജിന്നയുടെ തന്ത്രങ്ങളുമായി യോജിപ്പു കാട്ടുകയും പാകിസ്ഥാന്‍ കോണ്‍സ്റ്റിറ്റിയുന്റ് അംസബ്ലിയില്‍ ചേരുകയം ചെയ്തു. 1947 ആഗസ്റ്റ് 11 ന് പാകിസ്ഥാന്‍ കോണ്‍സ്റ്റിറ്റി യുന്റ് അംസബ്ലി ജിന്ന ഉദ്ഘാടനം ചെയ്തപ്പോള്‍ മണ്ഡല്‍ അതിന്റെ താല്‍ക്കാലിക ചെയര്‍മാനായി അവരോധിതനാവുകയും അനന്തരം പാകിസ്ഥാന്‍ കാബിനറ്റിലെ ഒരംഗമായി മാറുകയും ചെയ്തു. 

1951 ല്‍ മണ്ഡല്‍ ഇന്ത്യയിലേക്കു തിരിച്ചുവരികയും പര്‍ഗാനാ ജില്ലയിലെ നോര്‍ത്ത് 24, മച്ചിലാന്ത്പൂര്‍ ല്‍ താമസമാക്കുകയും ചെയ്തു. 1963 ല്‍ അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പശ്ചിമബംഗാള്‍ ഘടകം രൂപീകരിക്കുകയും മരണംവരെ അതിന്റെ പ്രസിഡന്റായി തുടരുകയും ചെയ്തു. 1967 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി ബരാസാത് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുകയും ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്തു. 1968 ഒക്‌ടോബര്‍ 5 ന് ഒരു ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 

ഡോ.അംബേദ്ക്കറുടെ ജീവിതകാലത്ത് 1950 നും 1956 നുമിട ക്കുളള കാലഘട്ടത്തില്‍, കഠിനമായ ജോലിഭാരവും മോശപ്പെട്ട ആരോഗ്യവും കാരണം ഇടയ്ക്കിടെ ബംഗാളില്‍പ്പോയി അവിടെയുളള ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ പ്രവര്‍ത്തകരുമായി നേരിട്ടുബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ജോഗേന്ദ്രനാഥ് മണ്ഡല്‍ പ്രസ്ഥാനത്തെ നയിച്ചിരുന്നിടത്തോളം കാലം, ദലിതര്‍ക്കിടയില്‍ അവിടെ മറ്റൊരു പ്രസ്ഥാനത്തിനും സാധ്യതയില്ലായിരുന്നു. എന്നാല്‍ ബംഗാള്‍ വിഭജന ത്തിലൂടെ വലിയൊരു വിഭാഗം നാമശൂദ്രരെ പാകിസ്ഥാനിലുള്‍ പ്പെടുത്തിയത് ശക്തമായ ചണ്ഡാല്‍ -നമോശൂദ്രപ്രസ്ഥാനത്തെ നശിപ്പിച്ചു. രണ്ടാമതായി, പാകിസ്ഥാനില്‍ ചേരുവാനുളള മണ്ഡലിന്റെ തീരുമാനം ദലിതര്‍ സ്വാഗതം ചെയ്യാത്തതിനാല്‍, അദ്ദേഹം തിരികെ വന്നപ്പോള്‍ ദലിതരുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന പദവി വീണ്ടും ആസ്വദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിന്റെ പരിണിതഫലമായി ബംഗാളിലെ ഇടതുപക്ഷശക്തികള്‍ ദലിതര്‍ക്കിടയില്‍ ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ട് ആ ശൂന്യസ്ഥലം കൈയ്യേറുകയുണ്ടായി. 

ബംഗാളിലെ നമോശൂദ്രപ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് ഒരു സുപ്രധാന കാരണം കൂടിയുണ്ട്. അത് ഹിന്ദുമഹാസഭയുടെ ബാനറില്‍ ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ പരിശ്രമങ്ങളാണ്. 1939 മുതല്‍ തന്നെ, നമോശൂദ്ര വിഭാഗത്തിലെ ചില ചട്ടുകങ്ങളെ ഉപയോഗിച്ചുകൊണ്ട് നമോശൂദ്രര്‍ ക്കിടയിലെ സ്വതന്ത്രമായി നില്‍ക്കുവാനുളള മനോഭാവത്തെ ഇല്ലാതാക്കു വാനും മറിച്ച് അവര്‍ ഹിന്ദുസമൂഹത്തിലെ ഒരവിഭാജ്യഘടകമാണെന്നു തോന്നിപ്പിക്കുവാനുമുളള പ്രവര്‍ത്തനങ്ങള്‍ ഹിന്ദുമഹാസഭ ചെയ്തു പോന്നു. പട്ടികജാതിക്കാരുടെ സാമൂഹ്യാസ്തിത്വത്തിന്റെ ഈ ഹൈന്ദവ വല്‍ക്കരണം നിരവധി വര്‍ഗ്ഗീയലഹളകള്‍ക്കു കാരണമായി. 1941 മാര്‍ച്ച് 20 ന് കുല്‍നായില്‍ അത്തരത്തിലൊരു പ്രധാനവര്‍ഗ്ഗീയ സംഘര്‍ഷം നടക്കുകയും നമോശൂദ്രരുടെ ഒരു ഗ്രാമവും മുസ്ലീങ്ങളുടെ ഒരു ഗ്രാമവും സമ്പൂര്‍ണ്ണമായും ചുട്ടെരിക്കപ്പെടുകയും ചെയ്തു. പട്ടികജാതിക്കു വേണ്ടിയുളള ഹിന്ദുവികാരം ഹിന്ദുമഹാസഭയുടെപേരില്‍ ഉയര്‍ന്നു വന്നതിനൊപ്പം തന്നെ മണ്ഡലിന്റെ മുസ്ലീം അനുകൂല നിലപാടുകാരണം പട്ടികജാതിക്കാരിലെ പ്രമുഖരായ നിരവധി ഗ്രൂപ്പുകള്‍ മണ്ഡലിന്റെ നേതൃത്വത്തെ തിരസ്‌ക്കരിക്കുന്നതിനും ഇടയാക്കി. 

ബംഗാളിലെ അയിത്ത ജാതിക്കാരുടെ പ്രസ്ഥാനത്തിന്റെ കരു ത്തിനക്കു റിച്ചുളള ഏറ്റവും മഹത്തായ തെളിവാണ് സ്വാതന്ത്ര്യത്തിനുമുന്‍പുളള കാലഘട്ടത്തില്‍ ഭരണഘടനാസമിതിയിലേക്ക് ബംഗാളില്‍ നിന്നുമുളള ഡോ. അംബേദ്ക്കറുടെ തെരഞ്ഞെടുപ്പ്. ബംഗാളിലെ അയിത്തജാതികള്‍ ജാതിഹിന്ദുക്കളുമായി സാമൂഹ്യമായോ സാംസ്‌കാരികമായോ ഒരിക്കലും സാത്മ്യം പ്രാപിച്ചിട്ടില്ലായിരുന്നു. നമോശുദ്ര പ്രസ്ഥാനം തുടക്കത്തില്‍ രാഷ്ട്രീയ അജണ്ടയെ കേന്ദ്രീകരിച്ചില്ലെങ്കിലും കാലക്രമത്തില്‍ അവരുടെ രാഷ്ട്രീയവകാശങ്ങള്‍ക്കുവേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ പോരാടി. വിദ്യാഭ്യാസം ലഭ്യമായതും, തങ്ങളുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവശതകളെക്കുറിച്ചുളള ബോധവും അവരെ പോരാട്ടം നയിക്കാന്‍ പ്രേരിപ്പിച്ചു. ജെ. എന്‍. മണ്ഡലിനാലും മറ്റു നേതാക്കളായും സഹായി ക്കപ്പെട്ടതും ഡോ. അംബേദ്ക്കറുടെ ദേശീയ നേതൃത്വത്തിന്‍ കീഴിലുണ്ടായി രുന്നതുമായ പട്ടികജാതി ഫെഡറേഷനായിരുന്നു ബംഗാളിലെ അയിത്ത ജാതിക്കാരുടെ മുഖ്യ ശബ്ദം. എന്നാല്‍ ഡോ. അംബേദ്ക്കറുടെ വിയോഗ വും ഇന്ത്യാ വിഭജനവുമെന്ന രണ്ടു ദുരന്തസംഭവങ്ങളാല്‍ ഇന്നും 'ദുര്‍ഗ'യില്‍ നിന്നും 'ബ്രാഹ്മണിക മനോഭാവ'ത്തില്‍ നിന്നും വിമുക്ത രാകാത്ത ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഇടം നല്‍കിക്കൊണ്ട് നമോശൂദ്ര രുടെ ശക്തമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് തിരശ്ശീല വീണു.