"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

അംബേഡ്കര്‍: സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിനായുള്ള പരിശ്രമങ്ങള്‍ - സുരേഷ് മാനേ

1. ഡോ.അംബേദ്ക്കറുടെ അതിപ്രധാനമായ പരിശ്രമം ബഹുജന്‍സമാജിന്റെ വിമോചന പ്രസ്ഥാനത്തിന് ദേശീയതലത്തില്‍ത്തന്നെ പ്രത്യയശാസ്ത്രപരമായ അടിത്തറയും സംഘടനാപരമായ ഘടനയും രൂപീകരി ക്കുകയായിരുന്നുവെന്നുമാത്രമല്ല, അതിനെ മുന്നില്‍ നിന്നു നയിക്കുകയും കൂടിയാ യിരുന്നു.

2. മഹാത്മാ ഫൂലെ, സാഹുജി മഹാരാജ്, നാരായണഗുരു, ഗുരുചരണ്‍ താക്കൂര്‍ എന്നിവരെപ്പോലെതന്നെ, ഡോ.അംബേദ്ക്ക റും ബഹുജന്‍സമാജിന്റെ അധികാര വല്‍ക്കരണത്തിനുള്ള മുഖ്യ ആയുധമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി.

3. ശൂദ്രരുടേയും അതിശൂദ്രരുടേയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം പരിഷ്‌ക്കരണപരവും പ്രകോപന പരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് കുന്തമുനയായി വര്‍ത്തിച്ചു. 1927 ലെ ചൗദാര്‍ കുളം സത്യാഗ്രഹം, 1927 ഡിസംബര്‍ 25 ന് മനുസ്മൃതി കത്തിക്കല്‍, 1930 ലെ ക്ഷേത്രപ്രവേശന സമരം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. 

4. അദ്ദേഹം സെമീന്ദാരി അഥവാ ഘോട്ടി സമ്പ്രദായം, മഹര്‍ വതന്‍ തുടങ്ങിയവ നിര്‍ത്തലാക്കാനായി പോരാട്ടങ്ങള്‍ നയിച്ചു.

5. സാമൂഹ്യവ്യവസ്ഥയുടെ ഇരകളായ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി രാഷ്ട്രീയ സംഘടനകളും പ്രത്യേകസമ്മതിദാനാവകാശവും ലഭ്യമാക്കുന്നതിനായി വ്യത്യസ്തമായ പൊതുപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശൂദ്രര്‍ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ചൂഷണങ്ങ ളേയും അതിക്രമങ്ങളേയും അനീതിയേയും അസമത്വത്തേയും അവസാനി പ്പിക്കുന്നതിനായി അവര്‍ക്ക് പ്രത്യേക വാസസ്ഥല പദ്ധതിക്കായി അദ്ദേഹം ആവശ്യപ്പെട്ടു.

6. കാര്‍ഷിക- വ്യാവസായിക മേഖലകളിലെ പുനഃക്രമീകരണത്തിനുവേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തെ മാത്രമല്ല മറിച്ച് സാമൂഹ്യ സാമ്പത്തിക ജീവിതത്തേയും ക്രമീകരിക്കാന്‍ കഴിയുന്ന ഭരണഘടനാപരമായ സംരക്ഷണോപാധി കളുടേയും ക്രമീകരണങ്ങളുടേയും ആവശ്യകത അദ്ദേഹത്തിന് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.

ഫൂലെയേയും നാരായണഗുരുവിനേയും സാഹുജി മഹാരാജിനേയും പോലെ തന്നെ, തന്റെ പോരാട്ടങ്ങളുടെ ആദ്യനാളുകളില്‍ അദ്ദേഹം താഴ്ന്നജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. തന്റെ ആദ്യ സാമൂഹ്യ സംഘടനയ്ക്ക് 1924 ജൂലൈ 20 ന് അദ്ദേഹം രൂപംകൊടുത്തു. 1928 ല്‍ പുറംജാതിക്കാരുടെ ക്ഷേമത്തിനായുള്ള ബഹിഷ്‌കൃത ഹിതകാരിണി സഭ എന്ന സംഘടന യുടെ6മ പേരില്‍, അടിച്ചമര്‍ത്തപ്പെട്ടവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആത്മാര്‍ത്ഥതയുള്ളപക്ഷം താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈമണ്‍ കമ്മീഷന് നിവേദനം നല്‍കി.

1. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ പബ്ലിക് സര്‍വ്വീസുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക.

2. പിന്നോക്കവിഭാഗങ്ങള്‍ക്കായി ഹോസ്റ്റലുകള്‍ പോലെയുള്ള പ്രത്യേക പരിരക്ഷകള്‍ ഒരുക്കുകയും അവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്യുക.

3. പ്രാഥമിക വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുക.

4. വിദ്യാഭ്യാസച്ചെലവുകള്‍ കഴിയുന്നത്ര ലഘൂകരിക്കാനായി ആവുന്നത്ര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക

5. വിദ്യാഭ്യാസസ്ഥാപനങ്ങളും ബോര്‍ഡുകളും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ അവഗണിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി സര്‍ക്കാര്‍ ചില പരിശോധനാ വിഭാഗങ്ങളെ ഏര്‍പ്പെടുത്തുക

1937 ലെ പൊതു തെരെഞ്ഞെടുപ്പുവേളയില്‍ അദ്ദേഹം രൂപീകരിച്ച ഇന്‍ഡിപ്പെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പു പത്രികയില്‍ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പി ച്ചിരുന്നു. നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പിന്നോക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സ്‌കോളര്‍ഷിപ്പുകള്‍, സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനു പുറമേ സര്‍വ്വകലാശാലാ വിദ്യാഭ്യാസം പുനക്രമീകരിക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം തുടങ്ങിയവ അവയിലുള്‍പ്പെട്ടിരുന്നു. 1945 ജൂലൈ 8 ന് അദ്ദേഹം ബോംബേയില്‍ പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുകയും അതിന്റെ നിയന്ത്രണത്തില്‍ സിദ്ധാര്‍ഥ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, ബോംബേയിലെ സിദ്ധാര്‍ഥ് ലാ കോളേജ്, ഔറംഗാബാദിലെ മിലിന്ദ് കോളേജ് എന്നിവ സ്ഥാപിക്കുകയും ചെയ്തു. ബഹുജനങ്ങള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചു വെങ്കില്‍ക്കൂടി, അവരുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.

1952 ല്‍ അദ്ദേഹം ആധുനികകാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കുവേണ്ടി പ്രാപ്തരാകുവാന്‍ അടിച്ചമര്‍ത്തപ്പെട്ട വിദ്യാര്‍ഥികളെ സജ്ജരാക്കാനായി അവര്‍ക്ക് സര്‍വ്വകലാശാലാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ആവശ്യ കതയ്ക്കായി പോരാടി. അദ്ദേഹം സര്‍വകലാശാലകളെ വെറും ഗുമസ്ത പരിശീലന കേന്ദ്രങ്ങളല്ല, മറിച്ച് അറിവിന്റെ അക്ഷയഖനികളെന്നു വിളിച്ചു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഏതാനും പട്ടികജാതി വിദ്യാര്‍ഥികളെ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തയയ്ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

അങ്ങനെ നമുക്ക് ചുരുക്കത്തില്‍ നിരീക്ഷിക്കാന്‍ കഴിയുന്നത് എല്ലാ മഹാന്മാരായ സാമൂഹ്യവിപ്ലവകാരികളേയും പൊതുവായി ബന്ധിപ്പി ക്കുന്ന ഒരു കണ്ണിയുണ്ട്. ബഹുജനങ്ങളുടെ വിദ്യാഭ്യാസം. സമൂഹത്തിലെ പിന്നോക്കമായിപ്പോയ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനനുഗുണമായ ഒരു സാഹചര്യം സൃഷ്ടിക്കുവാന്‍ ഇവരെല്ലാവരും കഠിനമായി പോരാടി.