"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

അനുബന്ധം: രാജകീയ വിളംബരവും സ്വദേശാഭിമാനി പത്രവും - ദലിത് ബന്ധു എന്‍ കെ ജോസ്

രാജകീയ വിളംബരം

ശ്രീപദ്മനാഭദാസ വഞ്ചിപാല സര്‍ രാമവര്‍മ്മ കുലശേഖര കിരീടപതി മന്നൈ സുല്‍ത്താന്‍ മഹാരാജ രാമരാജബഹദൂര്‍ ഷംഷര്‍ജംഗ്, നൈറ്റ് ഗ്രാണ്ട് കമാണ്ഡര്‍ ഓഫ് ദി മോസ്റ്റ് എക്‌സാള്‍റ്റൈഡ് ആഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇന്ത്യാ, നൈറ്റ് ഗ്രാണ്ട് കമാണ്ഡര്‍ ഓഫ് ദി മോസ്റ്റ് എമിനെന്റ് ആഡര്‍ ഓഫ് ദി ഇന്ത്യന്‍ എംപയര്‍, എഫ്.എം.യു, എം.ആര്‍.എ.എസ് ആഫീസര്‍ ദി ലാ ഇന്‍സ്ട്രക്ഷന്‍ പബ്ലിക് മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന

വിളംബരം

തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന *സ്വദേശാഭിമാനി* എന്ന വര്‍ത്തമാനപത്രത്തെ അമര്‍ച്ച ചെയ്യുന്നതും, ആ പത്രത്തിന്റെ മാനേജിംഗ് പ്രൊപ്രൈറ്ററും, എഡിറ്ററുമായ കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടില്‍ നിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമാണെന്ന് നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍ മേല്‍പറഞ്ഞ കെ.രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റുചെയ്തു നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കു പുറത്താക്കുകയും, നാം വേറെവിധം ആജ്ഞാപിക്കുന്നതുവരെയ്ക്കും മേല്‍പറഞ്ഞ കെ.രാമകൃഷ്ണപിള്ള നമ്മുടെ സംസ്ഥാനത്തില്‍ തിരിയെ വരികയോ പ്രവേശിക്കയോ ചെയ്യുന്നതിനെ വിരോധിക്കുകയും ചെയ്യണമെന്ന് നാം ഇതിനാല്‍ ആജ്ഞാപിക്കുന്നു. യാതൊരു സ്ഥലത്തും കാണപ്പെടുന്ന 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രത്തിന്റെ എല്ലാ പ്രതികളും, മേല്‍പറഞ്ഞ 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രം അച്ചടിച്ചുവരുന്ന അച്ചടിയന്ത്രവും അതിന്റെ അനുസാരികളും അതിനെ സംബന്ധിച്ച മറ്റു വസ്തുക്കളും നമ്മുടെ ഗവണ്‍മെന്റിലേയ്ക്കു കണ്ടുകെട്ടി എടുക്കപ്പെടണമെന്നും നാം ആജ്ഞാപിക്കുന്നു. മേല്‍ അടങ്ങിയ നമ്മുടെ ആജ്ഞകളെ അനുസരിച്ചോ ആസ്പദമാക്കിയോ അപ്രകാരമെന്നു ഗണിച്ചോ ചെയ്യപ്പെടുന്ന യാതൊരു പ്രവൃത്തിയേയും സംബന്ധിച്ചു നമ്മുടെ ഗവണ്‍മെന്റിന്റെയോ നമ്മുടെ ഗവണ്‍മെന്റിലെ യാതൊരു ഉദ്യോഗസ്ഥന്റേയോ പേരില്‍ സിവിലായോ ക്രിമിനലായോ യാതൊരു വ്യവഹാരത്തിനും ഇടയില്ലാത്തതാകുന്നു എന്നും കൂടി നാം ആജ്ഞാപിക്കുന്നു.
എന്ന്,
1910-ാം വര്‍ഷം സെപ്റ്റംബര്‍ മാസം 26-ാം തീയതിക്ക്
1086-മാണ്ട് കന്നിമാസം 10-ാം തീയതി

അനുബന്ധം 3

സ്വദേശാഭിമാനിയുടെ 34-ാം ലക്കത്തില്‍ രാമകൃഷ്ണപിള്ള നൂറ് ചോദ്യങ്ങളാണ് സദാനന്ദ സ്വാമിയുടെ നേരേ ഉന്നയിച്ചത്. അവ താഴെ കൊടുക്കുന്നു.

1. നിങ്ങളുടെ മതം എന്ത്?
2. ഹിന്ദു മതമാണെങ്കില്‍ നിങ്ങള്‍ വൈഷ്ണവനോ ശൈവനോ ശാക്തേയനോ?
3. വേറെ വല്ല മതശാഖയെ പിന്തുടരുന്ന ആളാണെങ്കില്‍ ആ മതശാഖയേത്?
4. മേല്‍പറഞ്ഞ ദൈവതങ്ങളില്‍ ആരെയെങ്കിലും നിങ്ങള്‍ ആരാധിക്കുന്നുണ്ടെങ്കില്‍ ആ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ചെയ്യുന്നതോ നിങ്ങളുടെ ശിഷ്യന്മാരോടു ചെയ്യാന്‍ ആജ്ഞാപിക്കുന്നതോ ആയ കര്‍മ്മാനുഷ്ഠാനങ്ങള്‍ ഏതൊക്കെ?
5. ബ്രഹ്മനിഷ്ഠ എന്നുവച്ചാല്‍ എന്ത് അര്‍ത്ഥമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
6. ബ്രഹ്മനിഷ്ഠാമഠം ഏതെങ്കിലും ഒരു ദൈവതത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണോ?
7. ഏത് ദൈവത്തെയാണ് നിങ്ങള്‍ മഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്?
8. മഠത്തിലുള്ളവരില്‍ ആര്‍ക്കെങ്കിലും ബ്രഹ്മനിഷ്ഠ സിദ്ധിച്ചിട്ടുണ്ടോ?
9. ബ്രഹ്മനിഷ്ഠാ മഠത്തില്‍ എല്ലാ ജാതി ജനങ്ങളെയും സ്വീകരിക്കുമോ?
10. മഠം പ്രത്യേകം ജാതിക്കായി നിശ്ചയിച്ചിട്ടുള്ളതാണെങ്കില്‍ അവര്‍ ഏതു ജാതിക്കാര്‍?
11. മഠത്തില്‍ പുലയനെയോ പറയനെയോ പ്രവേശിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌വല്ല വിരോധവുമുണ്ടോ?
12. നിങ്ങള്‍ക്ക് പുലയനോ പറയനോ ശിഷ്യന്മാരായിട്ടുണ്ടോ?
13. മഠത്തില്‍ വല്ല പൂജയുമുണ്ടോ?
14. പൂജ നടത്തുന്ന ജനങ്ങള്‍ക്ക് എന്തു യോഗ്യതയുണ്ട്? ആ ആള്‍ ഏത് ജാതിക്കാരന്‍?
15. അത്ര യോഗ്യതയുള്ള ഒരു പുലയനെയോ പറയനെയോ മഠത്തില്‍ പൂജാരിയാക്കുമോ?

16. നിങ്ങളുടെ ശിഷ്യ ഗണത്തില്‍ ചേരുവാന്‍ ഒരുവന് എന്ത് യോഗ്യതകള്‍ വേണം
17. ഇപ്പോഴുള്ള ശിഷ്യന്മാര്‍ക്കൊക്കെ ഈ യോഗ്യതകള്‍ ഉണ്ടോ?
18. ശിഷ്യന്മാരില്‍ ദുര്‍വൃത്തന്മാരില്ലയോ?
19. അവര്‍ ദുര്‍മാര്‍ഗ്ഗങ്ങളെ വെടിഞ്ഞ് നടക്കുന്നുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ?
20. നിങ്ങളുടെ ശിഷ്യന്മാര്‍ക്ക് നിങ്ങള്‍ കല്‍പിച്ചിട്ടുള്ള ഈശ്വര പ്രാര്‍ത്ഥനയുടെ രൂപമെന്ത്?
21. അവന്റെ വീട്ടില്‍ വച്ച് ഈശ്വര ഭജനം ചെയ്തുകൊള്ളാന്‍ നിങ്ങള്‍ അനുവദിച്ചിട്ടുണ്ടോ?
22. നിങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തെയാണൊ മുഖ്യമായി ഗണിച്ചിട്ടുള്ളത്? അതല്ലാ വാക്കുകളെയോ?
23. ക്രിസ്ത്യാനികള്‍ക്കോ മുഹമ്മദിയര്‍ക്കോ നിങ്ങളുടെ മഠത്തില്‍ ചേരാമോ?
24. അങ്ങനെ ചേരുന്നവര്‍ക്ക് നിങ്ങളുടെ ശിഷ്യന്മാര്‍ സമത്വം നല്‍കുമോ?
(ആ ചോദ്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും നായന്മാരേക്കാള്‍ താണവരാണെന്നുള്ള വ്യഗ്യം)
25. നിങ്ങള്‍ ഈ വേല തുടങ്ങിയിട്ട് എത്ര കൊല്ലമായി?
26. ചില്‍സഭ എന്നാല്‍ അര്‍ത്ഥമെന്ത്?
27. ഈ അര്‍ത്ഥത്തെ അനുസരിച്ചാണോ സഭ നടത്തുന്നത്? സഭാംഗങ്ങള്‍ ഇത് ധരിച്ചിട്ടുണ്ടോ?
28. നിങ്ങള്‍ ഏതേത് പ്രദേശത്ത് എത്രപേരെ നിങ്ങളുടെ മതത്തില്‍ ചേര്‍ത്തിട്ടുണ്ട്?
29. അവരില്‍ പ്രധാനപ്പെട്ട ചിലരുടെ പേരുവിവരം പറയാമോ?
30. ഈ മഠങ്ങള്‍ പണിയുവാന്‍ പണം തന്നതാര്?
31. മഠത്തിന്റെ നടപ്പിന് ആഴ്ചതോറുമോ മാസം തോറുമോ മറ്റോ സഭാംഗങ്ങള്‍ വരിപ്പണം തരണമെന്ന് ശട്ടം ചെയ്തിട്ടുണ്ടോ?
32. മഠവും, വേറെ സ്വത്തുണ്ടെില്‍ അതും ആരുടെ പേരില്‍ സമ്പാദിച്ചിരിക്കുന്നു?
33. നിങ്ങളുടെ പേരിലാണെങ്കില്‍ സമാധാനമെന്ത്?
34. നിങ്ങളെ കൂടാതെ വേറെ സ്വാമിമാര്‍ ബ്രഹ്മനിഷ്ഠാമഠം ചിത്സഭയിലുണ്ടോ?
35. നിങ്ങളുടെ ഗുരുഭൂതനാര്?
36. അദ്ദേഹത്തിന്റെ ശിഷ്യന്മാരായി നിങ്ങള്‍ കൂടാതെ വേറെ ആളുകളുണ്ടോ?
37. ഉണ്ടെങ്കില്‍ അവര്‍ എവിടെ പാര്‍ക്കുന്നു?
38. ദേവാലയങ്ങളില്‍ പോയി ആരാധിക്കുന്നതില്‍ നിങ്ങള്‍ ശിഷ്യന്മാരെ വിരോധിക്കാറുണ്ടോ?
39. ഇവിടങ്ങളിലെ ഹിന്ദു ദേവാലയങ്ങള്‍ അസാന്മാര്‍ഗികത്തിന്റെ ഇരിപ്പിടമാണെന്നുള്ള പ്രചാരം വാസ്തവമോ?
40. നിങ്ങള്‍ സ്വാമിയാകുന്നതിന് മുമ്പ് സ്വദേശമായിരുന്ന സ്ഥലമേത്?
41. നിങ്ങളുടെ മാതാപിതാക്കന്മാരാര്? അവര്‍ ഇപ്പോഴുണ്ടോ? അവരുടെ പേരു വിവരം തരാമോ?
42. നിങ്ങള്‍ക്ക് സഹോദരന്മാരോ സഹോദരികളോ ഉണ്ടോ?
43. നിങ്ങള്‍ക്ക് ഏതേത് ഭാഷകളറിയാം?
44. ഏതെങ്കിലുമൊരു പാഠശാലയില്‍ പഠിച്ചിട്ടുണ്ടോ?
45. വല്ല പാഠശാലാ പരീക്ഷയും ജയിച്ചിട്ടുണ്ടോ?
46. എപ്പോളെങ്കിലും ഗവണ്‍മെന്റ് ഉദ്യോഗത്തില്‍ ഇരുന്നിട്ടുണ്ടോ?
47. ഉണ്ടെങ്കില്‍ എന്തുവേല? ഉപേക്ഷിക്കാന്‍ ഹേതുവെന്ത്?
48. നിങ്ങളുടെ പിന്‍വാഴ്ചയായി ഒരു സ്വാമിയെ നിയമിച്ചിട്ടുണ്ടോ?
49. നിങ്ങളുടെ സ്ഥിരവാസം ഏത് സ്ഥലത്ത്
50. രുദ്രാക്ഷം ധരിക്കുന്നതിന്റെ ഉദ്ദേശമെന്ത്?
51. മത്സ്യമോ മാംസമോ ഭുജിക്കുന്നതില്‍ നിങ്ങള്‍ വിരോധം കല്‍പിക്കുന്നുണ്ടോ? കാരണമെന്ത്?
52. നിങ്ങള്‍ മത്സ്യമോ മാംസമോ ഭുജിക്കുമോ.
53. അതിന് വിരോധമെന്ത്?
54. നിങ്ങളുടെ ആഹാരമെന്ത്?
55. പാല്‍ ഉപയോഗിക്കുന്നത് ജീവകാരുണ്യം എന്ന സിദ്ധാന്തത്തിന് അനുകൂലമോ? പശുക്കുട്ടിക്ക് കിട്ടേണ്ട പാലിനെ ബലാല്‍ അപഹരിക്കുന്നത് ധര്‍മ്മമോ? 
56. സസ്യങ്ങള്‍ക്ക് ജീവനില്ലേ?
57. നിങ്ങളുടെ ശിഷ്യന്മാരെല്ലാം സസ്യഭുക്കുകള്‍ എന്നാണോ? അവരില്‍ മാസഭുക്കുകളില്ലേ?
58. നിങ്ങളുടെ ശിഷ്യന്മാരില്‍ മാംസഭോജികളുണ്ടെങ്കില്‍ അത് ജീവകാരുണ്യ വാദത്തിന് അനുകൂലമാണോ?
59. നിങ്ങള്‍ ഏകാദശി, പ്രദോഷം മുതലായ വൃതങ്ങളെ അനുഷ്ഠിക്കാറുണ്ടോ?
60. ഈ വൃതാനുഷ്ഠാനം കൊണ്ട് എന്ത് ഗുണം?
61. ആരോഗ്യസ്ഥിതിയെ ഗണിക്കാതെ ഉപവസിക്കുന്നത് ദോഷാവഹമല്ലേ?
62. നിങ്ങളെ സന്യാസിയാക്കിയതാര്?
63. ഒരു സന്യാസിയുടെ കൃത്യങ്ങളെന്ത്?
64. ഒരു സന്യാസിയുടെ ചിഹ്നങ്ങളെന്ത്?
65. ഇവയില്‍ നിങ്ങള്‍ ഏതേത് ചിഹ്നങ്ങള്‍ ധരിക്കുന്നു.

66. നിങ്ങള്‍ എപ്പോഴെങ്കിലും വിവാഹം ചെയ്തിട്ടുണ്ടോ?
67 വിവാഹം നിങ്ങളുടെ മതസിദ്ധാന്തങ്ങള്‍ക്കു വിപരീതകര്‍മ്മമാണോ?
68. നിങ്ങള്‍ സന്യസിക്കുന്നതിന് മുമ്പ് വിവാഹം ചെയ്തിരുന്നുവെങ്കില്‍ കുട്ടികള്‍ ഉണ്ടായിട്ടുണ്ടോ?
69. നിങ്ങള്‍ സന്യസിക്കാന്‍ ഭാവിച്ചപ്പോള്‍ മാതാപിതാക്കന്മാര്‍ മുതലായവരുടെ ശേഷക്രിയകള്‍ ചെയ്തിട്ടുണ്ടോ?
70. മതകാര്യമല്ലാതെ നിങ്ങള്‍ക്കു വേറെ ഉദ്ദേശമുണ്ടോ?
71. ഉണ്ടെങ്കില്‍ ഏവ?
72. കൃഷി, കൈത്തൊഴില്‍ എന്നിവയെ നിങ്ങളുടെ ഉദ്ദേശങ്ങളില്‍ ചേര്‍ക്കുവാനെന്ത്?
73. നിങ്ങളുടെ ഉത്സാഹത്താല്‍ ഈ നാട്ടിലെ കൃഷിക്ക് എന്ത് സഹായം ചെയ്തിട്ടുണ്ട്?
74. നിങ്ങള്‍ കൈത്തൊഴില്‍ ഏതിനെയെങ്കിലും പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
75. കുളത്തൂര്‍ ബ്രഹ്മനിഷ്ഠാ മഠത്തില്‍ നെയ്ത്തുശാല സ്ഥാപിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ അഭിവൃദ്ധി എത്രമാത്രം? അവിടെ തുണികള്‍ നെയ്യുന്നുണ്ടോ? പട്ടുകള്‍ നെയ്തിട്ടുണ്ടോ? മാതൃക കാണിക്കാമോ?
76. ചില്‍സഭാ സമ്മേളനത്തില്‍ നെയ്ത്തുശാല സ്ഥാപിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ അഭിവൃദ്ധി എത്രമാത്രം? അവിടെ തുണികള്‍ നെയ്യുന്നുണ്ടോ? പട്ടുകള്‍ നെയ്തിട്ടുണ്ടോ? മാതൃക കാണിക്കാമോ?
77. നെയ്ത്ത് അഭ്യസിക്കുന്ന ജാതിക്കാര്‍ ആര്?
78. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് നെയ്തുകൊടുക്കാന്‍ കഴിയുമോ?
79. നിങ്ങള്‍ ധരിക്കുന്ന വസ്ത്രം ഏതു തുണിയാണ്?
80. ഈ നാട്ടുകാര്‍ ഈ നാട്ടിലെ വസ്തുക്കളെക്കൊണ്ട് തൃപ്തിപ്പെടുവാന്‍് കഴിയുന്നതും യത്‌നിക്കണം എന്നാണോ നിങ്ങളുടെ അഭിപ്രായം?
81. നിങ്ങള്‍ അങ്ങനെ നടത്തുന്നുണ്ടോ?
82. നിങ്ങളുടെ നൂലുകള്‍ ഈ നാട്ടില്‍ ഉണ്ടാക്കപ്പെട്ടവയാണോ?
83. നിങ്ങളുടെ മഠങ്ങള്‍ക്ക് രക്ഷാധികാര, ഭാരവാഹിസ്ഥാനം ഏല്‍ക്കണമെന്ന് തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സിലെ സന്നിധിയില്‍ അപേക്ഷിച്ചിട്ടുണ്ടോ? എന്തു മറുപടിയാണ് കിട്ടിയത്?
84. നിങ്ങള്‍ ഇതേ അപേക്ഷ വേറെ വല്ലവരോടും ചെയ്തിട്ടുണ്ടോ? മറുപടി എന്ത്?
85. നിങ്ങള്‍ക്ക് വേദങ്ങള്‍ അറിയാമോ? ഏത് വേദം പഠിച്ചിട്ടുണ്ട്?
86. വേദങ്ങളുടെ ഉല്‍പത്തി എന്താണെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?
87. വേദത്തില്‍ ഏത് ദേവതയെ ആരോപിക്കണമെന്ന് കല്‍പിക്കുന്നു?
88. പുരാണങ്ങളെയും അവയുടെ കഥകളെയും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? കാരണം?
89. നിങ്ങള്‍ വിഗ്രഹാരാധനയ്ക്ക് അനുകൂലിയാണോ? കാരണം?
90. പ്രകൃതിയിലെ കല്ല്, മരം മുതലായ വസ്തുക്കളെ ആരാധിക്കുന്നതോ മനുഷ്യനെ ആരാധിക്കുന്നതോ ഉത്തമം?
91. കല്ല്, മരം മുതലായ യതൊരു പാപം ചെയ്യാത്തവരും മനുഷ്യന്‍ ഏതെങ്കിലും ഒരു പാപം ചെയ്തിട്ടുള്ളവരുമായിരിക്കേ ഇവരില്‍ ഏതിനെ ആരാധിക്കുന്നതാണ് ഉത്തമം?
92. നിങ്ങള്‍ ദിവ്യനാണെന്ന് ബോധ്യമുണ്ടോ? ഉണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ കാട്ടിത്തരാമോ?
93. ഇല്ലെങ്കില്‍ ആളുകള്‍ നിങ്ങളെ ദിവ്യനാണെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ അതിനെ നിങ്ങള്‍ തിരുത്തുന്നുണ്ടോ?
94. നായന്മാരുടെ പുടവകൊട മുതലായ അടിയന്തിരങ്ങളില്‍ ബ്രാഹ്മണര്‍ക്ക് ദക്ഷിണ കൊടുക്കാറുള്ള പതിവിനെ നിങ്ങള്‍ വിരോധിച്ചിട്ടുണ്ടോ? കാരണമെന്ത്?
95. പകരം നായന്മാരില്‍ ചിലര്‍ക്ക് തന്നെ ദക്ഷിണ കൊടുക്കാന്‍ വിധിച്ചിട്ടുണ്ടോ? അതിന്‍വണ്ണം നടത്തിച്ചിട്ടുണ്ടോ? അഥവാ വല്ലവരും നടത്തിയതായി അറിയാമോ?
96. ദക്ഷിണ വാങ്ങാന്‍ യോഗ്യതയുള്ള നായന്മാരാര്?
97. പൂജാകര്‍മ്മത്തിനും മറ്റും ബ്രാഹ്മണര്‍ക്ക് പകരം നായന്മാരെ നിയമിക്കുന്നതു ശരിയോ? അത് മതവിശ്വാസ പരിഷ്‌ക്കാരമാണോ?
98. ഹിന്ദുമതത്തെ സംബന്ധിച്ച് ഈ മാതിരി അനുഷ്ഠാനങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്ക് ഇതേവരെ ഗുണമോ ദോഷമോ അധികം?
99. ദേവപൂജ ചെയ്യാന്‍ യോഗ്യതയുള്ളവരെന്നു വച്ച് ചിലരെ ഓരോ ജാതിയില്‍ നിന്നും നിങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ കാലക്രമേണ പ്രത്യേക ജാതിയായിത്തീരുകയില്ലേ?
100. നിങ്ങള്‍ ലോക ഗുരുവായി പ്രത്യേകം അവതരിച്ചിട്ടുള്ള ആളാണോ? ചിത്സഭാ സമ്മേളനത്തില്‍ സെക്രട്ടറി അപ്രകാരം പ്രസ്താവിച്ചതായി അറിയുന്നത് വാസ്തവമോ? നിങ്ങള്‍ അവതരിച്ച ആളാണെങ്കില്‍ എന്തു ലക്ഷ്യം? അല്ലെങ്കില്‍ ആ പ്രസംഗത്തെ നിങ്ങള്‍ വിസംവദിച്ചുവോ? കാരണമെന്ത്? ഈശ്വരന്‍ നിങ്ങള്‍ക്ക് പ്രത്യേക ചൈതന്യത്തെ നല്‍കിയിട്ടുണ്ടോ? എപ്പോള്‍? എങ്ങനെ? ജനങ്ങളെ ഗ്രഹിപ്പിക്കാമോ?

* രാമകൃഷ്ണപിള്ള ദേശാഭിമാനിയോ എന്ന ഗ്രന്ഥത്തിന്റെ അനുബന്ധമാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌