"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മാംഗൂറാമും ആദിധര്‍മ്മി പ്രസ്ഥാനവും - ഡോ. സുരേഷ് മാനേ

മാഗൂ റാം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അധഃസ്ഥിത വര്‍ഗക്കാര്‍ തങ്ങളുടെ വ്യത്യസ്ഥമായ അസ്തിത്വ ത്തെ ഖണ്ഡിതമായി വെളിപ്പെടു ത്തുന്നതിനും ഉയര്‍ന്ന ജാതിഹിന്ദു ക്കളുമായി നിസ്സഹകരി ക്കുന്നതിനുമായി സ്വന്തം നിലയില്‍ ആദിദ്രാവി ഡരെന്നും ആദിഹിന്ദുക്കളെന്നും ആദിധര്‍മ്മി യെന്നുമൊക്കെ പുനര്‍നാമകരണം ചെയ്തിരുന്നു. ആദിദ്രാവിഡ പ്രസ്ഥാനം ഉദയം കൊണ്ടത് 1920 ല്‍ മദ്രാസ് പ്രവിശ്യ യിലായിരുന്നു. ആദിഹിന്ദു പ്രസ്ഥാനം ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലു മായിരുന്നു. അതിനുസ മാനമായി പഞ്ചാബില്‍ ആദിധര്‍മ്മി പ്രസ്ഥാനമു ണ്ടായി.

ആദിധര്‍മ്മി പ്രസ്ഥാനത്തിന്റെ ഉദയം, മറ്റൊരു പരിഷ്‌കരണ പ്രസ്ഥാന മായ ആര്യസമാജത്തില്‍ കണ്ടെത്താവുന്നതാണ്. ആര്യസമാജത്തെ 1875 ല്‍ ബോംബെയിലാണ് സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ചതെങ്കിലും, അത് പഞ്ചാബിലെ നിരവധി സ്ഥലങ്ങളിലേയ്ക്ക് വളരെ വേഗം വ്യാപിച്ചു. സ്വാമിദയാനന്ദന്റെ അനുശാസനങ്ങളും, വിഗ്രഹാരാധനയോടും, ബ്രാഹ്മണ പൗരോഹിത്യാധിപത്യത്തിനും, അയിത്തജാതിക്കാര്‍ക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും എതിരെയുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പും സൃഷ്ടിച്ച വമ്പിച്ച അനുയായിവൃന്ദം, പഞ്ചാബില്‍ ആദിധര്‍മ്മി പ്രസ്ഥാനത്തിനാവശ്യമായ അടിത്തറ സൃഷ്ടിച്ചു. പട്ടിക ജാതിക്കാരിലെ വലിയൊരു വിഭാഗം ആള്‍ക്കാരും ഒന്നുകില്‍ ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധപ്പെടുകയോ അല്ലെങ്കില്‍ അതിന്റെ സേവന സംഘടനകളായ ഹോഷിയാര്‍പൂരിലെ ദയാനന്ദ് ദലിക് ഉധാര്‍, ലാഹോറിലെ അച്ചുത് ഉധാര്‍ എന്നിവരെപ്പോലെയുള്ളവരുമായി ബന്ധപ്പെടുകയോചെയ്തിരുന്നു. 

ആദിധര്‍മ്മി പ്രസ്ഥാനത്തിനു മുന്‍പുതന്നെ ആര്യസമാജിലെ പട്ടികജാതി ക്കാരനായ ഒരംഗമായിരുന്ന സന്ത്‌റാം, ആര്യസമാജത്തിനുള്ളില്‍ തങ്ങളുടെ സമത്വത്തിനായി ഒരു പുതിയ പ്രസ്ഥാനം ആരംഭിച്ചിരുന്നു. സന്ത്‌റാം രൂപീകരിച്ച ജട്പട് തോഡക് മണ്ഡല്‍ (ജാതി നശീകരണത്തിനു വേണ്ടിയുള്ള സൊസൈറ്റി) 1922 ല്‍ നിലവില്‍ വന്ന അന്നുമുതല്‍ തന്നെ ആര്യസമാജവുമായി തര്‍ക്കമാരംഭിച്ചു. മണ്ഡലിലെ ചില പ്രധാന അംഗങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടുകൂടി, 1936 ല്‍ ലാഹോറില്‍ നടത്താന്‍ നിശ്ചയിക്കപ്പെട്ട സന്ത്‌റാം സംഘടനയുടെ വാര്‍ഷിക സമ്മേളന ത്തിനുവേണ്ടി ഡോ.അംബേദ്കറെ ക്ഷണിക്കുവാന്‍ ധൈര്യം കാണിച്ചു. എന്നാല്‍ ഡോ.അംബേദ്ക്കറുടെ വിപ്ലവകരമായ വീക്ഷണങ്ങള്‍ മണ്ഡലിനെ ആശയക്കുഴപ്പത്തിലാക്കിയതിനാല്‍ ആ സമ്മേളനം നടന്നിരുന്നില്ല. അവസാനം 1936 ഏപ്രില്‍ 27 ന് ആ സമ്മേളനത്തിന്റെ സംഘാടകരി ലൊരാളായ മി.ഹര്‍ഭഗവാന് ഡോ.അംബേദ്കര്‍ കത്തെഴുതുകയും ആ സമ്മേളനം റദ്ദാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ നിരവധി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മാംഗുറാമിന്റെ 1 നേത്യത്വത്തിലുള്ള ആദിധര്‍മ്മി പ്രസ്ഥാനം നിലവില്‍ വന്നു. മാംഗുറാമിന്റെ ആദ്യകാല ജീവിതം താല്‍പര്യം ജനിപ്പിക്കുന്ന താണ്. ഹോഷിയാര്‍പൂര്‍ ജില്ലയില്‍ മുഗോവാള്‍ ഗ്രാമത്തില്‍ ഒരു പരമ്പരാഗത ചമാര്‍ കുടുംബത്തിലാണ് 1886 ജനുവരി 14 ന് മാംഗുറാം ജനിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ അയിത്തത്തിന്റെ ദോഷകരമായ ഒരനുഭവം മാംഗുറാമിനുണ്ടായി. 1905 ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചതിനുശേഷം, അദ്ദേഹം തങ്ങളുടെ തുകല്‍ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി അച്ഛനെ സഹായിച്ചു. അക്കാലത്ത് ഹോഷിയാര്‍പൂരിലെ തൊഴിലാളികള്‍ മാത്രമല്ല മറ്റനേകം ഉയര്‍ന്നജാതി കര്‍ഷകരും അമേരിക്കയിലേയ്ക്കു പോകുമായിരുന്നു. മാംഗൂറാമും അത്തരം സാഹസങ്ങളെ പിന്‍തുടര്‍ന്ന് 1909 ല്‍ കാലിഫോര്‍ ണിയയിലെത്തി. തുടക്കത്തില്‍ ഒരു പഞ്ചസാരമില്ലില്‍ ജോലി സമ്പാദിച്ചു. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബികളുടെ ഒരു വീറുറ്റ ദേശീയപ്രസ്ഥാനമായ ഗദ്ദര്‍ പ്രസ്ഥാനത്തില്‍ 1913 ല്‍ മാംഗുറാം അംഗമായി.

തുടക്കത്തില്‍ ഗദ്ദര്‍ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് തീരെച്ചെറു തായിരുന്നു. എന്നാല്‍ അതുയരുകയും 1915 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ കള്ളക്കടത്തുനടത്തുന്ന അഞ്ച് പ്രമുഖരില്‍ ഒരാളാവുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള തങ്ങളുടെ വഴിയില്‍ അവര്‍ നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ജര്‍മ്മന്‍കാരുടെയും ബ്രട്ടീഷുകാരുടെയും പിടിയില്‍ അവര്‍ അകപ്പെടുകയും അവരെയെല്ലാം തൂക്കിക്കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ജര്‍മ്മന്‍കാര്‍ ഇംഗ്ലണ്ടിനെ ആക്രമിച്ച് അവരെ രക്ഷപ്പെടുത്തി.

ഫിലിപ്പീന്‍സിലായിരിക്കുമ്പോള്‍, ബ്രട്ടീഷുകാര്‍ തന്നെ സിംഗപ്പൂരില്‍ വച്ച് രാജ്യദ്രോഹകുറ്റത്തിന് വധിച്ചുവെന്ന വാര്‍ത്ത അദ്ദേഹം 'മനില ടൈംസില്‍' വായിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത വിട്ടിലുമെത്തുകയും അന്നത്തെ ആചാരമനുസരിച്ച് അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ ഇളയസഹോദരനെ വിവാഹം കഴിക്കുകയും ചെയ്തു. 1918 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ മാംഗുറാം അമേരിക്കയിലേയ്ക്ക് മടങ്ങിപ്പോകുകയും ഒരു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ ജോലിനോക്കുകയും ആറുവര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേയ്ക്കു മടങ്ങുകയും ചെയ്തു. മടക്കയാത്ര സിലോണ്‍, മധുരൈ, മദ്രാസ്, പൂനെ,ബോംബെ, നാഗ്പൂര്‍ , ഡല്‍ഹി വഴിയായിരുന്നു. ഈ യാത്രയ്ക്കിടയില്‍ അയിത്തജാതിക്കാരുടെ ദയനീയമായ അവസ്ഥക്ക് ദൃക്‌സാക്ഷിയായി. പഞ്ചാബിലെത്തി ച്ചേര്‍ന്ന ശേഷം, ഇന്ത്യയിലെ പട്ടികജാതിക്കാരുടെ നില വളരെ മോശമാണെന്നും, രാജ്യത്തെ സ്വാതന്ത്യത്തെക്കാള്‍ വളരെ പ്രധാനപ്പെട്ടത് അവരുടെ സ്വാതന്ത്യമാണെന്നും, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗദ്ദര്‍ പാര്‍ട്ടി മുഖ്യആസ്ഥാനത്തിന് കത്തെഴുതി. 

1925 ല്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷം, മാംഗുറാം തന്റെ ഗ്രാമീണ വിദ്യാലയത്തില്‍ പഠിപ്പിക്കാനാരംഭിച്ചു. 1926 ജൂണ്‍ 11,12 തീയതികളിലായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം ആള്‍ക്കാരുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് ആദിധര്‍മ്മ പ്രസ്ഥാനത്തിന് രൂപംകൊടു ക്കുകയും അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. വസന്ത് റായ്, താക്കൂര്‍ചന്ദ്, സ്വാമി ശൂദ്രാനന്ദ്, താഴ്ന്ന ജാതിയില്‍പ്പെട്ട മറ്റുചില ചെറുപ്പക്കാര്‍ തുടങ്ങിയവരായിരുന്നു സംഘടനയിലെ മറ്റു പ്രമുഖരായ വ്യക്തികള്‍. 1926 നവംബറില്‍, ഈ സഘടനയുടെ ആദ്യ ഓഫീസ് ജലന്ധറില്‍ തുറന്നു. ഇതിനെത്തുടര്‍ന്ന് തന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി മാംഗൂറാം തന്റെ താമസം ജലന്ധറിലേക്കു മാറ്റി. 1927 ല്‍ ഇംഗ്ലണ്ടിലുളള പഞ്ചാബി അയിത്തജാതിക്കാരുടെ പിന്തുണയാര്‍ജ്ജിക്കുന്നതിനായി അദ്ദേഹം അവിടം സന്ദര്‍ശിച്ചു.

ആദിധര്‍മ്മികളുടെ മാനിഫെസ്റ്റോ 1926 ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ പ്രസ്താവിച്ചിട്ടുള്ളത് 'നാമാണ് ഈ രാജ്യത്തെ യഥാര്‍ത്ഥ ജനങ്ങള്‍. ആദിധര്‍മ്മമാണ് നമ്മുടെ മതം. ഹിന്ദുസമുദായം പുറത്തുനിന്നും വന്ന നമ്മെ അടിമകളാക്കി. ശംഖിന്റെ യഥാര്‍ത്ഥനാദം മുഴങ്ങുമ്പോള്‍ എല്ലാ സഹോദരങ്ങളും, ചമാര്‍, ചുഹ്‌ര, സാംസി, ഭാംജ്‌രെ, ഭീല്‍ തുടങ്ങി എല്ലാ അയിത്തജാതിക്കാരും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന തിനായി ഒത്തു ചേരും. സഹോദരരേ, നമ്മളില്‍ എഴുപതുദശലക്ഷം പേരെ ഹിന്ദുക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നല്‍ നാം സ്വന്തം നിലയില്‍ വേര്‍പിരിയുകയും സ്വതന്ത്രരായി നമ്മെ സ്ഥാപിക്കുകയും ചെയ്യണം. നാം ഹിന്ദുക്കളെ വിശ്വസിച്ചു. പക്ഷേ അവര്‍ വിശ്വാസഘാ തകരായി മാറി. സഹോദരേ, കാലം സമാഗതമായിരിക്കുന്നു. ഉണരൂ. ഭരണകൂടം നമ്മുടെ വിലാപങ്ങളെ ശ്രദ്ധിക്കുകയാണ്. നൂറ്റാണ്ടുകള്‍ കടന്നു പോയി..... പക്ഷേ നാം നിദ്രയില്‍തന്നെയാണ്. സഹോദരരേ, മനു കുറിച്ചുവച്ച വരികളിലേയ്‌ക്കൊന്നു നോക്കു. അയാളൊരു കൊലപാ തകിയാണ്. നാം ഇന്ത്യ ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സഹോദരരേ, ഈ മണ്ണ് നമ്മുടെതായി ഉപയോഗിച്ചിരുന്നു. ഹിന്ദുക്കള്‍ ഇറാനില്‍ നിന്നും വന്ന് നമ്മുടെ സമുദായത്തെ നശിപ്പിച്ചു. അവര്‍ ഉടമകളായി. എന്നിട്ട് നമ്മെ വിദേശികളെന്നു വിളിക്കുന്നു. എഴുപതു 
ദശലക്ഷം ജനങ്ങളുടെ പിന്‍തുടര്‍ച്ചാവകാശത്തെ നഷ്ടപ്പെടുത്തിയതിനുശേഷം അവര്‍ നമ്മെ നാടോടികളായി മാറ്റിത്തീര്‍ത്തു. അവര്‍ നമ്മുടെ ചരിത്രത്തെ നശിപ്പിച്ചു. സഹോദരരേ, ഹിന്ദുക്കള്‍ നമ്മുടെ ചരിത്രത്തെ മാറ്റിയെഴുതി. ദൈവത്തില്‍ (ഭഗവാനില്‍) നിന്ന് ഒരു പ്രതീക്ഷയും രാജാവില്‍ നിന്ന് ഒരു സഹായവുമുണ്ട്. സംഘടനയിലേയ്ക്ക് അംഗങ്ങളെ അയച്ചുകൊണ്ട് സമുദായത്തെ പുത്തനാക്കു. സഹോദരരേ ഒരു നല്ല ജീവിതത്തിന്റെ സൃഷ്ടിക്കായി ഒന്നിച്ചു ചേരുവിന്‍.' 2

അയിത്തജാതിക്കാരെ അടിമകളായി ചിത്രീകരിക്കുന്ന മതാനുശാസനങ്ങളെ ബഹിഷ്‌കരിക്കുന്നതിന് ആദിധര്‍മ്മി പ്രസ്ഥാനം ഊന്നല്‍ നല്‍കി. രവിദാസ്, കബീര്‍ തുടങ്ങിയ താഴ്ന്ന ജാതിക്കാരായ ഗുരുക്കന്മാരുടെ പ്രബോധനങ്ങള്‍ക്കാണ് ആദി-ധര്‍മ്മി പ്രസ്ഥാനം പ്രധാനമായും ഊന്നല്‍ നല്‍കിയത്. പ്രസ്ഥാനത്തിന്റെ വര്‍ത്തമാനപത്രമായ ആദി ധംക (ആദിജനതയുടെ പെരുമ്പറ) ഉറുദു ഭാഷയിലായിരുന്നു അച്ചടിച്ചിരുന്നത്. ഉപദേശകരെന്നും, പ്രചാരകരെന്നും വിളിച്ചിരുന്ന, പൂര്‍ണ്ണസമയ പ്രവര്‍ത്തകരായ മിഷനറിമാരും പ്രവര്‍ത്തകരും ആദിധര്‍മ്മികളുടെ പ്രസ്ഥാനത്തില്‍ ധാരാളമുണ്ടായിരുന്നു. വരുമാനത്തിന്റെ പ്രധാനഭാഗവും ജനങ്ങളില്‍ നിന്നുതന്നെ എത്തുമെങ്കിലും, വിദേശത്തു സ്ഥിരതാമസമാ ക്കിയിരുന്ന ചമാറുകളില്‍ നിന്നും പ്രസ്ഥാനം സാമ്പത്തിക സഹായം സ്വീകരിക്കുമായിരുന്നു. ഏറ്റവും കൂടുതല്‍ സംഭാവന വ്യക്തിഗതമായി നല്‍കിയിരുന്നത് കല്‍ക്കട്ടാ നിവാസിയായിരുന്ന മി.സേത്ത് കിഷന്‍ ദാസായിരുന്നു. തുകല്‍ വ്യാപരത്തിലൂടെ അദ്ദേഹേ വേണ്ടത്ര പണം സമ്പാദിച്ചിട്ടുണ്ടായിരുന്നു. 1927 ല്‍ ഫെറോസ്പൂരില്‍ ബാല്‍മീക് ആദി ധരം മഹാസഭ എന്ന പേരില്‍ പ്രസ്ഥാനത്തിന്റെ ഒരു ശാഖ ആരംഭിച്ചു. അത് പ്രധാനമായും ചുഹ്‌രാകള്‍ക്കുവേണ്ടിയായിരുന്നു.

1930-31,32 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന മൂന്നുവട്ടമേശ സമ്മേളന ങ്ങള്‍ക്കിടയില്‍, മാംഗൂറാമും, ആദിധര്‍മ്മി പ്രസ്ഥാനവും ഗാന്ധിയുടെ വാദഗതികളെ ശക്തമായി എതിര്‍ക്കുകയും ബാബാസാഹേബ് ഡോ അംബേദ്കര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. 1931 ല്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പട്ടികജാതിക്കാരെ ആദി-ധര്‍മ്മികളെന്നു പേരു ചേര്‍ക്കപ്പെടുവാന്‍ വേണ്ടി മാംഗൂറാമും ആദിധര്‍മി മണ്ഡലും ചരിത്ര പരമായ പങ്കു വഹിക്കുകയുണ്ടായി. അക്കാലത്ത് താഴെക്കൊടു ത്തിരിക്കുന്നതു പോലെയുള്ള നിരവധി ഗാനങ്ങളാല്‍ അയിത്ത ജാതി സമൂഹത്തില്‍ വമ്പിച്ച ഉണര്‍വ് സൃഷ്ടിക്കപ്പെടുകയുണ്ടായി.

'കലഹം പിന്നിലുപേക്ഷിക്ക
മുറുക്കുക രക്തതലപ്പാവ്
ഇല്ലിനി നമ്മുടെ രേഖകളില്‍
നമ്മുടെതല്ലാതൊരുമതവും
കരുത്തനാകതിനാദി ധര്‍മ്മീ'3

യഥാര്‍ത്ഥത്തില്‍ 1931 ലെ സെന്‍സലിലുള്‍പ്പെടുത്തിയത് ആദിധര്‍മ്മി പ്രസ്ഥാനത്തിന് വേണ്ടിയിരുന്നത്ര സംവേഗശക്തി നല്‍കി. 1929 ഒക്‌ടോബര്‍ 10 ന് ആദിധര്‍മ്മി നേതാക്കള്‍ ഗവണ്‍മെന്റിനു മുമ്പാകെ ഒരു പ്രമേയ ത്തിലൂടെ സെന്‍സസ് റിപ്പോര്‍ട്ടില്‍ ആദി ധര്‍മ്മികളെ ഒരു പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ വാദിച്ചത്, 'ഞങ്ങള്‍ ഹിന്ദുക്കളല്ല സെന്‍സസില്‍ ഞങ്ങളെ അങ്ങനെ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. ഞങ്ങളുടെ വിശ്വാസം ഹിന്ദുവല്ല മറിച്ച് ആദിധരമാണ്. ഞങ്ങള്‍ ഹിന്ദുയിസത്തിന്റെ ഒരു ഭാഗമല്ല. ഹിന്ദുക്കള്‍ ഞങ്ങളുടെ ഭാഗവുമല്ല.'4 ഗവണ്‍മെന്റ് ഉടനടി തന്നെ ഈ നിര്‍ദ്ദേശത്തെ സ്വീകരിച്ചു.