"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

മഹാത്മ ജ്യോതിബാ ഫൂലെ : ഇന്ത്യന്‍ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് - സുരേഷ് മാനേ

ആരാണ് ശൂദ്രര്‍? എന്ന ഡോ.ഭീമറാവു അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ രചന സമര്‍പ്പിച്ചിരിക്കുന്നത് മഹാത്മാ ജ്യോതിബാഫൂലെയുടെ (1827-1890) സ്മരണയ്ക്കായിട്ടാണ്. അതില്‍ ഫൂലെയെ പരാമര്‍ശിച്ചിരിക്കുന്നത് 'താഴ്ന്നജാതിഹിന്ദുക്കളെ അവരുടെ മേല്‍വര്‍ഗ്ഗങ്ങളുമായുള്ള അടിമത്തത്തെ ക്കുറിച്ച് ബോധവാന്മാരാക്കുകയും, വിദേശഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കാള്‍ കൂടുതല്‍ ജീവല്‍ പ്രാധാന്യമുള്ളത് സാമൂഹ്യജനാധിപത്യമാണെന്ന സുവിശേഷം ഇന്ത്യയില്‍ ഉദ്‌ഘോഷിക്കുകയും ചെയ്ത ആധുനിക ഇന്ത്യയിലെ ഏററവും മഹാനായ ശൂദ്രന്‍'1 എന്നാണ്. ലോകത്തെ ബുദ്ധിജീവികളില്‍ ഏറ്റവും പ്രകാശമേറിയ വെളിച്ചമായ ഡോ.ഭീമറാവു അംബേദ്കറിന്റെ മഹാത്മാഫൂലെയുക്കുറിച്ചുള്ള ഈ വിശദീകരണം, ഫൂലെയുടെ പ്രക്ഷോഭങ്ങളുടെ ചരിത്രപരമായ സംഭാവനയിലേയ്ക്ക് വേണ്ടത്ര വെളിച്ചം വീശുന്നു.

മഹാത്മാ ജ്യോതിറാവു ഫൂലെ എന്നു വിളിക്കപ്പെടുന്ന മഹാത്മാ ജ്യോതിബാ ഫൂലെയാണ് മഹാരാഷ്ട്രയിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗദീപം. 1827 ല്‍, മഹാരാഷ്ട്രയില്‍ ഇന്ന് ഒ.ബി.സി വിഭാഗത്തില്‍ പ്പെടുത്തിയിട്ടുള്ള മാലി സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷം മുമ്പുവരെ ചരിത്രകാരന്മാരില്‍ ഫൂലെയുടെ കൃത്യമായ ജനനത്തീയതിയെക്കുറിച്ച് തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഇന്നത് 1827 ഏപ്രില്‍ 11 ആണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് മെട്രിക്കുലേഷന്‍ പരീക്ഷവരെ അദ്ദേഹം തന്റെ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി. തന്റെ ആദ്യകാലത്ത്, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലും തോമസ് പെയിന്‍ നെപ്പോലെയുള്ള ചില വിപ്ലവകാരികളുടെ രചനകളിലും അദ്ദേഹം അത്യന്തം ആകൃഷ്ടനായിരുന്നു. തന്റെ ബ്രാഹ്മണസുഹൃത്തിന്റെ വിവാഹവേളയില്‍, അവിടെ നിന്നും ഉടനടി ഇറങ്ങിപ്പോകാന്‍ ബ്രാഹ്മണര്‍ ആവശ്യപ്പെട്ട പ്പോഴാണ് അദ്ദേഹത്തിന് ആദ്യമായി ജാതിയുടെ ഭീകരമായ അനുഭവം ഉണ്ടാകുന്നത്.

19-ാം നൂറ്റാണ്ട് പരിഷ്‌കരണത്തിന്റെയും പരിഷ്‌കര്‍ത്താക്കളുടെയും വിപ്ലവപ്രസ്ഥാനങ്ങളുടെയും കാലഘട്ടമായിരുന്നു. ബ്രഹ്മസമാജ്(1828), പ്രാര്‍ത്ഥനാസമാജ് (1867), ആര്യസമാജ് (1877), സാര്‍വജനിക് സഭ (1871), പരമഹംസമണ്ഡലി(1849) തുടങ്ങിയ മറ്റനേകം സംഘടനകള്‍ വ്യത്യസ്തമായ രീതിയില്‍ സാമൂഹ്യപ്രശ്‌നങ്ങളോടു പ്രതികരിച്ചു. അക്കാലഘട്ടത്തില്‍ ബ്രാഹ്മണിസത്തിനെതിരെ ബദല്‍മാര്‍ഗ്ഗമെന്ന നിലയില്‍ 1873 ല്‍ ഫൂലെ സത്യശോധക് സമാജ്, സത്യാന്വേഷികളുടെ സംഘടന, രൂപീകരിച്ചു.

ബ്രാഹ്മണരുടെ സാംസ്‌കാരിക ധര്‍മ്മവിചാരങ്ങള്‍ക്ക് ഫൂലെ കുന്തമുന യായി വര്‍ത്തിച്ച പ്രക്ഷോഭങ്ങള്‍ വലിയ വെല്ലുവിളിയുയര്‍ത്തി. മഹാവീരന്റെയും ബുദ്ധന്റെയും വിമോചന പ്രസ്ഥാനങ്ങള്‍ക്കുശേഷം, ശൂദ്രരുടെയും അതിശൂദ്രരുടെയും വിമോചന യാത്രയില്‍ നിര്‍ണ്ണായക നിമിഷമായിരുന്നു അത്. പേഷ്വാഭരണത്തിന്റെ (ബ്രാഹ്മണര്‍ക്കുവേണ്ടി, ബ്രാഹ്മണരാല്‍ നടത്തപ്പെട്ട ബ്രാഹ്മണരുടെ ഭരണം) പശ്ചാലത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ട് അയിത്തത്തിന്റെ ഏറ്റവും മോശപ്പെട്ട കാലഘട്ടമായിരുന്നു. മനുഷ്യത്വരഹിതമായ ബ്രാഹ്മണ്യ സാമൂഹ്യ ക്രമത്തിനെതിരെ മഹാത്മാ ഫൂലെ പ്രക്ഷോഭം നടത്തി.

ഇന്ത്യന്‍ സമൂഹത്തെ രണ്ടുവിഭാഗങ്ങളായി, ന്യൂനപക്ഷം വരുന്ന സേട്ട്ജി (ബനിയകള്‍) ഭട്ട്ജി (ബ്രാഹ്മണര്‍), ലാട്ട്ജി (ക്ഷത്രിയര്‍) കളും, ബാക്കിയുള്ള ബഹുഭൂരിപക്ഷം വരുന്ന ശൂദ്രര്‍ അഥവാ ബഹുജന്‍ സമാജും എന്ന നിലയില്‍, തരംതിരിച്ചുകൊണ്ട് ശൂദ്രരുടെ അഥവാ ബഹുജനങ്ങളുടെ വിമോചനപോരാട്ടത്തിന് രാജ്യത്താദ്യമായി പ്രത്യയ ശാസ്ത്രപരമായ അടിയത്തറയൊരുക്കിയ സൈദ്ധാന്തികനായിരുന്നു ഫൂലെ. ബുദ്ധനുശേഷം ബ്രാഹ്മണിസത്തിനും ബ്രാഹ്മണ്യ സാമൂഹ്യക്രമത്തിനുമെതിരായി ചിട്ടയോടുകൂടിയതും ശാസ്ത്രീയവുമായ ഒരു യുദ്ധം നടത്തിയ മിക്കവാറും ഒരേയൊരുവിപ്ലവകാരി ഫൂലെയായിരിക്കും.

ബുദ്ധനുശേഷം, രാജ്യത്തെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവെന്ന് ശരിയായി വിളിക്കപ്പെട്ടത് മഹാത്മാ ജ്യോതിബാഫൂലെയെയാണ്. ഒരു വശത്ത് അദ്ദേഹം ബ്രാഹ്മണ്യ സാമൂഹ്യക്രമത്തിനെതിരെ പോരാടുമ്പോള്‍ തന്നെ, മറുവശത്ത് ശൂദ്രരുടെയും അതിശൂദ്രരുടെയും മനഃശാസ്ത്രപരമായ പുനരധിവാസത്തിനുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയുണ്ടായി. തന്റെ വീക്ഷണങ്ങള്‍ ഫലപ്രദമായും ശക്തമായും രൂപീകരിക്കുന്നതിനായി അദ്ദേഹം 'സ്ലേവറി ഇന്‍ ദ സിവിലൈസ്ഡ് ബ്രട്ടീഷ്ഗ വണ്‍മെന്റ് അണ്ടര്‍ ദ ക്ലോക്ക് ഓഫ് ബ്രാഹ്മണിസം'(1873)-(ബ്രാഹ്മണിസത്തിന്റെ കപട മേലങ്കിയണിഞ്ഞ പരിഷ്‌കൃതമായ ബ്രിട്ടീഷ് സര്‍ക്കാരിലെ അടിമത്തം), 'തൃതീയരത്‌ന'എന്ന നാടകം (1855),'ബ്രാഹ്മണാച്ചേ കസേബ്'(1869), 'കള്‍ട്ടിവേറ്റേഴ്‌സ് വിപ്‌കോഡ്' (1883), 'സാര്‍വജനിക് സത്യ ധര്‍മ്മ' (1889) തുടങ്ങിയസ്‌ഫോടനാത്മകമായ നിരവധി ഗ്രന്ഥങ്ങളെഴുതി.

'അടിമത്തം - ഇന്ത്യന്‍ സാമ്രാജ്യത്വത്തില്‍ ബ്രാഹ്മണിസത്തിന്റെ കപടമേലങ്കിക്കുകീഴില്‍' എന്ന തന്റെ ഗ്രന്ഥം ഫൂലെ സമര്‍പ്പിച്ചിരിക്കുന്നത് നീഗ്രോകളുടെ അടിമത്തത്തിനെതിരെ പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കാണ്. അത്തരം വ്യക്തികളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട് തന്റെ നാട്ടുകാരും ബ്രാഹ്മണദാസ്യത്തിന്റെ കുരുക്കില്‍ നിന്നും തങ്ങളുടെ ശൂദ്രസഹോദരരെ, വിമോചിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയും വഴികാട്ടി യാവുകയും ചെയ്യുമെന്നും ഫൂലെ പ്രതീക്ഷിക്കുന്നു. തന്റെ അടിമത്തം എന്ന രചനയുടെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് ഫൂലെ പ്രസ്താവിച്ചത്, 'എന്റെ ഈ രചനയുടെ ലക്ഷ്യം എങ്ങനെയാണ് അവര്‍ ബ്രാഹ്മണരാല്‍ വഞ്ചിക്കപ്പെട്ടതെന്ന് എന്റെ ശൂദ്രസഹോദരങ്ങളോട് പറയുകമാത്രമല്ല മറിച്ച് ബംഗാളിലെ ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവര്‍ണ്ണറായ സര്‍ ജോര്‍ജ് കാംബെല്ലിനെപ്പോലെയുള്ള വിശാലവും സാര്‍വ്വദേശീയവുമായ സഹാനുഭൂതിള്ള രാജ്യതന്ത്രജ്ഞര്‍ ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്ക് തീര്‍ത്തും ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുള്ളതും, ഇന്നുവരെയും നിഷ്ഠയോടെ പിന്തുടര്‍ന്നു പോകുന്നതും ഉയര്‍ന്നജാതിക്കാര്‍ക്കു മാത്രം വിദ്യാഭ്യാസം എന്ന അത്യന്തം ഹാനികരമായ സമ്പ്രദായത്തിന്‍മേല്‍ ഗവണ്‍മെന്റിന്റെ കണ്ണുതുറക്കുവാനുമാണ്. ഗവണ്‍മെന്റ് തന്റെ മാര്‍ഗ്ഗങ്ങളിലെ അപഭ്രംശങ്ങള്‍ മുന്‍കൂട്ടിത്തന്നെ കാണുമെന്നും ഉയര്‍ന്ന ജാതിക്കാരുടെ കണ്ണടകളിലൂടെ മാത്രം കാണുന്ന വ്യക്തികളേയും എഴുത്തുകാരേയും കുറച്ചുമാത്രം വിശ്വസിക്കുമെന്നും ഒരു സര്‍പ്പത്തിന്റെ ചുറ്റിവരിയല്‍പോലെ എന്റെ ശൂദ്രസഹോദരന്മാര്‍ക്കുചുറ്റും ബ്രാഹ്മണര്‍ നെയ്തുവച്ചിരിക്കുന്ന ബന്ധനങ്ങളുടെ കെണിയില്‍ നിന്ന് സ്വന്തം കൈയ്യാല്‍ വിമോചിപ്പിച്ചതിന്റെ ഖ്യാതി ഏറ്റെടുക്കുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു...'2

'അടിമത്തത്തെ' പ്പോലെതന്നെ, ഫൂലെയുടെ രചനകളായ 'ബ്രാഹ്മണാചേ കസേബ് '(പൗരോഹിത്യത്തെ തുറന്നു കാട്ടുന്നു) 'കള്‍ട്ടിവേറ്റേഴ്‌സ് വിപ്‌കോഡ്' എന്നിവ ചൂഷണാത്മകമായ സമ്പ്രദായത്തിനുമേലുള്ള മറ്റൊരു വെള്ളിടിയായിരുന്നു. മതത്തിന്റെ പേരില്‍ അജ്ഞരായ കര്‍ഷകരെ ചൂഷണം ചെയ്യുവാനുള്ള ബ്രാഹ്മണരുടെ ഗൂഢാലോചനയെ പൂര്‍ണ്ണമായും തുറന്നുകാട്ടുകയാണ് ഈ രചനകളില്‍. 'യഥാര്‍ത്ഥത്തില്‍ അടിമത്തവും കള്‍ട്ടിവേഴ്‌സ് വിപ്‌കോഡും ഫൂലെയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ തത്വശാസ്ത്രത്തെക്രോഡീകരിക്കുകയും വര്‍ണ്ണ സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ചരിത്രപരമായ ധാരണയെ വ്യക്തമാക്കുകയും ചെയ്യുന്നു. ഫൂലെ വിശ്വസിച്ചിരുന്നത് മഹാരാഷ്ട്രയിലെ ഹിന്ദു (ബ്രാഹ്മണ) സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് രണ്ടു ഗ്രൂപ്പുകള്‍ കൊണ്ടാണ്. ബ്രാഹ്മണരും ശൂദ്ര-അതിശൂദ്രരും. ഈ ദ്വിമുഖമായ വിഭജനവും, ഇവര്‍ക്കിടയിലുള്ള ചരിത്രപരമായ പിരി മുറുക്കവുമാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ കാതല്‍. ഇവിടെ നാം കാണുന്നത് മഹാരാഷ്ട്രീയന്‍ സമൂഹത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ഫൂലെ ചരിത്രത്തെയും, പുരാണത്തെയും ഭാഷയെയും, സാമൂഹ്യപ്രക്ഷോഭങ്ങളെയും വിപ്ലവകരമായ മാറ്റങ്ങളെയും അതില്‍ പ്രബലജാതികളുടെ (ഇവിടെ ബ്രാഹ്മണര്‍) കൈകടത്തലിനെയും വിശകലനം ചെയ്യുന്നതാണ്.'3 ഈ രണ്ടു ഗ്രന്ഥങ്ങളും ഒപ്പം 1891 ല്‍ മരണശേഷം പ്രസിദ്ധീകരിച്ച സാര്‍വ്വജനിക് സത്യ ധര്‍മ്മ യും കൂടി വായിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് ഫൂലെയുടെ പോരാട്ടത്തിന്റെ പൂര്‍ണ ചിത്രം ലഭിക്കും.

1881 ല്‍ സര്‍ വില്യംഹണ്ടര്‍ ചെയര്‍മാനായുളള ഒരു വിദ്യാഭ്യാസ കമ്മീഷനെ വൈസ്രോയിയായ ലോഡ് റിപ്പണ്‍ നിയമിച്ചു. ആധുനിക ഇന്ത്യയിലെ അത്തരത്തിലുള്ള ആദ്യ കമ്മീഷനായിരുന്നു അത്. 1882 ഒക്‌ടോബര്‍ 19 ന് ഹണ്ടര്‍ കമ്മീഷനു നല്‍കിയ തന്റെ നിവേദനത്തിലൂടെ സ്ത്രീകളുള്‍പ്പെടെ ശൂദ്രരുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനായി ഫൂലെ ശക്തമായി വാദിച്ചു. ആ നിവേദനത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടും ഉന്നത വിദ്യാഭ്യാസത്തോടുമുള്ള സര്‍ക്കാര്‍ സമീപനത്തെ വേര്‍തിരിച്ചുകാട്ടവെ അദ്ദേഹം പ്രസ്താവിച്ചു. 'പേനകൊണ്ട് ജീവിക്കുന്ന ബ്രാഹ്മണര്‍, പ്രഭുക്കള്‍ തുടങ്ങിയ ഉയര്‍ന്നവരും ധനികരുമായ വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിനോടുള്ള താല്‍പര്യം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഈ വിഭാഗക്കാരെ സംബന്ധിച്ചി ടത്തോളം അതിനായി അവര്‍ക്കു നല്‍കുന്ന ഭരണകൂട സഹായം വേണമെങ്കില്‍ ക്രമേണ പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം വേണ്ടത്രരീതിയില്‍ പുരോഗമിച്ചിട്ടില്ലാത്ത ഇടത്തരം വര്‍ഗ്ഗങ്ങളേയും താഴ്ന്ന വര്‍ഗ്ഗങ്ങളേയും സംബന്ധിച്ചിടത്തോളം, അത്തരമൊരു പിന്‍വലിക്കല്‍ ഒരു ഗുരുതരമായ നഷ്ടമായിരിക്കും. അത്തരമൊരു പിന്‍വാങ്ങലുണ്ടാകുന്ന പക്ഷം, കുട്ടികള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ അപര്യാപ്തവും വിഭാഗീയവുമായ വിദ്യാലയങ്ങളിലേയ്ക്ക് പിന്‍തിരിഞ്ഞുപോകേണ്ടിവരും. അവരുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, ദുരിതങ്ങളനുഭവിക്കേണ്ടതായും വരും. അത്തരമൊരു വിദ്യാഭ്യാസ ത്തിന്റെ ഒരു ഭാഗവും സ്വകാര്യഏജന്‍സിമാരെ ഏല്‍പ്പിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസസംവിധാനത്തിന്റെ ഭരണപരവും നിര്‍വ്വഹണപരവുമായ രണ്ടധികാരങ്ങളും ഗവണ്‍മെന്റിന്റെ കരങ്ങളിലെത്തിച്ചേര്‍ന്നത് വളരെ ദീര്‍ഘമായ കാലയളവിനുശേഷമാണ്. അത് ഗവണ്‍മെന്റിന്റെ കരങ്ങളില്‍ത്തന്നെ ഇനിയും സ്ഥിതിചെയ്യുക തന്നെവേണം. ഉന്നതവിദ്യാ ഭ്യസവും പ്രാഥമിക വിദ്യാഭ്യാസവും ഒരു പോലെ അത്യന്തം ജാഗ്രത്തായ ശ്രദ്ധയും പരിചരണവും ആവശ്യമായവയാണ്. ഗവണ്‍മെന്റ് വേണ്ടത്ര കരുതല്‍ അതില്‍ സ്വീകരിക്കേണ്ടതുണ്ട്.'4 ഫൂലെയുടെ ഈ നിരീക്ഷണം ഇന്നുപോലും പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ നയരൂപീ കര്‍ത്താക്കള്‍ ഉയര്‍ന്നവര്‍ഗ്ഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസവും പൊതു ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവുമെന്ന അവരുടെ നയം നടപ്പിലാ ക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍.

മഹാത്മാഫൂലെ ചരിത്രത്തെ തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം, പ്രാചീന ഇന്ത്യ ഒരു കാലത്ത് ഭരിച്ചിരുന്നത് ബലി രാജാവായിരുന്നു. അതിനാല്‍ അദ്ദേഹം ഈ നാടിനെ ബലിസ്ഥാന്‍ അഥവാ ബലിയുടെ നാട് എന്ന് പരാമര്‍ശിച്ചു. ശൂദ്രന്മാരുടെ ചരിത്രമെഴുതിയതിലൂടെ ഫൂലെ അവരുടെ വിമോചനപോരാട്ടത്തിന്റെ വേരുകള്‍ ശക്തമാക്കി. അദ്ദേഹം വാദിച്ചത് ശൂദ്രര്‍ മൗലികമായും ക്ഷത്രിയരാണെന്നും പരാക്രമിയും ശക്തനുമായ ഒരു ശൂദ്രരാജാവായ ബലി (ദക്ഷിണേന്ത്യയില്‍ പ്രധാനമായും തമിഴ്‌നാടിലും കേരളത്തിലും മഹാബലി എന്നറിയപ്പെടുന്നു) ഉണ്ടായിരുന്നുവെന്നുമാണ്. അദ്ദേഹത്തിന്റെ സാമ്രാജ്യം ഹിമാലയം മുതല്‍ ശ്രീലങ്ക വരെ ഉണ്ടായിരുന്നു. എന്നാല്‍ ബ്രാഹ്മണ്യ ഗൂഢാലോചനയാല്‍ അദ്ദേഹം ഇല്ലായ്മ ചെയ്യപ്പെടുക യാണുണ്ടായത്.

ബ്രട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1857 ല്‍ നടന്ന ലഹളയെ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാട്ടമായാണ് നിരവധി ചരിത്രകാരന്മാര്‍ വിശേഷിപ്പി ച്ചിരിക്കുന്നത്. എന്നാല്‍ ഫൂലെ തികച്ചും വൃത്യസ്തമായ മറ്റൊരു നിലപാടാണ് കൈക്കൊണ്ടത്. തന്റെ മിഷനറി പ്രവര്‍ത്തനത്തില്‍ സജീവവും സക്രിയവുമായിരുന്ന ഫൂലെയ്ക്ക് 1857 ലെ ലഹളയെക്കുറിച്ച് മറ്റൊരു വീക്ഷണകോണുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നില്ല, മറിച്ച് തങ്ങളുടെ മതപരവും പാവനവുമായ വിശ്വാസങ്ങളെ സംരക്ഷിക്കുവാനും ഉയര്‍ത്തിപ്പിടിക്കുവാനുമായി ബ്രാഹ്മണര്‍ നടത്തിയ പ്രതിഷേധമായിരുന്നു. അവര്‍ക്ക് യാതൊരു തരത്തിലുള്ള ദേശീയ വികാരങ്ങളുമില്ലാതിരുന്നതിനാല്‍ ദേശീയ സ്വാതന്ത്ര്യം എന്ന ചോദ്യമേ ഉദിക്കുന്നില്ല എന്നാണ് ഫൂലെ വാദിച്ചത്.

1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ മഹാത്മാഫൂലെ കോണ്‍ഗ്രസ്സ് നേതാക്കളിലുള്ള തന്റെ അവിശ്വാസം പ്രകടമാക്കി. അദ്ദേഹം പറഞ്ഞു മഹറുകളുടെയും മാങുകളുടെയും5 കൃഷിക്കാരുടെയും ക്ഷേമത്തില്‍ യഥാര്‍ത്ഥമായ താല്‍പര്യം കാട്ടുകയും മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും ചെയ്യാതിരിക്കുന്നതുവരെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഒരു യഥാര്‍ത്ഥ ദേശീയ സംഘടനയാകാന്‍ കഴിയില്ല. കൂടാതെ അദ്ദേഹം അഭിപ്രായപ്പെട്ടത്, കോണ്‍ഗ്രസ്സ് പാര്‍ട്ടി പണക്കാരുടെ ഒരു സംഘടനയാണെന്നും ശൂദ്രവിഭാഗത്തില്‍ നിന്നും ഒരാള്‍പോലും അതില്‍ അംഗമാകരു തെന്നുമാണ്.

തന്റെ എല്ലാ രചനകളിലും മഹാത്മാ ഫൂലെ ബ്രാഹ്മണരെയും, ശൂദ്രരെ വഞ്ചിക്കുവാനുള്ള അവരുടെ സംശയാസ്പദമായ നടപടികളെയും തുറന്നുകാട്ടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹ്യവ്യവസ്ഥയ്ക്കും മറ്റു സാമൂഹിക മതപരമായ സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഫൂലെയുടെ പോരാട്ടം, പൂനയിലെ നിരവധി ബ്രാഹ്മണരെ ശത്രുതയിലാക്കി. ഒരു ചിത്പവന്‍ ബ്രാഹ്മണ ബുദ്ധിജീവിയായ പണ്ഡിത രമാഭായി ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ജാതിഭ്രാന്ത ന്മാരും യാഥാസ്ഥിതിക സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും അവരെ ദുഷ്ടതയോടെ ആക്രമിച്ചു. എന്നാല്‍ അവരുടെ മതംമാറാനുള്ള അവകാശത്തിനായി ഫൂലെ നിലകൊണ്ടു. വിധവാവിവാഹത്തിന്റെ മഹാനായ പിന്തുണക്കാരനും ശൈശവ വിവാഹത്തിന്റെ കടുത്ത എതിരാളിയായിരുന്നു ഫൂലെ. അതിനാല്‍ അദ്ദേഹത്തെ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഒരു ഏജന്റായും ഹിന്ദുക്കളുടെ ശത്രുവായും ആണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചിത്രീകരിച്ചത്. ഫൂലെയുടെ സമകാലിക നായിരുന്ന പൂനയില്‍ നിന്നുള്ള ഒരു ബ്രാഹ്മണപണ്ഡിതനായ വിഷ്ണുകാന്ത് ചിപ്ലുങ്കര്‍ ഫൂലെയെ അവഹേളിച്ചുകൊണ്ട് വിളിച്ചത് 'ശൂദ്രനായ മതാധ്യാപകന്‍, ഒരു മതത്തിന്റെ ശൂദ്രനായ സ്ഥാപ കന്‍, ശൂദ്രനായ ലോകഗുരു' എന്നാണ്. 

ഇത്തരം വിമര്‍ശനങ്ങളുണ്ടായിട്ടുകൂടി ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ 'സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് ' എന്ന ബഹുമതി മഹാത്മാ ഫൂലെ ആര്‍ജ്ജിച്ചു. ഫൂലെയുടെ പരിശ്രമങ്ങള്‍ വ്യാപകമായ ജനകീയാംഗീകാരത്തിനു വിധേയമാകുകയും 1888 മേയ് 11 ന്, ബോംബെയിലെ മാണ്ഡ്‌വി യിലെ കോളിവാഡാ ഹാളില്‍ വച്ചുനടന്ന അബ്രാഹ്മണരുടെതായ ഒരു വമ്പിച്ച സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തിന് 'മഹാത്മാ'എന്ന ശീര്‍ഷകം നല്‍കി ബഹുമാനിക്കുകയും ചെയ്തു. ഫൂലെയെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണിസം ചരിത്രപരവും കാലഘട്ടങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ടതുമാണ്. അടിച്ചമര്‍ത്തലിന്റെയും ആധിപത്യത്തിന്റെയും ഒരു പ്രത്യയശാസ്ത്രപരമാകയാല്‍ അത് എതിര്‍ക്കപ്പെടേണ്ടതും ആത്യന്തികമായി തകര്‍ക്കപ്പെടേണ്ടതുമാണ്.6

ഫൂലെയുടെ പ്രക്ഷോഭത്തിന് നിരവധി തലങ്ങളുണ്ടായിരുന്നു. ഒന്നാംഘട്ടത്തില്‍, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായി അപഹരിക്കപ്പെടുകയും കീഴ്‌പ്പെടുത്തുകയും ചെയ്ത ഏവരുടെയും അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അത്. ശൂദ്രരുടെയും അതിശൂദ്രരുടെയും വിമോചന തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ഒരാശയമുണ്ടായിരുന്നെന്നു മാത്രമല്ല അതിനായി ഉറച്ച ഒരു പ്രത്യയശാസ്ത്രാടിത്തറയുമുണ്ടായിരുന്നു. അദ്ദേഹം ഔചിത്യത്തോടെ പ്രസ്താവിച്ചത്, അജ്ഞതയും രാഷ്ട്രീയാധികാരത്തിന്റെ അഭാവവുമാണ്. അയിത്തജാതിക്കാരുടെ ദുരിതങ്ങള്‍ക്കു കാരണം. ഈ പശ്ചാത്തലത്തില്‍ ഫൂലെയുടെ പരിശ്രമങ്ങളെ താഴെ കൊടുത്തിരിക്കുന്ന പ്രകാരം ക്രോഡീകരിക്കാവുന്നതാണ്. 

1. മനുസ്മൃതിയെ അപലപിക്കാന്‍ ഫൂലെ ആഹ്വാനം ചെയ്തു. 'എന്നെ പിന്‍തുടരുക, ഇപ്പോള്‍ സംശയചിത്തരായി വേച്ചു വേച്ചു നടക്കരുത്. മനുവിന്റെ നിരോധനാജ്ഞകള്‍ നശിക്കട്ടെ. വിദ്യാഭ്യാസം നിങ്ങളില്‍ ആഹ്‌ളാദം പകരും. ജ്യോതി (മഹാത്മാഫൂലെ) നിങ്ങളോട് ആത്മ വിശ്വാസത്തോടെ പറയുന്നു'. 
2. എല്ലായിടത്തുമുളള ബ്രാഹ്മണ്യ പ്രഭാവവും ആധിപത്യവുമാണ് ശൂദ്രരുടെ മാനസികാടിമത്തത്തിന്റേയും ദുരിതങ്ങളുടെയും കാരണമെന്ന് അദ്ദേഹം കരുതി. 
3. ബ്രാഹ്മണിസത്തിന്റെ നട്ടെല്ലായ പൗരോഹിത്യ സമ്പ്രദായത്തെഅദ്ദേഹം എതിര്‍ത്തു. 
4. ശൂദ്രരുടെയും അതിശൂദ്രരുടെയും വിമോചനത്തെ ലക്ഷ്യംവച്ച് ജാതിയുടേയും അന്ധവിശ്വാസങ്ങളുടെയും സമ്പൂര്‍ണ്ണമായ നാശത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനം. 
5. ഉയര്‍ന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുളള സിദ്ധാന്തങ്ങളെ അദ്ദേഹം തളളിപ്പറഞ്ഞു. 
6. ബ്രാഹ്മണിസത്തിനൊരു ബദല്‍ സംസ്‌ക്കാരമെന്ന നിലയിലും തന്റെ പ്രസ്ഥാനത്തിന്റെ സന്ദേശങ്ങളെ വ്യാപിപ്പിക്കുന്നതിനുളള ഒരു സംഘടനയെന്ന നിലയിലും 1873 സെപ്റ്റംബര്‍ 24 ന് അദ്ദേഹം സത്യശോധക് സമാജ് (സത്യാന്വേഷികളുടെ സംഘടന) ആരംഭിച്ചു.
7. ശൂദ്രരുടെ വിമോചനത്തിനായി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചത്. 'വിദ്യാഭ്യാസത്തിന്റെ അഭാവത്താല്‍ അവബോധം നഷ്ടപ്പെട്ടു. അവബോധത്തിന്റെ അഭാവത്താല്‍ സദാചാരത്വം നശിപ്പിക്കപ്പെട്ടു. സദാചാരത്വത്തിന്റെ അഭാവത്താല്‍ പുരോഗതി തടസ്സപ്പെട്ടു. പുരോഗതിയുടെ അഭാവത്താല്‍ സമ്പത്ത് ആര്‍ജ്ജിക്കാനാവാതെ പോയി. സമ്പത്തിന്റെ അഭാവത്താല്‍ ശൂദ്രര്‍ നശിച്ചുപോയി'. 
8. കൂടുതല്‍ വിപ്ലവകരമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ പുന:സംഘടിപ്പിക്കുന്നതിനു വേണ്ടിയുളള അന്വേഷണമായിരുന്നു ഫൂലെയുടേത്.
9. ബ്രാഹ്മണിസത്തിന്റെ മുറുകെപ്പിടിത്തത്തില്‍ നിന്നും തരംതാഴ്ത്തപ്പെട്ട സ്ത്രീപുരുഷന്മാരുടെ വിമോചനത്തിനായി അദ്ദേഹം അവിരാമം പ്രവര്‍ത്തിച്ചു.
10. സാമൂഹ്യ അടിമത്തത്തെ രാഷ്ട്രീയാടിമത്തത്തേക്കാള്‍ മോശമായി അദ്ദേഹം കരുതി. 
11. ബ്രാഹ്മണര്‍ക്കു കുത്തകാധികാരമുളളസംവരണനയത്തെ തളളിക്കളഞ്ഞുകൊണ്ട് സര്‍ക്കാര്‍ സര്‍വ്വീസില്‍ അന്‍പതു ശതമാനം സംവരണം ബ്രിട്ടീഷ് സര്‍ക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് പുരോഗമനാത്മകമായ ബഹുജന്‍ സംവരണനയത്തിനായുളള പ്രക്രിയയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു.

ശൂദ്രരുടേയും അതിശൂദ്രരുടേയും വിമോചനം സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നത് അവരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലൂടെ മാത്രമാണെന്ന് സാമൂഹ്യവിപ്ലവത്തിലെ അതികായരായ ഫൂലെ, രാജര്‍ഷി സാഹു, പെരിയാര്‍ രാമസ്വാമി, ഡോ. അംബേദ്ക്കര്‍ തുടങ്ങിയവര്‍ വളരെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. വിദ്യാഭ്യാസമെന്ന മഴുവിനുമാത്രമേ സാവധാനത്തിലെങ്കിലും ഉറപ്പായി അജ്ഞതയുടെയും ചൂഷണത്തിന്റേയും കാടുകളെ വെട്ടിത്തെളിക്കാന്‍ കഴിയുകയുളളൂവെന്ന് മഹാത്മാ ഫൂലെ ഉറച്ചു വിശ്വസിച്ചു.

പരിഭാഷ: യു പി അനില്‍കുമാര്‍