"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

പുലയിക്കു പടിക്കല വല്യാക്കാരനുമൊത്തു കല്ല്യാണം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം എട്ട്

അന്നു മുതലാളി കൃഷ്ണന്‍ ചോന്‍, പൂമുഖത്തിരിക്കുമ്പോള്‍ പശുക്കളെയൊക്കെ തീറ്റിച്ചു കൊണ്ട് അകലെ നിന്നിരുന്ന കൊച്ചൂട്ടിയെ വിളിച്ചു.
എടാ കൊച്ചൂട്ടീ - എടാ കൊച്ചൂട്ടി - വിളികേട്ട കൊച്ചൂട്ടി - എന്തോ ഞാനിതാ വരുന്നേയ് - എന്നുത്തരിച്ചു.
പശുക്കള്‍ക്ക് പിണ്ണാക്കും വെള്ളം കൊടുത്തു കൊണ്ടിരുന്ന കൊച്ചൂട്ടി, കൈതോര്‍ത്തില്‍ തന്നെ തുടച്ചു കൊണ്ടോടി വന്നു. തോര്‍ത്തു കക്ഷത്തിലടുക്കി പിടിച്ചു പഞ്ച പുച്ഛമടക്കി നിന്നു.
നീ അല്‍പ്പം കൂടി ഇങ്ങോടടുത്തു വന്നു നില്‍ക്കൂ.
പിന്നെ നിനക്കു ഒരു കല്യാണോക്ക കഴിക്കണ്ടേ.
പൊതുവേ നാണം കുണുങ്ങിയും, സ്ത്രീ സഹജമായ നടപ്പു രീതികളുള്ളവനും, അനുസരണയുമുള്ളവനുമായ കൊച്ചൂട്ടി മുതലാളി പറയുന്നതിനപ്പുറം ഒന്നും മറുത്തു പറയാത്തവനും, മുതലാളിയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവനുമായിരുന്നു. വളപ്പിലെ വേലക്കാരനുമായിരുന്നു. കൂലിയൊന്നും ചോദിക്കാറില്ല. മുതലാളിയുടെ വീട്ടില്‍ നിന്നു തന്നെ കഞ്ഞിയും പുഴുക്കും കൊടുക്കുന്നതു ഭക്ഷിച്ചാണ് കൊച്ചൂട്ടിയുടെ ജീവിതം.
കിഴക്കു ഭാഗത്തു നിന്നെവിടുന്നോ വന്നു, മുതലാളിയുടെ ദാസ്യവൃത്തിയില്‍ കഴിഞ്ഞു കൂടുന്നു. ഇവിടെത്തന്നെ ഉറക്കവും, ജീവിതവും എല്ലാം.
കല്ല്യാണക്കാര്യം പറഞ്ഞതു കേട്ടു നാണം കുണുങ്ങി തൊട്ടടുത്ത മരത്തില്‍ ചാരി നിന്നു, മരത്തിനെ വട്ടം പിടിച്ചു ഞാന്നു നിന്നാടി വട്ടം കറങ്ങി. എന്നിട്ടു മൂളി, പുഞ്ചിരിച്ചു സമ്മതം രേഖപ്പെടുത്തി.
നമ്മുടെ പണിക്കാരന്‍ മാടന്റെ മകളെ നീ കെട്ടിക്കോളൂ. അതിനും അവന്‍ മരത്തെ കെട്ടിപ്പിടിച്ചു വട്ടം കറങ്ങി മൂളി സമ്മതം രേഖപ്പെടുത്തി.
കൂടാതെ അവള്‍ നിനക്കു കഞ്ഞിയും കറിയുമൊക്കെ വെച്ചു വിളമ്പിത്തരും. സ്വസ്തമായി ജീവിക്കാം, ഇവിടത്തെ പണികളും ചെയ്യാം എന്താ, അതിനും അവന്‍ മൂളി. സമ്മതം പ്രകടിപ്പിച്ചു.
ഇപ്പോഴെന്താ നീ ചെയ്തു കൊണ്ടിരിക്കുന്നത് കൊച്ചൂട്ടി - അയിറ്റിങ്ങക്ക് വെള്ളം കൊടുക്കേണ്, അതുങ്ങക്ക് വല്യാ ദാഹോണി. വെള്ളം കൊടുത്തു തീര്‍ന്നില്ല.
കുഞ്ഞിങ്ങളു വെള്ളം കുടിക്കാതെ അമ്മേ അമ്മേന്ന് വിളിക്കണി. പള്ള ഒട്ടിക്കെടക്കണി.
ഉം. നീ പോയി പശുക്കള്‍ക്ക് വെള്ളം കൊട്.
അതൊരു പുതിയ അറിവായിരുന്നു കൊച്ചൂട്ടിക്ക്. പെണ്ണു കെട്ടാന്‍ മുതലാളി പറഞ്ഞ സ്ഥിതിക്ക്, താന്‍ പെണ്ണു കെട്ടാറായിയെന്ന് അവനു തോന്നി. അതിനു വേണ്ടി മുതലാളി തന്നെ മുന്‍ കൈയ്യെടുത്തിരിക്കുന്നു. കല്ല്യാണോക്ക അദ്ദ്യാന്‍ തന്നെ നടത്തിത്തരുമായിരിക്കും. കല്ല്യാണം കഴിച്ചെന്നാല്‍ എന്റെ പെമ്പിള്ള തനിക്ക് ചോറു വിളമ്പിത്തരും കറി വിളമ്പിത്തരും എന്നൊക്കെ ചിന്തിച്ച് ഉത്മാദചിത്തനായി കൊച്ചൂട്ടി നടന്നു.
കൊച്ചൂട്ടിക്ക് ജാതിയോ മതമോ ഒന്നുമില്ല ജാതിയേതെന്ന് പറയുവാനൊന്നും, ഇതുവരേ കൊച്ചൂട്ടി മിനക്കെട്ടിട്ടില്ല.
മുതലാളിയുടെ വീട്ടില്‍ വല്ല പൂജയോ അടിയന്തിരമായ ചടങ്ങുകളോ നടക്കുമ്പോള്‍ വീടിന്റെ പിന്‍ഭാഗത്തു നിന്നും മുന്‍വശത്തേയ്ക്കു വരുവാന്‍ പാടില്ലെന്നാണ് നിബന്ധന. തീറ്റയെല്ലാം അടുക്കള മുറ്റത്ത് ചട്ടിയില്‍ കഞ്ഞിയൊഴിച്ചു കൊടുക്കും. കഞ്ഞി കുടി കഴിഞ്ഞാല്‍ ചട്ടീം കയിലും അവള്‍ തന്നെ കഴുകി വിറകു പുരയില്‍ വെയ്ക്കും. ഉറക്കവും വിറകു പുരയില്‍ തന്നെ ചാക്കു വിരിച്ചാണ് കിടന്നിരുന്നത്. വളരെ വിരളമായിട്ടേ മുന്‍ഭാഗത്തു വരുവാനനുവദിച്ചിരുന്നുള്ളൂ. പശുക്കളെ തീറ്റിക്കാനും മറ്റും ചുറ്റുവേലിയുടെ പിന്നാമ്പുറത്തുള്ള പടിയില്‍ കൂടി പോകുകയും വരുകയും ചെയ്യാമായിരുന്നു.
ഒരു ദിവസം കൊച്ചൂട്ടി മുതലാളിയോടു പറഞ്ഞു. ഏനൊന്നു മാട ചേട്ടാട കുടീല് പോട്ടോ.
മുതലാളി - എന്തിനാടാ നീ പോകുന്നത് - അവനകലെ നിന്നു മാനസിക വൈകല്യമുള്ളവനെ പോലെ നാണം കുണുങ്ങി.
ഉം - നിനക്കിപ്പഴേ അവളെ കാണണമെന്നു തോന്ന്യാല്ലേ. മുതലാളി പറഞ്ഞു. 
നീ നാളെ വൈകിട്ട് പോയി കണ്ടിട്ടു വന്നോളൂ. ശരി - അവന്‍ കൈനഖം കടിച്ചു കൊണ്ട് നാണിച്ചോടിപ്പോയി.
പിറ്റേദിവസം മുതലാളി കളത്തില്‍ പോയി, കയറ്റിയിട്ട കൊപ്രയൊക്കെ മാണ്ട വാരി വെയിലത്തിട്ടു ഉണക്കുകയായിരുന്നു.
കാക്കയുടേയും നായയുടേയും ശല്യം ഒഴിവാക്കുവാനായി കളത്തിന്റെ മുറ്റം വലിയൊരു വല കൊണ്ടു മറച്ചിരുന്നു. 
മുതലാളി വന്നപാടെ വരാന്തയിരിലുന്നു, മാണ്ടയുടെ കൊപ്ര വിരിക്കുന്ന രീതി സൂക്ഷ്മമായി നോക്കി കൊണ്ടിരുന്നു.
ഇവള്‍ക്കിത്ര അഴകെങ്ങിനെ ലഭിച്ചു, ഇതു മാടന്റെ മകളു തന്നെയാണോ? അതോ വല്ല സങ്കര രീതിയില്‍ ജനിച്ച പെണ്ണായിരിക്കുമോ? മുതലാളി സംശയനിവര്‍ത്തി വരുത്താനൊന്നും ശ്രമിച്ചില്ല. അങ്ങിനെ ചോദിച്ചാല്‍ തന്നോടുള്ള ബഹുമാനത്തിന്നു കുറവുണ്ടാകുമെന്നദ്ദേഹം ചിന്തിച്ചു.
കുറച്ചു കൊപ്ര മാത്രമേയുണ്ടായിരുന്നുള്ളൂ. അതാണ് മാണ്ടയോടു മാത്രം വന്നതു വെയിലത്തു വിരിക്കുവാന്‍ പറഞ്ഞിരുന്നത്. കൊപ്രയൊക്കെ വിരിച്ചു കഴിഞ്ഞ മാണ്ട കയ്യും കാലും മുഖവും കഴുകി വലയൊക്കെ ഭദ്രമായടച്ചു മുതലാളിയുടെ മുന്നില്‍ വന്നു നിന്നു.

ധനു എളങ്കുന്നപ്പുഴ
മുതലാളി മാണ്ടയെ വിളിച്ചു മുറിക്കകത്തു കയറ്റി. പായയിലിരുന്നു സംസാരിച്ചു. കൂട്ടത്തില്‍ മുതലാളി പറഞ്ഞു. ഇന്നു നിന്നെ പെണ്ണു കാണാനൊരാള് വൈകിട്ടു നിന്റെ കുടിലില്‍ വരുന്നുണ്ട്.
മാണ്ട - ആരാ മുതലാളി
മുതലാളി - ഒരു കൊച്ചൂട്ടി.
ആ പശൂന തീറ്റണവനാ - അയ്യേ - എനക്കു വേണ്ട.
മുതലാളി - ഇതു എന്റെ തീരുമാനമാണ്, നിന്നെ അവന്‍ തന്നെ താലി കെട്ടണം. അതിലൊരു മാറ്റവുമില്ല. എന്നാലെ നമുക്കിങ്ങനെയൊക്കെ ജീവിക്കുവാന്‍ പറ്റുകയുള്ളൂ.
പക്ഷേ അവളിനെയൊക്കെ പറഞ്ഞതിന്റെ കാരണം മുതലാളിയുടെ വീട്ടില്‍ ചിലപ്പോഴൊക്കെ പുല്ലു ചെത്തി കൊണ്ടുപോയി കൊടുക്കുന്ന അവസരത്തിലൊക്കെ അവനെ കണ്ടിട്ടുണ്ട്. വൃത്തി ഹീനമായി നടക്കുന്ന കൊച്ചൂട്ടി. ഉടുപ്പു കെട്ടുമൊക്കെ കഴുകാറില്ല. കുളിക്കാറില്ല. ഏതു നേരത്തും വിയര്‍ത്തൊലിച്ചു കിറുക്കനെപ്പോലെ നടക്കുന്നവന്‍ അതാണ് മാണ്ട അവനില്‍ ദര്‍ശിച്ചിട്ടുള്ളത്.

പക്ഷേ നല്ല ഉറച്ച ശരീരം, അനുസരണശീലവുമുള്ള കൊച്ചൂട്ടി വഴക്കാളിയല്ല. അവനുടുക്കുന്ന വസ്ത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി കൊടുത്ത് കുളിപ്പിച്ചിടീച്ചാല്‍ കാഴ്ചയ്ക്കു മോശമൊന്നുമുണ്ടാകുകയില്ല. 
അതു മുതലാളി മാണ്ടയ്ക്കു പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
പുലയപ്പെണ്‍കുട്ടികള്‍; അറിവും പുരോഗമന സ്വഭാവവും, കഴിവുമുള്ള ഭര്‍ത്താവുമൊത്തു ജീവിക്കുവാന്‍ പാടില്ല. അവന്‍ നികൃഷ്ടരില്‍ നികൃഷ്ടനായും, ആണത്വമില്ലാത്തവനായും വര്‍ത്തിക്കേണ്ടത് മുതലാളിയുടെ ആവശ്യമാണ്. അവന്‍ ഗുണഗണമുള്ളവനുമായിക്കൂട. മുതലാളിയുടെ താല്‍പ്പര്യങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകുന്നതിന്നു വിഘാതമായി നില്‍ക്കാത്തവനെയാണ് ഇക്കാര്യത്തില്‍ പരിഗണിക്കാറുള്ളത്. അവന്‍ എന്തെങ്കിലും അപകാതയുമുണ്ടായിരിക്കും. പ്രത്യക്ഷത്തിലിതൊന്നും ആര്‍ക്കും മനസ്സിലായെന്നു വരില്ല. എല്ലാം മുതലാളിയുടെ ദയാദാക്ഷിണ്യമായിട്ടേ കരുതുകയുള്ളൂ. മൂക ജനതയുടെ വിശാല മനസ്‌ക്കത അനുസരിക്കുക മാത്രമേ, അവനു കരണീയമായിട്ടുള്ളൂ.
മാണ്ട മുതലാളിയെ കെട്ടിപ്പിടിച്ചു ചെവിയില്‍ പറഞ്ഞു. കുളി മാറി.
ഏ - ഉള്ളതോ - അദ്ദേഹവും അവളെ ആലിംഗനം ചെയ്തു കവിളിലൊരുമ്മ നല്‍കി എന്നിട്ടു പറഞ്ഞു.
എന്നാലും മാണ്ടേ നിന്റെ വീടിന്റെ പണികഴിഞ്ഞാല്‍ നിന്റെ കല്ല്യാണം. നിനക്കും, ആ കൊച്ചൂട്ടിക്കുമിരുന്നു സംസാരിക്കുവാന്‍, പുറകു വശത്തൊരു ചാര്‍ത്തും ഉണ്ടാക്കിത്തരുവാന്‍ ഞാനെന്റെ കാര്യസ്ഥനോടു പറഞ്ഞിട്ടുണ്ട്.
ഉച്ചകഴിഞ്ഞപ്പോള്‍ മുതലാളി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു നടന്നു പോയി.
മാണ്ട തന്റെ പണികളിലേര്‍പ്പെട്ടു.
വെയിലാറാന്‍ തുടങ്ങിയ നേരത്തു, മാണ്ട കൊപ്രയൊക്കെ വാരി കളത്തിലിട്ടു. വാതിലൊക്കെ പൂട്ടി കുടിലിലേയ്ക്കു പോയി. ചക്കി മോള്‍ക്കു ശര്‍ക്കരയിട്ടു തിളപ്പിച്ച ചായയും കിഴങ്ങു പുഴുങ്ങിയതും കൊടുത്തു. അതു കഴിച്ചയുടനേ അവള്‍ കുടിലിനു പിന്നാംപുറത്തേയ്ക്കു ഓടിപ്പോയി - ഓക്കാനിച്ചു - വാഴച്ചോട്ടില്‍ ശര്‍ദ്ദിച്ചു.
ശബ്ദം കേട്ടു ചക്കി ഓടി വന്നു മകളുടെ പുറം തടകിക്കൊടുത്തു.
എന്താടി മോളേ എന്നാ പറ്റീത്. ചായേം കെയങ്ങും പിടിച്ചില്ലേ. ഹോ. കുടിച്ച ചായേം കെയങ്ങും എക്ക ശര്‍ദ്ദിച്ചല്ല. വെയിലത്തു നിന്നു പണ്യാടുത്തിട്ടാരിക്കും, അല്ലെങ്കില്‍ ചെലപ്പ പിത്തക്കോളായിരിക്കും. മാണ്ടയെ പിടിച്ചെണീപ്പിച്ചു, കുടില് കൊണ്ടു പോയിരുത്തി.
ഒന്നൂല്ലമ്മേ, ഒന്നൂല്ല - മാണ്ട മൊഴിഞ്ഞു.
ചക്കിക്കു വിശ്വാസം വന്നില്ല ചക്കി ശര്‍ദ്ദിലിന്റെ അടുത്തു ചെന്നു മണം പിടിച്ചു എന്നിട്ട് കുടിലില്‍ കയറി മാണ്ടയോടു കയര്‍ത്തു - എന്താടി ഇത് - നേരു പറയടി അവളുടെ മുടിക്കു കുത്തിപ്പിടിച്ചു കോപത്തോടെ ചോദിച്ചു. 
ഞാനും കൊറെ പെറ്റവളല്ലേ, ഇക്കറിഞ്ഞൂടെ, പറേടി നേര്, ചക്കി ഇടിക്കുവാന്‍ കയ്യോങ്ങി.
ഞാന്‍ പറയാമ്മേ - ഞാന്‍ പറയാമ്മേ
കുളി മാറീട്ടുണ്ട്.
ആരാടി നേരുപറ
മൊതലാള്യാണ്
ചക്കിയതു കേട്ടു വല്ലാത്ത വിവശതയില്‍ തറയിലിരുന്നു പോയി. നീ ഈ കുടീം നശിപ്പിച്ചേ അടങ്ങൂ. എന്താടി ഇതൊക്കെ.
പിന്നേങ്ങനേണ്, അദ്ദ്യാന്‍ എണ്ട കയ്ക്കു പിടിച്ചാ പിന്ന പറ്റൂല്ലാന്നു പറയാന്‍ പറ്റോ - ആരും പോരും ഇല്ലാതെ ഈ നാട്ടീ വന്നപ്പ, താമസിക്കാനക്കൊണ്ട് എടം തന്നില്ലേ. കുടീ കെട്ടി തന്നില്ലേ, വേല തന്നില്ലേ ഈ ചരീരത്തില് ചോരോട്ടണ്ടായത് അദ്ദേന്റെ കഞ്ഞ്യാല്ലേ. ഇപ്പ വീടും കെട്ടിത്തരണ്, പിന്ന പറമ്പും തന്തിനി.
എണ്ട കല്ല്യാണം നടത്തി തരാന്‍ ഏര്‍പ്പാടാക്കി ട്ടൊണ്ട്. എണ്ണ വല്യാ ഇട്ടോണി, അതാണി നമ്മക്കിങ്ങനെക്ക തന്നണി. ചക്കിയിതെല്ലാം കേട്ടാശ്വസിച്ചു പിന്നെ സമാധാനമായി പറഞ്ഞു.
എണ്ട മോളു സുന്ദര്യാല്ലേ, പുത്തമ്പെണ്ണല്ലേ. അതുകൊണ്ടാ മൊതലാളിക്കിട്ടോയത്. പയ്യേതിന ആക്കും ഇട്ടോണ്ടാകേല. ചക്കി മകളെ തലോടി. എന്തു ചെയ്യാനാണ്.
അമ്മയുടെ അടുത്തു ചേര്‍ന്നു നിന്നു പറഞ്ഞു - ഇപ്പ എന്ന കാണാനാ കൊച്ചൂട്ടി വരും. അയാളിതൊന്നുമറിയണ്ട. അന്നേരം ചക്കിക്കും ഒരു ബുദ്ധിതോന്നി പറഞ്ഞു. എന്നാ പള്ളേലൊള്ള കാര്യം അച്ചേടും ഒന്നും പറേണ്ട അമ്മേം മോളും മാത്രമറിഞ്ഞാ മതി.
വേറെള്ള ജാതിക്കാരക്ക ഇതു തന്നേല്ലേ ചെയ്യണത്. ഉന്നതജാതിക്കാരും ഉന്നതര്‍ക്കു സുന്ദരിപ്പെണ്ണുങ്ങള കൊടുത്തീട്ടല്ലേ പലതും നേടണത്.
അവിരിക്ക് ചെയ്യാങ്കി, എന്തോണ്ട് നമ്മക്കായിക്കൂടാ അവിരി തേങ്ങോടക്കമ്പ നുമ്മക്ക് ചെരട്ടേങ്കിലും ഒടക്കണ്ടേ.
വൈകുന്നേരമായപ്പോള്‍ മാടനും ചാത്തേം പണി കഴിഞ്ഞു വന്നു. സ്‌ക്കൂളില്‍ പോയിരുന്ന ചരതന്‍ കൂട്ടുകാരൊത്തു കളിയും കഴിഞ്ഞാണ് കുടിലിലെത്തിയത്. അന്നേരം മാണ്ട കിടക്കുകയായിരുന്നു.
മാടന്‍ വന്നയുടനേ, മാണ്ട കിടക്കുന്നതെന്താണെന്നാരാഞ്ഞു. 
ചക്കി പറഞ്ഞു, അവക്ക് തലവേദന, പിന്നെ മാടനോടു പ്രത്യാകമായി പറഞ്ഞു - മാണ്ടന കാണാന കൊണ്ടു മൊയലാളീട വീട്ടിലെ പണിക്കാരന്‍ കൊച്ചൂട്ടി ഇപ്പ വരുന്നൂന്ന് പറഞ്ചേക്കണി, ചാത്തേനോടും അവള്‍ സൂചിപ്പിച്ചു.
അവനല്ലേ മൂത്ത മകന്‍, പെങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തേണ്ടവനല്ലേ. ചരതനാണെങ്കില്‍ പഠിക്കുന്ന ചെറുക്കനാണ് എന്നാലും അവനേയും അറിയിച്ചു. കോതപ്പെണ്ണിന്നു അച്ഛന്‍ വാങ്ങിക്കൊണ്ടു വന്ന പലഹാര പൊതി കൊടുത്തു ഓമനിച്ചു. കുടിലിന്റെ മുറ്റത്തു നില്‍ക്കുകയായിരുന്ന അവര്‍ അകലെ നിന്നു പാഞ്ഞു വരുന്ന കൊച്ചൂട്ടിയെ കണ്ടു. കാക്കി ട്രൗസറിട്ടു, ബനിയാനും ധരിച്ച് തോളത്തൊരു തോര്‍ത്തും ഞാത്തിയിട്ടു കുടിലിനെ സമീപിച്ചു കൊണ്ടിരുന്ന കൊച്ചൂട്ടിയുടെ മുമ്പിലേയ്ക്കു ചാത്തേന്‍ ചെന്നു ചിരിച്ചു കൊണ്ടെതിരേറ്റു.
ബാ - ഞങ്ങ കാത്തിരിക്കേണി - എന്നു പറഞ്ഞു കുടിലിന്റെ വരാന്തയില്‍ പായിട്ടു കൊടുത്തിരുത്തി.
കുടീന്റെ ഉള്ളില് തിളപ്പിച്ച ശര്‍ക്കര ചായയും കിഴങ്ങു പുഴുങ്ങിയതും, ചട്ടീല് പകര്‍ന്നെടുത്തി, മാണ്ട കൊണ്ടു വന്നു കൊടുത്തു. മുതലാളിയുടെ വീട്ടില്‍ വെച്ചു കണ്ടിട്ടുണ്ടെങ്കിലും, കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. സ്ത്രീകളുടെ മുഖത്തു നോക്കാത്തവന്‍ തന്നെ.
കൊച്ചൂട്ടി ഇടം കണ്ണിട്ടു, നാണം കുണുങ്ങി മാണ്ടയെ നോക്കി. അവളെ കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. ഇരുനിറം ചുരുണ്ട തലമുടി, നല്ല അഴകൊത്ത മുഖം.
ഞാ - മാണ്ടന കല്ല്യാണം കയ്ക്കാന്‍ പറഞ്ഞി. മാടന്‍ ചോദിച്ചു - ആരി പറഞ്ഞി.
കൊച്ചൂട്ടി ഞെളിപിരി കൊണ്ടു പറഞ്ഞു - മൊയ്‌ലാളി.
അയിനി കാണാന്‍ വന്നതാണി. അവന്‍ പറഞ്ഞൊപ്പിച്ചു.
ചെരി - നുമ്മക്ക് കല്ല്യാണ തെവതോക്ക തീരുമാനിക്ക ചക്കി പറഞ്ഞു - എങ്കട പെരപണി നടക്കണേണി, പെരപണി കയ്യുമ്പ നുമ്മക്കിതു നടത്താ - എന്താ.
മതി മതി - കൊച്ചൂട്ടി പറഞ്ഞു, പിന്നെ അല്‍പ്പ നേരമിരുന്ന കൊച്ചൂട്ടി ഇളയ മകള്‍ കോതയെ അടുത്തി വിളിച്ചോമനിച്ചു.... പുള്ളക്കെന്താണ് പേരിട്ടേക്കണത്.
കോതപ്പെണ്ണ് - ചക്കി പറഞ്ഞു കൊടുത്തു.
ആയ് നല്ലപേര് - അതു പറഞ്ഞു കൊണ്ടെഴുന്നേറ്റു യാത്രയായി. ചാത്തനും ചരതനും അളിയനാകേണ്ടയാളുടെ പിന്നാലെ ചെന്നു സന്തോഷത്തോടെ പറഞ്ഞു വിട്ടു.
ഇടി കൊട്ടും, പാട്ടും, തുള്ളലും, കുരിതിയും നടക്കുന്നെന്നറിഞ്ഞ് മാടനും, കുടുംബും ഇട്യാതി മൂപ്പന്റെ പതിയിലേയ്ക്കു പോയി. അവിടെ ചെന്നപ്പോഴല്ലേ പൂരം. ആശാന്റെ കുടിലിന്റെ തെക്കുപടിഞ്ഞാറെ മൂലബാഗത്ത് മരക്കൂട്ടങ്ങളും കാടും പതിയുമൊക്കെയുണ്ട്. ഒരു കരിങ്കല്ല് കളിമണ്ണു തറയുടെ മുകളില്‍, കരിഞ്ചാത്തനെ ആവാഹിച്ച് പതിച്ചു വച്ചിരിക്കുന്നു. അതിനു മുകളിലായി കാക്ക വിളക്കില്‍ എണ്ണയൊഴിച്ച് തിരികത്തിച്ചു വെച്ചിരിക്കുന്നു. വേറെ ചില വലിയ വിളക്കുകളും എണ്ണത്തിരി കത്തിച്ചു വെച്ചതിന്റെ പ്രകാശം അഴകാര്‍ന്ന ദൃശ്യമായിരുന്നു. ഇട്യാതി മൂപ്പന്റെ മക്കളും പേരക്കിടാങ്ങളും പിന്നെ സ്വന്തക്കാരും ഒക്കെ കൂടിയിട്ടുണ്ട്. അവരെയാണ് നാലാമിടക്കാരെന്നു പറയുന്നത് അവരൊക്കെ അരിയും ശര്‍ക്കരയും തേങ്ങാപീരയും വറുത്തു ചേര്‍ത്തിടിച്ച കലശവും കൊണ്ടു വന്നിട്ടുണ്ട്. ചിലര്‍ ചാരായവും, കള്ളും കൂടാതെ കുരുതി നടത്തുവാനുള്ള പൂവന്‍ കോഴികളേയും, കരിതിയിട്ടുണ്ട്. പതിയുടെ മുന്‍ഭാഗത്ത് കളം വരച്ച് പൂജിച്ച് അറുകുല, ചാത്തന്‍, ചാമുണ്ടി, രക്തരക്ഷസ്സ് മുതലായ വാതപ്രേത പിശാചുക്കളേയും സങ്കല്‍പ്പിച്ചു പൂജിക്കുന്നു. ഇട്യാതി ആശാനാണ് മുഖ്യ പൂജാരി. പുലയരുടെ ആ ഭാഗത്തെ കുലഗുരുവാണദ്ദേഹം.
ചെത്തിപ്പൂവും, കുവളത്തിലയും, തുളസിയില തുളസ്സിക്കതിര് എല്ലാംചേര്‍ത്ത്, പച്ചരിയും നനച്ച് എണ്ണത്തിരി കത്തിച്ചാണ് പൂജ വാത പൂതാദികളായ ചെകുത്താന്മാര്‍ ദേഹത്തു കേറി കോമരം തുള്ളേണ്ടവര്‍, കളത്തിനെതിര്‍ വശത്തു നിരന്നു നില്‍ക്കു്. അവരെ അരീം പൂവും ജപിച്ചെറിഞ്ഞ് കലി വരുത്തും പിന്നെ ഇട്യാതി മൂപ്പന്‍ കിണ്ണത്തില്‍ കോലു കൊണ്ടടിച്ച് താളാത്മകമായി ഹൃദയ തരളിതയോടെ, ശോകാര്‍ദ്രമായ തരത്തില്‍ തോറ്റം പാടും.
തെയംതാരോ തെയ്യമ്മതാരോ
തെയ്യമ്മതകതെയ്യത്താ.. ആഹാ
ഇത്തിതകതെയ്യത്താ....
മറ്റുള്ളവരേറ്റു പാടും, അവരുടെ കയ്യിലും കിണ്ണനുണ്ടാകും. കോലു കൊണ്ടു കിണ്ണത്തിലിട്ടടിച്ചും. തുടി കൊട്ടിയും താള ലയത്തോടെ പാടുന്നു.
കാറുകറുത്ത, കരിഞ്ചാത്തന്‍ മകനേ 
വലഭാഗം തുണയായ്‌വാ... ഹോയ്,
ഇത്തിത്തകതെയ്യത്താ..
അതായത് കരിഞ്ചാത്തനീ കോമരത്തിലേറി തുള്ളി വന്നു, ഞങ്ങളുടെ കഷ്ടപ്പാടുകളൊക്കെ മാറ്റിത്തരണേ. മണ്‍മറഞ്ഞുപോയ അച്ഛനപ്പൂപ്പന്മാരെ, കിഴക്കുദിച്ചു പടിഞ്ഞാറസ്തമനമെങ്കില്‍, ഏന്‍ വിളിക്കും വിളിപ്പൊറത്തു വന്നു, ഈ കള്ളും കലശവും കയ്യേറ്റി, തങ്ങളുടെ കഷ്ടപ്പാടുകളൊക്കെ മാറ്റി അനുഗ്രഹിക്കണമെന്നു പറഞ്ഞും പാടിയും, താളാത്മകമായി, കിണ്ണം കൊട്ടിയും തുടിയറഞ്ഞും കരളലിയിക്കുന്ന രീതിയോടു കൂടിയാണ് പാട്ടുകളൊക്കെ പാടുന്നത്. എല്ലാം നാടന്‍ ശീലിലാണ്. ഇട്യാതി മൂപ്പന്‍ കോമരത്തില്‍ വാത കേറി, കട്യാവെന്ന ചുവന്ന തുണിയുടുത്ത്, വേറൊരു ചുവന്ന തുണി ഏത്താപ്പും കെട്ടി ചൂരലും പിടിച്ചു കൊണ്ടാണ് ഉറഞ്ഞു തുള്ളിയെത്തുന്നത്. ഉരല്‍ കമഴ്ത്തിയിട്ട്. അതിന്മേലാണിരിക്കുന്നത്. പിന്നെ കള്ളും കലശവും വറ പൊടിയും ഒക്കെ കുറേശ്ശേ തിന്നും. ചാരായവും കുടിക്കും. അതിനുശേഷം ഓരോരുത്തരേയും വിളിച്ചനുഗ്രഹിക്കും.
സന്ധ്യാമേളവും മറ്റും കഴിഞ്ഞാല്‍, പിന്നെ തെക്കുംഭാഗം കരിംകുരിതിയാണ്. അതിനു വേണ്ടി പന്തലിന്റെ തെക്കേ അറ്റത്ത് പീഠം വെച്ച്, അല്‍പ്പം അരി വെയ്ക്കും, അതിനു മുകളില്‍ നാളികേരം വച്ച്, കളം വരച്ച്, സൂചനില വെച്ച് അവലും മലരും ശര്‍ക്കര പഴം മുതലായവയൊക്കെ വെച്ച് ചന്ദനത്തിരി കര്‍പ്പൂരമൊക്കെ കത്തിച്ചു ധൂമമാക്കി പൂജിക്കുന്നു. ഉമിക്കരി പൊടിച്ച കരി. വലിയ വട്ടളത്തില്‍ വെള്ളമൊഴിച്ചു കലക്കുന്നു. അതിനുമീതെ ഞറുക്കില, വെളിച്ചെണ്ണയില്‍ മുക്കിയ തിരി; അരീം പൂവും കൊണ്ട് പൂജിച്ചാരാധിച്ച് വലിയ പന്തത്തില്‍ തെള്ളിയെറിഞ്ഞ് അഗ്നിയുയര്‍ത്തും.
തെക്കുംഭാഗം പൂജ കഴിഞ്ഞാല്‍ തുടിയും കിണ്ണത്തിലും കൊട്ടി, കാപ്പിരി മുതലായ പിശാചുക്കളെ വിളിച്ചു വരുത്തും. അവര്‍ തുള്ളി വന്നാല്‍ കാപ്പിരിക്കു പ്രിയപ്പെട്ട ആഹാരങ്ങള്‍ കൊടുക്കുന്നു. മീന്‍ ചുട്ടതും, പുട്ടും, പഴവും ഞണ്ടു പുഴുങ്ങിയതും, ഒക്കെ കുഴച്ചു കൂട്ടിത്തിന്നും. കാപ്പിരിയുടെ ആയുധം ഗണ്ടയാണ്. അതു കയ്യിലെടുത്തു കിലുക്കി തലയ്ക്കടിച്ച് അതിശയം കാണിക്കു്. എരിഞ്ഞു കൊണ്ടിരിക്കുന്ന പന്തം വായില്‍ തിരുകി കാണിക്കു്. പിന്നീട് നെയ്ത്തിരി കത്തിച്ച് ദേഹത്തു കൂടി ഉഴിഞ്ഞു ഭീകരത സൃഷ്ടിക്കും.
ഇത്രയും ശക്തിയുള്ള വാദപ്രേത പിശാചാണ് താനെന്നും തന്നെ എല്ലാ വര്‍ഷവും വിളിച്ചു വരുത്തി ആരാധിച്ചു കൊള്ളണമെന്ന നിര്‍ദ്ദേശവും നല്‍കും. അല്ലെങ്കില്‍ കുടുംബം കുളം തോണ്ടിക്കുമെന്നു ഭീഷണിപ്പെടുത്തു. എന്നാല്‍ തന്നെ വേണ്ട രീതിയില്‍ സേവിച്ചാല്‍ കുടുംബത്ത് ഐശ്വര്യവും ഉന്നതിയും ഉണ്ടാകുമെന്നും ഉപദേശിക്കും തമ്പുരാന്റെ കൃഷിയിടങ്ങളായ വയലും പറമ്പും കാത്തു രക്ഷിച്ച് നിങ്ങള്‍ക്ക് അപകടങ്ങളൊന്നുമുണ്ടാകാതെ വേല ചെയ്തു അഭിവൃദ്ധിയുണ്ടാക്കി തന്നിരിക്കുമെന്നും പറയുന്നു.
കുടുംബത്തിലുള്ള അംഗങ്ങള്‍ക്കും ഈ കരിംകുരുതി വെള്ളം പ്രസാദം പോലെ മുഖ്യ പുരോഹിതനായ ഇട്യാതി മൂപ്പന്‍ കൈകൊണ്ടു കോരി കൊടുക്കും. അംഗങ്ങളൊക്കെ ബഹുമാനപൂര്‍വ്വം വാങ്ങി കുടിക്കും. കുഞ്ഞുങ്ങളുടെ നാവില്‍ തൊട്ടു കൊടുക്കു്. നടന്നു കളിക്കുന്ന കുഞ്ഞുങ്ങളോടു തള്ളമാര്‍ - തമ്പായിയാണ് മോനേ കുടിച്ചോ എന്നു പറഞ്ഞു കുടിപ്പിക്കും.
കുട്ടികളോടൊപ്പം തള്ളമാര്‍ കോമരം തുള്ളിയിരിക്കുന്ന ഇട്യാതി മൂപ്പന്റെ കാലു തൊട്ടു വന്നിക്കും അപ്പോളദ്ദേഹം കുഞ്ഞുങ്ങള്‍ക്കു പഴത്തിന്റെ അല്‍പ്പം കിള്ളി വായില്‍ വെച്ചു കൊടുക്കും. തലയില്‍ കൈ വെച്ചു മന്ത്രം ചൊല്ലിയാണനുഗ്രഹിക്കുന്നത്.
വടക്കുംഭാഗം കുരുതിയാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. കുരുതിത്തടം എന്നു പറയുന്നത് എട്ടടി ആറടി ചതുരത്തില്‍ അരയടിയാഴത്തില്‍ മണ്ണെടുത്തു വരമ്പു പിടിപ്പിച്ച് വാഴയില വിരിക്കുന്നു. അതിനു മേലേ വാഴപ്പോള ചില നിശ്ചിത അകലത്തില്‍ നിരത്തി, കുരുത്തോല കൊണ്ട് കതിരുണ്ടാക്കി കുത്തി നിര്‍ത്തുന്നു. അതിനിടയ്ക്കു കോല്‍ത്തിരി എന്ന പന്തം കത്തിച്ചു കുത്തി നിര്‍ത്തും. കുരുതിത്തടത്തിന്റെ ബഹിര്‍ഭാഗത്തു വലിയൊരു വട്ടച്ചെമ്പ്‌വെച്ചിരിക്കും അതിലാണ് വെള്ളമൊഴിച്ച് മഞ്ഞളും, ചുണ്ണാമ്പും കലര്‍ന്ന മിശ്രിതം കലക്കുന്നത്. അതാണ് ശരിയായ കുരുതി വെള്ളമെന്ന് പറയുന്നത്. കൂടാതെ കുരുതിത്തടത്തിനു സമീപം വലിയൊരു പീഠം വയ്ക്കും അതിനു മുകളില്‍ കൊടുവാളും, ചിലമ്പും, അരമണിയും, ചൂരലുകളും, ഗണ്ട എന്ന ആയുധവും വെച്ചു പൂജിക്കുന്നു.
വടക്കു കിഴക്കേ മൂലയില്‍ പന്തീനായിക വിരകി കൊണ്ടിരിക്കും. അരി, ശര്‍ക്കര മുതലായവ വെള്ളത്തിലിട്ടു പായസം പോലെയുണ്ടാക്കുന്നതിനാണ് പന്തീനായിക എന്നു പറയുന്നത്. അതും തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ഏകദേശം അരമൈയില്‍ അകലത്തു നിന്നും പുരോഹിതന്റെ നേതൃത്വത്തില്‍ ചെണ്ടമേളം തുടികൊട്ട് മുതലായ അകമ്പടിയോടു കൂടി തരുണീ മണികള്‍ താലമെടുത്ത് എതിരേപ്പ് വരുത്തുന്നത്. ഇതിനുവേണ്ടി വലിയൊരു ഓട്ടു കിണ്ണത്തില്‍ മുഖ്യഭൂതമായ ചാത്തനെ സങ്കല്‍പ്പിച്ച് പൂജിച്ചതാണ് ആനയിക്കുന്നത്.
കരിഞ്ചാത്തന്‍ കയറി തുള്ളുന്നത് ഇട്യാതി മൂപ്പനാണ്. ചാത്തന്റെ ആയുധം ചൂരലാണ്. കരിങ്കുട്ടിച്ചാത്തന്‍ ഗണ്ട കയ്യിലെടുത്തു കോമരം തുള്ളും. ഭദ്രകാളി കേറിത്തുള്ളുന്നയാള്‍ അരമണി കെട്ടി, കൊടുവാളും, ചിലമ്പുമേന്തി അട്ടഹസിച്ചാണ് വരുന്നത്. മിക്ക അറുകുല ചെകുത്താന്മാരും ഓരോരോ കോമരത്തില്‍ കയറിത്തുള്ളി കലി കയറി അട്ടഹസിച്ച് എതിരേല്‍പ്പിന്റെ നടുവിലൂടെ ചെണ്ട കൊട്ടിന്‍േറയും ഇടിവാദ്യത്തിന്റെയും അകമ്പടിയോടെ എത്തുന്നു.
ഈ നേരത്താണ് ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ പ്രയോഗിച്ചു കാണിക്കുന്നത്. കൊടുവാള് തലയില്‍ വച്ച് ചിലമ്പു കൊണ്ടടിച്ച് അമാനുഷികത്വം കാണിക്കും. ഗണ്ട കൊണ്ട് തലയ്ക്കടിക്കും. പന്തം കത്തിച്ച് ദേഹത്തു കൂടി ഉഴിയും എരിയുന്ന തിരിവായില്‍ വെച്ചു കാണിക്കും. അരിവാളു കൊണ്ട് ദേഹത്തു വെട്ടികാണിക്കും. എഴുത്താണിക്കത്തി വയറ്റത്തു തേങ്ങാ കൊണ്ടടിച്ചു കയറ്റി കാണിക്കും. ഭയങ്കര ഭീകരദൃശ്യം ഈ പുലയന്മാരുടെ പതികളില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഈ ചടങ്ങുകളൊക്കെ നടത്തിയിരുന്നത് പടിക്കലെ വലിയ മുതലാളിയുടെ സഹായത്തോടു കൂടിയുമായിരുന്നു.
പരിപാടി നടക്കുമ്പോള്‍ മുതലാളിയുടെ കാര്യക്കാരും, ചില വേലക്കാരും, ചട്ടമ്പികളും വന്നിരിക്കും. അവര്‍ക്കിരിക്കുവാന്‍ ഓലക്കീറു നിരത്തിയിട്ടു മെത്തപ്പായ വിരിച്ചിട്ടു കൊടുക്കും. അതിലവരെ യഥോചിതം സ്വീകരിച്ചിരുത്തു്. കള്ളും ചാരായവും തിന്നാനുമൊക്കെ കൊടുക്കും.
ഇവരില്‍ ചിലര്‍ മദ്യലഹരിയില്‍ ഈ ചടങ്ങിന്റെ മറവില്‍ ഇരുളില്‍ പോയി ചില സ്ത്രീകളുമൊത്തു രമിക്കുന്നു. പുലക്കള്ളികള്‍ക്ക് ഇക്കാര്യത്തില്‍ ഇഷ്ടവുമാണ്. പുലക്കള്ളികള്‍ അതിന്നായി അനുയോജ്യമായ വിഹിതം പണമായി സ്വീകരിക്കും. തക്കതായിട്ടൊന്നുമില്ലാതെ മുതലാളിയുടെ ആളുകള്‍ എത്തിച്ചേരുമോ. കുരുതിത്തടത്തില്‍ ഇവരുടെ പെലേനോ, അച്ഛനോ കോമരം തുള്ളി തകര്‍ക്കുമ്പോള്‍ ഇരുളില്‍ രഹസ്യ കോമരമരങ്ങേറുന്നു. പെലേന്റെ മന്ത്രവാദത്തിന്റെ ആത്മാര്‍ത്ഥത. ഉന്നതന്റെ കോവിലിലെ ഉത്സവത്തിനും ഇത്തരം പ്രവണത അരങ്ങേറുന്നുണ്ടാകും.
എതിരേല്‍പ്പ് വന്നു പന്തലില്‍ കയറിയാല്‍ പിന്നെ വടക്കുംഭാഗം കുരുതിക്കുള്ള ഒരുക്കങ്ങളായി.
ചില ചില്ലറ കാര്യങ്ങള്‍ക്കൊക്കെ പുറത്തുള്ളവരൊഴിച്ചാല്‍ ബാക്കി എല്ലാം ചെയ്തിരുന്നത് ഇട്യാതി മൂപ്പന്റെ ആളുകള്‍ തന്നെയായിരിന്നു. പന്തലിടുക, കളം വരയ്ക്കുക, സാധനങ്ങള്‍ അടുപ്പിക്കുക എന്നിവയൊക്കെ വേറെ ആരെയും സ്വാധീനിക്കാതെ ഇവര്‍ തന്നെ ചെയ്തിരുന്നു. തങ്ങളുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണിതെല്ലാമെന്ന അര്‍പ്പണ ബോധത്തോടു കൂടി ഒത്തൊരുമിച്ചു നടത്തിയിരുന്നു. സ്ത്രീകളും അതുപോലെ തന്നെ എല്ലാത്തിനും സഹകരിച്ചും സഹായിച്ചും ജോലി ചെയ്തിരുന്നു. സാധാരണ കൊയ്ത്തു കഴിയുന്ന കാലമായിരിക്കും ഈ മന്ത്രവാദവും പിന്നെ നാല്‍പ്പത്തൊന്നുമൊക്കെ നടത്തിയിരുന്നത്.
വാതപൂതാദികള്‍ തുള്ളി വന്ന്, തിളച്ചു കിടക്കുന്ന പന്തിനായിക, കൈകൊണ്ടു വാരിയെറിയുന്നു. വിശ്വാസമില്ലാത്തവര്‍ക്ക്, ചൂടുള്ള പന്തിനായിക വാരി കൈയ്യില്‍ വെച്ചു കൊടുക്കുമ്പോള്‍, അവര്‍ കൈപൊള്ളി താഴോട്ടിട്ടു, കൈവെള്ളത്തില്‍ വെയ്ക്കുവാനോടും.
ഓരോ വാതപൂതാദികളുടെയും അത്ഭുതത്തെ കാണിക്കുവാനാണിതൊക്കെ ചെയ്തു കൂട്ടുന്നത്.
പ്രായമായ പെണ്ണുങ്ങളും മധ്യവയസ്‌ക്കരായ സ്ത്രീകളും... ഏന്‍ എച്ച്യേണേയ് എന്നു പറഞ്ഞു, താളമേളത്തിനനുസൃതമായി, മുലകുലുക്കിയും, ആട്ടിയും തുള്ളിവരും. പിന്നെ പൂവും അരിയും വാരി നാലു ദിക്കിലുമെറിയും ഇതെല്ലാം തന്റെ അവകാശമാണെന്ന അര്‍ത്ഥത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വടക്കുംഭാഗം കുരുതി വെളുപ്പാന്‍ കാലത്താണ് തീരുക.
ആയുധമേന്തി കൊണ്ട് കോമരം തുള്ളി വരുന്നവര്‍ അവസാനത്തെ പ്രയോഗമെന്ന നിലയ്ക്കാണ് പെരുമാറുന്നത്.
കോഴിയെ വെട്ടിയാണ് കുരുതി നടത്തുന്നത്. കഴുത്തറുത്ത്, ചോര ഓരോ ചെകുത്താന്മാര്‍ക്കും വായിലൊഴിച്ചു കൊടുക്കും. അതു കോമരം വലിച്ചു കുടിക്കും. ഭീകരത മൊത്തം തളം കെട്ടും. കുരുതി വെള്ളവും കോരി കൊടുക്കും. ഇതിനൊക്കെ അകമ്പടി ചെണ്ടമേളമാണ്.
നേരം പുലര്‍ന്നാലും ഇട്യാതി മൂപ്പന്‍ കലിയടങ്ങാതെ പന്തലിനു നടുവില്‍ ഉരലിനു മുകളിലിരുന്ന് ഓരോരുത്തരെയായി അനുഗ്രഹിക്കും. ഏതെങ്കിലും പെണ്ണുങ്ങള്‍ക്കോ ആണുങ്ങള്‍ക്കോ വാതകേറി അസുഖം ബാധിച്ചു നടക്കുന്നവരുടെ ദേഹത്തെ ബാധയെ കയറില്‍ ബന്ധിക്കും. അല്ലെങ്കില്‍ പുള്ളക്കല്ലിലാവാഹിച്ചു മന്ത്രം ചെല്ലി നിലത്തിടിച്ചു മാറ്റും. ഒരു മിക്ക അസുഖമെല്ലാം ഈ പരിപാടിയോടു കൂടി സുഖപ്പെടുത്തും.
മാടന്‍ ഒരു വലിയ മുതലാളിയുടെ പണിക്കാരനായതു കൊണ്ട് സമൂഹത്തിലൊരു പരിഗണനയുണ്ട്. അവനെ അവരുടെ കൂട്ടത്തിലൊരു അംഗമായിട്ടുള്‍പ്പെടുത്തി.
കൂടാതെ ചാത്തേനും, ചരതനും തുടികൊട്ടും പരിചമുട്ടു കളികളും പഠിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതിനു ഇട്യാതി മൂപ്പന്‍ സമ്മതം മൂളി.
ചടങ്ങുകളൊക്കെ കഴിഞ്ഞു. മാടനും കുടുംബവും കിടിലിലേയ്ക്കു പോന്നു. അവര്‍ക്കു ലഭിച്ച കലിശവും അവലും, മലരുമൊക്കെ ഒരു തുണിയില്‍ കെട്ടി ഭാണ്ഡമാക്കി കൊണ്ടാണ് പോന്നത്.
സ്‌ക്കൂള്‍ പ്രവേശനം പല സ്ഥലത്തും നടന്നു കൊണ്ടിരുന്നു. സര്‍ക്കാരി സ്‌ക്കൂളുകളില്‍ ഉന്നതജാതിക്കാരില്‍ ഏറ്റവും കുറഞ്ഞതു ശൂദ്രരെ മാത്രം പ്രവേശിപ്പിച്ചിരുന്നു. പിന്നോക്ക വര്‍ഗ്ഗക്കാരില്‍ ഈഴവര്‍ക്ക് അതായത് പണവും സ്വാധീനവുമുള്ളവര്‍ക്കു മാത്രം പ്രവേശനം ലഭിച്ചിരുന്നു. ജാതി പീഢനം കൊണ്ടു കഷ്ടതയനുഭവിച്ചു മടുത്ത ചില അധ:സ്ഥിതരും അല്‍പ്പസ്വല്‍പ്പം സാമ്പത്തികം നേടിയവരും മാറു മറയ്ക്കുവാനധികാരത്തിനു വേണ്ടിയും വഴി നടക്കുവാനുള്ള അര്‍ഹതയ്ക്കു വേണ്ടിയും ചിലര്‍ മാര്‍ഗ്ഗം കൂടി പോയിരുന്നു. അത്തരത്തിലുള്ളവര്‍ക്ക് മാറുമറക്കാമെന്നായി വഴി നടക്കാമെന്നായി. അവരോട് ഉന്നതര്‍ ഐത്തം കല്‍പ്പിക്കുന്നതു കുറഞ്ഞു വന്നിരുന്നു. അതുകൊണ്ടു പള്ളിക്കൂടത്തില്‍ പഠിക്കുവാന്‍ ഉത്സാഹമുള്ള ഇത്തരക്കാരുടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. അതും വെളുത്തവരും കുലീനത്വംകാണിക്കുന്നവര്‍ക്കും മാത്രമേ പരിഗണന നല്‍കിയിരുന്നുള്ളൂ.
കറുത്തവര്‍ക്കും, അധ:കൃതരായവര്‍ക്കും ഒരു പരിഗണനയും കൊടുത്തിരുന്നില്ല.
അക്കാലത്തൊരിക്കല്‍ മാടന്‍ കവലയില്‍ പോയി തിരിച്ചെത്തി. കുടിലിലെല്ലാവരും ഇരിക്കുമ്പോള്‍ പറഞ്ഞു.
ചക്യായ് - അങ്ങു തെക്ക് നുമ്മട കൂട്ടത്തിലൊരു രാശാവൊണ്ടടി, അദ്ദ്യാന്‍ പറഞ്ചേക്കണി - എല്ലാരും കുഞ്ഞിങ്ങള പള്ളിക്കൂടത്തീ പടിപ്പിക്കണോന്ന്.
അയിനി നുമ്മട ചരേതന്‍ പടിക്കാനക്കൊണ്ട് പോണണ്ടല്ല. കോതേണങ്കീ പടിക്കാമ്പോകാറായിട്ടില്ല.
അതുചെരി - അതു മൊതലാളി പറഞ്ചിട്ടാടി. നുമ്മട മോന പടിപ്പിക്കണത്.
ചക്കി : ഉം - ഒരുപാട് നടക്കും. നുമ്മട മൊതലാളന്‍ ഇപ്പത്തന്നെ കൂലി നല്ലോണം തന്നണ്ടല്ലാ. നീങ്കശോയിക്കാനൊന്നും പോണ്ട. നുമ്മള മൊതലാളന്‍ നോക്കണണ്ട് - അതുമതി.
മാടന്‍ ചക്കിയെ പിന്‍താങ്ങിയപോലെ.
അതു ചെരിതന്നെ, മൊതലാളന്‍ പെരകെട്ടി തന്നി, നുമക്ക് കല്ലും പെരേം തന്നേണ് എണ്ടാക്കി തന്നത്. പറമ്പു തന്നി, പണിം കൂലീം നല്ലോണം തന്നി. അതക്ക തന്നേല്ലേ വല്യാ കാര്യം.
പെങ്കൊച്ചിന്റെ ഏറ്റവും വലിയ സമ്പാദ്യമായ ചാരിത്ര്യം കവര്‍ന്നെടുത്തു. കുളി മാറ്റിച്ചു ഇതൊക്കെ വെറുതെയാണോ എന്നു ചക്കി ചിന്തിച്ചു കൊണ്ടിരുന്നു. മാടന്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഇവയൊക്കെയോര്‍ത്തു മാണ്ടയുടെ താടിക്കു പിടിച്ചു പുന്നാരിച്ചു.
വെറുതേണാനുമ്മട പുന്നാരമോള് അയകൊത്ത ചുന്ദര്യാല്ലേ.
മാടനു എന്തോ എരിച്ചു കേറി - നീയെന്താടി ഏന്‍ കൂലീക്കാര്യോം പണിക്കാര്യോം പറമ്പേ നീപുള്ളന പുന്നാരിക്കണ.
അതേയ്പുത്തമ്പീട്ടീ - വെച്ചി നുമ്മട മോക്ക് കല്ല്യാണം കയിക്കണ കാര്യോര്‍ത്താണ്.
മുതലാളിയുടെ പറമ്പിലും ചിറപ്പൊറുത്തുമൊക്കെ തെങ്ങുകയറ്റം നടക്കുന്നു. വളരെയേറെ കണക്കന്മാരും കണക്കത്തികളുമുണ്ട്. അതിലൊരുകണക്കത്തി മാടന്റെ കൂടീല് വന്നു വെള്ളം കുടിച്ചു. മക്കളെയൊക്കെ പരിചയപ്പെട്ടു. പിന്നെ ചക്കിയോടും മാണ്ടയോടും കുശലം പറഞ്ഞു മാണ്ടയെ കണ്ട പൊന്നിക്കണക്കത്തി, അവളുടെ തലയിലും മുടിയിലും പിടിച്ചു തഴുകി. പിന്നെ കണ്ണിലും ദേഹത്തുമൊക്കെ സൂക്ഷിച്ചു നോക്കി.
മോളു നല്ലവളാണ്, സുന്ദര്യാണ്, പുള്ളട പേരെന്താണി
മാണ്ട - അവള്‍ മൊഴിഞ്ഞു.
പൊന്നിക്കണക്കത്തി - പണിപ്പാടത്തീ (ചക്കിയെ ബഹുമാനത്തോടെ സംബോധന ചെയ്തു) ഒന്നു പറേട്ടേ ഇവളുവയി നീങ്ക വല്യാ കൊണം പിടിക്കും.
ചക്കി പറഞ്ഞു - പണിപ്പാടത്യായ്, ഞങ്ങക്കെള്ള പെരേണത്. പണി കയ്യുമ്പ ഇവയ്ക്ക് കല്യാണോണ്. ചെറുക്കനെ കണ്ടു വെച്ചിടൊണ്ടാ പൊന്നി ചോദിച്ചു. പക്ഷെ ചക്കി മിണ്ടിയില്ല.
പൊന്നിക്കണക്കത്തി : - എണ്ട മേനാണീ ആതെങ്ങേ കേറണ അയകൊള്ളവന്‍ ചങ്കരന്‍, മുടുക്കനാണീ. കെമലനാണി. അവനെക്കൊണ്ട് ഇവള കെട്ടിച്ചാലെന്നാ.
ചക്കി പറഞ്ഞു : അയിനി നീങ്ക കണക്കന്മാരി - ഞാങ്ക പെലേമ്മാരി - നുമ്മ തമ്മീ എങ്കന കല്യാണ ബന്തം വരു്.
വര്‍ത്തമാനം പറഞ്ഞു തീര്‍ന്നില്ല, അകലെ നിന്ന് മൂപ്പന്‍ കണക്കന്‍ വിളി തുടങ്ങി... എടിയേ.. പൊന്നീ... 
ഇങ്കാട്ടുവാടി... അവക്കടോരി തമതരാം. പൊന്നിക്കണക്കത്തി കണക്കന്റെ വിളികേട്ടു ഓടി.
പുരയുടെ പണി കഴിഞ്ഞു. മേല്‍ക്കൂര മാത്രം ഓലവെച്ചു കെട്ടിയിട്ടുണ്ട്. തൂണും, ജനല്‍ പൊക്കവും ചെങ്കല്ലു കൊണ്ടു കെട്ടിപ്പൊക്കിയിട്ടുണ്ട്. ജനലിന്റെ സ്ഥാനത്ത് ഒലത്തട്ടിക കുത്തി ഞാത്തി ആഞ്ചാന്‍ പോലെ കെട്ടിയിട്ടുണ്ട്. മേല്‍ക്കൂര തെങ്ങും തടി കൊണ്ടാണ്. അതിനു മേലെ ഓലക്കെട്ടും. വീടുമാറി താമസിക്കുവാന്‍ പോകുന്ന കാര്യം മുതലാളിയോടു പറഞ്ഞു. മുതലാളി അതിനു വേണ്ട വീട്ടു സാമാനങ്ങള്‍ വാങ്ങിക്കുവാന്‍ കുറച്ചു കാശു കൊടുത്തു, മാടനതും വാങ്ങി തിരിച്ചു പോയി.
അന്നു മുതലാളി കളത്തില്‍ വന്നപ്പോള്‍, മാണ്ട കളത്തിന്റെ മുന്‍ഭാഗത്തുള്ള പുല്ലൊക്കെ ചെത്തിപ്പറിച്ചു കളയുകയായിരുന്നു.
അന്നും മുതലാളിയൊരുമിച്ച് കളപ്പുരയിലെ മുറിയിലിരുന്നു, സ്വകാര്യം പറഞ്ഞു, കിന്നരിച്ചു, സുഖിച്ചു. 
മാണ്ട് പറഞ്ഞു എണ്ട കല്ല്യാണം നടത്താന കൊണ്ടു മൊതലാളി തകായിക്കണം.
അരപ്പവന്റെ ഒരു മാല തീര്‍പ്പിച്ചു കൊണ്ടു വന്നിരുന്നതു മുതലാളി മാണ്ടയുടെ കഴുത്തിലിട്ടു കൊടുത്തു.
പിന്നെ കൊച്ചൂട്ടി കല്യാണം കഴിക്കുവാന്‍ വരുമ്പോള്‍, പൊന്നിന്റെ ഒരു താലി കറുത്ത ചരടില്‍ കോര്‍ത്തിട്ടാണ് കെട്ടുന്നത്. പുതിയ വീട്ടില്‍ വെച്ചു തന്നെ കല്യാണം നടത്തിക്കോ - മുതലാളി പറഞ്ഞു.
കല്യാണത്തിനു മുമ്പുള്ള അവസാനത്തെ കൂടിച്ചേരല്‍. മാണ്ട വളരെ കാര്യമായി തന്നെ കണക്കിലെടുത്തു.
നല്ല മൊതലാളി. എങ്കളപ്പോലെയുള്ള പാവങ്ങളോടു കനിവുള്ള തമ്പുരാനാണെന്ന് മനസ്സില്‍ കണക്കു കൂട്ടി.
നിന്നെയെനിക്കിതു പോലെ എന്നും കിട്ടണം നീ ചെറുമിയെന്നാലും അഴകൊത്ത സുന്ദരിയാണ്. നീ ഇത്രയും കാലം സൂക്ഷിച്ച ചാരിത്ര്യം എനിക്കു വേണ്ടി സമര്‍പ്പിച്ചതിന്, നിന്നോടെന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അതാണ് നിനക്കീ ഉപകാരങ്ങളൊക്കെ ചെയ്തു തന്നിരിക്കുന്നത്.
നിനക്കു വരുന്ന കെട്ട്യോന്‍, നാം തമ്മിലുള്ള ബന്ധം അറിഞ്ഞാലും ഒന്നും എതിര്‍ത്തുരിയാടുവാന്‍ കെല്‍പ്പുള്ളവനല്ല. നീ എഴുന്നേറ്റു പുറപ്പെട്ടോളൂ.
അവള്‍ സന്തോഷാധിക്യത്താല്‍ മതി മറന്നു, ആനന്ദാശ്രൂക്കള്‍ തൂകി. മുതലാളിയെ മുഗ്ദതയോടെ ആലിംഗനം ചെയ്തു. മാണ്ടയുടെ നയനാശ്രുക്കള്‍ അദ്ദേഹത്തിന്‍െര കനക നിറമാര്‍ന്ന കായബാഹുക്കളിലും മുഖത്തും പറ്റിച്ചേര്‍ന്നു പുളക ചാര്‍ത്തേകി. അദ്ദേഹമവളുടെ കണ്ണുനീര്‍ തുടച്ചു. നീ നല്ലവളായി ജീവിക്കും, പൊയ്‌ക്കോളൂ.
പുതിയ വീട്ടില്‍ താമസമാക്കിയ മാടനും കുടുംബവും ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാണ്ടയുടെ കല്യാണം നടത്തി.
വീടും കുടിയുമൊന്നുമില്ലാത്ത കൊച്ചൂട്ടി മുതലാളിയുടെ വിറകു പിരയില്‍ നിന്നാണ് കെട്ടിക്കുവാന്‍ പോകുന്നതിനായിറങ്ങിയത്. അതും വേലിക്കെട്ടിനെംറ പുറകു വശത്തു കൂടിയുള്ള പടികടന്നാണ് പുറപ്പെട്ടത്.
കൊച്ചൂട്ടിയോടൊപ്പം, മുതലാളിയുടെ ചില വേലക്കാരും സുഹൃത്തുക്കളും കൂടി മണവാളനൊരു മുണ്ടും തോളിലൊരു നാടനുമാണ് ധരിച്ചിരുന്നത്. വിവാഹം മാടന്റെ വീട്ടില്‍ ഒരു ചെറിയ പന്തലില്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ കൊച്ചൂട്ടി കറുത്ത ചരടില്‍ കോര്‍ത്ത സ്വര്‍ണ്ണത്തിന്റെ ഒരു താലി മാണ്ടയുടെ കഴുത്തില്‍ ചാര്‍ത്തി.
പിന്നീട് എല്ലാവര്‍ക്കും ചോറും കറികളും വിളമ്പി. മുതലാളിയുടെ വീട്ടില്‍ നിന്നും വന്നവര്‍ ഭക്ഷണമൊന്നും കഴിച്ചില്ല. ഊണു കഴിഞ്ഞെല്ലാവരും പിരിഞ്ഞു.
കെട്ടിക്കേറാന്‍ കൊച്ചൂട്ടിക്കു വീടില്ല. അതുകൊണ്ട് നടപ്പും, പോക്കും വരവുമൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും പോയ്ക്കഴിഞ്ഞപ്പോള്‍ പന്തല്‍ പൊളിക്കാനും ഓലയെടുത്തു ചായ്ച്ചു വെയ്ക്കാനും കൊച്ചൂട്ടിയും കൂടി. രാത്രി ഊണു കഴിച്ചശേഷം മണവാളനും മണവാട്ടിയും വീടിന്റെ ചാര്‍ത്തിലുള്ള മുറിയില്‍ പായ വിരിച്ചുറങ്ങുവാന്‍ കിടന്നു.
കിടക്കപായ കാണേണ്ട താമസം കൊച്ചൂട്ടി ഉറക്കം പിടിച്ചു. പുതുമണവാളന്‍ കൊച്ചുവര്‍ത്തമാനം കൊണ്ടു വീര്‍പ്പു മുട്ടിക്കുമെന്നും തമാശ പറഞ്ഞു പൊട്ടി ചിരിപ്പിക്കുമെന്നും കരുതിയിരുന്ന മാണ്ടയുടെ ചിന്ത കാടുകയറിപ്പോയി, പ്രതീക്ഷിച്ചതു പോലെയൊന്നും നടന്നില്ല.
കരവലയത്തിലൊതുക്കി, ആലിംഗനം കൊണ്ടു പുളകിതമാക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മണവാട്ടി നിരാശതയില്‍ നിദ്രാവലംമ്പിയാകാതോര്‍ത്തു കിടന്നു.
മുതലാളിയുടെ കോരിത്തരിപ്പിക്കുന്ന ചൂടാണോ അതോ ഭര്‍ത്താവിന്റെ സമീപനത്തില്‍ നിന്നു ലഭിക്കുന്ന പുളകച്ചാര്‍ത്തായിരിക്കുമോ ബഹുമൂല്യതയുള്ളതെന്നു മാനദണ്ഡമാക്കുവാന്‍ കാംക്ഷിച്ചിരുന്ന മാണ്ട ഓര്‍ത്തോര്‍ത്തു കിടന്നാണുറങ്ങിയത്. വികാരവിവശതയില്‍ അടക്കാനാവാത്ത കാമാര്‍ത്ഥിയായി നിരാശതയുടെ അന്തര്‍ക്കയത്തിലേയ്ക്കു വഴുതി വീണവള്‍ നിദ്രാവലംബിയായി.
*****