"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

പുലയകുടിലില്‍ സങ്കര വര്‍ഗ്ഗങ്ങളുടെ കൂട്ടായ്മ - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിനാറ്

സമ്മേളനത്തിന്റെ അവസാനത്തെ ഇനമായിരുന്നു കലാപരിപാടികള്‍, അവയിലുള്‍പ്പെട്ടതാണീ പരിച മുട്ടുകളി. അതു തുടങ്ങുന്നതിനു മുമ്പായി വിളിച്ചു പറഞ്ഞു. അതുപ്രകാരം മരം കൊണ്ടുള്ള വാള്‍ വലം കയ്യിലും, പനയോല കൊണ്ടു നെയ്‌തെടുത്ത പരിച ഇടം കയ്യിലുമെന്തി വേഷ ഭൂഷാദികളോടെ കളിക്കാര്‍ വേദിയിലേയ്ക്കു ചാടിക്കയറി.
കളിക്കാര്‍ വട്ടമിട്ടു നിരന്നു നിന്നു. ഇട്യാദി മൂപ്പനും തുപ്രനും മെഗാഫോണിന്റെ മുമ്പില്‍ നിന്ന് ഇലത്താളം കൊട്ടി പാടിത്തുടങ്ങി.
തിത്തിതൈ, തികിതിതൈ, തിങ്കുണാം തികതൈ
തകൃത്തം തൈതൈ, തകൃത്തം തൈതൈ
പന്തലു തായെ, നല്ലരങ്ങാതില് വന്തേയ്
മുമ്പില്‍ വെളക്കും കളിയാടിന്തതൈ തൈതാ
ഒട്ടൊട്ടു വാലന്മാര്‍ പരിചകളിക്കാന്‍ തിമിര്‍തേയ്
ഇഷ്ടമോടൊത്തു കളിയാടിന്തതൈയ് തൈയ്താ...
കളിക്കാര്‍ താളത്തിനൊത്തു കളി തുടങ്ങി.
ചൊവടു വച്ചും പരിച പൊക്കിയും താഴ്ത്തിയും പരസ്പരം മുട്ടിച്ചും കളിച്ചു. മരം കൊണ്ടുള്ള വാളും വീശി ചൊവടുകള്‍ പൊക്കിച്ചവിട്ടി തിരിഞ്ഞു. പിന്നെ ഇടം തിരിഞ്ഞു വലം ചവിട്ടി വാളു തമ്മില്‍ വെട്ടിക്കാണിച്ചുമാണ് ചാടിക്കളിച്ചു കൊണ്ടിരുന്നത്.
കുട്ടിച്ചന്റെ ചെണ്ടയും, പിന്നെ വേറൊരാളുടെ ഇടച്ചെണ്ടയും, തുടിയും, മറ്റും പക്കമേളമായി രംഗം കൊഴുത്തു. അപ്പോള്‍ പെണ്ണുങ്ങളുടെ പിന്നില്‍ നിന്നിരുന്നവരില്‍ ചിലര്‍ കൂക്കു വിളി തുടങ്ങി.
ഇരുട്ടിനെയകറ്റുവാന്‍ അവിടവിടെ ചില കമ്പി വിളക്കുകള്‍ കത്തിച്ചു വച്ചിരുന്നെന്നല്ലാതെ, പറയത്തക്ക വെളിച്ചമൊന്നുമില്ലായിരുന്നു. വേദിയിലൊരു പെട്രോ മാക്‌സ് മാത്രം. അതും പരമശിവന്‍ പിള്ളയുടെ കടയില്‍ നിന്നും കൊണ്ടു വന്നതായിരുന്നു.
യോഗം കലക്കാനാണോ, സ്ത്രീകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനാണോ, എന്തോ ചില ചെറുപ്പക്കാരുടെ, കോപ്രായമായിരുന്നാ കൂകല്‍.
സുരക്ഷിതത്വത്തിന്നു, ഏര്‍പ്പാടു ചെയ്തിരുന്ന ചെറുപ്പക്കാരൊക്കെ, പരിചമുട്ടുകളിയില്‍ പങ്കെടുത്തിരുന്നതിനാല്‍ കാണികളുടെ ഇടയില്‍ ശ്രദ്ധിക്കുവാനാളുകളുണ്ടായിരുന്നില്ല. അതു മനസ്സിലാക്കി കൊണ്ടായിരിക്കണം, ഈഴവരിലും, നായന്മാരിലും പെട്ട ചില ചെറുപ്പക്കാര്‍ ഇരുളില്‍ കുഞ്ഞിക്കണ്ടാരിയുടെ മക്കളായ അഴകിയും, കുറുമ്പയുമൊക്കെ ഇരുന്നിരുന്ന ഭാഗത്തു നിന്ന് കൂക്കുവിളിയുയര്‍ത്തിയത്. പപ്പു മാനേജര്‍ ഗൗരിക്കുട്ടിയേയും, ഗീതാദേവിയേയും ആ ഭാഗത്തേയ്ക്കയച്ചു.
അവര്‍ ഇരുളിലൂടെ പതുങ്ങി പ്രസ്തുത സ്ഥലത്തു ചെന്നു നോക്കിയിരുന്നു.
വേദിയില്‍ കളി തുടര്‍ന്നു കൊണ്ടിരുന്നതിനാല്‍ അവിടെയുണ്ടായിരുന്ന തെമ്മാടികളായ ചെറുപ്പക്കാര്‍ പൊട്ടിച്ചിരിയും, കുശലം പറച്ചിലും, കളിയാക്കലും ഒക്കെ നടത്തിക്കൊണ്ടിരുന്നു. പിന്നീടു മൈലനും, പപ്പു മാനേജരും ശരദദാസ്സും ആ ഭാഗത്തേയ്ക്കു ചെന്നു. ഗീതാദേവിയും ഗൗരിക്കുട്ടിയും ആ ചെറുപ്പക്കാരെ പുറകില്‍ ചെന്നു തോണ്ടി വിളിച്ചു മാറ്റി പിന്നോട്ടു കൊണ്ടു പോന്നു. പപ്പു മാനേജര്‍ ആ കൂട്ടത്തില്‍ നല്ല തടിമിടുക്കുള്ളവനായ ഒരുത്തനെ കുത്തിനു പിടിച്ചു. മൈലനും ശരദദാസ്സും മറ്റു രണ്ടു പേരേയും കയറിപ്പിടിച്ചു ഇരുട്ടത്തു മാറ്റി നിര്‍ത്തി അവരേയും കളത്തിന്റെ പിന്‍വശത്തേയ്ക്കു വായ് പൊത്തിപ്പിടിച്ചു കൊണ്ടു വന്നു.
കുത്തിനു പിടിച്ചപ്പോള്‍ തന്നെ ഉന്നതജാതിക്കാരാണെന്ന അഹന്തതയോടെ ഏ...ഏ...എന്താടാ ഞങ്ങളെന്തു ചെയ്തു എന്നുള്ള ചോദ്യമായി. 
പപ്പു മാനേജര്‍ - നിങ്ങളൊന്നും ചെയ്തില്ല, ഇങ്ങോട്ടു വാടാ, കാര്യങ്ങളൊക്കെ പിന്നെപ്പറയാ്.
പപ്പുമാനേജര്‍ - മിണ്ടരുത്, മിണ്ടിയാല്‍ കൊന്നു കളയും.
ഇവിടെ വരാനല്ലേടാ പറഞ്ഞത്. വാടാ ഇവിടെ.
അവരെ പിടിച്ചു കൊണ്ടു മാറ്റിയപ്പോള്‍, കാണികളുടെ ഇടയില്‍ ചില അലോസരങ്ങളുണ്ടായി. പക്ഷേ പെട്ടെന്നതു ശാന്തമായി.
കളത്തിന്റെ പിന്നാമ്പുറത്തു ചെന്നപ്പോള്‍ ശരദദാസും, മൈലനും അവരുടെ കൈകള്‍ ബന്ധിച്ചു. പിന്നെ വായും അടച്ചു കെട്ടി.
പപ്പുമാനേജര്‍ - ഇനി പറ എന്താടാ നിനക്കൊക്കെ. ഈ യോഗം കലക്കണോ, ആരാടാതിനു പറഞ്ഞു വിട്ടത്. പപ്പു മാനേജര്‍, മൂന്നു പേര്‍ക്കുംഓരോ തൊഴി വീതം കൊടുത്തു. ഇടി കൊണ്ടവര്‍ ഇരുന്നു പോയി. ശബ്ദം പുറപ്പെടുവിക്കുവാന്‍ കഴിയാതെ, അവരുടെ കണ്ണില്‍ നിന്നും കണ്ണുനീരൊഴുകി തലയിട്ടു വെട്ടിച്ചു. കരച്ചിലിന്റെ മൂളലുമാത്രം പുറത്തു വന്നു.
പപ്പു മാനേജര്‍ അവരുടെ മുഖത്തെ കെട്ടഴിച്ചു. എന്നിട്ടാക്രോശിച്ചു. ആരാടാ നിന്നോടൊക്കെ യോഗം കലക്കാന്‍ പറഞ്ഞു വിട്ടത്.
അവന്‍ പറഞ്ഞു - ആരും പറഞ്ഞില്ലേയ്.
വീണ്ടും കൊടുത്തൊരു പ്രഹരം.
ഇടി കൊണ്ടവന്‍ അയോയെന്നു വിളിച്ചു കരഞ്ഞു നിലത്തിരുന്നു പോയി. ഈ സമയം മൈലനും ശരദദാസ്സും അവര്‍ പിടിച്ചവരെയും പ്രഹരിച്ചു. നില്‍ക്കുവാന്‍ പോലും വയ്യാതെ അവരും നിലത്തു വീണു, പിന്നെ കുമ്പിട്ടിരുന്നു.
അവര്‍ പറഞ്ഞു. ഞങ്ങളിനി ഒന്നിനുമില്ലേയ്, ഞങ്ങളെവിടണേയ്.
അവരേതാണെന്നും ആരുടെയൊക്കെ മക്കളാണെന്നും മനസ്സിലാക്കി.
ഇനി ഇത്തരം തെമ്മാടിത്തരങ്ങളുണ്ടാക്കുമോടാ ഇല്ലേയ് അവര്‍ കരഞ്ഞു പറഞ്ഞു. ഞങ്ങളിവിടെ വരികയേയില്ലേയ് ഞങ്ങളിനി ഒരു ശല്യവും ചെയ്യില്ലേയ്.

ധനു എളങ്കുന്നപ്പുഴ
അവസാനം പപ്പു മാനേജര്‍ പറഞ്ഞു - അവനൊക്കെ കിട്ടേണ്ടതു കിട്ടി - ഇനി വിട്ടേക്കൂ.
ശരി മാഷേ. മൈലന്‍ അവരെയൊക്കെ കെട്ടഴിച്ചു വിട്ടു. അവര്‍ ഇരുളിലൂടെ ഓടി മറഞ്ഞു.
ഗൗരിക്കുട്ടി രഹസ്യമായി അഴകിയോടും, കുറുമ്പയോടും, കുഞ്ഞിക്കാളിയോടും പിറ്റേദിവസം കടയിലേയ്ക്കു വരുവാന്‍ നിര്‍ദ്ദേശിച്ചിട്ട് കാഴ്ചക്കാരുടെ കൂട്ടത്തില്‍ നിന്നും മാറി, വേദിക്കരികില്‍ വന്നു പരിപാടി വീക്ഷിച്ചു. കുറച്ചു പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഗൗരിക്കുട്ടി മെഗഫോണിന്റെ സമീപം വന്നു വിളിച്ചു പറഞ്ഞു.
ഇപ്പോള്‍ ആ ഇടതു ഭാഗത്തു നിന്നും വന്ന അലോസരങ്ങള്‍ പൂര്‍ണ്ണമായും അവസാനിച്ചിരിക്കുന്നു. ഇനിയും പാട്ടും പരിചമുട്ടുകളികളും തുടരുന്നതായിരിക്കും അതൊക്കെ സ്വസ്തമായി കണ്ട് സന്തോഷിച്ചിട്ടെല്ലാവര്‍ക്കും പിരിഞ്ഞു പോകാം. ഇനി രണ്ടു പാട്ടുകള്‍ കൂടി കഴിഞ്ഞാല്‍ കളിയവസാനിക്കും. 

ഇവിടെ പരിചമുട്ടുകളി നടത്തിയ കളിക്കാര്‍ക്കും ഇട്യാദി മൂപ്പനീം, ആദരവോടെ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു.
പപ്പു മാനേജര്‍ രഹസ്യമായി, മൈലന്‍, ശരദദാസ്സ് എന്നിവരെ വിളിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. പരിപാടികള്‍ കഴിഞ്ഞു ആളുകള്‍ തിരിച്ചു പോകുമ്പോള്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കുവാന്‍ നിങ്ങളും കുറേ അകലെ പോയി ഇരുളടഞ്ഞ സ്ഥാനങ്ങളില്‍ ശ്രദ്ധിക്കണം. ഞാനും പരമശിവന്‍ പിള്ളയും വേണ്ട സ്ഥലത്തൊക്കെ നില്‍ക്കും.
സ്ത്രീകളുടെ കൂട്ടത്തിലേയ്ക്ക് ഗൗരിക്കുട്ടിയേയും, പിന്നെ ഗീതാദേവിയേയും വേണ്ട മുന്‍കരുതലിനു വേണ്ടി നിയോഗിക്കുന്നുണ്ട്. കൂടാതെ, മാണ്ടയും, ചക്കിയും പിന്നെ പരിചമുട്ടുകളി കഴിയുമ്പോള്‍ അവരും, കാഴ്ചക്കാരുടെ സംരക്ഷണത്തിനു വേണ്ടി വന്നു ചേരും.
വേദിയില്‍ പരിചമുട്ടുകളിയുടെ അവസാന ഗാനാലാപനമായി. മംഗളം പാടി അവസാനിപ്പിച്ചു. എല്ലാവരും എഴുന്നേറ്റു പൊയ്‌ക്കൊണ്ടിരുന്നു. ചിലര്‍ ചൂട്ടും കത്തിച്ചു പിടിച്ചു കൊണ്ടാണ് പോയിരുന്നത്. ചിലരുടെ കൈയ്യില്‍ കമ്പി വിളക്കും ഉണ്ടായിരുന്നു. അവസാനമാണ്, മാടനും, പുലയിയും, മക്കളും നടന്നു പോയത്. ചക്കിയും, മാണ്ടയും മറ്റും കൂട്ടത്തില്‍ പോയി.
പരിചമുട്ടു കളിക്കാരായ ചെറുപ്പക്കാര്‍ കളിക്കുശേഷം ഓടിപ്പോയി ഇരുളില്‍ മറഞ്ഞു നിന്നു ചിലര്‍ സ്ത്രീകളുടെ പിന്നാലെ ഒന്നും, രണ്ടും പേര്‍ വീതം കാവലായി പ്രയാണം ചെയ്തു കൊണ്ടിരുന്നു.
മൈലനും, ഗൗരിക്കുട്ടിയും, മക്കളും, പിന്നെ മൈലന്റെ അമ്മയും, സഹോദരിയും, ഭര്‍ത്താവും അവരുടെ വീട്ടിലേയ്ക്കു പോയി. അവരോടൊപ്പമുണ്ടായിരുന്ന ഗീതാദേവി ധൈര്യവതിയായിരുന്നതിനാല്‍ ഗൗരിക്കുട്ടിയുടെ വീട്ടില്‍ നിന്നും, തനിയെ അവളുടെ വീട്ടിലേയ്ക്കു നടക്കുവാന്‍ തുടങ്ങി.
അന്നേരം പ്രത്തേകിച്ചനിഷ്ട സംഭവങ്ങളൊന്നും പ്രതീക്ഷയിലില്ലാതിരുന്നു. വഴികളിലും സഞ്ചാരികള്‍ കുറവായിരുന്നു. ഒരിരുണ്ട മൂലഭാഗത്തു വന്നപ്പോള്‍ അവളുടെ ഉള്ളൊന്നു പതറി. രണ്ടു മൂന്നാളുകള്‍ മുമ്പില്‍ വന്നു, പെട്ടെന്നു നിന്നിട്ട് കടന്നു പിടിച്ചു. ഒച്ചയെടുക്കുവാന്‍ മുതിരും മുമ്പേ ഒരുവന്‍ അവളുടെ വായ് പൊത്തിപ്പിടിച്ചു. തോര്‍ത്തു കൊണ്ടു വായ മൂടിക്കെട്ടി. രണ്ടു പേര്‍ നിന്നെ സുരക്ഷിതമായി കൊണ്ടു പോയി വിടാം.
ഒച്ചയോ ഓളിയോ ഉണ്ടാക്കരുത്. അങ്ങിനെ ചെയ്താല്‍ ഈ കത്തി കണ്ടോ (കത്തിയെടുത്തു കാണിച്ചിട്ട്) നിന്നെ ഞങ്ങള്‍ ശൂര്‍പ്പണഹയാക്കും.
എടാ പട്ടികളേ - നിനക്കൊക്കെ അമ്മ പെങ്ങാന്മാരില്ലേടാ.
അവള്‍ ഉച്ചത്തിലലറി കൊണ്ടു കരഞ്ഞു പറഞ്ഞു. ഉണ്ടല്ലോ, പക്ഷേ ഈ കാര്യത്തിനു, രക്തബന്ധമില്ലാത്തവരുമായല്ലേ സമ്പര്‍ക്കം പുലര്‍ത്തേണ്ടത്. അതാണീ നടത്തുവാന്‍ പോകുന്നത്.
ശരി പറഞ്ഞിരിക്കുവാന്‍ നേരിമില്ല. നിയവിടെ മിണ്ടാതെ അടങ്ങിയൊതുങ്ങിക്കിടന്നോ. ഞങ്ങളത്ര ക്രൂരന്മാരൊന്നുമല്ല. കാര്യം കഴിയുമ്പോള്‍ നിന്നെ ഞങ്ങള്‍ കൊണ്ടു പോയി വിടാം.
ഈ സമയം പരമശിവന്‍ പിള്ള യോഗ സ്ഥലത്തു ഗീതാദേവിയെ തിരക്കി. ചിലര്‍ പറഞ്ഞു, ഗൗരിക്കുട്ടിയുടേയും മറ്റും കൂടെ പോയെന്ന്. അതൊരാശ്വാസമായി. പപ്പു മാനേജരും, പരമശിവന്‍ പിള്ളയും പോകും വഴിക്ക് ഗൗരിക്കുട്ടിയുടെ വീട്ടില്‍ ചെന്നമ്പാഷിച്ചു.
അവര്‍ പറഞ്ഞു, ഗീതാദേവി അപ്പോള്‍ തന്നെ വീട്ടിലേയ്ക്കു പോയെന്ന്. ശരിയെന്നു നിനിച്ച് അവര്‍ നടന്നു നീങ്ങി.
അവര്‍ നടപ്പിന്റെ വേഗത കൂട്ടി. വീട്ടിലെത്തി ഭാര്യയായ വിലാസിനിയോടു ഗീതാദേവി വന്നോ എന്നന്വാഷിച്ചു. വിലാസിനി പറഞ്ഞു വന്നിട്ടില്ലല്ലോ, എന്താ അവള്‍ നിങ്ങളോടൊപ്പമല്ലേ വന്നത്.
പിള്ള - അവള്‍ ഗൗരിക്കുട്ടിയോടൊപ്പമാണ്, യോഗസ്ഥലത്തൂന്നു പോന്നത്. ഞാന്‍ വരുന്ന വഴിക്ക് അവിടെ നിന്നവളെ കൂട്ടിക്കൊണ്ടു വരാമെന്നു വിചാരിച്ചവിടെ ചെന്നു തിരക്കി, പക്ഷേ ഗൗരിക്കുട്ടി പറഞ്ഞു, ഗീതാദേവി അപ്പോള്‍ തന്നെ അവിടന്നു പോന്നെന്ന്.
പിള്ള വല്ലാത്ത വിഷമത്തോടെ പപ്പു മാനേജരെ നോക്കി. വിഷമത്തോടെ മാഷേ, എന്റെ മോളെവിടേയ്ക്കു പോയാവോ.
മാഷും പിള്ളയും കൂടി നടന്നു, നിശാപാഠശാല ലക്ഷ്യമാക്കി അന്വാഷിക്കുവാന്‍ പുറപ്പെട്ടു.
ഈ നേരം കൊണ്ട് ഗീതാദേവിയെ തട്ടികൊണ്ടു പോയവര്‍, അവളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു.
ആരോഗ്യവും, ഉന്മേഷമുള്ളവളെങ്കിലും ചെറുപ്പക്കാരായവരുടെ, അപ്രതീക്ഷിതമായ ലൈംഗിക പീഢനത്തിലവള്‍ തളര്‍ന്നവശയായി. എഴുന്നേല്‍ക്കുവാന്‍ പോലും വയ്യാതെ ഗീതാദേവി നിശ്ചലയായി കിടന്നു. കുറേ നേരത്തിനു ശേഷം, ഉടുപ്പൊക്കെ ധരിപ്പിച്ചു കുടിക്കുവാന്‍ വെള്ളവും കൊടുത്തു. സാവധാനം പിടിച്ചു നടത്തിച്ചു അവളുടെ വീട്ടു പരിസരത്തു കൊണ്ടു പോയി വിട്ടു. അവള്‍ തന്റെ വീട്ടിലേയ്ക്കു വേച്ചു വേച്ചു നടന്നു കയറുന്നത് കണ്ട് അവര്‍ തിരിച്ചു പോയി.
ഗീതാദേവി, വീട്ടില്‍ ചെന്നു അമ്മയെ വിളിച്ചു വരാന്തയില്‍ പിടിച്ചു കയറി വാഴവെട്ടിയിട്ട പോലെ വീണു കിടന്നു. അമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു എന്തു പറ്റി മോളേ, അവളെ മടിയില്‍ കിടത്തി തഴുകി വിഷാദമഗ്നയായി, പിന്നെ കഞ്ഞിവെള്ളം കൊണ്ടു വന്നു കൊടുത്തു. വിവരങ്ങള്‍ ചോദിച്ചു.
അവളൊരു വിധം പറഞ്ഞു, രണ്ടു മൂന്നു പേര്‍ എന്നെ പിടിച്ചു കൊണ്ടു പോയി ഏതോ ആളില്ലാത്ത കുടിലില്‍ വച്ചു കഷ്ടപ്പെടുത്തിയമ്മേ. ഇപ്പോള്‍ അവര്‍ എന്നെ കൊണ്ടു വന്നു ഇവിടെ വിട്ടേച്ചു പോയി.
പപ്പുമാനേജരും, പിള്ളയും, ചിത്തരാജും കൂടി പല സ്ഥലത്തു തേടിയലഞ്ഞു. വെളുക്കുന്നതിനു മുന്‍പും വീണ്ടും വീട്ടില്‍ വന്നപ്പോള്‍ കണ്ട ദൃശ്യം ഹൃദയഭേദകമായിരുന്നു.
ഗീതാദേവിയെ അകത്തെ കട്ടിലില്‍ കിടത്തിയിരുന്നു. മുഖത്തും ദേഹത്തുമേറ്റ ക്ഷതങ്ങളോടെ തളര്‍ന്നു കിടന്നുറങ്ങുകയായിരുന്നു. പിള്ളയുടെ ഭാര്യ പറഞ്ഞു അവള്‍ ഗൗരിക്കുട്ടിയുടെ വീട്ടില്‍ നിന്നും പോന്നശേഷം രണ്ടു മൂന്നു പേര്‍ പിടിച്ചു കെട്ടി കൊണ്ടു പോയി കഷ്ടപ്പെടുത്തിയിരിക്കുന്നു. ഞാനിപ്പോള്‍ വെള്ളമൊക്കെ കൊടുത്ത ശേഷം, അതും കുടിച്ചവള്‍ തളര്‍ന്നുറങ്ങുകയാണ്.
പിള്ള മാഷിനെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്റെ മാഷേ എന്റെ മോളുടെ അവസ്ഥ കണ്ടോ, ചിത്തരാജേ എന്റെ മോക്കട പാടുകണ്ടാ എന്നു പറഞ്ഞു തലയ്ക്കു കയ്യും കൊടുത്തു കുമ്പിട്ടിരുന്നു പോയി.
വിലാസിനി പറഞ്ഞു - ഏതായാലും വന്നതു വന്നു, അവളുറങ്ങി കഴിഞ്ഞിട്ട് നമുക്കു വേണ്ട ശുശ്രൂഷ കൊടുക്കാം. പുറത്താരും അറിയേണ്ട. നാണക്കേടാണ്. പക്ഷേ വലിയ ആപത്തു തന്നേണീ വന്നിരിക്കുന്നത്.
മാഷു പിള്ളയെ താങ്ങിയെടുത്തു വരാന്തയില്‍ കൊണ്ടു വന്നു പായിട്ടിരുത്തി. ചിത്തരാജും വരാന്തയില്‍ പിള്ളയുടെ ചാരത്തിരുന്നു. കരഞ്ഞും പിഴിഞ്ഞും ഒരു വിധം നേരം വെളുപ്പിച്ചു. ആരും ഒന്നും ഉരിയാടിയില്ല. ശോകാത്മകത തളം കെട്ടി.
വളരെ വൈകിയശേഷമാണവള്‍ ഉണര്‍ന്നത്. മകള്‍ കണ്ണു തുറക്കുന്നതും നോക്കിയിരുന്ന വിലാസിനി അവളെ പിടിച്ചു കൊണ്ടു പോയി മുഖവും കൈകാലുകളും മറ്റും കഴുകിച്ചു. നല്ല ചായ കുടിക്കുവാന്‍ കൊടുത്തു. പിന്നെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.
പപ്പുമാനേജര്‍ തന്റെ മുറിയിലേയ്ക്കു പോയി. ചിത്തരാജും തിരിച്ചു എത്ര നാളായി വീട്ടിലൊന്നും പോകാതെ ഓരോ കാര്യങ്ങള്‍ക്കായി ഇടപെട്ടു കൊണ്ടിരിക്കുന്നു.
പാവങ്ങളായ അടിമ വര്‍ഗ്ഗങ്ങള്‍ക്കു നിരന്തരം പീഢനം തന്നെ. അവരെ സഹായിക്കുന്നവര്‍ക്കും പീഡനമോ.
പക്ഷേ ശക്തരെ ആരും ആക്രമിക്കാറില്ല. നിരാലംബരാണ് ആക്രമണത്തിനു വിധേയരാകുന്നത്.
അറിഞ്ഞു കൊണ്ടല്ലല്ലോ, അറിയാതെയാണീ പീഡിപ്പിക്കല്‍ അരങ്ങേറിയത്. അതും ഗറില്ലാ സ്വഭാവത്തില്‍. നേരറിഞ്ഞു കൊണ്ടായിരുന്നില്ല, പെട്ടു പോയതാണ്. അതിനാരെയും പഴി പറഞ്ഞിട്ടു പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.
കുറേക്കഴിഞ്ഞപ്പോള്‍ ഗൗരിക്കുട്ടിയും മൈലനും എത്തിച്ചേര്‍ന്നു. ഗീതാദേവിയെ സന്ദര്‍ശിച്ചു. സംഭവ വികാസങ്ങളില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഗീതയുടെ സമീപമിരുന്ന വസ്തുതകള്‍ ചോദിച്ചു മനസ്സിലാക്കി.
ഗീതേ നിനക്കു ഞങ്ങളുടെ വീട്ടില്‍ തങ്ങാമായിരുന്നു. അങ്ങിനെ അപകടമൊഴിവാക്കാമായിരുന്നു. അതാണ് ബുദ്ധി. അല്ലാതെ യുവത്വത്തിന്റെ ചോരത്തിളപ്പു കൊണ്ടു ചാടി പുറപ്പെട്ടപ്പോഴാണീ അപകടമുണ്ടായത്.
അതിബുദ്ധി, ആപത്തു വരുത്തും.
എത്ര ധൈര്യവതിയായാലും, ചട്ടമ്പികളായ പുരുഷന്റെ മുമ്പില്‍ നമുക്കു പിടിച്ചു നില്‍ക്കുവാനാകുമോ. നിന്റെ അമിത ധാരണ കൊണ്ടാണീ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഏതായാലും വൈദ്യരെ കൊണ്ടുവന്നു വരുന്നു കഴിക്കുവാന്‍ തുടങ്ങൂ. ആരോഗ്യം വീണ്ടെടുക്കുവാന്‍ ശ്രമിക്കണം.
ഞാനറിയുന്ന നല്ലൊരു വൈദ്യനുണ്ട് അദ്ദേഹത്തെ ഞാനിങ്ങോട്ടു പറഞ്ഞയക്കാം. അദ്ദേഹം ചികിത്സിക്കും.
ചിത്തരാജും കൂട്ടരും ഗീതാദേവിയെ പീഢിപ്പിച്ച ചെറുപ്പക്കാരെ അന്വേഷിച്ചു നടന്നു. ഒരു തുമ്പും കിട്ടിയില്ല. ഒരു സൂചനയോ, അടയാളമോ ഇല്ലാതെ ആരെയാണ് സംശയിക്കുന്നത്.
ശരദദാസ്സിന്റെ പഠിപ്പും കഴിവും വെച്ച് സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവു പ്രകാരം കുഞ്ചുവാശാന്റെ സ്‌ക്കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു. ജോലിക്കു പോയിത്തുടങ്ങി. സര്‍ക്കാരിന്റെ ശമ്പളം ലഭിച്ചപ്പോള്‍, അവനു സന്തോഷം, വീട്ടുകാര്‍ക്കു സന്തോഷം, നാട്ടുകാര്‍ക്കഭിമാനം. അവന്റെ ജീവിതം പുരോഗതി പ്രാപിക്കുവാന്‍ തുടങ്ങി.
അന്നു ഗൗരിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിക്കണ്ടാരിയുടെ ഭാര്യയും മക്കളും ഗൗരിക്കുട്ടിയെ വന്നു കണ്ടു.
ഗൗരിക്കുട്ടി അവരോടു പറഞ്ഞു നിങ്ങള്‍ക്ക് എന്റെ കളപ്പുരയ്ക്കു സമീപമുള്ള ഭൂമിയില്‍ ഒരു കുടിലു വെച്ചു തരാം. അവിടെ താമസിച്ചു എന്റെ പാടവും പറമ്പും നോക്കി വേല ചെയ്തു ജീവിക്കാം. എന്താ മതിയോ. സാധാരണ പുരുഷന്മാരെയാണ് പാടത്തും പറമ്പിലും മൂപ്പന്മാരാക്കാറ് പതിവ്. അതിനു പകരം എന്റെ ഭൂമി നോക്കി നടത്തുന്നത് മൂപ്പത്തി. അത് കുഞ്ഞിക്കാളിയായിരിക്കും. 
കുഞ്ഞിക്കാളി - തമ്മദിച്ചേയ്, ഏന്‍ ഏച്ചിരിക്കണി.
ഗൗരിക്കുട്ടി - വളരെ ഗോപ്യമായി കുഞ്ഞിക്കാളിയോടു ചോദിച്ചു. ഈ അഴകിക്കും, കുറുമ്പയ്ക്കും, മുതലാളിമാരില്‍ നിന്നോ, അവരുടെ വാല്യക്കാരില്‍ നിന്നോ വല്ല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ? കൂടാതെ കുഞ്ഞിക്കാളീം നല്ല ആരോഗ്യവതിയല്ലേ, നിനക്കും വല്ലവരുമായി ബന്ധമുണ്ടായിട്ടുണ്ടോ?
കുഞ്ഞിക്കാളി - എണ്ട പെലേന്‍ പോയേപ്പിന്നെ, എങ്കക്കെന്നാ ഒരു കെതി. മൊതലാളിമാരും, അവരിക്കട ചട്ടമ്പിമാരും പിന്നെ വൈ പോക്കരും, എക്ക, എങ്കട കുടീല് വരോയിരുന്നു.
എന്റെ തറവാട്ടില്‍ പെട്ടവരാരെങ്കിലും വരുമായിരുന്നോ ഗൗരിക്കുട്ടി ചോദിച്ചു.
പിന്നല്ലാതെ അവരെക്ക ആത്യാദ്ദ്യോക്കവരോയിരുന്നു, പിന്നപ്പിന്ന, ചോക്ടാങ്ങളും, മാപ്ലക്ടാങ്ങളും, എക്ക ചെലപ്പേക്ക വരാറെണ്ട്.
ഗൗരിക്കുട്ടി - അതിനു നിങ്ങള്‍ക്കു വല്ല എതിര്‍പ്പുമുണ്ടോ.
കുഞ്ഞിക്കാളി - എങ്കട ചൊല്ലിനെന്തു കാര്യം. എങ്കക്കു ചോയിക്കാനും പറകാനും ആരെങ്കിലോണ്ടാ.
അതോണ്ട് എക്ക തകിക്കേണി.
വേലേല്ലാത്തപ്പ, പഷ്ണി കെടക്കാതിരിക്കാനകൊണ്ട് മാനം വിറ്റ് കയ്യേണി. മൊതലാളിമാരെക്ക വന്താ ചെലപ്പകായി തരും. അല്ലെങ്കീ അവട കെടക്കണേങ്കി അവരിക്കി ഞങ്ങ തുണി അയിച്ചി തമ്മദിച്ച് കൊടുക്കണം. പിന്ന കരൂട്ടുകാരായ മാപ്ലക്ടാങ്ങള് വന്നാ കായൊക്കത്തരും.
ഗൗരിക്കുട്ടി - ഇതുകൊണ്ടൊക്കെ വല്ല വയറ്റീ പിടിക്കലൊക്കെയുണ്ടായിട്ടുണ്ടോ.
കുഞ്ഞിക്കാളി - എത്തര, പ്രാശോണീ ഏന്‍ ഉരുക്കി കളഞ്ഞേക്കണത്. അയകിക്കും, കുറുമ്പക്കും പിടിച്ചതാണി. അതെക്ക ഏന്‍ നാട്ടില. വയിറ്റാട്യാട് പറഞ്ചികളേപ്പിച്ചി.
ഗൗരിക്കുട്ടി - ഞങ്ങളുടെ തറവാട്ടില്‍ പെട്ട ആരെങ്കിലും നിന്റെ മക്കളെ പിഴപ്പിച്ചിട്ടുണ്ടോ.
കുഞ്ഞിക്കാളി - ഒണ്ട് മൂന്നാമത്തെ തമ്പുരാനില്ലേ. ആ കൊച്ചുരാമന്‍ പുള്ള തമ്പ്രേന്‍, അദ്ദേന്‍ അയകീന കെര്‍പ്പാക്യാതാണി. അയിനി വല്ലപ്പോയും, കായാ അല്ലേ, തുണ്യാ തോര്‍ത്താ തരും പിന്നെ നെല്ലു കട്ടു പറിച്ചാലെ കൊണ്ടു ചെലപ്പ മുണ്ടൂല്ല. ആ കെര്‍പ്പം ഏന്‍ വയറ്റാട്ടീന കണ്ടു കളേപ്പിച്ചതാണി. കുറുമ്പേനേണങ്കി അവിരിക്കട ഒരിവാല്യക്കാരന്‍ പെയപ്പിച്ചി. അവക്കിപ്പ കുളി മാറീട്ടൊണ്ട് അയാക്കട പേരാണീ ചേകരന്‍ നായരി പിന്ന ഇനിക്കിപ്പയും ഒരാളൊണ്ട് അയാളാണി അല്ലേശ്മാപ്ല.
ഗൗരിക്കുട്ടി - ആ മാപ്ലയുടെ വീടെവിടെയാണെന്നറിയാമോ, നിനക്ക്.
കുഞ്ഞിക്കാളി - നുമ്മട തറവാടിന്റെ കൊറെ വടക്കാണി, അല്ലേശുമാപ്ലടെ പെര. ആ തമ്പാനി കെട്ട്യേളും, മക്കളുമെണ്ട്. അവിരിക്കട പള്ളീല് അയാള് കൈക്കാരനാണി. എന്നാലും അയാക്ക് മിക്കപ്പോയും എണ്ണ വേണം.
ഗൗരിക്കുട്ടി - എടീ നീ ആളു കൊള്ളാമല്ലോ. നിനക്ക് നല്ലപോലെ അതൊക്കെ കൈകാര്യം ചെയ്യുവാനറിയാം. ശരി ഇപ്പോള്‍ നിങ്ങള് പൊയ്‌ക്കോ. ഞാനീ തമ്പുരാക്കന്മാരേം, ആളുകളേയുമൊക്കെ വിളിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവരില്‍ നിന്നു സ്ഥിരമായി ചെലവിനു തരുവാനായിട്ട് ഞാനേര്‍പ്പാടാക്കാം. പോരേ.
രണ്ടാഴ്ച കഴിഞ്ഞു ഗൗരിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു രാത്രി ശേഖരന്‍ നായരെ ചിത്തരാജും കൂട്ടരും കൂടി വിളിച്ചു കൊണ്ടു വന്നു.
ഗൗരിക്കുട്ടിക്ക് അവളുടെ പറമ്പിലെ കാര്യസ്ഥന്‍ പണി ശേഖരന്‍ നായരെ ഏല്‍പ്പിക്കുവാനാണെന്നും പറഞ്ഞാണ്, നിശാപാഠശാലയില്‍ വരുത്തിയത്. വന്നപ്പോഴല്ലേ അവിടെയുള്ള ദൃശ്യം കണ്ടയാള്‍ അതിശയിച്ചു പോയത്. കുഞ്ഞിക്കാളി, അഴകി, കുറുമ്പ കൂടാതെ ഇട്യാദി മൂപ്പന്‍ മുതലായവര്‍ ഗൗരിക്കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ പാഠശാലയിലുണ്ടായിരുന്നു. അയാള്‍ തിരിച്ചു പോകാന്‍ മുതിര്‍ന്നു. പക്ഷേ ചിത്തരാജും കൂട്ടരും തടുത്തു.
നില്‍ക്കൂ നായരേ, ഗൗരിക്കുട്ടി പറയുന്നതു കേട്ടിട്ടു പോയാല്‍ മതി.
ശേഖരന്‍ നായര്‍ - കൊച്ചമ്പ്രാട്ടി എന്താ എന്നെ വിളിപ്പിച്ചത്.
ഗൗരിക്കുട്ടി - ശേഖരന്‍ നായരിരിക്കൂ. ഒരു മുഖ്യമായ കാര്യം പറയുവാനാണ് നിങ്ങളോടു വരാന്‍ പറഞ്ഞത്.
ശേഖരന്‍നായരിരുന്നു, അല്‍പ്പം ആശ്വസിച്ചു. ഗൗരിക്കുട്ടി തുടര്‍ന്നു - ഈ ഇരിക്കുന്ന കുറുമ്പയെ നിങ്ങളറിയോ.
ശേഖരന്‍ നായര്‍ - ഇല്ല - അറിയില്ല (വെറുപ്പോടു, അനാദരവോടും) അയാള്‍ മൊഴിഞ്ഞു.
ഗൗരിക്കുട്ടി പെട്ടെന്നൊലര്‍ച്ചയോടെ, ചിത്തരാജേ ഇവന്‍ സത്യം പറയില്ല നമ്മള്‍ക്കു പണിയുണ്ടാക്കും, പിടിച്ചു കെട്ടവനെ ആ തൂണില്‍.
അയാള്‍ കുതറി മാറുവാന്‍ നോക്കി. പക്ഷേ ചിത്തരാജിന്‍േറയും, കൂട്ടരുടേയും ബലിഷ്ടമായ കൈയ്കള്‍ അയാളെ അടക്കി അയാള്‍ ഭയന്നു വിറച്ചു പറഞ്ഞു എന്നെ ബന്ധിക്കേണ്ട ഞാന്‍ പറയാം.
ഗൗരിക്കുട്ടി - അങ്ങിനെ വഴിക്കു വാടാ പട്ടി; പറയടാ കുറുമ്പയെ അറിയോ.
ശേഖരന്‍ നായര്‍ - അറിയാം.
ഗൗരിക്കുട്ടി - കാര്യങ്ങള്‍ വളച്ചൊടിക്കാതെ ഞാന്‍ ചോദിക്കും. അതിനു തക്കതായ മറുപടി പറഞ്ഞില്ലെങ്കില്‍, നീ ശരിയായ രീതിയില്‍ ഇവിടെ നിന്നും പോകില്ല. അതായത് അവള്‍ക്ക് നിന്നില്‍ നിന്നും വയറ്റിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് നീ അവളേം വിളിച്ചു കൊണ്ട് നിന്റെ വീട്ടിലേയ്ക്കു പോകണം.
ശേഖരന്‍ നായര്‍, നിര്‍ദ്ദേശങ്ങളുടെ കാഠിന്ന്യം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്റെ വീട്ടില്‍ എന്റെ അച്ചിയും മക്കളും ഉണ്ട്.
ഗൗരിക്കുട്ടി - അതിനെന്താ ഇവളേം കൂടി പാര്‍പ്പിച്ചോ നീ അവരറിഞ്ഞിട്ടല്ലല്ലോ, ഇവളുടെ കുളി മാറ്റിച്ചത്.
അയാള്‍ മിണ്ടിയില്ല.
ശരി ഇപ്പോള്‍ തന്നെ മാലയിട്ടു കല്ല്യാണമാക്കി അവളെ ഭാര്യയായി സ്വീകരിക്കണം.
അതിനും അയാള്‍ ഉരിയാടാതിരുന്നപ്പോള്‍, ഗൗരിക്കുട്ടി അലറി - കൊടുക്കടാ അവനു പ്രഹരം - ചിത്തരാജ് കൈയ്യോങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു, എന്നെ ഒന്നും ചെയ്യല്ലേ. ഞാന്‍ സ്വീകരിക്കാം. പക്ഷേ അവരുടെ കുടിലില്‍ തന്നെ ഞാന്‍ കഴിഞ്ഞോളാം. ചെലവിനും കൊടുക്കാം.
ഗൗരിക്കുട്ടി - ഇട്യാതി മൂപ്പനോട്, മൂപ്പാ, അവരെ പാണീഗ്രഹണം ചെയ്യിക്കൂ.
ഇട്യാതി മൂപ്പന്‍ കുറുമ്പയുടെയും, ശേഖരന്‍ നായരുടെയും കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു. ഏന്‍ പറേണ പോലെ നായരി തമ്പ്രേന്‍ ഏറ്റു പറയണം. അതായത് മരിച്ചു പോയ കുഞ്ഞിക്കണ്ടാരിയുടെയും, ഇവിടെയുള്ള കുഞ്ഞിക്കാളിയുടെയും മകളായ കുറുമ്പയെ, ശേഖരന്‍ നായരായ ഞാന്‍ ഇന്നുമുതല്‍ സ്ഥിരം ഭാര്യയായി സ്വീകരിച്ചിരിക്കുന്നു.
ഞാനവളുടെ ഗര്‍ഭത്തിനുത്തരവാദിയായതിനാല്‍ നിത്യവും സംരക്ഷിച്ചും, ചെലവിനു കൊടുത്തും നോക്കിക്കൊള്ളാമെന്നു ഇവിടെ നില്‍ക്കുന്ന എല്ലാവരെയും സാക്ഷി നിര്‍ത്തി ഞാനിതാ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു.
ഗൗരിക്കുട്ടി - ചിത്തരാജേ, നിങ്ങളെല്ലാവരും കൂടി ഇവരെ നടത്തിച്ചു അവരുടെ കുടിലില്‍ കൊണ്ടു പോയി വിട്ടിട്ടു വരൂ. ഇനി അധികം താമസിയാതെ തനിക്കൊരു അമ്മായിയപ്പനും വരും, കേട്ടോ - ശേഖരന്‍ നായരേ. തന്റെ ബുദ്ധിയില്‍ വേറെ വല്ലതും തോന്നി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍, നിന്റെയും നിന്റെ കുടുംബത്തേയും, ഞങ്ങള്‍ തകര്‍ത്തു കളയും പറഞ്ഞേക്കാം. ഉം. പൊയ്‌ക്കോ.
അവര്‍ പോകുന്ന വഴി എല്ലാവരും നോക്കി നിന്നു കുശലം പറഞ്ഞു.
എന്താണാവോ അറിയില്ലല്ലോ, ഒരു കാലത്തും കാണാത്ത കാഴ്ചയല്ലേയിത്.
ശേഖരന്‍ നായര്‍ പുലക്കള്ളി പെണ്ണിന്റെ കൂടെ പോകുന്നു. ഇതു വല്ലാത്ത കൂത്തു തന്നെ. കുറുമ്പയുടെ അമ്മയും, അവളുടെ താത്തി അഴകിയും, കൂടാതെ നാട്ടിലെ അധ:കൃതരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാറുള്ള ചിത്തരാജും ഒപ്പം, ചീതങ്കന്‍, കുട്ടിച്ചന്‍, കോലപ്പന്‍, ചെല്ലന്‍, തുപ്രന്‍, കൊച്ചൂട്ടി എന്നിവരുമൊത്താണ് കല്ല്യാണം പൊയ്‌ക്കൊണ്ടിരുന്നത്. നാട്ടു വെളിച്ചമുള്ള സ്ഥലത്തൊക്കെ ചിലര്‍ കുടിലുകളില്‍ നിന്നും വെളിയില്‍ വന്നു ചോദിച്ചു. കൂടെയുള്ളവര്‍ പറഞ്ഞു, കുറുമ്പയുടേയും, ശേഖരന്‍ നായരുടേയും കല്യാണം കഴിഞ്ഞു വരികയാണ്.
പുലയക്കുടിലുകളില്‍ ഇവനെപ്പോലെയുള്ള നായന്മാര്‍ അനാവശ്യമായി കയറിയിറങ്ങിയാല്‍, ഇതാണനുഭവമെന്നവനൊക്കെ മനസ്സിലാക്കണം.
അവരെ കുടിലില്‍ കൊണ്ടു പോയി വിട്ടിട്ട് കൂടെയുള്ളവര്‍ തിരിച്ചു പോന്നു.
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍, ചെല്ലന്‍ ക്രിസ്ത്യാനി പള്ളിയുടെ സമീപം ചെന്നു അല്ലേശു മാപ്ലയോടു പറഞ്ഞു.
തമ്പാനോടു കുഞ്ഞിക്കാളി താത്തി ഇന്നു വൈകിട്ട് ഒന്നു ചെല്ലാന്‍ പറഞ്ഞു, എന്തോ അത്യാവശ്യ കാര്യം പറയുവാനാണ്.
അലേശുമാപ്ല, ഞാന്‍ വരാമെന്നവളോടു പറഞ്ഞേക്കൂ.
ചെല്ലന്‍ - ഇന്നു എപ്പവരും തമ്പാന്‍.
അല്ലേശു മാപ്ല, ഒരേഴുമണിക്കു ശേഷം.
ചെല്ലന്‍; ചെരി തമ്പാനേ, ഏന്‍ പോയി പറയാമേ, തമ്പാന്‍ തക്ക നേരത്തു തന്നെ വരോന്ന്.
അതും പറഞ്ഞു ചെല്ലന്‍ തിരിച്ചു പോന്നു. വിവരങ്ങളൊക്കെ മനസ്സിലാക്കിയ ഗൗരിക്കുട്ടി കാര്യങ്ങളൊക്കെ ഒരുക്കുവാന്‍ ചിത്തരാജിനോടും മറ്റും പറഞ്ഞു. സാധാരണ കൂടാറുള്ള സ്ഥലമായ നിശാപാഠശാല തന്നെ ഇതിന്‍േറയും വേദിയാക്കി.
അല്ലേശുമാപ്ല അഞ്ചു മണിക്കു തന്നെ പള്ളിയില്‍ നിന്നും തന്റെ വീട്ടിലേയ്ക്ക് പോയി. കുളി കഴിഞ്ഞു അല്‍പ്പം കൊള്ളാവുന്ന മുണ്ടും, നാടനും ഒക്കെ ധരിച്ചു, വെന്തീഞ്ഞയും കഴുത്തിലണിഞ്ഞു കുറച്ചു പണവും മടിയില്‍ വെച്ചു, മുറുക്കാന്‍ പൊതിയും ഒക്കെയെടുത്തു നേരം ചേര്‍ന്നു ഏഴുമണി കഴിഞ്ഞു വരുന്ന സമയത്ത് നടന്നു ചെന്നു കൊണ്ടിരുന്നു. തദവസരത്തില്‍ വഴി വക്കില്‍ വെച്ചു ചെല്ലനെ കണ്ടുമുട്ടി.
തമ്പാനല്ലേ - ഏന്‍ ചെല്ലനാണേയ്, കുഞ്ഞിക്കാളി താത്തി വേറൊരു സ്ഥലത്തൊണ്ട് എന്നോടു പറഞ്ചി തമ്പാന അങ്കാട് കൂട്ടിക്കൊണ്ട് ചെല്ലാന്‍.
അവള്‍ക്കു തന്നെ കാണുവാന്‍ തിടുക്കമായിരിക്കുന്നു. എന്താ അവക്കട അയകും, ആരോഗ്യവും. അവളോടു കൂടി രമിക്കുന്നത്‌സുഖമുള്ളൊരനുഭൂതിയാണ്. തന്റെ ഭാര്യയില്‍ നിന്നു പോലും ഇത്രയും സഹകരണം ലഭിക്കാറില്ല. അത്ര നല്ലൊരു ഉണര്‍വാണവളില്‍ നിന്നും തനിക്കുണ്ടാകാറുള്ളത്.
എന്താ വല്ല ബുദ്ധിമുട്ടും അവള്‍ക്കുണ്ടായിട്ടുണ്ടോടാ ചെല്ലാ അയാള്‍ നടക്കുന്നതിനിടയിലാരാഞ്ഞു.
അതറികേല, തമ്പാനേ! ചെല്ലന്‍ വിഡിവാക്കാല്‍ മൊഴിഞ്ഞു.
നിശാപാഠശാലയില്‍ ചെന്നു കയറിയ അല്ലേശുമാപ്ല അതിനുള്ളിലിരുന്ന എല്ലാവരേയും മങ്ങിക്കത്തി കൊണ്ടിരുന്ന റാന്തലു വിളക്കിന്റെ പ്രകാശത്തില്‍ നോക്കി ആരേയും തിരിച്ചറിഞ്ഞില്ല. കുഞ്ഞിക്കാളിയേയും, അഴകിയേയും മാത്രം മനസ്സിലായി സ്റ്റൂളിലിരുന്ന ഇട്യാദി മൂപ്പനേയും കണ്ടു, പക്ഷേ മുന്‍പരിചയമില്ല. കൂട്ടത്തില്‍ ഗൗരിക്കുട്ടിയും ചിത്തരാജും ഒരു ബഞ്ചിലാണുപവിഷ്ടരായിരുന്നത്. അല്ലേശു മാപ്ലയെ കണ്ട കുഞ്ഞിക്കാളി എഴുന്നേറ്റു ബഹുമാനിച്ചു.
ഗൗരിക്കുട്ടി - അല്ലേശു മാപ്ലയല്ലേ. കയറിയിരിക്കൂ.
അടുത്തു കിടന്ന സ്റ്റൂളുകാട്ടി ഗൗരിക്കുട്ടി ഉപചാരപൂര്‍വ്വം പറഞ്ഞു.
അയാളനുസരിച്ചു. അദ്ദേഹം കുഞ്ഞിക്കാളിയോടു ചോദിച്ചു. എന്താ കുഞ്ഞിക്കാളി എന്നെ വിളിപ്പിച്ചത്.
ഗൗരിക്കുട്ടി - ഞാന്‍ പറയാം, നിങ്ങള്‍ ഈ കുഞ്ഞിക്കാളിയുമായി രഹസ്യം ബന്ധം പുലര്‍ത്താറില്ലേ.
അല്ലേശുമാപ്ല, രഹസ്യബന്ധം എന്നു പറഞ്ഞാല്‍, അതു രഹസ്യബന്ധമല്ലാതാകുകയല്ലേയുള്ളൂ. പക്ഷേ ഞാന്‍ വരാറുണ്ട് ബന്ധപ്പെടാറുമുണ്ട്.
ഗൗരിക്കുട്ടി - എങ്കില്‍ കുഞ്ഞിക്കാളിയെ നിങ്ങള്‍ സ്ഥിരമായി കയ്യേല്‍ക്കണം. എന്താ.
അല്ലേശുമാപ്ല. എനിക്കു ഭാര്യയും, കുട്ടികളുമുണ്ട്. അഥവാ അവളെ കൈയ്യേല്‍ക്കാമെന്നു വെച്ചാല്‍ പള്ളി സമ്മതിക്കുകയില്ല. അല്ലെങ്കില്‍ ഞങ്ങളുടെ വേദത്തില്‍ കൂടണം.
ഗൗരിക്കുട്ടി - തനിക്കു ഭാര്യയും മക്കളുമുണ്ടെന്ന വിചാരം കുഞ്ഞിക്കാളിയുമായി ബന്ധപ്പെട്ടപ്പോള്‍ താനോര്‍ത്തിരുന്നോ. അവളെ പരിണയിക്കുവാന്‍ പള്ളിയുടെ അനുവാദം വേണമെന്ന അഭിപ്രായം ആരാണു തനിക്കു പറഞ്ഞു തന്നത്. അവള്‍ തന്റെ മാര്‍ഗ്ഗ് കൂടുന്നതിനു പകരം, തനിക്ക് അവളുടെ മാര്‍ഗ്ഗം കൂടിയാലെന്താണ്.
ഗൗരിക്കുട്ടി അല്‍പ്പം കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു. ഈ കാര്യകാരണമല്ലാത്ത യുക്തി, നിങ്ങള്‍ പറയുകയാണെങ്കില്‍ ശക്തിയുക്തമായ നടപടിക്കു ഞങ്ങള്‍ നിര്‍ബന്ധിതരാകും. അതായത് കുഞ്ഞിക്കാളിയുടെ വയറ്റില്‍ കിടക്കുന്ന കുട്ടി നിങ്ങളുടേതാണെങ്കില്‍ അഴകിയുടെയും, കുറുമ്പയുടെയും, പെങ്ങന്‍േറയും കൂടി പിതാവാക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നതായിരിക്കും.
അല്ലേശുമാപ്പളേ, വേല ഞങ്ങളുടെ അടുത്തു വേണ്ട. 
അല്ലേശുമാപ്ല - നിങ്ങളെന്താ ഈ പറയുന്നത്. ഞാനവളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു തക്കതായ ചെലവിനും കൊടുത്തിട്ടുണ്ട്. അല്ലാതെ പറ്റിച്ചു പോകുന്ന സ്വഭാവമെനിക്കില്ല. ഇനി അവളുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞെന്‍േറതാണെങ്കില്‍ ഞാനതല്‍ക്കുവാനും, ചെലവിനു കൊടുക്കുവാനും തയ്യാറാണ്.
ഗൗരിക്കുട്ടി - അങ്ങിനെ പറ്റുപടിക്കു നില്‍ക്കുന്ന സ്വഭാവം ശരിയല്ല. ഉത്തരവാദിത്വത്തോടു കൂടി അവളെ കയ്യേറ്റി തന്റെ വീട്ടിലേയ്ക്കു വിളിച്ചു കൊണ്ടു പോകണം. 
അലേശുമാപ്ല - അതിനിത്തിരി ബുദ്ധിമുട്ടുണ്ട്. ഞാന്‍ കയ്യേല്‍ക്കാം. പക്ഷേ വീട്ടില്‍ കൊണ്ടു പോകില്ല. അവളുടെ വീട്ടില്‍ തന്നെ അവളോടൊപ്പം കഴിഞ്ഞോളാം. അവളേയും മക്കളേയും നോക്കുകയും ചെയ്യാം. കാരണം ഞാന്‍ പള്ളിക്കാര്യം നോക്കി നടത്തുന്ന കൈക്കാരനാണ്. ആ വരുമാനത്തിനു ഭംഗം നേരിടും.
ഗൗരിക്കുട്ടി - അല്ലേശുമാപ്ലേ അവള്‍ തന്റെ വേദത്തിലൊന്നും കൂടില്ല. അതിനാണെങ്കില്‍ താനും മാര്‍ഗ്ഗം കൂടിയനല്ലേ. വല്ല പറയനോ, പുലയനോ, മണ്ണാനോ മറ്റോ ആയിരുന്നില്ലേ തന്റെ പൂര്‍വ്വികര്‍. തന്റെ മാതാവ് വെളുത്ത സുന്ദരിയായിരുന്നിരിക്കണം, അതാണ് തനിക്കല്‍പ്പം നിറമുള്ളതും, പള്ളിയില്‍ കൈക്കാരന്‍ ജോലി ലഭിച്ചതും. കൂടാതെ അല്‍പ്പം സാമ്പത്തിക ശേഷിയുള്ള തൊലി വെളുത്ത പെണ്ണിനെ ഭാര്യയായും ലഭിച്ചത്. അതായത് എല്ലാം സങ്കരമല്ലേ മാപ്ലേ!
അങ്ങിനെ നോക്കുമ്പോള്‍ അല്‍പ്പം പൂര്‍വ്വികത്വത്തിലേയ്ക്കു ഒന്നു തിരിഞ്ഞതു കൊണ്ട് തെറ്റൊന്നുമില്ല. വാസ്തവം പറഞ്ഞാല്‍, ജാതി മാറാത്തവരുമായി താന്‍ ബന്ധപ്പെടുന്നതില്‍ അഭിമാനിക്കുകയും ചെയ്യാം. എന്തു പറയുന്നു അല്ലേശു മാപ്ലേ.
അയാള്‍ മൗനമവലംബിച്ചിരുന്നു.
ഗൗരിക്കുട്ടി - ഇട്യാതി മൂപ്പരേ, കുഞ്ഞിക്കാളിയുടെയും അല്ലേശുമാപ്ലയുടെയും പാണീഗ്രഹണം നടത്തിച്ചു അവരെ കുടിലിലേയ്ക്കും പറഞ്ഞയക്കൂ.
ഇട്യാതി മൂപ്പന്‍ മുന്നോട്ടു വന്നു. കുഞ്ഞിക്കാളിയുടെ കയ്പിടിച്ചു അല്ലേശുമാപ്ലയുടെ കയ്യില്‍ വെച്ചു പറഞ്ഞു. അല്ലേശുമാപ്ലേ നിങ്ങളുടെ പൂര്‍വ്വികരും അടിമവര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നിരിക്കണം. ഉന്നതരുടെ ജാതി പീഢനം കാരണം ഭാഗ്യത്തിനു നിങ്ങള്‍ മാര്‍ഗ്ഗം കൂടി മാപ്ലമാരായി. തല്‍ഫലമായി, ഉന്നതരില്‍ പെട്ട ആരുടെയോ അവിഹിതബന്ധവും ഉണ്ടായിരുന്നിരിക്കണം. അങ്ങിനെ വെളുത്തവരായി പണവും ഉദ്യോഗവും നല്ല വീടും ഉണ്ടായി എന്നു വിചാരിച്ചു അടിസ്ഥാനമായി നിങ്ങള്‍ അടിമ വര്‍ഗ്ഗം തന്നെയാണ്. പണവും കഴിവുകളും വന്നപ്പോള്‍ പാവപ്പെട്ട സ്ത്രീകളെ വെപ്പാട്ടിമാരായി മാത്രം നിരുത്തരവാദപരമായി വെച്ചു കൊണ്ടു നടക്കുന്നതു ശരിയല്ല. ആയതിനാല്‍, ഉത്തരവാദിത്വത്തോടു കൂടി തന്നെ കുഞ്ഞിക്കാളിയെ ഇനിമുതല്‍ ഭാര്യയായി നിങ്ങള്‍ കണക്കാക്കണം. അതുകൊണ്ട് ഇവിടെയുള്ള എല്ലാവരുടേയും സാന്നിദ്ധ്യത്തില്‍ കുഞ്ഞിക്കാളിയെ പാണീഗ്രഹണം ചെയ്യിക്കുന്നു.
ഇക്കാര്യത്തില്‍ പള്ളി സമ്മതിക്കുന്നില്ല, കുടുംബം സഹകരിക്കുന്നില്ല, എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ പറഞ്ഞു ഇവളെ മാറ്റി നിര്‍ത്തുവാന്‍ താന്‍ നോക്കരുത് അങ്ങിനെ ചെയ്താല്‍ താനും തന്റെ കുടുംബവും കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരും, പറഞ്ഞേക്കാം.
ഇനി എല്ലാവര്‍ക്കും പിരിഞ്ഞു പോകാം, ഇവിടത്തെ സുരക്ഷിതത്വ കാര്യങ്ങള്‍ നോക്കുന്ന നേതാവ് ചിത്തരാജും കൂട്ടരും നിങ്ങളെ കുഞ്ഞിക്കാളിയുടെ കുടിലില്‍ കൊണ്ടു പോയാക്കുന്നതായിരിക്കും.
ഗൗരിക്കുട്ടി - അല്ലേശുമാപ്ലേ, നിങ്ങള്‍ തിരിച്ചു വേറെ കുഴപ്പങ്ങളൊന്നും സൃഷ്ടിക്കുവാന്‍ നോക്കരുത്. അങ്ങിനെയെന്തെങ്കിലും ചെയ്താല്‍ തന്റെ തടി കേടാകും, പറഞ്ഞേക്കാം. നിങ്ങളുടെ സ്വന്തം വീട്ടിലുള്ള സ്വത്തു വകകളില്‍, തനിക്കു കുഞ്ഞിക്കാളിയില്‍, പിറക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും അവകാശമുണ്ടായിരിക്കും. ഓര്‍ത്തോളൂ. ഉം. ഇനി പൊയ്‌ക്കോളൂ.
ഇതു വല്യാചതിയായി പോയി. അലേശുമാപ്ല ചിന്തിച്ചു. പകല്‍ സമയത്തു ചെല്ലന്‍ വന്നു വിളിച്ചപ്പോള്‍ കുഞ്ഞിക്കാളിക്കു ഇത്ര വലിയ ഏര്‍പ്പാടുകളൊക്കെ ഉണ്ടാകുമെന്നൊരിക്കലും കരുതിയില്ല.
അവളൊക്കെ പുറം ജാതിക്കാരികളാണെന്നും, ചോദിക്കുവാനും പറയുവാനും ആരുമില്ലെന്നും എങ്ങിനെ വേണമെങ്കിലും നമ്മുടെ വരുതിക്കു നില്‍ക്കുമെന്നും മാത്രമാണ് താന്‍ വിചാരിച്ചത്. അവളുടെയൊക്കെ സുരക്ഷിതത്വത്തിന്നു ഇപ്പോള്‍ ആളുകളുണ്ടായിരിക്കുന്നു.... എന്തു ചെയ്യാനാ വരുന്നതു പോലെ വരട്ടെ. വല്ലാത്തനാണക്കേടായി പോയി.
അവര്‍ നടന്നു കുഞ്ഞിക്കാളിയുടെ കുടിലില്‍ ചെന്നപ്പോഴല്ലേ - അതിശയിച്ചു പോയത്.
കുഞ്ഞിക്കാളിയെ കൈപിടിക്കുമ്പോള്‍ അവളോടൊപ്പം, അഴകിയും, പേഴങ്ങനും മാത്രമേ താനറിയുവരായിട്ടു പാഠശാലയിലുണ്ടായിരുന്നുള്ളൂ. കുറുമ്പയെപ്പറ്റി ചിന്തിക്കുവാനോ, അന്വേഷിക്കുവാനോ അയാള്‍ക്കവസരം ലഭിച്ചിരുന്നില്ല. കുറുമ്പയും കെട്ട്യോനായ ശേഖരന്‍ നായരും കുടിലിലായിരുന്നു. അവരുടെ ഉത്സാഹത്തിമിര്‍പ്പിന്റെ സമയത്താണ് അമ്മയുടെ കല്ല്യാണം വരവ്. കുടിലിനു പുറത്തേയ്ക്ക് വിളിക്കുമായവര്‍ വേഗത്തിലിറങ്ങി നോക്കി. അമ്മയുടെ കള്ളക്കെട്ട്യോന്‍ നല്ല കെട്ട്യോനായി ചമഞ്ഞു സങ്കരവര്‍ഗ്ഗത്തിന്റെ കൂട്ടായ്മയോടെ ദമ്പതികളെ പോലെ വന്നിരിക്കുന്നു.
ചിത്തരാജൂ പറഞ്ഞു, അല്ലേശുമാപ്ലേ ഒ-കല്ല്യാണം വീട്ടിലേയ്ക്കു കയറ്റുന്നത്; മകളായ കുറുമ്പ പുലക്കള്ളിയും അവളുടെ പുലയനായ ശേഖരന്‍ നായരുമാണ്.
ഇപ്പോള്‍ കുരിശേറി വന്നപ്പോള്‍, ദേ നില്‍ക്കുന്നു വലിയൊരു കുരിശ്. മകളും മരുമകനും, അവന്‍ നായര്, നായരുടെ അച്ചികുറുമ്പ പുലക്കള്ളി.
ഇതാണെങ്കില്‍ തമ്പാനും തമ്പാട്ടിയുമെന്നു പറഞ്ഞു കൂടാ; പുലക്കള്ളിയും, തമ്പാന്‍ പുലയനും.
ഇപ്പോള്‍ ഈ കുടില്‍ മാത്രമേയുള്ളൂ വിവിധ ജാതികളുടെ കൂട്ടായ്മയുള്ള തറവാട്. ഇനിയും ഈ കൂട്ടത്തില്‍ ഇതുപോലെയാകുവാന്‍ മകള്‍ അഴകി കൂടിയുണ്ട്. അവളുടെ നീക്കമെന്താണാവോ... അതു വലിയതരത്തില്‍ ചിന്തനീയം.
അല്ലേശുമാപ്ലയും, ശേഖരന്‍ നായരും, വിളറിയ ചിരിയുണ്ടാക്കി പരിചയപ്പെട്ടു, വരാന്തയിലിരുന്നു. പിന്നെ അല്ലേശുമാപ്ല പൊതിയഴിച്ചു മുറുക്കുവാന്‍ തുടങ്ങി.
കുഞ്ഞിക്കാളി ചോദിച്ചു. മോളേ കുറുമ്പേ, കഞ്ഞിയൊന്നും വെച്ചില്ലേ.
ഒണ്ടമ്മേ, ഒള്ള അരീട്ട് കഞ്ഞിവെച്ചി. പുളിഞ്ചമ്മന്തീം ഒണ്ടാക്കി വെച്ചിട്ടൊണ്ട്.
ഉള്ളചോറെല്ലാവരും കൂടി കഴിച്ചു കിടന്നുറങ്ങി. അല്ലേശുവും, ശേഖരന്‍ നായരും വരാന്തയിലെ ചെളിത്തറയിലാണ് കിടന്നുറങ്ങിയത്.
അടുത്ത ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ഗൗരിക്കുട്ടി വേറൊരു കെണി തയ്യാറാക്കി കൊണ്ടിരുന്നു. അതുപ്രകാരം തന്റെ തറവാട്ടിലെ വാല്യക്കാരിരൊരുവനെ വഴിക്കു വെച്ചു കണ്ടു പറഞ്ഞു വിട്ടു. അതായത് മൂന്നാമത്തെ കുഞ്ഞേട്ടനായ കൊച്ചു രാമന്‍ പിള്ളയെ ഒന്നു കാണണം. സ്വത്തിന്റെ ചില കാര്യങ്ങള്‍ സംസാരിക്കുവാനാണെന്നും പറഞ്ഞാണ്, ഗൗരിക്കുട്ടി വിളിപ്പിച്ചത്. വാല്യാക്കാരെയൊന്നും കൂട്ടണ്ട സഹോദരിക്കു തനിയെ സംസാരിക്കുന്നതിനാണ് ഒന്നു ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്.
അതുപ്രകാരം കൊച്ചുരാമന്‍പിള്ള ഗൗരിക്കുട്ടിയുടെ വീടോടു കൂടിയുള്ള കടയില്‍ ചെന്നു. പക്ഷേ കണ്ടില്ല. മൈലന്‍ പറഞ്ഞു; അധ:കൃതരെ പഠിപ്പിക്കുന്ന നിശാപാഠശാലയില്‍ ഗൗരിക്കുട്ടിയുണ്ട്, അവിടെ ചെന്നാല്‍ കാണാം.
കൊച്ചുരാമന്‍ പിള്ള, അവിടെ ചെന്നപ്പോള്‍, ഗൗരിക്കുട്ടിയെ കൂടാതെ ഇട്യാദി മൂപ്പനും, ചിത്തരാജും കൂട്ടുകാരുമുണ്ടായിരുന്നു. കുഞ്ഞാട്ടന്റെ വരവും പ്രതീക്ഷിച്ചിരുന്ന ഗൗരിക്കുട്ടി ഭവ്യതയോടെ എഴുന്നേറ്റു സ്വാഗതമരുളി.
കയറി വരൂ കുഞ്ഞേട്ടാ, ആ സ്റ്റൂളിലിരുന്നോളൂ. വലിയൊരു മുതലാളിയല്ലേ വന്നിരിക്കുന്നത്. കൊല്ലും കൊലയ്ക്കും അധികാരമുള്ള ഉന്നതന്‍. പടത്തലവന്മാരുടെ പരമ്പരയില്‍ പെട്ട അംഗം. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ള ഉടമകളിലൊരുവന്‍. എത്ര സ്വത്തുണ്ടായാലും പിന്നേയും ലഭിച്ചാല്‍ അതും കൊള്ളാമെന്ന ആഗ്രഹമുള്ള മുതലാളി. ഗൗരിക്കുട്ടിയുടെ മൂന്നാമത്തെ ജ്യേഷ്ട സഹോദരന്‍.
ഇട്യാദി മൂപ്പനും, ഗൗരിക്കുട്ടിയും, മറ്റെല്ലാവരും എഴുന്നേറ്റു നിന്നു ബഹുമാനിച്ചു.
അദ്ദേഹമിരുന്നു കൊണ്ട് തന്റെ ഉടപ്പിറന്നവളോടു ചോദിച്ചു.
എന്താ നിയെന്നോടു വരാന്‍ പറഞ്ഞത്. നിന്റെ കച്ചവടങ്ങള്‍ക്കൊ മറ്റോ വല്ല ബുദ്ധിമുട്ടുമുണ്ടായിട്ടുണ്ടോ.
ഇല്ല കുഞ്ഞാട്ടാ - ഒന്നുമില്ല. എനിക്കെന്തെങ്കിലുമുണ്ടായാല്‍ ഞാനതു സഹോദരങ്ങളോടല്ലേ പറയേണ്ടത്. അതു ഞാന്‍ പറയുവാന്‍ തയ്യാറാണ്. പക്ഷേ അതല്ല ഇവിടത്തെ പ്രശ്‌നം. അതു പറയുവാന്‍ അല്‍പ്പം സാവകാശമെനിക്കു തരണം.
അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ, അഴകിയും അനുജത്തി കുറുമ്പയും, അമ്മ കുഞ്ഞിക്കാളി മുതലായവരോടു കൂടി ശേഖരന്‍ നായരും അല്ലേശു മാപ്ലയും, പേങ്ങനും വന്നു ചേര്‍ന്നു. അവര്‍ പാഠശാലയ്ക്കു വെളിയില്‍ മാറി നിന്നും. സ്ത്രീകളും പേങ്ങനും, പാഠശാലയ്ക്കുള്ളില്‍ കടന്നു നിലത്തു വിരിച്ചിട്ട പായിലിരുന്നു.
ഇവയൊക്കെ കണ്ട കൊച്ചുരാമന്‍ പിള്ള പരിഭ്രമത്തോടെ ഗൗരിക്കുട്ടീ എന്താ ഇതൊക്കെ, ഈ പുലയ സ്ത്രീകളെയൊക്കെ വിളിച്ചു വരുത്തിയിരിക്കുന്നതെന്തിനാണ്.
പറയാം കുഞ്ഞേട്ടാ - ഇട്യാദി മൂപ്പരേ നിങ്ങള്‍ തുടങ്ങിക്കോളൂ. ഗൗരിക്കുട്ടി നിര്‍ദ്ദേശിച്ചു.
ഇട്യാദി മൂപ്പന്‍ - കൊച്ചമ്പ്രാന്‍ ക്ഷമിക്കണം. നിങ്ങട അച്ഛനായിട്ട് പണ്ട് കൂലി കൂടുതല്‍ ശോയിച്ചപ്പ അടിച്ചി കൊന്ന കുഞ്ഞി കണ്ടാരീട പെലക്കളീം മക്കളാണ് ഈ ഇരിക്കുന്നത്. അവിരിക്ക് പോകാനൊരെടേല്ല. ഇവിരിക്കട പെലേന തല്ലിക്കൊന്നു. അവിരിക്കട പെങ്കൊച്ചിങ്ങള നീങ്ക വ്യഭിചരിച്ചു കൊണ്ടിരിക്കണേണി. അവിരിക്ക് ചെലവിനി കൊടുക്കാതെ, അയകീന നീങ്ക കെര്‍പ്പാക്കി അതിന്റെ പങ്കപ്പാട് കൊറച്ചൊന്നോല്ല, അവരനുഭവിച്ചത്. ഇനി അവരിക്ക് ഇതീ കൂടുതല്‍ തകിക്കാമ്പറ്റൂല്ല. അതോണ്ട് അയകീനേം അവക്കട അമ്മനേം നീങ്ക തറവാട്ടില് വിളിച്ചോണ്ട് പോയി പോറ്റണം.
കൊച്ചുരാമന്‍ പിള്ള - കോപത്തോടെ, ഇതിനാണോ ഗൗരിക്കുട്ടീ - നീ എന്നെ വിളിച്ചു വരുത്തിയത്. 
നിങ്ങള്‍ക്കു തോന്നണുണ്ടോ, ഈ പുലയിയെ ഞാന്‍ തറവാട്ടിലേയ്ക്കു കൊണ്ടു പോകുമെന്ന്. അതു നടക്കുന്ന കാര്യമാണോ? അവര്‍ക്കു താമസിക്കുവാന്‍ കുടിലു വെച്ചു കൊടുത്തു, പാടത്തു പണി ചെയ്യുവാന്‍ അവസരം കൊടുത്തു, കൂലി കൊടുത്തു.
ഗൗരിക്കുട്ടി - അതിനാണോ കുഞ്ഞേട്ടന്‍ അവര്‍ക്കു ഗര്‍ഭം നല്‍കിയത് നിങ്ങളതിനു പകരമായിട്ടല്ലേ; അവളുടെ യൗവനം കവര്‍ന്നെടുത്തത്.
കൊച്ചുരാമന്‍ പിള്ള - ഈ പുലയ സ്ത്രീയെ സംബന്ധിക്കുവാന്‍ എനിക്കവകാശമുണ്ട്. അവര്‍ എന്റെ അടിമകളാണ് അയാള്‍ കോപത്തോടെ ചാടിയെഴുന്നേറ്റു, പുറത്തേയ്ക്കിറങ്ങുവാന്‍ ഭാവിച്ചു.
ഉടനേ ഇട്യാദി മൂപ്പന്‍ - തമ്പ്രേനേ നീങ്ക അവടിരി - അവടീരിക്കാനല്ലേ ഏന്‍ പറഞ്ചീത്. ഇരിക്കാന്‍.
ഇല്ല ഞാന്‍ പോകുന്നു. പിള്ള പറഞ്ഞു.
നീങ്ക ഏന്‍ പറേണ കേട്ടില്ലെങ്കീ, അയകീനേം അവക്കട, അമ്മനേം, നിങ്കട തറവാട്ടില് കൊണ്ടോന്നു, പെരക്കാത്തു കേറ്റിക്കും - പറഞ്ചേക്കാ.
അതൊന്നും പറ്റൂല്ലാ - ഞാന്‍ പോകുന്നു. പിള്ള അടങ്ങിയ പോലെ പക്ഷേ അഭിമാനം അയാളെ പോകുവാനൊരുക്കി.
പിടിയെടാ അവനെ, പിടിച്ചു കെട്ടടാ, ആ പട്ടിത്തമ്പ്രാനെ.
ചിത്തരാജും കൂട്ടുകാരും ബലിഷ്ട കായബലമുള്ള കൊച്ചുരാമന്‍ പിള്ളയെ അടക്കി പാഠശാലയുടെ തൂണില്‍ ബന്ധിച്ചു. അയാള്‍ അട്ടഹസിച്ചു. വിടടാ പട്ടിപ്പെലേനേ. പട്ടികളേ നിയാരോടാടാ കളിക്കണത്. വിടടാ എന്നെ പൊക്കവും ആരോഗ്യവുമുള്ള പിള്ളയെ ചിത്തരാജും കൂട്ടരും നിഷ്പ്രയാസം തൂണില്‍ കെട്ടിയിട്ടു.
എടീ നീ നിന്റെ സഹോദരനോടാണോ ഈ ചതി പ്രയോഗം. കൊച്ചുരാമന്‍ പിള്ള ബന്ധനത്തില്‍ കിടന്നു കൊണ്ടലറി.
ഗൗരിക്കുട്ടി - നിങ്ങള്‍ നിങ്ങളുടെ ഉടപ്പിറന്നവളോടാണോ, ഈ കാലമത്രയും ദ്രോഹം കാട്ടിയത്. അതുകൊണ്ട് നമ്മുടെ രക്തബന്ധമൊന്നും പറഞ്ഞിട്ടു കാര്യമില്ല. അഴകിയേയും, അവളുടെ അമ്മയേയും തറവാട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകണം.
ചിത്തരാജ് - (അയാളുടെ നിഷേധാഭിപ്രായം കേട്ടു - രണ്ടടി കൊടുത്തു) നീ നല്ല രീതിയില്‍ പോകുമെന്നു തോന്നുന്നില്ല. നിനക്കു കുഞ്ഞുങ്ങള്‍ മര്യാദ തന്നപ്പോള്‍ നീ വലിയ ആളായി കാണിക്കുന്നോടാ പട്ടി. (വീണ്ടും കൊടുത്തിടി) പിന്നെ കൂടെയുള്ളവരും പ്രഹരിച്ചു. കുട്ടിച്ചന്‍ ഓലത്തുഞ്ചിറഞ്ഞു കൊണ്ടു വന്നു ദേഹത്തിട്ട് നല്ല അടികൊടുത്തു. ഓരോ അടിക്കും, വാശിയും വൈരാഗ്യവും ചോര്‍ന്നു പോകുവാന്‍ തുടങ്ങി. പിന്നെ ഓരോ അടിക്കും വിളിച്ചത് ''എന്റെ അമ്മേ''യെന്നാണ്. അതിനു ശേഷം തന്നത്താന്‍ പറഞ്ഞു, ഞാന്‍ പറയാമേ, എന്നെ അടിക്കല്ലേ. അടി നിര്‍ത്തി ചിത്തരാജലറി. പറയടാ പട്ടീ അഴകിയെ.
കയ്യേറ്റി തറവാട്ടിലേയ്ക്കു കൊണ്ടു പോകുന്നോ ഇല്ലയോ.
കൊച്ചുരാമന്‍ പിള്ള അടികൊണ്ടു തലതാഴ്ത്തി കിടന്നു കൊണ്ടു പറഞ്ഞു. ഞാനവളെ കയ്യേല്‍ക്കാമേ - തറവാട്ടില്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ട്.
ഇട്യാദി മൂപ്പന്‍ പറഞ്ഞു - എന്നാല്‍ മൂന്നു മാസത്തിനകം മേല്‍ക്കൂരയോടു കൂടിയുള്ള കല്ലും പെര ഉണ്ടാക്കി കൊടുക്കണം. അവര്‍ക്കു ചെലവിനും കൊടുക്കണം.
ചിത്തരാജ് ഇടിക്കുവ് കയ്യോങ്ങി കൊണ്ട് ഈ പറയുന്ന പോലെ ചെയ്യുമോടാ തമ്പുരാനെ.
പിള്ള - അയ്യോ അടിക്കല്ലേ, എനിക്കീ പ്രഹരങ്ങള്‍ താങ്ങുവാന്‍ നിവര്‍ത്തിയില്ലേയ്.
മൂപ്പന്‍ - അവനെ കെട്ടഴിച്ചു നിലത്തിരുത്തൂ.
അതുപ്രകാരം ചെയ്തു.
ഗൗരിക്കുട്ടി - ഇട്യാദി മൂപ്പാ അവരെ പാണീഗ്രഹണം ചെയ്യിക്കൂ. കൂടാതെ, തന്റെ പോലെ തന്നെ അവിടത്തെ സ്ത്രീകളെ കൈകാര്യം ചെയ്ത മറ്റു ആളുകളെ നിങ്ങള്‍ക്കു കാണേണ്ടേ, ചിത്തരാജേ അവരെക്കൂടി അകത്തേയ്ക്കു ക്ഷണിച്ചോളൂ. അവരെ കണ്ടതും കൊച്ചുരാമന്‍ പിള്ള അതിശയിച്ചു പോയി. ഹേ.... ശേഖരന്‍ നായര്‍, പിന്നെ ഇതാരാണെന്നു മനസ്സിലായില്ല. അതിനുത്തരം അയാള്‍ തന്നെ പറഞ്ഞു.
ഞാനാണ് അല്ലേശുമാപ്ല. പള്ളീല കൈക്കാരനാണ്. കുഞ്ഞിക്കാളിയുടെ കാര്യം ഞാനാണേറ്റക്കണത്.
ഹോ - ഇതു ഭയങ്കര പറ്റിക്കല്‍ തന്നെ ഒരു നസ്രാണിയുടെ ഭാര്യ പുലക്കളി. പുലക്കളിയുടെ മകളെ നാം പാണീഗ്രഹണം ചെയ്യേണ്ടി വന്ന അവസ്ഥ അതീവ ശോചനീയം തന്നെ. കൂടാതെ ഇപ്പോളയാള്‍ തന്റെ അമ്മായിയപ്പന്‍ പദവിയലങ്കരിച്ചിരിക്കുന്നു. തന്റെ വാല്യക്കാരന്‍ തനിക്കനുജനായിരിക്കുന്നു.
ലോകത്തൊരിടത്തും കേട്ടു കേള്‍വിയില്ലാത്ത ബന്ധങ്ങള്‍. അവ ബന്ധനങ്ങളായും പരിണമിച്ചിരിക്കുന്നു.
ഇട്യാദി മൂപ്പന്‍ അഴകിയെ വിളിച്ചടുത്തിരുത്തി നടുക്കിരുന്നു. മുതലാളിയായ കൊച്ചുരാമന്‍ പിള്ളയുടെ കയ്യില്‍ അവളുടെ കൈവച്ചു സത്യം ചെയ്യിച്ചു പറഞ്ഞു വിട്ടു. ഗൗരിക്കുട്ടിയുടെ ശക്തമായ നിര്‍ദ്ദേശം - കുഞ്ഞാട്ടാവെറുപ്പും വിദ്വേഷവും മനസ്സില്‍ നിന്നും മാറ്റുക, ഇനി മേലില്‍ ഇത്തരം പ്രവണതകള്‍ നിങ്ങള്‍ ഇതിന്റെയടിസ്ഥാനത്തില്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍ തല്ലിക്കൊന്നു കുഴിച്ചു മൂടും. തന്റെ തറവാടും കുളംതോണ്ടും, പറഞ്ഞേക്കാം. ഈ ഉടപ്പിറന്നോളെ നിങ്ങളൊരുപാടു വേദനിപ്പിച്ചു. ഇതുകൊണ്ടൊന്നും ആയില്ല. ഇനിയും ചിലതു വരുവാനുണ്ടാകും. പക്ഷേ അതൊക്കെ തടുക്കുവാന്‍ ഒരു വഴിയേയുള്ളൂ. അതായത് പാവങ്ങളോടു കരുണ കാണിക്കുക. ഇപ്പോള്‍ നടന്ന സംഭവങ്ങളോടു പ്രതിഷേധിക്കുവാനോ പ്രതികാരം ചെയ്യുവാനോ നോക്കാതെ മിത്ര ബന്ധങ്ങളെ പുന:ര്‍ജീവിപ്പിക്കുവാന്‍ കുഞ്ഞേട്ടന്‍ ശ്രമിക്കുക. അല്ലാതെ പതിതരെ മനുഷ്യരായി കാണാത്ത പെരുമാറ്റമുണ്ടായാല്‍, നിങ്ങള്‍ക്കും കുടുംബത്തിനും നാശമായിരിക്കും ഫലം ഓര്‍ത്തോളൂ.
ഉം. ചിത്തരാജേ പെണ്ണിനേയും ചെറുക്കനേയും കുടിലില്‍ കൊണ്ടു പോയി വിടുക.
കൊച്ചുരാമന്‍ പിള്ള - ഗൗരിക്കുട്ടീ - ഇനിയും എന്നെ നാണക്കേടാക്കരുത്.
ഗൗരിക്കുട്ടി - ഇപ്പോള്‍ നടത്തുന്നതു സംഭവിച്ചേ മതിയാകൂ. അക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയുമില്ല. മറ്റു കാര്യങ്ങള്‍ കുഞ്ഞാട്ടന്‍ തന്നെ ശ്രമിച്ചു നടപ്പാക്കണം.
അവര്‍ നടന്നു നീങ്ങി. കുടിലിന്റെ മുറ്റത്തു ചെന്ന അവര്‍ വല്ലാത്ത വിഷമത്തിലായി. മുതലാളിയും വാല്യക്കാരനും ഒരുമിച്ചു വെട്ടിലാക്കപ്പെട്ടിരിക്കുന്നു. പള്ളിക്കാരനും അതുപോലെ ഗതികേടിലായി.
താന്താന്‍ ചെയ്യുന്നതിന്റെ ഫലം താന്‍ തന്നെ അനുഭവിച്ചേ മതിയാകൂ.
കുടിലിന്റെ മുറ്റത്തു നിന്നു ചിത്തരാജ് എല്ലാവരോടുമായി പറഞ്ഞു. നിങ്ങളിത്രയും നാള്‍ കയ്യൂക്കു കൊണ്ടും സ്വാധീനം കൊണ്ടും ആരും, പോരുമില്ലാത്ത പതിതരെ ദ്രോഹിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങളുടെ കാര്യങ്ങള്‍ സാധിച്ചിരുന്നു. ഇനി അത്തരം പ്രവണത നടപ്പില്ല. അവര്‍ പരാതി പറഞ്ഞിട്ടല്ല; ഞങ്ങളിതു ചോദിക്കുവാന്‍ തയ്യാറായത് അടിമകള്‍ ഒന്നാണ്. ഒരിക്കലെങ്കില്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കുവാനാളുണ്ടാകുമെന്നു നിങ്ങള്‍ ഓര്‍ത്തില്ല. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്നു. അവരെ ഏതെങ്കിലും വിധത്തില്‍ പീഢിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ ഞങ്ങള്‍ക്കിടപെടാതിരിക്കുവാന്‍ പറ്റുകയില്ല. പക്ഷേ ഇനിയത്തെ ഇടപെടല്‍ ഇങ്ങിനെയായിരിക്കുകയില്ല. തല്ലിക്കൊന്നു ചെളിയില്‍ ചവിട്ടി താഴ്ത്തും - പറഞ്ഞേക്കാം. 
അവര്‍ നിശാപാഠശാലയില്‍ നിന്നും പാണീഗ്രഹണം ചെയ്യിച്ചിറക്കിയ ശേഷം കുറച്ചു നേരം കൂടി ഇട്യാദി മൂപ്പനും ഗൗരിക്കുട്ടിയും സംസാരിച്ചിരുന്നു.
ഗൗരിക്കുട്യായ് - ഇപ്പ ഇനിക്കി വല്യാതന്തോയം തോന്നണി.
ഗൗരിക്കുട്ടി - എന്താ മൂപ്പാ അങ്ങിനെ തോന്നാന്‍.
ഇട്യാദി മൂപ്പന്‍ - അല്ലേയ് - ഏന്‍ പയ്യേ കാര്യോക്ക ഓര്‍ക്കേരിന്നി. എങ്കട മുന്‍ജമ്മക്കാരിക്ക് മുണ്ടാന്‍ പാടില്ലാരിന്നി. നടക്കാമ്പാടില്ലാരിന്നി. മൊതലാളിമാരെക്ക കുടീല് വന്നാലെ കൊണ്ട്, പെങ്കൊച്ചിങ്ങട അച്ചേണങ്കിലാ, അല്ലേങ്കീ കെട്യോനാണങ്കിലാ പൊറുത്തോട്ടെറങ്ങി കൊടുത്തോണം. അവന്‍ പുത്തീലാത്തവന്റെ പോലെ, ഞാറിന്റെ എടക്കീന്ന് ഞണ്ടുപിടിച്ചാ, അല്ലെങ്കി കള പറിച്ചാ, നടന്നോണം.
പെണ്ണുങ്ങളോടോ, പെങ്കൊച്ചിങ്ങളോടോ മൊതലാളി കിന്നരിച്ചേനി ശേശം അയാള് എറങ്ങി പോകും, അതു കയ്ഞ്ഞി പൊറുത്തോട്ടു പോയ പെലേന്‍ തിരിച്ചു ബരും.
എട്യേയ് പെമ്പിളേ, ദേ ഞണ്ട് ഇതു വയിന്നേരത്ത് നുമ്മക്ക് കൂട്ടാമ്പെക്കാ.
കൂട്ടാമ്പെക്കാനക്കൊണ്ട്, അയിന് തായെ വെളമ്പാനില്ലാതെ എന്നാ ചെയ്യാനാണ് മനിശ്ശേനേ.
ങേ - കൊച്ചമ്പ്രാന്‍ അരിമേടിക്കാന്‍ കായിതന്തില്ലേ.
ഇല്ല. അയാളൊരു അറുക്കുസാണി... ഇവടേക്ക താമതിക്കണേങ്കി ഇതിനെക്ക നുമ്മ തമ്മതിക്കണോന്നാണി അദ്ദേന്‍ പറഞ്ചേക്കണിത്... പിന്ന കുടിലെക്ക അദ്ദേന്‍േറല്ലേ. അതുകൊണ്ട് നുമ്മ എല്ലാനും അനുതരിച്ചേ പറ്റൂ.
അവന്‍ വല്ലാത്ത നിരാശയിലായി. കെതീട്ടു. ഹോ - ഈ മെന കെട്ട തമ്പ്രാക്കള്. ഈ കൊയപ്പോക്ക എന്നു തീരും.
അവനതും പറഞ്ഞു പറമ്പീപ്പോയി തെങ്ങീന്ന് തേങ്ങായിട്ടു കൊണ്ടു പോയി കൊടുത്തു അരി മേടിച്ചി കൊണ്ടോരും.
പിന്നെ രാത്രീല് ഞണ്ടു കറീം കൂട്ടി കഞ്ഞി കുടിക്കും.
തമ്പ്രേന്‍ നുമ്മളപച്ചിച്ചാ, തമ്പ്രേന നുമ്മളും പച്ചിക്കും. അതിങ്ങനേടീ, പെമ്പ്രന്നോത്തി.
ഗൗരിക്കുട്ടി - ഈ പീഢനങ്ങളൊക്കെ സാവധാനമേ മാറ്റിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ. കാരണം നമ്മള്‍ക്കു വേണ്ടി ചോദിക്കുവാനും പറയുവാനുംആരുമില്ല. ഇപ്പോള്‍ ഇങ്ങിനെയൊക്കെ സംഭവിച്ചത് നമ്മള്‍ ആളുകളെ കൂട്ടിയതു കൊണ്ടാണ്. ഉന്നതരെപ്പോലെ നമ്മളും ഈ മണ്ണിന്റെ മക്കളാണ് അവകാശമുണ്ട് പക്ഷേ ഉന്നതരൊന്നും അവ അംഗീകരിക്കുകയില്ല.
ഇട്യാദി മൂപ്പന്‍ - ഗൗരിക്കുട്ടിക്ക് മനസ്സിലായാ ഈ കാര്യങ്ങളൊക്കെ ഇങ്ങനെ മാത്രം തമ്പവിച്ചതിന്റെ പൊരുളെന്താണെന്ന്.
ഗൗരിക്കുട്ടി - ഇല്ല.
ഇട്യാദി മൂപ്പന്‍ - അതായത്, ഇത് പുലപ്പേടി നാളാണ് മച്ചാ നാളാണി പുലപ്പേടീട, ഈയാണ്ടത്തെ തെവദം കയ്യണത്.
ഗൗരിക്കുട്ടി - ഹോ-ഹോ- ഞാനതു ഓര്‍ത്തില്ല. ഇപ്പോള്‍ എനിക്കും ഓര്‍മ്മ വരുന്നു. അല്ലെങ്കിലും എനിക്കു മറക്കുവാന്‍ പറ്റുന്ന തിയതിയാണോ പുലപ്പേടി നാളുകള്‍.
മാണ്ടയ്ക്കു വേണ്ടിയാണല്ലോ, അക്കാലത്തു കൃഷ്ണന്‍ മുതലാളി മാടന്റെ വീട് കല്ലും പുരയാക്കി കെട്ടി കൊടുത്തത്. പുരയിരിക്കുന്ന പറമ്പും മാടന്റെ പേര്‍ക്കാണദ്ദേഹം വിട്ടു കൊടുത്തത്.
കൊള്ളാവുന്ന ഒരു വീടും അല്‍പ്പം പറമ്പുമുണ്ടായിരുന്നതു കൊണ്ട് മാടനീം മക്കള്‍ക്കും, സമുദായത്തിലൊരു ഉയര്‍ന്ന സ്ഥാനമുണ്ടായി. കൂടാതെ മാടനും ചക്കിയും എല്ലാം നല്ല അധ്വാനികളായിരുന്നു. മക്കളൊക്കെ വളര്‍ന്നപ്പോള്‍ മൂത്ത മകനായ ചാത്തേന്‍ നേതാവായി പേരും പരിഷ്‌ക്കരിച്ചു. ചിത്തരാജായി. രണ്ടാമത്തവന്‍ ചരതന്‍ അധ്യാപകനായി, ശരദദാസ്സെന്ന പേരു സ്വീകരിച്ചു. നാട്ടില്‍ പുലയരുടെ കൂട്ടത്തില്‍ നിന്നും ആദ്യമായിട്ടൊരു അധ്യാപകനുണ്ടായി, ചെറുപ്പം മുതല്‍ പേരും പെരുമയും ആര്‍ജ്ജിച്ചു കൊണ്ടിരുന്ന ശരദദാസ്സ് എല്ലാവരുടേയും കണ്ണിലുണ്ണിയായി. കോതപ്പെണ്ണ് നല്ലൊരു അഴകൊത്ത പൂങ്കോതയായി വിദ്യാഭ്യാസം തുടര്‍ന്നു കൊണ്ടിരുന്നു.
ഗീതാദേവി പരമശിവന്‍ പിള്ളയുടെ മകള്‍ നിത്യരോഗിയായി. പല ചികിത്സകളും എടുത്തു ഫലമുണ്ടായില്ല. മാനസികമായി തകര്‍ന്ന അവള്‍ ചിലപ്പോഴൊക്കെ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പുലമ്പിയിരുന്നു. അമ്മയോടും അനുജനോടും, പിതാവിനോടും സംസാരിക്കുമ്പോള്‍, തമ്മിലൊരു ബന്ധമില്ലാത്ത വാക്കുകളാണവള്‍ ഉച്ചരിച്ചിരുന്നത്.
അമ്മേ മാഷിനു കാപ്പിയും പലഹാരങ്ങളും കൊടുത്തില്ലേ. എന്നാല്‍ ഞാന്‍ കൊടുക്കാം. അമ്മയും ഞാനും ഒന്നല്ലേ. അന്നു നമ്മളൊന്നിച്ചല്ലേ - ഹാ - ഹാ- എനിക്കു പാട്ടറിയാം, ഞാന്‍ പാടട്ടേ അച്ഛനീം ഞാന്‍ പാട്ടുപാടിത്തരാം. അച്ഛന്‍ പാവങ്ങളെ സഹായിക്കുവാന്‍ പോണില്ലേ. പുലയരൊക്കെ പാവങ്ങളാണ്. ചിത്തരാജ് അയാള്‍ ബഹുമിടുക്കനാണ്. അയാളുണ്ടായതു കൊണ്ടല്ലേ ഈ പുറം ജാതിക്കാര്‍ വഴി നടക്കുന്നതും, മാറു മറയ്ക്കുന്നതും. നല്ലൊരു നേതാവാണ്.
ആദ്യാദ്യം. നല്ല സുഖോയിരുന്നു, പിന്നെ പിന്നെ ഭയങ്കരം - ഹോ - അവരെ കണ്ടാലെനിക്കറിയാം. അവര്‍ ഒരുപാടു പേരുണ്ടായിരുന്നു. എനിക്കു നിശാപാഠശാലയില്‍ പോണം പുലയക്കുട്ടികളെ പഠിപ്പിക്കണം.
ഒരിക്കല്‍ ചിത്തരാജ് കടയില്‍ വന്നു.
ഹായ് ചിത്തരാജ് വന്നു, എന്നു പറഞ്ഞു ചാടിത്തുള്ളി ഗീതാദേവി അടുത്തു ചെന്നു. ചിത്തരാജേ, നീ വല്യാനേതാവല്ലേ -ഹോ-എനിക്കു ദാഹിക്കുന്നു. ഞാനും അമ്മയും ഒന്നാണ് ഞങ്ങളൊരുമിച്ചാണ് അന്ന് മാഷിന്റെ..... അക്കാലോക്ക പോയി.
വല്ലതും വായീ തോന്നിയതു വിളിച്ചു പറയുമോ എന്നു വിചാരിച്ചു അമ്മ സംശയത്തോടെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
പക്ഷേ അവയൊന്നും അവളോര്‍ക്കുന്നില്ല. അവളെ പിച്ചിചീന്തിയവരെ പറ്റി സ്മൃതി മണ്ഡലത്തില്‍ ഒന്നും ഉയര്‍ന്നു വന്നിരുന്നില്ല.
ചിത്തരാജിന്റെ കൈപിടിച്ചു വലിച്ചു. അവള്‍ പലതും പുലമ്പി. പിന്നെ ചേര്‍ന്നു നിന്നു. അവന്റെ കാതില്‍ പറഞ്ഞു. നമ്മള്‍ക്കു കല്ല്യാണം കഴിച്ചു കളിക്കാ. ഈ ചിത്തരാജിനൊരു ഇഷ്ടോയില്ല. എന്നെ കല്ല്യാണം കഴിച്ചാ നെനക്ക് എന്നും ചായേം പലഹാരങ്ങളും തരാം. പറയൂ. പറയാന്‍ നമ്മക്ക് കല്ല്യാണം കഴിക്കാ - അവനതെല്ലാം ശ്രവിച്ചിട്ടൊന്നും ഉരിയാടാതിരുന്നു. അപ്പോളവള്‍ അവന്റെ മുഖത്തും തലയിലും രണ്ടു കൈകളും കൊണ്ടടിച്ചു ഉലഞ്ഞ മുടിയും കെട്ടഴിഞ്ഞ റൗക്കയോടും കൂടി കരഞ്ഞും പൊട്ടിച്ചിരിച്ചും തുള്ളിച്ചാടി ഭ്രാന്തിയെപ്പോലെ വീട്ടിലേയ്‌ക്കോടിപ്പോയി; വരാന്തയില്‍ കിടന്നു കരഞ്ഞു.
ശരദദാസ്സിനു ആശാന്റെ പള്ളിക്കൂടത്തില്‍ നിന്നും സ്ഥാനക്കയറ്റത്തോടു കൂടി ഹൈസ്‌ക്കൂളിലേയ്ക്കു മാറ്റം കിട്ടി. വെളുത്ത മുണ്ടും, സില്‍ക്കു ജൂബ്ബയും നാടന്‍ മുണ്ടും, കാലന്‍ കുടയും ചൂടിയാണ് അയാളുടെ പോക്കുവരവായിരുന്നത്. 
മാടനും, ചക്കിയും ഒക്കെ താമസിക്കുന്ന നാട്ടില്‍ തന്നെയാണ്; വിഷ്ണു നമ്പൂതിരിയുടെ ഇല്ലം. പണ്ടത്തെ കൊച്ചു കണ്ടോരി വലിയ നമ്പൂതിരിയുടെ മകന്‍ നീലകണ്ഠന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരിയുടെ മകളെയാണ് വിവാഹംചെയ്തിരിക്കുന്നത്. അവിടെ നിന്നാണ് സാവിത്രിക്കുട്ടി പള്ളിക്കൂടത്തില്‍ പോയി പഠിച്ചിരുന്നത്. അതായത് അവളുടെ അമ്മയുടെ വീട്ടില്‍ നിന്ന്.
സ്‌ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പാഠശാല അടച്ചപ്പോള്‍ സ്വന്തം തറവാട്ടിലേയ്ക്കു പോയി വല്ലപ്പോഴുമീ ഭാഗത്തു വിഷ്ണു നമ്പൂതിരിയുടെ തറവാട്ടില്‍ വന്നാല്‍, ശരദദാസ്സിനെ ദര്‍ശിക്കുവാന്‍ നിശാപാഠശാലയിലോ ഗൗരിക്കുട്ടിയുടെ ഭവനത്തിലോ അതുമല്ലങ്കില്‍ ആശാന്റെ പള്ളിക്കൂടത്തിലോ എത്തിയിരുന്നു.
പക്ഷേ ഉന്നതരുടെ പീഢനം ഭയന്നു ശരദദാസ്സ് ഒഴിഞ്ഞു മാറിയാണ് നടന്നിരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള അവളുടെ അനുരാഗം ദിനംപ്രതി ദൃഡീകരിച്ചു കൊണ്ടിരുന്നു. അവന്റെ ജാതീയധസ്ഥിതത്വം അവളുടെ ഹൃദയത്തില്‍ മങ്ങലേല്‍പ്പിച്ചിരുന്നില്ല. തന്റെ ജാതിയില്‍പ്പെട്ടു മിടുക്കന്മാരായ ചെറുപ്പക്കാരുണ്ടായിരുന്നെങ്കിലും അവരുടെ അപാകത മാത്രമേ സാവിത്രിക്കുട്ടിയുടെ മനോമുകുരത്തില്‍ പൊന്തി വന്നിരുന്നുള്ളൂ. പക്ഷേ ശരദദാസ്സ് കലാകാരന്‍, സുമുഖന്‍ എല്ലാവരാലും ഇഷ്ടപ്പെടുന്നവന്‍. അവരുടെ സമുദായത്തിലെ ഉന്നതന്‍. വിദ്യാസമ്പന്നന്‍ ഇപ്പോള്‍ നല്ലൊരദ്ധ്യാപകന്‍. അങ്ങിനെയുള്ളവനെ തനിക്കു ഭര്‍ത്താവായി ലഭിക്കാതിരുന്നാല്‍, താനീ വിണ്ഡലമുപേക്ഷിക്കുമെന്നവള്‍ ദൃഢനിശ്ചയം ചെയ്തു.
പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ തന്നെ സാവിത്രിക്കുട്ടി പഠനം നിര്‍ത്തിയിരുന്നു.
അപ്പന്‍ നീലകണ്ഠന്‍ നമ്പൂതിരി അക്കാലത്തു പറഞ്ഞു, നിനക്കു വായിക്കുവാനും, എഴുതുവാനും കണക്കുകള്‍ കൈകാര്യം ചെയ്യുവാനുമുള്ള പഠിപ്പൊക്കെ ലഭിച്ചിരിക്കുന്നു. ഇനി സമയമാകുമ്പോള്‍ ഒരുത്തനെക്കൊണ്ട് വേളി കഴിപ്പിച്ചയക്കുന്നുണ്ട്.
പക്ഷേ അന്നത്തെ കാലത്ത് നമ്പൂതിരിയുവതികളെ സ്വത്തും പദവിയും കണ്ട് പടുകിഴവന്മാര്‍ക്കാണ് വിവാഹം ചെയ്തു കൊടുത്തിരുന്നത്. അങ്ങിനെ വിവാഹിതരായിരുന്ന നമ്പൂതിരി യുവതികള്‍ വൈധവ്യം പേറി തലമുണ്ഡനം ചെയ്തു മറക്കുടയിലൊളിച്ച് മരണം വരേ കഴിയേണ്ട ഗതികേടിലായിരുന്നു.
കാരണം അഴകും, ചുറുചുറുക്കം, കായബലവുമുള്ള യുവതിയെ ശാരീരികമായും, മാനസികുമായും തൃപ്തയാക്കുവാന്‍ കഴിവില്ലാത്ത നമ്പൂതിരി അവളുടെ അതൃപ്തിയില്‍ നിന്നുളവായ കാമവാഞ്ചയില്‍ അകാല ചരമമടഞ്ഞ സംഭവങ്ങള്‍ നിരവധിയാണ്. യുവതിയും അതുപോലെ വീട്ടുകാരെയും സ്വന്തക്കാരേയും മന:സാ ശപിച്ചു കാലം തള്ളി നീക്കിയിരുന്നു.
മറ്റു ചിലര്‍ അന്തിയുറങ്ങുവാന്‍ വേണ്ടി വരുന്ന ഊരു ചുറ്റു നമ്പൂതിരിമാര്‍ക്കു വശംവദരാകുന്ന സന്ദര്‍ഭവും വിരളമല്ലാതിരുന്നു. അങ്ങിനെയൊക്കെ സംഭവിക്കുവാന്‍ സാവിത്രിക്കുട്ടിക്കും മനസ്സില്ലാതിരുന്നു.
കത്തെഴുതുന്ന കാര്യത്തില്‍ ശരദദാസ്സിന്, അത്ര നല്ല അഭിപ്രായമുണ്ടായിരുന്നില്ല. ആവശ്യമുള്ളപ്പോള്‍ പരസ്പരം കാണാമെന്ന തീരുമാനമായിരുന്നയാള്‍ക്ക് പ്രണയലിഖിതങ്ങള്‍ തുടക്കത്തിലേ അയാള്‍ പറഞ്ഞു വിലക്കിയിരുന്നു.
പ്രേമലേഖനങ്ങള്‍ എപ്പോഴും അപകടമേ വരുത്തിയിട്ടുള്ളൂ. ഒരിക്കലുമതു നന്മയ്ക്കായി വര്‍ത്തിച്ചിട്ടില്ല. തന്നോട് ''പ്രണയത്തോടു കൂടിയുള്ള അനുകമ്പയാണെന്ന്'' സാവിത്രിക്കുട്ടി ഒരിക്കല്‍ പറഞ്ഞതയാള്‍ ഇന്നും സ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ഓര്‍മ്മ മനസ്സിലോടിയെത്തുമ്പോള്‍ മനസ്സിനെ സ്വയം നിയന്ത്രിച്ച് പതിത്വത്തിലേയ്ക്കാഴ്ത്തിയിരുന്നു. തന്റെ രക്ഷകര്‍ത്താക്കള്‍ അധ:സ്ഥിതരും ആലംബഹീനരുമാണ്. സഹോദരീ സഹോദരന്മാര്‍ക്കു പോലും ചോദിക്കുവാനും പറയുവാനും ആരുമില്ലാത്ത സമൂഹം. ഇവയൊക്കെ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയിരുന്ന എതിര്‍ശക്തികളാണ്. സമുദായത്തില്‍ നിന്ന് തന്നില്‍ നിന്നൊരു ഭംഗം വരരുത് എന്നവന്‍ നിനച്ചു കൊണ്ടിരുന്നു. ഒരു ചീത്തപ്പേരുണ്ടാകരുത് അയാള്‍ ശ്രദ്ധയോടെ ആലോചിച്ചു.
ഗൗരിക്കുട്ടിയുടെ കാര്യമെന്നു പറയുന്നത് പ്രത്യാഗത നിറഞ്ഞ ഒരൊറ്റപ്പെട്ട സംഭവം മാത്രമാണ്. അവരുടെ കഴിവും തണ്ട്യാടവും എല്ലാം അവരുടേതു മാത്രം. വേറൊരു കാര്യത്തിനും, അവളെ ഉദാഹരിക്കുവാന്‍ സാധ്യമല്ല.
പക്ഷേ സാവിത്രിക്കുട്ടി എത്ര ധൈര്യവതിയായാലും, അതിനെയൊക്കെ തച്ചു തകര്‍ക്കുവാന്‍ കെല്‍പ്പുള്ള സ്വന്തക്കാരും കുടുംബവും പിന്നെ സഹോദരങ്ങളും വാല്യാക്കാരും, അമ്മാവന്മാരുമുണ്ട്. അവരൊക്കെ നാട്ടിലെ ഭരണവര്‍ഗ്ഗവുമാണ്.
സാവിത്രിക്കുട്ടിയുടെ തറവാട്ടുകാരും, വിഷ്ണു നമ്പൂതിരിയുടെ ഇല്ലക്കാരെല്ലാവരും ഉന്നതരും കുലീനരും പണവും സ്വാധീനവുമുള്ളവരുമായിരുന്നു. എന്നാലും പുലയരും, പറയരും, മണ്ണാന്മാരുമൊക്കെ ഒന്നിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഉന്നതര്‍ക്കു ഹാലിളകി. നിലവിലുള്ള നിയമവ്യവസ്ഥിതികളെ ചോദ്യം ചെയ്യുവാന്‍ തുടങ്ങിയ പുറംജാതിക്കാരുടെ മുന്‍പില്‍ വരേണ്യരുടെ ധൈര്യം കുറേശ്ശേ ചോര്‍ന്നുപോകുവാന്‍ തുടങ്ങി. സാധുജനങ്ങളുടെ അമര്‍ഷത്തിനു പോല്‍ബലകമായി മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവും കൂടിയായപ്പോള്‍, ജന്മിമാര്‍ക്കുണ്ടായിരുന്ന അവജ്ഞയും ഐത്തവും കുറഞ്ഞു വന്നു.
ഉന്നതരുടെ ഉയര്‍ച്ചയ്ക്കും, സ്വസ്തതയ്ക്കും ചെറിയൊരു നൂനത സംഭവിച്ചാല്‍ മതി അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അതാണ് നൂറ്റാണ്ടുകളോളം പഴക്കമുള്ള അസ്പ്രിശ്യതയ്ക്കും, പീഢനത്തിനും നിദാനം.
ഐത്തവും, തീണ്ടലും, തൊടീലുമൊക്കെ കൊടിയ ഭീകരതയാക്കിയാണ് വലിയൊരു ശതമാനം ജനതതികളെ അടിമകളാക്കി ഉന്നതര്‍ വാണിരുന്നത്. ജന്മി മുതലാളിമാരുടെ അധികാരം അരക്കിട്ടുറപ്പിക്കുവാനായിരുന്നു ഇവയൊക്കെ. അവരുടെ സ്ത്രീകളെ ദര്‍ശിക്കുവാനോ, തീണ്ടുവാനോ പാടില്ല. അവര്‍ സഞ്ചരിക്കുന്ന വഴികളില്‍ നിന്നും പതിതര്‍ ഓടിയൊളിക്കണം. സമീപിക്കുവാന്‍ പോലും അവകാശമില്ല. പക്ഷേ സാധുജനങ്ങളായ സ്ത്രീകളെ എന്തും ചെയ്യുവാന്‍ അധികാരമുണ്ടെന്നാണ് നിയമ വ്യവസ്ഥ. അവയൊക്കെയും അവര്‍ കൊട്ടിഘോഷിക്കുന്നു. എല്ലാം കീഴാളരുമതനുസരിച്ചു കൊള്ളണം. അവരുടെ വാക്കുകള്‍ ആപ്തവാക്യമായി പുറം ജാതിക്കാര്‍ അംഗീകരിച്ചു കൊള്ളണം. അവരുടെ സംസാരഭാഷ ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്നാണവര്‍ ഉത്‌ഘോഷിക്കുന്നത്.
അതുകൊണ്ട് ശരദദാസിന് പ്രത്യക്ഷത്തില്‍ നമ്പൂതിരി യുവതിയെ ദര്‍ശിക്കുവാനോ, സംസാരിക്കുവാനോ ഒരര്‍ഹതയുമില്ല. പഠിക്കുന്ന കാലത്ത്, സംസാരിച്ചതും സ്പര്‍ശിച്ചതും ഒക്കെ ഒരു നിയോഗം മാത്രമായിരുന്നെന്നവന്‍ കരുതി.
താന്‍ പതിതനാണ്, നിരാശ്രയനാണ്. ഒരു ഗുണം മാത്രമേയുള്ളൂ താന്‍ അല്‍പ്പം വിദ്യാഭ്യാസം നേടി, അതിനൊരു ജോലിയും സ്വായത്തമായി സമുദായത്തിലൊരുന്നത സ്ഥാനവും ലഭിച്ചിരിക്കുന്നു അത്രമാത്രം. ഇനി വേണം തന്റെ സമുദായത്തെ ഇതിലൂടെ കൈപിടിച്ചുയര്‍ത്തുവാന്‍. അതു സാധിച്ചാല്‍ മതിയായിരുന്നു, അതിനുവേണ്ടി തന്നാലാവുന്നതൊക്കെ ചെയ്യണം.
ഗൗരിക്കുട്ടിയുടെ പിതൃസ്വത്തിന്റെ ഭാഗം പ്രധാന തറവാടിന്റെ മുന്‍ഭാഗത്ത്; നീണ്ടു പരന്നു കിടക്കുന്നു; അവയിലിപ്പോള്‍ വെട്ടും കിളയുമില്ല. പ്രശ്‌നബാധിതമായ ഭൂമിയായതിനാല്‍ ജ്യേഷ്ഠ സഹോദരന്മാര്‍ ഒരു വേലയും ചെയ്യിച്ചിരുന്നില്ല. തീറാധാരം ഉയര്‍ത്തികാട്ടിയ അന്നുമുതല്‍ അവരാരും ഒന്നും ശ്രദ്ധിക്കാതായി. എന്നാലും പപ്പുമാനേജരുടെ പരിശ്രമഫലമായി ഒരു ചെറിയ കെട്ടിടം ആ പറമ്പിലെ മൂലയില്‍ വഴിയോടു ചേര്‍ന്നു പടുത്തുയര്‍ത്തി. അടിത്തറചെങ്കല്ലു കൊണ്ട് കെട്ടി, തെങ്ങിന്‍ തൂണുകള്‍ നാട്ടി, ചുറ്റും പനമ്പു തട്ടിക വച്ചു മറച്ചു മേല്‍ക്കൂര ഓലമേഞ്ഞ ഭംഗിയുള്ള ഒരു കെട്ടിടം.
ഒരു മുറി വിശ്രമിക്കാന്‍, വേറൊന്നു ഓഫീസ് മുറി ബാക്കിയുള്ളതൊക്കെ വയോജന വിദ്യാഭ്യാസത്തിനുള്ള മുറിയും. തയ്യല്‍ ക്ലാസു നടത്തുവാനുള്ള വേറൊരു മുറി പിന്നെയുമുണ്ടായിരുന്നു. രണ്ടു മൂന്നു മുറികള്‍. അതായത് ആവശ്യം വന്നാല്‍ വീണ്ടും പലതരത്തിലുള്ള പഠനശാലകള്‍ തുടങ്ങുവാനായിരുന്നു.
അവളുടെ ഭൂമി അതിരുകള്‍ കരിങ്കല്ലു തൂണുകള്‍ താഴ്ത്തി സുരക്ഷിതമാക്കി. ജ്യേഷ്ഠന്മാരും ഒന്നും ഇതിലിടപെട്ടില്ല. എന്നാലും ചില ചട്ടമ്പികള്‍ മുറുമുറുത്തു കൊണ്ടു നടന്നു പോകുമായിരുന്നു. പണി നടക്കുമ്പോള്‍ വന്നു നോക്കി നിന്നു. പിന്നീടാ വിവരങ്ങള്‍ മുതലാളിയോടു ചെന്നു പറഞ്ഞിരുന്നു. പക്ഷെ അവരൊന്നും മറുത്തു പറഞ്ഞില്ല.
''അത് അവക്കട ഭൂമിയല്ലേ''. എവള്‍ എന്താ വേണമെങ്കിലും ചെയ്യട്ടേടാ, നമ്മക്കെന്താ.
അതിര്‍ത്തിക്കുറ്റികള്‍ താഴ്ത്തി വെച്ചത്, ഗൗരിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം, പപ്പു മാനേജരുടേയും, ചിത്തരാജിന്‍േറയും നേതൃത്വത്തിലായിരുന്നു സ്‌ക്കൂള്‍ കെട്ടിടത്തിനു തറക്കല്ലീടിച്ചത് ഇട്യാദി മൂപ്പന്റെ കാര്‍മ്മികത്വത്തിലായിരുന്നു.
സ്‌ക്കൂള്‍ കെട്ടിടത്തിന്റെ പണി ദ്രുദഗതിയില്‍ തീര്‍ന്നു. ചില ബോര്‍ഡുകളും എഴുതി വച്ചു. തുന്നല്‍ ക്ലാസ് വയോജന വിദ്യാഭ്യാസം, മുതലായവ തല്‍ക്കാലം തുടങ്ങി വിദ്യാഭ്യാസമെല്ലാം സൗജന്യമായിരുന്നു.
ഉയര്‍ന്ന ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അധ്യാപകനാണെങ്കിലും, ശരദദാസും ഈ സ്ഥാപനത്തില്‍ വന്നു വിദ്യ പകര്‍ന്നു കൊടുത്തിരുന്നു. അവയൊക്കെ ഒരു സേവനം മാത്രമായിരുന്നു.
സര്‍ക്കാരിന്റെ ശമ്പളവും, പുരയിടത്തില്‍ നിന്നുള്ളവരായ്കയും കൊണ്ട് ശരദദാസ്, സ്വന്തം വീടൊന്നു പുതുക്കിപ്പണിതു. മേല്‍ക്കൂര ഓടുമേഞ്ഞു. നാലു ഭാഗത്തും ഭിത്തി കെട്ടിയുയര്‍ത്തി തെക്കിനി വടക്കിനി പടിഞ്ഞാറുവശം ചാര്‍ത്തും. പിന്നെ നല്ലൊരു വരാന്തയും. താമസിക്കുന്ന വീട് ചെറുതെങ്കിലും, കൊള്ളാവുന്നൊരു ഭവനമാക്കി മാറ്റി.
സാവിത്രിക്കുട്ടി ആദ്യമാദ്യം ഗൗരിക്കുട്ടിയുടെ വീട്ടിലാണ് വന്നു കൊണ്ടിരുന്നത്. ചിലപ്പോള്‍ ശരദദാസിനെ കാണും, മറ്റു ചില അവസരത്തില്‍ സന്ദര്‍ശിക്കുവാനാവാതെ ഭഗ്നാശയായി തിരിച്ചു പോയിരുന്നു.
വിഷ്ണു നമ്പൂതിരിയുടെ മകളാണ് സാവിത്രിക്കുട്ടിയുടെ അമ്മ. അതുകൊണ്ടാണവള്‍ വളരെ സ്വതന്ത്രയായാണ് അവിടെ നിന്നു വളര്‍ന്നതും പഠിച്ചതും.
മുത്തശ്ശീ ഞാന്‍ പാവപ്പെട്ട അധ:സ്ഥിതരെ പഠിപ്പിക്കുന്ന പാഠശാലയില്‍ പോയി അവര്‍ക്ക് അക്ഷരം ചൊല്ലിക്കൊടുക്കുവാന്‍ പോകുന്നു. തറവാട്ടിലിരുന്നു മുഷിഞ്ഞു. സ്വന്തം തറവാട്ടിലായാലും അമ്മയുടെ തറവാട്ടിലായാലും ഒറ്റയ്ക്കിരുന്നു മടുത്തു.
അവളുടെ അമ്മൂമ്മയോടു അനുധാവപൂര്‍വ്വം ചിണുങ്ങിപ്പറഞ്ഞു.
എന്തായീ കേള്‍ക്കണേ നീ വല്ല പുലയചെറുക്കന്മാര്‍ക്ക് അക്ഷരം ചൊല്ലിക്കൊടുക്കുകയോ- ശിവ-ശിവ.
സാവിത്രിക്കുട്ടി - അതൊക്കെ നല്ലതല്ലേ മുത്തശ്ശീ. പാവങ്ങളെ സഹായിക്കുക എന്നു പറഞ്ഞാല്‍ അതൊരു സേവനമല്ലേ, മനുഷ്യധര്‍മ്മമല്ലേ.
മുത്തശ്ശി - നീ അവരുടെ മുമ്പില്‍ ചെന്നിട്ട് ഈ തറവാട്ടില്‍ വന്നാല്‍ പിന്നെ നിന്നെ ഇവിടെ കയറ്റുകയില്ല. അവര്‍ നമ്മളില്‍ നിന്നും വളരെ താഴ്ന്നവരാണ് നികിര്‍ഷ്ട ജാതികളാണ്. പുലയരെ നമ്മുടെ അടിച്ചേനകത്തു പോലും കയറ്റാറില്ല. അതു നിനക്കറിയില്ലന്നുണ്ടോ.
സാവിത്രിക്കുട്ടി - മുത്തശ്ശീ! അവരും മനുഷ്യരല്ലേ. ഞാനും പള്ളിക്കൂടത്തില്‍ പോയി പഠിച്ചതല്ലേ. അവിടെയും പുലയരും, ഈഴവരും, പറയരുമൊക്കെയുണ്ടായിരുന്നില്ലേ. അവര്‍ക്കൊന്നും തീണ്ടലോ, തൊടീലോയൊന്നും ഉണ്ടായിരുന്നില്ലല്ലോ. കൂടാതെ നമ്മുടെ വളപ്പിലും മറ്റും നായകള്‍ അലഞ്ഞു നടക്കുന്നില്ലേ. അവയോടൊക്കെ ഐത്തം കല്‍പ്പിക്കാറുണ്ടോ. കൂടാതെ ഐത്താചാരം അനുഷ്ഠിക്കുന്നത് കുറ്റകരമാണെന്ന്, മഹാരാജാവ് തിരുമനസ്സിന്റെ ഉത്തരവുമുണ്ടായിട്ടുണ്ട്. അതു കൊണ്ടു മുത്തശ്ശീ - പഠിപ്പിക്കുവാന്‍ പോകുന്നത് തെറ്റല്ല. പഠിച്ച അക്ഷരങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുന്നത് നല്ലതാണ്. ദൈവീകത്വവുമാണ്. വിദ്യ കൊടുക്കുന്തോറും വര്‍ദ്ധിക്കുമെന്നല്ലേ ആപ്തവാക്യം.
മുത്തശ്ശി - ശരി, ശരി, നിന്നോടു തര്‍ക്കിക്കുവാന്‍ ഞാനാളല്ല. നീ മുത്തശ്ശനോടു ചോദിക്കൂ, ഇതൊക്കെ നല്ലതാണോ എന്ന കാര്യം അവര്‍ കൈയ്യൊഴിഞ്ഞു. 
വിഷ്ണു നമ്പൂതിരി ഇതറിഞ്ഞു ഒന്നും പറയുവാനാകാതെ തരിച്ചിരുന്നു. അദോദഹം തനിയെ (ആത്മഗതമായി) ഒരു വിധം ചിന്തിച്ചാല്‍ സാവിത്രിക്കുട്ടി പറയുന്നതിലും കാര്യമുണ്ട്. വിദ്യാഭ്യാസം നേടിയത് അവ പ്രയോഗിക്കുവാനുള്ളതാണ്, അതും സേവന തല്‍പ്പരതയോടു കൂടി. കൂടാതെ മനുഷ്യസഞ്ചയത്തില്‍ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന അടിമ വര്‍ഗ്ഗക്കാരെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതു ഈശ്വരാനുഗ്രഹവുമാണ്.
സ്‌ക്കൂളിലൊന്നും പഠിപ്പിക്കുവാനവസരം ഇപ്പോഴവള്‍ക്കു ലഭിക്കുവാന്‍ നിര്‍വ്വാഹമില്ല. പക്ഷേ സേവനമന:സ്ഥിതിയോടു കൂടി ജോലി ചെയ്യുന്നതു വളരെ ഉന്നതമായ ചിന്താഗതിയാണ്.
മുത്തച്ഛന്‍ മൗനാനുവാദം നല്‍കി. അവളുടെ ഉത്സാഹവും സന്തോഷവും കണ്ട് മുത്തച്ഛനും, മുത്തച്ചിയും ആനന്ദപുളകിതരായി. തന്റെ മൂത്തമകളുടെ പൊന്നോമന പുത്രിയാണ് സാവിത്രിക്കുട്ടി. അവളുടെ കൊഞ്ചലും, പുഞ്ചിരിയും സന്തോഷവും അവളില്‍ മറുത്തൊരു ചിന്താഗതിയിലുള്ള പ്രദേശത്തെ ഉന്നത ജന്മിയാണവളുടെ പിതാവായ നീലകണ്ഠന്‍ നമ്പൂതിരി. അവിടുത്തെ മുടിചൂടാ മന്നന്‍. കൊല്ലും കൊലയ്ക്കുമധികാരമുള്ളവന്‍ വലിയ ജന്മിത്വത്തിന്റെ വാക്താവ്.
ഈ തറവാടുമായി ബന്ധം പുലര്‍ത്തിയത് വലിയ കാര്യമായി കണക്കാക്കിയിരുന്നു.
നിരവധി അടിമക്കിടാത്തന്മാര്‍ക്ക് നമ്മളും കുടിലു കെട്ടിക്കൊടുത്തു താമസിപ്പിച്ചിരിക്കുന്നു. അടിമവര്‍ഗ്ഗം സമ്പത്തിന്റെ ഭാഗമാണ്.
ഉന്നതര്‍ ഉന്നതരോടേ ചേരുകയുള്ളൂ. പതിതരിലേയ്ക്കവര്‍ താഴുകയില്ല. പുറംജാതിക്കാരെ വാക്കിലും പ്രവര്‍ത്തിയിലും പതിപ്പിക്കുവാനേ അവര്‍ ചിന്തിക്കുകയുള്ളൂ.
പുലയര്‍ക്ക് ഈഴവരാകുവാന്‍ മോഹമുണ്ടാകാം. ഈഴവര്‍ക്കു നായരാകുവാനും, പിന്നെ നായര്‍ക്കോ ജന്മി മുതലാളിയായ ക്ഷത്രിയനോ ബ്രാഹ്മണനോ ആകുവാനായിരിക്കും താല്‍പ്പര്യം.
പക്ഷേ ഇതിനിടയ്ക്കു വേറൊരു തരത്തിലും ഉന്നതര്‍ക്കു ജാതീയ നേട്ടം കൈവന്നു കൊണ്ടിരുന്നു. അതാണ് ക്രിസ്ത്യാനിമാര്‍ഗ്ഗം.
ഉന്നതര്‍ അതായത് മുഖ്യ പുരോഹിത വര്‍ഗ്ഗം, എന്നും അവരുടെ താഴ്ന്നവരെ അടിമകളാക്കി അടിച്ചമര്‍ത്തി സുഖിച്ചിരുന്നു. മണ്ണും പെണ്ണും സമ്പത്തുമൊക്കെ ദൈവീകമാക്കി. അടിമകളെ ചൂഷണം ചെയ്തു. എന്നാല്‍മതം മാറിയപ്പോള്‍ അവര്‍ ഇവിടെയും പൗരോഹിത്വത്തിന്റെ സരണി കണ്ടെത്തി. ദൈവത്തിന്റെ പേരില്‍ സുഖമായ ജീവിതം വസ്ത്രധാരണം.
ദൈവം അനുഗ്രഹിക്കുന്ന പോലെ അതിന്റെ വാക്താക്കളായി മറ്റുള്ളവരെ അനുഗ്രഹിക്കുന്നു. താഴ്ന്ന സമുദായക്കാരുടെ സ്ത്രീകളെ കന്യാസ്ത്രീകളായ അമ്മമാരാക്കി വസ്ത്രധാരണം നടത്തിച്ചു. തങ്ങളുടെ ശാരീരിക സുഖത്തിനു വേണ്ടി വിനിയോഗിക്കുന്നു. അവര്‍ക്കും അതില്‍ വൈമുഖ്യം ഉണ്ടാകാറില്ല. പരാതിയുമില്ല.
അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റു ചെയ്താല്‍ കുമ്പസാരത്തിലൂടെ അവള്‍ തുറന്നു പറയുന്നു. അതിന്റെ പരിഹാരം അച്ഛന്‍ നിര്‍ദ്ദേശിക്കുന്നു. അതായത്
എല്ലാം ദൈവത്തിനു സമര്‍പ്പിക്കുക കുഞ്ഞേ ദൈവത്തിന്റെ പ്രതിനിധി പുരോഹിതന്‍ അയാള്‍ക്കവള്‍ എല്ലാം സമര്‍പ്പിക്കുവാന്‍ കടപ്പാടുള്ളവളാകുന്നു.
അതായത് ഹിന്ദു പുരോഹിതവര്‍ഗ്ഗം അവിടെ വര്‍ത്തിക്കുമ്പോഴും സുഖം, ജാതി മാറി ഇവിടെ വരുമ്പോഴോ ഇവിടെയും സൗഖ്യം തന്നെ.
പതിതരെന്നും ഉന്നതരുടെ വികാരശമന വസ്തുക്കള്‍ മാത്രമായവശേഷിക്കുന്നു. ഇത്തരം വസ്തുതകള്‍ക്ക് കാലാനുഗതമായി പറയത്തക്ക വ്യതിയാനം പ്രതീക്ഷിക്കുക വയ്യ. പക്ഷേ ചില ചെറിയ പരിവര്‍ത്തനമുണ്ടാകാം.
ഹിന്ദത്വത്തില്‍ ബ്രാഹ്മണനാണ് ഉന്നതന്‍, ദൈവത്തിന്റെ കാണപ്പെട്ട പ്രതിനിധി അയാള്‍ക്ക് ഏതു ഭവനത്തിലും ചെന്നു കയറാം, അദ്ദേഹത്തിനു സൗകര്യമൊരുക്കുന്നത് ദൈവസേവയായി കണക്കാക്കുന്നു. അയാള്‍ക്കു സമര്‍പ്പിക്കുന്ന തരുണീമണിക്ക് ദൈവാനുകൂല്യം സുനിശ്ചിതം. അദ്ദേഹത്തെ എതിര്‍ക്കുക എന്നത് ചിന്തിക്കുവാനോ പാടില്ല.
അങ്ങിനെയുള്ള ബ്രാഹ്മണ വര്‍ഗ്ഗ പുരോഹിതര്‍ മതം മാറിയപ്പോള്‍ ഇവിടെയും പുരോഹിതവര്‍ഗ്ഗം തന്നെയായി. ക്രിസ്തുമതത്തിലും പുരോഹിതന്മാര്‍ക്കാണ് ഏറ്റവും മുന്തിയ പരിഗണന.
അവര്‍ അവിടെ വരേണ്യകര്‍ ഇവിടെയോ ഉന്നതര്‍.
പുലയര്‍ക്കും, പറയര്‍ക്കും കൂലി കൂടുതല്‍ നല്‍കുന്നുണ്ടെങ്കിലും; അവ പരിമിതമായി തന്നെ തുടര്‍ന്നു കൊണ്ടിരുന്നു. മറ്റാനുകൂല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഉടുതുണിക്കു മറുതുണിയില്ല. പട്ടിണിയുള്ളപ്പോള്‍ മാത്രം കഞ്ഞി കുടിക്കാം. അല്ലെങ്കില്‍ പട്ടിണി. ഈ പട്ടിണിയാണ് ജന്മിമാര്‍ക്കു കാണേണ്ടത്. അവന്‍ എന്നും കഞ്ഞിക്കരിക്കുവേണ്ടി മുതലാളിയുടെ മുമ്പില്‍ വന്നിരിക്കണം. എങ്കില്‍ മാത്രമേ അടിമത്വം നിലനില്‍ക്കൂ, സംഘവും പൊളിയൂ. ആണുങ്ങളായവര്‍ വേലയെടുത്തു കഞ്ഞി കൊടുത്തില്ലെങ്കില്‍ പെണ്ണുങ്ങള്‍ ദാരിദ്രത്തില്‍ കിടന്നു വീര്‍പ്പു മുട്ടും, അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടും. കുടിലിലെ കുടുംബബന്ധം താറുമാറാകും. പുലയന്റെ തകര്‍ച്ച ഉന്നതരുടെ ഉയര്‍ച്ച.
കൊയ്ത്തുവരുമ്പോള്‍ മാത്രമാണ് നെല്ലു പതമ്പായി ലഭിച്ചിരുന്നത്. അതും നിര്‍ദ്ദിഷ്ട അളവുകള്‍ മാത്രം. അവയില്‍ ഒരു മണി നെല്ലുപോലും കൂടുതല്‍ കൊടുത്തിരുന്നില്ല. അതുകൊണ്ടു ചോദിച്ചു മടുത്ത സാധുജനങ്ങള്‍ ഒന്നടങ്കം കൂട്ടമായി ആനുകൂല്യത്തിനു വേണ്ടി സമരസരണിയെ അവലംബിക്കുവാന്‍ നിര്‍ബന്ധിതരായി.
കുറഞ്ഞ നാളായി പപ്പുമാനേജര്‍ ഒരു കാര്യത്തിനും ഇടപെടാറില്ല. ഗീതാദേവിയുടെ ചികിത്സയ്ക്കു വേണ്ടി വൈദ്യരെ കൊണ്ടു വന്നു, അവളുടെ അസുഖത്തിനു അല്‍പ്പം ഭേദമുണ്ടായെങ്കിലും മാനസികമായി തകര്‍ന്ന അവള്‍ പുലമ്പുന്നതൊന്നും പരസ്പര ബന്ധമില്ലാത്തവയായിരുന്നു. പരമശിവന്‍ പിള്ളയ്ക്കു നേരിട്ട ഈ ദുരിതം തന്റെയും ദു:ഖമായയാള്‍ കരുതി. പിള്ളയുടെ കച്ചവടം അങ്ങിനെ തള്ളി നീക്കുന്നെന്നല്ലാതെ പറയത്തക്ക വരുമാനമുണ്ടായിരുന്നില്ല. പപ്പു മാനേജര്‍ ഗൗരിക്കുട്ടിയുടെ പാഠശാലയില്‍ പോയിരുന്നു. ചില നേരം അവിടെത്തന്നെയാണ് വിശ്രമിച്ചിരുന്നത്.
സാവിത്രിക്കുട്ടി പാഠശാലയില്‍ വന്നിരുന്നു. സാധുജനങ്ങളുടെ കുട്ടികളെ കുടിപ്പള്ളിക്കൂടം എന്ന തരത്തിലാണ് പഠിപ്പിച്ചിരുന്നത്. കാരണം ചിലര്‍ക്ക് പ്രധാന പള്ളിക്കൂടങ്ങളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് കുടിപ്പള്ളിക്കൂടം ഒരാശ്രയമായിരുന്നു.
പ്രൈമറി സ്‌ക്കൂള്‍ നിലവാരത്തില്‍ കൂടിയാണിവിടെയും പഠിപ്പിച്ചിരുന്നത്. തുന്നല്‍ ക്ലാസ്സെടുത്തിരുന്നത് ഗൗരിക്കുട്ടിയായിരുന്നു.
സ്‌ക്കൂള്‍ കഴിഞ്ഞാല്‍ ശരദദാസ് വയോജന വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ വന്നിരുന്നു. അന്നേരം വരെ കാത്തിരിക്കുവാന്‍ വയ്യാതെ സാവിത്രിക്കുട്ടി ഇല്ലത്തേയ്ക്കു തിരിച്ചു പോകുമായിരുന്നു.
അന്നൊരു ദിവസത്തെ ലീവെടുത്തു ശരദദാസ് സ്വന്തക്കാരുടെ ആരുടെയോ വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ കുടിപ്പള്ളിക്കൂടത്തില്‍ വന്നു. ഗൗരിക്കുട്ടിയായിരുന്നു ഓഫീസ് മുറിയില്‍. ദാസ് വന്നയുടനെ ഗൗരിക്കുട്ടിയെ കാണുവാന്‍ ചെന്നു ഓഫീസ് മുറിയിലിരുന്നു സംസാരിച്ചു.
അവിടെയൊരു ചെറിയ മേശയും, രണ്ടു മൂന്നു സ്റ്റൂളുകളും, പിന്നെ ഒരു ബഞ്ചുമാണുണ്ടായിരുന്നത്.
മാഷ് വന്നല്ലോ... എന്താ ഈ നേരത്ത് ഗൗരിക്കുട്ടി ആകാംഷയോടാരാഞ്ഞു.
ശരദദാസ്സ് - ഞാനൊരു സ്വന്തക്കാരുടെ വീട്ടില്‍ പോയി വരുന്ന വഴിയാണ്. ഇന്നൊരു ദിവസത്തെ ലീവെടുത്ത്.
ഗൗരിക്കുട്ടി പറഞ്ഞു ഞാനപ്പുറത്തു പോയി സാവിത്രിയെ ഇങ്ങോട്ടയക്കാം. നിങ്ങള്‍ ആശയവിനിമയം നടത്തി കാര്യങ്ങള്‍ക്കു ചില തീരുമാനമെടുക്കണം.
സാവിത്രിയെ കണ്ടതും ശരദദാസ്സിന്റെ മുഖത്ത് ആനന്ദത്തിന്റെ സൂനങ്ങള്‍ പൊട്ടിവിരിഞ്ഞു.
വളരെ നാളുകളായി കാണാതിരുന്നു കണ്ടപ്പോഴുണ്ടായ വികാരവായ്പില്‍ സ്വയം മറന്നവള്‍ വികാര തരളിതയായി. ചുണ്ടു വിറച്ചു നിന്നു വിതുമ്പി... ദാസ്സേയെന്നവള്‍ വിളിച്ചു വിങ്ങി തേങ്ങി. അവളുടെ നയനങ്ങളില്‍ നിന്നും അശ്രുകണങ്ങളുതിര്‍ന്നു.
എങ്കിലും ശരദദാസ്സ് സാന്ത്വനാത്മകമായി കൈകള്‍ മുകര്‍ന്നു മൊഴിഞ്ഞു - ഇതെങ്ങിനെ തരപ്പെടുത്തി തമ്പുരാട്ടിക്കുട്ടി.
സാവിത്രി സ്വയം നിയന്ത്രിച്ചു പറഞ്ഞു - മുത്തശ്ശിക്കു വല്ലാത്ത എതിര്‍പ്പായിരുന്നു. അവരൊക്കെ തികഞ്ഞ യാഥാസ്ഥിതിക്കാരണല്ലോ. മുത്തശ്ശനാണെങ്കില്‍ ആദ്യമാദ്യം മുത്തശ്ശിയുടെ അഭിപ്രായത്തെ പിന്‍താങ്ങി പറഞ്ഞെങ്കിലും എന്റെ നിര്‍ബന്ധം കണക്കിലെടുത്ത്, മൗനസമ്മതം മൂളി. തന്നെയുമല്ല എനിക്കി ദാസിനെ കാണാഞ്ഞിട്ട് വല്ലാത്ത വിഷമവും.
ശരദദാസ് - എനിക്കും സാവിത്രിക്കുട്ടിയെ കാണാത്തതില്‍ മനോവ്യാകുലതയില്ലാതില്ല. കൂടാതെ എനിക്കു മറിച്ചൊരു ചിന്താഗതിയുമുണ്ട്. അതായത് എനിക്കര്‍ഹതയില്ലാത്തതു ഞാനാശിച്ചു കൂടാ. വെറുതെ എനിക്കും എന്റെ സമൂഹത്തിനും ദോഷങ്ങള്‍ വരുത്തി വയ്ക്കുന്നതു ശരിയല്ല, എന്നതാണെന്റെ അഭിപ്രായം പിന്നെ സാവിത്രിക്കുട്ടിയെ ഞാന്‍ വിളിച്ചു കൊണ്ടു പോയി എന്റെ കുടിലില്‍ കയറ്റിയാല്‍ നിങ്ങളുടെ ആളുകള്‍ സ്വത്തുവകകള്‍ ചൂഷണം ചെയ്യുവാനാണ് ഞാന്‍ സാവിത്രിയെബലാല്‍ക്കാരേണ പാണീഗ്രഹണം ചെയ്യുന്നതെന്നവര്‍ കുറ്റമാരോപിക്കും. കൂടാതെ ഒരു നമ്പൂതിരി യുവതിയുടെ, മുഖത്തു നോക്കുവാന്‍ പോലും അര്‍ഹതയില്ലാത്തവനായ ഞാന്‍ ബ്രാഹ്മണ യുവതിയെ വേള്‍ക്കുന്നതു സ്വപ്‌ന്നേപി ചിന്തിക്കുവാന്‍ പോലും പറ്റുന്ന കാര്യമാണോ. കടന്നല്‍ കൂടു പൊട്ടിയ പോലെ നിങ്ങളുടെ സമുദായക്കാര്‍ ഇളകി വന്നു എന്നെയും എന്റെ ജനങ്ങളെയും ഉന്മൂലനാശം ചെയ്തു കളയും. അതൊക്കെ ഞാനായിട്ടു വരുത്തി കൂട്ടണോ, സാവിത്രിക്കുട്ടി പറയൂ. എനിക്കും സാവിത്രിക്കുട്ടിയെ ഇഷ്ടമാണ് ലഭിച്ചാല്‍ നന്ന് പക്ഷേ സാവിത്രിയില്ലെങ്കില്‍ എനിക്കൊരു ജീവിതമില്ല.
എന്റെ ആളുകള്‍ക്കും നാട്ടുകാര്‍ക്കും എന്നിലുള്ള പ്രതീക്ഷ അസ്ഥാനത്താക്കുന്നതു ശരിയല്ല. എന്നില്‍ കൂടി മാത്രമേ അവര്‍ക്കൊരു മോചനമുള്ളൂ. അതു നിലനിര്‍ത്തുവാന്‍ ഞാന്‍ കടമപ്പെട്ടവനാണ്.
സാവിത്രിക്കുട്ടി - അവളുടെ ന്യായീകരണം നിരത്തി. എന്റെ മാനസികാവസ്ഥ, ദാസെന്തേ മനസ്സിലാക്കാത്തത്. ഞാനൊരു നമ്പൂതിരിയില്ലത്തു പറന്നു പോയതെന്റെ കുറ്റമാണോ. സ്ത്രീകളുടെ മന:സ്ഥിതികള്‍ മനസ്സിലാക്കാതെ തറവാട്ടു മഹിമ മാത്രം കൊട്ടിഘോഷിക്കുന്നവരാണെന്റെ ആളുകള്‍. രക്ഷകര്‍ത്താക്കള്‍ ഏര്‍പ്പാടു ചെയ്യുന്ന വിവാഹത്തിന്നു മാത്രം സമ്മതിക്കേണ്ട ഗതികെട്ട സമൂഹത്തിലെ അംഗമായതില്‍ ഞാനത്യന്തം ഖേദിക്കുന്നു. സ്വത്തും പണവും കുലീനത്വവും നോക്കി കിഴവന്മാരുടെ തലയില്‍ എന്നെ കെട്ടിവെയ്ക്കും. യുവത്വത്തിന്റെ ചൂടകറ്റുവാന്‍ കഴിവില്ലാത്ത കിഴവന്‍ അകാല ചരമമടഞ്ഞ് എന്നെ നിത്യദു:ഖത്തിലാഴ്ത്തും. സ്വത്തും പദവിയുമാര്‍ക്കു വേണം പെണ്ണിന്റെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിപ്പിക്കാത്ത, രക്ഷകര്‍ത്താക്കളെ ശല്യക്കാരായി മാത്രമേ സമൂഹം കണക്കാക്കുകയുള്ളൂ. ഈ വസ്തുതകള്‍ ആരും പ്രത്യക്ഷത്തില്‍ ചിന്തിക്കാറില്ല. മന:സ്സാലിഷ്ടപ്പെട്ട ഒരുവന്റെ കൂടെ ജീവിക്കുവാനനുവദിക്കാത്ത യാഥാസ്ഥിതിക സമൂഹം. കൊല്ലും കൊലയ്ക്കും അധികാരമുണ്ടെന്നു വെച്ചു എന്തും ചെയ്യാമെന്ന ധാരണയുള്ള രക്ഷകര്‍ത്താക്കള്‍ അവര്‍ നന്മനിറഞ്ഞവരല്ല. അവയ്ക്കിടയില്‍ കിടന്നു നരകയാതനയനുഭവിക്കുന്ന എന്നെ തള്ളിയകറ്റരുതേ ദാസ്സേ.
എനിക്കും നിങ്ങളുടെ സമുദായത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹമുണ്ട്. അതിന്റെ നാന്ദിയാണീ അധ്യാപനം. എന്റെ ദാസിനെ കണ്‍കുളിര്‍ക്കെ കാണുവാനുള്ള വ്യഗ്രത കൂടിയാണീയാഗമനം.
ശരദദാസിന്റെ സ്പര്‍ശനമേല്‍ക്കുവാനാശിച്ചു കൊണ്ടവള്‍ വികാരാവേശത്താല്‍ അയാളുടെ മുന്നിലേയ്ക്ക് രണ്ടു കൈകളും നീട്ടി. ദാസ്സേനിന്നെ ദര്‍ശിക്കുവാനാകാതെ വ്യാകുല ചിത്തയായി ഞാന്‍ ഇരുന്നു മടുത്തു. എന്റെ നീറുന്ന കരളിനിത്തിരി കുളിര്‍മ്മയേകൂ.
അവര്‍ ആലിംഗന ബദ്ധരായി, അല്‍പ്പമിരുന്നു നിര്‍വൃതിയിലാണ്ടു. പരസപ്‌രം മറന്ന യുവമിഥുനങ്ങള്‍, അശ്രുധാരയില്‍ അധരമുരുമ്മി. കണ്ണുനീര്‍ ചാലുകളുതിര്‍ത്തു. നിമിഷങ്ങളടര്‍ന്നു വീണു.
ഗൗരിക്കുട്ടി വന്നു വിളിച്ചപ്പോഴാണവര്‍, വികാര നിര്‍വൃതിയില്‍ നിന്നുണര്‍ന്നത്. പരിസര ബോധത്തിലേയ്ക്കവര്‍ തിരിച്ചു വന്നു. വേഗത്തില്‍ കയ്യയച്ചു ഞെട്ടിപ്പിടഞ്ഞു മാറി.
ഗൗരിക്കുട്ടി - മാഷേ... ദാ... ആ മുറിയില്‍ പോയിരുന്നു സംസാരിച്ചോളൂ. വാതായനങ്ങളൊക്കെ തുറന്നിട്ടാല്‍ നല്ല കാറ്റും വെളിച്ചവും ലഭിക്കും. താത്രിക്കുട്ടിയും - പോയ്‌ക്കൊള്ളൂ. ആ മുറിയിലേയ്ക്ക്.
ശരദദാസ് - ഇല്ല. ഞാന്‍ പോകുന്നു. ഇനി ഒന്നും സംസാരിച്ചിരിക്കുവാനെനിക്കു കെല്‍പ്പില്ല. ഞാന്‍ പോകട്ടെ അയാള്‍ കുടയും വിടര്‍ത്തി, സായാഹ്നവെയില്‍ മറച്ചു, ചൂടി നടന്നകന്നു.
അയാളുടെ ഗമനം നോക്കി ഇമവെട്ടാതെ താത്രിക്കുട്ടി ശ്രദ്ധിച്ചു നിന്നു. കണ്ണുനീര്‍ തൂക്ക ഗൗരിക്കുട്ടിയുടെ കരണങ്ങള്‍ ഗ്രഹിച്ചു കൊണ്ടവള്‍ വിങ്ങപ്പൊട്ടി.
ഗൗരിക്കുട്ടി - വിഷമിക്കേണ്ട, എല്ലാം നേരെയാകും. ശരദദാസിനു വല്ലാത്ത വിഷമമുണ്ട്. അയാള്‍ക്കു സാവിത്രിക്കുട്ടിയോട് ആത്മാര്‍ത്ഥതയുണ്ട്. പക്ഷേ അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പുലയരില്‍ ഏറ്റവും മിടുക്കന്മാരുള്ള കുടുംബമാണയാളുടേത്. പഠിച്ചവനാണ്. സമുദായത്തിനു വേണ്ടി പാടുപെടുവാന്‍ ആഗ്രഹമുള്ളവനുമാണ്. എന്നാല്‍ ഉന്നതരുടെ ചെയ്തികളില്‍ ഭയപ്പാടുമുണ്ട്. അതാണയാളെ നിരുത്സാഹപ്പെടുത്തുന്നത്. നിങ്ങളുടെ ആളുകള്‍ ഈ പാവങ്ങളെ ഉന്മൂല നാശം ചെയ്തു കളയും അതാണയാള്‍ക്കു ഭയം.
ഗൗരിക്കുട്ടി - സംഭാഷണത്തിന്റെ ഗതിമാറ്റി - ഇന്നിനി സാവിത്രിക്കുട്ടി ഇല്ലത്തേയ്ക്കു പൊയ്‌ക്കൊള്ളൂ.
അവള്‍ കണ്ണുനീര്‍ തുടച്ചു. ബഹിര്‍ഭാഗത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി മുഖമൊക്കെ കഴുതി, പുറപ്പെട്ടു.
******