"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ബിര്‍സാ മുണ്ടയും സാഹുജി മഹാരാജും മറ്റു പോരാളികളും - സുരേഷ് മാനേ

ബിര്‍സാ മുണ്ട
രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ മുഖ്യ വികാസ ങ്ങളിലൊന്നാണ് വടക്കേയിന്ത്യയില്‍ ഛോട്ടാ നാഗ്പൂര്‍ ആദിവാസി കലാപമെന്നറിയ പ്പെടുന്ന ബിര്‍സാ മുണ്ടയുടെ (1875-1900) പോരാട്ടം. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍, ഇന്ന് ഝാര്‍ഖണ്ഡ് എന്നറിയപ്പെടുന്ന ഛോട്ടാ നാഗ്പൂര്‍ പ്രദേശത്തെ ആദിവാസികള്‍ക്ക് ബ്രട്ടീഷ് ഭരണ സംവിധാനം കാരണം തങ്ങളുടെ പാരമ്പരാഗത അവകാശങ്ങളും ജീവിതശൈലിയും നഷ്ടപ്പെടുന്നതും ഭൂപ്രഭുക്കന്മാരുടെ ചൂഷണസംവിധാനത്തിന്റെ പ്രത്യാഘാത ങ്ങളും അനുഭവപ്പെട്ടു. ഈ അസ്വസ്ഥത കള്‍ക്കെതിരായുള്ള ഒന്നാമത്തെ വിസ്‌ഫോടനം സംഭവിക്കുന്നത് വിഷ്ണു മാന്‍കിയുടെ നേതൃത്വത്തില്‍ 1779 ലാണ്. 1779 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തില്‍ സര്‍ക്കാര്‍ നയത്തിനും, ഭുപ്രഭുക്കള്‍ക്കും, കച്ചവടക്കാര്‍ക്കും പുറമേനിന്നു അതിക്രമിച്ചു കയറുന്നവര്‍ക്കുമെതിരായി ആദിവാസികളുടെ ഭാഗത്തു നിന്നും നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. 1807 മുതല്‍ 1820 വരെ തമദ്മുണ്ട സമുദായം നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. 1832-33 കാലഘട്ടത്തില്‍ ആ പ്രദേശത്തെ കോളുകള്‍ നടത്തിയ പ്രക്ഷോഭങ്ങളു ണ്ടായിരുന്നു. 1855-56 കാലഘട്ടത്തില്‍ കനുസന്യാലും സിദ്ധും നയിച്ച സാന്താള്‍മാരുടെ പ്രസിദ്ധമായ പ്രക്ഷോഭത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു. ഈ പ്രദേശത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്നതോടെ 1845-ല്‍ കുറച്ച് ആദിവാസികള്‍ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്തു. അത്തരത്തിലുള്ള ഒരു കുടുംബത്തിലാണ് 1875 നവംബര്‍ 15ന് ബിര്‍സാമുണ്ട ജനിച്ചത്.

ചരിത്രപരമായി അപഹൃതരായ തദ്ദേശീയ ജനതയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസം വ്യാപിക്കുകയും തല്‍ഫലമായി ഈ ജനതയ്ക്കുള്ളില്‍ ജനകീയാടിത്തറ യുള്ള ഒരു വമ്പിച്ച സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ ഉണര്‍വ്വ് ഉദയം കൊള്ളുകയും ചെയ്തു. ബിര്‍സയുടെ കലാപം, അതിന്റെ സത്താപര മായി ആദിവാസികളുടെ അവകാശസ്ഥാപന പ്രസ്ഥാനമാണ്. ബിര്‍സയുടെ പ്രക്ഷോഭത്തിന്റെ പ്രമുഖ അടിത്തറ അവരാണ് യഥാര്‍ത്ഥ മണ്ണിന്റെ മക്കളെന്നും ഭൂമിയിലും വനത്തിലും അവര്‍ക്ക് സ്വത്തവകാശമുണ്ടെന്നും അതിനാല്‍ അവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോ പ്രാദേശിക ഭൂപ്രഭുവിനോ നികുതി നല്‍കേണ്ട ആവശ്യമില്ല എന്നതാണ്. ഈ അവകാശവാദം ബിര്‍സയെ ഛോട്ടാനാഗ്പൂരിലെ ആദിവാസികള്‍ക്കിടിയില്‍ ജനകീയ നാക്കി. അദ്ദേഹം 'ധര്‍ത്തീ ആബ' അതായത് ജനരക്ഷകന്‍ എന്നുവിളി ക്കപ്പെട്ടു. ബിര്‍സയ്ക്ക് മുണ്ടാരാജിനെക്കുറിച്ച് വളരെ വ്യക്തമായ വീക്ഷണമുണ്ടായിരുന്നു. അദ്ദേഹവും ഒരു ബദല്‍ സംസ്‌കാരത്തിനായുളള അന്വേഷണത്തിലായിരുന്നു. അതിനാല്‍ 1895 ആഗസ്റ്റ് 12 ന് അദ്ദേഹം ബിര്‍സാമതം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവുന്നത്ര ശ്രമിച്ചു. അവസാനം 1900 മാര്‍ച്ച് 3 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റാഞ്ചി ജയിലിലടയ്ക്കുകയും 25-ാമത്തെ വയസ്സില്‍ ഇളംപ്രായത്തില്‍ 1900 ജൂണ്‍ 9 ന് അദ്ദേഹം മരണമടയുകയും ചെയ്തു. 

ബിര്‍സയ്ക്ക് തന്റെ പോരാട്ടത്തെപ്പറ്റി അഗാധമായ അവബോധവും കൃത്യമായ ധാരണാശക്തിയുമുണ്ടായിരുന്നു. ആദിവാസികള്‍ക്കായുളള സേവനത്തിലേര്‍പ്പെട്ടിരുന്ന മറിയം എന്ന വനിതാ കൃസ്ത്യന്‍മിഷനറി, ആദിവാസികളുടെ പ്രശ്‌നങ്ങളോട് അത്യന്തം സഹാനുഭൂതി പുലര്‍ത്തി യിരുന്നു. അവരോട് ഒരിക്കല്‍ ബിര്‍സ പറഞ്ഞു. 'മറിയം, നിങ്ങള്‍ ആദിവാസികളെ ഏറെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നല്‍കുക. നിങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കാനുളള കഴിവില്ലെങ്കില്‍ കുറഞ്ഞപക്ഷം ആ അവകാശങ്ങള്‍ക്കു വേണ്ടി പോരാട്ടം നടത്താനെങ്കിലും അവരെ പഠിപ്പിക്കൂ.' ബ്രിട്ടീഷ് ഓഫീസറായ ക്യാപറ്റന്‍ മെയേഴ്‌സ് സ്ട്രീറ്റ് ഫീല്‍ഡ് ബിര്‍സയെ ചോദ്യം ചെയ്യവേ ചോദിച്ചു. നിങ്ങള്‍ കാരണം ഒരുപാട് രക്തച്ചൊരിച്ചിലുണ്ടായി. അതിനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നില്ലേ. ബിര്‍സ മറുപടി പറഞ്ഞു. 'രക്തച്ചൊരിച്ചിലുണ്ടായാല്‍ ഞാനതിനെ കാര്യമാക്കു ന്നില്ല. പക്ഷെ ഒരു കാരണവശാലും ജനങ്ങളുടെ കണ്ണില്‍ കണ്ണീരുണ്ടാ വരുത്.' 

ബിര്‍സയുടെ പോരാട്ടം15 ഒരു പുതിയ സാമൂഹ്യ സാമ്പത്തിക ക്രമത്തിനു വേണ്ടി യായിരുന്നു. അദ്ദേഹം മുന്നോട്ടുവച്ച ബദല്‍മാതൃക ബിര്‍സാ ധര്‍മ്മമായിരുന്നു. ആദിവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസ ങ്ങളില്‍ നിന്നും, സാമൂഹ്യവും സാമ്പത്തികവുമായ അനീതികളില്‍ നിന്നും എല്ലാത്തരത്തിലുളള ചങ്ങലകളില്‍ നിന്നും ജനങ്ങളെ വിമോചിപ്പിക്കുക യെന്നതായിരുന്നു അതിന്റെ ലക്ഷ്യം. മൃഗബലി സമ്പ്രദായത്തെ അദ്ദേഹം എതിര്‍ത്തു. തന്റെ അനുയായികളോട് എപ്പോഴും സംഘടിതരായിരിക്കാന്‍ അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സംഘടിത ശക്തിയാണ് യഥാര്‍ത്ഥ ശക്തി. 

കോലാപ്പൂരിലെ രാജാവായ രാജര്‍ഷി സാഹു മഹാരാജാവിനെപ്പോലെ, മൈസൂരിലു ണ്ടായിരുന്ന മറ്റൊരു രാജാവായിരുന്നു മഹാരാജ കൃഷ്ണരാജ വഡയാര്‍ നാലാമന്‍ (1884 - 1940). അദ്ദേഹമാണ് പഴയ മൈസൂര്‍ രാജ്യത്ത് സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. നാട്ടു രാജ്യങ്ങളിലെല്ലാം വച്ച് ഏറ്റവും പുരോഗമിച്ചിരുന്നത് മൈസൂറായിരുന്നു. അതിന് ജനപ്രതിനിധിസഭയും, നിയമനിര്‍മ്മാണ സമിതിയും നിരവധി ക്ഷേമപദ്ധതികളുമുണ്ടായിരുന്നു. 1917 ല്‍ മഹാരാജാവ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. ഇന്നത്തെ കര്‍ണ്ണാടക യിലെ ഒന്‍പതു തെക്കന്‍ ജില്ലകളടങ്ങിയ മൈസൂരിലെ അദ്ദേഹത്തിന്റെ 38 വര്‍ഷം നീണ്ട ഭരണകാലയളവില്‍, തന്റെ സ്വരൂപത്തിലെ താഴ്ന്ന വിഭാഗക്കാരെ ഉയര്‍ത്തിയെടുക്കാന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. 

കൃഷ്ണരാജ വടയാര്‍ 
രാജ്യത്തെ ആദ്യ പിന്നോക്ക വിഭാഗകമ്മീഷനെ (മില്ലര്‍ കമ്മീഷന്‍, 1919 ജൂലൈയില്‍ അതിന്റെ റിപ്പോര്‍ട്ട് നല്‍കുകയും 1921 ല്‍ അതു നടപ്പിലാക്കുകയും ചെയ്തു) നിയമിച്ചതിന്റേയും അബ്രാഹ്മണര്‍ക്ക് 75 % സംവരണം പ്രഖ്യാപിച്ചതിന്റേയും അവകാശവും കീര്‍ത്തിയും ഈ കുലീനനായ രാജാവിന്റെ നേട്ടങ്ങളിലേയ്ക്കാണ് പോകുന്നത്. രാജ്യത്തെ ആദ്യത്തെ പിന്നോക്കവിഭാഗ കമ്മീഷന്റെ രൂപീകര ണത്തിനുശേഷവും, അബ്രാഹ്മണര്‍ക്കുളള സംവരണ നയം അനുഭവിച്ചുകൊണ്ടിരുന്ന ശക്തരായ വിഭാഗ ക്കാരില്‍ നിന്നും ധാരാളം കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. മില്ലര്‍ കമ്മീഷന്‍ രൂപീകരണ ത്തിലും പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പിലാക്കി യതിലും പ്രതിഷേധിച്ച് അന്നത്തെ ദിവാനായിരുന്ന എം. വിശ്വേശ്വരയ്യ രാജി വച്ചു. എന്നാല്‍ നിരവധി ഭീഷണികളുണ്ടായിട്ടു കൂടി, ഏതാനും പേര്‍ക്കു വേണ്ടിയല്ല മറിച്ച് ഏവര്‍ക്കും വേണ്ടിയുളള തന്റെ സ്വന്തം വികസന അജണ്ട യുമായി രാജാവ് മുന്നോട്ടുപോയി. സാഹുജി മഹാരാജാവിനെ പ്പോലെത്തന്നെ ഡോ. അംബേദ്ക്കറുടെ പ്രസ്ഥാനത്തിന്റെ ഒരു വലിയ പിന്‍തുണ ക്കാരനായിരുന്ന ഈ മൈസൂര്‍ മഹാരാജാവ് അംബേദ്ക്കര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനാ വശ്യങ്ങള്‍ക്കായി ബംഗ്ലൂരില്‍ വിസ്തൃതമായ ഭൂമി സംഭാവന നല്‍കിയിരുന്നു. 

രാജര്‍ഷി സാഹുജി മഹാരാജിന്റേയും കൃഷ്ണരാജ വഡയാറിന്റേയും സംഭാവനകള്‍ക്കൊപ്പം തന്നെ പ്രത്യേക പരാമര്‍ശം നിര്‍ബന്ധമായും നല്‍കേണ്ട വ്യക്തിയാണ് സാഹുജിയുടെ സമകാലികനായിരുന്ന ബറോഡയിലെ മഹാരാജാവ് സയാജിറാവു ഗെയിക്‌വാദ്. ബോംബെ പ്രവിശ്യയിലെ മന്‍മദ് എന്ന ഗ്രാമത്തിലാണ് 1863 മാര്‍ച്ച് 17 ന് അദ്ദേഹം ജനിച്ചത്. ബറോഡ നാട്ടുരാജ്യത്തില്‍ ഭരണത്തിലേറി യതിനുശേഷം അദ്ദേഹം തനിക്കു ലഭിച്ച രാജാധികാരം അയിത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുവാനുമായി അദ്ദേഹം വിനിയോഗിച്ചു. വിപ്ലവകരമായ നടപടികളിലൂടെ അയിത്തജാതിക്കാരുടെ വിദ്യാഭ്യാസ പ്രവേശനം അദ്ദേഹം ഉറപ്പാക്കി. അദ്ദേഹം അയിത്തജാതി ക്കാരുടെ നിരവധി സമ്മേളനങ്ങള്‍ക്ക് ആധ്യക്ഷം വഹിച്ചുകൊണ്ട് അയിത്താചരണത്തെ ഇല്ലായ്മ ചെയ്യുവാന്‍ ശക്തമായി നിലകൊണ്ടു. അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാ ശാലയില്‍ പഠനത്തിനായി ഡോ. അംബേദ്ക്കര്‍ക്ക് പോകാന്‍ കഴിഞ്ഞത് പ്രാഥമികമായും ഈ രാജാവിന്റെ സാമ്പത്തിക സഹകരണം കൊണ്ടാണ്. അംബേദ്ക്കറുടെ പോരാട്ടങ്ങള്‍ക്ക് സമയാ സമയങ്ങളില്‍ അദ്ദേഹം സഹകരണം എത്തിച്ചിരുന്നു. ലണ്ടനില്‍ വച്ചു പ്രസിദ്ധീകരിച്ച 'ദി ഇവല്യൂഷന്‍ ഓഫ് പ്രൊവിന്‍ഷ്യന്‍ ഫിനാന്‍സ് ഇന്‍ ബ്രിട്ടീഷ് ഇന്ത്യ' എന്ന തന്റെ ഗ്രന്ഥം ഈ രാജാവിന് സമര്‍പ്പിച്ചു കൊണ്ട് അംബേദ്ക്കറും തന്റെ ബാദ്ധ്യതയെ അംഗീകരിക്കുകയുണ്ടായി. 

ഡോ. അംബേദ്ക്കര്‍ ഉദയം ചെയ്യുന്നതിനു മുമ്പ്, സത്യശോധക് സമാജിന്റെ അങ്ങിങ്ങായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, അയിത്ത ജാതിക്കാരുടേയും അതുപോലെയുള്ള താഴ്ന്ന വിഭാഗക്കാരുടേയും ഉന്നതിക്കായി ബോംബെ പ്രവിശ്യയിലെ ചില സന്യാസിവര്യന്മാരും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും പ്രവര്‍ത്തിച്ചിരുന്നു. അത്തരം സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളില്‍ പ്രധാനിയാണ് മഹര്‍ ജാതിയില്‍ ജനിച്ച കൊങ്കണ്‍ പ്രദേശത്തെ രത്‌നഗിരിയിലുള്ള ഒരു വിമുക്ത ഭടനായ ഗോപാല്‍ ബാബ വലങ്കാര്‍. പടിഞ്ഞാറന്‍ മേഖലയിലെ പൂനെയില്‍ നിന്നുള്ള മറ്റൊരു മഹാനായ ശിവറാം ജന്‍ബ കാംബ്ലെയും വിദര്‍ഭ മേഖലയില്‍ നിന്നുള്ള മഹറായ കിസാന്‍ ഫാഗു ബന്‍സോദുമാണ് മറ്റു പ്രമുഖര്‍.16 1903 മുതല്‍ ഒരുവശത്ത് സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുവാനും മറുവശത്ത് അവകാശസംരക്ഷണത്തിനായി മഹറുകളെ സംഘടിപ്പിക്കുന്നതിനുമായി നിരവധി മഹര്‍ സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്.

അംബേദ്ക്കര്‍ ജനിച്ച മഹാരാഷ്ട്രയിലെ മഹര്‍ ജാതിക്കാര്‍ ചരിത്രപര മായുള്ള അവരുടെ സൈനികസേവനത്താല്‍ അറിയപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യയിലെ ഒരു സൈനിക വംശമായാണ് നിരവധി ചരിത്രകാരന്മാര്‍ മഹറുകളെ പരാമര്‍ശിച്ചിട്ടുളളത്. 1894 ജൂണ്‍ 21 ന്, മഹാരാഷ്ട്രയിലെ സത്താറ പട്ടണത്തിലെ മഹറുകളുടെ നാമധേയത്തില്‍, ശിവരാം ഗോവിന്ദ് വൈക്കര്‍ മാസ്റ്റര്‍, മഹറുകളെ സൈനിക സേവനത്തില്‍ നിലനിര്‍ത്തണ മെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നും ഹവീല്‍ദാറായി പെന്‍ഷന്‍പറ്റിയ മറ്റൊരു മഹറായ വിത്തലനാക് വലങ്കാര്‍, വിദ്യാഭ്യാസം, മതപരമായ സ്ഥലങ്ങളില്‍ നിന്നുളള ബഹിഷ്‌ക്കരണം, വിവിധ രംഗങ്ങളിലെ വിവേചനം, സാമൂഹ്യവും മതപരവുമായ വിലക്കുകള്‍, അയിത്തജാതികള്‍ക്കുമേലുളള സാമൂഹ്യമുദ്ര തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ പരിഷ്‌ക്കരിക്കണ മെന്നാവശ്യപ്പെട്ട് ശങ്കരാചാര്യര്‍ക്കും മറ്റു ഹിന്ദുനേതാക്കള്‍ക്കും 1890 ല്‍ നിവേദനം നല്‍കി. സൈനിക സേവനത്തില്‍ നിന്നും പെന്‍ഷന്‍ പറ്റിയതിനുശേഷം അദ്ദേഹം ശക്തമായ അയിത്തവിരുദ്ധ പ്രചാരണം നടത്തി. 1895 ലെ സോഷ്യല്‍ കോണ്‍ഫറന്‍സില്‍, സ്‌കൂളുകളും അതുപോലെയുളള പൊതുസ്ഥാപനങ്ങളും അയിത്തജാതിക്കാര്‍ക്കു തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ജാതിഹിന്ദിക്കളോടാവശ്യപ്പെട്ടു. മഹര്‍ ജാതിയില്‍ നിന്നുളള സൈനിക സേവനം ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ത്തിയപ്പോള്‍ അവരുടെ പുനഃപ്രവേശനത്തിനായി അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കു നിവേദനം നല്‍കി. തന്റെ വാദം സമര്‍ത്ഥിക്കുന്നതിനായി വ്യത്യസ്തമായൊരു സിദ്ധാന്തമാണ് വലങ്കര്‍ പരാതിയിലൂടെ ഉന്നയിച്ചത്. അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് ഉയര്‍ന്ന ജാതിക്കാരുടെ അഭിപ്രായങ്ങളെ ഇത്രത്തോളം വിലമതിക്കുന്നത്? ദക്ഷിണേന്ത്യയിലെ ഉയര്‍ന്നജാതിക്കാര്‍ മൗലികമായും ആസ്‌ട്രേലിയന്‍ സെമറ്റികും, അനാര്യരും ആഫ്രിക്കന്‍ നിഗ്രോകളുമായിരിക്കുമ്പോള്‍; ചിത്പവന്‍ മാരെന്നത് കപ്പല്‍ചേതത്തിനാല്‍ തീരത്തുപെട്ടുപോയ അപരിഷ്‌കൃതരായ ജുതന്മാരായിരിക്കുമ്പോള്‍; പിന്നീട് അവര്‍ താഴ്ന്ന ജാതിക്കാരെ വിവാഹം കഴിക്കുകയും പിന്നീടവര്‍ ബ്രാഹ്മണരായി മാറുകയും ഭരണാധികാരി കളാവുകയും ചെയ്തിരിക്കുമ്പോള്‍; മറാത്തകള്‍ ഇന്ത്യയിലേക്കു കടന്നുവന്ന തുര്‍ക്കികള്‍ മാത്രമായിരിക്കുമ്പോള്‍. അയിത്ത ജാതിക്കാരെ അത്യന്തം നീചമായി അപമാനിച്ചതിനുളള ശിക്ഷ ഇക്കൂട്ടര്‍ക്കു നല്‍കുവാനായാണ് ദൈവം ബ്രിട്ടീഷ് ഭരണത്തെ ഇങ്ങോട്ടയച്ചത്.'17

പൂനയിലെ മസോണിക് ഹാളിലെ ബട്ട്‌ളറായിരുന്ന ശിവറാം ജനാബാ കാംബ്ലെ, അയിത്ത ജാതിയായ മഹറിന്റെ സൈനിക ചരിത്രത്തില്‍ വിശ്വാസമര്‍പ്പിച്ച് അതിന്റെ ക്ഷത്രിയ പശ്ചാത്തലത്തിനാണ് ഊന്നല്‍ നല്‍കിയത്. 1910 ല്‍ വലങ്കാറെപ്പോലെതന്നെ ഇദ്ദേഹവും അധ:സ്ഥിത വിഭാഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനായി മഹറുകളെ സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നിവേദനം നല്‍കി. 1909 ല്‍ അയിത്ത ജാതിക്കാരുടെ വിഷയങ്ങള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുന്നതിനായി 'സോമവംശി മിത്ര'18 എന്നൊരു വര്‍ത്തമാനപത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു. വിവേചനത്തിനും അയിത്തത്തിനുമെതിരെ ക്ഷേത്രപ്രവേശന പരിപാടികള്‍ പോലെയുളള നിരവധി പ്രക്ഷോഭങ്ങള്‍ അദ്ദേഹം നടത്തി. മഹാരാഷ്ട്രയില്‍ പൂനെയുടെ കിഴക്കുമാറി കൊറീഗോണ്‍ ഗ്രാമത്തിനരികെ, ഭീമാനദിക്കരയില്‍ 1818 ല്‍ പേഷ്വാ ഭരണകൂടത്തെ (ബ്രാഹ്മിണ്‍ രാജ്) തറപറ്റിച്ച യുദ്ധവീരന്മാരെ, അതിലധികവും മഹറുകളും മുസ്ലീങ്ങളുമാണ്, അനുസ്മരിക്കാനായി ഒരു സ്മാരകസ്തംഭം പണിതുയര്‍ത്തിയിട്ടുണ്ട്. കൊറീഗോണ്‍ സ്മാരക സ്തംഭത്തെ അഭിമാനത്തിന്റെ പ്രതീകമായി കരുതിയ കാംബ്ലെ തന്റെ വിവിധ പ്രക്ഷോഭപരിപാടികളുടെ നിരവധി സമ്മേളനങ്ങള്‍ അതിന്റെ ചുവട്ടില്‍ വച്ചുകൂടിയിട്ടുണ്ട്. 

അയിത്തജാതിക്കാരുടെ സാമൂഹ്യവും മതപരവുമായ അവകാശങ്ങള്‍ക്ക് 1920-30 കാലയളവില്‍ ഊന്നാല്‍ നല്‍കിയ, മഹാരാഷ്ട്രയില്‍ നിന്നുളള മറ്റൊരു മഹര്‍ അയിത്തജാതക്കാരനാണ് കിസാന്‍ ഫഗൂജി ബന്‍സോദ്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലെ തുണിമില്‍ത്തൊഴിലാളികള്‍ ക്കിടയില്‍ അദ്ദേഹം അവബോധം പടര്‍ത്തി. 1917 ല്‍ എഡ്വിന്‍ മൊണ്ടേഗുവിനു മുമ്പാകെ (മൊണ്ടേഗു ചെംസ്‌ഫോര്‍ഡ് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍) മൊഴി നല്‍കിയവരിലൊരാളാണ് ബന്‍സോദ്. മറ്റൊരു ശ്രദ്ധേയനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവാണ് വിത്തന്‍ല്‍ രാംജി ഷിന്‍ഡെ. മറാത്ത ജാതിക്കാരനായ ഇദ്ദേഹം, അയിത്ത ജാതിക്കാര്‍ക്കി ടയില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാനുമായി1906 ല്‍ പൂനെയില്‍ 'ഡിപ്രസ്സ്ഡ് ക്ലാസ്സസ് മിഷന്‍' രൂപീകരിച്ചു. പക്ഷേ കോണ്‍ഗ്രസ്സുമാ യുണ്ടായ അദ്ദേഹത്തിന്റെ അടുത്ത സഹവാസം കാരണം അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഒരു ആദരവും ലഭിച്ചിരുന്നില്ല. 

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദിത വിഭാഗങ്ങള്‍ക്കിടയില്‍ അവബോധ മുണര്‍ത്തുവാനായി നടന്ന ഇത്തരത്തിലുളള എല്ലാം പ്രക്ഷോഭങ്ങളും ഇരുപതാം നൂറ്റാണ്ടുകളില്‍ വമ്പിച്ച നിലയില്‍ നടന്ന സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിനാവശ്യമായ ഉറച്ച അടിത്തറ ലഭ്യമാക്കി.