"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

പുലയക്കുടിലില്‍ കുട്ടിക്കാവിന്റെ പ്രവേശനം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഇരുപത്തി ഒന്ന്

സ്വന്തം മനയില്‍ ചപ്രമഞ്ച തല്‍പ്പത്തില്‍, സുഗന്ധദ്രവ്യം പൂശി നവകോമളനുമൊത്തു സുകുമാര കലകളാറാടേണ്ട അന്തണ യുവതി മകര ഗന്ധാവ്രതമായ പഞ്ചമ ചാളയില്‍ നാറുന്ന ചെളിത്തറയില്‍, നികൃഷ്ട ജാതി പുലയച്ചെറുക്കനുമൊന്നിച്ച് പ്രഥമ രാത്രിയില്‍ മന്മഥകേളികളാടി.
യുവമിഥുനങ്ങളുടെ പ്രഥമ സംഗമമായ മദനകേളി നൈസര്‍ഗ്ഗീകതയില്‍ മുങ്ങി, വികാര നിര്‍ഭരതയാല്‍ ഉന്മത്തമാകുമ്പോള്‍ ദുര്‍ഗന്ധവും ദുഷ്ചിന്തയുമെന്ന വ്യഥമാസ്മരതയില്‍ പോലും മനസ്സില്‍ നിന്നും പൊന്തുകയില്ല. വികാര വിചാരത്തിലവയൊക്കെ നിര്‍ജ്ജീവമായി പോകും. മാദക സ്പുല്ലിംഗങ്ങള്‍ ഉയര്‍ന്നു പൊങ്ങും.
തെളിവാര്‍ന്നു തയ്യാറാക്കിയിരുന്ന വയലിലെ വളക്കൂറുള്ള ചെളി, നെല്‍മണിയുടെ സ്പര്‍ശനമേല്‍ക്കാന്‍ കൊതിച്ചിരുന്ന പോലെ മൃതുല നൊമ്പരമായി, വികാരഭരിതമായി, സ്‌ക്കലനാത്മകതയില്‍ വിങ്ങി.
ഹൃദയാന്തരാളത്തില്‍ നിന്നുദ്ഗമിച്ചു വികാര വായ്പുകള്‍ കോരിത്തരിപ്പാര്‍ന്നു പുളകിതമായി. പുലയന്റെ കുടില്‍ അന്തര്‍ജനത്തിന്നു പര്‍ണ്ണശാലയായി. പുലയക്കിടാത്തന്‍ പുത്തനനുഭൂതി പകര്‍ന്ന കാമുകനായി. അവരുടെ പ്രഥമരാത്രി ആനന്ദധോരണിയായി മാറി.
മാടന്റെ കുടില്‍ അന്തര്‍ജനത്തിന്റെ സാമിപ്യത്താല്‍ ഉണര്‍വിന്റെ തേജസ്സായി മാറി. നാടുണര്‍ന്നു നാടാരുണര്‍ന്നു. ജനങ്ങള്‍ക്കൊരു പുതുവാര്‍ത്തയായി. മാടനും മാടത്തിക്കും (ചക്കി) മാണ്ടയ്ക്കും, കോതപ്പെണ്ണിനും പുതുമണവാട്ടിയെ എത്ര ദര്‍ശിച്ചാലും തൃപ്തിവരാതെ കുഴഞ്ഞു. എങ്ങിനെ സംബോധന ചെയ്യുമെന്ന വിമ്മിഷ്ടത്താല്‍ വീര്‍പ്പുമുട്ടി. പേരു വിളിക്കാമോ, തമ്പുരാട്ടിയെന്നോ - ഒന്നുമവര്‍ക്കറിയില്ല. ജ്യേഷ്ഠന്‍ നില്‍ക്കേ വിവരവും ഉദ്യോഗവുമുള്ള അനുജന്‍ ശരദദാസ്സ് വിവാഹിതനായിരിക്കുന്നു.
പേരുച്ചരിച്ചാല്‍ തമ്പുരാട്ടിക്കുട്ടിയോടു കാണിക്കുന്ന അപമരിയാദയാകുമോ എന്നവര്‍ക്കു തോന്നാതിരുന്നില്ല. മകന്റെ ഭാര്യയെ പേരുച്ചരിക്കാതെ ബഹുമാനപുരസ്സരം, ഓമനപ്പേരു വിളിക്കാമെന്നു തീരുമാനിച്ചു. എന്തു കൊടുത്തീ തമ്പുരാട്ടിക്കുട്ടിയെ തൃപ്തിപ്പെടുത്തും എന്നവര്‍ക്കു നിശ്ചയമില്ലാതെ വിഷമിച്ചു.
കുളിക്കുവാന്‍ കുളിമുറിക്കു പകരം മറപ്പുര ഇപ്പോഴത്തേയ്ക്കതു മതി എന്നവരുറച്ചു.
ശരദദാസ്സും താത്രിക്കുട്ടിയും പുലര്‍കാലേ ഉണര്‍ന്നു. ദിനചര്യകള്‍ക്കുള്ള സൗകര്യങ്ങള്‍ കൊണ്ടാ തമ്പുരാട്ടിക്കുട്ടി തൃപ്തയായി. അലക്കി വെളുപ്പിച്ചു മടക്കി വെച്ചിരുന്ന മുണ്ടെടുത്തു കൊടുത്തു. റൗക്ക ധരിച്ചു ഏത്താപ്പുമുണ്ടു പുതച്ചു. പുരയുടെ മുമ്പിലുള്ള വരാന്തയില്‍ വന്നിരുന്നു. ചട്ടിയില്‍ ശര്‍ക്കര ചായ പകര്‍ന്നു കൊടുത്തു. അതവള്‍ വാങ്ങിക്കുടിച്ചു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ പരമശിവന്‍ പിള്ളയുടെ കടയില്‍ നിന്നും ഒരു ബഞ്ചു കൊണ്ടു വന്നു വീടിന്റെ മുന്‍വശത്തിട്ടു. ഗൗരിക്കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു കട്ടില്‍. മൈലന്‍പിള്ള പഴങ്ങളും പച്ചക്കറികളും അരിയും മറ്റു കൊണ്ടു വന്നു കൊടുത്തു. അയല്‍വാസികളായ പുലയരും പറയരും ക്രിസ്ത്യാനികളും മാടന്റെ കുടിലിലേയ്ക്കു പ്രവഹിക്കുവാന്‍ തുടങ്ങി. പരമശിവന്‍പിള്ളയുടെ അച്ചി വിലാസിനി മകള്‍ ഗീതാദേവി പുരുഷന്‍ നായര്‍ എന്നിവര്‍ തന്നാലായ പുരസ്‌ക്കാരങ്ങളുമായി ആഗതരായി. പുതുപെണ്ണിനെ ഒരു നോക്കു കണ്ട ജനങ്ങള്‍ അത്ഭുതപ്പെട്ടു. വലിയ നമ്പൂതിരി മനയ്ക്കലെ തമ്പുരാട്ടിക്കുട്ടി പുലയക്കുടിലില്‍ ചേക്കേറിയിരിക്കുന്നു.
എല്ലാവരും ആരോപണ പ്രത്യാരോപണങ്ങളാണ് പുലമ്പിയിരുന്നത്. മനയ്ക്കലെ തമ്പുരാട്ടിക്കുട്ടിയെ മാടപ്പുലയന്റെ മകന്‍ തട്ടിക്കൊണ്ടു വന്നിരിക്കുന്നു.
അവന്‍ വലിയ മാഷാണ് എന്നിട്ടു പോലും ഈ കടുംകൈ ചെയ്തല്ലോ, സംസ്‌ക്കാര ശൂന്ന്യന്‍, ചിലരഭിപ്രായപ്പെട്ടു.
ഏയ് - പെലേനല്ലേ ചെറ്റത്തരമല്ലേ കാണിക്കൂ. എല്ലാവരേയും കൂട്ടത്തോടെ നശിപ്പിക്കുവാനുള്ള ഏര്‍പ്പാടാണിതൊക്കെ.
വിവരമുണ്ടെന്നു ഭാവിച്ചു നടക്കുന്നവര്‍ പോലും കുശുമ്പു കുത്താന്‍ മടി കാണിക്കാറില്ലല്ലോ. ശരദദാസ്സ് ജ്യേഷ്ടനായ ചിത്തരാജിന്റെ കൈവശം ലീവപേക്ഷ കൊടുത്തയച്ചു.
ചിത്തരാജ് പോകും വഴിക്ക്, ചെത്തിത്തറ ഭാഗത്ത് തലേദിവസം നടന്ന സംഭവവികാസത്തെപ്പറ്റി അന്വേഷിച്ചു.
രണ്ടു മൂന്നാളുകള്‍ കള്ളും കുടിച്ചു തമ്മിലടിയിട്ടുള്ളവിടെ കിടന്നിരുന്നു. നേരം വെട്ടമിടുന്നതിനു മുമ്പ് അവരെ താങ്ങിയെടുത്തു വൈദ്യരുടെ അടുത്തേയ്ക്കു കൊണ്ടു പോയി. ചിലര്‍ പറഞ്ഞു, വേറെ ചിലആളുകളുമായിട്ടാണടിയുണ്ടായത്. അടികൊണ്ടു ഇവര്‍ വീണു പോയി. ആരാണടിച്ചതെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലത്രേ. വിഷ്ണു നമ്പൂതിരി നിര്‍ദ്ദേശിച്ചയച്ച ചട്ടമ്പികളാണെന്നും കൊച്ചു മകളെ തട്ടിക്കൊണ്ടു പോയ പുലയച്ചെറുക്കനെ ആക്രമിക്കുവാനും വേണ്ടി നിയോഗിക്കപ്പെട്ടവരാണെന്നും അറിഞ്ഞു. 
വിവിധ അഭിപ്രായ പ്രകടനങ്ങള്‍ മനസ്സിലാക്കിയ ചിത്തരാജ് സ്‌ക്കൂളില്‍ ചെന്നു ശരദദാസ്സിന്റെ ലീവപേക്ഷ കൊടുത്തു. മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താതെ തിരിച്ചു പോന്നു.
രണ്ടു ദിനങ്ങള്‍ക്കുശേഷം നീലകണ്ഠന്‍ നമ്പൂതിരിയും, സേതുലക്ഷ്മി അന്തര്‍ജനവും, സാവിത്രിക്കുട്ടിയുടെ സഹോദരങ്ങളും, വാല്യക്കാരുമൊത്തു കാട്ടാത്തില്ലത്തു വന്നു. വിഷ്ണു നമ്പൂതിരിയും നീലകണ്ഠന്‍ നമ്പൂതിരിയും, ചില ചെറുപ്പക്കാരുമൊത്തു ബഹുദൂരം സഞ്ചരിച്ചു ചെളിപ്പറമ്പിലെ മാടന്റെ കുടിലിനു സമീപത്തേയ്ക്കു ആഗതരായി.
തന്റെ മകളെ തട്ടിക്കൊണ്ടു പോയ പുലയക്കിടാത്തനെ കയ്യില്‍ക്കിട്ടിയാല്‍ നിഷ്‌ക്കരുണം ചവച്ചരച്ചു തിന്നുവാനുള്ള ഉത്ഘടമായ കോപത്തോടു കൂടിയായിരുന്നാ വരവ്. അവനെ മാത്രമല്ല അവന്റെ കുലത്തെ മുഴുവനും, കത്തിച്ചു ഭസ്മമാക്കി കലക്കി കുടിച്ചാലും, കലിയടങ്ങില്ല. അത്രയ്ക്കു തിയാളിച്ചു കൊണ്ടാണ് കൊടുങ്കാറ്റു കണക്ക് പാഞ്ഞെത്തിയത്.
നമ്പൂതിരിമാര്‍ വരുന്നുണ്ടെന്നറിഞ്ഞ പപ്പുമാനേജരും, ഇട്യാദിമൂപ്പനും, പരമശിവന്‍ പിള്ളയുമൊത്ത് മാടന്റെ കുടില്‍ മുറ്റത്ത് ചെന്നു കാത്തു നിന്നു. പുലയ കുടിലേറിയ നമ്പൂതിരിക്കുട്ടിയെ തിരിച്ചു കൊണ്ടു പോകുവാന്‍ പിതാവായ നീലകണ്ഠന്‍ നമ്പൂതിരി ആഗതനായതില്‍ അപാകതയൊന്നുമില്ല. കാരണം അത്രയ്ക്കു ഓമനിച്ചു പോറ്റി വളര്‍ത്തിയതാണ് ഇല്ലത്തിന്റെ പൊന്നോമനയാണ് ഐശ്വര്യദേവതയാണ് എല്ലാമാണ്. അങ്ങിനെയു കുട്ടിക്കാവുവിന് എന്തെങ്കിലും അവിചാരിതമായി സംഭവിക്കുകയാണെങ്കില്‍ ''ഹോ'' ചിന്തിക്കുവാന്‍ പോലും നിര്‍വ്വാഹമില്ല. പിന്നെ ഭൂമിക്കു മുകളില്‍ നമ്പൂതിരിമാര്‍ ജീവിക്കുന്നതിലര്‍ത്ഥമില്ല.

കുടിലിന്നു മുന്‍ഭാഗത്തെ മുറ്റത്തു തന്നെ മാടനും പുലക്കള്ളി ചക്കിയും പിന്നെ മാണ്ടയും നിന്നിരുന്നു. മാടനെ കണ്ടു മറന്ന പോലെ നീലകണ്ഠന്‍ നമ്പൂതിരിയുടെ സ്മൃതിമണ്ഡലത്തില്‍ തെളിഞ്ഞു വന്നു.
വിഷ്ണു നമ്പൂതിരിയുടെ ഇല്ലത്തു വന്നപ്പോള്‍ പുലയച്ചെറുക്കന്‍ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ഇപ്പോളിതാ മാടന്‍,ചക്കി, അന്നത്തെ ചെറുമിക്കിടാത്തി, പിന്നെ കുടിലെരിച്ചു, കൊലവിളി നടത്തി രായ്ക്കുരാമാനം തുരത്തിവിട്ട മാടന്റെ കൊച്ചെറുക്കനാണെന്നറിഞ്ഞിരുന്നില്ല.
അദ്ദേഹമാക്രോശിച്ചു.
മാടാ നീയാണല്ലേ, നിന്റെ മകനല്ലേടാ എന്റെ മകളെ തട്ടിക്കൊണ്ടു പോന്നത്.
മാടന്‍ കൂസലേന്യേ ആക്രോശത്തോടെ അലറി അതേടാ തമ്പ്രേനേ, നീയെക്ക എങ്കള അവടന്നു കുടിലെരിച്ചിട്ടോടിച്ചില്ലേ. 
ചക്കി മാണ്ടയുടെ കൈക്കു പിടിച്ചു മുന്നോട്ടു വന്നു ഗര്‍ജ്ജിച്ചു. എങ്കള അവടന്നോടിച്ചതു, ഓര്‍ക്കണണ്ടാ, തേ - നിങ്കളിവളക്കണ്ടാ മാണ്ടേണിത്. ചെറുമിക്കിടാത്തി. ഇത് വേണേങ്കി - നിന്റെ അനിശത്തിയായിട്ടു വരും രണ്ടു തള്ള, തന്ത ഒന്ന്. ഞങ്ങേക്ക പെലേരായിപ്പോയില്ലേ. ചോരബന്തം, പറകാനൊക്കോ. നിങ്ങ,ക്കെന്ത്വോകാല്ലാ. ഞങ്ങള എന്തും ചെയ്യാല്ലാ, ഒന്നും കൊടുക്കുകേം വേണ്ടല്ല.
എല്ലാവരുടെയും മുന്നില്‍ വെച്ചു നീലകണ്ഠന്‍ നമ്പൂതിരി അവഹേളിക്കപ്പെട്ടു, ഇളിഭ്യനായി - അമ്മായിയച്ഛന്റെ മുഖത്തേയ്ക്കു നോക്കി വിളറി വെളുത്തു തലകറങ്ങുന്നതു പോലെ തോന്നിച്ചു. ദയനീയമായി നിന്നു പരുങ്ങി. വീണു പോകുമോ എന്നു തോന്നി ഒരു തെങ്ങില്‍ കയ്യൂന്നി നിന്നു. മുഖം താഴ്ത്തി നിസ്സഹായതയോടെ തലകുനിച്ചു. അടക്കാനാവാത്ത കദനഭാരത്താല്‍ അശ്രുകണങ്ങളുതിര്‍ത്തി.
താത്രിക്കുട്ടി ഓടി വന്നു - അപ്പാ - അപ്പാ എന്താണപ്പാ എന്തുണ്ടായി എന്തു പറ്റിയപ്പാ - അവളയാളുടെ ദേഹത്തു തൊട്ടു തഴുതി ആരാഞ്ഞു.
അയാളല്‍പ്പം മനസ്സിനെ നിയന്ത്രിച്ചു കൊണ്ടു അവളുടെ കൈതട്ടി മാറ്റി, ഈറനണിഞ്ഞ നയനങ്ങളാല്‍, കോപിഷ്ടനായി ആക്രോശിച്ചു.
പോടീ - പുലക്കുടിലേറിപ്പോയവളെനെന തൊടേണ്ട.
ഹോ - അച്ഛനു മകളല്ല - ജാതിയാണ് വലുത്. ഇത്തരം മതഭ്രാന്തന്മാരുണ്ടല്ലോ - അവള്‍ പ്രതിവചിച്ചു.
അതു കേള്‍ക്കേണ്ട താമസം ശരദദാസ്സ് കൊടുങ്കാറ്റു പോലെ മുന്നോട്ടു വന്നു. തമ്പ്രേനേ ഞാനാണ് ശരദദാസ്സ് സാവിത്രിക്കുട്ടിയുടെ പെലേന്‍ ഭര്‍ത്താവ്.
കെണിയിലകപ്പെട്ട എലി കണക്കു നമ്പൂതിരി നിന്നു പരുങ്ങി. മറിച്ചൊന്നും ഉരിയാടുവാന്‍ വയ്യാതെ വിവശനായി. വിഷ്ണു നമ്പൂതിരിയുടെ മരുമകനായ നീലകണ്ഠന്‍ നമ്പൂതിരിയുടെ അവസ്ഥ കണ്ടു പരിതാപപ്പെട്ടു ചെന്നു താങ്ങിപ്പിടിച്ചു, നടത്തിച്ചു. കൂട്ടത്തില്‍ ചട്ടമ്പികള്‍ - തമ്പ്രേനേ - ഒന്നു മൂളിയാല്‍ മതി ഇതൊക്കെ വലിച്ചു പറിച്ചു തീയിട്ടു എല്ലാത്തിനേം അടിച്ചോടിക്കാം.
അതുകേട്ട ചിത്തരാജ് മുന്നോട്ടു വന്നു - എന്താടാ നീയൊക്കെ പറഞ്ഞത്. തമ്പുരാക്കന്മാരുടെ അനുവാദമുണ്ടെങ്കില്‍, ഇതൊക്കെ വലിച്ചു പറിച്ചു തീയിടും അല്ലേ. അതിനു അവര്‍ക്കാര്‍ക്കും അനുവാദം തരാന്‍ പറ്റില്ല. ഇതാ ഞാനനുവാദം തന്നിരിക്കുന്നു. നീയൊക്കെ അവയെല്ലാം വലിച്ചു പറിച്ചു തീയിട്ടോ.
ചെല്ലെടാ - വലിച്ചു പറിക്കടാ.
നീയും തമ്പുരാക്കന്മാരും ഇവിടെ നിന്നും പോകില്ല. പറഞ്ഞേക്കാം. ഞങ്ങളൊന്നും അനങ്ങാതെ നില്‍ക്കുന്നതു സാവിത്രിക്കുട്ടിയെ ഓര്‍ത്തിട്ടാണ്. നിനക്കൊക്കെ സംശയമുണ്ടെങ്കില്‍ അവളോടു ചോദിച്ചു നോക്കൂ.
ചിത്തരാജ് തിരിഞ്ഞു വിഷ്ണു നമ്പൂതിരിയോട് എടോ തമ്പ്രേനേ - നീ, കുറേ ചട്ടമ്പികളെ വിട്ടിരുന്നില്ലേ - അവരെന്തേ ഉം. എല്ലാം ക്ഷമിച്ചിരിക്കണു - പോടാ നമ്പൂരിമാരേ - പട്ടി നായര്‍ ചട്ടമ്പികളെ നിങ്ങളും പൊയ്‌ക്കോ.
അവര്‍ തിരിച്ചു ചെന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് പരാതി കൊടുത്തയച്ചു. അതുപ്രകാരം സബ്ബ് ഇന്‍സ്‌പെക്ടറും രണ്ടു പോലീസുകാരും വൈകുന്നേരത്തോടെ മാടന്റെ വീട്ടില്‍ വന്നു.
ആരാ മാടന്‍ മകന്‍ ശരദദാസ്സ്.
ശരദദാസ്സ് മുന്നോട്ടു വന്നു പറഞ്ഞു - ഞാനാണ് ശരദദാസ്സ്, എന്താ...
നീ വിഷ്ണു നമ്പൂതിരിയുടെ ഇല്ലത്തു നിന്നും ഒരു പെണ്ണിനെ തട്ടിക്കൊണ്ടു വന്നിട്ടുണ്ടോ.
ഉണ്ട് - തട്ടിക്കൊണ്ടു വന്നതല്ല അവള്‍ തനിയേ വന്നതാണ്.
എവിടെ ആ പെണ്‍കുട്ടി.
താത്രിക്കുട്ടി വെളിയില്‍ വന്നു പറഞ്ഞു - ഞാന്‍ തനിയേ ശരദദാസ്സിന്റെ കൂടെ ഇഷ്ടപ്പെട്ടു പോന്നതാണ്.
ശരദദാസ്സിനോടു തിരിഞ്ഞ് - നീയൊക്കെ തമ്പുരാക്കന്മാരെ വിരട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയോടാ.
ഇല്ല അവരാണ് കുടിലു പൊളിച്ചു തീയിട്ട് ഓടിക്കുമെന്നു പറഞ്ഞത്.
അന്നേരം പപ്പുമാനേജര്‍ അവിടേയ്ക്കു വന്നു പറഞ്ഞു. 
സര്‍, താലൂക്കധികാരിയോടെല്ലാം പറഞ്ഞിട്ടുണ്ട്. കൂടാതെ, അദ്ദേഹം സാറിനോടും പറയാമെന്നും ഏറ്റിരുന്നു. പോലീസു വന്നാല്‍ അദ്ദേഹത്തോടു വിവരങ്ങള്‍ ഉണര്‍ത്തിച്ചിട്ടുണ്ടെന്നു പറയുവാന്‍ പറഞ്ഞിട്ടുണ്ട്.
ശരി നിന്റെ പേരെന്താണ്.
പപ്പുമാനേജര്‍.
ഓഹോ - നീയാണെല്ലേ ഇവരെയൊക്കെ നയിക്കുന്ന മാനേജര്‍.
കളിയാക്കേണ്ട - നിങ്ങളുടെ ഡ്യൂട്ടിക്കു ചേര്‍ന്ന വാക്കുകള്‍ ഉച്ചരിച്ചാല്‍ മതി. പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന അധികാരപ്പെട്ട വ്യക്തിയാണു ഞാന്‍.
അവിചാരിതമായി ലഭിച്ച ഉത്തരം എസ്.ഐ.യെ ആശയകുഴപ്പത്തിലാക്കി. അത്യപൂര്‍വ്വമായ വാക്കുകള്‍ അയാളെ ചിന്തയിലാഴ്ത്തി.
ശരി പരാതി കിട്ടിയാല്‍ അന്വേഷിക്കേണ്ട ചുമതലയുണ്ടല്ലോ അതുകൊണ്ടു വന്നതാണ് ഗൗരവലേശമെന്ന്യേ അയാള്‍ പറഞ്ഞു.
പപ്പുമാനേജര്‍ - നിങ്ങള്‍ പരാതി കിട്ടിയതു കൊണ്ടു വന്നു. പക്ഷേ താലൂക്ക് അധികാരിയുടെ നിര്‍ദ്ദേശത്തിന്നു നിങ്ങള്‍ യാതൊരു മാന്യതയും കല്‍പ്പിച്ചില്ല. അതല്ലേ അതിന്റെ ശരി.
എസ്.ഐ. - അതല്ല കാര്യം - അധികാര ഗര്‍വ്വില്ലാതെ താഴ്ന്ന സ്വരത്തിലുള്ള മറുപടി.
പപ്പുമാനേജര്‍ - ഇതിന്റെയൊക്കെ സത്യാവസ്ഥകളറിയാവുന്നതു കൊു പറയുകയാണ് ഈ യുവതീയുവാക്കള്‍ പുലപ്പേടി നാളിലാണ് ഒന്നിച്ചു ജീവിക്കുവാന്‍ തീരുമാനിച്ചത്. കൂടാതെ താത്രിക്കുട്ടി ശരദദാസ്സിനെ തേടി ഇങ്ങോട്ടാണു വന്നിരിക്കുന്നത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതും പഠിച്ചവളുമാണ്. ഇതൊക്കെ മറച്ചു വെച്ച് നിങ്ങള്‍ നമ്പൂതിരിമാരെ ആക്രമിക്കുവാന്‍ ചെന്നു എന്നു പറഞ്ഞു കുറ്റാരോപണം നടത്തിയതു ശരിയായില്ല.
എസ്.ഐ - ശരിയായ കാര്യങ്ങള്‍ അന്വേഷിച്ച് പരാതി കൈകാര്യം ചെയ്യുവാനാണ് പോലീസ് വന്നിരിക്കുന്നത്.
പപ്പുമാനേജര്‍ - സര്‍, ശ്രീ. ശരദദാസ്സ് അധ്യാപകനും ബിരുദധാരിയുമാണ്. അതില്‍പരം പുലയനുമാണ് - ഈ പുലപ്പേടി നാളുകളിലാണീ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.
പരാതി നല്‍കിയിരിക്കുന്നവര്‍ ഉന്നതജാതിക്കാരാണ്. അവരെ സംരക്ഷിക്കേണ്ട കടമ മാത്രമേ പോലീസിനുള്ളോ അതോ പാവങ്ങളായ പുലയരെയൊന്നും രക്ഷിക്കേണ്ട ചുമതല നിങ്ങള്‍ക്കില്ലെന്നുണ്ടോ. ഏതായാലും ഈ ചെയ്തത് ഒട്ടും ശരിയായില്ല. കാരണം ജന്മിമാരുടെ മാത്രം പരാതി കൈകാര്യം ചെയ്തതും, നിയമങ്ങളും നിര്‍ദ്ദേശങ്ങളും മറ്റും മന:പ്പൂര്‍വ്വം അട്ടിമറിച്ചതും ഒക്കെ ഏതായാലും ഈ പോലീസ് വരവുമെല്ലാം ഇവരെ മാനസികമായി തളര്‍ത്തിയിരിക്കുന്നു. കുടുംബഛിത്രത നാമ്പെടുത്തിരിക്കുന്നു.
അവരെ ചോദ്യം ചെയ്തപ്പോള്‍ എന്തെങ്കിലും അപക്വാമായ വിവരങ്ങള്‍ നിങ്ങള്‍ക്കു ലഭിച്ചിരുന്നുവെങ്കില്‍ നിങ്ങളവരെ പോലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു കൊണ്ടു പോയി പീഢിപ്പിക്കുമായിരുന്നില്ലേ.
പിന്നെ സാര്‍, ഇതിന്റെ പേരില്‍ ഉന്നതര്‍ വീണ്ടും വന്നു ഈ പാവങ്ങളെ കഷ്ടപ്പെടുത്തി പുരയൊക്കെ കത്തിച്ചു തല്ലിയോടിക്കുകയാണെങ്കില്‍ ആരിവര്‍ക്കു സംരക്ഷണം കൊടുക്കും. അതുകൊണ്ട് ഇന്നുമുതല്‍ പോലീസ് കാവലേര്‍പ്പാടു ചെയ്യണം ഇതെന്റെ ഒരഭ്യര്‍ത്ഥനയാണ്. ദയവായി ഈ സാധു ജനങ്ങളെ സംരക്ഷിക്കണം. എസ്.ഐ പപ്പുമാനേജരുടെ ന്യായമായ അഭ്യര്‍ത്ഥന കേട്ടു. അദ്ദേഹത്തിന്റെ അറിവിലും മാന്യതയിലും അഭിമാനം തോന്നി. ഹസ്തദാനം ചെയ്തനുമോദിച്ചു. വേണ്ട സഹായം പ്രതീക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു തിരിച്ചു പോയി.
മലപോലെ വന്നതു കാറ്റായി കലാശിച്ചു.
ഇതിനിടയ്ക്കു ഭൂമിയളന്നു കൊടുക്കുവാനുള്ള തയ്യാറെടുപ്പോടെ പാറോത്തിക്കാരനും ചെയിന്‍ മേന്മാരും ശിപായിമാരും ചങ്ങലയുമായി വലിയ പുസ്തകവും താങ്ങിപ്പിടിച്ചു വന്നു.
കൃഷ്ണന്‍ മുതലാളിയുടെ പറമ്പിന്റെ തെക്കു കിഴക്കു ഭാഗത്തുള്ള പള്ളിക്കാട്ടു തന്നെ കിടക്കുന്ന ഭൂമിയാണ് ചിത്തരാജിനും, ശരദദാസ്സിനും അളന്നു കൊടുക്കുവാന്‍ തീരുമാനിച്ചത്. അതുപ്രകാരം അളവു തുടങ്ങിപാറക്കൂട്ടങ്ങളും ചെളിത്തോടുകളും ചതുപ്പു നിലങ്ങളുമുള്‍പ്പെട്ട പറമ്പടിയും പാടമാക്കി മാറ്റുവാന്‍ പര്യാപ്തമായ ചെളിപ്രദേശവും ആണ് അന്നളന്നു കൊടുത്തത്. പപ്പുമാനേജര്‍, ചിത്തരാജ്, ഇട്യാദിമൂപ്പന്‍, ശരദദാസ്സ് മുതലായവര്‍ക്കു മാത്രമാണ് അന്നളവു നടന്നത്. സാധാരണ സര്‍വ്വേ രാവിലെ തുടങ്ങിയാല്‍ മദ്ധ്യാഹ്നത്തിന്നു മുമ്പേ ഒന്നും കഴിക്കാതെ ഏകദേശം പതിനൊന്നു മണിവരെ മാത്രമേ നടത്തുവാന്‍ സാധിക്കുകയുള്ളൂ. വെയിലു മൂത്താല്‍ ഒരു ജോലിയും നടക്കുകയില്ല. തളര്‍ന്നു പോകും.
നിരവധി ദിവസങ്ങളുടെയും മാസങ്ങളുടെയും കാത്തിരുപ്പിനൊടുവില്‍ സംജാതമായ ഭൂമി ലഭ്യതയുടെ പ്രാരംഭചടങ്ങുകളാണീ സര്‍വ്വേ കൊണ്ടു സമാരംഭിച്ചിരിക്കുന്നത്.
ദിനരാത്രങ്ങള്‍ ആനന്ദാതിരേകത്തില്‍ മതി മറന്നു, പുലപ്പേടി നാളുകളുമവസാനിക്കാറായി.
സമയം ലഭിക്കുമ്പോഴൊക്കെ താത്രിക്കുട്ടി പാഠശാലയിലും, ഗൗരിക്കുട്ടിയെ ചെന്നു സന്ദര്‍ശിച്ചിരുന്നു. മാടന്റെ വീട്ടിലിരുന്നു മടുക്കുമ്പോള്‍, ചക്കിയോടും മാടനോടും യാത്ര ചൊല്ലിയിറങ്ങുകയായിരുന്നു പതിവ്.
മാടനെ അച്ഛായെന്നും, ചക്കിയെ അമ്മേയെന്നും സംബോധന ചെയ്യുമ്പോഴൊക്കെ അവരുടെയുള്ളില്‍ താത്രിക്കുട്ടിയോടുള്ള ബഹുമാനം ശതഗുണീ ഭവിച്ചു വിമ്മിഷ്ടമായി മുറ്റി നിന്നിരുന്നു. മാണ്ടയെ ചേച്ചിയെന്നും ചിത്തരാജിനെ വല്യാട്ടാ എന്നുമുള്ള അവളുടെ ആത്മാര്‍ത്ഥത തുളുമ്പുന്ന സംബോധന തമ്പുരാട്ടി കുട്ടിയെ ഏതു രീതിയില്‍ തിരിച്ചു സംബോധന ചെയ്യുമെന്നോര്‍ത്തു വിഷമിച്ചിരുന്നു.
എങ്കിലും വാത്സല്യാത്മകമായി മകളേ എന്നു വിളിക്കുമ്പോള്‍ കാതോര്‍ത്തിരുന്ന പോലെ താത്രിക്കുട്ടി വിളി കേട്ടിരുന്നു.
എന്തേച്ഛാ - എന്നു വിളികേട്ടവള്‍ ഓടിച്ചെന്നു. തറവാട്ടു മഹിമ ദ്വൊതിപ്പിച്ചിരുന്നു. 
സാവിത്രിക്കുട്ടി വന്നു കയറിയ അന്നു മുതല്‍ മാടന്റെ വീട്ടില്‍ ഉത്സവ പ്രതീതിയായിരുന്നു. അവള്‍ക്കെന്താണിഷ്ടമെന്നു മനസ്സിലാക്കി, അതിനു തക്കവിഭവങ്ങളുണ്ടാക്കി നല്‍കുവാന്‍ അവര്‍ ഉത്സുകരായിരുന്നു.
ഒരിക്കല്‍ താത്രിക്കുട്ടിയറിയിച്ചു. അമ്മേ ഇക്ക് പ്രത്യാകിച്ചൊന്നും വേണ്ടട്ടോ. ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ളതുണ്ടാക്കിയാല്‍ മതി. അതില്‍ നിന്നൊരു പങ്ക് എനിക്കും തന്നാല്‍ മതിയാകും.
ചക്കി - മോളേ മീനും എറച്ചീം കയിക്കോ.
താത്രിക്കുട്ടി - അതൊന്നും ഇപ്പോള്‍ വേണ്ട, അവയൊക്കെ പിന്നീടു ശീലിച്ചു കൊള്ളാം.
ചക്കി - അതല്ല മോളേ - നിനക്കു വേണ്ട തരത്തിലുള്ള പച്ചക്കറിയൊക്കെയുണ്ടാക്കണ്ടേ.
താത്രിക്കുട്ടി - എന്തായാലും ചെറിയൊരു കൂട്ടാന്‍ അച്ചാറ് - കൂടെ അല്‍പ്പം ചോറ് - അതുമതി. പിന്നെ രാവിലേയും വൈകിട്ടും കാപ്പി. കാപ്പിയില്ലെങ്കില്‍ നിങ്ങളൊക്കെ കുടിക്കുന്ന തരത്തിലുള്ള കട്ടന്‍ ചായ. പ്രാതലിന് മറ്റു തരത്തിലു പലഹാരങ്ങളൊന്നും വേണ്ട. വല്ല കിഴങ്ങു പുഴങ്ങിയതോ മറ്റോ മതി ഒന്നുമില്ലെങ്കില്‍ കഞ്ഞിയും പുളിഞ്ചമ്മന്തിയും മാത്രം മതി. അരിയും പരിപ്പും പയറുമൊക്കെ തീരുന്നതിനു മുമ്പേ പറയണ്. പരമശിവന്‍ പിള്ളയുടെ കടയില്‍ നിന്നും വരുത്തിക്കാം.
ചക്കി - വേണ്ട മോളേ - ചരതന്‍ എല്ലാമേര്‍പ്പാടാക്കീട്ടൊണ്ട്.
ഞങ്ങക്കൊക്കെ മോള കണ്ടോണ്ടിരുന്നാ മാത്രം മതി.
സമയം കിട്ടുമ്പോഴൊക്കെ ചക്കിയും മാണ്ടയും താത്രിക്കുട്ടിയുടെ തലയില്‍ നോക്കി കൊടുക്കുമായിരുന്നു. അവളുടെ സാമീപ്യത്തിലും അനുകമ്പയുള്ള പെരുമാറ്റത്തിലും എല്ലാവര്‍ക്കും വളരെ അനുഭൂതിയായി. അവളുടെ നാവില്‍ നിന്നെന്തെങ്കിലും വീഴാന്‍ സേവന തല്‍പ്പരരായവര്‍ കാത്തിരുന്നു. 
ഞങ്ങ, നിങ്കട പാടത്ത പണിക്കാരായിരിന്നി. ഇല്ലിക്കാടിനു പടിഞ്ഞാറുള്ള നിങ്കട പടോല്ലേ. അയിന്റെ ചെറേലായിരിന്നി - എങ്കക്ക് വെച്ചിതന്തേതി. എണ്ട കെട്ടു കയ്ഞ്ചപ്പ ആദ്യം എണ്ണ നിങ്ങട മുത്തപ്പന്‍ കൊച്ചുകണ്ടോരി വല്യാ നമ്പൂരി തമ്പ്രേന്‍ പടിക്കുള്ളീക്കേച്ചി - വൈക്കാത്തുറൂന്റെ വട എണ്ണ പാര്‍പ്പിച്ചി.
പുലക്കള്ളിയുടെ ശുദ്ധഗതി ആരോടെന്തെക്ക പുലമ്പണമെന്നറിവില്ലാത്ത പാവങ്ങള്‍. വര്‍ത്തമാനം പറയുവാന്‍ കഴിവില്ലാത്തവര്‍ വര്‍ത്തമാനം പറയുമ്പോള്‍ കേള്‍ക്കുവാനാളുണ്ടായാല്‍ അര്‍ത്ഥമില്ലാത്ത പലതും പറഞ്ഞു കൊണ്ടേയിരിക്കും.
മാടനോടു കുടീലോട്ടു എരുമനേം കൊണ്ട് പൊയ്‌ക്കൊളാന്‍ പറഞ്ചി.
രണ്ടായ്ചകയ്ഞ്ഞിട്ടാണി എണ്ട പുതുപെലേന്റൊപ്പം പറഞ്ചയച്ചീത്. പിന്നെ തരം കിട്ടുമ്പോയെക്ക വല്യമ്പ്രാന്‍ കുടീല് വരോയിരുന്നു. അപ്പേക്ക മാടന്‍ പാടത്താട്ടു നടന്നു പൊയ്ക്കളേം.
അങ്കനേണി - മാണ്ടന ഏന്‍ പെച്ചത്. പിന്നെ മാണ്ട വല്യാതായപ്പ, നിങ്കട അപ്പന്‍ അവളക്കേറി പിടിക്കാന്നോക്കി. ഒന്നു രണ്ടു പ്രാവശ്യം പിടിച്ചപ്പം അവളോടിക്കളഞ്ചി. പിന്ന ഒരു തെവതം പിടിച്ചപ്പ അവളൊരു കടി വെച്ചു കൊടുത്തോണ്ടോടിപ്പോയി.
ആ കടീട പാടാണീ നിങ്ങട അപ്പണ്ട കയ്യിലൊള്ള പാട്.
അന്നു രാത്രിക്കു രാത്രി തന്നെ എങ്കട കുടി നാഴോമ്മാരെക്ക കൂടി വന്നി തീ വെച്ചി കത്തിച്ചി. ഒരി കണക്കിനി ചാടി എണീച്ചി വെശമിച്ചി, ഈ പിയം മക്കളേം പെറുക്കി എടുത്തോണ്ടു രായ്ക്കുരാമാനം നിങ്കട നാട്ടീന്ന് പോന്നേണി. ഇവട കുടികേറി ഇവടന്നെങ്ങും എങ്കക്കു പോകാനക്കൊണ്ടു വേറൊരെടോല്ല. പച്ചേങ്കി ഇവടത്ത കിശണം മൊയലാളിക്ക് മാണ്ടന ഇട്ടോയി. അവളിവടേം മൊയലാളിമാരിക്ക് അനിട്ടം കാട്ടീരുന്നെങ്കി ഞങ്ങ പിന്ന എവട പോകാരിന്നി. ഒരെടോല്ലാരുന്നേനെ.
പുലക്കള്ളീട വയിറ്റീ പെറ്റു പോയില്ലേ നിങ്കളപ്പോലേള്ള മൊയലാളിമാരോട് അനുസരണക്കേട് കാണിക്കാമ്പാടില്ല. വായ്ക്ക് നെല്ലളക്കണ തമ്പ്രേന്‍ കൈക്ക് പിടിച്ചാ - പച്ചികേലന്നു പറകാം പച്ചോ. നാട്ടു പ്രമാണികളും ചട്ടമ്പികളും കുടീക്കേറി വന്നാ അരുതെന്നു പറകാനും പച്ചുകേല അരുതാത്തതെന്തെങ്കിലും പറഞ്ചാ ആണുങ്ങള കെട്ടീട്ടു തല്ലിക്കൊല്ലും പെണ്ണുങ്ങള അവിരിക്കട മുന്നീട്ടു തകരാറു ചെയ്യും. അതോണ്ട് ഞങ്ങ എല്ലാത്തിനും തമ്മദിച്ചു കൊടുക്കും.
അങ്കന മാണ്ടനലാളിച്ചി.
പിന്ന മെയ്‌ലാളി - പറഞ്ചാ പറഞ്ചതാണി നെനക്ക് പെരകെട്ടിത്തരാ, പൊന്നുമാല തരാ, പറമ്പു തരാ, പാടം തരാ എന്നെക്ക ആശിപ്പിച്ചിട്ടാണി - മാണ്ട തമ്മദിച്ചത്.
അങ്കനേണീ പെരേം, പറമ്പും, പാടോക്ക ഒണ്ടായീത്. പിന്ന മൊതലാളി കിണ്ണന്‍ തണ്ണാന്റെ പാടത്തും പറമ്പിലും മാടനീം എണക്കും തെകതോം വേല. ചരതന്‍ പടിച്ചിവല്യാ മാശായി. മൂത്തവന്‍ ചാത്തേന്‍ (ചിത്തരാജ്) പിടിച്ചില്ല. അവനാണീ നാട്ടില രാശാവ്. അവനൊരു കെമലനാണേയ്.
കൊച്ചൂട്ടിനക്കൊണ്ടു മാണ്ടന കന്ത്യാണം കയിപ്പിച്ചത് കിണ്ണന്‍ തണ്ണാനാണി. ഇപ്പയാണി ഞങ്ങേക്ക വയി നടക്കണിത്. മേല് മറക്കണതി, കൊച്ചിങ്ങളെക്ക പടിക്കാമ്പോണതി, കൂലികൂടുതല് കിട്ടണത്. പിന്ന ഇപ്പയായേപ്പിന്ന തല്ലിക്കൊല്ലലൊന്നൂല്ല എന്താണന്നറിയോ എണ്ട മോന്‍ചാത്തേനും മാശും ഇട്യാദി മൂപ്പനുമൊക്കെ വല്യാ തങ്കക്കാരാണി അതോണ്ടാണീ ഇപ്പകൊയപ്പോന്നൂല്ലാണ്ട് പോണത്.
ഇനി, വാക്കി കാര്യോക്ക മോക്കറിയാല്ലാ ഞങ്ങക്കിവട തീറ്റേം കുടീം ഒന്നൂല്ലങ്കിലും തൊകോണി - വേലെടുത്തു - എള്ളപ്പത്തിന്നും അല്ലെങ്കീ ഒന്നൂല്ല മകന്‍ മാശായ കൊണ്ട് എങ്കക്കെക്ക ഇച്ചിരി തന്തോശോണ്ട്. അതെക്ക തന്നെ.
നീലകണ്ഠന്‍ നമ്പൂതിരിയും കൂട്ടരും കാട്ടാത്തില്ലത്തു രണ്ടു മൂന്നു നാള്‍ താമസിച്ചു തിരിച്ചു പോയി. സാവിത്രിക്കുട്ടിയുടെ അമ്മയായ സേതുലക്ഷ്മിക്കു തിരിച്ചു പോകുവാന്‍ മനസ്സു വന്നില്ല. തന്റെ ജീവന്റെ ജീവനായ പൊന്നോമന മകളെ കൂടാതെ എങ്ങിനെ ഞാന്‍ മുല്ലത്തരയില്ലത്തേയ്ക്കു തിരിച്ചു വരും. തന്റെ മകള്‍ക്കെങ്ങിനെ നമ്മളെ വിട്ടു പിരിഞ്ഞു പുലച്ചെറുക്കന്റെ കൂടെ പോകുവാന്‍ തോന്നി പെറ്റ തള്ളയേക്കാള്‍ വലുതാണോ അവള്‍ക്ക് പുലച്ചെറുക്കന്‍.
പക്ഷേ അവള്‍ വളര്‍ന്നു. അറിവു വെച്ചു. അവള്‍ക്കെത്രയോ ബ്രാഹ്മണ യുവാക്കളീ നാട്ടിലുണ്ട് പ്രേമിക്കുവാന്‍, ഉന്നതജാതിക്കാര്‍, സമ്പന്നര്‍, പഠിപ്പുള്ളവര്‍, ഉദ്യോഗമുള്ളവര്‍, ജന്മികള്‍ അവരെയാരെയെങ്കിലും കൊണ്ടു വേളികഴിപ്പിക്കാമായിരുന്നല്ലോ. ഈ നാറുന്ന പുലക്കുടിലേറണോ? സമീപിക്കുവാന്‍ പോലും വയ്യാത്ത പുലയനെ തൊടുകയോ - ചെ - ചെളിപ്പെലേന്‍ എന്തായാലും ഞാനൊന്നു ചെന്നു വിളിച്ചു നോക്കട്ടെ തമ്പ്രേനേ - അവര്‍ ഭര്‍ത്താവിനോടു കരുണയാര്‍ന്നു യാചിച്ചു.
നീലകണ്ഠന്‍ നമ്പൂതിരി - അന്തര്‍ജനം പോകണ്ട അവിടം സ്ഥലമത്രയ്ക്കു നന്നല്ല.
ആ പുലച്ചെറുക്കനാരാണെന്നറിയോ നമ്മുടെ പാടവരമ്പത്തു കൂടി വെച്ചു കൊടുത്തു താമസിപ്പിച്ചിരുന്ന മാടനെന്നൊരു പുലച്ചെരുക്കനുണ്ടായിരുന്നില്ലേ. അവന്റെ മകനാണീ ശരദദാസ്സ്. ഇപ്പോഴവനൊരു മാഷാണ്. ഈ നാട്ടിലെ വലിയൊരു നേതാവിന്റെ അനുജനാണ്. അവര്‍ക്കൊരു സംഘവുമുണ്ട്. സാധുജനങ്ങളെയൊക്കെ അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ പ്രശ്‌നങ്ങളൊക്കെ കൈകാര്യം ചെയ്യുന്നവരാണിവര്‍ നമ്മുടെ കാലിക്കുന്നു പോലെയുള്ള ഇടമല്ലിത്. മുതലാളിമാരെയൊക്കെ തൊഴിലാളികളൊന്നടങ്കം കുന്തമുനയില്‍ നിര്‍ത്തിയിരിക്കുന്ന ഇടമാണിത്.
ഏതായാലും അല്‍പ്പം സംയമനം പാലിക്കുന്നതു നന്നായിരിക്കും. എല്ലാത്തിന്നും പരിഹാരമുണ്ടാകും.
പരിഹാരമില്ലാത്ത പ്രശ്‌നങ്ങളിലല്ലോ, പക്ഷേ അതിനു വേണ്ടി മനുഷ്യന്‍ അനായാസം പരിശ്രമിക്കണം. തമ്പുരാന്‍ സേതുലക്ഷ്മിയെ സാന്ത്വനിപ്പിച്ചു.
അന്നു രാവിലെ തന്നെ പപ്പുമാനേജരും ചിത്തരാജും ഇട്യാദി മൂപ്പനുമൊരുമിച്ച് താലൂക്കധികാരി കണ്ടന്‍ നാഗമ്പിള്ളയെ ചെന്നു കണ്ടു - തമ്പുരാനെ ഇതാണ് ശരദദാസ്സിന്റെ ജ്യേഷ്ഠന്‍ ചിത്തരാജ്. ഈ നാട്ടിലെ സാധുജനങ്ങളുടെ ഒരുമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവ്.
കണ്ടന്‍ നാഗമ്പിള്ള - ആ ഇരിക്കൂ, എനിക്കു നിങ്ങളെയൊക്കെ പരിചയപ്പെടുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
തുടര്‍ന്നു അന്നു നടന്ന സംഭവങ്ങളെ ഒന്നൊന്നായി വിവരിച്ചു കൊടുത്തു. അതായതു തമ്പുരാനെ എസ്.ഐ. പറഞ്ഞു, നമ്പൂതിരിമാര്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാതിരിക്കുവാന്‍ കഴിയില്ലല്ലോ എന്ന്.
കാര്യഗൗരവത്തോടു കൂടി വസ്തുതകള്‍ മനസ്സിലാക്കിയ അധികാരി വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്നവര്‍ക്ക് പള്ളിക്കാട്ടും ചെത്തിത്തറ ഭാഗത്തും ഭൂമി അളന്നു കൊടുക്കുന്ന പരിപാടി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനിടയ്ക്കാണ് താത്രിക്കുട്ടി കാമുകനോടൊത്തുള്ള പലായനം ഇത്തരുണത്തില്‍ ജന്മി മുതലാളിമാരുടെ ദ്രോഹമനസ്ഥിതി വര്‍ദ്ധിച്ചാല്‍ അനുസരണയുള്ള പോലീസുകാരുടെ അഭാവം അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളുളവാക്കും.
അഞ്ചാറു ദിവസങ്ങള്‍ പിന്നിട്ട ഒരു നാള്‍ എസ്.ഐ. ഒരു പോലീസുകാരനോടൊപ്പം സാധാരണ വേഷത്തില്‍ പപ്പുമാനേജരെ കാണുവാന്‍ ചെന്നു. വിശ്രമസങ്കേതത്തില്‍ വന്നു കയറിയ അവരെ കണ്ടു പപ്പുമാനേജര്‍ അമ്പരന്നു.
പരിഭ്രമത്തോടെ - എന്താ.
എസ്.ഐ ഓ ഒന്നുമില്ല. ഞാന്‍ അങ്ങയെ കണ്ടു യാത്ര ചോദിക്കുവാന്‍ വന്നതാണ്. പാവങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.
എനിക്കിവടന്നു സ്ഥലം മാറ്റമാണ്. പിന്നീടാണ് ഞാന്‍ താങ്കളെപ്പറ്റി കേട്ടറിഞ്ഞത്. താങ്കള്‍ വലിയ സാമൂഹ്യ പ്രവര്‍ത്തകനും രാജാവിന്റെ അടുത്തയാളാണെന്നും മറ്റും.
പപ്പുമാനേജര്‍ - ഈ നാട്ടില്‍ ഇപ്പോള്‍ പാവങ്ങള്‍ക്കു വഴി നടക്കുവാന്‍ സാധിക്കുന്നു. കുട്ടികള്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്നു. കൂലി കൂടുതല്‍ ലഭിക്കുന്നു. സ്ത്രീകള്‍ മാറുമറയ്ക്കുന്നു.
ജന്മി മുതലാളിമാര്‍ പുലയരേയും പറയരേയും മറ്റു സാധുജനങ്ങളേയും തല്ലിക്കൊന്നിരുന്നു ജന്മിമാര്‍ക്കതിനു പോലീസുകാരുടെ ഒത്താശയുമുണ്ടായിരുന്നു. കാരണം ജന്മികളുടെ തറവാട്ടില്‍ നിന്നവര്‍ക്ക് പണവും, മദ്യവും, മദിരാക്ഷിയും ഒക്കെ മതി വരുവോളം ലഭിച്ചിരുന്നു. പാവങ്ങളെ സര്‍ക്കാര്‍ പോലും സഹായിച്ചിരുന്നില്ല.
അതായത് നക്കാനുണ്ടെങ്കിലേ നിക്കാനാളുണ്ടാകൂ.
പാവങ്ങളെ ചവിട്ടി മെതിച്ച് കൊന്നു കൊല വിളിക്കുന്ന ദുരഭിമാനികളെ പോലെയുള്ള പോലീസുദ്യോഗസ്ഥന്മാര്‍ ജന്മിയുടെ മാളത്തിലൊളിച്ചു തിന്നു കുടിച്ചു രസിച്ച് സംഭവം കഴിയുമ്പോള്‍ ഓടി വന്ന് അനുകമ്പ കാണിച്ചു ദു:ഖം രേഖപ്പെടുത്തും ഇതൊക്കെ അനാവശ്യമായ കപട തന്ത്രമല്ലേ. പ്രഹസനമല്ലേ. അതിന്റൊരു ഭാഗമല്ലേ നിങ്ങ ഇന്നു കാട്ടിക്കൂട്ടിയത്. നിങ്ങളോടു താലൂക്കധികാരി മുന്‍കൂട്ടി നിര്‍ദ്ദേശിച്ചിരുന്നതല്ലേ, പുലപ്പേടി നാളാണെന്നും ചെളിപ്പറമ്പു ഭാഗത്തു പോകേണ്ടെന്നുമൊക്കെ, പക്ഷേ നിങ്ങള്‍ക്ക് നമ്പൂതിരിമാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നുമല്ലേ നിങ്ങളുടെ ആക്രോശമായിരുന്നത്. കൂടാതെ പുലയന്‍ തട്ടിക്കൊണ്ടു പോന്ന നമ്പൂതിരി പെണ്ണിനെ കാണാനും പാവപ്പെട്ട പുലയക്കിടാത്തനെ വിരട്ടാനും അവളുടെ മുമ്പിലാളാകാനുമായിരുന്നില്ലേ. പോലീസിന്റെ കോപ്രായങ്ങള്‍ അതിനല്ലേ നിങ്ങള്‍ മുതിര്‍ന്നത്. പക്ഷേ ഈ സ്ഥലത്തുള്ളവര്‍ താങ്കളുടെ കാപട്യത്തിന്റെ മുഖാവരണം തിരിച്ചറിയുവാന്‍ കഴിവുള്ളവരാണ് (ആട്ടും തോലിട്ട ചെന്നായ്ക്കളെയെന്ന പോലെ) അവയൊക്കെ കണക്കാക്കാതെയാണ് നിങ്ങളീ അളിഞ്ഞ കാര്യത്തിന്നു ഇറങ്ങിത്തിരിച്ചത്. ഇനി പോകുന്ന സ്ഥലത്തെങ്കിലും പാവങ്ങളോടല്‍പ്പം കരുണയോടെ പ്രവര്‍ത്തിക്കുവാന്‍ നോക്കണം. അന്യായമായ പണസമ്പാദനം അനര്‍ഹമായ സുഖഭോഗം അവയുടെ ആസ്വാദനങ്ങളൊക്കെ വെടിഞ്ഞ് നല്ല പോലീസുകാരനായി തീരുവാന്‍ യത്‌നിക്കണം.
നിങ്ങള്‍ക്കെല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.
എസ്.ഐ - ഞാന്‍ ജീവിതത്തില്‍ ഇത്രയും ശക്തനും, പക്വാമതിയും, മര്യാദക്കാരനുമായ ഉയര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനെ കണ്ടിട്ടില്ല. മാഷിനെ ഒരിക്കലും എനിക്കു മറക്കുവാന്‍ സാധ്യമല്ല. പിന്നെഎനിക്കൊരഭ്യര്‍ത്ഥനയുണ്ട്. അങ്ങയുടെ ഒരു അഭ്യുദയകാംഷിയായിട്ടെന്നെ കണക്കാക്കണം. ഞാനിനിയും വരും മാഷിനെ കാണുവാനും ഉത്തമമായ നിര്‍ദ്ദേശങ്ങള്‍ സ്വാംശീകരിക്കുവാനും.
അയാള്‍ യാത്ര പറഞ്ഞിറങ്ങി.
ദിവാന്‍ പേഷ്‌ക്കാര്‍ തീരുമാനിച്ചു നല്‍കിയിരുന്ന പട്ടികയിലുള്‍പ്പെട്ടവര്‍ക്കുള്ള ഭൂമിയളന്നു നല്‍കി. മണ്ണിന്റെ ഉടമയാകുവാന്‍ സ്വപ്‌നേഭി ചിന്തിക്കുവാന്‍ പോലും അര്‍ഹതയില്ലാത്തവര്‍ മുതലാളിമാരായി. വാദ്ധ്യാരാശാന്‍, കറമ്പന്‍ മുതലായ സംഘത്തിലുള്‍പ്പെട്ട ഒട്ടുമിക്ക പ്രവര്‍ത്തകര്‍ക്കും ഭൂമി ലഭിച്ചു. സാധുജനങ്ങള്‍ക്കു ഭൂമി ലഭിച്ചപ്പോള്‍ അന്നേത്തുപുരം താലൂക്കില്‍ പെട്ട ചെളിപ്പറമ്പ്, പള്ളിക്കാട്, ചെത്തിത്തറ മുതലായ കരകളില്‍ തന്നെയുള്ള സ്ഥലത്താണ് കൂടുതലും അളവു നടന്നത്.
കൃഷ്ണന്‍ മുതലാളി, ഗൗരിക്കുട്ടിയുടെ തറവാട്, വിഷ്ണു നമ്പൂതിരി, അല്ലേശുമാപ്ല പള്ളിപ്പറമ്പ് തുടങ്ങിയ അനധികൃതമായി കൈവശം വെച്ചു കൊണ്ടിരുന്ന ഭൂമികളും, അളവില്‍പ്പെട്ടു. ഇവര്‍ക്കെല്ലാം തീറാധാരവും നല്‍കപ്പെട്ടു, ഗൗരിക്കുട്ടിയുടെ കുറച്ചു തെങ്ങും പുരയിടവും, പാടവും കൂലി കൂടുതലിനു വേണ്ടി പോരാട്ടം നടത്തി വീരമൃതി വരിച്ച കുഞ്ഞിക്കണ്ടാരിയുടെ വിധവ കുഞ്ഞിക്കാളിക്കും നല്‍കപ്പെട്ടു. ഗൗരിക്കുട്ടിയുടെ മൂത്ത ജ്യേഷ്ഠനായ കുഞ്ഞുകൃഷ്ണപിള്ളയുടേയും കൊച്ചു രാമന്‍ പിള്ളയുടേയും അനധികൃത ഭൂമി അളന്നു സര്‍ക്കാര്‍ പിടിച്ചെടുത്തു. അഴകി കുറുമ്പ പേങ്ങന്‍ എന്നിവര്‍ക്കു നല്‍കി. ആധാരവും കൊടുത്തു.
മാടനു ലഭിച്ച ഭൂമി കൂടുതലും വിഷ്ണു നമ്പൂതിരി അനധികൃതമായി കൈവശം വെച്ചനുഭവിച്ചിരുന്നതാണ്. ഒട്ടുമിക്ക ജന്മി മുതലാളിമാരുടെയും ഇത്തരം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. ചിലരുടെ കാവും കുടുംബ കോവിലുകളും, മുത്തപ്പന്‍ തറ വെച്ചു സേവായിടങ്ങളും അളവിലുള്‍പ്പെട്ടിട്ടുണ്ട്. പരമശിവന്‍ പിള്ളയ്ക്കു ഭൂമിയൊന്നും നല്‍കുകയുണ്ടായില്ല. അയാള്‍ക്കു ജന്മാവകാശ പുരയിടങ്ങളും പാടവും, പലചരക്കു കടകളും, ചായക്കടയുമുണ്ട് പിന്നെന്തിനാ വേരെ സ്വത്തുക്കള്‍. ഉള്ളതു നോക്കി നടത്തുവാന്‍ തന്നെ അയാള്‍ക്കു സാധിക്കുന്നില്ല. പിന്നെ സാധു ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ വന്നത് - സേവന തല്‍പ്പരതയൊന്നു കൊണ്ടു മാത്രമാണ്.
പെലേന്‍ പിള്ളയെന്ന വിളിപ്പേരും ലഭിച്ചു. എന്നാലും സാധുജനങ്ങള്‍ക്കു വേണ്ടി പാടുപെട്ടു പ്രവര്‍ത്തിച്ചു നടന്നതിന് പപ്പുമാനേജരുടെ അപേക്ഷ പ്രകാരം ഭൂസ്വത്തുക്കളെ കരം നല്‍കുന്നതില്‍ നിന്നൊഴിവാക്കി. കടകള്‍ക്കുള്ള വാടക, അവയില്‍ നിന്നും പിള്ളയ്‌ക്കൊഴിവു ലഭിച്ചു.
സാധുജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചാല്‍ ഇതുപോലുള്ള ആനുകൂല്യങ്ങളൊക്കെ ലഭ്യമാകുമെന്നു ജനങ്ങള്‍ മനസ്സിലാക്കണം. അതാണ് സര്‍ക്കാരിന്റെ വീക്ഷണം.
നീലകണ്ഠന്‍ നമ്പൂതിരി ഒന്നു രണ്ടു നാളായി കാട്ടിത്തലത്തു വന്നു താമസിക്കുന്നു. അമ്മായിയച്ഛനും മരുമകനുമായി പലതവണ കുടുംബകാര്യങ്ങളെപ്പറ്റി ചര്‍ച്ച നടത്തി.
അപ്പാ പുലയന്‍ പിടിച്ചു കൊണ്ടു പോയി കൂടെ താമസിപ്പിച്ച നമ്പൂതിരിക്കുട്ടിയെ സാധാരണ ഗതിയില്‍ ഇല്ലത്തു കയറ്റാറില്ല. പക്ഷേ എന്റെ മകളെ എങ്ങിനെയെങ്കിലും വീണ്ടെടുക്കണം. അതിനപ്പന്‍ എന്നെ സഹായിക്കണം.
ഗോപ്യമായി തീരുമാനിച്ചപ്രകാരം ഒന്നു രണ്ടു ഒറ്റുകാരെ സംഘടിപ്പിച്ചു. താത്രിക്കുട്ടിയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കുവാന്‍ തയ്യാറാക്കി.
വിഷ്ണു നമ്പൂതിരി - മകനേ നിന്റെ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. അവള്‍ വല്ല കുഴപ്പങ്ങളും വരുത്തി വയ്ക്കുമോ എന്നാണെന്റെ പേടി. അതു നമ്മളാലോചിച്ചേ നീങ്ങാവൂ. 
നീലകണ്ഠന്‍ നമ്പൂതിരി - അതൊന്നൂല്ലപ്പ അങ്ങിനെയൊന്നും പ്രവര്‍ത്തിക്കുവാനവള്‍ക്കു മന:സ്ഥൈര്യമുണ്ടെന്നു തോന്നുന്നില്ല. ഏതായാലും പിടിച്ച പിടിയാലെ അവളെ കൊണ്ടു പോകണം.
അന്നു ഗൗരിക്കുട്ടിയുടെ പാഠശാലയില്‍ വന്നു തിരിച്ചു പോകുമ്പോള്‍ നീലകണ്ഠന്‍ നമ്പൂതിരിയും രണ്ടു മൂന്നു ചട്ടമ്പികളും കൂടി താത്രിക്കുട്ടിയെ കടന്നു പിടിച്ചു. വലിച്ചിഴച്ചു കൊണ്ടു പോയി. അവിചാരിതമായുണ്ടായ ആക്രമണത്തില്‍ സാവിത്രിക്കുട്ടിക്കു ശബ്ദിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല.
തന്റെ സ്വന്തം പിതാവ് ചട്ടമ്പികളുടെ സഹായത്താല്‍ നടത്തിയ നിഷ്ഠൂരാക്രമണം ലോകത്തിലൊരു പിതാവും നിര്‍വ്വഹിക്കാത്ത ക്രൂരത, ശബ്ദം വെളിയില്‍ വരാതിരിക്കുവാന്‍ വായ പൊത്തിപ്പിട്ടു പിന്നെ ഒരു തോര്‍ത്തു കൊണ്ടു വായടച്ചു കെട്ടി, പിടിച്ചു നടത്തിച്ചു നേരം സായാഹ്നമായപ്പോഴേയ്ക്കും സാവിത്രിക്കുട്ടിയെ കാട്ടാത്തില്ലത്തു കൊണ്ടു വന്നു കയറ്റി.
അവളെ പിടിച്ചു കൊണ്ടു പോയ വിവരം പലരുമായി ആദ്യമായി ഗൗരിക്കുട്ടിയറിഞ്ഞു. പിന്നെ പപ്പുമാനേജര്‍ അതിനുശേഷമാണ് മാടന്റെ കുടിലിലറിഞ്ഞതു തന്നെ.
അന്നിവിടെ തമ്പുരാക്കന്മാരില്ലേ അതിലൊരാളായ പ്രായം കുറഞ്ഞ വയസ്സനും പിന്നെ ചട്ടമ്പികളും കൂടിയാണ് തമ്പുരാട്ടിക്കുട്ടിയെ പിടിച്ചു കൊണ്ടു പോയത്. അവളുടെ ശബ്ദും പുറത്തു വരാതിരിക്കുവാന്‍ വായ പൊത്തിപ്പിടിച്ചിരുന്നു. ഇടയ്ക്കിടെ നിഷ്‌ക്കരുണം അടിയും വച്ചു കൊടുത്തിരുന്നു. അവള്‍ കിടന്നു പിടഞ്ഞു, പിടിവിടുവിക്കുവാന്‍ നോക്കിക്കൊണ്ടിരുന്നു.
പപ്പുമാനേജരും, ചിത്തരാജും, ഗൗരിക്കുട്ടിയും എല്ലാവരും ചേര്‍ന്നു അസ്വാഭിവകമായ ഈ സംഭവത്തിനെപ്പറ്റി അനൗപചാരിക യോഗമെന്ന പോലെ കൂടി ചര്‍ച്ച ചെയ്തു.
അവളെ വീണ്ടെടുക്കുന്നതിനു യാതൊരു ന്യായവും ഞാന്‍ ചിന്തിച്ചിട്ടു തോന്നുന്നില്ല. പുലപ്പേടി നാളില്‍ അവളിങ്ങോട്ടു വന്നു. നമ്മള്‍ സ്വീകരിച്ചു. പക്ഷേ പുലക്കുടില്‍ ഭാഗത്തു നിന്നും പുലപ്പേടി നാളുകളുടെ പര്യാവസാനത്തിന്നു ശേഷമാണ് അവളുടെ പിതാവ് ബലാല്‍ക്കാരേണ പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടു പോയിരിക്കുന്നത് അതിനു നമ്മള്‍ സംയമനം പാലിക്കുകയല്ലാതെ വേറൊരു പോം വഴിയുമില്ല. അവളാണ് ബുദ്ധിപരമായി കരുക്കളൊരുക്കേണ്ടത്. അവളുടെ പരിശ്രമം പോലിരിക്കും ഇനിയത്തെ മുക്തിയും ജീവിതവും എല്ലാം. ഒന്നില്ലേല്‍ അവള്‍ നിരാഹാര വ്രതമനുഷ്ഠിക്കണം അല്ലെങ്കില്‍ കുളിമാറിയിട്ടുണ്ടെങ്കിലോ അതിനു തക്കതായിട്ടു നീങ്ങണം മറിച്ചു വേറൊരു കല്ല്യാണത്തിനുള്ള ഒരുക്കമാണെങ്കില്‍ അവയ്ക്കും അപര്യാപ്തമായൊന്നുമില്ല. അവളുടെ നിലനില്‍പ്പ് അവളുടെ കൈകളിലാണ്.
ഉന്നതജാതിക്കാര്‍ക്കു തീരാക്കളങ്കമാണീ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു ശരദദാസ് അസഹ്ണതയൊന്നും പ്രകടിപ്പിക്കാതിരിക്കുക സഹനശക്തി വീണ്ടെടുത്തു ദൈനംദിന കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെടുക, നിനക്കല്ല നഷ്ടം സംഭവിച്ചിരിക്കുന്നത്. നമ്പൂതിരിമാര്‍ക്കും അവരെ താങ്ങി നടക്കുന്ന നായന്മാര്‍ക്കുമാണീ അവഹേളന വന്നു ഭവിച്ചിരിക്കുന്നത്. അവര്‍ക്കാണീ തീരാകളങ്കം ഇടിത്തീ പോലെ വന്നു വീണിരിക്കുന്നത്. ഇപ്പോള്‍ തന്നെ നീതിയുക്തമായല്ല അവളുടെ തന്തയുടെ പെരുമാറ്റം. അനീതിയും, അസന്മാര്‍ഗ്ഗികവുമായാണാ ഉന്നതര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
എങ്കില്‍ പോലും ഉന്നതര്‍ ചെയ്യുന്ന തെറ്റുകുറ്റങ്ങളൊക്കെ ഉന്നത സമൂഹം ന്യായീകരിക്കും ഗോപ്യമായവ സൂക്ഷിക്കും പരസ്പരം ഒത്താശ ചെയ്യും.
രാത്രിക്കു രാത്രി തന്നെ താത്രിക്കുട്ടിയേയും കൊണ്ടവര്‍ കാലിക്കുന്നിലുള്ള മുല്ലത്തറയില്ലത്തേയ്ക്കു പുറപ്പെട്ടു.
വള്ളത്തില്‍ കിടന്നു കരഞ്ഞു - അശരണയായി ആര്‍ത്തനാദം പൊഴിച്ചു പിന്നീട് ആക്രോശിച്ചു. ബഹളം വച്ചു അച്ചനോടു കെഞ്ചി കേട്ടു. ദാസ്സിന്റെ അപദാനങ്ങള്‍ വിവരിച്ചു.
അപ്പാ, ശരദദാസ്സിനെന്താണൊരു കുറവ് ജാതിയില്‍ താണവനാണെന്നല്ലേ ഒരു പോരായ്മ പക്ഷേ പഠിച്ചവനാണ്, കലാകാരനാണ് സാമൂഹ്യ പ്രവര്‍ത്തകനാണ് സല്‍സ്വഭാവിയാണ്. ആരോഗ്യമുള്ള അഴകുള്ള കുമാരനാണ്, ഇപ്പോള്‍ നല്ലൊരദ്ധ്യാപകനും, സര്‍ക്കാര്‍ ശമ്പളക്കാരനുമാണ്.
ഞാനാണയാളെ സ്‌നേഹിച്ചത്, നമ്മുടെ സ്വത്തു വകകളിലൊന്നും താല്‍പ്പര്യമില്ലാത്ത ഉന്നതമന. സ്ഥിതിയുടെ ഉടമയായതു കൊണ്ടാണ് എന്നെ മാത്രം സ്‌നേഹിക്കുന്ന വ്യക്തിത്വത്തിന്റെ പ്രഭാവമുള്ളയാള്‍. ശരദദാസ്സ് എനിക്കദ്ദേഹമായ ദൃഡഗാത്രന്‍, മുത്തച്ഛനൊക്കെ ശരദദാസ്സിനെ ആക്രമിക്കുവാനയച്ച നായര്‍ ചട്ടമ്പികളെ വക വരുത്താഞ്ഞത് അവരുടെ ഔദാര്യം കൊണ്ടാണ്.
അപ്പാ എന്നെ ദാസ്സിന്റെ സവിതത്തില്‍ കൊണ്ടു ചെന്നാക്കൂ എന്നെ വിട്ടേക്കൂ ഞങ്ങള്‍ സൈ്വര്യമായി ജീവിച്ചോട്ടെ. നിങ്ങള്‍ക്കാര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാതെ പൊക്കോളാം അല്ലെങ്കിലീ നാട്ടീന്നു തന്നെ പൊക്കോളാം.
വള്ളത്തില്‍ കിടന്നു കരഞ്ഞും അഭ്യര്‍ത്ഥിച്ചും താത്രിക്കുട്ടി അവശതയാല്‍ തളര്‍ന്നുറങ്ങിപ്പോയി.
ഇല്ലിക്കാട്ടെത്തിയയുടനെ നീലകണ്ഠന്‍ നമ്പൂതിരി എടുത്തു പൊക്കിയാണ് തറവാട്ടിലെത്തിച്ചത്. വ്യാകുലതയാല്‍ കരഞ്ഞും, ആഹാരമൊന്നും കഴിക്കാതെ അവശതയാല്‍ വാടിത്തളര്‍ന്നും താത്രിക്കുട്ടി പ്രജ്ഞയറ്റ പോലെയായി. അമ്മ സേതുലക്ഷ്മി ഉമ്മറത്തേയ്ക്കു ചാടിയിറങ്ങി വന്നു.
എന്റെ മോള്‍ക്കെന്തു പറ്റി എന്റെ ഭഗോതിയേ അവര്‍ വിങ്ങിപ്പൊട്ടി ഓടി വന്നു താങ്ങിപ്പിടിച്ചു കൊണ്ടു പോയി കട്ടിലില്‍ കിടത്തി പിന്നെ അമ്മയുടെ മടിയില്‍ തലതാങ്ങി പിടിച്ചു കഞ്ഞിവെള്ളം കോരിക്കൊടുത്തു കുടിപ്പിച്ചു. ചീരത്തണ്ടു പോലെ അവള്‍ വീണ്ടും തളര്‍ന്നു കിടന്നുറങ്ങി. നാഡീ ഞരമ്പുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത അവസ്ഥയായി മാറി പ്രജ്ഞയറ്റ പോല്‍ വീണു കിടന്നു.
വൈദ്യരെ വരുത്തി ചികിത്സ നടത്തുവാനേര്‍പ്പാടു ചെയ്തു. സേതു ലക്ഷ്മി അന്തര്‍ജ്ജനം ഭര്‍ത്താവിനെ നോക്കി കണ്ണുനീര്‍ ധാരമുറിയാതെ ഒഴുക്കി, പൊട്ടിത്തെറിച്ചു ശകാരവര്‍ഷം ചൊരിഞ്ഞു.
എന്താ തമ്പുരാനേ - നിങ്ങള്‍ പിശാചായോ നമ്മുടെ കുട്ടിയെ കൊല്ലാന്‍ പോകുകയാണോ. അവള്‍ക്കു ഹിതമല്ലാത്ത പ്രവര്‍ത്തി എന്തിന്നു ചെയ്തു. എവിടെയായാലും എന്റെ മോളു സന്തോഷിച്ചു കാണുവാനല്ലേ നമുക്കാഗ്രഹം തറവാട്ടു മഹിമ കാണിക്കുന്നതു നമ്മുടെ കുട്ടിയെ വെച്ചിട്ടാണോ?
തമ്പുരാട്ടിയും കട്ടിയില്‍ മകളുടെ ചാരെ ശയിച്ചു. ഏങ്ങിക്കരഞ്ഞു. അവളുടെ മുഖവും, കാര്‍ കൂന്തലും തഴുകി. മോളേ, മോളേ, അമ്മയുടെ പൊന്നു മോളല്ലേ ഒന്നു നോക്കൂ മോളേ.
വൈദ്യരുമൊത്തുള്ള സംഭാഷണത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി താത്രിക്കുട്ടിയുടെ വേളിക്കാര്യം സൂചിപ്പിച്ചു.
എങ്ങിനെയെങ്കിലും, താത്രിക്കുട്ടിയുടെ വേളി താമസം വിനാ നമുക്കു നിര്‍വ്വഹിക്കണം അതിനെന്താ വഴി. നമ്പൂതിരി ഇല്ലമാകുമ്പോള്‍ നമുക്കു കയറി ചെല്ലാമല്ലോ. അടിച്ചേനകത്തു പോലും കയറുവാനര്‍ഹതയില്ലാത്ത പുലയരുമായിട്ടുള്ള സമ്പര്‍ക്കം നമുക്കെങ്ങിനെ അംഗീകരിക്കുവാന്‍ സാധിക്കും.
വൈദ്യര്‍ - ഇത്ര പെട്ടെന്നു നടത്തക്ക തരത്തില്‍ ചെറുപ്പക്കാരായവരെ നമുക്കു തരപ്പെടുത്തുവാന്‍ പ്രയാസമാണ്. ഏതായാലും നോക്കട്ടെ വൈദ്യന്‍ വാഗ്ദത്വമേകി.
താത്രിക്കുട്ടി നല്‍കി കൊണ്ടിരുന്ന ചികിത്സ ക്രമാനുഗതമായി ഫലപ്രാപ്തി കണ്ടു തുടങ്ങി. തളര്‍ച്ച മാറി എഴുന്നേറ്റു നടന്നു തുടങ്ങി.
ഇവരോടൊന്നും വിസ്തരിച്ചിട്ടു കാര്യമില്ല. പോത്തുകളല്ലേ ജാതിക്കോമരങ്ങള്‍.
പോത്തിന്റെ കാതില്‍ വേദമോതിയിട്ടു പ്രയോജനമില്ല.
മതഭ്രാന്തു തലയ്ക്കു പിടിച്ച കോമരങ്ങള്‍ അവരുറഞ്ഞു തുള്ളുന്നത് മതത്തിന്റെ പേരിലാണ്. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലല്ല. രക്തബന്ധം മതത്തിന്നു വഴി മാറി കൊടുക്കണം. അതാണവരുടെ താല്‍പ്പര്യം. ഏതായാലും ശരദദാസ്സുമൊത്തുള്ള ശുഷ്‌ക്കമായ ജീവിതം സുവര്‍ണ്ണകാലമായിരുന്നു. അതൊരിക്കലും വിസ്മരിക്കാവതല്ല. അവളുടെ മനോമുകുരത്തില്‍ മോഹന സ്മരണതന്‍ സുവര്‍ണ്ണക്കരണങ്ങള്‍ വാരി വിതറി.
ചിലനേരം ഓര്‍മ്മ കെട്ടു പോകും പോലെ തലയില്‍ കരിങ്കല്ലു കയറ്റി വച്ച തരത്തില്‍ കനം തൂങ്ങി നയനങ്ങള്‍ക്കൂമ്പി പോകുന്നു. മൂകതമാത്രം അനുഭവപ്പെടുന്നു.
തോട്ടത്തിലോ, തൊടിയിലോ ബഹുര്‍ഭാഗത്തുള്ള തിണ്ണകളിലോ ചെന്നിരുന്നു ഓര്‍മ്മകളെ തൊട്ടുണര്‍ത്തും. നെടുവീര്‍പ്പിടും അറിയാതെ ചുണ്ടനക്കി പ്രതിഷേധാത്മകമായി പരിദേവനങ്ങളുതിര്‍ത്തു എല്ലാവരോടും പരിഭവം, അടങ്ങാത്ത പക, തന്നെ ജീവിക്കുവാനനുവദിക്കാത്ത സാമൂഹ്യ നീതി. ഭ്രാന്തന്‍ ന്യായങ്ങള്‍ വികലമായ പെരുമാറ്റ രീതി.
ഒരു മധ്യവയസ്‌ക്കന്‍ താത്രിക്കുട്ടിയെ മൂന്നാം വേളിയായി സംബന്ധം ചെയ്യുവാന്‍ തയ്യാറായി.
അയാളുടെ ആദ്യഭാര്യ മരിച്ചു പോയി. രണ്ടാം ഭാര്യ വഴക്കിട്ടു വേര്‍പിരിഞ്ഞു. ഇനി വേളിക്കൊന്നും താനില്ല എന്നാലോചിച്ചുറച്ചു വര്‍ഷങ്ങളായി ഒറ്റത്തടിയായി ജീവിക്കുമ്പോഴാണ്, അഴകൊഴുകും ലാവണ്യവതിയായ താത്രിക്കുട്ടിയെ വേളിക്കാലോചിക്കുവാനവസരം സംജാതമാകുന്നത്. ആദ്യ ഭാര്യയില്‍ നിന്ന് അയാള്‍ക്ക് ഒരു പെണ്ണും ഒരാണും മക്കളായിട്ടുണ്ട്. മകള്‍ വിവാഹിതയായി പോയി. ആണ്‍ മകന്‍ ജോലിയൊന്നുമില്ലാതെ പിതാവിനോടു വഴക്കിട്ടു ദേശാന്തര സഞ്ചാരിയായി നടക്കുന്നു വല്ലപ്പോഴും കയറി വരുമെന്നല്ലാതെ അയാളെപ്പറ്റിയാതൊരു വിവരമൊന്നുമില്ല.
നമ്പൂതിരി പെണ്ണു കാണുവാന്‍ വന്നപ്പോള്‍ വൈദ്യര്‍ എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്തു. താത്രിക്കുട്ടി പഠിച്ചതും വളര്‍ന്നതും അവളുടെ അമ്മയുടെ തറവാട്ടില്‍ നിന്നാണ് അക്കാലത്ത് താഴ്ന്ന ജാതിയില്‍ പെട്ട ഒരു യുവാവുമായല്‍പ്പം അടുപ്പമുണ്ടായിട്ടുണ്ട്. ആ പ്രശ്‌നം മന്ദീഭവിപ്പിക്കുവാനാണ് ഇത്ര തത്രപ്പാടില്‍, നിങ്ങളുമായിട്ടുള്ള വേളി നടത്തുവാന്‍ കുട്ടിയുടെ അപ്പനായ നീലകണ്ഠന്‍ നമ്പൂതിരി തീര്‍ച്ചയാക്കിയിരിക്കുന്നത്.
എന്താ ഗോവിന്ദന്‍ നമ്പൂതിരി സമ്മതമല്ലേ?
നമുക്കു നൂറുവട്ടം സമ്മതം തന്നെ, പിന്നെ ഈ നമ്മെ ഇഷ്ടം തന്നെയാണോന്നങ്ങട് ആരാഞ്ഞോളൂ.
അവളൊന്നും ഉരിയാടിയില്ല, മുഖത്തും നോക്കിയില്ല. എന്താ, ഏതാ എന്നൊന്നും അവളറിയുകയുണ്ടായില്ല്യ മൗനം സമ്മതലക്ഷണം എന്ന തീരുമാനത്തില്‍ വിശ്വസിച്ചു ഗോവിന്ദന്‍ നമ്പൂതിരി പോയി.
വേളി നിശ്ചയിച്ചതും ഒന്നും താത്രിക്കുട്ടി അറിഞ്ഞതായി ഭാവിച്ചില്ല. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. യാതൊരഭിപ്രായ പ്രകടനമോ ഒന്നും അവളില്‍ നിന്നുണ്ടായില്ല. ഏതോ യാന്ത്രികതയില്‍ ഓരോന്നു ചെയ്യുന്നു അനുസരിക്കുന്നു എന്നല്ലാതെ അവള്‍ക്കൊന്നും ഓര്‍മ്മയില്‍ വരുകയുണ്ടായിരുന്നില്ല. ചില നേരം ആഹാരം കഴിച്ചില്ലെങ്കിലായി എല്ലാത്തിനോടും ഒരു വിരക്തി, ഒന്നും ചോദിക്കുകയോ പറയുകയോ ഉണ്ടാകാല്ലെ, കുളിക്കുവാന്‍ നിര്‍ബന്ധിച്ചാല്‍ കുളിക്കും വസ്ത്രധാരണവും അതുപോലെ തോന്നുമ്പോള്‍ തോന്നുന്ന പോലെ ധരിക്കും. അത്രമാത്രം.
വേളി സമയത്തു പോലും അവള്‍ മൗനിയായി അധോമുഖി പോലിരുന്നു. അമ്മയും സ്വന്തക്കാരും പിടിച്ചിരുത്തിക്കൊടുത്തു. മണവാളന്‍ താലി കെട്ടി. പിന്നെ കല്ല്യാണയാത്രയായിരുന്നു.
മണവാളനോടു താത്രിക്കുട്ടിയുടെ മാതാവ് രഹസ്യമായി വിളിച്ചു നിര്‍ദ്ദേശിച്ചു. അവിടെ ചെന്നാല്‍ ഒരു വൈദ്യനെ വിളിച്ചു കാണിച്ചു വേണ്ട ചികിത്സ ഏര്‍പ്പാടാക്കി കൊടുക്കണം.
അതുപ്രകാരം ഭര്‍ത്തൃഗൃഹത്തിലേയ്ക്കാനയിക്കപ്പെട്ട താത്രിക്കുട്ടി യാതൊരു മടിയും കൂടാതെ അലസതയോടെ ദിശാബോധം നഷ്ടപ്പെട്ടവളെപ്പോലെ നിരുത്സാഹത്തോടു കൂടി പടികയറി. യാതൊന്നിലും താല്‍പ്പര്യമില്ലാതെ അശ്രദ്ധമായി വളപ്പിലോ പൂമുഖത്തോ തൊടിയിലോ ചുമ്മ നടന്നു, അല്ലെങ്കില്‍ വെറുതെ നിലത്തിരുന്നു ദിവാസ്വ്പനം കാണും പോലെ മന്ദിച്ചിരിക്കും.
അയാള്‍ പലതവണ കൂടെ ശയിക്കുവാന്‍ നിര്‍ബന്ധിച്ചു. സാന്ത്വനാത്മകമായ വാക്കുകളാല്‍ അനുനയിപ്പിച്ചു. ഒപ്പം പ്രേരണയേകാന്‍ മുതിര്‍ന്നു.
അസ്വഭാവികമായവള്‍ ശബ്ദം താഴ്ത്തി മതഭ്രമം ബാധിച്ചവളേപ്പോലെ മൊഴിഞ്ഞു.
ഞാന്‍ ശയിച്ചിട്ടുണ്ട് ഇനിയെന്നയാരും നിര്‍ബന്ധിച്ചു ശയിപ്പിക്കേണ്ട കാര്യമില്ല. (അര്‍ത്ഥമില്ലാത്ത ജല്‍പ്പനങ്ങള്‍).
സാവിത്രിക്കുട്ടീ ഞാന്‍ നിന്നെ വേളി കഴിച്ച പുരുഷനാണ്.
എന്നെ വേളി കഴിച്ചൂന്നോ എന്റെ സമ്മതമില്ലാതെ നിങ്ങളെങ്ങിനെ എന്റെ വേളിയുറപ്പിച്ചു. എനിക്കതിനെപ്പറ്റി ഒരോര്‍മ്മയുമില്ല.
ഗോവിന്ദന്‍ നമ്പൂതിരിയുടെ മൂത്തമകള്‍ ലക്ഷ്മിക്കുട്ടി പുതുമണവാട്ടിയെ അനുനയിപ്പിച്ചു സമീപിക്കുവാന്‍ നോക്കി, പക്ഷേ ഭയാശങ്കയാല്‍ അവള്‍ പിന്നോട്ടു വലിഞ്ഞു. ഈ വട്ടു പിടിച്ചതിനേയാണോ തന്റെ പിതാവിനു ഭാര്യയായി ലഭിച്ചുള്ളൂ അവളോര്‍ത്തു.
ഗോവിന്ദന്‍ നമ്പൂതിരി - അപ്പോ നീ ഈ മനയില്‍ വന്നതൊന്നും നിനക്കറിയല്ലെന്നുണ്ടോ.
നിങ്ങളെന്നെ ഇവിടെ കൊണ്ടു വന്നിരിക്കുന്നത് ഒരു കൂട്ടിന്നു വേണ്ടിയാണെന്നനുമാനിക്കുന്നു. എന്റെ പിതാവിന്റെ പ്രായമുള്ള നിങ്ങള്‍ എന്നെ വേളി കഴിച്ചിരിക്കുന്നൂന്നു പറയന്നത് - നിങ്ങളൊരു സ്ത്രീ ലമ്പടനായതു കൊണ്ടാണെന്നു, ഞാന്‍ സമര്‍ത്ഥിച്ചാല്‍ അതിലെന്താണൊരപാകത. പിന്നെ കൂട്ടുകെട്ടുകള്‍ക്കൊന്നും ഒരു കുറവുമുണ്ടാകുകയില്ല. ഞാന്‍ പറയുന്നതേ ഇവിടെ നടക്കാവൂ. അതുപോലെ താനും എന്നെ അനുസരിക്കണം.
അവളുടെ വാക്കുകള്‍ ശ്രവണമാത്രയില്‍ അവള്‍ക്കെന്തോ മാനസ്സികമായ പന്തികേടുണ്ടെന്നയാള്‍ മനസ്സിലാക്കി അവയ്ക്കുബോല്‍ബലകമായി അവളുടെ മാതാവിന്റെ നിര്‍ദ്ദേശവും അയാളോര്‍ത്തു.
അതുപ്രകാരം വേണ്ട ചികിത്സകളും നല്‍കി കൊണ്ടിരുന്നു.
മാനസികമായല്‍പ്പം ദിശാബോധമില്ലാതെ സംസാരിക്കുന്നവളാണെങ്കിലും താത്രിക്കുട്ടി കോമളാംഗിയാണ്. അവളുടെ ഇംഗിതത്തിനെല്ലാം വിട്ടു കൊടുക്കുന്നതിലൊരപകാതയുമില്ല. തന്റെ അന്തര്‍ജ്ജനമാണ് സാവിത്രിക്കുട്ടി. അവളുടെ മാനസികമായ അപാകത മാറ്റിക്കൊണ്ടു വരേണ്ടത് തന്റെയും കൂടി കടമയാണ്. ഇപ്പോളവളുടെ ഇഷ്ടത്തിന്നു വിരുദ്ധമായി നില്‍ക്കുന്നതു വിവേകമല്ല. അവളുടെ നിര്‍ദ്ദേശങ്ങളയാള്‍ ശിരസാവഹിക്കുവാന്‍ തയ്യാറായി. അതുപ്രകാരം ദൈനംദിന ജീവിതം താത്രിക്കുട്ടിയുടെ കൈവിരലുകള്‍ക്കുള്ളിലായി. നമ്പൂതിരിയുമൊന്നിച്ചൊരു മുറിയില്‍ ശയിക്കുന്നതിനോ കിടക്ക പങ്കിടുന്നതിനോ അവള്‍ തയ്യാറായിരുന്നില്ല. അഥവാ ഒരു മുറിയിലാണെങ്കിലും അവള്‍ അലോസരങ്ങള്‍ സൃഷ്ടിച്ച് അസ്വസ്ഥതയാല്‍ സ്ഥിരതയില്ലാത്തവളെ പോല്‍ പെരുമാറി. അയാള്‍ അകറ്റി നിര്‍ത്തിയിരുന്നു. ആളുകളുടെ മുന്‍പില്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തോന്നിച്ചിരുന്നു. പക്ഷേ അകത്തവര്‍ ബദ്ധശത്രുക്കളേപ്പോലെയായിരുന്നു. എല്ലാം ഗോവിന്ദന്‍ നമ്പൂതിരി സഹിച്ചു അവളോടടുക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചു. വൈദ്യരെ കൂട്ടുപിടിച്ചു നല്ലചികിത്സ കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു.
ഒരിക്കല്‍ വൈദ്യരു പറഞ്ഞു.
തിരുമേനീ താങ്കള്‍ താത്രിക്കുട്ടിയുടെ കുഞ്ഞിന്റെ പിതാവാകുവാന്‍ പോകുന്നു.
ഗോവിന്ദന്‍ നമ്പൂതിരി ഞെട്ടിപ്പോയി ഈ പെണ്‍കുട്ടി നമ്മളെ ചതിച്ചു കളഞ്ഞല്ലോ.
നാമവളെ വേളി കഴിച്ചൂന്നുള്ളതു ശരി തന്നെ പക്ഷേ ഒരു ദിവസം പോലും അവളെ സ്പര്‍ശിക്കുകയോ ഒരുമിച്ചൊരു കട്ടിലിലുറങ്ങുകയോ ഉണ്ടായിട്ടില്ല. അവളൊരു പുറം ജാതിക്കാരനമൊത്തു അനുരാഗ ബദ്ധയായിരുന്നെന്നു വേളിയുറപ്പിച്ചപ്പോള്‍ അവിടത്തെ വൈദ്യന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ കാര്യം നാമത്ര ഗൗരമായി കണക്കിലെടുത്തിരുന്നില്ല്യാ അവളുടെ അഴകു കണ്ടു ഭ്രമിച്ചു പോയതാണീ അപകടത്തിന്നു കാരണം. ഏതായാനും തന്റെ ഭാര്യയായിപ്പോയില്ലേ, താന്‍ തന്നെ ഉത്സാഹത്തോടെ മുന്‍കൈയ്യെടുത്തു വേളി കഴിച്ച സ്ത്രീ. അതും മൂന്നാം വേളി. ഇതും നാട്ടുകാരറിഞ്ഞാല്‍ അവഹേളിക്കപ്പെടുന്നതു താന്‍ തന്നെയായിരിക്കും.
അയാള്‍ വല്ലാതെ വിഷമിച്ചു, മസ്തിഷ്‌ക്കത്തില്‍ കൊള്ളിയാന്‍ മിന്നി. തറയിലിരുന്നു പോയി വൈദ്യന്‍ താങ്ങിപ്പിടിച്ചു.
സാവധാനം കട്ടിലില്‍ കിടത്തി നാടി പരിശോധിച്ചു കണ്ണുകളും, വായയും തുറന്നു നോക്കി. തുടര്‍ന്നു കയ്യില്‍ കരുതിയിരുന്ന കൈകൊണ്ട ദിവ്യഔഷധം ചൂടുവെള്ളത്തിലരച്ചു വായിലൊഴിച്ചു കൊടുത്തു. രക്ഷപെടുത്തുവാന്‍ കിണഞ്ഞു പരിശ്രമിച്ചു.
ഭാര്യയെന്ന നിലയില്‍ അയാള്‍ക്കു ചില ശുശ്രൂഷകള്‍ നല്‍കുന്നതില്‍ വൈമനസ്യം കാണിച്ചില്ല. ചില കാര്യങ്ങള്‍ വാല്യക്കാരെ കൊണ്ടവര്‍ പറഞ്ഞു ചെയ്യിച്ചു. നേരം പുലര്‍ന്നാല്‍ ദൈനംദിന കൃത്യങ്ങളൊക്കെ നിര്‍വ്വഹിച്ചിരുന്നത് വാല്യക്കാരെ കൊണ്ടായിരുന്നു.
വിവാഹം കഴിച്ചു പോയ മകളും ഭര്‍ത്താവും ഇടയ്‌ക്കൊക്കെ വന്നു നിന്നു സഹായമൊക്കെ പിതാവിനു നിര്‍വ്വഹിച്ചു കൊണ്ടിരുന്നു.
അയാള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചിരുത്തി ശരീരത്തിനുണര്‍വുണ്ടാകുവാന്‍ കുടിക്കുവാന്‍ കഞ്ഞി കൊടുത്തു. ആശ്വാസമായപ്പോള്‍ ശബ്ദിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍.
താത്രിക്കുട്ട്യേയ്, നീ ചിന്തിക്കുന്നതില്‍ അനാവശ്യമായിട്ടൊന്നുമില്ല. പക്ഷേ ശയ്യാവലംബിയായി കിടക്കുന്ന എന്നോട് അല്‍പ്പമെങ്കിലും അനുകമ്പയില്ലെന്നോ. വയസ്സു കാലത്തൊരു സഹായമാകുമല്ലോ എന്നുള്ള പ്രതീക്ഷയിലാണ് നിന്നെ നാം വേളി കഴിച്ചത്.
താത്രിക്കുട്ടി - സ്വന്തക്കാരൊക്കെ ഉപദേശിച്ചു കാണും. അതായത് തനിക്കൊന്നുമാന്തിത്തരുവാന്‍ ആസനത്തിലൊരു പരു വന്നാല്‍ പൊട്ടിച്ചു കളയുവാന്‍ ഒരു സഹായി വേണ്ടെ എന്നൊക്കെ.
പക്ഷേ പ്രണയനൈരാശ്യത്താല്‍ മനംനൊന്തു കഴിയുന്ന എന്നെ മാത്രമേ നിങ്ങള്‍ക്കു വേളി കഴിക്കുവ് കണ്ടൂള്ളോ?
ഉപദേശിക്കുന്നവന് ഉപദേശിച്ചാല്‍ മതി അതിന്റെ വരും വരായ്കകള്‍ അനുഭവിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ നന്മയെപ്പറ്റിയും തിന്മയെപ്പറ്റിയും ബോധവാനാകുന്നത്.
എന്നെ നിങ്ങള്‍ താലി ചാര്‍ത്തിയതൊന്നുമെനിക്കോര്‍മ്മയില്ല. എന്റെ ജീവിതം കൊണ്ടു എന്റെ രക്ഷകര്‍ത്താക്കളും, താങ്കളും പന്താടുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് നിങ്ങളെന്റെ ഭര്‍ത്താവായി എനിക്കംഗീകരിക്കുവാന്‍ ഒരിക്കലും സാധ്യമല്ല. എന്റെ വിവാഹം വളരെ നേരത്തെ തന്നെ എന്റെ മനസ്സിനിഷ്ടപ്പെട്ട പുരുഷനുമായി നടന്നിരിക്കുന്നു.
അയാള്‍ ശക്തനും, നീതിമാനും, ഉദ്യോഗസ്ഥനും, സാമൂഹ്യ പ്രവര്‍ത്തകനും, സുന്ദരനും, കലാകാരനുമാണ്.
അയാളും അയാളുടെ കൂട്ടരും, നിനച്ചാല്‍ ഈ ഇല്ലങ്ങളെ നിഷ്‌ക്കരുണം നശിപ്പിക്കുവാന്‍ അനായാസം കഴിയും. അതു നിര്‍വ്വഹിക്കാത്തതിന്റെ കാരണം ഞാനീ ഇല്ലങ്ങളില്‍ നിവസിക്കുന്നതു കൊണ്ടു മാത്രമാണ്.
എന്റെ ഉദരത്തില്‍ വളരുന്ന കുട്ടി ഉത്തരവാദിത്വത്തോടു കൂടിയുള്ള വിവാഹത്തില്‍ നിന്നുളവായതാണ്.
''പുലയക്കുട്ടി''
എന്നാല്‍ പ്രത്യക്ഷത്തില്‍ സമൂഹം അംഗീകരിക്കുവാന്‍ സാധ്യത ഗോവിന്ദന്‍ നമ്പൂതിരിയുടേതായാണ്. അവയൊക്കെ എനിക്കു ലഭ്യമാകുവാന്‍ പോകുന്നത് നമ്മുടെയൊക്കെ ജാതിസ്പര്‍ദ്ധയില്‍ നിന്നും സംജാതമായ കുരുദ്രോഹഫലമായാണ്.
ഹോ താത്രിക്കുട്ടി - നീയിത്ര ഉന്നതമായ ഹൃദയത്തിന്റെ ഉടമയാണെന്നസത്യം നോം മനസ്സിലാക്കിയിരുന്നില്ല്യാ, ട്ടോ ഏതായാലും എന്റെ അന്ത്യയാമങ്ങള്‍ ആഗതമായിക്കൊണ്ടിരിക്കുന്നു. ചില നേരം ഹൃദയമിടിപ്പു വര്‍ദ്ധിക്കു്. ചിലപ്പോള്‍ മനസ്സിന്റെ സമനില തെറ്റുന്നു. അദ്ദേഹം വിറച്ചു വിറച്ചു സാവധാനം മുറിഞ്ഞു വീഴുന്ന ഭാഷയില്‍ പറഞ്ഞു തീര്‍ത്തു. എനിക്കു നൊമ്പരം മാത്രം പ്രദാനം ചെയ്തതു കൊണ്ട് നീ എന്തു നേടുവാന്‍ പോകുന്നു. എന്നെ ഒന്നു സ്പര്‍ശിക്കുവാന്‍ പോലും നീ സന്മനസ്സു കാണിക്കുന്നില്ലല്ലോ. ഇനി ഒരിക്കലും അതിന്റെ ആവശ്യമുണ്ടാകുകയില്ല.
പക്ഷേ തിരുമേനീ; നിങ്ങളിപ്പോള്‍ അവസാന നിമിഷങ്ങളോടടുത്തതു കൊണ്ടാണ് കരുണയ്ക്കു വേണ്ടി കെഞ്ചുന്നത്. അല്ലാതിരുന്നെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധ ബുദ്ധിക്കാരനും അനാവശ്യ കാമവെറിയനുമായിരുന്നു. നിങ്ങളെന്നെ മാത്രം ദര്‍ശനമാത്രയില്‍ സ്വന്തമാക്കുവാന്‍ പരിശ്രമിച്ചു. ഞാനെങ്ങിനെ ഈ രീതിയിലായി എന്നൊന്നും നിങ്ങള്‍ക്കാലോചിക്കുവാന്‍ പോലും സന്മനസ്സു തോന്നിയില്ല. അതിന്റെ പേരാണ് കുബു:ദ്ധി, ദുശ്ശാഠ്യം ജാതിക്കോമരത്തിന്റെ കാമാക്രാന്തം എന്നൊക്കെ പറയുന്നത്.
നേരം ഇഴഞ്ഞു നീങ്ങി വൈദ്യരെ വരുത്തി, അയാള്‍ കൈകൊണ്ട ഔഷധങ്ങളൊക്കെ നല്‍കി പിറ്റെ ദിവസം പാതിരാത്രിക്കുശേഷം താത്രിക്കുട്ടിയുടെ കരസ്പര്‍ശനവും, ആത്മാര്‍ത്ഥതയോടെയുള്ള തലോടലുമേറ്റു മകളുടേയും, മരുമകന്‍േറയും സാന്നിദ്ധ്യത്തില്‍ ഗോവിന്ദന്‍ നമ്പൂതിരി ഇഹലോകവാസം വെടിഞ്ഞു.
അവള്‍ക്കു കരയേണ്ടി വന്നില്ല. ആരോടും പ്രതിബദ്ധതയില്ല. പരാതിയില്ല. ഒന്നുമില്ല. നിര്‍വികാരതയോടെയിരുന്നു. ഗോവിന്ദന്‍ നമ്പൂതിരിയുടെ സ്വന്തക്കാര്‍ ജാതിക്കാര്‍ ഒക്കെ വന്നു. മകളുടെ ഭര്‍ത്താവ് അവിടെത്തന്നെയുണ്ടായിരുന്നതു കൊണ്ട് അനന്തര ചടങ്ങുകള്‍ നിഷ്പ്രയാസം നടത്തുവാനേര്‍പ്പാടാക്കി.
അനന്തന്‍ നമ്പൂതിരി, പിതാവിന്റെ ദേഹവിയോഗമറിഞ്ഞ് ഓടി പിടഞ്ഞെത്തിച്ചേര്‍ന്നു. അപ്പന്‍ വിവാഹിതനായതൊന്നുമറിയാതിരുന്ന പുത്രന്‍ മരിച്ചപ്പോഴെങ്കിലും ചിതയ്ക്കു തീ കൊളുത്തുവാനവസരോചിതമായി ആഗതനായതില്‍ സഹോദരിക്കാശ്വാസമേകി. സ്വന്തക്കാരാക്കെ തന്തയുടെ അശുഭ സന്തതിയെന്ന പോലെ തിയാളിച്ച കണ്ണുകളാല്‍ വീക്ഷിച്ചു.
ഏതായാലും ശവദാഹ ചടങ്ങുകളൊക്കെ അവസാനിച്ചു. അകന്ന സ്വന്തക്കാരൊക്കെ പിരിഞ്ഞു പോയി. വളരെ അടുത്ത മിത്രങ്ങളെപ്പോലെയുള്ളവര്‍ വരാന്തയിലും, മുറ്റത്തും ഒക്കെ ചടഞ്ഞു കൂടി, ഓരോ അഭിപ്രായ പ്രകടനങ്ങള്‍ ഇറക്കിവിടാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ ഒരു വന്ത്യവയോധികന്‍ താത്രിക്കുട്ടിയുടെ പ്രശ്‌നം വലിച്ചിഴച്ചു കൊണ്ടു വന്നു.
സാധാരണഗതിയില്‍ നമ്പൂതിരി മരിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യ പുനര്‍വിവാഹിതയാകുവാന്‍ അര്‍ഹതയില്ല. അഥവാ അതിനു ഉത്സുകത കാണിക്കുകയാണെങ്കില്‍ അവള്‍ക്കു ദിവംഗതനായ ബ്രാഹ്മണന്റെ സ്വത്തു വകകളില്‍ യാതൊരധികാരവുമുണ്ടാകുകയില്ല. സമുദായ ഭ്രഷ്ടിനു പോലും ഇരയായെന്നിരിക്കും. അല്ലെങ്കില്‍ തലമുണ്ഡനം ചെയ്തു ഭക്തി നിര്‍ഭരമായി സ്വത്തും അനുഭവിച്ചു തറവാട്ടില്‍ കഴിഞ്ഞു കൂടുകയോ ചെയ്യാം.
നമ്പൂതിരിയുടെ സുന്ദരിയായ വിധവയെ സ്വാധീനിക്കുകയോ അല്ലെങ്കില്‍ അവളുടെ അഴകോടു കൂടി അവളെന്നന്നേയ്ക്കുമായി, നിര്‍ജീവമാക്കി വികാര വിചാരങ്ങള്‍ അടക്കിയൊതുക്കിച്ചു നശിപ്പിക്കുവാനുള്ള, സാമുദായിക കല്‍പ്പനകള്‍ പുറപ്പെടുവിക്കുവാനും വേണ്ട വിചാരണയ്ക്കായി വട്ടംകൂട്ടി.
പുത്രന്‍ അനന്തന്‍ നമ്പൂതിരി പിതാവിന്റെ മൂന്നാം ഭാര്യയായ താത്രിക്കുട്ടിയെ സമീപിച്ചു. മാതാവിന്റെ സ്ഥാനീയായ തന്നിലിളയ യുവതിയെ അവരുടെ മുറിയില്‍ ചെന്നു കണ്ടു ഭയഭക്തി ബഹുമാനത്തോടെ നിന്നു.
ചെറിയമ്മേ - ഞാനമ്മേയെന്നു തന്നെ, അങ്ങിനെ തന്നെയല്ലോ, സംബോധന ചെയ്യേണ്ടത്. ഒന്നും എനിക്കറിയില്ല. ഏതായാലും നാമങ്ങിനെ തന്നെ വിളിച്ചോട്ടെ. പൂമുഖത്തു എല്ലാവരും ഇരിക്കുന്നു. അങ്ങോട്ടു വന്നോളൂ.
വരാന്തയില്‍ മറ്റു നമ്പൂരി ശ്രേഷ്ടന്മാരിരിക്കുന്നുണ്ടായിരുന്നു. വിവിധ ഭാവമുഖത്തോടിരുന്നവര്‍ യാഥാസ്ഥിതികതയുടെ കുശുമ്പന്മാരും ജാതി ഭ്രാന്തന്മാരുമായിരുന്നു. അവരില്‍ ചിലര്‍ താത്രിക്കുട്ടിയുടെ മുഖത്തേയ്ക്കു ചൂഴ്ന്നിറങ്ങുന്ന ദൃഷ്ടികള്‍ പായിച്ചു. അത്ഭുതപ്പെട്ടു പോയി - ഹോ - എന്താ അഴക്. അപ്‌സരസ്സോ. അഴകൊഴുകുന്ന മുഖശ്രീയുള്ള യുവതി. സ്വന്തം ഭര്‍ത്താവു തീപ്പെട്ടതിന്‍ യാതൊരു ഭാവമാറ്റില്ലാതെ മനോവിഷമം ലവലേശം പോലും വദനത്തില്‍ സ്പുരിക്കാതെയുള്ള നില്‍പ്പ്.
താത്രിക്കുട്ടി - എന്താ വിളിപ്പിച്ചത്. നിര്‍വികാരതയോടും, ഘനഗംഭീരമായ വാക്കുകളോടുമവളാരാഞ്ഞു.
ഒരു നമ്പൂതിരി - താത്രിക്കുട്ടി - ഇനിയെന്താ ഭാവം ഇല്ലത്തെ ഗോവിന്ദന്‍ നമ്മെ വിട്ടു പിരിഞ്ഞു.
താത്രിക്കുട്ടി - അസ്വസ്ഥതയോടെയും, വ്യത്യസ്ഥമായ ഭാവത്തോടുംഅവളാരാഞ്ഞു.
ആദ്യം തന്നെ നിങ്ങളൊക്കെ ആരാണെന്നും ഗോവിന്ദന്‍ നമ്പൂതിരിയുമായുള്ള ബന്ധമെന്താണെന്നും എനിക്കറിയണം.
ആദ്യവാചകങ്ങളില്‍ തന്നെ അവരൊക്കെ കൈപ്പുനീര്‍ കുടിച്ച പോലെ പരുങ്ങി ചൂളിപ്പോയി. ഹോ-ആരായേങ്ങിയിരുന്നില്ല. നമ്പൂതിരി സ്ത്രീകള്‍ സാധാരണ ശോകാര്‍ത്തരായി കതകുകള്‍ക്കുള്ളില്‍ നിന്നും മുഖം പോലും പുറത്തു പ്രദര്‍ശിപ്പിക്കാതെ ഉത്തരം പറയുക മാത്രമേ ചെയ്തിരുന്നുള്ളൂ. പുരുഷന്മാര്‍ സംസാരിക്കുന്നിടത്തു ചാടിക്കേറിയുള്ള ചോദ്യങ്ങള്‍ക്കൊന്നും അവരെ അനുവദിച്ചിരുന്നില്ല. അതിനൊരപവാദമാണീ സംരംഭത്തിന്നു തുടക്കം കുറിച്ചിരിക്കുന്നത്. മുമ്പെങ്ങും കേട്ടു കേള്‍വി പോലുമില്ലാത്ത പ്രതിവചനം.
അതിപ്പോള്‍ ഞങ്ങള്‍ ഗോവിന്ദന്റെ അമ്മാവന്മാര്‍, ഇതു വല്യാപ്പന്റെ മക്കള്‍ പിന്നെ ഇതു ഇളയച്ഛന്‍ മുതലായവരൊക്കെയാണ്.
ശ്രവണ മാത്രയില്‍ അവജ്ഞയോടും അതിലേറെ വിക്ഷോഭത്തോടും, ശരി ഞാനീ ഇല്ലത്തു വന്നു കയറിയതില്‍ പിന്നെ നിങ്ങളെയൊക്കെ നടാടെയാണ് നാം കാണുന്നത്. ഈ നില്‍ക്കുന്ന അനന്തന്‍ നമ്പൂരിയെപ്പോലും പിന്നെ യാഥാസ്ഥിതികത്വം ജാതിക്കുശുമ്പും മനസ്സില്‍ വച്ചു കൊണ്ടു ഈ ഇല്ലത്തു ഛിദ്രതയുണ്ടാക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെങ്കില്‍ അതിവിടെ നടപ്പില്ല.
ഇവിടത്തെ വീണ്ടു വിചാരങ്ങള്‍ നോക്കുവാനെനിക്കറിയാം, നാട്ടുനടപ്പും, വരേണ്യതയും നമ്പൂതിരി രീതി ഇവയൊക്കെ ഇവിടെ പ്രയോഗിക്കുവാന്‍ പോന്നവയല്ല.
അതിപ്പോ കുട്ടീ, നമ്മള്‍ പറഞ്ഞു വരുന്നത് നിങ്ങള്‍ക്കു പുനര്‍വിവാഹമോ മറ്റോ?
താത്രിക്കുട്ടി - ഒന്നും വേണ്ട, എന്റെ കാര്യവും ഈ തറവാട്ടിലെ കാര്യങ്ങളും നോക്കുവാനെനിക്കറിയാം പിന്നെ അനന്തനോടു എന്നെ തലമുണ്ഡനം ചെയ്യിച്ചു തറവാടിന്റെ അകത്തളത്തിലടയ്ക്കാനോ അല്ലെങ്കില്‍ ഈ ഇല്ലത്തു നിന്നും കുടിയിറക്കുവാനോ നിങ്ങള്‍ തലപുകഞ്ഞാലോചിക്കുകയൊന്നും വേണ്ട. അങ്ങിനെ ചെയ്യുവാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷത്തുകള്‍ നിങ്ങള്‍ തന്നെ അനുഭവിക്കുകയായിരിക്കും ഫലം.
അവരുടെ സമക്ഷത്തില്‍ വച്ചു തന്നെ.
പിന്നെ അനന്താ, നിങ്ങള്‍ എന്നെക്കാള്‍ മൂത്തവനാണെങ്കിലുംഞാനിപ്പോള്‍ തന്നെ അമ്മയുടെ സ്ഥാനാവരോധിതയാണ് പൂര്‍വ്വകാല ചരിത്ര പശ്ചാത്തലത്തില്‍ ചെറിയമ്മ ഭീകരയും, ദ്രോഹിയുമായുള്ള പരിവേഷക്കാരിയാണ് എന്നാല്‍ ഈ ചെറിയമ്മ അത്തരത്തിലുള്ളതല്ല, പഴയ ചരിത്രത്തിന്നു പൂര്‍ണ്ണ വിരാമമിടുവാനുള്ള നീക്കത്തിലാണ്. ഞാന്‍ അമ്മ തന്നെ അമ്മയൊരിക്കലും മക്കളെ ദ്രോഹിക്കാറില്ല. നിങ്ങള്‍ക്കു പിതാവിന്റെ കാലശേഷം ലഭിക്കേണ്ട അര്‍ഹതപ്പെട്ടതൊക്കെ ലഭിക്കും. അതും എന്റെ ഇഷ്ടദാനമായിട്ടേ നിങ്ങള്‍ക്കനുഭവിക്കുവാനര്‍ഹതയുള്ളൂ. ഓര്‍മ്മയിരിക്കട്ടെ.
മറ്റുള്ളവരോടു തിരിഞ്ഞ് ഇനി നമ്പൂരി ശ്രേഷ്ഠന്മാര്‍ക്കു വല്ലതുമറിയേണ്ടതുണ്ടോ. ഇവിടെ ഗോവിന്ദന്‍ നമ്പൂതിരിയുടെ മരണാനന്തര ചടങ്ങുകളെന്ന പേരില്‍, കുറെ നെല്ലും പണവും ചിലവാക്കിച്ചു അടിയന്തിര ചടങ്ങുകളൊന്നും നടത്തുവാനുദ്ദേശിക്കുന്നില്ല.
അദ്ദേഹം ജിവിച്ചിരുന്നപ്പോള്‍ അടിക്കടി വന്നു നോക്കുകയും, ശുശ്രൂഷിച്ചവരുമൊക്കെ ഈ തറവാട്ടില്‍ നില്‍ക്കാം. മകന്റെ കാര്യം വേറെ. മകനിവിടെ നില്‍ക്കേണ്ടതു അമ്മയായ എന്റെ ചില ആവശ്യവും കൂടിയാണ്.
അനന്തനോടു തിരിഞ്ഞ്, അനന്താ നിങ്ങള്‍ നാടു ചുറ്റലായിരുന്നില്ലേ പതിവ്. കുടുംബനാഥനായ പിതാവിനോടു മറ്റുള്ളവരുടെ പ്രേരണാര്‍ത്ഥം വഴക്കടിച്ചു നാട്ടിലും പുറംനാട്ടിലും അലഞ്ഞു തിരിഞ്ഞിട്ടെന്തു നേടി, ഒരു ഗുണപ്രാപ്തിയുമുണ്ടായില്ല. വെറും കയ്യോടെ നിസ്സഹായനായി തീര്‍ന്നിരിക്കുന്നു. ഒടുങ്ങാത്ത പകയുമായി നടക്കുന്ന പ്രവണത അവസാനിപ്പിക്കണം.
ഈ തറവാടും ഭൂസ്വത്തുക്കളും നോക്കി നടന്നാല്‍ തന്നെ അനന്തനു സുഖമായി ജീവിക്കുവാനുള്ള അവസരം സംജാതമാകും.
ഈ ചെറിയമ്മ നിര്‍ദ്ദേശിക്കുതെന്തെന്നാല്‍ സാമൂഹ്യ വീക്ഷണത്തിലധിഷ്ടിതമായ മനുഷ്യത്വം കൂടി അനന്തന്‍ സാംശീകരിച്ചാല്‍ ഈ ജാതി മൂരാച്ചികളെ നിഷ്പ്രയാസം കുന്തമുനയില്‍ നിര്‍ത്തുവാന്‍ സാധിക്കുന്നതായിരിക്കും.
പിന്നെ മകളെയും ഭര്‍ത്താവിനെയും നോക്കി, നിങ്ങള്‍ക്കും എന്നെ ക്രൂരയായിട്ടേ ദര്‍ശിക്കുവാനാകുകയുള്ളൂ. കാരണം എന്നെ വേളി കഴിച്ചു കൊണ്ടു വന്നപ്പോളാണല്ലോ നിങ്ങളുടെ പിതാവ് ഇഹലോകവാസം വെടിഞ്ഞത്. അതുകൊണ്ടായിരിക്കും ഈ വിദ്വേഷങ്ങളൊക്കെ നിങ്ങളില്‍ നാമ്പിട്ടിരിക്കുന്നത്.
എന്നാല്‍ വസ്തുതയുടെ നിജസ്ഥിതിയതല്ല. അദ്ദേഹത്തിന്റെശാരീരികമായ വൈകല്യങ്ങളും അവസ്ഥയും, ഭയവും ഒക്കെ മരണ കാരണങ്ങളാണ്. പിന്നെ സ്ത്രീയായ നിനക്കറിയാമല്ലോ പ്രായമായ ഒരു വ്യക്തി, യൗവനയുക്തയായ ഒരു തരുണിയെ വേളി കഴിച്ചാലുണ്ടാകുന്ന മതിഭ്രമവും, അസ്വസ്തതയുമൊക്കെ! അതാണിവിടെ സംഭവിച്ചിരിക്കുന്നത്. പിന്നെ നമ്മുടെ തറവാട്ടു കാര്യങ്ങള്‍ സംസാരിക്കുവാന്‍ നമ്മള്‍ക്കറിയാം അല്ലാതെ ബന്ധോം കുന്തോം പറഞ്ഞു വരുന്നവര്‍ കുടുംബ കലഹം സൃഷ്ടിക്കുവാന്‍ വേണ്ടിയാണെന്ന കാര്യം മറക്കണ്ട. എനിക്കാരുടെയും ഭൂസ്വത്തുക്കളൊന്നും വേണ്ട. എനിക്കെല്ലാ സ്വത്തുക്കളുമുണ്ട്. എല്ലാം എന്തും ഏതും.
നമ്പൂതിരിമാരെ അവഹേളിച്ചയചത് സമുദായക്കാരുടെ ഇടയില്‍ സ്‌പോടനാത്മകത സൃഷ്ടിക്കപ്പെട്ടു. സാവിത്രിക്കുട്ടിയെപ്പറ്റി അവരൊക്കെ അസഭ്യ വര്‍ഷം ചൊരിഞ്ഞു പരത്തി യൗവനയുക്തയായ പെണ്‍കുട്ടി, അവള്‍ ലാവണ്യവതിയാണെന്നഹങ്കാരമാണ്. പ്രായമായവരെ അസഭ്യം പറയുന്നവള്‍ അനുസരണക്കേടു കാണിക്കുന്നവള്‍ കാലിക്കുന്നിലെ മുല്ലത്തറ ഇല്ലക്കാരിയാണെന്ന അഹന്തത.
ആ നമ്പൂതിരിയെ അവള്‍ കൊന്നതാണ്. രക്തം ഊറ്റിക്കുടിക്കുന്ന യക്ഷിയാണവള്‍. അവളുടെ അംഗപ്രത്യംഗ സൗന്ദര്യം ദര്‍ശിച്ച ഗോവിന്ദന്‍ ഭ്രമത്തിലടിപ്പെട്ടാണ് അസുഖം ബാധിച്ചു മരിച്ചിരിക്കുന്നത്. കെട്ടലു വന്നു വെട്ടിയിട്ട വാഴപോലെയല്ലേ, അയാള്‍ മറിഞ്ഞു വീണത്.
അയാള്‍ മരിച്ചത് അവള്‍ക്കു സൗകര്യമായിട്ടുണ്ടാകും. അതാണ് നമ്മളെയൊക്കെ ആട്ടിയകറ്റി തന്നിഷ്ടം നടത്തുവാന്‍ അവള്‍ വഴിയൊരുക്കിയിരിക്കുന്നത്. കണ്ടോളൂ അനന്തന്‍ വിടില്യാ. ആ പെണ്‍കുട്ടിയില്ലേ. അനന്തന്റെ സഹോദരി അവളും അവളുടെ ഭര്‍ത്താവും ചില്ലറക്കാരല്ല. ഉന്നതരിലെ നമ്പൂതിരിമാര്‍ കുത്തിത്തിരിപ്പു വിളമ്പി നടന്നു.
ദിനരാത്രങ്ങള്‍ മറിഞ്ഞു തിരിഞ്ഞു. ഒരിക്കല്‍ എന്തോ ചിന്തിച്ചുറച്ച പോലെ താത്രിക്കുട്ടി.
അനന്താ - (അനന്തന്‍ കാതോര്‍ത്തിരുന്ന പോലെ ഓടിച്ചെന്നു) എനിക്കിനി കുറച്ചുനാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാനോ, ഒന്നിനും വയ്യാ.
അനന്തന്‍ - ചെറ്യേമ്മേ - അമ്മ ഗര്‍ഭിണിയാണല്ലോ എന്താന്നെച്ചാല്‍ കല്‍പ്പിച്ചാല്‍ മതി ഞാനതു നിര്‍വ്വഹിച്ചു തരാം.
സാവിത്രിക്കുട്ടി - അന്നേത്തുപുരത്തു ചെത്തിത്തറ ഭാഗത്തു ഒരുസര്‍ക്കാരി സ്‌ക്കൂളുണ്ട്. അവിടെച്ചെന്ന്, ശരദദാസ്സ് എന്നു പേരായ മാഷിനെ കാണണം. അദ്ദേഹത്തോടിവിടെ വരെ ഒന്നു വരുവാന്‍ പറയണം. മാഷിനെ അനന്തന്‍ കൂട്ടിക്കൊണ്ടു വരുകയൊന്നും വേണ്ടി വിവരം നല്‍കീട്ടു പോന്നോളൂ. അനന്തന്‍ ആരാണെന്നു ചോദിച്ചാല്‍ സത്യാവസ്ഥ പറഞ്ഞോളൂ.
പ്രത്യക്ഷത്തില്‍ അതിന്റെ നിഗൂഡതയൊന്നും അനന്തനു മനസ്സിലായില്ല. എന്നാലും പോകാമെന്നേറ്റു. താനിത്രയും കാലം ഈ തറവാടിനേയും പിതാവിനേയും ധിക്കരിച്ചു ഊരുചുറ്റി കഴിഞ്ഞ തനിക്ക് ഒന്നും ലഭിച്ചില്ല. നല്ലൊരില്ലത്തു ജനിച്ചു വളര്‍ന്ന താന്‍ നായര്‍ പിള്ളേരെപ്പോലെ ചട്ടമ്പിയായി കൂലിത്തല്ലുകാരനെപ്പോലെ നടക്കുന്നത് ഒട്ടും ന്യായീകരിക്കുവാന്‍ പറ്റിയവയല്ല.
വിവിധദേശങ്ങള്‍ ചുറ്റിത്തിരിഞ്ഞ് പറയത്തക്ക അറിവു നേടി നാട്ടില്‍ തിരിച്ചെത്തി, പിതാവിന്റെ ചിതയ്ക്കഗ്നി പകരുവാന്‍ സാധിച്ചു. അത്ര തന്നെ. പിതാവിനെ ധിക്കരിച്ചു നടന്നതിന്റെ തിക്താനുഭവങ്ങളുമായി തിരിച്ചെത്തിയെന്നു മാത്രം.
ചെറ്യേമ്മ അറിവുള്ളവളാണ്. തറവാടിയാണ്. അവരുടെ നിലപാടില്‍ നിന്നും താന്‍ മനസ്സിലാക്കുന്നത്, ഈ സ്വത്തുവകകളിലൊന്നും അവര്‍ക്കത്ര താല്‍പ്പര്യമുള്ളവളല്ല. അവയ്ക്കുപരി ചില സേവനങ്ങള്‍ നിര്‍ദ്ദേശാനുസരണം, കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുകയാണെങ്കില്‍ ചെറ്യേമ്മ തൃപ്തയാകും.
അച്ഛന്റെ സ്വത്തില്‍ തനിക്കവകാശപ്പെട്ടത്. അവര്‍ എനിക്കു നിര്‍ദാക്ഷിണ്യമെന്ന്യേ നല്‍കുമായിരിക്കും. പിന്നെ എന്റെ സഹോദരിക്കും നല്ലൊരു ഭാഗം ലഭിച്ചെന്നിരിക്കും ചെറ്യേമ്മ, ഇന്നെന്റെ രക്ഷകര്‍ത്താവാണ്. അവരെ എല്ലാം കൊണ്ടും അനുസരിക്കുന്നതാണുത്തമം. അവരിന്നു ഗര്‍ഭിണിയാണ്. അതുകൊണ്ടവരെ മാനസികമായി വിഷമിപ്പിക്കുന്നതു തരിക്കു ഭൂഷണമല്ല, നാട്ടുകാരും സ്വന്തക്കാരും നല്‍കുന്ന വിവേചനരഹിതമായ നിര്‍ദ്ദേശങ്ങള്‍ക്ക് താന്‍ ചെവി കൊടുക്കുന്നത് ന്യായയുക്തമല്ല. അവരൊക്കെ തന്നെ കുഴപ്പത്തില്‍ ചാടിക്കുവാനാണ് മുന്‍കൈയ്യെടുക്കുക. അത്തരം ഉപദേശങ്ങള്‍ ''പേവാക്കിന്നു പൊട്ടച്ചെവി'' എന്ന നിലപാടില്‍ നിരാകരിക്കുകയാണഭികാമ്യം.
പ്രദേശങ്ങള്‍ പലതും താണ്ടി അന്നേത്തുപരം താലൂക്കിലുള്ള ചെത്തിത്തറക്കരയില്‍ ചെന്നു സ്‌ക്കൂളിലന്വേഷിച്ചപ്പോള്‍ മാഷു ലീവാണെന്നറിഞ്ഞു അദ്ദേഹത്തെ കാണാതെ തിരികേ ചെന്നാല്‍ ചെറ്യേമ്മ കോപിക്കും. അതിലുപരി എത്ര ക്ലേശകരമായാലും മാഷിനെ കണ്ടുപിടിക്കണമെന്നയാള്‍ ദൃഡമായി കരുതി.
വീണ്ടും നടന്നു. പലരോടും ചോദിച്ചലഞ്ഞു പ്രയാണം ചെയ്തു. അവസാനം ഗൗരിക്കുട്ടിയുടെ പാഠശാലയിലെത്തി അന്വേഷിച്ചു. 
ഗൗരിക്കുട്ടി - ആരാ....
ഞാന്‍ അനന്തന്‍ നമ്പൂതിരി, നാരായണക്കല്ലില്‍ പൊന്ന്യാത്തില്ലത്തു നിന്നും വരുകയാണ്. സാവിത്രിക്കുട്ടി അന്തര്‍ജനം പറഞ്ഞയച്ചതാണ്. ശരദദാസ്സ് മാഷിനെ കാണണം.
സാവിത്രിക്കുട്ടിയെന്ന നാമം ശ്രവിച്ച മാത്രയില്‍ ഗൗരിക്കുട്ടിയുടെ നയനങ്ങള്‍ വികസ്സിച്ചു മുഖം പ്രസന്നമായി. ആകാംഷയോടെ വിവരങ്ങളാരായുവാന്‍ താല്‍പ്പര്യം കാട്ടി. ശരി ഇവിടെ കയറിയിരിക്കൂ... പിന്നെ മാഷിനെ കാണാം. അവര്‍ ഒരു ഇടംവരെ പോയിരിക്കുകയാണ്. പിന്നെ എന്തുണ്ടു വിശേഷങ്ങള്‍ അനന്തനു സാവിത്രിക്കുട്ടിയുമായി എന്താ ബന്ധം.
അനന്തന്‍ നമ്പൂതിരി - എന്റെ ചെറ്യേമ്മയാണ്, അപ്പന്‍ മൂന്നാമതു വേളി കഴിച്ച സ്ത്രീ.
ഗൗരിക്കുട്ടി - അതിനു, അനന്തനെ കണ്ടിട്ട് താത്രിക്കുട്ടിയെക്കാള്‍ പ്രായക്കൂടുതലുള്ള പോലെ തോന്നുന്നുണ്ടല്ലോ.
അനന്തന്‍ - അതു ശരിയാണ് പക്ഷേ അപ്പന്റെ മൂന്നാമതു വേളി നടക്കുമ്പോള്‍ ഞാനിവിടെയുണ്ടായിരുന്നില്ല. അപ്പന്‍ മരിച്ചിട്ട് കുറച്ചു മാസങ്ങളായി എന്റെ മൂത്തത് ഒരു സഹോദരി കൂടിയുണ്ട്. ചെറ്യേമ്മ ഗര്‍ഭിണിയാണ്, യാത്ര ചെയ്യുന്നതിനൊന്നും കഴിയുന്ന അവസ്ഥയിലല്ല. അപ്പനുമായി പണ്ടല്‍പ്പം വഴക്കുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ നാടുവിട്ടു പോയി പല നാടുകളും കറങ്ങിത്തിരിഞ്ഞു അപ്പന്റെ മരണവൃത്താന്തമറിഞ്ഞു ഓടി വന്നു. ചിതയ്ക്കു തീ കൊളുത്തുവാനുള്ള ഭാഗ്യം മാത്രമേ എനിക്കു ലഭിച്ചുള്ളൂ. ചെറ്യേമ്മയുടെ പെരുമാറ്റത്തിലും ഭാവത്തിലും ചില പ്രത്യാകതകളുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. ഏതായാലും ചെറ്യേമ്മയെ അനുസരിച്ച് ശിഷ്ടകാലം ഇല്ലത്തടങ്ങിയൊതുങ്ങി നില്‍ക്കുകയാണുത്തമമെന്നെനിക്കു തോന്നിയതു കൊണ്ടാണ് ചെറ്യേമ്മ നിര്‍ദ്ദേശിക്കുന്നതതേ പടി ഞാനനുസരിക്കുന്നത്. ഞാനിന്നു ചെറ്യേമ്മയുടെ വിനയാന്വിതനായ പുത്രനാണ്.
യാത്രാക്ഷീണിതരായ ശരദദാസ്സും, പപ്പുമാനേജരും ചിത്തരാജും, ഇട്യാദി മൂപ്പനും, വിശ്രമ സങ്കേതത്തില്‍ വന്നു ചേര്‍ന്നു.
വരാന്തയില്‍ ബഞ്ചിലും സ്റ്റൂളിലുമായി ഇരുന്നു ഗൗരിക്കുട്ടിയുമൊത്തു സംസാരിച്ചു കൊണ്ടിരുന്ന അപരിചിതനായ യുവാവിനെ കണ്ടു ആകാംഷാഭരിതരായി കയറിച്ചെന്നു.
അവരെഴുന്നേറ്റു ബഹുമാനപുരസ്സരം നിന്നു.
പപ്പുമാനേജര്‍ - ആരാണാവോ അതിഥി, ഇരിക്കൂ. 
ഗൗരിക്കുട്ടി - നവാഗതനായ മിത്രം തന്നെ, ഉത്തമമായ വിവരങ്ങളുമായാണ് ഇദ്ദേഹത്തിന്റെ ആഗമനം.
അനന്തന്‍ നമ്പൂതിരിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കാര്യമാത്ര പ്രസക്തമായി എല്ലാവരുടേയും മുമ്പില്‍ ഗൗരിക്കുട്ടി നിരത്തി.
പപ്പുമാനേജര്‍ - അനന്താ താങ്കളുടെ ആകമനത്തെ ഞങ്ങള്‍ അകമഴിഞ്ഞു സ്വാഗതം ചെയ്തു കൊള്ളുന്നു. (ശരദദാസ്സിനെ കാണിച്ചു കൊണ്ട്) ഇതാണ് ശരദദാസ്സ് പള്ളിക്കൂടത്തിലെ പ്രഗത്ഭനായ അധ്യാപകനാണ്.
ഞാന്‍ പപ്പുമാനേജര്‍, ഇത് ശരദദാസ്സിന്റെ ജ്യേഷ്ഠ സഹോദരന്‍ ചിത്തരാജ്. ഇതു ഞങ്ങളുടെ പുരോഹിതന്‍ ഇട്യാദി മൂപ്പന്‍. ശരദദാസ്സുമൊത്തുള്ള താത്രിക്കുട്ടിയുടെ വിവാഹം മാസങ്ങള്‍ക്കു മുന്‍പു ഇവിടെ നടത്തപ്പെട്ടതാണ്. അതും പുലപ്പേടി നാളില്‍ അവരൊരുമിച്ചു മാസങ്ങളോളം ജീവിച്ചു. പക്ഷേ, യുവമിഥുനങ്ങളെപ്പോലെ പൂമ്പാറ്റകളായി ഗ്രാമാന്തരീക്ഷത്തില്‍ ഉത്സാഹത്തോടു കൂടി പാറിപ്പറന്നു നടന്ന അവരില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ താത്രിക്കുട്ടിയുടെ പിതാവും ചട്ടമ്പികളും കൂടി ബലാല്‍ക്കാരേണ പിടിച്ചു കൊണ്ടു പോയി.
എന്നാല്‍ അവയൊക്കെയും ശരിയായ പ്രവണതയായിരുന്നില്ല. പുലപ്പേടി നാളില്‍ ഉന്നതജാതി സ്ത്രീ പുലച്ചെറുക്കന്റെ കൂടെ ഓടിപ്പോയാല്‍ സമുദായം അവളെ ഭ്രഷ്ടു കല്‍പ്പിക്കുകയാണ് പതിവ്.
അതിനു ഘടകവിരുദ്ധമായി ആ അന്തര്‍ജന യുവതിയെ നിര്‍ബന്ധിച്ചു ഒരു വയസ്സന്‍ നമ്പൂതിരിയെ കൊണ്ടു ബലാല്‍ക്കാരേണ വേളി കഴിപ്പിച്ചയച്ചിരിക്കുന്നു. ഇത് എത്രത്തോളം ന്യായയുക്തമാണെന്ന് അനന്തന്‍ തന്നെ ഒന്നു ചിന്തിച്ചു നോക്കൂ. ഇപ്പോള്‍ കേള്‍ക്കുന്നു ആ നമ്പൂതിരിയും, ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു എന്ന്.
അതായത് അനന്താ നമ്മുടെ സമുദായത്തിന്റെ നികൃഷ്ട സ്വഭാവം, അതായത് ജാതിക്കുശുമ്പ് ഒരിക്കലും മാറുവാന്‍ പോകുന്നില്ല. പക്ഷേ ഇവയ്ക്കും വ്യതിയാനം വന്നു കൂടെന്നില്ല.
ശരി ഇനി അനന്തന്‍ കാര്യങ്ങളൊക്കെ വിവരിക്കൂ. അതായത് അപ്പന്‍ മരിച്ചെന്നറിഞ്ഞാണ് ഞാന്‍ പൊന്ന്യേത്തില്ലത്തു തിരിച്ചെത്തുന്നത്. ഇത്ര യുവതിയായ ഒരു സ്ത്രീയെ എങ്ങിനെ എന്റെ പിതാവിനു വേളി കഴിക്കുവാന്‍ സാധിച്ചു ഇതിലെന്തോ അപാകതയുള്ളതായി എല്ലാവരും നിഗമനിക്കുന്ന പോലെ എനിക്കൂും തോന്നാതിരുന്നില്ല. എന്റെ നേരെ മൂത്ത ഉടപ്പിറന്നോളില്‍ നിന്നറിഞ്ഞു വിവാഹം നടക്കുമ്പോഴും ചെറിയമ്മയ്ക്കു സ്വബോധമുണ്ടായിരുന്നില്ല എന്ന്. പൊന്ന്യാത്തില്ലത്തു വന്ന ശേഷവും തക്കതായ ചികിത്സ നല്‍കുകയുണ്ടായിയെന്ന്. പിന്നീട് ഞാനതിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞു വൈദ്യരു പറഞ്ഞറിഞ്ഞതിനാണ് അതായത്. ചെറിയമ്മ ഗര്‍ഭിണിയായിരുന്നു. അതു ശ്രവിച്ച മാത്രയില്‍ അപ്പന്‍ ബോധരഹിതനായി കട്ടിലില്‍ പതിച്ചു. നിരവധി നാളുകള്‍ ചികിത്സ നടത്തി അതിനു ശേഷമാണ് പിതാവിന്റെ അന്ത്യമുണ്ടായത്.
ഇട്യാദി മൂപ്പന്‍ ഇടയ്ക്കു കയറി പറഞ്ഞു. ഗൗരിക്കുട്ട്യായ് ഇദ്ദേഹത്തിനു വല്ല ചായയോ വെള്ളമോ കൊടുത്തോ.
ഗൗരിക്കുട്ടി - അതിഥിയുമായി സംസാരിച്ചിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല. നമുക്കു വീട്ടിലേയ്ക്കു പോകാം, എന്തെങ്കിലും ഭക്ഷണ സാധനങ്ങള്‍ ലഭിക്കാതിരിക്കില്ല.
എല്ലാവരും എഴുന്നേറ്റു നടന്നു.
അവിടെ ചെന്നപ്പോഴല്ലേ അതിശയം. അപ്രതീക്ഷിതമായ ഉണര്‍വേകി കൊണ്ട് ചോറും കറികളുമൊരുക്കി കാത്തിരിക്കുന്ന കുഞ്ഞിക്കണ്ടാരിയുടെ മകള്‍ അഴകിയെ കാണുന്നത്. കുറഞ്ഞെരു നാളായി ഗൗരിക്കുട്ടിയുടെ ഭവനത്തില്‍ ഒരു സഹായിയായി വേല ചെയ്യുന്നു.
പപ്പുമാനേജര്‍ അഭിപ്രായപ്പെട്ടു. ഗൗരിക്കുട്ടി നന്നായി കൈസഹായത്തിനൊരാളില്ലെങ്കില്‍ ഈ വീട്ടില്‍ കാര്യങ്ങള്‍ നോക്കുവാന്‍ പറ്റില്ല. അനന്തനോടു തിരിഞ്ഞ് അനന്താ നാടും, നഗരവും ചുറ്റിക്കണ്ടു കഴിഞ്ഞ അനന്തന് ഈ നാട്ടിലെ സംസ്‌ക്കാരം ഒരു നവചൈതന്യം പകര്‍ന്നിട്ടുണ്ടെന്നനുമാനിക്കട്ടേയോ.
അനന്തന്‍ - തീര്‍ച്ചയായും, ഒരു പ്രത്യാകതയുള്ള ഭൂവിഭാഗം.
പപ്പുമാനേജര്‍ - ഇവിടെയാണ് സാവിത്രിക്കുട്ടി നിരന്തരം മനുഷ്യ സമ്പര്‍ക്കം പുലര്‍ത്തി വളര്‍ന്നത്. ഇവരുടെ പ്രണയബന്ധത്തിന്നു വര്‍ഷങ്ങളോളം പഴക്കമുണ്ട്. അതിനെ തച്ചുടയ്ക്കുവാനാണ് താത്രിക്കുട്ടിയുടെരക്ഷകര്‍ത്താക്കള്‍ കിണഞ്ഞു പരിശ്രമിച്ചതെന്നുള്ള വസ്തുത ഒന്നാലോചിച്ചു നോക്കൂ.
അനന്തന്‍ - മാഷേ ഞാന്‍ ഭാഗ്യവാനാണ് എന്റെ ചെറ്യേമ്മ ഉന്നത സംസ്‌ക്കാരത്തിന്റെ വാക്താവാണ്, മഹതിയാണ് ദേവതയാണ് അവര്‍ക്കു വേണ്ടി ഞാനെന്നും സേവന തല്‍പ്പരനായിരിക്കും.
ആഹാരമൊക്കെ കഴിഞ്ഞു വീണ്ടും നാട്ടു വിശേഷങ്ങള്‍ പറഞ്ഞിരുന്നു. മൈലന്‍പിള്ളയെ പരിചയപ്പെട്ടു കാര്യങ്ങളുടെ നിജസ്ഥിതി അനന്തന്‍ നമ്പൂതിരിക്കു മനസ്സിലായി.
ശരദദാസ്സ് - ഞാന്‍ രണ്ടു മൂന്നു നാള്‍ക്കുള്ളില്‍ അവിടെ എത്തിക്കൊള്ളാം.
അനന്തന്‍ നമ്പൂതിരി - സാധാരണ ഒരു നമ്പൂതിരിയുടെ അകാല വേര്‍പാടില്‍ വിധവയാക്കപ്പെട്ട യുവതി, തലമുണ്ഡനം ചെയ്തു, അകത്തളത്തില്‍ സ്വത്തും അടുക്കിപ്പിടിച്ചു കഴിയണം. അതിനു തയ്യാറല്ലെങ്കില്‍ തറവാട്ടില്‍ നിന്നു പുറത്താക്കും. അതിനു വേണ്ടി വൃദ്ധരായ നമ്പൂതിരി ശ്രേഷ്ടന്മാര്‍ പടിയടച്ചു പിണ്ഡം വയ്ക്കല്‍ അതായതു പുകച്ചു പുറത്തു ചാടിക്കല്‍, ജീവിച്ചിരിക്കേ മരിച്ചു പോയതായി കണക്കാക്കി ബലി തര്‍പ്പണം ചെയ്യുന്നതിനു കോപ്പു കൂട്ടി ചെറ്യേമ്മയുടെ അഭിപ്രായമാരായുവാനായി പൂമുഖത്തേയ്ക്കാനയിക്കപ്പെട്ടു.
പക്ഷേ ചെറ്യേമ്മ തക്കതായ വാക്കുകളാല്‍ സധൈര്യം അവരെ നേരിട്ടു. ഭഗ്നാശയരാക്കി.
പിതാവു അസുഖം മൂലം കിടപ്പിലായപ്പോള്‍ തിരിഞ്ഞു നോക്കാത്ത രക്ഷകര്‍ത്താക്കളെന്നഭിമാനിക്കുന്നവര്‍, അദ്ദേഹം മരണപ്പെട്ടപ്പോള്‍ തറവാട്ടില്‍ വന്നു യുവതിയായ അദ്ദേഹത്തിന്റെ ഭാര്യയെ നിരാലംബയാക്കി പുകച്ചു പുറത്താക്കുവാന്‍ മുതിര്‍ന്നതിന്റെ ദുരൂഹത ചെറിയമ്മ മനസ്സിലാക്കിയിരുന്നു.
പക്ഷേ എനിക്കതു മനസ്സിലാകുമായിരുന്നില്ല. കൂടാതെ തറവാട്ടിലെ കാര്യങ്ങള്‍ നോക്കുവാനും മറ്റംഗങ്ങള്‍ക്കു വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുവാനും നിങ്ങളെപ്പോലെയുള്ള യാഥാസ്ഥിതികരുടെ സഹായം ആവശ്യമില്ലന്നമ്മ തുറന്നു പ്രഖ്യാപിച്ചു. മരണമടഞ്ഞ അപ്പന്റെ പേരില്‍ അടിയന്തിരാവശ്യങ്ങള്‍ നടത്തി പണം ധൂര്‍ത്തടിക്കുവാനും തയ്യാറല്ലെന്നവര്‍ കുടുംബനാഥ എന്ന നിലയ്ക്കു ഉറപ്പിച്ചു പറഞ്ഞു.
പപ്പുമാനേജര്‍ - താത്രിക്കുട്ടി ഈ മണ്ണിന്റെ മകളാണ് അവളെ അതിനു പ്രാപ്തയാക്കിയത്. ഈ പ്രദേശമാണ് ഇവിടത്തെ ഉന്നതസംസ്‌ക്കാരമാണ്.
അനന്തന്‍ നമ്പൂതിരി - മാഷേ ഈ പ്രദേശം, ഞാനാദ്യമായിട്ടാണ് സന്ദര്‍ശിക്കുന്നത്. നിങ്ങളെപ്പറ്റി എനിക്കഭിമാനം തോന്നുന്നു. ഭാഗ്യമുണ്ടെങ്കില്‍ എനിക്കു നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഞാന്‍ പുറപ്പെടുന്നു.
*****