"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കറുത്ത അമേരിക്ക - ദലിത് ബന്ധു എന്‍ കെ ജോസ്

അമേരിക്ക കറുത്തതും വെളുത്തതുമുണ്ട്. ഒബാമയുടെ അമേരിക്കയും ബുഷിന്റെ അമേരിക്കയും. മനുഷ്യശരീരത്തിലെ തൊലിക്കുള്ളിലുള്ള മെലാനിന്‍ (Melanin) എന്ന ദ്രാവകത്തിന്റെ അളവാണ് അവനെ കറുത്തതോ വെളുത്തതോ ആക്കുന്നത്. ആ ദ്രാവകത്തിന് മനുഷ്യവര്‍ഗ്ഗത്തെ തന്നെ രണ്ടായി വിഭജിക്കാനുള്ള കഴിവുണ്ടായി. അഥവാ മനുഷ്യന്‍ അതിന് ആ കഴിവ് കൊടുത്തു. അങ്ങനെയാണ് അമേരിക്കന്‍ ജനത കറുത്തവരും വെളുത്തവരുമായി വിഭജിക്കപ്പെട്ടത്. ഇന്ന് അവിടെ 12% കറുത്തവരും 88% വെളുത്തവരു മുണ്ട്. എന്ന് മാത്രമല്ല വെളുത്തവര്‍ കറുത്തവരെ ഭരിക്കാനും അടിമക ളാക്കാനും അവരെ ചൂഷണം ചെയ്യുവാനുമുള്ള പശ്ചാത്തലം കൂടി സൃഷ്ടിച്ചത് ആ വിഭജനമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ രണ്ട് കൂട്ടരും വരത്തരാണ്. വെള്ളക്കാര്‍ വന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞാണ് കറുത്തവര്‍ വന്നത് എന്നു മാത്രം. പക്ഷേ അവര്‍ അമേരിക്ക യില്‍ വരുന്നതിന് മുമ്പും കറുത്തവരും വെളുത്തവരുമായിരുന്നു. ഒരുകാ ലത്ത് കറുത്തവരുടെ മേധാവിത്വമാണ് ലോകത്തില്‍ പതിനായിരക്കണ ക്കിന് വര്‍ഷങ്ങളായി നിലനിന്നതെങ്കില്‍ ഇപ്പോള്‍ വെളുത്തവരുടെ മേധാവിത്വമാണ് ആ സ്ഥാനത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. അതിനായി വെള്ളക്കാര്‍ ആദ്യം ഒരു തത്വശാസ്ത്രം മെനഞ്ഞെടുത്തു. പിന്നെ അവര്‍ വ്യക്തിത്വത്തെക്കാള്‍ പ്രാധാന്യം വംശീയതയ്ക്ക് കൊടുത്തു. കറുത്ത സ്ത്രീയുടെ ഉദര ത്തില്‍നിന്നും ജനിക്കുന്ന കുട്ടി കറുമ്പനായിരിക്കും എത്ര പ്രഗത്ഭനായാലും അടിമയായിരിക്കും എന്ന് തീരുമാനിച്ചു. അമേരിക്കയില്‍ എത്തിയ പുരോഹിതന്‍മാര്‍, കര്‍ഷകര്‍, ജന്മികള്‍, വക്കീലന്‍മാര്‍, സ്ഥാപകപി താക്കന്മാര്‍ തുടങ്ങിയവരാണ് അത് ചെയ്തത്. അവര്‍ ജന്മം കൊടുത്ത വേര്‍തിരിക്കല്‍ പ്രസ്ഥാനം'(Segregation) പലനൂറ്റാണ്ടുകള്‍ നിലനിന്നു. അത് ലോകത്തിലെ മറ്റ് പ്രദേശങ്ങളിലെ അടിമത്തത്തില്‍ നിന്ന്‌വ്യത്യസ്തമായിരുന്നു.

കറുത്തവര്‍ക്കെതിരായ വിവേചനം അതിന്റെ മൂര്‍ദ്ധന്യത്തിലെ ത്തിയിരുന്ന രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. (അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്ന് താമസിക്കുന്ന ആഫ്രോഅമേരിക്കന്‍ ജനതയെ യാണ് ഇവിടത്തെ കറുത്തവര്‍ എന്ന് പറയുന്നത്. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നും കൊണ്ടുവരപ്പെട്ട അടിമകളുടെ സന്തതി പരമ്പരകളില്‍ പെട്ടവരാണവര്‍) ഒരു കാലത്ത് ദക്ഷിണാഫ്രിക്കയേക്കാള്‍ ഏറെ വര്‍ണ്ണവിവേചനം അവിടെ സര്‍ക്കാര്‍ ഇടപെട്ട് തന്നെ നടത്തിയി രുന്നു. സര്‍ക്കാര്‍ അവിടെ വെള്ളക്കാരുടേത് മാത്രമായിരുന്നു. അടിമകളെ കൊണ്ട് പണി എടുപ്പിച്ച് നാടിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചു. വെള്ളക്കാരുടെ സാമ്പത്തിക ഭദ്രതയ്ക്കുള്ള ഒരു ഉപകരണം മാത്രമായിരുന്നു അവര്‍ക്ക് അടിമകള്‍. നിലം ഉഴുതുമറിക്കാന്‍ കാളകളെ ഉപയോഗിക്കുന്നതു പോലെ തന്നെ. വിലകൊടുത്ത് വാങ്ങിയ അടിമകളെ ഉപയോഗമില്ലാതെ വരുമ്പോള്‍ വലിച്ചെറിയുന്നതിനോ നശിപ്പിക്കുന്നതിനോ വില്‍ക്കുന്നതിനോ അവര്‍ക്ക് അവകാശമുണ്ടാ യിരുന്നു.

കേരളത്തില്‍ അടിമത്തം നിലനിന്നിരുന്ന കാലത്ത് ഒരു പരിധിവരെ ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. ജാതിവിവേചനവും അതിന്റേതായ ആചാരങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന അന്വേഷണം മാത്രമായിരുന്നു. ഒരുകാലത്ത് തിരുവിതാംകൂര്‍ രാജാവിന്റെ കര്‍ത്തവ്യം. മറ്റ് രാജകീയ ചുമതലകളെല്ലാം ഇംഗ്ലീഷുകാര്‍ നിര്‍വഹിച്ചു കൊള്ളും. 1805 ലെ ഉടമ്പടി ആ വിധത്തിലുള്ളതായിരുന്നുവല്ലോ.

അതിന്റെ മറ്റൊരു പതിപ്പായിരുന്നു 19-ാം നൂറ്റാണ്ടിലേയും 20-ാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെയും അമേരിക്കന്‍ ഐക്യനാടുകള്‍ അവിടെ രാജാവിന്റെ സ്ഥാനത്ത് വെള്ളക്കാരും അവരുടെ സര്‍ക്കാരും തിരുവിതാംകൂറില്‍ 1855 ല്‍ അടിമത്തം നിറുത്തലാക്കി. ഭരണാധികാരി യുടെ പിന്തുണയോട് കൂടി രാജ്യത്തെ ഒരുവിഭാഗം ജനങ്ങള്‍ മറ്റേവിഭാഗം ജനങ്ങളെ നശിപ്പിക്കുന്നു, കൊന്നൊടുക്കുന്നു. 1829ല്‍ തിരുവിതാംകൂറില്‍ ചാന്നാര്‍ ലഹളക്കാലത്ത് ചാന്നാര്‍ സ്ത്രീകള്‍ മാറുമറച്ചപ്പോള്‍ സവര്‍ണ്ണര്‍ അവരുടെ മാറിലെ തുണി വലിച്ചുകീറി. സര്‍ക്കാരും പോലീസും അതിന് കൂട്ടുനിന്നു. സവര്‍ണ്ണര്‍ക്ക് വേണ്ട സഹായവും പ്രോത്‌സാഹനവും കൊടുത്തു. അതെല്ലാം അമേരിക്കയില്‍ ഒരു കാലത്ത് നടന്നുകൊണ്ടിരുന്ന ലിഞ്ചിംഗിന്റെ (Lynching)ന്റെ വകഭേദമാണ് എന്നു പറയാം. (ലിഞ്ചിം ഗിനെപ്പറ്റി കൂടുതല്‍ പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്).

ഇന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആകെമാറി. നിയമ ത്തിന്റെ മുമ്പില്‍ അവിടെ ഇന്ന് എല്ലാ പൗരന്‍മാരും തുല്യരാണ്. ബാരക്ക് ഒബാമ എന്ന കറുമ്പന്‍ അവിടെ പ്രസിഡന്റാണ്. അത് കെ.ആര്‍.നാരായണന്‍ ഇന്ത്യയുടെ പ്രസിഡന്റായത് പോലെയുള്ള രാഷ്ട്രീയ കക്ഷികളുടെ ഒത്തുതീര്‍പ്പ് (Adjustment) അല്ല. ജനം നേരിട്ട് തെരഞ്ഞെടുത്ത അധികാരിയാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ 52 ശതമാനം ജനങ്ങള്‍ ഒബാമ എന്ന കറുത്തവര്‍ഗ്ഗക്കാരന് നേരിട്ട് വോട്ട് നല്‍കിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെപ്പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ കോണ്‍ഗ്രസ് പ്രസിഡന്റിന്റെയോ നോമിനിയല്ല. ആകെയുള്ള യു.എസ്. ജനസംഖ്യ 34.57 കോടിയാണ്. അതിന് കേവലം 4.02 കോടി മാത്രമായിരുന്നു കറുത്തവര്‍. 11.5 ശതമാനം മാത്രം. പക്ഷെ ഒബാമായ്ക്ക് ലഭിച്ചത് 52 ശതമാനം വോട്ട്. 24.19 കോടി ജനങ്ങളുടെ പിന്തുണ. ആ പിന്തുണ യോടെയാണ് അദ്ദേഹം ആ രാജ്യത്തെ ഏറ്റവും വലിയ അധികാരി യായിരിക്കുന്നത്. ഇവിടെ പ്രസിഡന്റല്ല, ഒരു പരിധിവരെ യെങ്കിലും പ്രധാനമന്ത്രിയാണ് തത്തുല്യന്‍. ആ സ്ഥാനത്തേയ്ക്ക് ഒരു ദലിതന്‍ എത്തുക എന്നത് ഇവിടെ അത്രഎളുപ്പമുള്ള കാര്യമല്ല. ഒരുകാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജഗ്ജീവന്റാമിന്റെ പേര് നിര്‍ദ്ദേശി ക്കപ്പെട്ടെങ്കിലും ദലിതന്‍ എന്ന കാരണത്താല്‍ തന്നെ അത് തള്ളപ്പെടുക യാണുണ്ടായത്.

1965ലാണ് അവിടെ കറുമ്പര്‍ക്ക് വോട്ടവകാശം ലഭിച്ചത്. ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം സാര്‍വത്രികമായി ലഭിച്ചതിനും 15 വര്‍ഷത്തിന് ശേഷം അമേരിക്കയിലും അത് സംഭവിച്ചു. പക്ഷേ അമേരിക്ക ഇന്ന് ലോകപോലീസാണ്. ജനാധിപത്യം എവിടെ ധ്വംസി ക്കപ്പെടുന്നുണ്ടോ അവിടെ എല്ലാം ഇടപെട്ടു ജനാധിപത്യം നടപ്പാക്കാന്‍ സ്വയം നിയുക്തനായ അധികാരിയായി അഭിനയിക്കുകയാണ്. ഇന്ന് അവിടെ കറുത്തവര്‍ക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ പോലും പൗരത്വമുണ്ട്. ഒരുകാലത്ത് അടിമത്വവും വര്‍ണ്ണ വിദ്വോഷവും ഏറ്റവും ക്രൂരമായി നടപ്പാക്കിയിരുന്നത് അവിടെയാണ്. ഏറ്റവും ഒടുവില്‍ അടിമത്തം നിറുത്തലാക്കിയ സംസ്ഥാനം തെക്കന്‍ ദിക്കിലെ ടെക്‌സാസ് (Texas) ആണ്. തല്‍സ്ഥാനത്ത് അവിടെയെല്ലാം നിലവില്‍ വന്ന പുതിയ നിയമഭരണം ഇന്ത്യയെപ്പോലെ വെറും കടലാസില്‍ മാത്രമല്ല പ്രായോഗിക രംഗത്തും ഒരു പരിധിവരെയെങ്കിലും നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രധാനമായ ഘടകമായ അവസരസമത്വം ഏറെക്കുറെ അവിടെ നിലവില്‍ വന്നു. സാമൂഹ്യനീതി അതിന്റെ പൂര്‍ണ്ണമായഅളവില്‍ നടപ്പായില്ലാ എന്നത് ശരിതന്നെ. എന്നാല്‍ നൈയ്യാമിക നീതികളെല്ലാം തന്നെ ഇതിനകം ലഭിച്ചു കഴിഞ്ഞു. വര്‍ണ്ണവെറിയും അപ്പാത്തീഡും തെറ്റാണ് എന്ന് പരസ്യമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കറുത്തവരുടെ കുട്ടികള്‍ക്ക് പ്രവേശനമില്ലാത്ത വിദ്യാലയ ങ്ങള്‍ ഇന്നവിടെ ഇല്ലാ എന്ന് പറയാം. കറുത്തവര്‍ക്ക് വീട് വയ്ക്കാന്‍ പാടില്ലാത്ത തെരുവകളോ ചികില്‍സ തേടി ചെല്ലാന്‍ പാടില്ലാത്ത ആശുപത്രികളോ ജോലി നിഷേധിക്കുന്ന കമ്പനികളോ നിയമിക്കപ്പെ ടുവാന്‍ പാടില്ലാത്ത ഔദ്യോഗിക സ്ഥാനങ്ങളോ ഒന്നും ഇപ്പോള്‍ അവിടെ ഇല്ലാ എന്നാണ് വയ്പ്. എല്ലാ പൊതു ഭക്ഷണശാലകളും എല്ലാവര്‍ക്കും ഇപ്പോള്‍ അവിടെ പ്രാപ്യമാണ്. അവര്‍ക്ക് പ്രവേശനമി ല്ലാത്ത പള്ളികളൊന്നും തന്നെ അവിടെ ഇല്ല. വെള്ളക്കാരും കറുത്തവരും തമ്മില്‍ ഒരു കാലത്ത് പാടില്ലെന്ന് പറഞ്ഞിരുന്ന വിവാഹവും ഇന്നവിടെ സാധ്യമാണ്. ഇതിനെല്ലാം അപഭ്രംശങ്ങളുണ്ട്. പക്ഷേ പൊതുവെ സ്ഥിതി ഭേദമാണ്. ജനം തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അതെല്ലാം അംഗീകരിച്ചു എന്നതാണ് പ്രധാനം. ആദര്‍ശങ്ങള്‍ കടലാസില്‍ എഴുതി വയ്ക്കുകയൊ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കുകയോ ആര്‍ക്കുമാകാം. അമേരിക്കന്‍ ഐക്യനാടുകള്‍ തങ്ങളുടേത് മാത്രമാണ്, ഇവിടെ തങ്ങളുടെ സംസ്‌ക്കാരം മാത്രം നിലനില്‍ക്കാവൂ, തങ്ങളോടൊപ്പം വസിക്കുന്ന കറുത്തവര്‍ക്ക് ഇവിടെ ഒരു അവകാശവുമില്ല എന്നെല്ലാം അവകാശപ്പെടുന്ന സമൂഹം ഇന്നവിടെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്നും അവിടെ കു ക്ലക്‌സ് ക്ലാന്‍ (Ku Klux Klan) എന്ന വര്‍ഗ്ഗീയ സംഘടന ഉണ്ട് എന്നു മാത്രം. അവര്‍ ചില ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ നടത്തുന്നു മുണ്ട്. അത്രമാത്രം. അതൊന്നും Black Powerന്റെ ഫലമല്ല. ബര്‍ബറാ ജോര്‍ഡാന്‍ ഒരിക്കല്‍ പറഞ്ഞു do not call for balck power or green power. Call for brain power.'ഇന്ത്യയില്‍ ഇല്ലാത്തതും അതുതന്നെ യാണ്. ഇന്ത്യയിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിക്കണമെങ്കില്‍ ബ്രാഹ്മണരേക്കാള്‍ ഏറെ ബുദ്ധി ആവശ്യമാണ്. എല്ലാ സ്വാതന്ത്ര്യവും ഭരണഘടനാ പരമായി ഇന്ത്യയിലുമുണ്ട്. എന്നാല്‍ അവ ഒന്നും തന്നെ ഇവിടെ ഇന്ന് കറുത്തവര്‍ക്ക് പ്രാപ്യമല്ല എന്നു മാത്രം. അതാണ് അമേരിക്കന്‍ ഐക്യനാടുകളിലെ വെള്ളക്കാരും ഇന്ത്യയിലെ സവര്‍ണ്ണരും തമ്മിലുള്ള വ്യത്യാസം. അവര്‍ പറയുന്നത് പ്രവര്‍ത്തിക്കും ഇവര്‍ പറയാത്തത് പ്രവര്‍ത്തിക്കും പ്രവര്‍ത്തിക്കാത്ത് പറയും. ഇവിടെ ഭരണഘടനയില്‍ എന്തെല്ലാം എഴുതി വച്ചാലും അതൊന്നും നാട്ടില്‍ നടപ്പാക്കുകയില്ല. അതില്‍ ആര്‍ക്കും പരിഭവമില്ല. ഒരു ഹിന്ദു എന്നവകാശപ്പെടുന്ന വയലാര്‍ രവി എന്ന കേന്ദ്രമന്ത്രി സഭയിലെക്യാബിനറ്റ് അംഗത്തിന്റെ പുത്രന് പോലും പ്രവേശനമില്ലാത്ത ഹിന്ദുക്ഷേത്രങ്ങള്‍ ഇന്നും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു എന്നു മാത്രമല്ല സര്‍ക്കാര്‍ അംഗീകരിച്ചു പരിപാലിച്ചു പോരുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണതും. ജനവും അതിന്റെ പ്രാധാന്യം അംഗീകരി ക്കുകയും ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ഒരു ഹിന്ദുക്ഷേത്രമാണ്. ശ്രീ.വയലാര്‍ രവിയുടെ പുത്രന്‍ ഹിന്ദുവാണ്. പക്ഷേ ആ വ്യക്തി ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അയിത്ത മാകും. കാരണം രവിയുടെ ഭാര്യ- പുത്രന്റെ അമ്മ, പണ്ട് ക്രിസ്ത്യാനിയായിരുന്നു എന്നതാണ്. എന്നാല്‍ അതേസമയം അതിനു വിരുദ്ധമായി സുപ്രീംകോടതി വിധിയുണ്ട്, മകന്റെ ജാതി നിശ്ചയിക്കേണ്ടത് പിതാവിന്റെ ജാതി നോക്കി വേണം എന്ന്. മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ സ്ത്രീകളുടെ കുട്ടികളുടെ സംവരണാനുകൂല്യം നിഷേധിക്കാന്‍ ആ വിധി ഇന്ന് ഉപയോഗിക്കുന്നുമുണ്ട്. സുപ്രീംകോടതിയുടെ വിധി ഗുരുവായൂര്‍ ക്ഷേത്രത്തെ ബാധിക്കുകയില്ലേ? അയിത്തം ഭരണഘടനാപ്രകാരം ഇന്ത്യയിലെങ്ങും നിരോധിച്ചിരിക്കുകയുമാണ്. പക്ഷേ ഭരണഘടനാ വിരുദ്ധമായി ക്ഷേത്രഭാരവാഹികള്‍ പ്രവര്‍ത്തിച്ചതി നെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഒരു പൊതുതാല്പര്യ ഹര്‍ജ്ജി പോലും ഫയല്‍ ചെയ്തിട്ടില്ല. ഗുരുവായൂര്‍ ഒരു ചുണ്ടുപലക എന്ന ഗ്രന്ഥത്തില്‍ അത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇന്നത്തെ സ്ഥിതി താരതമ്യേന ഭേദമാണെങ്കിലും അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്തവരുടെ ഏറ്റവും വലുതും ശക്തവുമായ സംഘടന എന്‍.എ.എ.സി.പി. (Natural Association for the Advancement of Coloured People) യുടെ ചെയര്‍മാന്‍ ജൂലിയന്‍ ബോണ്ട് കഴിഞ്ഞ വര്‍ഷം അവിടത്തെ കറുത്തവരുടെ സ്ഥിതിയെപ്പറ്റി പുറപ്പെടു വിച്ച ഒരു കണക്ക് സോഷ്യലിസ്റ്റ് ആക്ഷന്‍ (Socialist Action) എന്ന അവരുടെ പത്രത്തിലുണ്ട്. (ശ്രീ.എം.റഷീദ് 13.01.2007ല്‍ മാധ്യമം ദിനപ്പ ത്രത്തിലെഴുതിയ ലേഖനം) അതനുസരിച്ച് ഇന്ന് യു.എസ്.എ.യിലെ മൊത്തം 8.6 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത്. അതില്‍ അവിടത്തെ കറുത്തവരില്‍ 25 ശതമാനം പേരും ഉള്‍പ്പെടും. ശിശുമരണനിരക്ക് വെള്ളക്കാരേക്കാള്‍ വളരെ വളരെ കൂടുതലാണ് കറുത്തവരുടേത്. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യ ത്തില്‍ അവര്‍ 42% പുറകിലാണ്. വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ നിന്നും ബിരുദം നേടിയവരുടെ കണക്കില്‍ 60% പിന്നിലാണവര്‍. എന്നാല്‍ ജയില്‍ശിക്ഷയുടെ കാര്യത്തില്‍ അവര്‍ ഏറെ മുന്നിലാണ്. ഇതുപോ ലുള്ള കണക്ക് വളരെയേറെയുണ്ട് ആ പത്രത്തില്‍.

അതിലുമപ്പുറം ലൂസിയാന സ്റ്റേറ്റിലെ ജന എന്ന സ്ഥലത്തെ ഹൈസ്‌കൂളില്‍ വെള്ളക്കാരുടെ കുട്ടികളോടൊപ്പം കറുത്തവരുടെ കുട്ടികള്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. അതില്‍ പ്രതിഷേധിച്ചു ഒപ്പം ഇരുന്ന കറുത്തവരുടെ കുട്ടികളെ അവര്‍ ജയിലടച്ചു. ഇപ്പോള്‍ ആ ആറുകുട്ടികള്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ അവര്‍ ഒരു ഡിഫെന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇങ്ങനെ അപൂര്‍വ്വം ചില ഒറ്റപ്പെട്ട സ്ഥലങ്ങ ളില്‍ സംഭവിക്കുന്നുണ്ടെങ്കിലും പൊതുവെ അമേരിക്കയിലെ കറുമ്പരുടെ നില ഒരു ദശാബ്ദത്തിന് മുമ്പത്തേക്കാള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. 
അതെല്ലാം അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്തവരുടെ ഒരു കാലത്തെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും അവബോധ ത്തിന്റെയും കഠിനയത്‌നത്തിന്റെയും ശക്തമായ സമരത്തിന്റെയും ഫലമാണ്. ജനസംഖ്യയില്‍ 12 ശതമാനം തികയാത്ത കറുമ്പരുടെ നേതാക്കളായ ബുക്കര്‍ ടി. വാഷിങ്ടണ്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ഡബ്‌ളിയൂ. ഈ.ബി.ഡ്യൂബിയാസ്, ഫെഡറിക് ഡഗ്ലസ്, എഡ്വാര്‍ഡ് ബ്രൂക്ക്, റോസാപാക്ക്, സോജാര്‍ണ്‍ ട്രൂത്ത് (Edward Brooke, Malcom & Rosa park, Sojourner Truth) ഡഗ്ലസ് വൈന്‍ഡര്‍, ജെസ്സി ജാക്ക്‌സണ്‍, തര്‍ഗുഡ് മാര്‍ഷല്‍ ഞങ്ങളുടെ തിളങ്ങുന്ന കറുത്ത രാജകുമാരന് എന്ന അപരനാമ ത്തില്‍ അറിയപ്പെടുന്ന മാല്‍ക്കം എക്‌സ്, കാഷ്യൂസ് ക്ലേ തുടങ്ങിയ സമുന്നത നേതാക്കളുടെ ആത്മാര്‍ത്ഥമായ യത്‌നത്തിന്റെ ഫലമാണത്. ഇന്ന് അവിടത്തെ കറുത്ത വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പിതാക്കള്‍ അനുഭവിച്ച ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടത്തിയ നീണ്ട സമരത്തിന്റെയും ചരിത്രം പഠിക്കുന്നുണ്ട്. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നും ഇവിടെ കൊണ്ടുവരപ്പെട്ടത് മുതല്‍ ഇന്നു വരെയുള്ള അവരുടെ സമരത്തിന്റെയും വിജയപരാജയങ്ങളുടെയും ചരിത്രം അറിഞ്ഞു കൂടാത്ത ഒരു കറുത്ത വിദ്യാര്‍ത്ഥിയും ഇന്ന് യു.എസ്. എ.യില്ല. അവരുടെ പ്രായഭേദമനുസരിച്ച് ചുരുക്കവും വിശദവുമായ ചരിത്രമാണ് ഹൃദിസ്ഥമാക്കുന്നത് എന്നു മാത്രം അവര്‍ പഠിക്കുന്നത്. അമേരിക്കയിലെ കുറത്തവരുടെ ചരിത്രമല്ല. ഒരിക്കല്‍ കാര്‍ട്ടണ്‍ വുഡ്‌സണ്‍ പറഞ്ഞതു പോലെ (We should emphasis not Negro history but Negros in the History)നമ്മള്‍ നീഗ്രോയുടെ ചരിത്രമല്ല അന്വേഷി ക്കേണ്ടത് ചരിത്രത്തിലെ നീഗ്രോകളെയാണ്.

ഇന്ത്യയിലെ ജനസംഖ്യയുടെ 30 ശതമാനമുള്ള ദലിതരുടെ മോചനം ഇനിയും സാധ്യമായിട്ടില്ല. (കേരളത്തില്‍ അവരുടെ സംഖ്യ 25 ശതമാനമാണ്). ആ പരിതസ്ഥിതിയില്‍ തത്തുല്യമായ അവശതകള്‍ അനുഭവിച്ചിരുന്ന ഒരു ജനത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെയും നവോത്ഥാനത്തിന്റെ കഥ അമേരിക്കന്‍ കറുമ്പരുടെ സമരത്തിന്റെയും വിജയത്തിന്റെയും കഥ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ദലിതര്‍ക്ക് ഒരു മാതൃകയാവേണ്ടതാണ്.

ശ്രീബുദ്ധന്‍, ജ്യോതിറാവൂ ഫ്യൂലെ, ഡോ: അംബേദ്ക്കര്‍, ഛത്രപതി സാഹു മഹാരാജ്, വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ മഹാരഥന്‍മാര്‍ കേരളത്തിലും, ഇന്ത്യയിലു മുണ്ടായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ടുകളും കഴിഞ്ഞു. ദലിത് വിമോചനത്തിന് സഹായകമായ ഒട്ടേറെ നിയമങ്ങള്‍ ഭരണഘടനയിലൂടെയും അതിന് ശേഷവുമായി നിലവില്‍ വന്നുവെങ്കിലും ഇന്നും ഇന്ത്യയിലെ ദലിതര്‍ യഥാര്‍ത്ഥ ദലിതര്‍ തന്നെ. അടിച്ചമര്‍ത്ത പ്പെട്ടവര്‍ തന്നെ. ഞെരിക്കപ്പെട്ടവര്‍ തന്നെ. ലോകത്തില്‍ ഏറ്റവും അധികം കഷ്ടതയനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ മനുഷ്യസമൂഹം ഇന്ത്യയിലെ ദലിതരാണ് എന്നത് അംഗീകരിക്കപ്പെട്ട ഒരു നഗ്‌നസത്യമാണ്. ഇത്രയും വലിയ ഒരു ജനസമൂഹം ഇത്രയും നീണ്ട കാലഘട്ടം ഈ ദുരിതങ്ങ ളെല്ലാം മൗനമായി അനുഭവിച്ച മറ്റൊരു കഥയും ലോക ചരിത്രത്തിലില്ല. അമേരിക്കന്‍ കറുമ്പരുടെ പാരതന്ത്ര്യവും ദുരിതവും കേവലം മൂന്നര നൂറ്റാണ്ടു കാലം മാത്രം നീണ്ടു നിന്നതാണ്. 1616 മുതല്‍ 1965 വരെ. അതേ സമയം ഇന്ത്യയിലെ ദലിതരുടെ ദുരിതത്തിന് കുറഞ്ഞത് മുപ്പത് നൂറ്റാണ്ട് കാലത്തെ കഥയെങ്കിലും പറയാനുണ്ട്.

ഇന്ത്യ ഇന്ന് സാമ്പത്തികമായും സാങ്കേതികമായും മറ്റെല്ലാവിധത്തിലും ഏറെ പുരോഗതി നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മുന്തിയ സമ്പന്നര്‍ ഇന്ന് ഇന്ത്യയിലാണ്. അംബാനിയും മിത്തലും ടാറ്റയും മറ്റുമാണ് അതിന് ഉദാഹരണങ്ങള്‍. ആളോഹരി ശരാശരി വരുമാനം വളരെ വര്‍ദ്ധിച്ചു. പക്ഷേ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം അതിലേറെ വര്‍ദ്ധിച്ചു. ലോകത്തിലെ മറ്റൊരു രാജ്യത്തും ഇല്ലാത്ത വിധം അത് വളര്‍ന്നു. എ യുടെ വരുമാനം നൂറുരൂപ, ബി യുടെ വരുമാനം രണ്ടു രൂപ. ആളോഹരി വരുമാനം അഞ്ചു രൂപ. അങ്ങനെ കണക്കുകൂട്ടിയതു കൊണ്ട് ബി യ്ക്ക് എന്തു പ്രയോജനം? രണ്ടും അമ്പത്തിയൊന്നും തമ്മില്‍ ഒരു ബന്ധവുമില്ലേ? ഒപ്പം അതിനൊരു ജാതീയ മാനവും വന്നു ചേര്‍ന്ന് പണക്കാരെല്ലാം ബ്രാഹ്മണരും അഥവാ സവര്‍ണ്ണരും പാവപ്പെട്ടവരെല്ലാം ദലിതരും പിന്നെ ആദിവാസികളും എന്ന ഒരു ധാരണയും രൂപം കൊണ്ടു. അതിനാല്‍ ഇവിടെ വര്‍ഗ്ഗീയത അതിന്റെ കൊടിയ രൂക്ഷതയില്‍ അരങ്ങേറിയിരിക്കുകയാണ്. പാവപ്പെട്ടവന്‍ എന്നത് സ്വന്തം മതത്തിലോ ജാതിയിലോ വംശത്തിലോപെട്ടവനല്ല എന്ന ചിന്ത അവരെപ്പറ്റിയുള്ള എല്ലാ ഉത്കണ്ഠകളും അവസാനിപ്പിച്ചു. ഇന്നലെ അസുരനോ വാനരനോ രാക്ഷസനോ കാട്ടാളനോ ആയിരുന്നവരാണ്. ഇന്നവര്‍ മനുഷ്യരല്ല വെറും വോട്ടുയന്ത്രം മാത്രം, തെരഞ്ഞെടുപ്പ് കാലത്ത്മാത്രം അതിന് വേണ്ടിയുള്ള പ്രീണനവും എന്ന സ്ഥിതിവിശേഷം വന്നുചേര്‍ന്നു.