"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കറുപ്പന്‍ മാസ്റ്ററും ഗാന്ധിയും - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കറുപ്പന്‍ മാസ്റ്ററും ഗാന്ധിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത് ഐസ്‌ലാന്റിലെ പാമ്പുക ളെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഐസ്‌ലാന്റില്‍ പാമ്പുകളില്ല. പക്ഷേ, എന്തു കൊണ്ടു ഐസ്‌ലാന്റില്‍ പാമ്പുകളില്ലാതെ പോയി. അതാണ് അന്വേഷിക്കേണ്ടത്.

2 കറുപ്പന്‍മാസ്റ്റര്‍ നിര്യാതനായത് 1938 മാര്‍ച്ച് 24 നാണ്. ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് 1915 ലാണ്. അന്ന് മാസ്റ്റര്‍ക്ക് 30 വയസ്സ് പ്രായമുണ്ട്. പിന്നെ 23 വര്‍ഷം കൂടി മാസ്റ്റര്‍ ജീവിച്ചു. ജാതിക്കുമ്മിയുടെ ഒന്നും രണ്ടും പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞാണ് ഗാന്ധി രംഗത്തു വരുന്നത്. ഗാന്ധിയും കറുപ്പന്‍മാസ്റ്ററും ഒരുപോലെ ജാതി നിര്‍മ്മാര്‍ജ്ജന രംഗത്ത് 23 വര്‍ഷം പ്രവര്‍ത്തിച്ചു. അതിനിടയ്ക്ക് ഗാന്ധി പല പ്രാവശ്യം കേരളത്തില്‍ വന്നു (1920 ആഗസ്റ്റ് 18, 1925 മാര്‍ച്ച് 8, 1927 ഒക്‌ടോബര്‍ 8, 1934 ജനുവരി 10, 1937 ജനുവരി 12) കറുപ്പന്‍മാസ്റ്റര്‍ ചെറുപ്പത്തില്‍ ഒരിക്കല്‍ തമിഴ്‌നാട്ടില്‍ അലഞ്ഞുതിരിഞ്ഞതല്ലാതെ ഒരിക്കലും കേരളത്തിന് വെളിയില്‍ പോയിട്ടില്ല. പിന്നെ അവസാനം ചികിത്സയ്ക്കായി കോയമ്പത്തൂരും. ഗാന്ധി ഒന്നിലേറെത്തവണ എറണാകുളത്തുതന്നെ വന്നിട്ടുണ്ട്. അന്നെല്ലാം കറുപ്പന്‍മാസ്റ്റര്‍ എറണാകുളത്ത് ഉണ്ടായിരുന്നു; എന്നുമാത്രമല്ല, അദ്ദേഹം സജീവമായി പൊതുരംഗത്തും ഉണ്ടായിരുന്നു. ജാതി വിവേചനത്തിനും ചൂഷണത്തിനും എതിരെയുള്ള തന്റെ സമരം അനുസ്യൂതം തുടരുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പരിധിയില്‍ മുഖ്യമായത് അധഃസ്ഥിത ജനോദ്ധാരണമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധി പ്രവര്‍ത്തനം നടത്തിയ കാലമായിരുന്നു അത്. 1933 ല്‍ അധഃസ്ഥിതര്‍ക്ക് ഹരിജന്‍ എന്ന പേരു നല്‍കിക്കൊണ്ട് നടത്തിയ ഹരിജന്‍ പര്യടനത്തിനിടയ്ക്കാണ് ഒരു പ്രാവശ്യം അദ്ദേഹം കേരളത്തില്‍ വന്നത്. (1937) ഹരിജനോദ്ധാരണത്തിന്റെ മര്‍മ്മം ജാതിവ്യത്യാസവും ജാതി വിവേചനവും ഇല്ലായ്മ ചെയ്യുന്നതാണ് എന്ന് ഗാന്ധിയ്ക്കും കറുപ്പന്‍ മാസ്റ്റര്‍ക്കും ഒരുപോലെ അറിയാമായിരുന്നു. അവ രുടെ പ്രവര്‍ത്തന ലക്ഷ്യം അങ്ങനെ ഒന്നായിരുന്നു. പിന്നെ എന്തുകൊണ്ടു അവര്‍ പരസ്പരം പൊരുത്തപ്പെടാതെ പോയി? 

3 ബ്രാഹ്മണിസത്തിനും ജാതിവ്യവസ്ഥയ്ക്കും എതിരെ പ്രവര്‍ത്തിച്ച രണ്ടു വ്യക്തികളാണ് നാരായണഗുരുവും, ഈ.വി.രാമസ്വാമി നായ്ക്കരും. ഒരാള്‍ അദ്വൈതത്തിലൂടെ ജാതിവ്യവസ്ഥ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇതരന്‍ യുക്തിവാദത്തിലൂടെയാണ് അത് നേടിയെടുക്കാന്‍ ശ്രമിച്ചത്. അങ്ങനെ വ്യത്യസ്ത വീക്ഷണം സ്വീകരിച്ചുകൊണ്ട് ഒരേലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേരാണോ കറുപ്പനും ഗാന്ധിയും?

4 1925 മാര്‍ച്ച് 8-ാം തീയതി എറണാകുളത്തെ മുനിസിപ്പാലിറ്റി നല്‍കിയ മംഗളപ്പത്രത്തിന് മറുപടിയായി ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ചര്‍ക്കയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.1 അന്നുതന്നെ അദ്ദേഹം കൊച്ചിയിലും പ്രസംഗിച്ചു. അവിടെ അദ്ദേഹം സാഹസികതയുടെ ചൈതന്യത്തെപ്പറ്റിയാണ് പ്രസംഗിച്ചത്.2 അക്കാലത്ത് 1925 ല്‍ തന്നെ കറുപ്പന്‍മാസ്റ്റര്‍ ചെറായിയില്‍ നടന്ന അരയസമുദായോദ്ധാരണിസഭയുടെ വാര്‍ഷികയോഗത്തില്‍ സംസാരിച്ചു. അരയസമുദായാഗംങ്ങളും വാലസമുദായാഗംങ്ങളും ഒരുമിയ്ക്കണമെന്ന നിര്‍ദ്ദേശം അവിടെ വച്ചാണ് അദ്ദേഹം ഉന്ന യിച്ചത,് എന്നു പറഞ്ഞാല്‍ മാസ്റ്റര്‍ അന്നു പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു എന്നാണ് അര്‍ത്ഥം. 1923 ല്‍ അദ്ദേഹം കൊച്ചി നിയമസഭയിലെ മെമ്പറായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അന്ന് 38 വയസ്സ് പ്രായമുണ്ടായിരുന്നു. 

ആ കറുപ്പന്‍മാസ്റ്റര്‍ എറണാകുളത്തും കൊച്ചിയിലും വന്ന് പൊതു യോഗങ്ങളില്‍ പ്രസംഗിച്ച ഗാന്ധിയെ കാണാന്‍ പോയില്ല; കേള്‍ക്കാള്‍ പോയില്ല. അത് അദ്ദേഹത്തിന് യാത്രചെയ്യാനുള്ള അസൗകര്യമോ ആരോഗ്യക്കുറവോ കൊണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. ഗാന്ധി അന്ന് ഇന്ത്യയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. തിരുവിതാംകൂറില്‍ ബ്രാഹ്മണര്‍ക്കെതിരായി നടക്കുന്ന സത്യാഗ്രഹത്തിന് പിന്തുണ നല്‍കുവാന്‍ വന്ന ഗാന്ധിയ്ക്ക് എറണാകുളത്ത്, രാജഭരണം നിലനില്‍ക്കുന്ന കാലത്ത് അതിന്റെ കീഴിലുള്ള മുന്‍സിപ്പാലിറ്റിയാണ് മംഗളപത്രം സമര്‍പ്പിച്ചത്. അതിനര്‍ത്ഥം അന്ന് സര്‍ക്കാരുകള്‍ക്കെല്ലാം അതീതനായ വ്യക്തിയായിരുന്നു ഗാന്ധി എന്നാണല്ലോ. വൈക്കം സത്യാഗ്ര ഹികളെ സന്ദര്‍ശിക്കാനും അതിനൊരു പരിഹാരം കണ്ടെത്തുവാനും വേണ്ടിയാണ് അന്ന് ഗാന്ധി കേരളത്തില്‍ വന്നത്. വൈക്കത്ത് സത്യാഗ്രഹം നടത്തിയത് അയിത്തോച്ചാടനത്തിന് വേണ്ടിയാണ് എന്നാണ് അവകാശ പ്പെടുന്നത്. അതെല്ലാം മുമ്പ് ചര്‍ച്ച ചെയ്തതാണല്ലോ. പിറ്റേദിവസം വൈക്കത്ത് എത്തിയ ഗാന്ധി ആദ്യം ചെയ്തത് വൈക്കത്തെ ബ്രാഹ്മണരെ കണ്ട് അയിത്തത്തിനെതിരായി ന്യായവാദം നടത്തുകയായിരുന്നു. അത് ഫലിക്കാതെ വന്നപ്പോള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചുകൊണ്ടിരുന്ന റാണി ലക്ഷ്മിഭായിയെ കണ്ടു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ രാജാവിന് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ അന്നു റാണി റീജന്റായി ഭരണം നടത്തുകയായിരുന്നു. ഇടയ്ക്ക് ഗാന്ധി ശിവഗിരിയില്‍ ചെന്നു നാരായണഗുരുവുമായി സംഭാഷണം നടത്തുകയും ചെയ്തു. അന്നാണ് ഗാന്ധി മുമ്പു സൂചിപ്പിച്ച സുപ്രസിദ്ധമായ 'തോട്ടിപ്രസംഗം' നടത്തിയത്.3

5 അങ്ങനെയെല്ലാമുള്ള ഗാന്ധി സ്വന്തം വീടിനടുത്തുവന്നിട്ടും (കറുപ്പന്‍ മാസ്റ്റര്‍ അന്ന് എറണാകുളത്താണ് താമസിച്ചിരുന്നത് എന്നു പറഞ്ഞു വല്ലോ) ഒന്നു കാണണമെന്നോ ആ പ്രസംഗം ഒന്നു കേള്‍ക്കണമെന്നോ ഗാന്ധിയുമായി സംസാരിക്കണമെന്നോ മാസ്റ്റര്‍ ആഗ്രഹിച്ചില്ല. ഗാന്ധി യുമായി സംസാരിക്കാന്‍ ആവശ്യമായ ഇംഗ്ലീഷ് അന്ന് അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹം അന്ന് കൊച്ചി നിയമസഭാമെമ്പറായിരുന്നു. നിയമസഭയിലെ ഏക അയിത്തക്കാരന്‍. ആ അടിസ്ഥാനത്തില്‍ വേണ മെങ്കിലും ഗാന്ധിയുമായി ഒരു അഭിമുഖ സന്ദര്‍ശനം നടത്താമായിരുന്നു. അദ്ദേഹം അതിനായി യാതൊരു ശ്രമവും നടത്തിയില്ല. അദ്ദേഹത്തിന് ഗാന്ധിയോടും, ഗാന്ധിയുടെ ആശയങ്ങളോടുമുള്ള ആഭിമുഖ്യം അതായിരുന്നു.

6 അയ്യന്‍കാളിയെ ഗാന്ധി അങ്ങോട്ടുചെന്നു കണ്ടു. അത് 1937 ലാണ്. കറുപ്പന്‍മാസ്റ്ററെ ഗാന്ധി അങ്ങോട്ടു ചെന്നുകാണുവാന്‍ ആരും അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. അതായിരുന്നു എറണാകുളത്തെ സവര്‍ണ്ണരുടെ മനോഭാവം. അവരാണല്ലോ അന്ന് ഗാന്ധിയുടെ ചുറ്റും അനുയായികളായി കൂടിയിരുന്നത്. കൊച്ചിയെപ്പറ്റി ഗാന്ധിക്കുള്ള അഭിപ്രായം നേരത്തേ പറഞ്ഞുവല്ലോ. അവര്‍ണ്ണരുമായി പ്രത്യേകിച്ചു ദലിതരുമായി പ്രകടനാത്മകമായി ഗാന്ധി സമ്പര്‍ക്കപ്പെട്ടിട്ടുള്ളതല്ലാതെ അതിലപ്പുറമുള്ള അടുപ്പമോ, ബന്ധമോ ഒന്നുമുണ്ടായിരുന്നില്ല. മദ്രാസില്‍വച്ച് ആദിവാസി നേതാവ് കഴുത്തിലിട്ട മാല വലിച്ചു ദൂരെ എറിഞ്ഞ ആളാണ് ഗാന്ധി. ചത്ത പശുവിന്റെ ശവം തിന്നുന്ന പറയന്‍ തൊട്ടു അശുദ്ധമാക്കിയ മാല എന്നാണ് ഗാന്ധി അന്നു പറഞ്ഞത് എന്ന് അന്ന് അവിടെ ഉണ്ടായിരുന്ന നടരാജഗുരു പറയുന്നു. ഗാന്ധി വെങ്ങാനൂര് എത്തിയത് അയ്യന്‍കാളി ക്ഷണിച്ചിട്ടല്ല. ഗാന്ധിയുടെ വെങ്ങാനൂര്‍ സന്ദര്‍ശനം അന്ന് അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഹരിജന്‍ ടൂറിന് ഏറെ പ്രയോജനം ചെയ്യുമെന്നു കണ്ടിരുന്നു. ഏറണാകുളത്തെ സവര്‍ണ്ണര്‍ കറുപ്പന്‍മാസ്റ്ററെ ആ വിധത്തില്‍ പ്രത്യേകം പരിഗണിക്കേണ്ട ഒരു വ്യക്തിയായി കണ്ടിരുന്നില്ല.

7 അതിലപ്പുറമുള്ള ലക്ഷ്യങ്ങളും അന്ന് ഗാന്ധിക്കുണ്ടായിരുന്നു. അയ്യന്‍ കാളിയെ കാണുന്നതിന്റെ തലേദിവസം രാത്രി ഗാന്ധി വിശ്രമിച്ചത് അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഔദ്യോഗിക വസതിയായ ഭക്തിവിലാസത്തിലാണ്. അന്ന് അവിടെ വച്ചു തയ്യാറാക്കിയ ഒരു പദ്ധതിപ്രകാരമാണ് ഗാന്ധിയുടെ വെങ്ങാനൂര്‍ സന്ദര്‍ശനം നടന്നത് എന്ന് അനുമാനിക്കുന്നതിന് അത്രവലിയ ഗവേഷണ മൊന്നും ആവശ്യമില്ല. അയ്യന്‍കാളിയാണ് അന്ന് സാധുജനപരിപാലന സംഘത്തിന്റെ ജനറല്‍ സെക്രട്ടറി. ആയിരത്തിലധികം ശാഖകളും വാഴപ്പള്ളിയില്‍ ഹെഡ്ഢാഫീസും 'സാധുജന പരിപാലിനി' എന്ന പത്രവും എല്ലാമുള്ള ഒരു വലിയ പ്രസ്ഥാനമായിരുന്നു അന്ന് അത്. 4 ക്ഷേത്രപ്രവേശന വിളംമ്പരമുണ്ടായിട്ടും മുമ്പു സൂചിപ്പിച്ചതുപോലെ അതേപ്പറ്റി ഒരു നല്ല വാക്ക് പോലും ആ സംഘടനയോ അതിന്റെ സെക്രട്ടറിയോ പറഞ്ഞില്ല. അവര്‍ ആ വിളംമ്പരത്തെ അവഗണിക്കു കയാണ് ചെയ്തത്. എസ്.എന്‍.ഡി.പി.യോഗം പോലും അതിന്റെ സെക്രട്ടറിയെ ദിവാന്‍ കല്‍ത്തുറുങ്കിലടച്ചിട്ടും ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടു വിച്ച രാജാവിനെയും ദിവാനെയും രാജാവിന്റെ അമ്മയെയും വാനോളം പുകഴ്ത്തി. 150 ശാഖക്കാര്‍ ചേര്‍ന്ന് ദിവാന് ഒരു ഗംഭീര സ്വീകരണം ചേര്‍ത്തല വച്ചു 1937 ജനുവരി 17-ാം തീയതി നല്‍കി. എന്നിട്ടും സാധുജനപരിപാലന സംഘം അനങ്ങിയില്ല. ആ വിധത്തിലുള്ള ഒരു സംഘടനയെ തിരുവിതാംകൂറില്‍ വച്ചു പൊറുപ്പിക്കുകയില്ല എന്ന് ദിവാന്‍ രാമസ്വാമി അയ്യര്‍ ശപഥം ചെയ്തു. ആ ശപഥം നിവര്‍ത്തിയാ ക്കാനുള്ള ഗൂഢാലോചനയാണ് ഭക്തിവിലാസത്ത് ആ രാത്രിയില്‍ നടന്നത്.5 അതിന്റെ ഫലമായാണ് ഗാന്ധിയുടെ വെങ്ങാനൂര്‍ സന്ദര്‍ശനം. അവിടെ വച്ചാണ് ഗാന്ധി അയ്യന്‍കാളിയെ 'പുലയരാജാവേ' എന്നു സംബോധന ചെയ്തത്. ഗുജറാത്തിലോ വടക്കേ ഇന്ത്യയില്‍ ഒരിടത്തുമോ പുലയര്‍ എന്ന വര്‍ഗ്ഗമില്ല. ഗാന്ധിക്ക് ആ പദം പരിചിതവുമല്ല. അത് ഇവിടെ നിന്നും ആരെങ്കിലും നിര്‍ദ്ദേശിച്ചുകൊടുത്തതാണ്. അദ്ദേഹം അന്ന് അയ്യന്‍കാളിയെ വിളിക്കേണ്ടിയിരുന്നത് ഹരിജന്‍ രാജാവ് എന്നാണ്. അദ്ദേഹം ഒരു ഹരിജന്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് തിരുവനന്തപുരത്ത് വന്നത്. അദ്ദേഹം തന്റെ യംഗ് ഇന്ത്യ എന്ന് പത്രത്തിന് ഹരിജന്‍ എന്ന പേരു നല്‍കി. അത്രയധികം ഹരിജന്‍ എന്ന പദത്തെ സ്‌നേഹിച്ച അദ്ദേഹം വെങ്ങാനൂര്‍ വന്നപ്പോള്‍ അത് മറന്നത് ബോധപൂര്‍വ്വമാണല്ലോ. അതിന്റെ പരിണിത ഫലമായിട്ടാണ് അധികം താമസിയാതെ അഖില തിരുവിതാംകൂര്‍ പുലയ മഹാസഭ ഉദയം കൊണ്ടത്. അതോടുകൂടി സാധുജന പരിപാലന സംഘം നശിക്കുകയും ചെയ്തു. അങ്ങനെയെല്ലാമുള്ള ദൗത്യങ്ങളൊന്നും കറുപ്പന്‍മാസ്റ്റര്‍ക്കെതിരെ ചെയ്യേണ്ടതില്ലാതിരുന്നതിനാല്‍ ഗാന്ധി കറുപ്പന്‍മാസ്റ്ററെ അന്വേഷിച്ചില്ല. അന്വേഷിക്കണമെന്ന് ആരും അദ്ദേഹത്തെ ഉപദേശിച്ചില്ല.

8 അയ്യന്‍കാളി ആവശ്യപ്പെട്ടിട്ടല്ല ക്ഷേത്രപ്രവേശന വിളംമ്പരമുണ്ടായത്. അതെല്ലാം മുമ്പ് സൂചിപ്പിച്ചുവല്ലോ. ഗാന്ധിയും അതാഗ്രഹിച്ചിരുന്നില്ല. എല്ലാ സവര്‍ണ്ണ ക്ഷേത്രങ്ങളിലും കയറി ദര്‍ശനം നടത്തണമെന്ന് ചണ്ഡാലര്‍ ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് പറഞ്ഞ ആളാണ് ഗാന്ധി. പക്ഷേ, അദ്ദേഹം ഹരിജനോദ്ധാരണവും പറഞ്ഞു നടക്കുമ്പോള്‍ തിരുവിതാംകൂറില്‍ ഒരു ക്ഷേത്രപ്രവേശന വിളംബരം എന്തു കാരണത്താ ലാണെങ്കിലും ഉണ്ടായത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്നത്. അദ്ദേഹത്തിന്റെ ഹരിജന്‍ സേവാസമിതിയില്‍ ഒരു ഹരിജനെപ്പോലും കാണാനുണ്ടാ യിരുന്നില്ല. ഹരിജനങ്ങളെ സേവിക്കേണ്ടത് ഹരിജനങ്ങളല്ല, സവര്‍ണ്ണരാണ് എന്നതാണ് ഗാന്ധിയുടെ നിലപാട്. ഹരിജനങ്ങളെ ഹരിജനങ്ങളാക്കിയത് സവര്‍ണ്ണരാണ്.കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിക്കണം. അതായിരുന്നു ഗാന്ധിയുടെ യുക്തി. വൈക്കം സത്യാഗ്രഹകാലത്ത് ഒരു ദിവസം ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് സത്യാഗ്രഹം അനുഷ്ഠിച്ചതിനെ ഗാന്ധി രൂക്ഷമായി എതിര്‍ത്തു. പരസ്യമായി ക്ഷമ പറയാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഹരിജനങ്ങള്‍ ഹരിജനങ്ങളാകാന്‍ ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫോ അദ്ദേഹത്തിന്റെ സമുദായമോ യാതൊരു പങ്കും വഹിച്ചിട്ടില്ലാ എന്നായിരുന്നു ഗാന്ധിയുടെ ധാരണ. ഗാന്ധി എല്ലാ പ്രശ്‌നങ്ങളെയും സമീപിക്കുന്നത് സമുദായത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ്. ഗാന്ധിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ സവര്‍ണ്ണരാണ് അവര്‍ണ്ണരെ ചൂഷണം ചെയ്തു ഹരിജനങ്ങളാക്കിയത്. സവര്‍ണ്ണര്‍ ഹിന്ദുക്കളാണ്. അതിനാല്‍ ഹിന്ദുക്കളാണ് ചൂഷണക്കാര്‍. സവര്‍ണ്ണ ക്രിസ്ത്യാനികളെ പറ്റി അദ്ദേഹം കേട്ടിട്ടേയില്ല. ഉത്തരേന്ത്യ യിലെങ്ങും സവര്‍ണ്ണ ക്രിസ്ത്യാനികളില്ല. അവര്‍ കേരളത്തിലേയുള്ളൂ. ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം തന്നെ മതപരിവര്‍ത്തനം നടത്തിയ ചണ്ഡാലരാണ്.

9 1927 ഒക്‌ടോബര്‍ 13-ാം തീയതി വീണ്ടും ഗാന്ധി എറണാകുളത്ത് വന്ന് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചു. കറുപ്പന്‍മാസ്റ്റര്‍ അക്കാലത്ത് ദരിദ്രരായ അരയ-പുലയ കുട്ടികളെ വിദ്യാഭ്യാസത്തിന് പ്രോത്‌സാഹിപ്പി ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക സ്‌നേഹവാത്‌സല്യങ്ങ ളോടുകൂടി വിദ്യാഭ്യാസം നടത്തിയ പി. കേശവന്‍ 1929-ലാണ് ബിരുദം സമ്പാദിച്ചത്. ആ കറുപ്പന്‍ മാസ്റ്റര്‍ ഗാന്ധി സ്വന്തം നഗരത്തില്‍ എത്തിയ പ്പോള്‍ പോലും ഒന്നു കാണാന്‍ കൂട്ടാക്കിയില്ല. അതാണ് ഗാന്ധിയും കറുപ്പന്‍ മാസ്റ്ററുമായുള്ള ബന്ധം. ഗാന്ധിയെ ഒന്നു പോയി കണ്ട് ഗാന്ധി പ്രേമികളുടെ ഇടയില്‍ നല്ലവനാകാന്‍പോലും മാസ്റ്റര്‍ ശ്രമിച്ചില്ല.

വീണ്ടും ഗാന്ധി 1934 ജനുവരി 18-ാം തീയതി പള്ളുരുത്തിയില്‍ എത്തി. അവിടെ വച്ച് പള്ളുരുത്തി എന്‍.ഡി.പി. യോഗം നല്‍കിയ മംഗള പത്രത്തിന് മറുപടിയായി ദീര്‍ഘമായ ഒരു പ്രസംഗം നടത്തി. അയിത്ത ത്തിന്റെ ദോഷങ്ങളെ അദ്ദേഹം അവിടെ വിവരിച്ചു. കറുപ്പന്‍ മാസ്റ്ററുടെ കവിതകളുടേയും നാടകത്തിന്‍േറയും പ്രവര്‍ത്തനങ്ങളു ടെയും മുഖ്യമായ വിഷയം അയിത്തോച്ചാടനമായിരുന്നുവല്ലോ. എങ്കിലും ഗാന്ധിയെ കേള്‍ക്കുവാന്‍ മാസ്റ്റര്‍ അപ്പോഴും പോയില്ല. 1930 കളില്‍ മാസ്റ്റര്‍ കൊച്ചിയില്‍ ഹരിജന്‍ ക്ഷേമ വകുപ്പു രൂപീകരിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. അയിത്തക്കാര്‍ക്ക് ഗാന്ധി നല്‍കിയ ഹരിജന്‍ എന്ന പേരു കൂട്ടിച്ചേര്‍ത്താണ് വകുപ്പ് രൂപീകരിച്ചത്. എന്നിട്ടുപോലും കറുപ്പന്‍ മാസ്റ്റര്‍ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. എറണാകു ളത്തു നിന്നും പള്ളുരുത്തിയിലേക്ക് അന്നു നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരു ന്നുള്ളൂ. (ഇന്നു ദൂരം വര്‍ദ്ധിക്കുകയല്ല നടപ്പു കുറയുകയാണുണ്ടായത്) ഇതെല്ലാം കാണിക്കുന്നത് കറുപ്പന്‍ മാസ്റ്ററുടെ ഗാന്ധി വിരോധമാണ് എന്നു വ്യക്തമാണല്ലോ. 

10 ഗാന്ധിയും മാസ്റ്ററുമായി നേരിട്ടുള്ള ഇടപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. അതിനാല്‍ വ്യക്തിവിദ്വേഷത്തിനും കാരണമില്ല. രണ്ടുപേരും ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. അയിത്തം ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ആ ലക്ഷ്യം. പക്ഷേ രണ്ടുപേരുടേയും പ്രവര്‍ത്തനപന്ഥാവ് രണ്ടായിരുന്നു എന്നു മാത്രം. ജാതിയെപ്പറ്റിയുള്ള കറുപ്പന്‍ മാസ്റ്ററുടെ വീക്ഷണം ജാതിക്കുമ്മി എന്ന കവിതയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഗാന്ധിയുടെ വീക്ഷണം ഹരിജന്‍ എന്ന വാക്കിലൂടെയും പ്രകടമാകുന്നുണ്ട്. അത് മനസ്സിലാക്കി യതിന്റെ ഫലമായിട്ടായിരിക്കാം ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളുമായി കറുപ്പന്‍ മാസ്റ്റര്‍ക്ക് പൊരുത്തപ്പെടുവാന്‍ കഴിയാതെ വന്നത്.

ഇക്കാണും ലോകങ്ങളീശന്റെ
മക്കളാണെല്ലാരുമൊരു ജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ യോഗപ്പെണ്ണേ! ജാതി
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!'6

അതാണ് കറുപ്പന്റെ വീക്ഷണമെങ്കില്‍ ഹരിയുടെ വിഷ്ണുവിന്റെ മക്കളാണ്ഹരിജനങ്ങള്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത ഹരിയുടേതാണ്, വിഷ്ണുവിന്‍േറതാണ്. വിഷ്ണുവിന്റെ പ്രതിനിധി കളായ ഭൂമിയിലെ ദൈവങ്ങള്‍ക്കാണ്, ഭൂസുരന്‍മാര്‍ക്കാണ്, ബ്രാഹ്മ ണര്‍ക്കാണ്. അതുകൊണ്ടാണ് അവരുടെ ഉന്നമനത്തിനായി ഗാന്ധി രൂപം കൊടുത്ത ഹരിജന്‍ സേവാസമിതിയില്‍ ബ്രാഹ്മണരും അവരുടെ ശിങ്കിടികളും മാത്രം അംഗങ്ങളായത്. അതെല്ലാം മുമ്പു സൂചിപ്പിച്ചതാ ണല്ലോ.

11 ഗാന്ധി ആദ്യം എറണാകുളത്തു വന്നപ്പോള്‍ തന്നെ എറണാകുളം മുന്‍സിപ്പാലിറ്റി അദ്ദേഹത്തിന് ഒരു മംഗളപത്രം സമര്‍പ്പിച്ചു. മുന്‍സിപ്പാ ലിറ്റിയിലെ അംഗങ്ങളെല്ലാവരും അന്ന് ഗാന്ധിയുടെ ആശയങ്ങളെ അംഗീകരിക്കുന്നവരായിരുന്നില്ല. അയിത്തത്തിന്റെ കാര്യത്തിലും മറ്റും തികച്ചും യാഥാസ്ഥിതികരായ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്നതില്‍ സംശയിക്കേണ്ടതില്ല. കൊച്ചിയിലെ അന്നത്തെ ഹൈന്ദവ ചിന്താഗതിയെപ്പറ്റി മുമ്പു സൂചിപ്പിച്ച രാജ്ഞിയുടെ കഥ ഓര്‍മ്മയു ണ്ടല്ലോ. കാസ്റ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ മാസ്റ്ററെ അധ്യാപകനായി നിയമിച്ചതില്‍ രൂക്ഷമായി പ്രതിഷേധിച്ചവരും തങ്ങളുടെ കുട്ടികള്‍ പഠിച്ചില്ലെങ്കിലും വേണ്ടാ, വാലന്‍ പഠിപ്പിക്കേണ്ട എന്നു പറഞ്ഞ് സ്‌കൂളില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയവരും അക്കൂട്ടത്തിലുണ്ടാ യിരുന്നു. അവര്‍ പോലും ഗാന്ധിക്ക് അന്ന് ഒരു മംഗളപത്രം കൊടുക്കു ന്നതില്‍ സഹകരിച്ചു. എന്നാല്‍ കറുപ്പന്‍ മാസ്റ്റര്‍ ആ സമ്മേളനത്തില്‍ എത്തിയിരുന്നുവെങ്കില്‍ അദ്ദേഹം അവിടെ പ്രധാന അതിഥിയാകു മായിരുന്നു. അന്ന് അദ്ദേഹം നിയമസഭാ മെമ്പറായിരുന്നു. പൊതുകാര്യ പ്രസക്തനും സമുദായാഭിമാനിയും കവിയും അദ്ധ്യാപകനും, പണ്ഡിതനും രാജാവില്‍ നിന്ന് കവിതിലകന്‍ എന്ന സ്ഥാനം ലഭിച്ച ആളുമെല്ലാമാ യിരുന്നു. എന്നിട്ടും ഗാന്ധിയെ അദ്ദേഹം ബഹിഷ്‌കരിച്ചു. സ്വന്തം അഭിപ്രായം മാനിക്കുന്നതില്‍ മുഖം നോക്കാത്ത ആദര്‍ശശാലി യായിരുന്നു അദ്ദേഹം എന്നാണ് അതിനര്‍ത്ഥം.

12 എന്നാല്‍ എറണാകുളത്ത് സ്ഥാപിക്കപ്പെട്ട ഹരിജന്‍ ഹോസ്റ്റലിനോട് അദ്ദേഹം ആ നയം സ്വീകരിച്ചില്ല. ഹരിജന്‍ ഹോസ്റ്റല്‍ തന്റെ സമുദായത്തില്‍പെട്ട ആര്‍ക്കെങ്കിലും പ്രയോജനകരമാകുന്നു വെങ്കില്‍ ആകട്ടെ എന്ന നയമാണ് അക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചത്. തക്കര്‍ ബാപ്പയുടെ നേതൃത്വത്തില്‍ അന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹരിജന്‍ സേവാസംഘമാണ് ഹരിജന്‍ ഹോസ്റ്റലുകള്‍ നടത്തി വന്നത്. അതിന്റെ ഒരു ശാഖ എറണാകുളത്തു വന്നപ്പോള്‍ അദ്ദേഹം അതിനെ സ്വീകരിച്ചു എന്നു മാത്രം.

13 കറുപ്പന്‍ മാസ്റ്റര്‍ ഒരു കവിയായിരുന്നു. അനേകം കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മുമ്പു സൂചിപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒന്നാംഭാഗം മുഴുവനും കവിതകള്‍ തന്നെയാണ്. അതുതന്നെ അഞ്ഞൂറിലധികം പേജുകളുണ്ട്. കൊച്ചിയിലെ രാജര്‍ഷി രാജാവിനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ കവിത കണ്ടാണ് രാജാവ് അദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ കോവിലകത്തു നിന്ന് രക്ഷപ്പെടു ത്തിയത്. അങ്ങനെയാണ് അദ്ദേഹം രാമപ്പിഷാരടിയുടെ ശിഷ്യനായത്. ആ കറുപ്പന്‍ മാസ്റ്റര്‍ ഗാന്ധിയെപ്പറ്റി ഒരു നല്ല കവിതപോലും രചിച്ചില്ല. തന്റെ കവിതകളില്‍ ഒരിടത്തും ഗാന്ധിയെ പരാമര്‍ശിച്ചില്ല. വള്ളത്തോള്‍ നാരായണമേനോന്‍ എന്ന കവി അക്കാലത്ത് ഗാന്ധിയെ മുച്ചൂടും സ്തുതിച്ചുകൊണ്ട് കവിതകള്‍ രചിച്ചു പ്രസിദ്ധീകരിച്ചു.

14 എന്നാല്‍ കറുപ്പന്‍ മാസ്റ്റര്‍ ഗാന്ധിയെപ്പറ്റി ഒന്നും എഴുതിയിട്ടില്ല എന്നു പറയാവതല്ല. സമ്പൂര്‍ണ്ണ കൃതികള്‍ ഒന്നാം ഭാഗം 506-ാം പേജില്‍ മഹാത്മാഗാന്ധി ഗാനം എന്ന പേരില്‍ അഞ്ചു ശ്‌ളോകങ്ങള്‍ തികച്ചും കൊടുത്തിട്ടുണ്ട്.

1 ശര്‍മ്മദായകമാം സബര്‍മ്മതിയാശ്രമത്തിലമര്‍ന്നിടും
കര്‍മ്മയോഗികള്‍ മൗലീഭൂഷണമേ! ജയിക്ക നിരന്തരം
2 ശര്‍മ്മ മിങ്ങവശര്‍ക്കുദിപ്പതിനായ് സ്വകീയസുഖങ്ങളെ
നര്‍മ്മമെന്യേ വെടിഞ്ഞിടുന്നൊരു ധര്‍മ്മരൂപ ജയിക്ക നീ
3 ക്ലാന്തിയോടിഹദീനശയ്യയില്‍ വെന്തിടും ജനയിത്രിയില്‍
ഇന്ത്യയില്‍ കുളിരേറ്റിടുന്നൊരു ഗാന്ധിജിക്കു സുമംഗലം
4 യെല്‍പ്പാരാല്‍പ്പദമവ്യയം ത്വദശേഷലോകവിധായകം
തല്‍സ്മരാമീ മഹാത്മനാം ഭവതാമദീപ്‌സിതസിദ്ധയേ
5 ഹന്തസാധുവധ:കൃതര്‍ക്കൊരു ബന്ധുവായ ഗുണാംബുധെ
സന്തതം വിജയിക്ക! സുതൃത സിന്ധുവാം തിരുമേനികള്‍ 7

കറുപ്പന്‍ ചെങ്ങന്നൂരാനയെപ്പറ്റിയും ജോസഫ് റൈറ്ററുടെ അനുജന്‍ ആന്റണിയുടെ കല്യാണത്തെപ്പറ്റിയും, പറൂര്‍ക്കാരന്‍ പത്മനാഭന്‍ വൈദ്യരെപ്പറ്റിയും കസ്തൂരിരംഗനെപ്പറ്റിയും ചാച്ചന്‍കുട്ടിയെ പ്പറ്റിയും, റാവുസാഹിബ്.പി.ഗോപാലനെപ്പറ്റിയും, സി.ഐ. ബാലകൃഷ്ണ നെപ്പറ്റിയും അങ്ങനെ അനേകരെപ്പറ്റിയും ഇത്തരം അനേകം കവിതകള്‍ കറുപ്പന്‍ രചിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഗാന്ധിയെപ്പറ്റിയും എഴുതി എന്നു മാത്രം. അതിലപ്പുറം ഗാന്ധി കറുപ്പന്‍ മാസ്റ്റര്‍ക്ക് ആരുമല്ലായിരുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. 


കുറിപ്പുകള്‍

1. രാമചന്ദ്രന്‍ നായര്‍, കെ, ഗാന്ധിയും കേരളവും, പേജ് 166.
2. അതേ ഗ്രന്ഥം പേജ് 169.
3 അതേ ഗ്രന്ഥം പേജ് 211.
4. ദലിത് ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക.
5. ദലിത്ബന്ധു, ക്ഷേത്രപ്രവേശന വിളംബരം ഒരു പാഠഭേദം, കാണുക.
6. ജാതിക്കുമ്മി, പദ്യം 13, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 327.
7. മഹാത്മാഗാന്ധിഗാനം, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 506.