"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മുല്‍ക് രാജ് ആനന്ദ്: നോവലിസ്റ്റും പോരാളിയും - വിനു എ

മുല്‍ക് രാജ് ആനന്ദ്
സാധാരണക്കാരന്റെ ജീവിതത്തെ അതിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ അനുകമ്പയോടെ അവതരിപ്പിച്ച എഴുത്തുകാരനാണ് മുല്‍ക് രാജ് ആനന്ദ്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരനെന്ന നിലയില്‍ അറിയപ്പെട്ട അദ്ദേഹം പഞ്ചാബി, ഹിന്ദുസ്ഥാനി ഭാഷകളിടെ പല പദപ്രയോഗ ങ്ങളേയും ഇംഗ്ലീഷ് ഭാഷയോട് ചേര്‍ത്തു നിര്‍ത്തി. ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാര്‍ക്ക് വഴിവിളക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ എഴുത്ത് മാറിയതായി കാണാനാവും. സാഹിത്യത്തിന്റെ വിവിധ തലങ്ങളെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ഇന്ത്യയുടെ സമകാലിക സാഹചര്യങ്ങള്‍ വളരെ ശക്തമായി കാണുവാന്‍ സാധിക്കും. എഴുത്തിലും ചിന്തയിലും പുരോഗമനപരമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുകയും യാഥാര്‍ത്ഥ്യ ങ്ങളുടെ വാചകങ്ങളെ ചേര്‍ത്ത് വായനക്കാരനെ രചനയോടൊപ്പം സഞ്ചരിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് മുല്‍ക് രാജ് ആനന്ദ്.

1905 ഡിസംബര്‍ 12 ല്‍ പെഷവാറില്‍ ലാല്‍ ചന്ദിന്റെയും ഈശ്വര്‍ കൗറിന്റെയും മകനായി ആനന്ദ് ജനിച്ചു. സമൂഹത്തിലെ തെറ്റുകളെ എതിര്‍ക്കുവാനുള്ള ചേതോവികാരം ചെറുപ്പം മതല്‍ തന്നെ ആനന്ദില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തോടുള്ള പിതാവിന്റെ വിനയഭാവത്തെ എതിര്‍ത്തതിലുടെ പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട് ആനന്ദിന്. ഒരു മുസ്ലീം വനിതയോടൊപ്പം ഭക്ഷണം കഴിച്ചുവെന്ന കാരണത്താല്‍ സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു അമ്മായിയുടെ ആത്മഹത്യ ആനന്ദിനെ വലിയരീതിയില്‍ ചിന്തിപ്പിച്ചു. ആ ചിന്തകളാണ് എഴുത്തിലേക്ക് നീങ്ങിയത്. കവിതകള്‍ക്ക് പ്രണയമായിരുന്നു വിഷയമായത്.

അമൃത്സറിലെ ഖല്‌സ കോളേജിലെ പഠനത്തിനു ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ പഠനം തുടര്‍ന്നു നല്ല മാര്‍ക്കോടെ ബിരുദം നേടി. കേംബ്രിഡ്ജിലും ലണ്ടന്‍ സര്‍വകലാശാലയിലും പഠനം തുടര്‍ന്ന ആനന്ദ് 1929 ല്‍ ഡോക്ടറേറ്റ് ബിരുദം നേടി. ജനീവയിലെ ലീഗ് ഓഫ് നേഷന്‍ സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ കോ - ഓപ്പറേഷനിലും കുറച്ചുകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തി ന്റേയും ദേശീയ മുന്നേറ്റത്തിന്റേയും ഭാഗമായും പ്രവര്‍ത്തിക്കുക യുണ്ടായി. സാഹിത്യ രംഗത്തോടു ചേര്‍ന്നു നിന്നുകൊണ്ടും അല്ലാതെയും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു.

1930 കളിലും 40 കളിലും ലണ്ടനിലെ സാഹിത്യ - കലാ പ്രവര്‍ത്തന ങ്ങളില്‍ സജീവമായി പങ്കെടുത്ത ആനന്ദ് സ്പാനിഷ് അഭ്യന്തര യുദ്ധത്തില്‍ റിപ്പപ്ലിക്കന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായി. രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടനിലെ ബിബിസിയുടെ ഫിലിം ഡിവിഷനില്‍ സ്‌ക്രിപ്റ്റ് എഴുതുന്ന ജോലി ചെയ്തു. നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തക രുമായു മൊക്കെ പരിചയത്തിലായ ഈ കാലത്ത് ആനന്ദിന്റെ ഉത്തമ സുഹൃത്തായ പ്രശസ്ത സാഹിത്യകാരനായിരുന്നു ജോര്‍ജ് ഓര്‍വെല്‍. ഏറെക്കാലം വിദേശത്ത് താമസിച്ച അദ്ദേഹം ഇന്ത്യയിലെ സാമൂഹ്യ മാറ്റങ്ങളേയും അതിന്റെ നിലപാടുകളേയും വളരെ ഗൗരവത്തില്‍ത്തന്നെ കാണുകയുണ്ടായി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മുല്‍ക് രാജ് ആനന്ദ് തിരിച്ചെത്തുന്നത്. തിരിച്ചെത്തിയ അദ്ദേഹം മുംബെയുല്‍ താമസമാക്കുകയും തന്റെ പ്രവര്‍ത്തനങ്ങള്‍ അവിടെ കേന്ദ്രീകരിച്ചു കൊണ്ട് നടപ്പിലാക്കുകയും ചെയ്തു. 1946 ല്‍ മാര്‍ഗ എന്ന പേരില്‍ ഒരു കലാമാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. അതോടൊപ്പം ചേര്‍ന്നുതന്നെ കുത്തബ് എന്ന പ്രസാധക ശാലയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1948 മുതല്‍ ഇന്ത്യയിലെ പല സര്‍വകലാശാലകളിലും അധ്യാപകനായി. 1960 കളില്‍ പഞ്ചാബ് സര്‍വകലാശാലയിലെ ലിറ്ററേച്ചര്‍ ആന്റ് ഫൈന്‍ ആര്‍ട്ടസ് വകുപ്പില്‍ പ്രൊഫസറായും സിംലയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഏഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വിസിറ്റിംങ് പ്രൊഫസറായും സേവനമനു ഷ്ഠിച്ചു. 1965 മുതല്‍ 70 വരെ നാഷണല്‍ അക്കാദമി ഓഫ് ആര്‍ട്ട്‌സില്‍ ഫൈന്‍ ആര്‍ട്ടസ് ചെയര്‍മാനാമായിരുന്നു. ന്യൂഡെല്‍ഹിയിലെ ഹൗസ് ഘാസില്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച ലോകായത ട്രസ്റ്റിന്റെ ചെയര്‍മാനായി 1970 ല്‍ തെരഞ്ഞെടുക്കപ്പെട്ടു.

എഴുത്തിന്റെ വഴികള്‍
ചെറുപ്പകാലംമുതല്‍ എഴുതാന്‍ ആരംഭിച്ച ആനന്ദിന്റെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിക്കുന്നത് 1935 ലാണ്. അണ്‍ടച്ചബിള്‍. മാതൃഭാഷ യേക്കാള്‍ ഇംഗ്ലീഷിലുള്ള രചനകള്‍ക്കാണ് പ്രസാധകരെ എളുപ്പത്തില്‍ ലഭിച്ചത്. കവിയായ ടി എസ് എലിയറ്റിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ക്രൈറ്റീരിയര്‍ എന്ന മാസികയില്‍ പുസ്തക നിരൂപണം നടത്തിയിരുന്നു. ഇക്കാലത്ത് ഇ എം ഫോസ്റ്റര്‍, ഹെര്‍ബര്‍ട്ട് റീഡ്, ഹന്റി മില്ലര്‍ തുടങ്ങിയ പ്രസിദ്ധ സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് മഹാത്മാഗാന്ധിയുടെ ആശയങ്ങളും ചിന്തകളുമായിരുന്നു.

മലീമസമായ സാഹചര്യങ്ങളില്‍ ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്ന ജീവിതങ്ങളെയാണ് അണ്‍ടച്ചബിള്‍സ് എന്ന നോവല്‍ പിന്‍തുടരുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ തേടിപ്പോകുന്ന ഈ നോവല്‍ വായനയില്‍ അത്രയും ഉദ്വേഗം നിറഞ്ഞതും വായനക്കാരനെ വളരെ യധികം അസ്വസ്ഥമാക്കുന്നതുമാണ്. വളരെ കുറച്ചു വാക്കുകളില്‍ കൃത്യമായ പശ്ചത്തലത്തോടെയാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. നോവലില്‍ ഇങ്ങനെ വായിക്കാം.

'അവന്‍ ഒരു മൂലക്ക് മാറിനനിന്ന് കടയിലേക്ക് കണ്ണെറിഞ്ഞു. തനിക്ക് വാങ്ങാവുന്ന വില കുറഞ്ഞ മിഠായി വല്ലതുമുണ്ടോ? അവന്റെ കണ്ണുകള്‍ മിഠായിത്തട്ടുകളില്‍ മാറിമാറിക്കളിച്ചു. രസ്ഗുല, ഗുലാബ്ജാ മുന്‍, ലഡു എല്ലാം മധുരമയം. പഞ്ചസാരപ്പാവില്‍ മുക്കിക്കുളിപ്പിച്ചി രിക്കുന്നു. ഒന്നും വിലകുറഞ്ഞതാവില്ല. ഈ കടക്കാര്‍ എപ്പോഴും പാവങ്ങളെ പറ്റിക്കുകയേയുള്ളൂ. തോട്ടികളോട് ഇടപാടു നടത്തുമ്പോള്‍ പറ്റുന്ന അയിത്തത്തിനു പ്രായശ്ചിത്തമായി അവരില്‍ നിന്നു കൂടുതല്‍ കാശു വസൂലാക്കും..... ങാഹോ... അത് ജിലേബിയാണല്ലോ വളരെ കൂടിയ ജനുസല്ല മുമ്പ് ഒന്നു രണ്ടു തവണ വാങ്ങിയിട്ടുണ്ട്. രൂപക്ക് ഒരു സേറോ മറ്റോ കിട്ടും.' 

അയിത്തക്കാരനായ ബവ എന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിലെ പീഢാനുഭവങ്ങളാണ് ഈ നോവലിന്റെ പ്രമേയം. അഭിമാനിയും ആരോഗ്യവാനുമായ ബവ അയിത്തക്കാര്‍ക്കിടയിലെ പ്രമുഖനാണെന്ന് സ്വയം കരുതുന്നു. എങ്കിലും കക്കൂസ് വേലക്കാരനായി ജീവിതം നയിക്കപ്പെട്ട ഒരാളാണയാള്‍. അയിത്തജാതിക്കാരുടെ ദുരിതപൂര്‍ണമായ ജീവിതത്തെ ചൂണ്ടിക്കാണിക്കുന്ന ഈ നോവല്‍ ജാതിയുടെ പേരില്‍ നടത്തുന്ന നീചത്വത്തെ തുറന്നു കാണിക്കുന്നു. പ്രസിദ്ധീകരണത്തിന് പല തവണ വിധേയമാവുകയും നിരവധി തവണ തള്ളിക്കളയുകയും ചെയ്ത ശേഷമാണ് ഈ നോവല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന് അവതാരികയെഴുതിയ ഇ എം ഫോസ്റ്റര്‍ ഇന്ത്യയെ പുറമേനിന്നും നോക്കിക്കാണുന്ന ഒരു ഇന്ത്യക്കാരന് മാത്രമേ അണ്‍ടച്ചബിള്‍ എഴുതാന്‍ പറ്റൂ എന്ന് അഭിപ്രായപ്പെടുക യുണ്ടായി.

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ജാതി, മത ചിന്തകളിലുണ്ടായ വലിയ പ്രശ്‌നങ്ങളെ വിമര്‍ശനപരമായി സമീപിക്കുന്ന നോവലാണ് കൂലി. 15 വയസുള്ള ഒരു ബാലവേലക്കാരന്റെ ദുരിതപൂര്‍ണമായ ജീവിതമാണ് ഈ നോവല്‍ പറയുന്നത്. ജാതിവ്യവസ്ഥ, തൊഴില്‍ സംസ്‌കൃതി തുടങ്ങിയവയൊക്കെ ചര്‍ച്ച ചെയ്യുന്ന ഈ നോവല്‍ സാമൂഹ്യ രംഗത്ത് ഉണ്ടാകേണ്ട മാറ്റങ്ങളെക്കൂടി ഓര്‍മപ്പെടുത്തുകയാണ്. ബ്രിട്ടീഷ് ഭരണം മാത്രമല്ല, അതിനപ്പുറം ഇന്ത്യയിലെ സാമൂഹിക രംഗത്ത് കടന്നുകൂടിയ വലിയ പ്രശ്‌നങ്ങളേയും അതിന്റെ കടുത്ത വേരുകളേയും തുറന്നെതിര്‍ക്കുന്നതാണ് ഇതിന്റെ പശ്ചാത്തലം.

തൊഴില്‍ സംസ്‌കാരത്തേയും അതിലെ നീതികേടിനേയും തുറന്നെതിര്‍ക്കുന്ന നോവലാണ് ടു ലീവ്‌സ് ആന്റ് എ ബട്ട്. അസമിലെ തേയിലത്തോട്ട ങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ ഈ നോവലിലെ പ്രധാന കഥാപാത്രം ദരിദ്രനായ ഒരു പഞ്ചാബി കര്‍ഷകനാണ്. അധ്വാനത്തിന് അയാള്‍ കല്പിക്കുന്ന മഹത്വമല്ല, തേയിലത്തോട്ടത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടാകുന്നത്. അയാളെ ക്രൂരമായി ചൂഷണം ചെയ്തുകൊണ്ടും അയാളുടെ മകളെ ബലാത്സംഗം ചെയ്തുകൊണ്ടും മുന്നേറുന്ന ക്രൗര്യം അയാളെ വധിക്കുന്നതിലൂടെ മാത്രമേ തൃപ്തിയടയു ന്നുള്ളൂ. വളരെയധികം സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന നോവലെന്ന നിലയില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമടക്കം വലിയ വായനാ സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ഈ നോവലിനു സാധിച്ചു.

ഒന്നാം ലോക മഹായുദ്ധകാലത്തെ അനുഭവങ്ങളും നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന നോവല്‍ത്രയമാണ് ദി വില്ലേജ്, എക്രോസ് ദി ബ്ലോക്ക് വാട്ടേഴ്‌സ,് ദ സ്വോഡ് ആന്റ് ദ സിക്കിള്‍ എന്നിവ. വിപ്ലവ പ്രസ്ഥാനങ്ങളും അതിന്റെ പരിസമാപ്തിയു മൊക്കെ അവതരിപ്പിക്കുന്ന നോവലുകളാണിത്. 1953 ല്‍ പ്രസിദ്ധീകരിച്ച ദ പ്രൈവറ്റ് ലൈഫ് ഓഫ് ആന്‍ ഇന്ത്യന്‍ പ്രിന്‍സ് എന്ന നോവല്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മാറ്റു കൂട്ടി. മനുഷ്യ മനസും അതിന്റെ സംഘര്‍ഷങ്ങളുമൊക്കെയാണ് ഈ നോവല്‍ വരച്ചിടുന്നത്. സെവന്‍ സമ്മേഴ്‌സ്, മോണിങ് ഫെയ്‌സ്, കണ്‍ഫഷന്‍ ഓഫ് എ ലൗവര്‍, എ ബബിള്‍ എന്നിങ്ങനെ ആത്മകഥാ വാല്യങ്ങളും പ്രസിദ്ധീകരിച്ചു. ടാഗോര്‍, മാര്‍ക്‌സ്, എംഗല്‍സ്, നെഹ്‌റു തുടങ്ങിയവരെക്കുറിച്ചും വിവധ ശില്പങ്ങളെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡ്, വേള്‍ഡ് പീസ് കൗണ്‍സിലിന്റെ ഇന്റര്‍ നാഷനല്‍ പീസ് പ്രൈസ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ളഭിച്ചിട്ടുണ്ട്. 2004 സെപ്തംബര്‍ 28 ന് അന്തരിച്ചു.

****************
വിനു എ. ചെങ്ങളായി പി ഒ, കണ്ണൂര്‍ ജില്ല. 670 631

കടപ്പാട്: വിദ്യാരംഗം മാസിക 2014 സെപ്തംബര്‍ ലക്കം. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.