"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പരിവര്‍ത്തന സമാരംഭം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഒമ്പത്

തെക്കു നിന്നു വന്ന പലരില്‍ നിന്നും കേട്ട വിവരം വെച്ചു പുലയരും, കണക്കന്മാരും, വേട്ടുവരും, പറയരും, വേലന്മാരും അവിടവിടെ പറഞ്ഞു നടന്നു. അധ:കൃതര്‍ക്ക് കൂലി കൂടുതല്‍ നല്‍കണം, സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം, പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാന്‍ അവസരം നല്‍കണം, മാറുമറയ്ക്കുവാനവകാശം ലഭിക്കണം.
ഒരിക്കല്‍ മാടക്കട നടത്തുന്ന, പരമശിവന്‍പിള്ള മുറ്റത്തിരുന്നു ചട്ടിയില്‍ ചായയും, ഇലയില്‍ പുട്ടും പയറുകറിയും കഴിച്ചു കൊണ്ടിരുന്നവരോടായി പറഞ്ഞു.
എടാ പുലച്ചെറുക്കന്മാരെ, കൂലിക്കൂടുതല്‍ കൊടുക്കുവാന്‍ രാജാവിന്റെ കല്‍പ്പനയുണ്ട്. നിങ്ങട കിടാത്തന്മാരെ പള്ളിക്കൂടത്തില്‍ ഇരുത്തി പഠിപ്പിക്കുവാനും അനുവദിക്കണമെന്ന് രാജാവ് പറഞ്ഞിട്ടൊണ്ട്. നിങ്ങട കൂട്ടത്തിലൊരു രാജാവ് തെക്കുണ്ട് അയാള് ചോദിച്ചിട്ടാണ് വല്യാ രാജാവ് ഉത്തരവാക്കിയിരിക്കുന്നത്.
അക്കാലത്തു സാമൂഹ്യ പ്രവര്‍ത്തകരെന്നു പറയുന്ന ചിലര്‍ നാട്ടില്‍ കൂട്ടം കൂടുവാന്‍ തുടങ്ങി. കൂട്ടത്തില്‍ കുറുമ്പനും, ചത്തേം കൂടി. ചില ജാതി മാറിയവരും സംഘത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുവാന്‍ മുതിര്‍ന്നു. കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ക്കുവാന്‍ വീടുവീടാന്തരം നടന്നു. കുഞ്ഞുങ്ങളേയും കൊണ്ടു സ്‌ക്കൂളില്‍ ചെന്നു. പക്ഷേ ചേര്‍ക്കുവാനനുവദിക്കാതെ വാക്കേറ്റമുണ്ടായി. ഉന്തും തള്ളുമുണ്ടായി. സര്‍ക്കാരി സ്‌ക്കൂളാണെങ്കിലും, നടത്തിപ്പുകാരില്‍ മിക്കവരും, നായന്മാരും, നമ്പൂതിരിമാരുമായിരുന്നു.
ഉച്ചയോടടുത്ത നേരം, കത്തുന്ന വെയിലില്‍ ചുറ്റുപാടുമുള്ള കുറ്റിച്ചെടികളും, ലതകളും വാടിക്കരിഞ്ഞിരിക്കുന്നു. പൊടിപടലങ്ങള്‍ പാറിപ്പറത്തുന്ന വരണ്ട കാറ്റ്. സുമുഖനായ ഒരാളാ നാട്ടില്‍ വന്നു ചേര്‍ന്നു. ഒത്ത ഉയരം മേല്‍മീശ വെച്ചിട്ടുണ്ട്. കാലില്‍ മെതിയടി. നല്ല വെളുത്തമുണ്ട്, തോളിലൊരു കോടിനിറമാര്‍ന്ന നാടന്‍. ഒരു തുണി സഞ്ചി തോളില്‍ തൂക്കിയിരിക്കുന്നു. നിരവധി ദേശങ്ങള്‍ സഞ്ചരിച്ചാണ് അദ്ദേഹമിവിടെ എത്തി ചേര്‍ന്നിരിക്കുന്നത്.
വന്നപാടെ പരമശിവന്‍ പിള്ളയുടെ ചായക്കടയില്‍ മുറ്റത്തു കിടന്ന ബഞ്ചിലിരുന്നു.
വന്നയാളുടെ മട്ടും ഭാവവും ശ്രദ്ധിച്ചു കൊണ്ടിരുന്ന പിള്ളയും കുടുംബവും മറ്റുള്ളവരും കണ്ണു മിഴിച്ചു നോക്കി.
കുറച്ചു വെള്ളം കുടിക്കുവാന്‍ തരുമോ - വന്നയാള്‍ ചോദിച്ചു.
കേള്‍ക്കേണ്ട താമസം, വല്ല ഉന്നതനായ, മേനോനോ പ്രമാണിയോ, പടനായരോ മറോ ആയിരിക്കുമെന്നു കരുതി പിള്ളയുടെ ഭാര്യ ഓട്ടുകിണ്ടിയില്‍ വെള്ളം കൊണ്ടു വന്നു കൊടുത്തു. ദാഹത്താല്‍ വലഞ്ഞിരുന്ന ആഗതന്‍ വെള്ളം വാങ്ങി ഗ്‌ളാ - ഗ്‌ളാ എന്നു കുടിച്ചു. ദാഹശമനമായ അദ്ദേഹത്തിന്റെ മുഖത്ത് മനുസ്മിതം തെളിഞ്ഞു - ഹോ - ആശ്വാസ ശബ്ദമുതിര്‍ത്തു.
പിള്ള ചോദിച്ചു, ആരാ എവിടന്നാണാവോ എഴുന്നള്ളത്ത്.
ആഗതന്‍ - നാം കുറേ തെക്കു നിന്നും വരികയാണ്. ചില കാര്യങ്ങള്‍ അന്വാഷിച്ചു മനസിലാക്കുവാന്‍ വന്നതാണ്.
പരമശിവന്‍ പിള്ള - രാജാവിന്റെവിടന്നു വരുകയാണോ?
അതേ എന്നു കൂട്ടിക്കോളൂ. ആഗതന്‍ മറുപടിയായി, പിന്നെ ആദ്യം തന്നെ എനിക്ക് ഒന്നു വിശ്രമിക്കുവാനൊരിടം വേണം. അതുപറഞ്ഞു കൊണ്ടിരിക്കന കൂട്ടത്തില്‍ അദ്ദേഹം തുണി സഞ്ചി തുറന്നു, ഒരു നോട്ടു പുസ്തകം, പെന്‍സില്‍, ഓടിന്റെ മുറുക്കാന്‍ ചെല്ലം, ഉറയോടു കൂടിയ നീണ്ട ഒരു കഠാര മുതലായ എടുത്തു ബഞ്ചില്‍ വച്ചു. സഞ്ചിയുടെ താഴെ നിന്നും മടിശീലയെടുത്തു തുറന്ന്, ഒരു നാണയമെടുത്തു പിള്ളയ്ക്കു നീട്ടി.
ഇതെല്ലാം മറ്റുള്ളവരൊക്കെ ശ്രദ്ധിച്ചിരിക്കുയായിരുന്നു. പിള്ള പറഞ്ഞു - ദാഹജലത്തിന്നു പണം വാങ്ങാറില്ല. പിന്നെ വിശ്രമിക്കുവാനാണെങ്കില്‍ എന്റെ വീടിന്റെ തെക്കിനിയിലെ ഒരു മുറിയുണ്ട്. അതില്‍ താമസിക്കാം - പിന്നെ ജാതിയിലാരാ.
ആഗതന്‍ - ജാതി എനിക്കില്ല, പറയാറുമില്ല, ചോദിക്കാറുമില്ല.
പിള്ളയതു കേട്ടു കണ്ണുമിഴിച്ചു തലയാട്ടി - (ആത്മഗതമായി) വിശാല മനസ്‌ക്കത, വലിയവനാണ്.
പിള്ളയുടെ ഭാര്യയും മകളും കൂടി ആഗതനെ കൂട്ടിക്കൊണ്ടു പോയി മുറി തുറന്നു കൊടുത്തു. താമസിക്കുവാനുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കി.

ആഗതനവരോടായി - നമുക്കു നല്ല യാത്രാക്ഷീണമുണ്ട് ഒന്നുറങ്ങട്ടെ പിന്നെക്കാണാമെന്നു പറഞ്ഞു വാതിലടച്ചു.
ഒരിക്കല്‍ കുറച്ചകലെയുള്ള ഒരു മാടമ്പിയുടെ പറമ്പില്‍ കുഞ്ഞിക്കണ്ടാരിയും ഭാര്യയും മക്കളും തെങ്ങിനു തടം വെട്ടലും, കിളയുമായുള്ള പണികള്‍ ചെയ്തു കൊണ്ടിരുന്നു. സ്ത്രീകളാണെങ്കില്‍ പറമ്പിലെ പൊറ്റയൊക്കെ ചിരണ്ടിക്കൂട്ടി തീയിടുക പുല്ലു പറിച്ചു കൂട്ടുക എന്നീ പണികള്‍ ചെയ്തു കൊണ്ടിരുന്നു. കുടിലില്‍ പോകാതെ പറമ്പില്‍ തന്നെ പണി കഴിഞ്ഞാല്‍ കിടന്നുറങ്ങി താമസിച്ചാണ് മിക്കവരും വേല ചെയ്തിരുന്നത്. കുഞ്ഞിക്കണ്ടാരിയാണെങ്കില്‍ മറ്റുള്ള പണിക്കാരോടൊപ്പമാണ് ജോലി ചെയ്തിരുന്നത്. മുതലാളിയുടെ കാര്യക്കാരനാണ് പണി ചെയ്യിച്ചു കൊണ്ടിരുന്നത്. മക്കളുടെ സ്‌ക്കൂള്‍ പ്രവേശനത്തിനു ചെന്നിട്ടു ലഭിക്കാതെ തിരിച്ചു പോന്ന വ്യക്തിയാണ് ഈ കുഞ്ഞിക്കണ്ടാരി. സംഘവുമായി അല്‍പ്പം ബന്ധമുള്ളയാളുമായിരുന്നു.
ഇടയ്ക്കു പറ്റു കാശുവാങ്ങി, അരിമേടിച്ചു തൊട്ടടുത്തുള്ള പുലയ കുടിലിലിട്ട് കഞ്ഞി വെച്ചു കുടിച്ചാണ് ജീവിച്ചിരുന്നത്. അവരുടെ തന്നെ കോലായിയിലോ, മറ്റത്തോ ഓലക്കീറു നിരത്തിയിട്ടു കിടന്നുറങ്ങുമായിരുന്നു.
ആഴ്ചയില്‍ കൂലി തീര്‍ക്കുന്ന പതിവു പ്രകാരം പണിയൊക്കെ കഴിഞ്ഞ് കൂലി വാങ്ങാന്‍ തമ്പുരാന്റെ പടിക്കല്‍ ചെന്നപ്പോള്‍ കുഞ്ഞിക്കണ്ടാരി പറഞ്ഞു.
''എങ്കക്ക് കൂലിക്കൂട്ടത്തന്നം''

പക്ഷേ മറ്റുള്ളവര്‍ അവന്റെ വാക്ക് പിന്‍താങ്ങി അവനോടൊപ്പം നില്‍ക്കുവ് തയ്യാറായിരുന്നില്ല. അവരൊക്കെ കിട്ടിയ കൂലിയും വാങ്ങി തിരിച്ചു പോയി. കുഞ്ഞിക്കണ്ടാരിക്കു മാത്രം കൂലി കൊടുത്തില്ല. അവന്റെ കൂലിയും പുലക്കള്ളിയുടെ കൂലിയും ലഭിക്കണമായിരുന്നു. അവനെ കാത്തു പുലക്കള്ളിയും മക്കളും പടിക്കു പുറത്തു നില്‍പ്പുണ്ടായിരുന്നു.
പൂമുഖത്തു ചാരുകസേരയിലിരുന്ന തമ്പുരാനലറി - പിടിച്ചു കെട്ടടാ ആ പട്ടി പെലേനെ.
പറയേണ്ട താമസം തമ്പുരാന്റെ വാല്യക്കാര്‍ വന്നു, അടുത്തുള്ള അടയ്ക്കാമരത്തില്‍ കുഞ്ഞിക്കണ്ടാരിയെ പിടിച്ചു ബന്ധിച്ചു.
നിനക്കു കൂലി കൂടുതല്‍ വേണമല്ലേ - കൊടുക്കടാ അവനു പ്രഹരം.
അവനെ പിടിച്ചു കെട്ടിയവര്‍, ചാട്ടവാറെടുത്തു കൊണ്ടു വന്നു അടി തുടങ്ങി. അടികൊണ്ടു കരഞ്ഞു പുളഞ്ഞു, തല താഴ്ത്തി കെട്ടിയിട്ട സ്ഥിതിയില്‍ തന്നെ കിടന്നു.
കൂലിയും വാങ്ങിക്കൊണ്ടു, അച്ഛന്‍ വരുമെന്ന പ്രതീക്ഷയില്‍ കുഞ്ഞുങ്ങളും തള്ളയും നോക്കിയിരുന്നു. പക്ഷേ കരച്ചില്‍ കേട്ടു പടിക്കുള്ളില്‍ കടന്നു നോക്കിയവര്‍, ഞെട്ടിപ്പോയി, കുഞ്ഞിക്കണ്ടാരി അടയ്ക്കാ മരത്തില്‍ ബന്ധിക്കപ്പെട്ടു അവശനായി ചാകാറായി കിടക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. പുലയിയും മക്കളും നെഞ്ചത്തിടിച്ചു കരഞ്ഞു.
തമ്പ്രാ എണ്ട പെലേന വിടേയ്, എങ്ക എവടേങ്കിലും പൊയ്‌ക്കൊള്ളാമേ. എങ്കക്കു കൂലീം വേണ്ട വല്ലീം വേണ്ട... എണ്ട പെലേന വിട് തമ്പ്രാ.
തമ്പുരാന്‍ കല്‍പ്പിച്ചു - ഉം - ആശവത്തുങ്ങളെ പിടിച്ചു പുറത്താക്കടാ.
നമ്മോടു കൂലി കൂടുതല്‍ ചോദിക്കുകയോ - ഏഭ്യന്‍. തമ്പുരാനെഴുന്നേറ്റു പോയി.
പടിക്കു പുറത്താക്കപ്പെട്ട കുഞ്ഞിക്കണ്ടാരിയുടെ പുലയിയും മക്കളും ഗത്യന്തരമില്ലാതെ കരഞ്ഞു കരഞ്ഞു പടിക്കു പുറത്തു തന്നെ കിടന്നു. പാതിരാ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു പുലയ കുടിലിലേയ്ക്കു വേച്ചു വേച്ചു നടന്നു. അവിടെ ചെന്നപ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ തള്ളയുടെ കരച്ചില്‍ കണ്ടു - മൂത്തകുട്ടികള്‍ ആശ്വസിപ്പിച്ചു. അമ്മേ കറേല്ലേ. നുമ്മട അച്ഛന്‍ വരും, വരുമമ്മേ എന്നു സമാധാനിപ്പിച്ചു. കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞ മാതാവും ആ മുറ്റത്തു തന്നെ അലച്ചു വീണു. ആ കുടിലിലുള്ളവരും കുഞ്ഞുങ്ങളേയും തള്ളയേയും ആശ്വസിപ്പിച്ചു.
കുഞ്ഞിക്കണ്ടാരിച്ചേട്ടന്‍ വരും ആ തമ്പുരാനയാളെ വിടും എന്നൊക്കെ പറഞ്ഞു.
അവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കഞ്ഞിവെള്ളം ചട്ടിയില്‍ പകര്‍ന്നു കൊടുത്തു. അവരാ വെള്ളവും കുടിച്ചാ മണ്ണില്‍ തന്നെ കിടന്നുറങ്ങിപ്പോയി.
അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍, അടയ്ക്കാ മരത്തില്‍ ബന്ധനസ്ഥനായികിടന്ന കുഞ്ഞിക്കണ്ടാരി, അന്ത്യശ്വാസം വലിച്ചു അവന്റെ ജഡം പിറ്റേദിവസത്തെ സുര്യോദയം കണ്ടില്ല.
കൂലി കൂടുതലിനു വേണ്ടി ശബ്ദമുയര്‍ത്തിയവന്‍ ഒറ്റപ്പെട്ടു. എളുതരമായി കിട്ടിയ സന്ദര്‍ഭം ഉന്നതന്‍ മുതലെടുത്തു, ചെറിയൊരു തെറ്റിനു പോലും കൊടിയ പീഡനം മിണ്ടുവാന്‍ പാടില്ല, അനങ്ങുവാന്‍ പാടില്ല, ചുണ്ടക്കുവാനോ അതിനും അര്‍ഹതയില്ല. പതിത വര്‍ഗ്ഗങ്ങളുടെ കഷ്ടപ്പാടില്‍ ആര്‍ക്കും ഒരു കനിവുമുണ്ടായില്ല. കൂലി കൂടുതലിനു വേണ്ടി ശബ്ദിച്ച കുഞ്ഞിക്കണ്ടാരി ആദ്യ രക്തസാക്ഷിയായി. 
പിറ്റേദിവസം പലരില്‍ നിന്നും പറഞ്ഞറിഞ്ഞു കുഞ്ഞിക്കണ്ടാരി കൊല ചെയ്യപ്പെട്ടു. വിദ്യാഭ്യാസത്തിനു വേണ്ടി ചെന്നാല്‍ അവിടേയും, അടിയും ഇടിയും തല്ലിയോടിക്കലും, നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ സംഘം കൂടുവാന്‍ തുടങ്ങി. ഈ സ്ഥലത്തും പണിയില്ലാത്ത ദിവസങ്ങളില്‍ ഏതെങ്കിലും വീട്ടില്‍ മീറ്റിംഗ് കൂടും പലകാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. സംഘം വിപുലീകരിക്കുന്നതിനു വേണ്ടി പരസ്പരം കാര്യകാരണങ്ങള്‍ പറഞ്ഞു തര്‍ക്കിച്ചിരുന്നു. 
പക്ഷേ ഇത്തരം യോഗങ്ങളൊന്നും, പറയത്തക്ക പരിഹാര യോഗ്യമായിരുന്നില്ല. അവരവരുടെ സമുദായോന്നമനത്തിനു വേണ്ടി നില്‍ക്കുക എന്ന മനോഭാവമായിരുന്നു എല്ലാവരുടെയും, യോഗം കൂടുവാന്‍ സ്ഥലമില്ലായിരുന്നു. ഒത്തൊരുമിക്കുവാനും കാര്യങ്ങള്‍ അഭിപ്രായം പറഞ്ഞു ചര്‍ച്ച ചെയ്യുവാനും മുതലാളിമാര്‍ അനുവദിച്ചിരുന്നുമില്ല.
ശരിയായ നേതൃത്വമില്ല. തമ്പുരാക്കന്മാര്‍ക്കെതിരായി അഭിപ്രായം പറയുന്ന യോഗത്തില് ഒത്തൊരുമിക്കുവാനാരുമില്ല. തമ്പുരാനോ, മുതലാളിയോ ഇതറിയുവാനിടയായാല്‍, തങ്ങളെ ആട്ടിയോടിക്കും, കുടിലു കത്തിക്കും, കയ്യോടെ പിടിച്ചു കെട്ടിയിട്ടടിച്ചു കൊല്ലും. സ്ത്രീകളെ ബലാല്‍സംഗം ചെയ്യും. കുഞ്ഞുങ്ങളെയും വെറുതെ വിട്ടിരുന്നില്ല.
അധ:സ്ഥിത ജാതിക്കാരിലാര്‍ക്കും തന്നെ ഭൂമിയുള്ളവരില്ല. കല്ലും പുരയോ ഓടിട്ട വീടുകളോ ഉള്ളവരായവര്‍ മിക്കവരും തമ്പുരാന്റെ അധീനതയില്‍ സ്വാമി ഭക്തിയോടെ വര്‍ത്തിക്കുന്നവരായിരുന്നു. അവരുടെ മുറ്റത്തോ കുടിലിലോ സംഘം കൂടുവാനുമനുവദിക്കാറുമില്ലായിരുന്നു. അതുകൊണ്ടു പണി നടക്കുന്ന സന്ദര്‍ഭത്തില്‍ ചിറപ്പൊറുത്തോ, അല്ലെങ്കില്‍ ചില കാടിന്റെ പാര്‍ശ്വ ഭാഗത്തോ പുറം പോക്കു ഭൂമിയിലോ ഒക്കെയായിരിക്കും, ഒരുമിക്കുന്ന പോലെ കൂടിയിരുന്നത്.
മുഖ്യ ചര്‍ച്ചാ വിഷയം വഴി നടക്കുവാനുള്ള സ്വാതന്ത്ര്യം. മാറു മറയ്ക്കുവാനുള്ള അവകാശം പള്ളിക്കൂടത്തില്‍ പ്രവേശനം ലഭിക്കല്‍, കൂലി കൂടുതല്‍ അനുവദിപ്പിക്കല്‍ ഇത്യാദി വസ്തുതകള്‍ അധ:കൃതര്‍ പറഞ്ഞു നടന്നു. ഈ കാര്യങ്ങള്‍ നാട്ടില്‍ ആദ്യം പ്രചരിച്ചത് ഉന്നതരായ ആളുകള്‍ തന്നെയായിരുന്നു. ഓരോരുത്തരും മുക്കിലും മൂലയിലും നിന്നു പറഞ്ഞിരുന്നെങ്കിലും ശരിയായ നേൃത്വമോ, കൂട്ടായ അവകാശമുന്നയിക്കലോ ഒന്നും ഇതുവരേ ഉണ്ടായിട്ടില്ല. ആര്‍ക്കും ധൈര്യവുമില്ലായിരുന്നു.
പല നാളുകളായി, നിദ്രാവിഹീനനായി പ്രയാണം തുടര്‍ന്നിരുന്ന പപ്പു മാനേജര്‍, തലേദിവസം വൈകുന്നേര സമയത്താണ്, വിശ്രമിക്കുവാനൊരിടം തേടി വരുകയും, പിള്ളയുടെ വീടിന്റെ തെക്കിനി മുറിയില്‍ ചേക്കേറിയത്. കൂടുതല്‍ പരിചയപ്പെടുവാനൊന്നും നില്‍ക്കാതെ കിടന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ വളരെ വൈകിയിരുന്നു. പ്രഭാത കൃത്യനിര്‍വ്വഹണമായ കുളിയും മറ്റും കഴിഞ്ഞു പ്രസന്നവദനനായി വന്നു ഉടുത്തൊരുങ്ങി, ഭാണ്ഡക്കെട്ടില്‍ നിന്നും നോട്ടു പുസ്തകങ്ങളും ചില കടലാസും പെന്‍സിലും മറ്റും എടുത്ത് തന്റെ മുറിയില്‍ തന്നെ ഇരുന്നു. കടക്കാരനെ വിളിച്ചു വരുത്തി. കാഴ്ചയില്‍ മഹാനായ വ്യക്തിയാണെന്നു തോന്നിയതു കൊണ്ടു പിള്ള ചെന്നു. പരമശിവന്‍ പിള്ളയുടെ ഭാര്യ ഉപചാര പൂര്‍വ്വം ഒരു ഓട്ടു തമ്പ്രറില്‍ കാപ്പിയും പിന്നെ മകള്‍ രണ്ടു കഷ്ണം പൂട്ടും പയറു കറിയും മറ്റും കൊണ്ടു വന്നു അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു.
പേരെന്താ - ആഗതന്‍ ചോദിച്ചു.
പരമശിവന്‍ പിള്ള.
ശരി, എന്റെ പേര്- പപ്പു മാനേജര്‍.
നമുക്ക് ആദ്യമായി ചില വിവരങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാം, പിള്ളയാണെങ്കില്‍ അല്‍പ്പം അറിവുള്ളവനാണെന്ന്, നമുക്ക് മുഖഭാവം ദര്‍ശിച്ചപ്പോഴെ മനസ്സിലായി. നല്ലപോലെ കടകള്‍ നടത്തുന്നവന്‍, കുടുംബക്കാരന്‍, തറവാടി ഇവയൊക്കെ നാം അറിഞ്ഞിരിക്കണ്.
ആദ്യ സംബോധനയിലും, മുഖഭാവം മനസ്സിലാക്കി ബഹുമാനിച്ചതിലും പിള്ളയ്ക്കു സന്തോഷമായി. അയാളുടെ ഭാര്യയ്ക്കും, മകള്‍ക്കും അദ്ദേഹത്തോടു ബഹുമാനവും, കൃതജ്ഞതയും തോന്നി. പിള്ള പ്രസന്നവദനനായി, ഒന്നിളകിയിരുന്നു.
പപ്പുമാനേജര്‍ തുടര്‍ന്നു, നിങ്ങള്‍ക്കറിയാമല്ലോ മഹാരാജാവു തിരുമനസ്സു കൊണ്ടു ചില ഉത്തരവിറക്കിയിട്ടുള്ളത്. അതായത് സമൂഹത്തില്‍ ഉന്നതര്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കിയാല്‍ പോരാ പാവങ്ങള്‍ക്കും അതു ലഭിക്കണം. എന്നതാണാ ഉത്തരവ്. കൂടാതെ അവരെ മറ്റു സമുദായത്തോടൊപ്പം ഉയര്‍ത്തി കൊണ്ടു വരുന്നതിനു വേണ്ടി, സഞ്ചാര സ്വാതന്ത്ര്യം നല്‍കണം. കൂടാതെ മാറു മറച്ചു നടക്കുവാനുള്ള അവകാശവും കൊടുക്കണം. വേല ചെയ്താല്‍ ശരിയായ കൂലി ലഭിക്കാറുമില്ല. അതും നല്‍കണം. ഇതൊക്കെ പടിപടിയായി മാത്രമേ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. അതിന്റെ ഉദ്യമവുമായാണ് എന്റെ ഈ വരവിന്റെ ലക്ഷ്യം. ദിവാന്‍പേഷ്‌ക്കാര്‍ വിളംബരം ചെയ്തിട്ടും, വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥനായ ഒരു സായ്പ് ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും കാര്യങ്ങള്‍ക്ക് കാതലായ മാറ്റം ഇതുവരേയും ഉണ്ടായിട്ടില്ല.
ഇക്കാര്യത്തില്‍ പിള്ളയുടെ നിലപാടെന്താണ് എന്നെനിക്കറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
പിള്ളയൊന്നു ശരിക്കിരുന്നു. സംസാരിച്ചു പഴക്കമില്ലല്ലോ എന്നാലും പറഞ്ഞു.... ഇവിടെ ചായ കുടിക്കുവാന്‍ വരുന്നവരായ ചെറുമക്കളോട് ഞാനിതു സൂചിപ്പിച്ചിട്ടുണ്ട്. അവര്‍വഴി മിക്കവര്‍ക്കും ഈ കാര്യം അറിയുവാനായിട്ടുണ്ട്. അവരില്‍ ചിലര്‍ കുട്ടികളേയും കൊണ്ട് പള്ളിക്കൂട പ്രവേശനത്തിന്നായി പോയിരുന്നു, പക്ഷേ അവരെ ചേര്‍ക്കുകയുണ്ടായില്ല.
അപ്പോള്‍ പിള്ളേച്ചന്‍, നാം വരുന്നതിനു മുമ്പേ ചെറുമക്കളെ ഉപദേശിച്ചിട്ടുണ്ട് എന്നര്‍ത്ഥം. അതു നല്ല കാര്യം തന, ഇനി നാം ഇക്കാര്യത്തിനു വേണ്ടി മുന്നിട്ടിറങ്ങുവാന്‍ പോകുകയാണ്. പിള്ള എന്റെ കൂടെ നില്‍ക്കുമോ.
തീര്‍ച്ചയായും, എന്നാല്‍ കഴിയുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യുവാന്‍ തയ്യാറാണ്.
എന്നാല്‍ എന്റെ കയ്യില്‍ പിടിച്ചു സത്യം ചെയ്യൂ. രണ്ടു പേരും കൈപിടിച്ചു വാഗ്ദത്വമാക്കി. ഇനി ആദ്യം ചെയ്യേണ്ടത് സ്‌ക്കൂള്‍ നടത്തുന്ന ഉന്നത അധ്യാപകനെ, നമുക്കു രണ്ടു പേര്‍ക്കും കൂടി പോയി കണ്ട് അവരുടെ നിലപാടു മനസ്സിലാക്കണം. എന്താ തെയ്യാറാണോ.
അതേ അങ്ങയോടൊപ്പം ഞാനും വരുവാന്‍ തയ്യാറാണ്.
എങ്കില്‍ നമുക്കല്‍പ്പം കഴിഞ്ഞു പുറപ്പെടാം, പപ്പു മാനേജര്‍ പറഞ്ഞു.
പിള്ളേച്ചന്‍, എന്നാലങ്ങു കാപ്പികുടിച്ചാട്ടെ, ഞാന്‍ പിന്നെവരാം, പിള്ള തന്റെ വീട്ടിലേയ്ക്കു പോയി.
പപ്പുമാനേജരും പരമശിവന്‍പിള്ളയും കൂടി സ്‌ക്കൂള്‍ മാനേജരെ കാണുവാന്‍ പോയി.
പപ്പുമാനേജര്‍; മഹാരാജാവ് തിരുമനസ്സിന്റെ ഉത്തരവു നിങ്ങള്‍ നടപ്പാക്കുന്നതില്‍ അനാസ്ഥ കാട്ടിയതായി അറിയുവാന്‍ കഴിഞ്ഞു അതെന്താണ്.
ഏയ് - ഇവിടെ ഒരു കുഴപ്പവുമില്ല, വരുന്നവര്‍ക്കൊക്കെ പ്രവേശനം കൊടുക്കുന്നുണ്ട് - സ്‌ക്കൂള്‍ മാനേജര്‍ പറഞ്ഞു.
സാധുക്കളായവര്‍ കുഞ്ഞുങ്ങളേയും കൊണ്ടു വന്നിട്ട് അവരെ ചേര്‍ക്കാതെ ആട്ടിയോടിച്ചെന്നും അടിപിടിയുണ്ടായെന്നും അറിയുവാന്‍ കഴിഞ്ഞല്ലോ - പപ്പു മാനേജര്‍ ചോദിച്ചു. സ്‌ക്കൂള്‍ മാനേജര്‍, വല്ല ഒറ്റപ്പെട്ട സംഭവവികാസങ്ങളുണ്ടായതൊഴിച്ചാല്‍, സ്‌ക്കൂളിലെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. 
പപ്പുമാനേജര്‍ - കുട്ടികളേയും കൊണ്ടു വരുന്നവരെ ഉന്നതര്‍ തടുക്കുകയും, അടിച്ചോടിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ.
ഇനി മേലില്‍ ഇത്തരം സംഭവവികാസങ്ങളിവിടെ നടമാടുവാന്‍ പാടില്ല. അങ്ങിനെയുണ്ടായതായറിഞ്ഞാല്‍, ദിവാന്‍ പേഷ്‌ക്കാരെക്കൊണ്ടു നിങ്ങളുടെ സ്‌ക്കൂളിന്റെ അംഗീകാരം മാറ്റിച്ചു പാവങ്ങളോട് നീതി പുലര്‍ത്തുന്നവരായ നിങ്ങളെപ്പോലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ഉദ്യമിക്കേണ്ടി വരും - പറഞ്ഞേക്കാം.
ഉത്തരവാദിത്വമുള്ള അധികാരിയെപ്പോലെ പപ്പുമാനേജര്‍ സംസാരിച്ചത് കണക്കിനു കൊണ്ടു. സ്‌ക്കൂള്‍ മാനേജര്‍ ഞെട്ടിപ്പോയി. വല്ലാത്ത ജാള്യതയോടെ അദ്ദേഹമിരുന്നു. തന്റെ ജീവിതത്തിലിതുപോലൊരു ചോദ്യം ചെയ്യലിനെ മുന്‍പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. ആഗതര്‍ പോയി കഴിഞ്ഞപ്പോള്‍, നാട്ടിലുള്ള മാടമ്പിമാരേയും, സ്‌ക്കൂളധ്യാപകരേയും വിളിച്ചു വരുത്തി, സ്‌ക്കൂള്‍ മാനേജര്‍ വിവരം ധരിപ്പിച്ചു.
വലിയൊരു പൊട്ടിത്തെറിയുടെ വക്കിലേയ്ക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതായി പലരും മനസ്സിലാക്കി. പാടത്തും പറമ്പിലുംപണിയെടുക്കേണ്ടവര്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം നേടുവാന്‍ വന്നാല്‍, പണിയെടുക്കുവാനിനി ആളുകളെ ലഭിക്കാതെയാകും.
മഹാരാജാവിന്റെ ഉത്തരവും പറഞ്ഞു കൊണ്ടാണയാള്‍ വന്നത്. കൂട്ടത്തില്‍ പരമശിവന്‍ പിള്ളയുമുണ്ട്. നാട്ടിലെ മാടമ്പികള്‍ കോപം കൊണ്ടു ജ്വലിച്ചു.
സ്‌ക്കൂള്‍ മാനേജര്‍ പറഞ്ഞു; നിങ്ങളിനി കുഴപ്പത്തിനൊന്നും പോകേണ്ട, നിങ്ങളുടെ ചെയ്തികള്‍ കൊണ്ടാണ് കാര്യങ്ങളിത്രയധികം, വഷളായിരിക്കുന്നത്. സര്‍ക്കാര്‍ പാവങ്ങളെ ഉദ്ധരിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ജാതി സ്പര്‍ദ്ധ വെച്ചു നിങ്ങളവരോടു പെരുമാറിയാല്‍, എന്റെ അധികാരമാണ് തെറിക്കുവാന്‍ പോകുന്നത്. ഞാനിതിനു ഒരിക്കലും കൂട്ടു നില്‍ക്കുവാന്‍ തയ്യാറല്ല. അയാള്‍ കര്‍ക്കശമായി പറഞ്ഞു തീര്‍ത്തു.
പരമശിവന്‍പിള്ളയും, പപ്പു മാനേജരും തിരിച്ചു നടന്നു ചായക്കടയില്‍ വന്നു. ചായയടിക്കുവാനും, പലഹാരമുണ്ടാക്കുവാനും മറ്റും രണ്ടു മൂന്നു വേലക്കാരുണ്ട് പെട്ടിക്കാരിയായിട്ട് ചിലപ്പോള്‍ അച്ചിയോ മകളോ ഇരിക്കും. ഇളയ മകന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടിയാണ്.
വന്നയുടനേ ചായ കുടിച്ചു അതിനുശേഷം പപ്പുമാനേജര്‍ മുറിയില്‍ പോയിരുന്നു അന്നു നടന്ന കാര്യങ്ങളൊക്കെ നോട്ടു പുസ്തകത്തില്‍ കുറിച്ചു വച്ചു. പിള്ളയും കൂടെ ചെന്നു, വര്‍ത്തമാനം പറഞ്ഞിരുന്നു.
പോയകാര്യം വിജയിച്ചതില്‍ രണ്ടു പേര്‍ക്കും വലിയ കൃതാര്‍ത്ഥത തോന്നി കൂടാതെ പപ്പുമാനേജരുടെ സംഭാഷണത്തിലുണ്ടായ, ഗാംഭീര്യവും പ്രാധാന്യവും കാരണം അദ്ദേഹത്തോടു പിള്ളയ്ക്കു വലിയ മതിപ്പു തോന്നി ബഹുമാന പുരസ്സരം പിള്ള വിളിച്ചു. മാഷേ - ഹോ എന്താ ആ സംഭാഷണം, ആ സ്‌ക്കൂള്‍ മാനേജര്‍ ചൂളിപ്പോയില്ലേ.
തീര്‍ന്നില്ല പിള്ളേ, നാം തുടങ്ങിയിട്ടേയുള്ളൂ. ഇനി അടുത്തത് നമുക്ക് രണ്ട് മൂന്ന് ജന്മിമാരേയും, മുതലാളിമാരേയും കാണേണ്ടതായിട്ടുണ്ട്. അതും കൂടാതെ, സാധു ജനതതികളെ സംഘടിപ്പിക്കുകയും വേണം. എന്നാല്‍ പിള്ളേ, അതത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം. ഒരുത്തനെ ഇങ്ങോട്ടു വിളിച്ചാല്‍ രണ്ടു പേരങ്ങോട്ടു പോകും. അതാണവരുടെ സ്വഭാവം. എന്നാലും നാം പരിശ്രമിക്കുക തന്നെ.
പിള്ള ചിന്തിച്ചു, കരുത്തുള്ളവന്‍, അറിവുള്ളവന്‍, ധീരന്‍, എന്തിനും പോന്നവന്‍, ഇയാളോടൊപ്പം താനും നിന്നാല്‍ ഈ നാട്ടില്‍ തനിക്കു പേരും പെരുമയും നോടാം. തന്നെയുമല്ല സാധുജനങ്ങളെ ഉദ്ധരിക്കുന്ന മഹത്തായ കര്‍ത്തവ്യം ചെയ്യുന്നെന്ന മാനസിക സംതൃപ്തിയുണ്ടാകുകയും ചെയ്യും.
വൈകുന്നേരം ചായ കുടിക്കുവാനും പല വ്യജ്ഞനങ്ങള്‍ വാങ്ങുവാനുമായി ചെറുമക്കള്‍ വന്നു, അവരില്‍ മാടനേയും, പിള്ള പരിചയപ്പെടുത്തി കൊടുത്തു.
ദാ, അതാണ് മാടന്‍.
പപ്പുമാനേജര്‍, മാടാ, ഇങ്ങോട്ടൂ വരൂ (മാടനെ നിന്റെ മുതലാളി, ശരിക്കും കൂലിയും മറ്റും തരുന്നുണ്ടോ?
മാടന്‍ - ഒണ്ടേയ് തമ്പ്രാ, എങ്കക്ക് ഒരു കോറേം ഇല്ലേയ്.
പപ്പുമാനേജര്‍ - കുട്ടികള്‍ പള്ളിക്കൂടത്തില്‍ പോകുന്നുണ്ടോ.
മാടന്‍ - ചാത്തേന്‍ പോണില്ല. അവന്‍ വല്യാങ്ങളായി വേലക്ക് പോണുണ്ടേയ്, എളേവന്‍ പള്ളിക്കൂടത്തീ പോണുണ്ടേയ്.
പപ്പുമാനേജര്‍ - നീയും, ചാത്തേം സംഘത്തില്‍ ചേരണം.
മാടന്‍ - തൊഴിലാള്യേട് ചോയിച്ചിട്ട് ചേരാ.
പപ്പുമാനേജര്‍ - എന്നാലും നീ ചേര്‍ന്നേ പറ്റൂ.
മാടന്‍ - എങ്കക്ക്, തങ്കത്തീ ചേരാതെ കൊണ്ട് കൂലീം വല്ലീം എക്ക മൊതലാളി തന്നണ്ട്.
വല്ലീം എക്ക മൊതലാളി തന്നണ്ട്.
ശരി മാടന്‍ പൊയ്‌ക്കോ, നിനക്കെന്നെ കാണണമെന്നു തോന്നുമ്പോള്‍ വരാന്‍ മടിക്കേണ്ട.
പപ്പു മാനേജര്‍, അവിടെ താമസിച്ചു കൊണ്ടു പല സ്ഥലത്തു സഞ്ചരിച്ചും പുലയരേയും, പറയരേയും, കണക്കന്മാരേയും മറ്റും കണ്ടു സംസാരിച്ചു. മിക്കവരും ഒന്നിക്കാമെന്നും കുഞ്ഞുങ്ങള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം ലഭിക്കണമെന്നും കൂലി കൂടുതല്‍ കിട്ടേണ്ട സാഹചര്യമൊരുക്കണമെന്നുംസഞ്ചാര സ്വാതന്ത്ര്യം ഉണ്ടാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കൂടാതെ പീഢനം മാറ്റി രക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.
പപ്പു മാനേജരും, പരമശിവന്‍ പിള്ളയും ഉടുത്തൊരുങ്ങി തോള്‍ സഞ്ചിയും തൂക്കി നല്ല സുമുഖനെപ്പോലെ ഗാംഭീരതയോടെ, ആ നാട്ടിലെ പ്രധാനപ്പെട്ടൊരു ആഡ്യകുലജാതനായ ജന്മി മുതലാളിയുടെ ഇല്ലത്തു ചെന്നു.
പപ്പുമാനേജര്‍ തമ്പുരാനായ വിഷ്ണു നമ്പൂതിരിയുടെ മുമ്പില്‍ ചെന്നു തൊഴുതു. കൂടെ പിള്ളയും പിന്നെ നേരെ വരാന്തയിലേയ്ക്കു കയറി അരമതിലിലിരുന്നു.
ആരാ - നോം ഇതുവരേയും കണ്ടിട്ടല്ലോ ജാതീലാരാ - തമ്പുരാനാരാഞ്ഞു.
പപ്പുമാനേജര്‍, ഞാന്‍ പപ്പുമാനേജര്‍ പിന്നെ ജാതി എനിക്കില്ല, പറയുകയുമില്ല. കൂടാതെ തമ്പുരാന്‍ ഇന്നുമുതല്‍ ജാതി ചോദിക്കുന്ന സ്വഭാവം നിര്‍ത്തണം.
പിന്നെ ഞാന്‍ വളരെ തെക്കു നിന്നു വരുകയാണ്. രാജപ്രമുഖന്റെ ഉത്തരവുകള്‍ എങ്ങിനെയൊക്കെ നടപ്പാക്കുന്നുണ്ടെന്നറിയുവാന്‍ വന്നതാണ്.
ഒന്നാമതായി സാധുജനങ്ങള്‍ വഴി നടക്കുമ്പോള്‍ അവരെ തടയുവാന്‍ പാടില്ല. അവര്‍ക്കു മാറു മറച്ചു നടക്കണം, പള്ളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കുവാന്‍ ചെന്നാല്‍ നിങ്ങളുടെ ആളുകള്‍ തടയുന്നു. കൂലി കൂടുതല്‍ കൊടുക്കണം. ഈ ഉത്തരവുകള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതല്ലേ എന്നിട്ടും അവരെ ദ്രോഹിക്കുന്നതു ശരിയാണോ.
ഇവിടെയുള്ള അശരണരായ തൊഴിലാളികള്‍ കൂലി കൂടുതല്‍ ചോദിച്ചാല്‍ നിങ്ങളവരെ തല്ലിക്കൊല്ലുമോ? നിങ്ങളെത്രപേരേ ഇങ്ങനെ കൊന്നിട്ടുണ്ട് അവര്‍ക്കു ചോദിക്കുവാനും പറയുവാനും ആളില്ലായെന്നു കരുതിയോ. രാജപ്രമുഖനെ നിങ്ങളാക്ഷേപിക്കുകയാണോ?
വിഷ്ണു നമ്പൂതിരി കോപത്തോടെ - നമുക്കിഷ്ടമുള്ള കൂലിയേ കൊടുക്കൂ, അതിനിവിടെ ആരും ചോദിക്കുവാന്‍ വരേണ്ട. നമ്മുടെ ഇല്ലത്തു വന്നു നമ്മളെ ഭീഷണിപ്പെടുത്തുവാന്‍ നിയാരാ - ദിവാന്‍ പേഷ്‌ക്കാരോ.
പപ്പുമാനേജര്‍ - ഉം. കൂലി ചോദിച്ചാല്‍ നിങ്ങളവരെ കൊല്ലുമോ?
വിഷ്ണു നമ്പൂതിരി - എടാ - ആരാ അവിടെയുള്ളത് 
നാരായണാ, കേശവാ, കുട്ടപ്പാ. ഇവരേ പിടിച്ചു പുറത്താക്കൂ - അദ്ദേഹം അലറി.
പപ്പുമാനേജര്‍ - ഏയ് - കെളവന്‍ തമ്പുരാനേ, നിങ്ങള്‍ക്ക് ഞങ്ങളെ ഇവിടെ നിന്നു പടിക്കു പുറത്താക്കാനേ പറ്റൂ പക്ഷേ നിങ്ങളെ തന്നെ ഞങ്ങള്‍ പുറത്താക്കും, അതും ഈ ഭൂമിയില്‍ നിന്ന് പറഞ്ഞേക്കാം.
വിഷ്ണുനമ്പൂതിരി - എന്താടാ നോക്കി നില്‍ക്കുന്നേ, ഇവനേക്ക ആട്ടി ഓടിക്കടാ.
രണ്ടു മൂന്നു നായന്മാര്‍ മുന്നോട്ടടുത്തു. പപ്പുമാനേജര്‍ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു, തുണി സഞ്ചിയില്‍ കയിട്ടു. ഉടനെ പരമശിവന്‍ പിള്ള, അദ്ദേഹത്തെ തടഞ്ഞു.
വേണ്ട മാഷേ, അവര്‍ക്കറിയില്ല. മാഷാരാണെന്ന് അയാള്‍ പിന്നെ തിരിഞ്ഞു വാല്യക്കാരോട്.
വെറുതേ മരിക്കേണ്ട, തമ്പുരാന്റെ ഉപ്പും ചോറും തിന്നു നായകളെപ്പോലെ കുരച്ചു നടന്നാല്‍ മതി, കടിക്കുവാന്‍ നോക്കേണ്ട, പല്ലു പോകും.
പപ്പുമാനേജര്‍, വീണ്ടും നമ്പൂതിരിയോടു പറഞ്ഞു. കുഞ്ഞിക്കണ്ടാിയെ കൊല ചെയ്തതിന്നു നഷ്ടപരിഹാരം നല്‍കണം. ആ ചെറുമിക്കും മക്കള്‍ക്കും വീടുകെട്ടി കൊടുക്കണം, വേല കൊടുക്കണം. ഞാനിനിയും വരും എന്നെ തടുക്കുവാന്‍ നോക്കിയാല്‍ ഭവിഷത്തു ഭീകരമായിരിക്കും ഓര്‍ത്തോളൂ. നിങ്ങളുടെ ചട്ടമ്പികളെ, കവലയിലിറക്കി കുഴപ്പത്തിനൊരുമ്പെട്ടാല്‍, അവന്‍േറക്ക വയറു കുത്തി കുടലെടുത്തു നിലത്തിടും. 
പിന്നെ നിങ്ങളും വീട്ടില്‍ തന്നെ ഇരിക്കുന്നയാളല്ലല്ലോ. പുറത്തിറങ്ങുന്നവനല്ലേ. അവിടെയൊക്കെ വെച്ചു നിങ്ങളെ ഞങ്ങള്‍ വേണ്ട രീതിയില്‍ കാണും, പറഞ്ഞേക്കാം. നല്ല രീതിയില്‍ നടന്നാല്‍ എല്ലാവര്‍ക്കും നല്ലത്. അല്ലെങ്കില്‍ ഇല്ലം കണ്ടു മരിക്കുവാനിടയാകുകയില്ല.
വാല്യക്കാരോടു തിരിഞ്ഞു, നിങ്ങളെപ്പോലെയുള്ള ചട്ടമ്പികളല്ലേടാ, കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ ചെന്നപ്പോള്‍ അവരെയൊക്കെ ആട്ടിയോടിച്ചത്. ഇനി മേലാല്‍ അതിനൊക്കെ മുതിര്‍ന്നാല്‍ നിങ്ങട കുട്ടികളും പള്ളിക്കൂടം കാണുകയില്ല. മഹാരാജാവു തിരുമനസ്സിനെ ധിക്കരിച്ചു കൊണ്ട് നീയൊക്കെ വാഴാമെന്നു കരുതേണ്ട.
പാവങ്ങളെ അടിച്ചു കൊല്ലുവാന്‍ നിനക്കൊക്കെ, നാണമില്ലേടാ. അതുങ്ങളുടെ കണ്ണുനീരു കാണുവാന്‍ മനസാക്ഷിയില്ലാത്ത വര്‍ഗ്ഗക്കാര്‍.
ശബ്ദവും, ബഹളവും കേട്ട്, ഇല്ലത്തുള്ള സ്ത്രീ ജനങ്ങളും കുട്ടികളും മക്കളുമൊക്കെ വന്നു നോക്കി. മിക്കവരുടേയുമുള്ളില്‍ പപ്പു മാനേജരുടെ ധൈര്യത്തിലും ശക്തമായ വാക്കുകളിലും അദ്ദേഹത്തോടു വലിയ വിധേയത്വം തോന്നി. സാധുക്കള്‍ക്കു വേണ്ടി ചോദിക്കുവാനും ശബ്ദിക്കുവാനും ആളുണ്ടായിരിക്കുന്നു.
ഇതുവരെയും ഒരുത്തന്‍ പോലും ഇങ്ങിനെ വന്നു ചോദ്യം ചെയ്തതായി കേട്ടു കേള്‍വി പോലുമുണ്ടായിട്ടില്ല. എത്ര കൊലപാതകങ്ങളാണ് ഈ പടിക്കുള്ളില്‍ അരങ്ങേറിയിരിക്കുന്നത്. പാടത്തും പറമ്പിലും വേറെ, മനുഷ്യരെയല്ലേ നായകളെപ്പോലെ തല്ലിക്കൊന്നു കുഴിച്ചിട്ടിട്ടുള്ളത്. അശരണരേയും, ആര്‍ത്തന്മാരേയും മാത്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ഈ വ്യവസ്ഥിതി കൊടിയ ദ്രോഹം തന്നെയാണ്.
മറുവശം ചിന്തിച്ചാല്‍ വേറൊന്നു കൂടിയുണ്ട്. പാടത്തും പറമ്പിലും പണിയെടുക്കേണ്ട, നാറുന്ന പുലയ കുട്ടികളെ സുന്ദരന്മാരായ ഉന്നതന്റെ പൊന്നു മക്കളുടെ കൂടെ എങ്ങിനെയിരുത്തി പഠിപ്പിക്കും.
നെല്ലു കുത്തുകാര്‍ക്കും, വാല്യക്കാര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടായി.
അവരേയും കുളിപ്പിച്ചു നല്ല ഉടുപ്പിടീച്ചു കൊണ്ടു വന്നിരുത്തിയാല്‍ അവരും മിടുക്കന്മാരാകും. പഠിക്കുവാന്‍ കഴിവുള്ളവര്‍ക്കും, ആഗ്രഹമുള്ളവര്‍ക്കും വിദ്യ പകര്‍ന്നു കൊടുക്കുന്നതിലെന്താണ് തെറ്റ്. അവര്‍ ദൃഷ്ടിയില്‍ പെടാതെ ഒഴിഞ്ഞു മാറണം, വഴി നടന്നാല്‍ തീണ്ടല്‍, ഇവയൊക്കെ പൊറുക്കാവുന്നതല്ല. അവരുടെ സ്ത്രീകള്‍ മാറു മറച്ചു നടന്നെന്നാലെന്താണ് തെറ്റ്. അവരുടെ മറയ്ക്കാത്ത മാറ് നമ്മുടെ പുരുഷന്മാര്‍ക്ക് കാണണമെന്ന നിര്‍ബന്ധമെന്തിനാണ്. നമ്മുടെ പുരുഷന്മാര്‍ക്ക് ഇവിടെയുള്ള സ്ത്രീകളുടെ മാറു കണ്ടാല്‍ പോരെ.
ഇത്രയും ബുദ്ധിശൂന്യമായ പ്രവണതകള്‍ ആരോ പണ്ടെഴുതി വെച്ചിട്ടുണ്ടെന്നു കരുതി ഇന്നും തുടരുന്നത് ശരിയാണോ. കാലം മാറിക്കൊണ്ടിരിക്കുകയല്ലേ. ജനങ്ങളുണര്‍ന്നു. അവര്‍ക്കുവേണ്ടി രാജാവു തന്നെ ഉത്തരവിറക്കിയാല്‍ അതു പാലിക്കുവാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ അവ നിരാകരിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകള്‍ ഭീകരമായിരിക്കും, ചോരപ്പുഴയൊഴുകും.
ഒന്നു നിനച്ചാല്‍ ന്യായമല്ലേ പുലയനും പറയനും വേലനുമൊക്കെ വിതച്ചു കൊയ്തു അവന്റെ കാലു കൊണ്ടു ചവിട്ടി മെതിച്ചു കൂട്ടിയ നെല്ലല്ലേ നമ്മളും അരിയാക്കി കഞ്ഞി വെച്ചു കുടിക്കുന്നത്. അവന്റെ വേര്‍പ്പു തുള്ളികള്‍ വീണു നനഞ്ഞതല്ലേ നമ്മുടെ ശരീരത്തില്‍ ഓടുന്ന ചോര. അശരണരേയും ആര്‍ത്തരേയും അനുകമ്പയേതുമില്ലാതെ നശിപ്പിക്കുന്നതു പൊറുക്കുവാന്‍ പറ്റുന്ന കാര്യമല്ല. ഏതായാലും ചോദിക്കുവാനാളുണ്ടായിരിക്കുന്നു. തമ്പുരാനെ പോലെയുള്ളവരുടെ നിലപാടുകള്‍ മാറ്റുന്നതാണ് നല്ലത്.
പപ്പുമാനേജരും, പരമശിവന്‍ പിള്ളയും, പൊയ്ക്കഴിഞ്ഞപ്പോള്‍ ഇല്ലത്തിന്റെ മുറ്റത്തും വരാന്തയിലും നിന്നവര്‍ തമ്പുരാനെത്തന്നെ നോക്കി വിഷണ്ണരായി. വല്ലാത്ത പിരിമുറുക്കത്തോടെ പരസ്പരം ഒന്നും ശബ്ദിക്കാതെ നിന്നു. എന്തു ചെയ്യണമെന്നാലോചിച്ചിട്ടൊരു പിടിയും കിട്ടിയില്ല. എല്ലാവരുടെയും മുഖത്തൊരു മ്ലാനത വ്യാപിച്ചു.
ഇല്ലത്തെ തലമൂത്ത മുത്തശ്ശി വടിയും കുത്തിപ്പിടിച്ചു ഉമ്മറത്തേയ്ക്കു വന്നു. വിഷ്ണു നമ്പൂതിരിയെ നോക്കി പറഞ്ഞു.
എന്താടാ ഇതൊക്കെ, നീ ഈ ഇല്ലം മുടിച്ചേ അടങ്ങൂ. എത്ര പുലയരേയാണ് ഇവിടെ നശിപ്പിച്ചിട്ടുള്ളത്. അവരുടെ ചോര വീണു കളങ്കമായ മുറ്റമല്ലേ ഇത്. എത്ര കുടിലുകളാണ് തീ വെച്ചു നശിപ്പിച്ചിട്ടുള്ളത്. എത്ര ചെറുമികളുടെ കണ്ണുനീരാണീ പടിക്കുള്ളില്‍ വീണിട്ടുള്ളത്. തറവാടു നശിക്കുവ് പോകുകയാണ്. രാജാവിനെ ധിക്കരിക്കുവാന്‍ നീ വളര്‍ന്നോ?
വിഷ്ണു നമ്പൂതിരി ജ്വലിക്കുന്ന നയനങ്ങളാല്‍ ഒന്നു നോക്കിയേയുള്ളൂ. മറ്റുള്ളവര്‍ മുത്തശ്ശിയെ പിടിച്ചകത്തേയ്ക്കു കൊണ്ടു പോയി.
******