"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കുമാരഗുരുദേവന്‍ - ഡോ. സുരേഷ് മാനേ

ശ്രീനാരായണഗുരുവിനും മഹാത്മാ അയ്യന്‍കാളി ക്കുമൊപ്പം മുഖ്യസ്ഥാനം അലങ്കരിക്കുന്ന വിപ്ലവ കാരിയാണ് പ്രത്യക്ഷരക്ഷാ ദൈവസഭയുടെ (പി.ആര്‍.ഡി.എസ്) സ്ഥാപകനായ ശ്രീ കുമാര ഗുരുദേവന്‍ (പൊയ്കയില്‍ യോഹന്നാന്‍ 1879-1939).20 ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബ ക്കാരുടെ അടിമയായി ജനിച്ച അദ്ദേഹം, കേരള ത്തിലെ താഴ്ന്ന വിഭാഗക്കാര്‍ക്ക് പുതിയൊരു അസ്തിത്വം പ്രദാനം ചെയ്യുന്ന തിനായി പോരാടി. കണ്ടനെന്നും ളേച്ചിയെന്നു മായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരുകള്‍. അവര്‍ കുട്ടിക്ക് 'കൊമരന്‍' എന്നു പേരിടുകയും പിന്നീടത് 'കുമാരന്‍' എന്നാക്കി മാറ്റുകയും ചെയ്തു. യുവാവായ കുമാരന്‍ തന്റെ യജനാനന്റെ മതമായ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുകയും യോഹന്നാന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ക്രിസ്തുമതം വിവേചനത്തിനൊരു പരിഹാരമല്ല എന്ന് പിന്നീടദ്ദേഹം തിരിച്ചറിഞ്ഞു. 1908 ല്‍ അദ്ദേഹം ക്രിസ്തുമതവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനാരംഭിക്കുകയും ചെയ്തു. ഒരു ജാതിരഹിതസമൂഹമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തിരുന്നത്. ജാതിരഹിതവും വര്‍ഗരഹിതവും സാര്‍വ്വലൗകികവുമായ ദ്രാവിഡസമൂഹത്തിന്റെ ഏറ്റവും അത്യുദാത്തമായ മാതൃകയാണ് 1908 ല്‍ അദ്ദേഹം രൂപീകരിച്ച പി.ആര്‍.ഡി.എസ്. പി.ആര്‍.ഡി.എസ്സിന്റെ മുഖ്യതത്വങ്ങളാണ്,

1. ക്രിസ്തുമതത്തേയും ഹിന്ദുത്വത്തേയും ഒരു പോലെ നിരാകരിക്കല്‍
2. അയിത്തജാതിക്കാരെ വിമോചിപ്പിക്കുന്നതിനായി ദൈവം അവതാരമെടുത്തുവെന്ന വിശ്വാസം
3. സര്‍വ്വര്‍ക്കുമിടയില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന വിശ്വാസം
4. സൃഷ്ടാവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക, എന്നാല്‍ ഒരുവിധ ബലികളും അര്‍പ്പിക്കാതിരിക്കല്‍

കേരളത്തിലെ അയിത്തജാതിക്കാരുടെ അഥവാ ദലിതരുടെ വിമോചന പ്രസ്ഥാന ങ്ങളിലൊന്നാ യിരുന്നു പി.ആര്‍.ഡി.എസ് (പ്രത്യക്ഷരക്ഷാ ദൈവസഭ).21 ഈ വിമോചന പ്രസ്ഥാനം ഹിന്ദുയിസത്തെ മര്‍ദ്ദകനായ ഒരു രാഷ്ട്രീയസ്ഥാപനമായും ക്രിസ്റ്റ്യാനിറ്റിയെ സ്വത്വസംഘര്‍ഷത്തിലേയ്ക്കു നയിച്ച ശക്തിയായും പരിഗണിക്കുന്നു. ദലിതര്‍ ക്രിസ്തുമതത്തിലേയ്ക്കു മതം മാറിത്തുടങ്ങി യതിനു ശേഷമുള്ള ഒരു പ്രൊട്ടസ്റ്റന്റ് പ്രസ്ഥാന മെന്നനിലയില്‍ പി.ആര്‍.ഡി.എസിനെ ശരിയായി വിശദീകരിക്കാ വുന്നതാണ്. കുമാരഗുരുദേവന്‍ തന്നെ പ്രാരംഭ കാലഘട്ടത്തില്‍ ക്രിസ്തു മത ത്തിലേയ്ക്കു പരിവര്‍ത്തന പ്പെടുകയും എന്നാല്‍ തരം തിരിവുകളു ടേയും തരം താഴ്ത്തലു കളുടേയും അയിത്ത ത്തിന്റേയും സമ്പ്രദായം ക്രിസ്ത്യാനികള്‍ക്കിടയിലും നിലനില്‍ക്കയാല്‍ ഹിന്ദുയിസവും ക്രിസ്റ്റ്യാനി റ്റിയും തമ്മില്‍ വ്യത്യാസങ്ങളൊന്നും തന്നെയില്ലന്ന് അദ്ദേഹത്തിനു മനസ്സിലാവുകയും ചെയ്തു. അദ്ദേഹം തന്റെ സന്ദേശങ്ങള്‍ ഗാനങ്ങ ളിലൂടെ യായിരുന്നു കൈമാറിയിരുന്നത്. തന്റെ ഒരു സന്ദേശത്തില്‍ അദ്ദേഹം അറിയിക്കുന്നത്, 22

'പള്ളിയോടുപള്ളി നിരന്നിങ്ങുവന്നിട്ടും
വ്യത്യാസംമാറി ഞാന്‍ കാണുന്നില്ല കേട്ടോ
അടിയാനൊരു പള്ളി
യജമാനനൊരു പള്ളി
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി
പറയനൊരു പള്ളി
പുലയനൊരു പള്ളി
മീന്‍പിടിത്തക്കാരന്‍
മരയ്ക്കാനൊരു പള്ളി'

ഹിന്ദുമതത്തേയും ക്രിസ്തുമതത്തേയും അപലപിച്ചുകൊണ്ട് തന്റെ മറ്റൊരു സന്ദേശത്തില്‍ അദ്ദേഹം പറയുന്നു,

'ഹിന്ദുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു
ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു
ഹിന്ദുമതക്കാരും ചേര്‍ത്തില്ലല്ലോ നമ്മെ
ക്രിസ്തുമതക്കാരും ചേര്‍ത്തില്ലല്ലോ'23

അടിച്ചമര്‍ത്തപ്പെട്ടവരും വിവേചനമനുഭവിക്കുന്നവരും ദരിദ്രരുമായ അയിത്തജാതി ജനവിഭാഗങ്ങളാണ് ഈ മണ്ണിന്റെ യഥാര്‍ത്ഥ ജനങ്ങളെന്ന് കുമാരഗുരുദേവന്‍ ദൃഢമായി വിശ്വസിച്ചിരുന്നു. ഇന്ത്യയുടെ സംസ്‌ക്കാര ത്തിന്റെ ഉടമകള്‍ അവരാണെങ്കിലും ചരിത്രം അവരെ ഒഴിവാക്കിക്കൊ ണ്ടാണ് രചിക്കപ്പെട്ടിരിക്കുന്നത്. തന്റെ ഒരു ഗാനത്തില്‍ അദ്ദേഹം വെളിപ്പെടുത്തുന്നത്:

'നാണമില്ലാ എനിക്കു സ്വന്തജാതികള്‍ക്കുള്ള 
ബലഹീനതകളോരോന്നും പറഞ്ഞിടുവാനായ്
കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ട് അനേക വംശത്തിന്‍ ചരിത്രങ്ങള്‍'24

കുമാരഗുരുദേവന്‍ തന്റെ അനുയായികളോട് അവര്‍ ദ്രാവിഡ വംശോല്‍പ്പ ത്തിയിലുള്ള വരാണെന്നും വര്‍ഗ്ഗങ്ങളോ ജാതി വിവേചനമോ ഇല്ലാത്ത ജന വിഭാഗമാണെന്നും ഉദ്‌ബോധി പ്പിച്ചിരുന്നു. അദ്ദേഹം എല്ലാ അയിത്തജാതിവിഭാഗങ്ങളുടേയും പിന്നോക്കവിഭാഗങ്ങളുടേയും സാമൂഹ്യാ വശ്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടു. ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം രണ്ടുതവണ അംഗമായിരുന്നു. പ്രജാസഭയിലെ അംഗ മെന്ന നിലയില്‍ അദ്ദേഹം വിപ്ലവകരമായ ആവശ്യങ്ങളാണ് സര്‍ക്കാരിനു മുന്നില്‍ വച്ചത്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ കൊടുക്കുന്നു.

1. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക
2. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുക
3. പൊതുസ്‌കൂളുകളില്‍ പ്രവേശിക്കുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള അനുവാദം നല്‍കുക
4. സൗജന്യവിദ്യാഭ്യാസവും വിദ്യാഭ്യാസാനുകൂല്യങ്ങളും നല്‍കുക
5. സൗജന്യമായി വസ്ത്രവും ആഹാരവും നല്‍കുക
6. സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കുക
7. വിദ്യാസമ്പന്നരായവരെ എല്ലാ സേവനമേഖലകളിലും നിയമിക്കുക

ഈ ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യങ്ങളൊക്കെത്തന്നെ തെളിയിക്കുന്നത് 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലും സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളിലുമൊ രാളാണ് അദ്ദേഹമെന്നാണ്. 

പി.ആര്‍.ഡി.എസ്സും കുമാര ഗുരുദേവന്റെ മുന്നേറ്റവും അതിന്റെ ഒരര്‍ത്ഥത്തില്‍ രാജ്യത്തെ നിരവധി സാമൂഹ്യ പോരാട്ടങ്ങളി ലൊന്നായ ഒരു പ്രൊട്ടസ്റ്റ് മൂവ്‌മെന്റാ ണെങ്കില്‍ക്കൂടി, അതേ കാലയളവില്‍ത്തന്നെ താഴ്ന്നജാതികളുടെ വ്യക്തിപരമായ ജാതിയേയും മതത്തേയും നിരാകരിച്ചു കൊണ്ടുള്ള മതപരവും സാമൂഹ്യപരവുമായ ഒരു പ്രസ്ഥാനത്തിന്റെ തലത്തിലേയ്ക്ക് പി.ആര്‍.ഡി.എസ്സിന്റെ പദവി ഉയര്‍ന്നിരുന്നു. പി.ആര്‍.ഡി.എസ്സിന്റെ അനുയായികള്‍ കുമാരഗുരുദേവനെ ദൈവത്തിന്റെ അവതാരമായിക്കരുതി. അവര്‍ മറ്റേതെങ്കിലും ദേവീദേവ ന്മാരില്‍ വിശ്വസിച്ചിരുന്നില്ല. 

പി.ആര്‍.ഡി.എസ്സിന്റെ വിശ്വാസികള്‍ക്കിടയില്‍ മിശ്രവിവാഹം അനുവദിക്കുകവഴി ജാതിനിര്‍മ്മൂലനത്തിന് അതുല്യമായ മറ്റൊരു മാതൃകയാണ് പി.ആര്‍.ഡി.എസ്സ് കാട്ടിത്തരുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഏകീകരണത്തിനും വിമോചനത്തിനും വേണ്ടിയുള്ള ഒരു പ്രഭവ കേന്ദ്രമായി അതു പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ 1966-67 കാല ഘട്ടത്തില്‍ നടന്ന പി.ആര്‍.ഡി.എസ്സിന്റെ പദവിയെക്കുറിച്ചുള്ള ഒരു തര്‍ക്കത്തില്‍ പി.ആര്‍.ഡി.എസ് ഒരു ക്രിസ്ത്യന്‍ സ്ഥാപനമാണെന്ന് ജില്ലാജഡ്ജി വിധിപറയുകയും എന്നാല്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് രാഘവന്‍ ഈ വിധിയെ അസാധുവാക്കിക്കൊണ്ട് പി.ആര്‍. ഡി.എസ്സ് ഒരു ക്രിസ്ത്യന്‍ സ്ഥാപനമല്ലെന്ന് വിധിപറയുകയും ചെയ്തു. കൂടാതെ ജഡ്ജി നിരീക്ഷിച്ചത് പി.ആര്‍.ഡി.എസ്സ് ഒരു ഹിന്ദു സ്ഥാപന വുമല്ലെന്നും സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടവരും അവശത യനുഭവിക്കുന്ന വരുമായ ജനവിഭാഗങ്ങള്‍ക്കായി ഒരു ജാതിരഹിത ജനതയെ സൃഷ്ടിക്കുന്നതിനായുള്ള നവസംരഭമാണിതെന്നാണ്. മനുഷ്യ ശരീരത്തില്‍ യാതൊരുവിധ ആഭരണങ്ങളും ആവശ്യമില്ലെന്ന കുമാര ഗുരുദേവന്റെ ഉദ്‌ബോധനത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സാമ്പത്തിക ഉന്നമനത്തിനായുള്ള പരിശ്രമങ്ങള്‍ കണ്ടെത്താന്‍ കഴിയും. കേരളത്തില്‍ അയിത്തജാതിക്കാര്‍ക്കായി ആദ്യമായി ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് കുമാരഗുരുദേവനായിരുന്നു. ജാതിവിവേചനങ്ങള്‍ക്കെതിരായി ക്രിസ്തുമതം ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപി ച്ചിരുന്നു. തന്റെ വിപ്ലവകരമായ പ്രവര്‍ത്തനരീതികള്‍ കാരണം ഉയര്‍ന്ന ജാതിക്കാരും ഭൂപ്രഭുക്കളും അദ്ദേഹത്തെ നിരവധി കള്ളക്കേസുകളില്‍ കുടുക്കുകയും ജീവഹാനി വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു.

ശ്രീനാരായണഗുരുവിന്റേയും എസ്.എന്‍.ഡി.പിയുടേയും അതുപോലെ മഹാത്മാ അയ്യന്‍കാളിയുടേയും എസ്.ജെ.പി.എസ്സിന്റേയും കുമാര ഗുരുദേവന്റേയും പി.ആര്‍.ഡി.എസ്സിന്റേയും പോരാട്ടങ്ങള്‍ കേരള ചരിത്രത്തിലെ വഴിത്തിരിവുകളാണ്. നമ്പൂതിരി ബ്രാഹ്മണന്മാരുടെ അടിമകളായിക്കഴിഞ്ഞവരില്‍ ഒരു പുതിയ ഉണര്‍വ്വ് സൃഷ്ടിക്കുവാന്‍ അവയ്ക്കു കഴിഞ്ഞു. ശ്രീനാരായണ പ്രസ്ഥാനത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ആത്മീയതയ്ക്കുമപ്പുറം തീര്‍ച്ചയായും കേരളത്തിലെ സാമൂഹ്യസമവാക്യങ്ങളെ തിരുത്തിയെഴുതാന്‍ അവയ്ക്കു കഴിഞ്ഞു. എന്നാല്‍ 1941 നുശേഷം സാമൂഹ്യ വിപ്ലവത്തിന്റേതായ ഈ മുന്നേറ്റങ്ങള്‍ ഏറെക്കുറെ ശക്തിചോര്‍ന്നതുപോലെയാവുകയും ആചാരാനുഷ്ഠാനങ്ങളില്‍മാത്രം ശ്രദ്ധിക്കുന്ന സംഘടനകളായി മാറുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളെ എതിര്‍ത്തിരുന്ന കേരളത്തിലെ നായന്മാരുടെ സംഘടനയായ നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) ഏകദേശം അതേ കാലഘട്ടത്തില്‍ രൂപം കൊണ്ടതാണെങ്കിലും ഇന്നും വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചുവരികയും തത്തുല്യമായ രാഷ്ട്രീയനേട്ടങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ എസ്.എന്‍.ഡി.പി, എസ്.ജെ. പി.എസ്, പി.ആര്‍.ഡി.എസ് എന്നീ സംഘടനകളുടെ അനുയായികള്‍ കേവലം ആത്മീയത യില്‍മാത്രം അധിഷ്ഠിത പ്പെടുത്തി നീങ്ങിയതി നാല്‍ സമകാലിക കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ ഒരു സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യവും ഉണ്ടാക്കാതെപോകുന്നു. രാഷ്ട്രീയാധികാരത്തോടുള്ള ഇവരുടെ ഈ അനുകൂലമല്ലാത്ത മനോഭാവം ഇടതുപാര്‍ട്ടികള്‍ക്ക് വളരാനനുകൂലമായ സൗകര്യപ്രദമായ ഇടം നല്‍കുകയാണ് ചെയ്തത്. അതിന്റെ ഫലമായി 1941 നുശഷം, അതായത് മഹാത്മാ അയ്യന്‍കാളിയുടെ മരണത്തിനുശേഷം ദലിതര്‍ക്കോ പിന്നോക്കവിഭാഗക്കാര്‍ക്കോ അത്മാഭിമാന പൂര്‍ണ്ണമായ സ്വതന്ത്ര പ്രസ്ഥാനങ്ങളൊന്നും തന്നെ ഇല്ലാതായിപ്പോയി. ഡോ.അംബേദ്ക്ക റുടെ ജീവിതകാലത്ത് കേരളത്തില്‍ അംബേദ്ക്കറൈറ്റ് പ്രസ്ഥാനം വളര്‍ന്നു വരാത്തതിന്റെ കാരണങ്ങളി ലൊന്നിതാണ്. 

കേരളത്തിലെ താഴ്ന്നജാതിക്കാരുടെ വിമോചനപ്പോരാട്ടങ്ങളിലെ അതി പ്രധാനമായ മൂന്നു മുന്നേറ്റങ്ങളാണ് ശ്രീനാരായണഗുരു - അയ്യന്‍കാളി - കുമാരഗുരുദേവന്‍ പ്രസ്ഥാനങ്ങള്‍. മറ്റനേകം പേര്‍ക്ക് തങ്ങളുടെ മതത്തിലെ അയിത്തത്തിനും ജാതിക്കുമെതിരായി പ്രക്ഷോഭങ്ങള്‍ നടത്തുവാന്‍ ഈ പ്രസ്ഥാനങ്ങള്‍ പ്രചോദനകരമായി. തിരുവിതാംകൂറിലെ അയ്യന്‍കാളിയുടെ പോരാട്ടങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് 1913 ഏപ്രില്‍ 1 ന് കെ.പി. വള്ളോന്റേയും കൃഷ്ണന്‍ ആശാന്റേയും നേതൃത്വത്തില്‍ കൊച്ചിയിലെ പുലയര്‍ സമസ്ത കൊച്ചിന്‍ പുലയ സഭ രൂപീകരിച്ചു. മലബാറിലാകട്ടെ, കെ.കേളപ്പന്റെയും പിന്നീട് ബുദ്ധമത ത്തിലേയ്ക്കു മതംമാറിയ സി. കൃഷ്ണന്റേയും നേതൃത്വത്തിന്‍ കീഴില്‍ മലബാറിലെ ദലിതര്‍ അന്ത്യജോദ്ധാരണ സഭ രൂപീകരിച്ചു. പുലയ സംഘടനകളാല്‍ അസന്തുഷ്ടനായ പാമ്പാടി ജോണ്‍ജോസഫ്, പുലയ എന്ന പേര് മാറ്റി പകരം 1921 ജനുവരി 14 ന് തിരുവിതാംകൂറില്‍ ചേരമര്‍ മഹാജനസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. ക്രിസ്തുമത ത്തിലേയ്ക്കു മതംമാറിയ പുലയരുടെ അവകാശങ്ങള്‍ സംരക്ഷിക്കു ന്നതിനായി 1924 ജനുവരി 27 ന് പാസ്റ്റര്‍ എച്ച. ജെ. ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേരമര്‍ ക്രിസ്ത്യന്‍ മഹാജനസംഘം രൂപീകരിച്ചു. അയ്യന്‍കാളിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 1938 ല്‍ ആള്‍ ട്രാവന്‍കൂര്‍ പുലയമഹാസഭ രൂപീകൃതമായി. കൊച്ചിന്‍ പുലയ മഹാസഭയിലെ നേതാവും പണ്ഡിറ്റ് കറുപ്പന്റെ അടുത്ത സഹകാരിയു മായിരുന്ന കെ.പി.വള്ളോന്‍ 1931 ലും 1939 ലും നിയമസഭാംഗമായി. 1925 ല്‍ അദ്ദേഹം ബുദ്ധിസത്തിലേയ്ക്ക് പരിവര്‍ത്തനപ്പെട്ടു. 1936 ല്‍ 'അധഃകൃതര്‍' എന്നപേരില്‍ ഒരു ഒരു വാര്‍ത്താപ്രസിദ്ധീക രണം ആരംഭിച്ചു. പരിമിതമായ ചലനങ്ങള്‍ മാത്രം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുള്ളുവെങ്കില്‍ക്കൂടി താഴ്ന്ന ജാതിക്കാരുടെ ശാക്തീകരണത്തിനും അവരുടെ അസ്തിത്വത്തിനുമായാണ് ഈ സംഘടനകളെല്ലാം പ്രവര്‍ത്തി ച്ചത്. ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെല്ലാമുണ്ടായിട്ടുകൂടി ഡോ. അംബേദ്ക്ക റുടെ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ ജീവിതകാലയളവില്‍ കേരളത്തില്‍ വേരുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തെന്നാല്‍ 1930 - 40 കാലഘട്ടമായപ്പോഴേയ്ക്കും ഇത്തരം സംഘടനകള്‍ക്കെല്ലാം അവയുടെ പ്രസക്തി നഷ്ടപ്പെടുകയും അവ ചരിത്രരേഖകളുടെ ഭാഗമായി മാറുകയും ചെയ്തു.

പരിഭാഷ: യു പി അനില്‍കുമാര്‍