"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പണ്ഡിറ്റ് കെ പി കറുപ്പന്‍: കൊടുങ്ങല്ലൂര്‍ കോവിലകം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കറുപ്പന്റെ വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗം മറ്റുപലരേയും പോലെ കൊടുങ്ങല്ലൂര്‍ കോവിലകത്ത് വച്ചാണ് നടന്നത് എന്നാണ് അദ്ദേഹത്തിന്റെ എല്ലാ ജീവചരിത്രകാരന്മാരും പറയുന്നത്.1 കൊടുങ്ങല്ലൂര്‍ കോവിലകത്തുനിന്നും വിദ്യാഭ്യാസം ലഭിച്ചു എന്നത് ഏതോ വലിയ സുകൃതത്തിന്റെ ഫലമായിട്ടാണ് എന്നാണ് അവരെല്ലാം കാണുന്നത്. എന്നാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ കറുപ്പന്റെ വിദ്യാഭ്യാസം ബഹുകേമമായിരുന്നു. അവിടെ അന്ന് സംസ്‌കൃത പണ്ഡിതന്മാരായ വലിയ വലിയ തമ്പുരാക്കന്മാരു ണ്ടായിരുന്നു. മഹാമഹോപാദ്ധ്യായ ഗോദവര്‍മ്മ ഭട്ടന്‍ തമ്പുരാന്‍, ശാസ്ത്ര വിശാരദന്‍ വലിയ കൊച്ചുണ്ണി തമ്പുരാന്‍, കവിസാര്‍വഭൗമന്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍, മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭന്മാരുടെ വസതിയായിരുന്നു അന്നത്. അതിനും പുറമെ വെണ്‍മണി നമ്പൂതിരിപ്പാടന്മാര്‍-നടുവത്ത് അച്ഛന്‍ നമ്പൂതിരിപ്പാട്, മഹന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെയും വാസം അന്ന് കൊടുങ്ങല്ലൂര്‍ കോവിലകത്തായിരുന്നു. അവിടെയാണ് വാലനായ കറുപ്പന്‍ പഠിക്കാന്‍ ചെന്നത്. ശൂദ്രന് പോലും അക്ഷരം നിഷേധിച്ചിരുന്ന കാലമായിരുന്നു അത്. എന്നിട്ടും കറുപ്പന് അവിടെ നിന്നും വിദ്യാഭ്യാസം ലഭിച്ചുപോലും. 

2 അങ്ങ് തെക്ക് തിരുവനന്തപുരത്ത് മഹാനായ അയ്യന്‍കാളി പുലയ ക്കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കുവാന്‍ വേണ്ടി കാര്‍ഷിക പണിമുടക്ക് എന്ന സമരായുധം വിജയകരമായി പരീക്ഷിച്ച നാളുകളായിരുന്നു അത്. മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് എന്നു ഇന്നും ചിലരെല്ലാം വിശേഷിപ്പിക്കുന്ന കെ. രാമകൃഷ്ണപിള്ള എന്ന മനുഷ്യദ്രോഹി പുലയക്കുട്ടികള്‍ക്കു സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനം അനുവദിച്ചതിനെതിരേ തന്റെ തൂലിക പടവാളാക്കി ചന്ദ്രഹാസം ഇളക്കിയ കാലം. സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ചെന്ന പുലയക്കുട്ടികളെ രാമകൃഷ്ണപിള്ള വിളിച്ചത് 'പോത്ത്' എന്നാണ്. കുതിരകളായ നായര്‍ക്കുട്ടികള്‍ക്കൊപ്പം അവരെ ഇരുത്തി പഠിപ്പിക്കാന്‍ സാധ്യമല്ല എന്ന് തന്നെ അന്നവിടത്തെ നായന്മാര്‍ പ്രഖ്യാപിച്ചു.2 പുലയക്കുട്ടികള്‍ വരാന്തയില്‍ പോലും പ്രവേശിച്ച സ്‌കൂളുകളെല്ലാം അയിത്തമായി എന്ന കാരണത്താല്‍ അവര്‍ തീവച്ചു നശിപ്പിച്ചു. എന്നിട്ട് പുലയരുടെ പേരില്‍ തീവെയ്പിനു കേസുകൊടുത്തു. അപ്പോഴാണ് അയ്യന്‍കാളി ചരിത്ര പ്രസിദ്ധമായ ഒരു പ്രഖ്യാപനം നടത്തിയത്. പുലയക്കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ പുലയര്‍ ഇനി പാടത്ത് പണിക്കി റങ്ങുകയുള്ളൂ. നെല്‍വയലുകളെല്ലാം തരിശായി. ഒരു കൊല്ലം സമരം നീണ്ട് നിന്നു. ആദ്യം സമരത്തെ പുച്ഛിച്ച് തള്ളിയ ജന്മിമാര്‍ അവസാനം സര്‍ക്കാരിന്റെ സഹായത്തോടെ സന്ധി ആലോചിച്ച് അടിയറവ് പറഞ്ഞു. 1914-ല്‍ അവിടെ പുലയക്കുട്ടികള്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂ ടങ്ങളില്‍ പ്രവേശനം ലഭിച്ചു.3

3 അന്നാണ് അരയനായ കറുപ്പന്‍ സംസ്‌കൃതം പഠിക്കാന്‍ ക്ഷത്രിയര്‍ എന്ന് അവകാശപ്പെടുന്ന കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാരെ തേടി ചെന്നത്. (യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഒരു കാലത്തും ക്ഷത്രിയരാരും ഉണ്ടായിരു ന്നില്ല. ഇവിടേയ്ക്ക് എ.ഡി 6-7-8 നൂറ്റാണ്ടുകളില്‍ കടന്നുവന്ന ആര്യന്മാര്‍ ബ്രാഹ്മണര്‍ മാത്രമായിരുന്നു. അവര്‍ അവരുടെ ആവശ്യത്തിന് വേണ്ടി ക്ഷത്രിയരേയും, വൈശ്യരേയും ശൂദ്രരേയും എല്ലാം ഇവിടെ നിന്നും സൃഷ്ടിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് ഇവിടെ വര്‍മ്മയും ശര്‍മ്മയും എല്ലാം ഉണ്ടായത്. ഗോത്ര മൂപ്പന്മാരെ അവര്‍ ക്ഷത്രിയരാക്കി കൃഷിയും കച്ചവടവും ചെയ്തിരു ന്നവരെ വൈശ്യരാക്കി. അവര്‍ അന്നേ മറ്റൊരു മതം ക്രിസ്തുമതം സ്വീകരിച്ചിരുന്നതിനാല്‍ അത് തുടര്‍ന്ന് കൊണ്ട് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങിയാല്‍ മതി എന്നു നിശ്ചയിച്ചു. സ്വന്തം സ്ത്രീകളെ ബ്രാഹ്മണര്‍ക്കു വിട്ടുകൊടുക്കുകയും തങ്ങള്‍ക്ക് ദാസവൃത്തി ചെയ്യാന്‍ തയ്യാറാകുകയും ചെയ്തവരെ ശൂദ്രരാക്കി. കുടിയേറ്റക്കാരായി വന്ന ബ്രാഹ്മണരുടെ കൂടെ സ്ത്രീകള്‍ വളരെ കുറവായിരുന്നു. അന്ന് അവര്‍ക്ക് ഏറ്റവും ആവശ്യ മായിരുന്നത് സ്ത്രീകളെയായിരുന്നു. അതവര്‍ക്ക് നല്‍കിയവരാണ് ശൂദ്രര്‍.

അതിനുവേണ്ടി അവര്‍ വിവാഹം തന്നെ വേണ്ടെന്നു വച്ചു. നമ്പൂതിരി സംബന്ധവും നായര്‍ പുടവകൊടുക്കലുമായി. അല്ലാത്തവരെ അയിത്തക്കാരായി പുറംതള്ളി. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഭരണാധികാരം ഏല്‍ക്കുന്നതിന് മുമ്പ് ഹിരണ്യഗര്‍ഭം നടത്തി ക്ഷത്രിയ രായിക്കൊണ്ടിരുന്നത് അതു മൂലമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ വെറും വെള്ളാളപിള്ളമാരാണ്. ആരാണ് അവിടെ വാലന്‍ കറുപ്പന്റെ ഗുരുസ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറാകുന്നത്? പാത്രമറിഞ്ഞേ ദാനം ചെയ്യാവൂ എന്നാണല്ലോ പ്രമാണം. ഏകലവ്യന്റെ കഥ സാരോപദേ ശമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു കൊണ്ടിരുന്ന കാലം. ഓരോ വിഷയവും പഠിക്കുന്നതിനര്‍ഹരായവരുണ്ട്. അവര്‍ക്ക് മാത്രമേ അതു പറഞ്ഞു കൊടുക്കാവൂ. മാതാ പിതാ ഗുരു ദൈവം. വാലന്റെ മാതാവും പിതാവുമാകാന്‍ തയ്യാറില്ലാത്തവര്‍ അവന്റെ ഗുരുവും ആകാന്‍ തയ്യാറാവില്ല. ആരെങ്കിലും മുത്തു പന്നിക്കിട്ടു കൊടുക്കുമോ? അയ്യന്‍കാളിയുടെ കാര്‍ഷിക പണിമുടക്കിന് ഒരു ദശാബ്ദം മുമ്പാണ് കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് പഠിക്കാന്‍ ചെന്നത്. മത്‌സ്യം പിടിക്കുന്നതിന് സംസ്‌കൃതം അറിയേണ്ട ആവശ്യമുണ്ടോ? സംസ്‌കൃതം അറിയാന്‍ പാടില്ലാത്തവരുടെ ചൂണ്ടയിലും മത്സ്യം കൊത്തുകയില്ലേ? 'ശൂദ്രനക്ഷര സംയുക്തം ദുരതപരിവജ്യേല്‍''എന്നാണ് പ്രമാണം. 'വേദം ശ്രവിക്കുന്ന ശൂദ്രന്റെ കാതിലീയം സാദരം ഉരുക്കി ഒഴിച്ചിടേണം''എന്നല്ലേ പഴമൊഴി.

4 ദശാബ്ദങ്ങള്‍ക്ക്‌ശേഷം ഗാന്ധി പറഞ്ഞില്ലേ, അവരവരുടെ കുലത്തൊഴില്‍ ആരും ഉപേക്ഷിക്കരുത് എന്ന്. 1925-ല്‍ ഗാന്ധി ശിവഗിരിയില്‍ വന്നപ്പോള്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. '....ഓരോ തോട്ടിയോടും എനിക്ക് അപേക്ഷിക്കാനുള്ളത് തന്റെ തൊഴിലിനെകുറിച്ച് അയാള്‍ ലജ്ജിച്ചുകൂടാ എന്നാണ്. ആത്മാര്‍ത്ഥമായി സ്വകൃത്യം അനുഷ്ഠിക്കുന്ന തോട്ടി ശുചീകരണ കര്‍മ്മം ചെയ്യുന്നവനാണ്.....'4 അതിനും രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പാണ് കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് പഠിക്കാന്‍ ചെന്നത്. അന്ന് ഗാന്ധിക്കു ബന്ധം കേരളത്തിലെ സവര്‍ണ്ണരുമായിട്ടാണ്. അവരുടെ അഭിപ്രായമാണ് ഗാന്ധിയിലൂടെ പുറത്തുവന്നത്. അതുതന്നെയാണ് തിരുവിതാംകൂര്‍ മഹാരാജാവ് ഡോ: പല്‍പുവിന് കൊടുത്ത ഉപദേശവും. അത് കറുപ്പന്‍ മാസ്റ്റര്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് സംസ്‌കൃതം പഠിക്കാന്‍ ചെല്ലുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പല്‍പു ഡോക്ടര്‍ പരീക്ഷ (ചികിത്സാരംഗത്ത്) സമര്‍ത്ഥനായി പാസ്സായിട്ടുണ്ടെങ്കിലും കുലധര്‍മ്മം തെങ്ങ് ചെത്തുക എന്നതാണ്. (അക്കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ഈഴവരുടെ കുലധര്‍മ്മം നെയ്ത്താണെങ്കിലും രാജാവ് ഡോക്ടര്‍ക്ക് പറഞ്ഞു കൊടുത്ത കുലധര്‍മ്മം തെങ്ങ് ചെത്ത് തന്നെയാണ്. 1904-ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ വാര്‍ഷിക കാലത്ത് അതിലെ അംഗങ്ങളായിരുന്ന 60 ഈഴവരില്‍ 16 പേര്‍ അയൂര്‍വേദ വൈദ്യന്മാരായിരുന്നു എന്ന് മുമ്പ് പറഞ്ഞിരുന്നുവല്ലോ. ഈഴവ ജനസംഖ്യയില്‍ ആ അനുപാതം അന്നും ഇന്നും ചെത്തുകാര്‍ക്കില്ല. കേരളത്തിലെ ഈഴവ ജനസംഖ്യയുടെ 14 ശതമാനം പേര്‍ക്ക് ചെത്താനുള്ള തെങ്ങ് ഇന്ന് കേരളത്തിലില്ല.) സര്‍ക്കാര്‍ ഉദ്യോഗം മോഹിക്കരുത്, കള്ളു ചെത്തിത്തന്നെ ജീവിക്കണം. തിരുവിതാംകൂര്‍ ഹിന്ദുരാജ്യമാണ്, മനുസ്മൃതി പ്രകാരം തന്നെയാണ് രാജാവ് ഭരണം നടത്തുന്നത്. ജനങ്ങള്‍ ജീവിക്കേണ്ടതും അങ്ങനെ തന്നെവേണം. കൊച്ചിയും അക്കാര്യത്തില്‍ ഒട്ടും പുറകിലായിരുന്നില്ല.

5 ''അയിത്തായിട്ടു ജീവിക്കണേലും ഭേദം ശുദ്ധയായി മരിക്ക ണതാ'.'1940 കളില്‍ തൃപ്പൂണിത്തുറ കോവിലകത്തെ ഒരു തമ്പുരാട്ടി സ്വന്തം കുഞ്ഞിനെപ്പറ്റി പറഞ്ഞതാണത്. പനി മൂര്‍ച്ചിച്ചപ്പോള്‍ ഒരു സായിപ്പ് ഡോക്ടര്‍ കുഞ്ഞിന് മരുന്ന് കുത്തിവച്ചു. സായിപ്പ് തൊട്ട് അശുദ്ധമാക്കിയ കുഞ്ഞിനെ കൊട്ടാരത്തില്‍ കയറ്റുന്നതിന് മുമ്പ് പച്ചവെള്ളത്തില്‍ മുക്കി ശുദ്ധം വരുത്തണമെന്ന് കുഞ്ഞിന്റെ മാതാവിന് നിര്‍ബന്ധം. ആ ഘട്ടത്തില്‍ കുഞ്ഞിനെ കുളിപ്പിച്ചാല്‍ കുഞ്ഞ് മരിച്ചു പോകും എന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ സ്വന്തം തള്ള അതു പറഞ്ഞത്.'അയിത്തായിട്ടു ജീവിക്കണേലും ഭേദം ശുദ്ധയായിട്ടു മരിക്കണതാ.5 അതായിരുന്നു അന്നത്തെ കൊച്ചി രാജ്യം. കൊച്ചിയിലെ അയിത്തത്തെപ്പറ്റി 1926 ഏപ്രില്‍ 28-ാം തീയതിയിലെ യങ്ങ് ഇന്ത്യയില്‍ ഗാന്ധി എഴുതിയ ലേഖനം കൊച്ചിയെ തിരുവിതാംകൂറുമായി താരതമ്യം ചെയ്തുകൊണ്ട് നിശിതമായി വിമര്‍ശിക്കുന്നതാണ്.

'.....തിരുവിതാംകൂറില്‍ സത്യാഗ്രഹം നടന്നതുകൊണ്ട് അവിടത്തെ തീണ്ടലിനെയും തൊടീലിനെയും കുറിച്ച് നാം പലതും കേട്ടിട്ടുണ്ട്. പീഢാനുഭവത്തിന്റെ വെളിച്ചത്തില്‍ തിരുവിതാംകൂറിലെ വൃത്തി കേടുകള്‍ മുഴുവനും തെളിഞ്ഞുകണ്ടു. എന്നാല്‍ കൊച്ചിയില്‍ തിരുവിതാം കൂറിനെ അപേക്ഷിച്ച് വളരെ കൂടുതല്‍ വൃത്തികേടുകള്‍ ഉണ്ടെന്നാണ് തോന്നുന്നത്. പൊതുനിരത്തുകളില്‍ കൂടി തൊട്ടുകൂടാത്തവര്‍ സഞ്ചരിച്ചു കൂടാ എന്ന നിരോധനം നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കൊച്ചിനിയമസഭയില്‍ ഒരുപ്രമേയം അവതരിപ്പിക്കുന്നതിന് തുടരെത്തുടരെ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. കൊച്ചി നിയമസഭയില്‍ ഉത്സാഹശാലിയായ ഒരംഗം ചോദിച്ചു, സര്‍ക്കാരുകളും മുനിസിപ്പാലിറ്റി കളും സംരക്ഷിക്കുന്ന എത്ര കുളങ്ങളും കിണറുകളുമാണ് തൊട്ടുകൂടാത്ത വര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നത്. 61 കുളങ്ങളും കിണറുകളും ഉണ്ടെന്നാ യിരുന്നു മറുപടി.... എന്നാല്‍ കൊച്ചിയിലാകട്ടെ അയിത്തത്തിന് മതം നല്‍കുന്ന സമ്മതിക്കു പുറമെ ഭരണകൂടവും സമ്മതിനല്‍കുന്നു....' 6

1925 മുതല്‍ കറുപ്പന്‍ മാസ്റ്റര്‍ കൊച്ചി നിയമസഭാംഗമായിരുന്നു. ഗാന്ധിയുടെ ലേഖനം 1926 ഏപ്രില്‍ 28 ലായിരുന്നു. അതിനാല്‍ ഗാന്ധി യുടെ ലേഖനത്തില്‍ പറയുന്ന ഉത്സാഹശാലിയായ ഒരംഗം കറുപ്പന്‍മാസ്റ്റ റാകാനാണ് സാദ്ധ്യത. ഗാന്ധിയെ വിവരമറിയിച്ചത് കോണ്‍ഗ്രസ് കാരനായ സവര്‍ണ്ണനായതിനാല്‍ കറുപ്പന്‍ മാസ്റ്ററുടെ പേരോ, സമുദായമോ പറയാതിരുന്നതായിരിക്കണം.

6 അക്കാലത്താണ് കറുപ്പന്‍ എന്ന വാലപ്പയ്യന്‍ സംസ്‌കൃതം പഠിക്കാന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് ചെന്നത്. അതു കണ്ട് ദയാലുവായ ഭട്ടന്‍ തമ്പുരാന്‍ ഒരു നിര്‍ദ്ദേശം ഉന്നയിച്ചു. അദ്ദേഹം മഹാമഹോപാധ്യായ ആണ്. കോവിലകത്ത് ഒരു പരിചാരകനുണ്ട്. കൊയിലാണ്ടിക്കാരനായ ഒരു കണ്ണന്‍ നായര്‍. കറുപ്പന്‍ കണ്ണന്‍നായര്‍ക്ക് ശിഷ്യപ്പെടട്ടെ. നായര്‍ ശൂദ്രനാണല്ലോ, ദൃഷ്ടിയില്‍ അയിത്തമില്ലാത്ത വനാണല്ലോ, സ്വല്‍പം അകന്ന് നിന്ന് സംസാരിച്ചാല്‍ മതിയല്ലോ. സംശയങ്ങള്‍ വരുമ്പോള്‍ കണ്ണന്‍ നായരോട് പറയുക. കണ്ണന്‍ നായര്‍ അത് തമ്പുരാക്കന്മാരില്‍ ആരോടെ ങ്കിലും ചോദിച്ചു സംശയനിവൃത്തി വരുത്തി കറുപ്പനെ ധരിപ്പിക്കും. കണ്ണന്‍ നായര്‍ അവിടുത്തെ അരിവയ്പും അടിച്ചു തളിയും നടത്തുന്ന ആളുമാണ്. തീണ്ടല്‍ ജാതിക്കാര്‍ക്കായി അന്ന് അവിടെ കോവിലകത്തിന് പുറത്ത് ദൂരെ ഒരു പ്രത്യേക കളരി ഉണ്ടായിരുന്നു. അതിന്റെ മേല്‍നോട്ടവും കണ്ണന്‍ നായര്‍ക്കായിരുന്നു. അതാണ് കൊടുങ്ങല്ലൂര്‍ കോവിലകത്തെ മറ്റു കോവിലകങ്ങളില്‍ വ്യത്യസ്തമാക്കിയ സവിശേഷത. നാരായണഗുരു പുതുപ്പള്ളിയിലെ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ പക്കല്‍ സംസ്‌കൃത പഠനം നടത്തിയത് വാരണപ്പള്ളി എന്ന ഈഴവ ഗൃഹത്തില്‍ താമസിച്ചു കൊണ്ടാണ്. അത് 1876-ലാണ്. ഇത് 1901 ലാണ്; കാല്‍നൂറ്റാണ്ടിന് ശേഷം. അന്ന് കൊടുങ്ങല്ലൂര്‍ കോവിലകത്തിന് സമീപമെങ്ങും 'വാലക്കുടി' ഇല്ലായിരുന്നു എന്നു കരുതാം. ആ കളരി വാലന്മാര്‍ക്കായിട്ടുള്ളതല്ല, എല്ലാ അയിത്ത ജാതിക്കാര്‍ക്കും വേണ്ടിയുള്ള താണ്. തമ്പുരാക്കന്മാരുടെ ദൃഷ്ടിയില്‍ വാലനും ഈഴവനും പുലയനും എല്ലാം ഒന്ന്. അയിത്ത ജാതിക്കാര്‍. അതുകൊണ്ട് ആകെ ഒരു കളരിയാണ് ഉണ്ടായിരുന്നത്. (സായിപ്പിന്റെ ദൃഷ്ടിയില്‍ ഇന്ത്യയിലെ മഹാ ബ്രാഹ്മണനും ചണ്ഡാലനും നായാടിയുമെല്ലാം ഒന്ന്. ഇന്ത്യക്കാരന്‍) അന്ന് പുലയരാരും അവിടെ പഠിക്കാന്‍ വന്നിരുന്നില്ലെങ്കിലും ഈഴവരുണ്ടാ യിരുന്നു. ഈഴവര്‍ക്കും കറുപ്പനും ഒരു കളരി തന്നെയായിരുന്നു.അത് ജാതിവ്യവസ്ഥയോട് കോവിലകത്തിനുള്ള അപ്രിയം കൊണ്ടല്ല. ഈഴവനോടും വാലനോടും പുലയനോടുമുള്ള അപ്രിയം കൊണ്ടാണ്. കറുപ്പന്‍ അന്നു താമസിച്ചിരുന്നത് ചെറായി പി.സി.ശങ്കരനാശാന്റെ വീട്ടിലായിരുന്നു. അവിടെ അന്ന് അദ്ദേഹം ഒരു അധ്യാപകനും കൂടിയായിരുന്നു. കെ.ആര്‍.ഗോവിന്ദന്‍, പി. സി.ശങ്കരനാശാന്‍, എന്‍.കെ.കുമാരന്‍ എന്നിവരെ അദ്ദേഹം മാഘവും ചന്ദ്രാലോകവും പഠിപ്പിച്ചു.

7 അക്കാലത്ത് അയിത്തക്കാരന് ഏതെങ്കിലും കോടതിയില്‍ പരാതിപ്പെടണ മെന്നുണ്ടെങ്കില്‍ നിലവിലിരുന്ന രീതിയും അതുതന്നെ യാണ്. പരാതി ക്കാരന് പറയാനുള്ളത് കോടതിയിലെ ശിപായിയോടു പറയണം, ശിപായി നായരായിരിക്കും, അയാള്‍ അത് മജിസ്‌ട്രേട്ടിനെ അറിയിക്കും. മജിസ്‌ട്രേട്ട് ബ്രാഹ്മണനായിരിക്കും. മജിസ്‌ട്രേട്ട് അതിനുള്ള മറുപടി ശിപായിയോടു പറയും. ശിപായി അത് പിന്നെ പരാതിക്കാരനെ അറിയിക്കും. ചക്ക് എന്ന് മജിസ്‌ട്രേട്ട് പറഞ്ഞാല്‍ കൊക്കെന്നു ശിപായികേള്‍ക്കും. അയിത്തക്കാരനോട് ദിക്കെന്നു വിളിച്ചു പറയും. അതാണ് കൊടുങ്ങല്ലൂര്‍ കോവിലകത്തെ അയിത്തക്കാര്‍ക്കായുള്ള കളരിയില്‍ പഠിച്ചുകൊണ്ടിരുന്നവരുടെ വിദ്യാഭ്യാസം.

8 കൊടുങ്ങല്ലൂരിലെ അയിത്തത്തെപ്പറ്റി 1919 ഫെബ്രുവരി 7-ാം തീയതി മിതവാദി എന്ന പത്രത്തില്‍ കാരാട്ടു പറമ്പില്‍ രാഘവന്‍ എന്ന ഒരാള്‍ എഴുതിയ കത്ത് താഴെ ഉദ്ധരിക്കട്ടെ:

'ഞാന്‍ ഇപ്പോള്‍ പാവറട്ടി ഹൈസ്‌കൂളില്‍ സ്‌കൂള്‍ ഫൈനല്‍ ക്ലാസ്സില്‍ വായിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ്. ഈ ഷോട്ട്‌ടേമിലാണ് ഞാന്‍ ഇവിടെ വന്നു ചേര്‍ന്നത്. ഇതിന് മുമ്പ് ഒന്‍പതരകൊല്ലത്തോളം ഞാന്‍ പഠിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളിലായിരുന്നു, കോടിലിംഗപുരത്ത് കോടിലിംഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും പ്രതിഷ്ഠ കുറെ കുറഞ്ഞ ഈ രാജ്യത്തിനേക്കാള്‍ (പാവറട്ടിയേക്കാള്‍) ഒന്നുകൊണ്ടും, കേളികേട്ട കൊടുങ്ങല്ലൂര്‍ മേലെയാണെന്ന് പറവാന്‍ പാടില്ല...... അമ്പലങ്ങള്‍ എത്രമാത്രം അധികമുണ്ടോ അത്രമാത്രം അയിത്തവും അവിടെത്തന്നെ യാണ്. വെളുത്തമുണ്ടും ഉടുത്ത് തങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു തീയ്യനെ കണ്ടാലും മൂക്കില്‍ വിരലും കടത്തി മാറിനില്‍ക്കന്ന സമ്പ്രദായം കൊടുങ്ങല്ലൂരുള്ള തീയ്യന്മാര്‍ക്കുണ്ട്. ഒരു ഷര്‍ട്ട് കൂടി ഉണ്ടെന്നു വരികില്‍ സാധുക്കള്‍ കുമ്പിട്ടു തൊഴുകകൂടി ചെയ്യും. ഇപ്രകാരം ചെയ്യുന്നത് ഒരു പുണ്യവും കൂടിയാണെന്ന് പ്രസംഗിച്ചു നടക്കുന്ന ഒരു ആശാനെകൂടി ഞാനറിയും..... കൊടുങ്ങല്ലൂര്‍ മേല്‍ ജാതിക്കാരെന്ന് അഭിമാനിക്കുന്നവരെ കാണുമ്പോള്‍ ഏതൊരു തീയന്‍ അധികദൂരം മാറിനില്‍ക്കുന്നുവോ അവനെയാണ് മുമ്പത്തെ കൂട്ടര്‍ മര്യാദക്കാരനായി ഗണിക്കുന്നത്. അധിക ദൂരം മാറിനില്‍ക്കുന്നവര്‍ക്ക് ചിലപ്പോള്‍ തണ്ടായ്മ സ്ഥാനം കിട്ടിയില്ലെങ്കിലും തണ്ടാന്‍ എന്ന് പുഞ്ചിരിയോടുകൂടി വിളിക്കാറുണ്ട്. അധികം മാറാത്തവരാണ് അവിടത്തെ പോക്കിരികള്‍. എന്നാല്‍ ഇവിടെ പാവറട്ടിയില്‍ മഹമ്മദീ യരുടെ ചായക്ലബ്ബില്‍ നായരും തീയ്യരും അരയനും ക്രിസ്ത്യാനികളും ഒരുമിച്ചിരുന്ന് ചായയും പലഹാരവും കഴിക്കുന്നത് കണ്ടാല്‍ കൊടുങ്ങ ല്ലൂരുകാര്‍ ഭ്രമിക്കും.'' പാവറട്ടി മലബാറില്‍ ഇംഗ്ലീഷുകാരുടെ ഭരണാതിര്‍ത്തിയിലും കൊടുങ്ങല്ലൂര്‍ കൊച്ചി തമ്പുരാക്കന്‍മാരുടെ ഭരണത്തിലുമായിരുന്നു. അവിടെ കറുപ്പന്റെ വിദ്യാഭ്യാസ കാലത്തിന് 18 വര്‍ഷത്തിനുശേഷം നടന്നുകൊണ്ടിരുന്നതാണ് ഈ സ്ഥിതിവിശേഷം.

9 ആ കൊടുങ്ങല്ലൂരിലെ തമ്പുരാന്റെ കൊട്ടാരത്തിലാണ് ഈ കത്തിന് രണ്ടു ദശാബ്ദം മുമ്പ് ഈഴവന്‍ പോലുമല്ലാത്ത ഒരു അരയനായ കറുപ്പന്‍ വിദ്യാഭ്യാസത്തിന് ചെന്നത്. അന്നു കറുപ്പന്‍ എത്രമാത്രം അയിത്തം അനുഭവിച്ചിരിക്കണം. പക്ഷെ അദ്ദേഹം അതേപ്പറ്റി ഒരിടത്തും എഴുതിയിട്ടില്ല. കാരണം അദ്ദേഹം മാന്യനായിരുന്നു. ചരിത്ര പുരുഷന്മാ രെപ്പറ്റിയുള്ള നമ്മുടെ പഠനം അവരുടെ എഴുത്തും പ്രസംഗവും മാത്രം ആശ്രയിച്ചുള്ളതാകരുത്. അവരുടെ പ്രവൃത്തിയും മനോഭാവവും പരിതസ്ഥിതിയും കൂടി കണ്ടുകൊണ്ടുള്ളതായിരിക്കണം. 

10 കൊടുങ്ങല്ലൂര്‍ കോവിലകത്തെപ്പറ്റിയും അവിടെ വാലന്മാര്‍ക്കു നല്‍കപ്പെട്ടിരുന്ന പ്രത്യേക സ്ഥാനത്തെപ്പറ്റിയും കെ.കെ.വേലായുധനെ പ്പോലെ പലരും വാചാലരാകാറുണ്ടല്ലോ. ആനാപ്പുഴയിലെ രണ്ടു മൂപ്പന്മാര്‍ക്ക് തമ്പുരാക്കന്മാര്‍ 'സ്ഥാനികള്‍''എന്ന സ്ഥാനം നല്‍കിയെന്നും അവര്‍ക്കു ചില അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തു എന്നും പറയുന്നുണ്ട്.7 ''...ഭരണി ഉത്സവത്തിന്റെ മുന്നോടിയായി അശ്വതി തിരുനാള്‍ തമ്പുരാന്റെ പല്ലക്കിന് ഈ സ്ഥാനികളുടെ അകമ്പടി ഉണ്ടായിരുന്നു'പോലും. അതിനുശേഷമാണ് കാവുതീണ്ടല്‍ നടക്കുന്നത്. അതിന്റെ പിന്നിലെ ഐതിഹ്യങ്ങളും യഥാര്‍ത്ഥ സംഭവങ്ങളും അറിയുമ്പോള്‍ മാത്രമേ ആ സ്ഥാനികത്വത്തിന്റെ അര്‍ത്ഥവും വഞ്ചനയുടെ ക്രൂരതയും മനസ്സിലാവുകയുള്ളൂ. ഒരു കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ ആര്യബ്രാഹ്മണര്‍ നശിപ്പിച്ച തിന്റെ ആഘോഷത്തിന്റെ ആവര്‍ത്തനമാണല്ലോ കാവുതീണ്ടലും, ഭരണി ഉത്സവവും മറ്റും. അവിടുത്തെ ബുദ്ധഭിക്ഷുണികളെ ഓടിച്ചതിന്റെ ഓര്‍മ്മയാണ് തെറിപ്പാട്ടും മറ്റും. അതിന് അന്ന് നേതൃത്വം കൊടുത്ത തമ്പുരാന്റെ അംഗരക്ഷക സ്ഥാനക്കാരുടെ പിന്‍ഗാമികളാണ് ഈ സ്ഥാനികള്‍ എന്ന് അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് അതിലൂടെ ചെയ്തത്. തങ്ങളുടെ പൂര്‍വ്വികരും കൂടിച്ചേര്‍ന്നാണ് ബുദ്ധമതക്കാരെ നശിപ്പിച്ചത്. അതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നാണ് 'സ്ഥാനികള്‍' എന്ന സ്ഥാനം സ്വീകരിക്കുന്നതിന്റെ അര്‍ത്ഥം.

തങ്ങള്‍ പണ്ടു ചെയ്ത ക്രൂരകൃത്യങ്ങളെ അനുസ്മരിച്ച് ആഘോഷിച്ചു രസിക്കുക എന്നത് ആര്യബ്രാഹ്മണരുടെ ഒരു പ്രത്യേകതയാണ്. അങ്ങനെയാണ് മധുരമീനാക്ഷി ക്ഷേത്രത്തില്‍ 'കഴുവേറ്റിത്തിരുവിഴാ' ആഘോഷിക്കുന്നതും8 ആലുവാ ശിവരാത്രി ആഘോഷിക്കുന്നതും9 ജനുവരി 30 ന് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതുമെല്ലാം.10 സ്വന്തം പിതാക്കന്മാരെയും അമ്മപെങ്ങന്മാരെയും നേതാക്കന്മാരെയും ആര്യന്മാര്‍ ദ്രോഹിച്ചതിന് തങ്ങള്‍ കൂട്ടുനിന്നു എന്ന് അവരുടെ പിന്‍ഗാമികളെക്കൊണ്ട് പരസ്യമായി അംഗീകരിപ്പിക്കുന്നതാണ് സ്ഥാനികസ്ഥാനവും മറ്റും. 

11 കൊടുങ്ങല്ലൂര്‍ കോവിലകത്ത് കറുപ്പന്‍ മാസ്റ്ററുടെ പഠനം അങ്ങനെ നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ തിരുവഞ്ചിക്കുളം ക്ഷേത്ര ദര്‍ശനത്തിനു വന്ന കൊച്ചിരാജാവ് രാമവര്‍മ്മ (രാജര്‍ഷി രാജാവ് 1896-1915) യുമായി ബന്ധപ്പെടുവാന്‍ കറുപ്പന് സംഗതിവന്നു. രാജാവിനെ സ്തുതിച്ചുകൊണ്ട് ഏതാനും ശ്ലോകങ്ങള്‍ കറുപ്പന്‍ രചിച്ച് 'പാദത്തില്‍' സമര്‍പ്പിച്ചു. അത് വായിച്ച രാജാവ് ധിഷണാശാലിയായ ഒരു യുവാവി നെയാണ് അതിലൂടെ ദര്‍ശിച്ചത്. സംപ്രീതനായ രാജാവ് അരയനായ കറുപ്പന് ഒരു പുതിയ ഗുരുവിനെ സമ്മാനിച്ചു. കെ. രാമപിഷാരടി. അന്ന് എറണാകുളം മഹാരാജാ കോളേജില്‍ സംസ്‌കൃതം-മലയാളം അധ്യാപകനായിരുന്നു രാമപിഷാരടി. കൊടുങ്ങല്ലൂര്‍ കോവിലകത്ത് പഠന വിഷയത്തില്‍ കറുപ്പന്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതം മനസ്സിലാക്കുവാന്‍ ആ രാജാവിന് കഴിഞ്ഞു എന്നാണ് അതിനര്‍ത്ഥം. കൊടികെട്ടിയ സംസ്‌കൃത പണ്ഡിതന്മാരുടെ ഒരു വലിയ ശൃംഖലതന്നെ കോവിലകത്ത് ഉണ്ട് എന്ന് അറിഞ്ഞുകൂടാത്ത ആളായിരുന്നില്ല ആ രാജാവ്. അദ്ദേഹത്തിന് അതിന് പുറമെ മറ്റു ചിലതുകൂടി അറിയാമായി രുന്നു. ആ ഗുരുക്കന്മാരെ ക്കൊണ്ട് കറുപ്പന് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലാ എന്നുകൂടി രാജാവിന് അറിയാമായിരുന്നു. അതേപ്പറ്റി എന്തെങ്കിലും പരാമര്‍ശനം കറുപ്പന്‍ സമര്‍പ്പിച്ച ശ്ലോകങ്ങളില്‍ ഉണ്ടായിരുന്നുവോ എന്നു സംശയമുണ്ട്. അന്നത്തെ ഭാഷാ പണ്ഡിതന്മാ രുടെ രീതിയില്‍ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയും മറ്റും സ്വന്തം ആശയങ്ങള്‍ അവതരി പ്പിക്കാനുള്ള കഴിവ് കറുപ്പന് ഉണ്ടായിരുന്നു. രാജാവിനെ സ്തുതിക്കു കയും അതേ സമയം തന്റെ ക്ലേശങ്ങളെ അറിയിക്കുകയും ചെയ്യാന്‍ ഒരു ശ്ലോകത്തിനു തന്നെ കഴിവുണ്ട്.

12 ആ തമ്പുരാക്കന്മാരുടെ പാണ്ഡിത്യമില്ലെങ്കിലും ഏറെ ആത്മാര്‍ത്ഥതയുള്ള രാമപിഷാരടിയുടെ ശിഷ്യത്വം കറുപ്പന് ഏറെ ഗുണം ചെയ്യുമെന്ന് രാജാവ് അറിഞ്ഞു. അതിനുള്ള ഏര്‍പ്പാടുകളെല്ലാം അദ്ദേഹം ചെയ്തു കൊടുത്തു. എങ്കിലും ഇന്നും പല കറുപ്പന്‍ ഭക്തന്മാരും തങ്ങളുടെ ആരാധ്യപുരുഷനായ കെ.പി. കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരുടെ ശിഷ്യനായിരുന്നു എന്ന് അഭിമാനപൂര്‍വ്വം ഉല്‍ഘോഷിക്കാറും എഴുതി പിടിപ്പിക്കാറുമുണ്ട്. ആ ദാസ്യമനോഭാവം ഇന്നും, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മുന്‍കാല അടിമകളില്‍ നിന്നും വിട്ടുപോയിട്ടില്ല. വളര്‍ച്ചയ്ക്കുവേണ്ട പലവിധ സൗകര്യങ്ങളു ണ്ടായിട്ടും കേരളത്തിലെ കീഴാളവര്‍ഗ്ഗം എന്ന് ആരോപിക്കപ്പെട്ടവര്‍ ഉന്നതി പ്രാപിക്കാത്തതിന് പ്രധാന കാരണം അതു തന്നെയാണ്. സഹസ്രാബ്ദങ്ങളായി അടിമകളായിരുന്നവരുടെ മോചനം ഒരു നൂറ്റാണ്ടുകൊണ്ട് സാധിക്കുമോ? പാരമ്പര്യമായി പേറിക്കൊണ്ട് നടന്ന ആ ചങ്ങലയുടെ പാട് ഇപ്പോഴും അവിടെയുണ്ട്. അത് യഥാര്‍ത്ഥ ചങ്ങലയാണ് എന്ന ധാരണയാണ് ആ പാടുകാണുമ്പോള്‍ ഉണ്ടാകുന്നത്.

13 യഥാര്‍ത്ഥത്തില്‍ കറുപ്പന് ലഭിച്ചത് അവിടത്തെ വേലക്കാരനായ കണ്ണന്‍ നായരുടെ ശിഷ്യത്വമാണ്. കണ്ണന്‍ നായരുമായി താരതമ്യപ്പെടു ത്തുമ്പോള്‍ രാമപിഷാരടി ഏറെ ഉന്നതനാണ്. കോവിലകത്തെ തമ്പുരാക്കന്മാരെ ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ കറുപ്പന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥ ഏകലവ്യന്‍ തന്നെയായി രുന്നു കറുപ്പന്‍ മാസ്റ്റര്‍. ഗുരുദക്ഷിണ കൊടുത്തില്ല എന്നുമാത്രം. ആ വിവരം കറുപ്പന്‍ മാസ്റ്ററെ പോലെ രാജാവിനും അറിയാമായിരുന്നു. അതുകൊണ്ടാണ് രാജാവ് അനന്തര നടപടികള്‍ സ്വീകരിച്ചത്. അല്ലെങ്കില്‍ എന്തിന് കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരുടെ കീഴില്‍ പഠിച്ചുകൊണ്ടിരുന്ന മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ ഗുരുവും ശിഷ്യനും ആവശ്യപ്പെടാതെ രാജാവ് അവിടെ നിന്നും മോചിപ്പിച്ചത്? അത് രാജാവിന്റെ കാരുണ്യാതിരേകമാണെന്ന് ആ ശിഷ്യന്‍ ജീവിതാന്ത്യം വരെ അനുസ്മരി ക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ അന്നത്തെ അയിത്തം അത്ര പരസ്യമായ ഒരു രഹസ്യം മാത്രം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാമപിഷാരടി ഒന്നുമല്ല, പാണ്ഡിത്യത്തില്‍. അത് രാജാവിന് വ്യക്തമായി അറിയാമായിരുന്നു.

14 മലയാളത്തില്‍ ജാതിവിവേചനത്തെപ്പറ്റി ഏറ്റവുമധികം നിന്ദിച്ചും ആക്ഷേപിച്ചും കൊണ്ടുള്ള ആദ്യകൃതി കറുപ്പന്‍ മാസ്റ്ററുടെ ജാതിക്കുമ്മി യാണ്. ഇന്നും തത്തുല്യമായ ഒരു കവിത വേറെയില്ല. അയിത്തക്കാരില്‍ നിന്നും കവിതകള്‍ അനേകമുണ്ടായിട്ടുണ്ട്. അയിത്തക്കാരെപ്പറ്റിയും പലരും എഴുതിയിട്ടുണ്ട്. പക്ഷെ ജാതിക്കുമ്മി ഒന്നുവേറെയാണ്. കറുപ്പന് കേവലം 19 വയസ്സ് മാത്രമുള്ളപ്പോള്‍ ജാതിക്കുമ്മി രചിക്കണമെങ്കില്‍ കൊടുങ്ങല്ലൂര്‍ കേവിലകത്തെ പഠനം അദ്ദേഹത്തെ എത്രമാത്രം പീഢിപ്പിച്ചിട്ടുണ്ട്! കുമാരനാശാന്‍ ദുരവസ്ഥ എഴുതിയത് 1923 ലാണ്. അതിനും രണ്ട് ദശാബ്ദം മുമ്പാണ് ജാതിക്കുമ്മി എഴുതപ്പെട്ടത്. 1921 ലെ മാപ്പിളലഹള കുമാരനാശാന് പ്രേരകമായിയെങ്കില്‍ കറുപ്പന് പ്രേരക മായതെന്താണ്? അതാണ് കൊടുങ്ങല്ലൂര്‍ കോവിലകം.

ജാതിക്കുമ്മി പണ്ഡിറ്റ് കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് ശിഷ്യനായി രുന്ന കാലത്ത് 1903 കാലഘട്ടത്തില്‍ രചിച്ചതാണ് എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രകാരനായ ടി.എം.ചുമ്മാര്‍ പറയുന്ന11 (കൊല്ലവര്‍ഷം 1078) ആ കാലത്ത് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന ജാതിവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ എത്രയധികം ബാധിച്ചിരുന്നു എന്നതിന് തെളിവാണത്. ഹൃദയത്തിന്റെ അഗാധത്തില്‍ നിന്നു മാത്രമേ ജാതിക്കുമ്മി യെപ്പോലുള്ള ഒരു കൃതി ഉണ്ടാകുകയുള്ളൂ. തനിക്കു നേരിട്ട അനുഭവ ങ്ങളാണ് അതിലുള്ളത്. തമ്പുരാക്കന്മാരുടെ പ്രിയപ്പെട്ട ശിഷ്യനായി സസന്തോഷം അവിടെ കഴിഞ്ഞിരുന്നുവെങ്കില്‍ കറുപ്പന്റെ ഹൃദയത്തില്‍ നിന്ന് ഒരു ജാതിക്കുമ്മി പുറപ്പെടുമായിരുന്നില്ല. പതിനെട്ടോ പത്തൊന്‍ പതോ വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലന്‍ എഴുതി:

'തീണ്ടിക്കുളി ഇനിവേണ്ടായെന്നും
തീണ്ടാട്ടരുതിനിമേലിലെന്നും
ഉണ്ടാക്കണം ചട്ടമന്നേരമാശ്വാസം
ഉണ്ടാകുമുണ്ടാകും യോഗപ്പെണ്ണേ! മതം
കൊണ്ടാടി വര്‍ദ്ധിക്കും ജ്ഞാനപ്പെണ്ണേ!''12

കൊടുങ്ങല്ലൂര്‍ കോവിലകത്ത് നിന്നല്ലാതെ മറ്റ് എവിടെ നിന്നാണ് കറുപ്പന് അനുഭവസമ്പത്ത് ലഭിച്ചത്.? കോവിലകത്ത് ചെല്ലുന്നതിന് മുമ്പ് അദ്ദേഹം തമിഴ്‌നാട്ടില്‍ ചുറ്റിത്തിരിഞ്ഞു. അവിടെ തീണ്ടിക്കുളിയില്ല എന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അത് മുകളില്‍ ഉദ്ധരിച്ചുവല്ലോ. അതിന് മുമ്പ് അദ്ദേഹം സ്വന്തം ജാതിയില്‍പ്പെട്ട ആശാന്മാരുടെ കൂടെയാണ് വിദ്യ അഭ്യസിച്ചത്. അകഞ്ഞൂട്ടു വേലായുധന്‍ വൈദ്യര്‍, വാലാത്ത് അപ്പു വാശാന്‍, ചെറായി കിട്ടുവാശാന്‍ തുടങ്ങിയവര്‍ അരയന്മാര്‍ തന്നെയായി രുന്നു, പിന്നെ കുറച്ചുനാള്‍ അന്നമനട രാമപൊതുവാളിന്റെ കീഴില്‍ പഠിക്കാന്‍ പോയി എന്ന് ഉള്ളൂര്‍ പറയുന്നുണ്ട്. അതിലപ്പുറ മൊന്നുമില്ല. ജാതിക്കെതിരെ കുമാരനാശാന്‍ ദുരവസ്ഥയെഴുതിയത് അദ്ദേഹത്തിന്റെ 49-ാമത്തെ വയസ്സിലാണ്. 

15 ഡോ: അംബേദ്ക്കര്‍ തന്റെ ജീവിതം മുഴുവനും അയിത്തത്തെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി സമര്‍പ്പിച്ചത് അദ്ദേഹം അനുഭവിച്ച ജാതിയുടെ തീക്ഷ്ണമായ കൂരമ്പുകള്‍ മൂലമാണ്. മറ്റു കുട്ടികളെല്ലാം ക്ലാസില്‍ ബഞ്ചില്‍ ഇരുന്നു പഠിച്ചപ്പോള്‍ അംബേദ്ക്കര്‍ മാത്രം വീട്ടില്‍ നിന്നും കൊണ്ടുവന്ന ചാക്ക് കഷ്ണത്തില്‍ ക്ലാസ്സില്‍ ഇരിക്കേണ്ടിവന്നു. കണക്കുചെയ്തു കാണിക്കാന്‍ ബോര്‍ഡിന്റെ അടുത്തേയ്ക്ക് മാസ്റ്റര്‍ വിളിച്ചപ്പോള്‍ മറ്റു കുട്ടികളെല്ലാവരും ചേര്‍ന്ന് അയിത്തത്തിന്റെ പേരില്‍ ബഹളമുണ്ടാക്കിയത് ആ ബാലനെ ഏതെല്ലാം വിധത്തില്‍ ബാധിച്ചിരി ക്കണം. ഒരു ജഡ്കായില്‍ സഹോദരനുമൊത്ത് യാത്രചെയ്തപ്പോള്‍ അയിത്ത ജാതിക്കാരനാണെന്ന് അറിഞ്ഞ് വണ്ടിക്കാരന്‍ ഇറക്കി വിട്ടത്, എത്ര പണംവേണമെങ്കിലും കൊടുക്കാമെന്ന് പറഞ്ഞിട്ടും അയാള്‍ കയറ്റാതിരുന്നത്, ബറോഡായില്‍ ഓഫീസറായിരുന്നപ്പോള്‍ കുടിക്കാന്‍ പച്ചവെളളം പോലും ലഭിക്കാതെ വന്നത്, ജാതി അറിഞ്ഞപ്പോള്‍ താമസിക്കാന്‍ കിട്ടിയ മുറിയില്‍ നിന്നു തന്നെ സാധനങ്ങളെല്ലാം വലിച്ചു റോഡിലെറിഞ്ഞത്... ബറോഡാ രാജ്യത്തെ ഫസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥന്റെ പെട്ടിയും കിടക്കയുമാണ് പൊതുവഴിയില്‍ കിടക്കുന്നത്. അമേരിക്കയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം ഫസ്റ്റ് റാങ്കില്‍ ജയിച്ച് അഭിമാനപൂര്‍വ്വം ഇന്ത്യയില്‍ വന്ന യുവാവിന്റെ പെട്ടിയും കിടക്കയുമാണ് പൊതു വഴിയില്‍ കിടക്കുന്നത്. ആ യുവാവിന്റെ ആ നേരത്തെ മാനസികാവസ്ഥ അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകുകയുള്ളൂ.13 അങ്ങനെയുള്ള നൂറു കൂട്ടം സംഭവങ്ങളാണ് അംബേദ്കറെ ഒരു ജാതി വിരുദ്ധ പ്രവര്‍ത്തക നാക്കി യത്. അയ്യന്‍കാളിക്ക് അധികം സഹിക്കേണ്ടി വന്നില്ല. കാരണം അദ്ദേഹത്തിന്റെ കായബലമാണ്. എങ്കിലും സവര്‍ണ്ണര്‍ പലപ്പോഴും ഏറ്റുമുട്ടാന്‍ ശ്രമിച്ചു. ഏറ്റുമുട്ടലുകള്‍ക്കപ്പുറം അയ്യന്‍കാളിയുടെ മനസ്സലിഞ്ഞത് സ്വന്തം സഹോദരങ്ങളുടെ ദുരിതങ്ങള്‍ കണ്ടാണ്.14

16 ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വൈകുണ്0 സ്വാമികളെ സര്‍ക്കാരാണ് ഏറെ പീഡിപ്പിച്ചത്.15 യോഹന്നാന്‍ ഉപദേശിയെ അനേക പ്രാവശ്യം കൊലപ്പെടുത്താന്‍ സവര്‍ണ്ണര്‍ ശ്രമിച്ചു. ചിലയിടങ്ങളില്‍ നിന്നെല്ലാം പെണ്‍വേഷം കെട്ടിയാണ് രക്ഷപ്പെട്ടത്. സായിപ്പിനെക്കാള്‍ അനേകമിരട്ടി ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ കഴിവുള്ള വാചാലനാ യിരുന്നു അദ്ദേഹം. പക്ഷേ പ്രസംഗം കഴിഞ്ഞ് സായിപ്പിന്റെ പെട്ടിയുമെടുത്ത് പുറകെ ചെല്ലണം. ഭക്ഷണം കൊടുക്കുമ്പോള്‍ സായിപ്പിന് മേശപ്പുറത്തും ഉപദേശിക്ക് നിലത്ത് തിണ്ണയിലും.16 അങ്ങനെ അവരെല്ലാം സ്വന്തം അനുഭവങ്ങളുടെ പേരിലാണ് സാമൂഹ്യ നവോത്ഥാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കറുപ്പന്‍ മാസ്റ്റര്‍ അതില്‍ നിന്നും വ്യത്യസ്തനാ യിരുന്നില്ല. ജാതിയുടെ കൂരമ്പുകള്‍ സഹിക്കേണ്ടിവന്ന കാര്യത്തില്‍ താരതമ്യേന ഭേദം നാരായണഗുരുവായിരുന്നു. അദ്ദേഹം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഈഴവനായിരുന്നു. വൈകുണ്ഠ സ്വാമികള്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഈഴവ തുല്യനായ തമിഴനായിരുന്നുവെങ്കിലും 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ചാന്നാന്‍മാരെ ഈഴവതുല്യരായി പരിഗണിച്ചിരുന്നില്ല. എന്നുമാത്രമല്ല അദ്ദേഹത്തെ ഉപദ്രവിച്ചത് രാജാവായിരുന്നു. അയ്യങ്കാളി പുലയനും, യോഹന്നാന്‍ ഉപദേശി പറയനും, പണ്ഡിറ്റ് കറുപ്പന്‍ വാലനുമായിരുന്നു. അതുകൊണ്ടാണ് പുന്നശ്വേരി നീലകണ്ഠ ശര്‍മ്മ ഈഴവരെ 'ചണ്ഡാല പ്രമുഖര്‍' എന്ന് സംബോധന ചെയ്തത്.17

17 തനിക്കു ഏതാനും ശ്ലോകങ്ങള്‍ രചിച്ചു സമര്‍പ്പിച്ച ആ യുവാവിന്റെ വാസനയും കഴിവും കണ്ടറിഞ്ഞ രാജാവ് അത് കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ മതിലിനു പുറത്ത് കിടന്നു നശിക്കാനുളളതല്ല എന്ന് മനസ്സിലാക്കി, രാമപിഷാരടിയുടെ അടുത്ത് കറുപ്പനെ ശിഷ്യനായി അയയ്ക്കാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്‍മാരുടെ ശിഷ്യത്വത്തേക്കാള്‍ വലുതല്ല രാമപിഷാരടിയുടെ ശിഷ്യത്വം. പക്ഷെ വാലന്‍ കറുപ്പന് അവിടെ പ്രവേശനമില്ലായിരുന്നു. അതിനാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തേക്കാള്‍ കറുപ്പന് നല്ലത് രാമപിഷാരടിയുടെ വീടാണ്, അദ്ദേഹത്തിന്റെ കോളേജാണ്.

18. പിഷാരടി അന്ന് എറണാകുളം മഹാരാജാ കോളേജിലെ അധ്യാപകനാ യിരുന്നു എന്നു പറഞ്ഞുവല്ലോ. തന്റെ ഔദ്യേഗിക കൃത്യനിര്‍വഹ ണത്തിനു ശേഷമുളള സമയം കറുപ്പനുവേണ്ടി പിഷാരടി വിനിയോഗിച്ചു. അതുതന്നെ കൊടുങ്ങല്ലൂര്‍ കോവിലകത്ത് നിന്ന് ലഭിച്ചതിനേക്കാള്‍ അനേകമടങ്ങ് മെച്ചമാണ്. അത് കറുപ്പനും രാജാവിനും അറിയാമായി രുന്നു. രാമപിഷാരടിയുമായുളള ആ ഗുരു ശിഷ്യ ബന്ധം അനൗദ്യോഗിക മായിരുന്നു. അതിനാല്‍ അത് ദീര്‍ഘകാലം നിലനിന്നു. അത് കറുപ്പന് പല പ്രകാരത്തിലും ഉപകാരപ്രദമായിരുന്നു. മഹാരാജാവിന്റെ ഷഷ്ടബ്ദ്യ പൂര്‍ത്തി സംബന്ധിച്ചുളള ആഘോഷ ത്തിന്റെ ഭാഗമായി നടക്കുന്ന നാടക രചനാ മത്സരത്തിന്റെ വിവരം കറുപ്പനെ ധരിപ്പിച്ചത് പിഷാരടിയാണ്. അത് കറുപ്പന് ഒരു സമ്മാനം ലഭിക്കുന്നതിന് കാരണമായി. അതെല്ലാം പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. 

19 മഹാരാജാവുമായുണ്ടായിരുന്ന ബന്ധം പരോക്ഷമായി പലതിനും കൂടി കറുപ്പന് പ്രയോജനപ്പെട്ടു. രാജര്‍ഷി രാജാവുമായി അടുത്ത് ബന്ധമുളള ഒരു പണ്ഡിതന്‍ എന്ന പരിഗണന കറുപ്പന് എവിടെയും കയറി കാര്യങ്ങള്‍ പറയുവാനും സാധിക്കുവാനും പ്രയോജനപ്പെട്ടു. അദ്ദേഹം അത് തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രയോജനപ്പെടുത്തി. പിന്നീട് കാലങ്ങള്‍ക്കുശേഷം രാമപിഷാരടിയുടെ സ്ഥാനത്ത് തന്നെ കറുപ്പന്‍ എത്തിച്ചേര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം ലക്ചറര്‍. കറുപ്പന് ശേഷം ആ പദവി അലങ്കരിച്ചത് മഹാകവി ജി. ശങ്കരക്കുറുപ്പാണ് എന്നു പറഞ്ഞുവല്ലോ.

20. ബറോഡാ രാജാവ് ഡോ: അംബേദ്ക്കര്‍ക്ക് ചെയ്തു കൊടുത്ത സഹായം പോലെ ഒന്നായിരുന്നില്ല അതെങ്കിലും ആ രാജസഹായം കറുപ്പനെ ഏറെ അനുഗ്രഹിച്ചു. ഒരു പക്ഷെ കറുപ്പന്‍ പിന്നീട് കവിയും അധ്യാപകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമെല്ലാം ആയപ്പോള്‍ തന്റെ സമൂഹത്തില്‍പ്പെട്ട പലരേയും വിദ്യാഭ്യാസത്തില്‍ സഹായിക്കാന്‍ കാരണമായത് ഈ അനുഭവമായിരിക്കണം. പഠിക്കാനും ഉയരാനും ആഗ്രഹമുളളവര്‍ക്ക് ഒരു ചെറിയ താങ്ങ് കൊടുത്താല്‍ അത് ഏറെ പ്രയോജനപ്പെടും എന്ന് സ്വന്തം അനുഭവത്തില്‍ നിന്നും അദ്ദേഹം പഠിച്ചു. അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു. 

കുറിപ്പുകള്‍

1. വേലായുധന്‍, കെ.കെ., പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ, പേജ് 42-44.
2. ദലിത് ബന്ധു, കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ?, കാണുക
3. ദലിത് ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക
4. രാമചന്ദ്രന്‍ നായര്‍, കെ, ഗാന്ധിയും കേരളവും, പേജ് 211. ഗാന്ധി എന്തിനാണ് അത് ശിവഗിരിയില്‍ത്തന്നെ ചെന്നു പറഞ്ഞത്?
5. തമ്പുരാട്ടിമാര്‍ തിരുവിതാംകൂറിലും കൊച്ചിയിലും, മാതൃഭൂമി വാരിക,1980 ഒക്‌ടോബര്‍ 5
6. രാമചന്ദ്രന്‍ നായര്‍, കെ, ഗാന്ധിയും കേരളവും, പേജ് 720-722.
7. വേലായുധന്‍, കെ.കെ., പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ, പേജ് 121-122.
8. മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഒരു ദിവസം എണ്ണായിരം ബുദ്ധ-ജൈന-ഭിക്ഷുണികളെയും ഭിക്ഷുക്കളെയും ശൂലംകൊണ്ടു കുത്തിക്കൊന്നു പട്ടണത്തിനു ചുറ്റും ശൂലത്തില്‍ നാട്ടി.
9. ആലുവായില്‍ കൊന്ന ബുദ്ധഭിക്ഷുക്കള്‍ക്കു ശ്രാദ്ധം നടത്തുന്നതാണ് ശിവരാത്രി പിറ്റേന്നു നടത്തുന്ന പിതൃതര്‍പ്പണം.
10. ഗാന്ധിയെ വധിച്ചതിന്റെ ആഘോഷം
11. ചുമ്മാര്‍,ടി.എം, കവിതിലകന്‍ കെ.പി.കറുപ്പന്‍, കാണുക
12. ജാതിക്കുമ്മി, പദ്യം 129, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 346.
13. ദലിത് ബന്ധു, അംബേദ്കര്‍, കാണുക
14. ദലിത് ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക
15. ദലിത് ബന്ധു, വൈകുണ്ഠ സ്വാമികള്‍. കേരള സാമൂഹ്യ നവോത്ഥാന ത്തിന്റെ മാര്‍ഗ്ഗദര്‍ശി, കാണുക
16. ദലിത് ബന്ധു, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, കാണുക
17. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോര്‍ട്ട് 1934.