"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ബ്രഹ്മപുലയ പിറവിയും കുടിലെരിക്കലും - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഇരുപത്തി രണ്ട്

രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം ശരദദാസ് നാരായണക്കല്ലിലുള്ള പൊന്ന്യേത്തില്ലത്തെത്തി. പ്രതീക്ഷാനിര്‍ഭരമായ അന്തരീക്ഷത്തില്‍ അനന്തന്‍ നമ്പൂതിരിയുടെ സീതാലക്ഷ്മിയും അവളുടെ ഭര്‍ത്താവും ഇല്ലത്തുണ്ടായിരുന്നു. ദിനരാത്രങ്ങളെണ്ണിക്കഴിഞ്ഞിരുന്ന താത്രിക്കുട്ടി നിറവയറോടെ പൂമുഖത്തേയ്ക്ക് ആഗതയായി. ആനന്ദാതിരേകത്തോടെ എതിരേറ്റു അവള്‍ ഒതുക്കുകളിറങ്ങി മുറ്റത്തേയ്ക്കു ചെന്നു.
ദാസ്സേ കാതരമായ അവളുടെബോധസംബോധന നയനങ്ങളില്‍ നിന്നും അശ്രുകണങ്ങളുതിര്‍ന്നു. ദാസ്സിന്റെ ഞാന്നു പരിസരബോധമന്ന്യേ അയാളെ ആശ്ലേഷിച്ചു. പൂമുഖത്തു കയറ്റിയിരുത്തി. അനന്തന്‍ സന്തോഷാധിക്യത്താല്‍ പുഞ്ചിരി തൂകി നിന്നു. വിജയലക്ഷ്മിയും ഭര്‍ത്താവും മതി മറന്നു സ്‌നേഹാദരവേകി. തങ്ങളുടെ ചെറുമ്മിയാണെങ്കിലും താത്രിക്കുട്ടിയുടെ ആമോദത്തില്‍ അവരും പങ്കു ചേര്‍ന്നു.
അനന്തനാണതു പറഞ്ഞത്. ചെറ്യേമ്മയുടെ മുറിയില്‍ പോയിരുന്നു വേണ്ടുവോളം സംസാരിച്ചോളൂ.
ശരദദാസ്സും, താത്രിക്കുട്ടിയും അകത്തേളത്തിലേയ്ക്കു നീങ്ങി. 
ദാസ്സേ.. ദാസ്സേ... ഇതുകണ്ടോ... നമ്മുടെ പൊന്നോമന വയറിന്റെ അകത്തിരുന്നു തെഴിക്കുന്നു.
ദാസ്സവളെ ആലിംഗനം ചെയ്തു. മൂര്‍ദ്ധാവില്‍ പ്രണയമുദ്രകളേകി. നിമിഷങ്ങളഴിഞ്ഞു നീങ്ങി. അശ്രുധാര ഇരുവരുടെയും മുഖങ്ങളില്‍ വ്യാപിച്ചു, കറ പുരട്ടി കണ്ണുനീരൊപ്പിയ ശരദദാസ്സ് ഉള്ളുതുറന്നാരാഞ്ഞു.
താത്രിക്കുട്ടി എന്താ വാസ്തവത്തില്‍ സംവിച്ചത്. എന്നോടു തുറന്നു പറയൂ.
അന്ന് ഗൗരിക്കുട്ടി ചേച്ചിയുടെ വീട്ടില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ എന്റെ അപ്പനും ചട്ടമ്പികളും കൂടി എന്നെ പിടിച്ചു പൊക്കിക്കൊണ്ടു പോയി. കരയുവാന്‍ പോലും കഴിയാതെ വാപൊത്തിപ്പിടിച്ചിരുന്നു. അവിടത്തെ തറവാട്ടില്‍ കൊണ്ടു വന്നു പൂട്ടിയിട്ടു ആഹാരമൊന്നും കഴിക്കാതെ ഞാന്‍ തളര്‍ന്നു പോയി. നിരാഹാര വ്രതമനുഷ്ഠിച്ചു. വള്ളത്തില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ വ്യാകുലതയിലാണ്ടു ചീരത്തണ്ടു പോലെ വാടിത്തളര്‍ന്നുകിടന്നു. അവയൊന്നും അപ്പന്റെ കരളലിയിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നില്ല. എന്തു ക്രൂരനായ തന്ത. 
മുല്ലത്തറയില്ല ഒറ്റയ്ക്കു അപ്പന്‍ എന്നെ എടുത്തു കൊണ്ടാണ് പോയത്. കുടിലില്‍ കിടത്തിയതായെനിക്കു ചെറിയൊരോര്‍മ്മയുണ്ട്. പിന്നീട് വൈദ്യരു വന്നു ചികിത്സിച്ചു.
വളപ്പിലും തൊടിയിലും ബഹിര്‍ഭാഗത്തുള്ള വരാന്തയിലുമായി മൂകതയിലാണ്ടു കഴിച്ചു കൂട്ടി. ഒന്നിനും ഒരുത്സാഹം തോന്നിയിരുന്നില്ല. ശബ്ദിക്കുവാന്‍ പോലും കഴിവില്ലാത്ത അവസ്ഥ.
ഈ വേളി ഞങ്ങളുടെ ഒരു വൈദ്യനുണ്ടല്ലോ അയാളായിട്ട് ഏര്‍പ്പാടു ചെയ്തതാണ് വേളിയുടെ ചടങ്ങുകളൊന്നും എനിക്കൊട്ടും ഓര്‍മ്മയില്ല. പിന്നെ വള്ളത്തിലും കാളവണ്ടിയിലും ഒക്കെക്കയറി ഈ പൊന്ന്യേത്തില്ലത്തു വന്നെന്നാണ് പറയുന്നത്. 
പിന്നെ കിളവന്‍ നമ്പൂതിരിക്കു കുഞ്ഞാനൊരു തുള്ളി ദാഹനീര്‍പോലും നല്‍കുകയുണ്ടായില്ല. എനിക്കോര്‍മ്മ വരുമ്പോഴൊക്കെ അയാള്‍ കിടപ്പറ പങ്കിടുവാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ പറഞ്ഞു, നിങ്ങളെന്നെ വേളി കഴിച്ചതൊന്നും എനിക്കോര്‍മ്മയില്ല. 
ഒരുതരം അസ്വസ്തതയോടെയുള്ള ക്രൂരമായ പെരുമാറ്റമായിരുന്‍േറത്. സംസാരവും പ്രവര്‍ത്തിയും വിഭിന്നതരത്തിലായിരുന്നു.
എന്റെ പിതാവിന്റെ പ്രായക്കാരനെ ഞാനെങ്ങിനെ സ്‌നേഹിക്കും. ചുക്കിച്ചുളിഞ്ഞ കയ്കാലുകളും മേനിയും കൊണ്ടു എന്നെ ആശ്ലേഷിച്ചാല്‍ എനിക്കു വികാരമസൃണതയേക്കാളുപരി ഈര്‍ഷ്യയല്ലേ അനുഭവപ്പെടുകയുള്ളൂ.
എന്റെ അനുവാദമോ സമ്മതമോ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഞാന്‍ നിങ്ങള്‍ക്കു വശംവദയാകും എന്നയാളോടു കയര്‍ത്താരാഞ്ഞു. വൈദ്യന്‍ വന്നു അടിക്കടി എനിക്കു ചികിത്സ തന്നു കൊണ്ടിരുന്നു. ഒരു ദിവസം വൈദ്യന്‍ ഉണര്‍ത്തിച്ചു. തിരുമേനി നിങ്ങള്‍ താത്രിക്കുട്ടിയുടെ കുഞ്ഞിന്റെ പിതാവാകാന്‍ പോകുന്നെന്ന്. അതു കേള്‍ക്കേണ്ട താമസം പ്രജ്ഞയറ്റയാള്‍ വീണു പോയി. കുറെയധികം നാള്‍ ചികിത്സിച്ചു പിന്നെ മരണം അയാളെ തലോടി. അനന്തനെ കാണുന്നത് പിതാവിന്റെ ചിതയ്ക്കു അഗ്നി പകരുന്ന അവസരത്തിലായിരുന്നു. എന്നെ പുകച്ചു പുറത്തു ചാടിക്കാനായിരുന്നു അടുത്ത ജന്മി മൂരാച്ചികളായ കാര്‍ന്നാന്മാരുടെ പിന്നീടുണ്ടായ സംരംഭം. തലമുണ്ഡനം ചെയ്തു അകത്തളത്തില്‍ തള്ളുവാനും നോക്കി. അവയൊക്കെ സുധൈര്യം ഒറ്റയാള്‍പട്ടാളം കണക്ക് ചീറ്റപ്പുലി പോലെ നേരിട്ടു
ഞാനിതാ ദാസ്സിനെ ദര്‍ശിക്കുവാന്‍ വഴിക്കണ്ണുമായി നിറവയറോടിരിക്കുന്നു. നമ്മുടെ സന്തോഷത്തിന്റെ അനന്തരവകാശി ഇതാ എന്റെ ഉതരത്തില്‍.
അവള്‍ മന്ദസ്മിതത്തോടെ മൊഴിഞ്ഞു. 
ഇനിയെന്താ സാവിത്രിക്കുട്ടി - ശരദദാസ്സാരാഞ്ഞു. 
സാവിത്രിക്കുട്ടി - എന്റെ രക്ഷകര്‍ത്താക്കള്‍ കനിഞ്ഞരുളി ഏര്‍പ്പാടു ചെയ്ത ഭര്‍ത്താവിന്റെ ഇല്ലമല്ലേയിത്; ഇവിടത്തന്നെയായിരിക്കോട്ടെന്റെ പ്രസവവും.
ശരദദാസ്സ് - എനിക്കു വിരോധമില്ല, ശരി നമുക്കു പൂമുഖത്തു പോയി എല്ലാവരോടും പരിചയം പുതുക്കി.

അതിനുശേഷം പറഞ്ഞു - ഈ മനയിലുള്ളവര്‍ അനന്തന്‍ നമ്പൂതിരി വിവരിച്ച പ്രകാരം നല്ലവരും വിശാല മനസ്‌ക്കരുമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പിന്നെ താത്രിക്കുട്ടിയെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഇല്ലത്തിലുള്ളതിനേക്കാള്‍ സ്വത്തും, കൊട്ടാര സമാനമായ എട്ടു കെട്ടുകളുമുള്ള തറവാട്ടുകാരിയാണ്. അവയൊക്കെ തൃണവല്‍ഗണിച്ചു കൊണ്ടാണ് നിരവധി വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ നിയമ സാധുതയുള്ള ദിവസങ്ങളില്‍ പുലയകുടിലിലേയ്ക്ക് അവസാനം ആഗതമായത്.
അവള്‍ അബോധാവസ്ഥയിലിരുന്നപ്പോള്‍ നിര്‍ബന്ധിച്ചു വേളി കഴിപ്പിച്ചു ഈ പൊന്ന്യെത്തില്ലത്തു നിഷ്‌ക്കരുണം തള്ളിവിട്ടു. അതും അവളുടെ രക്ഷകര്‍ത്താക്കള്‍ തന്നെ അതുകൊണ്ട് താത്രിക്കുട്ടിയുടെ പ്രസവവും ഇവിടെത്തന്നെ നടക്കട്ടെയെന്നാണ് അവളുടെ തീരുമാനം. അതില്‍ നിങ്ങള്‍ക്കെന്തെങ്കിലും വിമുഖതയുണ്ടോ, എന്നറിയില്ല.
അതിനുത്തരം പറഞ്ഞത് സീതാലക്ഷ്മിയാണ്. ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ, കാരണം ഞങ്ങളുടെ പിതാവിന്റെ മൂന്നാമത്തെ ഭാര്യയായി ഞങ്ങളിലും ഇളയവളായ സ്ത്രീ. ഞങ്ങള്‍ക്കു അമ്മയായി വന്നു ഭവിച്ചു. ജാതിമതഭേദമന്യേ ചിന്തിക്കുവാനുള്ള അവസരം നല്‍കിയ ഉന്നത മന:സ്ഥിതിയുള്ള അമ്മ ഈ ഇല്ലത്തു തന്നെ പ്രസവിക്കണം. സത്യം നിങ്ങളിലാണെങ്കിലും ഞങ്ങളുടെ രക്തബന്ധാത്മകമായി പിറക്കുവാന്‍ പോകുന്ന കുഞ്ഞ് അവയ്‌ക്കൊക്കെ ഞങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കാം.
മൂക്കിപ്പല്ലന്മാരായ ജന്മി മൂരാച്ചികള്‍ ഞങ്ങളുടെ വിശാല മനസ്‌ക്കയായ അമ്മയെ തെരുവിലേയ്ക്കു തള്ളിവിടാന്‍ ഞങ്ങളെ സ്വാധീനിച്ചു കരുക്കളൊരുക്കുവാന്‍ നോക്കി. പക്ഷേ അതിന്നു അവസോരചിതമായ, യുക്തി സഹമായുള്ള അഭിപ്രായങ്ങള്‍ ചൊരിഞ്ഞ് തടയിട്ടത് ചെറ്യേമ്മയാണ്.
അതുകൊണ്ട് ഈ അമ്മ ഈ ഇല്ലത്തു തന്നെ വാഴണം ഞങ്ങള്‍ക്കു വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി ഈ തറവാടിനെ സമ്പുഷ്ടമാക്കണം. കൂടാതെ അനന്തനു നല്ലൊരു വിവാഹവും കഴിപ്പിച്ചു അനുഗ്രഹിക്കുമാറാകണം. അവന്‍ ഇനി മുതല്‍ നാടു ചുറ്റുവാന്‍ പോകുന്നതൊഴിവാക്കി. ഇവിടെത്തന്നെ നിലനില്‍ക്കുവാന്‍ ഈ അമ്മയ്ക്കല്ലാതെ വേറൊരാള്‍ക്കും ഉപദേശിക്കുവാന്‍ കഴിയുകയില്ല. ഞങ്ങളുടെ പിതാവിന്റെ അന്തര്‍ജ്ജനത്തിന്നു സത്യത്തിലുള്ള ഭര്‍ത്താവ് മാഷായതിനാല്‍ മാഷ് ഞങ്ങളുടെ പിതൃസ്ഥാനീയനാണ്. 
ഈ തറവാട്ടില്‍ അവിചാരിതമായി ഭവിക്കപ്പെട്ട വേളി ഇവിടത്തെ അംഗങ്ങളുടെ സാംസ്‌ക്കാരിക വഴിത്തിരിവായി പരിണമിച്ചിരിക്കുന്നു. 
നിങ്ങളുടെ നാട്ടിലെ സംസ്‌ക്കാരവും പുരോഗതിയും അനന്തനില്‍ നിന്നു കേട്ടറിഞ്ഞ വിവരങ്ങള്‍ ഈ നാരായണക്കല്ലിലും വ്യാപരിക്കുവാന്‍ കാരണഹേതുവായി ബന്ധങ്ങള്‍ ഉപകരിക്കുമാറാകട്ടെ.
ശരദദാസ്സ് യാത്രപറഞ്ഞിറങ്ങി. സാവിത്രിക്കുട്ടി പഠിപ്പുര വരെ അനുധാവനം ചെയ്തു. അവള്‍ അശ്രുകണങ്ങളുതിര്‍ത്തു ദാസ്സിന്നു യാത്രാനുമതിയേകി.
ഭൂമിയുടെ അളവുകളവസാനിച്ചതോടെ ഉന്നത ജാതി ജന്മിമാരുടെ കൃഷിയിടങ്ങളിലോ പറമ്പുകളിലോ പണിക്കാര്‍ പോകുന്നത് തുലോം വിരരളമായി തുടങ്ങി. സ്വായത്തമാക്കപ്പെട്ട ഭൂമിയിലെമ്പാടുമുള്ള കാടും പടലും വെട്ടിപ്പറിക്കുന്നതിനോടനുബന്ധിച്ച് പതികളിലെ കല്ലുകളൊക്കെ പെറുക്കി വലിച്ചെറിഞ്ഞു. കാവുകളിലെ മരമൊക്കെ വെട്ടിമാറ്റി തുടങ്ങി. പാറക്കൂട്ടങ്ങളും, കുന്നുകളും ഇടിച്ചു നിരത്തി, കൃഷിക്കുപയുക്തമാക്കുന്ന സംരംഭത്തിന്നു തുടക്കമിട്ടു.
വിഷ്ണു നമ്പൂതിരിയുടെ മനയില്‍ മിക്ക ജന്മികളുമൊത്തു കൂടി ചര്‍ച്ച ചെയ്തു.
ആദ്യം തന്നെ പാറോത്തിക്കാരനെ കെട്ടുകെട്ടിക്കണം. പിന്നെ കണ്ടന്‍നാഗമ്പിള്ളയെ ഒരു പാഠം പഠിപ്പിക്കണം. അതിനുശേഷം മതി മറ്റുനീക്കങ്ങളൊക്കെ.
ഉം.... അതുമതി... എല്ലാവരും പിരിഞ്ഞു.
അന്നു പാറോത്തിക്കാരന്‍ തേര്‍ത്തല കണ്ണന്‍ മേനോന്‍ ഓഫീസു പണികളൊക്കെ അവസാനിപ്പിച്ചു ഇറങ്ങി. ചന്തയില്‍ നിന്നു ചില വീട്ടു സാമാനങ്ങളൊക്കെ വാങ്ങി സാവധാനം നടന്നു തന്റെ ഭവനത്തിലേയ്ക്കു പോകുകയായിരുന്നു. ഇരുളില്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ കൂടി ദുഷ്ചിന്തകളേതുമില്ലാതെ മുന്നോട്ടു നടപ്പു തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ - രണ്ടു മൂന്നു പേര്‍ ചാടി വീണു നിഷ്‌ക്കരുണം മര്‍ദ്ദിച്ചു.
നീ പുലയര്‍ക്കു ഭൂമി അളന്നു കൊടുക്കുമല്ലേടാ. ഒന്നില്‍ കൂടുതല്‍ പേര്‍ അവിചാരിതമായി, നേരിട്ടു വന്നാക്രമിച്ചതിനാല്‍ മേനോന്‍ നിലംപതിച്ചു. അപ്രതീക്ഷിതമായും അനവസരത്തിലുമുണ്ടായ ഏറ്റുമുട്ടലില്‍ എത്ര ആരോഗ്യവാനും വീണു പോകും.
കയ്യിലുണ്ടായിരുന്ന സാധനങ്ങളൊക്കെ വഴിയില്‍ ചിതറിത്തെറിച്ചു. കുപ്പായവും, ഉടുമുണ്ടും കീറിപ്പറഞ്ഞു. അവശനായി നിലത്തു വഴിയില്‍ കിടന്നു പോയി. അക്രമകാരികള്‍ കോപം സഹിക്കാതെ വീണു കിടന്ന കണ്ണന്‍ മേനോനെ കാലുകൊണ്ടു ചവിട്ടി മെതിച്ചു. നെഞ്ചത്തു പ്രഹരമേറ്റ അദ്ദേഹം ബോധരഹിതനായി കിടന്നു. ഇടയ്ക്കിടയ്ക്കു കിടന്നു മോങ്ങി. 
നേരമേറെ വൈകിയിട്ടും മേനോനെ കാണാതെ വീട്ടുകാര്‍ ചിലരേയും കൂട്ടി ചൂട്ടും കത്തിച്ചു പിടിച്ചു അന്വേഷിച്ചിറങ്ങി. കുറെ അധികദൂരം നടന്നതിനുശേഷമാണ് കണ്ണന്‍ മേനോന്‍ വീണു കിടക്കുന്നത് കണ്ടു പിടിച്ചത്. അദ്ദേഹത്തെ പൊക്കിയെടുത്തു വീട്ടില്‍ കൊണ്ടു പോയി കിടത്തി. 
പിറ്റേദിവസം പലരില്‍ നിന്നും പറഞ്ഞറിഞ്ഞു; അതായത് പാറോത്തിക്കാരന്‍ തേര്‍ത്തല കണ്ണന്‍ മേനോന്‍ ഭഗവതിയുടെ ഭീകരരൂപം കണ്ടു പേടിച്ചു വഴിയില്‍ വീണു പോയിരിക്കുന്നു. പുലയര്‍ക്കു ഭൂമിയളന്നു കൊടുത്തതില്‍ കോപം പൂണ്ടാണ് ഭഗവതി ഭയപ്പെടുത്തിയിരിക്കുന്നത്.
ഭഗവതി ഒരു ചെറിയ തോതില്‍ ഭയപ്പെടുത്തിയപ്പോള്‍ ആളു വീണു പോയി. അപ്പോള്‍ വലിയ രീതിയില്‍ പേടിപ്പിച്ചിരുന്നുവെങ്കില്‍ എങ്ങനെയിരിക്കും?
ഹോ അതു ഊഹിക്കുവാന്‍ പോലും വയ്യാത്തത്രയ്ക്കു ഭീകരമായിരിക്കും.
പള്ളിക്കവലയില്‍ നിന്നും വന്ന ചിലര്‍ മൈലന്‍ പിള്ളയോടു വിവരങ്ങള്‍ പറഞ്ഞു.
ദേ... കണ്ടോ... പുലയര്‍ക്കും പറയര്‍ക്കും ഭൂമിയളന്നു കൊടുത്തതിന്റെ പരിണിതഫലം. തേര്‍ത്തല കണ്ണന്‍ മേനോന്‍ പാറോത്തിക്കാരന്‍ ഭഗവതിയെ കണ്ടു ഭയപ്പെട്ടു വീണുപോയി. ശ്വാസ്സോം, ബോധോം കെട്ടു കിടന്ന കിടപ്പിലാണ്. 
എന്റെ ഭഗവതിയേയ് ഇനി എന്തെല്ലാമാണ് സംഭവിക്കുവാന്‍ പോകുന്നത്. ആ ആര്‍ക്കറിയാം. നായന്മാരില്‍ ചിലര്‍ക്കു കുശുമ്പു കുത്തി വസ്തുതകള്‍ക്കു നുണ പ്രചാരണം നടത്തി. 
ശരദദാസ്സും പപ്പു മാനേജരും കൂടി കണ്ണന്‍ മേനോനെ സന്ദര്‍ശിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞു. അയാള്‍ കുറേനേരം സംസാരിച്ചു.... ഓഫീസ് പൂട്ടി ചില പച്ചക്കറികളും മറ്റും വാങ്ങി വരുമ്പോള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്നാണ് ഓര്‍ക്കാപ്പുറത്ത് ചാടിവീണ് അടിച്ചു വീഴ്ത്തിയത്.
അല്ലാതെ ഭഗവതി കോപമൊന്നുമല്ല, ഈ നാട്ടിലെ ഞങ്ങളുടെ ജാതിക്കാര്‍ ചെയ്തു കൂട്ടുന്ന ദ്രോഹങ്ങള്‍ക്കറുതിയില്ല. ഇതിനു പരിഹാരം എങ്ങിനെയാണ് ചെയ്യുകയെന്നു ചിന്തിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായം മനസ്സിലാക്കിയ മാഷും ശരദദാസ്സും യാത്ര പറഞ്ഞു തിരിച്ചു പോന്നു.
അന്നു തന്നെ വൈകിട്ടു ചിത്തരാജും, പപ്പുമാനേജരും അധികാരി കണ്ടന്‍ നാഗമ്പിള്ളയെ അറിയിച്ചു.
അധികാരി - ജന്മി മുതലാളിമാര്‍ അവരുടെ രഹസ്യ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടു നമ്മള്‍ ഉണരേണ്ട സന്ദര്‍ഭം സംജാതമായിരിക്കുന്നു. 
പാറോത്തിക്കാരന്റെ നേരെയുണ്ടായ ആക്രമണ വിവരം അധികാരി പോലീസിലറിയിച്ചു. അതുപ്രകാരം എസ്.ഐ കണ്ണന്‍ മേനോന്റെ വീട്ടില്‍ വന്നു മൊഴിയെടുത്തു. അതിനു ശേഷം ഗൗരിക്കുട്ടിയുടെ മൂത്തജ്യേഷ്ഠനായ കൃഷ്ണപിള്ളയുടെ തറവാട്ടില്‍ ചെന്നു അന്വേഷിച്ചു. പക്ഷേ തക്കതായ വിവരങ്ങളൊന്നും ലഭിച്ചില്ല.
കാരണം രാത്രി കാലങ്ങളില്‍ ആരാക്രമിച്ചു എന്തിനാക്രമിച്ചു എന്നൊന്നും അവര്‍ക്കറിയില്ല. പള്ളിക്കാട്ടു കവലയിലും, ചെത്തിത്തറ കവലയിലും പോലീസ് കാവലു നിന്നു. പ്രശ്‌ന ബാധിത പ്രദേശം എന്ന കണക്കില്‍ സംശയമുള്ളവരോടന്വേഷിച്ചു ഒരു വിവരവും ലഭിക്കുകയുണ്ടായില്ല.
ഒളിയാക്രമണത്തിന്റെ പ്രത്യാകത തെലിവില്ലാതെ തനിയെ അസ്തമിച്ചുപോകും. അസൂയ പറഞ്ഞു കൂട്ടുന്നതിനു മാറ്റു കൂടും. ജനം അവയിലേ വിശ്വസിച്ചിരുന്നുള്ളൂ. പാറോത്തിക്കാരനു നേരെയുണ്ടായ ആക്രമണത്തിന്റെ കഥ ക്രമേണ വിസ്മൃതിയിലായി കൊണ്ടിരുന്നു. രഹസ്യ സ്വഭാവത്തോടു കൂടി പ്രശ്‌നം കൈകാര്യം ചെയ്യുവാന്‍ കുഞ്ഞു കൃഷ്ണപിള്ളയുടെ തറവാട്ടില്‍ ജന്മിമാരോടൊത്തുകൂടി, കരുക്കളൊരുക്കി.
അടുത്തതു നമുക്കു കൊള്ളാവുന്നൊരിരയെ തന്നെയായിക്കോട്ടെ; കൈകാര്യം ചെയ്യുവാന്‍ നമ്മളെ എല്ലാവരെയും കഷ്ടപ്പെടുത്തിയ അധികാര ഗര്‍വ്വുള്ള വ്യക്തി ആരെന്നു നമുക്കൊക്കെ അറിയാം. അതാണ് കണ്ടന്‍നാഗമ്പിള്ള. പക്ഷേ സൂക്ഷിക്കണം. വലിയ അഭ്യാസിയാണയാള്‍. കാര്യ ഗൗരവത്തോടെ മാത്രമേ പ്രശ്‌നം കൈകാര്യം ചെയ്യാവൂ, അല്ലെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം.
പതിവിന്നു വിപരീതമായി അന്നു കണ്ടന്‍ നാഗമ്പിള്ളയധികാരി, കവലയില്‍ പോയി ഉലാത്തി വഴികളില്‍ കൂടി നടന്നു പോയ്‌ക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാറുണ്ടായിരുന്ന ഒറ്റുകാരുടെ വിവരങ്ങളനുസരിച്ച് രണ്ടു ശക്തന്മാര്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു.
രാത്രിയാണ്, നിലാവെളിച്ചം പകലിനോടടുത്ത പ്രകാശം പരത്തിയ പൗര്‍ണ്ണമി നാള്‍ തോടും പാടവും താണ്ടി വന്നു ചിറയില്‍ നിന്നും പറമ്പടിയിലെത്തിയപ്പോള്‍ പിന്നാലെ നിന്നും വന്നു കൊണ്ടിരുന്നവര്‍ ദ്രുതഗതിയില്‍ സമീപിച്ചു. അവരുടെ മുഖം തോര്‍ത്തു കൊണ്ടു കെട്ടി മറച്ചിരുന്നു. പിള്ളയുടെ പുറത്താഞ്ഞിടിച്ച് കമഴ്ന്നു വീണയാള്‍ സ്വയം നിയന്ത്രിച്ചു ഒരു മറിച്ചില്‍ മറിഞ്ഞു. എഴുന്നേല്‍ക്കുന്നതിനു മുന്‍പ് നാദിക്കിട്ടു ചവിട്ടു കൊണ്ടു പിള്ളയുടെ കാല്‍ മറ്റവന്റെ മുഖത്തു പ്രഹരമായേറ്റു. അവനു തലചുറ്റി മൂക്കില്‍ നിന്നും ചോരയുതിര്‍ന്നു. ഈ സമയം കൊണ്ടു പിള്ള പിടഞ്ഞെഴുന്നേറ്റു. കത്തിയൂരിയെടുത്തു തിരിഞ്ഞു മറിഞ്ഞു മറ്റവനടുത്തപ്പോള്‍ കത്തി ഇടത്തെ നെഞ്ചു ഭാഗത്ത് ആഴത്തില്‍ മുറിവുണ്ടാക്കി. പക്ഷേ ആദ്യത്തെയാള്‍ ആഞ്ഞു ചവിട്ടി. ആ ചവിട്ടു പിള്ളയൊഴിഞ്ഞു കാലു മടക്കി തൊഴിച്ചു. അവന്റെ മുഖമടച്ചു ശക്തമായ പ്രഹരവും നല്‍കി അവനു പിടിച്ചു നില്‍ക്കുവാന്‍ കെല്‍പ്പില്ലാതെ ഓടി ആദ്യത്തവനു പിള്ള നല്ലൊരു തൊഴി വെച്ചു കൊടുത്തു. അവനും ഓടി.
പിള്ള അവശതയാല്‍ അടുത്തു നിന്ന തെങ്ങില്‍ കയ്യൂന്നി നിന്നു. പിന്നെ നിലത്തു വീണു പോയി. എഴുന്നേല്‍ക്കുവാന്‍ പോലും വയ്യാതെ പിള്ള ഞരങ്ങി. കൂടുതല്‍ നേരം കിടക്കുകയാണെങ്കില്‍ പിന്നെ ഒട്ടും എഴുന്നേല്‍ക്കുവാന്‍ വയ്യാതായിപ്പോയെന്നു വരാം. അതുകൊണ്ടു സ്വയം നിയന്ത്രിച്ച് നിരങ്ങി, കരഞ്ഞു ഉച്ചത്തില്‍ വിളിച്ചു. ആരെങ്കിലും വരണേ രക്ഷിക്കണേ എന്നു പറഞ്ഞ് അല്‍പ്പമകലെ കണ്ട ഒരു വീട്ടിലേയ്ക്കു നടന്നു മണ്ടിയും ചെന്നു. ശബ്ദം കേട്ട വീട്ടുകാര്‍ വിളക്കുമായി ഓടിപ്പാഞ്ഞു വന്നു. അവരദ്ദേഹത്തെ താങ്ങിയെടുത്തു, കോലായില്‍ക്കിടത്തി. നല്ലവെള്ളം കുടിക്കുവാന്‍ കൊടുത്തു. വീശിക്കൊടുത്തു. ഗൃഹനാഥന്‍ അയല്‍വാസികളെ സംഘടിപ്പിച്ചു. ഒരാളുടെ വീട്ടില്‍ നിന്നും ഒരു കസേര സംഘടിപ്പിച്ചു. രണ്ടു ലക്ക വച്ചു കെട്ടി ചുമന്നു ധര്‍മ്മാസ്പത്രിയിലെത്തിച്ചു.
പിറ്റേദിവസം എസ്.ഐ വന്നു അധികാരിയെ സന്ദര്‍ശിച്ചു. വിവരങ്ങള്‍ ശേഖരിച്ചു. അതുപ്രകാരം വൈദ്യശാലകളിലും മറ്റും അന്വേഷണം നടത്തി ആശുപത്രികളിലും ചെന്നു തിരിഞ്ഞു. ഒരറിവും ലഭിച്ചില്ല.
ഒരു പോലീസുകാരന്‍ സാധാരണ മുണ്ടും ജൂബ്ബയും ധരിച്ച് ചെത്തിത്തറ കവലയില്‍ ഇരിക്കുമ്പോള്‍ ഒരു വൈദ്യന്‍ സഹായിയോടൊപ്പം ഓലക്കുടയും ചൂടി നടന്നു വരുന്നതായി കാണുവാനിടയായി.
കടക്കാരന്‍ പറഞ്ഞു - ദാ വൈദ്യരുടെ എഴുന്നള്ളത്തുണ്ടല്ലോ - എന്താണാവോ?
പോലീസുകാരന്‍ സംശയ നിവര്‍ത്തി വരുത്തുവാന്‍ മുന്നോട്ടു വന്നു. വൈദ്യരോട് - നമസ്‌തേ വൈദ്യരേ, എവിടേയ്ക്കാണാവോ കയറുന്നോ, ഒരു ചായ കഴിച്ചിട്ടു പോകാം.
വൈദ്യര്‍ - നേരം ശിആയി, നോം പോകട്ടെ രണ്ടു പേര്‍ക്കു സുഖമില്ല. വളരെ ഉയരത്തില്‍ നിന്നും വീണതാണെന്നാ കേട്ടുകേള്‍വി. ഒരാള്‍ക്ക് നെഞ്ചില്‍ ക്ഷതമേറ്റിട്ടുണ്ടെന്നാ പറയണേ, മറ്റയാളുടെ മൂക്കില്‍ നിന്നും രക്ത സ്രാവമുണ്ട്, നാഭിക്കും നെഞ്ചിനും ആഘാതമേറ്റിട്ടുണ്ട്.
ശുദ്ധഗതിക്കാരന്‍ വൈദ്യര്‍, ചികിത്സയ്ക്കുള്ള ഗൗരവം വ്യക്തമാക്കി.
പോലീസുകാരന്‍ - എവിടെയാണാവോ കിടത്തിയിരിക്കുന്നത്.
വൈദ്യര്‍ - ഒരു നമ്പൂതിരിയുടെ ഇല്ലത്താണ്.
പോലീസുകാരന്‍ - ഏതില്ലത്താണ്.
വൈദ്യര്‍ - മരിച്ചു പോയ സരോജിനിയുടെ ഇല്ലത്താണെന്നാണറിവ്.
വിവരങ്ങള്‍ മനസ്സിലാക്കിയ പോലീസുകാരന്‍, പിന്നോക്കം വലിഞ്ഞുന നേരെ ചെന്നു എസ്.ഐ.ക്കു വിവരങ്ങള്‍ കൈമാറി. നാരായണന്‍ കുട്ടിക്കാവ്, തിരുവയറൊഴിഞ്ഞു നല്ലൊരാണ്‍കുഞ്ഞ് വയറ്റാട്ടിയാണ് പേറെടുത്തത്.
ഗോവിന്ദന്‍ നമ്പൂതിരിയുടെ മകള്‍ സീതാലക്ഷ്മിയുടെ വേളി കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാത്ത ഇല്ലത്ത് ഒരു പുതിയ സങ്കരവര്‍ഗ്ഗത്തിന്റെ കുരുന്നിലക്കിളിര്‍ത്തിരിക്കുന്നു. ഉണ്ണി പിറന്നിരിക്കുന്നു. ആനന്ദവും ആഹ്ലാദവും ഐശ്വര്യവും കളിയാടിയിരിക്കുന്നു.
കറുത്ത വര്‍ഗ്ഗവും വെളുത്ത വര്‍ഗ്ഗവും ചോരക്കുഞ്ഞില്‍ വ്യക്തമാവാറില്ലല്ലോ. പുലയനെന്ന പേരു തന്നെ ഉച്ചരിക്കുന്നതില്‍ നികൃഷ്ടതയാര്‍ന്ന ഐത്തം കല്‍പ്പിക്കുന്ന ഇല്ലത്തിതാ പുലക്കുട്ടി - നമ്പൂതിരിയോ തീയില്‍ പിറവിയെടുത്തിരിക്കുന്നു. 
കോളിളക്കം സൃഷ്ടിച്ച സംഭവം, മൂരാച്ചികളായ അന്തര്‍ജനങ്ങള്‍ മുക്കിലും മൂലയിലും വഴിവക്കിലും നിന്നും കുശുമ്പു പറഞ്ഞു.
ശിവശിവ എന്താ ഈ കേള്‍ക്കണേ കുട്ടിക്കാവുകള്‍ പുലയരെ ദര്‍ശിക്കുന്നതു പോലും നിഷിദ്ധമാണ് പാപമാണ് പിന്ന്യേണോ പ്രണയം. പുലയക്കിടാത്തനുമൊത്തു വേഴ്ച നടത്തുക, പുലക്കുട്ടിയെ ഗര്‍ഭം ധരിക്കുക, ഇല്ലത്തു കുരങ്ങിടുക ഹോ ഭൂമി മലയാളം മുടിയാനിനി എന്തു വേണം. പക്ഷേ അതുടനുണ്ടാകും. കേട്ടിട്ടു തലയ്ക്കുള്ളില്‍ പെരുത്തു കയറും പോലെ തോന്നുന്നു. കഷ്ടം നാട്ടിലുള്ള ചില നമ്പൂതിരിപ്പെണ്ണുങ്ങളുടെ അഭിപ്രായം വേറൊന്ന്.
ഈ കൊടിയ ജന്മമേതാ, ഏതാ ഈ പെണ്‍കുട്ടി.
ഏതോ വടക്കുള്ള വലിയൊരു ഇല്ലത്തെ കുട്ടിക്കാവാണെന്നാ കേട്ടിരിക്കുന്നു.
ഏതായാലും ഭയങ്കര ദ്രോഹം തന്നെ ആ ഇല്ലത്തേയ്ക്കു നോക്കുന്നവര്‍ക്കു പോലും വസൂരി പിടിച്ചെന്നിരിക്കും പിന്നേണോ - അവിടത്തേയ്ക്കു കടന്നു ചെല്ലുക. ആ ജീവിയെ ദര്‍ശിക്കുക.
കേട്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരി - ഈ തള്ളമാരുടെ അസൂയ പറച്ചില്‍, ആ ഇല്ലത്തുള്ളവര്‍ക്കൊന്നും ഒരു കുറവുമില്ലല്ലോ, അവര്‍ നിങ്ങളേക്കാള്‍ ഉന്നത നിലയിലാണ് ജീവിക്കുന്നത്.
പൊന്ന്യേത്തില്ലത്തു സാവിത്രിക്കുട്ടി പ്രസവിച്ചെന്നറിഞ്ഞു ശരദദാസ്സ് കുറച്ചു നാളുകള്‍ക്കുശേഷം ഓടിയെത്തി. കുഞ്ഞിനു സ്വര്‍ണ്ണത്തിന്റെ ഒരു കാപ്പ്, കമ്പിളി വസ്ത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍ സാവിത്രിക്കുട്ടിയ്ക്ക് തുണിയും, നാടന്‍ മുണ്ടും കൂടാതെ ഒരു കിഴിപ്പണം, താത്രിക്കുട്ടിയുടെ കയ്യിലേല്‍പ്പിച്ചു.
എനിക്കെന്തിനാ ദാസ്സേ പണം. ഈ ഇല്ലത്തെനിക്കൊരു കുറവുമില്ല. ദാസ്സടിക്കടി വരുന്നുണ്ടല്ലോ, നമ്മുടെ ഉണ്ണിയെ കാണാന്‍ ഓടി വന്നില്ലേ. എനിക്കതു മതി. പണക്കിഴി താത്രിക്കുട്ടിയുടെ തലയിണക്കരുകില്‍ വച്ചു.
സീതാലക്ഷ്മി ചായയുമായി വന്നു. മാഷേ, ഞാന്‍ എന്താ വിളിക്കേണ്ടത്. അപ്പായെന്നു വിളിക്കുന്നതിലും അഭിമാനാത്മകമായ സംബോധനയാണീ മാഷ് വിളി - അല്ലേ. വൈകാരികത നിറഞ്ഞതാണീ തറവാട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍.
ശരദദാസ്സ് പുറപ്പെടാറായപ്പോള്‍ സാവിത്രിക്കുട്ടി സീതാലക്ഷ്മിയുടെ സവിതത്തില്‍ തന്നെ നിര്‍ദ്ദേശിച്ചു.
അടുത്ത പ്രാവശ്യം ദാസ്സു വരുമ്പോള്‍ ഈ ഇല്ലത്തെ ഭൂസ്വത്തുക്കള്‍ അതായത് സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഭാഗിച്ചു കൊടുക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പോടു കൂടിയായിരിക്കണം. 
ഉണ്ണി പിറന്ന ഈ തറവാട് എനിക്കൊരിക്കലും വിസ്മരിക്കാവുന്നതല്ല. പക്ഷേ അനര്‍ഹമായതു നേടുവാനുദ്യമിക്കുകയുമരുത്.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അനന്തന്‍ വന്നു കയറി അല്ല മാഷു പോകാനൊരുങ്ങുകയാണോ ഇരിക്കു എന്തുണ്ടു വിശേഷങ്ങള്‍.
ശരദദാസ്സ് ഉന്നതരുടെ ആക്രമണം തുടങ്ങിയിരിക്കുന്നു. പാറോത്തിക്കാരന്‍ തേര്‍ത്തല കണ്ണന്‍ മേനോന് അടി കിട്ടി. അദ്ദേഹം സ്വഭവനത്തില്‍ തന്നെ കിടപ്പിലാണ്. ഉന്നതര്‍ ചെയ്തതാണെന്നാണ് ശ്രുതി.
രാത്രി ഗന്ധര്‍വ്വദര്‍ശനത്തില്‍ ഭയന്നു വീണെന്നാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. പിന്നെ അധികാരി കണ്ടന്‍ നാഗമ്പിള്ളിയേയും ചിലര്‍ ചേര്‍ന്നു നേരിട്ടാക്രമിച്ചു. ചട്ടമ്പികളെ കണ്ടു പിടിച്ചിട്ടുണ്ട്. അവരും വൈദ്യന്റെ ചികിത്സയിലാണ് പോലീസിന്റെ നിരീക്ഷണത്തില്‍.
പിള്ള ധര്‍മ്മാശുപത്രിയില്‍ : പ്രശ്‌നം അതീവ ഗുരുതരാവസ്ഥയിലായിട്ടുണ്ട്. 
ശരി അനന്താ ഞാനിറങ്ങട്ടെ പല കാര്യങ്ങളിലും ഇടപെടാനുണ്ട് ഞാന്‍ ചെന്നിട്ടു വേണം അവയൊക്കെ നിര്‍വ്വഹിക്കുവാന്‍.
അനന്തന്‍ - മാഷ് പോകല്ലേ, ഞാനും കൂടെ വരുന്നു ഇവിടെയിപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല. ചെറ്യേമ്മ സുഖമായിരിക്കുന്നു, വാല്യക്കാരും എന്റെ ഉടപ്പിറന്നോളും മച്ചാനുമുണ്ട് പിന്നെന്താ.
ശാരദദാസ്സുമൊത്തു അനന്തന്‍ നടന്നു. വിശപ്പും ദാഹവും സഹിച്ചു കൊണ്ടുള്ള നടപ്പു തന്നെ ഒരു ചായക്കടയില്‍ കയറി. ചായയും പലഹാരങ്ങളും കഴിച്ചു വീണ്ടും നടന്നു. പള്ളിക്കാട്ടു കവലയിലെ പരമശിവന്‍ പിള്ളയുടെ കടയ്ക്കു മുമ്പില്‍ ഇട്ടിരുന്ന ബഞ്ചിലിരുവരും ഇരുന്നു. പിള്ള ഓടി വന്നു അവരുടെ സമീപം നിന്നു. മാഷേ എന്താ ഈ വഴിയൊക്കെ മറന്നോ. സുഖമല്ലേ. ഇതാരാ, ഈ യുവാവ്. ഇത് അനന്തന്‍ നമ്പൂതിരി, പിള്ളച്ചേട്ടന്‍ - അനന്താന്നു വിളിച്ചാല്‍ മതി.
പരമശിവന്‍ പിള്ള - അതേയോ - നമുക്കു വീട്ടിലേയ്ക്കു കടന്നിരിക്കാം.
അവര്‍ കടയുടെ ബഹിര്‍ഭാഗത്തുള്ള വീട്ടിലേയ്ക്കു പോയി. വിലാസിനിയും ഗീതാദേവിയും പൂമുഖത്തേയ്ക്കു വന്നു. ഗീതാദേവി കുഞ്ഞിനേയും കൊണ്ടാണു വന്നത്. ശരദാദാസ്സിനെ കാണിച്ചു. മാഷേ മോളെക്കണ്ടോ - ഹാ ഹാ... മോള്‍ക്കു നല്ല ഉടുപ്പുണ്ടല്ലോ. കൊള്ളാം.... ഇതാരാ മാഷേ.
ഇതു അനന്തന്‍ നമ്പൂതിരി എനിക്കു വളരെ ബന്ധമുള്ള യുവമിത്രമാണ്. ഒന്നു രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം ഇവിടെ വന്നിരുന്നു. നമ്മുടെ നാടുമായി പരിചയപ്പെടുവാനും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും താല്‍പ്പര്യമുണ്ട്. വലിയ സഞ്ചാരിയായിരുന്നു. ഇപ്പോള്‍ തറവാട്ടിലൊതുങ്ങി എങ്കിലും എന്റെ കൂടെ പോന്നു.
ഗീതാദേവിയുടെ ഭര്‍ത്താവ് പുരുഷന്‍ നായര്‍ കിടപ്പിലായിരുന്നു. അതിഥികളുടെ ആഗമനത്തില്‍ ആകൃഷ്ടനായി ഭവനത്തിലേയ്ക്കു വന്നു പരിചയപ്പെട്ടു.
പുരുഷന്‍ നായരേ ഇതു അനന്തന്‍ നമ്പൂതിരി എനിക്കു വളരെ വേണ്ടപ്പെട്ടവനാണ്. ബാക്കി കാര്യങ്ങള്‍ പിന്നീടു സംസാരിക്കാം.പുരുഷന്‍ നായര്‍ - ശരി മാഷേ ഞാനപ്പുറത്തേയ്ക്കു പോകട്ടെ.
ഞങ്ങളും ഇറങ്ങുന്നു. വിലാസിനി നല്‍കിയ സംഭാരവും കുടിച്ചവര്‍ നടന്നു നീങ്ങി. 
പാടപ്പറമ്പിലെ വിശ്രമ സങ്കേതത്തിലാഗതമായപ്പോള്‍ അവിടെ പപ്പുമാനേജരും, ചിത്തരാജുമുണ്ടായിരുന്നു. പടികടന്നു അകത്തു കയറി പിന്‍ഭാഗത്തുള്ള മുറ്റത്തു തന്നെ ബഞ്ചുകളുമൊക്കെയിട്ടാണവര്‍ ഇരുന്നിരുന്നത്.
പപ്പുമാനേജര്‍ - ഇന്നു അനന്തനുമുണ്ടല്ലോ കൂട്ടിന്ന് അതേ മാഷേ അനന്തനിവിടെ ഇരുന്നിട്ട് മുഷിപ്പു തോന്നി അതുകൊണ്ടാ എന്റെ കൂടെഇങ്ങോട്ടു പോന്നത്.
അതു നല്ല കാര്യോല്ലേ.
പിന്നെ എന്തുണ്ടു വിശേഷങ്ങള്‍, നാരായണക്കല്ലില്‍ പൊന്ന്യേത്തില്ലത്ത് താത്രിക്കുട്ടിക്കും കുഞ്ഞിനും സുഖം തന്നെയല്ലേ.
അതേ മാഷേ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇടയ്ക്ക് ശരദദാസ്സ് ആരാഞ്ഞു അധികാരിയെ ആക്രമിച്ചവരുടെ വിവരമെന്തെങ്കിലുമുണ്ടോ മാഷേ.
അവരെ എസ്.ഐ പോയി സന്ദര്‍ശിച്ചതായറിഞ്ഞിരിക്കുന്നു. സാധാരണ വേഷത്തിലായിരുന്നതു കൊണ്ടവര്‍ക്കു അദ്ദേഹത്തെ തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല. അവരുടെ പേരും വിലാസവും സമഗ്രമായി മനസ്സിലാക്കിയിട്ടാണ് പോലീസ് പോന്നിരിക്കുന്നത്.
വൈദ്യന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, ആഴത്തിലുള്ള മുറിവായതുകൊണ്ട് സുഖമാക്കുവാനേറെ നാള്‍ പിടിക്കുമെന്ന് മറ്റവന്റെ മൂക്കില്‍ നിന്നുള്ള രക്തസ്രാവം നിന്നിട്ടുണ്ട്. പക്ഷേ ശക്തമായ തലവേദന അനവസരത്തില്‍ അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്നു.
ശരദദാസ് ഇവിടുത്തുകാര്‍ തന്നേണോ.
പപ്പുമാനേജര്‍ - അല്‍പ്പം അകലെയുള്ളവരാണ്. ഓഹോ ഇറക്കുമതി അതായത് വാടക ഗുണ്ടകള്‍. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗൗരിക്കുട്ടിയുടെ വീട്ടില്‍ നിന്നും അഴക്ക ചായയും കൊണ്ടു വന്നു എല്ലാവര്‍ക്കുമായി കൊടുത്തു.
ചിത്തരാജ് പറഞ്ഞു - അഴകീ മൈലന്‍പിള്ളയോടിവിടേയ്‌ക്കൊന്നു വരാന്‍ പറയൂ.
പരിചയം പുതുക്കലും കുശലം പറച്ചിലും സുദീര്‍ഘമായില്ല.
ശരദദാസ്സിന്റെ കൂടെ അനന്തന്‍ നമ്പൂതിരിയും മാടന്റെ വീട്ടിലേയ്ക്കു നടന്നു വരുന്നതു കാണുവാനിടയായ മാടനും, ചക്കിയും അത്ഭുതത്തോടെ നോക്കി നിന്നു. വന്നയുടനെ വരാന്തയിലിട്ടിരുന്ന ബഞ്ചിലാണവരുപവിഷ്ടരായത്.
ദാസ്സു പറഞ്ഞു - ഇത് അനന്തന്‍ നമ്പൂതിരിയാണ്. സാവിത്രിക്കുട്ടിയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയില്‍ നിന്നുള്ള മകന്‍. സാവിത്രിക്കുട്ടിയേക്കാള്‍ അല്‍പ്പം മൂത്തതാണ്. അനന്തനു മൂത്തതായി ഒരു സഹോദരി കൂടിയുണ്ട്. വിവാഹിതയാണ്. അനന്തന്‍ അവിവാഹിതനാണ്. നാടു സഞ്ചാരിയായിരുന്നു. ഇപ്പോള്‍ അപ്പന്‍ നമ്പൂതിരി മരിച്ചതറിഞ്ഞു വന്നു. അതിനുശേഷം ഇല്ലത്തൊതുങ്ങി കഴിയുന്നു. അവര്‍ സംസാരിക്കുമ്പോള്‍ കോതപ്പെണ്ണു ചായ കൊണ്ടു വന്നു ബഞ്ചില്‍ വച്ചു.
അനന്താ ഇതെന്റെ സഹോദരി കോതപ്പെണ്ണ് പഠിക്കുകയാണ്, ഹൈസ്‌ക്കൂളില്‍.
എന്തേയ് നുമ്മട മാണ്ടത്താത്തി - ദാസ്സാരാഞ്ഞു.
അവളും, കൊച്ചൂട്ടീം, മക്കളും കൂടി തപ്പാമ്പോയി കിട്ട്യേ ചെമ്മീം, മീനും വിക്കാമ്പോയേക്കണേണി - ഇപ്പ വരാറായിട്ടൊണ്ടി. ചക്കി പറഞ്ഞൊപ്പിച്ചു.
പിന്നെ എന്തൊണ്ട് ഇല്ലത്തക്ക, എല്ലാവരിക്കും തൊകോണാ - തമ്പ്രാ.
സാവിത്രിക്കുട്ടി - ഇപ്പ എന്റെ ചെറ്യേമ്മയാണ്, അവരും കുഞ്ഞും സുഖമായിരിക്കുന്നു.
എന്നാ - പെറ്റ കാര്യോക്ക ഇവനിവട പറഞ്ചിട്ടില്ലാട്ടാ, ഇപ്പയാ അറികണേതി, അപ്പ കൊച്ചെങ്കനേണി, ഈ ചരതന്റെ ചായേണാ, അനന്തന്‍ ചിരിച്ചു പോയി. പതിതരുടെ ശുദ്ധഗതി അതേ - അതേ ഈ മാഷിന്റെ മുഖം പോലെ തന്നെ. അതു കേട്ടു ചക്കിയുടെ മുഖത്ത് മന്ദസ്മിതം പൊട്ടി വിരിഞ്ഞു. കണ്ണില്‍ പ്രകാശ രേണുക്കള്‍, മാസ്മര വില്ലൊളി കളിയാടി. മാടനെ നോക്കി വെറ്റിലക്കറ പിടിച്ച പല്ലിളിച്ചു തലയാട്ടി. കോതപ്പെണ്ണും അനന്തന്റെ സമീപം അമ്മയ്ക്കരികില്‍ നിന്നു ലജ്ജാവതിയായി പുഞ്ചിരിച്ചു. വിവരങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടു അവളാരാഞ്ഞു. കുഞ്ഞു വെളുത്തിട്ടോ, കറുത്തിട്ടോ.
അനന്തന്‍ അതിനും ഉത്തരം നല്‍കി - വെളുത്തതാണ് നല്ല സുന്ദരക്കുട്ടന്‍ (കുടുംബത്തില്‍ ഇടകലര്‍ത്തി) ഇപ്പോള്‍ എന്റെ അനുജനായില്ലേ.
ഇരുളടയുവാനല്‍പ്പം കൂടി ബാക്കിയുള്ള നേരത്ത് മാണ്ടയും, കൊച്ചൂട്ടിയും, മക്കളും കലപില ശബ്ദമുണ്ടാക്കി കൊണ്ടു കയറി വന്നു. ചില കളിപ്പാട്ടങ്ങളും, ബലൂണും, പീപ്പിയും വാങ്ങിക്കൊടുത്തതും കൊണ്ട് ഓടിച്ചാടി, കളിച്ചും ചിരിച്ചും കൊണ്ടാണവര്‍ വന്നത്.
കൊച്ചൂട്ടി കുഞ്ഞുങ്ങളെ നിയന്ത്രിച്ചു. എടീ മുണ്ടാണ്ടിരിക്കടി - ചെകുത്താന്‍ കൊച്ചുങ്ങളേ. തല്ലിക്കൊല്ലും ഞാനെല്ലാത്തിനേം, തോളത്തു കിടന്ന തോര്‍ത്തെടുത്തു വീശി ഓടിച്ചു കുഞ്ഞുങ്ങള്‍ തന്തയെ കൊഞ്ഞനം കാട്ടി അകലേയ്ക്കു പോടി ഓടിക്കളിച്ചു.
മാണ്ട ചോദിച്ചു - ആരാണമ്മേ.
ദേ ഇതാണ് ചരതേന്റെ മൂത്ത താത്തി മാണ്ട. അത് ഇവക്കട പെലേന്‍ കൊച്ചൂട്ടി. അഭിമാനത്തോടെ അംഗബലം കാണിക്കുന്ന ഭാവത്തോടെ ആയമ്മ പറഞ്ഞൊപ്പിച്ചു. മാണ്ടേന മാറ്റി നിര്‍ത്തി പറഞ്ഞു. താത്രിക്കുട്ടി പെച്ചെന്ന് അഭിമാനപുരസ്സരം ചക്കി മകളോടു ഹൃദയം തുറന്നുണര്‍ത്തിച്ചു.
കൊച്ചു ചരതനപ്പോലേണന്ന് - അപ്പ ഇതാമ്മേ.
സാവിത്രിക്കുട്ടിക്കുട്ടീന കല്ല്യാണം കയ്ച്ച തമ്പ്രേന്റെ മൂത്ത കുടീല മോനാണീ. ഇദ്ദേന്റെ മൂത്തത് ഒരു പെമ്പറന്നോത്യേണ്ട്. ആ തമ്പുരാട്ടി കുട്ടിക്കു കല്യാണായതാണീ. ഇവരക്ക താവിത്രിക്കുട്ടീട മൂത്തോരാണി. എന്നാലും ഇവിരിക്ക് അവള് ചെറ്യേമ്മേണി.
അപ്പ സാവിത്രീന വേളി കയ്ച്ച തമ്പ്രേനാ.
അതു ചത്തുപോയടീ. അയാള അവക്ക് ചേരോയിരുന്നീല്ലാന്ന്.
മുമ്പിവിട വച്ച് കല്യാണം കയ്ച്ചതീന്നാണീ പുള്ളന പെച്ചേക്കണീന്നാണീ പറകണീന്ന്.
മാണ്ടു മുന്നോട്ടു വന്നു - തമ്പ്രേന എങ്കക്കൊന്നും അറികേലാട്ടാ അതുകൊണ്ടാണ് മുണ്ടാഞ്ഞത്.
അനന്തന്‍ - അതിനെന്താ - എനിക്കു നിങ്ങളെയൊക്കെ കണ്ടതു കൊണ്ട് വലിയ സന്തോഷമായി.
കൂട്ടത്തില്‍ ശരദദാസ്സ് രഹസ്യമായി അനന്തനോടാരാഞ്ഞു. അനന്തന്‍ മദ്യപിക്കുമോ?
അനന്തന്‍ - ഉണ്ടായിരുന്നു ഇപ്പോഴില്ല.
ശരദദാസ്സ് - മത്സ്യമാംസാദികള്‍
അനന്തന്‍ - വല്ലപ്പോഴുമൊക്കെ പുറത്തു നിന്നു മാത്രം ഇല്ലത്തു കയറ്റില്ലല്ലോ.
പുരയ്ക്കുള്ളില്‍ കയറി നോക്കിയ ശരദദാസ്സ് ഉണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളുടെ പോന്നു പോരായ്മ മനസ്സിലാക്കി. മീന്‍കറി, ചെമ്മിന്‍ പച്ചക്കായ ഇട്ടു വെച്ചത്. പിന്നെ ഉണക്കമീന്‍ വറുത്തത്. ഹോ ഇതൊക്കെ തന്നെ ധാരാണം. ഈ അതിഥിയെ സല്‍ക്കരിക്കുവാന്‍ അയാള്‍ മനസ്സിലോര്‍ത്തു.
അച്ഛനും അമ്മയും, മാണ്ടയും, അളിയനും ഒക്കെ പാടത്തു പണിയെടുക്കുന്നതു കൊണ്ട് പട്ടിണിയില്ലാതെ ഒരു വിധം കഴിഞ്ഞു കൂടുന്ന വീടാണിത്. കൂട്ടത്തില്‍ ഉദ്യോഗസ്ഥനായ താനുമുള്ള ഭവനം.
അതുകൊണ്ട് പുലക്കുടിലെന്നല്ല പറയാറുള്ളത്. ഇപ്പോള്‍ മാഷിന്റെ വീടെന്നാണ് അറിയപ്പെടുന്നത്.
നെല്ലു പുഴുങ്ങി കുത്തിയ അരി വലിയൊരു കലത്തിലാക്കി മൂലയ്ക്കു വച്ചിട്ടുമുണ്ട് അഥവാ ഉള്ളചോറു തികഞ്ഞില്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് വീണ്ടുമൊരല്‍പ്പം അരിയിട്ടു വെച്ചു ചോറുണ്ടാക്കി കഴിക്കുവാന്‍ മാത്രമേയുള്ളൂ.
അമ്മയോടു ശരദദാസ്സ് പറഞ്ഞു.
അമ്മേ, ഞാനും ചേട്ടനും, അനന്തനും ചോറു തീറ്റേം കഴിഞ്ഞു മാഷിന്റെവടപ്പോയി കിടന്നോളാം - ''ഒള്ളതു കൊണ്ട് ഓണം പോലെ'' അതോണ്ട് നേരമിത്രയായില്ലേ, ഞങ്ങക്കു ചോറു താ.
അവര്‍ക്കു ചോറെടുത്തു കൊണ്ടിരിക്കുമ്പോള്‍ ചാത്തേനും വന്നു കയറി. വീടിന്റെ തെക്കിനിയിലിട്ടിരുന്ന മേശപ്പുറത്തു വച്ചാണ് അവര്‍ക്കു ചോറും കറികളും നല്‍കിയത്.
ചോറൂണു കഴിഞ്ഞവരിറങ്ങി മാഷിന്റെ വിശ്രമസങ്കേതത്തിലെത്തി. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു അതിനുശേഷം കിടന്നുറങ്ങി.
കാലിക്കുന്നില്‍ നിന്നും മുല്ലത്തറയില്ലത്തെ നീലകണ്ഠന്‍ നമ്പൂതിരി പ്രതികാരവാഞ്ചയാല്‍ വിഷ്ണു നമ്പൂതിരിയുടെ ഇല്ലത്തു വന്നു താമസിക്കുവാന്‍ തുടങ്ങി. മറ്റു ജന്മി മുതലാളിമാരും ഒത്തുകൂടി കൊണ്ടാണ് ഒളിപ്പോരിനു വേണ്ട കരുനീക്കങ്ങളൊരുക്കിയത്.
തനിക്കു വന്നു ചേര്‍ന്ന സങ്കീര്‍ണ്ണമായ വിപത്തുകള്‍ അസ്സഹനീയമാണ്. ആകസ്മികമായ പ്രശ്‌നമാണ് തന്റെ മകള്‍ മുഖാന്തിരം സംഭവിച്ചിരിക്കുന്നത്.
അതിനുപരി ഭൂമി കൈവശപ്പെടുത്തല്‍. നമ്മുടെ എല്ലാവരുടെയും ഭൂസ്വത്തുക്കള്‍ നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാരിലേയ്ക്കു കരമളക്കുന്നതു നമ്മളാണ്. അതുകൊണ്ടീ നികൃഷ്ട വര്‍ഗ്ഗക്കാരായ പുറം ജാതിക്കാരെ ഉന്മൂല നാശം ചെയ്യാതെ പോംവഴിയൊന്നുമില്ല. നമ്മുടെ ചട്ടമ്പികളോട് ഈ ഇല്ലത്തു െഒത്തുചേരുവാനാഹ്വാനം ചെയ്യണം.
പുലയരുടെയും, പറയരുടെയും കൂട്ടത്തില്‍ നിരവധി അഭ്യാസികളുണ്ട്. നമ്മുടെ ആളുകളെക്കാള്‍ മന:സ്ഥൈര്യമുള്ളവരും ശക്തന്മാരുമാണ്അതുകൊണ്ടു സൂക്ഷിക്കണം. മുഖ്യമായ ചില തീരുമാനങ്ങളെടുത്ത ശേഷം, ഓരോ ജന്മി മുതലാളിമാരും പിരിഞ്ഞു പോയി.
മകര മാസമായതിനാല്‍ രാത്രി കാലങ്ങളില്‍ അസ്സഹനീയമായ തണുപ്പനുഭവപ്പെട്ടിരുന്നു. പകലാണെങ്കില്‍ കത്തിക്കാളുന്ന ചൂടും; പുരയ്ക്കുള്ളില്‍ ഇരിക്കുവാന്‍ പോലും നിവര്‍ത്തിയില്ല. മുറ്റത്തും പറമ്പിലും മരങ്ങളുടെ ചുവട്ടിലും ഇരുന്നും കിടന്നും വിശ്രമിച്ചിരുന്നു.
മകരത്തില്‍ മരം കോച്ചുന്ന തണുപ്പാണെന്നാണ് പറയുന്നത്. ചിലയവസരങ്ങളിലത്; വ്യക്തമായനുഭവപ്പെട്ടിരുന്നു. അപ്രതീക്ഷിതമായാണ് പല ചെറു സംഘങ്ങളായി തിരിഞ്ഞ ജന്മികളുടെ ചട്ടമ്പികള്‍, മാടന്‍േറയും, കറമ്പന്‍േറയും കുടിലുകളും, ഗൗരിക്കുട്ടിയുടെ പാഠശാലയും കൂടാതെ ഇട്യാദി മൂപ്പന്‍േറയും കുടിലുകള്‍, അഗ്നിക്കിരയാക്കിയത്.
അക്രമികള്‍ ഇരുളിലോടി മറഞ്ഞു ചില ചട്ടമ്പികള്‍ ഇരുട്ടത്തു മറഞ്ഞു നിന്നു. ഇട്യാദി മൂപ്പന്റെ കുടിലും കൂടാതെ പഴയ വയോജന പാഠശാലയും കത്തിച്ചു.
തീയാളിപ്പടര്‍ന്നു. ചാടിയെഴുന്നേറ്റ ചിത്തരാജും, ശരദദാസ്സും, മാടനും ഇരുളിലൂടെ ഓടി മറയുകയായിരുന്ന, ചട്ടമ്പികളെ കണ്ടു പക്ഷേ നിസ്സഹായരായി നില്‍ക്കുവാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. അമ്മയും മാണ്ടയും കുട്ടികളും തീയില്‍ കിടന്നു പിടയുമ്പോള്‍ അവരെ രക്ഷിക്കുന്നതിനുദ്യമിക്കാതെ ചട്ടമ്പികളെ പിന്‍തുടര്‍ന്നു പിടികൂടാന്‍ ശ്രമിക്കുന്നതു ന്യായമാണോ? ശരദദാസ്സ് കുഞ്ഞുങ്ങളെ വാരിയെടുക്കുവാന്‍ നോക്കി.
ചിത്തരാജ് മാണ്ടയേയും കൊച്ചൂട്ടിയേയും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
കൂട്ടത്തിലൊരു ചട്ടമ്പി കുറുക്കന്‍ കണ്ണുമായി കോതപ്പെണ്ണിനെ പൊക്കിയെടുത്തു. വായപൊത്തിപ്പിടിച്ചു ശബ്ദം വെളിയില്‍ വരുത്താതെ ഇരുളില്‍ മറഞ്ഞു. വേറൊരുത്തന്‍ ഓടി വന്നവളുടെ വായതോര്‍ത്തു കൊണ്ടടച്ചു കെട്ടി. അവര്‍ നേരേ പാടവരമ്പത്തു കൂടി കുറ്റിക്കാടുകള്‍ക്കു നടുവിലൂടെ ഓടിപ്പോയി. നടന്നും ഓടിയും വേറൊരു പറമ്പില്‍ ചെന്നു.
മഞ്ഞില്‍ കണങ്ങളേറ്റു നനഞ്ഞ പുല്‍ത്തകിടിപ്പുറത്തവളെ കിടത്തി.
ചട്ടമ്പികള്‍ മുന്‍കൂട്ടി നോട്ടമിട്ടിരുന്ന പുലക്കുടിലുകള്‍ കത്തിക്കാളിയപ്പോള്‍ ചെളിപ്പറമ്പു ഭാഗത്തു ഉയരത്തില്‍ അഗ്നി ജ്വാല ഭീകരതാണ്ടവമാടി. വെളിയില്‍ ചാടിയ കുടില്‍വാസ്സികള്‍ വാവിട്ടു കരഞ്ഞു.
അയ്യോ ഓടി വരണേ - ഓടി വരണേ - ഓടി വരണേ - എന്ന ആര്‍ത്ത നാദം അന്തരീക്ഷത്തെ പ്രകമ്പനം കൊളിച്ചു കരളലിയിക്കുന്ന ദുഖ:നാദം ഹൃദയം പൊട്ടുമാറുച്ചത്തില്‍ വിളിച്ചു കൊണ്ടിരുന്നു. ആരൊക്കെയോ എവിടെയൊക്കെയോ ഓടി മറയുന്നത്. തീപ്പൊള്ളലേറ്റു പ്രാണരക്ഷാര്‍ത്ഥം പിടയുന്ന മാടന്റെ പുലയിക്കു രക്ഷപ്പെടുവാന്‍ കഴിവില്ലാതെ കയ്കാലിട്ടടിച്ചു. മാടനവരെ ഒരു വിധം തീയില്‍ നിന്നും പുറത്തു കൊണ്ടു വന്നു. പക്ഷേ അവളുടെ ദേഹത്തെ തൊലിയൊക്കെ വെന്തു കരിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. മരണാസന്നയായി കിടന്നു വായുവലിച്ചു. മാടനും ദു:സ്സഹമായ പൊള്ളലേറ്റെങ്കിലും അവയൊക്കെ വക വയ്ക്കാതെ വെള്ളം കൊണ്ടു വന്നു വായിലൊഴിച്ചു കൊടുത്തു. മുഖത്തും ദേഹത്തും നല്ലപോലെ തളിച്ചു. കുളിര്‍മ്മ വ്യാപിപ്പിച്ചു.
ഇതിനിടയ്ക്കു ശരദദാസ്സ് ഒറ്റപ്പെട്ടു നില്‍കുന്നിടത്തേയ്ക്കു രണ്ടു ചട്ടമ്പികള്‍ ഇരുളിലൂടെ പാഞ്ഞടുത്തു. ബലിഷ്ടമായ കരങ്ങളാല്‍ വട്ടം കെട്ടിപ്പിടിച്ചു. പ്രതികരിക്കുവാന്‍ മുതിരും മുമ്പേ ഒരുവന്‍ വന്നു വായപൊത്തി തടുത്തു കൊണ്ടു പോയി.
ചിത്തരാജ് മാണ്ടയുടെ പ്രാണരക്ഷാര്‍ത്ഥം കത്തിക്കൊണ്ടിരുന്ന തീയില്‍ നിന്നും അവളെ വാരിയെടുത്തു പുറത്തു കൊണ്ടു വന്നെങ്കിലും അവളും അത്യാസന്ന നിലയിലായിരുന്നു.
കൊച്ചൂട്ടിയുടെ ദേഹവും വെളിയില്‍ കൊണ്ടു വന്നു. കുഞ്ഞുങ്ങളുടെ ശരീരമാണെങ്കില്‍ ജഡമായാണ് തീയില്‍ നിന്നും വെളിയില്‍ കൊണ്ടു വന്നത്. എല്ലാവരെയും പുറത്തു കൊണ്ടു വന്ന ചാത്തേന്‍ (ചിത്തരാജ്) പരിഭ്രാന്തനായി ചുറ്റും വീക്ഷിച്ചു. കോതപ്പെണ്ണിനെ കാണുന്നില്ല.
അന്വേഷിച്ചു പോകാന്‍ പറ്റിയ നേരമല്ലിത്. വേറെ നിരവധി ജീവന്‍ പ്രാണനുവേണ്ടി തുടിക്കുമ്പോള്‍ സഹോദരിക്കെന്തു പ്രാധാന്യം അവന്‍ പിന്നീടാണറിഞ്ഞത് തന്റെ എല്ലാമെല്ലാമായ പൊന്നനുജന്‍ ശരദദാസ്സിനെ കാണുന്നില്ല. അഗ്നിയില്‍ നിന്നും പുറത്തെടുക്കപ്പെട്ട മിക്കവരും ഊര്‍ദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്നു. മാടനും നിലത്തു പുല്ലില്‍ കിടന്നു പോയി. പക്ഷേ ഞരങ്ങുന്നുണ്ട്. ചാത്തേന്‍ സഹോദരി മാണ്ടയുടെ കുഞ്ഞുങ്ങള്‍ക്ക് ജഡമായി കിടക്കുന്നതു കണ്ടവര്‍ പൊട്ടിക്കരഞ്ഞു.
മനസ്സു വെന്തു നീറി, ചിലരുടെ ശരീരവും വെന്തു, തോലുരിഞ്ഞു കിടക്കുന്നു. അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിതാവിന്റെ ഞരക്കം ശ്രദ്ധിച്ച ചാത്തേന്‍ വെള്ളം കൊണ്ടു വന്നു കൊടുത്തു. പിന്നെയും അമ്മയുടെചാരത്തോടിയണഞ്ഞു അലമുറയിട്ടു കരഞ്ഞു, അന്ത്യ നിമിഷങ്ങളാണെന്നവന്‍ തിരിച്ചറിഞ്ഞു. ഊര്‍ദ്ധ ശ്വാസം വലിക്കുന്ന അമ്മയുടെ മുഖത്തു അനുനിമിഷം ആയിരമായിരം ഉമ്മകളേകി വെള്ളം കൊണ്ടു വന്നു തൊട്ടുകൊടുത്തു.
അമ്മേ, അമ്മേ അവന്‍ ആര്‍ത്തലച്ചു കരഞ്ഞു അമ്മയെ കെട്ടിപ്പിടിച്ചു തലയെടുത്തു മടിയില്‍ വച്ചു. വെള്ളം കൊടുത്തു കൊണ്ടിരുന്നു. അകലെയുള്ള അയല്‍ക്കാര്‍ വെള്ളം കോരിക്കൊണ്ടു വന്നു തുണി നനച്ചു മാടന്‍േറയും ചക്കിയുടെയും പൊള്ളലേറ്റ ഭാഗത്തു വച്ചു നനവു വരുത്തി തണുപ്പിച്ചു.
കത്തിയമര്‍ന്ന പുരയുടെ അവശേഷിച്ച അഗ്നിജ്വാലകള്‍ വെള്ളമൊഴിച്ചു കെടത്തി. അയല്‍പക്കത്തുള്ളവര്‍ കൊണ്ടു വന്ന റാന്തലു വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍, ചാത്തേന്റെ കാദരമായ കരച്ചിലും അന്ത്യ ചുമ്പനവുമേറ്റ ചക്കിപ്പുലക്കള്ളി എന്ന അമ്മ അവസാനശ്വാസം വലിച്ചു.
ജീവിതം നല്‍കിയ നാട്ടു പ്രമാണികള്‍ തന്നെ ജീവനെടുത്തിരിക്കുന്നു. മകളുടെയും പേരക്കുട്ടികളുടെയും അനുകമ്പയാര്‍ന്ന കരച്ചില്‍ ശ്രദ്ധിക്കുവാനവസരം ലഭിക്കാതെ ചക്കി നിര്‍വികാരതയോടെ കൈകാലനക്കുവാന്‍ വയ്യാതെ കഥാവേഷയായി. മാണ്ടയുടേയും കൊച്ചൂട്ടിയുടെയും ജഡത്തിനരുകിലിരുന്നവന്‍ പൊട്ടിക്കരഞ്ഞു. കുഞ്ഞുങ്ങളെ വാരിപ്പുണര്‍ന്നു ഹൃദയം പൊട്ടുമാറു വിതുമ്പി. മാടന്‍ കിടന്ന കിടപ്പില്‍ കിടന്നു വേദന കടിച്ചമര്‍ത്തി നീറിപ്പുകഞ്ഞു പൊള്ളലേറ്റ പാടുകള്‍, പോളച്ചു നീരുകെട്ടി തൊലി പൊളിഞ്ഞ ഭാഗം വെളുത്ത പ്രതലമായി കാണപ്പെട്ടു. വെള്ളം കൊണ്ടു വന്നൊഴിച്ചു തണുപ്പിച്ചു കൊണ്ടിരുന്നു.
സ്വമിത്രങ്ങളുടെ ജഡങ്ങള്‍ക്കരുകില്‍ കത്തിയമര്‍ന്ന കുടുലിനു മുമ്പില്‍ നിര്‍നിമേഷനായി ഏങ്ങിക്കരഞ്ഞിരുന്നു. നിരാലംബനായ ചാത്തന്‍ എന്തു ചെയ്യേണ്ടു എന്ന വ്യര്‍ത്ഥ ചിന്തയാല്‍ മോങ്ങിക്കൊണ്ടിരുന്നു.
ഇന്നേരത്തു തന്നെ അരങ്ങേറിയ ഭീകരയഗ്നി താണ്ഡവമായിരുന്നു. ഗൗരിക്കുട്ടിയുടെ പാഠശാലയിലും, പപ്പുമാനേജരുടെ വിശ്രമ സങ്കേതത്തിലും വിന്യസിക്കപ്പെട്ടത്.
ആദ്യം വാതിലില്‍ തട്ടി വിളിച്ചു, അപരിചിതമായ ശബ്ദമായിരുന്നെങ്കിലും യാതൊരുവിധ തയ്യാറെടുപ്പുകളും കൂടാതെ സംശയലേശമന്യേ അദ്ദേഹം കതകു തുറന്നതും രണ്ടു നാലു പേര്‍ അപ്രതീക്ഷിതമായി പാഞ്ഞു കയറി വട്ടം കടന്നു ഒതുക്കിപ്പിടിച്ചു. അദ്ദേഹം കുതറി മാറുവാന്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ വിഭലമായി. അയാളുടെ കൈകള്‍ ബന്ധിച്ചു വായടച്ചു തുണികൊണ്ടു കെട്ടി അനായാസം മല്ലന്മാരായ ചട്ടമ്പികള്‍ പൊക്കിയെടുത്തു കൊണ്ടു പോയി.
പോകുന്നതിനിടയ്ക്കു പാഠശാലയ്ക്കു തീ കൊളുത്തി അഗ്നിനാളങ്ങള്‍ കത്തിപ്പടര്‍ന്നു. പപ്പുമാനേജരുടെ വിശ്രമസങ്കേതവും അഗ്നിജ്വാലകള്‍ നക്കി തുടയ്ക്കുവാന്‍ തുടങ്ങി. സമീപപ്രദേശങ്ങളിലൊന്നും പറയത്തക്ക ആള്‍പ്പാര്‍പ്പില്ലാതിരുന്നെങ്കിലും തിയാളിപ്പടര്‍ന്നുയരുന്നതു ദര്‍ശിക്കുവാനിടയായവര്‍ പാഞ്ഞടുത്തെങ്കിലും നിര്‍നിമേഷരായി നോക്കി നില്‍ക്കുവാന്‍ മാത്രമാണവര്‍ക്കു കഴിഞ്ഞുള്ളൂ. തീ തല്ലി കെടുത്തുവാനോ ജലം കോരിക്കൊണ്ടു വന്നൊഴിക്കുവാനോ യാതൊരു സാഹചര്യവുമില്ലാതിരുന്നു. നിമിഷങ്ങള്‍ കൊണ്ടവയൊക്കെയും എരിഞ്ഞു തീര്‍ന്നു. വിശ്രമസങ്കേതത്തിലുണ്ടായിരുന്ന പ്രസക്തമായ രേഖകള്‍ ഉള്‍പ്പെട്ട പപ്പു മാനേജരുടെ ഡയറിക്കുറിപ്പുകളും നോട്ടു പുസ്തകങ്ങളടക്കം എല്ലാം അഗ്നി നാളങ്ങള്‍ വിഴുങ്ങിക്കളഞ്ഞു.
പപ്പുമാനേജര്‍ക്ക് കൂട്ടു കിടന്നിരുന്ന കോലപ്പനെ രണ്ടു ചട്ടമ്പികള്‍ പൊക്കിയെടുത്തു കത്തിക്കൊണ്ടിരുന്ന തീയിലേയ്ക്കു നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞു. ചെല്ലനേയും പിടികൂടി കെട്ടിയിട്ടു മര്‍ദ്ദിച്ചു അവശനാക്കി മൃതപ്രായമായ അയാളെ പൊന്തക്കാട്ടില്‍ വലിച്ചെറിഞ്ഞു.
കറമ്പന്‍േറയും ഇട്യാദി മൂപ്പന്‍േറയും കുടിലുകള്‍ക്കു തീവെച്ചു. കറമ്പനീം പൊള്ളലേറ്റു രണ്ടു മൂന്നു കുഞ്ഞുങ്ങള്‍ തീപ്പൊള്ളലേറ്റു മരണാസന്നരായി കിടന്നു പിടഞ്ഞു. ചീതങ്കന്റെ കുഞ്ഞുതീയില്‍ കിടന്നു വെന്തു പോയി. അവന്റെ ഭാര്യയാണല്ലോ വാസുപിള്ളയുടെ മകള്‍ തങ്കമണി. അവള്‍ക്കും പൊള്ളലേറ്റു. മരണാസന്നയായി കിടന്നു. തുപ്രനെ ഓടിച്ചിട്ടു പിടിച്ചു മര്‍ദ്ദിച്ചു അവശനായ അവനെ കുറ്റിക്കാട്ടിലേയ്ക്കു വലിച്ചെറിഞ്ഞു. ഇട്യാദി മൂപ്പന്റെ ഭാര്യയും, കുടുംബത്തിലെ കുഞ്ഞുങ്ങളും വെന്തു മരിച്ചു. അയാള്‍ക്കും പൊള്ളലേറ്റു അത്യാസന്ന നിലയിലായി.
സ്വന്തം ഭൂമി ലഭിച്ചിരുന്ന പുറംജാതിക്കാരുടെ ആരുടെയും കുടില്‍ ഒന്നും വിട്ടില്ല എല്ലാത്തിന്നും തീ കൊളുത്തി മാടനോടനുബന്ധപ്പെട്ട ആളുകളോട് രണ്ടുതരം കുറ്റമാണോരോപിക്കപ്പെട്ടിട്ടുള്ളത്. ഒന്നു ഭൂമി ലഭ്യത രണ്ടു അന്തര്‍ജ്ജന യുവതിയെ പുലച്ചെറുക്കന്‍ തട്ടിക്കൊണ്ടു പോയത്.
അടുത്തത് പുലയരെ സംഘടിപ്പിക്കലും ജന്മിമാരോടേറ്റു മുട്ടിയതും അവരുടെ ഉള്ളില്‍ കോപാഗ്നി ജ്വലിപ്പിച്ചു. അവരോട് അപമര്യാദയായി പെരുമാറിയതു വേറൊരു കുറ്റം. ഏതു സംഭവവികാസമുണ്ടായാലും അടിപെടുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമായിരിക്കും.
എങ്ങും ഭീകരത, ഉന്നതര്‍ക്കു കോപം വര്‍ദ്ധിച്ചാലത്തെ അനുഭവം, ആരായാലും തടുക്കാവതല്ല. അതി കഠിനമായിരിക്കും. പണംവാരിക്കോരി ചെലവാക്കും. ചട്ടമ്പികളെ അന്യനാട്ടില്‍ നിന്നു പോലും കൊണ്ടുവരും. തിരിച്ചറിയുവാനും വയ്യാത്തവരായിരിക്കും അവര്‍. അജ്ഞരും അസംഘടിതരുമായ പുലയരേയും പറയരേയും വേട്ടുവരേയും ഒക്കെ തല്ലിയോടിച്ചാല്‍ ആരും ചോദിക്കുകയില്ല. ജന്മിമാരുടെയൊക്കെ അടിമകള്‍ സംഘം ചേരുവാന്‍ പാടില്ല. അഥവാ സംഘടനയുണ്ടാക്കിയാല്‍ ആ സംഘടനയ്ക്കു ദീര്‍ഘകാലം നിലനില്‍പ്പുമുണ്ടാകുകയില്ല.
മുതലാളിമാരുടെ ചട്ടമ്പികള്‍ അധിനിവേശം നടത്തി, ഇരുളില്‍ ഭീകരത സൃഷ്ടിച്ചു. ബന്ധനസ്ഥരാക്കിയവരെ ഓരോരുത്തരേം തെളിച്ചു കൊണ്ടു വന്നു. വിഷ്ണുനമ്പൂതിരിയുടെ സഹോദരി സരോജനി അന്തര്‍ജ്ജനത്തിന്റെ ഇല്ലത്തിനു ബഹിര്‍ഭാഗത്തുള്ള ഓലപ്പുരയില്‍ കൊണ്ടു വന്നു.
ആദ്യം അവിടെയ്ക്കു പ്രഹരിച്ചും വലിച്ചിഴച്ചും കൊണ്ടു വന്നത് ശരദദാസ്സിനെയായിരുന്നു.
കസേരകളില്‍ നിരവധി ജന്മിമാരുടെ നടുഭാഗത്ത് ഉപവിഷ്ടനായിരുന്ന വിഷ്ണു നമ്പൂതിരിയും പൂമുഖത്തു ഉലാത്തിക്കൊണ്ടിരുന്ന മരുമകന്‍ നീലകണ്ഠന്‍ നമ്പൂതിരിയും വാല്യക്കാരുമുണ്ടായിരുന്നു. 
ഓലപ്പുരയുടെ അരമതിലില്‍ കാലുകള്‍ കയറ്റി വച്ച് മുറുക്കിത്തുപ്പി നയനങ്ങളില്‍ അഗ്നിജ്വലിപ്പിച്ചു കോപാക്രാന്തനായിരുന്ന വിഷ്ണു നമ്പൂതിരി ആഞ്ഞു തുപ്പിക്കൊണ്ടാരാഞ്ഞു.
ആരാടാ ഇവന്‍.
ഇവനാണ് മാടന്റെ മകന്‍ മാഷ്.
ഓഹോ - ഇവനാണല്ലേ സ്ത്രീകളെയൊക്കെ തട്ടിക്കൊണ്ടു പോകുന്നവന്‍. അടിയും ഇടിയും കുത്തുമേല്‍പ്പിച്ചു ബഹുദൂരം നടത്തിയും, നിരക്കിയും തമ്പുരാന്റെ മുന്‍പില്‍ ഹാജരാക്കപ്പെട്ട ശരദദാസ്സിന് നേരെ നില്‍ക്കുവാന്‍ തന്നെ പ്രാപ്തിയില്ലായിരുന്നു. പിടിച്ചു നേരെ നിര്‍ത്തപ്പെട്ട അയാളുടെ മുഖം പിടിച്ചുയര്‍ത്തി ഒരുത്തന്‍ ആക്രോശിച്ചു.
തമ്പുരാന്‍ ചോദിക്കുന്ന കേട്ടില്ലേടാ - പറയടാ പട്ടി പെലച്ചെറുക്കാ.
അവന്റെ വാക്കുകള്‍ മുറിഞ്ഞു വീണു. ഞാനാരേയും തട്ടിക്കൊണ്ടു പോയിട്ടില്ല.
പിന്നെ നീയെന്താടാ ചെയ്തത്. തമ്പുരാന്‍ കോപാകുലനായലറി.
സാവിത്രിക്കുട്ടി എന്നെത്തേടിയാണ് വന്നത്. ഞാന്‍ പലവട്ടം ആ കുട്ടിയോടും പറഞ്ഞിരുന്നതാണ് വേണ്ടായെന്ന്, അതനുസരിക്കാതെയാണ് ആ കുട്ടി നമ്മുടെ കുടിലിലേയ്ക്കു പോന്നത്.
വിഷ്ണു നമ്പൂതിരി - പിടിച്ചു കെട്ടടാ ആ നികൃഷ്ട ജീവിയെ.
ഉത്തരവു കേള്‍ക്കേണ്ട താമസം ശരദദാസ്സിനെ അടുത്തു നിന്ന അടയ്ക്കാമരത്തില്‍ ബന്ധിച്ചു.
അടിച്ചു കൊല്ലടാ ആ പുലയച്ചെറുക്കനെ.
അന്തര്‍ജനങ്ങളെ നോക്കുവാന്‍ പോലും അര്‍ഹതയില്ലാത്ത വര്‍ഗ്ഗം, അന്തണ യുവതിയെ നാറുന്ന പുലയക്കുടിലില്‍ കൊണ്ടു പോകുകയോ.
പിന്നില്‍ കൂടി കൈകള്‍ പിണച്ചു ബന്ധിക്കപ്പെട്ട നിലയില്‍ തൂങ്ങിക്കിടന്ന ശരദദാസ്സ് പ്രഹരാധിക്യത്താല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ബഹിര്‍ഗമിക്കപ്പെട്ടു അവശനായി കിടന്നു. ശിരസ്സു മടങ്ങി ഇഴുകിയൊടിഞ്ഞു കമുകിന്റെ കടയ്ക്കല്‍ ഊര്‍ന്നു വീണു.
îഉം അവനെ ബന്ധന മുക്തനാക്കി തെക്കിനിപ്പുരയുടെ വിറകറയില്‍ കൊണ്ടു പോയിട്ടേക്കൂ. തമ്പുരാന്‍ കല്‍പ്പിച്ചു. ചട്ടമ്പികള്‍ ജന്മിയുടെ ഉത്തരവുകള്‍ നടപ്പിലാക്കി. പുലയരുടെ കൂട്ടത്തില്‍ നിന്നും പട്ടിണിയും, പരിവട്ടവും കാര്‍ന്നു തിന്നു കഷ്ടപ്പാടിന്റെ കൈപ്പു നീര്‍മോന്തി, ചോരുന്ന കുടിലകത്ത്. കീറപ്പൊളിമ്പായില്‍ ചുരുണ്ടുറങ്ങി വളര്‍ന്ന ചരതന്‍ ഭാഗ്യം കൊണ്ടെന്തോ നാലക്ഷരം പഠിച്ചു സര്‍ക്കാരില്‍ കൊള്ളാവുന്ന ഒരു മാഷായി സ്വപരിശ്രമത്താല്‍ ഉയര്‍ന്നു ഉത്തമനായി, നാടിന്റെ പൊന്നോമന പുത്രനായി. അരോഗദൃഡഗാത്രനും സല്‍സ്വഭാവിയുമായ ഒരുവനെയാണ് മതഭ്രാന്തന്മാര്‍ നിഷ്‌ക്കരുണം വകവരുത്തിയിരിക്കുന്നത്. 
ഇത്രയും ഭീകരത വന്നനുഭവിക്കുന്നയാള്‍ സ്വപ്‌നേഭിപോലും ചിന്തിച്ചിരുന്നില്ലായിരിക്കാം. സവര്‍ണ്ണകുലയാകിയ ഒരു പെണ്‍കുട്ടിയുടെ പ്രണയ വായ്പു കാരണം പതിതന്റെ പതനം, പതിതരുടെ തകര്‍ച്ച നാടു തകര്‍ച്ച ഒക്കെ ആകസ്മികമായി സംഭവിച്ചിരിക്കുന്നു.
പുറംജാതിക്കാരുടെ വളര്‍ച്ച ഉന്നതരുടെ കണ്ണില്‍ കരടായി ഭവിക്കുക സര്‍വ്വ സാധാരണമാണ്. തരം കിട്ടുമ്പോള്‍ പത്തിയുയര്‍ത്തിയാഞ്ഞു കൊത്തുന്ന പ്രതികാര ദാഹിയായ കരിമൂര്‍ഖന്‍ പാമ്പുകളാണ് ഉന്നതര്‍. 
അവസരത്തിനൊത്തു പക പോക്കുന്ന മൂര്‍ഖന്മാരാണവര്‍.
പ്രത്യക്ഷത്തില്‍ സുന്ദരന്മാരായും, സുശീലന്മാരെ പോലെയും വിരാജിക്കുന്ന സവര്‍ണ്ണര്‍ ജ്വലിക്കുന്ന അഗ്നി വമിക്കും ഹൃദയരക്ഷസ്സുകളാണ്.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ വേറൊരു കൂട്ടര്‍ ഒരാളെ കൊണ്ടു വന്നു അതു പപ്പുമാനേജരായിരുന്നു അയാളെ രണ്ടു പേര്‍ ചേര്‍ന്നാണ് പിടിച്ചു ഉന്തിത്തള്ളി തിരുമുമ്പിലെത്തിച്ചത്.
തമ്പുരാന്‍ കല്‍പ്പിച്ചു. ഉം. അവനെ പിന്‍ഭാഗത്തേയ്ക്കു കൊണ്ടു വന്നോളൂ. നോം അവിടേയ്ക്കു എഴുന്നള്ളുന്നുണ്ട്.
ഉത്തരിച്ചപ്രകാരം ഓലപ്പുരയുടെ ബഹിര്‍ഭാഗത്തേയ്ക്കു അയാളെ പിടിച്ചു കൊണ്ടു വന്നു നിര്‍ത്തി. തമ്പുരാക്കന്മാരുടെ കസേരകളും വാല്യക്കാര്‍ കൊണ്ടു വന്നിട്ടു ആസനസ്ഥരായി. പപ്പു മാനേജരുടെ വിചാരണയ്ക്കു മുന്‍കൈയ്യെടുത്തത് നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു.
തമ്പുരാന്‍ ചോദ്യമുന്നയിച്ചു. ഉം. നിന്റെ പേരെന്താടാ.
മല്‍പിടുത്തവും, അടിയും തൊഴിയുമേറ്റ പപ്പുമാനേജര്‍ അവശനായിരുന്നു എങ്കിലും അല്‍പ്പം ധൈര്യമവലംബിച്ചു അയാള്‍ വെള്ളമിരന്നു.
തമ്പുരാന്‍ - ആ ജലം നല്‍കൂ. എന്നിട്ടാകാം ചോദ്യം ചെയ്യല്‍.
നിമിഷങ്ങളഴിഞ്ഞു നീങ്ങി. ജലപാനം ചെയ്തപ്പോള്‍ സിരകളില്‍ കുളിര്‍മ്മ വ്യാപിച്ചു. കുറച്ചു വെള്ളം കൊണ്ടു മുഖവും കഴുകി.
നേരം വെട്ടമിട്ടു വരുന്ന സമയത്താണി വിചാരണയ്ക്കു തുടക്കമിട്ടിരിക്കുന്നത്. 
ആദിത്യഭഗവാന്‍, ആഡ്യനും പതിതനും ലോഭേശ്ച കൂടാതെ കിരണങ്ങളാല്‍ അമൃതം ചൊരിഞ്ഞു ചിലരിലതു പുളകച്ചാര്‍ത്തേകി, മറ്റു ചിലര്‍ക്കതു ആശ്വാസമുണര്‍വേകി. വേറെ ചിലര്‍ക്ക് പൊള്ളലായനുഭവപ്പെട്ടു.
അയാള്‍ മനോഗതമായി - താനിതൊക്കെ പ്രതീക്ഷിച്ചിരുന്നതാണ് പക്ഷേ അസാധാരണ വേഗത്തിലായിരുന്നെന്നു മാത്രം. ഇപ്പോളത് സംഭവിച്ചിരിക്കുന്നു. ഇവിടെ നിന്നും സാധിക്കുമെങ്കില്‍ തടിയൂരുന്നതാണുത്തമം. എന്നാലും ചില വിവരങ്ങള്‍ നല്‍കുന്നതു നന്നായിരിക്കുമെന്നദ്ദേഹം ചിന്തിക്കാതിരുന്നില്ല.
ഞാന്‍ പപ്പുമാനേജര്‍.
തമ്പുരാന്‍ - നീലകണ്ഠന്‍ നമ്പൂതിരി - എന്താ ജാതി എന്താ ജാതി നോക്കിയാണോ അടിയും ഇടിയും കൊലയും കൊള്ളി വെയ്പ്പുമൊക്കെ. പക്ഷേ എനിക്കു ജാതിയില്ല. നിങ്ങള്‍ക്കു ജാതിയുണ്ടെങ്കില്‍ എനിക്കു ജാതിയില്ല. ജാതിയും മതവും ജനനം കൊണ്ടല്ല പ്രവര്‍ത്തി കൊണ്ടാണ്, ചണ്ടാളനും ബ്രാഹ്മണനുമാകുന്നത്.
നീലകണ്ഠന്‍ നമ്പൂതിരി - തര്‍ക്കുത്തരം പറയുന്നോടാ അവന്‍ വലിയ പണ്ഡിതനാകുന്നു.
പപ്പുമാനേജര്‍ - ഞാന്‍ പണ്ഡിതന്‍ തന്നെ, പ്രവര്‍ത്തിയും അതുപോലെ തന്നെ. 
നീലകണ്ഠന്‍ നമ്പൂതിരി - നീയല്ലേടാ ഈ ഭാഗത്തു പുലയരെയും കൂട്ടി കുഴപ്പങ്ങളുണ്ടാക്കുവാന്‍ നടക്കുന്നത്.
പപ്പുമാനേജര്‍ - നിങ്ങളൊക്കെ സാധു ജനങ്ങളെതല്ലിക്കൊന്നിട്ടില്ലേ. അവരുടെ കുടിലുകളൊക്കെ പൊളിച്ചു തീയിട്ടില്ലേ. അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലേ.
മാണ്ടയെ ബലാത്സംഗം ചെയ്യുവാന്‍ മുതിര്‍ന്നപ്പോള്‍ അവള്‍ സമ്മതിക്കാതെ വന്നപ്പോള്‍ രാത്രിക്കു രാത്രി അവരുടെ കുടിലെരിച്ചവിടന്നു നിഷ്‌ക്കരുണം ഓടിച്ചില്ലേ.
സത്യാവസ്ഥയെന്തെന്നു നിങ്ങള്‍ മനസ്സിലാക്കീട്ടുണ്ടോ നമ്പൂതിരി, മാണ്ട താങ്കളുടെ സഹോദരിയാണ്. ഈ വസ്തുത എത്രത്തോളം നിങ്ങളെപ്പോലുള്ളവര്‍ നിരന്തരം മന:പ്പൂര്‍വ്വം വിസ്മരിക്കുന്നു. ഉടപ്പിറന്നോളെ ലൈംഗികതയ്ക്കു വേണ്ടി നിര്‍ബന്ധിച്ചത് ശരിയാണോ തമ്പുരാനേ, നിങ്ങള്‍ക്കതൊന്നും അത്ര പ്രാധാന്യമുള്ളതല്ലല്ലോ.
നെല്ലുകുത്തുകാരികളെയും, അടിച്ചു തളിക്കാരികളെയും, നായര്‍ ഈഴവ സ്ത്രീകളെയും ബലാത്സംഗം ചെയ്തു അച്ഛനില്ലാത്ത പ്രജകളെ സൃഷ്ടിക്കലല്ലേ നിങ്ങളുടെ ജോലി. കൂലി കൂടുതല്‍ ചോദിച്ചതിനു എത്ര പേരെ നിങ്ങള്‍ ചിത്രവധം ചെയ്തു. വഴി നടന്നാല്‍ അവരെ കൊന്നു കൊല വിളിച്ചിട്ടില്ലേ. എന്തിനേറെ പറയുന്നു സ്വന്തം മകള്‍ ഇഷ്ടപ്പെട്ട പുലയന്റെ കൂടെ പോയതിനു, അവളെ പിടിച്ചു കൊണ്ടു പോയി മൂന്നാം കെട്ടുകാരനു വേളി കഴിച്ചു വിട്ടില്ലേ. അവളിന്നു ഭ്രാന്തിയെപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കുവാന്‍ കാരണം നിങ്ങളല്ലേ. നിങ്ങളൊരു തന്തയാണോ.
നീലകണ്ഠന്‍ നമ്പൂതിരി - വിളറിയ മുഖത്തോടും മുറിവാര്‍ന്ന ഹൃദയത്തോടും കൂടി ആക്രോശിച്ചു.
ഛീ നിര്‍ത്തെടാ നിന്റെ അസഭ്യം പറച്ചീല്‍ - മരിയാദകെട്ട തരത്തില്‍ പുലമ്പുന്ന നിന്നേയും തല്ലിക്കൊന്നു കൊലവിളിക്കും - അയാള്‍ ആക്രോശിച്ചു.
പപ്പുമാനേജര്‍ - ഞാനീ നാട്ടില്‍ വന്നിരിക്കുന്നത് പാവങ്ങളെ രക്ഷിക്കുവാന്‍ വേണ്ടിയാണ്. മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവുകള്‍ പാലിക്കുന്നുണ്ടോ എന്നു നോക്കുവാനാണ്. പതിതര്‍ക്കു ഭൂമി ലഭിച്ചിരിക്കുന്നത് നിങ്ങളുടെ ഔദാര്യം കൊണ്ടൊന്നുമല്ല (രാജാവിന്റെ ഭൂമി) പണ്ടാരവക സ്വത്താണ് അവര്‍ക്കൊക്കെ ലഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ അവരെയൊക്കെ തല്ലിയോടിച്ചു ഭൂമി കൈക്കലാക്കാമെന്ന വ്യാമോഹം വെറും ദുരുദ്ദേശപരമാണ് അഥവാ ഭൂമി ലഭിച്ചാല്‍ നിങ്ങളാരെക്കൊണ്ടു വേല ചെയ്യിക്കും.
സ്വന്തം മകളെ കഷ്ടപ്പെടുത്തിയ ശാപഭാരത്തില്‍ നിന്നും നിങ്ങള്‍ക്കു മോചനമുണ്ടാകുമോ. പാറോത്തിക്കാരന്‍ തേര്‍ത്തല കണ്ണന്‍ മേനോനെ അടിച്ചു വീഴ്ത്തിയതു നിങ്ങളയച്ച ചട്ടമ്പികളല്ലേ. അധികാരി കണ്ടന്‍ നാഗമ്പിള്ളയെ ആക്രമിച്ച ചട്ടമ്പികളെ പോലീസ് പിടിച്ചില്ലേ. അവരെ ചികിത്സിച്ചത് ഈ കെട്ടിടത്തിലിട്ടല്ലേ.
പക്ഷേ അടുത്തതായി പോലീസ് പിടിയിലാകുവാന്‍ പോകുന്നത് ആരൊക്കെയാണെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അതുപ്രകാരം നിങ്ങളുടെ എല്ലാവരുടെയും ഉന്നതസ്ഥാനത്തിന്നു ഭംഗം വരുവാന്‍ കാലവിളമ്പമുണ്ടാകുകയില്ല. തറവാടും അന്തര്‍ജനങ്ങളും സന്തതികളുമെല്ലാം നിങ്ങളെത്തന്നെ പഴിക്കും.
ഇനിയെന്താ - എന്നെ തല്ലിക്കൊല്ലുന്നതാണ് നല്ലതെന്നു തോന്നുന്നുണ്ടോ. എന്നെ കൊല്ലുന്നതു കൊണ്ടല്ല - അല്ലാതെ തന്നെ നിങ്ങളെല്ലാം കൊടിയ തെറ്റുകാരായിരിക്കുന്നു. നിങ്ങള്‍ പുലയരുടെ കുടിലു കത്തിച്ചു. നിരവധി പേരെ അഗ്നിക്കിരയാക്കി എന്റെ പുരയും നിങ്ങള്‍ കത്തിച്ചു, പാഠശാലയ്ക്കും നിങ്ങള്‍ തീവെച്ചു. നിങ്ങളുടെ മകള്‍ സേവന തല്‍പ്പരതയോടെ ആ പാഠശാലയില്‍ ജോലി നോക്കിയിരുന്നതും കൂടിയല്ലേ. അതിനെത്തന്നെ നിങ്ങള്‍ തീയെരിച്ചു. ഹാ... കഷ്ടം വിദ്യയുടെ മഹത്വം മനസ്സിലാക്കാത്ത വിദ്യാഹീനര്‍.
ഇവനെ പിടിച്ചു കൊണ്ടു വന്നതേ നാണക്കേടായിപ്പോയല്ലോ, എന്നവരോര്‍ക്കാതിരുന്നില്ല. പലരും പരസ്പരം കാതും ചുണ്ടും മുട്ടിയുരുമ്മി രഹസ്യം കൈമാറി. മിക്കവരും അവനെ കെട്ടിയിട്ടു മര്‍ദ്ദിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ ചിലര്‍ ശക്തമായി പ്രതികരിച്ചതി പ്രകാരമായിരുന്നു അതായത് വേലിയിലിരിക്കുന്ന പാമ്പിനെ തോളത്തെടുത്തിട്ടപോലെയാണിത്. അവന്‍ ഉന്നത നിലയില്‍ സ്വാധീനമുള്ളവനാണ് സൂക്ഷിക്കണം.
നീലകണ്ഠന്‍ നമ്പൂതിരിക്കു നാണക്കേടു കൊണ്ടു മസ്തിഷ്‌ക്ക പ്രക്ഷാളനമനുഭവപ്പെട്ടു.
നമ്പൂതിരിമാരല്ലാത്ത പിള്ളമാരായ ജന്മികള്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ചെയ്തികള്‍ എല്ലാവരും കേള്‍ക്കെ ഉച്ചരിച്ചതു ശ്രവിക്കുവാനിടയായതില്‍ അയാളെ അസ്വസ്തതയോടെയുള്ള വെറുപ്പോടു കൂടി വീക്ഷിച്ചു. പിന്നെ വിഷ്ണു നമ്പൂതിരിയേയും ശ്രദ്ധിച്ചു.
ഛേയ് - നാണക്കേടു തന്നെ ഒരു മാടമ്പി അടക്കം പറഞ്ഞു.
അയാളെ തൊട്ടുകളിക്കുന്നതു സൂക്ഷിച്ചു വേണം. രാജാവിന്റെ പ്രതിനിധിയാണ്. പട്ടാളം ഇളകി വന്നെന്നിരിക്കും, ഒരു ജന്മിയഭിപ്രായപ്പെട്ടു.
വിഷ്ണു നമ്പൂതിരി പറഞ്ഞു അയാളെ വിട്ടേക്കൂ. അയാള്‍ നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി നിര്‍വ്വഹരിച്ചവനാണ്. തിരിച്ചടി കിട്ടിയപ്പോള്‍ ഉന്നതന്റെ മനസ്സില്‍ മര്യാദ പൊട്ടിമുളച്ചു. അയാള്‍ ഉറക്കെ പ്രഖ്യാപിച്ചു. എടാ നിന്നെ നോം ചുമ്മാ വിട്ടിരിക്കുന്നു. നിനക്കു പോകാം ജീവന്‍ വേണേച്ചാ വേഗം പൊയ്‌ക്കോളൂ അല്ലെങ്കില്‍ നിന്നേയും നോം കാലപുരിക്കയക്കും.
പപ്പുമാനേജരെ നിരുപാധികം വിട്ടിരിക്കുന്നു. എന്നു കേള്‍ക്കേണ്ട താമസം അയാള്‍ സ്വന്തം തടി രക്ഷിക്കുവാന്‍ ദ്രുതഗതിയില്‍ നടന്നു വേലിക്കെട്ടുകള്‍ക്കു വെളിയില്‍ വന്നു. തറവാടും പരിസരവും താണ്ടി. ബഹുദൂരം സഞ്ചരിച്ചു.
ശരദദാസ്സ് പിടിക്കപ്പെട്ടെന്നും, അയാളെ മാടമ്പികള്‍ എങ്ങോ - ഒളിപ്പിച്ചിരിക്കുകയാണെന്നുമൊക്കെയുള്ള വാര്‍ത്ത പരന്നു.
ഇനിയിപ്പോളെന്താ ചെയ്യുക സ്വന്തം ശരീരം രക്ഷിച്ചു വന്നപ്പോള്‍ വേറെ കുരുക്കുകള്‍ നിറയേ കെട്ടു പിണഞ്ഞു കിടക്കുന്നു. ഉന്നതരുടെ ചട്ടമ്പികള്‍ കൊന്നു കൊലവിളിച്ചതില്‍ തന്റെ സന്തത സഹചാരികള്‍ക്കും ജീവന്‍ വെടിയേണ്ടി വന്നിരിക്കുന്നു. കൊച്ചു കുഞ്ഞുങ്ങളും സ്ത്രീകളും ചില ചെറുപ്പക്കാരും ബലിയാടായിരിക്കുന്നു.
ഗൗരിക്കുട്ടിയുടെ വീട്ടില്‍ ചെന്ന പപ്പുമാനേജര്‍ നേരിട്ടറിഞ്ഞു അതായത് അധികാരിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന്. കണ്ടന്‍ നാഗമ്പിള്ളയെ താനും കൂടി ചെന്നു കണ്ടു വസ്തുതകള്‍ വിശകലനം ചെയ്യുന്നതു നന്നായിരിക്കുമെന്നയാള്‍ ഓര്‍ക്കാതിരുന്നില്ല.
എങ്കിലും കുടിലെരിച്ച ഭാഗത്തു ചെന്നു കാണുവാനും ചിത്തരാജിനെ നേരില്‍ ദര്‍ശിക്കുവാനുമായി അയാള്‍ പുറപ്പെട്ടു. വിവരങ്ങള്‍ സുതാര്യതയായി അറിയുവാന്‍ അദ്ദേഹം വ്യാപൃതനായി.
പൊള്ളലേറ്റ ചിത്തരാജ്, മാടന്‍ കൂടാതെ പീഢനത്തിനിരയായ കോതപ്പെണ്ണ് മുതലായവരൊഴിച്ചെല്ലാവരും തീയേറ്റു മരിച്ചു.
കോതയെ പുല്‍പ്പുറത്തിട്ടു നായര്‍ ചട്ടമ്പികള്‍ ബലാത്സംഗം ചെയ്തു അവശയായിക്കിടന്നു ഞരങ്ങി മൂലി കൊണ്ടിരുന്ന അവളെ നാട്ടുകാര്‍ കണ്ടു പൊക്കിയെടുത്തു കൊണ്ടു വന്നു മരച്ചുവട്ടില്‍ കിടത്തി, ശുശ്രൂഷ നടത്തി ചില ക്രിസ്ത്യാനി പെണ്ണുങ്ങളും പറയരും അവര്‍ക്കഭയം നല്‍കി.
ചിത്തരാജിന് അത്യാഹിതത്തില്‍ പൊള്ളലേറ്റെങ്കിലും അവയൊക്കെ തൃണവല്‍ഗണിച്ച് എല്ലാ സഹായവും നിര്‍വ്വഹിച്ചു കൊണ്ടിരുന്നു. മാടന്‍ വ്യാകുലതയോടു കൂടി മക്കളുടെ സമീപത്തിരുന്നു പൊട്ടിക്കരഞ്ഞു. കോതപ്പെണ്ണിനെ പിടതച്ചു കൊണ്ടുപോയി മറപ്പുരയ്ക്കുള്ളിലിരുത്തി ദേഹമൊക്കെ കഴുകി വേറൊരു തുണി ഉടുപ്പിച്ചത് അയല്‍ക്കാരായ ക്രിസ്ത്യാനികളായിരുന്നു. അവരുടെ സഹതാപം കൊണ്ടവര്‍ കോതയെ അവരുടെ തന്നെ വീടിന്റെ വരാന്തയില്‍ കിടത്തി.
പപ്പുമാനേജര്‍ വന്നു കണ്ട രംഗം അതിഭീകരമായിരുന്നു. കുടിലുകള്‍ നിഷ്‌ക്കരും കത്തിച്ചു ചാമ്പലാക്കിയിരിക്കുന്നു. നിരവധി പേര്‍ അഗ്നിക്കിരയായി. ചക്കി മാണ്ട കൊച്ചൂട്ടി പിന്നെ കുട്ടികള്‍. കോതയെ പീഡിപ്പിച്ചിരിക്കുന്നു. ശരദദാസ്സിനെ ചട്ടമ്പികള്‍ പിടിച്ചു കൊണ്ടു പോയി. നിസ്സഹായനായ ചാത്തേന്‍ നിര്‍ജീവനായി ശവശരീരങ്ങളുടെ നടുവിലിരുന്നു അലമുറയിട്ടു കരഞ്ഞു കൊണ്ടിരിക്കുന്നു. ഒരാളെ മുതലാളിയുടെ വീട്ടില്‍ ചെന്നു വിവരമറിയിക്കുവാനയച്ചു.
പരമശിവന്‍ പിള്ളയും, അച്ചിയും, മകളും, പുരുഷന്‍ നായരും, പിന്നെ ഗൗരിക്കുട്ടിയും, മൈലന്‍ പിള്ളയും ഒക്കെ സംഭവം കേട്ടറിഞ്ഞു ഓടിയെത്തി, മുതലാളിയും അയാളുടെ വാല്യക്കാരും പാഞ്ഞെത്തി. മരിച്ചവരുടെ ശവശരീരം മറവു ചെയ്തു. വീടിന്റെ സ്ഥാനത്ത് ചെറിയൊരു കുടിലു നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. സംഭവബഹുലമായ അത്യാഹിതം ജന്മി മുതലാളിമാരുടെ അഴിഞ്ഞാട്ടത്തില്‍ ഇയാംപാറ്റ കണക്കു കരിഞ്ഞു വീണ മനുഷ്യര്‍.
പരമശിവന്‍ പിള്ളയും, പപ്പുമാനേജരും ഗൗരിക്കുട്ടിയും സംയമനം പാലിച്ചു അടങ്ങിയിരിക്കാതെ നടന്നു ചെന്നു അധികാരി കണ്ടന്‍ നാഗംപിള്ളയെചെന്നു കണ്ടു സങ്കടമുണര്‍ത്തിച്ചു.
നാമെല്ലാമറിഞ്ഞിരിക്കുന്നു, പക്ഷേ നിങ്ങളെപ്പോലെയുള്ളവരുടെ നേരിട്ടുള്ള പരാതിയെനിക്കു ലഭിക്കേണ്ടതു അത്യന്താപേക്ഷിതമാണ്.
ഭൂമി ലഭിച്ച പുലയരുടെയും, പറയരുടെയും, വേട്ടുവരുടെയും, ഒക്കെ കുടിലുകള്‍ മൊത്തം അഗ്നിക്കിരയാക്കി. കോതപ്പെണ്ണിനെ പീഢിപ്പിച്ചു. ഇട്യാദി മൂപ്പനും പൊള്ളലേറ്റു മരിച്ചു. കോലപ്പനേയും, ചെല്ലനേയും മര്‍ദ്ദിച്ചു കൊന്നു. കറമ്പന്റെ കുടുംബത്തിലുള്ള മിക്കവരും അഗ്നിക്കിരയായി കുടിലുകളും കത്തി നശിച്ചു. ശരദദാസ്സിനെ തട്ടിക്കൊണ്ടു പോയി. വധിച്ചോ ഇല്ലയോ എന്നറിയില്ല. പപ്പുമാനേജര്‍ വിവരങ്ങള്‍ നിരത്തിവച്ചു.
എന്നെയും അവരാണ് അപ്രതീക്ഷിതമായി പിടിച്ചു കൊണ്ടു പോയത്. കുറെയധികം നേരം വിചാരണ ചെയ്തു. അദ്ദേഹം അധികാരിയെ ബോദ്ധ്യപ്പെടുത്തി. മിക്ക ജന്മിമാരും അവിടെ ഉണ്ടായിരുന്നു. മുഖ്യമായും വിഷ്ണു നമ്പൂതിരിയും, സാവിത്രിയുടെ പിതാവായ നീലകണ്ഠന്‍ നമ്പൂതിരിയും കൂടിയാണീ കരുനീക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ഗൗരിക്കുട്ടിയുടെ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും അവിടെ സന്നിഹിതനായിരുന്നു. അവിചാരിതമായ ആക്രമാണവര്‍ നടത്തിയിരിക്കുന്നത്.
കണ്ടന്‍ നാഗമ്പി - ഏതായാലും നിങ്ങള്‍ പൊയ്‌ക്കൊള്ളൂ. തക്കതായ നടപടികള്‍ ഞാന്‍ സ്വീകരിച്ചു കൊള്ളാം. ഇതൊക്കെ മുതലാളിമാരുടെ അവസാനത്തിനാണ്. കാലം മാറിയതറിയാതെയുള്ള ചെയ്തികള്‍ കാലത്തിനൊത്തവര്‍ മാറുവാന്‍ തയ്യാറാകാത്ത പ്രവണത. അവരുടെയൊക്കെ ജാതി പീഡനങ്ങള്‍ക്ക് ഇതോടെ അറുതി വരുത്തും. 
പതിതവര്‍ഗ്ഗങ്ങള്‍ക്കു ഭൂമി സമ്പാദിക്കുവാനര്‍ഹതയില്ല ഉന്നതരുടെ പെണ്ണുങ്ങളെ ചട്ടപ്രകാരം പോലും സ്‌നേഹിച്ചു വിവാഹം ചെയ്യുവാന്‍ നിവര്‍ത്തിയില്ല.
പപ്പുമാനേജര്‍ - തമ്പുരാനെ എന്നെ പിടിച്ചു കൊണ്ടു പോയത് വിഷ്ണു നമ്പൂതിരിയുടെ ദിവംഗതയായ സഹോദരി സരോജിനി അന്തര്‍ജനത്തിന്റെ തെക്കിനിപ്പുരയിലാണ്. ശരദദാസ്സിനെ അവിടെയെങ്ങും കണ്ടതായെനിക്കറിയില്ല. എവിടേയ്ക്കാണ് കൊണ്ടു പോയിരിക്കുന്നതെന്ന് ഊഹിക്കുവാന്‍ പോലും നിവര്‍ത്തിയില്ല. അത്രയ്ക്കു ഗോപ്യമായിരുന്നവരുടെ നീക്കങ്ങള്‍. ഞാന്‍ ഒരു വിധം പണിപ്പെട്ടാണ് ജീവനും കൊണ്ടു രക്ഷപ്പെട്ടത്.
നിരാലംബരായ സാധു ജനങ്ങളില്‍ പൊള്ളലേറ്റവശ നിലയില്‍കിടന്നിരുന്നവര്‍ക്കു പപ്പുമാനേജര്‍ വൈദ്യരുടെ അടുത്തു നിന്നും കൊണ്ടു വന്ന മരുന്നുകള്‍ നല്‍കി.
മുതലാളിമാരില്‍ കനിവും സഹതാപവുമുള്ളവര്‍ അരിയും, തുണികളും കൊണ്ടു വന്നു ദാനം ചെയ്തു.
ഒരു ഗതിയുമില്ലാത്ത പാവങ്ങള്‍ കുടുംബത്തെ അവലംബമായ അംഗങ്ങള്‍ തീപ്പൊള്ളലില്‍ അവശനിലയിലായാല്‍ അല്‍പ്പം ചൂടുകഞ്ഞിയെങ്കിലും അനത്തിക്കുടിക്കുവാന്‍ കഴിവില്ലാതെ വ്യാകുലപ്പെട്ടു.
നിരര്‍ത്ഥകമായ ജാതിപീഡനം പതിതവര്‍ഗ്ഗങ്ങളെ ശോകഗര്‍ത്തത്തിലാഴ്ത്തി.
*********