"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഡോ.അംബേദ്ക്കറുടെ പദ്ധതി - 'രാഷ്ട്രീയാധികാരമാണ് എല്ലാ സാമൂഹ്യപുരോഗതി യുടേയും മുഖ്യതാക്കോല്‍' - ഡോ. സുരേഷ് മാനേ

തന്റെ ആദ്യരാഷ്ട്രീയനീക്കമെന്ന നിലയില്‍ 1919 ല്‍ സൗത്ത് ബറോ കമ്മറ്റിക്കു മുമ്പാകെ ബോംബെ പ്രവിശ്യയിലെ എല്ലാ അയിത്ത ജാതിക്കാരുടേയും പ്രശ്‌നങ്ങളെ ഡോ.അംബേദ്ക്കര്‍ അവതരിപ്പിച്ചു. മുന്‍കാലങ്ങളിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളില്‍ നിന്നും വ്യത്യസ്തമായി, അയിത്ത ജാതിക്കാരില്‍ നിന്നും ഗ്രൂപ്പ് പ്രതിനിധികളെ സൃഷ്ടിക്കുന്ന രീതിയെ അദ്ദേഹം നിരാകരിച്ചു. തെളിവുനല്‍കിയ വേളയില്‍ അദ്ദേഹം അതിശക്തമായി വാദിച്ചത്, അയിത്ത ജാതിക്കാരുടെ എല്ലാത്തരത്തിലുമുള്ള സാമൂഹ്യ ഇടപെടലു കളേയും ഹിന്ദുക്കള്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. സാമൂഹ്യവും മതപരവുമായ അവശതകളാല്‍ അവരെ മനുഷ്യരല്ലാതാക്കി ത്തീര്‍ത്തി രിക്കുകയാണ്. ലോകവ്യാപകമായി അംഗീകരിച്ചിട്ടുള്ള പൗരന്മാരുടെ അവകാശങ്ങളെ ഇവര്‍ക്കു നിഷേധിക്കുന്നതിലൂടെ ഇവരെ അടിമകളുടെ അവസ്ഥയിലേയ്ക്ക് തരംതാഴ്ത്തി യിരിക്കുകയാണ്.'തന്റെ മെമ്മോറാ ണ്ടത്തില്‍, മുസ്ലീങ്ങള്‍ക്കു അനുവദിച്ച സാമുദായിക പ്രാതിനിധ്യത്തെ പിന്‍താങ്ങുകയും എന്നാല്‍ അതേ അവകാശങ്ങള്‍ അയിത്തജാതിക്കാര്‍ക്കു നിഷേധിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ പദ്ധതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇംപീരിയല്‍ കൗണ്‍സിലിലേയ്ക്ക് അയിത്ത ജാതിക്കാരുടെ പ്രതിനിധികള്‍ ഇലക്ഷനിലൂടെ തെരെഞ്ഞെടുക്കുന്നതിനു പകരം നാമനിര്‍ദ്ദേശത്തിലൂടെ അവരെ ഉള്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ച ഡിപ്രസ്സ്ഡ് ക്ലാസ്സ് മിഷന്റെ നേതാവ് മി. വി.ആര്‍. ഷിന്‍ഡെയുടെ നിലപാടിനെ അദ്ദേഹം ശക്തിയായി എതിര്‍ത്തു.അതുപോലെ അദ്ദേഹം അയിത്തജാതിക്കാരനുഭവിക്കുന്ന സാമൂഹ്യ അവശതകളും തിന്മകളും രാഷ്ട്രീയ സ്ഥാപനങ്ങള്‍ വഴി പുനരാവര്‍ത്തി ക്കുകയോ ശാശ്വതീകരി ക്കുകയോ ചെയ്യാതിരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

ബോംബെ പ്രസിഡന്‍സിയിലെ അയിത്തജാതിക്കാരുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍, വേണ്ടത്ര ശക്തിയുള്ള ഒരു സമ്മതിദായക സമൂഹ ത്തിന്റെ രൂപീകരണത്തിന് ബോംബെ ലജിസ്‌ളേറ്റീവില്‍ വോട്ടവകാശമുള്ള 9 പ്രതിനിധികള്‍ വേണമെന്ന് ഡോ.അംബേദ്ക്കര്‍ ആവശ്യപ്പെ ട്ടു. പരമ്പരാഗതമായി ചെയ്തുവരുന്നതുപോലെ എല്ലാ ജാതികളേയും ഹിന്ദു എന്ന ഒറ്റ വിഭാഗത്തിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിനെ നിരാകരിച്ചുകൊണ്ട്, ഹിന്ദുക്കളുടെയിടയിലെ യഥാര്‍ത്ഥ സാമൂഹ്യ വിഭജന പ്രകാരം സ്പൃശ്യരായ ഹിന്ദുക്കളും അസ്പൃശ്യരായ ഹിന്ദുക്കളുമെന്ന രണ്ടു വിഭാഗങ്ങളായി തരംതിരിവുവേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭരണവര്‍ഗ്ഗത്തെ പ്രതിക്കൂട്ടിലാക്കി ക്കൊണ്ട് അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തി, 'അയിത്തജാതിക്കാരെ എല്ലായിപ്പോഴും ദയാവായ്പു കാട്ടേണ്ട വസ്തുക്കളായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. അവര്‍ക്ക് സംരക്ഷിക്കാന്‍ തക്കവിധം യാതൊരു താല്‍പര്യങ്ങളുമില്ല എന്ന മാനദണ്ഡത്തിനാല്‍ എല്ലാവരും അവരെ അവഗണിക്കുകയാണ്. പക്ഷേ ഇപ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ മഹത്തരമാണ്. ജപ്തിയില്‍ നിന്നും സംരക്ഷിക്കുവാന്‍ തക്കവിധം അവര്‍ക്ക് വമ്പിച്ച സമ്പത്തുണ്ടെന്നല്ല. യഥാര്‍ത്ഥത്തില്‍ അവരുടെ വ്യക്തിത്വം തന്നെ ജപ്തിചെയ്യപ്പെട്ട നിലയിലാണ്. സാമൂഹ്യവും മതപരവുമായ അവശതകള്‍ അയിത്ത ജാതിക്കാരെ മൃഗതുല്യരാക്കിയിരിക്കുന്നതിനാലും അവരുടെ താല്‍പര്യ ങ്ങളെ കുറ്റിയടിച്ചു വേര്‍തിരിച്ചിരിക്കുന്നതിനാലും ഇപ്പോഴവരുടെ താല്‍പര്യങ്ങള്‍ മനുഷ്യത്വത്തിന്റേതാണ്. മനുഷ്യത്വത്തിന്റേതായ പ്രാഥമിക താല്‍പര്യങ്ങള്‍ക്കു മുന്നില്‍ സമ്പത്തിന്റേതായ താല്‍പര്യങ്ങള്‍ പരിഗണനയര്‍ഹിക്കുന്നവയല്ല.''

ഡോ. അംബേദ്ക്കറുടെ ഈ പ്രമാണസാക്ഷ്യം വ്യത്യസ്തമായ കാരണ ങ്ങളാല്‍ ഒരു നാഴികക്കല്ലുതന്നെയാണ്. സാമൂഹിക വിമോചനത്തി നായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയദര്‍ശനത്തെ മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെ 1928 ഒക്‌ടോബര്‍ 23 ന് പ്രവിശ്യാ നിയമസഭകളേയും വോട്ടവകാശത്തേയും കുറിച്ച് സൈമണ്‍ കമ്മീഷന്‍ മുമ്പാകെ ഡോ. അംബേദ്ക്കര്‍ നല്‍കിയ തെളിവുകളില്‍ നമുക്കു കാണാന്‍ കഴിയും. വോട്ടവകാശം നല്‍കുന്നതിനുള്ള അത്യാവശ്യ യോഗ്യതയായി സമ്പത്തിനേയും വിദ്യാഭ്യാസയോഗ്യതയേയും കൊണ്ടു വരാന്‍ ശ്രമിച്ചവരില്‍ നിന്നും വ്യത്യസ്തനായി ഇവിടേയും ഡോ. അംബേദ്ക്കര്‍ നിലകൊണ്ടു.

1924 മുതല്‍ തന്നെ ഉയര്‍ന്നജാതിക്കാര്‍ക്കും താഴ്ന്നജാതിക്കാര്‍ക്കുമിടയില്‍ അന്നു നിലനിന്നിരുന്ന സാമൂഹ്യബന്ധങ്ങളെ പരിഷ്‌ക്കരിക്കുന്നതിനായി 1927 ലെ വാട്ടര്‍ ടാങ്ക് പ്രക്ഷോഭം, 1930 ലെ ക്ഷേത്ര പ്രവേശന പ്രക്ഷോഭം, 1938 ലെ ഭൂവുടമാ നിരോധന പ്രക്ഷോഭം തുടങ്ങിയ പോരാട്ടങ്ങളിലൂടെ അദ്ദേഹം നിരന്തരം തന്റെ ജനതയെ മുന്നോട്ടു കൊണ്ടുവരു വാന്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രട്ടീഷുകാര്‍ ഇന്ത്യയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു തിരികെ പോകാന്‍ തയ്യാറായപ്പോള്‍ത്തന്നെ അദ്ദേഹം ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായകമായ ആ വഴിത്തിരിവിനെ വിലയിരുത്തുകയും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ ഇരകള്‍ക്കായി രാഷ്ട്രീയാധികാരം നേടിയെടു ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ഉയര്‍ന്നജാതിക്കാരുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ അവരുടെ ചില രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കു
വേണ്ടിമാത്രമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭരണവര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങള്‍ അടിമജനതയെ ഭരിക്കുകയെന്ന സ്വാര്‍ത്ഥലക്ഷ്യം മാത്രമുള്ള പോരാട്ടങ്ങളാണെന്ന് അദ്ദേഹം വിലയിരുത്തി. അതുകൊണ്ടുതന്നെ ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും നയങ്ങളോട് അദ്ദേഹത്തിന് നിശിതമായ വിമര്‍ശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും തത്വശാസ്ത്രങ്ങളിലുടനീളം കോണ്‍ഗ്രസ്സിനെതിരായ നിലപാടുകളെ നമുക്ക് വ്യക്തമായും ഗ്രഹിക്കു വാന്‍ കഴിയും. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം മുന്നോക്കജാതിക്കാരുടെ കുഴലൂത്തുമാത്രമായിരുന്നതിനാലും, അത് പിന്നോക്കവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും നിലനില്‍പ്പിനുതന്നെയും ഹാനികരമായതിനാലും അതിനെതിരെ വിശാലമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാന്‍ ഡോ. അംബേദ്ക്കര്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി 1948 ഏപ്രില്‍ 25 ന് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ യോഗത്തില്‍ (അന്നദ്ദേഹം നെഹ്‌റു മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു) അദ്ദേഹം പറഞ്ഞു. 'പട്ടികജാതി ക്കാരും പിന്നോക്കവിഭാഗങ്ങളും ചേര്‍ന്നാല്‍ ഈ രാജ്യത്തെ ഭൂരിപക്ഷം ജനതയാകും. അങ്ങനെയാണെങ്കില്‍പ്പിന്നെ അവരൊത്തുചേര്‍ന്ന് ഈ രാജ്യം ഭരിക്കാതിരിക്കുന്നതിന് യാതൊരു കാരണവുമില്ല. ആകെക്കൂടി ആവശ്യമായിട്ടുള്ളത്, പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിച്ച് ഒരു സംയോജിതമായ ശ്രമത്തിലൂടെ നമ്മുടെ സ്വന്തം നിലയില്‍ രാഷ്ട്രീയാ ധികാരം കൈവശപ്പെടുത്തുകയെന്നതു മാത്രമാണ്. ജനങ്ങള്‍ക്കാകട്ടെ ഇതിനുവേണ്ടി ഉയര്‍ന്നുവരാനുള്ള ധൈര്യം കാണുന്നില്ല. കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് ലോകാവസാനം വരെയുണ്ടാകും എന്നൊരു വിശ്വാസത്തില്‍ അവര്‍ മുഴുകിയിരിക്കുകയാണ്. ഞാന്‍ പറയുന്നു ഇതൊരു മൂഢ വിശ്വാസമാണ്. ജനാധിപത്യസംവിധാനത്തില്‍ ഒരു ഗവണ്‍മെന്റും ശാശ്വതമല്ല. ഏറ്റവും വലിയ രണ്ടു കോണ്‍ഗ്രസ്സ് നേതാക്കളായ നെഹ്‌റുവും പട്ടേലും സ്ഥാപിച്ച ഗവണ്‍മെന്റുകളാണെങ്കില്‍ക്കൂടി. നിങ്ങള്‍ സംഘടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗവണ്‍മെന്റ് രൂപീകരി ക്കാന്‍ കഴിയും.''

ഈ ചരിത്രപ്രധാനമായ പ്രസംഗത്തില്‍ നിന്നും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുവാനുള്ള ഡോ. അംബേദ്ക്കറുടെ പദ്ധതി സുവ്യക്തമാണ്. സെന്‍ട്രല്‍ പ്രവിശ്യയിലെ അന്നത്തെ പ്രധാനിയായിരുന്ന ഗോവിന്ദ് വല്ലഭ് പാന്ത്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ഡോ. അംബേദ്ക്കറുടെ വാക്കുകളിലെ ശക്തിയും ഭാവവും ഭീഷണിയും തിരിച്ചറിഞ്ഞ് അസ്വസ്ഥരായി. അതിനെത്തുടര്‍ന്ന് ഏപ്രില്‍ 27 ന് പ്രധാനമന്ത്രി നെഹ്‌റു തന്നെ, പട്ടികജാതിക്കാരെ കോണ്‍ഗ്രസ്സിനെതിരെ കുത്തിപ്പൊക്കുകയാണ് അംബേദ്ക്കര്‍ ചെയ്യുന്നതെന്നു കുറ്റപ്പെടുത്തി ക്കൊണ്ട് ഡോ. അംബേദ്ക്കര്‍ക്കു കത്തെഴുതി. പിറ്റേദിവസം തന്നെ നല്‍കിയ തന്റെ യുക്തിഭദ്രവും നീതിയുക്തവുമായ മറുപടിയില്‍ ഡോ. അംബേദ്ക്കര്‍ ഇങ്ങനെ പ്രസ്താവിച്ചു.7

1. ഞാന്‍ കോണ്‍ഗ്രസ്സിന്റെ ഒരു എതിരാളിയും വിമര്‍ശകനുമാണെന്നത് സത്യമാണ്.
2. ഇനിമുതല്‍ രണ്ടു കക്ഷികള്‍ ഉണ്ടാകും. കോണ്‍ഗ്രസ്സും സോഷ്യലിസ്‌റ്‌റുകളും. പട്ടികജാതിക്കാരോടുള്ള എന്റെ ഉപദേശം എന്താണെന്നാല്‍, അവര്‍ മൂന്നാമതൊരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടതുണ്ട്. തല്‍ഫലമായി അവര്‍ക്ക് ഒരു തുലനശക്തിയായി മാറാനും അതിന്റെ ഫലമായി വിലപേശാനുള്ള ശക്തി കൈവരികയും ചെയ്യും. പിന്നാലെ നടക്കുന്ന വെറും വാലുകളായി മാത്രം നിലനില്‍ക്കാന്‍ വേണ്ടി ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതിലര്‍ഥമില്ല. അങ്ങനെ ചേരുന്നവര്‍ക്ക് അഥവാ എന്തെങ്കിലും ലഭിക്കുന്നുവെങ്കില്‍ത്തന്നെ അത് ഇരിക്കാനൊരു ഓഫീസ് മുറിമാത്രമായിരിക്കും. ഒരിക്കലും അധികാരം കൈവരില്ല.
3. പട്ടികജാതിക്കാര്‍ക്കിടയിലും പിന്നോക്കവിഭാഗക്കാര്‍ക്കിടയിലുമായി മിശ്രഭോജനവും മിശ്രവിവാഹവും നടപ്പിലാക്കുന്നതില്‍ ഞാന്‍ തീര്‍ത്തും ഉല്‍സാഹമുള്ളവനല്ല. അവര്‍ വ്യത്യസ്തമായ സാമൂഹ്യവിഭാഗങ്ങളായി നിലനിന്നോട്ടെ. പക്ഷെ എന്തുകൊണ്ടവര്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിനായി പൊതുവായ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കീഴില്‍ ഒന്നിച്ചുകൂടാ. അവര്‍ ഒന്നിക്കാതിരിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.
4. പട്ടികജാതിക്കാരും പിന്നോക്കക്കാരും ചേര്‍ന്നാല്‍ ഈ രാജ്യത്തെ ഭൂരിപക്ഷം ജനതയാകും. പിന്നെ എന്തുകൊണ്ട് അവര്‍ ഈ രാജ്യം ഭരിക്കുന്നില്ലായെന്നതിന് യാതൊരു ന്യായീകരണവുമില്ല.
5. എനിക്ക് ഗവണ്‍മെന്റുമായി വ്യക്തമായ നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ക്കൂടി, മന്ത്രിസഭയുടെ ഉത്തരവാദിത്വം പരിപാലിക്കുന്നതിനായി ഞാന്‍ പത്രമാധ്യമങ്ങള്‍ക്കോ, പൊതുജന മധ്യത്തിലോ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ല. 

ഡോ. അംബേദ്ക്കര്‍ നെഹ്‌റുവിനു നല്‍കിയ ഈ മറുപടി, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുഖത്തേറ്റ ഒരു ചെരിപ്പടിയായിരുന്നു. എന്തുകൊണ്ടെന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ തെറ്റിദ്ധരിച്ചത് കോണ്‍ഗ്രസ്സിനുമുന്നില്‍ ഡോ. അംബേദ്ക്കര്‍ തലകുനിക്കുമെന്നായിരുന്നു. കോണ്‍ഗ്രസ്സെന്നും സോഷ്യലിസ്റ്റു കളെന്നുമുള്ള പേരില്‍ രാഷ്ട്രീയമായ മുന്‍തൂക്കം നേടാനുള്ള പ്രബലജാതി ക്കാരുടെ നീക്കത്തെ എതിര്‍ക്കാനായി എല്ലാ പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളേയും സംഘടിപ്പിക്കുവാനുള്ള തന്റെ പദ്ധതിയില്‍ ഡോ.അം ബേദ്ക്കര്‍ അപാരമായ സത്യസന്ധതയും കൃത്യതയും പുലര്‍ത്തി. പിന്നേക്ക മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികാരം പിടിച്ചെടുക്കാനായി അദ്ദേഹം വിഭാവനം ചെയ്ത സമഗ്രമായ പദ്ധതി നാം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. അവ കാലാനുസാരിയായി നമുക്ക് ഇങ്ങനെ വര്‍ഗ്ഗീകരിക്കാം.

1. 1930 -32 ലെ വട്ടമേശ സമ്മേളനങ്ങളില്‍ വമ്പിച്ച പോരാട്ടം കാഴ്ച വച്ചുകൊണ്ട് ഡോ. അംബേദ്ക്കര്‍ അയിത്തജാതിക്കാര്‍ക്ക് ബ്രിട്ടീഷുകാരില്‍ നിന്നും ഇരട്ട വോട്ടവകാശവും പ്രത്യേക നിയോജക മണ്ഡലങ്ങളും നേടിയെടുത്തു. എന്നാല്‍ ഈ അവകാശങ്ങള്‍ ഗാന്ധിയുടെ ഭീഷണിനിറഞ്ഞ ഉപവാസം കാരണം പൂനാ ഉടമ്പടിയിലൂടെ (1932 സെപ്റ്റംബര്‍ 24) ഉപേക്ഷിക്കേണ്ടിവന്നു. സംയുക്തസമ്മതിദാന സമ്പ്രദായത്തിലൂടെ പിന്നോ ക്കജനവിഭാഗങ്ങളില്‍ നിന്നും ഏതാനും പാദസേവകരെ സൃഷ്ടിച്ചെടുക്കു ന്നതില്‍ ഗാന്ധിയും കോണ്‍ഗ്രസ്സും വിജയിച്ചു. അതുകൊണ്ടു തന്നെ സംയുക്തസമ്മതിദാന സമ്പ്രദായം റദ്ദുചെയ്യുവാനും പ്രത്യേക സമ്മതിദാനാ വകാശം പുനസ്ഥാപിക്കുന്നതിലൂടെ പിന്നോക്കജനവിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രാതിനിധ്യം ഉറപ്പുവരുത്തുവാനും സാധ്യമായ എല്ലാ പരിശ്രമ ങ്ങളും ഡോ.അംബേദ്ക്കര്‍ കൈക്കൊണ്ടു.
2. രണ്ടാമതായി അദ്ദേഹം തിരിച്ചറിഞ്ഞത്, സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിക്കപ്പെടാന്‍ പോകുന്നത് ജനാധിപത്യസംവിധാനത്തിലൂടെയായിരിക്കുമെങ്കിലും പക്ഷെ അതൊരിക്കലും ജനാധിപത്യപരമായ ഒരു ഭൂരിപക്ഷത്തിനാലായിരിക്കുകയില്ല, മറിച്ച് സാമുദായികമായ മുന്‍തൂക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
3. 1932 സെപ്റ്റംബര്‍ 5 ന് ബോംബെയിലെ വൈ.എം.സി.എ ഗ്രൗണ്ടില്‍ വച്ചു നടന്ന പൊതുയോഗത്തില്‍ അദ്ദേഹം തന്റെ അനുയായികളോടു പറഞ്ഞു, നമ്മുടെ പോരാട്ടം രാഷ്ട്രീയാധികാരത്തിനുവേണ്ടിയും ബ്രാഹ്മണിസത്തിന്റെ നരകങ്ങളില്‍ നിന്ന് നമ്മുടെ സഹോദരരെ വിമോചിപ്പിക്കാന്‍ വേണ്ടിയുമാണ്.'
4. 1936 മാര്‍ച്ച് 29 ന് മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന യോഗത്തില്‍ വച്ച് അദ്ദേഹം രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിനായി, വോട്ടുചെയ്യുവാനുള്ള അവരുടെ അവകാശത്തെപ്പറ്റിയും അതുപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു. കൂടാതെ നിസ്സാരമായ തുകയ്ക്കുവേണ്ടി തങ്ങളുടെ വോട്ടുകള്‍ വില്‍ക്കുന്നതിലൂടെ കഴിവുകുറഞ്ഞവരും സത്യസന്ധരല്ലാത്തവരുമായ പ്രതിനിധികള്‍ തെരെഞ്ഞെടുക്കപ്പെടുന്നതിനെതിരെ കരുതിയിരിക്കാന്‍ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. അത്യധികം ആധികാരികത നിറഞ്ഞ തന്റെ വാക്കുകളാല്‍ അദ്ദേഹം പറഞ്ഞത് വോട്ടുകള്‍ വില്‍ക്കുന്നത് ഒരു കുറ്റകൃത്യമാണെന്നുമാത്രമല്ല, അത് സ്വയം നശിപ്പിക്കുന്ന ഒരു പ്രവര്‍ത്തികൂടിയാണ്.
5. 1932 മേയ് 7-8 ന് പഞ്ചാബ്, സെന്‍ട്രല്‍ പ്രോവിന്‍സ്, ബംഗാള്‍, ബീഹാര്‍, ഒറീസ്സ, മദ്രാസ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആള്‍ ഇന്ത്യാ ദലിത് കോണ്‍ഫറന്‍സില്‍ വച്ച് ദലിതര്‍ക്ക് രാഷ്ട്രീയാധികാരത്തിന്റെ അത്യാവശ്യമുണ്ടെന്ന ഒരു പ്രമേയം പാസാക്കുകയുണ്ടായി. കൂടാതെ അത് പ്രഖ്യാപിച്ചത്, എത്രകാലം അവര്‍ അധികാരരഹിതരായി കഴിയുമോ അത്രയും കാലം അവര്‍ക്ക് അയിത്തത്തിന്റെ കോട്ടകളെ തകര്‍ക്കാനുമാവില്ലയെന്നാണ്. ഈ സമ്മേളനത്തിന്റെ മുഖ്യാതിഥിയും നായകശക്തിയും ഡോ.അംബേദ്ക്കറായിരുന്നു.
6. 1944 സെപ്റ്റംബര്‍ 24 ന് മദ്രാസ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മദ്രാസിലെ മെമ്മോറിയല്‍ ഹാളില്‍ എന്‍.ശിവരാജിന്റെ അധ്യക്ഷതയില്‍ ഒരു വമ്പിച്ച പൊതു സമ്മേളനം നടന്നു. ആ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഡോ.അംബേദ്ക്കര്‍ തന്റെ ജനങ്ങളോട് അവരുടെ പോരാട്ടത്തിന്റെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കിയിരിക്കണമെന്ന് ആഹ്വാനം നല്‍കി. അദ്ദേഹം പറ ഞ്ഞു.''നമ്മുടെ ആത്യന്തിക ലക്ഷ്യം മനസ്സിലാക്കുക. നമ്മുടെ ആത്യന്തിക ലക്ഷ്യം ഈ രാജ്യത്തിന്റെ ഭരണാധി കാരികളായി മാറിത്തീരുകയെന്നതാണ്. ഇക്കാര്യം നിങ്ങളോരോരുത്തരും മനസ്സില്‍ സൂക്ഷിച്ചിരിക്കണം. നിസ്സാരമായ ചില നേട്ടങ്ങള്‍ക്കോ ചില സര്‍ക്കാര്‍ ജോലികള്‍ക്കോ ചില്ലറ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയോ അല്ല നമ്മുടെ പോരാട്ടം. നമ്മുടെ ആത്യന്തിക ലക്ഷ്യം ഭരണാധികാരികളായി മാറുകയെന്നതാണ്. അതോടൊപ്പം തന്നെ അതിനുവേണ്ടി നമ്മുടെ ഭാഗത്തുനിന്നും എന്തുമാത്രം പരിശ്രമം വേണ്ടിവരുമെന്നുള്ളകാര്യവും നാം മനസ്സിലാക്കിയിരിക്കുകതന്നെ വേണം.''
7. 1945 ഒക്‌ടോബര്‍ 2 മുതല്‍ 4 വരെ പൂനയില്‍ നടന്ന ആള്‍ ഇന്ത്യാ എസ്.സി. ഫെഡറേഷന്റെ വര്‍ക്കിംഗ് കമ്മറ്റി മീറ്റിംഗില്‍ രാഷ്ട്രീയാ ധികാരം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ ഡോ. അംബേദ്ക്കര്‍ വീണ്ടും ഊന്നിപ്പറഞ്ഞു. 'നൂറ്റാണ്ടുകളായി നാമനുഭവിക്കുന്ന ദുരിത ങ്ങളുടെ പ്രാഥമിക കാരണം നമ്മില്‍ നിന്നും അധികാരം അപഹരി ക്കപ്പെട്ടതാണ്. നാമത് തിരികെ പിടിക്കുകതന്നെവേണം. അതിന്റെ അഭാവത്തില്‍ നമുക്ക് നമ്മുടെ ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ കഴിയില്ല. രാഷ്ട്രീയം പട്ടികജാതിക്കാരുടെ ജീവരക്തമാവണം.''
8. 1949 നവംബര്‍ 29, 30 തീയതികളില്‍ അഹമ്മദാബാദില്‍ വച്ചു നടന്ന ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ സമ്മേളനത്തില്‍ വച്ച് ഡോ.അം ബേദ്ക്കര്‍ ഗാന്ധിയുടെ നയങ്ങളെ അതിശക്തമായി വിമര്‍ശിക്കുകയും സ്വന്തം നേതാക്കളെ മാത്രം തെരെഞ്ഞെടുക്കുവാന്‍ തന്റെ അനുയായി കളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
9. ഡോ.അംബേദ്ക്കര്‍ കേന്ദ്ര നിയമ മന്ത്രിയായിരിക്കെ, 1948 നവംബര്‍ 25 ന് ലക്‌നൗവ്വില്‍ വച്ചു നടന്ന ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ സമ്മേളനത്തില്‍ വച്ച്, രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നോക്ക-മതന്യൂനപക്ഷങ്ങളുടെ സംയുക്തവും വിശാലാടിത്തറയിലുള്ളതുമായ ഒരു സംഖ്യം എന്തുവിലകൊടുത്തും രൂപപ്പെടുത്തിയെടുക്കുവാന്‍ ആഹ്വാനം നല്‍കി. ഇതേ പ്രസംഗത്തില്‍ ത്തന്നെ അദ്ദേഹം ജനങ്ങളോട് തുടര്‍ന്ന് വ്യക്തമാക്കിയത്, അവര്‍ മിശ്ര വിവാഹമോ മിശ്രഭോജനമോ ചെയ്യണമെന്നല്ല, മറിച്ച് ഭരണഘട നാദത്തമായ അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി, നെഹ്‌റുവിനേയും പട്ടേലിനേയും ഇളിഭ്യരും ആശങ്കാകുലരുമാ ക്കത്തക്കവിധം കോണ്‍ഗ്രസ്സിനും മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബദലായ ഒരു രാഷ്ട്രീയകൂട്ടായ്മയ്ക്കായി ഒത്തുചേരണമെന്നാണ്.
10. 1951-52 ലെ ഒന്നാമത്തെ പൊതു തെരെഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സിനെ എതിര്‍ക്കാനായി വിശാലാടിത്തറയുള്ള ശക്തമായ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഡോ.അംബേദ്ക്കര്‍ തീരുമാനിച്ചു. സമാനമനസ്‌ക്കരായ വ്യക്തികളുമായി ഇക്കാര്യത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.8 തുടര്‍ന്ന് 1956 സെപ്റ്റംബര്‍ 30ന് ന്യൂഡല്‍ഹിയിലുള്ള തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കു ബദലായി ഫലപ്രദമായ പങ്കുവഹിക്കുവാന്‍ വേണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യ എന്നപേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാനും അതിനുവേണ്ടി ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പിരിച്ചുവിടാനും ആ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ഈ തീരുമാനമടങ്ങിയ പ്രഖ്യാപനം 1956 ഒക്‌ടോബര്‍ 13 ന് നാഗ്പൂരില്‍ വച്ചു നടന്ന പത്രസമ്മേളനത്തില്‍ വച്ച് ഡോ. അംബേദ്ക്കര്‍ തന്നെയാണ് പുറത്തുവിട്ടത്.

ഇത്തരത്തിലുള്ള എല്ലാ പ്രധാനപരിണാമങ്ങളില്‍ നിന്നും ഡോ.അം ബേദ്ക്കറുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള മറ്റനവധി രേഖകളില്‍ നിന്നും നമുക്ക് വളരെ വ്യക്തമാവുന്നത് തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ അദ്ദേഹം രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ വിഷയങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. പിന്നോക്കം തള്ളപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളുടെ വിധി, അവര്‍ അധികാരത്തില്‍ പങ്കാളികളാകാ ത്തിടത്തോളം കാലം മാറില്ലെന്ന് അദ്ദേഹം ഉറപ്പായും വിശ്വസിച്ചു. തുടര്‍ന്ന് എല്ലാത്തരത്തിലുമുള്ള സാമൂഹ്യപുരോഗതിയ്ക്കായി രാഷ്ട്രീയാ ധികാരം പിടിച്ചെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം നിരന്തരമായി സംസാരിച്ചു. തന്റെ ജീവിതത്തിന്റെ അന്ത്യനാളുകളില്‍ പട്ടികജാതി-വര്‍ഗ്ഗ-പിന്നോക്കജനവിഭാഗങ്ങളെ മാത്രമല്ല, ബ്രാഹ്മണ്യ വ്യവസ്ഥിതിയിലൂടെ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയരായ മതന്യൂനപക്ഷങ്ങളേയും ഒറ്റക്കൊടിക്കീഴില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ഗൗരവകരമായ പരിശ്രമങ്ങള്‍ നടത്തി. ബ്രാഹ്മണ്യ സാമൂഹ്യ വ്യവസ്ഥി തിയുടെ ഇരകള്‍ക്ക് എതിരാളിയുടെ അധികാരത്തെ നശിപ്പിക്കാന്‍ ശക്തമായ രാഷ്ട്രീയാധികാരം അത്യന്താപേക്ഷിതമാണെന്നും ആത്യന്തി കമായി ഒരാളുടെ താല്‍പര്യങ്ങള്‍ക്കുമേല്‍ മറ്റൊരാളിന്റെ താല്‍പര്യങ്ങള്‍ അധീശത്വം ചെലുത്തുന്നത് അധികാരം കാര ണം മാത്രമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാനമായ വാദഗതി. കൂടാതെ അദ്ദേഹത്തിന് ഉറച്ചവിശ്വാസമുണ്ടായിരുന്ന മറ്റൊരു കാര്യം പുതിയൊരു സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിക്കായി രാഷ്ട്രീയാധികാരം സമ്പൂര്‍ണ്ണമായും അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ ഭരണാധികാരികള്‍ക്കു മാത്രമേ ഒരു പുതിയ ജാതിരഹിത സമൂഹം സൃഷ്ടിക്കുവാന്‍ കഴിയൂ.