"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

കടലിന്റെ മക്കള്‍ - ദളിത്‌ ബന്ധു എന്‍ കെ ജോസ്

ടിപ്പു 
കേരളത്തിലെ ജനങ്ങളെ പഠനസൗകര്യത്തിനുവേണ്ടി തിരിക്കണമെങ്കില്‍ അവരെ തിരിക്കേണ്ടത് കടലിന്റെ മക്കളെന്നും കാടിന്റെ മക്കളെന്നുമാണ്. കാടിന്റെ മക്കള്‍ വലിയ അദ്ധ്വാനം കൂടാതെ ജീവിച്ചു. അതില്‍ തന്നെ കൂടുതല്‍ അദ്ധ്വാനം വേണ്ടതായ വേട്ടയാടലും മറ്റും കേരളത്തിന്റെ കാടുകളില്‍ താരതമ്യേന കുറവായിരുന്നു. ഇവിടെ ഒരു ദുഷ്യന്തനും വേട്ടയാടാന്‍ പോയി ഒരു ശകുന്തളയെയും കണ്ടെത്തി യില്ല. ഇവിടത്തെ കാടുകള്‍ നിബിഢവന പ്രദേശങ്ങളാ യിരുന്നു. പിന്നീട് അവയെ വെട്ടിത്തെളി ക്കാന്‍ മാത്രം ഉപകരിച്ചു. കാടിന്റെ മക്കളില്‍ നിന്നും നാഗരികത യില്‍ ഉയര്‍ന്ന വര്‍ഗ്ഗങ്ങളായി പിന്നീട് രൂപംകൊണ്ട ഈഴവര്‍, നായന്‍മാര്‍ തുടങ്ങിയവര്‍ പോലും ചരിത്രകാലത്ത്, പ്രത്യേകിച്ച് പോര്‍ട്ടുഗീസു് ആധിപത്യകാലത്തും അതിനുശേഷവുമായി, ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്ന കാലത്ത് കഴിഞ്ഞിരുന്ന ജീവിതരീതി പരിശോധിച്ചാല്‍ അദ്ധ്വാനിച്ച് ജീവിതം ശ്രേയസ്‌കരമാക്കാന്‍ താല്‍പര്യമുള്ളവരായിരു ന്നില്ല എന്ന് കാണുവാന്‍ കഴിയും. കഴിയുന്നിടത്തോളം അലസരായി കഴിയുക എന്നതാണ് അവരുടെ ജീവിതലക്ഷ്യം. ഒരു പക്ഷേ ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയായിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചത്. 

പുലയരെക്കൊണ്ട് സ്വല്‍പം നെല്‍കൃഷി നടത്തിച്ചും അതില്‍ നിന്നും ലഭിക്കുന്നതിന്റെ മുക്കാലേ അരയ്ക്കാലും കൈവശപ്പെടുത്തി ജീവിക്കുന്ന ബ്രാഹ്മണസമൂഹവും, വയലില്‍ പണി എടുത്ത് നെല്ലുണ്ടാക്കി അത് തമ്പുരാന്‍മാര്‍ക്ക് കൊടുത്തിട്ട് താളും തകരയും കിഴങ്ങുകളും കഴിച്ചു ജീവിക്കുന്ന അവര്‍ണ്ണ-ദലിത് ജനതയും എന്നതായിരുന്നു അന്നത്തെ കേരളത്തിലെ കാടിന്റെ മക്കളുടെ മുഖമുദ്ര. അതാണ് സ്വയം പര്യാപ്തമെന്ന് അവകാശപ്പെട്ടിരുന്ന ഗ്രാമങ്ങളുടെ തുറുപ്പുചീട്ട്. ജോലി ഒന്നും ചെയ്യാത്തവര്‍ക്കായിരുന്നു ഇവിടെ സമൂഹത്തില്‍ ഉന്നതസ്ഥാനം. ഒരു ജോലിയും ചെയ്യാത്ത സന്യാസിമാരും പൂജാരിമാരുമാണ് ഏറ്റവും പൂജ്യര്‍. അദ്ധ്വാനം ഏറെ ഹീനമായി കരുതിപ്പോന്ന ഒരു സംസ്‌കാരമാണ് ഇവിടെ വളര്‍ത്തിയെടുത്തത്. ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരെ വഞ്ചിച്ചും ആക്രമിച്ചും ചൂഷണം ചെയ്തും മെയ് അനങ്ങാതെ ജീവിക്കാന്‍ ശ്രമിക്കുക എന്നത് അതിന്റെ ബാക്കിയാണ്. കേരള സമൂഹത്തിലെ എല്ലാ ചൂഷണങ്ങളുടെയും ഉത്ഭവം. ആര്യ ബ്രാഹ്മണര്‍ വന്നു കാടിന്റെ മക്കളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു വളര്‍ത്തി എടുത്തതാണ് ആ സംസ്‌കാരം. അദ്ധ്വാനം നിഷിദ്ധമാണെന്ന സംസ്‌കാരം കേരളത്തിന്റെ സര്‍വ്വനാശത്തിനും കാരണമായി. ഇന്നും അതാണ് തുടര്‍ന്നു പോരുന്നത്. അരിയും ഭക്ഷണസാധനങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിക്കഴിക്കുന്ന സംസ്‌കാരം. രണ്ടാം ലോകമഹായുദ്ധകാലത്ത് കയറിനും കയര്‍ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചപ്പോഴാണ് കേരളത്തിലെ ഈഴവര്‍ ദിവസം ഒരു നേരം ചോറ് ഉണ്ണുവാന്‍ തുടങ്ങിയത് എന്ന് ഡോ. റോബിന്‍ ജെഫ്രി 'നായര്‍ മേധാവിത്വത്തിന്റെ പതനം' എന്ന കൃതിയില്‍ പറയുന്നു.1 അതിനു മുമ്പ് ഓണത്തിന് ഒന്നോ രണ്ടോ ദിവസം മാത്രമാണ് അവര്‍ ചോറ് കഴിച്ചിരുന്നത്. ബാക്കി എല്ലാ ദിവസങ്ങളിലും കഞ്ഞിയാണ് ആഹരിച്ചിരുന്നത്.

2 കേരളത്തിലെ ഇന്നത്തെ ക്രൈസ്തവരുടെ പൂര്‍വികര്‍ മതപരിവര്‍ത്തനം നടത്തിയ മുക്കുവരാണ് എന്നു പറഞ്ഞുവല്ലോ. സാമ്പത്തികരംഗത്തെ ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും അഭിവൃദ്ധിയുടെ കാരണം അവരുടെ സംസ്‌കാരം കടലിന്റെ മക്കളുടെ സംസ്‌കാരമായിരുന്നു എന്നതാണ്; അധ്വാനത്തിന്റെ സംസ്‌കാരം. വിദേശത്ത് നിന്നും വന്നുകൊണ്ടിരുന്ന വ്യാപാരികളില്‍ ഒരു നല്ലപങ്ക് ഒരു കാലത്ത് ക്രൈസ്തവരായിരുന്നു. റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന കാലത്തു് പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ അവര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. മറിച്ച് കോണ്‍സ്റ്റന്‍ന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ മറിച്ചും ആയി. പിന്നെ അധികം താമസിയാതെ നബിയുടെ ജനനവും സംഭവിച്ചു. ആക്കാല ത്തെല്ലാം പേര്‍ഷ്യയില്‍ നിന്നും വന്നിരുന്ന വ്യാപാരികളില്‍ നല്ലൊരു ഭാഗം ക്രൈസ്തവ രായിരുന്നു. ഹിപ്പാലസിന്റെ കാലവര്‍ഷക്കാറ്റിന് അനുസരിച്ച് ഒരു സീസണില്‍ ഇവിടെ വന്നുകൊണ്ടിരുന്ന നൂറുനൂറ്റിയന്‍പ തോളം കപ്പലുകള്‍ക്ക് ആവശ്യമായ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജന ങ്ങളും ഒരുമിച്ച് ലഭിക്കുക അന്ന് ദുഷ്‌കരമായിരുന്നു. ജൂണ്‍, ജൂലൈ മാസത്തെ കാറ്റിന്റെ ഗതി അനുസരിച്ച് ഇവിടെ എത്തിയിരുന്ന ആ കപ്പലുകള്‍ക്ക് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കാറ്റിന്റെ ഗതി അനുസരിച്ച് തിരികെ പോകേണ്ടതുണ്ടായിരുന്നു. ആ കാലത്തിനിടക്ക് ലഭിക്കുന്ന കുരുമുളകും മറ്റുമായി ഏതാനും കപ്പലുകള്‍ പോകും. ബാക്കി കപ്പലുകള്‍ ഇവിടെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിക്കാനായി തങ്ങും.2 അവര്‍ പോകുന്നത് പിന്നെ പിറ്റേ വര്‍ഷത്തെ കാറ്റിനെ ആശ്രയിച്ചാണ്. ആ കാലത്തിനിടയ്ക്ക് അവര്‍ക്ക് നാട്ടുകാരുമായി ഇടപെടേണ്ടി വരും.

45 ദിവസത്തെ നീണ്ട കടല്‍യാത്ര നടത്തി ആഫ്രിക്കയുടെ കിഴക്കേ തീരത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരുന്ന കപ്പലുകളില്‍ ചിലതിനെങ്കിലും യാത്രയില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാം. അവയെ കേടുപാടുകള്‍ നീക്കി യാത്രക്കുപയുക്തമാക്കണമെങ്കില്‍ നാട്ടുകാരുടെ സഹായം വേണം.

3 അന്ന് അവര്‍ക്ക് ഇടപെടാവുന്ന നാട്ടുകാര്‍ കിഴക്കന്‍ മലകളില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ചു കടല്‍ത്തീരത്തു കപ്പലുക ളില്‍
എത്തിച്ചുകൊണ്ടിരുന്ന മുക്കുവരാണ്. വള്ളത്തിലും വെള്ളത്തിലും പരിചയമുള്ള മുക്കുവരാണ് ആ ജോലി നിര്‍വഹിച്ചിരുന്നത്. അന്ന് ഗതാഗതവും ചരക്കുനീക്കവും നടത്തുവാന്‍ മുമ്പു സൂചിപ്പിച്ചതുപോലെ കേരളത്തില്‍ നദികള്‍ മാത്രമാണ് ആശ്രയം. കുതിര, കഴുത തുടങ്ങിയ ചുമട്ടുമൃഗങ്ങളൊന്നും അന്നിവിടെ ഉണ്ടായിരുന്നില്ല. കാളവണ്ടികള്‍ കണ്ടുപിടിച്ചത് പിന്നേയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. റോഡ് ഇവിടെ ഉണ്ടാകുന്നത് മലബാറില്‍ ടിപ്പു സുല്‍ത്താന്റെ കാലത്തും തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുമാണ്. അതുതന്നെ സൈന്യത്തിന്റെ നീക്കത്തിനു വേണ്ടിയായിരുന്നു. അങ്ങനെ വള്ളത്തിലും വെള്ളത്തിലും പരിചയമുള്ള മുക്കുവരും കപ്പലിലെ ജോലിക്കാരുമായി വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമ്പര്‍ക്കത്തിന്റെ ഫലമായി അവരുടെ ആചാരങ്ങളില്‍ ചിലത് ഈ നാട്ടുകാരും അനുകരിച്ചു. അങ്ങനെ അനുകരിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ക്രൈസ്തവരുണ്ടായത്.3 അതുതന്നെയാണ് പിന്നീട് വന്ന ഇസ്‌ലാമിന്റെ കഥയും. നമ്പൂതിരി മാനസാന്തരപ്പെട്ട് ക്രൈസ്തവരുണ്ടായി എന്നതെല്ലാം വെറും കെട്ടുകഥകളാണ്. ഏതായാലും നമ്പൂതിരിയുടെ ആഗമനത്തിനു മുമ്പു തന്നെ ക്രൈസ്തവര്‍ക്കിവിടെ അസ്തിത്വം ഉണ്ടായിരുന്നു. കുലശേഖരന്‍മാരുടെ കാലത്തും അതിനു ശേഷവുമാണ് നമ്പൂതിരിക്ക് ഇവിടെ ആധിപത്യം ലഭിച്ചത്. അതിനു മുമ്പത്തെ അജ്ഞാതകാല ത്താണ് അവരുടെ ഇവിടേക്കുള്ള ആഗമനം സംഭവിച്ചത്. അവര്‍ക്കിവിടെ ആധിപത്യം ലഭിച്ചതിനുശേഷം ദുര്‍ നടപടികളുടേയും മറ്റും പേരില്‍ ഇവിടെ പടിയടച്ചു പിണ്ഡംവച്ചു സമുദായഭ്രഷ്ടരാക്കപ്പെട്ട അപൂര്‍വ്വം ചില നമ്പൂതിരി സ്ത്രീകള്‍ ക്രൈസ്തവസമുദായത്തില്‍ ചേര്‍ന്നിരിക്കാം. ഉദാഹരണം 1905-ലെ പ്രസിദ്ധമായ താത്രിക്കുട്ടി കേസ്. അതല്ലാതെ നമ്പൂതിരി ക്രിസ്ത്യാനിയാകുന്നതിനുള്ള കാരണം എന്താണ്? ഹൈന്ദവ സമൂഹത്തിലെ നമ്പൂതിരിയുടെ സ്ഥാനം രാജാക്കന്മാര്‍ക്കും മേലെയാണ്.

'ദൈവാധീനം ജഗത് സര്‍വ്വം
മന്ത്രാധീനം തു ദൈവതം
തല്‍ മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം'

ആ ബ്രാഹ്മണര്‍ എന്തിനുവേണ്ടി ബ്രാഹ്മണമതം ഉപേക്ഷിക്കണം?
നമ്പൂതിരിക്ക് അന്ന് സമൂഹത്തില്‍ ലഭിച്ചിരുന്ന ആ ഉന്നത സ്ഥാനം ഉപേക്ഷിച്ചു ഒരു വിദേശ മതത്തിന് പുറകേ പോകേണ്ട ഭൗതിക പശ്ചാത്തലമൊന്നുമുണ്ടായിരുന്നില്ല. മതപരിവര്‍ത്തനത്തിന്റെ പ്രധാന കാരണം എന്നും എവിടെയും ഭൗതിക ചുറ്റുപാടുകളാണ്. വിശ്വാസത്തിന്റെ പേരില്‍ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ വളരെ വളരെ അപൂര്‍വ്വമാണ്. വേദങ്ങളും ശാസ്ത്രങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളു മെല്ലാമായി കഴിഞ്ഞിരുന്ന അന്നത്തെ നമ്പൂതിരിമാരുമായി തര്‍ക്കിച്ച് ക്രിസ്തുമതത്തിന്റെ മേന്‍മ തെളിയിക്കാന്‍ കഴിവുള്ള ക്രൈസ്തവ നേതാക്കളാരും തന്നെ അക്കാലത്ത് ഇവിടെ വന്നിരുന്നതായി അറിവില്ല. ഇവിടെ അങ്ങനെ ആരെങ്കിലും വളര്‍ന്നു വന്നതായും ചരിത്രമോ, ഐതിഹ്യമോ ഇല്ല. ആകെക്കൂടി ഇവിടെ ഒരു ഐതിഹ്യമുള്ളത് സെന്റ് തോമസിനെപ്പറ്റി മാത്രമാണ്. ഏതായാലും സെന്റ് തോമസിന്റെ കാലത്ത് ഇവിടെ ബ്രാഹ്മണന്റെ ഒരു പൊടിപോലുമുണ്ടായിരുന്നില്ല.

4 കേരളത്തിലെ അന്നത്തെ ഉന്നതരായ മുക്കുവരില്‍ നിന്നാണ് തങ്ങളുണ്ടായത് എന്ന ഒരു ഐതിഹ്യം ബ്രാഹ്മണര്‍ ചമച്ചത് അന്ന് അവര്‍ മുക്കുവരെ ഏതു വിധത്തില്‍ കണ്ടിരുന്നു എന്നതിനു തെളിവാണ്. പരശുരാമ ഐതിഹ്യത്തില്‍ പരശുരാമന്‍ കൊണ്ടുവന്ന ബ്രാഹ്മണര്‍ ഇവിടെ പോരാതെ വന്നപ്പോള്‍ ചൂണ്ട ഇട്ടുകൊണ്ടിരുന്ന മുക്കുവരെ പിടിച്ചു അവരുടെ ചൂണ്ട പൊട്ടിച്ചുകളഞ്ഞ് ചൂണ്ടച്ചരട് പൂണൂലാക്കി അവരെ എല്ലാം പരശുരാമന്‍ ബ്രാഹ്മണരാക്കി പോലും. സെന്റ് തോമസ് വന്ന് ആ ബ്രാഹ്മണരെ ക്രൈസ്തവരാക്കി. അങ്ങനെ ഇവിടുത്തെ മുക്കുവരും, ബ്രാഹ്മണരും, ക്രൈസ്തവരും ഒരു വംശമാണ് എന്നാണ് ഐതിഹ്യ വിദഗ്ധന്‍മാരുടെ അഭിപ്രായം. ഇന്ന് മാതാ അമൃതാനന്ദമയിയുടെ മാതാപിതാക്കള്‍ ബ്രാഹ്മണരായിരുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.4 നല്ലത് ഏതും ബ്രാഹ്മണ്യത്തിന്റേതാ ണല്ലോ. രാമാനുജന്‍ എഴുത്തച്ഛന്‍ ബ്രാഹ്മണസന്തതിയാണെന്നാണല്ലോ വയ്പ്. പറയി പെറ്റ പന്തിരുകുലത്തിലും ബ്രാഹ്മണരുണ്ടല്ലോ. അങ്ങനെ ഐതിഹ്യങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. അതെല്ലാം മുമ്പ് വിശദീകരിച്ചതാണല്ലോ. 

5 വെളളത്തില്‍ പണിയെടുക്കുക എന്നത് അദ്ധ്വാന ഭാരം ഏറെ കൂടിയ ഒരു തൊഴിലായിരുന്നു. കൃഷിക്കാരേക്കാളും കാലിവളര്‍ത്തല്‍കാ രേക്കാളും ഏറെ ബുദ്ധിമുട്ടിയത് അവരായിരുന്നു. ജീവന്‍ പണയം വച്ചുകൊണ്ട് കടലില്‍ ഇറങ്ങിയാല്‍ രക്ഷപ്പെടുക എന്നത് സ്വന്തം സാമര്‍ത്ഥ്യം മാത്രം ആശ്രയിച്ചുളളതാണ്. എപ്പോഴാണ് വന്‍ മത്സ്യങ്ങള്‍ തോണി അടിച്ചു തകര്‍ക്കുന്നത്, എപ്പോഴാണ് കൊടുങ്കാറ്റ് വരുന്നത്, അതിന് ഒരു നിയമവുമില്ല. അതിനാല്‍ അവനവന്റെ കരങ്ങളിലാണ് അവനവന്റെ ജീവന്‍. അതിനാല്‍ അലസത അവര്‍ക്ക് അസാധ്യമായി
രുന്നു. അദ്ധ്വാനശീലം അവര്‍ക്ക് മറ്റൊരു ജീവിത രീതിയും ജീവിത വീക്ഷണവും പ്രദാനം ചെയ്തു. കൂടുതല്‍ അദ്ധ്വാനിച്ചിട്ടാ ണെങ്കിലും സുഭിക്ഷമായി ജീവിക്കുക എന്നത് അവരുടെ ശീലമായി. ഇന്നും ആ ശീലത്തിന് മാറ്റം വന്നിട്ടില്ല. മത്സ്യബന്ധനക്കാരില്‍ ഇനിയും സമ്പാദ്യശീലം വളര്‍ന്നിട്ടില്ല.

അവരില്‍ നിന്നും നാഗരികതയില്‍ വളര്‍ന്ന വ്യാപാരികളുടെയും നാവികരുടെയും മറ്റും അദ്ധ്വാന ഭാരം കുറഞ്ഞിരുന്നില്ല. കടലിന്റെ മക്കളിലെ നാഗരികതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ തുടങ്ങിയവരില്‍ ഈ പ്രത്യേകതകളെ വ്യക്തമായി കാണാന്‍ സാധിക്കും. സാമ്പത്തിക രംഗത്ത് അവര്‍ കൈവരിച്ച വിജയത്തിന്റെ അടിസ്ഥാനം അവരുടെ ഈ സവിശേഷതയാണ്. 

6 മലയാള ബ്രാഹ്മണരായ നമ്പൂതിരിമാരില്‍ ഒരു വിഭാഗത്തിന്റെ വിവാഹാഘോഷത്തിന്റെ പ്രധാന ചടങ്ങിലൊന്ന് വരന്‍ മത്സ്യ ബന്ധനത്തില്‍ വിദഗ്ധനാണ് എന്ന് വധുവിന്റെ പിതാവിനെ ബോധ്യപ്പെടുത്തുന്നതാണ്. അതിന്റെ പ്രതിരൂപം ഈ അടുത്ത കാലം വരെ അവരുടെ വിവാഹാഘോഷ പരിപാടിയിലുണ്ടായിരുന്നു. ഒരു താലത്തിലെ വെളളത്തില്‍ ചൂണ്ടയില്‍ കോര്‍ത്ത് ഒരു മത്സ്യ രൂപത്തെ മൂന്നു പ്രാവശ്യം വെളളത്തില്‍ മുക്കുക എന്നതാണ് ആ ചടങ്ങ്. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച നമ്പൂതിരിമാരുടെ വിവാഹാഘോഷങ്ങളില്‍ മത്സ്യ ബന്ധനം എന്ന ചടങ്ങ് എന്നുണ്ടായി, എങ്ങനെയുണ്ടായി? പരശുരാമന്‍ ചൂണ്ടച്ചരട് പൂണൂലാക്കി ബ്രാഹ്മണരാക്കിയവരുടെ പിന്‍ഗാമികളാണോ അവര്‍? ഏതായാലും ഐതിഹ്യത്തില്‍ പോലും തങ്ങളുമായി ലയിച്ചത് മുക്കുവരാണ് എന്ന് ഐതിഹ്യ രചയിതാക്കള്‍ക്ക് സമ്മതിക്കേണ്ടി വന്നു. അന്ന് അവര്‍ക്ക് അത് അഭിമാനകരമായിരിക്കണം. അതുകൊണ്ടാണല്ലോ അത് എഴുതിച്ചേര്‍ത്തത്. പരശുരാമന്റെ ഐതിഹ്യം രൂപംകൊളളുന്നത് ഏ.ഡി പത്താം നൂറ്റാണ്ടോടുകൂടിയാണ്. അക്കാലത്ത് ഇവിടുത്തെ പുലയരുടെ ഭൂമി രാജഭരണത്തിലൂടെയും ക്ഷേത്ര ഭരണത്തിലൂടെയും മറ്റും ബ്രാഹ്മണരുടെ കൈവശത്തിലെത്തി യിരുന്നു. അതിനെ ഉറപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്തതാണ് പരശുരാമ ഐതിഹ്യവും മാവേലി ഐതിഹ്യവുമെല്ലാം.

7 1632 ല്‍ കൊച്ചിയില്‍ വച്ചു നിര്യാതനായ Mr: Jacob Livroda Setrados ഇന്ത്യാ ഓറിയന്റാലിസ് (കിറശമ ഛൃശലിമേഹശ)െ എന്ന ഗ്രന്ഥത്തില്‍ ബ്രാഹ്മണരുടെ വിവാഹാഘോഷ ചടങ്ങില്‍ മത്സ്യബന്ധനം നിലനിന്നി രുന്നതായി എഴുതിയിട്ടുണ്ട്.6 പരശുരാമന്‍ കേരളത്തില്‍ സ്ഥാപിച്ച ക്ഷേത്രങ്ങളുടെ സൂക്ഷിപ്പുകാരായിട്ടാണ് മുക്കുവരെ നിയോഗിച്ചത് എന്ന ഒരു ഐതിഹ്യം വേറെയുണ്ട്. അവരുടെ അന്നത്തെ തൊഴിലിനെ അനുസ്മരിപ്പിക്കുന്നതിനായിട്ടാണ് ചൂണ്ടുച്ചരട് പൂണൂലാക്കിയ കഥ ചേര്‍ത്തതു പോലും എന്ന് പ്രൊ : വി. രാമസ്വാമി അയ്യര്‍ An old Portgheese work on Kerala belief - Bulletin of the RamaVarma Institute Vol XI No: l 7 ല്‍ എഴുതിയിട്ടുണ്ട്. മുക്കുവരില്‍ നിന്നാണ് കേരളത്തിലെ എല്ലാ സമുദായങ്ങളും രൂപം കൊണ്ടത് എന്നതാണ് ഈ കഥകളുടെയും പുരാണങ്ങളുടെയുമെല്ലാം ആകെത്തുക. സംഘകാലത്ത് കേരളത്തിലെ മിക്കവാറും എല്ലാ വിഭാഗം ജനങ്ങളും മത്സ്യബന്ധനം നടത്തിയിരിക്കണം. അന്നവര്‍ അധികവും വസിച്ചിരുന്നത് നദീതീരത്തും കായല്‍ത്തീരത്തും കടല്‍ത്തീരത്തുമെല്ലാമായിരുന്നു. അവിടെയെല്ലാമാണല്ലോ ജലം സമൃദ്ധമായി ലഭിച്ചിരുന്നത്. തൊഴില്‍പരമായി നോക്കിയാല്‍ അവരെയെല്ലാം മുക്കുവര്‍ എന്നുവിളിക്കാം. അതുകൊണ്ടാണ് മുക്കുവര്‍ ഒരു പ്രത്യേക ജാതി അല്ലാതായത്. എല്ലാ ജാതികളുടെയും മാതാവ് എന്നു പറയാം. അന്ന് ഏറ്റവുമധികം ആളുകള്‍ ചെയ്തിരുന്ന തൊഴില്‍ അതായിരുന്നു. ഏറ്റവും സമ്പന്നമായി ജീവിച്ചിരുന്നതും അവരായിരുന്നു. 
8 ആ മുക്കുവരുടെ 19-ാം നൂറ്റാണ്ടിലെയും 20 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെയും ഗതി ഏറെ ദയനീയമായിരുന്നു അവരുടെ എണ്ണം വളരെ കുറവായിരുന്നു. 1901ലെ സെന്‍സസ്സ് അനുസരിച്ച് തിരുവിതാംകൂ റിലെ വാലന്‍മാരുടെ എണ്ണം 146640 ആണ്.8 ആ കുറഞ്ഞ എണ്ണം തന്നെ അനേകം ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരുന്നു. പന്തി ഭോജനമോ വിവാഹ ബന്ധമോ ഒന്നും ഇല്ലാത്തവരായി ഓരോ മൂപ്പന്‍മാരുടെയും കീഴില്‍ അവര്‍ കഴിഞ്ഞു. ആ മൂപ്പന്‍മാര്‍ക്ക് തന്നെ ഓരോ സഥലത്തും ഓരോ പേരുകളായിരുന്നു. തുറയരയന്‍മാര്‍, പനമ്പന്‍മാര്‍ അങ്ങനെ പോകും. അത് അവര്‍ തമ്മിലുളള മത്സരത്തിന് വഴിതെളിച്ചു.9 ആ മത്സരത്തില്‍ നിന്നും, മൂപ്പന്‍മാരുടെ ചൂഷണത്തില്‍ നിന്നും, ചൂഷണത്തിനു വേണ്ടി സമുദായത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അനേകം ഐതിഹ്യങ്ങളില്‍ നിന്നും, ആ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലുളള ചടങ്ങുകളില്‍ നിന്നും അവരെ മോചിപ്പിക്കുക എന്നത് ചരിത്രപരമായ ഒരു ആവശ്യമാണ്. അത് നിര്‍വഹിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കറുപ്പന്‍ മാസ്റ്റര്‍ ചെയ്തത്. അതിനാണ് അദ്ദേഹം ആചാരഭൂഷണം എഴുതിയത്. അത് 1929 ലാണ് എന്നു മുമ്പു പറഞ്ഞുവല്ലോ. 26 അധ്യായങ്ങളിലായി സ്ത്രീകളും പുരുഷന്‍മാരും നിത്യവും അനുഷ്ഠിക്കേണ്ട കൃത്യങ്ങള്‍ കൃത്യമായി അതില്‍ വിവരിച്ചിട്ടുണ്ട്. പുലര്‍കാലം, കുളി, പ്രഭാതഗീതം, വൈകുന്നേരം സന്ധ്യാഗീതം തുടങ്ങി പോകുന്നു അതിലെ ചര്‍ച്ചകള്‍. അനാവശ്യമായ ആചാരങ്ങളെ ഉപേക്ഷിച്ചു സുതാര്യമായ ഒരു ജീവിതം അവര്‍ക്ക് സാധ്യമാക്കുക എന്നതായിരുന്നു കറുപ്പന്‍ മാസ്റ്ററുടെ ലക്ഷ്യം. 

കുറിപ്പുകള്‍

1. ജെഫ്രി, ഡോ.റോബിന്‍, നായര്‍ മോധാവിത്വത്തിന്റെ പതനം, കാണുക.
2. Gibbon Robert, Declain and fall of the Roman Empir.
3. ദലിത് ബന്ധു, വാസ്‌കോഡിഗാമയും അയ്യന്‍കാളിയും, കാണുക.
4. ശ്രീനി പട്ടത്താനം, മാതാ അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ത്ഥ്യങ്ങളും, പേജ് 34.
5. ദലിത്ബന്ധു, കേരള പരശുരാമന്‍ പുലയശത്രു, കാണുക.
6. Setrados Dr. Jacob Livroda, India Orientalis.
7. Ramaswammy Ayyar, N.V., An old Portgheese work on Kerala bilief - Bulletin of Ramavarma Insititute Vol. XO No.1.
8. Census of India, Report of Travancore Part I p.374.
9. Padmanabha Menon K.P, History of Kerala (Ed.by) J.K.Krishnamenon, Vol.III p.460.