"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ശ്രീനാരായണഗുരു: ശരിയായ ചരിത്ര പശ്ചാത്തലം - ഡോ. എം എസ് ജയപ്രകാശ്

ഡോ.എം എസ് ജയപ്രകാശ് 
ശ്രീനാരായണനെ അറിയുവാന്‍ നമുക്കാവശ്യം ശരിയായ ചരിത്ര പശ്ചാത്തലമാണ്. ചാതുര്‍വര്‍ണ്യ ത്തിലധിഷ്ഠിതമായ ഹിന്ദുമതത്തിന്റെ വൈകൃതങ്ങള്‍ക്കെതിരെ വിമോചന സമരം സംഘടിപ്പിച്ച കര്‍മയോഗിയാണ് ശ്രീനാരായണന്‍ എന്നു പറയുന്നതുകൊണ്ട് മാത്രം യഥാര്‍ത്ഥ പശ്ചാത്തലമാകുന്നില്ല. ബുദ്ധമതത്തിന്റെ സ്വാധീനത്തില്‍ നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ജാതിരഹിത സമൂഹത്തെ വിഷലിപ്തമാക്കി ക്കൊണ്ടാണ് ഇവിടെ ഹിന്ദുമതത്തിന്റെ അരങ്ങേറ്റ മുണ്ടാകുന്നത്. 1200 വര്‍ഷക്കാലത്തെ ബുദ്ധമത പാരമ്പര്യം നമുക്കുണ്ട്. ഈ ബൗദ്ധ സംസ്‌കാരത്തെ ഞെരിച്ചു കൊന്ന് കശക്കിയെറിഞ്ഞു കൊണ്ടാണ് ഹിന്ദുമതത്തിന്റെ മര്‍ദ്ദന വാഴ്ച ഇവിടെ ആരംഭിച്ചത്. ശങ്കരാചാര്യരുടെ ആത്മീയതയും, ചെറുശ്ശേരിയും എഴുത്തച്ഛനും രൂപം കൊടുത്ത രാമകൃഷ്ണ സംസ്‌കാരവും, ബ്രാഹ്മണ മേധാവിത്വവും, സവര്‍ണ ഭരണകൂടവും ഹിന്ദുമതത്തിന്റെ മര്‍ദ്ദനോപകരണ ങ്ങളായിരുന്നു. ഈ മര്‍ദ്ദന വാഴ്ചക്ക് കനത്ത പ്രഹരത്തിലൂടെ അറുതി വരുത്തിക്കൊണ്ടാണ് ശ്രീനാരായണന്‍ ആധുനിക കേരളത്തിന്റെ ചരിത്രം സൃഷ്ടിച്ചത്.

നിലവിലുണ്ടായിരുന്ന ബുദ്ധമത സംസ്‌കാരത്തെ തകര്‍ത്തുകൊണ്ട് ഹിന്ദുമതത്തിന്റെ മര്‍ദ്ദന വാഴ്ച നടപ്പിലാക്കുവാന്‍ ഏത് ഉപകരണങ്ങളാണോ ഉപയോഗിച്ചത് അതേ ഉപകരണങ്ങള്‍ കൊണ്ടു തന്നെയാണ് ശ്രീനാരായണന്‍ അവയെ നേരിട്ടത് എന്നതാണ് ശ്രദ്ധേയമായ ചരിത്ര സത്യം. For every action there is an equal and opposite reaction എന്ന ഭൗതിക ശാസ്ത്ര തത്വത്തെ സാമൂഹിക ശ്‌സ്ത്ര തത്വമാക്കി മാറ്റുകയായിരുന്നു ശ്രീനാരായണന്‍. ശങ്കരന്റെ ആത്മീയത ചാതുര്‍വര്‍ണ്യത്തിന്റെ നീരാളിപ്പിടുത്തമായി മാറിയെങ്കില്‍ ശ്രീനാരായണന്റെ ആത്മീയത ആ നീരാളിയുടെ വികൃതമായ ഓരോ കൈകളും വെട്ടി മാറ്റുകയാണ് ചെയ്തത്. ചെറുശ്ശേരിയം എഴുത്തച്ഛനും രൂപം നല്കിയ ഫ്യൂഡല്‍ സാഹിത്യം രാമകൃഷ്ണ സംസ്‌കാരത്തിലൂടെ ബ്രാഹ്മണ മേധാവിത്വം വളര്‍ത്തുകയും ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുകയും ചെയ്തുവെങ്കില്‍ അതിന് ബദലായി രൂപം കൊണ്ട വിപ്ലവ സാഹിത്യ മായിരുന്നു കുമാരനാശാന്റേത്. ആശാന്‍ സാഹിത്യത്തിന്റെ ചാലകശക്തി ശ്രീനാരായണ ദര്‍ശങ്ങളായി രുന്നുവല്ലോ. മനുഷ്യരെ പല തട്ടുകളിലാക്കി മത വിശ്വാസത്തിന്റേയും ബ്രാഹ്മണ ഭക്തിയുടേയും രാഷ്ട്രീയാധികാര ത്തിന്റേയും ശക്തികൊണ്ട് ചൂഷണം ചെയ്തിരുന്ന സവര്‍ണ ഭരണകൂടമായിരുന്നു അന്ന് നിലവിലിരുന്ന തെങ്കില്‍ ആ വ്യവസ്ഥിതിക്കെതിരേ ശ്രീനാരായണന്‍ തുടങ്ങിവെച്ച സമരമാണ് ഡോ. പല്പുവും കുമാരനാശാനും ടി കെ മാധവനും സഹോദരന്‍ അയ്യപ്പനും സി വി കുഞ്ഞുരാമനും സി കേശവനും അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും പൂര്‍ത്തിയാക്കിയത്. ഫ്യൂഡല്‍ സാമൂഹ്യ ക്രമത്തില്‍ നിന്നും ജനാധിപത്യ സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥിതി യിലേക്കുള്ള മാറ്റം സാധ്യമാക്കിയത് ഈ സമരമായിരുന്നു.
----------------------------------
കടപ്പാട്: 1986 ല്‍ ഗ്രന്ഥകാരന്‍ പ്രസിദ്ധീകരിച്ച 'ശ്രീനാരായണനും സാംസ്കാരിക വിപ്ലവവും' എന്ന ഗ്രന്ഥത്തില്‍ നിന്നും