"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

വിദ്യാഭ്യാസം പുലയനു നിഷിദ്ധം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പത്ത്

ജനം ഉണര്‍ന്നു കഴിഞ്ഞു, അതിനുപോല്‍ബലകമായി രാജപ്രമുഖന്റെ ഉത്തരവും. മുന്നുത്തരവുകള്‍ നിരവധി ഇറക്കിയിരുന്നെങ്കിലും ഒന്നുപോലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. ചില ദിക്കിലിങ്ങനെയൊക്കെ ചെറിയ ചലനങ്ങളുണ്ടായിരുന്നെങ്കിലും അവയൊക്കെ പ്രവര്‍ത്തിപഥത്തിലെത്തും മുമ്പേ കൂമ്പടഞ്ഞു പോയ ചരിത്രമാണുള്ളത്. നാട്ടു പ്രമാണികളായ മാടമ്പികളതൊക്കെ ഏതു വിധേനയും നിരുത്സാഹപ്പെടുത്തുകയോ, അടിച്ചൊതുക്കുകയോ ആണ് ചെയ്തിരുന്നത്. നാട്ടു പ്രഭുക്കള്‍ക്ക് ചെറിയൊരു പോറലേറ്റാല്‍ മതി അവര്‍ എന്തി വില കൊടുത്തും അവരുടെ അധികാരം നിലനിര്‍ത്തിയിരുന്നു. അവര്‍ ഒരിക്കലും അടങ്ങിയൊതുങ്ങിയിരിക്കുകയില്ല. അതിനുള്ള പദ്ധതികള്‍ അവരാസൂത്രണം ചെയ്തിരിക്കും.

അന്നും പപ്പു മാനേജര്‍, പരമശിവന്‍പിള്ളയോടൊപ്പം, താന്‍ താമസിക്കുന്ന വീടിന്റെ മുറിയില്‍ രണ്ടുപേരും എത്തിച്ചേര്‍ന്നു. വലിയൊരു കാര്യം വിജയിച്ച പോലുള്ള സംതൃപ്തിയോടെയാണ് വന്നു കയറിയത്. പിള്ള ഭാര്യയോടും മകളോടുമൊക്കെ നടന്ന കാര്യങ്ങള്‍ ഒന്നൊന്നായി വിളമ്പി.
പപ്പു മാനേജര്‍ അന്നന്നെത്തെ സംഭവ വികാസങ്ങള്‍ ഓരോന്നും നോട്ടു പുസ്തകത്തിലെഴുതി തയ്യാറാക്കി വെച്ചു. പിന്നെ പിള്ളയോടാരാഞ്ഞു. ഇവിടെ പുലയരുടെ ഒരു മൂപ്പനുണ്ടല്ലോ. അയാളെ നാളെ രാവിലെ പോയി കാണണം. പിന്നെ യോഗം കൂടുവാനുള്ള ആളുകളേയും സ്ഥലവും സംഘടിപ്പിക്കണം.
പിള്ള പറഞ്ഞു, തല്‍ക്കാലത്തേയ്ക്കു നമുക്ക് എന്റെ വീടിന്റെ മുറ്റത്തു തന്നെ കൂടാം എന്താ. പപ്പു മാനേജര്‍ അതു നല്ലൊരു നിര്‍ദ്ദേശമാണ്, അതുപോലെ ആകട്ടെ.
പിറ്റേദിവസം പപ്പു മാനേജരും പരമശിവന്‍ പിള്ളയും കൂടി പുലയന്മാര്‍ കൂടുതലായി താമസിക്കുന്ന ഇടത്തു ചെന്നു. ഇട്യാതി മൂപ്പനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ സമ്മതിച്ചു.
അതുപ്രകാരം പരമശിവന്‍പിള്ളയുടെ വീട്ടു മുറ്റത്ത് ഒരു ഒഴിവു ദിവസം യോഗം കൂടി. യോഗത്തില്‍ പുലയരേ കൂടാതെ വേട്ടുവരും, വേലന്മാരും, കണക്കന്മാരും, പറയരും ഒക്കെ വന്നു ചേര്‍ന്നു. അവരുടെയൊക്കെ മുഖത്തു തങ്ങളുടെയൊക്കെ മുതലാളിമാര്‍ അറിഞ്ഞാല്‍ കുഴപ്പമാകുമോ എന്ന ആശങ്കഅലട്ടിയിരുന്നതായി കണ്ടു. അവയൊക്കെ മന:സ്സിലാക്കിയാണ് പപ്പു മാനേജര്‍ സംസാരിച്ചത്. അദ്ദേഹം ഒരു പീഠപലകയില്‍ കത്തിച്ചു വച്ച കമ്പി വിളക്കിന്റെ പ്രകാശത്തില്‍ നോട്ടു പുസ്തകവും പെന്‍സിലും വെച്ചു പറയുവാന്‍ തുടങ്ങി.
ഞാന്‍ വളരെയധികം തെക്കു നിന്നും വന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്. എന്റെ പേര് പപ്പു മാനേജര്‍. മഹാരാജാവ് തിരുമനസ്സു കൊണ്ട് നമ്മുടെ ആളുകളെ രക്ഷിക്കുന്നതിനു വേണ്ടി നിരവധി തവണ ഉത്തരവിറക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നിങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കുന്ന കാര്യത്തിനു വേണ്ടിയുള്ളതാണ്. അടുത്തത് സഞ്ചാര സ്വാതന്ത്ര്യം, മാറു മറച്ചു നടക്കുന്നതിനുള്ള അര്‍ഹത, കൂലിക്കൂടുതല്‍ ലഭിക്കണം. പക്ഷേ ഇവയൊക്കെ ഇവിടുത്തെ മുതലാളികള്‍ പാലിക്കുന്നില്ല. ഈ അവകാശങ്ങളൊക്കെ നേടിയെടുക്കുന്നതിനു വേണ്ടി നമ്മളെ മതി, പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകും.
ഇത്രയും പറഞ്ഞു കഴിഞ്ഞില്ല ഉടനെ നാലു ഭാഗത്തു നിന്നും കല്ലേറുണ്ടായി. കൂട്ടം കൂടിയിരുന്ന ആളുകളൊക്കെ തലങ്ങും വിലങ്ങും പാഞ്ഞു, ജീവനും കൊണ്ടോടി. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ യാതൊരുവിധ മുന്‍കരുതലുകളുമെടുക്കാതിരുന്ന പാവങ്ങള്‍, യോഗകലക്കലില്‍ വിധേയരായി ചിന്നഭിന്നമായി പോയി. ആരേടും േഓടിച്ചിട്ടു പിടിക്കുവാന്‍ സാധിച്ചിരുന്നില്ല. അതിന്നു മുതിര്‍ന്നതുമില്ല. വന്നതു അനുഭവിക്കാതെ തരമില്ലെന്നായി. 
പരമശിവന്‍ പിള്ളയുടെ വീടിനും കടയ്ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ വീണ്ടും പപ്പു മാനേജരുടേയു്, പരമശിവന്‍ പിള്ളയുടേയും സമീപം വന്നു ചേര്‍ന്നു. അവിചാരിതമായി സംഭവിച്ച കുഴപ്പത്തില്‍ അവര്‍ക്കും വല്ലായ്മ തോന്നി.
പപ്പു മാനേജര്‍ പറഞ്ഞു, നമ്മുടെ പേരില്‍ തന്നെയാണ് തെറ്റു പറ്റിയിരിക്കുന്നത്. നമ്മള്‍ തക്കതായ മുന്‍കരുതലെടുക്കാതെയാണ് യോഗം തുടങ്ങിയത്. നാലഞ്ചാളുകളെയെങ്കിലും ഇരുട്ടില്‍ ഒളിപ്പിച്ചിരുത്തേണ്ടതായിരുന്നു. ഏതു പ്രസ്ഥാനത്തിനും തുടക്കത്തില്‍ വളരെയധികം പീഢനമനുഭവിക്കേണ്ടി വരും. അവ ആക്രമണ രൂപത്തിലും, പരാതികള്‍ പോലെയും പിന്നെ അണികളെ ഭിന്നിപ്പിക്കല്‍, ഭീഷണികള്‍ എന്നിവയും സര്‍വ്വ സാധാരണമാണ്. ഇതിനെയൊക്കെ തരണം ചെയ്‌തെങ്കില്‍ മാത്രമേ പ്രസ്ഥാനം വിജയത്തിലെത്തിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.
പിള്ളയതിനു ബദലായി - മാഷിന്റെ അഭിപ്രായം തന്നെയാണെനിക്കും. അദ്ദേഹം പിന്‍താങ്ങി.
വന്നവരെയൊക്കെ പിരിച്ചു വിട്ടു.
പിറ്റേദിവസം പപ്പു മാനേജര്‍ ഇട്യാതി മൂപ്പന്റെ കുടീ ചെന്നു. കുറച്ചാളുകളെ കൂട്ടി. അവരുടെ മുറ്റത്തു തന്നെ യോഗം കൂടി. മാഷു പറഞ്ഞു കുറെ ചെറുപ്പക്കാരെ സംഘടിപ്പിക്കണം, പരിചമുട്ടുകളി നന്നായി അഭ്യസിപ്പിക്കണം പിന്നെ തുടികൊട്ടും, ചെണ്ടമേളവും വേണം.
പെണ്ണുങ്ങള്‍ക്ക് കുട്ടനെയ്ത്തും, പായ നെയ്ത്തും കൂടാതെ എഴുത്തും വായനയും പഠിപ്പിക്കണം. അതിനു വേണ്ടി നിശാപാഠശാലയും തുടങ്ങണം. നമ്മുടെ കൂട്ടത്തില്‍ എഴുത്തും വായനയുമറിയാവുന്ന പെണ്‍കുട്ടികളുണ്ട്. അവരെ കൊണ്ട് പാഠം ചൊല്ലിക്കൊടുക്കുവാനുള്ള ഏര്‍പ്പാടൊക്കെ നാം ചെയ്യുന്നുണ്ട്. കുട്ടികളെയൊക്കെ പള്ളിക്കൂടത്തില്‍ ചേര്‍ക്കണം. 
ഇട്യാതി മൂപ്പന്‍ അയിനിന്നു നുമ്മട ആള്‍ക്കാരിന അടിച്ചോടിക്കേല്ലേ. കൊറേ ആളമ്മാരി കുഞ്ഞുങ്ങളേം കൊണ്ടു ചെന്നതാണി, പച്ചേങ്കി തമ്പുരാക്കള്‍ തമ്മതിച്ചില്ല. പപ്പു മാനേജര്‍, ഇനി മുതല്‍ അത്തരത്തിലൊന്നും സംഭവിക്കുകയില്ല. നമ്മളതിനെ ശക്തിയുക്തം നേരിടണം. ഞാനതിലിട പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാം ഉടന്‍ പ്രവര്‍ത്തി പഥത്തിലെത്തിക്കണം. നാടുണര്‍ന്നു, നാട്ടുകാരറിഞ്ഞു പതിതവര്‍ഗ്ഗങ്ങളിലുള്ളവരറിഞ്ഞു. ഉന്മേഷമായി സംഘടിക്കണമെന്ന ആഗ്രഹം ഓരോരുത്തരുടെയും മനസ്സിലങ്കുരിച്ചു. ദിനരാത്രങ്ങള്‍ കഴിയുന്തോറും പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലേയ്ക്കു നീങ്ങി കൊണ്ടിരുന്നു.
നിര്‍ദ്ദേശിക്കേണ്ട താമസം ആരും പോരുമില്ലാത്ത പാവങ്ങള്‍ക്ക് ഒരു നേതാവുണ്ടായതില്‍ ആകൃഷ്ടതയോടു കൂടി ഒത്തൊരുമിക്കുവാന്‍ തുടങ്ങി.
മാടന്റെ മകന്‍ ചാത്തേന്‍ പരിചമുട്ടുകളി തുടി കൊട്ടു പാട്ട് കൂടാതെ നിശാപാഠശാലയില്‍ പോയി പാട്ടും അക്ഷരങ്ങളും പഠിക്കുന്നതിനു ഔത്സുക്യം കാണിച്ചു തുടങ്ങി.
ചരതന്‍ സ്‌ക്കൂളില്‍ നിരന്തരം പൊയ്‌ക്കൊണ്ടിരുന്നു കൂടാതെ സംഘത്തിന്റെ പ്രവര്‍ത്തനത്തിലും പങ്കെടുത്തു തുടങ്ങി. അക്ഷരമറിയാത്തവരെ നിശാപാഠാലയില്‍ പഠിപ്പിച്ചിരുന്നു.
വല്ലപ്പോഴും മഴ പെയ്യുവാന്‍ തുടങ്ങി. ചിലനേരം അന്തരീക്ഷത്തില്‍ മൂടലും പിന്നെ മഴയോടൊപ്പം ഇടി മിന്നലും, പകല്‍ നേരം വെയിലുംഒക്കെയായി കാലാവസ്ഥ മാറി വന്നു.
ഒരു ദിവസം മാടനും, ചക്കിയും കൂടി കോതപ്പെണ്ണിനെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍ ചെന്നു. വഴിക്കു വെച്ചു ചില ചട്ടമ്പികള്‍ ചോദിച്ചു. 
എവിടയ്ക്കാടാ മാടാ പോകുന്നത്.
പെങ്കൊച്ചിനെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാനക്കൊണ്ട് പേകേണേയ്.
അതിനവിടെ ഇന്ന് കുട്ടികളെ ചേര്‍ക്കുന്നില്ലന്നു പറഞ്ഞല്ലോ... ഇല്ലേടാ... ഭാസ്‌ക്കാരാ.... ഒത്താശപറയാന്‍ വേറൊരു നായരുടെ സാക്ഷി തേടിയയാള്‍.
കേട്ടവന്‍ പറഞ്ഞു. അതേ ആ അതേ ഇപ്പ കുരങ്ങും കുഞ്ഞുങ്ങളെ ചേര്‍ക്കുന്നില്ല.
ആ പാവങ്ങള്‍ ഒന്നും അറിയാത്ത നിര്‍ദ്ധനര്‍ അറിവു നേടുവാനാശയോടെ വിദ്യാപീഠത്തിലേയ്ക്കു പോകുമ്പോള്‍ പല പ്രകാരത്തിലും അവരെ പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നു. അതുമല്ലെങ്കില്‍ ഓടിച്ചു വിടന്നു. 
ഈ നേരത്താണ് മാടനൊരു ബുദ്ധിയുദിച്ചത്. ഇവിടെയടുത്തൊരു മാഷ് വന്നിട്ടുണ്ടല്ലോ. അദ്ദേഹത്തെ പോയി കാണാം. തന്നോടന്നു ആ മാഷ് പറഞ്ഞതല്ലേ ആവശ്യം വരുമ്പോള്‍ വന്നു കാണാന്‍ മടിക്കരുതെന്ന്.
മാടനും, ചക്കീം കുഞ്ഞിനെയും കൂട്ടിക്കൊണ്ട് പരമശിവന്‍ പിള്ളയുടെ വീട്ടില്‍ ചെന്നു. വിവരങ്ങളൊക്കെ മാഷിനോടു പറഞ്ഞു മനസ്സിലാക്കി. അതുപ്രകാരം പപ്പു മാനേജരും പരമശിവന്‍ പിള്ളയും കൂടി അവരേയും കൂട്ടി സ്‌ക്കൂളിലേയ്ക്കു നടന്നു. വഴിക്കു വച്ചു ചില നായര്‍ ചട്ടമ്പികള്‍ അസഭ്യം പറഞ്ഞു.
എടാ മാടാ, നീയെന്താ കുഞ്ഞിനേം കൂട്ടിക്കൊണ്ടു സ്‌ക്കൂളില്‍ ചേര്‍ക്കാവനാണോ? പക്ഷേ അവന്‍ മിണ്ടിയില്ല. വെറുതെ നോക്കുക മാത്രം ചെയ്തു. ഉടനേ അടുത്ത അസഭ്യം - പരമശിവന്‍ പിള്ള ഇപ്പോള്‍ പുലയരുടെ സഹായിയായിരിക്കും, പുലയരെ പോറ്റുന്നവന്‍ പെലേന്‍ പിള്ളയല്ലേ.
പപ്പു മാനേജര്‍ നോക്കുകയോ ശബ്ദിക്കുകയോ ചെയ്തില്ല. അവര്‍ നടന്നു കൊണ്ടേയിരുന്നു.
''പേ, വാക്കിനു പൊട്ടച്ചെവി''.
എല്ലാ ചട്ടമ്പിക്കടമ്പകളും കടന്നു. പുലയ കുട്ടിയേയും കൊണ്ടു ചെന്നമാടനേയും ചക്കിയേയും കണ്ട സ്‌ക്കൂള്‍ അധികൃതര്‍ അത്ഭുതത്തോടു കൂടി നോക്കി. അവര്‍ മനസ്സിലാക്കി, വഴിക്കു വച്ചിട്ടുണ്ടായ പ്രശ്‌നങ്ങള്‍ തരണം ചെയ്തിട്ടായിരിക്കുമിവര്‍ വന്നിരിക്കുന്നത് എന്ന്. സ്‌ക്കൂള്‍ മാനേജര്‍ കൂടെ വന്ന പപ്പു മാനേജരേയും പരമശിവന്‍ പിള്ളയേയും കണ്ടപ്പോള്‍ ഒന്നും മറുത്തു പറയാതെ കുട്ടിയെ ചേര്‍ക്കുവാനുള്ള ഏര്‍പ്പാടു ചെയ്തു. കൂടാതെ കൂടെയുള്ളവരോടിരിക്കുവാന്‍ പറഞ്ഞു. അവിടെയിട്ടിരിക്കുന്ന ബഞ്ചിലവരിരുന്നു. കാര്യങ്ങളൊക്കെ വീക്ഷിച്ചു.
കോതപ്പെണ്ണിനെ സ്‌ക്കൂളില്‍ ചേര്‍ത്തു തിരിച്ചു പോന്നു.
എല്ലാകാര്യത്തിലും ശക്തിയുക്തം തീരുമാനമെടുക്കുന്ന പപ്പു മാനേജരോട് പരമശിവന്‍ പിള്ളയുടെ ഭാര്യയ്ക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. 
കുടിപ്പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിരുന്ന പണ്ടത്തെ കുഞ്ചു ആശാന്റെ സ്‌ക്കൂളിലും പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കു പ്രവേശനം തകൃതിയായി നടന്നു. ആ സ്‌ക്കൂള്‍ സര്‍ക്കാര്‍ ചിലവിലാണ് അധ്യായനം തുടര്‍ന്നു കൊണ്ടിരുന്നത്. നാലര ക്ലാസ്സു വരേ മാത്രമാണ് അവിടെ പഠിപ്പിക്കുവാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. നാട്ടുകാര്‍ ആ സ്‌ക്കൂളിനെ സര്‍ക്കാര്‍ പുലപ്പള്ളിക്കൂടം എന്ന പേരുവിളിച്ചാക്ഷേപിച്ചു കൊണ്ടിരുന്നു.
കളിയാക്കലിനോ, അവഹേളിക്കലിനോ യാതൊരു പരിഗണനയും കൊടുക്കാതെ കുഞ്ചു ആശാന്‍ പള്ളിക്കൂടം നടത്തിച്ചു കൊണ്ടിരുന്നു.
സംഭവങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞിരുന്ന പപ്പു മാനേജര്‍ പ്രസ്തുത സ്‌ക്കൂള്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. പതിത വര്‍ഗ്ഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പള്ളിക്കൂടമെങ്കിലും ഈ പ്രദേശത്തുണ്ടല്ലോ എന്നദ്ദേഹം ഓര്‍ത്തു.
നൂറ്റാണ്ടുകളോളം വിദ്യാ നിഷേധനത്തിന്നും, പീഡനത്തിന്നും വിധേയരായി, മാടമ്പിമാരുടെ അടിയും കുത്തുമേറ്റു കുഞ്ഞുങ്ങളേപ്പോലും വിട്ടു പിരിഞ്ഞു അടിമത്വമനുഭവിച്ചു ചത്തു മണ്ണടിഞ്ഞവര്‍ നിരവധിയാണ്. അവരെ നിയന്ത്രിച്ചിരുന്നത് മുതലാളിയുടെ നാവില്‍ നിന്നും പുറപ്പെടുന്ന നിര്‍ദ്ദേശങ്ങളായിരുന്നു. വഴി നടക്കുവാന്‍ പോലും അവകാശമില്ല. അഥവാ നിബന്ധന തെറ്റിച്ചു പൊതുവഴിയേ കൂടി വന്നാല്‍, ജന്മിയുടെ ആളുകള്‍ വന്നു പിടിച്ചു കെട്ടി കൊണ്ടു പോയി തല്ലിക്കൊല്ലുമായിരുന്നു. ചില സ്ഥലത്തു വഴി മാറുവാന്‍ ഇടമില്ലാത്ത തോടാണെങ്കില്‍, തോടില്‍ ചാടി മുങ്ങണം. ചെളിയാണെങ്കില്‍ അതില്‍ ചാടി ചെളിയില്‍ തന്നെ കമിഴ്ന്നു കിടക്കണം. മാടമ്പി കടന്നു പോയശേഷം എഴുന്നേറ്റു കൈയ്യും കാലും ദേഹവും കഴുകി ഓടിപ്പൊയ്‌ക്കൊള്ളണം.
ഈ നിയമങ്ങള്‍ മാറ്റി മറിക്കുക എന്ന പ്രവര്‍ത്തനം അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അതിനു വേണ്ടി ആദ്യം ചെയ്യേണ്ടത്. അവരെ ബോധവന്മാരാക്കുക എന്നതാണ്. അവരെ കൂട്ടം കൂടിച്ചു അവന്റെ ശക്തി അവനിലൂടെ ഉണര്‍ത്തി ഒന്നിപ്പിക്കണം. പറഞ്ഞാലനുസരിപ്പിക്കണം, അവനെ വെച്ചു തന്നെ അവന്റെ അവകാശങ്ങള്‍ നേടിയെടുപ്പിക്കണം.
ഒത്തുപിടിച്ചാല്‍ മലയും പോരും.
പിറ്റേദിവസം ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചുറച്ചു പപ്പു മാനേജര്‍ ഉറങ്ങിത്തുടങ്ങി.
സന്ധ്യയോടെ കാര്‍മേഘപടലങ്ങള്‍ അന്തരീക്ഷത്തില്‍ മൂടിക്കെട്ടിയിരുന്നു. രാത്രി നല്ല മഴ പെയ്തു കൊണ്ടിരുന്നു. കണ്ണില്‍ കുത്തിയാല്‍ പോലും അറിയാത്ത കൂരിരുട്ടും അദ്ദേഹം ഗാഢനിദ്രയെപ്പുല്‍കി.
അര്‍ദ്ധരാത്രി കഴിഞ്ഞില്ല. വാതിലില്‍ പതിഞ്ഞ തോതില്‍ മുട്ടു കേട്ടു. അദ്ദേഹം സ്വബോധമുണ്ടാക്കി. വാതില്‍ തുറന്നു, വന്നയാള്‍ കതകു തള്ളിത്തുറന്നു ധൃതിയില്‍ അകത്തു കടന്നു. പപ്പു മാനേജര്‍ വന്നയാളോടു ചോദിച്ചു ആരാണ്.... ഞാനാണ്.
ഏ... ഞെട്ടലോടെ സ്ത്രീശബ്ദം ആളെ തടവി നോക്കി ഇടി മിന്നലിന്റെ പ്രകാശത്തില്‍ ആളെ മനസ്സിലാക്കി.
പരമശിവന്‍ പിള്ളയുടെ ഭാര്യ വിലാസിനി.
ഏ... എന്തായിത്... വിലാസിനി.
വിലാസിനി : മാഷേ ഒന്നും പറയേണ്ട എനിക്കും ഈ പായയില്‍ നിങ്ങളോടൊപ്പം ശയിക്കണം.
പപ്പു മാനേജര്‍ - വിലാസിനീ - എനിക്കു പിള്ളയോടു വിശ്വാസ വഞ്ചന കാണിക്കുവാന്‍ പറ്റില്ല. ഞാന്‍ ഒരു പ്രത്യാക സ്വഭാവക്കാരനാണ്. ജീവന്‍ പണയം വച്ചിട്ടുള്ള കളിയാണിത്. ഒരു വലിയ ഉദ്യമത്തിനു വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. നേരും നെറിയോടു കൂടിയാണ് ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്.
വിലാസിനി : (ശബ്ദം താഴ്ത്തി) പിള്ള അറിഞ്ഞാലും കുഴപ്പമില്ല. ഞാന്‍ പറഞ്ഞു കൊള്ളാം.
പപ്പു മാനേജര്‍; പറ്റില്ല വിലാസിനി, നിന്റെ വികാരമടക്കൂ, സംയമനം പാലിക്കൂ എനിക്കീ കാര്യത്തിലടപെടുവാന്‍ പറ്റില്ല. തീ കൊണ്ടുള്ള കളിയിലാണു ഞാനിപ്പോള്‍. ഒരു പുരുഷന്റെ വികാരവും കടമയും ഒക്കെ എന്തെന്നെനിക്കറിയാം, ഒരു സ്ത്രീ കാമാവേശത്താല്‍ സമീപിച്ചാല്‍ അവളെ സംതൃപ്തയാക്കേണ്ടത് പുരുഷ ധര്‍മ്മാണെന്ന വസ്തുതയും എനിക്കറിയാം.
അവസരം വിനിയോഗിക്കണം, പുറംകൈകൊണ്ടു തട്ടിത്തെറിപ്പിച്ചാല്‍ ആ അവസരം ജീവിതത്തിലൊരിക്കലും ലഭിച്ചില്ലെന്നും വരും. അതും അറിയാം വിലാസിനി. പക്ഷേ ഇതിലൊരു പ്രത്യാകത ഞാന്‍ കാണുന്നു, അതുകൊണ്ട് എന്നെ നിര്‍ബന്ധിക്കരുത്. നിന്നെപ്പോലുള്ള സൗന്ദര്യധാമം വികാര വിവശയായി ഒരു പുരുഷന്റെ സമീപത്തു വന്നാല്‍ അതനുഭവിക്കാതെ തിരിച്ചയക്കുന്നത് ഷണ്ണത്വമാണെന്നു നീ വിചാരിക്കും. എന്നാലും വേണ്ടില്ല, എന്റെ നിര്‍ദ്ദേശം നീ ഇപ്പോള്‍ അനുസരിക്കണം.
വിലാസിനി തിരിച്ചു പോകൂ. ഞാന്‍ നിന്നെ സ്പര്‍ശിക്കുവാന്‍ തയ്യാറല്ല. നീ, തന്നത്താന്‍ സംയമനം പാലിക്കൂ.
അവള്‍ ഒരു നിമിഷം ചിന്തിച്ചു, പിന്നെ തണുത്തു.
അവള്‍ അയാളുടെ കാല്‍ക്കല്‍ കുമ്പിട്ടു, കണ്ണുനീര്‍ വാര്‍ത്തു. അദ്ദേഹത്തിന്റെ കരങ്ങളില്‍ പിടിച്ചു. ഉണര്‍ന്നു വന്ന വികാരാവേശത്തിനെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചു. ഒരു വിധം തണുപ്പിച്ചിട്ട് ഇറങ്ങി അവരുടെ വീട്ടിലേയ്ക്കു നടന്നു പോയി.
അവളുടെ കിടപ്പറയില്‍, വിളക്കു തെളിച്ചു, അതു കണ്ടു പപ്പു മാനേജര്‍ക്കാശ്വാസമായി.
അവള്‍ ഭര്‍ത്താവുമൊന്നിച്ചു സുഖനിദ്രയെ പ്രാപിക്കട്ടെ എന്നദ്ദേഹം മനസ്സിലാശിര്‍വദിച്ചു.
നേരം സുപ്രഭാതമായി, രാത്രി പെയ്ത മഴയില്‍ ഭൂമി കുളിര്‍ത്തു. മുറ്റത്തവിടവിടെ വെള്ളം കെട്ടിക്കിടപ്പുണ്ട്. മണ്ണില്‍ ഒലിച്ചു താഴ്ന്നു കൊണ്ടിരിക്കുന്നു.
പ്രഭാത കൃത്യനിര്‍വ്വണശേഷം മുറിയില്‍ വന്ന പപ്പു മാനേജര്‍ക്ക്, കാപ്പിയും, പലഹാരങ്ങളുമായി വന്നത് മകളായിരുന്നു. അദ്ദേഹമാരാഞ്ഞു നീ പള്ളിക്കൂടത്തില്‍ പോകുന്നില്ലെ.
പിള്ളയുടെ മകള്‍ - ഉണ്ട്.
മാഷ് - അച്ഛനെഴുന്നേറ്റില്ലേ.
പിള്ളയുടെ മകള്‍ - എഴുന്നേറ്റു കടയില്‍ പോയി.
പപ്പു മാനേജര്‍ - അമ്മ
പിള്ളയുടെ മകള്‍ - ഉണര്‍ന്നിട്ടില്ല, തലവേദനയാണെന്നു പറഞ്ഞു കിടക്കുകയാണ്.
അന്നും പതിവു പോലെ പപ്പു മാനേജര്‍, എല്ലാ ഒരുക്കങ്ങളോടും കൂടി ഇറങ്ങി. പക്ഷേ പിള്ള, മുടക്കം പറഞ്ഞു പപ്പുമാനേജര്‍, ആരെങ്കിലും കൂട്ടിനില്ലാതെങ്ങിനെ പോകും. അദ്ദേഹം ചായ കുടിക്കുവാന്‍ വന്ന ഒരു പുലച്ചെറുക്കനോടു പറഞ്ഞു വിട്ടു... നീ പോയി മാടന്റെ മകനെ വിളിച്ചു കൊണ്ടു വരൂ.
ഒന്നു രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ചാത്തേന്‍ വന്നു. മാഷു വിളിക്കുന്നെന്നു പറഞ്ഞതു കൊണ്ടു ഒരു വെളുത്ത മുണ്ടും തോളത്തു അച്ഛന്റെ നാടന്‍ മുണ്ടും, ഇട്ടു കൊണ്ടുമാണ് ചാത്തേന്‍ വന്നത്.
പപ്പു മാനേജര്‍ ചാത്തേന്റെ വരവു കണ്ടു അടിമുടി നോക്കി, നല്ല എടുപ്പുള്ള ഉയരവും, ബലിഷ്ടമായ കൈകാലുകളും, വിരിഞ്ഞ മാറും മേല്‍ മീശയും വെച്ച്, മുടി ചീകി പ്രസന്നവദനായിട്ടാണവന്‍ ആഗതനായി കൊണ്ടിരുന്നത്. അദ്ദേഹം അത്ഭുതത്തോടു കൂടി വിടര്‍ന്ന നയനങ്ങളോടു കൂടി നോക്കി എന്നിട്ടു തലയാട്ടി.
ഉം... കൊള്ളാം.
ചാത്തേ നിന്നെ നാം വിളിപ്പിച്ചപ്പോള്‍ നിനക്കിങ്ങിനെ ഉടുത്തൊരുങ്ങി വരുവാന്‍ തോന്നി അവന്‍ ചിരിച്ചതേയുള്ളൂ, സംസാരഭാഷ വശമില്ലാത്തവന്‍ പഴ മന:സ്സിന്റെയുടമ.
പപ്പു മാനേജര്‍ - നീയീ ബഞ്ചിലിരിയ്ക്കൂ.
ചാത്തേന്‍ - വേണ്ട തമ്പ്ര - ഏന്‍ ഇവട നിന്നോളാ.
പപ്പു മാനേജര്‍ അവനെ കൈക്കു പിടിച്ചു ബഞ്ചിലിരുത്തി ചായ വാങ്ങി കൊടുത്തു.
ചായ കൊണ്ടു വന്നപ്പോള്‍ ചാത്തേന്‍ പോയി ഒരു ചട്ടി കൊണ്ടു വന്നു മണ്ണില്‍ വച്ചു. അതിലൊഴിച്ചു കൊടുക്കുവാന്‍ കാത്തു നിന്നു. പക്ഷേ, പപ്പു മാനേജര്‍ ചായയും ശബ്ദവും അവന്റെ കയ്യില്‍ കൊടുത്തു കുടിപ്പിച്ചു. എന്നിട്ടു തബ്ലര്‍ അവിടെത്തന്നെ വെപ്പിച്ചു.
ഇതെല്ലാം ചായക്കടയിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ മനസ്സില്‍ ജാതിക്കുശുമ്പു നുരഞ്ഞു പൊന്തി. പക്ഷേ പ്രതികരിക്കുവാന്‍ നിവര്‍ത്തിയില്ലായിരുന്നു. കാരണം, മാഷിന്റെ നിര്‍ബന്ധത്തിലവര്‍ക്കു ധൈര്യമില്ലായിരുന്നു ശബ്ദിക്കുവാന്‍.
അവിടെയുണ്ടായിരുന്നവരുടെ ഇംഗിതത്തിനെ പുല്ലു കണക്കാക്കി ശ്രദ്ധിക്കുവാന്‍ പോയില്ല.
അതിനുശേഷം അവര്‍ രണ്ടുപേരും കൂടി എഴുന്നേറ്റു നടന്നു നീങ്ങി.
അപ്പോള്‍ പരമശിവന്‍ പിള്ള പിന്നാലെ ഓടിക്കൊണ്ടു വന്നു പറഞ്ഞു. മാഷേ, കുറച്ചു നാളായി കടയുടെ നടത്തിപ്പില്‍ ചില അപാകതകള്‍ വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാനിന്നു വരാത്തത്.
പപ്പു മാനേജര്‍, അതു സാരമില്ല. ചാത്തേന കൂട്ടിനു കിട്ടിയിട്ടുണ്ടല്ലോ, തല്‍ക്കാലത്തേയ്ക്കിതു മതി. പിള്ള ധൈര്യമായി പൊയ്‌ക്കൊള്ളൂ.
അവരുടെ പ്രയാണം തുടര്‍ന്നു. അരമുക്കാല്‍ മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ കുഞ്ചു ആശാന്റെ പള്ളിക്കൂടത്തിലെത്തി. കാഴ്ചയില്‍ വളരെ ഗാംഭീര്യം തോന്നിപ്പിക്കുന്നവനും തക്കതായ ഉയരവും, കായബലവും, മേല്‍മീശയും മെതിയടിയോടും കൂടി ആഗതനായിരിക്കുന്ന വ്യക്തിയെ കുഞ്ചുവാശാന്‍ ബഹുമാനപുരസ്സരം സൂക്ഷിച്ചു നോക്കി, വല്ല മാടമ്പിയോ മറ്റോ ആയിരിക്കുമോ, കൂടെ അകമ്പടിയൊത്തുള്ള ചെറുപ്പക്കാരനുമായി വരുവാന്‍, കുഞ്ചുവാശാന്‍ സാകൂതം നോക്കി.
വന്നയാള്‍ ആശാനെ ദര്‍ശിച്ചതും രണ്ടു കൈയ്യും കൂപ്പി തൊഴുതു. ആശാന്‍ തിരിച്ചു അതേപോലെ വന്ദനം പറഞ്ഞു വന്നയാളോടു ഇരിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ചാത്തേന്‍ പുറത്തു തന്നെ കാത്തു നിന്നു.
കുഞ്ചുവാശാന്‍ ചോദിച്ചു - ആരാ എവിടുന്നാ.
വന്നയാള്‍ - ഞാന്‍ പപ്പു മാനേജര്‍, വളരെ തെക്കു നിന്നു വരുകയാണ്. ഇവിടുത്തെ സാധുജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി മഹാരാജാവു തിരുമനസ്സു കൊണ്ട് ചില ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നു അന്വേഷിച്ചു മനസ്സിലാക്കുവാന്‍ വന്നതാണ്. ഒരു സാമൂഹിക പ്രവര്‍ത്തകനെപ്പോലെയാണവന്റെ വരവ്. വന്നിട്ട് കുറെയധികം നാളുകളായി. ചില സ്‌ക്കൂളുകളില്‍ ഞാന്‍ സന്ദര്‍ശനം നടത്തി. മാനേജ്‌മെന്റിന്റെ ഒത്താശയോടു കൂടിയാണ്, ജന്മി മുതലാളിമാരുടെ ചട്ടമ്പികള്‍ പാവപ്പെട്ട കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ക്കുവാന്‍ കൊണ്ടു വരുമ്പോള്‍അസഭ്യം പറഞ്ഞും നിരുത്സാഹപ്പെടുത്തിയും, അടിച്ചോടിക്കുകയും ചെയ്യുന്നത്. അപ്രകാരം ചെയ്ത ചില സ്‌ക്കൂളുകള്‍ നാം സന്ദര്‍ശിച്ചു കഴിഞ്ഞു. പിന്നെ ചില മാടമ്പിമാരേയും ഞാന്‍ പോയി കണ്ടിരുന്നു. അല്‍പ്പം വാഗ്വോദവുമുണ്ടായി. വേണ്ട മുന്നറിയിപ്പുകളും കൊടുത്തു. കൂടാതെ പുലയ കുടിലുകളും പറയക്കുടികളും, വേട്ടുവ, വേല, കണക്കക്കുടിലുകളും സന്ദര്‍ശിച്ചു. ആളുകളെ കൂട്ടുന്ന സംരംഭങ്ങളും നടന്നു കൊണ്ടിരിക്കുന്നു.
പിന്നെ പപ്പു മാനേജര്‍ ആശാന്റെ മുഖത്തോടടുപ്പിച്ചു ചേര്‍ന്നു പറഞ്ഞു - ഞാന്‍ പപ്പു മാനേജര്‍ എന്ന പേരുമായി വന്നു, പ്രത്യക്ഷത്തില്‍ പുലയനാണെന്നറിയിക്കാതെ സ്വീകരിച്ചതാണ്. അതേ ഒരു വഴിയുള്ളൂ.
കുഞ്ചാവാശാന്‍ - കണ്ണുമിഴിച്ചു അദ്ദേഹത്തിന്റെ മുഖത്തു സാകൂതം നോക്കി.......... എന്റെ പൊന്നു രക്തമേ എന്നു പറഞ്ഞെഴുന്നേറ്റു കെട്ടിപ്പിടിച്ചു കൊണ്ടു മൊഴിഞ്ഞു.
ഞാനിവിടെ വന്നിട്ട് നിരവധി വര്‍ഷങ്ങളായി, ആരേയും ഇതുവരേയും അറിയിച്ചിട്ടില്ല. ഞാനൊരു പറയനാണെന്ന വസ്തുത. ഇപ്പോള്‍ നമ്മള്‍ രണ്ടു പേരും സത്യാവസ്ഥ മനസ്സിലാക്കിയിരിക്കുന്നു. അതങ്ങിനെ തന്നെയിരിക്കട്ടെ. ഇരു ചെവിയറിയാതെ ഈ കാര്യങ്ങളെല്ലാം നമുക്കു സാവകാശം നേടിയെടുക്കാം.
പപ്പു മാനേജര്‍ - ഞാനിപ്പോള്‍ തല്‍ക്കാലം പരമശിവന്‍ പിള്ളയുടെ വീട്ടിലാണു താമസം ജാതിയറിയിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി അയാള്‍ എന്നെ ബഹുമാനപുരസ്സരം മാഷേ എന്നാണ് വിളിക്കുന്നത്. അവിടെയുള്ള നാട്ടുകാരും എന്നെ ഭയഭക്തി ബഹുമാനത്തോടു കൂടിയാണ് വീക്ഷിക്കുന്നതും സംബോധന ചെയ്യുന്നതും. പിള്ളയാണിതു വരെയും എന്റെ കൂടെ വന്നിരുന്നത്. ഇന്നയാള്‍ക്കസൗകര്യമാണെന്നു പറഞ്ഞതു കൊണ്ടാണിവനെ കൂടെ കൂട്ടിയത്.
ആശാന്‍ - അവനേതാണ്.
പപ്പു മാനേജര്‍ - അവന്‍ മാടന്റെ മകനാണ്, അവന്റെ നേരെ ഇളയ സഹോദരന്‍ ചരതന്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്നു.
ആശാന്‍ ഓര്‍ക്കുന്നുണ്ട്, മാടന്റെ മകന്‍ ചരതനെ. അവനെ ഞാന്‍ നിലത്തെഴുത്തു മുതല്‍ പഠിപ്പിച്ചിട്ടുണ്ട്. പഠിക്കുവാന്‍ ബഹുമിടുക്കനായ അവന്‍ ഇപ്പോള്‍ ഉയര്‍ന്ന തരത്തിലാണ് പഠിക്കുന്നത്. പഠിച്ചു മിടുക്കനാകുന്ന ശിഷ്യന്‍ ഗുരുവിന്റെ അഭിമാനമാണ്.
പപ്പു മാനേജര്‍ - ആശാനൊരു സഹായം ചെയ്തു തരണം. അതായത് അവിടെ നിശാപാഠശാല തുടങ്ങുവാന്‍ പോകുകയാണ്. ആശാനും വന്ന് നമ്മുടെ സാധുജനങ്ങളെ പഠിപ്പിക്കണം.
കുഞ്ചുവാശാന്‍ - ഇനിക്കൊരിക്കലും സമയം ലഭിക്കാറില്ല. വല്ലപ്പോഴും യോഗം കൂടുമ്പോള്‍ ഒന്നു വരാമെന്നല്ലാതെ, ദിനംപ്രതി എത്തിച്ചേരുവാനായി എനിക്കൊട്ടും അവസരം ലഭിക്കാറില്ല. പുറത്തു നില്‍ക്കുന്ന ചാത്തനോടു കയറി വരുവാന്‍ പറഞ്ഞു. ആശാന്‍ അവനോടു ഇരിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അവനിരുന്നില്ല. ഏന്‍ ഇവിടെ നിന്നോളാ.
ആശാന്‍ നിര്‍ബന്ധിച്ചു പറഞ്ഞതു കൊണ്ടും പപ്പുമേനേജരുടെ നിര്‍ദ്ദേശമുണ്ടായതു കൊണ്ടും ചാത്തനതിനു വഴങ്ങി മാഷിരിക്കുന്ന ബഞ്ചിന്റെ തലയ്ക്കലിരുന്നു. 
പപ്പു മാനേജര്‍ - ചാത്തനോടായി, നീയാണി ആളുകളെയൊക്കെ ഇനി മേലില്‍ നിയന്ത്രിക്കേണ്ടത്. പടിപടിയായി ഇതൊക്കെ നമുക്കു വഴിയേ കൊണ്ടു വരാം.
കുഞ്ചുവാശാന്‍ - ചാത്തേ, നിനക്കു നല്ല ആരോഗ്യമുണ്ട്. ഉടുപ്പു കെട്ടിലും, സംസാരത്തിലും മാന്ന്യത പുലര്‍ത്തണം. നമ്മള്‍ നേരിടുവാന്‍ പോകുന്നത് വലിയ ശക്തിയോടാണ്. കുറേ ചെറുപ്പക്കാരെ നിന്‍െര കൂടെ ചേര്‍ക്കണം. അതിനുള്ള അടിത്തറയാണ് പരിചമുട്ടുകളി. കലയാണെന്നു ഉദ്ദേശിച്ചു തുടി കൊട്ടും മറ്റും അഭ്യസിക്കുന്നതു നല്ലതാണ്. പരിച മുട്ടുകളിയിലൂടെയുള്ള ചൊവടുകള്‍ തന്നെയാണ് അടിപിടി വരുമ്പോഴും ഉപയോഗിക്കുവാന്‍ സാധിക്കുന്നത്. അല്‍പ്പം ഭേദപ്പെടുത്തിയാല്‍ അഭ്യാസ മുറയാകും.
പപ്പുമാനേജര്‍ - ഇതിനൊക്കെയുള്ള പരിശീലനം ഇട്യാതി മൂപ്പന്റെ കുടിലില്‍ നിര്‍വ്വഹിക്കുവാന്‍ സാധിക്കും കൂടാതെ ചാത്തേ, നീ നല്ല കഠിനാധ്വാനം ചെയ്യണം. നിശാപാഠശാലയില്‍ പോയി എഴുത്തും വായനയും പഠിക്കണം.
ഇത്തരം നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും കുഞ്ചുവാശാന്റെ സവിധത്തില്‍ വച്ചു ചര്‍ച്ച ചെയ്തു അവരിറങ്ങി.
വഴികളില്‍ കൂടി നടന്നു വരുമ്പോള്‍, ചില നായര്‍ ചട്ടമ്പികള്‍ അവിടവിടെയിരുന്നു. മുറുമുറുക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരതിനൊന്നും ചെവി നല്‍കിയില്ല. രണ്ടു മൂന്നാളുകള്‍ നേരെ നടന്നു വന്നു.
ആരാടാ പുലയരെ രക്ഷിക്കുവാന്‍ വന്നവന്‍, ചാത്തേനോടു ചൊടിച്ചു പറഞ്ഞു. അവന്‍ വിരണ്ടു പോയി. ജീവിതത്തിലാദ്യമായാണ് ചാത്തനിത്രയ്ക്കു ഭീകരതയില്‍ പെടുന്നത്. ഒരു നിമിഷം.... ഇവയ്‌ക്കൊന്നും വരേണ്ടിയിരുന്നില്ലെന്നോര്‍ത്തു പെട്ടെന്നവന്റെ മനസ്സില്‍ ധൈര്യം പാഞ്ഞു കയറുമാറ് - പപ്പു മാനേജര്‍,
എടാ പട്ടിനായരേ, ധൈര്യമുണ്ടെങ്കില്‍ ആണുങ്ങളോടു നോക്കടാ... എന്നു പറഞ്ഞു, സഞ്ചിയില്‍ നിന്നും ആയുധമെടുത്തു, ചാത്തേ നീയങ്ങോട്ടു മാറി നിന്നോ ഇവനേക്ക നേരയാക്കാന്‍ ഞാന്‍ മതി.
എന്നു പറഞ്ഞു സഞ്ചി ചാത്തേന്റെ നേരെ എറിഞ്ഞു കൊടുത്തു. എന്നിട്ടു ഉറയില്‍ നിന്നു കത്തിയൂരി.
ഒന്നു രണ്ടു ചൊവടുകള്‍ വെച്ചു തിരിഞ്ഞും മറിഞ്ഞും അടവു കാണിച്ചു. പിന്നെ കാലുകൊണ്ടൊരു അടിയും അടിച്ചു. അടികൊണ്ടു നേരെ നിന്നവന്‍ വീണു. കത്തിയുയര്‍ത്തി കുത്തുവാനാഞ്ഞു അപ്പോള്‍ ഒരുത്തന്‍ വിളിച്ചു പറഞ്ഞു.
എടാ ഓടിക്കോടാ കത്തി വരുന്നെടാ നോക്കടാ ഓടടാ എന്നു പറഞ്ഞെല്ലാവരും ഓടി. വീണവനും ഒരു വിധം പിടഞ്ഞെഴുന്നേറ്റു - കത്തി കൊണ്ടുള്ള കുത്തു കൊള്ളാതെ ഉരുണ്ടു മാറി എഴുന്നേറ്റോടിപ്പോയി.
ഓടുമ്പോള്‍ പപ്പു മാനേജര്‍ അട്ടഹസിച്ചു. എടാ പെരട്ട ചട്ടമ്പികളെ എന്താടാ ഓടുന്നത് ധൈര്യമില്ലേ.
ഒരു ചട്ടമ്പികളും നടക്കുന്നു.
ചാത്തന്‍വേഗം മാഷിന്റെ സമീപം വന്നു സഞ്ചിയില്‍ കത്തി നിക്ഷേപിച്ചു. നാടന്‍ മുണ്ടൊക്കെ നേരെയിട്ടു അവര്‍ നടന്നു. കുറെയധികം കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹഹുമായി പരമശിവന്‍ പിള്ളയുടെ കടയിലെത്തി.
പിള്ള ഇരുന്നിടത്തു നിന്നും എഴുന്നേറ്റു മാഷിന്റെ കൂടെച്ചെന്നു മുറിയില്‍ കയറി. ചാത്തേന്‍ പുറത്തു നിന്നു. 
പപ്പു മാനേജര്‍ വിളിച്ചു... ചാത്തേ നീ ഇങ്ങോട്ടു വരൂ.
പപ്പു മാനേജരോടൊപ്പം പരമശിവന്‍ പിള്ളയും ചാത്തേന അകത്തേയ്ക്കു ക്ഷണിച്ചു.
പിള്ള ചോദിച്ചു, പോയ കാര്യമെന്തായി മാഷേ ഓ ഒന്നുമില്ല. മാഷ് അര്‍ത്ഥവത്തായി - സാമൂഹ്യ പ്രവര്‍ത്തനത്തിലിതൊക്കെ പതിവുള്ളതാണ്.
പിള്ള എന്തുണ്ടായി - ചാത്തേ - പറയടാ - എന്തുണ്ടായി വല്ല അനിഷ്ട സംഭവവും.
ചാത്തേന്‍ - ഏയ് കൊറച്ചാളുകള്‍ വന്നു വഴിയിലൊരു ചെറിയ ഏറ്റുമുട്ടലുണ്ടായിരുന്നു. മാഷതക്കെ നേരിട്ടു, അവരൊക്കെ ഓടിപ്പോയി - അയിന് മുന്ന് ആശാന്റെ പള്ളിക്കൂടത്തീ പോയിരുന്നു. ആശാനുവല്യാ കാര്യോയി. 
സംഭാഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന അച്ചി വിലാസിനി കുറച്ചു മോരു കൊണ്ടു വന്നു കൊടുത്തു. അതു കുടിച്ചതിന്റെ ബാക്കി ചാത്തനും മാഷ് വെച്ചു നീട്ടി. ചാത്തന്‍ നിരസിച്ചു വേണ്ടാ. അല്ലേല്‍ - ഏന്‍ ചട്ടികൊണ്ടോരാ അയിലൊയിച്ചു കുടിക്കാ.
മാഷ് നിര്‍ബന്ധിച്ചു. നീ ഈ പാത്രത്തില്‍ നിന്നു തന്നെ കുടിക്കണം. നീ കുടിക്കൂ, ഉം. കുടിക്കൂ.
മാഷിന്റെ വാക്കുകളവനുസരിച്ചു, ചാത്തന്‍ മോരു വാങ്ങി കുടിച്ചു. പിന്നെ പാത്രം കഴുകാന്‍ വരാന്തയിലേയ്ക്കു പോയി.
വിലാസിനി, തലേദിവസത്തെ സംഭവ വികാസങ്ങളോര്‍ത്തു കുറ്റബോധത്തോടെ മാഷിന്റെ അടുത്തു വരാതെ അകന്നു നിന്നു. അദ്ദേഹത്തിന്റെ മഹത്വം അവളുടെ ഉള്ളില്‍ നിലനിന്നു.
വിലാസിനി - ഊണു കൊണ്ടു വരട്ടേ.
മാഷ് - കൊണ്ടു വന്നോളൂ. പിള്ളയോടു തിരിഞ്ഞു. പിള്ള കഴിച്ചോ.
ഇല്ല. ഞാനും ഉണ്ടിട്ടില്ല. മാഷിനെ കാത്തിരിക്കുകയായിരുന്നു.
മാഷ് - എന്നാല്‍ നമുക്കിവിടെയിരുന്നു കഴിച്ചാലെന്താ.
പിള്ള - ആകാം.
മാഷ്, വരാന്തയില്‍ വച്ചിരുന്ന കിണ്ടിയില്‍ നിന്നു വെള്ളമെടുത്തു കയ്യും മുഖവും കഴുകി പിന്നെ ചാത്തേന വിളിച്ചു. ചാത്തേ നീ കൈ നീട്ടു നിനക്കു നാം വെള്ളമൊഴിച്ചു തരാം.
ചാത്തന്‍ - ഏന്‍ പിന്ന കയ്യാ
മാഷ് - ഉം വേണ്ടാ - നീ കൈ നീട്ടു - നീട്ടടാ.
അവന്‍ കൈനീട്ടി മാഷ് വെള്ളമൊഴിച്ചു കൊടുത്തു അവന്റെ കയ്യും മുഖവും കഴുകിച്ചു.
അകത്തെ മുറിയില്‍ ഊണു കഴിക്കുവാനിരുന്നു. മാഷിന്‍േറയും പിള്ളയുടെയും നടുക്ക് ചാത്തേന ഇരുത്തി ഇലവച്ചു. ചോറും കറികളുമൊക്കെ വിളമ്പി. ചാത്തനോടു പിള്ള പറഞ്ഞു, ചാത്തേ നീ നല്ലോണം ഉണ്ണണം. ഒരു വിഷമവും വിചാരിക്കേണ്ട.
അവനു വല്ലാത്ത പരുങ്ങലുണ്ടായി, തമ്പുരാക്കന്മാരുടെ കൂടെയിരുന്നല്ലേ താന്‍ ഊണു കഴിക്കുന്നത്. തന്നോടു കാണിക്കുന്ന ഈ സ്‌നേഹം ആത്മാര്‍ത്ഥതയുള്ളതാണോ? സ്‌നേഹം കൊണ്ടു വീര്‍പ്പു മുട്ടിക്കുന്നു. അവനേതോ മുള്ളിലിരിക്കുന്നതു പോലെ തോന്നി. അവനൂണു കഴിക്കുന്നത് മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താന്‍ ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു നായര്‍ തറവാട്ടില്‍ നിന്നും ഭക്ഷിക്കുന്നത്. കുടിലില്‍ പിറന്ന താന്‍, പാടത്തിന്റെ വരമ്പത്ത്, ചെളിപ്പുറത്തിരുന്നു കരിക്കാടിയും ഞണ്ടു കറിയോ, പുളിം ചമ്മന്തിയോ തൊട്ടുകൂട്ടി ചിരട്ട കയിലു കൊണ്ടു കോരിക്കുടിക്കാറുള്ള തനിക്ക് വിഭവ സമൃദ്ധമായ സദ്യ ഉന്നതരുടെ നടുക്കിരുത്തി നല്‍കിയിരിക്കുന്നു.
ഊണു കഴിഞ്ഞു കയ്യും മുഖവും കഴുകി മാഷിന്റെ നിര്‍ദ്ദേശപ്രകാരം മുറിയില്‍ തന്നെയിരുന്നു. പപ്പു മാനേജര്‍ എല്ലാവരോടുമായി പറഞ്ഞു.
നാമിന്നു മഹത്തായൊരു കാര്യമാണു ചെയ്തിരിക്കുന്നത്. അതിനുള്ള നാനിയാണീ കുറിച്ചിരിക്കുന്നത്.
വിപ്ലവം വീട്ടില്‍ നിന്നാണ് പൊട്ടിപ്പുറപ്പെടുന്നത്. ചാത്തന നാം വിളിച്ചു വരുത്തി, ആദ്യം ബഞ്ചിലിരുത്തി ഓട്ടു പാത്രത്തില്‍ ചായ കുടിപ്പിച്ചു. എന്റൊപ്പം നടത്തിച്ചു കുഞ്ചുവാശാന്റെ സ്‌ക്കൂളില്‍ പോയി, അവിടെയും ഉന്നതരെ ഇരുത്തുന്ന പോലെ ഇരുത്തി സംസാരിപ്പിച്ചു. പിന്നെ പോരാട്ടം നോക്കി മനസ്സിലാക്കിച്ചു. ഇപ്പോഴിതാ ഭൂമിയില്‍ മനുഷ്യ സഞ്ചയം സ്വപ്നം പോലും കാണുവാന്‍ പറ്റാത്ത ഒരു വലിയ സംഭവത്തിനു പ്രാരംഭം കുറിച്ചിരിക്കുന്നു. ചാത്തേനുമൊരുമിച്ചു നാം പന്തിഭോജനം നടത്തിയിരിക്കുന്നു. ഇത് നാളെ നാടു മുഴുവനുമറിയും, ഉന്നതര്‍ കോപാകുലരാകും. ഒരു പക്ഷേ ആക്രമണം പോലുമുണ്ടായെന്നു വരാം. എന്നാലും പതറരുത്, നേരിടണം.
നാം ഭൂമിയോളം താഴ്ന്നു, നമ്മളെ ചവിട്ടി മെതിച്ചു. പട്ടിണിക്കിട്ടു കുടിലുകള്‍ തീ വെച്ചു. അശരണരാക്കി. വീടും കുടിലുമില്ലാതെ അലഞ്ഞു തിരിഞ്ഞു കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ചു കെട്ടിയിട്ടടിച്ചു കൊന്നു. സ്ത്രീത്വം കവര്‍ന്നു. എന്നിട്ടും വിദ്യാഭ്യാസം നല്‍കുവാന്‍ പടിവാതില്‍ തുറന്നില്ല. ഇതിനൊക്കെ ശക്തമായി പ്രതികരിക്കണം. അതിനു താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളൊന്നിക്കണം. ഉണരണം. അഭ്യാസമുറകള്‍ പരിശീലിക്കണം.
കളികളില്‍ കൂടി, കലകളില്‍ കൂടി, അക്ഷരങ്ങളില്‍ കൂടി നാം പരിശീലിക്കണം, അതിന്റെ തുടക്കമാണിത്.
ഇനി എന്റെ കയ്യില്‍ ചാത്തേന്റെ കൈ വയ്ക്കൂ, അതിനു മുകളില്‍ വിലാസിനിയുടെ കൈ അതിനു മേലെ പിള്ളേച്ചന്റെ കൈവച്ചു സത്യം ചെയ്യൂ.
നമ്മളിലുള്ള ഒരുമ എന്നും നിലനില്‍ക്കണം, നാം പറയുന്നതു പോലെ പ്രവര്‍ത്തിക്കാം, ജാതിരഹിതമായി പോരാടാം അച്ചടക്കം പാലിക്കാം. എല്ലാവരും ഏറ്റു പറഞ്ഞു പുറത്തിറങ്ങി ചാത്തേനോടു പറഞ്ഞു. നീ ഇന്നു നിന്റെ വീട്ടിലേയ്ക്കു പൊയ്‌ക്കോളൂ. നാളെ വന്നെന്നെ കാണണം. രാത്രി നിശാപാഠശാലയില്‍ പോയി അക്ഷരം പഠിക്കണം. സമയം വെറുതെ കളയരുത്. കലകളിലും പങ്കെടുക്കണം, ഉം. പൊയ്‌ക്കൊള്ളൂ.
പിള്ളയും വിലാസിനിയും വീട്ടിലേയ്ക്കു പോയി. മാഷിനെപ്പറ്റി അഭിപ്രായം പറഞ്ഞു.
ചില്ലറക്കാരനൊന്നുമല്ല. ദിനംപ്രതി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇന്നുണ്ടായിരുന്ന സംഭവങ്ങള്‍ കേട്ടിടത്തോളം അതിഭയങ്കരം തന്നെ.
വിലാസിനി - മഹാനാണദ്ദേഹം, അറിവുള്ളവന്‍, അഭ്യാസി, കഴിവുള്ളവന്‍, മഹാരാജാവു തിരുമനസ്സിന്‍െര കല്‍പ്പന നടപ്പിലാക്കുവാനല്ലേ, അദ്ദേഹം ഈ പാവങ്ങളെ കൂട്ടി പോരാട്ടത്തിനൊരുങ്ങുന്നത്.
അന്നു തന്നെ പിള്ള രണ്ടു മൂന്നു ബഞ്ചുകള്‍ കൊണ്ടു വന്നു ചായക്കടയുടെ മുമ്പിലിട്ടു പുറം ജാതിക്കാര്‍ വന്നാല്‍ ബഞ്ചിലിരുന്നു ചായ കുടിക്കുവാന്‍.
ചാത്തന്‍ നേരെ പോയത് ഇട്യാതി മൂപ്പന്റെ കുടിലിലേയ്ക്കാണ്. വിവരങ്ങളൊക്കെ അദ്ദേഹത്തെ ധരിപ്പിച്ചു. മൂപ്പന്‍ അതു കേട്ടു കോരിത്തരിച്ചു.
നുമ്മളെ, രച്ചിക്കാനക്കൊണ്ട് ആളൊണ്ടായിരിക്കണി. മൂപ്പന്‍ പറഞ്ഞു. ഇന്നു വയ്യിന്നേരം അച്ചരപഠനോം, പരിചമുട്ടുകളീം. എന്നാ
ചാത്തേന്‍ - ചെരി - മൂപ്പാ ഏന്‍ കുടീലോട്ടു ചെല്ലട്ടേ.
ചാത്തന്‍ കുടീലേയ്ക്കു പോയി, ഉന്മേഷവാനായി ധൃതിയില്‍ നടന്നു വരുന്ന ചാത്തേന കണ്ട് മാടനും, ചക്കീം, മാണ്ടയും, ചരതനും, കോതപ്പെണ്ണും അതിശയിച്ചു.
അമ്മേ, എന്നാ തന്തോയം ഏനിന്ന് തമ്പുരാക്കന്മാരോടൊപ്പമിരുന്നല്ലേ ഉച്ചയ്ക്ക് സദ്യ കയിച്ചത്. എല്ലാ കാര്യങ്ങളും കേട്ട ചക്കി മകനെ വന്നു കെട്ടിപ്പിടിച്ചു.
എണ്ട പൊന്നുമോനാണപ്പ, നെനക്ക് ഇച്ചിരി പഠിപ്പുകൂടി ഒണ്ടായിരുന്നേങ്കില് ഈ നാട്ടീ രാശാവാകോരുന്നി.
ചാത്തേന്‍ അതു നടക്കോമ്മേ, ഏന്‍ കുളിച്ചി ചാത്തരേയി പോകേണ്, അച്ചരം പഠിക്കാന്‍.
ചരതന്‍ ഇടയ്ക്കു കയറി പറഞ്ഞു - ഞാനാണ് പഠിപ്പിക്കുന്നത് എന്നോടാണ്, പഠിപ്പിക്കുവാന്‍ ചെല്ലാന്‍ പറക്കേണത്.
മാടന്‍ - ആരി പറഞ്ചി.
ചരതന്‍ - മാഷ് പറഞ്ഞു. ആ നേതാവില്ലേ, അദ്ദേന്‍,
ചക്കി - എന്നാ നീയും ബേം പൊയ്‌ക്കോ.
പിറ്റേദിവസം.
പപ്പു മാനേജരോടൊപ്പം, പരമശിവന്‍ പിള്ളയും ചാത്തേനും കൂടി യാത്രയായി പുറപ്പെട്ടു.
നേരെ നടന്നു ചെന്നത് കൃഷ്ണന്‍ മുതലാളിയുടെ വീട്ടിലേയ്ക്കാണ്. മുറ്റത്തു ചുറ്റിപ്പറ്റി നിന്നിരുന്ന വാല്യക്കാരിലൊരുവന്‍ ചെന്നു മുതലാളിയെ വിവരം ധരിപ്പിച്ചു. അതുപ്രകാരം മുതലാളി നാടന്‍ മുണ്ടൊരെണ്ണം തോളിലണിഞ്ഞു പൂമുഖത്തേയ്‌ക്കെഴുന്നള്ളി ചാരു കസേരയിലിരുന്നു.
അദ്ദേഹം ജാതിയില്‍ ഈഴവനാണെങ്കിലും നമ്പൂതിരിമാരുടേതു പോലുള്ള മാടമ്പിച്ചിട്ട വച്ചു പുലര്‍ത്തുന്നയാളാണ്. നാലും കൂട്ടി മുറുക്കി അടുത്തിരുന്ന കോളാമ്പിയില്‍ തുപ്പി മുഖത്തൊരു മ്ലാനമായ പുഞ്ചിരി പാസ്സാക്കി, സ്‌നേഹം അഭിനയിച്ചു. പ്രകൃത്യാ ആരോടും കോപാകുലനാകാത്ത സ്വഭാവം ഇഷ്ടം കൂട്ടി കാര്യം നടത്തി തന്‍കാര്യം സാധിപ്പിക്കുന്നയാളാണ് കൃഷ്ണന്‍ചോന്‍. പാടവും, പറമ്പും, തൊഴിലാളികളും, കുടികിടപ്പുകാരം ധാരാളമുണ്ട്. കൂടാതെ ചില പാടങ്ങളു്, വെള്ളചാലുകളും മത്സകൃഷിക്കായി കരാറും കൊടുത്തിരുന്നു. മാംസഭുക്കാണ് മത്സ്യവും മാംസവും ഒന്നും കാശു കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. കള്ളുപോലും അദ്ദേഹത്തിനു വീട്ടില്‍ കൊണ്ടു വന്നു കൊടുത്തിരുന്നു.
പപ്പു മാനേജര്‍ മുതലാളിയുടെ സമീപം ചെന്നു രണ്ടു കയ്യും കൂപ്പി നമസ്‌ക്കാരം പറഞ്ഞു. പിന്നെ വരാന്തയില്‍ കയറി പൂമുഖത്തു കിടന്നിരുന്ന ഇരിപ്പിടത്തിലിരുന്നു. ഉന്നതരുടെ പോലെ വസ്ത്രധാരണം ചെയ്തിരുന്നതിനാല്‍ മുതലാളി ബഹുമാനപൂര്‍വ്വം, എതിര്‍പ്പു രേഖപ്പെടുത്താതെ ഉപവിഷ്ടരായതില്‍ സന്തോഷം മുഖത്ത് സ്പുരിപ്പിച്ചു. കൂടെ വന്ന പിള്ളയും കയറി ആസനസ്ഥരായി. ചാത്തേന്‍ പൂമുഖത്തു കയറാതെ നിന്നു.
പപ്പു മാനേജര്‍ വിളിച്ചു - നീയും കയരി വരൂ ഇവടെയിരിക്കൂ എന്നാംഗ്യം കാണിച്ച പ്രകാരം, ചാത്തനും കയറി അല്‍പ്പം അകന്നിരുന്നു.
മുതലാളി ചോദിച്ചു - ആരൊക്കെയാണ് - പറയൂ.
ഞാന്‍ പപ്പു മാനേജര്‍, ഇതു പരമശിവന്‍ പിള്ള, ഇത് ഈ നാട്ടിലെ ഒരു പ്രവര്‍ത്തകനാണ്.
മുതലാളി - മാടന്റെ മകനല്ലേ. ഇപ്പോള്‍ പണികള്‍ക്കൊന്നും പോകാറില്ലേ.
ചാത്തന്‍ ഒന്നും പറഞ്ഞില്ല. വല്ലാത്ത വിമ്മിഷ്ടത്തോടു കൂടി മുതലാളിയുടെ മുമ്പിലിരുന്നതില്‍ അവിവേകമായി തോന്നിച്ചു. എഴുന്നേല്‍ക്കുവാന്‍ നോക്കി.
മുതലാളി - എഴുന്നേല്‍ക്കണ്ട ഇരുന്നോളൂ വലിയ ആളുകളോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകനായി വന്നതല്ലോ. പിന്നെ എന്താ വന്ന കാര്യം പറയൂ.
പപ്പു മാനേജര്‍ - മുതലാലി വലിയ നീതിമാനും പാവങ്ങളോടു കരുണയുള്ളവനുമാണെന്നു നാം കേട്ടിട്ടുണ്ട്. പക്ഷേ വേറെ ചില കാര്യങ്ങള്‍ കൂടി മുതലാളി ചെയ്യണ്. മഹാരാജാവു തിരുമനസ്സു കൊണ്ട്. ചില ഉത്തരവിറക്കിയിരിക്കുന്ന കാര്യം അങ്ങു ഓര്‍ക്കുന്നുണ്ടല്ലോ. അതു ഇവിടുത്തെ വേറെ പല ജന്മികളും പ്രാവര്‍ത്തികമാക്കീട്ടില്ല. വഴി നടക്കുവാനുള്ള സ്വാതന്ത്ര്യം, മാറു മറയ്ക്കുവാനുള്ള അവകാശം, കൂലിക്കൂടുതല്‍ ലഭിക്കണം. കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനുള്ള അവകാശം.
മുതലാളി - ഞാന്‍ ചില സാധുജനങ്ങള്‍ക്ക് പള്ളിക്കൂടത്തില്‍ ചേരുന്നതിനു വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതില്‍ മാടന്റെ മകനും ഉള്‍പ്പെടുന്നു. ഇപ്പോളവന്‍ ഉയര്‍ന്ന തരത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്നു.
പപ്പു മാനേജര്‍ - അതു ശരിതന്നെ നിങ്ങളുടെ ജാതിക്കാര്‍ കൂടാതെ ഉന്നതര്‍ കൂടി, പുറം ജാതിക്കാരായ കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുവാന്‍കൊണ്ടു പോകുമ്പോള്‍ മുതലാളിയുടെ കൂടെയുള്ള ചട്ടമ്പികളും, നായര്‍ ചട്ടമ്പികളും, ചേര്‍ന്നു പുലരേപ്പോലെയുള്ള അധ:സ്ഥിതരെ അടിച്ചോടിച്ച് വിദ്യാഭ്യാസം ചെയ്യിക്കാത്ത രീതിയിലാക്കിയിരിക്കുന്നു. അക്കാര്യത്തില്‍ മുതലാളിയുടെ ആളുകള്‍ക്കു വേണ്ട നിര്‍ദ്ദേശം കൊടുക്കണം.
മുതലാളി - ശരി വേണ്ടതു ചെയ്യാം.
പിള്ള ഇടയ്ക്കു കയറി പറഞ്ഞു - കൂലി കൂടുതല്‍ നല്‍കണം.
മുതലാളി - അതും പരിഗണിക്കാം.
പിള്ള പറഞ്ഞു - ഉന്നത ജാതിക്കാരായ നമ്പൂതിരി ജന്മികല്‍ ഇപ്പോഴും തുടരുന്ന ചില പ്രവണതയുണ്ട്. പാവങ്ങളെ അകാരണമായി തല്ലിച്ചതയ്ക്കുക കുടിലുകള്‍ കത്തിക്കുക മുതലായവ എന്നാല്‍ മുതലാളിയുടെ ഭാഗത്തു നിന്നും ഇതുപോലെയൊക്കെ ഇക്കാലത്തും തുടരുന്നുണ്ടെങ്കില്‍ അതവസാനിപ്പിക്കണം.
മുതലാളി - ഇവിടെ ഒരു കുഴപ്പവുമില്ല. എല്ലാവര്‍ക്കും വേണ്ട സഹായ സൗകര്യങ്ങള്‍ നടത്തി കൊടുക്കുന്നുണ്ട്.
പപ്പു മാനേജരും കൂടെയുള്ളവരും ഇറങ്ങി പുറപ്പെട്ടു. പറഞ്ഞതൊക്കെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് അവര്‍ നടന്നു കൊണ്ടിരുന്നത്.
ആരും അനുകമ്പാപൂര്‍വ്വം പതിതര്‍ക്ക് ഒന്നും നല്‍കിയ ചരിത്രമുണ്ടായിട്ടില്ല. യാചന മാത്രമേ അധ:സ്ഥിതര്‍ക്കാലംമ്പമായുള്ളത്.
എല്ലാ യാചനകളും, എല്ലാ കാലത്തും, എല്ലായിടത്തിലും വനരോദനമായി കലാശിക്കുകയാണുണ്ടായിട്ടുള്ളത്.
യാചന കൊണ്ട് ഒരവകാശവും ഇതുവരെ ലഭിച്ച അവസരമുണ്ടായിട്ടില്ല. അവകാശം പിടിച്ചു പറ്റണം.
രാജാവിനെ സഹിക്കാം ജന്മികളെ ഒട്ടും സഹിക്കുവാന്‍ പറ്റുകയില്ല. അവരാണല്ലോ അപകടകാരികള്‍. കാരണം തൊഴിലാളി വര്‍ഗ്ഗങ്ങളോട് ഏറ്റവും കൂടുതല്‍ അടുത്തു പെരുമാറുന്നത് ജന്മി മുതലാളിമാരാണ്. അതുകൊണ്ട് യാചന കൊണ്ട് അവരുടെ കരളലിയാറില്ല. അവരാണ് തൊഴിലാളികലെ തീറ്റി പോറ്റുന്നത്. കുടികിടപ്പായി താമസിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തൊഴിലാളികളും, ഭൂസ്വത്തുക്കളു്. കരമൊഴിവായി ലഭിച്ച ഭൂമിയിലാണ് അടിമകളെ താമസിപ്പിച്ചിരുന്നത്. കുടിയാന്മാര്‍ അദ്ദേഹത്തിന്റെ അടിമകളായിരുന്നു. അവരുടെ മേല്‍വിലാസം ജന്മിയോടു ബന്ധപ്പെട്ടു കിടന്നിരുന്നു.
രാജാവുത്തരവിറക്കിയാലും, നടപ്പാക്കുന്നതില്‍ അവര്‍ക്ക് അമാന്തമുണ്ടായിരുന്നു. അതിനു യാചന കൊണ്ടു പരിഹാരമുണ്ടാകാറില്ല. വിപ്ലവകരമായ മാറ്റമാണ് കരണീയമായിരിക്കുന്നത്. ഇക്കാര്യം സുസാധ്യമാകണമെങ്കില്‍ നല്ലൊരു നേതൃത്വത്തോടു കൂടിയുള്ള കൂട്ടായ പരിശ്രമം അത്യന്താപേക്ഷിതമാണ്.
*****