"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

തലമുറകള്‍ :12 - ടി എച്ച് പി ചെന്തരശ്ശേരി

ഡോ. ചെങ്കുളത്തിന്റെ ഗവേഷണശാല. അദ്ദേഹം അഗാധമായ ചിന്തയിലാണ്. ഒരു തപോധനനെ അനുസ്മരിപ്പിക്കുന്ന രൂപം. മിഴികള്‍ അനന്ത വിശാലതയിലെവിടെയോ ഉടക്കിയ മട്ടുണ്ട്. ഇടതു കരം താടിയിലൂടെ പരതി നടക്കുന്നു. ലെന്‍സ് മേശപ്പുറത്തു കിടപ്പുണ്ട്. താളിയോല ച്ചുരുണകള്‍ ഭദ്രമായിത്തടുക്കി ക്കെട്ടിവച്ചിരിക്കുന്നു. പലതും പരിശോധിച്ചു കഴിഞ്ഞിരിക്കണം. രേഖകള്‍ വട്ടെഴുത്തിലാണ്. ആ കെട്ടുകളുമായി അവ ഭൂഗര്‍ഭതാവളമാക്കിയിരുന്ന സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് അരിച്ചെടുത്ത വിവരങ്ങളുടെ ചരടു പിടിച്ച് ഭൂതകാലത്തിന്റെ പടവുകളോരോന്നും കടന്നുപോവുകയാണ് തന്റെ മനസ്സ്. അതു അവസാനം ചെന്നു നിന്നത് കുരുക്കു പിടിച്ച അന്ധകാരഗര്‍ത്തത്തിലും. അദ്ദേഹം യുക്തിയുടെ ടോര്‍ച്ചു മിന്നിച്ച് ചരിത്രദൃഷ്ടിയിലൂടെ രംഗ നിരീക്ഷണം നടത്തുകയായി. അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍. ഭൂതകാലത്തിന്റെ കുക്ഷിയിലമര്‍ന്ന വസ്തുതകളോരോന്നും അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ ത്രിമാന ചിത്രം പോലെ തെളിഞ്ഞുവന്നു.
പച്ചിലക്കാടുകള്‍ നിറഞ്ഞ താഴ്‌വരകളെ മടിയിലൊതുക്കിയ വിശാലമായ കുന്നിന്‍ പ്രദേശമാണ് എണ്ണിക്കാട്ടുമല. മാവും പ്ലാവും തഴച്ചു വളര്‍ന്ന് വസുന്ധരയ്ക്കു കുട ചൂടുന്നു. സസ്യശ്യാമളമായ കുന്നിന്‍ ചരിവുകള്‍. വെളിച്ചം മോഹിച്ചു ചുണ്ടുനീട്ടുന്ന മനോഹരമായ കൂമ്പോടു കൂടിയ കദളിവാഴകളും വിളഞ്ഞുമുറ്റിയ നെടുങ്കല്‍ കുലകളേന്തി പിടലിതരിച്ചു നില്ക്കുന്ന പൂവന്‍ വാഴകളും ആണ്ടു മലഞ്ചരിവുകളില്‍ വിരളമല്ല. ചേനയും ചേമ്പും കാച്ചിലും തഴച്ചു നില്ക്കുന്നതിന്റെ അരികുചേര്‍ന്നു ഓട്ടപ്പന്തയം നടത്തുന്ന മത്തനും ചുരയും ഭംഗിക്കു മാറ്റുകൂട്ടുന്നു.
എണ്ണിക്കാട്ടു മലയുടെ തെക്കേചരുവില്‍ ഒരു വെണ്‍മാടം. അറ്റം ഉയര്‍ന്ന രണ്ടു മുഖപ്പുകള്‍. കനമുള്ള പല കച്ചുവരുകള്‍. കട്ടിയുള്ള സാക്ഷ ഘടിപ്പിച്ച കതക്. കനത്ത കട്ടിളയിലെ ചുഴിക്കുറ്റിയില്‍ കതകുതിരിയുന്നു.
കതകു തുറക്കുമ്പോള്‍ ഘരഘര ശബ്ദം. വീടിനു ചുറ്റും കോട്ടപോലെ കെട്ടിയുര്‍ത്തിയ ചെങ്കല്‍ മതിലുകള്‍. മുമ്പിലും പുറകിലും ഓരോകൊട്ടിയമ്പലം. കൊട്ടിയമ്പലം കടന്നാല്‍ വിശാലമായ പറമ്പിലേക്കു പ്രവേശിക്കുകയായി. ഗ്രാമത്തലവന്റെ കല്പന കാത്തുനില്ക്കുന്ന സേവകരുടെ മെലിഞ്ഞ സംഖ്യ. നാലുകെട്ടിന്റെ കല്ലുകള്‍ ഇളകിയിരിക്കുന്നു.
അധികാരത്തിന്റെ സ്വരം അവിടെ നിന്നുയരുന്നില്ല. അന്തരീക്ഷം സന്ദിദ്ധമായ നിലയിലാണ്. ചുറ്റും ശത്രുക്കള്‍. അപഹരണമാണ് ലക്ഷ്യം. പരിപാടി അടിച്ചമര്‍ത്തലും. കയ്യൂക്കിലൂടെ നേടുന്ന അധികാരം അടിമയെ സൃഷ്ടിക്കുന്നു.
ഗ്രാമത്തലവന്റെ ശിരസ്സിലെ പ്രതാപത്തിന്റെ തൂവലുകള്‍ പൊഴിഞ്ഞുപോയി. കീഴടങ്ങലിന്റെ നില ആ ചിറ്റരചന്‍ ഒന്നു തിരുമാനിച്ചുറച്ചു. തന്റെ കരങ്ങളില്‍ പരാധീനതയുടെ കാരിരുമ്പുചങ്ങലകള്‍ വീഴട്ടെ. തല്ക്കാല പരിതസ്ഥിതിയില്‍ തനിക്കു ശത്രുവിനോടു പൊരുതി ജയിക്കാനാവില്ല. എന്നാല്‍ തന്റെ സന്തതികള്‍ അടിമച്ചങ്ങലയുടെ കുരുക്കില്‍ വീണു പിടഞ്ഞു കൂടാ. അവര്‍ രക്ഷപ്പെടണം.
അണിഞ്ചനാര്‍ തന്റെ സന്തതികളെ അരുകില്‍ വിളിച്ചു. ആതനാര്‍, ചേരനാര്‍, ഇവര്‍ ആണ്‍ സന്തതികള്‍. മകള്‍ ഒന്നേയുള്ളൂ - അണിഞ്ചന്‍ കോതൈ.
സന്തതികള്‍ തന്തയുടെ പ്രാന്തത്തിലെത്തി. പണ്ടത്തെ തമിഴകത്തിന്റെ ഒരു ഭാഗമായിരുന്നു ചേരനാട്. അന്നത്തെ ചേരനാട്ടുമക്കളുടെ ഭാഷയും തമിഴായിരുന്നു. സഹ്യനിരയ്ക്കു കിഴക്കുള്ളവരുടെയും ചേരനാട്ടുകാരുടെയും ഭാഷകള്‍ക്കു തമ്മില്‍ നിസ്സാരമായ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മലനാട്ടുഭാഷയില്‍ സംസ്‌കൃതത്തിന്റെ അതിപ്രസരം ഉണ്ടായതു കാരണം മലനാട്ടു തമിഴിനു കാലാന്തുരത്തില്‍ വ്യത്യാസമുണ്ടായി. പ്രാദേശിക ഭാഷകളുടെ സ്ഥാനത്തേക്കു മിശ്രഭാഷകള്‍ അരിച്ചു കടന്നു. സാമൂഹ്യമായും വിദ്യാഭ്യാസ പരമായും മുന്നണിയിലേക്കു കുതിച്ചുകൊണ്ടിരുന്നവര്‍ പുതിയ ഭാഷയെ ഒരു ഫാഷനായി സ്വീകരിച്ചപ്പോഴും സാമാന്യ ജനങ്ങള്‍ തമിഴ് ഭാഷതന്നെയാണ്. തുടര്‍ന്നും സംസാരിച്ചത്. അണിഞ്ചനാരുടെ കുടുംബവും കൈകാര്യം ചെയ്തിരുന്നത് തമിഴ് ഭാഷതന്നെ.
അപ്പാ... ഏങ്കളെ ഏന്‍ കൂപ്പിടീങ്ക?
ആതനാര്‍ കാര്യമന്വേഷിച്ചു.

കൊള്ളന്തൈകളേ, എന്‍ കാലം മൂടിയപ്പോകിറതു. ഉങ്കളുടൈയും. .. തറൈയും തറൈക്കൂട്ടകളും കളരിയും കളത്തറൈകളും എല്ലാം പേരുക്കുമട്ടും... ഇന്തപാതൈ പട്ടണത്തില്‍ നിന്റു ഇങ്കെ വന്തതിലിറുന്തു ശനിയനും തൂടങ്കിയതു.... ഇതര്‍ക്കെല്ലാം കാരണം വരുത്തറുടൈയ വറവുതാന്‍. സേവകര്‍ പോല്‍ പക്കം വന്താര്‍കള്‍. തന്തിരമിക എല്ലാം കൈപ്പറ്റിക്കൊണ്ടാര്‍കള്‍. എനി, നാം അവര്‍കളിന്‍ അടിമൈ..... അതര്‍ക്കു സന്ദേഹമേ കിടയാതു. ഇപ്പോതേ നാം അടിമൈ ആയിക്കൊണ്ടിരുക്കിറോം.
അപ്പാ... അതു നടക്കവേകൂടാതെ. അതു നാങ്കള്‍ പൊറുക്കവേ മാട്ടോം.
അപ്പടിയല്ലൈ കൊള്ളന്തൈകളേ... കാലത്തില്‍ കതി അപ്പടി ആയിറ്റു.... എനി നമ്മാല്‍ എതിര്‍ക്കവേ മുടിയാതു. ഗ്രാമങ്കളുക്കു തനിയാകവാഴ മുടിയാതു. ശക്തിമാന്‍കള്‍ പലഗ്രാമങ്കളും ആക്കിറമിത്തു അവര്‍കള്‍ അതികാരം തൊടങ്കി വിട്ടാര്‍കള്‍. എതിര്‍പ്പവര്‍ അടികമെകളാവാര്‍. വിറയാര്‍ന്ന സ്വരത്തില്‍ അണിഞ്ചനാര്‍ പറഞ്ഞൊപ്പിച്ചു. അടിമൈകള്‍.... കറുനിലമന്നര്‍കള്‍ അടിമൈകളാ....? ചേരനാര്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.
അതിസയം വേണ്ടാം... തോല്‍വി അടൈന്തവര്‍ മീതു അവര്‍കള്‍ ജാതി സമ്പിറതായവും തീണ്ടായ്മയും കട്ടിവെപ്പാര്‍കള്‍. മക്കളൈ അവര്‍കള്‍ പങ്കുപോട്ടാച്ചു. കൂടൈപ്പിറൈന്തവള്‍ മക്കളുക്കാം സ്വത്തുക്കൂ ഉറിമൈ.
സ്വന്തം മക്കള്‍ക്കല്ലൈ എന്റാ ശൊല്ലുറീങ്ക?
ആം.... നാന്‍ ഊര്‍ക്കുട്ടത്തുക്കു പോനപ്പോതു ഇതെല്ലാം തെരിഞ്ചു കൊണ്ടേന്‍. നാം പാഷൈക്കു ബതിലാക ഒരു പുതുപ്പാഷൈ അമൈന്തിറുക്കിറതു.
നം തമിഴിലിറുന്തു കൊഞ്ചംവാക്കുകളും അവര്‍കള്‍ പാഷൈലിറുന്തു കൊഞ്ചം വാക്കുകളും ശേര്‍ത്തു ഒരു അവിയല്‍ പാഷൈ.
ഹോ.... എലുക മീറുകിറതു... അന്ററേ നാന്‍ നിനൈത്തേന്‍. നം പല സമ്പിറതായങ്കളും ഏറ്റപ്പോള നമതു ഇല്ലം അവര്‍കള്‍ ഏറ്റുക്കൊണ്ടാര്‍കള്‍. തറൈക്കുട്ടങ്കളും അതുപോല്‍ പല വറ്റൈ നം കുട്ടത്തില്‍ നുഴന്തു വറ അവര്‍കള്‍ കണ്ടയോസനൈ.
എനി നടന്ത കാരിയങ്കള്‍ പേശി പയനില്ലൈ..... അവര്‍കള്‍ പക്കത്തില്‍ എട്ടിവിട്ടാര്‍കള്‍. പക്കത്തു ഗ്രാമത്തുക്കൂ. അതൈ കൈപ്പറ്റിക്കൊണ്ടാന്‍. ഇന്തകിരാമവും അവര്‍കള്‍ അതീനത്തില്‍ അമന്തുവിടും. എന്ന വന്താലും ചെരി നം കുടുംബം അഴിയവേക്കൂടാതു.
അപ്പാ.... അതര്‍ക്കു നാങ്കള്‍ എന്നെ ശെയ്യവണ്ടും? ശൊല്ലുങ്കള്‍... നാങ്കള്‍ അപ്പടിയേ ശെയ്കിറോം. കടൈശിവറൈ പോറിട്ടു ഇറപ്പതര്‍ക്കും തയാര്‍. എതിര്‍പ്പതില്‍ പയനില്ലൈ. പിന്‍ വെട്ടുവതു താന്‍ യോ ശനൈ. നീങ്കള്‍ അടിമൈകള്‍ ആകകൂടാതു. ആകയാല്‍ നീങ്കള്‍ ഇങ്കിറുന്തു കിളമ്പവേണ്ടും. ഇന്തതറവാട്ടു തറ മട്ടം ആകും മുന്‍. നീങ്കള്‍ എങ്കയാവാതുപോയി സൊതന്തറമായ് വാഴവേണ്ടും. എങ്കേപോനാലും ശെരി. ഇന്ത തറവടൈ മറക്കവേ കൂടാതു. അതന്‍ പെയര്‍ നിന്റേ ആകണം. അതര്‍ക്കു നാങ്കള്‍ എന്ന ശെയ്യ വേണ്ടും?
ആതനാര്‍ ഒരു രൂപവുമില്ലാത്തതുപോലെ ചോദിക്കുകയായി.
നീങ്കള്‍ സൊതന്തറമായി കുടുംബം അമൈത്താലും നം കുടുംബത്തില്‍പെയര്‍ താന്‍ നീങ്കളുടൈയ കുടുംബത്തിര്‍ക്കും കൊടുക്കവേണ്ടും. എതിര്‍ കാലഞാപത്തുക്കാക ഉങ്കളുടയ അനുപവങ്കള്‍ എഴുതിപോടവേണ്ടും. അതൈ തറവാട്ടിസു കന്നിമേല്‍ കോണില്‍ പാതുകാക്ക വേണ്ടും. നംമുറ്റോര്‍കള്‍ കൈക്കൊണ്ടു വന്ത ഏര്‍പ്പാടു ഇതേതാന്‍. കുറിമാനങ്കള്‍ ഒന്റുപോലും നാസ മടയക്കൂടാതു.
വികാര നിര്‍ഭരമായ മൊഴികള്‍ സന്താനങ്ങളെ രോമാഞ്ചം കൊള്ളിച്ചു.
അപ്പോതു അപ്പോവും തങ്കച്ചിയും?
ചേരനാര്‍ ആശങ്കാകുലനായി ആരാഞ്ഞു.
നാന്‍ ഇങ്കേതങ്കുവതാക തീര്‍മാനിത്തു വിട്ടോം. എന്‍ തങ്കച്ചിയിന്‍ മകനും ഇങ്കേ ഇരുക്കിറാര്‍കളേ.
അല്പനേരം അണിഞ്ചനാര്‍ ഗാഢചിന്തയില്‍ മുഴുകി. അനന്തരം ഒന്നും നിശ്ചയിച്ചുറച്ചതു പോലെ മൊഴിഞ്ഞു-
നീങ്കള്‍ പോകും വിവരത്തെ നാന്‍ കുറിത്തു പോട്ടുകൊള്‍കിറേന്‍. നിങ്കള്‍ ഇന്റു ഇരവില്‍ താന്‍ കിളമ്പവേണ്ടും. വിടിയുമ്പോതു എതിരികള്‍ ഇന്ത കിരാമം കൈപ്പറ്റിയിരുപ്പാര്‍കള്‍.
വികാര വിക്ഷുബ്ധമായ അന്തരീക്ഷം അവരെ വീര്‍പ്പുമുട്ടിച്ചു. ആ അരുമ മക്കള്‍ വാത്സല്യപിതാവിന്റെ കാല്ക്കല്‍ വീണു അന്ത്യവിട ചോദിച്ചു. വേര്‍പാടിന്റെ ദുസ്സഹമായ നിമിഷങ്ങള്‍!
ഡോ. ചെങ്കുളം തന്റെ നിഗമനങ്ങള്‍ ഒരാവര്‍ത്തി കൂടിവായിച്ചു. തൃപ്തികരമെന്ന് തന്റെ മുഖഭാവം വിളിച്ചോതുന്നുണ്ട്.
അദ്ദേഹം രണ്ടാമത്തെ രേഖയിലേക്കു ശ്രദ്ധതിരിച്ചു. അതു വളരെയേറെ തൊന്തരവുപിടിച്ചു പണിയായി തോന്നി. എണ്ണിക്കാട്ടുമലയിലെ വെണ്മാടം വിട്ടിറങ്ങിയ മൂത്തമകന്റേതാണ് തിരുക്കൊടിരേഖ.
അന്ധകാരത്തിന്റെ തിരശ്ശീലകളെ പിച്ചിച്ചീന്തിക്കൊണ്ടാണ് അണിഞ്ചനാതനാര്‍ നടന്നത്. നേരേതെക്കോട്ടു. ഓതറമലയിലെ ചാത്താം മോടിയുടെ മീതേ കയറിനിന്നു. പ്രാചീന ബുദ്ധമത സങ്കേതമായ ആ കുന്നിന്‍ പുറം ആ പ്രദേശത്തിന്റെ തിലകമാണ്. അവിടെ നിന്നു നോക്കിയാല്‍ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ദൃഷ്ടിഗോചരമാകും. തെക്കരുകിലൂടെ പമ്പാനദി അലസഗമനം നടത്തുന്നത് നാട്ടുവെളിച്ചത്തില്‍ വെള്ളിപ്പാളിപോലെ തെളിയുന്നു. പുന്നാട്ടക്കുന്നുമലയും കപിയൂര്‍ മലയുമെല്ലാം അവ്യക്തരൂപത്തിലാണ് ദൃശ്യമായത്. അങ്ങകലെ ആകാശമേലാപ്പില്‍ കീഴില്‍ തുന്നിച്ചേര്‍ത്ത നീലമലകളെ ഒരിക്കല്‍ കൂടി നോക്കി. പകല്‍ നേരത്തു ദൃഷ്ടിഗോചരമാകാറുള്ള ആ പ്രകൃതിസൗന്ദര്യം ഇരുളില്‍ ഭീകരമായി തോന്നി.
ആതനാര്‍ അവയോടെല്ലാം വിടവാങ്ങി. പാദങ്ങളുടെ ഗതി എങ്ങോട്ടെന്നില്ലാതെയായിരുന്നു. ഇരുളില്‍ വഴിനിശ്ചയമില്ല. നാടുവെളിച്ചം മാത്രമുണ്ട്. സഹായത്തിന്. പാദങ്ങള്‍ നീങ്ങിയിടത്തേക്കു അയാളുടെ തടിയും നീങ്ങി. ഏതു ദിക്കിലേക്കാണെന്നു ഒരു തുമ്പുമില്ല. അറിയണമെന്ന് ആഗ്രഹവുമില്ലായിരുന്നു. ചെല്ലുന്നിടത്തു ചെല്ലട്ടെ.
അന്ത്യയാമത്തില്‍ ഒരു വട വൃക്ഷച്ചുവട്ടിലെത്തി. ഇരവിന്‍ കരിഭൂതത്തിന്റെ ഗുഹാവദനത്തില്‍ നിന്നും പകല്‍ ഇഴങ്ങിറങ്ങി വന്നു. മങ്ങിയ വെളിച്ചത്തില്‍ മരത്തറ കണ്ടു. അതിനെ ഇരിപ്പിടമാക്കി. ഉറക്കച്ചടവും യാത്രാക്ലേശവും അയാളെ നിദ്രയുടെ മടിയിലമര്‍ത്തി.
ആരോകടന്നു പിടിച്ച അനുഭമുണ്ടായപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. കണ്ണു മിഴിച്ചുനോക്കി രണ്ടു രാജകിങ്കരന്മാര്‍. ആതനാര്‍ ആദ്യമൊന്നു പകച്ചു.
എടോ താന്‍ ആര്? എന്തിനിവിടെവന്നു? ആതനാര്‍ക്കു മലനാട്ടു തമിഴാണു വശമുള്ളത്. എങ്കിലും തമിഴും മിശ്രവും ചേര്‍ന്ന രീതിയില്‍ മറുപടി പറയാള്‍ ശ്രമിച്ചു.
നാന്‍ ഒരു വഴിപോക്കന്‍. വഴിതെരിയാമലേ വന്തത്. ക്ഷീണം കൊണ്ട് തൂങ്കിവിട്ടാന്‍.... ഇതു ഏതു അരാശാങ്കം?
ഓ.... അതും അറിഞ്ഞു കൂടാ... അല്ലേ.... ഇതു നന്റുഴൈ നാട്ടു നാടുവാഴിയുടെ ആസ്ഥാനം. വരൂ... നാടുവാഴിയുടെ അടുത്തേക്കു നടക്കൂ... അവിടെ ചെന്ന് പറയാനുള്ളതു പറഞ്ഞു കൊള്ളൂ.
വേണാടിന്റെ സാമന്തരാജ്യമാണ് നന്റു ഴൈനാട്. പ്രതാപമെല്ലാം ക്ഷയിച്ചുവെങ്കിലും രാജപദവിയില്‍ തന്നെയാണു കഴിയുന്നത്. കപ്പം കൊടുത്തു ബാക്കിയുള്ളതു നാട്ടുകാര്യങ്ങള്‍ക്കു തികഞ്ഞു പറ്റുകയില്ല. ആ സ്ഥിതിയില്‍ സ്വന്തം കാര്യങ്ങള്‍ പരുങ്ങലിലുമാണ്. എങ്കിലും കോതൈ കോവര്‍ത്തനന്‍ കുലുങ്ങിയില്ല. തന്റെ രാജ്യം നന്റുഴൈ നാടല്ലേ... നല്ലതു പോലെ കൃഷിചെയ്തു മികച്ച വിളവുനോടാവുന്ന നാട്. ഭൂമിയുടെ മാര്‍ത്തടു പിളര്‍ന്നു വിഭങ്ങള്‍ വാരിയെടുക്കുവാന്‍ തീവ്രശ്രമം നടത്തി വിജയം കൈവരിച്ച സന്തോഷത്തിലിരുന്ന വേളയിലാണ്. ആതനാര്‍ ഹാജരാക്കപ്പെട്ടത്.
ആര്? പരിചയമില്ലല്ലോ....
അരചരേ വണക്കം. നാന്‍ തെന്നാട്ടിലിരുന്നു. വരുകിറേന്‍. വീടു വിട്ടിറങ്കിനേന്‍. ഇരവുയാത്തിറൈ എന്നൈ ഇങ്കേ കൊണ്ടു ഗേര്‍ത്തത്. നല്ലതന്റേമുള്ള ചെറുപ്പക്കാരന്‍ വാക്ക് സാലര്‍ത്ഥ്യവുമുണ്ട്. അഞ്ചരയടിപൊക്കം. ഉറച്ചശരീരം കായികാഭ്യാസത്താല്‍ മെയ് വഴക്കം ,#ിദ്ധിച്ചതു പോലുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ മതിപ്പുളവാക്കുന്ന രൂപം.
രാജസേനയിലേക്ക് കഴിവും വിശ്വസ്തതയുമുള്ള വരായിരിക്കും തെരഞ്ഞെടുക്കപ്പെടുക.
യുവാവേ. നമ്മുടെ സേവനയില്‍ ചേരാന്‍ താങ്കള്‍ക്കു താല്പര്യമുണ്ടോ?
പടയില്‍ പരിചയമുണ്ടോ?
കൊഞ്ചം കൊഞ്ചം. ... അടിതടൈ, വാള്‍ച്ചണ്ടൈ, മെയ് വഴക്കം, കത്തിപ്പിറയോകം. ഇവറ്റൈകള്‍ തെരിയും.
ശരി.... പരീക്ഷണത്തിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാം... ആരവിടെ... നാളെ രാവിലെ അങ്കണത്തില്‍ വച്ച് ഈ യുവാവിന്റെ അഭ്യാസമുറകള്‍ പരീക്ഷിക്കാന്‍ പോകുന്നു. വേണ്ട ഒരുക്കങ്ങള്‍ ചെയ്യൂ.
രാവിലെത്തന്നെ വലിയൊരു ഇനക്കൂട്ടം പരീക്ഷണം കാണാനെത്തി. കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ സ്ത്രീകളും കുഞ്ഞുങ്ങളും സ്ഥലം പിടിച്ചു.
കൊട്ടാരവളപ്പിന്റെ കിഴക്കരുകിലുള്ള ഗോദായില്‍ ആതനാരുടെ അഭ്യാസപ്രകടനങ്ങള്‍ക്കു തിരശ്ശീലയുയര്‍ന്നു.
ഓരോ ഇനവും അവസാനിക്കുമ്പോള്‍ ആഹ്ലാദ പ്രകടന ഘോഷങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. ഒടുവിലത്തെ ഇനം മെയ് വഴക്കമാണ്. വളഞ്ഞു കുത്തിച്ചാടി പുറകോട്ടു മറിഞ്ഞു തെറിച്ചുയര്‍ന്നത് പുറകിലുള്ള മട്ടുപ്പാവിന്റെ മേല്‍ വാരാന്തയിലേക്കായിരുന്നു. ഉടന്‍ അവിടെ നിന്നും നാലു കാരണം മറിഞ്ഞു പൂര്‍വ്വ സ്ഥാനത്തു നിലയുറപ്പിച്ചു.
കാണികളെ അത്ഭുത പരതന്ത്രരാക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ഒടുവില്‍ ഒരു അത്യാഹിതം വരുത്തിവെച്ചു. മട്ടുപ്പാവിന്റെ ഒരറ്റത്തു പ്രകടനം വീക്ഷിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി കാലിടറി നിലത്തേക്കു വീഴുന്നതാണ് ആതനാര്‍ കണ്ടത്. അയാള്‍ മിന്നല്‍ വേഗത്തില്‍ കുതിച്ചുയര്‍ന്നു കുട്ടിയെ വായുവില്‍ വച്ചുതന്നെ കോരിയെടുത്തു. അപ്പോഴേക്കും കുട്ടിയുടെ പ്രജ്ഞയറ്റിരുന്നു.
സര്‍വ്വത്ര അങ്കലാപ്പ്. നന്റുഴൈനാടു പടനായകന്‍ കണ്ടന്‍ കുന്റപ്പോഴന്റെ മകള്‍ അപകടത്തില്‍. ശകുനത്തിലും മുഹൂര്‍ത്തത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ജനത. തന്റെ രംഗപ്രവേശം അശുഭമായി കരുതിയേക്കുമോ എന്നൊരാശങ്ക ആതനാര്‍ക്കുണ്ടായി. കുട്ടിക്കു അപകടം സംഭവിച്ചാല്‍ തന്റെ ഭാവി ഇരുളടഞ്ഞാതായിരിക്കും. അയാള്‍ മാനസിക സന്തുലിതാവസ്ഥ വെടിഞ്ഞില്ല.
ഓതറമലയിലെ ഔഷധ ച്ചെടികളാണ് പൊതകഴിയമ്പലത്തില്‍ ദിവ്യതൈലം കാച്ചാല്‍ ഉപകരിച്ചിരുന്നത്. അവിടെ വളര്‍ന്നിരുന്ന പല പച്ചമരുന്നുകളും ആതനാര്‍ക്കു തിരിച്ചറിയാന്‍ കഴിയുമായിരുന്നു. മുറ്റത്തരുകില്‍ അഗണ്യതയില്‍ നിന്നിരുന്ന ഒരു പച്ചില പറിച്ചെടുത്തു ഞെരടിപ്പഴിഞ്ഞ് പെണ്‍കുട്ടിയുടെ മൂക്കിനു നേരേ പിടിച്ചു. അല്പ സമയത്തിനുള്ളില്‍ അവള്‍ കണ്ണുതുറന്നു. പടത്തലവന്‍ ഓടിയെത്തി മകളെ വാരിയണച്ചു.
രാജകൊട്ടാരത്തില്‍ നിന്നു അകലെയല്ല തിരുക്കൊടിയമ്പലം. നാടിന്റെയും നാട്ടുകൂട്ടങ്ങളുടെയും ശിരാ കേന്ദ്രമായി പരിലസിക്കുന്ന അമ്പലം. അതു ഉത്തരോത്തരം പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. എന്നാല്‍ സാമൂഹ്യ മണ്ഡലത്തില്‍ ആഞ്ഞടിച്ചു കൊണ്ടിരുന്ന പരിവര്‍ത്തനക്കൊടുങ്കാറ്റ് അമ്പലഭരണ സംവിധാനത്തെയും തെല്ലൊന്നുലച്ചു.
നാടിന്റെ ഉടമാവകാശം അന്തരിലേക്കു തെന്നിമാറിക്കൊണ്ടിരുന്നു. അന്തണ സംസ്‌കാരത്തിന്റെ നവീന സംഭാവനയായ മരുമക്കത്തായ സമ്പ്രദായമാണ് അതിനു കളമൊരുക്കിയത്. അന്തണന്റെ പ്രഥമ പുത്രന്‍ സ്വജാതിയില്‍ നിന്നും നിയമസാധുത്വമുള്ള വേളി നടത്തുമ്പോള്‍ ഇതര ആണ്‍സന്തതികള്‍ കയറൂരിവിട്ട ഉരുക്കളേപ്പോലെ ഇതര ജാതികളുടെ ഇടയിലിറങ്ങി സംബന്ധമാവുകയാണ് പതിവ്. തല്‍ഫലമായി പിതാവിന്റെ സ്വത്തു മക്കള്‍ക്കു നല്‌കേണ്ടതായി വരുന്നില്ല. അന്തണന്റെ കുടുംബസ്വത്തു വീതിക്കുകയും വേണ്ട. മാതാവിന്റെ സ്വത്തുമാത്രം മക്കള്‍ക്കു അവകാശപ്പെട്ടതാകുന്നു. അച്ഛന്‍ എന്നു സംബോധന ചെയ്യാന്‍ പോലുമുള്ള അര്‍ഹത മക്കള്‍ക്കില്ല. അങ്ങനെയുള്ള സാമൂഹ്യക്രമത്തിന്റെ നീരാളിപ്പിടുത്തത്തില്‍പ്പെടാന്‍ നന്റുഴൈ നാട്ടു പടാനായകന്റെ ആത്മാഭിമാനം സമ്മതിച്ചില്ല. മത്സരം കൊടുപിരിക്കൊണ്ടു.
പടനായകന്റെ ഏക സന്താനമാണ് ചിരുത. അവളെ അനുയോജ്യനായ വരന്റെ സംരക്ഷണയിലാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ശാന്തിക്കാരനായ നമ്പൂതിരിക്കു പടനായകന്‍ വാരിക്കുട്ടിയിരിക്കുന്ന സ്വത്തില്‍ ഒരു കണ്ണുണ്ട്. അവ കൈവശപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുമടുത്തു. ഒരു പോംവഴിമാത്രമേ അവശേഷിച്ചിട്ടുള്ള. ചിരുതയെ വശപ്പെടുത്തുക.
പടനായകന്‍ സ്വമനസ്സാലെ സമ്മതിക്കയില്ല. വേണമെങ്കില്‍ സമ്മതിപ്പിക്കാം. ബ്രാഹ്മണ്യശക്തിയുടെ സ്വാധീനം ശരിയാം വണ്ണം ചെലുത്തിയാല്‍ നാടുവാഴിയും സമ്മതിക്കും. അത്രദൂരം പോകണോ? അല്ലാതെ പറ്റുമോ എന്നു നോക്കട്ടെ. വജ്രായുധം പ്രയോഗിക്കാന്‍ തന്നെ നമ്പൂതിരി തീരുമാനിച്ചു.
തോഴികളുമൊത്തു ചിരുത നിത്യവും അമ്പലദര്‍ശനത്തിനെത്തും. മുല്ലപ്പൂമാല ചൂടി ആടയാഭരണങ്ങളണിഞ്ഞെത്തുന്ന ചിരുത ഒരു ശേലൊത്ത പെണ്ണാണ്. അഴകും ആരോഗ്യവും തികഞ്ഞവള്‍. പൂജാരിക്കു സാഹിക്കാനാകുന്നില്ല. അയാള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ തോഴിമാരോടു മറ്റെന്തെങ്കിലും പറഞ്ഞു അശ്രദ്ധ നടിക്കും. അയാള്‍ മധുര സാധനങ്ങളുടെ പൊതിക്കെട്ടു വച്ചു നീട്ടുമ്പോള്‍ അവള്‍ അതു കണ്ടതായി പോലും ഭാവിക്കുകയില്ല.
അവള്‍ വലയില്‍ വീഴുന്ന ലക്ഷണമില്ല.
പൂജാരി വശം കെട്ടു. ഇനീം എന്താ ചെയ്യുക. ചിരുത വശപ്പെട്ടാലേ സംബന്ധനം നടക്കൂ. മകളുടെ ഇംഗിതത്തിനെതിരായി പടനായകന്‍ ഒന്നും ചെയ്യുകയില്ല. പൂജാരിക്കു ഒരു സംശയം. അവളുടെ ജീവന്‍ രക്ഷിച്ച ആതനെ അവള്‍ സ്‌നേഹിക്കുന്നില്ലേ. അവര്‍ തമ്മില്‍ ചിലപ്പോള്‍ സംസാരിക്കുന്നത് അയാള്‍ ഒളിഞ്ഞു നിന്നു നോക്കിയിട്ടുണ്ട്.
ആതനാര്‍ ഉപ പടനായകനായി ഉയര്‍ത്തപ്പെട്ടു. അതു ശാന്തിക്കാരനെ കൂടുതല്‍ അലോസരപ്പെടുത്തി.
പൂജാരിയുടെ രാഷ്ട്രീയ സ്വാധീനവും ഫലവത്തായില്ല. ആതനാര്‍ ആര്‍ഭാടമായ ചടങ്ങില്‍ വച്ച് ചിരുതയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. അതോടു കുടിമറ്റൊരു എണ്ണിക്കാട്ടു തറവാടു രൂപം കൊണ്ടു.
ഏറെ താമസിയാതെ ആതനാര്‍ പടനായകനായി നിയമിതനായി. അന്തണരുടെ കല്പനയ്ക്കു മറുചൊല്ലില്ലാത്ത കാലം. പടത്തൊഴില്‍ കുലത്തൊഴിലായി സ്വീകരിച്ചവര്‍ക്കെല്ലാം സ്ഥാനമാനങ്ങളും ഭൂസ്വത്തുക്കളും നല്കാന്‍ അന്തണര്‍ നാടുവാഴിയെ പ്രേരിപ്പിച്ചു. കുലത്തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അതിര്‍വരമ്പു സ്ഥാപിക്കാനുള്ള തീവ്രശ്രമം. ജാതിയുടെ അതിര്‍വരമ്പുകള്‍ സമൂഹത്തില്‍ വ്യക്തമായി തെളിച്ചു വരച്ചാല്‍ മാത്രമേ തങ്ങളുടെ രാഷ്ട്രീയ പ്രാബല്യം ഉറപ്പിക്കാനാകു എന്ന് അന്തണര്‍ക്കറിയാം. അങ്ങനെ പടത്തൊഴിലുകാര്‍ സമൂഹത്തില്‍ നായകന്മാര്‍ എന്ന ബഹുമതിക്ക് അര്‍ഹരായി. അന്തണന്റെ ഏതാജ്ഞയും ശിരസ്സാവഹിക്കാന്‍ തയ്യാറുള്ള ഒരു വിഭാഗത്തെ അവര്‍ വാര്‍ത്തെടുത്തു.
കണ്ടന്‍ കുന്റപ്പോഴന്‍ പരമാവധി എതിര്‍ത്തു നിന്നു. എങ്കിലും ആതനാര്‍ അതിനു തുനിഞ്ഞില്ല. ഒഴുക്കിനെതിരായി നീന്താന്‍ ഒരു വിമുഖത. ജൈന സിദ്ധാന്തങ്ങളിലുള്ള വിശ്വാസമാണ് അഹിസാമാര്‍ഗ്ഗത്തിലേക്ക് അയാളെ നയിച്ചത്. അയാള്‍ അന്തണരെ പിന്‍പറ്റി നിന്നു. അങ്ങനെ അവരുടെ പ്രീതിയും സഹായവും കൈമുതലാക്കിക്കൊണ്ട് അണിഞ്ചെന്‍ ആതനാര്‍ ഒരു ഉപനാടുവാഴിയുടെ വദവിയിലേക്കു കുതിച്ചുയര്‍ന്നു.
ആതനാരുടെ മകന്‍ ചിരുകണ്ടനും മകള്‍ മാതേവിയും പയറ്റുമുറയില്‍ മികവുനേടി. മക്കളും ആതനാരുടെ കാല്‍ച്ചുവടുകളെ പിന്തുടര്‍ന്നു. എല്ലാ രംഗത്തും ചിരുകണ്ടന്റെ നാമം ഉയര്‍ന്നു നിന്നു. അന്തണരും നാടുവാഴിയും തമ്മില്‍ രാഷ്ട്രീയ മല്‍പ്പിടുത്തമായി. കോവിലധികാരം രാഷ്ട്രീയം സ്വാധീനം നേടി. മല്‍പ്പിടത്തത്തില്‍ അന്തണര്‍തന്നെ ജയിച്ചു.
കോതൈകോവര്‍ത്തനന്റെ പിന്‍ഗാമിയായി അണിഞ്ചന്‍ ആതനാരുടെ പുത്രന്‍ ചിരുകണ്ടവര്‍മ്മന്‍ അവരോധിതനായി. അക്കാലത്തു പിന്തുടര്‍ച്ചാവകാശം സാമന്തന്മാര്‍ക്കില്ലായിരുന്നു. രാജാവുതന്നെയാണ് സാമന്തനാടുവാഴികളുടെ പിന്‍ഗാമികളെ നിയമിച്ചിരുന്നത്.
ചിരുകണ്ട വര്‍മ്മന്റെ മകള്‍ക്കു പൂജാരിയുടെ ദ്വിതീയ പുത്രന്‍ സംബന്ധമായി. മരുമക്കത്തായത്തിന്റ വേര് ആഴത്തില്‍ ഓടിത്തുടങ്ങിയകാലം. കൂട്ടുകുടുംബവ്യവസ്ഥ. കണ്ണീരും പൊട്ടിച്ചിരികളും കൂടിക്കുഴഞ്ഞ അന്തരീക്ഷം. അരക്ഷിതാവസ്ഥ നടമാടി. കുടുംബവഴക്കുകളും ചേരിപ്പോരുകളും സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തെ കുത്തിക്കലക്കി.
തലമുറകള്‍ പലതുകഴിഞ്ഞു. മനുഷ്യന്റെ കരളിനകത്തു കരിങ്കല്ലസ്ഥാനം പടിച്ചു. കൊലചെയ്യാനറപ്പില്ല. പകവീട്ടാനൊരു വെമ്പല്‍. അതിനു വളം വച്ചു കൊടുക്കുന്ന സമൂഹം. സ്വാര്‍ത്ഥയുടെ പ്രേരണ എണ്ണമറ്റ ശിരസ്സുകളെ തട്ടിത്തെറിപ്പിച്ചു. കൊല്ലും കൊലയ്ക്കും അധികാരമുള്ള മാടമ്പികളുടെ സംഖ്യപെരുത്തു. രാജശക്തി ശിഥിലമായ കാലം,
എണ്ണിക്കാട്ടുതറവാട്ടില്‍ വംശം നിലനിറുത്താന്‍ കുടിശ്ശിയിലവശേഷിച്ചത് ചിരുതേവിയാണ്. തറവാട്ടു കാരണവരുടെ ഏക അനന്തരാവകാശി. അവള്‍ക്കു സംബന്ധമായി വന്നത് ചിറക്കരോട്ടു എടശ്ശേരിനായര്‍.
ചിരുതേവി ഏവരുടെയും കണ്ണിലുണ്ണിയായിത്തീര്‍ന്നു. ഒരു ഭാര്യയായിക്കഴിഞ്ഞിട്ടും ബന്ധു ജനങ്ങളുടെ ദൃഷ്ടിയില്‍ അവള്‍ വെറും കുഞ്ഞ്. നായരുടെ ഗന്ധമേറ്റതോടെ അച്ചിയുടെ വയറ് ഉരുണ്ടുകൂടി. അടുത്ത കാരണവര്‍ വെളിച്ചം കാണാന്‍ കാത്തിരുന്നു. അവനു കാലേകൂട്ടി ശുശ്രൂഷ വേണം. ഉണ്ണി അഴിഞ്ഞു പോകാതിരിക്കാന്‍ മുന്‍ കരുതലാവശ്യമാണ്. വേദവിധി പ്രകാരം എട്ടാംമാസം മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങി.
ഒന്നാംതീയതി തോറും വേലന്‍ പറപെരുക്കി. സര്‍പ്പപ്പാടുപാടി. ഭൂതത്തെഅകറ്റി. മഹാലക്ഷ്മിക്കു വഴിയൊരുക്കി. പാണലുംപാട്ടും ഹോമം കൊഴുപ്പിച്ചു. അമ്പലത്തില്‍ പൊടിപൊടിച്ച വഴിപാട്. മുപ്പത്തി രണ്ടു തിരിയിട്ട നെയ്‌വിളക്കിനു മുന്നില്‍ മുടങ്ങാത്ത ധ്യാനം.
അന്തിപ്രയോഗം കണിയാനുള്ളതാണ്. അയാള്‍ നൂറ്റിയെട്ടു പച്ചപ്പാളയില്‍ കോലമെഴുതി. ജീവസ്സാര്‍ന്ന സപ്തവര്‍ണ്ണരൂപങ്ങള്‍. കോലം തുള്ളല്‍ ഒരുത്സവമാക്കണം. ഏഴു ദിവസത്തെ പരിപാടി.
തറവാടിനെതാണ്ടി നിറുത്തുന്നത് അടിയാളരാണ്. എന്നാല്‍ അവരെ ആരും ക്ഷണിച്ചില്ല. ക്ഷണിക്കേണ്ട കാര്യവുമില്ല. ക്ഷണിക്കാതെ തന്നെ കേട്ടറിഞ്ഞു എത്തിക്കൊള്ളണം. തനിമയ നശിച്ച ദലിതര്‍. എവിടെ എത്തണം. തറവാടിനു അടുത്തു ചെല്ലാന്‍ പാടില്ല. പടിക്കലും പാടില്ല ഒരു തീണ്ടാപ്പാടകലെ അവര്‍ കുപ്പപ്പുറത്തു കുത്തിയിരുന്നു. കോലം തുള്ളല്‍ കാണാന്‍.
കലാപരമായി മെനഞ്ഞെടുത്ത മാനം മുട്ടേ എഴുന്ന ഭൈരവിക്കോലം കണിയാന്‍ വച്ചുകെട്ടി. രാപരണനേരം. മേളങ്ങള്‍ മുഴങ്ങി. ചെണ്ടയുംചേങ്ങലയും തപ്പും തകിലും വാദ്യക്കൊഴുപ്പേകി.
പെട്ടെന്നൊരു അപസ്വരം. ഗര്‍ഭിണിഞ്ഞെട്ടിത്തെറിച്ചു നിലവിളിച്ചു. ആരോ കല്ലെറിഞ്ഞു. പുലപ്പേടിയുള്ള കാലം. അവള്‍ അശുദ്ധപ്പെട്ടിരിക്കുന്നു. തീണ്ടല്‍. കറുത്തു കൊഴുത്ത യുവാവ് തെങ്ങും ചാരി നിന്ന് അവളെ കണ്ണിമ വെട്ടാതെ നോക്കുന്നു. കാരണവര്‍ ആളിനെ തിരിച്ചറിഞ്ഞു. സംശയിക്കാനില്ല. നിഷേധി.
കാരണവര്‍ രാജകല്പനയോര്‍ത്തു. തിരുവിതാംകോട്ടു ശിലാശാസനത്തിന്റെ പൊരുള്‍... പുലപ്പേടിക്കെതിരേ....
അടിയാളര്‍ വിരണ്ടു. തലപോയതുതന്നെ. ആരുചെയ്തചതി. തങ്ങളെ സംശയിക്കുമോ? അമര്‍ന്നതേങ്ങലുകള്‍. 
കാരണവര്‍ അലറി.
നിമിഷങ്ങള്‍ക്കകം അവിടെ ഒരു കുഴി തീര്‍ന്നു. ഒരാള്‍ താഴ്ചയില്‍. ആ കറുത്തു കൊഴുത്ത യുവാവിന്റെ തലമാത്രമേ കുഴിക്കു മീതേ ഉയര്‍ന്നു കാണന്നുള്ളൂ. ബാക്കി ഭാഗം മണ്ണു വീണു മൂടിക്കഴിഞ്ഞു.
കാരണവരുടെ കരവാള്‍ ആഞ്ഞുവീശി. ഒരു നിമിഷം. പൂക്കുറ്റിയില്‍ നിന്നും കുശ്ശ് എന്ന ചീറ്റലോടെ ചുടുനിണക്കുരുവപ്പൂക്കള്‍ അന്തരീക്ഷത്തിലേക്കു തെറിച്ചുയര്‍ന്നു. അകലെതെറിച്ചുവീണ ശിരസ്സു തറയില്‍ നിന്നും കുതിച്ചുയര്‍ന്നു. വീണ്ടും നിലംപതിച്ചു ഒരു ചോദ്യചിഹ്നം സൃഷ്ടിച്ചുകൊണ്ട്.
കാരണവര്‍
കൊല്ലുകില്‍കൊലയ്ക്കും അധികാരമുള്ള മാടമ്പി. രാജ കല്പന കല്ലിനെ പിളര്‍ക്കും. അയാളെ ആരു ചോദ്യം ചെയ്യും.
നിഷേധികള്‍ എല്ലാക്കാലത്തും ജനിക്കുന്നു. ഒരു ചങ്കൂറ്റക്കാരന് അവിടെ നടന്ന സംഭവത്തില്‍ നേരിയ സംശയം. അതു കല്ലെറിഞ്ഞതാകയില്ല. അയാള്‍ ചുട്ടു മിന്നിച്ച് പരിസര വീക്ഷണം നടത്തി. കല്ലിന്‍ കക്ഷണം എങ്ങുമില്ല. വീണിട്ടു അധികം നേരമാകാത്ത കൊച്ചിങ്ങാകള്‍ മാത്രം ഗര്‍ഭിണി ഇരുന്ന സ്ഥാനത്തു കിടപ്പുണ്ട്. നിറയെ കൊച്ചിങ്ങപിടിച്ച ഗൗളീഗാത്രത്തെങ്ങിന്റെ ചുവട്ടിലാണ് ഗര്‍ഭിണി ഇരുന്നത്. അയിത്താവേശം പൂണ്ടമാടമ്പിക്കു അതുശ്രദ്ധിക്കാനെവിടെ നേരം.
തലയറ്റവന്റെ തള്ള പിരാകി- അന്റെ മോന്റെ ചോര വീണ തറവാട് ഒണങ്ങി പോടരിച്ച് പോണേ അന്റെ നേരൊള്ളമൂര്‍ത്തി.
തിരുവിതാംകോട്ടുശിലാരേഖ ഇത്തരം നൂറായിരം കഥകള്‍ ഉരുവിടുന്ന മുത്തശ്ശിയല്ലേ.
അടിയാളന്റെ കണ്ണീരും ചോരയും വീണ തറവാടിന്റെ തായ്ത്തടി ഉണങ്ങിത്തുടങ്ങി. ഭാഗം വയ്ക്കണമന്നവാശിമൂത്തു. കാരണവരുടെ നിയന്ത്രണമില്ലാത്ത ധൂര്‍ത്തു അന്തഃഛിദ്രം ക്ഷണിച്ചു വരുത്തി. കുടുംബസ്വത്തു ചോര്‍ന്നു കൊണ്ടിരുന്നു. ഓട്ടയടയ്ക്കാന്‍ തറവാടിനെ പിച്ചിച്ചീന്തി. ഓരോ ചീന്തും വൃദ്ധി ക്ഷയത്തിന്റെ ചെങ്കല്ലുകളായി അടര്‍ന്നു വീണു. തെളിനീരു കണ്ട മീനുകള്‍ പോലെ ചിരുകണ്ടവര്‍മ്മന്റെ സന്തതിപരമ്പരകള്‍ ഊത്തയാടുകയായി. മധുവും മദിരാക്ഷിയും കൊഴുപ്പുമുട്ടി. കള്ളുകുപ്പിയുടയുന്ന ഓശകള്‍ ആഘോഷത്തിനു തുടികൊട്ടി. നോക്കി നിന്നവരും ഉശിരുകേറ്റിയവരും കയ്യില്‍ തടഞ്ഞതും കൊണ്ട് പമ്പകടന്നു. ശേഷിച്ചത് നക്ഷത്രക്കാലുകള്‍ കാണാവുന്ന തറവാട്ടു ഭവനത്തിനു ചുറ്റുമുള്ള നിലം പുരയിടങ്ങള്‍ മാത്രം.
കുടുംബം നില നിറുത്തേണ്ട അവസാനത്തെ തരിയാണ് കുഞ്ഞുലക്ഷ്മി.
എണ്ണിക്കാട്ട് തറവാടിന്റെ അസ്ഥിക്കഷണങ്ങള്‍ എണ്ണിനോക്കാനെന്നോണം കുഞ്ഞു ലക്ഷ്മിക്കു സംബന്ധം കൂടിയത് തുപ്പന്‍ നമ്പൂതിരിപ്പാട്. കുഞ്ഞുലക്ഷ്മിയുടെ വല്യാങ്ങളയാണ് കേശവക്കുറുപ്പ്. അവളുടെ ഭാരം ഇറക്കിവയ്ക്കാന്‍ കണ്ട അത്താണിയായിത്തീര്‍ന്നു നമ്പൂതിരിപ്പാട്. കുഞ്ഞുലക്ഷ്മിയുടെ വല്യാങ്ങളയാണ് കേശവക്കുറുപ്പ്. അവളുടെ ഭാരം ഇറക്കിവയ്ക്കാന്‍ കണ്ട അത്താണിയായിത്തീര്‍ന്നു നമ്പൂതിരിപ്പാട്. അവളെ നമ്പൂതിരിയുടെ ചുമലയില്‍ കെട്ടിവച്ചിട്ട് വല്യാങ്ങള തടിതപ്പി.
നമ്പൂതിരിപ്പാട് ആളുമോശക്കാരനായിരുന്നില്ല. പെറുക്കിയെടുക്കാവുന്നതെല്ലാം അയാള്‍ ഭാണ്ഡത്തിലാക്കി. പകരം മൂന്നു സന്തതികളെ അവള്‍ക്കു നല്കി. അയാളും രാജയ്ക്കു രാമാനം ഇരുളിലൂളിയിട്ടു.
ആ തറവാട്ടില്‍ അവശേഷിച്ച അവസാനത്തെ ആണ്‍തരിയാണ് ബാലകൃഷ്ണന്‍ നായര്‍.
ഡോക്ടര്‍ ചെങ്കുളം മൂന്നാമത്തെ രേഖയിലേക്കു ശ്രദ്ധതരിച്ചു. താന്‍ ഏറ്റെടുത്തകൃത്യം തൃപ്തികരമായി ചെയ്തുതീര്‍ക്കാന്‍ കഴിയുന്നുവെന്ന ചരിത്രാര്‍ത്ഥ്യം അദ്ദേഹത്തിനു കൂടുതല്‍ ഉഷാര്‍ നല്കി.
ഭൂതകാലത്തിന്റെ ഇരുളിലൂടെ നടന്നു നീങ്ങുന്നരൂപം. അണിഞ്ചന്‍ ചേരനാര്‍. അയാള്‍ ചിന്താമഗ്നനാണ്. തന്റെ അപ്പന്റെ താക്കീതുകള്‍ അയാളുടെ കര്‍ണ്ണങ്ങളില്‍ മുഴങ്ങി.
കുറുനില മന്നര്‍ക്കു കൈച്ചങ്ങല. അടിമയുടെ ആഭരണമാണ് കൈച്ചങ്ങല. അയാള്‍ അലഞ്ഞു തിരിഞ്ഞു. ചെന്നെത്തിയത് ഒരു കുന്നിന്‍ താഴ്‌വരയില്‍. മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങള്‍ വായുവിലൂടെ ഒഴുകിവന്ന് തന്റെ കണ്ണപുടങ്ങളില്‍ അലയടിക്കുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ അറച്ചു നിന്നില്ല. കുന്നിന്‍ നെറുകയിലെത്തി. മാനത്തിലെത്തിപ്പിടിക്കാവുന്ന പൊക്കമുള്ളമല. കടല്‍ക്കാറ്റുവീശി. എന്തൊരാശ്വാസം. പ്രശാന്തത താരാട്ടു പാടുന്ന ശ്രുതിമധുരമായ മണിനാദം.
മലനെറുകയില്‍ കൃഷ്ണശിലയിലുയര്‍ന്ന പള്ളി. അടിവാംത്തുചുറ്റും ഘോരവിപിനം. താന്‍ എങ്ങനെ ഇവിടെയെത്തി. ശാന്തിതേടി അലഞ്ഞതാണ്. വീര്‍പ്പു മുട്ടാത്ത തലത്തിലെത്തി.
മകനേ.... നീ നല്ല സമയത്തുതന്നെ വന്നു.
സ്വാമീ. നീങ്കള്‍യാര്‍? എന്നെ തെരിയുമോ?
ചേരനാര്‍ ആശ്ചര്യഭരിതനായി. നെഞ്ചറ്റംവളര്‍ന്ന താടിയും തടവി കരുണാമയനായി നിലകൊള്ളുന്ന നീണ്ടകുപ്പായക്കാരന്‍. ചുരുണ്ടു ഇടതൂര്‍ന്നു വളര്‍ന്ന എണ്ണമയമില്ലാത്ത ചെമ്പിച്ച തലമുടി കാറ്റില്‍ ചാമരം വീശുന്നു. മേല്‍മീശയ്ക്കു കീഴേ മന്ദഹാസം തൂകുന്ന ചുവന്ന ചുണ്ടുകള്‍. വെറ്റിലക്കറയില്ല. ചുരുട്ടിന്റെ ഗന്ധമില്ല. കപ്പിന്റെ കരുവാളിപ്പില്ല. കഞ്ചാവിന്റെ തുഞ്ചമില്ല. മദ്യത്തിന്റെ ദുര്‍ഗന്ധമില്ലാ അന്നേരം ഭക്ഷിച്ച മധുര നാരങ്ങയുടെയും തൊണ്ടിപ്പഴത്തിന്റെയും മണം മാത്രം. ദേഹത്തു നിന്നും ചോര തൊട്ടെടുക്കാമെന്നു തോന്നുന്ന ആരോഗ്യ പൂര്‍ണ്ണമായ മേനി. ഇന്നാട്ടുകാരനല്ല. സംസാരവും ഭാവവും അതു വിളിച്ചോതുന്നു. സര്‍വ്വ സംഗ പരിത്യാഗി ശാന്തിയുടെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകന്‍. മകനേ. നീ വന്നതെന്തിനാണെന്നു എനിക്കറിയാം. നീ എന്റെ പിന്നാലെ വരൂ. അവിടെ ചങ്ങലയില്ലവരമ്പുകളില്ല. സ്വാമി. എനക്കു ഇന്റു ഒരു നല്ലനാള്‍. നാന്‍ വന്തു ശേര്‍ന്തതു മെയ്യാന പാതയില്‍ എന്റു നിനക്കിന്റേന്‍. അതേ മകനേ.. നമുക്കിവിടെ നിന്നാരംഭിക്കാം യാത്ര. പുണ്യവാനായ പിതാവ് ഈ നാട്ടിലെത്തിയതിനു ശേഷം കുറേനാള്‍ തപസ്സിരുന്ന സ്ഥലമാണിത്. നമ്മുടെ തിരി ഇവിടെ നിന്നു കൊളുത്തിയെടുക്കാം.
അവര്‍ മലയും ആറും ഊരും കടന്ന് ദക്ഷിണദിക്കിലേക്ക് യാത്രയായി. ചെന്നെത്തിയത് വിശാലമായ മറ്റൊരു കുന്നിന്‍ തലപ്പില്‍. മായാലോകമെന്നു തോന്നിക്കുന്ന പ്രദേശം. അവിടെ ശാന്തിയുടെ നികേതനം തന്നെ.
സ്‌നേഹത്തിന്റെ തെളിനീരരുവികള്‍ വറ്റി വരണ്ട കാലം. പരവശര്‍ തെളിനീര്‍ത്തടം തേടിയലഞ്ഞു. സ്‌നേഹം കണ്ടെത്തിയതു മിശിഹാ സന്ദേശ വാഹകരില്‍. അവിടെ മനുഷ്യര്‍ തമ്മില്‍ അകലമില്ല. തന്നേപ്പോലെ തന്റെ അയല്‍ക്കാരെ സ്‌നേഹിക്കുന്നവര്‍. തപിക്കുന്ന മനസ്സില്‍ ശാന്തിയുടെ പനിനീര്‍ മഴ പെയ്യിക്കുന്ന സന്ദേശങ്ങള്‍ അവരെ ആശ്വസിപ്പിച്ചു.
ചേരനാര്‍ പേരൊന്നു പരിഷ്‌ക്കരിച്ചു. പുനര്‍ജന്മം കൈവരിക്കുന്നതിന്റെ മുന്നോടി. പുതിയ അന്തരീക്ഷത്തില്‍ അയാള്‍ പുനര്‍ജനിച്ച് മത്തായിയായി. മായാലോകം പള്ളിയുടെ പ്രഥമ വികാരി. അപ്പോള്‍ വീണ്ടുംഉയര്‍ത്തപ്പെട്ട് മായാലോകത്തിന്റെ അധിപതിയായി.
പുതിയ ജീവിതം രാജകൊട്ടാരതുല്യമായ അരമനകള്‍. ദേവാലയങ്ങള്‍. ധനത്തിനു വേണ്ടി കൈനീട്ടേണ്ട. താനേ വന്നു കൊണ്ടിരുന്നു. തിരുവചനങ്ങള്‍ക്കു പ്രചാരം ലഭിക്കണം. അതാണു ലക്ഷ്യം. സന്ദേശ വാഹകരുടെ സംഖ്യ പെരുകി.
ചേരനാര്‍ എന്ന മത്തായി പരിശുദ്ധസുവിശേഷകനായി. തന്റെ അപ്പന്‍ നിറകണ്ണുകളോടെ യാത്രപറഞ്ഞ ആ അപൂര്‍വ നിമിഷം അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. എവിടെ പോയാലും തന്റെ കുടംബം മറക്കരുത്. അതാണ് തമിഴ് വഴക്കം. തന്റെ പുതിയ കുടുംബവും എണ്ണിക്കാട്ടു കുടുംബംതന്നെ.
മായാലോകം കുന്നിന്റെ പടിഞ്ഞാറേയറ്റത്തു വേമ്പനാട്ടു കായലിലേക്കു ദൃഷ്ടിപായിച്ചു നില്ക്കുന്നത് മത്തായിയുടെ എണ്ണിക്കാട്ടു ബംഗ്ലാവ്.
ആയിടയ്ക്കു മിശിഹായുടെ സന്ദേശത്തില്‍ ആകൃഷ്ണനായി ബന്തിങ്ങധരിച്ച ഇളമണ്‍ പോറ്റി. ഒരു പുതിയ പേരു സ്വീകരിച്ചു. ഇളമണ്‍ സൈമണ്‍. അയാള്‍ക്കു സുന്ദരിയായ ഒരു മകള്‍. ത്രേസ്യ അവളുടെ കഴുത്തില്‍ സുവിശേഷകനായ മത്തായി മിന്നു ചാര്‍ത്തി. ത്രേസ്യയുടെ സന്തതി പരമ്പരകള്‍ സുറിയാനി ക്രിസ്ത്യാനികളാണ്. പലബിഷപ്പന്മാരും പട്ടക്കാരും നാമ്പെടുത്ത അണ്ണിക്കാട്ടു തറവാടിനു ഇനിയും കഥകള്‍ പലതു പറയുവാനുണ്ട്.
ഡോ. ചെങ്കുളം രേഖകളെല്ലാം വാരികെട്ടി ഭദ്രമായി വച്ചു. ആ അമൂല്യരേഖകള്‍ ഭാവിതലമുറക്കുള്ളതാണ്. ജാതിഭ്രാന്തിനുള്ള ദിവ്യാമൃതം.