"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഭൂമിക്കുവേണ്ടി പുലയന്റെ പ്രയാണം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പത്തൊമ്പത്

ഭൂമി സ്വായത്തമാക്കുവാനുള്ള അതമ്മ്യമായ ആവേശം മനുഷ്യനായി ജനിച്ച ആരിലും ഉണ്ടാകാറുള്ള ഒരു വ്യഥയാണ്. പണിയാളരായി പിറന്നവര്‍ക്കു പ്രത്യേകിച്ചു.
താങ്ങള്‍ക്ക മണ്ണു ലഭിക്കാതിരിക്കുന്നത് ഉന്നതരായവര്‍ എല്ലാം കൈയ്യടക്കി വെച്ചനുഭവിക്കുന്നതു കൊണ്ടാണ്.
അദ്ധ്വാനിക്കുന്നവര്‍ക്കു ഭൂമി ലഭിക്കുവാന്‍ പാടില്ല. അതു ഉന്നതജാതിക്കാരുടെ, രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്വഭാവമാണ്. അവര്‍ അടിമകളെപ്പോലെ എന്നും പണി ചെയ്തു കൊണ്ടേയിരിക്കണം. പണി ചെയ്താലും തക്കതായ കൂലിയുമില്ല. ഭക്ഷണം പോലും കഴിക്കാതെ ജന്മിമാരുടെ കൃഷിയിടങ്ങളില്‍ വേല മാത്രം ചെയ്താല്‍ അത്രയും നന്നെന്നു കരുതുന്നവരാണ്. ജീവന്‍ നിലനിര്‍ത്തുവാന്‍ അല്‍പ്പം നെല്ലോ അല്ലെങ്കില്‍ തമ്പുരാന്റെ പടിക്കല്‍ നിന്നും കൊടുക്കുന്ന പഴങ്കഞ്ഞിയോ, പുഴുക്കോ മാത്രമായിരിക്കും. അവ ഭക്ഷിച്ചു ജീവിച്ചു കൊള്ളണം. അവരുടെ വികാരശമനത്തിനു ഉപാധിയായവരായി കഴിയേണ്ട മനുഷ്യകോലങ്ങള്‍.
പപ്പു മാനേജര്‍, ചിത്തരാജ്, ശരദദാസ് പിന്നെ പുരോഹിതനായ ഇട്യാദി മൂപ്പനുമൊരുമിച്ച് തക്കതായ പരാതിയുമെഴുതി തയ്യാറാക്കി, ഭൂമി ലഭിക്കേണ്ടവരുടെ ഒരു പട്ടികയുമുണ്ടാക്കി. യാത്രയ്ക്കു വേണ്ട ഒരുക്കങ്ങള്‍ക്കു കോപ്പു കൂട്ടി. ചിലവുകളൊക്കെ വഹിക്കേണ്ടത് അധ്യാപകനായ ശരദദാസ്സാണ്. അധ:സ്ഥിതരുടെ യുവനേതാവായ ചിത്തരാജ് പപ്പു മാനേജരോടൊപ്പം, നേതൃ നിരയിലേയ്ക്കുയര്‍ത്തപ്പെട്ട നായകനാണ്. ഇട്യാദി മൂപ്പന്‍ പതിതവര്‍ഗ്ഗത്തിന്റെ പുരോഹിതനാണ്. ആദ്ധ്യാത്മിക ഗുരുസ്ഥാനീയനാണ്.
എല്ലാവരും കൂടി അന്ന് തെളിഞ്ഞ് അന്തരീക്ഷത്തില്‍ പുലര്‍കാലെ ദിവാന്‍പേഷ്‌ക്കാരെ ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. പരാതികളൊക്കെ ഒരു പുസ്തകത്തില്‍ വെച്ച് പപ്പു മാനേജരാണ് കയ്യിലേന്തിയിരുന്നത്.
കാളവണ്ടിയേറിയും, കടത്തു കടന്നും, വഴി നടന്നും പ്രദേശങ്ങള്‍ താണ്ടിയും, ദിവസങ്ങളോളം പ്രയാണം ചെയ്താണ് ദിവാന്‍ പേഷ്‌ക്കാരുടെ മണി മന്ദിരത്തിനു സമീപമെത്തിയത്.
പാറാവുകാരനോടു വിവരങ്ങളൊക്കെ പറഞ്ഞു ദിവാനദ്ദേഹത്തിനെ മുഖം കാണിക്കണം.
ഒറ്റനോട്ടത്തില്‍ തന്നെ പാറാവുകാരനു പിടികിട്ടി നായന്മാരായിരിക്കും. വേഷവിതാനങ്ങളുടെ കെട്ടും മട്ടും അതാണ് സൂചിപ്പിക്കുന്നത്. പപ്പു മാനേജരും, ചിത്തരാജും വെള്ളമുണ്ടും ചെരുപ്പും, ജുബ്ബയും. ശരദദാസ് നല്ല കുപ്പായവും, വെള്ള മുണ്ടും കയ്യിലൊരു ഡയറിയും. ഇട്യാദി മൂപ്പന്‍ കാഷായ വസ്ത്രധാരിയും, നാടന്‍ മുണ്ടും, അരയിലൊരു നീല കച്ചക്കെട്ടും കയ്യിലൊരു ചൂരലും.
പാറാവുകാരന്‍ പറഞ്ഞു, ഞാന്‍ പോയി അദ്യേന്‍ എഴുന്നേറ്റിട്ടുണ്ടോന്നു നോക്കീട്ടു വരാം. നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുക.
പാറാവുകാരന്‍ - തിരുമനസ്സേ ചിലര്‍ മുഖം കാണിക്കുവാന്‍ വന്നിട്ടുണ്ട്.
ദിവാന്‍ - ആരാ.
പാറാവുകാരന്‍ - കുറേയധികം വടക്കു നിന്നും വരുന്ന നായന്മാരാണെന്നാണ് തോന്നുന്നത്. രണ്ടു മൂന്നു നാള്‍ യാത്ര കഴിഞ്ഞു വരുന്നെന്നാണ് പറഞ്ഞത്.
ദിവാന്‍ - ഉം കടത്തി വിടൂ.
പൂമുഖത്തിലുള്ള ചാരു കസേരയില്‍ ഉപവിഷ്ടനായിരുന്ന ദിവാന്‍ പേഷ്‌ക്കാരെ നേരില്‍ കണ്ട് എല്ലാവരും തൊഴുതു. പ്രൗഡഗംഭീരമായ മുഖത്തു ഗൗരവം. രണ്ടു കൈകളും കൂപ്പിയുള്ള വന്ദനം കണ്ട ദിവാന്‍ മനസ്സിലാക്കി അറിവുള്ളവരും ഉന്നതകുലജാതീയരുമാവാനാണു സാധ്യത - അദ്ദേഹം പ്രത്യാഭിവാദനം ചെയ്തു.
പപ്പുമാനേജര്‍ രണ്ടു കൈകൊണ്ടും പരാതി അരമതിലില്‍ വച്ചു. തൊഴുതു നിന്നു. ദിവാനതെടുത്തു വായിച്ചു നോക്കി. എല്ലാവരേയും വീക്ഷിച്ചു. മനസ്സിരുത്തി പുരോഗമന സ്വഭാവമുള്ള പതിത വര്‍ഗ്ഗങ്ങള്‍ ആധികാരികമായ ശബ്ദത്തില്‍ അദ്ദേഹം മൊഴിഞ്ഞു.
സാധു ജനങ്ങളുടെ ഒരു പരാതി ഇദംപ്രദമായിട്ടാണെനിക്കു ലഭിക്കുന്നത്. മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവുണ്ടായാലും പാവങ്ങള്‍ക്കിതു വരേയും സാര്‍ത്തകമായ ഒരു തുണ്ടു ഭൂമി പോലും വിതരണം ചെയ്തിട്ടില്ല. ഉന്നത ജാതിക്കാരും, വന്‍കിട ഉദ്യോഗസ്ഥന്മാരും കാലമിത്രയുമായിട്ടും മണ്ണിലദ്ധ്വാനിക്കുന്നവന് ഭൂമി നല്‍കിയിട്ടില്ല. അവര്‍ക്കു കൂടി അവകാശപ്പെട്ടതല്ലേ ഈ മണ്ണും ഭൂമിയും.

നിങ്ങളെവിടന്നാണ് വരുന്നത്.
ഞങ്ങള്‍ - അന്നേത്തു പുരത്തുനിന്ന്.
ദിവാന്‍പേഷ്‌ക്കാരുടെ വിശകലനം - അതങ്ങ് വളരെ വടക്കല്ലേ. പിന്നെ ആരാണീ പപ്പു മാനേജര്‍.
തിരുമനസ്സേ ഞാനാണ് - പപ്പുമാനേജര്‍. വിനയാന്വിതനായി മൊഴിഞ്ഞു.
അദ്ദേഹം മുഖത്തേയ്ക്കു നോക്കി പ്രസന്നതയാല്‍ മന്ദഹസിച്ചു. 
പപ്പുമാനേജര്‍ - ഞങ്ങള്‍ ദിവസങ്ങളോളം നടന്നും കടത്തു കടന്നും കാളവണ്ടി കയറിയുമാണിവിടെയെത്തിയത്. അതിരാവിലെ വന്നാല്‍ തിരുമനസ്സിനെ ദര്‍ശിക്കുവാന്‍ കഴിയുമല്ലോ എന്നു നിനച്ചിട്ടാണേയ്.
ദിവാന്‍ പേഷ്‌ക്കാര്‍ - അനുകമ്പയോടെ, എനിക്കു ജാതിയും മതവും പ്രശ്‌നമല്ല. എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു. എന്നാലും നിങ്ങള്‍ സാധുജനങ്ങളായതു കൊണ്ടും, വിദ്യാഭ്യാസമുള്ളവരായതു കൊണ്ടും ''നാമൊരു ഉത്തരവു നല്‍കുന്നുണ്ട്'' അതു വാങ്ങീട്ടു പോയാല്‍ മതി. ഓഫീസും മറ്റും കാര്യക്ഷമമായി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുവാന്‍ സമയമായിട്ടില്ല. നിങ്ങള്‍ പുഴയില്‍ പോയി കുളിച്ച് ഇവിടുത്തെ പാചകശാലയില്‍ നിന്നും ഭക്ഷണവും കഴിച്ചശേഷം വരിക.
പപ്പുമാനേജരും കൂട്ടരും തൊഴു കൈകളാല്‍ അദ്ദേഹത്തിനു വീണ്ടും വന്ദനം ചൊല്ലി പിന്നോട്ടു നടന്നു.

ദിവാന്റെ വിശാല മനസ്‌കത, അവരുടെ അന്തരംഗത്തില്‍ പ്രതീക്ഷാനിര്‍ഭരമായ കുളിരലചാര്‍ത്തി. പതിതവര്‍ഗ്ഗത്തോടു അനുകമ്പയുള്ള ഭരണകര്‍ത്താവ്. ദിവാന്‍പേഷ്‌ക്കാരെങ്കിലും അവരുടെ നേരേ കണ്ണു തുറന്നു. ഉദ്യോഗസ്ഥന്മാരായ ഉന്നതജാതിക്കാര്‍ ഓഫീസില്‍ പോലും കയറുവാനനുവദിക്കാത്ത പാവങ്ങളോട്, ഉത്തുംഗ നിലയില്‍ വിരാജിക്കുന്ന ഉന്നതന്‍ അനുകമ്പ ചൊരിഞ്ഞിരിക്കുന്നു.
കുളിച്ചു വസ്ത്രം മാറി ആഗതരായ പപ്പു മാനേജര്‍ക്കും, കൂട്ടര്‍ക്കും ദിവാന്റെ പാചകശാലയില്‍ ബഞ്ചിലിരുത്തി ചായയും പലഹാരങ്ങളും നല്‍കപ്പെട്ടു. പുറംജാതിക്കാരെന്നോ, താഴ്ന്നവരെന്നോ ഉള്ള വിവേചന രഹിതമായ പെരുമാറ്റം. സല്‍ക്കാരത്തില്‍ സഭ്യതയാര്‍ന്ന ഔപചാരികത.
ദിവാന്റെ മുഖ്യ ഓഫീസിലെ ശിപായി വന്നു അവരോടവിടേയ്ക്കു ചെല്ലാന്‍ പറഞ്ഞു. അതുപ്രകാരം താലൂക്ക് ഭരണാധികാരിക്കു നല്‍കുവ് വേണ്ടിയുള്ള ഒരുത്തരവ് കൈയ്യോടെ കൊടുത്തു.
പ്രസ്തുത ഉത്തരവു വാങ്ങി, ദിവാനെ വീണ്ടും നേരില്‍ കണ്ടു തൊഴുതു നന്ദി പ്രകാശിപ്പിച്ചു തിരിച്ചു നടന്നു പോന്നു.
പാടുപെട്ടു കഷ്ടപ്പെട്ടു ദിനരാത്രങ്ങള്‍ യാത്ര ചെയ്തു വന്നതിനു ഫലമുണ്ടായി. ഉത്തരവു നല്‍കിയ ദിവാനെ വാനോളം വാഴ്ത്തി. ഈ ഉത്തരവിനെ ഇനി മറികടക്കുവാന്‍ യാതൊരുത്തരാലും സാധ്യമാവുകയില്ല. ജന്മിമാരുടെ പിണിയാളുകളായ പാറോത്തിക്കാരനും, റവന്യൂ അധികാരിയും, ജാതികുശുമ്പന്മാരായ ഉന്നതരും ഭയവിഹ്വലരാകും.
എന്ത് പുലയനു ഭൂമി നല്‍കുകയോ, അവര്‍ സംഭീതരാകും.
നീണ്ടയാത്രയ്‌ക്കൊടുവില്‍, അന്നേത്തുപുരത്തു പാടപ്പറമ്പില്‍ ഗൗരിക്കുട്ടിയുടെ പാഠശാലയ്ക്കു സമീപമുള്ള പപ്പു മാനേജരുടെ വിശ്രമ സങ്കേതത്തില്‍ ആഗതരായി. 
അല്‍പ്പനേരത്തെ സമാശ്വാസത്തിനു ശേഷം വടിവൊത്തെഴുതുന്ന അധ്യാപകര്‍ ശരദദാസ്സ് ഉത്തരവിന്റെ പകര്‍പ്പെടുത്തു. ഐശ്വര്യത്തിന്റെ പ്രതീകമായ പച്ചനിറത്തിലൊപ്പിട്ട കത്ത് മടക്കി ലക്കോട്ടിലിട്ടു, പേരുകാരുടെ പട്ടികയും അവയോടു ചേര്‍ത്തു നിക്ഷേപിച്ചു താമസം വിനാ പുറപ്പെട്ടു. താലൂക്ക് അധികാരിയെ നേരില്‍ കണ്ടു പ്രശ്‌നങ്ങള്‍ ഉണര്‍ത്തിക്കുവാനുള്ള ലക്ഷ്യത്തോടെ അവര്‍ ചെന്നു. ഔപചാരികമായ മര്യാദ ലഭിക്കുവാനര്‍ഹതയില്ലാത്ത പതിതവര്‍ഗ്ഗം അധികാരിയുചടെ മുന്‍പില്‍ ചെന്നു നിന്നിട്ടാരാഞ്ഞു.
നികൃഷ്ട ജീവികളെ നോക്കുന്ന പോലെ അദ്ദേഹം ക്രൂരതയാല്‍ കണ്ണു മിഴിച്ചു വീക്ഷിച്ചു. എന്താ എന്നമട്ടില്‍ മൂളി ഊം...ഊം...
പപ്പുമാനേജര്‍ - സ്വാമീ ഞങ്ങള്‍ മുന്‍പു തന്നിരുന്ന അപേക്ഷ പ്രകാരം ഭൂമി നല്‍കുന്ന കാര്യത്തിന്നു വല്ല തീരുമാനവുമായോ... ആവോ...
താലൂക്കധികാരി - (വെറും ലാഘവത്തോടെ) ഒന്നുമായില്ലല്ലോ. ഭൂമി നല്‍കുന്ന കാര്യത്തിന്നു വലിയ എതിര്‍പ്പുകളുണ്ട്.
പപ്പുമാനേജര്‍ - ആര്‍ക്കാണെതിര്‍പ്പെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു തിരുമേനീ. എന്നാല്‍ ആ എതിര്‍പ്പ്, തിരുമേനിയുടെ തന്നെയാണോ? അതോ മറ്റുള്ളവരുടെ പ്രേരണാര്‍ത്ഥമാണോ? ഞങ്ങള്‍ക്കതറിയുവാനുള്ള അവകാശമുണ്ട്.
അധികാരി - ഏയ് നമുക്ക് പൂര്‍ണ്ണ സമ്മതമാണ്. പക്ഷേ വേല ചെയ്യേണ്ടവര്‍ വേലക്കാരല്ലാതായാല്‍, വേലകാളു ചെയ്യും. അടിമിനെപ്രചോദിപ്പിക്കുന്ന പ്രവണത അടിമത്വമില്ലാതാക്കുവാന്‍ ഒരു ജന്മി മുതലാളിയും താല്‍പ്പര്യപ്പെടുകയില്ല. അവര്‍ നിഷ്‌ക്കരുണം പല്ലും നഖവുമും ഉപയോഗിച്ചെതിര്‍ത്തു കൊണ്ടിരിക്കും.
പപ്പുമാനേജര്‍ - ഓഹോ - അകാരണമായി ജന്മി മുതലാളിമാരുടെ ഇടപെടലിന്റെ വ്യതിയാനം കൊണ്ട് സാമിയും സ്വാധീനവലയില്‍ പെട്ടിരിക്കുന്നു.
അധികാരി - അങ്ങിനെയല്ല, ഇപ്പോള്‍ ഭൂമിയളന്നു കൊടുക്കുവാനുള്ള സംവിധാനങ്ങളൊന്നുമില്ല.
പപ്പുമാനേജര്‍ - ഞങ്ങള്‍ക്കു ഭൂമി ഉടന്‍ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ അധികാരപദവിക്കു വല്ല അപാകതയും സംഭവിക്കുമോ എന്നാണെനിക്കു ഭയം.
അധികാരി - എന്താ നിങ്ങളെന്നെ ഭയപ്പെടുത്തുകയാണോ?
പപ്പുമാനേജര്‍ - (ദിവാന്‍ ഇറക്കിയ ഉത്തരവിന്റെ കവര്‍ നീട്ടിക്കൊണ്ട്)
സ്വാമീ - ഭീഷണിയായാണ് നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ ഞങ്ങളെന്തു ചെയ്യാനാണ്. ഈ ഉത്തരവ് സ്വാമി വായിച്ചു നോക്കൂ.
എന്ത് ഉത്തരവോ... ആരുടെ ഉത്തരവ് അയാള്‍ കത്തു വാങ്ങി - ഉത്തരവില്‍ ഒപ്പുള്ള ഭാഗം ആദ്യം നോക്കി ആശ്ചര്യചകിതനായി. കണ്ണില്‍ മഞ്ഞപ്പൊടി വിതറിയപോലെ ഇരുട്ടുവ്യാപിച്ചു. ഇമകള്‍ നിരവധി തവണ അടച്ചു തുറന്നു നോക്കി മുഖം വിവര്‍ണ്ണമായി. ഒരു വിധം മനസ്സിരുത്തി വിശകലനം ചെയ്തു. ദിവാന്‍ പേഷ്‌ക്കാരുടെ ഉത്തരവ്. രണ്ടു മൂന്നു ദിവസം മുമ്പ് ഒപ്പു വെച്ചിറക്കിയത്. അവയിലെ ഓരോ അക്ഷരവും വള്ളിപുള്ളി വിസര്‍ഗ്ഗം വിടാതെ വായിച്ചു നോക്കി. നിമിഷങ്ങളോളം കത്തില്‍ തന്നെ മുഖം കുനിച്ചു ശ്രദ്ധിച്ചിരുന്നു. അക്ഷരങ്ങളെ പെറുക്കി ഹൃദ്ദിസ്ഥമാക്കി.
ഹോ. എന്തൊരു ശക്തമായ ഭാഷയിലാണ് ദിവാന്‍ പേഷ്‌ക്കാര്‍ എഴുതിയിരിക്കുന്നത്. ഒരു മാസം കൊണ്ട്, താഴെ പറഞ്ഞിരിക്കുന്ന പേരുകാര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കി അതിന്റെ നടത്തിപ്പു വിവരം ശ്രീപത്മനാഭന്റെ കാര്യലയത്തില്‍ എത്തിച്ചിരിക്കണം.
ഭയാശങ്കയാല്‍ ഹൃദയം പ്രകമ്പനം കൊണ്ടു തലകറങ്ങുന്ന പോലെ തോന്നി ശിപായിയെ വിളിച്ചു വെള്ളം വരുത്തി കുടിച്ചു. കത്തു വായിച്ചു കഴിഞ്ഞ റവന്യൂ അധികാരി, വിളറി വെളുത്ത മുഖഭാവത്തോടെ, ഒരുവിധം നിയന്ത്രിച്ചു, ജാള്യതയാല്‍ മന്ദസ്മിതം വരുത്തി പപ്പുമാനേജരേയും, കൂടെ വന്നവരെയും മാറി മാറി നോക്കി. അദ്ദേഹത്തിന്റെ ആകാംഷയുടെ പൊരുള്‍മനസ്സിലാക്കിയ പപ്പുമാനേജര്‍ പറഞ്ഞു - ഇപ്പോള്‍ സ്വാമിക്കു ഞങ്ങളാരൊക്കെയാണെന്നറിയുവാനാഗ്രഹമുണ്ടായിരിക്കും അല്ലേ. അതായത്, ഞാന്‍ പപ്പുമാനേജര്‍ - എല്ലാവരും മാഷേന്നു വിളിക്കും. ജാതി മനസ്സിലാകാത്ത പോലെ നെറ്റി ചുളിച്ചു ചൂഴ്ന്നു നോക്കി.
മന്ദസ്മിതത്തോടെ - അടുത്തു കിടന്ന ഇരിപ്പിടത്തിലിരിക്കുവാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും കസേരയിലും ബഞ്ചിലുമായിരുന്നു. ഭയപ്പാടിനെംറ പരിണിതഫലം. 
പപ്പുമാനേജര്‍ അതു നിഗമനിച്ചു മനസ്സിലാക്കി പറഞ്ഞു. സ്വാമിക്കു ജാതി അറിയണമല്ലേ, പക്ഷേ ഞാന്‍ ജാതി പറയില്ല. ഞാന്‍ ജാതിയില്ലാത്തവന്‍ പതിതരില്‍ അടിമത്വം സ്വീകരിച്ചു. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഇവര്‍ക്കു മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവിനെപ്പറ്റി മനസ്സിലാക്കി കൊടുക്കുവാന്‍ വന്നവന്‍, അത്രമാത്രം തിരുമേനിയിപ്പോള്‍ അറിഞ്ഞാല്‍ മതി. കൂടാതെ ഇത് ചിത്തരാജ് സാധുജനങ്ങളുടെ ഇടയിലെ ശക്തനായ പോരാളി ചാത്തനെന്നാണ് ശരിയായ പേര്. ഭൂമി ലഭിക്കുവാന്‍ അര്‍ഹനായ പുലയന്‍ വിവരങ്ങളറിയുവാന്‍ തുടങ്ങിയ സ്വാമി അല്‍പ്പം ബഹുമാനസൂചകമായി. ഹോ നിങ്ങളെയൊക്കെ മനസ്സിലാക്കുവാന്‍ ഞാനല്‍പ്പം താമസിച്ചു പോയി. നല്ല ഉടുപ്പിട്ടിരിക്കുന്നയാളെ നോക്കി താങ്കളുടെ പേരെന്താ - അതിനു മറുപടിയായി ശരദദാസ്സ് തന്നെ പറഞ്ഞു.
ഞാന്‍ ശരദദാസ്, ചരതനെന്നാണ് ശരിക്കുള്ള പേര് അധ്യാപകനാണ്.
നിങ്ങളാണോ സര്‍ക്കാരി സ്‌ക്കൂളില്‍ പഠിപ്പിക്കുന്നെന്നു കേട്ട പുലയച്ചെറുക്കന്‍.
ശരദദാസ്സ് അതേ പക്ഷേ പുലയചെറുക്കനല്ല. പുലയന്‍ തന്നെ.
സ്വാമി - നാം കേട്ടിട്ടുണ്ട്, സര്‍ക്കാരി സ്‌ക്കൂളില്‍ ഒരു പുലയച്ചെറുക്കന്‍ (അല്ല പുലയന്‍) വാദ്ധ്യാരായിട്ടുണ്ടെന്നുള്ള കാര്യം, ഇപ്പോഴാണ് ആളെ മനസ്സിലായത്.
പപ്പുമാനേജര്‍ - കാഷായ വസ്ത്രധാരിയെ ഉദ്ദേശിച്ചു കൊണ്ടു പറഞ്ഞു ഇതാണ് ഞങ്ങളുടെ കൂട്ടത്തിലെ പുരോഹിതന്‍ ഇട്യാദി മൂപ്പന്‍, കലാകാരനും മന്ത്രതന്ത്രവിദ്യായഭ്യസിച്ച പൂജാരിയും എല്ലാം. ഇവരുടെയൊക്കെ പേരു വിവരങ്ങള്‍ ആ ഉത്തരവിലുണ്ട്.
തിരുമേനീ ഇനിപ്പറയൂ ഞങ്ങള്‍ക്കെന്നു മുതലാണ് ഭൂമിയളന്നു നല്‍കുന്നത്. ഇനി അതിനും ജന്മിമാരുടെ അനുമതി തേടണമോ.
അധികാരി - ഉടനെയുണ്ടാകും. പേരും വിലാസവും തിരിച്ച് അവരവര്‍ താമസിക്കുന്നതിനടുത്തുള്ള പുറംമ്പോക്കു ഭൂമി തന്നെ പതിച്ചു നല്‍കുന്നതായിരിക്കും ഉത്തമമെന്നു കരുതുന്നു.
തിരിച്ചടി നല്‍കിയപ്പോള്‍, സാമ്പാറു കുടിയന്‍ നമ്പൂതിരി പാഠം പഠിച്ചു, കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാന്‍ ഉത്സാഹതിനായി. ദിവാന്‍ പേഷ്‌ക്കാരുടെ ഉത്തരവ് കണ്ടപ്പോള്‍ ഞെട്ടി വിറച്ചു.
ഉന്നതന്റെ മനസ്സിലെപ്പോഴും, പാവങ്ങളെ കഷ്ടപ്പെടുത്തി ചൂഷണം ചെയ്തു രസിക്കുക എന്നതാണ്. 
തവളയുടെ, കണ്ണുനീര്‍ കണ്ടാലും പാമ്പുകടി വിടുകയില്ല. അനുകമ്പയൊരിക്കലും ലഭിക്കാത്തവരാണ് പതിതവര്‍ഗ്ഗം. ദയാദാക്ഷിണ്യമെന്തെന്നനുഭവിച്ചറിയാത്ത നിരാലംബര്‍.
പക്ഷേ അവയ്ക്കു പ്രതിവിധി ചെറുത്തു നിന്നു; തിരിച്ചടി കൊടുക്കുകയെന്നതാണ് കരണീയമായിട്ടുള്ളത്. അതിലൂടെ മാത്രമേ ഉന്നതര്‍ അടങ്ങുകയുള്ളൂ. അതിനു സംഘം ചേരണം. ഒത്തൊരുമ അത്യന്താപേക്ഷിതം.
ദിവാന്റെ ഉത്തരവു ദര്‍ശിക്കുവാനിടയായ അധികാരി പത്തിമടക്കി. ഒരു കാലത്തും പ്രകടിപ്പിക്കാത്ത ഇഷ്ടം കാണിക്കുന്നു. അയാളുടെ ഔദ്യോഗിക പദവിക്കു ഭംഗമുണ്ടാകുമെന്നു കണ്ടപ്പോള്‍ പാവങ്ങളോടു ദയവു കാണിക്കുന്നു. ഭൂമി ലഭിക്കാത്ത പുലയര്‍ വീണ്ടും ചെന്നു പരാതിപ്പെട്ടാല്‍, തന്റെ ഉദ്യോഗത്തിനു തന്നെ സ്ഥാനചലനം വന്നു കൂടായ്കയില്ല.
താലൂക്ക് ഭരണാധികാരിയുടെ ഉത്തരവു പ്രകാരം പാറോത്തിക്കാരന്‍ ശങ്കുണ്ണിനായര്‍, ദിവാന്റെ ഉത്തരവില്‍ പറഞ്ഞിട്ടുള്ള ആളുകള്‍ക്ക് ഭൂമിയളന്നു കൊടുക്കുവാനുള്ള തയ്യാറെടുപ്പു നടത്തി തുടങ്ങി. ചങ്ങലയും കുത്തുകോലും കുരിശു കുട്ടയും വലിയ പുസ്തകവും തയ്യാറാക്കി വെച്ചു.
സര്‍വ്വേയുടെ മുന്നോടിയായി, ശങ്കുണ്ണിനായര്‍ ഒരു ശിപായിയോടൊത്ത് ഭൂദാഹക്കാരുടെ പേരുകളുമായി, ഓരോ പ്രദേശത്തും വന്ന് അന്വേഷണമാരംഭിച്ചു. പപ്പു മാനേജരെ നേരില്‍ കണ്ടു വിവരങ്ങളന്വേഷിച്ചു. അടുത്തതു ഇട്യാദി മൂപ്പന്‍ പിന്നെ ചിത്തരാജെന്ന ചാത്തേന്‍ ശരദദാസ്സാണ് അടുത്തതായി പേരു വിവരപട്ടികയിലുണ്ടായിരുന്നത്.
ചിത്തരാജും, ശരദദാസും മാടന്റെ മക്കളാണ്, അവര്‍ക്കു വീടും പറമ്പുമുണ്ട്. കൂടാതെ മുതലാളി ഒരു തുണ്ടു പാടവും മാണ്ടയുടെ പേരില്‍കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവര്‍ക്കു ഭൂമിയില്ലാത്തവരായി ഗണിക്കുന്നതു ശരിയല്ല. പപ്പു മാനേജരാ അഭിപ്രായത്തെ ശക്തമായി എതിര്‍ത്തു.
ശങ്കുണ്ണിനായരേ താന്‍ അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ട.
വെറുതെ കുഴിയില്‍ പോയി ചാടേണ്ട.
തന്റെ സര്‍ക്കാര്‍ ജോലിയാണിത്, സര്‍ക്കാര്‍ പറയുന്നതനുസരിക്കുന്നതാണ് നല്ലത്. ദിവാനേയും മഹാരാജാവു തിരുമനസ്സിനേയും ധിക്കരിക്കലല്ല; തന്റെ ജോലി ഞാനീക്കാര്യം ദിവാനെ അറിയിച്ചാല്‍ തനിക്കു സ്ഥാന ചലനമുണ്ടാകും പറഞ്ഞേക്കാം.
ശങ്കുണ്ണിനായര്‍ - മാഷേ. ഞാനൊരു നേരം പോക്കു പറഞ്ഞതാണ്.
പപ്പുമാനേജര്‍ - നേരംമ്പോക്കാണോ കാര്യമായിട്ടാണോ എന്നൊക്കെ മനസ്സിലാക്കാന്‍ എനിക്കു നല്ല കഴിവുണ്ട്. തനിക്കു നേരം പോക്കു പറയുവാന്‍ പറ്റിയ ആളല്ല ഞാനെന്നാദ്യം മനസ്സിലാക്കുക.
സാധാരണ ഭൂമിയളന്നു കൊടുക്കുന്നതു പോലെയല്ല ഈ സംരംഭം. ഭൂമി കൊടുക്കുന്നത് പതിത വര്‍ഗ്ഗക്കാര്‍ക്കായതു കൊണ്ട് ഉന്നതരെല്ലാവരും എതിര്‍ത്തു കൊണ്ടിരിക്കുന്നു. അവയ്‌ക്കൊത്താശയായി നില്‍ക്കുന്നത് റവന്യൂ അധികാരികളും, പാറോത്തിക്കാരും, മറ്റു സര്‍ക്കാര്‍ ജീവനക്കാരുമാണ്. പാവപ്പെട്ടവനു ഭൂമി ലഭിക്കരുത്. അവര്‍ സ്വന്തം മണ്ണിലദ്ധ്വാനിച്ചു ജീവിക്കരുത്. അതാണിതിനു പിന്നിലുള്ള അമര്‍ഷം.
അവര്‍ തെണ്ടികളായി ജന്മിയുടെ പടിവാതില്‍ക്കല്‍ കുത്തുപാളയുമായി ചെന്നിരുന്നു കഞ്ഞിക്കായി കെഞ്ചി നടക്കണം. സ്വാഭാവികമായി അവര്‍ മണ്ണിന്റെ ഉടമകളാകരുത്.
തുടക്കം മുതല്‍ എതിര്‍പ്പുമായി ശങ്കുണ്ണി നായര്‍ റവന്യൂ അധികാരികളെ പ്രലോഭിപ്പിച്ചിരുന്നു. ഈ വ്യക്തിയാണ് ഇപ്പോള്‍ ഭൂമിയളന്നു കൊടുക്കുവാന്‍ ബാധ്യതയാല്‍ വ്യഗ്രത കാട്ടുന്നത്.
സര്‍ക്കാരിന്റെ ഉത്തരവിലുള്ള കാഠിന്യം. വൈവിദ്ധ്യാത്മകമാണ്.
അപ്രതീക്ഷിതമായ ഈ സംരംഭത്തില്‍ നിന്നു്, കൈമടക്കൊന്നും പ്രതീക്ഷിക്കുവാന്‍ നിര്‍വ്വാഹമില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പുറംജാതിക്കാരെങ്കില്‍ പോലും അത്ര കുറഞ്ഞവരൊന്നുമല്ല. പപ്പുമാനേജരാണെങ്കില്‍ അറിവിന്റെ നിറകുടമാണ് ശക്തനായ സാമൂഹ്യപ്രവര്‍ത്തകനുമാണ്. ഇട്യാദി മൂപ്പന്‍ തന്റെ നാടായഅന്നേത്തുപുരത്തൊള്ള ചെളിപ്പറമ്പില്‍ ഭൂമിയുടെ മുക്കും മൂലയുമൊന്നൊന്നായി ഹൃദ്ദിസ്ഥമാക്കി നടക്കുന്ന വന്ന്യവയോധികനാണ്. അതുകൊണ്ട് പാറോത്തിക്കാരന് ഒരു വിധത്തിലും അളവില്‍ തിരിമറി കാട്ടി ഇവരെ പറ്റിക്കുവാന്‍ സാധ്യമല്ല.
പരമശിവന്‍പിള്ളയുടെ കടയും വീടും നിലകൊള്ളുന്ന സ്ഥലത്തിന്റെ വടക്കു ഭാഗത്ത് പറമ്പും പാടവുമായി കുറെയധികം ഭൂമിയുണ്ട്. പുറമ്പോക്കായി കിടക്കുന്ന ഈ സ്ഥലം ചെറുതോടുകളും, പിന്നെ പാടങ്ങളുമായി ഉപയുക്തമാക്കുവാന്‍ തരത്തിലുള്ളവയാണ്. ആ സ്ഥലത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ്, ഇട്യാദി മൂപ്പനും മറ്റു പുലയരും പറയരു് കുടില്‍ വെച്ചു താമസിക്കുന്നത്. അവയൊക്കെ കൃഷ്ണന്‍ മുതലാളിയുടേയും ഗൗരിക്കുട്ടിയുടെ ജ്യേഷ്ഠന്മാരുടെയും ഭൂവിഭാഗത്തിന്റെ സമീപത്തുമാണ്. അത്തരത്തില്‍ ഓരോ പുറമ്പോക്കു സ്ഥലവും കൈകേറിയവയും എല്ലാം ശങ്കുണ്ണിനായര്‍ നടന്നു നോക്കി, മനസ്സിലാക്കി. സര്‍വ്വേ നമ്പറുമായി താരതമ്യപ്പെടുത്തുവാന്‍ കുറിച്ചെടുത്തു.
ചില നായര്‍ പ്രമാണികളും, ജന്മി മുതലാളിമാരും കയ്യേറിയ ഭൂമിയും അയാള്‍ നടന്നു കണ്ടു.
അന്യായമായി, കൈകേറിയ ഭൂമിയാണോ എന്നൊക്കെ വിലയിരുത്തണമെങ്കില്‍ ഓഫീസിലുള്ള രേഖകളുമായി ഒത്തു നോക്കണം - ശങ്കുണ്ണിനായര്‍ അഭിപ്രായപ്പെട്ടു.
മഴക്കാലമൊഴിഞ്ഞു, തെളിഞ്ഞ കാലാവസ്ഥ രാത്രികാലങ്ങളില്‍ അല്‍പ്പ സ്വല്‍പ്പം മഞ്ഞു പെയ്തു കൊണ്ടിരുന്നു. പാടങ്ങളില്‍ പച്ചപ്പരവതാനി വിരിച്ചപോലെ ഞാറിന്‍ തലപ്പാവുകള്‍ കാറ്റിലാടി. നീളേ നിരന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകള്‍ച്ചോല മടലുകളാല്‍ ഊഞ്ഞാലാടി. അമൃതകുംഭങ്ങള്‍ കുലകുത്തി ഞാന്നു കിടന്നു.
മുതലാളിക്കുണ്ടെങ്കില്‍ കൂലിയായിട്ടെങ്കിലും തൊഴിലാളിക്കുമുണ്ട്.
പൂമരങ്ങള്‍ പൂക്കുലകളോടു കൂടി ആടിക്കളിച്ചു സുന്ദരമായ അന്തരീക്ഷം. മനോഹരമായ തെളിഞ്ഞ കാലാവസ്ഥയുള്ള അവസരമാണല്ലോ ഉന്നതര്‍ ഉത്സവ തിമര്‍പ്പിലായാഘോഷിക്കുന്നത്. പ്രസ്തുത ആഘോഷങ്ങള്‍ പതിത വര്‍ഗ്ഗക്കാരും കൊണ്ടാടുന്നു.
തിരുവാതിരക്കാലമായി, കാലിക്കുന്നെന്ന സ്ഥലം ശ്രീകൃഷ്ണന്‍ പണ്ട് പശുക്കളെ മേച്ചു, പുല്ലാംകുഴലൂതി നടന്ന സ്ഥലമാണെന്നാണ്, പരക്കെ അറിയപ്പെടുന്നത്. കുരുക്ഷേത്രയുദ്ധത്തിന്റെ സൂത്രധാരനായ ഭഗവാന്റെ ലീലാവിലാസങ്ങളുമായി ബന്ധമുള്ള സ്ഥലമാണ് കാലിക്കുന്ന്. അതിനു കുറേ അകലെ കുറുക്കന്‍ പാറകടന്നു ചെല്ലുന്നത് മുല്ലത്തറ തൃക്കോവില്‍ അതിന്റെ കിഴക്കു മാറിയാണ്. കൊച്ചു കണ്ടോരി വലിയ നമ്പൂതിരിയുടെ മുല്ലത്തറ ഇല്ലം നിലകൊള്ളുന്നത്.
കാലം ചെയ്ത വലിയ നമ്പൂതിരിയുടെ മൂത്ത പുത്രനാണ് നീലകണ്ഠന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകളാണ് സാവിത്രിക്കുട്ടി. അവളുടെ അമ്മയുടെ തറവാടാണ് അന്നേത്തുപുരത്ത് സ്ഥിതി ചെയ്യുന്ന കൊടാത്തില്ലം.
നമ്പൂതിരിമാര്‍ക്ക് അനിതരസാധാരണമായ പ്രത്യകതകളിലൊന്ന് പെണ്‍കുട്ടി അമ്മയുടെ തറവാട്ടില്‍ നിന്നും കളിച്ചു ചിരിച്ചു സുഖിച്ചു വളരുകയെന്നുള്ളതാണ്. അതുകൊണ്ടാണ് സാവിത്രിക്കുട്ടി മുത്തശ്ശനായ വിഷ്ണു നമ്പൂതിരിയുടേയും മുത്തശ്ശിയുടെയും പരിലാളനയില്‍, ആഢ്യത്വത്തിന്റെ മൂര്‍ത്തിമത്തായ രമ്യഹര്‍മ്മ്യത്തില്‍ നിന്നും അദ്ധ്യായനം നടത്തിയതും വളര്‍ന്നതും. ചിലനേരം അസ്വാഭാവികമായി പേരിനു വേണ്ടി മാത്രം മാതാപിതാക്കളെ സന്ദര്‍ശിക്കുവാന്‍ വളവര വള്ളത്തിലേറി സ്വദേശമായ കാലിക്കുന്നിലേയ്ക്കു പ്രയാണം ചെയ്തിരുന്നു. അതും വള്ളമൂന്നുകാരും, സഹായികളും വാല്യക്കാരുമൊത്തു, ആവശ്യത്തിന്നു പഴങ്ങളും പലഹാരങ്ങളും കരുതി കൊണ്ടായിരിക്കും. 
പ്രകൃതിയുടെ പുഷ്‌ക്കല ധോരണിവാരി വിതച്ചകാലം വിളവെടുപ്പു സന്ദര്‍ഭത്തിന്റെ സുവര്‍ണ്ണകാലം ഉത്സവതിമര്‍പ്പോടെ ആഘോഷിക്കുന്ന അവസരം.
തിരുവാതിര ആഘോഷിക്കുവാന്‍ സാവിത്രിക്കുട്ടി ഇപ്രാവശ്യം സ്വന്തം തറവാട്ടിലേയ്ക്കു ഗമിച്ചു.
നേരിട്ടു കണ്ടു മനസ്സിലാക്കി ഭൂമിയുടെ നിഗൂഡ വസ്തുതകള്‍ തിട്ടപ്പെടുത്തി നിരവധി നാളുകള്‍ തുടര്‍ച്ചയായി നടന്നതിന്റെ ഫലമായി പാറോത്തിക്കാരന്‍ ശങ്കുണ്ണി നായര്‍ക്കു അസഹനീയമായ ജ്വരം ബാധിച്ചു. കലശലായ തലവേദന, ചുമ, നെഞ്ചു പറിഞ്ഞു പോകും പോലത്തെ വേദനയും ഒക്കെ കൂടി, മാനസിക പിരിമുറുക്കം വേറെയും.
സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വപ്പെട്ട ജോലിയായിരുന്നല്ലോ.
ഈ പുലയക്കിടാത്തന്മാര്‍ക്കൊക്കെ ഭൂമിയളന്നു കൊടുക്കണമല്ലോ അയാളോര്‍ത്തു.
ശങ്കുണ്ണിനായര്‍ക്കു ഉന്നതരുടെ ഭാഗത്തു നിന്നും അപ്രതീക്ഷിതമായ പല ഭീഷണികളുമുയര്‍ന്നു തുടങ്ങി.
ആ ചെറുമര്‍ക്കൊന്നു ഭൂമിയളന്നു കൊടുക്കേണ്ട വല്ല കാര്യവുമുണ്ടോ. അളന്നു വരുമ്പോള്‍ തമ്പുരാക്കന്മാരുടെയൊക്കെ ഭൂമിയില്‍ കൂടി ചങ്ങല വലിക്കേണ്ടി വരില്ലേ. അതു നടപ്പാക്കുവാന്‍ പറ്റിയ കാര്യമല്ല. കരം കൊടുത്താണീ ഭൂമിയൊക്കെ സ്വന്തമാക്കി പരിരക്ഷിച്ചു പോരുന്നത്. കാടും മലയും വെട്ടിത്തെളിച്ചു നാടാക്കി, ഫലഭൂയിഷ്ടമായ പറമ്പാക്കിയ ഭൂമി നിങ്ങളളന്നു വല്ല പുലയര്‍ക്കും പറയര്‍ക്കും കൊടുത്താല്‍ അതിന്റെ ഭവിഷത്തുകള്‍ ഭീകരമായിരിക്കും. അതോര്‍ക്കുന്നത് നന്ന്. നായന്മാരും, ഉന്നതരും ഭീഷണിപ്പെടുത്തി.
ജന്മിമാരും മുതലാളികളും ഒരു വശത്ത്, അതിലുപരി നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയളന്നു കൊടുക്കേണ്ട ഉത്തരവാദിത്വം വേറൊരു ഭാഗത്തും. എല്ലാ പ്രശ്‌നങ്ങളും അയാളെ വൈകാരികമായ പ്രതിസന്ധിയിലാക്കി.
പനികൂടി നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ശങ്കുണ്ണിനായര്‍ക്ക് കിടക്കപ്പായയില്‍ നിന്നും തീരെ എഴുന്നേല്‍ക്കുവാന്‍ വയ്യാതായി. ചികിത്സകളും മറ്റും അനുയോജ്യം പോലെ നടത്തി. വൈദ്യരുടെ നിരന്തരമായ സമീപനവും, ശ്രദ്ധയും കൊണ്ടു പനിയും മറ്റും മാറിയെങ്കിലും ക്ഷീണിതനായി - തളര്‍വാതമായി പരിണമിച്ചു. എഴുന്നേറ്റു നടക്കണമെങ്കില്‍ പോലും പരസ്സഹായം ഒഴിച്ചു കൂടുവാന്‍ വയ്യാത്ത അവസ്ഥയായി.
വിവരമറിഞ്ഞ ജനം പല ഭിന്നാഭിപ്രായങ്ങളും പറഞ്ഞു പരത്തിക്കൊണ്ടിരുന്നു.
നമ്പൂതിരിമാരുടേയും, ഉന്നതരായ നായന്മാരുടേയും, സത്യസന്ധരായ ഈഴവ മുതലാളിമാരുടേയും വസ്തു വകകള്‍ തൊട്ടു കളിച്ചാല്‍ സര്‍ക്കാരുദ്യോഗസ്ഥനായാലും ശരി ഭഗവതി വെറുതേ വിടുമെന്നു വിചാരിക്കേണ്ട. സര്‍പ്പകോപമുണ്ടാകും കാവുകളില്‍ നിന്നും ഗന്ധര്‍വ്വന്‍ വന്നു വക വരുത്തും. കണ്ടില്ലേ അയാളുടെ കയ്യും കാലും തളര്‍ന്നു പോയത്. തീരാവ്യാധിയായി മാറിക്കൊണ്ടിരിക്കുന്നു.
പുലയര്‍ക്കും, പറയര്‍ക്കും ഭൂമി നല്‍കുവാനുദ്യമിച്ചാലുള്ളവരും വരായ്കകള്‍, ദൈവകോപത്തെ ഉയര്‍ത്തിക്കാട്ടി.
ഉന്നതരുടെ ബുദ്ധിമുട്ടുകളെ ഉന്നതമാക്കി ഉയര്‍ത്തിക്കാട്ടി നാട്ടില്‍ പാട്ടാക്കുന്നവരാണധികവും പാവങ്ങള്‍ക്കു വേണ്ടി ചെറുവിരലനക്കുവാന്‍ പോലും വൈമനസ്യം കാണിക്കുന്ന സമൂഹം. പാടു പെട്ടു നേടിയെടുത്ത ഉത്തരവുകള്‍ നടപ്പിലാക്കുവാന്‍ മുതിര്‍ന്നപ്പോളിതാ പാറോത്തിക്കാരന്‍ ശയ്യാവലംബിയായിരിക്കുന്നു.
റവന്യൂ അധികാരിക്കും മാനസികമായി പിരിമുറുക്കമുണ്ടായി. പല ജന്മി മുതലാളിമാരും ശങ്കുണ്ണിനായര്‍ക്കെതിരായി പരാതി പറഞ്ഞു.
അതുപോലെ നിങ്ങളും ദൈവകോപത്തിനിരയാകും.
കണ്ണീക്കണ്ട പെലേനീം, പറയനീം വസ്തു നല്‍കുവാന്‍ ആ ശങ്കുണ്ണി നായര്‍ക്കു വല്ല വട്ടും പിടിച്ചോ, ഏഭ്യന്‍ ചില നായന്മാരും ഇതേ അഭിപ്രായം തന്നെ ഏറ്റു പറഞ്ഞു പരത്തി.
തിരുമേനീ, ആ പുലയനീം, പറയനീം ഭൂമി കൊടുക്കരുത്. അങ്ങിനേച്ചാല്‍ നിങ്ങള്‍ക്കും വലിയ ഭവിഷത്തുകളുണ്ടാകും. പറഞ്ഞില്ലാന്നു വേണ്ട.
ഒരു മാനസത്തിനുള്ളില്‍ ഭൂമിയളന്നു കൊടുത്തതിന്റെ ആനുപാതികമായ രേഖകള്‍ ദിവാന്‍ പേഷ്‌ക്കാര്‍ക്ക് അയച്ചു കൊടുക്കണ്. വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുക്കും. ജോലി പോയെന്നും വരാം. മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവാണ് ദിവാന്‍ പേഷ്‌ക്കാര്‍ പുനക്രമീകരിച്ച് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവ് കല്ലേ പിളര്‍ക്കും.
ശങ്കുണ്ണിനായര്‍ തളര്‍വാദം പിടിച്ചു കിടപ്പിലായി. ഇനിയെന്തു ചെയ്യും താലൂക്കധികാരി ആകസ്മികമായി പ്രജ്ഞയറ്റവനെപ്പോലെ നിര്‍വികാരനായി.
വിപതി ധൈര്യമവലംബിച്ച് നീട്ടി വലിച്ചൊരു കത്തെഴുതി. അതായത് പാറോത്തിക്കാരന്‍ ശങ്കുണ്ണിനായര്‍ തളര്‍വാതം പിടിച്ചു കിടപ്പിലാണ്. പുലയര്‍ക്കും പറയര്‍ക്കും ഭൂമിയളന്നു നല്‍കേണ്ട സര്‍വ്വേ തുടങ്ങി വച്ച അദ്ദേഹം അപ്രതീക്ഷിതമായി, ശയ്യാവലംബിയായതു കൊണ്ട് അളവു തുടര്‍ന്നു കൊണ്ടു പോകുവാന്‍ നിര്‍വ്വാഹമില്ലാതായിരിക്കുന്നു. പാറോത്തിക്കാരന്‍ തുടങ്ങി വെച്ച സര്‍വ്വേ അദ്ദേഹത്തിന്റെ അഭാവത്തില്‍ പുനരാരംഭിക്കുവാനും, ദിവാന്‍ പേഷ്‌ക്കാരുടെ ഉത്തരവ് നടപ്പിലാക്കുവാനും ഉടന്‍ തന്നെ വേറൊരു പാറോത്തിക്കാരനെ നിയമിക്കണമെന്നും അളവിന്റെ വിവരണങ്ങളുള്‍പ്പെട്ടരേഖകള്‍ എത്തിക്കേണ്ട തീയതി നീട്ടിത്തരണമെന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു എന്നായിരുന്നു.
കത്തിന്റെ സംക്ഷിപ്ത രൂപം. ലെക്കോട്ടിലാക്കി അയക്കുവാന്‍ ഏര്‍പ്പാടു ചെയ്തു.
ഭഗ്നാശയനായി, വേറൊരു ജോലിയിലും താല്‍പ്പര്യമില്ലാതെ അധികാരി ഉത്ഘടമായ ആലോചനയില്‍ മുഴുകി. വൈകുന്നേരത്തോടെ ഓഫീസു പൂട്ടി തന്റെ ഭവനത്തിലേയ്ക്കു സാവധാനം നടന്നു പോയി.
നാടെങ്ങും ഉണര്‍ന്നു തിരുവാതിയാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ഉന്നതജാതിക്കാരുടെ ഭവനങ്ങളില്‍ തിരുതകൃതിയായി നടന്നു കൊണ്ടിരുന്നു.
പാവങ്ങളുടെ കുടിലുകളില്‍ തിരുവാതിരയാഘോഷങ്ങളുടെ ''ഒരു കൂട്ടലുകളൊന്നു''മുണ്ടായിരുന്നില്ല. സുഭിക്ഷമായ ആഹാരവും കഴിച്ച് പുത്തനുടുപ്പണിഞ്ഞു കളിച്ചു ചിരിച്ചു തിമിര്‍ക്കേണ്ട പാവങ്ങള്‍ക്ക് പുതിയ ഉടുപ്പില്ല, നല്ല രുചിയോടെയുള്ള ആഹാരവുമില്ല. അവയൊക്കെ നല്‍കേണ്ടത് തമ്പ്രാന്‍ പടിക്കല്‍ നിന്നാണ്.
കൂലിക്കുവേണ്ടി ഇരക്കണം, നല്ല നാളുകള്‍ വന്നാലും ഇരക്കണം, ഇരന്നാലും പോര പടിക്കല്‍ കാത്തു നില്‍ക്കണം. ഉന്നതരുടെ വേലക്കാരികള്‍ തവണയും തരവും നോക്കി മാത്രമേ തമ്പുരാട്ടിയുടെ ഉത്തരവു നടപ്പിലാക്കുവാന്‍ ഉദ്ദ്യമിക്കാറുള്ളൂ. വേണ്ടി വന്നാല്‍ പാവങ്ങള്‍ക്കു വിതരണം ചെയ്യുന്നതില്‍ നിന്നു പോലും വേലക്കാരികള്‍ വെട്ടിക്കുറവു വരുത്തും.
പടിക്കലെ തമ്പ്രാന്റെ വാല്യക്കാരികള്‍ പോലും പുലയക്കിടാത്തികള്‍ക്ക് തമ്പുരാട്ടികള്‍ തന്നെ. കാരണം അവര്‍ നായന്മാരും തമ്പുരാട്ടിയുടെ സമീപത്തു ചെല്ലുവാനര്‍ഹതയുള്ളവരുമാണ്. തങ്ങളെപ്പറ്റി അസൂയ പറഞ്ഞു കൊടുത്തു കൊല്ലിക്കുവാന്‍ പോലും മടി കാണിക്കാത്തവരാണ്.
തമ്പുരാക്കന്മാരുടെ കൗമാരക്കാരായ കുഞ്ഞുങ്ങളും എല്ലാം പുലയര്‍ക്ക് കൊച്ചമ്പ്രാട്ടിയും കൊച്ചമ്പ്രാന്മാരുമാണ്.
വാസ്തവം പറഞ്ഞാല്‍ ഇടംവലം തിരിയാനും, നേരെ നോക്കുവാനും, ഉരിയാടുവാന്‍ പോലും പുലയര്‍ക്കരഹതയില്ല. പ്രായമായ പുലയരേയും പറയരേയും ഒക്കെ ജന്മിമാരുടെ കുഞ്ഞുങ്ങള്‍ എടാ മാടാ ഇങ്ങോട്ടു വരണ്ടാ മാറി നിന്നോളൂ എന്നേ പറയാറുള്ളൂ. അവരുടെ വാല്യക്കാരുടെ കുട്ടികളും ഇവരെ എടാ പോടാന്നേ വിളിച്ചിരുന്നുള്ളൂ. ജന്മിമാരുടെ തറവാട്ടില്‍ നിന്നും എച്ചില്‍ തിന്നു ജീവിച്ചിരുന്ന നായരിച്ചികളും, പുലയരോട്അനുകമ്പയുള്ളവരായിരുന്നില്ല. തരം കിട്ടിയാല്‍ തല്ലു കൊള്ളിക്കും, കൊടിയ ആരോപണത്തിന്നു വിധേയരാക്കി പീഢിപ്പിക്കും.
തൊലി വെളുത്ത ചോരത്തിളപ്പുള്ള അടിച്ചു തളിക്കാരികളും, നെല്ലുകുത്തുകാരികളും തമ്പുരാക്കന്മാരുടെ വെപ്പാട്ടികളായും ഉണ്ടാകും അവരും പാവങ്ങളോട് നികൃഷ്ട സ്വഭാവമാണ് കാണിച്ചിരുന്നത്.
തിരുവാതിരയാഘോഷിക്കുവാന്‍ സാവിത്രിക്കുട്ടി തന്റെ തറവാട്ടിലെത്തിയെങ്കിലും, ശരദദാസ്സിന്റെ നിസ്തുലമായ ഓര്‍മ്മ മനസ്സില്‍ നിസംഗത സൃഷ്ടിക്കപ്പെട്ടു. ഓരോ വര്‍ഷവും ഈ പെരി നാളുകൊണ്ടാടുന്ന പോലെയല്ലയീപ്രാവശ്യം, ഏതോ വൈകാരികമായ വ്യാകുലത അവളുടെ ഹൃദയത്തെ മഥിച്ചു.
മാതാപിതാക്കളോടും മറ്റു മിത്രങ്ങളോടും കളിച്ചു ചിരിച്ചു നടക്കുന്ന ഭാവാവേശത്തിന്നു വ്യതിയാനം വന്നതായി കണ്ടു. എല്ലായിപ്പോഴും മൂകതയിലാണ്ടു, സ്വന്തം മുറിയിലിരുന്നു ആവശ്യത്തിന്നു മാത്രം ഉരിയാടിയിരുന്നു. അതും ചോദിച്ചാല്‍ മാത്രം. മറ്റു സഹോദരിമാരും സഹോദരന്മാരും സാവിത്രിക്കുട്ടിയോടു നിരന്തരം കളിച്ചു ചിരിച്ചു നടന്നിരുന്ന പതിവനുവര്‍ത്തിക്കുവാന്‍ സമീപിച്ചിട്ടു പോലും ഒരു പ്രതികരണവും അവളില്‍ നിന്നുമുണ്ടായിരുന്നില്ല.
പൂത്തുമ്പികളെപ്പോലെ പാറിക്കളിച്ചും കുരുവികള്‍ കണക്കു കലപില കൂട്ടിയും, ആമോദാന്തരീക്ഷം സൃഷ്ടിച്ചിരുന്ന താത്രിക്കുട്ടിയിതാ ഒരു സുപ്രഭാതത്തില്‍ മുകതയവലംബിച്ചു ശോകഗ്രസ്ഥയായി മാറിയിരിക്കുന്നു. മാതാപിതാക്കളും സഹോദരങ്ങളും അവളെ പ്രത്യാകം ശ്രദ്ധിച്ചു കൊണ്ടിരുന്നു. അടക്കിപ്പിടിച്ചവര്‍ സ്വകാര്യം പറഞ്ഞു. കുശുമ്പുകുത്താനാണെല്ലാവരും അവസരമാക്കിയത്.
അമ്മവന്നു ചോദിച്ചു, താത്രിക്കുട്ട്യേയ് നിനക്കിതെന്തുപറ്റി, കഴിഞ്ഞ പ്രാവശ്യം വന്നതു പോലെയല്ലല്ലോ, നീയീ പ്രാവശ്യം ആളാകെ മാറിയിരിക്കുന്നല്ലോ. എന്താ കാര്യം, അവര്‍ സൗമ്യമായി അവളെ തഴുകിയാരാഞ്ഞു.
അവള്‍ വ്യാകുലതയൊക്കെ അന്തര്‍ലീനമാക്കി അവ്യക്തമാര്‍ന്ന മുഖഭാവത്തോടെ, നിസംഗതയായി - ഒന്നുമില്ലമ്മേ, എനിക്കൊന്നുമില്ല.
പിന്നെയെന്താ കുട്ട്യേയ്, മുന്‍പുണ്ടായ പ്രസരിപ്പൊക്കെ എവിടെപ്പോയി. നിനക്കു വല്ല അബദ്ധവും പിണഞ്ഞോ. ആരെങ്കിലും നിന്നോടനിഷ്ടം വല്ലതുംകാണിച്ചോ, വഴക്കു പറഞ്ഞോ, അതോ എന്തെങ്കിലും അനുരാഗമോ - മറ്റോ; അതിന്റെ കുഴപ്പങ്ങളെന്തെങ്കിലും?
താത്രിക്കുട്ടി - ഒന്നുമില്ലമ്മേ! വ്യഗ്യാത്മകമായി മൊഴിഞ്ഞു.
അമ്മ - നിന്നോടു നിന്റെ അമ്മയല്ലേ, ചോദിക്കുന്നത് എന്താച്ചാ നീ പറഞ്ഞോളൂ - നമുക്കു പരിഹാരമുണ്ടാക്കാം.
സാവിത്രിക്കുട്ടി - അമ്മേ, ഞാനൊന്നു പറയുന്നില്ല. ഇവിടുത്തെ ആഘോഷവും, ഒരുക്കങ്ങളൊക്കെയും എന്നിലൊരു ആമോദവും പകരുന്നില്ല. മുത്തച്ഛനും, മുത്തശ്ശിയും ദു:ഖിതരായി കഴിയുമ്പോള്‍ ഞാന്‍ മാത്രം ഇവിടെ വന്നു തിരുവാതിര കൊണ്ടാടുന്നത് ന്യായയുക്തമാണോമ്മേ. മുത്തച്ഛന്റെ ഇളയ സഹോദരിയുടെ ദേഹവിയോഗമുണ്ടായത് ഈയിടെയല്ലേ. അതുകൊണ്ട് ആ ഇല്ലത്തീ പ്രാവശ്യം തിരുവാതിര ആഘോഷങ്ങളില്ല. അവരുടെ ദു:ഖത്തില ്പങ്കു കൊള്ളാതെ ഞാനിവിടെ വന്നത് ശരിയായ പ്രവണതയാണോ?
തങ്ങള്‍ക്കില്ലാത്ത വ്യാകുലത, ഇവള്‍ക്കെന്തിനാണെന്നവര്‍ ചിന്തിക്കാതിരുന്നില്ല. അകാരണമായ അഭിപ്രായ പ്രകടനത്തില്‍, ദുരൂഹതയുള്ളതായവര്‍ക്കു തോന്നിയെങ്കിലും മകളോടുള്ള ആത്മാര്‍ത്ഥതയെ പരിഗണിച്ച് അവയൊക്കെ ഉള്ളിലൊതുക്കി അമ്മ നിര്‍ദ്ദേശിച്ചു.
അതൊന്നും സാരമില്ല കുട്ട്യേയ് നിന്നെ കണ്ടു സന്തോഷിക്കുവാനല്ലേ ഇത്രയധികം ഒരുക്കങ്ങളൊക്കെ ഈ തറവാട്ടില്‍ കൂട്ടിക്കൊണ്ടിരിക്കുന്നത്.
നീ വന്നു എന്തെങ്കിലും കഴിക്കൂ, നിന്റെ ജ്യേഷ്ഠന്മാരും, സഹോദരിമാരും ഒക്കെ നിന്റെ മ്ലാനവദനം ദര്‍ശിക്കുവാന്‍ കരുത്തില്ലാതെ, തറവാടിന്റെ മുക്കിലും മൂലയിലും മറഞ്ഞിരുന്നു വിതുമ്പുന്നു. അപ്പനാണെങ്കില്‍ ഒന്നും ഉരിയാടാതെ മുഖം വീര്‍പ്പിച്ചു നടക്കുന്നു.
അമ്മ ഒന്നു പറയട്ടെ നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി തിരുവാതിരയുടെ അവസാനം മുത്തശ്ശിയുടെ അടുത്തു പോകാം, എന്തേയ്.... തൃപ്തിയായോ.
അവള്‍ വ്യംഗ്യാത്മകമായി അമ്മയുടെ മുഖത്തു നോക്കി ഒരു വിധം ആശ്വസിച്ചു.
വാസ്തവ വികതയെന്തെന്നാല്‍, ശരദദാസ്സിനെ ദര്‍ശിക്കുവാന്‍ കഴിയാത്തതിലുള്ള മനോവ്യഥമാത്രമാണവളുടെ ഹൃദയവ്യാകുലതയ്ക്കു നിദാനം.
തിരുവാതിരയ്ക്കു ഇനിയും രണ്ടു മൂന്നു നാളുകളുണ്ട്. പപ്പു മാനേജരും കൂട്ടരും ശങ്കുണ്ണിനായരുടെ അവസ്ഥയില്‍ ഉല്‍ഘണ്ടാകുലരായി. ഭൂമിയളന്നു നല്‍കേണ്ട ഉത്തരവാദിത്വം പര്‍വ്വം (വില്ലേജ്) ഭരിക്കുന്ന (പാര്‍വതി) പാറോത്തിക്കാരനാണ്. അയാള്‍ക്കാണീ അത്യാഹിതം സംഭവിച്ചിരിക്കുന്നത്.
നാടിനെ ഞെട്ടിക്കുവാന്‍ പര്യാപ്തതയുള്ള വാര്‍ത്തയുമായാണ് നേരം പുലര്‍ന്നത്.
താലൂക്കാധികാരി നമ്പൂതിരി ദിവംഗതനായി. പെട്ടെന്നുള്ള മരണമായിരുന്നു. ഇന്നലെ ഓഫീസില്‍ നിന്നും വളരെ പ്രയാസപ്പെട്ടായിരുന്നു നടന്നു വന്നിരുന്നത്. മനയിലെത്തിയ ഉടനെ കട്ടിലിലേയ്ക്കു വീണു. മക്കളും ഭാര്യയും താങ്ങിപ്പിടിച്ചു. അല്‍പ്പം കഞ്ഞി വെള്ളം കോരിക്കൊടുത്തു. വൈദ്യരെ വിളിച്ചു കൊണ്ടു വന്നു. മരുന്നൊന്നും കൊടുക്കുന്നതിനു മുമ്പോ ശ്വാസം നിലച്ചു. അന്തര്‍ജനം തന്നെയാണ് ഇപ്പ പൂട്ടിയത്.
നമ്പൂതിരിയും ഉന്നതരും ശോകാത്മകമായി മരിച്ച വീട്ടിലേയ്ക്കു പോയ്‌ക്കൊണ്ടിരുന്നു അധികാരി നമ്പൂതിരിയെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ലാ നാട്ടില്‍.
ജാതിക്കുശുമ്പില്ലാത്ത നമ്പൂതിരിയുണ്ടോ? എന്നാലും അദ്ദേഹത്തിന്റെ പാടത്തും പറമ്പിലും വേല ചെയ്തിരുന്ന പുലയരും, പറയരും, വേട്ടുവരും എല്ലാം പോയി. മൃതദേഹം ദര്‍ശിക്കുവാനൊന്നും അവര്‍ക്കു പറ്റുമായിരുന്നില്ലെങ്കിലും തങ്ങളുടെ മുതലാളി മരിച്ചെന്നറിഞ്ഞാല്‍ പോയല്ലേ പറ്റൂ.
അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും ചെന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
പപ്പുമാനേജരും കൂട്ടരും പിന്നെ അറിയപ്പെടുന്ന പിന്നോക്കക്കാരും, നായന്മാരും ഒക്കെ മരണ ഗൃഹത്തിലേയ്ക്കു ചെന്നു. നാട്ടിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥനല്ലേ.
ജഡം കുളിപ്പിച്ചു കൊണ്ടു വന്നു പന്തലില്‍ കിടത്തിയപ്പോള്‍ എല്ലാവരും വരിയായി പോയി വലം വെച്ചു തൊഴുതു. മൃതശരീരത്തിന്റെ മുഖം ദര്‍ശിച്ചു. പാറോത്തിക്കാരന്‍ ശങ്കുണ്ണി നായരെ മക്കള്‍ താങ്ങിപ്പിടിച്ചു കൊണ്ടു വന്നു മൃതദേഹം കാണുവാനവസരം സംജാതമാക്കി.
ഇല്ലത്തിന്റെ തെക്കു കിഴക്കേ അഗ്നിക്കോണില്‍ തന്നെ ചിതയൊരുക്കി പടട്ടയിലേയ്ക്ക് എടുത്തപ്പോള്‍ പതിത വര്‍ഗ്ഗങ്ങള്‍ ഇളമുളപൊട്ടും പോലെനെഞ്ചത്തടിച്ചു കരഞ്ഞു. നമ്പൂതിരിയുടെ സ്വന്തക്കാര്‍ കണ്ണുനീര്‍ വാര്‍ത്തു. വിങ്ങി, അടിക്കടി, കണ്ണു തുടച്ചു. മൂക്കു ചീറ്റി മക്കളും മരുമക്കളും വിതുമ്പി. ചിതയിലേയ്ക്കു വെയ്ക്കപ്പെട്ട മൃതദേഹത്തെ തീനാമ്പുകള്‍ വാരിപ്പുണര്‍ന്നു എരിച്ചു കൊണ്ടിരുന്നു.
ലോകം മുടിയാന്‍ പോകുന്നു. പുലയര്‍ക്കു ഭൂമി കൊടുക്കുവാന്‍ പോയാലത്തെ ദൈവകോപമാണ് സംഭവിച്ചിരിക്കുന്നത്. വഴിവക്കിലും മറ്റും നിന്നു നായന്മാരും ഉന്നതരുടെ പിണിയാളുകളും അസൂയ പറഞ്ഞു നടന്നു. ഹൃദയസ്തംഭനമാണ് ഹേതു എന്നാണറിവ്.
പപ്പു മാനേജരും കൂട്ടുകാരും നടന്നു വരുന്ന പാതവക്കില്‍ ചിലര്‍ നിന്നു അഭിപ്രായപ്പെട്ടു.
ദേ.. ആ പോകുന്നവര്‍ക്കാണ് പാറോത്തിക്കാരന്‍ ഭൂമിയളന്നു നല്‍കുവാന്‍ തീരുമാനമെടുത്തത്. അതിന്റെ പരിണിതഫലം പാറോത്തിക്കാരന്‍ ശങ്കുണ്ണിനായര്‍ അംഗചലനമറ്റു കിടന്ന കിടപ്പിലായി. അധികാരിയാണെങ്കില്‍ പെട്ടെന്നു മരണമടഞ്ഞു.
എടാ അവിടെ നില്‍ക്കടാ. നിനക്കൊക്കെ ഭൂമി വേണമല്ലേ, ഭഗോതീ കോപിച്ചതു കണ്ടോടാ, ഓരോന്നായി മരിച്ചു വീഴുന്നത്, കണ്ടില്ലേ നിനക്കൊക്കെ തൃപ്തിയായില്ലേ.
പപ്പുമാനേജര്‍ അവനെ മയത്തിലടുത്തേയ്ക്കു വിളിച്ചു മുന്നോട്ടു ചെന്നു.
എടാ നീയൊക്കെ അധികാരിയെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതു കൊണ്ടല്ലേടാ അയാള്‍ മരിച്ചു വീണത്. ഞങ്ങള്‍ക്കൊക്കെ ഭൂമിയളക്കുവാന്‍ വന്ന ശങ്കുണ്ണിനായരേയും നിങ്ങളും നിങ്ങളുടെ ഉന്നതരും ചേര്‍ന്നു നിഷ്‌ക്കരുണം വിരട്ടിയില്ലേടാ; അതിന്‍ ഫലമായല്ലേ അയാള്‍ സുഖമില്ലാതെ വീണത്. അല്ലാതെ ഞങ്ങളല്ലല്ലോ, അതിന്റെ കാരണക്കാര്‍, നിങ്ങളല്ലേ. അധികാരിയെ കൊല്ലിച്ചതും നിങ്ങളല്ലേ.
എന്തേടാ ഭഗവതിയുടെ പേരും പറഞ്ഞു പാവങ്ങളോടേറ്റു മുട്ടുന്നു.
''അതു മുറ്റിയാല്‍ പാമ്പും തിരിഞ്ഞു കടിക്കും'' പപ്പു മാനേജര്‍ താക്കീതു ചെയ്തു.
ഭൂമി കൈകേറി, അക്രമം കാട്ടി കൈവശം വെച്ചു കൊണ്ടിരിക്കുന്നതു നിങ്ങളല്ലേ.
വാക്കു തര്‍ക്കം മുറുകുന്നതിനു മുമ്പേ മറ്റുള്ളവര്‍ അവന്റെ സമീപത്തു നിന്നും ഒഴിഞ്ഞു പിന്‍വാങ്ങി കേള്‍ക്കാവുന്ന ദൂരത്തില്‍ മാറി നിന്നു. അവരുടെ സഹായമുണ്ടാകുമെന്നുള്ള മിഥ്യാധാരണയിലാണവന്‍ പുലമ്പി കൊണ്ടിരുന്നത്. പക്ഷേ അവരാരും സമീപിച്ചില്ല. ശബ്ദിച്ചുമില്ല. പപ്പു മാനേജരുടെ കൂടെയുള്ള കരുത്തന്മാരെ കൂടി കണ്ടതു കൊണ്ടാണ് ഭയന്നു പിന്നോക്കം വലിഞ്ഞത്.
എടാ ഇതു ഞാന്‍ പറയുമ്പോള്‍, ഇപ്പോള്‍ നിന്റെ കൂടെ ആരെങ്കിലുമുണ്ടോടാ, പട്ടി നായരേ ഉന്നതന്റെ ഇലനക്കിയാലും പോരാ ഞങ്ങളോടു കയര്‍ക്കുന്നോടാ. നിന്റെ അമ്മയും പെങ്ങാന്മാരും ഉന്നതരുടെ തറവാട്ടില്‍ വീടു വേല ചെയ്യുന്നവരല്ലേ. തമ്പുരാക്കന്മാരുടെ വെപ്പാട്ടികളുമല്ലേ. എന്തിനാടാ ഈ നാറ്റപ്പുലയരുടെ വായില്‍ നിന്നു തെറികള്‍ കേള്‍ക്കുന്നു. പോടാ, പോ പോയി എച്ചിലില പെറുക്കടാ. ഇതിലൊന്നും ഇടപെടുവാന്‍ നീയൊന്നും വളര്‍ന്നിട്ടില്ല. പിന്നെ ആക്രമിക്കണമെന്നു തോന്നുന്നുണ്ടോ എങ്കില്‍ വന്നോളൂ ഒരു കൈ നോക്കാം.
ആ നായര്‍ യുവാവ് പിന്നെയൊന്നും പറഞ്ഞില്ല. ഇടം കണ്ണാല്‍ പിന്നിലേയ്ക്കു നോക്കി കൂടെയുണ്ടായിരുന്നവര്‍ മാറി നില്‍ക്കുന്നു. അവരൊക്കെ ഒത്താശ ചെയ്യുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു. ഭയവിഹ്വലനായി ശബ്ദിക്കുവാന്‍ പോലും വയ്യാതെ ഇളിഭ്യനായി. വാക്കുകള്‍ പുറത്തേയ്ക്കു വന്നില്ല ഉരിയാടുവാന്‍ പോലും കഴിയാതെ നിന്നു പരുങ്ങി. 
പപ്പുമാനേജര്‍ പറഞ്ഞു - എടാ താലൂക്കധികാരി മരിച്ചെങ്കില്‍ വേറൊരു അധികാരിയെ സര്‍ക്കാര്‍ നിയമിക്കും. പാറോത്തിക്കാരനു അസുഖമായെങ്കില്‍ വേറൊരു പാറോത്തിക്കാരന്‍ വരും. എല്ലാവരേയും ഭീഷണിപ്പെടുത്തി ഭൂമിയളക്കുന്ന സംരംഭത്തിനെ നിരുത്സാഹപ്പെടുത്താമെന്നു വ്യാമോഹിക്കേണ്ട അവരെ തടഞ്ഞാല്‍ നിന്നെയൊക്കെ കമ്പിയെണ്ണിക്കും പറഞ്ഞേക്കാം.
റവന്യൂ അധികാരികളെ ആര്‍ക്കും തടസ്സപ്പെടുത്തുവാന്‍ അധികാരമില്ല. ജന്മിമാരുടെ ചട്ടമ്പികളായി നടക്കാതെ നല്ലപോലെ വേല ചെയ്തു ജീവിക്കൂ. അതാണ് നല്ലത്. പാവങ്ങളെ തല്ലിച്ചതയ്ക്കുന്ന പ്രവണതയില്‍ നിന്നും പിന്തിരിയുക അതാണ് ദേഹത്തിന്നു സുഖം കുടുംബത്തിന്നും നന്ന്.
ഉത്തമമായ ഉപദേശം മേകിക്കൊണ്ട് പപ്പുമാനേജരും കൂട്ടുകാരും മുന്നോട്ടു പ്രയാണം ചെയ്തു.
തിരുവാതിര കൊണ്ടാടി രണ്ടു മൂന്നു ദിവസം മുല്ലത്തറയില്ലത്തും, അവരുടെ കുടുംബക്ഷേത്രത്തിലും ആഘോഷം പൊടിപൂരമായിരുന്നു. സാവിത്രിയുടെ സന്തോഷത്തിന്നായി തറവാട്ടു മുറ്റത്ത് തിരുവാതിരക്കളിയുംതുമ്പി തുള്ളലും ഒക്കെ നടത്തിച്ചു വെളുപ്പാന്‍ കാലത്തു തറവാട്ടു കളത്തില്‍ കുളിക്കുവാന്‍ കൂട്ടുകാരികളുംസഹോദരിമാരുമൊത്തു പോകുമ്പോള്‍ കുളിര്‍കാറ്റിലവളുടെ പൂണ്‍മമാം മേനി പുളകചാര്‍ത്തണിഞ്ഞു മനസ്സിലപ്പോഴും ശരദദാസ്സിനെപ്പറ്റിയുള്ള ഓര്‍മ്മ കളിക്കിളിയുണര്‍ത്തി.
കൂട്ടുകാരികളില്‍ ഒരുവള്‍ കവിളില്‍ നുള്ളിക്കൊണ്ടു ചോദിച്ചു.
താത്രികുട്ട്യേയ് എന്താ ഈ പ്രാവശ്യം ഇത്ര വലിയ മനം മാറ്റം.
അതിനവള്‍ വിളറിയ പുഞ്ചിരിമാത്രം പ്രദാനം ചെയ്തു എന്തോ ഉണ്ട്.
ഒന്നൂല്യാന്ന് വീണ്ടുമവള്‍ നടന്നു കൊണ്ടേയിരുന്നു.
കൂട്ടുകാരി - ചുമ്മാതിരി താത്രിക്കുട്ട്യേയ്, ഇതൊക്കെ അറിയാവുന്നവളാണ് ഞാന്‍, ചൊല്ലുകുട്ടി ആറാണാ ഭാഗ്യവാന്‍. നിന്നുള്ളില്‍ കൂടുകെട്ടിയ സുന്ദരന്‍.
ഒരു മന്ദസ്മിതം മാത്രമായിരുന്നതിനു മറുപടി. ചോദിച്ച കൂട്ടുകാരി സാവിത്രിക്കുട്ടിയേക്കാള്‍ പ്രായമുള്ള അവിവാഹിതയായിരുന്നു. പരിചയ സമ്പന്നതയുള്ള യുവതിയും. അവള്‍ അര്‍ത്ഥഗര്‍ഭമായി വ്യഗ്യാര്‍ത്ഥകത്തോടെ മന്ദസ്‌മേരവദനയായാരാഞ്ഞു. ഹാ, കണ്ടില്ലേ ലജ്ജാവതിയായിരിക്കണു. അപ്പോള്‍ പ്രേമകാര്യം തന്നെയെന്നു സ്പഷ്ടം. അല്ലേ - താത്രിക്കുട്ട്യേയ്.
ഇക്കൊന്നുമറീല്ലാന്ന്.
കൂട്ടുകാരി - ഒന്നുമറിയാതെ പൂച്ച പാലുകുടിക്കുമോ? ഏതാ ആ സുന്ദരന്‍ നമ്പൂതിരിയോ നായരോ.
സാവിത്രിക്കുട്ടി - ആരൂല്യാ-
കൂട്ടുകാരി - ആരുമല്ലാതെ ഈ മൗനത്തിനു കാരണം. ആ വ്യക്തിയില്‍ നിന്നും ക്രമാതീതമായി വല്ലതും സംഭവിച്ചിട്ടുണ്ടോ?
സാവിത്രിക്കുട്ടി - ഒന്നൂല്യാന്ന് - ആരൂല്യാ.
കൂട്ടുകാരി - ഞാനാരോടും പറയില്ല ആരാണെന്നു പറയൂ പരിഹാരമുണ്ടാക്കുവാന്‍ ഞാന്‍ കൂടി സഹായിക്കാം.
സാവിത്രിക്കുട്ടിക്കു അവളില്‍ പറയത്തക്ക വിശ്വാസം വന്നില്ല. വീണ്ടും നിമിഷങ്ങളിഴഞ്ഞു നീങ്ങി മൗനമവലംബിച്ചു നടന്നു.
നിനക്കെന്നെ സഹായിക്കുവാന്‍ പറ്റിയ കാര്യമല്ല. ഏക്ക് ആരുമായും ഒന്നുമില്ല്യാ. മുത്തച്ഛന്റെ മനയില്‍ നിന്നു പോന്നതിന്റെ വിഷമമാണ്. പിന്നെഅമ്മ മൊഴിഞ്ഞിട്ടുണ്ട് തിരുവാതിരയുടെ അവസാന നാളില്‍ എല്ലാവരും കൂടി അങ്ങോട്ടേയ്ക്കു പോകാമെന്ന്. അതുകൊണ്ടാരു സമാധാനമുണ്ട്.
കൂട്ടുകാരിക്കും സാവിത്രിക്കുട്ടിയുടെ മറുപടിയില്‍ അസാധാരണത്വമുള്ളതായി തോന്നി. എന്തോ ഉത്ഘടമായ പ്രശ്‌നം അവളുടെ മനസ്സിനെ ബാധിച്ചിട്ടുണ്ട്. അത് അന്നേത്തുപുരത്തു, കാട്ടാത്തില്ലത്തു നിന്നു തന്നെയാണെന്നവള്‍ ദൃഢമായി കരുതി. എന്നാലും അവളതു മുഖത്തു സ്പുരിപ്പിക്കാതെ പറഞ്ഞു.
ഇതാണോ - ഇത്ര വ്യാകുലപ്പെടാന്‍, അതിനു ഞങ്ങളോടും, വീട്ടുകാരോടും ഉരിയാടാതെ ഗര്‍വ്വു കാണിച്ചു നടന്നാല്‍ പരിഹാരമുണ്ടാകുമോ? അഥവായെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ഹൃദയത്തിലടക്കി ആര്‍ക്കും സംശയലേഷമന്ന്യേ പെരുമാറുകയല്ലേ വേണ്ടത്. പ്രശ്‌നം ഉണ്ടാക്കുവാന്‍ വേഗം കഴിയും പരിഹരിക്കുവാന്‍ ബുദ്ധിമുട്ടാണ്.
ഒന്നിനും മറുത്തു പറയാതെ നടന്നു നീങ്ങിക്കൊണ്ടിരുന്നു. കൂട്ടുകാരിയുടെ നിര്‍ദ്ദേശത്തിനു ന്യായയുക്തതയുണ്ടെന്നവള്‍ക്കു തോന്നി. ഉരിയാട്ടമില്ലാതെ പടവുകളിറങ്ങി തുണിയെടുത്തു തുടുത്ത മാറിടത്തിന്നു മുകളില്‍ കെട്ടിയുടുത്തു. സാവധാനം കളത്തിലിറങ്ങി, കുളിര്‍ ജലത്തില്‍ മുങ്ങിക്കുളിച്ചു.
ശരദദാസ്സ് തൊട്ടു തഴുകിയ മാറിടം, ഇക്കിളിക്കൂട്ടിയ നിതംമ്പദ്വയം, കരസ്പര്‍ശനത്താല്‍ പുളകചാര്‍ത്തേകിയ കമലദളാത്മകമായ തുടയിടകള്‍ മനോഹരമായ ചുണ്ടുകളാല്‍ മാസ്മരമാക്കിയ പ്രണയമുദ്ര.
ഗൗരിക്കുട്ടിയുടെ ഭവനത്തില്‍ വെച്ചു, തന്റെ കവിളിണകളിലൂടെ ഒലിച്ചിറങ്ങിയ ആനന്ദാശ്രു കരതലത്താലൊപ്പിയ പ്രേമമസൃണം കുളിരിന്റെ പുളകത്തില്‍ കുതിര്‍ന്ന മേനിതന്‍ അന്തരംഗം ദിവ്യാനുഭൂതിയേകി.
ശരീരത്തിലെത്ര പുളകമുതിര്‍ത്താലും ഹൃദയാന്തരാളത്തിലെ വികാര വിചാരങ്ങള്‍, മന്ദീഭവിക്കുമോ, അവ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു മനോദര്‍പ്പണത്തില്‍ തെളിഞ്ഞു വരും.
പ്രാതല്‍ കഴിച്ചു കഴിച്ചില്ലെന്നാക്കി. സാവിത്രിക്കുട്ടി എഴുന്നേറ്റു പോയി. ഇല്ലത്തിന്റെ ബഹിര്‍ഭാഗത്തുള്ള തൊടിയിലൊക്കെ ചുറ്റി നടന്നു. വാഴത്തോട്ടത്തിലും, പൂച്ചെടിയുടെ ഇടയിലൂടെയൊക്കെ നടന്നും ഇരുന്നും സമയം തള്ളി നീക്കി. ആരോടും കൂടുതല്‍ സംസാരിക്കുവാനുള്ള ഇംഗിതമൊന്നുമുണ്ടായില്ല. എല്ലാവരും തന്നില്‍ നിന്നകന്നു പോകുന്നതായവര്‍ക്കു തോന്നി.
ജ്യേഷ്ടന്മാരും, അനുജന്മാരും, അനുജത്തിമാരുമൊന്നും തന്റെ പോലെ വിശാല മനസ്‌ക്കരല്ല. ഔന്നത്യവും ജാതി കുശുമ്പും ആവോളം വെച്ചു പുലര്‍ത്തുന്ന യാഥാസ്ഥിതികര്‍. കൂട്ടുകാരികളില്‍ മിക്കവരും രഹസ്യം ചോര്‍ത്തിയെടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്നവരാണെന്നവളോര്‍ത്തു. തന്റെ ദയാദാക്ഷിണ്യം അവര്‍ക്കാവശ്യമില്ല. തന്റെ കുറ്റവും കുറവും കണ്ടു. അടക്കം പറയുവാനാണ് അവര്‍ വെമ്പല്‍ കൊള്ളുന്നത്. അതിന്റെ കുറ്റാരോപണം എന്നില്‍ നടത്തുവാനും അവര്‍ വലിയ താല്‍പ്പര്യം കാണിക്കും. ഇവയൊക്കെ ഒറ്റിക്കൊടുത്തു മുതിര്‍ന്നവരുടെ സഹായ ലഭ്യതയ്ക്കു വേണ്ടി താല്‍പ്പര്യപ്പെട്ടാണ് ഇത്തരക്കാര്‍ വ്യഗ്യമായി, തന്നെ സമീപിക്കുന്നത്. പണവും സ്വാധീനവുമുള്ളിടത്തല്ലേ ചടഞ്ഞു കൂടുവാനാളുണ്ടാകൂ.
നക്കാനുള്ളിടത്തേ നിക്കാനാളുണ്ടാകൂ. അതുകൊണ്ടു തന്നെ സഹായിക്കുവാന്‍ മിത്രങ്ങള്‍ക്കും സന്മനസ്സുണ്ടാകുകയില്ല. എന്നില്‍ നിന്നാര്‍ക്കും ഉപകാരമൊന്നുമില്ലല്ലോ എന്റെ പരാജയം അവര്‍ക്കും ഗുണഹേതുവാകാം.
രക്ഷകര്‍ത്താക്കളിതറിയുവാനിടയായാല്‍ കൊടുവാളെടുത്തു കലിതുള്ളും.
നിനക്കു പുലയനെ മാത്രമേ കിട്ടിയുള്ളോ പ്രേമിക്കുവാന്‍, ഛേയ് നികൃഷ്ട ജാതിക്കാരനെ പ്രേമിക്കുവാന്‍ നടക്കുന്ന കുലീന യുവതി. അവനേയും അവന്റെ കുലത്തേയും മുടിച്ചു കുളം തോണ്ടും അവളുടെ ഹൃദയത്തിലൂടെ അനിതരസാധാരണമായ ഭീതിയുടെ കൊള്ളിയാന്‍ മിന്നി - ഹോ അനാവശ്യ വിചാരങ്ങളോര്‍ത്തു. വെറുതെ മനസ്സിനെക്കെടുത്തി. അവള്‍ വൃഥാ ചിന്തിച്ചു.
സഹോദരനായ ഒരു കൊച്ചു കുട്ടി വന്നു വിളിച്ചു. ഓപ്പേയ് ദാ വിളിക്കണൂ ഊണു കഴിക്കാറായിരിക്കുന്നൂ.
അവന്റെ പിന്നാലെ അനുജത്തിയും വന്നു. ഓപ്പോളേ... എന്താ ഇങ്ങിനെ ഒറ്റയ്ക്കിരിക്കുന്നേയ്, ബാ, വരാന്‍ അവളുടെ കൈക്കു പിടിച്ചു വലിച്ചു.
ഓപ്പേ എന്തായിത് കളിച്ചു ചിരിച്ചു നടന്നിരുന ഓപ്പയാണോയിത്, മനോവ്യാകുലതയോടെ നടക്കുന്നത്. ദാ, വരൂ ഊണു കാലായി. തിരുവാതിരയല്ലേ നല്ലൊരു നാളായിട്ട് എല്ലാവരോടും കൂടി ഒന്നിച്ചിരുന്ന ആഹാരം കഴിക്കാം.
അമ്മയുടെയും അച്ഛന്റെയും സമീപമിരുത്തി സൂജനിലയില്‍ ചോറും കറികളുമൊത്ത വിഭവങ്ങള്‍ വിളമ്പി.
നിനക്കു ആഹാരം വാരിത്തരേണ്ട കാലമാണോ നീയല്ലേ ഇതൊക്കെ നോക്കി നടത്തിക്കേണ്ടത്.
അരിവെപ്പുകാരികളും, അടുക്കളപ്പണിക്കാരും നെല്ലു കുത്തുകാരികളും അടിച്ചു തളിക്കാരികളും ഒക്കെ നമ്മള്‍ ആഹാരം കഴിച്ചു കഴിഞ്ഞിട്ടേ അവരുണ്ണുവാന്‍ പാടുള്ളൂ, പുലയര്‍ക്കും പറമ്പിലെ വേലക്കാര്‍ക്കും മുറ്റത്തു വെച്ചാണ് ചോറും കറികളുമൊക്കെ കൊടുക്കാറുള്ളൂ.
പുറംജാതിക്കാര്‍ക്ക് കുത്തുപാളയിലാണ് ആഹാരം വിളമ്പി കൊടുക്കുന്നത്. കറികളൊക്കെ ചിലപ്പോള്‍ ചോറിന്റെ മീതേ വിളമ്പും. ചെറിയ കുത്തുപാള കൊണ്ടു വന്നിട്ടുണ്ടെങ്കില്‍ അതിലായിരിക്കും കറികളും പായസവും മറ്റും വിളമ്പി കൊടുത്തിരുന്നത്. ചില പുലയര്‍ മുറ്റത്തു തന്നെ നിരന്നു നില്‍ക്കും. തോര്‍ത്തു വിരിച്ച് അതിനു മേലേ ഇല വെച്ച് കാത്തു നില്‍ക്കും. അതിലായിരിക്കും ചോറും കറികളും വിളമ്പി കൊടുക്കുക. അതവന്‍ തോര്‍ത്തിന്റെ മൂലകള്‍ ചേര്‍ത്തു കെട്ടി തലയില്‍ വെച്ചു ചുമന്നു കുടിലില്‍ കൊണ്ടു പോയി പുലക്കള്ളിക്കും മക്കള്‍ക്കും കൊടുത്തു ഭക്ഷിക്കുമായിരുന്നു.
ഊണു കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഏമ്പക്കം വിട്ടു, കൈനീട്ടു പറയാം ഹാ. തിരുവാതിര പടിക്കല തമ്പ്രാന്റെ ചോറുകൊണ്ട് കുശാലായി തിന്നേയ്.
അതുകേട്ടു പുലയി - ഇനി നാളെക്ക് എന്നാ ചെയ്യാനാണ്.
നാളെ തിരുവാതിരേല്ലേ.
ഏ... ഏ... തെകതോം, തെകതോം തിരുവാതിരേണ്ടാ.
പിന്നല്ലാതെ കൊറേ തെകതോണ്ട്.
അതു കയ്യുമ്പ എന്നാ ചെയ്യും മനുച്ചേനേ.
പാടത്തു പണിക്കുപോകും, തോട്ടീന്നു മീമ്പിടിച്ചും കയ്യും - പെലേന്‍ മറുത്തു പറഞ്ഞു.
തിരുവാതിരക്കളിക്കാര്‍ക്ക് പുറകു ഭാഗത്തെ ഇളംതിണ്ണയില്‍ വെച്ചാണ് ഇലയില്‍ ഊണു കൊടുക്കാറുള്ളത്. അതിനായി അവര്‍ തന്നെ ഇല മുറിച്ചു കൊണ്ടു വന്നു തിണ്ണയിലിട്ടു കാത്തിരിക്കണം. അവരോടൊപ്പം അടിച്ചു തളിക്കാരികളും, നെല്ലു കുത്തുകാരികളില്‍ ചിലരും ഇരുന്നൂണു കഴിക്കുമായിരുന്നു. വേല കഴിഞ്ഞു സ്വന്തം വീട്ടിലേയ്ക്കു പോകുന്നവര്‍ ചോറും കറികളും മറ്റു ആഹാര സാധാനങ്ങളും കുട്ടയില്‍ ഇലവെച്ച് വിളമ്പി വാങ്ങി കൊണ്ടു പോകുമായിരുന്നു. 
തിരുവാതിരപോലെയുള്ള ആഘോഷ നാളുകളില്‍ അരി വെപ്പുകാര്‍ക്കെല്ലാം സ്വന്തം വീടുകളിലൊന്നും പോകാന്‍ പറ്റാറില്ല.
വെയ്ക്കുക, വിളമ്പുക പലഹാരമുണ്ടാക്കുക തന്നെ വേല.
ജന്മി നമ്പൂതിരിയുടെ തറവാടുകളില്‍ നടക്കുന്ന രഹസ്യ കാര്യങ്ങളൊന്നും ശ്രദ്ധിക്കുവാനോ ഇടപെടുവാനോ ആര്‍ക്കും അധികാരമില്ല. കണ്ടതും കേട്ടതും ഒന്നും പറയുവാനും പാടില്ല.
ചട്ടമ്പികള്‍ക്കും, വാല്യക്കാര്‍ക്കും പിന്‍വശത്തെ വരാന്തയില്‍ വെച്ചാണ് ഊണു കൊടുത്തിരുന്നത്. കാര്യസ്ഥന്മാര്‍ ഒന്നില്‍ക്കൂടുതലുണ്ടെങ്കില്‍ അവര്‍ക്കും ഔദാര്യം പോലെ വരാന്തയില്‍ തന്നെ സദ്യ. ഇത്തരം ഉത്സവ നാളുകളില്‍ വേലക്കാരുടെ ഭാര്യമാരേയും കുഞ്ഞുങ്ങളേയും മുതലാളിയുടെ ഇല്ലത്തു കൊണ്ടു വരാം അവര്‍ക്കും വയറു നിറയേ ആഹാരം നല്‍കുമായിരുന്നു.
തിരുവാതിര നാളുകള്‍ ആഗതമാകുമ്പോള്‍ സാധാരണ രണ്ടു മൂന്നു കെട്ടു തുണികളും, തോര്‍ത്തും റൗക്കയ്ക്കുള്ള തുണികളും ഒക്കെ മുതലാളിയുടെ തറവാട്ടിലെത്തിച്ചിരിക്കും.
പട്ടുവസ്ത്രങ്ങളും മിനുസമുള്ള തുണിത്തരങ്ങളും തറവാട്ടിലുള്ളവരെ ഉദ്ദേശിച്ച് വരുത്തിക്കും. അവയൊക്കെ തിരുവാതിര സമ്മാനമായെല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. ഓരോരുത്തരുടെയും വേലയും, ജാതിയും, പദവിയും കണക്കാക്കിയാണ് പണവും തുണികളും വിതരണം ചെയ്തിരുന്നത്. പതിത വര്‍ഗ്ഗങ്ങള്‍ക്ക് പഴയ നാടന്‍ മുണ്ടുകളും, അല്‍പ്പം പിന്നിയ റൗക്കകളും കൊടുക്കുമായിരുന്നു. കൂടാതെ കോറത്തുണികളും കൊടുത്തിരുന്നു.
സാവിത്രിക്കുട്ടിക്ക് ഇപ്രാവശ്യം പട്ടുടുപ്പുകള്‍ തന്നെയാണ് വാങ്ങിച്ചിരുന്നത്. പാവാടയും ധാവണിയും റൗക്കയും, ജമ്പറും ഉണ്ടായിരുന്നു. അമ്മ തന്നെയാണ് അവയ്‌ക്കൊക്കെ മനസ്സു വച്ച് വാങ്ങിച്ചു വെച്ചത്. നല്ല നാളുകള്‍ വരുമ്പോള്‍ തയ്യല്‍ക്കാരനെ തറവാട്ടില്‍ വിളിച്ചു വരുത്തി പുറത്തെ ചായ്‌വില്‍ ഇരുത്തി ഉടുപ്പുകളൊക്കെ തുന്നിപ്പിക്കും. പുത്തനുടുപ്പുകള്‍ ധരിച്ചിട്ടു വേണമായിരുന്നു തിരുവാതിര സദ്യയ്ക്കു പങ്കെടുക്കുവാന്‍ പക്ഷേ അവളതൊന്നും അണിയാതെയാണ് സദ്യയ്ക്കിരുന്നത്. അച്ഛനായ നീലകണ്ഠന്‍ നമ്പൂതിരി മകളെ ഓമനിക്കുവാന്‍ പലവട്ടം ശ്രമിച്ചു. അവളതൊക്കെ അനുസരണക്കേടാക്കി മുഖം വീര്‍പ്പിച്ചു മാറി നടന്നു.
മോളേ നല്ലൊരു നാളായിട്ടു എല്ലാവരും ഉടുത്തൊരുങ്ങി സന്തോഷത്തോടെ നടക്കുമ്പോള്‍ നീ മാത്രം ഇങ്ങിനെ വൈമനസ്യം പൂണ്ട്മുഖവും കറുപ്പിച്ച് കഴിയുന്നതെന്തിനാണ്. മറ്റുള്ളവര്‍ക്കും അതൊക്കെ വിമ്മിഷ്ടമായി തോന്നകുയില്ലേ. ഞങ്ങളൊരാളും നിന്നോട് അവിവേകമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ. ഇല്ലല്ലോ. പിന്നെ എന്തിനാണീ ദു:ഖവും സങ്കേചവുമായി നടക്കുന്നത്. എല്ലാവരോടുമൊത്ത് മോളു പോയി ഊഞ്ഞാലാടൂ അല്ലെങ്കില്‍ കൂട്ടുകാരികളോടു കൂടി തോട്ടത്തിലുമൊക്കെ ചുറ്റിനടന്നു കളിക്കൂ. എത്ര യുവതികളും, യുവാക്കളും, കുഞ്ഞുങ്ങളുമാണ് നിന്റെ പിന്നാലെ ആനന്ദാതിരേകത്തോടു കൂടി കളിച്ചു തിമര്‍ക്കുവാന്‍ വരുന്നത്. നീ അവരെയൊന്നും നിരുത്സാഹപ്പെടുത്താതെ കളിച്ചു രസിക്കൂ. അവളുടെ തലമുതല്‍ വാത്സല്യത്തോടെ തഴുകിയാ പിതാവ് മകളുടെ വ്യാകുലതയെ ശമിപ്പിക്കുവാന്‍ നോക്കി. പിന്നീടയാള്‍ ആട്ടുകട്ടിലില്‍ പോയി ചരിഞ്ഞു കിടന്നു ആലസ്യം തീര്‍ത്തുറങ്ങി.
അമ്മയവളുടെ പിന്നാലെ ചെന്നു, ആശ്ലേിച്ചു. അപ്പന്‍ പറഞ്ഞതു കേട്ടില്ലേ താത്രിക്കുട്യായ് നിന്നെ ഈ മനയിലാരും ഇഷ്ടക്കേടായിട്ടൊന്നും പറഞ്ഞതായിട്ടറിവില്ല. എപ്പോഴും മുറിയിലടച്ചു പൂട്ടി മൂങ്ങയെപ്പോലെയിരിക്കുന്നതെന്താണ്. കിലുക്കി ചിരിച്ചു സന്തോഷിച്ചു നടക്കുന്ന നിന്റെ സ്വഭാവമെവിടെപ്പോയി കുട്ട്യേയ്. ആനന്ദത്തോടെ നടക്കുന്നതു കാണാനല്ലേ ഈ ഇല്ലത്തുള്ളവര്‍ക്കിഷ്ടം. പിന്നെന്താ കുട്ടീ ഇങ്ങനെ കുറച്ചുമാത്രം സംസാരിക്കുന്ന അവസ്ഥയിലായത്.
ആ കുലതയുള്ളിലടക്കി അവള്‍ പറഞ്ഞു.
എന്റെ ഇഷ്ടത്തിന്നും അനിഷ്ടത്തിന്നും ഒരു മതിപ്പുമില്ലീ മനയില്‍ എന്നെ ചുമ്മാവിട്ടോളു എനിക്കല്‍പ്പം സ്വസ്ഥത വേണം, അവള്‍ മുറിയില്‍ കടന്നു, ആരോടും മിണ്ടുവാനിഷ്ടപ്പൊടതിരുന്നു.
എല്ലാവരും സാവിത്രിക്കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വാല്യക്കാരായ സ്ത്രീകളുടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ മാറി നിന്നടക്കം പറഞ്ഞു.
എന്തോ സംഭവിച്ചിട്ടുണ്ട് കാട്ടാത്തില്ലത്തു നിന്നാകാനാണു സാധ്യത. അവിടെ നിന്നല്ലേ പഠിച്ചതും വളര്‍ന്നതും.
തറവാടിത്വമുള്ള, നമ്പൂതിരി യുവാക്കളോ നായര്‍ ചെറുപ്പക്കാരോ ആകാന്‍ സാധ്യത കുറവാണ്. കാരണം അവരുടെയൊക്കെ വലുപ്പം പൊക്കിപ്പിടിച്ചെങ്കിലും സൂചന തമ്പ്രാട്ടിക്കുട്ടിയുടെ സംസാരത്തില്‍ നിന്നും പ്രതിഫലിക്കുമായിരുന്നു.
ഒരു പക്ഷേ വല്ല തിയക്കിടാങ്ങളോ, പുലയച്ചെറുക്കന്മാരോ ആകാനാണു സാധ്യത. അതുകൊണ്ടാണീ പ്രശ്‌നത്തിന്നു കൂടുതല്‍ ദുരൂഹതയ്ക്കു കാരണം. അവ്യക്തമായ വിമുഖത കാണിക്കുന്നത്.
അത്തരം പാവങ്ങളായിരുന്നെങ്കില്‍ അവരെയൊക്കെ വേരോടെ പിഴുതെറിയപ്പെടുകയായിരിക്കും ഫലം. അതിന്റെ പാപഭാരം ഈ താത്രിക്കുട്ടിയുെട ജീവനുള്ള കാലം വരെ തുടര്‍ന്നെന്നിരിക്കും. അതല്ലെങ്കില്‍ ഇല്ലത്തിന്റെ സര്‍വ്വ നാശമായിരിക്കും സംഭവിക്കുക.
അദ്ധ്വാനിക്കുന്ന ജനതതികള്‍ ഭൂമി സ്വായത്തമാക്കുവാന്‍ ഉദ്യമിച്ചപ്പോള്‍ സമൂഹം അതിനെ എതിര്‍ത്തു. ഉന്നതജാതിക്കാരുടെ, ശാപവചനങ്ങളേറ്റുച്ചരിച്ചു. ഒത്താശകാട്ടി പതിതരെ ആക്രമിക്കുന്നു. ജന്മി മുതലാളികല്‍ അന്യായമായി, ഭൂമി വിസ്തൃതി ചെയ്താല്‍ അവര്‍ക്കെതിരെ ശബ്ദിക്കുവാന്‍ പോലും തയ്യാറാകാത്ത പിണിയാളുകള്‍.
''എളുതരമുള്ളിടത്തേ വാതം കോച്ചൂ''
ആക്രമിച്ചാല്‍ തിരിച്ചടിക്കുവാന്‍ പോയിട്ട് ഉരിയാടുവാന്‍ പോലും, കെല്‍പ്പില്ലാത്തവരല്ലേ ഇവിടുത്തെ പുലയരും പറയരും. അവര്‍ ഭൂമി കൈവശപ്പെടുത്തുന്നത് മുതലാളിമാര്‍ക്കെന്ന പോലെ അധികാരികള്‍ക്കും സഹിക്കാവുന്ന കാര്യമല്ല. ഏതെങ്കിലും തരത്തില്‍ അവയ്‌ക്കൊക്കെ വിലങ്ങു തടിയുണ്ടാക്കി അട്ടിമറിച്ചു കളയുന്നു.
പപ്പുമാനേജരുടെ വിശ്രമ സങ്കേതത്തില്‍ പുലയന്മാരും, പറയന്മാരും, വേട്ടുവരും, വേലന്മാരും ഒക്കെ ഒന്നിച്ചു കൂടി പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കി. നമ്മുടെ നാടായ അന്നേത്തുപുരം താലൂക്കില്‍ ''പാടപ്പറമ്പ്'' എന്ന ഈ കരയില്‍ ധാരാളം ഭൂവിഭാഗങ്ങള്‍ ഉന്നതരായ ജാതി മുതലാളിമാര്‍ അന്യായമായി കൈവശം വെച്ചനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങള്‍ പുറമ്പോക്കു ഭൂമിയായിട്ടുമുണ്ട്. അവ നമ്മുടെ ആളുകള്‍ വേലി കെട്ടി വളച്ചെടുത്താല്‍ പാറോത്തിക്കാരന്മാര്‍ ഒരിക്കലും അംഗീകരിക്കുവാന്‍ പോകുന്നില്ല. 
ഉയര്‍ന്ന ജാതിക്കാരും, അവരുടെ ചട്ടമ്പികളും നമുക്കെതിരാകുന്നതു കൂടാതെ താലൂക്കധികാരികള്‍ക്കു പരാതി നല്‍കി പോലീസുകാരെ വിട്ടു പിടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഭൂമി സ്വായത്തമാക്കുക എന്ന ആഗ്രഹം, സംയമന പാലനത്തിലൂടെ മാത്രമേ സാധ്യമാകൂ.
അപേക്ഷയും ഉത്തരവുകളും ഒത്തൊരുമകളും കൊണ്ടേ കാര്യങ്ങള്‍ക്കു പരിഹാരമുണ്ടാകുകയുള്ളൂ എന്ന് ശരദദാസ്സ് എല്ലാവരേയും ഓര്‍മ്മിപ്പിച്ചു.
ചെളിപ്പറമ്പു ഭാഗത്തും ധാരാളം ഭൂമി പുറമ്പോക്കായിട്ടുണ്ട്. കൂടാതെ വയലും, പറമ്പുകളും കൈത്തോടുകളും ചതുപ്പു നിലങ്ങളും, കരപ്പാടങ്ങള്‍ക്കനുയോജ്യമായ ഭൂമിയും ഉള്ള ചെളിപ്പറമ്പ് പ്രദേശത്തെ ഭൂമി ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരായിരിക്കും.
പാറോത്തിക്കാരനു സുഖമില്ലാതായാല്‍, വേറൊരു പാറോത്തിക്കാരന്‍ വരും. അതുടനെയുണ്ടാകുമെന്നാണ് വിശ്വസ്സനീയമായ അറിവ്. താലൂക്ക് അധികാരി ദിവംഗതനായെങ്കില്‍ വേറൊരധികാരിയെ സര്‍ക്കാര്‍ ഉടന്‍ നിയോഗിക്കും.
കുട്ടികളുടെ പഠനകാര്യത്തിന്നും വഴി നടക്കുവാനുമുള്ള അവകാശത്തിന്നും, കൂലിക്കൂടതലിനു വേണ്ട പ്രവര്‍ത്തനങ്ങളും ഒക്കെ മുറപോലെ നടക്കണം.
സ്ത്രീകള്‍ മാറു മറയ്ക്കുന്നതിനു വേണ്ടി തന്നത്താന്‍ വേലയെടുത്തു, സ്വരിക്കൂട്ടി, തുണി വാങ്ങി തയ്പ്പിച്ചു റൗക്കയാക്കി ധരിച്ചു കൊള്ളണം. മാറു മറയ്ക്കുവാനുള്ള അവകാശം നാം നേടിയെടുത്തതാണെന്നോര്‍ക്കണം. ഉന്നതജാതിക്കാരെ കണ്ടാല്‍ ബഹുമാനിച്ചു ഒഴിഞ്ഞു മാറിക്കൊള്ളണ്. ദൂരപരിധി ക്രമേണ കുറച്ചു കൊണ്ടു വരുവാനാകും. മാറിയൊഴിയേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്. നേരിട്ടെിതര്‍ത്തു കുഴപ്പമുണ്ടാക്കുവാന്‍ സാധ്യമായ സമയം സംജാതമായിട്ടില്ല. 
ഭൗതികപരമായ ഉന്നതയറിവിനെ ശ്രവിക്കുവാനിടയായ അംഗങ്ങള്‍ അത്ഭുതാത്മകമായി ഹൃദയത്തിലേറ്റി ശരദദാസിന്റെ ഉച്ചാരണ ശൈലിയും വാക്കുകളും അദ്ദേഹത്തില്‍ എല്ലാവരും നേതാവിനെ ദര്‍ശിച്ചു.
പാവങ്ങള്‍ക്കു വേണ്ടി പാടുപെടുന്ന അധ്യാപകനാണ് ശരദദാസ്. ജ്യേഷ്ടന്‍ ചിത്തരാജാണെങ്കില്‍ പ്രശ്‌നങ്ങള്‍ക്കൊക്കെ ചങ്കൂറ്റത്തോടു കൂടി ഇടപെടുന്ന യോദ്ധാവും എല്ലാവരുടേയും തലപ്പത്ത് പപ്പുമാനേജരും.
പള്ളിക്കാട്ടു കവലയിലെ പരമശിവന്‍ പിള്ളയുടെ കടയില്‍ നിന്നും ഓരോ ചായയും കുടിച്ച്, ബീഡിയും കത്തിച്ചു വലിച്ച് കോലപ്പനും ചെല്ലപ്പനും കൂടി അമ്പലപ്പറമ്പു കവല ലക്ഷ്യമാക്കി സാവധാനം വര്‍ത്തമാനവും പറഞ്ഞു നടന്നു കൊണ്ടിരുന്നു. രണ്ടു പേരും വെളുത്ത മുണ്ടും ഉടുത്ത് ചെല്ലന്‍ തോര്‍ത്തു തലയിലും കെട്ടിയിരുന്നു. കോലപ്പനാണെങ്കില്‍ തോര്‍ത്തു കഴുത്തില്‍ ചുറ്റി ഞാത്തിയിട്ടിരുന്നു.
രണ്ടു നായന്മാര്‍ എതിര്‍ദിശയില്‍ നിന്നും വരുന്നുണ്ടായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ഇരുവരുടേയും ഒരത്തിനു തട്ടി കടന്നു പോകുന്നതിനു മുമ്പോ അവരാക്രോശിച്ചു.
എന്താടാ പുലയനൊക്കെ മാറിപ്പൊയ്ക്കൂടെ തമ്പുരാക്കന്മാരെ കണ്ടാല്‍ നീയ്യൊക്കെ അനുസരണക്കോടു കാണിക്കും അല്ലേടാ.
കോലപ്പന്‍ - അയ്യോ തമ്പ്രാക്കളേ ക്ഷമിക്കണം. അറിവില്ലാഞ്ഞിട്ടാണേയ്.
അല്ലാ തമ്പ്രാക്കളേതാണ്.
ഈ സന്ദര്‍ഭത്തില്‍ സംയമനം പാലിക്കുന്നതാണുത്തമമെന്നു കരുതിയ അവര്‍ ഭവ്യത ലവലേശം കൈവിടാതാരാഞ്ഞു.
എങ്കക്കൊന്നും അറികാമേലാണ്ടാണേയ്. ഇനി മേലീ നാങ്കു മാറി അനുസരണക്കേടു കാട്ടാതെ നടന്നേക്കാമേ.
കൂടെയുള്ള നായര്‍ യുവാവു പറഞ്ഞു ഞങ്ങള്‍ കാട്ടാത്തില്ലത്തിന്റെ കിഴക്കുള്ളവരാണ് എന്നു പറഞ്ഞും കൊണ്ടയാള്‍ കയര്‍ത്തു.
ആ പെലേര സഹായിക്കണ ചായക്കടക്കാരന്‍ പരമശിവന്‍ പിള്ളേല്ലെ. അവന്റെ മകളു പോലും ഞങ്ങള മനസ്സിലാക്കാത്ത പരുവത്തിലാണ്. അവനൊക്കെ ഞങ്ങളെ എപ്പോഴുമോര്‍ക്കും പക്ഷേ സംഭവമെന്താണെന്നും ആരാണെന്നും ഇപ്പോഴും വ്യക്തമല്ല.
അയ്യോ തമ്പ്രാ ഞങ്ങളിപ്പോയാണ് അവടന്നു ചായേം കുടിച്ചിറങ്ങിപ്പോന്നത്. ആ പെങ്കൊച്ചീ ഗീതാതേവീന നീങ്ക അറിയോ. കോലപ്പനാരാഞ്ഞു പിന്നില്ലേ. ഞങ്ങളു മൂന്നു പേരേം അവക്കു നന്നായറിയാം. പക്ഷേ അവക്കു ഭ്രാന്തായി പോയില്ലേ. ഇനി അവള്‍ക്കു ഞങ്ങളെ തിരിച്ചറിയുവാന്‍ പറ്റുമെന്നു തോന്നുന്നില്ല.
കോലപ്പന്‍ തൊഴു കൈകളോടെ ബഹുമാനം നടിച്ചു. അപ്പ തമ്പ്രേന്റെ പേരെന്താണി.
ഞാനാണ് ഗോവിന്ദന്‍ നായര്‍, ഇവന്‍ നാണുപിള്ള.
അപ്പ ഇന്നാള് തീപ്പെട്ട തരോജിനി തമ്പ്രേട്ടീട അവടേല്ലേ നിങ്ങ താമദിക്കണത്. അല്ലടാ പെലച്ചെറുക്കാ - അവരുടെ വടക്കു ഭാഗത്താണ്.
സമീപിക്കുവാന്‍ പോലും വയ്യാത്ത വിധത്തില്‍ കള്ളു മോന്തിയാണവര്‍ വന്നിരിക്കുന്നത്. അതുകൊണ്ടു തന്ത്രപരമായി മാത്രമേ ഇവരിലെനിഗൂഡതകള്‍ ചോര്‍ത്തിയെടുക്കുവാന്‍സാധ്യമാകുകയുള്ളൂ. കോലപ്പന്‍ മനസ്സിരുത്തി.
നായന്മാരുടെ മുഷ്‌ക്കാണാക്കണ്ടത്. അവരെ രണ്ടിനേയും അടിച്ചു നിലം പതിപ്പിക്കുവാന്‍ കൈക്കരുത്തുള്ളവരാണ് കോലപ്പനും ചെല്ലനും. അവസരോചിതമായ സംയമനം പാലിച്ചതു കൊണ്ട് വിവരം ചോര്‍ത്തുവാന്‍ സാധിച്ചിരിക്കുന്നു. മദ്യത്തിന്റെ രൂക്ഷത വെളിവുകേടില്‍ കുഴഞ്ഞു മറിഞ്ഞ് പുലയ ചെറുക്കന്മാരോടൊത്തു പറഞ്ഞാലും ഒരു ചുക്കും വരുവാനില്ലെന്ന മിഥ്യാധാരണ കൊണ്ടാണവര്‍ ഇത്തരം വിടുവായത്തരം പുലമ്പിയത്.
ചെരി തമ്പ്രാക്കളെ നിങ്കക്ക് ബീഡി വേണാ....ഉം.
ഉം... പെലച്ചെറുക്കന്മാരാണെങ്കിലും മരിയാദയുള്ളവരാണ്. അല്ലേ നാണുപിള്ളേ.
ഉം. അതേ, അതേ രണ്ടു മുട്ടുകൊണ്ടപ്പ തമ്പ്രാക്കള ബഹുമാനിക്കാമെന്നായി - കൊടടാ ബീഡി - ഗോവിന്ദ തമ്പ്രാനി.
ബീഡീ വാങ്ങി ചുണ്ടത്തു വെച്ചു. കത്തീരടാ ചെറുക്കാ ഇങ്ങോട്ട് അയാള്‍ ആഹ്വാനമാക്കി.
കത്തിക്കാമേ - കോലപ്പന്‍ തീപ്പെട്ടിയുരച്ചു കത്തിച്ചു കൊടുത്തു. പിന്നെ നാണു പിള്ളയ്ക്കും ബീഡി കൊടുത്തു കത്തിച്ചു.
ഗോവിന്ദന്‍ നായര്‍ - ആ ചായക്കച്ചോടക്കാരന്റെ മകളുടെ പേരെന്താടാ - പെലച്ചെറുക്കാ.
ഗീതാന്നാണേയ് - പൊന്നു തമ്പ്രാക്കളേയ്. 
ലഹരിയിലാടിയാടി, അവ്യക്തമായി, കുഴഞ്ഞ നാവുകളാല്‍ പറഞ്ഞു. ശഴി ശഴി നിന്‍േറക്ക കീതേങ്കി, കീതാ എന്നാലും അവളു നല്ലവളായിരുന്നു.
കോലപ്പന്‍ - തമ്പ്രാ, നിങ്കട മച്ചേ ചങ്കാതി എന്തേയ്.
ഗോവിന്ദന്‍ നായര്‍, ഏതു പുരുഷന്‍ നായരോ കോലപ്പന്‍ സംശയാത്മകമായെങ്കിലും സത്യം പുറത്താക്കുവാനെന്നോണം - അതേ - ആ മൂന്നാമത്തെ ചങ്ങാതി - അന്നു കീതാ തേവീന പിടിച്ചതേയ്.
ഗോവിന്ദന്‍ നായര്‍ - അതേടാ... അതു തന്നേണ് 
പുരുഷന്‍ നായര്‍ - അവനിന്ന് ജോലിക്കു പോയിട്ടു വന്നിട്ടില്ല. അവന്‍ വന്നിട്ടു വേണം, ഞങ്ങക്കൊന്നൂടെ ഷാപ്പീ പ്പോകാന്‍ - ഇവടത്തെ സകല കൊട്ടീടേം ഷാപ്പീക്കേറി കുടിക്കും.
കോലപ്പന്‍ - അതേയ് തമ്പ്രാക്കളേ, നിങ്ങളേടക്ക അച്ചിത്തമ്പ്രാട്ടീം, കുഞ്ഞിത്തമ്പ്രാക്കള്‍ക്കെക്ക തൊകോണാ തമ്പ്രാ.
ഗോവിന്ദന്‍ നായര്‍ - എടാ എന്റെച്ചി പെറാന്‍ പോയേക്കണേണ്. പുരുഷന്‍ വിവാഹിതനല്ല. പിന്നെ ഇവന്‍ നാണുപിള്ളക്ക് രണ്ടു കുഞ്ഞുങ്ങളാണ് അതും പെങ്കൊച്ചിങ്ങള്.
കോലപ്പന്‍ - തമ്പ്രാ - അപ്പവേലേം പണിക്ക എങ്ങനേണി.
ഗോവിന്ദന്‍ നായര്‍ - അല്ലറ ചില്ലറ പണീം ഒക്കെയായി കഴിഞ്ഞു കൂടുകയാണ്. ഞങ്ങളില്ലെങ്കില്‍ ഇവിടത്തെ നമ്പൂതിരിമാര്‍ക്കു ജീവിക്കുവാന്‍ പറ്റൂല്ലടാ പെലച്ചെറുക്കാ.
ഓഹോ അതാണല്ലേ കാര്യം. തമ്പ്രാക്കള് നല്ല ആള്‍ക്കാരാണി - നാങ്ക പോട്ടെ തമ്പ്രാ.
ഉം... പോടാ പോ.
ചെല്ലനീം, കോലപ്പനീം വലിയ സന്തോഷമായി നുമ്മട മീച്ചിങ്ങ കയിഞ്ഞിട്ടിപ്പ കൊല്ലോത്ര ആയെടാ ചെല്ലാ. ഇതുവരേം നുമ്മട പരമശിവമ്പിള്ളയുടെ കണ്ണീരു തോര്‍ന്നിട്ടൊണ്ടോടാ. ആ പെങ്കൊച്ചിന പെയപ്പിച്ചവനെക്ക നുമ്മട മുന്നീ വന്നു ചാടീല്ലേ. ആ വിവരം ചുളുവിനു നുമ്മ ചോത്യേടുത്തില്ലേ. അവനെക്ക നുമ്മട മേത്തു തട്ട്യേപ്പ നുമ്മ ഇട്ടം നടിച്ചതു നന്നായൊള്ളൂന്നു ഇപ്പോ തോന്നണില്ലേ - ആ ചൂത്തരക്കൊച്ചി കട്ടപ്പെടണ കണ്ടില്ലേ. അയാളും നുമ്മള വേണ്ടാന്നാക്കീല്ലേ. ആ പെങ്കൊച്ചാണെങ്കീ തന്തേല്ലാത്ത കൊച്ചിന പെറ്റേക്കണി.
ജീവച്ചവം പോലെ നടക്കണ, പരമശിവം പിള്ളേടേം, ആ പെങ്കൊച്ചിന്‍േറം, വിലാതിനി, തമ്പ്രാട്ടിടേം കട്ടം കണ്ടാ. പെങ്കൊച്ചിന പെയപ്പിച്ച ഇവനേക്ക തല്ലിക്കൊല്ലണം. വെച്ചേക്കരുത്. ബാനുമ്മക്ക് മാശിനോടു പറഞ്ഞി വേണ്ട കാര്യക്ക ഏര്‍പ്പാടാക്കാം.
സന്ധ്യമയങ്ങി, ഇരുളിലൂടെ സാവധാനം നടന്നു. പാടപ്പറമ്പിലുള്ള പപ്പുമാനേജരുടെ വിശ്രമ സങ്കേതത്തിലെത്തി.
വിവരമറിഞ്ഞദ്ദേഹം അത്ഭുതപ്പെട്ടു പോയി അനിതര സാധാരണമായ അനിഷേധ്യമായ, ഒരിക്കലും തെളിയില്ലെന്നു കരുതിയിരുന്ന വിവരമാണ് അവര്‍ കൊണ്ടു വന്നിരിക്കുന്നത്.
പരമശിവന്‍ പിള്ളയെ വിളിക്കുവാന്‍ കൂട്ടത്തിലൊരാളെ അയച്ചു. അതോടൊപ്പം ചിത്തരാജ്, ശരദദാസ്സ്, ഇട്യാദി മൂപ്പന്‍, മെലന്‍പിള്ള കൂടാതെ ഗൗരിക്കുട്ടിയേയും വിളിച്ചു കൊണ്ടു വരുവാന്‍ ഏര്‍പ്പാടാക്കി.
ഏകദേശം ഒന്നു രണ്ടു മണിക്കൂറുകള്‍ കൊണ്ടു സകലപേരും പപ്പുമാനേജരുടെ സങ്കേതത്തിലെത്തിച്ചേര്‍ന്നു.
കോലപ്പന്‍ സഹിതം മൂന്നു പേര്‍ ചേര്‍ന്നു ചിത്തരാജിന്റെ നേതൃത്വത്തില്‍ ഒരു സംഘവുമുണ്ടാക്കി. പപ്പുമാനേജരും ചെല്ലനുമുള്‍പ്പെട്ട വേറൊരു സംഘത്തിനേയും സംഘടിപ്പിച്ചു. മരിച്ചു പോയ സരോജിനി അന്തര്‍ജ്ജനത്തിന്റെ മനയുടെ വടക്കു കിഴക്കു മാറി പാടവരമ്പത്തുള്ള ഒരു പുലച്ചെറുക്കനെ സംഘടിപ്പിച്ചു.
ഗോവിന്ദന്‍ നായര്‍, നാണുപിള്ള, പുരുഷന്‍ നായര്‍ എന്നിവരുടെ വീടുകള്‍ കാണിച്ചു തരുവാന്‍ പുലച്ചെറുക്കനെ കൂടെ ചേര്‍ത്തു. അതുപ്രകാരം വീടൊക്കെ കണ്ടു പിടിച്ചു. അവനെ തിരിച്ചു അവന്റെ തന്നെ കുടിലില്‍ കൊണ്ടു ചെന്നു വിട്ടു. ചില്ലറയും നല്‍കി.
അര്‍ദ്ധരാത്രിക്കു ശേഷം, ഓരോരുത്തരേയും പിടിച്ചു കൊണ്ടു പോകുവാനേര്‍പ്പാടാക്കി, പപ്പുമാനേജരോടൊപ്പമുള്ള സംഘം ഇരുളില്‍ മറഞ്ഞു നിന്നു ചെല്ലന്‍, നാണുപിള്ളയുടെ വീട്ടില്‍ ചെന്നു വാതിലില്‍ തട്ടി വിളിച്ചു.
തമ്പ്രാ തമ്പ്രാ, നാണുപിള്ള തമ്പ്രാ, അര്‍ദ്ധരാത്രിയായതിനാല്‍ ഗാഢ നിദ്രയിലായതില്‍ നിന്നുണര്‍ന്ന, നാണുപിള്ള, ബഹുമാനപുരസ്സരമുള്ള വിളിയായതിനാല്‍ കോപിഷ്ടനായാണ് വിളി കേട്ടത്.
ആരാടാ... ഏ... ആരാടാ..
അയാള്‍ വിളക്കു കത്തിച്ചു പിടിച്ചു ഉമ്മറത്തു വന്നു നോക്കി ചോദിച്ചു. നീയേതാടാ... ങ്...എതാടാ.
തമ്പ്രാ...ഏന്‍... നുമ്പ്...അമ്പലപ്പറമ്പിന്റെ അടുത്തു വെച്ചു കണ്ട ആളാണീ.. തമ്പ്രാ ഏന്‍ ഒരു വിവരം കൊണ്ടു വന്നിട്ടൊണ്ട്. തമ്പ്രേനി ഉപകാരോള്ളകാരോണി. ഇങ്കാട്ടൊന്നു വന്നേ.
വിളക്ക് ഉമ്മറത്തു വച്ച് നാണുപിള്ള മുറ്റത്തേയ്ക്കിറങ്ങി. വീടിന്റെ സമീപത്തു നിന്നല്‍പ്പം മാറിയപ്പോള്‍ - എന്താടാ പെലച്ചെറുക്കാ പറയടാ. കര്‍ക്കശസ്വരത്തില്‍ ചോദിച്ചു.
പറയാ തമ്പ്രാ... ബാ ഇങ്കാട് നീങ്ങി നിന്നാലല്ലേ ഇനിക്ക് പറകാന്‍ പറ്റത്തൊള്ളൂ, അയാള്‍ കുറേക്കൂടി മുറ്റത്തു നിന്നും നീങ്ങിയപ്പോള്‍, പുലികണക്ക് ചാടിക്കെട്ടിപ്പിടിച്ചു കൊണ്ടു പപ്പു മാനേജര്‍ വായും പൊത്തി, തടുത്തു കൊണ്ടു തള്ളി നീക്കി. കൂട്ടത്തിലൊരാള്‍ നാണു പിള്ളയുടെ വായ തോര്‍ത്തു കൊണ്ടടച്ചു കെട്ടി. ഇരുളിലൂടെ പിടിച്ചു കൊണ്ടു പോയി.
കോലപ്പനുള്‍പ്പെട്ട ചിത്തരാജ് സംഘം ഗോവിന്ദന്‍ നായരേയും വലിച്ചിറക്കി. തോര്‍ത്തു കൊണ്ടു വായടച്ചു കെട്ടി. അയാളേയും വലിച്ചിഴച്ചു കൊണ്ടു നടന്നു.
ശരദദാസ്സും, മൈലന്‍ പിള്ളയും, പരമശിവന്‍ പിള്ളയും കൂടി പുരുഷന്‍ നായരേയും വിളിച്ചിറക്കി കൊണ്ടു പോയി. പ്രകോപമനമൊന്നും കൂടാതെ കിളികളെ പിടിച്ചു കൂട്ടിലാക്കുന്ന ലാഘവത്തോടെയാണീ ചട്ടമ്പികളെ പുലയ യോദ്ധാക്കള്‍ കയ്കളിലൊതുക്കി കൂടെ കൊണ്ടു പോയത്.
ഏകദേശം ഒന്നൊന്നര മണിക്കൂറുകളുടെ സഞ്ചാരത്തിനൊടുവില്‍ ഓരോ സംഘവും പപ്പു മാനേജരുടെ വാസസ്ഥലത്തെത്തി. അദ്ദേഹത്തിന്റെ പുരയുടെ പിന്‍ഭാഗത്തുള്ള വേലിക്കെട്ടിനുള്ളിലെ മുറ്റത്ത് മൂന്നുപേരെയുമിരുത്തി. ഗൗരിക്കുട്ടിയും, ഇട്യാദി മൂപ്പനും അവിടെ കാത്തു നിന്നിരുന്നു. ചിത്തരാജ് അവരുടെ കൈകള്‍ പിന്നോട്ടു പിടിച്ചു കെട്ടി. അതിനുശേഷം വായമൂടി കെട്ടിയിരുന്ന തോര്‍ത്തഴിച്ചു.
അതിനിടയ്ക്ക് ഗൗരിക്കുട്ടിയും പരമശിവന്‍ പിള്ളയും, മൈലന്‍ പിള്ളയും കൂടി വിലാസിനിയേയും, ഗീതാദേവിയേയും വിളിച്ചു കൊണ്ടു വരുവാന്‍ പോയി.
വായയുടെ കെട്ടഴിച്ചപ്പോള്‍ തടിമിടുക്കും ആക്രോശിക്കുവാന്‍ കെല്‍പ്പമുള്ള ഗോവിന്ദന്‍ നായര്‍ അലറി വിളിച്ചു.
എടാ പട്ടി പെലച്ചെറുക്കന്മാരെ എന്താടാ ഇത്. എന്തിനാടാ ഞങ്ങളെ ഇവിടെ കൊണ്ടോന്നിരിക്കുന്നത്.
ഉച്ചയ്ക്കുശേഷം മുതല്‍ കുടിച്ച കള്ളിന്റെ ലഹരി വിട്ടൊഴിയാതെ ക്ഷീണിതരായി ഉറങ്ങി കിടന്നിരുന്നവരെയാണല്ലോ കുത്തിയുണര്‍ത്തി കൊണ്ടു വന്നിരിക്കുന്നത്. ഇട്യാദി മൂപ്പന്‍ - എടാ തമ്പ്രേക്കനാരെ മരിയാദക്ക്‌ചോയിക്കണ ചോദ്യത്തിന്ന് ഉത്തരം പറഞ്ഞോ, അല്ലങ്കീ ഇടിച്ചിനിന്നേക്ക തല്ലിക്കൊന്നു ചെളീല് ചവിട്ടിപ്പൂത്തും. പറഞ്ചേക്കാ.
ആദ്യം തന്നെ നിന്റെ പേരെന്താണി. ഏനക്കേടെണ്ടാക്കരുത്.
ഏ...ഏ... തമ്പ്രേനേന്ന് വിളിയെടാ... പെലച്ചെറുക്കാ.. കെളവാ.
പുലയരെയൊക്കെ പ്രായമുള്ളവരായാലും, കെല്‍പ്പുള്ള വേലക്കാരായാലും ഉന്നതരുടെ ദൃഷ്ടിയില്‍ നിസ്സാരന്മാരായാണ് കരുതിപ്പോന്നിരുന്നത്. അതുകൊണ്ട് തുച്ഛന്മാരായ ആളുകളെ വിളിക്കുന്ന പോലേയേ ഉച്ചരിച്ചിരുന്നുള്ളൂ.
ഇട്യാദി മൂപ്പന്‍ - ചിത്തരാജിനെ നോക്കി നിര്‍ദ്ദേശിച്ചു. പുള്ളേ അവിനീക്ക നുമ്മ തമ്പ്രേനേന്നു വിളിച്ചിപടിപ്പിക്കടാ.
ചിത്തരാജ് - നേരെ ചെന്ന് അവന്റെ കരണത്തിട്ടു നല്ലൊരിടി കൊടുത്തു. കൂമ്പു നോക്കി കാലു വലിച്ചൊരു ചവിട്ടും നല്‍കി. നിന്നേക്ക ഞങ്ങ തമ്പ്രേനേന്ന് വിളിക്കണം അല്ലേടാ - വിളിയടാ ഞങ്ങളെ തമ്പ്രേനേന്ന്.
തൊഴിയേറ്റ ഗോവിന്ദന്‍ നായര്‍ - അമ്മേയ് - അയ്യോ - എന്നെക്കൊല്ലല്ലേ - എന്നെ കൊല്ലല്ലേ എന്നു പറഞ്ഞു മോങ്ങി. ചിത്തരാജ് വീണ്ടും ഒരു ചവിട്ടു കൂടി കൊടുത്തു. വിളിയടാ തമ്പ്രേനേന്ന് - വിളിക്കടാ മൂപ്പന തമ്പ്രേനേന്ന്.
വിളിക്കാമേ - എന്നെ തല്ലല്ലേ.
തമ്പ്രാ - മൂപ്പത്തമ്പ്രാ എന്നെ കൊല്ലല്ലേ. തമ്പ്രാ. 
ഇട്യാദി മൂപ്പന്‍ - പറയടാ - നിന്റെ പേരെന്താണീ.
ഗോവിന്ദന്‍ നായരെന്നാണേയ് - എന്നു പറഞ്ഞയാള്‍ - അയോ - എന്നെ കൊല്ലല്ലേ തമ്പ്രാ.
ഇട്യാദിമൂപ്പന്‍ - നീയെക്ക കൂടി പരമശിവന്‍ പിള്ളട മകള ബലാല്‍സംഘം ചെയ്തു പെയപ്പിച്ചില്ലേടാ പട്ടീ.
അതു ചോദിച്ചതും നാണുപിള്ള കോപാക്രാന്തനായി ഇടയ്ക്കലറി - ഇതു ചതിയാണ്. ഞങ്ങളുടെ അടുത്തു രണ്ടു പെലച്ചെറുക്കന്മാര്‍ വന്നപ്പ ഞങ്ങള്‍ ചുമ്മാ പറഞ്ഞതാണ്. പരമശിവന്‍പിള്ളയെ അറിയുമെന്ന്.
ഇട്യാദി മൂപ്പന്‍ - ആഹാ - അവനേം ഒന്നു ചെരിക്ക് കൈകാര്യം ചെയ്‌തേരടാ ''രാശാവേ'' അവന്‍ സത്യം പറകേല.
ചിത്തരാജ് മൂപ്പന്റെ നിര്‍ദ്ദേശ പ്രകാരം നാണു പിള്ളയുടെ സമീപത്തേയ്ക്ക് കോപമിരച്ചു കയറിയ മുഖഭാവത്തോടും കനലെരിയുന്ന ദൃഷ്ടികളോടും കൂടി പാഞ്ഞടുത്തു. ശക്തിയേറിയ പ്രഹരമേല്‍പ്പിച്ചു. അയ്യോ - അയ്യോ എന്നു വിളിച്ചു കൊണ്ടു മുന്നോട്ടു കമിഴ്ന്നടിച്ചു വീണു പോയി. അസഹനീയമായ വേദന കൊണ്ടു കിടന്നു മോങ്ങി. അയ്യോ എന്നെ കൊല്ലല്ലേ. ഞാന്‍ ചത്തു പോകുവേ....
അടുത്ത കൈകാര്യം ചെയ്യപ്പെടേണ്ടത് പുരുഷന്‍ നായരെയായിരുന്നു. മറ്റു രണ്ടു പേരോടും കാണിച്ച ക്രൂരതകള്‍ നേരിട്ടു കണ്ട അയാള്‍ ഭയവിഹ്വലനായി. നടന്നടുക്കുന്ന പുലയയോദ്ധാവിനെ നോക്കി ധൈര്യം ചോര്‍ന്നു പോയി വിമ്മിക്കരഞ്ഞു. അയ്യോ എന്നെ ഒന്നും ചെയ്യല്ലെ. ഞാന്‍ സത്യം പറയാമേ.
ഇനി പറ - നിന്റെ പേരെന്താണി. ഇട്യാദി മൂപ്പനാരാഞ്ഞു.
പുരുഷന്‍ നായരെന്നാണേയ്... വിലപിച്ചു കൊണ്ടുണര്‍ത്തിച്ചു.
ഇട്യാദി മൂപ്പന്‍ - നിന്റെ അച്ചീം കുട്ട്യോളുമൊക്കെ എവടേടാ.
പുരുഷന്‍ നായര്‍ - ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ല.
ഇട്യാദി മൂപ്പന്‍ - എന്നാലേയ് - നിയെക്ക അന്നു കെര്‍പ്പാക്യാ പെങ്കെിച്ചി ഇപ്പ ഇവട വന്നിട്ടൊണ്ട്. കാണണോ. ഇച്ചിരികാക്ക്. പുറകോട്ടു തിരിഞ്ഞ് പപ്പു മാനേജരോട് - എന്തേ മാശേ അവിരിവന്നിട്ടൊണ്ടാ.
ഉത്തരം പറഞ്ഞത് ഗൗരിക്കുട്ടിയാണ് മൂപ്പാ - വന്നിട്ടൊണ്ട്.
ഉം. അവരിന ഈ വെട്ടത്തു നിര്‍ത്തി കാണിച്ചു കൊട്.
ഗീതാദേവി കുഞ്ഞിനേയും നടത്തി കയ്‌കൊണ്ടു തടുത്തു ഇറങ്ങി വന്നു.
ഇട്യാദി മൂപ്പന്‍ - കണ്ടാടാ പുരുശന്‍ നായരെ - ഇതാണ് നിന്റെ കൊച്ചും പെണ്ണും. ഇവരെ കൈയേക്കാന്‍ നെനക്ക് വല്ല വിമ്മിട്ടോ ഒണ്ടാ - ഒണ്ടെങ്കീ അതു പറഞ്ചേരി.
പുരുഷന്‍ നായര്‍ - വിറച്ചു കൊണ്ടൊരു വിധം വാക്കുകള്‍ വെളിയില്‍ വന്നു. എല്ലാവരുടേയും കൂട്യേള്ള കൊച്ചിന ഞാനെങ്ങിനെ കയ്യേല്‍ക്കാനാണ്.
ഇട്യാദി മൂപ്പന്‍ - അതു നീ അന്നാലോചിക്കേണ്ടതായിരുന്നു. ഇപ്പ നീയാണീ കൂട്ടത്തീ ചെറുപ്പക്കാരന്‍. നീ കല്ല്യാണോം കഴിച്ചിട്ടില്ല. നിന്റെ കൊച്ചാണീ, കീതാതേവീട കൂടെ നിക്കണത്. അതോണ്ട് ബേഗം പറേണം.
അയാള്‍ നിസംഗത പാലിച്ചു മിണ്ടാതിരുന്നു. ആശയങ്ങള്‍ അയാളുടെ മനസ്സിലൂടെ ഓടി മറഞ്ഞു കൊണ്ടിരുന്നു. താന്‍ കെണിയിലകപ്പെട്ടിരിക്കുന്നു. കൂട്ടുകാരൊന്നിച്ചു പെണ്ണു പിടിക്കുവാന്‍ പോയതിന്റെ പരിണിത ഫലം. കൊടിയ ദ്രോഹത്തിലടി പെട്ടിരിക്കുന്നു. എന്തു ചെയ്യാം ഈ പുലയരുടെ അടിയേറ്റു മരിക്കുന്നതിലും ഭേദം ജീവിക്കുന്നതിനുള്ള ആശയം മനസ്സില്‍ മെനഞ്ഞെടുക്കേണ്ടിയിരിക്കുന്നു. 
അയാള്‍ മിണ്ടാതെ നില്‍ക്കുന്നതു കണ്ട് പപ്പു മാനേജര്‍ പാഞ്ഞു വന്നു കുത്തിനു പിടിച്ചു പൊക്കി എന്തു പറയുന്നെടാ എന്നു ചോദിച്ചു. ശക്തമായ ഒരിടി കൊടുത്തു. അപ്രതീക്ഷിതമായ പ്രഹരത്തില്‍ അയാള്‍ അയ്യോ എന്നെ ഒന്നും ചെയ്യല്ലേ - തമ്പ്രാ ഞാനേല്‍ക്കാന്‍ തയ്യാറാണ്.
ഇട്യാദി മൂപ്പന്‍ - ആഹാ - അങ്കന വയിക്കുവാ, കിട്ടേണ്ടതു കിട്ട്യേപ്പ - നീ നേരു പറഞ്ചി. അതോണ്ടു നിന്നെ ഞങ്ക കൊല്ലണില്ല. ആ പെങ്കൊച്ചിന കയ്യേക്കാമെന്നു തമ്മദിച്ചതു കൊണ്ടു നെനക്കെള്ള തല്ലും കൊറച്ചിരിക്കണി.
വെള്ളമിരന്ന നാണു പിള്ളയ്ക്കും, ഗോവിന്ദന്‍ നായര്‍ക്കും ചിത്തരാജിന്റെ നിര്‍ദ്ദേശപ്രകാരം, ഗൗരിക്കുട്ടി ഒരു പാത്രത്തില്‍ വെള്ളം കൊണ്ടു വന്നു, ചിത്തരാജിന്റെ കയ്യില്‍ കൊടുത്തു. ഗോവിന്ദന്‍ നായര്‍ക്കും, നാണു പിള്ളയ്ക്കും കുടിക്കുവാന്‍ കൊടുത്തു. കൂടാതെ അവരുടെ മുഖത്തും നല്ല പോലെ തളിച്ചു.
ഉണര്‍വു വീണ്ടെടുക്കുവാനും ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കുവാനും.
കോപമിരച്ചു കയറിയ മുഖഭാവത്തോടെ ചിത്തരാജലറി. തുണിക്കുത്തിനു പിടിച്ചു പൊക്കി - എടാ പട്ടി നായരേ - നീയൊക്കെയല്ലേടാ ആ പെങ്കൊച്ചിന പെഴപ്പിച്ചത് പറയടാ നായരേ.
നാണുപിള്ളയോടും ഭീകരമായ മുഖഭാവത്തോടെ അട്ടഹസിച്ചു ചോദിച്ചു. പറയടാ, നീയൊക്കെ കൂട്യാല്ലേടാ അതിനെ പെഴപ്പിച്ചത്.
അപമാനഭാരത്താല്‍ നമ്രമുഖരായിരുന്ന അവരുടെ മുഖം കാലു കൊണ്ടുയര്‍ത്തി ചിത്തരാജ് പ്രഹരിച്ചു. പ്രതീക്ഷിച്ചതിലും കട്ടികൂടിയ ആഘാതമേറ്റവര്‍ അയ്യോ - അയ്യോ - ഞങ്ങള്‍ സമ്മതിച്ചേയ്.
ഇട്യാദി മൂപ്പന്‍ - ആ കുടുമം - തീതിന്നു മനോവിഷമത്താല്‍ കെടന്നു കട്ടപ്പെട്ടതെക്ക നെനക്കെക്ക അറിയോടാ.
പപ്പു മാനേജരോടായി - മാഷേ, ആ പുരുഷന്‍ നായരെ പിടിച്ചിങ്ങാട്ടു കൊണ്ട്വോ, പരമചിവന്‍ പുള്ളേ, നുമ്മട പെങ്കൊച്ചിന പിടിച്ചവന്റെ കയ്യീലേല്‍പ്പിച്ചേ.
പുരുഷന്‍ നായരുടെ കയ്യിന്റെ കെട്ടഴിച്ചു ഇട്യാദി മൂപ്പന്റെ സമീപമിരുത്തി. അവരുടെ രണ്ടു പേരുടേയും കൈപിടിച്ചു ചേര്‍ത്തു കൊണ്ടു ഇട്യാദീ മൂപ്പന്‍ പറഞ്ഞു. എടാ കോവിന്ദന്‍ നായരേ, നാണു പിള്ളേ നിങ്ങേം പിന്നെ ഈ പുരുഷന്‍ നായരും കൂടി ഒപ്പിച്ച തകരാറിനു ഞങ്ങട പെങ്കൊച്ചിനി പുരുശന്‍ നായരീന കൊണ്ടു കല്യാണം കയ്പ്പിക്കാന്‍ പോകേണി നിയെക്കകണ്ടോ. കല്യാണം കയ്യുമ്പ നിന്‍േറക്ക ശിക്ഷ ഞങ്ങ വിതിക്കും.
എല്ലാവരുടേയും സാന്നിദ്ധ്യത്തില്‍ ഇട്യാദി മൂപ്പന്‍ ചുണ്ടനക്കി ചലി മന്ത്രങ്ങളുരുവിട്ടു. കണ്ണടച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടു പ്രഖ്യാപിച്ചു.
ഇന്നേ തെവതം, ത്‌ലാം പതിനഞ്ചാം തെയതി പുതനായ്ച്ച ഈ പാതിരാത്രിക്ക് ചേശം പരമശിവം പുള്ളേടേം വിലാസിനി അമ്മേടേം മാളായ കീതാദേവീന പുരുശന്‍ നായരി കല്യാണം കയ്ച്ചതായി ഏന്‍ ആണേട്ടു ചൊല്ലണി. ഇന്നു മുതല് നീങ്ക കുഞ്ഞിനോടും കൂടി ഭാര്യാ ഭര്‍ത്താക്കന്മാരായി ചീവിച്ചോളണം.
ചിത്തരാജ് നിര്‍ദ്ദേശിച്ചു.
ഇനി മുതിര്‍ന്നവരുടെ കാലു തൊട്ടൊറവയ്യി. അവരതു പോലെ ചെയ്തു. ഇട്യാദി മൂപ്പന്‍േറയും പരമശിവന്‍ പിള്ളയുടേയും, വിലാസിനിയുടേയും പാദങ്ങള്‍ തൊട്ടു നമസ്‌ക്കരിച്ചു. അവരുടെ ശിരസ്സില്‍ തൊട്ടനുഗ്രഹിച്ചു.
പപ്പുമാനേജര്‍ അന്നേരം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതും താക്കീതു സ്വരത്തില്‍ തന്നെ.
പുരുഷന്‍ നായരേ - നീ ഇനി മുതല് പരമശിവന്‍ പിള്ളയുടെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടണം. നിന്റെ വീട്ടിലോ, നിന്റെ സ്വന്തക്കാരുടെ വീട്ടിലോ പോകുവാന്‍ പാടില്ല. അവിടുത്തെ ചായക്കടയിലും പലചരക്കു കടയിലും ഒക്കെ നിന്നു കാര്യങ്ങളൊക്കെ നോക്കി നടത്തി നിന്റെ അച്ചിയായിത്തീര്‍ന്ന ഗീതാദേവിയേയും, കുഞ്ഞിനേയും പോറ്റി നന്നായി നടന്നു കൊള്ളണം. ഇതിനു വല്ല ക്രമവിരുദ്ധമായിട്ടെന്തെങ്കിലും ചെയ്താല്‍ നിന്നെപ്പിന്നെ ഈ ഭൂമിക്കു മുകളില്‍ വെച്ചേക്കുകയില്ല. പറഞ്ഞേല്‍ക്കാം.
പരമശിവന്‍ പിള്ളയൊഴിച്ച് ബാക്കി, ഗൗരിക്കുട്ടി, മൈലന്‍പിള്ള, ഗീതാദേവി, കുട്ടി വിലാസിനി എന്നിവര്‍ പള്ളിക്കാട് കവയില്‍ കടയുടെസമീപത്തുള്ള വീട്ടിലേയ്ക്കു പുരുഷന്‍ നായരോടൊത്തു പോയി. വിലാസിനിക്കു വലിയ ആശ്വാസമായി.
അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പരമശിവന്‍ പിള്ള സാവധാനം നടന്നു പപ്പുമാനേജരുടെ സമീപം വന്നു നിന്നു.
മാഷേ നിങ്ങള്‍ മാത്രമാണെനിക്കൊരു സഹായത്തിനുള്ളൂ. എന്റെ വ്യാകുലത താങ്കളുടേതുമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ എനിക്കു വന്നു ചേര്‍ന്ന കഷ്ടപ്പാടുകള്‍ പോലെ ആര്‍ക്കും വരരുതെന്നേ പ്രാര്‍ത്ഥിക്കുന്നുള്ളൂ. എന്റെ മകളെ പീഡിപ്പിച്ച ഈ നികൃഷ്ട ജീവികളെ വെറുതേ വിട്ടുകൂടാ. ഞാന്‍ തന്നെ ഇവനെയൊക്കെ കാലപുരിക്കയക്കുന്നുണ്ട്.
അയാള്‍ കോപാന്ധനായി അവരുടെ സമീപത്തേയ്ക്കു പാഞ്ഞു ചെന്നു. അന്നേരം ചെല്ലനും, കോലപ്പനും ഓടിച്ചെന്നു പരമശിവന്‍ പിള്ളയെ തടുത്തു. ചെമിക്കി പിള്ളത്തമ്പ്രാ ചെമിക്കി, ഇവനേക്ക കൈകാര്യം ചെയ്യാനക്കൊണ്ടു ഞങ്ങമതി.
ഇട്യാദി മൂപ്പന്റെ സമീപത്തായി പപ്പു മാനേജരുമിരുന്നു കല്‍പ്പിച്ചു.
ചിത്തരാജേ അവരെ രണ്ടു പേരെയും ആ അടയ്ക്കാ മരത്തില്‍ ബന്ധിക്കൂ.
എടാ ഗോവിന്ദന്‍ നായരെ, എടാ നാണുപിള്ളേ, നിന്റെ സ്വന്തം മകള്‍ക്കാണീ അവസ്ഥ വന്നിരുന്നുവെങ്കില്‍ നീ എന്തു ചെയ്യുമായിരുന്നു. പപ്പു മാനേജര്‍ കോപാവേശനായി ആക്രോശിച്ചു.
അതിനവര്‍ പ്രതികരിക്കാതെ നമ്രശിരസ്‌ക്കരായിരുന്നു.
അദ്ദേഹം അവരുടെ സമീപം ചെന്നു നാണു പിള്ളയുടെ മുടിക്കു കുത്തിപ്പിടിച്ചു, മുഖമുയര്‍ത്തി ഒരുടി കൊടുത്തുകൊണ്ടു ചോദിച്ചു. എടാ പറയടാ നിന്റെ സഹോദരിയെയാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ നീ എന്തു ചെയ്യുമായിരുന്നു. നീ കലിതുള്ളി അട്ടഹസിക്കുമായിരുന്നില്ലേ. ഇത്തരത്തില്‍ ബലാല്‍തസംഗം ചെയ്തിരുന്നവനെ നിന്‍േറയൊക്കെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ പിച്ചിച്ചീന്തുമായിരുന്നില്ലേ. ഉം. പറയടാ...
നിങ്ങള്‍ രണ്ടു പേരും നാളെ രാവിലെത്തെ സൂര്യോദയം ദര്‍ശിക്കേണ്ട. അവന്റെയൊക്കെ വായടച്ചു കെട്ടിയടടാ.
സമയം നിരങ്ങി നീങ്ങുന്നതായി തോന്നി ഓരോ നിമിഷങ്ങള്‍ക്കും ദൈര്‍ഘ്യമേറി വരുന്നുണ്ടായിരുന്നു. ബന്ധനസ്ഥരാക്കപ്പെട്ടവര്‍ ജീവച്ഛവം പോലെ കിടന്നു മോങ്ങി. ഇട്യാദി മൂപ്പന്‍ പപ്പു മാനേജരോടാരാഞ്ഞു.
കൊടുത്തു വിടാല്ലെ മാശേ.
അവരുടെ ജീവിതമാ വാക്കില്‍ തൂക്കിക്കിടന്നു. പപ്പു മാനേജര്‍ ഒരു നിമിഷം മൗനവലംബിച്ചു, പറഞ്ഞു.
ഉം ആയിക്കോട്ടെ മൂപ്പന്‍ തന്നെ ഉത്തരവു നല്‍കിക്കോളൂ - പിഴയ്ക്കുന്നെങ്കില്‍ പിഴയ്ക്കട്ടെ അല്ലെങ്കില്‍ ചാകട്ടെ.
കോലപ്പാ, ചെല്ലാ അവരെ കെട്ടഴിച്ചു നടത്തിച്ചു അകലെയെവിടെയങ്കിലും കൊണ്ടോയി വിട്ടേച്ചു വാടാ.
നേരം പുലരുവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമവശേഷിക്കേ, പപ്പു മാനേജരുടെ വിശ്രമ സങ്കേതത്തില്‍ തന്നെ എല്ലാവരും ചടഞ്ഞു കൂടി കിടന്നുറങ്ങി. ഗോവിന്ദന്‍ നായരേയും, നാണുപിള്ളയേയും കൊണ്ടു പോയി ഏതെ കാട്ടില്‍ തള്ളിയശേഷം തിരിച്ചു വന്നവരും സങ്കേതത്തില്‍ തളര്‍ന്നു കിടന്നുറങ്ങി.
*****