"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കറുപ്പന്‍ മാസ്റ്ററും വൈക്കം സത്യാഗ്രഹവും - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കറുപ്പന് 39 വയസ്സുള്ളപ്പോഴാണ് അയിത്ത ത്തിനെതിരെ എന്ന പേരില്‍ പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്നത്. 1924 മാര്‍ച്ച് 30-ന് ആരംഭിച്ച് 1925 നവംബര്‍ 23-ാംതീയതി അവസാനിച്ച വൈക്കം സത്യാഗ്രഹം 603 ദിവസം നീണ്ടുനിന്നു. എറണാകുള ത്തുനിന്നും പരിസര പ്രദേശങ്ങളില്‍ ന്നിന്നും വളരെയധികം ആളുകള്‍ അന്നു വൈക്കത്ത് പോയി സത്യാഗ്രഹം കാണുകയും അനുഭാവം പ്രകടിപ്പിക്കുകയും ചിലരെല്ലാം സത്യാഗ്രഹ ത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സത്യാഗ്രഹം അയിത്തത്തി നെതിരെയായിരുന്നു. അയിത്ത ജാതിക്കാര്‍, അവര്‍ണ്ണര്‍, ദലിതര്‍ തുടങ്ങിയവര്‍ വൈക്കം ക്ഷേത്ര പരിസരത്തുള്ള പൊതു നിരത്തുകളിലൂടെ സഞ്ചരിക്കുന്ന തിനുള്ള സ്വാതന്ത്ര്യ ത്തിനു വേണ്ടിയാണ് സത്യാഗ്രഹം നടത്തിയത്. അയിത്തത്തെ അതിരൂക്ഷമായി വിമര്‍ശിച്ച ആളാണ് പണ്ഡിറ്റ് കറുപ്പന്‍. കറുപ്പന്റെ ജാതിക്കുമ്മി എന്ന കവിത യെക്കാള്‍ അയിത്തത്തെ പരിഹസിക്കുന്ന മറ്റൊരു കൃതി അന്ന് മലയാളത്തി ലുണ്ടായിട്ടില്ല എന്ന് ധൈര്യമായി പറയാം. ഇന്നും സ്ഥിതി അതു തന്നെ. 1903-ലാണ് ജാതിക്കുമ്മി എഴുതപ്പെട്ടത്. ദുരവസ്ഥയും ചണ്ഡാല ഭിക്ഷുകിയുമെല്ലാം അതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുമാരനാശാന്‍ രചിച്ചത്.

'തീണ്ടിക്കുളിയിനിവേണ്ടയെന്നും
തീണ്ടാട്ടരുതിനി മേലിലെന്നും
ഉണ്ടാക്കണം ചട്ടമന്നേരമാശ്വാസ
മുണ്ടാകും യോഗപ്പെണ്ണേ! മതം
കൊണ്ടാടിവര്‍ദ്ധിക്കും ജ്ഞാനപ്പെണ്ണേ!' 1

എന്നെഴുതിയ കറുപ്പന്‍ മാസ്റ്റര്‍ വൈക്കത്ത് ജാതിക്കെതിരെ നടന്ന സമരം കണ്ടില്ലെന്നു നടിച്ചതെന്തുകൊണ്ട്? കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു എന്നു ചിന്തിക്കാന്‍ ആവശ്യമായ തെളിവുകളൊന്നും ഇന്നും ലഭിച്ചിട്ടില്ല. മറിച്ചു ചിന്തിക്കാന്‍ സഹായകമായ പലതുണ്ട്താനും. അത് വഴിയേ കാണാം. ജാതിക്കുമ്മി എഴുതി രണ്ടു ദശാബ്ദം കഴിഞ്ഞപ്പോള്‍ കറുപ്പന്‍ മാസ്റ്ററുടെ ജാതി വിരോധം അവസാനിച്ചുവോ? 

'കാഷ്ടം ഭുജിച്ചു നടന്നിടുന്ന
പട്ടിക്കുചാരേനടന്നുകൊള്ളാം
കഷ്ടംമനുജര്‍ക്കു പാടില്ലയെന്നുള്ള
ചട്ടം നിറുത്തേണ്ടേ യോഗപ്പെണ്ണേ ! നിങ്ങള്‍
ശിഷ്ടന്‍മാരാണല്ലോ ജ്ഞാനപ്പെണ്ണേ!' 2

പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യര്‍ക്കു നടക്കാന്‍ പാടില്ലാത്ത നീതി എന്നത് സത്യാഗ്രഹ കാലത്ത് വൈക്കത്ത് പാടിപ്പതിഞ്ഞ ഒരു ശൈലിയായിരുന്നു. അതിന്റെ ഉറവിടം ജാതിക്കുമ്മിയാണ് എന്നതില്‍ സംശയമില്ല.

'കടക്കാന്‍ വിരോധിച്ച വഴിയെന്നുള്ളില്‍
കടക്കാതെ സാധുക്കളകപ്പെടുമ്പോള്‍
ഇടിത്തീ വരുമ്പോലെ ചില കൂട്ടരോടി 
വന്നിടിക്കുന്നു പിടിക്കുന്നു യോഗപ്പെണ്ണേ ! പണം
കൊടുക്കുന്നു നടക്കുന്നു ജ്ഞാനപ്പെണ്ണേ ' 3

എന്ന് 19-ാം വയസ്സില്‍ എഴുതിയ കറുപ്പനാണ് വൈക്കത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നത്. 

2 അന്ന് അയ്യന്‍കാളി തെക്കന്‍ തിരുവിതാംകൂറില്‍ രണ്ടു കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ സഞ്ചരിച്ചു അവിടെ പൊതുവഴിയിലൂടെ അയിത്തക്കാര്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തിട്ട് മൂന്നു ദശാബ്ദത്തിലേറെയായി.

3 1905-ല്‍ ജാതിക്കുമ്മി എഴുതിത്തീര്‍ന്നെങ്കിലും അച്ചടിക്കാന്‍ ഏറെ താമസിച്ചു. കറുപ്പന് അന്ന് കൗമാരപ്രായം കഴിഞ്ഞതേയുള്ളു. പുസ്തകം അച്ചടിക്കുകയും അതു വില്ക്കുകയും മറ്റും ചെയ്യുന്നതിനുള്ള പ്രാഗത്ഭ്യം നേടിയിരുന്നില്ല. എങ്കിലും അത് പലരും പകര്‍ത്തിയെഴുതി പാടിയിരുന്നു. അച്ചടിച്ചു പുറത്ത് വരുന്നതിന് മുമ്പു തന്നെ നല്ല പ്രചാരം അതിന് ലഭിച്ചിരുന്നു. അതിന് ശേഷമാണ് 1907ല്‍ സിസ്റ്റര്‍ തപസ്വി ആദ്യമായി അത് പ്രസിദ്ധീകരിച്ചത്. അഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ അതിന്റെ രണ്ടാം പതിപ്പും പുറത്തുവന്നു. എന്നു പറഞ്ഞാല്‍ വൈക്കം സത്യാഗ്രഹത്തിന് 12 വര്‍ഷം മുമ്പു ജാതിക്കുമ്മിയുടെ ആയിരക്കണക്കിന് കോപ്പികള്‍ എറണാകുളത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചിരുന്നു. പതിനായിര ക്കണക്കിന് ആളുകള്‍ അത് പാടി രസിച്ചിരുന്നു. അതിലൂടെ പതഞ്ഞു പൊങ്ങിയ അമര്‍ഷം അടക്കിനടന്നിരുന്നു എന്നെല്ലാമാണ് അര്‍ത്ഥം. അതിന്റെ അലയടികള്‍ കൊച്ചിരാജ്യത്തിനു പുറത്തേയ്ക്ക് വ്യാപിച്ചില്ലേ? തിരുവിതാംകൂറില്‍ ഉള്‍പ്പെടുന്ന വൈക്കം താലൂക്കിന്റെ വടക്കേ അതിര്‍ത്തി കൊച്ചി രാജ്യമായിരുന്നു. പരസ്പര സമ്പര്‍ക്കമി ല്ലാതെ മതിലും വേലിയും ഒന്നും കൊണ്ട് അന്ന് അതിര്‍ത്തി തിരിച്ചിരുന്നില്ല. ജനം അങ്ങോട്ടും ഇങ്ങോട്ടും കടന്നുപൊയ്‌ക്കൊ ണ്ടിരുന്നു. അക്കൂട്ടത്തില്‍ ആശയങ്ങളും അമര്‍ഷങ്ങളും നെടുനിശ്വാസങ്ങളും അതിര്‍ത്തി വിട്ടു വ്യാപിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിനു വര്‍ഷങ്ങള്‍ക്കുമുമ്പു ജാതിക്കുമ്മി വൈക്കം പ്രദേശത്തെ അയിത്തജാതിക്കാരുടെ ഇടയില്‍ പ്രചരിച്ചിരുന്നു എന്നു വേണം ഊഹിക്കേണ്ടത്. 1914ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുലയലഹള നടന്നപ്പോള്‍ അത് വൈക്കത്തും വ്യാപിച്ചിരുന്നു എന്ന് ടി. കെ വേലുപ്പിള്ള തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാനുവലില്‍ എഴുതിയിട്ടുണ്ട്. The so called Pulaya riots in Neyyattinkara Taluk and adjacent places. Those riots at Talayolaparambu among the rest were more serious.4 തിരുവനന്തപുരത്തിന് തെക്ക് വെങ്ങാനൂരില്‍ നടന്ന പുലയലഹളയുടെ പ്രത്യാഘാതങ്ങള്‍ വൈക്കത്ത് എത്തി. അതിന്റെ പത്തിലൊന്നുപോലുംഅകലെയല്ലാത്ത എറണാകുളത്തെ സംഭവ വികാസങ്ങള്‍ വൈക്കം അറിഞ്ഞില്ലെന്നു പറയുന്നതില്‍ യുക്തി ഇല്ല. തിരുവനന്തപുരത്തെ പുലയരിലാണ് മാറ്റം സംഭവിച്ചത്. അതിന്റെ പ്രത്യാഘാതങ്ങള്‍ വൈക്കത്തെ പുലയരിലാണ് കണ്ടത്. എറണാകുളത്തെ അരയരിലും പുലയരിലുമാണ് മാറ്റങ്ങള്‍ നടന്നത്. വൈക്കവും അരയരുടെയും പുലയരുടേയും കേന്ദ്രമായിരുന്നു. ഇന്നും അങ്ങനെ തന്നെ. വൈക്കത്തിനും എറണാകുളത്തിനും ഇടയ്ക്കുള്ള തലയോലപ്പറമ്പില്‍ 1914-ല്‍ നടന്ന ലഹളയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ജാതിക്കുമ്മി കൂടിയാണ് എന്ന് നിസ്സംശയം പറയാം. നെയ്യാറ്റിന്‍കരയും കന്യാകുമാ രിയും കഴിഞ്ഞാല്‍ പിന്നെ തിരുവിതാംകൂറില്‍ പുലയരുണ്ടായിരുന്നത് വൈക്കത്ത് മാത്രമല്ലല്ലോ. കേരളത്തില്‍ പുലയരില്ലാത്ത ഒരു ഗ്രാമം പോലുമില്ല എന്നാണ് പറയുന്നത്. പക്ഷേ അവിടെയെങ്ങും പുലയലഹള യുടെ അലയടികള്‍ നടന്നില്ല, വൈക്കത്ത് നടന്നു. വൈക്കം പുലയരുടെ ഒരു കേന്ദ്രമായിരുന്നു എന്നത് ശരി. എന്നാല്‍ അതു മാത്രമാണോ തലയോലപ്പറമ്പ് ലഹളയുടെ കാരണം. ലഹളയ്ക്കു മുമ്പ് അയ്യന്‍കാളി തലയോലപ്പറമ്പോ സമീപപ്രദേശങ്ങളോ സന്ദര്‍ശിച്ചിരുന്നതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും തലയോലപ്പറമ്പിലെയും സമീപപ്രദേശങ്ങളിലേയും പുലയര്‍ സംഘടിച്ചു. പരാജയപ്പെട്ടുവെങ്കിലും അയിത്തത്തിനെതിരെ ഒരു ശ്രമം നടത്തി.

4 അതിനുശേഷമാണു പിന്നെ 1924 ഫെബ്രുവരി 29-ാം തീയതി മൂവായിരത്തിലധികം പുലയര്‍ വൈക്കത്തെ നിരോധിത നിരത്തുകളി ലൂടെ ബലമായി നടക്കാന്‍ വേണ്ടി വൈക്കത്ത് ഒത്തു ചേര്‍ന്നത്. അതാണ് കെ.പി.കേശവമേനോന്റെ കൂട്ടാളികള്‍ മുക്കിക്കളഞ്ഞത്. വൈക്കം സത്യാഹ്രഹം ഒരു പ്രഹേളിക എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അതെല്ലാം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 5

5 വൈക്കം സത്യാഗ്രഹം തുടങ്ങി വച്ചത്, അഥവാ സത്യാഗ്രഹ ത്തിന് അനുകൂലമായ പശ്ചാത്തലം സൃഷ്ടിച്ചത് വൈക്കത്തെ പുലയരാണ്. അവര്‍ അയ്യന്‍കാളിയുടെ ചുവടുപിടിച്ച് വൈക്കത്തെ പൊതുനിരത്തുകളിലൂടെ ബലമായി നടക്കുവാന്‍ നടത്തിയ ശ്രമത്തെ തടഞ്ഞത് അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായ കെ.പി. കേശവ മേനോന്‍, കേളപ്പന്‍ പ്രഭൃതികളാണ്. അത് സത്യാഗ്രഹമാക്കി മാറ്റിയതും അവരാണ്. അതിനാല്‍ പുലയര്‍ അതില്‍ നിന്നും വിട്ടുനിന്നു.

6 സത്യാഗ്രഹം അയ്യന്‍കാളിയുടെ പ്രവര്‍ത്തനരീതിക്ക് വിരുദ്ധമാണ്. നടക്കുവാനുള്ളതാണ് വഴി. അവിടെ തടയുവാന്‍ ആര്‍ക്കും അവകാശമില്ല. അതുകൊണ്ടു വഴിയിലൂടെ നടക്കുകതന്നെ വേണം. അതിനായി കാടും പള്ളയും പടലും താണ്ടേണ്ടതില്ല. ഏത് ശക്തി വന്ന് എതിര്‍ത്താലും അതിനെ തകര്‍ത്തുകൊണ്ട് നടക്കണം. അങ്ങനെയാണ് തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളി വഴിയിലൂടെ നടക്കുവാനുള്ള അവകാശം നേടിയെടുത്തത്. ആര്‍ക്കും ആരും ഈ ഭൂമി പതിച്ചുകൊടു ത്തിട്ടില്ല. ഇവിടെ ആദ്യം പ്രത്യക്ഷപ്പെട്ടത് ആദിവാസി-ദലിത് സങ്കരസന്തതികളാണ്. ഈ ഭൂമിയിലെ ആദ്യ ബാദ്ധ്യത അവരുടേതാണ്. അവരെ കബളിപ്പിച്ചു ആര്യ ബ്രാഹ്മണര്‍ ഒരു കാലത്ത് അധികാരവും അവകാശവും കൈക്കലാക്കിയതിന്റെ പേരില്‍ അവരുടെ സന്തതികളും അത് അംഗീകരിക്കണമോ. ഇന്നത്തെ തലമുറ ആ ചൂഷണത്തിന് വിധേയ മാകുവാന്‍ തയ്യാറല്ല. അതാണ് അയ്യന്‍കാളി പറഞ്ഞില്ലെങ്കിലും പ്രവര്‍ത്തിച്ചതിന്റെ പൊരുള്‍. ആ ചുവടു പിടിച്ചാണ് വൈക്കത്തെ പുലയര്‍ 1924 ഫെബ്രുവരി 29-ാം തീയതി വൈക്കത്ത് ഒരുമിച്ചു കൂടിയത്. അപ്പോഴാണ് കോണ്‍ഗ്രസിന്റെ അയിത്തോച്ചാടന കമ്മറ്റി അവിടെ എത്തിയത്. അവര്‍ എത്തിയതിനുശേഷം അവിടെ കൂടിയ പുലയര്‍ നിരോധിത നിരത്തുകളിലൂടെ ബലമായി നടന്നാല്‍ അത് തങ്ങളുടെ കൂടി പിന്തുണയോടെയാണ് എന്നും ജനം ധരിക്കും. അയിത്തം ആചരിക്കുന്ന സവര്‍ണ്ണജനം കോണ്‍ഗ്രസിനെതിരാകും. കോണ്‍ഗ്രസ് സവര്‍ണ്ണരുടേ താണ്. അവര്‍ണ്ണരെ അവര്‍ കോണ്‍ഗ്രസിലേക്ക് പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ടാണ് സവര്‍ണ്ണര്‍ വിട്ടുപോയാലും അതിന്റെ അനേകമിരട്ടി വരുന്ന അവര്‍ണ്ണര്‍ കൂടെ നില്ക്കും എന്ന ചിന്ത അവക്ക് ഇല്ലാതെ പോയത്. അങ്ങനെയാണ്. മൂന്നുവര്‍ഷം മുമ്പ് മലബാറില്‍ നടന്ന മാപ്പിള ലഹള (ഖിലാഫത്ത് പ്രസ്ഥാനം) യിലൂടെ അവിടത്തെ സവര്‍ണ്ണരുടെ പിന്തുണ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത്. അവിടെ കോണ്‍ഗ്രസ് എന്ന പേരില്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്ത പരിതസ്ഥിതി ഉത്ഭവിച്ച തുകൊണ്ടാണ്.6 കേശവമേനോന്‍ പ്രഭൃതികള്‍ തിരുവിതാംകൂറിലെ ത്തിയത്. ഇവിടെയും അതുതന്നെ സംഭവിക്കാതിരിക്കാന്‍ നിരോധിത നിരത്തുകളിലൂടെയുള്ള അന്നത്തെ നടത്തം എങ്ങനെയും നടത്താതിരിക്കണം.

7 അതിനുവേണ്ടിയാണ് കേശവമേനോന്‍ അവരോട് ഒത്തുചേര്‍ന്ന് ബലമായി നടക്കുക എന്നത് പിറ്റേ ദിവസത്തേക്ക് ആക്കിയാല്‍ തങ്ങളും കൂടി സഹകരിക്കാം എന്ന് വാക്ക് കൊടുത്ത് നടത്തം പിറ്റേ ദിവസത്തേ ക്കാക്കിയത്. അന്നു രാത്രി സവര്‍ണ്ണര്‍ ഒരുമിച്ചു ചേര്‍ന്ന് ഗൂഢാലോചന നടത്തി പ്രക്ഷോഭണം ഒരു മാസത്തേക്ക് മാറ്റി. ബലമായി നടക്കാന്‍ വന്നവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ പറഞ്ഞുവിട്ടു. അനേകനാ ളത്തെ പരിശ്രമഫലമായിട്ടാണ് അത്രയും പുലയര്‍ അന്ന്അവിടെ ഒരുമിച്ചു കൂടിയത്. അവര്‍ അയ്യായിരത്തിലധികമുണ്ടായിരുന്നു വെന്ന് അക്കൊല്ലം ഏപ്രില്‍ 6-ാം തീയതിയിലെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് അലസിപ്പോയതോടെ അവര്‍ ആ രംഗത്ത് നിന്നു തന്നെ നിഷ്‌ക്രമിച്ചു. പ്രക്ഷോഭണം കേശവമേനോന്‍ പ്രഭൃതികള്‍ സ്വേച്ഛയാ സത്യാഗ്രഹമാക്കി മാറ്റുകയും ചെയ്തു.7

8 വൈക്കത്തെ പൊതു നിരത്തുകളിലൂടെ നടക്കാനുള്ള അനുവാദം ലഭിക്കുന്നതുവരെ തങ്ങള്‍ ഇവിടെ കുത്തിയിരിക്കും. ആ കുത്തിയിരി പ്പിന്റെ ദയനീയത കണ്ട് മനസ്സലിഞ്ഞ് ഒരു ദിവസം ബ്രാഹ്മണര്‍ വഴി നടക്കാന്‍ അനുവദിക്കും എന്ന പ്രത്യാശയാണല്ലോ സത്യാഗ്രഹത്തിന്റെ യുക്തി.

ആ കുത്തിയിരുപ്പിലൂടെ ആ വഴിയിലൂടെ ആയിത്തക്കാര്‍ക്ക് നടക്കുവാനുള്ള അനുവാദം നല്‍കേണ്ട അവകാശം ബ്രാഹ്മണനാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്തത്. അതാണ് സത്യാഗ്രഹത്തില്‍ അടങ്ങിയിരിക്കുന്ന വലിയ വഞ്ചന. ആ വഞ്ചന മനസ്സിലാക്കിയതു കൊണ്ടാണ് കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തോടു അനുഭാവം കാണിക്കുകയോ സഹകരിക്കുകയോ ചെയ്യാതിരുന്നത്. ആദിവാസി- ദ്രാവിഡ സങ്കരസന്തതികളുടെ എല്ലാ അവകാശങ്ങളേയും അട്ടിമറിക്കുന്ന വഞ്ചനയായിരുന്നു അത്. ഇന്ന് വൈക്കം സത്യാഗ്രഹത്തെ സവര്‍ണ്ണര്‍ പാടി പുകഴ്ത്തിക്കൊണ്ടു നടക്കുന്നതിന്റെ കാരണവും അതാണ്. എസ്.എന്‍.ഡി.പി.യോഗംപോലുള്ള അവര്‍ണ്ണ സമുദായ സംഘടനകള്‍ കഥയറിയാതെ ആട്ടം കാണുകയാണ്. വൈക്കം സത്യാഗ്രഹം എന്നു കേള്‍ക്കുമ്പോള്‍ ഒരു സ്ഥല ജല വിഭ്രാന്തിയാണ് അവരെ ബാധിക്കുന്നത്. ആ സംഘടനയുടെ സ്ഥാപകനെയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും പറ്റി പഠിക്കണം. അതില്ലാതെ പോയതാണ് ഇന്നത്തെ പരാജയം. ആ വഞ്ചനയ്ക്ക് നിരപരാധികളെ വിധേയരാക്കിയ ഗാന്ധിയെ കാണാനുള്ള സന്മനസുപോലും കറുപ്പന്‍ കാട്ടാതിരുന്നത് അതുകൊ ണ്ടാണ്.

9 പരശുരാമന്‍ മഴു എറിഞ്ഞു കടലില്‍ നിന്നും പൊക്കി എടുത്ത് കേരളം ബ്രാഹ്മണര്‍ക്കു കൊടുത്തു എന്ന ഐതീഹ്യത്തിലപ്പുറം പൊതുവഴി തങ്ങളുടേതാണെന്ന് അവകാശപ്പെടുവാന്‍ ബ്രാഹ്മണര്‍ക്കു എന്തെങ്കിലും രേഖയോ തെളിവോ യുക്തിയോ ഇല്ല. ഇന്നുവരെ അങ്ങനെ ഒന്നും ആരും ഉന്നയിച്ചിട്ടില്ല. ആ പരിതസ്ഥിതിയിലാണ് ഗാന്ധി അയിത്ത ജാതിക്കാരുടെ പ്രതിനിധി എന്ന വ്യാജേന ബ്രാഹ്മണരുടെ വാദഗതിയെ അംഗീകരിച്ചത്. അതിനാല്‍ കറുപ്പന്‍ മാസ്റ്ററുടെ നിലപാട് യുക്തിപൂര്‍ണ്ണമാണ്.

10 ഇന്ന് കേരളത്തിലെ വനങ്ങളില്‍ വസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഒരു പുതിയ പേര് ഗാന്ധിയുടെ അനുയായികള്‍ നല്‍കിയിരിക്കുകയാണ്. വനവാസികള്‍-ആദിവാസികള്‍ എന്നതുകൊണ്ടുദ്ദേശിക്കപ്പെട്ടത് ഈ ഭൂമിയില്‍ ആദ്യം വസിച്ചവര്‍ എന്നാണല്ലോ. ആദ്യം വസിച്ചവര്‍ക്കാണല്ലോ യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ അവകാശം. ഇന്ന് അവര്‍ക്ക് ഭൂമിയുടെ അവകാശമില്ലെങ്കിലും അത് ഒരു കാലത്ത് അവരുടേതായിരുന്നു എന്ന് അനുസ്മരിക്കാനുള്ള ഒരു മൂലമാണ് ആ പേര്. അതിനാല്‍ ആ പേരുപോലും അവശേഷിപ്പിച്ചുകൂടാ എന്ന ചിന്തയോടെ തയ്യാറാക്കിയ താണ് വനവാസി എന്ന പേര്. ഗാന്ധിയുടെ ഹരിജന്‍ സര്‍ക്കാര്‍ നിരോധിച്ച കൂട്ടത്തില്‍ ഗിരിജനും നിരോധിച്ചതാണ്. വനവാസി എന്നതിന്റെ ആശയവും അതുതന്നെയാണല്ലോ. വനവും, ഗിരിയും, കാടും, മലയും ആരാണ് ഇവിടെ വനവാസിയുടെ സന്തതികള്‍ അല്ലാതുള്ളത്? ഒരു കാലത്ത് കേരളം മുഴുവനും ഒരു വലിയ വനമായിരുന്നു. നല്ല വെയിലും, മഴയും, തിരുവാതിര ഞാറ്റുവേലയും മൂലം കൊടുംകാടായി വളര്‍ന്ന കേരളത്തില്‍ ഹിംസ്രമൃഗങ്ങളും, സര്‍പ്പങ്ങളും ഉണ്ടായി. അവയെ അതിജീവിക്കാന്‍ കഴിവുണ്ടായപ്പോഴാണ് മനുഷ്യന്‍ ഇവിടത്തെ വനത്തില്‍ വന്നു വസിക്കുകയും വെട്ടിത്തെളിച്ചു കൃഷി ആരംഭിക്കുകയും ചെയ്തത്. അങ്ങനെ ആദ്യം കയറിവന്ന ധൈര്യശാലികളുടേതും, ബുദ്ധിശാലികളു ടേതുമായിരുന്നു കേരളം. അവരില്‍ നിന്നും അത് തട്ടിയെടുത്തവര്‍ പരശുരാമ ഐതിഹ്യം കെട്ടിച്ചമച്ച് സ്വന്തമാക്കി.8 ഇന്ന് അതിന് ഒരു താങ്ങായി കൊണ്ടുവന്നതാണ് വനവാസി എന്ന നാമം. നിങ്ങള്‍ ഈ നാട്ടുകാരല്ല, നാട്ടിലെങ്ങും നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല. നിങ്ങള്‍ കാട്ടുവാസികള്‍, ഞങ്ങള്‍ നാട്ടുവാസികള്‍. ഗാന്ധിപറഞ്ഞു, കേരളം ബ്രാഹ്മണരുടേതാണ് എന്ന്. അവരുടെ അനുവാദം കൂടാതെ ഇവിടെ നടക്കാന്‍ പാടില്ല, അത് ചോദിച്ചു വാങ്ങിക്കുക.

11 കേരളത്തിന്റെ ഒരു ഭാഗമായ എറണാകുളത്ത് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുലയര്‍ക്ക് യോഗം ചേരാന്‍ ഒരു സ്ഥലം ലഭിച്ചിരു ന്നില്ല. അവര്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിന്റെ മുകളില്‍ പലക നിരത്തി മൈതാനം ഉണ്ടാക്കി യോഗം ചേര്‍ന്നു. അതാണ് ഈ നാടിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കുണ്ടായ ഗതികേട്. ആന്ന് ആ മൈതാനം നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനായിരുന്നു. ആ കറുപ്പന്‍ മാസ്റ്റര്‍ വൈക്കംസത്യാഗ്രഹത്തില്‍ പങ്കെടുക്കാതിരുന്നത് യുക്തിപൂര്‍വ്വമായിരുന്നു.

അങ്ങനെ പുലയരുടെ എല്ലാ പ്രശ്‌നങ്ങളിലും സഹകരിച്ചിരുന്ന കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തില്ല. അത്പുലയരെ വഞ്ചിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു. ആ വഞ്ചന കറുപ്പന്‍ മാസ്റ്റര്‍ മനസ്സിലാക്കിയിരുന്നു.

12 തിരുവിതാംകൂര്‍ രാജാവ് മൂലം തിരുനാള്‍ രാമവര്‍മ്മ രാജാവി നേയും റാണി സേതുലക്ഷ്മിഭായിയേയും പിന്നീട് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവിനേയും മൂന്നു ഘട്ടങ്ങളിലായി സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്ത് പോയ കറുപ്പന് വൈക്കം അത്ര അകലെ ഒന്നുമായിരുന്നില്ല. വൈക്കത്ത് എത്തി അയിത്തത്തിനെതിരായി നടക്കുന്ന എന്നു പറയുന്ന ആ സമരത്തിന് തന്റെ അനുഭാവം പ്രകടിപ്പിക്കുക എന്നത് അത്ര അസാധ്യമായ കാര്യമൊന്നുമായിരുന്നില്ല. സത്യാഗ്രഹത്തിനു മൂന്നുവര്‍ഷത്തിനു ശേഷം തിരുവിതാംകൂറില്‍ ആദ്യമായി വാല സേവാസമിതി രൂപീകരിച്ച സ്ഥലമാണ് വൈക്കം എന്നു പറഞ്ഞാല്‍ വൈക്കം അന്നൊരു വാല സമുദായകേന്ദ്രം കൂടിയായിരുന്നു.9 പണ്ഡിറ്റ് കറുപ്പന്‍ വൈക്കത്ത് വന്ന് സത്യാഗ്രഹത്തില്‍ പങ്കെടുത്തിരു ന്നെങ്കില്‍ അതൊരു വലിയ വാര്‍ത്തയാകുമായിരുന്നു. ഈ.വി. രാമസ്വാമി നായ്ക്കരെ പോലെ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കാവുന്ന നേതാവാ യിരുന്നു അദ്ദേഹം. പക്ഷേ അത് സംഭവിച്ചില്ല.

13 വൈക്കം അന്നും ഇന്നും വാലന്‍മാരുടെ ഒരു സുപ്രധാന കേന്ദ്രമാണ്. പ്രത്യേകിച്ചും അവര്‍ തിങ്ങിപ്പാര്‍ക്കുന്നത് വൈക്കം ക്ഷേത്ര ത്തിന് സമീപമുള്ള കായല്‍ത്തീരത്താണ്. വൈക്കം ക്ഷേത്രത്തിലെ ഉത്സവത്തി നുള്ള കൊടിക്കയര്‍ ആണ്ടുതോറും കൊടുക്കുന്നത് വാലന്‍മാരാണ്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്.കറുപ്പന്‍ തന്നെ ആ വിവരം ഉദ്യാനവിരുന്ന് എന്ന കവിതയില്‍ ഒരു ഭാഗത്ത് പറയുന്നുണ്ട്. അത് വൈക്കത്ത് മാത്രമല്ല, പല പുരാതന ക്ഷേത്രങ്ങളിലെയും പതിവാണ്. എങ്ങനെ അത് ആരംഭിച്ചു എന്ന് അന്വേഷിക്കാന്‍ ഇന്നും ആരും തയ്യാറായിട്ടില്ല. അവരാരും സത്യാഗ്രഹത്തിന്റെ ഒരു ഘട്ടത്തിലും അതിനോട് സഹകരിച്ചില്ല. ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള വിറക് നിരോധന നിരത്തുകളിലൂടെ ക്ഷേത്രകവാടത്തില്‍ കൊണ്ടുപോയി കൊടുത്തിരുന്നതും വൈക്കത്തെ വാലന്‍മാരാണ്. വൈക്കത്ത് സത്യാഗ്രഹം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ചെറായിയില്‍ അരയ വംശോദ്ധാരിണി സഭയുടെ വാര്‍ഷികയോഗം നടന്നത്. അരയന്‍മാരും വാലന്‍മാരും ഒന്നാകണമെന്നും അവര്‍ ഒരു സംഘടനയുടെ കീഴില്‍ ഒരുമിക്കണമെന്നും അരയും വാലും കളഞ്ഞ് ധീവരരാകണമെന്നുമെല്ലാം ആ സമ്മേളന ത്തിലാണ് കറുപ്പന്‍ നിര്‍ദ്ദേശം ഉന്നയിച്ചത്. ആ സമ്മേളന ത്തിന് മൂന്നുവര്‍ഷത്തിനുശേഷമാണ് വൈക്കത്ത് വാലസേവാസമിതി രൂപീകരി ച്ചത്. അവിടെ കറുപ്പന്‍ മാസ്റ്ററുടെ നിര്‍ദ്ദേശം വിലപ്പോയില്ലഎന്നാണല്ലോ അനുമാനിക്കേണ്ടത്. വാലന്‍മാരുടെ പുരോഗതിക്കുവേണ്ടി പലതും ചെയ്യേണ്ടത് സര്‍ക്കാരാണ്. അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അതാത് സര്‍ക്കാരിന്റെ അധികാരാതിര്‍ത്തിക്കുള്ളില്‍ പ്രത്യേക സംഘടന ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന അടിസ്ഥാനത്തിലാണ് വാല സേവാസമിതിയുടെ ഉത്ഭവം. വൈക്കത്ത് വാലന്‍മാര്‍ അയിത്ത ജാതിക്കാരാണ് എന്ന ഉത്തമബോദ്ധ്യം കറുപ്പന്‍ മാസ്റ്റര്‍ക്കുണ്ടായിരുന്നു. അയിത്തത്തിനെതിരായ ഒരു സമരമാണ് വൈക്കത്ത് നടക്കുന്നത് എന്നാണ് സമരക്കാരുടെ അവകാശവാദം. അതില്‍ സഹകരിക്കുക എന്നത് അയിത്തസമുദായങ്ങളിലൊന്നായ അരയ-വാല സമുദായ ത്തിലെ അഭ്യസ്തവിദ്യനും സമുദായപ്രവര്‍ത്തകനുമായ തന്റെ കടമയാണ് എന്ന് കറുപ്പന്‍ മാസ്റ്റര്‍ ചിന്തിച്ചില്ല. കറുപ്പന്‍ മാസ്റ്റര്‍ അന്ന് വൈക്കത്ത് വന്ന് സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ വൈക്കത്തെ വാലന്മാര്‍ കൂട്ടത്തോടെ സത്യാഗ്രഹത്തില്‍ സഹകരിക്കു മായിരുന്നു. സത്യാഗ്രഹ ത്തിന്റെ അവസാനകാലത്തു കണ്ട വാളണ്ടി യര്‍മാരുടെ അഭാവം പരിഹരിക്കപ്പെടുമായിരുന്നു. വൈക്കം സത്യാഗ്ര ഹത്തെ സംബന്ധിച്ചി ടത്തോളം അയ്യന്‍കാളിയും നാരായണഗുരുവും പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയും കറുപ്പന്‍ മാസ്റ്ററും എല്ലാം ഒരേ അഭിപ്രായ ക്കാരായിരുന്നു. ഈ നാലുപേരേക്കാള്‍ ഉന്നതരായ സാമൂഹ്യ വിപ്ലവകാരികളോ അഭിജ്ഞന്‍മാരോ ഹൈന്ദവധര്‍മ്മശാസ്ത്ര ത്തില്‍ പാണ്ഡിത്യമുള്ളവരോ ആരും അന്നു കേരളത്തിലുണ്ടായിരുന്നില്ല. ചട്ടമ്പിസ്വാമികള്‍ സത്യാഗ്രഹം തുടങ്ങി ഒരു മാസത്തിനകം സമാധിയായ തിനാല്‍ അദ്ദേഹം സത്യാഗ്രഹത്തെപ്പറ്റി അഭിപ്രായം ഒന്നും പറയാവുന്ന പരിതസ്ഥിതിയിലായിരുന്നില്ല. ടി.കെ. മാധവനോ, കെ. കേളപ്പനോ, മന്നത്തു പത്മനാഭനോ കെ.പി.കേശവമേനേനോ, ആരും അയിത്ത ത്തെയും അതിന്റെ പ്രശ്‌നങ്ങളെപ്പറ്റിയും മറ്റും അഭിപ്രായം പറയുവാന്‍ ആ ദാര്‍ശിനിക പ്രമുഖര്‍ക്ക് തുല്യരല്ല. അവര്‍ നാലുപേരും ഒരേ അഭിപ്രായക്കാരായതിനാല്‍ വൈക്കം സത്യാഗ്രഹം ജാതിക്കോ അയിത്തത്തിനോ ഒരു മറുപടിയോ പരിഹാരമോ ആയിരുന്നില്ല, അത് വെറുമൊരു രാഷ്ട്രീയ കരുനീക്കം മാത്രമായിരുന്നു എന്നു വ്യക്തമാണ്. അതിന് അവരുടെ നാലുപേരുടെയും നിസ്സഹകരണം തെളിവാണ്. നാരായണഗുരുവിന് അന്ന് 68 വയസ്സ്, അയ്യന്‍കാളിക്കു 61 വയസ്സ് യോഹന്നാന്‍ ഉപദേശിക്കു 45 വയസ്സ്, കറുപ്പന് 39 വയസ്സും ഉണ്ടായിരുന്നു. 1898 മുതല്‍ 1928 വരെ 40 വര്‍ഷക്കാലം ആ നാലു മഹാരഥന്മാര്‍ ഒരേസമയം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ വിളങ്ങിയിരുന്നു.

14 ഗാന്ധി വൈക്കത്ത് വന്ന 1925 മാര്‍ച്ച് 10 ഘട്ടത്തില്‍ പോലുംകറുപ്പന്‍ മാസ്റ്റര്‍ അവിടെ എത്തിയില്ല എന്നത് തീര്‍ച്ചയായും മന:പൂര്‍വ്വം തന്നെയായിരിക്കണം. ഗാന്ധി വൈക്കത്ത് വന്നത് എറണാകുളം കടന്നാണ്. എറണാകുളത്തുനിന്നും അദ്ദേഹം വൈക്കത്ത് ബോട്ടുജട്ടി യിലാണ് വന്നിറങ്ങിയത്. 1925 മാര്‍ച്ച് 8-ാം തീയതി എറണാകുളം മുനിസിപ്പാലിറ്റി ഗാന്ധിക്ക് ഒരു മംഗളപത്രം സമര്‍പ്പിച്ചു. അന്ന് തന്നെ മറ്റൊരു യോഗത്തില്‍ കൊച്ചി പൗരാവലിയോടും അദ്ദേഹം പ്രസംഗിച്ചു. അവിടെയെങ്ങും കറുപ്പന്‍ മാസ്റ്റര്‍ സന്നിഹിതനായിരുന്നില്ല. അന്ന് മാസ്റ്റര്‍ എറണാകുളം ബാലികാപാഠശാലയില്‍ അധ്യാപകനായി എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിന് തെക്കുവശത്തുള്ള ഒരു വാടകകെട്ടിടത്തില്‍ താമസിക്കുകയായിരുന്നു. അതും സാഹിതികുടീരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സുഹൃത്തുക്കളും ശിഷ്യന്‍മാരു മായി വളരെ പ്രസരിപ്പുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സാഹിതീ കുടീരം അന്ന് സാഹിത്യകാരന്‍മാരുടെ, പ്രത്യേകിച്ചും അയിത്തജാതി കളില്‍പെട്ട സാഹിത്യകാരന്‍മാരുടെ ഒരു സമ്മേളനവേദി യായിരുന്നു എങ്കിലും അന്ന് ടൗണിലെത്തിയ ഗാന്ധിയെ കാണാന്‍ ലഭിച്ച അപൂര്‍വ്വാ വസരം അദ്ദേഹം വിനിയോഗിച്ചില്ല.

15 ഇന്ന് അധികം ചര്‍ച്ചചെയ്യപ്പെട്ടില്ലെങ്കിലും 1916-ല്‍ വൈക്കം സത്യാഗ്രഹത്തിന് എട്ടുവര്‍ഷം മുമ്പ് കറുപ്പന്‍ മാസ്റ്റര്‍ കൊച്ചിയിലെ പുലയരെ എറണാകുളം പട്ടണത്തിലൂടെ ക്ഷേത്രസാമീപ്യമൊന്നും പരിഗണിക്കാതെ നടത്തിച്ച ഒരു സംഭവമുണ്ട്. 1916-ല്‍ എറണാകുളത്ത് ഇന്നത്തെ സുഭാഷ് പാര്‍ക്കില്‍ വച്ച് ഒരു കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം നടന്നു. അന്നത്തെ കൊച്ചി ദിവാന്‍ ജെ.ഡബ്ലൂ.ദോര്‍ ഐ.സി എസ് ആയിരുന്നു അത് സംവിധാനം ചെയ്തത്. അതിന്റെ സമാപനസ മ്മേളനത്തില്‍ കറുപ്പന്‍ മാസ്റ്ററും പ്രസംഗകനായുണ്ടായിരുന്നു. ദിവാന്‍ തന്നെയായിരുന്നു യോഗാദ്ധ്യക്ഷന്‍. മാസ്റ്ററുടെ പ്രസംഗം വളരെ തന്മയത്വമായിത്തന്നെ നടന്നു. ഇടയ്ക്ക് ചില പച്ചപ്പരമാര്‍ത്ഥങ്ങള്‍ ദിവാന്‍കൂടി അറിയുന്നതിനുവേണ്ടി മാസ്റ്റര്‍ അവതരിപ്പിച്ചു. അവിടെ അനേകതരം കാര്‍ഷിക വിളകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വലിയ ചേന, കാച്ചില്‍, മത്തന്‍ തുടങ്ങിയവയും നെല്‍ക്കതിരുകളുമെല്ലാം ഉണ്ടായി രുന്നു. അവയെല്ലാം കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വിളഞ്ഞവയാണ്. അത് അവിടെ കൊണ്ടുവന്നത് അതാതിന്റെ ജന്‍മിമാരാണെങ്കിലും അതിനുവേണ്ടി ഭൂമിയില്‍ പണിയെടുത്തത് അതാത് ജന്‍മിമാരുടെ കീഴിലുള്ള പുലയരാണ്. അവര്‍ വെട്ടിയും കിളച്ചും വേലചെയ്തുണ്ടാ ക്കിയ ആ ഫലങ്ങള്‍ ഒന്ന് കണ്‍ കുളിര്‍ക്കെ കാണാനും കണ്ട് ആസ്വദി ക്കാനും അവര്‍ക്ക് ഭാഗ്യമില്ല. കാരണം അവര്‍ ജനിച്ചത് പുലയസ്ത്രീ കളില്‍ നിന്നാണ്, അത് വളരെ കഷ്ടമാണ്. അതിനാല്‍ യൂറോപ്യനായ ദിവാന്‍ ആ പുലയര്‍ക്കു ഈ സാധനങ്ങള്‍ ഒരുനോക്കു കാണാന്‍ ഒരു അവസരം നല്‍കിയാല്‍ അത് അവരോട് കാണിക്കുന്ന വലിയൊരു ദയയാണ്. പ്രസംഗം സശ്രദ്ധം കേട്ടുകൊണ്ടിരുന്ന സായിപ്പ് അപ്പോള്‍ അവിടെ വച്ചു തന്നെ അതിനനുവാദം കൊടുത്തു. അപ്പോള്‍ കായലിലും അവിടെ ചുറ്റുപാടുമുള്ള പുലയരെ കറുപ്പന്‍ മാസ്റ്റര്‍ ആളയച്ചുവരുത്തി. അവരെ പ്രദര്‍ശനശാലയിലേക്ക് കയറ്റി വിട്ടു. അവരെല്ലാം കൂടി നൂറോളം പേര്‍ വരും. പ്രദര്‍ശനശാലയുടെ നിബന്ധന അനുസരിച്ച് പ്രദര്‍ശനം കണ്ട് പുറത്തേയ്ക്ക് ഇറങ്ങേണ്ടത് എറണാകുളം ശിവക്ഷേത്രത്തിന്റെ വാതില്‍ക്കലേക്കാണ്. ആ പുലയരെല്ലാം അവിടേക്കിറങ്ങി ക്ഷേത്രത്തിന് സമീപത്തു കൂടി തങ്ങളുടെ വള്ളങ്ങള്‍ കിടക്കുന്ന സ്ഥലത്തേക്ക് പോയി. വൈക്കത്തെ നിയമമനുസരിച്ചാണെങ്കില്‍ അവരെല്ലാവരും അന്ന് ആ ക്ഷേത്രപരിസരം അയിത്തമാക്കി. അതിനെ എതിര്‍ക്കാന്‍ അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ അവര്‍ പ്രദര്‍ശനം കാണുക മാത്രമല്ല, പൊതുവഴിയിലൂടെ അയിത്തശങ്കകൂടാതെ നടക്കുകയും ചെയ്തു. അതിന് നേതൃത്വം കൊടുത്തത് കറുപ്പന്‍ മാസ്റ്ററാണ്.

16 1924-25 കാലത്ത് വൈക്കത്ത് അയിത്തത്തിനെതിരായി 603 ദിവസം നീണ്ടു നിന്ന സത്യാഗ്രഹം നടന്നു. അയിത്തത്തിനെതിരേജീവിതകാലം മുഴുവന്‍ സമരം നടത്തിയ അയ്യന്‍കാളി ആ കാലത്ത് വൈക്കത്തിനും തെക്ക് വശത്ത് ചങ്ങനാശ്ശേരി വാഴപ്പള്ളിയിലെ സാധുജന പരിപാന സംഘത്തിന്റെ ഓഫീസിലുണ്ടായിരുന്നു. പണ്ഡിറ്റ് കറുപ്പന്‍ ആകാലത്ത് വൈക്കത്തിന് വടക്ക് വശത്ത് എറണാകുളത്ത് സാഹിതീകുടീരം എന്ന തന്റെ വാസസ്ഥലം കേന്ദ്രമാക്കി അയിത്ത ത്തിനെതിരായി സമരം നടത്തുകയായിരുന്നു. അയ്യന്‍കാളിക്കും കറുപ്പന്‍ മാസ്റ്റര്‍ക്കും ഒപ്പം അന്നു കേരളത്തില്‍ അയിത്തത്തിനെതിരേ സമരം നടത്തിയിരുന്നവര്‍ നാരായണഗുരുവും പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയുമായിരുന്നു. എന്നുപറഞ്ഞുവല്ലോ.

നാരായണഗുരു മാത്രം വൈക്കത്തെ സത്യാഗ്രഹ ക്യാമ്പ് സന്ദര്‍ശിച്ചു. പക്ഷെ പറഞ്ഞത് വ്യത്യസ്തമായിട്ടാണ്. സത്യാഗ്രഹം കൊണ്ട് വഴി നടക്കാന്‍ അനുവാദം ലഭിക്കുമെങ്കില്‍ ഗാന്ധി ഒരു ദിവസം സത്യാഗ്രഹം നടത്തി അത് നേടുക, ഈ ജനങ്ങളെ നിത്യവും മഴയും വെയിലും മഞ്ഞും കൊള്ളിക്കേണ്ടതില്ല. സത്യാഗ്രഹം കൊണ്ട് കാര്യം നേടുകയില്ല. വഴി തടഞ്ഞുകൊണ്ട് കെട്ടിയിരിക്കുന്ന വേലിചാടിക്കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച് ശ്രീകോവിലില്‍ എത്തി പാല്‍പായസം വെച്ചിട്ടുണ്ടെങ്കില്‍ അത് എടുത്തു കുടിക്കുക, മനുഷ്യര്‍ എവിടെ എല്ലാം പ്രവേശിച്ചാല്‍ അയിത്തമാകുമോ അവിടെയല്ലാം പ്രവേശിക്കുക എന്നെല്ലാമാണ് ഗുരു സത്യാഗ്രഹത്തെ സംബന്ധിച്ചു പറഞ്ഞത്. പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിക്കും അനുയായികള്‍ക്കും അന്ന് വഴിതടഞ്ഞിരുന്നില്ല. അവരെല്ലാം ക്രിസ്ത്യാനികളായിട്ടാണ് അറിയ പ്പെട്ടിരുന്നത്. ഇപ്പോഴാണ് പൊയ്കയില്‍ യോഹന്നാന്‍ ഹിന്ദുവായത്, കുമാര ഗുരുദേവനായത്. ആര്‍ക്കെല്ലാം പൊതുവഴി തടയപ്പെട്ടിരുന്നുവോ അവരെല്ലാം പേരുമാറി ക്രിസ്തീയ നാമം സ്വീകരിച്ചാല്‍ വഴിനടക്കാം എന്ന് മൗനമായി ഉപദേശിക്കുകയാണ് അദ്ദേഹം സത്യാഗ്രഹത്തിലെ തന്റെ അസാന്നിദ്ധ്യം കൊണ്ട് നടത്തിയത്.

17 വൈക്കം സത്യാഗ്രഹകാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന നാലു പ്രമുഖരായ സാമൂഹ്യനവോത്ഥാന നായകരും വിപ്ലവകാരികളും വൈക്കത്തേയ്ക്ക് എത്തിനോക്കിയതു പോലുമില്ല അതിലപ്പുറമുള്ള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളോ വിപ്ലവകാരികളോ ആരെങ്കിലും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നുവോ? ഏതാനും രാഷ്ട്രീയ ഭിക്ഷാംദേഹി കളുടെ ചവിട്ടുനാടകം മാത്രമായിരുന്നു വൈക്കം സത്യാഗ്രഹം. നാരായണഗുരുവിനും അയ്യന്‍കാളിക്കും പണ്ഡിറ്റ് കറുപ്പനും പൊയ്കയില്‍ ഉപദേശിക്കും വേണ്ടാത്തത് കെ.പി.കേശവമേനോനും കേളപ്പനും ടി.കെ മാധവനും എടുത്തു പൊക്കിക്കൊണ്ടു നടന്നു. അത് വെറും ഒരുരാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നു എന്ന് അതില്‍ നിന്നു വ്യക്തമാണ്.

സത്യാഗ്രഹം കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന അഭിപ്രായമാണ് കറുപ്പന്‍ മാസ്റ്റര്‍ക്ക് ഉണ്ടായിരുന്നു അദ്ദേഹം എഴുതി. 
'അതിനാലന്ത്യജാന്തണരും മറ്റുള്ളോ
രഖിലരും കേള്‍ക്കായ് വരും വണ്ണം
അശരീരി വാക്കൊന്നരുളിയാത്തര്‍ക്കു
മധുനാതീര്‍ക്ക നീ ശിവശംഭോ''10

വൈക്കത്തപ്പനോട് അദ്ദേഹം നടത്തിയ എട്ടു ശ്ലോകങ്ങളടങ്ങിയ അഭ്യര്‍ത്ഥന അവസാനിക്കുന്നത് അങ്ങനെയാണ്. അത് ഇതേവരെ വൈക്കത്തപ്പന്‍ ചെവിക്കൊണ്ടില്ല. അതിനാല്‍ തര്‍ക്കം ഇതേവരെ തീര്‍ന്നില്ല. അയിത്തം ഇപ്പോഴും നിലനില്‍ക്കുന്നു. 

ആശയപരമായി അയ്യന്‍കാളിയും കറുപ്പനും ഒരേദിശയില്‍ തന്നെ ആയിരുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. അദ്ദേഹം അയ്യന്‍കാളിയും നാരായണഗുരുവുമായും ബന്ധപ്പെട്ടില്ലെങ്കിലും 1902-ല്‍ അദ്ദേഹം ആലത്തൂര്‍ സിദ്ധാശ്രമത്തിലെത്തി സ്വാമി ബ്രഹ്മാനന്ദ ശിവയോഗിയെ കണ്ടു എന്നു മുമ്പ് സൂചിപ്പിച്ചുവല്ലോ.

പണ്ഡിറ്റ് കറുപ്പന്‍ പ്രഥമവും പ്രധാനവുമായി ഒരു സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്നു. അതിനിടയ്ക്ക് തനിക്കു ലഭിച്ച സമയവും പണവും അദ്ദേഹം അധ:സ്ഥിതോന്നമനത്തിനായി വിനിയോഗിച്ചു. വലിയൊരു സംസ്‌കൃതപണ്ഡിതനായിരുന്നുവെങ്കിലും തന്റെ പ്രധാന കൃതികളിലും പ്രസംഗങ്ങളിലും ലളിതമായ മലയാളം ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തെ സാധാരണക്കാരുമായി അടുപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമായി ത്തീരാന്‍ കാരണമായതും അതാണ്. ജാതിക്കുമ്മിയും മറ്റും അതിനുദാഹരണങ്ങളാണ്.

കുറിപ്പുകള്‍ 

1. ജാതിക്കുമ്മി, പദ്യം 129, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 346.
2. അതേ പുസ്തകം 75-ാം പദ്യം, പേജ് 337.
3. അതേ പുസ്തകം 72-ാം പദ്യം, പേജ് 336.
4. Veloo Pillai,T.K., The Travancor State Mannuel Vol II, p.707.
5 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക. കാണുക.
6. കേശവമേനോന്‍, കെ.പി. കഴിഞ്ഞകാലം.
7. ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, കാണുക.
8. ദലിത്ബന്ധു, കറുത്ത കേരളം, കാണുക.
9. വേലായുധന്‍, കെ.കെ, പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ, പേജ് 10.
10. വൈക്കത്തപ്പനോട്, പദ്യം 8, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 18.