"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

കാനപ്പുലയരും ജീവിത രീതിയും - കുന്നുകുഴി എസ് മണി


കേരളത്തിലെ കിഴക്കന്‍ താലൂക്കുകളില്‍ കാണുന്ന പശുപ്പുലയരെയാണ് കാനപ്പുലയരെന്നു പറയുന്നത്. തങ്ങള്‍ മറ്റ് പുലയരെക്കാള്‍ ആഭിജാത്യ മുള്ളവരാണെന്ന് സ്വയം അഭിമാനി ക്കുന്നു ണ്ടെങ്കിലും പണ്ടുകാലത്ത് ഇവര്‍ ചത്തമാടുകളെ ഭക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. ആലങ്ങാട്ടും, കുന്നത്തുനാട്ടിലുമാണ് കാനപ്പുല യരെ പ്രധാനമായും കണ്ടിരുന്നത്.

പാടശേഖരങ്ങള്‍ക്കടുത്താണ് ഇവര്‍ താമസസ്ഥലങ്ങള്‍ ഒരുക്കുന്നത്. നിലത്തുനിന്നും ഉയര്‍ന്ന സ്ഥലത്താണ് കുടിലുകള്‍ പണിയുന്നത്. ഭംഗിയുള്ള കുടിലുകളില്‍ പുട്ടിലും, തഴപ്പായുമല്ലാതെ മറ്റൊരു ഉപകരണവും കാണുകയില്ല. വെപ്പും കുടിയും കുടിലിനുള്ളില്‍ വച്ചുതന്നെ. ഒരു ഉരലും ഉലക്കയും എവിടുന്നെങ്കിലും കൊണ്ടുവരും. ഋതുകാലത്ത് പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ അടുത്തു തന്നെ മറ്റൊരു കുടിലും (തീണ്ടാപ്പുര) കെട്ടും. പാടത്തു കൃഷിപ്പണി ചെയ്യുന്നതിനാല്‍ ധാരാളം നെല്ല് ഇവര്‍ക്ക് ലഭിക്കാറുണ്ട്. പുലയനും, പുലയിയും കള്ളുകുടിച്ച് മദിക്കുന്നതു കാരണം പലരും പട്ടിണിയെ അഭിമുഖീകരി ക്കാറുണ്ട്. പഞ്ഞകാലത്ത് മത്സ്യം പിടിച്ചും മാംസം ഭക്ഷിച്ചും മറ്റും ഇവര്‍ ജീവന്‍ നിലനിറുത്താറുണ്ട്. സാധാരണ മേലാളന്മാരുടെ പാടത്തെ കൃഷിപ്പണിക്കാണ് ഇവര്‍ പോകുന്നത്. ഇടവം മുതല്‍ തുലാം വരെയും ധനു മുതല്‍ മേടം വരെയുമാണ് പാടത്ത് കൃഷിപ്പണികള്‍ ഉള്ളത്. പാടത്തെ പണിയില്ലാത്തപ്പോള്‍ മറ്റ് കൂലിപ്പണികള്‍ക്കും ഇവര്‍ പോകാറുണ്ട്.

ആണുങ്ങള്‍ സാധാരണ തോര്‍ത്താണ് ഉടുക്കുന്നത്. മറ്റൊരുതോര്‍ത്ത് തലയില്‍ കെട്ടും. പണ്ടുകാലത്ത് സ്ത്രീകള്‍ മാറു മറയ്ക്കാറില്ലായിരുന്നു. മാറു മറയ്ക്കാന്‍ പാടില്ലെന്നാണ് അന്നത്തെ മേലാള നിയമം തന്നെ. കല്ലു മാലയും കവടിമാലയും സ്ത്രീകള്‍ ധാരാളമായി ധരിച്ചിരുന്നു. മാത്രമല്ല ഒരു ചരടില്‍ മിന്ന് (താലി) കെട്ടിയിടാനും ഇവര്‍ മറക്കാറില്ല. കാലം കടന്നപ്പോള്‍ മാറ്റങ്ങള്‍ക്ക് ഇവരും വിധേയരായി.

കാനപ്പുലയര്‍ അമ്മയുടെ ഗോത്രവംശമനുസരിച്ചാണ് ജീവിക്കുന്നത്. രണ്ടുഗോത്രവും ഓരോ ഗോത്രത്തിനും പല വിഭാഗങ്ങളും നിലവിലുണ്ടാ യിരുന്നു. ഒരു ഉപഗോത്രത്തിലുള്ള പുരുഷന്‍ ആ ഉപഗോത്രത്തില്‍ നിന്നും വിവാഹം കഴിക്കാറില്ല. ഒരു ഉപഗോത്രത്തില്‍ ഒരാള്‍ മരിച്ചാല്‍ ആ ഉപഗോത്രം മുഴുവന്‍ പുല ആചരിക്കാറുണ്ട്. അമ്മാവന്റെ മകളയോ, അച്ഛന്റെ പെങ്ങളുടെ മകളെയോ മുറപ്പെണ്ണായി ഇവര്‍ കരുതുന്നില്ല.

ഋതുകാലത്തെ ആചാരങ്ങള്‍

കാനപ്പുലയരിലെ ഋതുവായ പെണ്ണിനെ പതിനഞ്ചു ദിവസം പ്രത്യേകമായി കെട്ടിയിട്ടുള്ള കുടിലിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്നു. ആദ്യ ദിവസം പുലയന്‍ ഒരു മലപ്പാട്ടു പാടും. മലപ്പാട്ടുപാടി തീര്‍ന്നാല്‍ ഒരു തേങ്ങ ഉടച്ച് തേങ്ങാവെള്ളം ഋതുവായപെണ്ണിന്റെ തലയില്‍ ഒഴിക്കുന്നു. തേങ്ങാമുറി വള്ളുവനും മറ്റുള്ളവര്‍ക്കുമായി നല്‍കും. ഈ അടിയന്തിരത്തിന് വരുന്നവര്‍ ഓരോരുത്തരും ഇടങ്ങഴി അരിയും, ഒരു കുപ്പികള്ളും കറിക്കോപ്പുകളും കൊണ്ടുവരണം. എത്ര തേങ്ങ ഉടച്ച് ഋതുമതിയായ പെണ്ണിന്റെ തലയില്‍ ഒഴിക്കുന്നോ അത്രയും ഇടങ്ങഴി അരി വള്ളുവന് നല്‍കണം.

രാവിലെ ഏഴ് പുലപ്പെണ്‍കുട്ടികള്‍ക്ക് ഋതുവായ പെണ്ണിന്റെ അമ്മഎണ്ണകൊടുക്കും. എണ്ണതലയില്‍ പൊത്തി (തേച്ച്) പെണ്‍കുട്ടികള്‍ ഋതുപെണ്ണിനെയും കൊണ്ടുപോയി കുളിപ്പിക്കും. കുളികഴിഞ്ഞ് മറ്റുപെണ്‍കുട്ടികളോടൊപ്പം വരുന്ന പെണ്ണിനെ ഭംഗിയായി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ചുറ്റും പുലയര്‍ കുട്ടം കൂടിനിന്ന് ചെണ്ട മേളം മുഴക്കി പെണ്‍കുട്ടിയെ ബാധിച്ച'ചാവുകളെ ഉച്ചാടനം ചെയ്യുന്നു. ഇതിനിടെ ചിലപ്പോള്‍ പെണ്‍കുട്ടി ഉറഞ്ഞുതുള്ളിയെന്നുവരും. ഉച്ചാടനം ചെയ്ത ചാവുകളെ മരത്തില്‍ ആണിയടിച്ച് ബന്ധിക്കുന്നതാണ് പരമ്പരായാലുള്ള വിശ്വാസം.

ഇവരുടെ ഇടയിലെ മാസക്കുളിക്ക് (തീണ്ടാരി) ഏഴു ദിവസമാണ് അശുദ്ധി. ഈ അശുദ്ധിയെ''വിലക്കം' എന്നപേരിലും അറിയപ്പെട്ടിരുന്നു. ഈ കാലത്ത് സ്ത്രീകള്‍ മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കണമെന്നാണ് വ്യവസ്ഥ. ഈ സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക സ്ഥലത്തായിരിക്കും കഴിയുക. നാലാം ദിവസം കുളിച്ച് വീട്ടില്‍ കയറാമെങ്കിലും അടുക്കളയില്‍ കയറാനോ, പാത്രങ്ങളില്‍ തൊടാനോ ഏഴു ദിവസം കഴിഞ്ഞേ പാടുള്ളു. ക്രിസ്തുമത സ്വാധീനവും ആധുനിക ജീവിത രീതികളും കാരണം ഇപ്പോള്‍ മാസക്കുളിക്കാലത്തും പുലയസ്ത്രീകള്‍ അശുദ്ധി ആചരിക്കാറില്ല. വീട്ടിനുപുറത്തു പോകുകയും ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടന്നുറങ്ങുകയും ചെയ്യുന്നു.

വിവാഹം ഋതുവാകുന്നതിന് മുന്‍പ്

കാനപ്പുലയരുടെ ഇടയില്‍ പെണ്‍കുട്ടി ഋതുവാകുന്നതിനുമുന്‍പ് വിവാഹം നടത്തുന്നത് ശുഭലക്ഷണമാണെന്ന് പണ്ടുകാലത്ത് വിശ്വസിച്ചി രുന്നു. തിരണ്ടുകല്യാണത്തിനുമുന്‍പ് കല്യാണം കഴിക്കാത്ത പെണ്‍കുട്ടികളെ ജാതിഭ്രഷ്ടരായി കല്പിക്കാനും പണ്ട് ഇവര്‍ക്ക് മടിയില്ലായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഈ ആചാരാനുഷ്ഠാന ങ്ങള്‍ക്കും വ്യത്യാസം വന്നു.

ചെറുക്കന്റെ അച്ഛനും, അമ്മാവനും ചേര്‍ന്നാണ് വധുവിന്റെ അച്ഛനേയും അമ്മയേയും കണ്ട് പെണ്ണിനെ ചോദിക്കുന്നത്. പെണ്ണിനെ ചോദിച്ച് സമ്മതമായാല്‍ ഒരു ഇണമുണ്ടുമായി ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണുവീട്ടിലെത്തും. വരന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടുന്നു. വരന്റെ അമ്മാവന്‍ വധുവിന്റെ അമ്മാവന് 57 ചക്രം'പെണ്‍പണമായി കൊടുക്കും. ഇതില്‍ 15 ചക്രം പെണ്ണിന്റെ അമ്മയ്ക്കും, 10 ചക്രം അച്ഛനും, 20 ചക്രം ചെറുക്കന്റെ അമ്മയ്ക്കും, 8 ചക്രം വള്ളുവനും, 4 ചക്രം പെണ്ണിന്റെ സഹോദരനും അവകാശപ്പെട്ടതാണ്. പെണ്‍പണം കൊടുത്തുകഴിഞ്ഞാല്‍ കല്യാണ സദ്യയ്ക്കു ഇലവെയ്ക്കും. സദ്യ കഴിഞ്ഞാല്‍ പെണ്ണിന്റെ അമ്മാവന്‍ പെണ്ണിനെ ചെറുക്കന്റെ അമ്മാവന്റെ കൈയ്യില്‍ പിടിച്ച് ഏല്പിച്ചുകൊണ്ട് ഇങ്ങനെപറയുന്നു. ''പെണ്ണിനെ നല്ലതുപോലെ നോക്കിക്കൊള്ളണം. അവളെ കഷ്ടപ്പെടുത്തരുത്. അവള്‍ ദുഷിച്ചു പോവുകയാണെങ്കില്‍ ഞങ്ങള്‍ കാര്യമെല്ലാം ശരിയാക്കിക്കൊള്ളാം. വിവരം ഞങ്ങളെ അറിയിച്ചാല്‍ മതി'.''ഞാന്‍ അവളെ കഷ്ടപ്പെടുത്താതെ നോക്കിക്കൊള്ളാം' എന്ന് വരന്റെ അമ്മാവന്‍ ഏല്‍ക്കുന്നതോടെ വിവാഹചടങ്ങുകള്‍ തീരുന്നു. ഈ സമയത്തൊന്നും വധുവിന്റെ അമ്മയെ അവിടെയൊന്നും കണ്ടുകൂടായെന്നത് പ്രത്യേക നിയമമാണ്. അങ്ങനെ കണ്ടാല്‍ കല്യാണം മുടങ്ങിയതിനുതു ല്യമായി കണക്കാക്കുന്നു. ഈ ആചാരങ്ങള്‍ ഇന്നും പുലയര്‍ക്കിടയില്‍ നിലനില്ക്കുന്നുണ്ട്. പെണ്ണിനെ വരന്റെ അമ്മാവനെ ഏല്പിക്കുന്നതിനു പകരം വരന്റെ അമ്മയെ ഏല്പിക്കുന്ന ചടങ്ങാണ് ഇപ്പോള്‍ പൊതുവെ കാണപ്പെടുന്നത്. കല്യാണം കഴിഞ്ഞാല്‍ വൈകുന്നേരം പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടില്‍ (മറുവീടിന്) പോകുമ്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്.

പണ്ടുകാലത്ത് ഋതുവായപെണ്ണിനെ പതിനഞ്ച് ദിവസം ഒരു പ്രത്യേക കുടിലാണ് ഇരുത്തുന്നത്. അപ്പോള്‍ ഒരു പുലയന്‍ ആദ്യത്തെ ദിവസം ഒരു മലപ്പാട്ടുപാടും. വിവാഹ നിശ്ചയത്തിന് വല്ല തടസ്സവുമുള്ള പക്ഷം വധു ഈ തക്കത്തിന് ഇഷ്ടമുള്ള പുരുഷന്റെ കൂടെ ഒളിച്ചോടിപോകും. കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞ ശേഷം വള്ളുവന് 12 ചക്രം പ്രായശ്ചിത്തം (പിഴപ്പണം) കൊടുക്കുന്നതോടെ ഒളിച്ചോടല്‍ വിവാഹമായി അംഗീകരിക്കും. ഋതുകാല ശേഷവും ഇത്തരം ഒളിച്ചോട്ട വിവാഹങ്ങള്‍ പണ്ടുകാലത്ത് നടന്നിരുന്നു.

ഇവരുടെ ഇടയില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു. അഞ്ചും ആറും ഭാര്യമാരുള്ള പുലയന്മാര്‍ പണ്ടുണ്ടായിരുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ളതുകൊണ്ടും, സ്ത്രീ വിലപിടിപ്പുള്ള വസ്തുവായി കാണപ്പെട്ടിരുന്നതിനാലും സ്ത്രീകള്‍ നല്ല ജോലിക്കാരായിരുന്നതിനാലും കൂടുതല്‍ ഭാര്യമാര്‍ ഉള്ളത് ഐശ്വര്യമായി കരുതിയിരുന്നു. എന്നാല്‍ ഇന്നതെല്ലാം മാറിപ്പോയി. മരിച്ചുപോയ ജേഷ്ഠന്റെ ഭാര്യയെ അനുജന് ഒരുവര്‍ഷത്തിനുശേഷം ഭാര്യയായി സ്വീകരിക്കാം. ഭാര്യയുടെ സഹോദരിമാരെ വിവാഹംകഴിക്കാനും തടസ്സമൊന്നുമില്ല. സ്ത്രീകളുടെ വ്യഭിചാരത്തിന് കഠിന ശിക്ഷയാണ് കാനപ്പുലയര്‍ നല്‍കുന്നത്. അതുകൊണ്ട് വ്യഭിചാരത്തിന് സ്ത്രീകള്‍ തയ്യാറാകുമായിരുന്നില്ല. മരിച്ചുപോയ കന്യകമാരുടെ ചാവുകള്‍'വ്യഭിചാരിണിമാരെ വല്ലാതെ ഉപദ്രവിക്കുമെന്ന വിശ്വാസവും വ്യഭിചാരത്തില്‍ നിന്നും ഇവരെ പിന്‍തിരിപ്പിക്കുന്നുണ്ട്. വ്യഭിചാരകുറ്റം വിധിക്കുന്നത് വള്ളുവനാണ്. വള്ളുവന്‍ പുലയരുടെ ഇടയിലെ പുരോഹിത പ്രമാണിയാണ്. വ്യഭിചാരകുറ്റത്തിന് കഠിന ശിക്ഷവിധിക്കും. വിധി സ്വീകരിക്കുന്നി ല്ലെങ്കില്‍ വ്യഭിചാരം ചെയ്ത പുരുഷനേയും സ്ത്രീയേയും ജാതി ഭൃഷ്ട് കല്പിക്കും.

ഗര്‍ഭകാലത്തെ ആചാരങ്ങളും പ്രസവവും

കാനപ്പുലയര്‍ ഏഴാം മാസത്തില്‍ ഭര്‍ത്താവിന്റെ ഗൃഹത്തില്‍ വച്ച് ഗര്‍ഭിണിയുടെ അച്ഛന്റെ ചെലവില്‍ ''പൊങ്ങല്‍'' എന്ന അടിയന്തിരം നടത്തുന്നു. കിഴക്കുദിച്ചുവരുന്ന സൂര്യനാണ് നിവേദ്യം അര്‍പ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ അവിടെ സന്നിഹിത രായിട്ടുള്ള ബന്ധുക്കള്‍ക്ക് ചെറിയ സദ്യയും കൊടുക്കാറുണ്ട്. വേലത്താന്‍ (പുലയരിലെ മന്ത്രവാദി) സുഖ പ്രസവത്തിനായി മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നു. അപ്പോള്‍ തന്നെ ഗര്‍ഭിണിക്ക് പുളികുടിക്കാന്‍ കൊടുക്കാറുണ്ട്. ഇതിനെ പുളി കുടി അടിയന്തിരമെന്നും പറയപ്പെടുന്നു. ഇപ്പോഴും പുലയരായ ഗര്‍ഭിണികളില്‍ ഏഴാം മാസത്തില്‍ പുളികുടിക്കുന്ന ഏര്‍പ്പാട് നിലവിലുണ്ട്.

പ്രസവവേദന ആരംഭിക്കുമ്പോള്‍ ഗര്‍ഭിണിയെ പ്രത്യേക മാടത്തിലേയ്ക്കു മാറ്റുന്നു. പുലയര്‍ക്ക് (പുരുഷന്മാര്‍) മാടത്തിനടുത്തേയ്ക്ക് പോകാന്‍ പാടില്ല. അശുദ്ധി പതിനഞ്ചു ദിവസമാണ്. അമ്മ പ്രസവത്തിന് സഹായി ക്കണം. ആവശ്യമെങ്കില്‍ പതിച്ചിയുടെ സഹായവും തേടാവുന്നതാണ്. പ്രസവാനന്തരം 28-ാം ദിവസം നൂല്‍കെട്ടാണ് പ്രധാന അടിയന്തിരകര്‍മ്മം. ഇതിനെ 'ഇരുപത്തിയെട്ട് കെട്ട് ' എന്നും പറയാറുണ്ട്. അമ്മാവിയാണ് നവജാത ശിശുവിന്റെ എളിയില്‍ നൂല്‍കെട്ടുന്നത്. ഈ ചടങ്ങ് ഇന്നും പുലയര്‍ക്കിടയില്‍ നിലനില്ക്കുന്നുണ്ട്. അമ്മാവി തന്നെയാവും നൂലുകെട്ടുന്നതും. അശുദ്ധി ഇരുപത്തിയെട്ടാം ദിവസത്തെ നൂലുകെട്ടോടെ അവസാനിക്കും. ദൈവങ്ങളു ടെയോ മാതാവിന്റെ ശാഖയില്‍ ഉളളവരു ടെതോ ആയ പേരാണ് നവജാത ശിശുവിന് ഇടുന്നത്. ആറാം വയസ്സ് എത്തുമ്പോള്‍ പുലയരുടെ പുരോഹിതനായ വളളുവന്‍ മൂര്‍ച്ചയുളള ഒരു സൂചികൊണ്ട് കുട്ടിയുടെ കാത് കുത്തും. വെളിച്ചെണ്ണ പുരട്ടിയാവും കൂത്തുവൃണം കരിക്കുന്നത്. ഒരു പറ നെല്ലാണ് ഇതിലേയ്ക്ക് ചിലവ്. കാതുകുത്തിയ അന്നു തന്നെ ചെണ്ടമേളത്തോടെ കുട്ടിയെ ജന്മിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. വളളുവന് 8 അണയും കാതുകുത്തു കൂലിയായി നല്‍കാറുണ്ട്. ആയിരത്തിത്തൊളളാ യിരത്തി അന്‍പതുകളില്‍ ഈ ലേഖകന്റെ കാതും ഇപ്രകാരം കുത്തിയിരുന്നു. പക്ഷെ അന്ന് ജന്മിവ്യവസ്ഥയില്ലാത്തതുകൊണ്ട് അത്തരമൊരു ചടങ്ങില്ലായിരുന്നു. ഇപ്പോള്‍ കാതുകുത്ത് പുലയര്‍ക്കിടയില്‍ നിലവില്‍ ഇല്ലെങ്കിലും ഫാഷന്റെ പേരില്‍ ചിലയുവാക്കള്‍ കാത് കുത്താറുണ്ട്.

ആദ്യ കാലത്ത് അമ്മവഴിക്കായിരുന്നു ദായക്രമം നിലനിന്നിരുന്നത്. പിന്നീടത് മകനും, അനന്തരവനും കൂടി മരിച്ച ആളിന്റെ സമ്പാദ്യത്തിന് അര്‍ഹത ഉണ്ടായിരുന്നു. ഇപ്പോള്‍ കുടുംബ സ്വത്ത് മക്കത്തായ വഴിക്കാണ്.

കാനപ്പുലയരിലെ സാമുദായിക നിലപാട്

ഇവരുടെ ഇടയിലെ സാമുദായിക ബന്ധം പണ്ടുകാലത്ത് നല്ല കെട്ടുറപ്പുളളതായിരുന്നു. 'ഐക്കര'യജമാനനാണ് ഇവരുടെ എല്ലാമായ നേതാവ് (രാജാവ്) ഐക്കരയജമാനന്റെ ആജ്ഞാകാരന്മാരാണ് വളളുവന്മാര്‍. ഈ വളളുവന്മാര്‍ ഓരോ കരയിലേയും പുലയരു ടെയെല്ലാം പ്രമാണിമാരാണ്. ഇവര്‍ക്ക് സാമുദായിക നേതൃത്വത്തിലുപരി പുലയരുടെ പുരോഹിത സ്ഥാനവും അവകാശപ്പെട്ടതാണ്. വലിയകുട, വളകള്‍, തോട്ടിക്കടുക്കന്‍, വെറ്റിലച്ചെല്ലം, അഞ്ചുനിറമുള്ള കുട ഇവ അഞ്ചുമാണ് ഒരു വളളുവന്റെ അധികാര ചിഹ്നങ്ങള്‍. കൊച്ചിയില്‍ ഇവരെ വള്ളോന്‍ (വലിയവന്‍) എന്നാണ് പറയപ്പെടുന്നത്. കാനപ്പു ലയരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് കാരണം വള്ളുവനാണ്. ഈ വള്ളുവനെ സഹായിക്കുന്നതിന് കുറുപ്പന്‍, കോമരാട്ടന്‍, കൈക്കാരന്‍, വടിക്കാരന്‍ എന്നിവരു ണ്ടായിരുന്നു. കുറുപ്പന്‍ കണക്കനും, കോമരാട്ടന്‍ മന്ത്രവാദിയും, കൈക്കാരന്‍ ജനപ്രതിനിധിയും, വടിക്കാരന്‍ നീതി ന്യായ പരിപാലന സഹായിയുമാണ്. ഈ സാമുദായിക സംഘടന സംവിധാനം ഇന്ന് നിലവിലില്ല. ഇങ്ങനെ അടുക്കും ചിട്ടയുമൊക്കെയായി നീതിയിലും, ന്യായത്തിലും ജീവിച്ചു പോന്നിരുന്ന ഒരു ജനസമൂഹമായിരുന്നു പണ്ടുകാലത്തെ പുലയര്‍.

മരണാനന്തര ചടങ്ങ് 

കാനപ്പുലയര്‍ മരിച്ചാല്‍ വീടിനു സമീപത്തു തന്നെ കുഴിച്ചിടുകയാണ് പതിവ്. അനന്തരവനാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്. മരിച്ച ആളിന്റെ മകന്‍ സഹായിയായി നില്ക്കുകയേ ഉള്ളു. മരിക്കുമെന്ന് ബോദ്ധ്യം വന്നാല്‍ രോഗിക്ക് അല്പം കഞ്ഞികൊടുക്കും, കോമരാട്ടനെയും വള്ളുവനേയും ഈ ചടങ്ങിന് ക്ഷണിച്ചേ തീരു. മരിച്ചുകഴിഞ്ഞാല്‍ ശവത്തെ കുളിപ്പിച്ച് മഞ്ഞളും എണ്ണയും ദേഹത്തില്‍ മുഴുവന്‍ പുരട്ടും. അതിനുശേഷമാണ് ബന്ധുക്കള്‍ ശവം എടുക്കുന്നത്. 15,16,22,42 എന്ന് പല വിധത്തില്‍ പലേടത്തും പുല ആചരിക്കാറുണ്ട്. മരിച്ച ആളെ അടക്കം ചെയ്തതിനു സമീപത്ത് ഒരു മണ്‍കൂനകൂട്ടി ഓരോ ദിവസവും വറപ്പൊടിയും, നെല്ലും ഒരു വാഴയിലയില്‍വച്ച് ഏഴു ദിവസം വീട്ടുകാര്‍ എല്ലാവരും കുമ്പിടുന്നു. എട്ടാം ദിവസം ബന്ധുക്കളും, വള്ളുവനും വന്ന് കോമരാട്ടന്‍ ശംഖുവിളിച്ച് മരിച്ചുപോയ ആളിന്റെ ആത്മാവ് എവിടെ എത്തിയെന്ന് ഊഹിച്ചു പറയും. പരേതന്റെ ആത്മാവിനെ മറ്റുവല്ല ചാവുകളും പിടിച്ചുവച്ചിരിക്കുകയാണെങ്കില്‍ അതിനെ സ്വതന്ത്രയാക്കാന്‍ ചില കര്‍മ്മങ്ങള്‍ കോമരാട്ടന്‍ ചെയ്യും. അതോടെ മരിച്ച ആളിന്റെ ആത്മാവ് സ്വാതന്ത്ര്യമുള്ള മറ്റൊരു ചാവായി മാറുന്നുവെന്നാണ് ഇവരിലെ വിശ്വാസം.

മറ്റ് മതപരമായ ചടങ്ങുകളില്‍പ്പെടുന്ന ഒന്നാണ് വൃശ്ചികം, കുഭം, മീനം മാസങ്ങളില്‍ കാനപ്പുലയര്‍ സൂര്യദേവനെ പ്രത്യേകം വന്ദിക്കുന്നത്. പുലയര്‍ സൂര്യാരാധകരാണെന്ന് സുവിധിതമാണെല്ലോ. ലോകത്തെ മറ്റേതൊരു ജനതയെക്കാളും സൂര്യദേവനെ അടുത്തറിയുന്നവരും ആരാധിക്കുന്നവരുമാണ് പുലയ വംശം. ഈ പുലയവംശത്തില്‍ നിന്നാണ് ആര്യ ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ ചമച്ച് സൂര്യാരാധകരായത്. ഈ മാസങ്ങളില്‍ പുത്തന്‍ കലങ്ങള്‍ കുടിലിനു മുന്നിലെ മുറ്റത്ത് അടുപ്പ് കൂട്ടി വച്ച് തീകത്തിച്ച് ഉണങ്ങല്‍ അരിയിട്ട് വേവിച്ച് സൂര്യഭഗവാന് നിവേദിക്കും. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. 'കുഞ്ഞു കുട്ടികള്‍ക്കു വേണ്ടി അടിയങ്ങള്‍ നടത്തുന്ന നേര്‍ച്ചയാണേ ഇത്. ഇത് കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ!' ആര്യ ബ്രാഹ്മണര്‍ ഇരുപത്തിനാല് ഗായത്രി മന്ത്രങ്ങള്‍ ഉണ്ടാക്കി അവയില്‍ ഒന്നായ 'ഓം ഭാസ്‌ക്കരായ വിദ്മഹേ, ദിവാകരായ ധീമഹീ തന്വോ സൂര്യ പ്രചോദയാത് 'എന്ന സൂര്യ ഗായത്രി ചൊല്ലുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് പുലയരുടെ സൂര്യ പ്രാര്‍ത്ഥനയെന്നുനോക്കു.

മരിച്ചവരുടെ ചാവുകള്‍ക്ക് വലിയ ശക്തിയുണ്ടെന്നാണ് കാനപ്പുലയരുടെ വിശ്വാസം. ഈ ചാവുകളെ പ്രീതിപ്പെടുത്തുവാന്‍ കന്നി മാസത്തിലും, മകര മാസത്തിലും പല കര്‍മ്മങ്ങളും മന്ത്രങ്ങളും ചെയ്യുന്നുണ്ട്. ചാവുകളെ കൂടാതെ കരിക്കുട്ടി, പറക്കുട്ടി. ചാത്തന്‍ (ശിവന്‍) എന്നീ ദേവതകളേയും ഇവര്‍ ആരാധിക്കാറുണ്ട്. ഈ ആചാരങ്ങളെക്കുറിച്ച് വരുന്ന അദ്ധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.