"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

പുലയരടിയും പോത്തോട്ടവും ചീതങ്കല്‍ തുള്ളലും - കുന്നുകുഴി എസ് മണി

പുലയരടി

ഓണക്കാലത്ത് വടക്കേ മലബാറിലെ വാരം ഗ്രാമത്തില്‍ 'പുലയരടി' എന്നൊരു മത്സരക്കളി നടത്താറുണ്ട്. പുലയര്‍ രണ്ടുഗ്രൂപ്പുകളായി ചേരി തിരിഞ്ഞ് തമ്മില്‍ കോലു കൊണ്ട് കളിച്ച് അവസാനം ശരീരത്തില്‍ കോലു കൊണ്ട് തല്ലിപ്പിരിയുന്ന ഒരുതരം കളിയാണിത്. കോലു കൊണ്ടുളള തല്ലിനു മുന്‍പ് തുടി കൊട്ടിപാടാറുണ്ട്. തുടിപാട്ടിനെ ത്തുടര്‍ന്നാണ് കോല്‍ത്തല്ല് എന്ന പുലയരടി ആരംഭിക്കുന്നത്. വെട്ടും തടവും മറ്റും കോലുകൊണ്ട് പ്രകടിപ്പിക്കാറുണ്ട്.

പോത്തോട്ടം

പോത്ത് പുലയന്റെയും പറയന്റയും കാര്‍ഷിക മിത്രമാണ്. ഓണക്കാലത്ത് അത്തംതൊട്ട് നാലാം ഓണം വരെനീണ്ടുനില്ക്കുന്ന ഒരുത്സവമാണ് പോത്തോട്ടം. പോത്തോട്ടത്തിലെ പങ്കാളികള്‍ പുലയരും പറയരുമാണ് തങ്ങളുടെ കാലികള്‍ക്ക് രോഗപീഡകള്‍ വരാതിരിക്കാനും, കേടുപാടുകളില്‍നിന്നും സംരക്ഷണം കിട്ടുന്നതിനും വേണ്ടി തറയില്‍ കുടിയിരുത്തിയിട്ടുളള ദൈവത്തിന് വഴിപാടുനടത്തുന്ന ചടങ്ങാണ് പോത്തോട്ട മായി ആഘോഷിക്കുന്നത്.

ഓണം തികച്ചും ഒരു കൊയ്തുത്സവമാണ്. കാര്‍ഷിക ജീവിതത്തിന്റെ സംതൃപ്തിയില്‍ കര്‍ഷകരായ പുലയരും പറയരും സന്തോഷം കൊണ്ട് മതിമറക്കുന്ന കാലത്തെയാണ് ഓണവുമായി കൊണ്ടാടുന്നത്. കേരളത്തിലെ ഓണാഘോഷത്തിന്റെ യഥാര്‍ത്ഥ പിറവികൊയ്ത്തുത്സവത്തില്‍ നിന്നാണെങ്കിലും ഒട്ടേറെ സങ്കല്പങ്ങളും കഥകളും ഐതിഹ്യങ്ങളും തലതിരിഞ്ഞ കളളക്കഥകള്‍ ഓണവുമായി കുട്ടിക്കുഴയ്ക്കുന്നതില്‍ യാതൊരു യാഥാര്‍ത്യവുമില്ലെന്ന് വ്യക്തമായിതന്നെ പറയാം. കേരളത്തിലെ കാര്‍ഷിക സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന മണ്ണും-മനുഷ്യനും-മൃഗങ്ങളും തമ്മിലുളള ഇണചേരലിന്റെ സജീവത്തായ രണനങ്ങള്‍ ഓണക്കാലത്തെ കീഴാള ജനസമൂഹത്തിന്റെ നാടോടികലകളില്‍ ഒട്ടുമില്ലെന്നു തന്നെ പറയണം. എന്നാലൊട്ടുണ്ടുതാനും. പോത്തോട്ടം ആ വഴിക്കുള്ള ഒരു ചിന്തനമാവാം.

പോത്തോട്ട തലേന്ന് വെളിച്ചപ്പാടുതുള്ളി 'വഴിപാടു പോത്തുകളെ' ഇളക്കുന്നു. പോത്തിനെ പിന്നീട് കുളിപ്പിച്ച്, കഴുത്തില്‍ മാലയണിക്കു കയും കൊമ്പിലും ദേഹത്താകമാനവും മഞ്ഞളും അരിമാവും കൊണ്ട് ചിത്രപ്പണികള്‍ നടത്തും. ഉച്ച കഴിഞ്ഞാല്‍ പോത്തിനെ പുലയരും പറയരും ചേര്‍ന്ന് കൂട്ടിക്കൊണ്ടുവരുന്നു. വെളിച്ചപാട് അപ്പോഴേയ്ക്കും 'തറ'യിലെ അവകാശങ്ങള്‍ നടത്തും. പോത്തിനെ മൂന്നുചുറ്റോ, ഏഴു ചുറ്റോ ഓടിക്കും. പിന്നീട് പോത്തിനെ ചെണ്ട,മരം, ഈഴാറ, കുഴല്‍ എന്നീ വാദ്യഘോഷത്തോടെ മൂളിക്കും. അതുകഴിഞ്ഞാല്‍ നാളികേരം തറയില്‍ എറിഞ്ഞുടച്ച് വെള്ളം പോത്തിന്റെ ശിരസ്സില്‍ ഒഴിക്കും. ഓരോ പോത്തിനും ഓരോ വീതം വഴിപാടിന് വരുന്നവര്‍ കൊണ്ടുവരേണ്ടതുണ്ട്. സന്ധ്യയാകുന്നതോ പോത്തോട്ടം തീരുന്നു. പിന്നീട് കോലടിച്ചുകൊണ്ട് പുലയക്കിടാത്തകളും പറയപ്പെണ്ണുങ്ങളും പാട്ടുപാടും. അതുകഴിയു മ്പോഴേയ്ക്കും പുലയക്കിടാത്തികള്‍ പാട്ടുപാടി മുടിയാട്ടം നടത്തുന്നു. അതോടെ പോത്തോട്ടവും കൊയ്ത്തുത്സവവും സമാപിക്കും. രാത്രിയേറെ കഴിയും മുന്‍പേ എല്ലാവരും അവരവരുടെ കുടീകളിലയ്ക്ക് പോകുന്നു.

ചീതങ്കന്‍ തുളളല്‍
മദ്ധ്യ കേരളത്തിലെ പുലയര്‍ (ചെറുമര്‍), പറയര്‍ എന്നിവരുടെ ഇടയില്‍ പണ്ടുണ്ടായിരുന്ന ഒരു കലാപ്രകടനമാണ് ചീതങ്കന്‍ തുളളലിലൂടെ കണ്ടെത്താന്‍ കഴിയുന്നത്. ഒരു വേഷക്കാരനും, മൂന്നോ നാലോ വാദ്യക്കാരും ചീതങ്കന്‍ തുളളലിന് ആവശ്യമാണ്. കൂഞ്ചന്‍ നമ്പ്യാര്‍ക്ക് തന്റെ ഓട്ടം തുളളല്‍ എന്ന കലാപ്രകടനത്തിന് പ്രേരകമായിഭവിച്ചത് പുലയര്‍ കെട്ടി ആടിയ ചീതങ്കന്‍ തുളളലും, ശീതങ്ക പറയര്‍ തുളളലുമാണെന്ന് കാണാം.

ചീതങ്കന്‍ തുളളലുകാരന്‍ തുളളല്‍ ആരംഭിക്കുന്നതിനു മുന്‍പ് ഓട്ടന്‍തുളളലുകാരെപ്പോലെ വേഷങ്ങള്‍ ധരിക്കാറുണ്ട്. വാകപ്പൊടി കൊണ്ട് തുളളലുകാരന്‍ മുഖത്ത് പച്ചതേയ്ക്കും. അരിപ്പൊടിയും ആവശ്യമാണ്. ഞെറിവച്ച വസ്ത്രം ധരിക്കണം. ഒരു ചെറിയ മുണ്ടുകൊണ്ട് തലയില്‍ പുറകോട്ട് വാലിട്ട് ഒരു കെട്ടുകെട്ടുന്നു. മുത്ത് ചരടില്‍ കോര്‍ത്ത് ആണിക്കുമേല്‍ കെട്ടിമുറുക്കുന്നു. കുരുത്തോല കൊണ്ടുളള വളകള്‍ കൈകളില്‍ ധരിക്കും. ചെണ്ട, തുടി, കിണ്ണം എന്നി വാദ്യമേളങ്ങള്‍ക്കൊപ്പം വേഷക്കാരന്‍ തുളളുകയും കൈമൂദ്രകള്‍ കാണിക്കുകയും മുഖം, കണ്ണ്, പുരികം എന്നിവ കൊണ്ടുളള ഭാവങ്ങള്‍ കാണിക്കുകയും ചെയ്യും. പുരാണ കഥാഗാനങ്ങളാണ് ചീതങ്കന്‍ തുളളലിന് പാടേണ്ടത്. ഇന്നത്തെ ഓട്ടംതുളളലിന്റെ ആദ്യരൂപമാണ് പുലയരുടെ ചീതങ്കന്‍ തുളളന്‍.

സഹായഗ്രന്ഥങ്ങള്‍:

1. വി. വി. കെ. വാലത്ത് 'ചരിത്രകവാടങ്ങള്‍'. പേജ്. 54, 55 - 1977
2. കെ. കെ. ഗോവിന്ദന്‍ 'അറുകൊലക്കണ്ടം'. പേജ് 3,4 - 1982
(കെ. കെ. ഗോവിന്ദന്‍ ഈ ഗ്രന്ഥകര്‍ത്താവിന്റെ അമ്മാവിയുടെ
മകളുടെ ഭര്‍ത്താവും ഏജീസ് ഓഫീസിലെ ഓഡിറ്ററുമായിരുന്നു).
3. പുറനാനൂറ് 'തുടിയെറിയും പുലയ'. പേജ് 287.
4. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസിക-
1987 ജൂലൈ ലക്കം. പേജ് 410
5. ഡോ. ചുമ്മാര്‍ചുണ്ടല്‍ 'നാടന്‍കല'. പേജ് 63 - 1979
* കണ്ണൂര്‍ സ്വദേശി കുഞ്ഞോല്‍ എന്ന 80 കാരനില്‍ നിന്നാണ് 1982 ല്‍