"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

നവോത്ഥാന കാലഘട്ടത്തിലെ കേരളം: കുമാരനാശാന്‍ - സുരേഷ് മാനേ

മഹാനായ വിപ്ലവകവിയായ കുമാരനാശാന്‍ (1873 ഏപ്രില്‍ 12ന് ജനിച്ചു, 1924 ജനുവരി 16ന് അന്തരിച്ചു) 1903 മുതല്‍ 1919 വരെ എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.8 1924 ജനുവരി16ന് ആലപ്പുഴ ജില്ലയില്‍ വച്ചുണ്ടായ ഒരു ബോട്ടപകടത്തില്‍ അന്‍പത്തി യൊന്നാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഹിന്ദു, ബുദ്ധിസ്റ്റ് ദര്‍ശനങ്ങളിലും സംസ്‌കൃത സാഹിത്യത്തിലും നിഷ്ണാതനായിരുന്ന അദ്ദേഹം ഈഴവ സമുദായത്തില്‍ നിന്ന് (ഇന്നത്തെ കേരളത്തിലെ ഏറ്റവും വലിയ സമുദായം) തിരു-കൊച്ചി അസംബ്ലിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തിയാണ്. ഈഴവരുടെയും മറ്റ് താഴ്ന്ന ജാതിക്കാരുടെയും സാമൂഹ്യവും രാഷ്ട്രീയ വുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരുന്നു. കേരളത്തിലെ സാഹിത്യലോ കത്ത്, വിശിഷ്യാ കവിതകളില്‍, അദ്ദേഹം ഏറ്റവും തലയെടുപ്പുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായ വീണപൂവ് (1908), ദുരവസ്ഥ (1922) ചണ്ഡാല ഭിക്ഷുകി (1923), പ്രരോദനം (1924) തുടങ്ങിയവ മലയാള സാഹിത്യത്തിലെ നാഴികക്കല്ലുകളാണെന്നു മാത്രമല്ല, സാമൂഹ്യ വിപ്ലവത്തിന്റെ തത്വശാസ്ത്രത്തെയും അവ പഠിപ്പിക്കുന്നു. ബുദ്ധന്റെ ജീവിതത്തിന്റെ നാട്ടുഭാഷാന്തരമായ ശ്രീബുദ്ധചരിതവും അദ്ദേഹം രചിച്ചു.

എസ്.എന്‍.ഡി.പിയിലൂടെ നല്‍കിയ അളവറ്റ സംഭാവനകള്‍ക്കു പുറമേ, അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുകയും അയിത്താചാരണത്തെ നിന്ദിക്കുകയും അയിത്ത ജാതിക്കാരെ ഉണര്‍ത്തുകയും ചെയ്തു. തന്റെ കൃതികളിലൊന്നായ ചണ്ഡാല ഭിക്ഷുകിയില്‍ ജാതി സംസ്‌ക്കാരത്തെ വെല്ലുവിളിച്ചു കൊണ്ട്അദ്ദേഹം ചോദിക്കുന്നു9 

'എന്തുപറവൂ? എന്തോര്‍പ്പൂ-ജാതി
ഹന്ത വിഡംബനം രാജന്‍!
ക്രോധിച്ചു ജന്തു പോരാടും-സ്വന്ത
നാദത്തിന്‍ മാറ്റൊലിയോടും.
വല്ലിതന്‍ അഗ്രത്തില്‍ നിന്നോ-ദ്വിജന്‍ 
ചൊല്ലുക മേഘത്തില്‍ നിന്നോ
യാഗാഗ്നി പോലെ ശമിതന്‍-ഖണ്ഡ-
യോഗത്തില്‍ നിന്നോ ജനിപ്പൂ?
അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ - ബീജ -
പിണ്ഡത്തിനൂഷരമാണോ?'

കുമാരനാശാന്റെ കൃതികളായ ദുരവസ്ഥയും ചണ്ഡാലഭി ക്ഷുകിയും അതിന്റെ സത്തയില്‍ ജാതി സംസ്‌ക്കാരത്തിന് ഒരാഘാതം നല്‍കുവാനു ദ്ദേശിച്ചുള്ളവയായിരുന്നു. കുമാരനാശാന്റെ ദുരവസ്ഥ (1922) മനുഷ്യത്വ രഹിതമായ സാമൂഹ്യ ക്രമത്തിനെതിരെ താഴ്ന്ന ജാതിക്കാരുടെ കലാപത്തെ മുന്‍കൂട്ടിക്കണ്ടുകൊണ്ട് വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും പിന്തുണക്കാരോട് പറയുന്നു.

'പൂജ്യരാം വൈദികന്മാരേ, തുനിഞ്ഞിവന്‍
യോഗ്യമല്ലെങ്കിലുമെന്നോതുന്നേന്‍,
രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ
പ്രാജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും!
കാലം വൈകിപ്പോയി, കേവലമാചാര - 
നൂലുകളെല്ലാം പഴകിപ്പോയി, 
കെട്ടിനിര്‍ത്താന്‍ കഴിയാതെ ദുര്‍ബ്ബല -
പ്പെട്ടചരടില്‍ ജനത നില്‍ക്കാ,
മാറ്റുവിന്‍ ചട്ടങ്ങളേ സ്വയ, മല്ലെങ്കില്‍ 
മാറ്റുമതുകളീ നിങ്ങളെത്താന്‍'

കുമാരനാശാന്‍ സമര്‍പ്പിതമായ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താ വും തരം താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളുടെ മുഖ്യ വക്താവു മായിരുന്നു. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ വിമോചനത്തിനായി ഉല്‍ക്കടമായ ഒരഭിവാഞ്ച അദ്ദേഹത്തിനുണ്ടായിരുന്നു എങ്കിലും ജാതി ഘടന എല്ലായിപ്പോഴും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ജാതി നശിക്കാ ത്തിടത്തോളം രാജ്യത്തിന്റെ സ്വാതന്ത്ര്യം അര്‍ത്ഥ ശൂന്യമാണെന്ന അഭിപ്രായം അദ്ദേഹത്തിനു ണ്ടായിരുന്നു. അതിനാല്‍ 'ഒരു 'തിയ്യബാലന്റെ വിലാപം' എന്ന കൃതിയില്‍ അദ്ദേഹം എഴുതി.10

'എന്തിനു ഭാരതധരേ! കരയുന്നു? പാര -
തന്ത്ര്യം നിനക്ക് വിധികല്‍പ്പിതമാണുതായേ,
ചിന്തിക്ക, ജാതിമദിരാന്ധ, രടിച്ചു തമ്മി - 
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?'

സമയാസമയങ്ങളില്‍ പ്രധാനപ്പെട്ട രാഷ്ട്രീയാവശ്യങ്ങള്‍ എസ്.എന്‍. ഡി.പി ഉന്നയിച്ചിരുന്നു. മറ്റാവശ്യങ്ങള്‍ക്കൊപ്പം, സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പരിഷ്‌ക്കരണങ്ങള്‍, രാഷ്ട്രീയ പ്രാതിനിധ്യം, പ്രത്യേക സമ്മതിദാനം, വോട്ടവകാശം, നിയമസഭയില്‍ സംവരണസീറ്റുകള്‍, പ്രായപൂര്‍ത്തി വോട്ടവകാശം, ഈഴവരുടെ സാമുദായിക പ്രാതിനിധ്യം തുടങ്ങിയവ അതാവശ്യപ്പെട്ടിരുന്നു. 1930ന് ശേഷം ജാതിയുടെ രൂഡമൂലത കാരണം മതപരിവര്‍ത്തനത്തിനുള്ള പദ്ധതികളെ അത് പിന്തുണച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 1935ല്‍ മലബാറിലെ ആള്‍ കേരള ഈഴവ യൂത്ത് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന മി.കെ.സി. കുട്ടന്‍ ഒരു യോഗത്തിന് അദ്ധ്യക്ഷം വഹിക്കുവാനായി ഡോ: അംബേദ്ക്കറെ ക്ഷണിച്ചിരുന്നു.11 ലക്ഷക്കണക്കിന് ഈഴവരുടെയും തിയ്യരുടെയും നാമധേയത്തില്‍ അതിന് അധ്യക്ഷം വഹിക്കുവാനാണ് മി.കെ.സി. കുട്ടന്‍ ഡോ: അംബേദ്ക്കറോട് ആവശ്യപ്പെട്ടത്. ഡോ.അംബേദ്ക്കറുടെ കേരളത്തിലേയ്ക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. അയിത്ത ജാതിക്കാരുടെ ചിരപുരാതനമായ പ്രശ്‌നം പരിഹരിക്കുന്നതിന് ഗാന്ധിജിയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെട്ടത് ഡോ. അംബേദ്ക്കറുടെ സമീപനമായിരുന്നു. മി. കെ.സി. കുട്ടന്‍, ഡോ.അംബേദ്ക്കറുടെ നയങ്ങളുടെ ശക്തനായ ആരാധകനും ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ നയങ്ങളുടെയും ഭയരഹിതനായ വിമര്‍ശകനുമായിരുന്നു. ഒരു മൂന്നാംകിട ഹിന്ദുവാ യാണ് അദ്ദേഹം ഗാന്ധിജിയെ പരിഗണിച്ചിരുന്നത്. 12

കേരളത്തിലെ ക്ഷേത്രപ്രവേശനപ്രസ്ഥാനം ശ്രീനാരായണ ഗുരുവിന്റെയും മറ്റ് അയിത്തജാതി നേതാക്കളുടെയും പോരാട്ടങ്ങളിലാണ് വേരൂന്നി നില്‍ക്കുന്നത്. 1919 ഡിസംബര്‍ 12ന് ക്ഷേത്രത്തില്‍ പ്രവേശനമാവശ്യപ്പെട്ട് സി.വി.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ അയ്യായിരത്തോളം ഈഴവര്‍ പങ്കെടുത്ത ഒരു പൊതുയോഗം നടന്നു. 1917ന് ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ചക്കോള കുറുമ്പന്റെ നേതൃത്വത്തില്‍ രണ്ടായിരത്തി ലധികം പുലയര്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ബലാല്‍ക്കാരമായി പ്രവേശിച്ചു. ക്ഷേത്രപ്രവേശന വിഷയത്തെക്കുറിച്ചും അയിത്ത നിര്‍മ്മാര്‍ജ്ജന ത്തെക്കുറിച്ചും അവ്യക്തമായ ധാരണകളും അല്‍പ്പ മാത്രമായ പ്രതിജ്ഞാബദ്ധതയുമായി കോണ്‍ഗ്രസ്സും ചില പരിശ്രമങ്ങ ളാരംഭിച്ചു. അയിത്ത ജാതിക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അഭിവാ ഞ്ചയെ പരിശോധിക്കുവാനും, ദേശ വ്യപകമായി ഉയര്‍ന്നവരുന്ന ഡോ. അംബേദ്ക്കറുടെ പ്രഭാവത്തിന് കടിഞ്ഞാണി ടുവാനും കേരളത്തില്‍ എസ്.എന്‍.ഡി.പി. മുന്‍കൈയ്യെടുത്ത മതപരിവര്‍ത്തന പ്രസ്ഥാനത്തെ തകിടം മറിക്കുവാനും ഗാന്ധിയും കോണ്‍ഗ്രസ്സും സ്വീകരിച്ച നഷ്ട നിയന്ത്രണ പ്രതിപ്രവര്‍ത്തനങ്ങ ളായിരുന്നു 1924-25 ലെ വൈക്കം സത്യാഗ്രഹവും 1931-32 ലെ ഗുരുവായൂര്‍ സത്യാഗ്രഹവും അവസാനം അയിത്തജാതിക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാ ജാതിക്കാര്‍ക്കും ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുവാന്‍ തീരുമാനിച്ചുകൊണ്ട് 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു. 1854 ല്‍ അടിമവ്യാപാരം (അടിമത്തമല്ല) നിരോധിച്ചുകൊണ്ടുള്ള വിളംബരത്തിനു ശേഷമുള്ള ചരിത്രപരമായ വികാസമാണിതെന്ന വസ്തുത തീര്‍ച്ചയാണ്.

നിരവധി ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത് അന്നത്തെ തിരുവിതാം കൂറിലെ പ്രധാന മന്ത്രിയായിരുന്ന സര്‍. സി.പി. രാമസ്വാമി അയ്യരാണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിന്നിലെ യഥാര്‍ത്ഥശക്തിയെന്നാണ്. പക്ഷേ അത് ചരിത്രപരമായി തെറ്റാണ്. 1932ല്‍ ക്ഷേത്രപ്രവേശനത്തിന് എതിരായിരുന്നവരുടെ പക്ഷത്താ യിരുന്നു അദ്ദേഹം. 1936 ല്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ അയ്യരെ നിര്‍ബന്ധിതനാ ക്കിയതെന്താണ്? വായനക്കാര്‍ക്ക് ഇതിന്റെ ശരിയായ ഉത്തരം ഡോ. അംബേദ്ക്കറുടെ രചനകളില്‍ നിന്നും കണ്ടത്താം. '1936ല്‍ ഈഴവരുടെ ഒരു സമ്മേളനം തിരുവിതാംകൂറില്‍ നടന്നിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. മലബാറിലെമ്പാടുംവ്യാപിച്ചുകിടക്കുന്ന ഒരു അയിത്ത ജാതി സമൂഹമാണ് ഈഴവര്‍. അതൊരു വിദ്യാസമ്പന്നമായ സമൂഹവും സാമ്പത്തികമായി വേണ്ടത്ര ശക്തവുമാണ്. അതൊരു സംസാരിക്കുന്ന സമുദായമാണെന്ന് മാത്രമല്ല സംസ്ഥാനത്ത് സാമൂഹ്യവും മതപരവുമായ അവശതകള്‍ക്കെ തിരെ പ്രക്ഷോഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയുമാണ്. മറ്റേതെങ്കിലും മതത്തിനുവേണ്ടി ഈഴവര്‍ ഹിന്ദുമതം കയ്യൊഴിയേണ്ടതുണ്ടോ എന്ന വിഷയം ചര്‍ച്ച ചെയ്യുവാനാണ് സമ്മേളനം സംഘടിപ്പിച്ചത്. ഈഴവര്‍ വളരെ വലിയൊരു സമുദായമാണ്. അത്തരത്തിലൊരു വലിയ സമുദായത്തിന്റെ വിച്ഛേദം ഹിന്ദുക്കള്‍ക്കൊരു മരണമണിയായിരിക്കും. ഈ അപകടത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് ആ സമ്മേളനം ചെയ്തത്.'13 ഡോ.അംബേദ്ക്കര്‍ എഴുതി.

1936 നവംബര്‍ 12ന് രാജാവ് ക്ഷേത്രപ്രവേശനവിളംബരം നടത്തുകയും എല്ലാ ക്ഷേത്രങ്ങളും അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. മനുഷ്യത്വപരമായ പരിഷ്‌ക്കരണങ്ങളുടെയും തിരുവിതാംകൂറില്‍ വധശിക്ഷ നിര്‍ത്തലാക്കിയതിന്റെയും യശസ്സ് രാമസ്വാമി അയ്യര്‍ക്കും ലഭിച്ചു. എന്നാല്‍ എന്തായിരുന്നു അത് ? ഡോ. അംബേദ്ക്കര്‍ വീണ്ടും ഉത്തരം നല്‍കുന്നു. 'യഥാര്‍ത്ഥത്തില്‍, നിയമത്തിനു മുന്നില്‍ തുല്യരെന്ന തത്വത്തിനെ അനുസരിച്ച് ബ്രാഹ്മണരെ ഗില്ലറ്റിനടിയില്‍ കൊണ്ടുവരു ന്നതിനെ തടയുകയെന്ന ഉദ്ദേശമാണതിനുണ്ടായിരുന്നത്.'14 ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വികാസവും കേരളത്തിലെ അയിത്ത ജാതിക്കാരുടെ അവസ്ഥയും കൊല്ലത്തെ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ ചേരമര്‍ ഐക്യ മഹാസംഘത്തിന്റെ നേതാവായ ശ്രീ നാരായണ സ്വാമി, 1938 നവംബര്‍ 24ന് ഡോ. അംബേദ്ക്കര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.15 ഡോ. അംബേദ്ക്കര്‍ തന്റെ മറുപടിയില്‍ വ്യക്തമാക്കിയത് 'ക്ഷേത്രപ്രവേശന പദ്ധതി ആത്യന്തികമായി അയിത്തജാതിക്കാരെ അവരുടെ നിയമപരമായ അവകാശങ്ങളെ അപഹരിക്കുവാനാണെങ്കില്‍ ആ പ്രസ്ഥാനം ആത്മീയമല്ല, മറിച്ച് അത് തികച്ചും ദ്രോഹകരമാണ്. അയിത്ത ജാതിക്കാര്‍ക്ക് അതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കേണ്ടത് എല്ലാ സത്യസന്ധരായ വ്യക്തികളുടെയും കടമയാണ്.'16

1930 മുതല്‍ 1938 വരെ നടന്ന നിവര്‍ത്തനപ്രക്ഷോഭം17 കേരളത്തിലെ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ സ്തുത്യര്‍ഹമായ അധ്യായമാണ്. അടിസ്ഥാനപരമായി, തമിഴ്ബ്രാഹ്മണരുടെയുംനായന്‍മാരുടെയും രാഷ്ട്രീയ മായ മേധാവിത്വത്തിനെതിരായി ഈഴവരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഒരു സംയുക്ത പ്രക്ഷോഭമായിരുന്നു അത്. തിരുവിതാം കൂറില്‍ നിയമ നിര്‍മ്മാണസമിതി 1888 ല്‍ത്തന്നെ രൂപീകരിച്ചിരുന്നു വെങ്കിലും 1917 വരെ ഈഴവരില്‍ നിന്നോ മുസ്ലീങ്ങളില്‍ നിന്നോ പ്രതിനിധികളൊന്നും തന്നെയില്ലായിരുന്നു. അക്കാലത്ത് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ബ്രാഹ്മണരും നായന്‍മാരും ആധിപത്യം ചെലുത്തുകയും, ഈഴവരെ അയിത്തജാതിക്കാരെന്ന നിലയില്‍ സാമൂഹ്യ രാഷ്ട്രീയ അവകാശങ്ങളില്‍ നിന്നും പ്രാതിനിധ്യ ത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

1921 മുതല്‍ 1932 വരെ ഏതെങ്കിലും പൊതു നിയോജക മണ്ഡലങ്ങളില്‍ നിന്നും ഒരൊറ്റ ഈഴവന്‍ പോലും തെരെഞ്ഞെടുക്ക പ്പെട്ടിട്ടില്ലായിരുന്നു. അതിനാല്‍ 1928 മേയ് 26 ന് സൈമണ്‍ കമ്മീഷന്റെ സന്ദര്‍ശന വേളയില്‍, എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സി.വി.കുഞ്ഞിരാമന്‍ പ്രത്യേക സമ്മതിദാനാ വകാശവും സാമുദായിക പ്രാതിനിധ്യവും ആവശ്യപ്പെടുകയുണ്ടായി. 1932 ഡിസംബര്‍ 17ന്, മൂന്ന് സമുദായ സംഘടനകള്‍ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേര്‍ന്ന് തങ്ങളുടെ സാമുദായിക പ്രാതിനിധ്യവും രാഷ്ട്രീയത്തിലും രാജ്യകാര്യത്തി ലുമുള്ള ന്യായമായ വിഹിതവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു പദ്ധതിക്ക് അന്തിമ രൂപം നല്‍കി. നിയമസഭയില്‍ തങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ, ഈ മൂന്ന് സമുദായങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കുകയോ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയോ നിയമനിര്‍മ്മാണ സമിതികളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയോ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് 1933 ജനുവരി 25ന് ഈ മൂന്നു സമുദായങ്ങളുടെയും പ്രതിനിധികള്‍ ചരിത്രപരമായ ഒരു പ്രമേയം പാസ്സാക്കി. ഇതിനു മറുപടിയെന്ന നിലയില്‍ 1933 സെപ്തംബറില്‍ തിരുവനന്തപുരത്ത് ഒരു നായര്‍ സമ്മേളനം നടത്തുകയും നിയമസഭയിലും ഉദ്യോഗങ്ങളിലും രാജ്യകാര്യങ്ങളിലുമുള്ള തങ്ങളുടെ മേധാവിത്തം നില നിര്‍ത്തണമെന്ന് എല്ലാ നായര്‍ സമുദായാംഗങ്ങളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 1933ല്‍ ഈഴവരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടേതുമായ ഈ ത്രൈസഖ്യം താഴെക്കൊടുത്തിരിക്കുന്ന അവകാശങ്ങള്‍ ഉന്നയിച്ചു.

1. നിയമസഭയിലും പൊതു ഉദ്യോഗങ്ങളിലും പട്ടാളത്തിലും എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം.
2. പ്രായപൂര്‍ത്തി വോട്ടവകാശം
3. ഉത്തരവാദിത്തഭരണം

ഗവണ്‍മെന്റിന്റെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളെ അതിജീവിച്ച് ഈ പ്രക്ഷോഭം ഭാഗികമായ ഒരു വിജയത്തിലാണ് അവസാനിച്ചതെങ്കിലും, കേരളത്തിലെ പ്രമുഖമായ മൂന്നു സമുദായങ്ങളുടെ കൂട്ടുകെട്ടുകാരണം സാമൂഹികമായി ഒരുപാട് ഗുണം ചെയ്തു. ഈ പ്രധാന ചരിത്ര സംഭവത്തില്‍ എസ്.എന്‍.ഡി.പിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.

1914ല്‍, മറ്റൊരു അയിത്തജാതിയായ പുലയര്‍ അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഉയര്‍ന്ന ജാതിക്കാരുമായി പ്രക്ഷോഭം നടത്തവേ, നിരവധി അവസരങ്ങളില്‍ അത് പുലയരും ഉയര്‍ന്ന ജാതിക്കാരമായുള്ള ലഹളയായി പരിണമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ലഹളയില്‍ ചില ഈഴവര്‍ പുലയരെ ആക്രമിക്കുവാനായി ഉയര്‍ന്ന ജാതിക്കാരുമായി ഒത്തുചേര്‍ന്നു. ഇത് ശ്രീനാരായണഗുരുവിനെ അത്യധികം ദുഃഖത്തിലാഴ്ത്തി. അതിനാല്‍ എസ്.എന്‍.ഡി.പി അടിച്ചമര്‍ത്തപ്പെട്ടവരും അധഃസ്ഥിതരുമായ എല്ലാ ജനവിഭാങ്ങളുടെയും ഉയര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

അടുത്ത കാലത്തായി എസ്.എന്‍.ഡി.പി.യ്‌ക്കൊപ്പം ശ്രീനാരാ യണ ഗുരുവിന്റെ നാമധേയത്തില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും നിരവധി സംഘടനകള്‍ നിലവിലുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ സാംസ്‌ക്കാരിക പോരാട്ടങ്ങളുടെ പിന്‍തുടര്‍ച്ചയെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ അവയെല്ലാം ദയനീയമാംവിധം പരാജയപ്പെട്ടു. എന്നാല്‍ സമീപകാലത്ത്, കാന്‍ഷിറാമിന്റെയും അദ്ദേഹത്തിന്റെ നിരന്തരവും ലക്ഷ്യബോധത്തോടുകൂടിയുള്ളതുമായ സേവനങ്ങളുടെയും ഫലമായി ഇന്ത്യയെമ്പാടും ശ്രീനാരായണഗുരു ഓര്‍മ്മിക്കപ്പെട്ടുകൊണ്ടിരുന്നു.