"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

തലമുറകള്‍: ടി എച്ച് പി ചെന്താരശ്ശേരി

പകല്‍ അതിന്റെ ചാക്കാലക്കട്ടിലില്‍ കിടന്നു പിടയുന്നു. ഇരുളിന്റെ കൊലക്കയര്‍ പകലിന്റെ പിടലിയില്‍ മുറുകിത്തുടങ്ങി.
അന്ധകാരത്തിനു വെളിച്ചം വഴിമാറുന്നു. അങ്ങകലെ ചക്രവാള സീമയില്‍ ഒരു ചെന്താരത്തിന്റെ ഉദയം.
ഹൃദയത്തില്‍ ശൂന്യതകൂടി പാര്‍പ്പാരംഭിച്ചതുപോലെ ജയദേവനുതോന്നി. ഒന്നിനെപ്പറ്റിയും ചിന്തിക്കാനാകാത്ത മാനസികാവസ്ഥ. നിര്‍വികാരത പരിരംഭണം ചെയ്ത പോലെ. ദൃഷ്ടികള്‍ വിദൂരതയില്‍ ഉറപ്പിച്ചു അദ്ദേഹം കസേരയില്‍ ചാരിക്കിടന്നു. താഴത്തെ മുറിയുടെ വരാന്തയില്‍ അരമതിലിനടുത്തു ഇളം കാറ്റിന്റെ സാന്ത്വനമേറ്റുള്ള ആ കിടപ്പ് എന്തോ തീരുമാനിച്ചുറച്ചതു പോലെയുണ്ട്.
അവിടെ ശ്മശാനമൂകത തങ്ങിനിന്നു. ആ വീട്ടില്‍ മറ്റാരുമില്ല. ഒഴിവു ദിവസമാകയാല്‍ മറ്റുള്ളവര്‍ ഓരോ ആവശ്യങ്ങള്‍ക്കായി പുറത്തുപോയിരിക്കുകയാവാം.
മുറ്റത്തെ തൈമാവിന്‍ ചില്ലകള്‍ എന്തുകൊണ്ടോ ഇളകിയാടി. എന്തോ വിലക്കുന്നതുപോലെ.
പെട്ടെന്നാണ് അതുസംഭവിച്ചത്. പതിവിനു വിപരീതമായി പാറാവുകാരനും മറ്റുരണ്ടുപേരും വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. പാറാവുകാരനു കവാടത്തില്‍ നിന്നും അവിടെ വരേണ്ട കാര്യമില്ല. മറ്റു രണ്ടുപേര്‍ അവടെ പാറാവു ഡ്യൂട്ടിനുവരാറുള്ളവരാണ്.
അവര്‍ മുറ്റത്തുതന്നെ നിന്നു. പാറാവുകാരന്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി സല്യൂട്ടു ചെയ്തു. അയാളുടെ മുഖത്തു ഭീകരതയുടെ നിഴലാട്ടമില്ലേ. ജയദേവന്‍ പ്രത്യഭിവാദനം ചെയ്യവേ, പാറാവുകാരന്റെ കൈത്തോക്ക് രണ്ടുതവണ ഗര്‍ജ്ജിച്ചു. പെട്ടെന്നുള്ള പ്രവൃത്തി. അങ്കലാപ്പും പ്രാണ വേദനയും അദ്ദേഹത്തെ പരിഭ്രാന്തനാക്കി. കസേരയില്‍ നിന്നുള്ള മരണപ്പിടച്ചിലിനിടയില്‍ അദ്ദേഹത്തിന്റെ നിണമണിഞ്ഞ ദേഹം അരമതിലിനു മീതേകൂടി മുറ്റത്തു വീണുരുണ്ടു. അതു അവിടെ കിടന്നു പിടിച്ചടിച്ചു. പിടച്ചു പിടച്ചു ആ തൈമാവില്‍ ചോട്ടിലെത്തി.
മതത്തെ തൊട്ടുകളിച്ചാല്‍ ഇതാണനുഭവം.... യുക്തിവാദമൊക്കെ കയ്യിലിരുന്നാമതി....
ഘാതകന്‍ ഗര്‍ജ്ജിക്കുന്നുണ്ടായിരുന്നു.
അങ്ങകലെ ഒരു കാറിന്റെ ഒച്ച. ഡോ. ദാസിന്റെ ശിരസല്ലേ ഗേറ്റിനു മീതേ ദൃശ്യമാകുന്നത്.
മുറ്റത്തു നിന്നവര്‍ പ്രാണന്‍ കയ്യൊഴിയാന്‍ ആയാസപ്പെടുന്ന മുറിവേറ്റ ശരീരം പെട്ടെന്നു അമര്‍ത്തിപ്പിടിച്ചു. അവര്‍ അതിനെപൊക്കിയെടുത്തു ആ കസേരയില്‍ത്തന്നെ പ്രതിഷ്ഠിച്ചു. കൈത്തോക്കു മരവിച്ചു തുടങ്ങിയ വലതുകയ്യില്‍ പിടിപ്പിച്ചിട്ടു അവര്‍ രംഗ നിഷ്‌ക്രമണം നടത്തി.
ഡോ. ദാസ് ആ കാഴ്ചകണ്ടു.
അകത്തു നിന്നും കുറ്റിയിട്ടിരുന്ന ഗേറ്റിനു മീതേ കൂടി ചാടിക്കടക്കാന്‍ ഡോ. ദാസ് ഏറെ പ്രയാസപ്പെട്ടു.
അവിടത്തെ ടെലഫോണ്‍ നാനാവശങ്ങളിലേക്കും സന്ദേശമയച്ചു. മിനിറ്റുകള്‍ക്കകം പോലീസു സൈന്യവും ഡോക്ടര്‍ വ്യൂഹവുമെത്തി. അപ്പോഴേക്കും പ്രഥമരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു.
അപകട സന്ധിതരണം ചെയ്തു കഴിഞ്ഞിരുന്നുവെങ്കിലും ജയദേവനു ആശുപത്രി മരുന്നിന്റെ മണംപിടിച്ച് ഒരു മാസത്തോളം മരണത്തോടു മല്ലടിച്ചു കിടക്കേണ്ടതായി വന്നു.
വ്യക്തമായ തെളിവുകളുടെ അകമ്പടിയോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക ശ്രമക്കേസ്സ് രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ തേഞ്ഞുമാഞ്ഞു പോകുന്ന ലക്ഷണം കണ്ടു തുടങ്ങി. മതവും ഒപ്പം ജാതിയും ചരടുവലി നടത്തിക്കൊണ്ടിരുന്നു.
നീതിന്യായം തടങ്കലില്‍ കിടന്നു വീര്‍പ്പു മുട്ടി. ജയദേവന്‍ തന്റെ സമൂഹത്തിലേക്കു വീണ്ടും ശ്രദ്ധ തിരിച്ചു. തന്റെ ഗതകാല സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടുവോ. അതോ സര്‍വ്വവും വ്യര്‍ത്ഥമായോ.
ആ ചുറ്റുപാടില്‍ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെടുക പ്രയാസം. അംഗീകാരം ചരടുവലിക്കു പിന്നില്‍. സത്യസന്ധതയ്ക്കു സ്ഥാനമില്ല. എവിടെയും ദുഷിത വലയം. അതേ സത്യം മരണശയ്യയില്‍.
ഇനിയുള്ള സമയം പാഴാക്കാനുള്ളതല്ല. അവശിഷ്ടജീവിതത്തിന്റെ മുഴുവന്‍ സമയവും സഹജാതരുടെ മോചനത്തിന്. ഉച്ചനീചഭാവമേശാത്ത ഒരു സാമൂഹ്യക്രമത്തിന്റെ പിറവിക്ക് ജയദേവന്‍ തീരുമാനിച്ചുറച്ചു.
ഏപ്രില്‍ പതിന്നാല്. നിസ്വാര്‍ത്ഥ സേവനം ജീവിത വ്രതമാക്കിയ ഒരു മഹാന്റെ ജന്മദിനം. അന്നുരാവിലെ കണ്ണന്‍കുട്ടി സുവര്‍ണ്ണഗിരിയിലെത്തി. ആയുവാവെടുത്തു കൊടുത്ത കടലാസും തൂലികയും ജയദേവന്‍ ഐ.എ.എസ്സിന്റെ സര്‍ക്കാര്‍ ജീവനത്തിനു വിരാമമിട്ടുകൊണ്ടുള്ള രാജിക്കത്തിനു രൂപം നല്‍കി ശത്രുവിനെ മുഖാമുഖം നേരിടുവാന്‍.

(അവസാനിച്ചു)