"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 3, ചൊവ്വാഴ്ച

ആഫ്രിക്കന്‍ അടിമത്തം - ദലിത്ബന്ധു എന്‍ കെ ജോസ്

ഇരുപത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രിസ്തു വിന്റെ കാലത്ത് ആഫ്രിക്കയിലെ കറുത്ത വരില്‍ ഒരു നല്ല ഭാഗം അടിമകളായിരുന്നു. അത് അന്നത്തെ സംസ്‌കാരിക വളര്‍ച്ചയുടെ പ്രത്യാഘാതമാണ്. അതിന് മുമ്പേ ഗ്രീസ്സിലെ സിറ്റി സ്റ്റേറ്റുകളില്‍ അടിമത്തം ഉണ്ടായിരുന്നു. അടിമത്തം മാത്രമല്ല അടിമ വ്യാപാരവും നിര്‍ലോഭം നടന്നിരുന്നു. ഫറവോന്‍മാരുടെ ഈജിപ്ത് അതില്‍ നിന്നും ഒട്ടും വ്യത്യസ്തമാ യിരുന്നില്ല. അതിനെല്ലാം ശേഷം ഇസ്ലാമിന്റെ ആധിപത്യകാലത്ത് കറുമ്പര്‍ ഒരേ സമയം അടിമകളും അടിമ വ്യാപാരികളുമായിരുന്നു. വെനിസ്സിലും അറേബ്യന്‍ മണലാരണ്യത്തിലും അവര്‍ ഒരു പോലെ അറിയപ്പെടുകയും ചെയ്തു. അവരുടെ ഇടയില്‍ അടിമകളും അടിമവ്യാപാരികളുമുണ്ടായിരുന്നു എന്നതിന്റെ അര്‍ത്ഥം കറുമ്പര്‍ വംശീയമായി അടിമകളായിരുന്നില്ല എന്നാണല്ലോ? അത് സംഭവിച്ചത് യൂറോപ്യരുടെ ഇടപെടലിലൂടെയാണ്. അത് പൂര്‍ത്തിയാക്കിയത് അമേരിക്കന്‍ ഐക്യനാടുകളാണ്. ഏ.ഡി. 1718 നൂറ്റാണ്ടുകളില്‍ കറുമ്പരെ നല്ല പണിക്കാരായി കണ്ടു. വെസ്റ്റ് ഇന്‍ഡീ സിലെ കരിമ്പു പാടങ്ങളില്‍ അവര്‍ പണി എടുത്തപ്പോഴാണ് നല്ല കരിമ്പ് ധാരാളമായി ലഭിച്ചത്. അതിന്റെ ഫലമായി നല്ല മദ്യം ധാരാളമായി കുടിക്കാന്‍ വെള്ളക്കാര്‍ക്ക് സാധിച്ചു. കൂടുതല്‍ കൂടുതല്‍ അടിമകളെ അങ്ങനെ ആവശ്യമായി വന്നു. അലബാമായിലെ മൊബെയിന്‍ ബേയില്‍ 1859ല്‍ അവസാനത്തെ അടിമക്കപ്പല്‍ ക്ലോത്തിഡെ (Clothilde) വന്നടക്കുന്നത് വരെ അത് തുടര്‍ന്നു.

ആദ്യകാലത്ത് അടിമയ്ക്ക് ഉടമയാകാനും കഴിഞ്ഞിരുന്നു. അതെല്ലാം വ്യക്തിപരമായ കഴിവിനനുസരിച്ചായിരുന്നു എന്നു മാത്രം. അടിമയെ പ്പറ്റിയുള്ള അന്നത്തെ ധാരണ പില്‍ക്കാലത്തേതുപോലെ ആയിരുന്നില്ല. അവരിലെ മനുഷ്യത്വം അംഗീകരിക്കപ്പെട്ടിരുന്നു. അവന്‍ വാനരനോ അസുരനോ ഒന്നുമായിരുന്നില്ല. മനുഷ്യന്‍ തന്നെയായിരുന്നു. സാമ്പത്തിക പരാധീനത കൊണ്ട് അടിമയായി എന്നു മാത്രം. എന്ന് അവന്‍ സാമ്പത്തി കമായി മെച്ചപ്പെടുന്നുവോ അന്നവന് അടിമയല്ലാ താകാമായിരുന്നു. പണം കൊടുത്ത് അവന് അവനെത്തന്നെ വിലയ്ക്ക് വാങ്ങാമായിരുന്നു. അടിമത്തം വംശീയമായിരുന്നില്ല. മാതാപിതാക്കള്‍ അടിമകളായതുകൊണ്ട് മക്കളും അടിമകളായികൊള്ളണമെന്നില്ല. അടിമകളുടെ കുട്ടികള്‍ അവരുടെ മാത്രം സ്വത്തായിരുന്നു; ഉടമകളുടേ തായിരുന്നില്ല. അടിമത്തം ഒരു കാലത്ത് ലോകത്തിലെ മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്നു എന്നു മാത്രം. വലിയ ജനാധിപത്യം പറയുന്ന ഗ്രീക്ക് സിറ്റി സ്റ്റേറ്റുകളിലും (ആതന്‍സ്, സ്പാട്ടാ) റോമന്‍ സാമ്രാജ്യത്തിലുമെല്ലാം അടിമകളുണ്ടാ യിരുന്നു. ഉടമകളുടെ മാത്രം ജനാധിപത്യമാണ് അവിടെയെല്ലാം ഉണ്ടായി രുന്നത്. മനുഷ്യന്റെ ജനാധിപത്യമായിരുന്നില്ല.

വംശീയാടിമത്തം ആദ്യം ഉത്ഭവിച്ചത് ഇന്ത്യയിലാണ് എന്ന് തോന്നുന്നു. അതിനെ അന്ന് അടിമത്തം എന്നല്ല വിളിച്ചിരുന്നത് എന്നു മാത്രം. പക്ഷേ അത് അടിമത്തത്തേക്കാള്‍ കഷ്ടതരമായിരുന്നു, ക്ലേശപൂ രിതമായിരുന്നു. അതാണ് ചാതുര്‍വര്‍ണ്യം. അതിന് പുറത്തുള്ളവര്‍ മൊത്തം മനുഷ്യരല്ല എന്ന് മാത്രമല്ല, അവരുടെ സന്തതി പരമ്പരകള്‍ അത് എത്ര നീണ്ടതാ യിരുന്നാലും ഒരിക്കലും അവര്‍ക്ക് സ്വതന്ത്രരാകുക സാധ്യവുമായിരുന്നില്ല. സവര്‍ണ്ണരെപ്പോലെ ആകുക അസാധ്യം. ഇന്ത്യന്‍ അടിമത്തത്തിന്, ചാതുര്‍ വര്‍ണ്യത്തിന് അതിന്റേതായ ഒരു തത്വശാസ്ത്രമുണ്ടായിരുന്നു. ജന്മ പുനര്‍ജന്മസിദ്ധാന്തവും കര്‍മ്മസിദ്ധാന്തവും എല്ലാം അടങ്ങിയതായിരുന്നു അത്. അങ്ങനെ അടിമത്തം സൈദ്ധാന്തികമായി സാധൂകരിച്ചത് ഇന്ത്യയില്‍ മാത്രമാണ്. മറ്റുള്ളിടത്തെല്ലൊം അത് ആരംഭിച്ചതും നില നിന്നതും കൈയ്യൂക്കിന്റെ ഫലമായിട്ടാണ്.

ഇന്നത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു കാലത്ത് അടിമത്തം സാര്‍വ്വ ത്രികമായിരുന്നു. രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പലപ്പോഴായി അവര്‍ അടിമത്തം പൂര്‍ണ്ണമായും നിറുത്തലാക്കി. ഇന്ന് അവിടെ പഴയ അടിമ കളുടെ സന്തതി പരമ്പരകളും പഴയ സ്വതന്ത്രരുടെ പിന്‍തലമു റക്കാരും കൂടിക്കലര്‍ന്ന് തിരിച്ചറിയാന്‍ പാടില്ലാത്ത വിധം ജീവിക്കുന്നു. ഇന്ത്യയില്‍ ഏതാണ്ട് അതേകാലയളവില്‍ തന്നെ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ബന്ധം മൂലം അടിമത്തം നിറുത്തലാക്കേണ്ടി വന്നു. 1843ല്‍ ബ്രിട്ടീഷി ന്ത്യയില്‍ അടിമത്തനിരോധന നിയമം വന്നു. തിരുവിതാംകൂറില്‍ 1855ല്‍ അടിമത്തം നിരോധിച്ചു. 1863ല്‍ അമേരിക്കന്‍ ഐക്യനാടുകളിലും അതുണ്ടായി. പക്ഷേ 1855ല്‍ അടിമകളായിരുന്നവരുടെ സന്തതി പരമ്പര കള്‍ ആരെല്ലാമാണ് എന്ന് ഇന്നും ഇവിടെ വ്യക്തമായി അറിയാം എന്ന് പറഞ്ഞാല്‍ ഇവിടത്തെ അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതവസാനിച്ചിട്ടില്ല. അടിമകളുടെ പിന്‍തലമുറ യ്ക്ക് പൊതു സമൂഹ ത്തില്‍ അലിഞ്ഞു ചേരാന്‍ ഇന്നും സാധിച്ചിട്ടില്ല. അടിമകളല്ലാതിരുന്നവര്‍ അതിനുള്ള അവസരം നല്‍കിയില്ല. ഭരണഘടനയിലും നിയമങ്ങളിലും അടിമത്തം അവസാനിച്ചു എന്ന് എഴുതി വച്ചിട്ടുണ്ട്. പക്ഷേ ജീവിത ത്തില്‍ സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ ഇന്നും അടിമത്തത്തിന്റെ അവശിഷ്ടങ്ങള്‍ ശക്തമായി തന്നെ നിലനില്‍ക്കുന്നു. നിറവും ജാതിയും പാരമ്പര്യവും മറ്റുമാണ് ശക്തമായ ശക്തികള്‍.

അമേരിക്കയിലും സ്ഥിതിഗതികള്‍ ഇന്നും ഏതാണ്ട് ഇതൊക്കെതന്നെയാണ്. എന്നാല്‍ കേരളത്തെക്കാള്‍ കൂടുതല്‍ മിശ്രവിവാഹം അവിടെ നടക്കു ന്നുണ്ട്. അത് ഒരു പരിധിവരെയെങ്കിലും വര്‍ണ്ണവിവേചനത്തെ ചെറുക്കുന്നുണ്ട്. നാളെ സാമൂഹ്യരംഗത്ത് കറുമ്പരെ മാറ്റി നിര്‍ത്താന്‍ സാധ്യമല്ലാത്ത ഒരു പരിതസ്ഥിതി വെള്ളക്കാര്‍ക്ക് അവിടെ ഉണ്ടാകും. അത് രാഷ്ട്രീയ രംഗത്ത് വന്നു കഴിഞ്ഞു. ബരാക്ക് ഒബാമ പ്രസി ഡന്റായി. കോണ്‍ടാലിസാ റൈസ് വിദേശകാര്യസെക്രട്ടറിയായി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും പ്രത്യേകമായ ജോലിയും ആദായവും ഉണ്ടായത് കൊണ്ടാണ് അത് സംഭവിച്ചത്. സ്ത്രീകള്‍ സ്വതന്ത്രരായപ്പോള്‍ ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാമെന്നായി. അതില്‍ നിന്നും ജനിച്ചവര്‍ കറുമ്പരല്ല, വെള്ളക്കാരുമല്ല, മനുഷ്യര്‍ മാത്രം.