"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 10, ചൊവ്വാഴ്ച

ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പുനരുജ്ജീവനം - ഡോ. സുരേഷ് മാനേ

ഡോ.അംബേദ്ക്കറുടെ എതിരാളികളും ബുദ്ധിസ ത്തിന്റെ വിമര്‍ശകരും, ഡോ.അംബേദ്ക്കറുടെ ബുദ്ധിസത്തിലുടെയുള്ള സാംസ്‌കാരിക വിപ്ലവ ത്തെക്കുറിച്ച് നിരവധി നുണകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഉറച്ച ഹിന്ദുമത തീവ്രവാദികളായ വി.ഡി. സര്‍വ്വക്കറി നേയും ശങ്കരാചാര്യരേയും പോലെയുള്ളവര്‍ മുതല്‍ ഹിന്ദുയിസത്തിന്റെ രാഷ്ട്രീയ പിതാ ക്കന്‍മാരായ ഗാന്ധിയും ഗോള്‍വല്‍ക്കറും അവരുടെ പിന്‍തുടര്‍ച്ചക്കാരും ഒരിക്കലും ഇന്ത്യയില്‍ ബുദ്ധിസത്തിന്റെ പുനരുജ്ജീവനത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ കരുതിയത് അങ്ങനെ സംഭവിച്ചാല്‍ അത് ഹിന്ദുമതത്തിന്റെയും അവരുടെ മഹത്തായ പ്രാചീന സാംസ്‌ക്കാര ത്തിന്റേയും' അന്ത്യമാണെന്ന് അവര്‍ കരുതി.

ബി.സി ആറാം നൂറ്റാണ്ടു മുതല്‍ എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ ബുദ്ധിസം ജനങ്ങളുടെ ജീവിത രീതിയായിരുന്നു. ഹിമാല യത്തിനപ്പുറത്ത് അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇങ്ങു ശ്രീലങ്കവരേയും ബുദ്ധിസം ഭരണാധികാരി കളുടേതെന്നതു പോലെ സാധാരണജനങ്ങളുടേയും മതമായിരുന്നു. സ്വന്തം നിലയില്‍ ഒരു ഉറച്ച ബുദ്ധിസ്റ്റായിരുന്ന അശോകചക്രവര്‍ത്തി, ബംഗാളി ലെ പല രാജാക്കന്‍മാര്‍, മധ്യകാലഘട്ടത്തിലെ ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് രാജാക്കന്‍മാര്‍, തുടങ്ങിയവരെല്ലാം ബ്രാഹ്മണര്‍ക്കോ, ജൈനര്‍ക്കോ, ഏതെങ്കിലും ജീവികള്‍ക്കോ എതിരായിരുന്നില്ലെന്നു മാത്രമല്ല, അവരിലും രാജാവിന്റെ അനുഗ്രഹം ചൊരിയുകയും ചെയ്തിരുന്നു. എന്നാല്‍ ബുദ്ധിസ്റ്റ് രാജാക്കന്‍മാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ബ്രാഹ്മണ രാജാക്കന്‍മാര്‍ ബുദ്ധിസ്റ്റ് സാമ്രാജ്യങ്ങളെ നശിപ്പിച്ചു. ദേവന്‍മാരോട് കടപ്പെട്ടവനും അര്‍പ്പണം ചെയ്തവനുമായ പുഷ്യമിത്ര, നിരവധി സംഘവിഹാരങ്ങള്‍ നശിപ്പിക്കുകയും അവിടെ സ്ഥിര താമസക്കാരാ യിരുന്ന ബുദ്ധിസ്റ്റുകളെ കൊന്നൊടുക്കുകയും ചെയ്തു. ബംഗാളിലെ നിയമചിന്താസരണിയുടെ സ്ഥാപകനായ ശൂലപാണി, ബുദ്ധിസ്റ്റുകളെ കാണുന്നത് പോലും കഠിനമായ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കി മാറ്റി. ബുദ്ധിസ്റ്റുകളേയും ജൈനരേയും പീഡിപ്പിക്കുന്നത് പ്രശംസാര്‍ഹമായ ഒരു പ്രവൃത്തിയായി ബ്രാഹ്മണര്‍ മാറ്റിയെടുത്തു. ചൈനയിലാകട്ടെ, കണ്‍ഫ്യൂ ഷനിസ്റ്റുകളാല്‍ മൂന്ന് മടങ്ങ് പീഡിപ്പിക്കപ്പെട്ടു. ബുദ്ധിസത്തിന് ജപ്പാനിലെ ഷിന്റോയിസ്റ്റുകളുടെ കരങ്ങളിലെ പീഡനങ്ങളില്‍ നിന്നും പോലും രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.46 കനിഷ്‌ക്കനും ഒരു നൂറ്റാണ്ടിന് ശേഷം ശ്രാവസ്തിയിലെ രാജാവായിരുന്ന വിക്രമാദിത്യന്‍ ബുദ്ധിസ്റ്റുകളെ പീഡിപ്പിക്കുന്നതില്‍ മുമ്പനായി മാറി. ശിവന്റെ ആരാധകനായ മിഹിരാകുള, എണ്ണിയാലൊടുങ്ങാത്ത ബുദ്ധമതാനുയായികളെ കശാപ്പു ചെയ്തു. ഏഴാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ബംഗാളിലെ രാജാവായ സജംഗ, ബുദ്ധിസത്തിന്റെ ഒരു രൂഢമൂലനായ ശത്രുവാണെന്ന് തെളിയിക്കുകയും ബോധിവൃക്ഷത്തിന്റെ വേരറുക്കുകയെന്ന സാഹസ ത്തിന് നിരവധി തവണ ശ്രമിക്കുകയും ചെയ്തു. കാശ്മീരില്‍ ക്ഷേമ ഗുപ്തനും ശ്രീഹര്‍ഷനും ബുദ്ധിസ്റ്റു കളോടുള്ള പെരുമാറ്റത്തില്‍ കരുണ യറ്റവരായിരുന്നു. കുമാരിലഭട്ടന്റെ ദൃഷ്ടാന്തത്തില്‍, അദ്ദേഹം ബുദ്ധിസ്റ്റു കളെ കേരളത്തിന് വെളിയിലേക്ക് ആട്ടിപ്പായിച്ചു. ശങ്കരവിജയമനുസരിച്ച്, രാജസുധാവന്‍ തന്റെ ജനങ്ങള്‍ക്ക് താഴെപറയും പ്രകാരമുള്ള ഒരു കല്‍പ്പന നല്‍കി. പാലം മുതല്‍ (ശ്രീലങ്കയിലേക്ക് പോകാന്‍ രാമന്‍ കെട്ടിയ) ഹിമാലയം വരെ ആരാണോ ബുദ്ധിസ്റ്റുകളെ വധിക്കാതിരിക്കു ന്നത് അത്കുഞ്ഞായാലും വൃദ്ധനായാലും വധിക്കപ്പെടും.'47

ബുദ്ധന്റെ മരണത്തിന് ശേഷം ഉടനെ രാജാ ചക്ദിയനാല്‍ സ്ഥാപിക്കപ്പെട്ട നളന്ദ സര്‍വകലാശാല, അശോകചക്രവര്‍ത്തി സ്ഥാപിച്ച തക്ഷശില സര്‍വ്വകലാശാല, മഹാരാഷ്ട്രയിലെ അജന്തയ്ക്കടുത്തുള്ള വിക്രമ സര്‍വ കലാശാല (അതുകൊണ്ട് തന്നെ ഡോ.അംബേദ്ക്കര്‍ക്ക് മഹാരാഷ്ട്രയിലെ ഒറംഗാബാദില്‍ ഒരു ബുദ്ധിസ്റ്റ് സര്‍വകാലാശാല സ്ഥാപിക്കണമെന്ന് ഒരാഗ്രഹമുണ്ടാ യിരുന്നു). ആന്ധ്രപ്രദേശിലെ ഹൈദ്രാബാദിനടുത്തുള്ള നാഗാര്‍ജ്ജുന കൊണ്ട സര്‍വകലാശാല എന്നിവ ആധുനിക പഠനത്തിന്റെ ഏറ്റവും മഹത്തായ മാതൃകകളാണ്. ബുദ്ധിസത്തിന്റെ അത്തരത്തിലുള്ള എല്ലാ പഠനകേന്ദ്രങ്ങളും, ലോകപ്രശസ്തമായ സര്‍വകലാശാലകളും ചുട്ടെരിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ബുദ്ധിസമാകട്ടെ, അത് അതിനെ പീഡിപ്പിച്ചവരെ ഒരിക്കലും തിരിച്ചു പീഡിപ്പിച്ചിട്ടില്ല.'48

പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇന്ത്യയില്‍ ബുദ്ധിസത്തിന് പൂര്‍ണ്ണമായും അതിന്റെ സാന്നിദ്ധ്യം നഷ്ടപ്പെട്ടു. 1881 ല്‍ സര്‍ വില്യം ഹണ്ടര്‍ ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ഒരു പ്രവചനം നടത്തി. അതേ പ്രവചനം തന്നെ രവീന്ദ്രനാഥ ടാഗോറിന്റെ 'ബുദ്ധദേവോ' എന്ന കവിതയില്‍ പ്രതിഫലിച്ചു. ബുദ്ധിസത്തിന്റെ ഉയര്‍ച്ചയും താഴ്ചയും പുനരുത്ഥാനവുമെല്ലാം ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിലെ താല്പര്യമുണര്‍ത്തുന്ന അധ്യായമാണ്. ഇതിലെ ആശ്ചര്യകരമായ വസ്തുതയെന്തെന്നാല്‍ പുനരുദ്ധാന പ്രക്രിയയില്‍ ഏറെക്കുറെയുള്ള എല്ലാ അടിസ്ഥാന പ്രവര്‍ത്തനങ്ങളും നടത്തിയത് പാശ്ചാത്യ പണ്ഡിതന്‍മാരാ യിരുന്നു. ഇന്ത്യയിലാകട്ടെ പ്രത്യേകിച്ചും 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോട് കൂടി ബുദ്ധിസത്തിന്റെ പുനരുജ്ജീവനം ആരംഭിച്ചു. ഡോ.അംബേദ്ക്ക റുടെ ബുദ്ധിസത്തിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയ്ക്ക് വേണ്ടി ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയുടെ വികാസ ചരിത്രത്തിലേക്ക് ആഴ്ന്നു നോക്കേണ്ട തുണ്ട്. ചുരുക്കത്തില്‍ അവയെ താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ ക്രമീകരിക്കാം.

1. 1837 ല്‍ ജയിംസ് പ്രന്‍സെപ് എന്ന ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അശോകന്റെ കരിങ്കല്‍ സ്തൂപങ്ങളിലെ ഗൂഢാര്‍ഥലിപി വായിച്ചെടുക്കുന്നതില്‍ വിജയിച്ചു. അങ്ങനെ ആബുദ്ധിസ്റ്റ് രാജാവിന്റെ ഭരണത്തിലെ വിശാലമനസ്‌കതയും മനുഷ്യസ്‌നേഹവും യൂറോപ്പിലും ഇന്ത്യയിലും വ്യാപിച്ചു. 49

2. 1861 ല്‍ അലക്‌സാണ്ടര്‍ കണ്ണിംഗ് ഹാം എന്ന മറ്റൊരു ഇംഗ്ലീഷുകാരന്‍ ഏഴാം നൂറ്റാണ്ടിലെ സഞ്ചാരിയായിരുന്ന ഹുയാന്‍സാങിന്റെ യാത്രാഗ്രന്ഥത്തെ വഴികാട്ടിയാക്കി, തീര്‍ത്ഥാടനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു യാത്രാമാര്‍ഗ്ഗം തയ്യാറാക്കുകയും ആ പരിശ്രമത്തില്‍ നിരവധി ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.'50
3. 1875 ല്‍ അമേരിക്കന്‍ കേണലായിരുന്ന എച്ച്.എസ്.ഓള്‍ക്കോട്ടും റഷ്യാക്കാരാനായ എച്ച്.പി.ബ്ലാവസ്‌കിയും ന്യൂയോര്‍ക്കില്‍ തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിക്കുകയും ഏഷ്യയിലെ ബുദ്ധിസ്റ്റുകളുമായി ബന്ധപ്പെടുകയും ചെയ്തു.
4. മറഞ്ഞു കിടക്കുന്ന ബുദ്ധിസമായി അദ്ദേഹത്തിന് അനുഭവപ്പെട്ടവയെ സഹായിക്കുവാനായി ഹെന്‍ട്രി ഓള്‍ക്കോട്ട് 1880ല്‍ ശ്രീലങ്കയിലെത്തി. 51
5. 1881 ല്‍ ബ്രിട്ടീഷ് പണ്ഡിതനായ തോമസ് വില്യം റേ ഡേവിഡ് പാലി ടെക്സ്റ്റ് സൊസൈറ്റി സ്ഥാപിക്കുകയും പാലിയിലെ ബുദ്ധിസ്റ്റ് സാഹിത്യം ആധുനിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു.
6. 1885 ല്‍ ലൈറ്റ് ഓഫ് ഏഷ്യയുടെ രചയിതാവായ സര്‍ എഡ്വിന്‍ അര്‍ണോള്‍ഡ് ബുദ്ധിസത്തേയും ബോധ്ഗയയേും കേന്ദ്രീകരിച്ചുകൊണ്ട് ലണ്ടനിലെ ടെലഗ്രാഫില്‍ നിരവധി ലേഖനങ്ങളെഴുതി.
7. 1891 ല്‍ അനാഗരിക് ധര്‍മ്മപാലയായി മാറിയ, ഒരു യുവസിംഹളനായ ഡേവിഡ് ഹേവ്‌വിതാമെ, ഒരു ബുദ്ധസന്യാസിയെന്ന നിലയില്‍ ബോധ്ഗയയില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കൊളംബോയിലും പിന്നീട് കല്‍ക്കട്ടയിലും മഹാബോധി സൊസൈറ്റി സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ബുദ്ധിസത്തിന്റെ നവോത്ഥാനത്തിനായി അദ്ദേഹം ശ്രദ്ധ കേന്ദ്രികരിച്ചു.'52
8. 1891 ജൂണ്‍ 10ന്, മഹാബോധി സൊസൈറ്റി നാലു സന്യാസിമരടങ്ങിയ അതിന്റെ ആദ്യ പ്രതിനിധി സംഘത്തെ ബോധ്ഗയയിലേയ്ക്കയച്ചു.
9. ബുദ്ധിസ്റ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനായി 1891ല്‍ ബോധ്ഗയയില്‍ വച്ച് അന്തര്‍ദേശീയ ബുദ്ധിസ്റ്റ് സമ്മേളനം നടത്തി.
10. 1891 ല്‍ ആന്ധ്രപ്രദേശിലെ ഭട്ടിപ്രോലുവില്‍ നിന്നും മി.റീ, ബുദ്ധന്റെ അസ്ഥികളടങ്ങിയ ചെപ്പ് കണ്ടെടുക്കുകയുണ്ടായി.
11. 1892 ല്‍ കല്‍ക്കട്ടയിലെ മഹാബോധി സൊസൈറ്റി 'മഹാബോധി' എന്ന പേരിലും 'ദ യുണൈറ്റഡ് ബുദ്ധിസ്റ്റ്‌വേള്‍ഡ്' എന്ന പേരിലും ബുദ്ധിസത്തെ പ്രചരിപ്പിക്കുന്നതിനായി വാര്‍ത്താപ്രസിദ്ധീകരണം തുടങ്ങി.
12. 1893 ല്‍ 'ലോകമത പാര്‍ലമെന്റ്' ചിക്കാഗോവില്‍ നടന്നു. ബുദ്ധിസത്തിന്റെ ആശയങ്ങളിലേക്ക് വെളിച്ചം വീശുവാന്‍ ഈ വേദിയെ ധര്‍മ്മപാല ഫലപ്രദമായി വിനിയോഗിച്ചു.
13. 1892 ല്‍ ശരത്ചന്ദ്രദാസിന്റേയും സതീഷ്ചന്ദ്രവിദ്യാഭൂഷന്റെയും (പാലിയില്‍ എം.എ. ബിരുദമെടുക്കുന്ന ആദ്യ വ്യക്തിയായി 1901ല്‍ ഇദ്ദേഹം മാറി). പരിശ്രമത്താല്‍ ബുദ്ധിസ്റ്റ് ടെക്സ്റ്റ് സൊസൈറ്റി സ്ഥാപിച്ചു.'53 ബുദ്ധിസ്റ്റ് ടെക്സ്റ്റ് സൊസൈറ്റിക്ക് വേണ്ടി ഒരു വാര്‍ത്താപത്രികയും ദാസ് സ്ഥാപിച്ചു.'54
14. 1894 ല്‍ ബുദ്ധിസത്തിലെ ഒരു അമേരിക്കന്‍ പണ്ഡിതനായ ഡോ.പോള്‍ കോറസ് തന്റെ 'ഗോസ്പല്‍ ഓഫ് ബുദ്ധ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
15. 1896 ല്‍ ലുംബിനിയില്‍ അശോകന്റെ സ്തംഭം കണ്ടെത്തി. 1898ല്‍ ബുദ്ധന്റെ തിരുശേഷിപ്പടങ്ങിയ ഒരു ചെപ്പു കൂടി ലഭിച്ചു.'55
16. മദ്രാസ്സിലെ പണ്ഡിറ്റ് അയോധീതാസ്സ് (1845-1914) 1896ല്‍ തരംതാഴ്ത്തപ്പെട്ട ജനങ്ങള്‍ ഹിന്ദുക്കളല്ലെന്ന് വാദിച്ചു. 1898 ല്‍ അദ്ദേഹം മദ്രാസ്സില്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി സ്ഥാപിച്ചു.56
17. 1914 ല്‍ ഭന്‍ഡെ ബോധാനന്ദ മഹാതേര ഒരു ബുദ്ധസന്യാസിയായി മാറുകയും ലക്‌നൗവ്വിന് ചുറ്റും തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുയും ചെയ്തു. 1916 ല്‍ അദ്ദേഹം ഇന്ത്യന്‍ ബുദ്ധിസ്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചു. 1925 ല്‍ ലക്‌നൗവ്വിലെ ആദ്യ ബുദ്ധവിഹാരം അദ്ദേഹം സ്ഥാപിച്ചു.
18. 1898ല്‍ ഒരു ബ്രാഹ്മണ പണ്ഡിതനായ കൃഷ്ണറാവു അര്‍ജുന്‍ കെലൂസ്‌കര്‍ മഹാരാഷ്ട്രയില്‍ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് ഒരു ഗ്രന്ഥം പ്രസിദ്ധകിരച്ചു. 1907ല്‍ ഈ പുസ്തകത്തിന്റെ ഒരുപ്രതി ഒരു സമ്മാനമെന്ന നിലയില്‍ അദ്ദേഹത്തിന്റെ അധ്യാപകനില്‍ നിന്നും ഗ്രന്ഥകാരനില്‍ നിന്നുമായി ഭീമറാവു റാംജി അംബേദ്ക്കര്‍ ഏറ്റുവാങ്ങി.
19. 1900 ല്‍ മഹാബോധി സൊസൈറ്റിയുടെ മൂന്നു ശാഖകള്‍ മദ്രാസ്സിലും, കുശിനഗറിലും, ശ്രീലങ്കയിലും തുറക്കപ്പെട്ടു.
20. 1902 ല്‍ ആധുനിക ഇന്ത്യയിലെ ആദ്യ ബുദ്ധിസ്റ്റ് വിഹാരം കുശിവിഹാരത്തില്‍ മഹാവീര്‍ സ്വാമി നിര്‍മ്മിച്ചു.
21. 1907 ല്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ഊര്‍ജ്ജതന്ത്രത്തിലേയും, രസതന്ത്രത്തിലേയും പ്രൊഫസറായിരുന്ന പി.ലക്ഷ്മി നരാസു, തന്റെ വിഖ്യാത ഗ്രന്ഥമായ 'ദി എസ്സന്‍സ് ഓഫ് ബുദ്ധിസം'പ്രസിദ്ധീകരിക്കുകയും ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പുനരുത്ഥാനം പ്രവചിക്കുകയും ചെയ്തു.
22. 1908 ല്‍ സര്‍ അശുതോഷ് മുഖര്‍ജി, കല്‍ക്കട്ടാ സര്‍വകലാശാലയില്‍ മെട്രിക്കുലേഷന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പാലി പഠനം ആരംഭിച്ചു.
23. 1910 ല്‍ ബറോഡയിലെ പുരോഗമനകാരിയായ രാജാവായിരുന്ന സയാജി റാവു ഗെയിക്‌വാദ് ബറോഡയിലെ ജൂബിലി ഗാര്‍ഡനില്‍ ബുദ്ധന്റെ ഒരു വലിയ വെങ്കല പ്രതിമ സ്ഥാപിക്കുകയും പ്രൊഫ. ധര്‍മ്മാനന്ദ് കൊസാംബിയെ കൊണ്ട് ബുദ്ധിസത്തിനെ കുറിച്ച് അഞ്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ആദ്യം ബറോഡാ കോളേജലും പിന്നീട് സ്‌കൂളുകളിലും ഇദ്ദേഹം പാലി രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു.
24. 1920 ല്‍ അനാഗരിക് ധര്‍മ്മപാല തന്റെ ആദ്യ ബുദ്ധിസ്റ്റ് വിഹാരം കല്‍ക്കട്ടയില്‍ സ്ഥാപിച്ചു.
25. 1920 ല്‍ കേരളത്തില്‍ ശ്രീനാരായണഗുരു പ്രസ്ഥാനത്തിലെ മതപരിവര്‍ത്തന സമ്മേളനങ്ങള്‍ ബുദ്ധിസത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനെകുറിച്ച് ചര്‍ച്ചചെയ്തു. ഈഴവ സമുദായത്തിലെ ചിലര്‍ വാദിച്ചത് ഈഴവര്‍ ബുദ്ധന്റെ പിന്‍ഗാമികളെന്നാണ്.
26. 1922 ല്‍ ബുദ്ധിസത്തിലെ പണ്ഡിതനായ ഡോ.എ.എല്‍ നായരും ധര്‍മ്മാനന്ദ് കെസാംബിയും ബോംബെയില്‍ ബുദ്ധിസ്റ്റ് സൊസൈറ്റി സ്ഥാപിക്കുകയും മുംബൈയിലെ ആദ്യ ബുദ്ധവിഹാര്‍ നിര്‍മ്മിക്കുകയും ചെയ്തു. 1937 ല്‍ ബഹുജനവിഹാര്‍ എന്നു വിളിച്ചിരുന്ന മറ്റൊരു ബുദ്ധവിഹാരം പരേല്‍ പ്രദേശത്ത് നിര്‍മ്മിച്ചു.
27. 1925 ല്‍ കോഴിക്കോട്ട് വച്ച് കേരള ബുദ്ധിസ്റ്റ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. സംഘടനയുടെ സ്ഥാപകനും മിതവാദി പത്രത്തിന്റെ എഡിറ്ററുമായ സി.കൃഷ്ണനാണ് കേരളത്തില്‍ ആദ്യമായി ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.57
28. 1928 ല്‍ നാഗാര്‍ജ്ജുന കൊണ്ടയിലെ മഹത്തായ സ്തൂപം ഖനനം ചെയ്‌തെടുക്കപ്പെട്ടു.
29. 1931 ല്‍ സാരനാഥിലെ ആദ്യ ബുദ്ധവിഹാരം മഹാബോധി സൊസൈറ്റി സ്ഥാപിച്ചു.
30. 1931 മാര്‍ച്ച് 22ന് പെരിയാര്‍ മദ്രാസ് മൗണ്ട് റോഡിലെ ബുദ്ധിസ്റ്റ് സൊസൈറ്റിയില്‍ പ്രഭാഷണം നടത്തുകയും ബുദ്ധിസത്തേയും ആത്മാഭിമാനപ്രസ്ഥാനത്തേയും താരതമ്യപ്പെടുത്തുകയും ചെയ്തു.
31. 1935 ല്‍ പ്രസിദ്ധീകരണമാരംഭിച്ച 'ധര്‍മ്മദൂത' എന്ന ഹിന്ദി ജേര്‍ണല്‍, വടക്കേയിന്ത്യയില്‍ ബുദ്ധന്റെ സന്ദേശങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ നാഴികക്കല്ലായി മാറി.
32. 1939 ല്‍ മഹാബോധി സൊസൈറ്റി ന്യൂഡല്‍ഹിയില്‍ പുതിയ കേന്ദ്രം തുറന്നു. കൂടാതെ ആസാമിലും (1939) ബാംഗ്ലൂരും (1940) അഗര്‍ത്തലയിലും (1946) മദ്രാസ്സിലും (1947) വിഹാരങ്ങള്‍ ആരംഭിച്ചു.
33. 1937ല്‍ ലഡാക് ബുദ്ധിസ്റ്റ് അസോസിയേഷനും, 1939 ല്‍ ആള്‍ ആസാം ബുദ്ധിസ്റ്റ് അസോസിയേഷനും 1942 ല്‍ ഹിമാലയന്‍ ബുദ്ധിസ്റ്റ് അസോസിയേഷനും സ്ഥാപിതമായി.
്34. രാഹുല്‍ സാംകൃത്യായന്റേയും, ജഗദീഷ് കശ്യപിന്റേയും ഭന്‍ഡെആനന്ദ് കൗസല്യന്റേയും രചനകള്‍ ബുദ്ധിസത്തിന്റെ പ്രചാരണത്തിന് വിശിഷ്യാ വടക്കേയിന്ത്യയില്‍ വളരെയധികം സംഭാവനകള്‍ നല്‍കി. ഈ മൂന്ന് മാര്‍ഗ്ഗദര്‍ശകരായ ബുദ്ധിസ്റ്റ് സന്യാസിമാരും ഇന്ത്യയിലെ ബുദ്ധിസത്തിന്റെ പുനരുജ്ജീവനത്തിന് നിരന്തരവും സാര്‍ത്ഥകവുമായ സംഭാവനകള്‍ നല്‍കി.
35. 1947 ജൂലൈ 22ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനാനിര്‍മ്മാണ സമിതി ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രസ്താവിച്ചു. 'ഇന്ത്യയുടെ ദേശീയപതാക തിരശ്ചീനമായി മൂന്നുവര്‍ണ്ണങ്ങള്‍, കാവിയും വെള്ളയും കടുംപച്ചയും തുല്യമായ അനുപാതത്തില്‍ ഉള്‍പ്പെട്ടതായി നിശ്ചയിക്കുന്നു. മധ്യത്തിലുള്ള വെളുത്ത ഭാഗത്ത്, ചക്രത്തെ പ്രതിനിധീകരിച്ച് കടും നീലനിറത്തിലുള്ള ഒരു വൃത്തം ഉണ്ടായിരിക്കും. ആ ചക്രത്തിന്റെ രൂപരേഖ, അശോകന്റെ തലസ്ഥാനമായ സാരനാഥിലെ സിംഹചിഹ്‌നത്തിലുള്ള ചക്രത്തിന്റേതുപോലെ ആയിരിക്കും.' ഇന്ത്യയുടെ സുവര്‍ണ്ണ ചരിത്രത്തെ ബുദ്ധിസം പ്രതിനിധാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാക്കള്‍ അശോകചക്രത്തെ ധര്‍മ്മചക്രത്തെ ദേശീയ ത്രിവര്‍ണ്ണ പതാകയില്‍ സ്വീകരിക്കുകയും ദേശീയ ചിഹ്‌നമായി സാരനാഥിലെ അശോകസ്തംഭത്തില്‍ കാണുന്ന മൂന്നു സിംഹങ്ങളെ നിശ്ചയിക്കുകയും ചെയ്തു.
36. 1949ല്‍ നാഴികക്കല്ലായ മറ്റൊരു സംഭവം, ബീഹാര്‍ ഗവണ്‍മെന്റ് ബുദ്ധഗയ ടെമ്പിള്‍ മാനേജ്‌മെന്റ് ആക്ട്, 1949 പാസ്സാക്കുകയും നാലു ബുദ്ധിസ്റ്റുകളും നാല് ഹിന്ദുക്കളുമടങ്ങിയ ഒരു ക്ഷേത്ര ഭരണകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
37. 1954 ജനുവരി 23-24ന് പെരിയാര്‍ ഈ റോഡില്‍ വച്ച് ബുദ്ധിസ്റ്റ് അന്തര്‍ദേശീയസമ്മേളനം സംഘടിപ്പിച്ചു.
38. 1956 മേയിലെ പൂര്‍ണ്ണചന്ദ്രദിവസം, ബുദ്ധന്റെ മഹാനിര്‍വ്വാണ ത്തിന്റെ 2500-ാം വാര്‍ഷികത്തില്‍ പി.വി. ബപത് എഡിറ്റു ചെയ്ത 'ബുദ്ധിസത്തിന്റെ 2500 വര്‍ഷങ്ങള്‍' എന്ന ഗ്രന്ഥം, ഇന്ത്യാഗവണ്‍മെന്റി ന്റെ വിവരപ്രക്ഷേപണ വകുപ്പിലെ പ്രകാശന വിഭാഗം പ്രസിദ്ധീകരിച്ചു.

ഈ ചരിത്ര സംഭവങ്ങളുടെ ക്രോഡീകരണം കാണിക്കുന്നത് ബുദ്ധിസം അതിന്റെ ജന്മഗേഹത്തിലേക്ക് വലിയ തോതില്‍ മടങ്ങിവരുന്നവെന്നാണ്. അതുകൊണ്ടുതന്നെ 1924 മുതല്‍ ഹിന്ദുയിസത്തിന് ബദലായ മറ്റൊരു ജീവിത രീതിയ്ക്കായി അന്വേഷണം നടത്തിക്കൊണ്ടിരുന്ന ഡോ.അംബേദ്ക്ക റെപ്പോലെയുള്ള ഒരു പണ്ഡിതന്, ഇത്തരത്തിലുള്ള വികാസങ്ങള്‍ക്ക് നേരെ എങ്ങനെ കണ്ണടയ്ക്കാന്‍ കഴിയും. ബുദ്ധിസത്തിന്റെ പുനരുത്ഥാന ത്തിനിട യാക്കിയ ഇത്തരം ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഡോ.അംബേദ്ക്കര്‍ ബുദ്ധിസത്തെ ആശ്ലേഷിച്ചതിനെ മനസ്സിലാ ക്കേണ്ടത്. നിശ്ചയമായും ആ തീരുമാനം ഇന്ത്യന്‍ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണ ലക്ഷ്യവും അതുപോലെ ജാതീയതയുടെ അടിമത്തത്തില്‍ നിന്നും അതിശൂദ്രരെ വിമോചിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരന്തരമായ അന്വേഷണത്തിന്റെ ഉല്‍പ്പന്നവുമാണ്. അത് ചില പണ്ഡിതര്‍ തെറ്റായി വാദിക്കുന്നതുപോലെ കേവലമൊരു രാഷ്ട്രീയ നാടകമോ മനസ്സിന്റെ നൈരാശ്യാവസ്ഥയോ അല്ല.58