"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 14, ശനിയാഴ്‌ച

കാന്‍ഷിറാം ഡോ. അംബേദ്ക്കറുടെ പാരമ്പര്യത്തിന്റെ നേരവകാശി - ഡോ. സുരേഷ് മാനെ

ബാംസെഫ് (1978), ഡി.എസ്.ഫോര്‍ (1981), ബുദ്ധിസ്റ്റ് റിസര്‍ച്ച് സെന്റര്‍ (1983), ബി.എസ്.പി (1984) എന്നിവയുടെ സ്ഥാപക പ്രസിഡന്റായ കാന്‍ഷിറാം തന്റെ 72-ാമത്തെ വയസ്സില്‍ 2006 ഒക്‌ടോബര്‍ 9ന് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗ വേളയില്‍ (പരിനിര്‍വാണ്‍) അദ്ദേഹ ത്തിന്റെ വിമര്‍ശകരും ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളും, രാഷ്ട്രീയരംഗത്ത് സമകാലികരായുള്ളവരുമെല്ലാം അദ്ദേഹ ത്തിന്റെ സംഭാവനകളെ പരാമര്‍ശിച്ചു കൊണ്ട് 'ദലിതരുടെ ഏറ്റവും ആധികാരിക ശബ്ദം', 'നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്', 'ദലിത് പ്രതിബിംബം', 'ഡോ. അംബേദ്ക്കര്‍ ക്കൊപ്പം അപ്രത്യക്ഷമായ തീവ്രത ദലിത്‌സംവാദങ്ങളില്‍ വീണ്ടും കുത്തിവച്ച നേതാവ്', 'ദലിതര്‍ക്ക് ഒരു ശബ്ദവും നിര്‍ണ്ണായകമായ ഒരു വോട്ടും നല്‍കിയ വ്യക്തി', 'മൗലിക ചിന്തകനും, സമ്പൂര്‍ണ്ണമായ രാഷ്ട്രീയ സംഘാടകനും', 'ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും മനുവാദി ശക്തികള്‍ക്കെതിരെയുള്ള കുരിശുയുദ്ധ യോദ്ധാവ്', 'ദലിത് രാഷ്ട്രീയത്തിന് ശക്തമായ പുതിയ മുദ്ര നല്‍കിയ ശാക്തീകരണ സൃഷ്ടാവ്', 'തന്റെ ജീവിതകാല യളവില്‍ത്തന്നെ ദലിതര്‍ക്കിടയില്‍ വിഗ്രഹപദവി ആര്‍ജ്ജി ച്ചെടുത്ത വ്യക്തി',''രാഷ്ട്രീയ വ്യതിയാനത്തിന്റെ തച്ചുശാസ്ത്രക്കാരന്‍', 'ദലിത് ചാണക്യന്‍', 'ഡോ. അംബേദ്ക്കറിനുശേഷമുള്ള ദലിത് രാഷ്ട്രീയ ത്തിന്റെ യഥാര്‍ത്ഥ പ്രയോക്താവ്', 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശില്‍പ്പികളിലൊരാള്‍' എന്നിങ്ങനെയൊക്കെയാണ് വര്‍ണ്ണിച്ചത്. എന്നാല്‍ ഇവയ്‌ക്കെല്ലാം ഉപരിയായി യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനത്തിനു വേണ്ടിയുള്ള തന്റെ പോരാട്ടത്തിലൂടെ ഡോ. അംബേദ്ക്കറുടെ സാമൂഹ്യരാഷ്ട്രീയ സാംസ്‌ക്കാരിക പാരമ്പര്യത്തെ അദ്ദേഹം മുന്നോട്ടു നയിച്ചു.

ആകസ്മികമായി ഒരു നിമിഷത്തില്‍ സംഭവിച്ച അല്‍ഭുത ത്താലല്ല, മാന്യവര്‍ കാന്‍ഷിറാംജി ഈ ഔന്നത്യം നേടിയെടുത്തത്. മറിച്ച് ഡോ.അംബേദ്ക്കറുടെ പൂര്‍ത്തിയാകാത്ത അജണ്ടയുടെ വിജയത്തിനായി വ്യത്യസ്തവും പുതുമയുള്ളതുമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാലം നിലനില്‍ക്കുവാന്‍ ശേഷിയുള്ള, വിശാലാടിത്തറയിലുള്ള ഒരു ജനകീയ പ്രസ്ഥാനം കെട്ടിയുയര്‍ത്തു ന്നതിനായി നടത്തിയ, പരിശുദ്ധവും, നിരന്തരവുമായ ഒത്തുതീര്‍പ്പി ല്ലാത്ത പരിശ്രമങ്ങളിലൂടെയാണ്. കാന്‍ഷിറാം ഒരു നേതാവായി ജനിച്ചയാളല്ല. ബാബുജഗ്ജീവന്‍ റാമിനെയും, ബി.പി.മൗര്യയേയും സംഘപ്രിയ ഗൗതമിനെയും, റാംവിലാസ് പാസ്വാനേയും മഹാരാഷ്ട്രയിലെ ആര്‍.പി.ഐ-ദലിത്പാന്തര്‍ നേതാക്കളെയും പോലുള്ളവരുടെ ആധിപത്യത്തിന്‍ കീഴില്‍ വടക്കേയിന്ത്യയിലെ ദളിത് രാഷ്ട്രീയം നിറഞ്ഞുനില്‍ക്കുമ്പോഴാണ് രാഷ്ട്രീയാടിത്തറയോ വൈഭവമോ ഇല്ലാത്ത കേവലം ഒരു സര്‍ക്കാരു ദ്യോഗസ്ഥനായ കാന്‍ഷിറാം സാമൂഹ്യ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹം സ്വന്തം നിലയില്‍ സ്വയം നേതാവായി ഉയര്‍ത്തിക്കാട്ടിയില്ല, മറിച്ച് ആയിരക്കണക്കിനു ജാതികളായി വിഭജിച്ചു കിടക്കുന്ന ദലിത് ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്ന ഒരു നിശബ്ദ സംഘാടകനായാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. അതുകൊണ്ടുതന്നെ ഏകദേശം ഒരു ലക്ഷത്തിലധികം നിശ്ചയ ദാര്‍ഢ്യമുള്ള കേഡര്‍മാര്‍ പങ്കെടുത്ത 1983 ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ നടന്ന ബാംസെഫിന്റെ മൂന്നാം ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുവാന്‍ റാംവിലാസ് പസ്വാനേയും കര്‍പ്പൂരി താക്കൂറിനെയും ക്ഷണിക്കുന്നതിന് അദ്ദേഹത്തിന് വിമുഖതയുണ്ടാ യിരുന്നില്ല. ഒരുപക്ഷേ അത്തരത്തിലുള്ള പ്രഖ്യാപിത ദലിത് നേതാക്കള്‍ക്ക് മനുവാദി രാഷ്ട്രീയ പാര്‍ട്ടികളുടെ വലയത്തിനു വെളിയിലുള്ള ഒരു സ്വതന്ത്രസംഘടനയുണ്ടാവണമെന്ന ആഗ്രഹം ജനിക്കണമെന്നു പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു കണക്കുകൂട്ടിയുള്ള നീക്കമായിരിക്കാം അത്.

അംബേദ്ക്കര്‍ പ്രസ്ഥാനം പ്രാന്തവല്‍ക്കരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, 1979 ല്‍ 'അംബേദ്ക്കറിസത്തെ പുനരുജ്ജീവിപ്പി ക്കാനും നിലനിര്‍ത്താനു മാകുമോ?'എന്ന വിഷയത്തെ അധികരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം അഞ്ച് സെമിനാറുകള്‍ സംഘടിപ്പിച്ചു. എന്നാല്‍ അംബേദ്ക്കര്‍ പ്രസ്ഥാനം മരിക്കുമെന്ന അഭിപ്രായം തന്നെ അപ്രസക്ത മായതിനാല്‍ ഇത്തരത്തിലുള്ള പരിപാടി തന്നെ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അംബേദ്ക്കറെറ്റുകളും അജ്ഞരും വിഷുബ്ധരുമായ പ്രഖ്യാപിത നേതാക്കളും അംബേദ്ക്കര്‍പ്രസ്ഥാനത്തെക്കുറിച്ചുള്ള കാന്‍ഷിറാമിന്റെ അറിവിനെ ചോദ്യം ചെയ്യുകയാണുണ്ടായത്.

മാന്യവര്‍ കാന്‍ഷിറാംജിയെന്നും അഥവാ സാഹേബ് എന്നും പൊതുവേ വിളിക്കപ്പെടുന്ന കാന്‍ഷിറാം (1934 മാര്‍ച്ച് 15 - 2006 ഒക്‌ടോബര്‍ 9), സാമൂഹ്യ സാംസ്‌ക്കാരിക വിപ്ലവത്തിനും ബഹുജന്‍ സമാജിന്റെ (പട്ടികജാതി-വര്‍ഗ്ഗ-പിന്നോക്ക-മതന്യൂനപക്ഷങ്ങളുടെ) രാഷ്ട്രീയ സാമ്പത്തിക വിമോചനത്തിനുമായുള്ള തന്റെ പ്രസ്ഥാനം 1964 മുതല്‍ തന്നെ ആരംഭി ച്ചിരുന്നു. പഞ്ചാബിലെ റോപ്പര്‍ ജില്ലയില്‍ ഖവാസ്പൂര്‍ ഗ്രാമത്തില്‍ രാഷ്ട്രീയമില്ലെങ്കിലും സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ സിഖുമത വിശ്വാസിയായ മി. ഹരിസിംഗിന്റെ മൂത്തമകനായി 1934 മാര്‍ച്ച് 15ന് കാന്‍ഷിറാം ജനിച്ചു. എം.എസ്.സി. പൂര്‍ത്തിയാക്കിയതിനുശേഷം, ഡിഫന്‍സ് സയന്‍സ് റിസേര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ യോഗ്യതാപരീക്ഷ ജയിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹം മഹാരാഷ്ട്രയിലെ പൂനയിലെത്തുകയും കിര്‍ക്കിയിലെ എക്‌സ്‌പ്ലോസീവ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ലബോറട്ടറിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അവിടെ വച്ചാണ് ഹിന്ദു സാമൂഹ്യക്രമത്തിന്റെ ദുര്‍നിശ്വാസം അതായത് അതിക്രമ സ്വഭാവത്തോടുകൂടിയ ജാതിവ്യവസ്ഥ അദ്ദേഹത്തിന് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ വെളിപ്പെടുന്നത്. കാന്‍ഷിറാം ജോലി ചെയ്തിരുന്ന ആയുധശാലയില്‍, ബുദ്ധജയന്തിക്കും അംബേദ്ക്കര്‍ ജയന്തിക്കും നല്‍കിയിരുന്ന രണ്ട് അവധികള്‍ മാനേജ്‌മെന്റ് റദ്ദാക്കുകയും പകരം തിലക് ജയന്തിക്കും, ദീപാവലിക്ക് ഒരു ദിവസത്തെ അധികഅവധിയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പ്രതികരണമെന്നോണം നിരവധി പട്ടികജാതി ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. ആ സംഭവത്തോടെ, ജാതീയതയുടെ ക്രൂരമായ മുഖത്തിനൊപ്പം മഹാരാഷ്ട്രയിലെ അംബേദ്ക്കറൈറ്റ് പോരാട്ടങ്ങളും അദ്ദേഹത്തിന് മുന്നില്‍ വെളിവാകപ്പെട്ടു.

ഈ സംഭവം കാന്‍ഷിറാമില്‍ ഒരു പുതിയ ഉണര്‍വ്വിന് കാരണമായി. അതുവരെ പഞ്ചാബിലെ തന്റെ ബാല്യകാലത്ത് ജാതീയവും സാമൂഹ്യ വുമായ വിഭജനങ്ങളെക്കുറിച്ച് അദ്ദേഹം പൂര്‍ണ്ണബോധവാനായിരുന്നില്ല. ഈ സംഭവത്തിനുശേഷം ബാബാസാഹേബ് ഡോ.അംബേദ്ക്കറുടെ രചനകളെ അദ്ദേഹം പഠിച്ചു. ഡോ. അംബേദ്ക്കറുടെ ഗാംഭീര്യമാര്‍ന്ന ഗ്രന്ഥമായ 'ജാതി നിര്‍മ്മൂലനം' അദ്ദേഹത്തില്‍ അളവറ്റ സ്വാധീനം ചെലുത്തി. ഒറ്റ രാത്രിയില്‍ അദ്ദേഹം മൂന്നുതവണ ആ ഗ്രന്ഥം വായിച്ചു. കൂടുതല്‍ കൂടുതല്‍ വായിക്കുന്തോറും, ബ്രാഹ്മണിസത്തിന്റെ തട്ടിപ്പു കളെക്കു റിച്ചും ജാതിസംസ്‌ക്കാരത്തെക്കുറിച്ചും അതിന്റെ പുറത്തേക്കു കടക്കാനുള്ള ഉപായങ്ങളെക്കുറിച്ചും അദ്ദേഹം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി. ചാതുര്‍വര്‍ണ്യത്തിലുള്ള ഗൂഢാലോചനകളുടെയും, ജാതി, മതം, ജാതിസംസ്‌ക്കാരത്തിന്റെ ഇരകള്‍ക്കുമേല്‍ അവ ചെലുത്തുന്ന മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങള്‍, അടിയന്തിരമായി ആവശ്യമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവയെയും ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. അതിനും പുറമേ, ഡോ. അംബേദ്ക്ക റുടെ രചനകളില്‍ നിന്ന്, അദ്ദേഹ ത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയില്‍ ജനകീയ മുന്നേറ്റത്തിനുള്ള പാത കാന്‍ഷിറാം കണ്ടെത്തി. എല്ലാ സാമൂഹ്യ പുരോഗതിയുടെയും മുഖ്യതാക്കോല്‍ രാഷ്ട്രീയാധി കാരം പിടിച്ചെടുക്കലാണെന്ന വസ്തുതയ്ക്ക് ഡോ. അംബേദ്ക്കര്‍ നിരന്തരം ഊന്നല്‍ നല്‍കിയിരുന്നു.

ബുദ്ധജയന്തിയുടെയും അംബേദ്ക്കര്‍ ജയന്തിയുടേതുമായ രണ്ട് അവധി ദിനങ്ങള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചില പട്ടികജാതി ഉദ്യോഗസ്ഥര്‍ കലാപ പൂര്‍ണ്ണമായ വീര്യത്തോടെ നടത്തിയ പോരാട്ടങ്ങള്‍ക്ക് ദൃക്‌സാക്ഷിയായതും ഡോ.അംബേദ്ക്കറുടെ രചനകള്‍ വിശ്യഷ്യാ 'ജാതി നിര്‍മ്മൂലനം', വായിച്ചതിന്റെയും പരിണിതഫലമായി 1964 ല്‍ കാന്‍ഷിറാം സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും രാജി വച്ചു. ആരാണോ അംബേദ്ക്കര്‍ ജയന്തിയുടെയും ബുദ്ധജയന്തിയുടെയും അവധി റദ്ദാക്കിയത് അവര്‍ സ്ഥിരമായി അവധിയില്‍ പോകും എന്ന ദൃഢമായ തീരുമാന ത്തോടെയായിരുന്നു നിശ്ചയദാര്‍ഡ്യമുള്ള വ്യക്തിയായ കാന്‍ഷിറാം സര്‍ക്കാര്‍ ജോലി രാജിവച്ചത്. ഡോ.അംബേദ്ക്കറുടെ വിപ്ലവകരമായ ചിന്തകളും പ്രവര്‍ത്തികളും കാന്‍ഷിറാമിന് തന്റെ ജീവിതദൗത്യത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളായി മാറി. പിന്നീടദ്ദേഹം മഹാത്മാഫൂലെ യുടെയും രാജര്‍ഷി സാഹുമഹാരാജാവിന്റെയും പെരിയാര്‍ രാമസ്വാമി യുടെയും ശ്രീനാരായണഗുരുവിന്റെയും അതുപോലെ ബഹുജന്‍ സമാജിന്റെ മറ്റു വിമോചകരുടെയും സാംസ്‌ക്കാരിക പോരാട്ടങ്ങള്‍ മനസ്സിലാക്കുകയും തുടര്‍ന്ന് ചുവടെ നല്‍കുന്ന തീരുമാനങ്ങളെടുത്തു കൊണ്ട് ആ കുലീനമായ ദൗത്യത്തിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കു വാന്‍ തീരുമാനിക്കുകയും ചെയ്തു.

1. ഒരിക്കലും വിവാഹം കഴിക്കില്ല.
2. സ്വത്തു സമ്പാദിക്കില്ല.
3. വിവാഹം, ശവസംസ്‌ക്കാരം, ആഘോഷം തുടങ്ങിയ ചടങ്ങുകളിലൊന്നും പങ്കെടുക്കില്ല.
4. സ്വന്തം വീട്ടിലേയ്ക്ക് പോകില്ല
5. തന്റെ ശിഷ്ടജീവിതം പൂര്‍ണ്ണമായും ഫൂലെ-അംബേദ്ക്കറൈറ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സമര്‍പ്പിക്കും.

ഈ കുലീനമായ ലക്ഷ്യത്തിനുവേണ്ടി തന്റെ ജീവിതം പ്രതിജ്ഞാബദ്ധമാ ക്കിയതിനുശേഷം, തന്റെ മാതാവായ ബിഷന്‍ കൗറിനെ 24 പേജുവരുന്ന ഒരു കത്തിലൂടെ അദ്ദേഹം തന്റെ തീരുമാനം അറിയിച്ചു. മരണംവരെ കാന്‍ഷിറാം തന്റെ പ്രതിജ്ഞകള്‍ പരിപാലിച്ചുപോന്നു. 1982 ല്‍ തന്റെ പിതാവ് ആകസ്മികമായുണ്ടായ ഒരു ഹൃദയാഘാതത്താല്‍ നിര്യാതനാ യപ്പോള്‍, വൈകാരികപരമായ ബന്ധങ്ങളിലൊന്നും വീണുപോകരുതെന്ന തന്റെ ഉഗ്രപ്രതിജ്ഞയെ പരിപാലിക്കുന്നതിനായി അദ്ദേഹം ശവസം സ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തില്ല. മഹാത്മാ ഫൂലെയുടെയും സാഹുമ ഹാരാജിന്റെയും, പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെയും ബോധിസത്ത്വ ബാബാസാഹേബ് ഡോ.അംബേദ്ക്കറുടെയും ദര്‍ശനങ്ങളി ലധിഷ്ഠിത മായ തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലുള്ള വിശ്വാസ ത്തിനും, ആത്മാര്‍പ്പണത്തിനും, നിശ്ചയ ദാര്‍ഢ്യത്തിനും കൂറിനുമുള്ള സ്വയം സംസാരിക്കുന്ന തെളിവാണിത്. അങ്ങനെ കുടുംബവും സമ്പത്തുമില്ലാത്ത തന്റെ ജീവിതകാലം മുഴുവന്‍ കഴിഞ്ഞ കാന്‍ഷിറാംജി 'വ്യത്യസ്തനായ നേതാവ്' എന്ന വ്യാഖ്യാനത്തിന് അര്‍ഹനാവുകയും ചെയ്തു.