"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 14, ശനിയാഴ്‌ച

കറുത്ത അമേരിക്ക: കറുമ്പരുടെ ബോധവത്കരണം - ദലിത് ബന്ധു എന്‍ കെ ജോസ്

ബോധവല്‍ക്കരണവും സ്വാതന്ത്ര്യ ത്തിനുവേണ്ടിയുള്ള പ്രക്ഷോഭണവും ക്രമേണയാണ് കറുമ്പരില്‍ ആരംഭിച്ചത്. ഒരു പക്ഷേ അതില്‍ ആദ്യത്തേത് 1664ല്‍ 11 കറുമ്പര്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യുയോര്‍ക്ക് കൗണ്‍സിലി ലേയ്ക്ക് ഒരു പരാതി കൊടുത്തതാണ്. അന്ന് ആ നാട് ന്യൂനെതര്‍ലാന്റ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത് അത് ഡച്ചുകാരുടെ കീഴിലുമായിരുന്നു. 18 വര്‍ഷം വെള്ളക്കാരുടെ പരിചാരകരായി ജോലി ചെയ്തു എന്നതാണ് അതിന് കാരണമായി അവര്‍ പറഞ്ഞത്. ആ കൗണ്‍സില്‍ അന്ന് അത് അംഗീകരിച്ചു. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി.

1668ല്‍ ക്വാക്കേഴ്‌സ് എന്ന സഭാവിഭാഗം (Quakers) അടിമത്തത്തിനെ തിരായി പ്രതിഷേധ പ്രമേയം അംഗീകരിച്ചു. 1704ല്‍ ന്യുയോര്‍ക്കില്‍ അടിമകളെ അക്ഷരം പഠിപ്പിക്കാന്‍ ഒരു ഫ്രഞ്ചുകാരന്‍ ഒരു പാഠശാല തുടങ്ങി. അത് കറുമ്പരുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. അക്ഷരം കറുമ്പന് വഴങ്ങും എന്ന് അതിലൂടെ അവര്‍ക്കു തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തിലെ കറുത്തവരെ അക്ഷരം പഠിപ്പിക്കാനുള്ള ആദ്യത്തെ സ്‌കൂള്‍ 1806 ഒരു നൂറ്റാണ്ടിനു ശേഷം മാത്രമാണ് സ്ഥാപിക്കപ്പെട്ടത് എന്നു അനുസ്മരിക്കു ന്നത് കൊള്ളാം. 1787 ന്യുയോര്‍ക്കിലെ ആദ്യത്തെ ഫ്രീ സ്‌കൂള്‍ സ്ഥാപിതമായി. പിറ്റേ വര്‍ഷം ബാപ്റ്റിസ്റ്റ് സഭ ആദ്യമായി ഒരു കറുമ്പനെ (Andrew Brayan) പാസ്റ്ററായി നിയമിച്ചു. ഏഴു വര്‍ഷത്തിന് ശേഷം അഫ്‌സലം ജോണിനെ പ്രോട്ടസ്റ്റന്റ് എപ്പിസ്‌ക്കോപ്പന്‍ സഭ ഡീക്കനായി അഭിഷേകിച്ചു. 1823ല്‍ ഒരു കറുമ്പന്‍ വെള്ളക്കാരുടെ കോളേജില്‍ നിന്നും ബി.എ. പാസ്സായി. ആ പരീക്ഷയ്ക്ക് അന്ന് എ. ബി. എന്നാണ് പറഞ്ഞിരുന്നത്.

ഈ സമയം കൊണ്ട് കറുമ്പരുടെ പ്രതിഷേധം പല സ്ഥലങ്ങ ളിലും പൊട്ടിപ്പുറപ്പെട്ടു. അവര്‍ പത്തും പതിനാറും വെള്ളക്കാരെ കൊന്നു. അതിനുത്തരവാദികളെ സര്‍ക്കാര്‍ കഠിനമായി ശിക്ഷിച്ചു.

പിന്നെ 1787 ഏപ്രില്‍ 12-ാം തീയതി യു.എസ്.എ.യുടെ ഭരണഘടന കണ്‍വെന്‍ഷന്‍ നടക്കുന്നതിന് ഒരു മാസം മുമ്പും ജോര്‍ജ്ജ് വാഷിം ഗ്ടണ്‍ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെടുന്നതിന് രണ്ടുവര്‍ഷം മുമ്പ്, അന്ന് ഫിലാഡല്‍ഫിയായില്‍ എട്ട് കറുത്തവര്‍ ഒരുമിച്ചുകൂടി സ്വതന്ത്ര ആഫ്രിക്കന്‍ സൊസൈറ്റി (Free African society) എന്ന പേരില്‍ ഒരുസംഘടനയ്ക്ക് രൂപം കൊടുത്തു. അത് അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വളര്‍ച്ചയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഒരു സംഘടിത സാമൂഹ്യജീവിതത്തിലേയ്ക്ക് അതിലൂടെ അവര്‍ പ്രവേശിച്ചു എന്ന് പിന്നീട് ഡബ്ലിയൂ. ഈ.ബി.ഡ്യൂബിയാസ് എഴുതുകയുണ്ടായി. 18ാം നൂറ്റാണ്ടിന്റെ 80 കളിലും 90 കളിലും അവര്‍ക്ക് സ്ഥാപനങ്ങളുണ്ടായി. പ്രധാനമായും വടക്കന്‍ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ഒരു സ്വതന്ത്ര അധിനിവേശ പ്രസ്ഥാനമുണ്ടായി കറുത്ത സ്‌കൂളുകളും സംസ്‌ക്കാരിക സംഘടനകളുമുണ്ടായി. (കേരളത്തില്‍ ഇന്നും പി.ആര്‍.ഡി.സിനു മാത്രമാണ് ഒരു സ്ഥാപനമുള്ളത്) അതിന്റെ എല്ലാ ഫലമായി ഒരു പുതിയ വ്യക്തിത്വബോധം, ഒഴിവാക്കലിനെയും കീഴാളപ്പെടുത്തലിനെയും നേരിടാനുള്ള പൗരത്വബോധം അടിമകളിലുണ്ടായി. ഒരു സ്വയം രൂപീകരണം, ഒരു സ്വയം നിര്‍വ്വചനം, താന്‍ ആരാണെന്നും ആരാകണ മെന്നും തീരുമാനിക്കാനുള്ള അവകാശം തനിക്കു തന്നെയാണെന്നുള്ള ദൃഢ നിശ്ചയബോധം അതെല്ലാം കറുമ്പരില്‍ കുത്തിവയ്ക്കാന്‍ ആ ചെറിയ സംഭവത്തിനു കഴിഞ്ഞു. ബ്ലാക്ക് അമേരിക്കയുടെ ബോധ വല്‍ക്കരണ ത്തിന്റെ കല്ലിടീലാണ് ആ എട്ടു പേര്‍ അന്ന് അവിടെ നടത്തിയത്. 1776 ജൂലൈ 4ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 3832 ദിവസങ്ങള്‍ക്കുശേഷമാണ് അത് നടന്നത്.

പിന്നെ അമേരിക്കയിലെ ആഫ്രിക്കന്‍ ജനത തുടര്‍ച്ചയായി സമരത്തിന്റെ പാതയിലായിരുന്നു. ഒന്നിനുപുറകെ ഒന്നായി സമരത്തിന്റെ പല അധ്യായങ്ങള്‍ അവര്‍ തുറന്നു. പരാതികള്‍, മെമ്മോറാണ്ടങ്ങള്‍, ലഘുലേഖകള്‍, കോടതിയില്‍ അന്യായം ബോധിപ്പിക്കല്‍ തുടങ്ങി കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവര്‍ സ്വീകരിച്ചു. കേവലം 8 പേരാണ് ആ സംഘടനാരൂപീകരണത്തിന് മുന്‍കൈ എടുത്തതെങ്കിലും ഇന്ന് അമേരിക്കന്‍ ജനതയുടെ 12 ശതമാനം വരുന്ന കറുത്തവരുടെ (ഉദ്ദേശം നാലുകോടി കറുത്തവരുടെ) സാമൂഹ്യ ജീവിതാഭിലാഷങ്ങളുടെ തുടക്കമായിരുന്നു അത്. പരസ്പരം അറിയണമെന്നും ബന്ധപ്പെടണമെ ന്നുള്ള ആഗ്രഹം അവരില്‍ അങ്കുരിച്ചു. രക്തം രക്തത്തെ അന്വേഷിച്ചു. അത് നടന്നത് ഫിലാഡല്‍ഫിയായിലായിരുന്നുവെങ്കിലും ബോസ്റ്റ ണിലും ന്യൂയോര്‍ക്കിലും റോസ് ഐലന്റിലും മറ്റും അത് പടരാന്‍ അധിക സമയമെടുത്തില്ല. ലോകത്തില്‍ ആദ്യമായി കറുത്തവരുടെ ഒരു പ്രത്യേക രാഷ്ട്രീയത്തിന് അതു രൂപംകൊടുത്തു.

എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും സ്വാതന്ത്ര്യം അവകാശപ്പെട്ടതാണ് എന്ന സ്വാതന്ത്ര്യവി ളംബരം 1776 ജൂലൈ 4-ാം തീയതി വെള്ളക്കാര്‍ പുറപ്പെടുവിച്ചു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അവിടത്തെ കറുത്തവര്‍ അത് ഏറ്റുപാടി. സ്വാതന്ത്ര്യ വിളംബരം കറുമ്പരെ അവരുടെ കൂടിച്ചേരലിന് പ്രേരകമായിത്തീര്‍ന്നി ട്ടുണ്ടോ? അത് വെള്ളക്കാര്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിക്ക പ്പെട്ടിട്ടുള്ളതാ ണെങ്കിലും യൂറോപ്പിലെ അവരുടെ യജമാനന്‍മാര്‍ക്കെതിരായി പുറപ്പെടുവിച്ചതാണെങ്കിലും ചെറുതെങ്കിലും അതിന്റെ സ്വഭാവിക പ്രതിഫലനം കറുത്തവരിലും പുറപ്പെടുവിക്കാതി രിക്കുകയില്ല. തോമസ് പെയിനെ (Thomas paine) പോലുള്ളവര്‍ കൊളോണിയല്‍ സര്‍വാധിപത്യ ത്തോടൊപ്പം അടിമകളുടെ മേലുള്ള ആധിപത്യത്തിനും എതിരായി അത് ഉപയോഗിച്ചു. ഫെഡറിക്ക് ഡഗ്ലസ് പറഞ്ഞു. ''Thou is no Negro problem, the problem is weather the Amercan people have loyalty enough honour enough patriatism enough to live up to their own constituition.''

നീഗ്രോ പ്രശ്‌നം എന്ന ഒന്നില്ല. അമേരിക്കക്കാര്‍ക്ക് അവരുടെ തന്നെ ഭരണഘടനയോട് ബഹുമാനവും കൂറും ദേശാഭിമാനവും എത്ര മാത്രം ഉണ്ട് എന്നതാണ് പ്രശ്‌നം.

ദൈവം കരിമ്പു തന്നു. അത് വളരാനുള്ള മണ്ണും തന്നു. ആഫ്രിക്കയില്‍ നിന്നും വന്ന കറുമ്പര്‍ അത് വളര്‍ത്തി. യൂറോപ്പില്‍ നിന്നും വന്ന വെള്ളക്കാര്‍ അത് കൊയ്‌തെടുത്തു ബ്രാണ്ടി ഉണ്ടാക്കി ക്കുടിച്ചു. അതാണ് ഈശ്വരഹിതം എന്നതാണ് അന്നത്തെ വെള്ളക്കാ രുടെ ചിന്താഗതി. സ്വാതന്ത്ര്യം സമത്വം സാഹോദര്യം അത് വെള്ള ക്കാര്‍ക്ക് വേണ്ടതാണ്. അവര്‍ മനുഷ്യരാണ്. ആഫ്രിക്കയില്‍ നിന്നുമുള്ള കറുമ്പര്‍ക്ക് അത് ആവശ്യമില്ല. അവര്‍ മനുഷ്യരല്ല. അത് പറഞ്ഞപ്പോള്‍ അടുത്തുനിന്നു പണി എടുത്തുകൊണ്ടിരുന്ന കറുമ്പരുടെ മനസ്സില്‍ അത് തറച്ചു.


ഫെഡറിക് ഡഗ്ലസിന്റെ യജമാന സ്ത്രീ ഏഴു വയസ്സില്‍ ആ കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിച്ചു. അതിന് ആ സ്ത്രീയുടെ ഭര്‍ത്താവ് അവരെ ശാസിച്ചു. അടിമയെ അക്ഷരം പഠിപ്പിക്കുന്നത് അപകടമാണ് എന്ന് ഉപദേശിച്ചു. ആ പ്രവചനം ഫലിച്ചു. ആ അപകടം ഇപ്പോള്‍ സംഭവിച്ചു. ബരാക്ക് ഒബാമ അമേരിക്കയുടെ പ്രസിഡണ്ടായി. ഭര്‍ത്താവ് ഭാര്യയെ ഉപദേശിക്കുന്നത് മറഞ്ഞു നിന്നുകേട്ട ആ കുട്ടി അന്നുമുതല്‍ ബോധപൂര്‍വ്വം അക്ഷരം പഠിക്കാന്‍ രഹസ്യമായി ശ്രമിച്ചു. അങ്ങനെയാണ് ആഫ്രോ അമേരിക്കക്കാര്‍ക്ക് ഒരു നേതാവിനെ ലഭിച്ചത്. ബുക്കര്‍.ടി.വാഷിങ്ടണ്‍ സ്‌കൂളില്‍ പോയിട്ടില്ല. പോയത് യജമാനന്റെ കുട്ടിയുടെ പുസ്തകം ചുമന്ന് സ്‌കൂളില്‍ എത്തിക്കാനായിരുന്നു. അവിടെ വെള്ളക്കാരുടെ കുട്ടികള്‍ നിരന്ന് ഇരുന്ന് പഠിക്കുന്നത് കണ്ടപ്പോള്‍അതില്‍ ചേരാന്‍ ആഗ്രഹം ജനിച്ചു. അതില്‍ കടന്നുകൂടുന്നത് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് തുല്യമായി സ്വപ്നങ്ങള്‍ കണ്ടു. എന്തുകൊണ്ട് തങ്ങള്‍ക്കും പഠിച്ചുകൂടാ? അനേകം കറുമ്പരില്‍ ആ ചിന്ത ഉദിച്ചു. ഡഗ്ലസും വാഷിംഗ്ടനും അടിമകളായിട്ടാണ് ജനിച്ചത്. അവര്‍ അതാത് കാലത്ത് പരിചയക്കാരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. അവരുടെ ചിന്തകള്‍ പരസ്പരം കൈമാറി. പലരാത്രികളും അവര്‍ അതിനായി ഉപയോഗിച്ചു. അങ്ങനെയാണ് 1791 ആഗസ്റ്റ് 14-ാം തീയതി രാത്രി ബോയിസ് കെയിമനിലെ (Bois caiman) കുന്നിന്റെ മുകളിലെ കാടിന്റെ മധ്യത്തില്‍ കത്തിച്ച വിറകിന്റെ വെളിച്ചത്തില്‍ ഏതാനും കറുത്തവരും ചിന്തകരും ആവേശക്കാരും രഹസ്യമായി ഒരുമിച്ചു കൂടിയത്. ജെമൈക്കാ വഴി ഹൈയ്ത്തില്‍ നിന്നു വന്ന ബ്രുക്കുമാന്‍ (Browkman) എന്ന വലിയ മനുഷ്യന്‍ അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അവരുടെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അവരോട് വെള്ളക്കാര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്തു. അവിടെ പിടിച്ചുകൊണ്ടുവന്ന ഒരു പന്നിയെ വെട്ടി അതിന്റെ രക്തത്തില്‍ കൈമുക്കിക്കൊണ്ട് അവര്‍ പ്രതിജ്ഞ ചെയ്തു മനുഷ്യരായി ജീവിക്കാന്‍.

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍തന്‍ പിന്‍മുറക്കാര്‍'

ഒരാഴ്ച കഴിഞ്ഞ് ആഗസ്റ്റ് 22-ാം തീയതി അവര്‍ വീണ്ടും ഒരുമിച്ചുകൂടി. 12000 അടിമകള്‍ കാപ്പിത്തോട്ടങ്ങളില്‍ നിന്നും 200 അടിമകള്‍ കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്നും ഉള്‍പ്പെടെ മൊത്തം ഒരു ലക്ഷം അടിമകള്‍ ഉണ്ടായിരുന്നു. അവരാണ് പ്രസിദ്ധമായ ഹെയിത്തി യന്‍ വിപ്ലവം നടത്തിയത്. കൃഷിതോട്ടങ്ങള്‍ക്കും തോട്ടങ്ങളിലെ കെട്ടിടങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമെല്ലാം അവര്‍ തീയിട്ടു ചുട്ടുകരിച്ചു. ദിവസങ്ങളല്ല, ആഴ്ചകള്‍ ഹൈയിത്തിയും പരിസരങ്ങളും തീയില്‍ കുളിച്ചു. തീയുടെ വെളിച്ചത്തില്‍ രാത്രി പകലായി. പുകയുടെ മറയില്‍ പകല്‍ രാത്രിയായി. അന്നുമുതലാണ് വെള്ളക്കാര്‍ കൈത്തോക്ക് കൈയില്‍ പിടിച്ചുകൊണ്ട് ഉറങ്ങാന്‍ തുടങ്ങിയത്. അത് ഇന്നും അവിടെ നില നില്‍ക്കുന്നു. അന്നത് വെള്ള ക്കാര്‍ക്ക് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് കറുമ്പരുടെ കൈകളിലും എത്തി.

തോമസ് ജെഫെഴ്‌സണ്‍ അന്ന് വിപ്ലവത്തിന്റെ നാല് വിത്തുകളാണ് പുറത്തെടുത്തത് എല്ലാമനുഷ്യരും തുല്യരായി സൃഷ്ടിക്ക പ്പെട്ടിരിക്കുന്നു. അതിനാല്‍ അവരുടെ പ്രകൃതിസിദ്ധമായ അവകാശങ്ങളെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഈ അവകാശങ്ങളെ സുരക്ഷിതമാക്കാന്‍ മനുഷ്യന്‍ സമൂഹങ്ങളെ രൂപപ്പെടുത്തുകയും ഭരണസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമെങ്കിലും ഭരണീയരുടെ സമ്മതമില്ലാത്ത അധികാരങ്ങള്‍ ഒരു ഭരണകര്‍ത്താവിനുമില്ല. ആ സമൂഹത്തിലെ അംഗങ്ങള്‍ പ്രജകളല്ല. സഹപ്രവര്‍ത്തകരാണ്. നിയമാനുസൃതം തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പോലും അതിലെ അംഗങ്ങളെ ഭരിക്കുകയല്ല. സേവിക്കുകയാണ് വേണ്ടത്. ആ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെ മാറ്റുവാനോ നീക്കം ചെയ്യുവാനോ സമൂഹത്തിന് കടമയുണ്ട്. അവകാശമുണ്ട്.

1766ല്‍ ബോസ്റ്റണിലെ കറുത്തവര്‍ അടിമത്തത്തിനെതിരായി ഒരു ടെസ്റ്റ് കേസ് ഫയല്‍ ചെയ്തു. താമസിയാതെ അത് കണക്ടിംഗ് കട്ടിലേക്കും മറ്റ് കൊളോണിയന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. അവര്‍ പണം ശേഖരിച്ച് വക്കീലന്‍മാരെ ഏര്‍പ്പാട് ചെയ്തു. നിയമവിരുദ്ധമായ തടവിനും അതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ടു. സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ലഘുലേ ഖകള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ പ്രക്ഷോഭണങ്ങളുടെ പ്രാഥമികഘട്ട ത്തിലേയ്ക്ക് പ്രവേശിച്ചു.

എന്നാല്‍ 1768ല്‍ ബ്രിട്ടീഷ് പട്ടാളവും അമേരിക്കന്‍ പട്ടാളവും തമ്മില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബോസ്റ്റണില്‍ വച്ചു നടന്ന നിര്‍ണ്ണായക സമരത്തില്‍ (Bostan tea party) അമേരിക്കയ്ക്ക് വേണ്ടി പൊരുതിയത് പ്രധാനമായും കറുമ്പരായിരുന്നു. (അമേരിക്കന്‍ സംസ്ഥാനങ്ങളിലെ വില്‍പ്പനയ്ക്കുവേണ്ടി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിഇന്ത്യയില്‍ നിന്നും ബോസ്റ്റണ്‍ തുറമുഖത്തില്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച തേയില മുഴുവനും ബോസ്റ്റണ്‍ കടലിലേയ്ക്ക് എടുത്ത് എറിഞ്ഞതിനെയാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്നു പറയുന്നത്) അത് ചെയ്തത് പ്രധാനമായും കറുമ്പരാണ്. അവരുടെ ആത്മാര്‍ത്ഥതയും ചുറുചുറുക്കുമാണ് അമേരിക്കന്‍ പട്ടാളത്തിന്റെ വിജയത്തിന് കാരണ മായത്.

അതിന്റെ ബാക്കിയാണ് ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും കറുത്തവരുടെ സൈന്യം പൊരുതിയത്. പ്രസ്തുത രണ്ട് സമരങ്ങളിലും വെള്ളക്കാരേക്കാള്‍ ഏറെ മരിച്ചവര്‍ കറുത്ത വരാണ്. കുറച്ചു വെള്ളക്കാര്‍ക്കെങ്കിലും ഒരു മൃദുസമീപനം കറുമ്പരോട് സ്വീകരിക്കുവാന്‍ അത് കാരണമായി.

എന്നാല്‍ 18-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ കേരളത്തിലെ ദലിതരുടെ സ്ഥിതി എന്തായിരുന്നു? തിരുവിതാംകൂറില്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലം. മലബാറില്‍ ഹൈദര്‍ അലിയുടെ കടന്നുകയറ്റത്തിന്റെ കാലം. അന്നത്തെ ദലിതരുടെ സ്ഥിതിയെപ്പറ്റി ഇന്നും ഒന്നും അറിഞ്ഞുകൂടാ. ഇവിടത്തെ ദലിതര്‍ക്കു പോലും അതേപ്പറ്റി ഒരു ധാരണയും ഇല്ല എന്നു മാത്രമല്ല അതറിയണ മെന്നുള്ള ആഗ്രഹമോ അതിനുള്ള ശ്രമമോ ദലിതരുടെ ഭാഗത്ത് നിന്നു പോലും ഇന്നും ഉണ്ടായിട്ടില്ല. ഇന്നും ഇവിടത്തെ ദലിതരുടെ ചരിത്രം എന്നത് അദലിതര്‍ അവരുടെ ചരിത്രം തയ്യാറാക്കുമ്പോള്‍ യാദൃശ്ചി കമായി വന്നുചേരുന്ന പരാമര്‍ശനമാണ്. അതിനപ്പുറം ദലിതര്‍ക്ക് ചരിത്രമല്ല. ഇന്ന് ദലിതരുടെ ചരിത്രം അവരുടെ ശത്രുക്കള്‍ തയ്യാറാക്കി യിട്ടുള്ളതാണ്. തല്‍സ്ഥാനത്ത് അമേരിക്കയിലെ കറുമ്പര്‍ സ്വന്തം ചരിത്രം അന്വേഷിച്ചു കണ്ടെത്തി. ഇവിടെ ചതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും അതിന്റെ എല്ലാ ക്രൂരതകളോടും കൂടി 18-ാം നൂറ്റാണ്ടില്‍ നടമാടിയിരുന്നു എന്ന് ഊഹിക്കാം.

1806ലാണ് യൂറോപ്പില്‍ നിന്നും പ്രോട്ടസ്റ്റന്റ് മിഷനറിമാര്‍ ആദ്യമായി ഇവിടെ വന്നത്. അതിന്‌ശേഷമാണ് ദലിതര്‍ ഇവിടെ അക്ഷരം പഠിക്കാന്‍ ആരംഭിച്ചത്. അക്ഷരം പഠിച്ച ദലിതര്‍പോലും ബോധവല്‍ക്ക രണം നേടിയില്ല. അക്ഷരജ്ഞാനവും ബോധവല്‍ക്കരണവും തികച്ചും വ്യത്യസ്ത മാണ്. താന്‍ ആരായിരിക്കണമെന്നും എന്തായിരിത്തീരണ മെന്നും അതിന് എന്തുവേണമെന്നുമെല്ലാമുള്ള ബോധം ദലിത് നേതാക്കള്‍ക്ക്‌പോലും രണ്ട് നൂറ്റാണ്ടുകള്‍ക്കുശേഷവും നേടാന്‍ കഴിഞ്ഞില്ല. (ലേഖകന്റെ ദലിത് സംസ്‌കാരം ഒരു ആമുഖം, കറുത്ത കേരളം, അടിസ്ഥാനകേരളം, പുലയലഹള തുടങ്ങിയ ഗ്രന്ഥങ്ങളില്‍അതിന്റെ വിശദീകരണം കാണാം). ഇന്നും ദലിതരുടെ സാക്ഷരത കേരളത്തിലും ഇന്ത്യയിലും എത്ര ശതമാനമാണ് എന്ന അന്വേഷണം പോലും ആരും നടത്തിയിട്ടില്ല. കേരളം വിദ്യാഭ്യാസരംഗത്ത് മുന്നേറി യതിന്റെ കുത്തക അവകാശപ്പെടുന്നവര്‍ ഇന്നും ഇവിടെയുണ്ട്. പക്ഷേ അവരാരും അതിന്റെ ആരംഭം കുറിച്ചതിന്റെ രണ്ടാം ശതാബ്ദി അറിഞ്ഞില്ല. ദലിതരെ സംബന്ധിച്ചുള്ള എല്ല അന്വേഷണവും സര്‍ക്കാരിന്റെ കര്‍ത്തവ്യമായിട്ടാണ് ഇവിടെ പരിഗണിക്കപ്പെട്ടു വരുന്നത്. സര്‍ക്കാര്‍ എന്നത് സവര്‍ണ്ണരുടെ മാത്രം ഏര്‍പ്പാടാണ്. അവര്‍ സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ കൊട്ടിഘോഷിക്കുകയാണ്. പേരെഴുതി ഒപ്പിടാവുന്ന കുറെ ദലിതര്‍ ഇവിടെ ഉണ്ടായതിന്റെ പേരിലാണ് ആ ആഘോഷമെല്ലാം. പക്ഷേ പേരെഴുതി ഒപ്പിടാന്‍പോലുമറിയാത്ത ഒരു ദലിതര്‍ കേരളത്തിലെ ദലിതര്‍ക്ക് മുക്കാല്‍ നൂറ്റാണ്ടു മുമ്പ് സമ്പാദിച്ചുകൊടുത്തതിനപ്പുറം ഒന്നും ഇന്നും ഇവിടെ ഇല്ല. പക്ഷെ അതൊന്നും ഇവിടത്തെ ദലിതര്‍ക്ക് അറിയില്ല. അവര്‍ക്ക് മാത്രമല്ല. അവരുടെ യജമാനന്‍മാര്‍ക്കും അവരുടെ സര്‍ക്കാരിനും അറിയില്ല. ദലിതരുടെ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം അവര്‍ തമസ്‌ക്കരിച്ചി രിക്കുകയാണ്. അന്നു മാത്രമല്ല ഇന്നും അത് അങ്ങനെ തന്നെയാണ്.

2007 ഒക്‌ടോബര്‍ 14-ാം തീയതി ഡോ അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ സുവര്‍ണ്ണജൂബിലിയായിരുന്നു. നാഗ്പുരിലെ ദീക്ഷ ഭൂമിയില്‍ എത്തിയ ദലിതരുടെ എണ്ണം അന്നു 20 ലക്ഷമായിരുന്നു. മൂന്നു കുംഭമേളയ്‌ക്കൊപ്പമുള്ള ജനം. അവര്‍ക്ക് അവിടെ ഒരാഴ്ച നീണ്ട പരിപാടികള്‍ ഉണ്ടായിരുന്നു. പക്ഷെ ഇന്ത്യയിലെ ഒരു പത്രവും ഒരു റേഡിയോയും ടെലിവിഷനും അത് റിപ്പോര്‍ട്ട് ചെയ്തില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അവസരത്തിലും അനവസര ത്തിലും വീമ്പിളക്കുന്ന സര്‍ക്കാരിന്റെ ദൂരദര്‍ശന്‍ പോലുംഅങ്ങനെ ആ സംഭവം അറിഞ്ഞില്ല. 1965ല്‍ അമേരിക്കന്‍ കറുമ്പര്‍ വാഷിംഗ്ടണി ലേയ്ക്ക് നടത്തിയ മാര്‍ച്ച് അവിടത്തെ മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചില്ല.

നാഗ്പൂരിന് പുറത്ത് ദീക്ഷഭൂമിയിലെ ആഘോഷം ആരും അറിയാതെ പോയതിന്റെ കാരണം ഡോ. അംബേദ്ക്കര്‍ ഇന്ത്യന്‍ ഭരണഘടന ശില്പിയാണെങ്കിലും ഒരു ദലിതനാണ് എന്നതുതന്നെ. അത് അങ്ങനെ തമസ്‌ക്കരിക്കുന്നതിന് പ്രത്യേകമായി കൂടിയാലോചന ഒന്നും വേണമെന്നില്ല. ഒരു മാധ്യമ മാഫിയയും വേണ്ട. ആ മാസത്തില്‍ ഗാന്ധിജയന്തി കൂടിയുണ്ടായിരുന്നു. ഇന്ത്യയില്‍ ഒരിടത്തെങ്കിലും പതിനായിരം ആളുകള്‍ ഒരുമിച്ചു കൂടിയ ഒരു ചടങ്ങുണ്ടായിരുന്നില്ല. ചില സ്ഥലങ്ങളില്‍ പത്തോ ആയിരമോ ജനങ്ങള്‍ കൂടിയതു തന്നെ സര്‍ക്കാരിന്റെ മുന്‍കൈമൂലമാണ്. ഏതെങ്കിലും സര്‍ക്കാര്‍ പരിപാടിയുടെ ശിലാസ്ഥാപനമോ ഉദ്ഘാടനമോ മന്ത്രി നടത്തുന്നത് പ്രമാണിച്ച് കുറച്ച് ആളുകള്‍ കൂടും. പക്ഷേ പത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഒരാഴ്ച ത്തേയ്ക്ക് കൊട്ടിഘോഷിക്കാനുള്ള വാര്‍ത്തയാണത്. ഇവിടെ വിവേചനം യാഥാസ്ഥിതിക ഹൈന്ദവമതഭ്രാന്തരുടേതല്ല. സെക്കുലറിസ്റ്റുകളും പുരോഗമനചിന്താഗതിക്കാരും എന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്ത കരുടെയും പത്രം ഉടമകളുടെയും മറ്റു മാധ്യമപ്രവര്‍ത്തകരുടേതുമാണ്. പത്രപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നാലാം തൂണാണ് എന്നാണ് പ്രചരണം. ജനാധിപത്യത്തെ നിലനിര്‍ത്തുന്നത് നിയമസഭ, സെക്രട്ടറി യേറ്റ്, കോടതി എന്നിവ കഴിഞ്ഞാല്‍ പിന്നെ പത്രപ്രവര്‍ത്തനമാണ് പോലും. അവരാണ് ഈ വിധത്തില്‍ ചെയ്യുന്നത്. ഇടതുപക്ഷങ്ങളും അതില്‍ നിന്നും മാറിനിന്നില്ല. എന്നിട്ടും ഇവിടെ വര്‍ഗ്ഗീയത ഇല്ല, വിവേചനം ഇല്ല എന്നാണ് പ്രചരണം.