"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 10, ചൊവ്വാഴ്ച

പുലയരും കേരളത്തിലെ നെല്‍ക്ക്യഷിയും - കുന്നുകുഴി എസ് മണി

കേരളത്തിലെ നെല്‍ക്ക്യഷിയുടെ പ്രാക്തന ചരിത്രത്തില്‍ ചേറിന്റെ യും വിയര്‍പ്പിന്റെയും ദുര്‍ഗന്ധ മുതിരുന്ന ഇരുകാലി മനുഷ്യരുടെ ജീവിത കഥ കൂടി ആലേഖനം ചെയ്തിട്ടുണ്ട്. മാരകമായപനി പരത്തുന്ന രോഗാണു വാഹകരായ എലിയെയും, പെരുച്ചാഴിയെയും പിടിച്ചു തിന്ന് ഒരു നേരത്തെ വിശപ്പടക്കിയിരുന്ന അവരുടെ ദൈന്യത പൂണ്ട ജീവിതം പഠിക്കാ തെ നെല്‍ക്ക്യഷിയുടെ ഇന്നലെകളെ ക്കുറിച്ചറിയാന്‍ നമുക്കാവില്ല. കഴിഞ്ഞു പോയ നൂറ്റാണ്ടുകളുടെ ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും ആ ചരിത്രകഥകള്‍ വായിച്ചെടുക്കുകയും ചരിത്രത്തിലേയ്ക്ക് പകര്‍ത്തുകയും ചെയ്യാം.

കാര്‍ഷിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജനങ്ങളുടെ പ്രധാന ഭക്ഷ്യവസ്തു നെല്ലരിയാണ്. നെല്ലരിക്കാവശ്യമായ നെല്ലുല്പാദനം എങ്ങിനെ ഇവിടെ നടന്നിരുന്നു വെന്നത് പ്രാക്തന ചരിത്രത്തിന്റെയും മാനവ പുരോഗതിയുടെയും ഭാഗമാണ്. ആ ചരിത്ര പാഠവും ചരിത്ര പശ്ചാത്തലവും ജന ജീവിതവും ഗ്രഹിക്കാതെ നാം ഇന്നും ഭക്ഷിക്കുന്ന അരിയുടെയും നെല്ലിന്റെയും ചരിത്രം അസാധ്യമാണ്.

മഹാശിലയുഗത്തോളം പഴക്കം ചെന്നതാണ് നെല്ലിന്റെയും നെല്ല് ഉല്പാദകന്റെയും ചരിത്രം. കേരളത്തിന്റെ നാനാഭാഗത്തു നിന്നും കണ്ടു കിട്ടിയിട്ടുള്ള മഹാശിലയുഗ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങളും നരവംശ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ ഫലമായി ലഭിച്ചിട്ടുള്ള അനിഷേധ്യമായ തെളിവുകളിലും നിന്നാണ് ഒരു ദേശത്തിന്റെയും ഒരു ജനതയുടെയും ചരിത്രം പഠിച്ചെടുക്കേണ്ടത്. പില്‍ക്കാലത്തെ മണ്ണിന്റെ മക്കളുടെ ദൈന്യത പൂണ്ട ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാതെ ചരിത്രം പൂര്‍ത്തീകരിക്കാനും കഴിയില്ല. ആ ഗോത്രജനതയിലൂടെ ഋതുഭേദങ്ങളെ താണ്ടിയെത്തിയ നെല്‍ക്ക്യഷിക്ക് ഏകദേശം പതിനായിരം വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാചീന നെല്‍ക്ക്യഷി വിദദ്ധരുടെ കണ്ടെത്തല്‍. കേരളത്തില്‍ നെല്‍ക്കൃഷി എന്ന് എവിടെ ആരുകണ്ടെത്തിയെന്നതിന് വ്യക്തമായ ചരിത്രസാക്ഷ്യങ്ങളൊന്നുമില്ലെങ്കിലും പൂര്‍വ്വനിവാസികളും ഗോത്രസംസ്‌ക്കാരത്തിന്റെ ജനയിതാക്കളുമായ പുലയരില്‍ നിന്നാണെന്ന് ചരിത്രത്തിന്റെ ഏടുകള്‍ വ്യക്തമാക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം ഈ ഗോത്ര ജനതയാണ് കേരളത്തിലെ നെല്‍ക്യഷി മുഴുവന്‍ ചെയ്തു പോന്നിരുന്നത്. മഹാശിലായുഗത്തിലെ ഭൂഗര്‍ഭ ശവക്കല്ലറകളില്‍ നിന്നും ജലസേചന ക്യഷിയുടെ ആരംഭത്തെ ത്തൊട്ടു ണര്‍ത്തുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടത്തി. 'ഈ സ്മാരകങ്ങള്‍ ഒരു ചെറുകുന്നിന്റെയും ജലസേചനത്തിനുള്ള കുളത്തിന്റെയും തൊട്ടടുത്തുള്ള ക്യഷി യോഗ്യമല്ലാത്തതും എന്നാല്‍ ക്യഷിഭൂമിക്കു സമീപമുള്ളതുമായ ഉയര്‍ന്ന പാറപ്രദേശത്ത് എല്ലായ്‌പ്പോഴും കാണപ്പെടുന്നത് (ശ്രീനിവാസനും, ബാനര്‍ജിയും). ഒരു പക്ഷെ, ദക്ഷിണേന്ത്യയിലെ ജലസേചന ക്യഷിയുടെ ആരംഭത്തെയായിരിക്കും സൂചിപ്പിക്കുന്നത്'.1

ഇതേ കാലത്തു തന്നെ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലെ ആദിവാസ സമൂഹങ്ങള്‍ നെല്‍ക്ക്യഷി നടത്തിയിരുന്നതായി കരുതേണ്ടിയിരിക്കുന്നു. കാരണം നെല്ലിന്റെ ഉമി അടക്കം ചെയ്തിരുന്ന ഒട്ടു വളരെ മണ്‍പാത്രങ്ങളും, അരി ശേഖരിച്ചു സൂക്ഷിച്ചിരുന്ന ഭൂഗര്‍ഭകല്ലറകളും കണ്ടെത്തിയത് ഇതിന് തെളിവാണ്. ആദിച്ചനെല്ലൂരിലെ ജനങ്ങള്‍ ക്യഷി നടത്തിയിരുന്നതായി അവിടെ നിന്നും ലഭിച്ച നെല്ലിന്റെ ഉമി അടക്കം ചെയ്തിരുന്ന മണ്‍പാത്രങ്ങളും അരിയിട്ടുവച്ചിരുന്ന വെങ്കലപാത്രങ്ങളും കണ്ടെടുത്തതായി ദക്ഷിണ ഭാരത ചരിത്രത്തില്‍ കെ. എ. നീലകണ്ഠ ശാസ്ത്രികള്‍ പറയുന്നുണ്ട്. ക്രിസ്തുവിനു മുന്‍പ് 300 മുതല്‍ ക്രി.പി.200 വരെയാണ് മഹാശിലായുഗം നിലനിന്നിരുന്നത്. മഹാശിലായുഗ സംസ്‌ക്യതിയില്‍ ഇരുമ്പായുധങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ചെമ്പും, ഈയ്യവും ചേര്‍ത്തുള്ള വെങ്കല നിര്‍മ്മാണം അസംഭവ്യമാണ്. പിന്നെങ്ങനെ മഹാശിലായുഗക്കാലത്ത് വെങ്കലപാത്രത്തില്‍ അരി കണ്ടെത്തിയെന്ന് നീലകണ്ഠശാസ്ത്രികള്‍ രേഖപ്പെടുത്താന്‍ തുനിയണം. വെങ്കലപാത്രത്തിലായിരിക്കില്ല മറിച്ച് മണ്‍പാത്രമായിരിക്കാനാണ് സാധ്യത. മോഹന്‍ ജെദാരോ, ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കുടം നിര്‍മ്മാണത്തിനും ചുടുകട്ട നിര്‍മ്മാണത്തിനും അരിയുടെ പുറം തോടായ ഉമി ഉപയോഗിച്ചിരുന്നതായി വ്യക്തമാക്കുന്നു. അഥര്‍വ്വ വേദത്തില്‍ 'വ്രീഹി' എന്ന നാമത്തില്‍ അറിയപ്പെടുന്നത് കാട്ടുനെല്ലായിരുന്നു എന്ന് കണക്കാക്കുന്നു. അയ്യായ്യിരത്തി അഞ്ഞൂറ് വര്‍ഷം മുതലേ ഇന്ത്യയില്‍ നെല്‍ക്യഷി നടന്നിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

അതെ സമയം കേരളത്തിന്റെ വടക്കന്‍ ജില്ലയായ കുറുമ്പ്രനാട്ടിലെ മഹാശിലായുഗ പരിഷ്‌ക്യതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതായിട്ടുണ്ട്. കൊടശ്ശേരി, അത്തോളി, പാവങ്ങൂര്‍, ചീക്കിലോട്, കുളത്തൂര്, മൊടക്കല്ലൂര്, ഒള്ളൂര്, കോക്കലൂര് എന്നിവിട ങ്ങളില്‍ നിന്നും ലഭിച്ച മഹാശിലയുഗകാലത്തെഅവശിഷ്ടങ്ങളില്‍ കുടക്കല്ലുകളും, ചെങ്കല്ലുകളും, തൊപ്പിക്കല്ലുകളും, മുതുമക്കച്ചാടികളും, പാണ്ഡവക്കുഴികളും, വ്യാപകമായ നന്നങ്ങാടികളും കണ്ടെത്തിയത്. ഈ പ്രാചീന കല്ലറകളില്‍ നിന്നും, ശവക്കല്ലറകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ കേരളത്തില്‍ ഇവയെ സംബന്ധിച്ച ആധികാരിക പഠനം നടത്താന്‍ ആരും ഇന്നോളം തയ്യാറായിട്ടില്ല. കാരണവും അജ്ഞാതമല്ല. വ്യാപക പഠനം നടത്തിയാല്‍ ആദിമ ജനത ആരായിരുന്നുവെന്നും അവരുടെ ക്യഷി സമ്പ്രദായം ആ കാലത്തെ ജീവിത രീതി എന്നിവയൊക്കെ പുറത്തുവരുമെന്ന ഉള്‍ഭീതി കൊണ്ടാണ് മന:പൂര്‍വ്വം അത്തരം പഠനങ്ങളിലേയ്ക്ക് മുതിരാതിരുന്നത്. എന്നാല്‍ ഈ സ്ഥലങ്ങളിലെല്ലാം ക്യഷി പ്രധാനന്മാരായ ഒരു ഗോത്ര സമൂഹം പാര്‍ത്തിരുന്നുവെന്നത് നിക്ഷേധിക്കാനാവാത്ത സത്യമാണ്.

കുറുമ്പ്രനാട്ടിലെ മഹാശിലാവശിഷ്ടങ്ങള്‍ക്കൊപ്പം ഇവിടത്തെ പ്രക്യതിയും വിഭവശേഷിയും പഠനവിഷയമാക്കേണ്ടതാണ്. കുന്നുകളും, പറമ്പുകളും കൊണ്ട് സമ്യദ്ധമായ ഉയര്‍ന്ന പ്രദേശമാണ്. ഇരുമ്പു നിക്ഷേപത്തിന് പ്രസിദ്ധമായ ഏലിയോട്ടുമല ഈ പ്രദേശത്തിന്റെ തെക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പു ഖനനത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും വന്‍ വ്യവസായസാദ്ധ്യതയുണ്ടായിരുന്ന ഈ പ്രദേശത്തെ സര്‍ക്കാര്‍ ബോധപൂര്‍വ്വം അവഗണിക്കുകയാണുണ്ടായത്. ഈ പ്രദേശമുള്‍പ്പെടെയുള്ള കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുകാര്‍ഷിക ഉല്പാദക സമൂഹം നിലനിന്നിരുന്നു. അവര്‍ കേരളത്തിലെ ആദിമ നിവാസികളുടെ മുന്‍ തലമുറയില്‍പ്പെട്ട നിഗ്രിറ്റോ വംശത്തില്‍പ്പെട്ട പുലയരായിരുന്നു. ഉപഭൂഖണ്ഡത്തിന്റെ തെക്കെ അറ്റത്ത് പറമ്പിക്കുളത്തെ കാടരുടെയും, അതിനടുത്തുള്ള ആനമല പര്‍വ്വതപ്രദേശത്തെ പുലയരുടെയും ഇടയില്‍ ചെമ്മരിയാട്ടിന്‍ രോമം പോലുള്ള മുടിയും ഏറെക്കുറെ ഉരുണ്ട തലമുടിയുമുള്ള മുണ്ടന്മാരെ കാണുന്നത് ആദിമ നീഗ്രിറ്റോ വര്‍ഗ്ഗത്തിന്റെ സ്വാധീനത്തിന് തെളിവായി കരുതാമെന്നാണ് നീലകണ്ഠശാസ്ത്രികളുടെ വിലയിരുത്തല്‍.