"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 25, ബുധനാഴ്‌ച

പുലയനാര്‍കോട്ടയ്ക്ക് ചേരരാജാവുമായി ബന്ധമില്ല - കുന്നുകുഴി എസ് മണി.

പുലയനാര്‍ കോട്ടയുടെ ചരിത്രം അന്വേഷിച്ച് നാടാകെ അലഞ്ഞു നടന്ന ഈ ഗ്രന്ഥകര്‍ത്താവിന് ചേരരാജാക്കന്മാരുമായിട്ടോ, അവസാനത്തെ സങ്കല്പസ്യഷ്ടിയായ ചേരമാര്‍ പെരുമാളുമായിട്ടോ പുലയനാര്‍കോട്ടയ്ക്ക് യാതൊരു ബന്ധവും ഒരു ചരിത്രരേഖയിലും ഇന്നോളം കണ്ടെത്താന്‍ സാധി ച്ചിട്ടില്ല. മാത്രവുമല്ല, ചേര രാജാക്ക ന്മാര്‍ കേരളം ഭരിച്ചിട്ടില്ലെന്ന് പി. കെ. ബാലക്യഷ്ണന്‍ എഴുതിയ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന ഗ്രന്ഥത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. 'ഈ ആദികാലത്ത് ചേരര്‍, ചോളര്‍, പാണ്ഡ്യന്‍ എന്ന മൂന്നു മുഖ്യരാജാക്കന്മാര്‍ തമിഴ്‌നാടിനുണ്ടായിരുന്നു. എന്നാല്‍ ഈ രാജാക്കന്മാരുടെ അധികാരം തലസ്ഥാ നനഗരിയും പ്രാന്തപ്രദേശങ്ങളും മാത്രം അടങ്ങിയ ചെറിയൊരു പ്രദേശത്ത് ഒരുങ്ങിയിരുന്നു'19 ഇതിനകം നൂറുകണക്കിന് പഴയതും പുതിയതുമായ ചരിത്രഗ്രന്ഥങ്ങളും, ചരിത്രഏടുകളും, മതിലകം രേഖകളും, പേപ്പര്‍ കട്ടിംഗുകളും പരിശോധിക്കുകയും പഠിക്കുകയും പുലയനാര്‍കോട്ടയ്ക്കു സമീപത്തെ പഴയതലമുറയില്‍പ്പെട്ട പുലയരുമായി സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചേര രാജാക്കന്മാരുമായി പുലയനാര്‍കോട്ടയ്ക്ക് യാതൊരു ബന്ധവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ബി. സി. 992 ല്‍ അല്ല കോതറാണി കൊക്കോതമംഗലം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നത്. എ. ഡി. 1677 മുതല്‍ 1684 വരെ വേണാട് ഭരിച്ചിരുന്ന (റീജന്റ്) ഉമയമ്മറാണിയുടെ കാലഘട്ടത്തിലാണ് കോതറാ ണിയും കൊക്കോതമംഗലം ഭരിച്ചിരുന്നത്. ആ കാലത്താകണം പുലയനാര്‍ കോട്ടയിലെ അയ്യന്‍കോതന്‍ എന്ന പുലയരാജാവും ഭരണം കൈയ്യാളി യിരുന്നത്. ഈ കാലഗണനവച്ച് നോക്കുമ്പോഴും വള്ളുവരാജാക്കന്മാരുടെ കാലത്തല്ല പുലയനാര്‍കോട്ടയിലെ പുലയരാജാവും ഭരണം നടത്തിയിരു ന്നത്. സാമുവല്‍ കുലശേഖരചേരന്‍ പറയുന്ന കോതറാണിയെ സംബന്ധിച്ച കാലഗണയും സങ്കല്പസൃഷ്ടി തന്നെയാണ്. പുലയനാര്‍കോട്ടയുടെ 'പുലയ നാര്‍' എന്ന വാക്കിന്റെ അര്‍ഥം ബഹുമാന്യനായ പുലയന്‍ എന്നാണ്. ബഹുമാന്യനായ പുലയന്‍ എന്നിവിടെ അര്‍ഥമാക്കുന്നത് രാജാവിനെ ഉദ്ദേശിച്ചായിരിക്കണം. തിരുവിതാംകോടിലെ പുലയനാര്‍കോട്ട പോലെ നെടുമങ്ങാട് കോതമംഗലം ആസ്ഥാനമാക്കി ഭരിച്ചിരുന്നത് കോതയെന്ന പുലയരാജ്ഞിയാണ്. ഇവര്‍ പുലയനാര്‍കോട്ടയിലെ കോതന്‍ രാജാവിന്റെ ഇളയസഹോദരിയാണ്.

ചരിത്രം ത്രസ്സിക്കുന്ന പുലയനാര്‍കോട്ട

ചരിത്രം സ്ഫുരിക്കുന്ന പുലയനാര്‍കോട്ടയുടെ മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ വേളീക്കായലിന് അഭിമുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കോട്ടക്കു ന്നിന്റെ നെറുകയില്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ വേളീക്കായ ലിന്റെ സൗന്ദര്യം ആസ്വദിക്കാം. കിഴക്കോട്ടു നോക്കിയാല്‍ കവടിയാര്‍ കുന്ന് കൊട്ടാരവും ടി. വി. കേന്ദ്രവും കാണപ്പെടുന്നു. കൂടാതെ പാളയം പള്ളി, യൂണിവേഴ്സ്റ്റി സെനറ്റ്ഹാള്‍, സെക്രട്ടറിയേറ്റ്, നിയമസഭാ കോംപ്‌ളക്‌സ്, മൂക്കുന്നിമല, തെക്കുമാറി രാജവംശത്തിന്റെ ആദി മാതാവായ പെരുമാട്ടുകാളിയുടെ ചാമിക്കല്‍ സ്ഥിതിചെയ്തിരുന്ന ശ്രീപത്മനാഭസ്വാമിക്ഷേത്രം, കോതന്‍ രാജാവിന്റെ പടത്തലവന്‍ ഭീമാപള്ളിമേത്തറുടെ വീടിനു സമീപം സ്ഥിതിചെയ്യുന്ന ഭീമാപള്ളിയും കാണാവുന്നതാണ്.

പുലയനാര്‍കോട്ടയ്ക്ക് ആറ് കോടികള്‍ കാണപ്പെടുന്നു. കിഴക്കും പടിഞ്ഞാറും അഗാധമായ ഗര്‍ത്തങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ശത്രുക്കളെ പ്രതിരോധിക്കുകയാണ് ഈ വലിയ കിടങ്ങുകള്‍ കൊണ്ട് ഉദ്ദേശിച്ചിരു ന്നതെന്ന് അനുമാനിക്കാം. ഈ വലിയ കിടങ്ങുകള്‍ക്ക് 60 മുതല്‍ 70 അടിയിലധികം താഴ്ചയുള്ളതായിട്ടാണ് മേറ്റിയര്‍ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കിടങ്ങുകളും പരിസരവും 1985 സെപ്റ്റംബര്‍ 15 ന് ഈ ഗ്രന്ഥകര്‍ ത്താവും സുഹ്യത്ത് വെള്ളയമ്പലം കെ. ക്യഷ്ണനുമൊത്ത് പോയി പരിശോധിക്കുകയും വിവരങ്ങള്‍ ഒക്കെയും ശരിയാണെന്ന് നേരില്‍ ബോധ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് ക്ഷയരോഗാശുപത്രിയുടെ ഒ.പി.ക്ക് വടക്ക് പടിഞ്ഞാറ്ഭാഗത്ത് ഇടിഞ്ഞു പൊളിഞ്ഞ ഏതാനും പഴയ കെട്ടിടങ്ങള്‍ കാണപ്പെട്ടിരുന്നു. ഇവ പുലയനാര്‍കോട്ട രാജാവിന്റെ കൊട്ടാരക്കെട്ടിന്റെ അവശിഷ്ടങ്ങളാണെന്ന് പറയപ്പെട്ടിരുന്നു. കുന്നിന്റെ പടി ഞ്ഞാറെഭാഗത്ത് കിടങ്ങുകളുടെ നടുവിലായിട്ടായിരുന്നു കോതന്‍ രാജാവിന്റെ കൊട്ടാരം സ്ഥിതിചെയ്തിരുന്നതെന്ന് സമീപവാസിയായ ഒരു വ്യദ്ധ ഞങ്ങളോടു പറയുകയുണ്ടായി. കൊട്ടാരത്തിനു സമീപത്തായി ക്ഷയരോഗാശുപത്രിക്കു പടിഞ്ഞാറുമാറിയാണ് ചരിത്രപ്രസിദ്ധമായ ഒരു വന്‍കിണര്‍ കാണപ്പെട്ടിരുന്നത്. പുലയനാര്‍കോട്ടയിലെ ഈ വന്‍കിണറ്റിനു തന്നെ ഒട്ടോറെ ചരിത്രകഥകള്‍ പറയുവാനുണ്ട്.