"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 10, ചൊവ്വാഴ്ച

കഥ: പാവത്തിന് ഒരു വോട്ട് - മുന്തൂര്‍ കൃഷ്ണന്‍

മുന്തൂര്‍ കൃഷ്ണന്‍ 
അഞ്ചുകൊല്ലം നാടുഭരിച്ച് അഞ്ഞൂറ് കോടിയുടെ ആസ്തിയും 50 കോടിയുടെ കൊച്ചുവീടും 5 കാറും സമ്പാദിച്ച് ഗത്യന്തരമില്ലാതെ നേതാവ് കസേരവിട്ടിറങ്ങി നാടുകാണാന്‍. അലക്കി തേച്ച പഴയൊരു വെള്ളമുണ്ട്. കക്ഷം കീറിയ വെള്ള ഷര്‍ട്ട്, പഴയ ചെരുപ്പ്, കഴുത്തില്‍ കയറുപോലത്തെ പഴയൊരു മാല, വിരലില്‍ പഴയൊരു മോതിരം, പഴയ റാഡോ വാച്ച് കൂടെ നാട്ടുപ്രമാണിമാരും.
മുയല്‍വേട്ടയ്ക്കുപോകുന്ന പകല്‍ മാന്യന്മാരെപ്പോലെ ഗ്രാമത്തിലെ ഓരോ ഭവനവും അവര്‍ അരിച്ചുപെറുക്കുകയാണ്. ഇതും ഒരു വേട്ട.
ഓരോ വീട്ടിലും ചെന്ന് നേതാവ് പറയുന്നു.
'ഒരു വോട്ട് ഈ പാവത്തിന്. എന്നെ ജയിപ്പിച്ചില്ലെങ്കില്‍ ഈ നാട് മുടിഞ്ഞുപോകും. അങ്ങ് തലസ്ഥാന നഗരിയില്‍ എനിക്കുവേണ്ടി മാത്രം പണിത കസേരകള്‍ ഒടിഞ്ഞ് തകര്‍ന്നുപോകും. കോടനുകോടികള്‍ മുടക്കി പണി കഴിപ്പിച്ച അസംബ്ലി മന്ദിരവും എന്റെ ബംഗ്ലാവും നശിച്ച് നാറാണക്കല്ല് പിടിച്ചുപോവും അതുകൊണ്ട് ഒരു വോട്ട്.'
നേതാവ് കാലുപിടിച്ചു. കൈപിടിച്ചു. വന്നപ്പോള്‍ ചിരിച്ചു. നിന്നപ്പോള്‍ ചിരിച്ചു. പോകാന്‍ നേരത്തും ചിരിച്ചു. കരം പിരിച്ചുണ്ടാക്കിയ കാശുകൊണ്ട് മേടിച്ച കാറില്‍ക്കേറി പിന്നേം പിന്നേം തല പുറത്തേക്കിട്ട് മനസ്സിലാമനസ്സോടെ യാത്രയാകുമ്പോള്‍ പറഞ്ഞു
- മറക്കല്ലേ.
പക്ഷേ മറന്നു. കഴിഞ്ഞതെല്ലാം മറന്നു. വോട്ട് ചെയ്ത് ജയിപ്പിച്ചതും ജയിച്ചുപോയിട്ട് പിന്നെ പൊടിപോലും കാണാന്‍ കിട്ടാഞ്ഞതും കുടിവെള്ളവും, റേഷനരിയും, കൂലിവേലയും കിട്ടാതെ കഷ്ടപ്പെട്ടതും. എല്ലാം മറന്നു. ജനാധിപത്യമല്ലേ വോട്ടവകാശമല്ലേ പാഴാക്കുന്നതു പാപമല്ലേ അങ്ങേര് നന്നാവട്ടെ.
മേല്‍ജാതി കോളനികളെല്ലാം പിന്നിട്ട് സ്ഥാനാര്‍ത്ഥി ഒടുവില്‍ സന്ധ്യാനേരത്ത് പട്ടികജാതി കോളനിയിലെത്തി. കറുത്ത കോളനിയില്‍ വെളുത്ത വിളക്ക് തെളിഞ്ഞു. ഒരിക്കലും കത്താത്ത തെരുവുവിളക്കു കളെല്ലാം അന്ന് കത്തി. ഒരിക്കലും കാണാത്ത മുഖങ്ങളും വന്നെത്തി. കറുത്ത മനുഷ്യര്‍ വെളിച്ചത്തില്‍ കത്തിക്കരിഞ്ഞുനിന്നു. പൊട്ടിപ്പൊളിഞ്ഞ കക്കൂസുകളില്‍ നിന്നും ദുര്‍ഗന്ധം പരന്നു. വിശക്കുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടു. വഴിയില്ലാത്ത വഴിയിലൂടെ വീടില്ലാത്ത വീടുകള്‍ തേടി അവിടെ പാര്‍ക്കുന്ന മനുഷ്യരല്ലാത്ത മനുഷ്യരെത്തേടി നേതാവ് ചെന്നു.
സ്ഥാനാര്‍ത്ഥി ചോദിച്ചു. 'എല്ലാവരും അങ്ങ് കറുത്തു പോയല്ലോ'
കറുത്ത കൂട്ടത്തിന് തൃപ്തിയായി.
- എന്തു തങ്കപ്പെട്ട മനുഷ്യന്‍ - എന്തൊരു സ്‌നേഹം.
എല്ലാവരുടേയും കണ്ണുകള്‍ ആ തങ്കവിഗ്രഹത്തിലായിരുന്നു. എന്തൊരു പ്രഭ. വെളുത്ത് സുന്ദരനായ തേനൊലിക്കുന്ന വാക്കുകളുടെ ഉടമയായ വിനയശീലനായ തങ്കക്കുടം എങ്ങനെ വോട്ടുചെയ്യാതിരിക്കും.
സ്ഥാനാര്‍ത്ഥി ചോദിച്ചു. 'കക്കൂസില്ലാത്ത എത്ര പേരുണ്ട്'
ആരും മിണ്ടിയില്ല.
'കുടിവെള്ളം കിട്ടാത്തവരുണ്ടോ?'
ഒരുത്തരും മിണ്ടിയില്ല.
'നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ? '
എന്തു പ്രശ്‌നം. ഒന്നുമില്ല. അങ്ങു ജയിക്കണം. ജയിച്ച് രാജ്യം ഭരിക്കണം. പ്രജാവത്സലനായ അങ്ങ് തരുന്നതുകൊണ്ട് അടിയങ്ങള് തൃപ്തിപ്പെട്ടോളാം.
അപ്പോള്‍ അടുത്തു നിന്ന നാട്ടുപ്രമാണി ചെവിയില്‍ പറഞ്ഞു.
'അതു പോരാ. ഇവര്‍ക്ക് നല്ല കക്കൂസുകള്‍ പണിത് കൊടുക്കണം. നാലയലത്ത് താമസിക്കുന്ന ഞങ്ങളെയോര്‍ത്ത്. കോളനിക്ക് ചുറ്റും മനോഹരമായ 70 അടി റോഡുകള്‍ വേണം. ഇവര്‍ക്ക് കുളിക്കാന്‍നഗരത്തില്‍ ഒരു കുളിക്കുളവും ഇവര്‍ക്ക് രമിക്കാന്‍ പട്ടണത്തില്‍ ഒരു പാര്‍ക്കും സാംസ്‌കാരിക നിലയവും പണി കഴിപ്പിക്കണം.'
സ്ഥാനാര്‍ത്ഥി :- ഉറപ്പ്. ഈ കഴിഞ്ഞ അഞ്ചുകൊല്ലവും ഞാന്‍ നിങ്ങളെ മറന്നിട്ടില്ല. പക്ഷേ പണമില്ല. ഒന്നിനും പണമില്ല. എന്തു ചെയ്യാം ബിസിനസ്സുകാരെ സഹായിക്കണ്ടെ? കര്‍ഷകരെ സഹായിക്കണ്ടെ? വണ്ടി മുതലാളിമാരെ സഹായിക്കണ്ടെ? തോട്ടം ഉടമകളെ സഹായിക്കണ്ടെ? അവര്‍ കടക്കെണിയില്‍പ്പെട്ടാല്‍ നാടു മുടിഞ്ഞുപോവില്ലേ? നമ്മുടെ നാട് കുട്ടിച്ചോറാവില്ലേ?
കറുത്ത ജനം തലകുലുക്കി. ഈയുള്ളവര്‍ക്ക് വല്ല മരത്തണലിലായാലും കഴിയാം. കപ്പയോ കാച്ചിലോ പുഴുങ്ങി തിന്ന് ജീവിക്കാം. പക്ഷേ അവരൊക്കെ വലിയ ആളുകള്. അവര്‍ക്കൊന്നും ഒരു കുഴപ്പവും വരുത്തല്ലേ.
കോളനിയിലെ ഒരാളുപറഞ്ഞു :- ഞങ്ങടെ സംവരണം ഞങ്ങക്കുതരണെ. ഞങ്ങക്കതുമതി.
സ്ഥാനാര്‍ത്ഥി :- ശോ അതു പിന്നെ പറയണോ നമ്മുടെ മഹാനായ അംബേദ്കര്‍ എഴുതിവച്ചിട്ടുണ്ടല്ലോ നല്ല റോയല്‍ ഇംഗ്ലീഷില് ഉം. അങ്ങേരെപ്പോലെ പഠിപ്പുള്ള ആളുകള്‍ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ. അപ്പൊ പിന്നെ അതു മാറ്റാ പറ്റ്വോ. അല്ലെങ്കിലും.... ഇവിടെ പിള്ളേരൊക്കെ സ്‌കൂളില്‍ പോകുന്നില്ലെ.
ഒരു വൃദ്ധന്‍ പറഞ്ഞു:- ഒരു സര്‍ക്കാരു പള്ളിക്കൂടം ഉള്ളത് പൂട്ടാന്‍ പോണെന്നു കേട്ടു.
സ്ഥാനാര്‍ത്ഥി:- സ്‌കൂള് പൂട്ടുകയോ? അതിനെന്താ നമുക്കൊരു ബദല്‍ സ്‌കൂള് തുടങ്ങാം പോരെ.
ബദല്‍ സ്‌കൂളെന്നു പറഞ്ഞതിന്റെ അര്‍ത്ഥം ആര്‍ക്കും മനസ്സിലായില്ല. എങ്കിലും എല്ലാവരും മതിയെന്ന് തലകുലുക്കി.
ഒരു വല്യമ്മ പിറുപിറുത്തു.
'തരണതായി. അല്ലാതെ ഈയുള്ളോര്‍ക്ക് വല്ലോമറിയാമോ?'
മറ്റൊരു തള്ള 'പഠിച്ചിട്ടെന്നാണ് പടിച്ചോരൊക്കെ ചുമ്മാ നടപ്പാണ്. വല്ല കൈതൊയിലും പഠിച്ചിരുന്നെങ്കി നാല് ചക്രോണ്ടാക്കാരിന്നു.
സ്ഥാനാര്‍ത്ഥി :- ഒക്കെ നേരെയാകും ചേച്ചി. ഈ സ്വകാര്യ വല്‍ക്കരണം ആഗോളവല്‍ക്കരണം എന്നൊക്കെ പറഞ്ഞാല്‍ എന്ത്വാ
ആ. എന്തുവാ! ആര്‍ക്കും ഒന്നും മനസ്സിലായില്ല.
ഈ പൊതുമുതലൊക്കെ വിക്കണതെന്തിനാണ്? ഈ കടമായകടമൊക്കെ വാങ്ങിക്കൂട്ടണതെന്തിനാണ്?
'ആ.. എന്തനാണ്...'
അത് നിങ്ങക്കുവേണ്ടിയാണ്. മേലനങ്ങാണ്ട് സുഖമായി ജീവിക്കാന്‍ വേണ്ടിയാണ്. ദേ ആ വിദേശത്തുനിന്നു ചോദിക്കണ കാശിങ്ങട് കിട്ടിക്കോട്ടെ. കക്കൂസും, കുളിമുറിയും, ടാറിട്ട റോഡും, തോടും, പാലവും ഒക്കെയുണ്ടാക്കിത്തരാം.
'അങ്ങനെയാണെങ്കി ദെ ഇത്തവണത്തെ വോട്ട് നിങ്ങക്ക് തീര്‍ച്ച. ദൈര്യായിട്ട് പൊക്കോ. ആരൊക്കെ വാക്കുതെറ്റിച്ചാലും ഏങ്കള് വാക്കുമാറൂല.'
അന്നുരാത്രി കോളനിയില്‍ ആരും ഉറങ്ങിയില്ല. ഒരു മഹാബലി വന്നുപോയ ആശ്വാസം മനസ്സില്‍. ഏതോ പൂരം വരുന്നതിന്റെ സന്തോഷവും.