"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 3, ചൊവ്വാഴ്ച

ധനു എളങ്കുന്നപ്പുഴയുടെ 'പുലപ്പേടി' - വേലായുധന്‍ വടവുകോട്

നരനുനരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും
നരകമിവിടെയാണു ഹന്ത കഷ്ടം

ഹരഹരയിങ്ങനെ വല്ലനാടുമുണ്ടോ എന്നു കുമാരനാശാന്‍ പറഞ്ഞത് കേരളത്തിലെ മനുഷ്യരെക്കുറിച്ചാണ്. തൊട്ടുകൂടാത്തോര്‍, തീണ്ടിക്കൂടാത്തോര്‍, ദൃഷ്ടിയില്‍പെട്ടാല്‍ ദോഷുള്ളോര്‍, കെട്ടില്ലാത്തോര്‍, തമ്മിലുണ്ണാ ത്തോര്‍ എന്നിങ്ങനെ ജാതിക്കോമരങ്ങളുടെ വിളയാട്ടം കണ്ടിട്ടാണ് സ്വാമി വിവേകാ നന്ദന്‍ കേരളത്തിനു ഭ്രാന്താലയം എന്നു പേര്‍ വിളിച്ചത്. ഉന്നതകുലജാതരും പ്രഭുക്കന്മാരും ജന്മികളു മൊക്കെ പുലയര്‍ തുടങ്ങിയ അധഃകൃതവര്‍ഗ്ഗങ്ങളെ അടിമ കളായി കണക്കാക്കിയിരുന്നു. സ്ത്രീകള്‍ മാറു മറയ്ക്കാന്‍ പാടില്ല. പാടത്തും പറമ്പിലും പോത്തിനെപ്പോലെ പണിയെടുക്കുന്ന കീഴാളവര്‍ഗ്ഗം, അവര്‍ക്ക് കൂലി ചോദിക്കാന്‍ അവകാശമില്ല. കൊടുക്കുന്നതു വാങ്ങി ക്കൊള്ളണം. അവരുടെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാലും സഹിച്ചുകൊള്ളണം. എതിര്‍ക്കുന്നവര്‍ക്ക് ജീവനാശമായിരിക്കും ഫലം.

അക്കാലത്ത് പുലപ്പേടി എന്നൊരാചാരം നിലവിലുണ്ടായിരുന്നു. കര്‍ക്കടക മാസക്കാല ങ്ങളില്‍ സന്ധ്യ കഴിഞ്ഞ് ഒരു മേലാള സ്ത്രീ വീടിന് പുറത്തി റങ്ങിയാല്‍ ഒരു പുലയയുവാവ് ''ഞാന്‍ കണ്ടേ'' എന്ന് വിളിച്ചു പറഞ്ഞ് കൈക്കു പിടിച്ചാല്‍ ആ സ്ത്രീക്ക് ഭ്രഷ്ട് കല്പിക്കും. അവള്‍ പിന്നെ ആ യുവാവിന്റെ കൂടെ അവന്റെ ഭാര്യയായി ജീവിച്ചുകൊള്ളണം. അന്തഃപുരത്തില്‍ ശ്വാസം മുട്ടിക്കഴിയുന്ന മേലാളസ്ത്രീകള്‍ മനഃപൂര്‍വ്വം അങ്ങനെ ഇറങ്ങിപ്പോയെന്നും വരാം. എന്നാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഒറ്റുകാര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഗുണ്ടകളെ ക്കൊണ്ട് തല്ലിച്ചതയ്ക്കുക, കുടിലുകള്‍ തീവെച്ച് നശിപ്പിക്കുക എന്നിവ യൊക്കെയാണ് പരിണിതഫലം. സ്വന്തമായി ഭൂമിയില്ലാതെ ജന്മിയുടെ മണ്ണില്‍ കുടില്‍ വച്ചുകെട്ടി കഴിയുന്ന ആ പച്ചമണ്ണിന്റെ മക്കളുടെ ജീവിതം എത്ര കഷ്ടം! വിദ്യാഭ്യാസമില്ല, പഠിക്കാനവകാശമില്ല. കൗമാരം കഴിഞ്ഞ പെണ്‍കുട്ടികള്‍ മേലാളരുടെ ഭോഗവസ്തുക്കളായി കഴിഞ്ഞു കൊള്ളണം. അവര്‍ക്ക് മനസ്സുതോന്നി എന്തെങ്കിലും കൊടുത്താലായി അത്രമാത്രം.


പ്രസ്തുത ചരിത്ര പശ്ചാത്തലത്തെ അധിക രിച്ച് ഹൃദയപൂര്‍വ്വം രേഖപ്പെടുത്തിയ ഒരു നോവലാണ് ധനു എളങ്കുന്നപ്പുഴയുടെ 'പുലപ്പേടി'. കീഴാളവര്‍ഗ്ഗത്തിന്റെ ജീവിത പശ്ചാത്തലം, അവര്‍ക്കനുഭവിക്കേണ്ടി വന്നിട്ടുള്ള യാതനകള്‍, അവരുടെ ജീവിത രീതികള്‍ എന്നിവയൊക്കെ ഹൃദ്യമായ രീതിയില്‍ നോവലില്‍ വരച്ചു കാണിക്കു ന്നുണ്ട്. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനും. വഴിയില്‍ക്കൂടി നടക്കാനും കുട്ടികളെ പഠിപ്പിക്കാനും അവകാശം നല്കുന്ന രാജകല്പനയുണ്ടായിട്ടും അവ നടപ്പാ ക്കാന്‍ കീഴാളര്‍ക്കു കഴിയാത്ത സാഹചര്യ ത്തിലാണ് പപ്പുമാനേജര്‍ എന്ന ഒരന്യദേശ ക്കാരന്‍ അവിടെ വന്നു ചേര്‍ന്നത്. അദ്ദേ ഹം കീഴ്ജാതിക്കാരെ സംഘടിപ്പിച്ച് അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാ നുള്ള അന്തരീക്ഷം സൃഷ്ടിച്ചു. അവരെ മനുഷ്യരുടെ അവസ്ഥയിലേയ്ക്കു യര്‍ത്താന്‍ വേണ്ടി അദ്ദേഹം അനവരതം പരിശ്രമിച്ചു. എതിരിടാന്‍ വന്ന മേലാളരെ നേരിടാനുള്ള തന്റേടം സംഘടനാശക്തികൊണ്ട് നേടിക്കൊ ടുത്തു. താത്രിക്കുട്ടി എന്നു വിളിക്കുന്ന സാവിത്രിക്കുട്ടി അന്തര്‍ജനമാ ണെങ്കിലും ശരദദാസെന്ന കീഴാളയുവാവിനെ പ്രേമിച്ചുപോയി. അയാള്‍ സുമുഖനും അദ്ധ്യാപകനും കാര്യശേഷിയുള്ള വനുമാണെങ്കിലും നമ്പൂതിരി വര്‍ഗ്ഗത്തിന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. പുലപ്പേടിക്കാലത്ത് അവള്‍ ശരദദാസിന്റെ വസതിയിലേക്ക് വന്നു. പപ്പുമാനേജരുടെ സാന്നിദ്ധ്യത്തില്‍ അവരുടെ വിവാഹം നടത്തിയെങ്കിലും അത് സാവിത്രി യുടെ ആള്‍ക്കാര്‍ അംഗീകരിച്ചില്ല. നോവിച്ചുവിട്ട മൂര്‍ഖനെപ്പോല്‍ അവര്‍ പ്രതികാരത്തിന് ശ്രമിച്ചു. സാവിത്രിക്കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോയി ഒരു മൂന്നാം കെട്ടു നമ്പൂതിരിയെക്കൊണ്ട് വേളി കഴിപ്പിച്ചു. ആ നമ്പൂതിരി അകാലത്തില്‍ ചരമം പ്രാപിച്ചു. അവരുടെ ആള്‍ക്കാര്‍ ഗുണ്ടകളെ വിട്ട് ശരദദാസിന്റെയും കുടുംബക്കാരുടെയും കുടിലുകള്‍ക്ക് തീവെച്ചു. കുടിലിലുണ്ടായിരുന്ന പലരും വെന്തു മരിച്ചു. ശരദദാസിനെ അവര്‍ പിടിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞു. ശരദദാസിനു പിറന്ന കുട്ടിയേയും കൊണ്ട് സാവിത്രി അലഞ്ഞുനടന്നു. അല്ലേശുമാപ്ല എന്ന കപ്യാരുടെ വീട്ടില്‍ അഭയം തേടിയ സാവിത്രിയെ പള്ളിക്കാരിയാക്കാന്‍ അവര്‍ അച്ചനോട് ശുപാര്‍ശ ചെയ്തു. ശുദ്ധ മനസ്സോടെ സമീപിച്ച സാവിത്രിക്കുട്ടിയുടെ ചാരിത്ര്യം കവരാനാണ് അച്ചന്‍ ശ്രമിച്ചത്. അവള്‍ക്ക് അസാമാന്യമായ ധൈര്യം എങ്ങനെയോ വന്നുചേര്‍ന്നു. പാപത്തിനു പ്രായശ്ചിത്തമായി അച്ചനോട് ആയിരം രൂപാ വാങ്ങി അവള്‍ തന്റേട ത്തോടെ ഇറങ്ങിപ്പോന്നു. പപ്പുമാനേജരുടെ പിന്‍ബലം അവള്‍ക്കുണ്ടാ യിരുന്നു. ശരദദാസിന്റെ ജ്യേഷ്ഠന്‍ ചിത്തരാജ് ആഹ്ലാദചിത്തനായി. സാവിത്രിക്കുട്ടിയുടെ കൈയില്‍നിന്ന് കുഞ്ഞിനെ വാങ്ങി ഓമനിച്ചു. പപ്പുമാനേജര്‍ നല്കിയ ധൈര്യം സാവിത്രിക്കുട്ടിക്കു ആശ്വാസമായി. കീഴാളവര്‍ഗ്ഗത്തിന്റെ ഒരു ജീവിത കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പു കളും. കഷ്ടപ്പാടുകളും വാക്കുകള്‍കൊണ്ട് ഒപ്പിയെടുത്തിരിക്കുകയാണ് ഈ നോവലില്‍. മനസ്സിനെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ ധാരാളമുണ്ട്. അനായാ സം ആകാംക്ഷയോടെ വായിച്ചുപോകാന്‍ കഴിയും. ക്ലിഷ്ടതയോ ദുര്‍ഗ്രഹ തയോ ഒട്ടും അനുഭവപ്പെടുകയില്ല.

പുലപ്പേടി എന്ന നോവല്‍ ആ കാലഘട്ടത്തിന്റെ ഒരു നാഴികക്കല്ലായിരിക്കുമെന്നതില്‍ സംശയമില്ല. അതെഴുതിയ ധനു എളങ്കുന്നപ്പുഴ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പെരിങ്ങക്കുത്ത് എന്ന നോവല്‍ ഇതിനുമുമ്പ് പ്രസിദ്ധീക രിച്ചിട്ടുണ്ട്. നല്ലൊരു കവി കൂടിയായ അദ്ദേഹം കവിതാ ഗ്രന്ഥങ്ങളും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് പുലപ്പേടിയെ ബഹുജനസമക്ഷം അവതരി പ്പിച്ചുകൊള്ളുന്നു.

വേലായുധന്‍ വടവുകോട് എം.എ.,ബി.എഡ്.