"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 27, വെള്ളിയാഴ്‌ച

ശക്തി മൂന്നുതരം. ജാതിയെകൊല്ലണം - മുന്തൂര്‍ കൃഷ്ണന്‍

ജാതിയെകൊല്ലണം കൊടിയാപരാധമാം
ജാതിബോധത്തെ കുഴിച്ചു മൂടീടണം
ജാതിവിഷത്തെക്കളഞ്ഞു ഹൃദയത്തില്‍
നീതിബോധത്തിന്നിളനീര്‍നിറയ്ക്കണം
നീതികേടിന്റെ നിറകുടം ജാതി
ഭാരതഭുവിന്നപമാനം ജാതി
മനുവിന്റെ വംശീയായുധം ജാതി
ജാതിമനുഷ്യന്റെ മാരകവ്യാഥി
ഉച്ചനീചത്വം രചിച്ചവന്‍ജാതി
ഛിദ്രവികാരം വിതച്ചവന്‍ ജാതി
സച്ചിതാനന്ദം ഹനിച്ചവന്‍ ജാതി
സര്‍ഗ്ഗസ്‌നേഹത്തെ പകുത്തവന്‍ ജാതി
തൊട്ടുകൂടായ്മവിധിച്ചു മനുഷ്യരില്‍
ദുഷ്ടവിചാരം നിറച്ചുവച്ചങ്ങെ
കൂടപ്പിറപ്പുകളെ തങ്ങളില്‍ തങ്ങളില്‍
തല്ലിപ്പിരിച്ചു രസിപ്പവന്‍ ജാതി
ചാതുര്‍വണ്യം ഭാരതത്തിന്റെ ശാപം
ജാതിയതിന്റെ പൈശാചികരൂപം
എവിടെതിരിഞ്ഞാലും ജാതീയതയുടെ
കാവിപുതപ്പിച്ച നിര്‍ദ്ദയരൂപം
അന്ധവിശ്വാസങ്ങളാ ഭരണമാക്കി
നിന്ദയുടെ വികൃതമാം പല്ലുകള്‍ കാട്ടി
എന്നും പതിനാറുവയസ്സുമായ് നില്ക്കും
പ്രഛന്നഭീകരസത്വമീ ജാതി
ജാതിസമത്വത്തിന്നാജന്മശത്രു
ജാതിസഹോദര്യത്തിന്‍ വര്‍ഗ്ഗശത്രു
ജാതിജനാധിപത്യത്തിന്റെ ശത്രു
ജാതി സമാധാനചിന്തയ്ക്ക്ശത്രു
ജാതിയുടെ കോണിയില്‍ താണപടിയില്‍ നില്‍പ്പോരും
ജാതിനാമം ജപിച്ചീടുന്നു നിത്യവും
ഉപജാതിചിന്തയുടെ മൂഢസ്വര്‍ഗ്ഗങ്ങളില്‍
പലജാതിയായി തളര്‍ന്നുകിടക്കുന്നു
ജാതിയെ പൂവിട്ടു പൂജിച്ചിരുന്നിട്ടും
ജാതിദോഷം മാഞ്ഞുപോകാതിരിക്കുന്നു
ജാതികളുടെ വാഴ്ച നടക്കുന്ന നാടിതില്‍
ജാത്യാടിമത്വം വിടാതെയിരിക്കുന്നു
ജാതി ജഗത്തിന്‍ വിപത്തെന്നറിയണം
ജാതി ജനത്തിനാപത്തെന്നറിയണം
ജാതിവിചാരം വലിച്ചെറിഞ്ഞീടണം
നീതീ ബോധത്തെ കുടിയിരുത്തീടണം