"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 10, ചൊവ്വാഴ്ച

കറുത്ത അമേരിക്ക: ലിഞ്ചിംഗും വംശീയ കലാപങ്ങളും - ദലിത് ബന്ധു എന്‍ കെ ജോസ്

അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രം ഒരു കാലത്ത് നിലനിന്ന ഒരു പ്രത്യേക വധ സംവിധാനമാണ് ലിഞ്ചിംഗ് (Lynching). കറുമ്പരെ യാതൊരു കാരണവും കൂടാതെ, കറുമ്പരാണ് എന്ന ഒറ്റക്കാരത്താല്‍ ഒരു വിചാരണയും കോടതി ഉത്തരവും ഇല്ലാതെ വെള്ളക്കാര്‍ കൂട്ടം ചേര്‍ന്ന് വധിക്കുന്നതി നെയാണ് ലിഞ്ചിംഗ് എന്ന് പറയുന്നത്. ഇവിടെ തെരുവുനായ്ക്കളെ കാണുമ്പോള്‍ പണ്ട് തെരുവുകുട്ടികള്‍ ഓടിച്ചിട്ട് കല്ലെറി ഞ്ഞുകൊന്നുകൊണ്ടിരുന്നു. അതുപോലെ കറുമ്പരെ കാണുമ്പോള്‍ അവിടെ അന്നു വെള്ളക്കാര്‍ കല്ലെറിഞ്ഞുകൊന്നിരുന്നു. കറുമ്പര്‍ എല്ലാവരും അടിമകളാണ്. അവര്‍ കാണേണ്ടത് ഉടമയുടെ കൃഷി സ്ഥലത്താണ്. തെരുവിലോ കൃഷി സ്ഥലം അല്ലാത്തിടത്താ അവനെ കാണുക എന്നു പറഞ്ഞാല്‍ ഉടമയില്‍ നിന്നും രക്ഷപെടുവാന്‍ അവന്‍ ശ്രമിക്കുന്നു എന്നാണ് അതിനര്‍ത്ഥം. അവന്‍ തെറ്റ് ചെയ്തു ശിക്ഷ അനുഭവിക്കണം. അതുചെയ്യുന്നു.

ഒരു കറുമ്പനെ ഒറ്റയ്ക്ക് തെരുവില്‍ കാണുമ്പോള്‍ ശബ്ദമു ണ്ടാക്കി ആളെ കൂട്ടി (വെള്ളക്കാരെ) അയാളെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊല്ലുന്നു. അതിന് നിയമപരമായ അംഗീകാരമുണ്ട്. കൊലയാളികളെ ഒരു പോലീസുകാരനും അന്വേഷിക്കുകയോ കോടതി ശിക്ഷിക്കുകയോ ചെയ്യുകയില്ല. ഭീകരനെന്നോ ശല്യക്കാരനെന്നോ ഒളിച്ചോട്ടക്കാരനെന്നോ വെള്ളക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടു എന്ന സമാധാനമാണ് അതിനുള്ളത്. ആ കൊലപാതകം നാടിന്റെ സ്വരൈ്യ ജീവിതത്തി നാവശ്യമാണ് എന്ന ഒരു വിശദീകരണവും. പട്ടിയെ കൊല്ലണമെങ്കില്‍ പേപ്പട്ടി എന്നു വിളിക്കണ മല്ലോ. ലോകത്തില്‍ മറ്റൊരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ഒരു സംവി ധാനമാണ് ലിഞ്ചിംഗ് എന്നാണ് റെയിഫോഡ്.ഡബ്ലിയു.ലോഗന്‍ (Raytord W Logan) പറയുന്നത്. അത് അമേരിക്കയിലെ വെള്ളക്കാരുടെ വെള്ള സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തുന്നു. ഉള്ളിന്റെ ഉള്ളില്‍ ഇന്നും അമേരിക്കയിലെ വെള്ളക്കാരില്‍ ലിംഞ്ചിംഗ് സംസ്‌ക്കാരം നിലനില്‍ക്കുന്നുണ്ട്. ഇന്നവര്‍ അമേരിക്കയിലെ കറുത്തവരെയല്ല ലിഞ്ചിംഗിന് വിധേയമാക്കുന്നത്. ഇറാക്കിനെയും ഇറാക്കികളെയും മറ്റുമാണ് എന്നു മാത്രം. അല്ലെങ്കില്‍ അഫ്ഗാനിസ്ഥനെയും താലി ബാന്‍കാരെയുമാണ്.

ഇപ്പോള്‍ ഇന്ത്യയില്‍ ഭീകരനെന്ന് മുദ്രകുത്തി കാശ്മീരിലും ഗുജറാത്തിലും എല്ലാം പട്ടാളക്കാരും പോലീസുകാരും നടത്തുന്ന നയത്തിന്റെ അമേരി ക്കന്‍ പതിപ്പ് എന്നു പറയാം. ഇന്ത്യയില്‍ ഇന്ന് പൊതുജനങ്ങള്‍ക്ക് ആ അവകാശമില്ല. പോലീസുകാര്‍ക്കും പട്ടാള ക്കാര്‍ക്കും എന്നുമാത്രം. ഇന്നലെ അതുമുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് ആരെയും വധിക്കാമാ യിരുന്നു. ചത്തുകഴിഞ്ഞാല്‍ പിന്നെ നിരപരാധി യാണ് എന്ന അവന്‍ അവകാശപ്പെടുകിയില്ലല്ലോ. പിന്നെ കൊന്നവന്‍ പറയുന്നത് വേദവാക്യം.

എന്നാല്‍ അമേരിക്കയിലെ ലിഞ്ചിംഗ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാ യിരുന്നു, ഏറെ നിഷ്ഠൂരമായിരുന്നു. അത് അമേരിക്കയില്‍ മാത്രമുള്ള ഒരു നീതി നിര്‍വഹണ സമ്പ്രദായമായിരുന്നു എന്ന് ജെയിംസ് ഈ കട്ട്‌ലര്‍ പറയുന്നു.

ലിഞ്ചിംഗ് എന്ന വാക്കിന്റെ ഉത്ഭവത്തെപ്പറ്റി പലരും പല ഐതീഹ്യ ങ്ങളും ഉദ്ധരിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ഒരു നഗരത്തിന്റെ മേയറുടെ പേര് ലിഞ്ചിംഗ് എന്നായിരുന്നു. അയാളുടെ മകന്‍ അയല്‍വാ സിയെ കൊന്നതിന്റെ പേരില്‍ മേയര്‍ എന്ന നിലയില്‍ അച്ഛന്‍ മകനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയും തൂക്കിക്കൊല്ലുകയും ചെയ്തു. അന്നുമുതല്‍ മുഖം നോക്കാതെ നീതി നിര്‍വഹിക്കുന്നതിന് ലിഞ്ചിംഗ് എന്നു പറഞ്ഞിരുന്നു. സൗത്ത് കരോലിനയില്‍ ലിഞ്ചിംഗ് കണ്‍ട്രി എന്ന ഒരു സ്ഥലമുണ്ട്. ആ സംസ്ഥാനത്തെ റഗുലേറ്റേഴ്‌സ് (Regulators) കേസ് വിസ്താരം നടത്തുന്നത് ആ സ്ഥലത്ത് വച്ചാണ്. നാട്ടില്‍ നിയ മവും സമാധാനവും സ്ഥാപിക്കാന്‍ ചുമതലപ്പെട്ടവരാണ് റഗുലേറ്റേഴ്‌സ്. പെന്‍സില്‍ വേനിയായില്‍ കാട്ടുകള്ളന്‍മാരെ പിടിക്കാനും ശിക്ഷിക്കാനും നിയമിതരാകുന്ന ന്യായാധിപന്‍മാരുടെ പേര് ലിഞ്ചിംഗ് എന്നായിരുന്നു. അങ്ങനെ പലതും ഈ പദത്തിന്റെ ഉത്ഭവത്തെപ്പറ്റി പറയന്നുണ്ട്.

ലിഞ്ചിംഗിലൂടെ മൊത്തം കറുമ്പരെ ഭീഷണിപ്പെടുത്തി തങ്ങളുടെ ആധിപത്യം നിലനിറുത്തുക എന്നതായിരുന്നു വെള്ളക്കാരുടെ ലക്ഷ്യം എന്നു പറയപ്പെടുന്നു. സാമൂഹ്യാധികാരം നിലനിറുത്താന്‍ പല സംസ്ഥാനങ്ങളും ലിഞ്ചിംഗ് ലാ കൊണ്ടുവന്നു. (Lynching law) വെറുതേ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നില്ല. ഒരു മനുഷ്യനെ ഏതെല്ലാം വിധത്തില്‍ നിഷ്ഠൂരമായി വേദനിപ്പിക്കാമോ അതെല്ലാം ചെയ്തിരുന്നു. ജനക്കൂട്ടത്തിന് അതൊരു വിനോദം കൂടിയായിരുന്നു. പണ്ട് റോമക്കാര്‍ കുറ്റവാളികളെ സിംഹത്തിന് ഇരയായി കൊടുത്തിട്ട് അത് കണ്ട് രസിച്ചിരുന്നതു പോലെതന്നെ. അതൊരു സാഡിസ്റ്റ് പ്രവര്‍ത്തന കൂടിയായിരുന്നു. ലിഞ്ചിംഗ് അധികവും നടന്നത് ഗ്രാമങ്ങളിലാണ്. അതായിരുന്നു അവിടത്തെ വെള്ളക്കാരുടെ ഏക വിനോദം. അന്നു സിനിമയും നാടകവും ഇല്ലായിരുന്നു.

ലിഞ്ചിംഗിന്റെ യഥാര്‍ത്ഥചരിത്രം ഇതുവരെ ആരും രേഖപ്പെടു ത്തിയില്ല. 1882ല്‍ മുമ്പുനടന്ന ലിഞ്ചിംഗിനെപ്പറ്റി ഒരു രേഖയുമില്ല. അതിന് ശേഷം നടന്ന ലിഞ്ചിംഗിനെപ്പറ്റിയുള്ള ചില വിവരങ്ങള്‍ ചിക്കാഗോ ട്രൈബൂണില്‍ (Chicago Tribun) നിന്നും കാണാം. 1912ന് ശേഷം National Association for Advancement of Coloured People (NAACP) ലിഞ്ചിംഗിന്റെ കണക്കു സൂക്ഷിച്ചു. പക്ഷേ അതുപോലും അക്കാലത്തെ പത്രവാര്‍ത്തകളെ ആശ്രയിച്ചുള്ളതായിരുന്നു. പത്രത്തില്‍ വാര്‍ത്ത വരാത്ത എത്രയേറെ ലിഞ്ചിംഗ് നടന്നിട്ടുണ്ട്. പ്രത്യേകിച്ചും ലിഞ്ചിംഗിന്റെ പ്രധാന കേന്ദ്രങ്ങള്‍ ഗ്രാമപ്രദേശങ്ങളായിരുന്നതിനാല്‍ അവിടെ നടന്നിട്ടു ള്ളതൊന്നും വെളിച്ചം കണ്ടിട്ടില്ല.

ഒരുകാലത്ത് നക്‌സലൈറ്റുകള്‍ കൈക്കൂലി വാങ്ങിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ ബലമായി പിടിച്ചു കുറ്റപത്രം എഴുതി അവരുടെ കഴുത്തില്‍ തൂക്കി വഴിയെ നടത്തിയിരുന്നു. ഈ അടുത്തകാലത്ത് മോഷണക്കുറ്റം ആരോപിച്ചു മലബാറില്‍ ഒരു നാടോടി സ്ത്രീയെ ആള്‍ക്കൂട്ടം വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും മറ്റും ചെയ്തത് തുടങ്ങിയുള്ള സംഭവങ്ങള്‍ അനുസ്മരിക്കാവുന്നതാണ്. വ്യക്തികള്‍ തനിച്ചു ചെയ്യാന്‍ മടിക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തികള്‍ ആള്‍ക്കൂട്ടത്തിന് ചെയ്യുന്നതിന് മടിയില്ല.

1874 ആഗസ്റ്റ് 26-ാം തീയയി ടെന്നസ്സിയില്‍ 16 പേരെയാണ് ലിഞ്ചിംഗ് നടത്തി കൊന്നത് എന്നു Lerones Bennett (Jr) Before the may flower എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 30-ാം തീയതി ലൂസ്സിയാനാ യില്‍ 60 പേരെ കൊന്നു. മിസ്സിസ്സിപ്പിയിലെ വിര്‍ക്ക്‌സ്ബര്‍ഗില്‍ ജൂലൈ 4-ാം തീയതി അനേകരെയാണ് കൊന്നത്. അവിടത്തെ യാസവിന്‍ എന്ന സ്ഥലത്ത് ആ വര്‍ഷം സെപ്തംബര്‍ 1-ാം തീയതി 3 പേരെ കൊന്നു. 4,5 തീയതികളില്‍ മിസ്സിസ്സിപ്പിയില്‍ വീണ്ടും 30 പേരെ കൊന്നു. ഡിസംബര്‍ 25-ാം തീയതി ക്രിസ്തുമസ്സ് ദിനത്തില്‍ മിസ്സിസ്സിപ്പിയിലെ ക്ലിന്റനില്‍ വീണ്ടും കൊല നടന്നു. ഇതെല്ലാം ഔദ്യോഗികമായി അറിയപ്പെട്ട ഏതാനും ഉദാഹര ണങ്ങള്‍ മാത്രം. പരസ്യമാകാത്ത എത്ര കൊലപാത കങ്ങള്‍ നടന്നിരി ക്കണം എന്നാണ് ബന്നറ്റ് മുമ്പ് സൂചിപ്പിച്ച ഗ്രന്ഥം 496 -97 പേജുകളില്‍ ചേര്‍ത്തിരിക്കുന്നത്. അത് 1874ലെ മാത്രം കഥയാണ്. അതിനുമുമ്പും പിമ്പും ഒരു തുടര്‍ക്കഥ പോലെ ലിഞ്ചിംഗ് നടക്കുകയാ യിരുന്നു. മേയ് ഒന്നിലെ വെടിവയ്പ് വര്‍ഷമായ 1886ല്‍ പോലും നില ഒട്ടും മെച്ചമായിരുന്നില്ല.

ഇഡാ ബി.വെല്‍സ് (Ida.B. Wells) പുറപ്പെടുവിച്ച കണക്കില്‍ പ്രകാരം 1878 മുതല്‍ 1898 വരെയുള്ള 20 വര്‍ഷത്തിനുള്ളില്‍ മാത്രം പതിനായിരം കറുമ്പരെ അവിടെ ലിഞ്ചിംഗിന് വിധേയമാക്കി. 1875ലെ പൗരാവകാശ നിയമം അംഗീകരിച്ചതിന് ശേഷം മാത്രം നടന്നതാണ് അതെല്ലാം എന്ന് പ്രത്യേകം അനുസ്മരിക്കേണ്ടതാണ്. ലിഞ്ചിംഗ് നടത്തുന്നതിന് പ്രധാന കാരണമായി അന്നു പറഞ്ഞിരുന്നത്. വെള്ളക്കാരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ അതിന് ശ്രമിച്ചു എന്നാണ്.

1892 മുതല്‍ ലിഞ്ചിംഗിന്റെ എണ്ണം കുറയാന്‍ തുടങ്ങി. 1905 ആയപ്പോള്‍ ഒരു വര്‍ഷം മൊത്തം 65 ലിഞ്ചിംഗ് മാത്രമായി. പിന്നെ മുന്നോട്ട് പിന്നെയും പിന്നെയും കുറഞ്ഞു. 1940 ആയപ്പോള്‍ അതു നാമമാത്രമായി. എന്താണ് അതിന്റെ കാരണം എന്ന് അറിഞ്ഞുകൂടാ. ലിഞ്ചിംഗിനെ തിരായി NAACP നടത്തിയ ബോധവല്‍ക്കരണം ഒരു കാരണമായേക്കാം. 1919ല്‍ 'യു.എസ്.ഏ.യിലെ മുപ്പത് വര്‍ഷത്തെ ലിഞ്ചിംഗ്' എന്ന ഒരു ലഘുരേഖ അവര്‍ പ്രസിദ്ധീകരിച്ചു. അത് രാജ്യ ത്തിന് അകത്തും പുറത്തും പ്രചരിച്ചത് ഏറെ ഫലം ചെയ്തു. ലിഞ്ചിംഗി നെതിരായി ഡയര്‍ (Dyer) ഒരു ആന്റി ലിഞ്ചിംഗ് ബില്‍ കൊണ്ടുവന്നു. പ്രതിനിധി സഭ അത് പാസ്സാക്കിയെങ്കിലും സെനറ്റിന്‍ ദക്ഷിണ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മൂലം പാസ്സാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ബില്ലിന്റെ ചര്‍ച്ചയും അതിന്റെ പ്രചരണവും വളരെയേറെ ഫലം ചെയ്തു. ലിഞ്ചിംഗിന്റെ അധാര്‍മ്മികത ഒട്ടേറെ വെളിച്ചത്ത് കൊണ്ടു വന്നു. ലോകത്തിലെ ഇതര രാജ്യങ്ങളുടെയും ജനതകളുടെയും മുമ്പില്‍ അമേരിക്ക പരിഹാസപാത്രമായി.