"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 14, ശനിയാഴ്‌ച

കേരളത്തിലെ ക്യഷി സമ്പ്രദായവും വൈവിദ്ധ്യമാര്‍ന്ന നെല്ലിനങ്ങളും - കുന്നുകുഴി എസ് മണി

കേരളക്കരയിലെ എക്കാലത്തേയും പ്രധാനക്യഷി നെല്ലായിരുന്നു. നെല്‍ക്യഷിയിലൂടെ വളര്‍ന്നുവന്ന ഒരു സംസ്‌ക്കാരമായിരുന്നു കേരളത്തിന്റെയും കേരളീയന്റേയും. പ്രാചീനകാലത്ത് 'നെല്ല്' ഭഗവതി യെന്നാണ് ആദിമ ജനത സങ്കല്പിച്ചിരുന്നത്. ആ സങ്കല്പം ഇന്നും മാഞ്ഞുപോയിട്ടില്ല. കേരളീയര്‍ നടത്തുന്ന പൂജകളില്‍ എല്ലാം നെല്ല് ഉപയോഗിക്കു ന്നുണ്ട്. കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിന്റെ ജന്മദിനമായി തിരുവിതാംകൂര്‍ ദേശത്തെങ്ങും ആഘോഷമായി കൊണ്ടാടിയിരുന്നതായി പഴമ ക്കാരില്‍ നിന്നും കേട്ടറിവുണ്ട്. മാത്രമല്ല ഒരു പുലയ ക്യഷിക്കാരന്റെ മകനായി ജനിച്ച ഈ ലേഖകന്‍ ചെറുപ്പക്കാലത്ത് കണ്ടിട്ടുള്ളതുമാണ്. പാടശേഖരത്തില്‍ പൊഴിഞ്ഞു പോകുന്ന നെല്‍മണി കള്‍ പൊറക്കിയെടുത്ത് കഴുകി(കുളിപ്പിച്ച്) ഭസ്മവും, ചന്ദനവും തൊടുവിച്ച് കാഞ്ഞിരം ഇലയില്‍ പൊതിഞ്ഞ് നെല്ല് സംഭരിക്കുന്ന പത്തായത്തില്‍ ഇടുന്ന ഒരാചാരം പണ്ട് കര്‍ഷകര്‍ക്കിടയില്‍ പ്രത്യേകിച്ചും പുലയ കര്‍ഷകരില്‍ കണ്ടിരുന്നു. കാല സംക്രമണത്തില്‍ ഈ ആചാരവിശേഷങ്ങള്‍ മറ്റ് സവര്‍ണ്ണ ജാതിക്കാരും സ്വീകരിച്ചതായി കാണാം. കാലാവസ്ഥ, ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഗുണം, നീര്‍പ്പുറ്റ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു കേരളത്തിലെ പ്രാചീനക്യഷി സമ്പ്രദായം രൂപപ്പെട്ടത്. വളരെ ചെരിഞ്ഞ ഭൂപ്രക്യതിയും മഴയുടെ ആധിക്യവും കേരള ക്യഷി സമ്പ്രദായത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. പുലയരുടെ ജീവിതം നിയന്ത്രിച്ചിരുന്നത് പണ്ടുക്കാലത്ത് ഋതുഭേദങ്ങളാ യിരുന്നു. മെയ് മാസത്തില്‍ കാലവര്‍ഷം തുടങ്ങുന്നതോടെ പുലയര്‍ ഉഴാനും (പൂട്ടാനും), വിതയ്ക്കാനുമായി പാടത്തിറങ്ങും. ആ സമയത്ത് പുലയര്‍ക്ക് നിന്നു തിരിയാനാകാത്ത ജോലിയാണ്. നിലം പൂട്ടി മണ്ണ് നല്ലവണ്ണം ഇളക്കി കട്ടയുടച്ച് മരമടിച്ച് നിലമൊരുക്കുന്നു. തുടര്‍ന്ന് വരമ്പ് കോരി നിലം ഭംഗിയാക്കുന്നു. എന്നിട്ടാണ് വിത്ത് വിതയ്ക്കുന്നത്. വിത്തിട്ടു കഴിഞ്ഞാല്‍ പാടത്ത് വെള്ളം കയറാതെ നോക്കേണ്ട ചുമതലയും പുലയകര്‍ഷകര്‍ക്കാണ്. വെള്ളം പാടങ്ങളില്‍ വേണ്ടത്ര കെട്ടിനിറുത്തുകയും പോരെന്നുണ്ടെങ്കില്‍ പാടത്തേയ്ക്ക് തിരിച്ചു കൊണ്ടുവരുകയും ചെയ്യേണ്ടതും പുലയരുടെ മാത്രം ജോലിയായിരുന്നു. അധിക ജലമുണ്ടെങ്കില്‍ അറ്റകഴവെച്ച് ഒഴുക്കിക്കളയേണ്ടതുമാണ്. ഈ സമയത്ത് പുലയികള്‍ക്ക് പാടങ്ങളിലെ കളകള്‍ പറിക്കേണ്ട ജോലിയുണ്ട്. നെല്‍ക്ക്യഷി പ്പണികള്‍ പൂര്‍ണ്ണമായി തീരുമ്പോള്‍ പറയത്തക്കജോലികള്‍ ഇല്ലാതാകും. അപ്പോള്‍ പുലയകര്‍ഷകര്‍ പുഴകളിലും, തോടുകളിലും, കുളങ്ങളിലും പോയി മീന്‍ പിടിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നു. മീന്‍ പിടിച്ചു വില്‍ക്കുന്നത് ആദായകരമായ ജോലിയാണ് അന്നത്തെ കാലത്ത്.

കാലം കടന്നു പോകുമ്പോള്‍ നെല്‍ക്യഷി മേഖലയില്‍ വന്‍പരിവര്‍ത്തന ങ്ങളുണ്ടായി. നെല്‍ക്യഷിയെ ഏഴായി തരം തിരിച്ചിരുന്നു. അവയെ വിരിപ്പ്, മുണ്ടകന്‍, പുഞ്ച, കോള്‍, കൈപ്പാട്(പെക്കാളി), പുക്കാടി (മോടന്‍), പൂനം എന്നിങ്ങനെയാണ് തരം തിരിച്ചത്. വിരിപ്പും മുണ്ടകനും രണ്ടു വിളവെടുപ്പുള്ള പാടങ്ങളാണ്, വിരിപ്പ് മേടത്തില്‍ വിത തുടങ്ങി കന്നിയില്‍ കൊയ്‌തെടുക്കുന്നു. കന്നിയില്‍ വിതച്ച് മകരത്തിലോ, കുംഭത്തിലോ കൊയ്യുന്നതാണ് മുണ്ടകന്‍ ക്യഷി. താണ നിലങ്ങളാണ് വിരിപ്പ്. വിരിപ്പിന് ഭരണി ഞാറ്റു വേലയും, മുണ്ടകന് മകയിരം-തിരുവാതിര ഞാറ്റുവേലകളുമാണ്. ആദ്യവിളയില്‍ പ്രധാനം. മകരത്തില്‍ ക്യഷിയാരംഭിച്ച് ഇടവത്തിലോ മേടത്തിലോ, കൊയ്യുന്നതാണ് പുഞ്ച. ചതുപ്പുകളാണ് കോള്‍ നിലങ്ങളായി കണക്കാക്കുന്നത്. ഇവ രണ്ടും താഴ്ന്നതും വെള്ളം വറ്റിച്ചും ചെയ്യേണ്ടതുമായ വേനല്‍ക്കാല ക്യഷികളാണ്. ഉപ്പു വെള്ളം കയറുന്ന നിലങ്ങളില്‍ വെള്ളം വറ്റിച്ചു കളഞ്ഞശേഷം നീളത്തില്‍ ചെറുകൂനകള്‍ കൂട്ടി ചെയ്യുന്ന ക്യഷിയെ കൈപ്പാട്(പൊക്കാളി) എന്നും, മലഞ്ചെരുവുകളെ തട്ടുകളാക്കി (പള്ളിയാല്‍) ചെയ്യുന്ന ക്യഷിക്ക് പൂത്താടി എന്നും പറയുന്നു. കാടുവെട്ടിത്തെളിച്ച് നിര്‍മ്മിക്കുന്ന പാടങ്ങളെ പൂനമെന്നും മുത(മുള) എന്നും ജംഗലയെന്നും വിളിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി നെല്‍ക്യഷി ആരംഭിക്കുന്നത് മലഞ്ചെരുവുകളിലെ കരനെല്‍ക്ക്യഷിയാണ്. കരനെല്‍ ക്യഷിയാണ് പിന്നീട് പാടശേഖരങ്ങളിലില്‍ തുടങ്ങിയത്.

ആ കാലത്ത് ക്യഷിക്ക് അനുയോജ്യമ ായി ഏകദേശം മുപ്പതിനായിരം ഇനത്തോളം നെല്‍വിത്തുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇവയൊന്നും തന്നെ സങ്കരയിനത്തില്‍പ്പെട്ടതായിരുന്നില്ല. കാര്‍ഷിക സര്‍വ്വകലാശാലകളും, കാര്‍ഷിക ഗവേഷണങ്ങളുമൊന്നും എത്തിനോക്കാ ത്ത കേരളത്തിലന്ന് ഇന്നത്തെ ശാസ്ത്രീയക്യഷിയേക്കാല്‍ വളരെമെച്ചപ്പെട്ട നിലയില്‍ മുഴുവന്‍ ക്യഷി പണിയും പുലയരാണ് നടത്തിപ്പോന്നിരുന്നത്. അവരിലൂടെ യാണ് നെല്‍ക്യഷിയും, നെല്ലുല്പാദനവും, നെല്‍വിത്തുകളു മെല്ലാം ഉണ്ടായിരുന്നത്. അവരാണ് കേരളത്തിലെ നെല്ലിന്റെയും നെല്ലുല്പാദനത്തിന്റേയും ജനയിതാക്കള്‍. അന്നത്തെ ആ നെല്‍വിത്തുകള്‍ കീടബാധയ്‌ക്കെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളായിരുന്നു.

വളരെയേറെ പ്രതിരോധശേഷി കൈവരിച്ചിരുന്ന കുറെയേറെ നാടന്‍ നെല്‍വിത്തുകളെ പരിചയപ്പെടാം. (1) കൊച്ചുവിത്ത്, (2) ഊര്‍പ്പാണ്ടി, (3) കരിവേനല്‍, (4) പൊടുവി, (5) തടുക്കന്‍, (6) ചേറുവിരിപ്പ്, (7) കരവാള, (8) അതിക്കിര, (9) മോഡന്‍ ഇനങ്ങള്‍, (10) പൊക്കാളി ഇനങ്ങള്‍, (11) ഓരുമുണ്ടകന്‍, (12) ചേറാടി, (13) ചെട്ടിവിരുപ്പ്, (14) ഇടവകകുഞ്ഞു കുഞ്ഞ്, (15) ജീരക ചമ്പാവ്, (16) കറുത്തമുണ്ടകന്‍, (17) വെളുത്തമു ണ്ടകന്‍, (18) ഓലി, (19) കുട്ടാടന്‍, (20) വട്ടന്‍, (21) മുണ്ട മ്പള്ളി, (22) കരിപ്പാലി, (23) കട്ടില, (24) പറമ്പന്‍, (25) മോടന്‍, (26) ചെറുമോടന്‍, (27) കഴമ, (28) അരിവാരി, (29) കുമ്പളവര്‍, (30) ചെന്താര്‍മണിയന്‍, (31) കരിംകുറ, (32) പാല, (33) കൊടിനിറ, (34) അരിക്കിരാലി, (35) കള്ളിമാടി, (36) വള്ളിക്കുട്ടാടന്‍, (37) നവര, (38) വെളുത്ത നവര, (39) പൊന്നരിയന്‍. (40) കാരാരിയന്‍, (41) പോരാരിയന്‍, (42) കാസ്തകന്‍, (43) ചെന്നെല്‍, (44) കരിഞ്ചെന്നല്‍, (45) പാണ്ടിക്കുറുക, (46) പാലക്കുറുക, (47) മുണ്ടകന്‍, (48) മലയൊടമ്പന്‍, (49) നീര്‍ക്കഴമ, (50) പരന്നെന്‍, (51) തവളക്കണ്ണന്‍, (52) മണിവര്‍ണ്ണന്‍, (53) ചിത്തിരത്തങ്ങന്‍, (54) ചെമ്പന്‍, (55) ആമ്പന്‍, (56) ഇരിമ്പന്‍, (57) ആണ്ടിജന്‍, (58) ചെറുവള്ളേരിയന്‍, (59) ചൗവേരിയന്‍, (60) പൊന്‍മലവാസി, (61) മുച്ചരി, (62) പാല്‍ക്കണ്ണി, (63) നീര്‍ക്കണ്ണി, (64) കൈരളി, (65) ചിറ്റേനി, (66) കുട്ടനാടന്‍, (67) കോയി വാലന്‍, (68) ഗന്ധകശാല, (69) ജീരകശാല, (70) പനംകുറുവ, (71) ചിറയാടി, (72) ചെറുകുറുക, (73) കല്ലുകരുപ്പന്‍, (74) മുന്നാകന്‍, (75) കവളപ്പാറ,(76) വാങ്ക്, (77) മൈല തുടങ്ങിയവയാണ് പഴയക്കാല നെല്‍വിത്തിനങ്ങള്‍. ഇവയുടെ ശാസ്ത്രീയനാമം 'ഓറൈസ സറ്റെവ' യെന്നാണ്. 5500 വര്‍ഷം മുന്‍പേ ഇന്ത്യയില്‍ നെല്‍ക്ക്യഷി നടന്നിരുന്നു വെന്നാണ് ശാസ്ത്രീയ തെളിവുകള്‍ വ്യക്തമാക്കുന്നത്. ഈ നെല്ല് ഏതെങ്കിലും വിദേശരാജ്യത്തുനിന്നൊന്നും കൊണ്ടു വന്നതല്ല. കാലാന്തര ത്തില്‍ ഇന്ത്യയൊട്ടാകെ നെല്ല് വ്യാപകമാവുകയായിരുന്നു. അങ്ങിനെ കേരളത്തിലും നെല്‍ക്ക്യഷിയെത്തി. ഇവിടത്തെ ആദിമ ജനതയിലൂടെയാണ് നെല്‍ക്ക്യഷി ഇവിടെ രൂഢമൂലമായിതീര്‍ന്നെന്നു കാണാം.

അതിപുരാതനകാലത്ത് ഉപയോഗത്തിലിരുന്ന ഈ വിത്തിനങ്ങള്‍ മാറ്റിയതും നെല്‍ക്ക്യഷിമേഖലയെ പ്രതികൂലമായി ബാധിച്ചു. കാര്‍ഷിക സര്‍വ്വകലാശാലകളുടെ വരവോടെ ഈ നെല്‍വിത്തുകള്‍ പലതും സങ്കരയിനങ്ങളായി മാറ്റപ്പെട്ടു. കേരളത്തിലെ നെല്‍ക്ക്യഷി സമ്പ്രദായത്തെ ഉന്മൂലനാശം ചെയ്തത് ഒരര്‍ത്ഥത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലകളുടെ ശാസ്ത്രീയ ക്യഷിസമ്പ്രദായവും സങ്കരയിനം നെല്‍വിത്തുകളും, രാസവളങ്ങളും, മനുഷ്യനില്‍ ജനിതകമാറ്റത്തിനു തന്നെ വഴിയൊരുക്കുന്ന വീര്യമേറിയ കീടനാശിനികളുമായിരുന്നു. പുലയരുടെ പാരമ്പര്യ ക്യഷി സമ്പ്രദായങ്ങളെ മോഷ്ടിച്ചും അനുകരിച്ചും ശാസ്ത്രീയമെന്നു പറഞ്ഞ് അവരെ മുച്ചൂടും ക്യഷിമേഖലയില്‍ നിന്നും അകറ്റിയതാണ് കേരളത്തി ന്റെ പരമ്പരാഗത ക്യഷി മേഖലയെ തകര്‍ത്തു കളഞ്ഞത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത സങ്കരയിനം നെല്‍വിത്തുകള്‍ അമിതമായ രാസവളങ്ങളുടെ പ്രയോഗത്തില്‍ ഒന്നോ രണ്ടോ തവണകളില്‍ കൂടുതല്‍ ക്യഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയാ ണിന്ന്. മാത്രമല്ല, പാരമ്പര്യ നെല്‍വിത്തുകളില്‍ കണ്ടിരുന്ന പ്രതിരോധ ശേഷിയും സങ്കരയിനം നെല്‍വിത്തുകള്‍ക്കില്ല. ശാസ്ത്രീയ ക്യഷി സമ്പ്രദായത്തിന്റെ ഫലമായി അമിതമായി പ്രയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിന്റെ പുഷ്ടിയെ കെടുത്തിക്കളയുന്നു. നല്ല വളക്കൂറുള്ള മണ്ണിനെ ഒന്നിനും കൊള്ളാതാക്കുന്നു.

ഇപ്പോള്‍ നടക്കുന്ന ഫാഷന്‍ ക്യഷി സമ്പ്രദായം കൊണ്ടൊന്നും കേരള ത്തിലെ കൃഷി മേഖലയെ പുഷ്ടിപ്പെടുത്താന്‍ കഴിയുകയില്ല. കൃഷി സമ്പ്രദായം എന്താണെന്ന് അറിയാത്ത സ്‌കൂള്‍ക്കുട്ടികളെക്കൊണ്ട് കൃഷിയിറക്കുന്ന രീതിയും നന്നല്ല. നെല്‍ക്ക്യഷിയെന്നത് ദൈവികമായ ഓന്നാണ്. പാരമ്പര്യകൃഷിക്കാരായ പുലയര്‍ ചെയ്തിരുന്നതും നൂറുമേനി കൊയ്തിരുന്നതും ഭൂമി മാതാവിനെ വ്രണപ്പെടുത്താതെയാണ്. ഇന്നത്തെ ശാസ്ത്രീയ കൃഷി നെല്‍വയലുകളെ കീറിപ്പിളര്‍ന്നും നേവിച്ചുമാണ് യന്ത്രങ്ങള്‍ കൊണ്ട് ചെയ്യുന്നത്. ദൈവികമായ ഒരു അനുഷ്ഠാനങ്ങളും നെല്‍വയലുകളില്‍ ചെയ്യുന്നില്ല. നാടന്‍ കൃഷിക്കാരായ പുലയര്‍ കൃഷി സമയത്ത് പാടുന്ന നാടന്‍ പാട്ടുകള്‍ ഭൂമാതാവിനെ സ്തുതിച്ചും പാടിയുറക്കിയുമൊക്കെയാണെണ് ആ കൃഷിപ്പാട്ടുകളില്‍ നിന്നും തന്നെ വ്യക്തമാണ്. പാരമ്പര്യകൃഷിക്കാരും പാരമ്പര്യനെല്‍വിത്തുമില്ലാതെ ആ പഴയക്കാലത്തെ നെല്‍കൃഷി തിരിച്ചു വരികയില്ല തന്നെ. കാര്‍ഷിക സര്‍വ്വകലാശാലകള്‍ ചെയ്യുന്നത് ഓരോ വര്‍ഷവും കൃഷിക്ക് ആവശ്യ മില്ലാത്ത കാര്‍ഷിക ശാസ്ത്രജ്ഞന്മാരെയാണ്. ഇവരെ വാര്‍ത്തെടുക്കുന്നതു കൊണ്ട് കൃഷിമേഖലയുടെ നേട്ടമെന്താണ്? ഇവര്‍ക്കാര്‍ക്കും എങ്ങിനെ കൃഷി ചെയ്യണമെന്നറിയില്ല. ഇവിടെ കൃഷി ശാസ്ത്രജ്ഞന്മാരെയല്ല ആവശ്യം നെല്‍കൃഷി ചെയ്യാന്‍ അറിയാവുന്ന നെല്‍കൃഷിക്കാരെയാണ് ആവശ്യം. ഇപ്പോള്‍ നെല്‍കൃഷി ചെയ്യാന്‍ അറിയാവുന്ന പാരമ്പര്യ കൃഷിക്കാരില്ല. ഇത്തരം നെല്‍കൃഷിക്കാരെയാണ് കാര്‍ഷിക സര്‍വ്വകലാ ശാലകള്‍ വാര്‍ത്തെടുക്കേണ്ടത്.