"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 10, ചൊവ്വാഴ്ച

നാരായണഗുരുവും ഡോ. പല്പുവും എസ്എന്‍ഡിപി യോഗവും - ഒര്‍ണ കൃഷ്ണന്‍കുട്ടി

നാല്പത്തേഴ് വയസ്സുവരെ ജാതിയെ കുറിച്ച് ചിന്തിക്കാതിരിക്കുകയും, തന്റെ കുട്ടിക്കാലത്ത് പുലയ/ പറയ ബാലന്മാരു മായി കളിച്ചുല്ലസിക്കുകയും ചെയ്ത നാണുവില്‍ ജാതിയുടെ വിത്ത് പാകിയത്. ഡോ. പല്‍പ്പുവാണെന്ന് ചരിത്രം സാക്ഷ്യ പ്പെടുത്തുന്നു. ''ഞാന്‍ ഈഴവനായി ജനിച്ച തില്‍ അഭിമാനിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ജാതിയുണ്ടെങ്കില്‍ അവിടെയും ഈഴവ നായി ജനിക്കട്ടെ'' എന്ന് (ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകള്‍: കെ.സന്ദാനന്ദന്‍ വൈദ്യര്‍, പേജ് 69) ജാത്യാഭിമാനം കൊണ്ട് പറഞ്ഞ ഡോ. പല്പ്പു, ഗുരുദേവ നുമായി കൂടി കണ്ടതിനു ശേഷമാണ് ഗുരുവില്‍ ജാതിബോധം ഉടലെടുത്തതെന്ന് കാര്യം അവിതര്‍ക്കിതമാണ്. ''ഈഴവ നാമം കേരളീയര്‍ക്കുളള പൊതു സംജ്ഞയാണെന്നുളള'' കേസരി ബാലകൃഷ്ണ പിളളയെ പോലുളള ചരിത്ര പണ്ഡിതനും മഹാ മനുഷ്യനുമായുളളവരുടെ ഗവേഷണങ്ങളെ പോലും അട്ടിമറിക്കുകയാണ് ഡോ.പല്‍പ്പു ചെയ്തത്. ''ഈഴവ മഹാജനസഭ'' പോലുളള ജാതി സംഘടനകള്‍ രൂപീകരിച്ച് ഈഴവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അധികാരികളെ കൊണ്ട് അംഗീകരി പ്പിക്കാന്‍ കഴിഞ്ഞില്ല. നാം ഒരു പ്രത്യേക ജാതിയിലോ, മതത്തിലോ ഉള്‍പ്പെടുന്നില്ല അതുകൊണ്ട് നമ്മുടെ യോഗത്തില്‍ ആര്‍ക്കും അംഗങ്ങളാ കാമെന്ന് ഗുരു അരുളിയെങ്കിലും യോഗത്തിനുവേണ്ടി ആശാന്‍ തയ്യാറാ ക്കിയ നിയമാവലിയില്‍ സംഘടന ഈഴവ ജാതിക്ക് വേണ്ടി എന്ന് അറിഞ്ഞോ അറിയാതെയോ എഴുതി ചേര്‍ക്കുക പോലുമുണ്ടായി. ഈഴവരുടെ ലൗകികവും, ദൈവീകവും, വിദ്യാഭ്യാസപരമായ അഭിവൃദ്ധിക്ക് എന്നാണ് യോഗത്തിന്റെ കൂട്ടുയാതാസിലെ നിര്‍വ്വചനം തന്നെ. നമുക്ക് നമ്മുടെ കാര്യം! ഡോ. പല്പുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗത്തിന് നിയമാവലി കുമാരനാശാന്‍ എഴുതി തയ്യാറാക്കിയത്. ഇവര്‍ രണ്ടുപേരും ജാത്യാഭിമാനികളും സ്വജാതി തല്പരരുമായിരുന്നു. ഡോക്ടര്‍ മൈസൂരില്‍ താമസിച്ച് ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി അവ കൂടുതല്‍ മനസ്സിലാക്കാന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയും മദ്രാസ് സ്റ്റാന്റേഡ് പത്രാധിപരു മായിരുന്ന ബാരിസ്റ്റര്‍ ജി.പി. പിളളയുമായി കൂടിയാലോചിച്ച് തിരുവിതാംകൂറിലെ ഈഴവരുടെ അവശതകള്‍ ഓരോന്നായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളന വേദികളില്‍ കൂടിയും പത്രം വഴിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രസ്തുത വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സ്വാധീനമുളളവളും സ്വാമിവിവേകാന്ദന്റെ പ്രിയ ശിക്ഷയുമായ സിസ്റ്റര്‍ നിവേദിതയുടെ കൈവശം സ്വാമികളില്‍ നിന്ന് ശുപാര്‍ശ കത്തും വാങ്ങി കൊടുത്തയച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. എന്നിട്ടും തൃപ്തി വരാത്തതിനാല്‍ ഡോ.പല്‍പ്പു നേരെ ഇംഗ്ലണ്ടില്‍ പോകുകയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായിരുന്ന ദാദാഭായി നവറോജിയെ ചെന്ന് കാണുകയും അദ്ദേഹവുമൊന്നിച്ച് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിക്ക് നിവേദനം കൊടുക്കുകയും ചെയ്തു. എന്നിട്ടും ഈഴവരുടെ പ്രശ്‌നങ്ങള്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്ന സാഹചര്യത്തിലാണ് ശ്രീ. ജി.പി. പിളളയുടെ നേതൃത്വ ത്തില്‍ നമ്പൂതിരി, നായര്‍, ക്രിസ്ത്യാനി (മുസ്ലിങ്ങളെ വിദ്യാഭ്യാസമില്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിരുന്നു.) എന്നിവരെ ചേര്‍ത്ത് പതിനായിരം പേരുടെ ഒപ്പോടുകൂടി ''മലയാളി മെമ്മോറിയല്‍'' എന്ന പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവിന് ഒരു ഭീമഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. മെമ്മോറിയലിലെ ആവശ്യങ്ങള്‍ തിരുവിതാംകൂര്‍ ഭരണവര്‍ഗ്ഗം പ്രാധാന്യം കല്പിക്കാതെ നിര്‍ദാക്ഷിണ്യം മാറ്റിവക്കുകയാണുണ്ടായത്.

മലയാളി മെമ്മോറിയലിലെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്ന സാഹചര്യത്തില്‍ ഡോ.പല്പുവിന്റെ നേതൃത്വത്തില്‍ പിന്നീട് 13,176 ഈഴവരെയും ഈഴവരില്‍ നിന്നും മതം മാറിയവരെയും ഉള്‍പ്പെടുത്തി കൊണ്ട് വീണ്ടും ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ വേറൊരു ഭീമഹര്‍ജി സമര്‍പ്പിക്കുകയുമാണ് ചെയ്തത്. ഈഴവരെക്കാള്‍ കൂടുതല്‍ സാമൂഹ്യ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന പുലയരടക്കമുളള ജാതികളെ അവരുടെ മെമ്മോറിയലില്‍ നിന്നും മന:പ്പൂര്‍വ്വം ഒഴിവാക്കുകയാണുണ്ടായത്.

മലയാളി മെമ്മോറിയലില്‍ സവര്‍ണ്ണ ഹിന്ദുക്കല്‍ കാണിച്ചതിലും വലിയ തന്റേടമാണ് ഡോക്ടര്‍ ഈഴവ മെമ്മോറിയലില്‍ കാണിച്ചത്. സ്വന്തം നിലയ്ക്ക് 13,176 ഈഴവരെയും അവരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച ഈഴവരെയും ഉള്‍പ്പെടുത്തി മലയാളി മെമ്മോറിയലിന് ബദലായി ഈഴവ മെമ്മോറിയല്‍ മഹാരാജാവിന് സമര്‍പ്പിക്കുകയല്ലേ ചെയ്തത് .? മെമ്മോറിയലില്‍ ഈഴവര്‍ക്കും അവരില്‍ നിന്നു മതം മാറിയവര്‍ക്കും മാത്രം തൊഴില്‍ അനുവദിച്ചാല്‍ മതിയെന്ന് പ്രത്യേകം എഴുതി ചേര്‍ക്കുകപോലും ഉണ്ടായി. അന്ന് തിരുവിതാംകൂറില്‍ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമുളള പുലയരടക്കമുളള അധഃകൃതരെ കുറിച്ച് ഒരക്ഷരം മെമ്മോറിയലില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം തയ്യാറാവുകയുണ്ടായില്ല.

തിരുവിതാം കൂറില്‍ ഈഴവ മഹാജന സഭയുണ്ടാക്കി സാമൂഹ്യ - രാഷ്ട്രീയ രംഗത്ത് വില പോകാതെ വന്ന സാഹചര്യത്തിലാണ് ഡോ. പല്പു നാരായണ ഗുരുവുമായി ആലോചിച്ച് ധര്‍മ്മപരിപാലന യോഗത്തിന് രൂപം കൊടുത്തത് തന്നെ. ഗുരുവിന്റെയും യോഗത്തി ന്റെയും പ്രവര്‍ത്തന ഘട്ടങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂറില്‍ ഈഴവരുടെ ഇടയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ പല്പു, അന്ധവിശ്വാസ ങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ സ്വാമി വിവേകാനന്ദനെ പോലു ളളവരുമായി കൂടിയാലോചിച്ച് സമത്വവാദത്തിനും സാമൂഹ്യനീതി ക്കുമായി പോരാടുകയും ചെയ്ത സാഹചര്യം പരിശോധിക്കുമ്പോള്‍ സ്വാമികളെ പോലുളളവരുമായി നിരന്തരം സമ്പര്‍ക്കമുണ്ടായിരുന്ന ഡോ. പല്പു പിന്നീട് ഈഴവ മഹാജന സഭപോലുളള ജാതി സംഘടന ഉണ്ടാക്കി ജാതിക്കു വേണ്ടി പോരാടിയത് എന്തിനു വേണ്ടിയായിരുന്നു വെന്ന് മനസ്സിലാകുന്നില്ല.

ശ്രീനാരായണ പ്രസ്ഥാനം രൂപികരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മഹാനായ അയ്യങ്കാളിയെ നേതാവാക്കികൊണ്ട് സദാനന്ദസ്വാമികള്‍ നേതൃത്വംകൊടുത്ത് പ്രവര്‍ത്തിച്ചു പോന്നിരുന്ന ''ആത്മനീയ മഹജന സംഘം'' എന്നൊരു പ്രസ്ഥാനത്തിന്റെ ഒരു ചില്‍ സഭ പാച്ചല്ലൂര്‍ കേന്ദ്രമാക്കി രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഈ സംഘടനയുടെ ലക്ഷ്യവും സാമൂഹ്യ തിന്മകള്‍ക്കെതിരെയല്ല ആത്മീയതയില്‍ ഊന്നിയാ ണെന്ന് മനസ്സിലാക്കിയ അയ്യങ്കാളി പ്രസ്തുത സംഘടനയില്‍ നിന്നും പുറത്തു വരികയും എസ്.എന്‍.ഡി.പിക്ക് സമാനമായി ''സാധുജന പരിപാലന സംഘം'' എന്ന പ്രസ്ഥാനം രൂപീകരിക്കുകയാണ് ഉണ്ടായത്. ശ്രീനാരായണ ഗുരുവിന്റെ ആത്‌മോപദേശത്തിലാണ് അയ്യ ങ്കാളി സാധുജന പരിപാലന സംഘം രൂപീകരിച്ചതെങ്കില്‍ ''പുലയ പരിപാലന സംഘം'' അയ്യങ്കാളി രൂപീകരിക്കുകമായിരുന്നു. 1887 മുതല്‍ 1903 വരെയുളള കാലഘട്ടത്തില്‍ ആത്മനീയ മഹാജന സംഘത്തില്‍ പ്രവര്‍ത്തിച്ച അയ്യങ്കാളിക്ക് സംഘടന രൂപീകരണത്തിന് ആരുടെയും ഉപദേശം വേണ്ട എന്നുളള ചരിത്ര സത്യം പല ചരിത്രകാരന്മാരും തമസ്‌കരിക്കുന്നു. 1892 ല്‍ ദിവാനായി സ്ഥാനമേറ്റ ശ്രീ. ശങ്കര സുബ്ബയ്യര്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ നായര്‍ സമുദായത്തിന് അനുകൂലമാക്കി മാററിയതോട് കൂടി സര്‍ക്കാര്‍ സര്‍വ്വീസില്‍ 60% അധികം ഉദ്യോഗങ്ങള്‍ നായര്‍ സമുദായം കൈക്കലാക്കിയത് സുറിയാനി ക്രിസ്ത്യാനികളിലും ഈഴവരിലും ജാതിയെ പററിയുളള അവബോധം വളരാന്‍ കൂടുതല്‍ ഇടയാക്കി. ഈ ജാതി ചിന്ത 19-ാം നൂററാണ്ടിന്റെ അവസാനദശക ങ്ങളില്‍ ഈഴവ സമുദായത്തില്‍ പുത്തനുണര്‍വിന് കാരണമായി.

നിങ്ങള്‍ ഒരാളെ ഈഴവനെന്ന് പരാമര്‍ശിക്കുമ്പോള്‍ അയാള്‍ക്ക് എഴുത്തും വായനയും അറിയാം എന്ന് അര്‍ത്ഥമാക്കണമെന്ന് പ്രസ്താവിച്ച കുമാരനാശാനും എസ്.എന്‍.ഡി.പി യും ഈഴവര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചു പോന്നിരുന്നത്.

കേരളത്തിലെ എല്ലാ സാമുദായിക പ്രസ്ഥാനങ്ങളുടെയും പിതൃത്വം ഏറെറടുക്കുന്ന നിരര്‍ത്ഥമായ സംഗതി യോഗത്തിനുണ്ട്. ഗുരുവിന് മുമ്പ് ഇവിടെ സാമൂഹ്യ വിപ്ലവകാരികളോ, വിപ്ലവങ്ങളോ ഉണ്ടായിരുന്നില്ലെന്ന ഒരു മിഥ്യാധാരണ പൊതുമണ്ഡലത്തില്‍ ഇവര്‍ നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. നാരായണ ഗുരു ജനിക്കുന്നതിന് എത്രയോ വര്‍ഷ ങ്ങള്‍ക്കു മുമ്പ് വൈകുണ്ഠ സ്വാമികള്‍ തെക്കന്‍ തിരുവിതാംകൂറില്‍ 'സമത്വ സമാജം' എന്ന സംഘടന (1856 ല്‍) രൂപീകരിച്ച് ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ പാടില്ലയെന്ന സാമൂഹ്യ അനാചാര ത്തിനെതിരെ പ്രക്ഷോഭം നടത്തി വിജയിച്ചതിന്റെ ചരിത്രം ഇവിടെ തമസ്‌കരിക്കുകയല്ലേ മിക്ക ചരിത്രകാരന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഗുരുവിന്റെ മുന്‍ തലമുറയില്‍പെട്ടവര്‍ ഭരണ വര്‍ഗ്ഗത്തിന്റെ പീഡന ങ്ങള്‍ ഏറ്റുവാങ്ങി സാമൂഹ്യ വിപ്ലവം നടത്തി വിജയിച്ചതിന്റെ ചരിത്രം പിന്നീടു വന്നവര്‍ അറിഞ്ഞില്ലായെന്ന് നടിക്കുന്നത് ചരിത്രത്തെ വ്യഭിചരി ക്കലാണ്. 1828 മുതല്‍ 1856 വരെയുളള കാല്‍ നൂറ്റാണ്ട് കാലം നടന്ന ചാന്നാര്‍ ലഹളയെ കുറിച്ച് ചരിത്രപണ്ഡിതനും, സാമൂഹ്യ വിജ്ഞാനി യുമായ ഗുരുവിനെ പോലുളള ഒരാള്‍ അറിഞ്ഞില്ല എന്നു പറയുന്നത് ചരിത്രത്തിന് നേരെയുളള തികഞ്ഞ കണ്ണടയ്ക്കലാണ്. സാമൂദായിക പ്രസ്ഥാനവും യോഗമാണ് ആദ്യം രൂപീകരിച്ച് പ്രവര്‍ത്തിച്ചെതെന്ന വാദവും സമത്വസമാജം വഴി പൊളിയുകയാണ് ചെയ്യുന്നത്.