"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 8, ഞായറാഴ്‌ച

അമേരിക്കന്‍ അടിമസമ്പ്രദായം: മൃഗീയ അധ്യായങ്ങള്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ അധ്യായമാണ് അവിടത്തെ കറുമ്പരുടെ ചരിത്രം. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ, മനുഷ്യത്വ രഹിതമായ സംഭവങ്ങളുടെ ചരിത്രമാണത്. റെയിഫോഡ്.ഡബ്ലിയു.ലോഗനെ (Rayford W. Logan) പോലുള്ള ചരിത്രകാരന്‍മാര്‍ 1880 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തെ അമേരിക്കയുടെ ഇരുണ്ടകാലഘട്ടം എന്നാണ് വിളിക്കുന്നത്. പക്ഷേ ആ ഇരുണ്ടകാലഘട്ട ത്തിന്റെ സന്തതികളായ കറുമ്പര്‍ക്ക് അവര്‍ അന്നു അനുഭവിക്കേണ്ടിവന്ന എല്ലാ ദുരിതങ്ങളെപ്പറ്റിയും ഇന്ന് ശരിയായ ജ്ഞാനമുണ്ട്. ആ ജ്ഞാനമാണ് അവരെ ചരിത്രത്തിലുടനീളം ശക്തരാക്കിയത്.

എന്നാല്‍ ഇന്ന് അമേരിക്കന്‍ അടിമത്വത്തെപ്പറ്റി പുതിയ പുതിയ വിശദീകരണങ്ങള്‍ എന്നും എവിടെയുമെന്നപോലെ കൊണ്ടുവരുന്നുണ്ട്. രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ നടമാടിയ മനുഷ്യത്വരഹിത മായ ഭീകര കൃത്യങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമം ഇന്ന് വന്‍ തോതില്‍ തന്നെ നടക്കുന്നുണ്ട്. പക്ഷേ അതിനെ പരാജയപ്പെടു ത്തുവാനും യഥാര്‍ത്ഥ ചരിത്രത്തിന്റെ ചിത്രം പുറത്തു കൊണ്ടുവരു വാനും കറുത്ത ബുദ്ധിജീവി കള്‍ക്കും ഇന്നവിടെ കഴിയുന്നുണ്ട്. ഇന്ന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായം അടിമത്വത്തെപ്പറ്റിയു ള്ളതാണ്. ശരിയായ രേഖകളെ അംഗീകരിക്കുന്നതിന് അവിടത്തെ യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ ഇപ്പോഴും മടിക്കുന്നു. മുന്‍കാല അടിമകള്‍ തന്നെ നല്‍കിയ വിവരണങ്ങളെ സ്വീകരിക്കാന്‍ വെള്ള ചരിത്രകാരന്‍മാര്‍ വിമുഖത കാണിക്കുന്നു. അതൊന്നും മുഖവിലയ്ക്ക് എടുക്കാന്‍ അവര്‍ തയ്യാറായില്ല. ഉദാഹരണത്തിന് Wrich B. Philiph 1918ല്‍ എഴുതിയ American Negro History എന്ന ഗ്രന്ഥം അമേരിക്കന്‍ അടിമകളുടെ ചരിത്രത്തെ വെള്ളപൂശി കാണിക്കാനായിട്ടാണ് ശ്രമിച്ചിട്ടുള്ളത്. ഗാന്ധി ഇന്ത്യയിലെ ദലിതരെ ഹരിജന്‍ എന്നു വിളിച്ചതുപോലെ തന്നെ.

കേരളത്തില്‍ കുലശേഖര ചക്രവര്‍ത്തിമാരുടെ കാലമായ എ.ഡി. 800 മുതല്‍ 1102 വരെയുള്ള കാലത്തെ ഇവിടത്തെ സവര്‍ണ്ണ ചരിത്ര കാരന്‍മാര്‍ സുവര്‍ണ്ണകാലം എന്താണ് വിളിക്കുന്നത്. ശ്രീ. ഏ. ശ്രീധരമേനോന്റെ കേരള ചരിത്രത്തില്‍ ആ പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. ഡോ: എം.ജി.എസ്. നാരായണന്‍ തന്റെ ഡോക്ടറേറ്റിന്റെ തീസ്സിസ്സായി എടുത്തതു അതുതന്നെയാണ്. യഥാര്‍ത്ഥത്തില്‍ ജാതി വ്യവസ്ഥയും അയിത്തവും മറ്റ് അനാചാരങ്ങളുമില്ലാതിരുന്ന കേരളത്തില്‍ അതെല്ലാം അടിച്ചേല്‍പ്പിച്ച് കേരള ജനതയെ സവര്‍ണ്ണരെന്നും അവര്‍ണ്ണ രെന്നും വിഭജിക്കുകയും അത് സമൂഹത്തില്‍ ഉറപ്പിക്കുകയും ചെയ്തത് അന്നാണ്. കേരള ചരിത്രത്തിലെ കറുത്ത ഈ അധ്യായത്തെയാണ് കേരളചരിത്രകാരന്‍മാര്‍ സുവര്‍ണ്ണ കാലമായി ഘോഷിക്കുന്നത്. എന്നും എവിടെയും ചരിത്രം നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കരവിരുതിന്റെ ഫലമാണ്.

അമേരിക്കന്‍ അടിമത്വത്തെപ്പറ്റിയുള്ള ഏറ്റവും വിശ്വസ്തമായ രേഖ തെക്കന്‍ സംസ്ഥാനങ്ങളിലെ മുന്‍കാല അടിമകള്‍ തങ്ങളുടെ ജീവിതത്തെ പ്പറ്റി നല്‍കിയ വിവരണങ്ങളാണ്. അവര്‍ അടിമകളായിരുന്ന കാലത്തെ ദൈനംദിന ജീവിതം, അവരുടെ ആശയാഭിലാഷങ്ങള്‍, അവരുടെ അനുഭവങ്ങള്‍, അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ എല്ലാം ആ വിവരണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം ഒരുതരം ആത്മകഥകളാണ്. 19-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ അടിമകള്‍ പലരും തങ്ങളുടെ ജീവചരിത്രക്കുറിപ്പുകള്‍ എഴുതി അവയെല്ലാം അനശ്വരമാക്കി യിട്ടുണ്ട്. ആ കാലത്തെപ്പറ്റിയും അവരുടെ സ്ഥിതിയെപ്പറ്റിയും കൂടുതല്‍ അറിയുന്നതിന് ഇന്നുള്ള മാര്‍ഗ്ഗം ആ ഗ്രന്ഥങ്ങളാണ്. പ്രധാനമായും മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങളാണ് ഇന്ന് ആ രംഗത്തുള്ളത് 'The life of the Fedorie Dughlas (1845) Twelve Years of a slave by Solaman North wp (1849) Incidents in the life of a slave girl by Linda Brend (1861).

ചൂഷണം പലവിധത്തിലുണ്ട്. ഒരു അടിമയെ കൈയ്യില്‍ കിട്ടിയാല്‍ (വിലയ്ക്ക് വാങ്ങിയതോ മറ്റുവിധത്തില്‍ ലഭിച്ചതോ ആകാം) അവനെ ക്കൊണ്ട് പരമാവധി പണി എടുപ്പിച്ച് തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുക അവന് ഏറ്റവും കുറച്ചുമാത്രം ഭക്ഷണവും മറ്റ് സൗകര്യങ്ങളും കൊടുത്ത് തന്റെ ചെലവ് ചുരുക്കുക. അത് ചൂഷണത്തിന്റെ ഒരു മാര്‍ഗ്ഗം. മറ്റൊന്ന് അവന്‍ മാത്രമല്ല അവന്റെ സന്തതികളും തന്റെ അടിമയായിരിക്കാന്‍ തക്കവിധത്തില്‍ അവനെ തയ്യാറാക്കുക. ഇതില്‍ നിന്നും അവന് മോചനമില്ല അവന്‍ അടിമയാകാന്‍ വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടിട്ടുള്ള വനാണ്, മറ്റൊന്നിനും അവനെ കൊള്ളുകയില്ല. ഉടമയുമായി താരതമ്യ പ്പെടുത്തുമ്പോള്‍ അവന്‍ ഒരു നികൃഷ്ടജീവി മാത്രമാണ് എന്നിങ്ങനെ യെല്ലാം അവനെ ബോധ്യപ്പെടുത്തുക. അങ്ങനെ അവന്റെ മനസ്സിനെ മരവിപ്പിച്ചും അവന്റെ ഇച്ഛാശക്തിയെ നശിപ്പിച്ചും മോചനത്തിനുള്ള ആഗ്രഹം ഇല്ലാതാക്കി കാലാകാലത്തോളം അവനെയും സന്തതികളെയും ഉപയോഗിക്കുക.

അമേരിക്കന്‍ ഐക്യനാടുകളിലെ വെള്ളക്കാര്‍ ഈ രണ്ട് മാര്‍ഗ്ഗവും ഒരുപോലെ ഉപയോഗിച്ചാണ് കറുമ്പരെ അടിമകളായി നിലനിറുത്തിയത്. അതിലേയ്ക്ക്‌വേണ്ടി അവര്‍ സ്വീകരിക്കാത്ത ഉപായങ്ങളൊന്നുമില്ല. ചതുരുപായങ്ങളും പ്രയോഗിച്ചു. അതാണ് അമേരിക്കയിലെ കറുത്തവരുടെ ചരിത്രം.

ഏ.ഡി. 1619 ആഗസ്റ്റിലാണ് 20 കറുമ്പര്‍ അടിമകളെന്ന നിലയില്‍ അമേരിക്കന്‍ മണ്ണില്‍ ആദ്യമായി കാലുകുത്തുന്നത്. കൊളംബസ് അമേരിക്കയിലെത്തി 123 വര്‍ഷങ്ങള്‍ക്കു ശേഷം എന്നു പറഞ്ഞുവല്ലോ. അവര്‍ വെര്‍ജിനിയായിലെ ജെയിംസ് ടൗണിലാണ് വന്നത്. ജെയിംസ് ടൗണിന് വേണ്ടി കൊണ്ടുവര പ്പെട്ടവരായിരുന്നില്ല അവര്‍. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി അടിമകളെ കൊണ്ടുപോയ കപ്പലില്‍ ആഹാരം തീര്‍ന്നപ്പോള്‍ ജെയിംസ് ടൗണില്‍ കപ്പലടുപ്പിച്ച് ആഹാരം വാങ്ങി. അതിന് പ്രതിഫലമായി കൊടുത്ത അടിമകളായിരുന്നു അവര്‍ 20 പേരും. അന്നു മുതല്‍ ഇന്നുവരെയുള്ള അവരുടെയും അവര്‍ക്ക് പിന്നാലെ കൊണ്ടുവര പ്പെട്ടവരുടെയും ചരിത്രം ഹൃദയഭേദകമാണ്. ഇന്നത്തെ അവരുടെ കൊച്ചുകുട്ടികള്‍ക്ക് പോലും അതറിയാം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കു ന്നതിന് മുമ്പ് അവരത് ഹൃദിസ്ഥമാക്കി യിരിക്കും. തങ്ങളുടെ പിതാക്കന്‍ മാര്‍ കടന്നുപോന്ന പാത. ആ പാതയില്‍ അവര്‍ അഭിമുഖീകരിക്കേണ്ട വന്ന ദുര്‍ഘടങ്ങള്‍. ആ ദുര്‍ഘടങ്ങളെ അതിജീ വിച്ച രീതി. ആരെല്ലാമാണ് അന്ന് തങ്ങളുടെ പിതാക്കളെ നിഗ്രഹിച്ചത്? ആരാണ് തങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍? അതൊക്കെ അറിയാത്തവര്‍ അമേരിക്കയിലെ കറുത്തവരില്‍ ഇന്ന് ആരുമില്ല.


അതാണ് അമേരിക്കക്കാരനായ കറുമ്പരുടെ പ്രത്യേകത, ഒപ്പം അവരുടെ വിജയത്തിന്റെയും സര്‍വ്വാഭിവൃദ്ധിയുടെയും കാരണവും. അവര്‍ അവരെപ്പറ്റിത്തന്നെ ബോധവാന്‍മാരാണ്. ഏതൊരു ജനതയു ടെയും വളര്‍ച്ചയുടെ ആദ്യപടി സ്വയം ബോധമാണ്. അതാണ് കേരള ത്തിലെ ദലിതര്‍ക്ക് ഇന്നുവരെ ലഭിക്കാത്തതും. അവനെങ്ങനെ ദലിതനായി, അടിമയായി? ആരാണ് അവനെ അടിമയാക്കിയത്? എങ്ങനെ ഏത് വിധത്തിലാണ് അവര്‍ അത് സംഭവിച്ചത്?

1859ലാണ് അവസാനത്തെ അടിമക്കപ്പല്‍ അമേരിക്കയില്‍ എത്തിയത് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അതിനിടയ്ക്കുള്ള 240 വര്‍ഷം കൊണ്ട് എത്ര കറുമ്പര്‍ അമേരിക്കയിലെത്തി? അവര്‍ക്ക് അവിടെ എത്ര കുട്ടിക ളുണ്ടായി? അതിനൊന്നിനും ഒരു കണക്കും ആരുടെ കൈയിലു മില്ല. എത്രലക്ഷം കറുമ്പര്‍ ആ കാലഘട്ടം കൊണ്ട് അമേരിക്കന്‍ മണ്ണിലമര്‍ന്നു. 1860ല്‍ മുമ്പു സൂചിപ്പിച്ചതുപോലെ 39.5 ലക്ഷം കറുമ്പര്‍ അവിടെ ഉണ്ടായിരുന്നു.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുനഃസംവിധാന പദ്ധതിക്കുശേഷം (Reconstruction) തെക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഒരു തരം ഇടപെടാതിരിക്കല്‍ നയം (Laissof Faire) സ്വീകരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ കറുമ്പരെ വഞ്ചിക്കുകയായിരുന്നു. തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കറുമ്പരെ അവരുടെ ഇഷ്ടം പോലെ കൈകാര്യം ചെയ്യുന്നതിനുള്ള അവസരങ്ങളാണ് അതുമൂലം ലഭിച്ചത്. അവിടങ്ങളിലെ സര്‍ക്കാരുകള്‍ കറുമ്പരെ കൂച്ചുവിലങ്ങിടുന്ന നിയമങ്ങള്‍ ആവിഷ്‌ക്കരിച്ച് ക്രൂരമായവിധം നടപ്പിലാക്കി. അവരുടെ വോട്ടവകാശം വഞ്ചിച്ചും സാമൂഹ്യവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ രംഗങ്ങളിലെല്ലാം വിവേചനം കൊണ്ടുവന്നു. പൗരത്വപരം മാത്രമല്ല മാനുഷികമായ അവകാശങ്ങളെ പ്പോലും നിഹനിച്ചു. അവിടെ അവര്‍ രണ്ടാംതരം പൗരന്‍മാരായി വേര്‍തിരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അവര്‍ പൗരന്‍മാ രായി പോലും പരിഗണിക്കപ്പെട്ടില്ല. ചരിത്രത്തിലുടനീളം തെക്കന്‍ സംസ്ഥാനങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കറുത്തവരോടുള്ള സമീപനത്തില്‍ കൂടുതല്‍ ക്രൂരതയും അനീതിയും കാണിച്ചു എന്നു പറഞ്ഞുവല്ലോ.

1641ല്‍ മസ്സാച്ചുസെറ്റിലാണ് ആദ്യമായി കറുത്തവരുടെ സ്ഥാനം അടിമ എന്ന് അംഗീകരിച്ചുകൊണ്ട് ഒരു സ്റ്റാറ്റിയൂട്ടറി നിയമം നടപ്പിലാക്കി യത്. പിന്നെ കണക്റ്റിംഗ് കട്ട്, വെര്‍ജീനിയാ, മേരിലാന്റ്, ന്യുയോര്‍ക്ക്, ന്യുജേഴ്‌സി, സൗത്ത് കരോലീനാ, ജോര്‍ജ്ജിയ തുടങ്ങിയ സ്റ്റേറ്റുകളും അത് പകര്‍ത്തി. (1750ലാണ് ജോര്‍ജ്ജിയായില്‍ ആ നിയമം നടപ്പിലായത്) 17-ാം നൂറ്റാണ്ടിന്റെ 50 കളിലും 60 കളിലും ആഫ്രിക്കയില്‍ നിന്നും അടിമകളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് നൂറുകണക്കിന് ഏക്കര്‍ ഭൂമി സമ്മാന മായി നല്‍കി. അതിന്റെ ഫലമായി വളരെയേറെ അടിമക്കപ്പ ലുകള്‍ പൂര്‍വാദ്ധഗോളത്തില്‍ നിന്നും അവിടെ എത്തിയി രുന്നു. അതിലെ അടിമകളില്‍ അധികവും വാങ്ങിയിരുന്നത് തെക്കന്‍ സംസ്ഥാനങ്ങളാണ്. അവിടെ ഏറെ കൃഷി ഉണ്ടായിരുന്നതിനാല്‍ പണി എടുക്കാന്‍ കൂടുതല്‍ അടിമകളെ ആവശ്യമുണ്ടായിരുന്നു. പണിയുടെ ആധിക്യം മൂലം അടിമകളെ സംരക്ഷിക്കുക എന്നത് ഒരു നഷ്ടമായി അവര്‍ കണ്ടില്ല.

ആ നൂറ്റാണ്ടിന്‍െ 60 കളില്‍, കൃത്യമായി പറഞ്ഞാല്‍ 1664ല്‍, ആദ്യത്തെ അടിമ അവിടെ എത്തി 45 വര്‍ഷത്തിന് ശേഷം ആന്റി അമാള്‍ഗമേഷന്‍ ലാ (Anti Amalgamation law) ആദ്യമായി മേരിലാന്റ് അംഗീകരിച്ചു. മുമ്പ് സൂചിപ്പിച്ചതുപോലെ വെള്ളക്കാരി സ്ത്രീകളെ കറുത്ത പുരുഷന്‍മാര്‍ വിവാഹം ചെയ്തുകൂട. അത്തരം വിവാഹത്തെ സര്‍ക്കാര്‍ അംഗീകരി ക്കുകയില്ല. അവരുടെ കുട്ടികളും കറുത്തവ രായിരിക്കും. മറിച്ച് അടിമ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് ഒരു കുറ്റമായി പരിഗണിക്കേണ്ടതില്ല എന്ന് മിസ്സിസ്സിപ്പിയിലെ ഒരു കോടതി വിധിന്യായം പുറപ്പെടുവിച്ചു. ഒരു കറുമ്പന്റെ തന്ത ആരാണ് എന്ന് അറിയേണ്ട ആവശ്യമില്ല എന്നാണ് കെന്റക്കിയിലെ ഒരു കോടതി പറഞ്ഞത്. ഒരു പശു പ്രസവിക്കുമ്പോള്‍ ഉണ്ടാകുന്ന കുട്ടിയുടെ തന്ത ഏത് കാളയാണ് എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? ഉടമയ്ക്ക് ജോലി ചെയ്യിക്കാനോ വില്‍ക്കാനോ ആയി ഒരു അടിമക്കുട്ടിയെ കൂടി ലഭിച്ചു എന്നുമാത്രം. വെള്ളക്കാരായ പുരുഷന്‍മാര്‍ കറുത്ത സ്ത്രീകളു മായി ബന്ധപ്പെടുന്നത് വിവാഹമല്ല. അവരുടെ കുട്ടികള്‍ കറുത്തവരായി രിക്കും. അധികം താമസിയാതെ മറ്റു സ്റ്റേറ്റുകളും പ്രസ്തുത നിയമം അംഗീകരിച്ചു. അതിന്റെ എല്ലാം ഫലമായിട്ടാണ് കറുത്തവരുടെ ജനസംഖ്യയില്‍ വേഗം വലിയൊരു വര്‍ദ്ധനവ് ഉണ്ടായത്. ആണ്ടുതോറും അടിമ സ്ത്രീകള്‍ പ്രസവിക്കാന്‍ തുടങ്ങി. അത് വെള്ളക്കാരില്‍ ഭയം ജനിപ്പിച്ചു. അവരാണ് അതിന്റെ കാരണക്കാരെങ്കിലും സങ്കരവര്‍ഗ്ഗ ത്തിന്റെ ഒരു തലമുറ രൂപം കൊണ്ടു. അവരെ കൈകാര്യം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടായി. അവര്‍ക്ക് അവരുടെ അമ്മമാര്‍ വഴി സാമ്പത്തികവും അക്ഷരജ്ഞാനവും മറ്റുമായ സഹായങ്ങള്‍ ലഭിച്ചു. ആ അമ്മമാര്‍ക്ക് അവര്‍ സ്വന്തം കുഞ്ഞുങ്ങള്‍ ആയിരുന്നു. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ.

കറുമ്പര്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടമായ ഒരു പ്രത്യേകതരം ജീവിയാണ്. അവരെ മനുഷ്യരെന്നുപറയാന്‍പോലും ബുദ്ധിമുട്ടാണ്. ബുദ്ധിയോ വിവേകമോ ആശയോ അഭിലാഷമോ ഒന്നുമില്ലാത്ത ഒരു നിര്‍വികാര ജീവി എന്ന നിലയിലാണ്. അന്നവര്‍ പരിഗണിക്കപ്പെട്ടിരുന്നത്. അവരെ കൂടുതലായി താരതമ്യപ്പെടുത്തിക്കൊണ്ടിരുന്നത് കഴുതകളോടാണ്. കഴുതകളെപ്പോലെ പണി എടുപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും മാത്രം കൊള്ളാം. ഇവിടെ പശുക്കളെ വളര്‍ത്തി കറവ തീരാറാകുമ്പോള്‍ വീണ്ടും ചെന ഏല്‍പ്പിച്ചു അടുത്ത പ്രസവത്തിന് തയ്യാറെടുപ്പിക്കുന്ന തുപോലെ അവിടെ കറുത്ത സ്ത്രീകളെ പ്രസവയന്ത്രങ്ങളാക്കി മാറ്റി സംരക്ഷിച്ചു. ഓരോ പ്രസവത്തിനും ലഭിക്കുന്ന അടിമക്കുഞ്ഞുങ്ങള്‍ വിലയുള്ളതും വളരുമ്പോള്‍ പണി എടുപ്പിക്കാവുന്നതുമാണ്. ആദ്യത്തെ നാലഞ്ചുവര്‍ഷം ഉടമ അവയെല്ലാം ഒരു ആയയുടെ (Anty) കീഴില്‍ വളര്‍ത്തും. വെള്ളക്കാരുടെ കുട്ടികളെ അപ്രകാരം വളര്‍ത്തുന്ന സ്ത്രീയുടെ പേര് മമ്മി (Mummy) എന്നാണ്. അഞ്ചാറ് വര്‍ഷം കഴിഞ്ഞാല്‍ ആ കറുത്ത കുഞ്ഞുങ്ങളെ പണി സ്ഥലത്തേക്ക് പറഞ്ഞുവിടും. വയലില്‍ പണിചെയ്യുന്ന അടിമകള്‍. വെള്ളവും മറ്റും കൊണ്ടുപോയി കൊടുക്കാന്‍ അവരെ ഉപയോഗിക്കാം. പിന്നെ ആ കുട്ടികളും പണി എടുത്തേ മതിയാവൂ.

കറുത്തവരെ സമൂഹത്തില്‍ നിന്നും അകറ്റിനിറുത്തുന്നതിന് വെള്ളക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അതിന്റെ ഭാഗമായി വെള്ളക്കാരായ അദ്ധ്യാപകര്‍ കറുത്തകുട്ടികളെ വിദ്യ അഭ്യസിപ്പിക്കു ന്നതില്‍ നിന്നും വിലക്കി. കറുമ്പരും വെള്ളക്കാരുമായ പരുത്തിമില്‍ തൊഴിലാളികള്‍ ഒരേ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നതുപോലും സൗത്ത് കരോലിനായില്‍ നിയന്ത്രിച്ചിരുന്നു. അയിത്തത്തിന്റെ മറ്റൊരു വകഭേദം. കറുത്ത കുട്ടികള്‍ക്കുള്ള പാഠപുസ്തകവും വെള്ളപാഠപു സ്തകവും ഫ്‌ളോറിഡായില്‍ പ്രത്യേകം പ്രത്യേകമായിരുന്നു. ഒക്കല ഹോമില്‍ ടെലിഫോണ്‍ വന്നപ്പോള്‍ ടെലിഫോണ്‍ ബൂത്ത് പ്രത്യേകം പ്രത്യേകം സ്ഥാപിച്ചു. ന്യൂ ഓര്‍ലിന്‍സില്‍ വെള്ളക്കാര്‍ക്കും കറുമ്പര്‍ക്കും പ്രത്യേകം പ്രത്യേകം വേശ്യകളും, വേശ്യാലയങ്ങളുമുണ്ടായിരുന്നു. അറ്റ്‌ലാന്റായില്‍ കറുമ്പര്‍ക്കുള്ള ബൈബിളിനെ ജിംകോ ബൈബിള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. അതൊരു പ്രത്യേക ബൈബിളായിരുന്നു. കറുത്തവര്‍ക്ക് വെള്ളക്കാരോടുള്ള രോഷം വര്‍ദ്ധിക്കുന്ന എല്ലാ വാക്യങ്ങളും നീക്കിക്കൊണ്ടുള്ള ബൈബിള്‍. വെള്ളക്കാരെ അനുസരി ക്കാന്‍ പ്രേരിപ്പിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ മാത്രം ചേര്‍ത്തുകൊണ്ടു ള്ളതായിരുന്നു അത്. അതിനകം കറുമ്പര്‍ അക്ഷരം പഠിക്കാനും വായിക്കാനും തുടങ്ങിയിരുന്നു. ദക്ഷിണ സംസ്ഥാനങ്ങളില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ കറുമ്പര്‍ക്ക് പഠിക്കാന്‍ ഹൈസ്‌കൂള്‍ ഉണ്ടായിരുന്നില്ല. വെള്ളക്കാരുടെ സ്‌കൂളുകളില്‍ അവര്‍ക്ക് പ്രവേശന മുണ്ടായിരുന്നില്ല. ഏകാധിപത്യം നിലനിര്‍ത്തുന്ന തന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിദ്യാഭ്യാസം തടയുക എന്നത്. വിവേചനത്തിന് പുറമേ കറുത്തവരുടെ പ്രാഥമിക വിദ്യാഭ്യാസചെലവ് തന്നെ ഭാരിച്ചതാക്കി. ഒപ്പം അവരുടെ സ്‌കൂളുകളിലെ കാരക്കുലവും ഭരണ രീതിയും എല്ലാം കുത്തഴിഞ്ഞതാക്കി. അങ്ങനെ വിദ്യാഭ്യാസം എന്നത് ഒരു കിട്ടാക്കനിയാ ക്കി മാറ്റി. സൗത്ത് കരോലിനായില്‍ 1915ല്‍ ഒരു വെളുത്ത കുട്ടിക്കു വേണ്ടി അവിടത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സൗകര്യത്തിനായി 13.95 ഡോളര്‍ പ്രതിവര്‍ഷം ചെലവാക്കുമ്പോള്‍ ഒരു കറുത്ത കുട്ടിക്കുവേണ്ടി തല്‍സ്ഥാനത്ത് ചെലവാക്കിക്കൊണ്ടിരുന്നത് 2.57 ഡോളറായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ 1935-36ല്‍ പോലും ആ തുക മാറിയത് 49.30 ഡോളറും 17.04 ഡോളറും ആയിട്ടാണ് വര്‍ദ്ധിച്ചത്.

കൃഷിഭൂമി പാട്ടത്തിന് കൊടുക്കുന്നരീതി വന്നപ്പോള്‍ സര്‍ക്കാര്‍ മുന്‍നിന്ന് വെള്ളക്കാരുടെ കൃഷി ഭൂമി ഉയര്‍ന്ന പാട്ടനിരക്കില്‍ കറുമ്പര്‍ക്ക് നല്‍കി. അതിന്റെ ഫലമായി കറുമ്പരായ കൃഷിക്കാര്‍ നിത്യം കടക്കാരായി. കടം വര്‍ഷംതോറും വര്‍ദ്ധിച്ചു. അത് അവരുടെ ജീവിതഭദ്രതയെ ബാധിച്ചു. ജീവിത ഭദ്രത തകര്‍ന്നപ്പോള്‍ സ്വാതന്ത്ര്യ ത്തിനും മറ്റും വേണ്ടിയുള്ള സമരത്തിന്റെ ആവേശം കുറഞ്ഞു. അതു തന്നെയാണ് ജന്‍മികളുടെയും സര്‍ക്കാരിന്റെയും ആഗ്രഹവും.

പിന്നെ ജോലി വിഭജനം നടന്നു മുഷിഞ്ഞതും കൂടുതല്‍ ബുദ്ധിമുട്ടുള്ളതും കായിദ്ധ്വാനം ആവശ്യമായതുമായ ജോലി കറുത്ത വര്‍ക്കായി മാറ്റിവച്ചു. അല്ലാത്തത് വെള്ളക്കാര്‍ കൈകാര്യം ചെയ്തു.

എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം,എട്ടുമണിക്കൂര്‍ പഠനം, വിനോദം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 1874ല്‍ ചിക്കോഗോയില്‍ ചെങ്കൊടി ഉയത്തിപ്പോള്‍ അതൊന്നും കറുമ്പരെ ബാധിക്കുമായിരുന്നില്ല. വെള്ളക്കാരായ തൊഴിലാളികള്‍ക്ക് മാത്രമായി അത് നിജപ്പെടുത്തി. 1886 മേയ് ഒന്നിന് അമേരിക്കയില്‍ 5 ലക്ഷം തൊഴിലാളികള്‍ ഒന്നിച്ചു പണിമുടക്കിയപ്പോള്‍ അതില്‍ നിന്നും കറുമ്പരെ ഒഴിവാക്കി. അതിനിട യ്ക്കാണ് 1874ലാണ് ഡെമോക്രാറ്റുകള്‍ ടെക്‌സാസ് സ്റ്റേറ്റിനെ കൈയ്യടക്കി എല്ലാ നവീകരണ ശ്രമങ്ങളും നിറുത്തിവച്ചത് അന്ന് ഡെമോക്രാറ്റുകള്‍ റിപ്ലബ്ലിക്ക്കാരെക്കാള്‍ യഥാസ്ഥിതികരായിരുന്നു. ഇന്ന് മറിച്ചും എന്നു പ്രതീക്ഷിക്കുന്നു.