"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 4, ബുധനാഴ്‌ച

അയ്യന്‍കാളി മനുഷ്യാവകാശപ്പോരാളി : ബാബു കെ പന്മന - രാജേഷ് കെ എരുമേലി

സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ ബംഗാളിലെ നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമായി തിരുവിതാംകൂറില്‍ സാമൂഹ്യ നവോത്ഥാനം ഉദയം ചെയ്തത് കീഴാള വിഭാഗങ്ങളില്‍ നിന്നായിരുന്നു. കേവലം സാമൂഹ്യ പരിഷ്‌കര ണത്തിലൂന്നിയ പ്രവര്‍ത്തനമായിരുന്നില്ല അത്. സമൂഹത്തിന്റെ സര്‍വ്വതലങ്ങളെയും കാര്‍ന്നു തിന്നിരുന്ന ജാതിവ്യവസ്ഥയുടെ നേര്‍ക്കാണ് കീഴാള നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആഞ്ഞടി ച്ചത്. ഇതില്‍ ഏറ്റവും വിപ്ലവകരവും ചൈതന്യവത്തുമായിരുന്നു അയ്യന്‍കാളി യുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സാധുജന പരിപാലന സംഘം. ആചാര പരിഷ്‌കാര ങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രസ്ഥാനമെന്ന നിലയി ലുള്ള വിലയിരുത്തല്‍ ഉപരിപ്ലവം മാത്രമാണ്. സമൂഹഘടന യിലും സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളിലും ഉണ്ടാകുന്ന അടിസ്ഥാന പരമായ മാറ്റമാണ് വിപ്ലവമെങ്കില്‍ അയ്യന്‍കാളിപ്രസ്ഥാനം അക്ഷരാര്‍ത്ഥ ത്തില്‍ വിപ്ലവപ്രസ്ഥാനവും അയ്യന്‍കാളി അതുല്യനായ വിപ്ലവകാരിയും മനുഷ്യാവകാശപ്പോരാളിയുമാണ്. 

ജാതി-ജന്മി-നാടുവാഴിത്ത ഘട്ടത്തില്‍ തീണ്ടലിന്റെയും തൊടീലിന്റെയും പേരില്‍ നിലനിന്നിരുന്നത് തികഞ്ഞ സാമ്പത്തിക ചൂഷണമായിരുന്നുവല്ലോ. സാമൂഹ്യ വികാസ ത്തിന്റെ ഒരു ഘട്ടത്തില്‍ ഭൗതികമായ ഉത്പാദന ശക്തികളും നിലവിലുളള ഉത്പാദന ബന്ധങ്ങളും തമ്മില്‍ സംഘട്ടന മുണ്ടാകുകയും സാമൂഹ്യ വികാസ ത്തിന്റെ മറ്റൊരുഘട്ടം ആരംഭിക്കു കയും ചെയ്യുമെന്ന് മാര്‍ക്‌സ് നിരീക്ഷിച്ചിട്ടുണ്ട്.

കേരളത്തില്‍ ഈ യുഗം ആരംഭിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തിലാണ്. ഇവിടുത്തെ സാമൂഹ്യമായ ചട്ടക്കൂട് ജാതിവ്യവസ്ഥ യായിരുന്നു. ഉത്പാദന ബന്ധങ്ങളുടെ രൂപം ഇവിടെ ജാതി സമ്പ്രദായ മായിരുന്നു. കൃഷിയും വ്യാപാരവും വഴി നടക്കുന്ന ചൂഷണത്തിന് വിധേയരായത് താഴ്ത്തപ്പെട്ട ജാതിക്കാരായിരുന്നു. ജാതിവ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളി ഭൗതികമായ മാറ്റത്തിന് വേണ്ടിയായിരുന്നു. അതോടൊപ്പം ജാതിയുമായി ബന്ധപ്പെട്ട നിയമസംഹിത, രാഷ്ട്രീയാധികാരം, മതവിശ്വാസം, കലയും സാഹിത്യവും തത്വചിന്ത ഇവയെല്ലാം തന്നെ വെല്ലുവിളിക്കപ്പെട്ടു. ഇത്ര സമഗ്രമായ ഒരു സാമൂഹ്യവിപ്ലവം തിരുവിതാംകൂറിലെ പ്പോലെ ഇന്ത്യയില്‍ വേറൊരിടത്തും നടന്നിട്ടില്ല.

മേല്‍ സാഹചര്യങ്ങളിലാണ് വില്ലുവണ്ടിയാത്ര, വിദ്യാഭ്യാസ അവകാശ ത്തിനു വേണ്ടിയുള്ള കാര്‍ഷിക പണിമുടക്കം, കല്ലയും മാലയും ഉപേക്ഷിക്കല്‍, കൃഷിഭൂമിയിലവകാശം സ്ഥാപിക്കല്‍ എന്നിവയ്ക്കുവേണ്ടി അയ്യന്‍കാളി നേതൃത്വം കൊടുത്ത സമരങ്ങളെ വിലയിരുത്തേണ്ടത്.

ജാതി സമ്പ്രദായമെന്ന അടിത്തറയില്‍ രൂപം കൊണ്ട സാമ്പത്തിക ഘടനയുടെ മേല്‍ക്കൂരകളായി നിന്നത് അക്കാലത്തെ നിയമസംഹിത, ഭരണകൂടം, സംസ്‌കാരം, മതബോധം എന്നിവയായിരുന്നു. ഈ മേല്‍ക്കൂരകളെല്ലാം അവര്‍ണരെ ചൂഷണം ചെയ്യുന്നതിന് സവര്‍ണ വിഭാഗത്തിന് സംരക്ഷണ കവചമായി മാറി. ജാതിവ്യവസ്ഥ യുടെ ശക്തമായ മേല്‍ക്കൂരയ്ക്കുമേല്‍ അയ്യന്‍കാളി നടത്തിയ സ്‌ഫോടന പരമ്പരകള്‍ അയിത്ത ജാതിക്കാരുടെ ഏറ്റവും ചുരുങ്ങിയ പൗരാവകാ ശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു. ഓരോ ചരിത്രകാലഘട്ട ത്തിലും വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നിറവേറ്റാന്‍ കഴിയുന്ന കടമകളുണ്ട്. 

മാര്‍ക്‌സിന്റെ വാക്കുകള്‍ ഇത് അടിവരയിടുന്നു: 

''മനുഷ്യരാശി അതിന് നിറവേറ്റാന്‍ കഴിയുന്ന കടമകള്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഈ പ്രശ്‌നം തന്നെ ഉദിക്കുന്നത് അതിന്റെ പരിഹാരത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഉണ്ടായതിനുശേഷം മാത്രമോ കുറഞ്ഞപക്ഷം ആ സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടി രിക്കുന്നതിനിടയിലോ മാത്രമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ കാണാന്‍ കഴിയും''.

തികഞ്ഞ മതേതര-ജനാധിപത്യ ആശയങ്ങളായിരുന്നു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാതല്‍. മാനവികതയുടെ പ്രയോക്താവു കൂടിയായി രുന്ന അയ്യന്‍കാളി തന്റെ പോരാട്ടങ്ങള്‍ക്ക് മതത്തിന്റെയോ ആദ്ധ്യാ ത്മിക അനുഷ്ഠാനങ്ങളുടെയോ പാത സ്വീകരിച്ചിരുന്നില്ല. അക്ഷരജ്ഞാ നിയോ സൈദ്ധാന്തികനോ അല്ലാതിരുന്ന അദ്ദേഹത്തിന്റെ വേഷവും ഭാവവും അക്കാലത്തെ വിദ്യാസമ്പന്നരുടെയും ഉദ്യോഗസ്ഥ പ്രമുഖരു ടേതിനും തുല്യമായിരുന്നു. നിസ്സഹായതയും ദൈന്യതയും പേറുന്ന അധഃസ്ഥിതഭാവമല്ല മറിച്ച് ആത്മാഭിമാനവും ആത്മവിശ്വാസവു മായിരിക്കണം പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നത് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വില്ലുവണ്ടി ഉപയോഗിക്കുമ്പോഴും ആ വണ്ടിയോടിക്കാന്‍ രാജപാത തെരഞ്ഞെടുക്കുന്നതിലും അടിച്ചവരെ തിരിച്ചടിക്കുന്നതിനും മധ്യസ്ഥ ചര്‍ച്ചകളില്‍ അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ പൊതു സമൂഹത്തിന്റെ അഭിപ്രായം അനുകൂലമാക്കുന്നതിലും രാത്രിയുടെ മറവില്‍ അയിത്ത ജാതിക്കാരുടെ കൂരകളില്‍ പരാക്രമം കാട്ടിയ പട്ടാളക്കാരെ അവരുടെ ക്യാമ്പിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരിച്ചറിയുന്ന തിലും അക്രമികളെ മുളകുവെള്ളവും അരിവാളുമുപയോഗിച്ചു നേരിടാന്‍ പഠിപ്പിച്ചതിലുമൊക്കെ തെളിയുന്നത് അയ്യന്‍കാളിയുടെ ചടുലവും തന്ത്രപരവുമായ ആസൂത്രണമികവാണ്. നിരോധനങ്ങള്‍ മറികടന്നും നിയമം ലംഘിച്ചും അയിത്തജാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി അയ്യന്‍കാളി നടത്തിയ ദീര്‍ഘനാളത്തെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം സിവില്‍നിയമലംഘനം ഒരു സമരമാര്‍ഗമായി തെരഞ്ഞെടുക്കുന്നത്. 

വിദേശ മേല്‍ക്കോയ്മക്കെതിരെ രൂപപ്പെട്ട സമര മുന്നണിയുടെ നേതൃനിര യില്‍ അയിത്ത ജാതിക്കാര്‍ ഇല്ലായിരുന്നു. കാരണം അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ പ്രഥമ പരിഗണന ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ നുകത്തില്‍നിന്നും കീഴ്ജാതിക്കാരെ മോചിപ്പിക്കുകയെന്നതായിരുന്നു. അതായത് 'സ്വദേശി' മേല്‍ക്കോയ്മയെ തകര്‍ക്കുക. 

വസ്ത്രധാരണം, ആഭരണങ്ങളുടെ ഉപയോഗം, സഞ്ചാരം, നടപ്പ്, ഇരിപ്പ്, ഭാഷ എന്നീ സ്വാഭാവികവും പ്രാഥമികവുമായ കാര്യങ്ങള്‍പോലും കര്‍ശനമായ വിലക്കുകളും ജാതിശാസനകള്‍ കൊണ്ടും നിയന്ത്രിച്ചിരുന്ന ഒരു കാലത്താണ് അയ്യന്‍കാളി, അധഃസ്ഥിതരായ സ്ത്രീകളെ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും കാര്‍ഷിക പണിമുടക്കം, സ്‌കൂള്‍ പ്രവേശനം, കല്ലയും മാലയും ബഹിഷ്‌കരണം, മാറുമറയ്ക്കല്‍ എന്നീ പോരാട്ടങ്ങളില്‍ അണിനിരത്തുകയും ചെയ്തത്. സ്തീകളാണ് സമൂഹത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ അയ്യന്‍കാളി നിരന്തരം ശ്രമിച്ചുപോന്നു. 

ജാതി അധികാരത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ഏറെ വീര്‍പ്പു മുട്ടിയിരു ന്നവരാണ് സ്തീകള്‍. സൂക്ഷ്മാര്‍ത്ഥത്തില്‍ ജാതി ഘടനയുടെ നിലനില്‍പ്പും സ്ത്രീകളുടെ ലൈംഗികതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. രാജാവിനും നമ്പൂതിരിക്കും വഴങ്ങാത്ത നായര്‍ സ്ത്രീകളും നായര്‍ക്ക് വഴങ്ങാത്ത അയിത്തജാതി സ്ത്രീകളും നായര്‍ക്കും അയിത്ത ജാതി പുരുഷനും അടിമപ്പെടാത്ത അടിമസ്ത്രീകളും ഈ അധികാര പ്രയോഗത്തില്‍ ബലിയാടുകളാക്കപ്പെട്ടു. ഗര്‍ഭിണികളെയും പ്രായമായ സ്ത്രീകളെയും നിര്‍ബന്ധിത വേലയില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യം അയ്യന്‍കാളി ജന്മിമാരുടെ മുന്നില്‍ ഉന്നയിക്കുകയും ആവശ്യം അംഗീകരി പ്പിക്കുകയും ചെയ്തു. അതുപോലെ കുട്ടികളെക്കൊണ്ട് വേല ചെയ്യിക്കാ നാവില്ലെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും അയ്യന്‍കാളിയാണ്. ഇന്നും സ്ത്രീകള്‍ നേരിടുന്ന സവിശേഷ പ്രശ്‌നങ്ങള്‍ക്കും ബാല വേലയ്ക്കും ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയാതെ ജനാധിപത്യ ഭരണകൂടങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോഴാണ് അയ്യന്‍കാളിയുടെ ഉന്നതമായ മാനവികത തിരിച്ചറിയേണ്ടത്. ബഹുജനസമരങ്ങളുടെ മുന്നില്‍ സ്ത്രീയും പുരുഷനും ഒരേപോലെ അണിനിരക്കുന്നത് ഇന്നും അപൂര്‍വ്വമാണ്. എന്നാല്‍ അയ്യന്‍കാളി നേതൃത്വം കൊടുത്ത സമരമുഖങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമുണ്ടായിരുന്നു.

''കേരളത്തില്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന അധഃസ്ഥിത ജനതയുടെ പോരാട്ടം സ്ത്രീകളെ വന്‍തോതില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അണിനിരത്തി. സ്തീകളുടെ മേല്‍ ജന്മിത്ത സമൂഹവും പുരുഷമേധാവിത്വസമൂഹവും അടിച്ചേല്‍പ്പിച്ച അടിമത്തത്തില്‍ നിന്നുമുള്ള മോചനസമരത്തെ അദ്ദേഹം ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റി. അയ്യന്‍കാളിയുടെ സമരത്തില്‍ അണിനിരന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷ വും തൊഴിലാളികളായിരുന്നു. സമൂഹത്തിന്റെ എറ്റവും അടിത്തട്ടില്‍ നടന്ന ഈ സാംസ്‌കാരിക മുന്നേറ്റം കേവലം സ്ത്രീകളുടെ മാത്രം സമര മായിരുന്നില്ല. മറിച്ച് സ്ത്രീയും പുരുഷനും തോളോടുതോള്‍ ചേര്‍ന്ന് നടത്തിയ ബഹുജന പ്രക്ഷോഭണമായിരുന്നു''.

മനുഷ്യനെന്ന പരിഗണനയ്ക്കാണ് അയ്യന്‍കാളി പ്രാധാന്യം നല്‍കിയത്. അടിമയെ മനുഷ്യനാക്കുകയും മനുഷ്യന് അവകാശങ്ങളുണ്ടെന്നും സമൂഹത്തെ ബോധ്യപ്പെടുത്തിയ പോരാളിയായിരുന്നു അദ്ദേഹം. ആധുനിക ലോകം മനുഷ്യാവകാശങ്ങളുടെ പട്ടികയില്‍ വിശുദ്ധ പ്രമാണങ്ങളായി ഇന്ന് അംഗീകരിച്ചിട്ടുള്ള അവകാശങ്ങള്‍ നൂറ്റാണ്ടു കള്‍ക്കു മുമ്പേ സമരങ്ങളിലൂടെ അയ്യന്‍കാളി നേടിയെടുത്തു. 

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ സത്തയും ലോക തൊളിലാളിവര്‍ഗ പ്രസ്ഥാനം മുന്നോട്ട് വെയ്ക്കുകയും അന്താരാഷ്ട്ര തൊഴില്‍ സംഘടനകള്‍ അംഗീകരിച്ചിട്ടുള്ള തൊഴില്‍ അവകാശങ്ങളും പോരാട്ടങ്ങളിലൂടെയാണ് അയ്യന്‍കാളി നേടിയെടുത്തത്. ഇന്നും തൊഴില്‍ രംഗത്തെ ചൂഷണം ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുമ്പോഴാണ് അയ്യന്‍ കാളിയുടെ പോരാട്ടങ്ങള്‍ ഉജ്ജ്വലമാകുന്നത്. 

അടിച്ചമര്‍ത്തപ്പെട്ടിരുന്ന മനുഷ്യരുടെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും പ്രതിബന്ധമായി നിന്ന സാഹചര്യങ്ങളെ മാറ്റണമെന്ന വിചാരമേ അയ്യന്‍കാളിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ട ത്തിന്റെ ചരിത്രപരമായ ആവശ്യവും അതായിരുന്നു. അത് നിറവേറ്റു ന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.