"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 11, ബുധനാഴ്‌ച

കഥ: മാനിഷാദ - മുന്തൂര്‍ കൃഷ്ണന്‍

മുന്തൂര്‍ കൃഷ്ണന്‍
ഇടികുടുക്കംപോലെ ഗാംഭീര്യമുള്ള സ്വരം കേട്ട് വേടന്‍ തരിച്ചുനിന്നു. പിന്നെ മുഖം തിരിച്ചുനോക്കി.
അതാ ! ഒരു നവാഗതന്‍. സൂര്യന്‍ ഉദിച്ചുവരുമ്പോലത്തെ നിറം. നീണ്ട കൈകാലുകള്‍. വിരിമാറ്. ആകര്‍ഷകമായ ശരീരവടിവ്.
ഇവിടെ ഈ കാട്ടുരാജ്യത്ത്...... ഇതാര് !
തീര്‍ത്തും അപരിചിതനായ അയാള്‍ ഒരു ആരാദ്ധ്യനെ പ്പോലുണ്ട്. നെറ്റിയില്‍ ചന്ദനക്കുറി. കഴുത്തില്‍ തുളസിമാല. കറുത്ത് അഴകായ മുടി കഴുത്തറ്റം നീണ്ടുകിടക്കുന്നു.
വേടന്‍ തെല്ലകലെ തന്റെ അമ്പേറ്റുവീണു പിടയുന്ന ഇരയെ കണ്ട് മുന്നോട്ടായുമ്പോള്‍ ..... ദൃഢതയില്‍ ആ ശബ്ദം വീണ്ടും.
- മാനിഷാദ
(കാട്ടാളാ അരുത്....)
ആശബ്ദത്തിലെ ആധികാരികതയില്‍ വേടന്‍ പകച്ചുനിന്നു.
-ക്രൌഞ്ചപക്ഷിയെ അമ്പെയ്തുകൊന്ന നീ പാപിയാണ്. കാട്ടാളാ ഈ പാപങ്ങള്‍ക്കെല്ലാം എണ്ണിഎണ്ണീ നീ ഉത്തരം പറയേണ്ടിവരും.
പാപമോ ?
പക്ഷെ.... തന്റെ അന്നം ! വേട്ടയാടിയും കായ്കനികള്‍ ശേഖരിച്ചും ജീവിതം കഴിക്കുന്നവനാണ് താന്‍. ഇത് തന്റെ ജന്മാവകാശമാണ്. കുഞ്ഞുകുട്ടി പാരാതിനങ്ങളെ പോറ്റാനുള്ള വക തേടുകയായിരുന്നു താന്‍; പതിവുപോലെ.
ആഗതന്‍ പറഞ്ഞു.
- നിനക്ക് ഒന്നിനേയും കൊല്ലാന്‍ അധികാരമില്ല.
ഒരു പുതിയ വരുതി !
കാടിന്റെ അവകാശിയായ തനിക്ക് കാട്ട്‌വിഭവങ്ങള്‍ സ്വന്തമാക്കാന്‍ ആരുടെയെങ്കിലും അനുവാദം വേണമെന്നോ ?
'ജീവന്‍ കൊടുക്കാന്‍ കഴിവില്ലാത്ത നിനക്ക് കൊല്ലാനും അധികാരമില്ല. നിന്റെ പാപത്തിന് നീ വലിയ വിലകൊടുക്കേ ണ്ടിവരും. നിന്റെ കണ്ണുപൊട്ടും. കാലൊടിയും. വംശപരമ്പര നശിച്ചുപോകും.
പുതിയ ഭാഷ്യം. അര്‍ത്ഥം മനസ്സിലായില്ലെങ്കിലും അതിലെ ശാപസ്വരം വേടന്‍ തിരിച്ചറിഞ്ഞു. ഒരുപക്ഷെ പുതിയ അറിവാ യിരിക്കും. അദ്ദേഹം വലിയ അറിവാളിയായിരിക്കും. തനിക്ക് അറിയാ ത്ത ഭാഷ സംസാരിക്കുന്ന, തനിക്ക് അറിയാത്ത അര്‍ത്ഥങ്ങള്‍ വ്യാഖ്യാ നിക്കുന്ന, തന്നേക്കാള്‍ വലിയ ആകാരവും സവര്‍ണ്ണവുമുള്ള അപരി ചിതന്റെ മുന്നില്‍ വേടന്‍ ഒരു ചെറിയവനായി നിന്നു.
വേടന്റെ നിറവും ഗുണവും ഭാഷയും വേഷവും മ്ലേച്ചമാണെന്ന് അപരിചിതന്‍ പ്രഖ്യാപിച്ചു. നിന്ദിച്ച് നിന്ദിച്ച് നികൃഷ്ടനാക്കുന്ന ഹീന തന്ത്രം.
സവര്‍ണ്ണന്‍ ദൈവത്തിന്റെ മുഖത്തുനിന്ന് ജാതനായതാണെ ന്നും, സൃഷ്ടികളില്‍ വച്ച് ഏറ്റവും ശ്രേഷ്ടനാണെന്നും പറഞ്ഞു. ലോക ത്തുള്ളതെല്ലാം തിരുമനസ്സിന്റെ സുഖത്തിനുവേണ്ടിയുള്ള താണെന്നും എല്ലാം ആ ഹിതത്തിനൊത്ത് നിന്നുകൊള്ളണമെന്ന് ദൈവ കല്പന യുള്ളതാണെന്നും മൊഴിഞ്ഞു.
ശരിയോ ? ഒന്നുണ്ട് ആ ഉടുപ്പിനും നടപ്പിനുമുണ്ടൊര സാധാരണത്തം. പവന്‍ കാച്ചിയ നിറം. വാക്കുകള്‍ പരിമൃദുല മെങ്കിലും ആധി കാരികം. വളരെ സൗമ്യമെങ്കിലും സൂക്ഷ്മമായ നോട്ടം. ആരെയും അടിമപ്പെടുത്തുന്ന ആഢ്യഭാവം.
ആഢ്യന്‍ പറഞ്ഞു.
- അമ്പും വില്ലുമിങ്ങു തന്നേക്കൂ. ആ പാപം ചെയ്ത തന്തവിരലും തന്നേക്കൂ.
വേടന്‍ മടിച്ചു. ആഢ്യന്‍ അനുനയത്തില്‍ അത് മുറിച്ചെടുത്തു. വേടന്റെ അമ്പും വില്ലും പിടിച്ചെടുക്കുകയും ചെയ്തു.
നിരാലംബനായി, നിരായുധനായി, നിര്‍വ്വികാരനായി വേടന്‍!
- പോട്ടെ. ഇണക്കിളികളിലൊന്നിനെ അമ്പെയ്തത് തെറ്റ്. പ്രണയസുരഭിലമായ നിമിഷങ്ങളെ രക്ത പങ്കിലമാക്കിയത് കാട്ടാള ത്തം. തെറ്റ്.... തെറ്റ്...... തെറ്റ്.....
പശ്ചാത്താപത്തോടെ വേടന്‍ പിന്തിരിഞ്ഞു. നഷ്ടപ്പെട്ട വിര ലിനെ ഗുരുദക്ഷിണയായി സമാധാനിച്ചു. അവന്‍ തന്റെ ഇരതേടി മുന്നോട്ട് നടന്നു. പക്ഷെ അവിടെയും ആ ശബ്ദം
- മാനിഷാദ
കാട്ടുതേനെടുക്കാനും, കാട്ടുകിഴങ്ങ് കുത്താനും, തെള്ളി യും, കുന്തിരിയ്ക്കവും, വയമ്പും ശേഖരിക്കാനുമുള്ള ജന്മാവകാശ ത്തിനു നേരെയും ആ ശബ്ദം.
- മാനിഷാദ
അറിവിന്റെ ഗുഹാമുഖങ്ങളിലും അഭിലാഷങ്ങളുടെ കുന്നുവഴി കളിലും അത് ആവര്‍ത്തിച്ചു.
- മാനിഷാദ
തന്റെ ആകാശത്തിനും ഭൂമിയ്ക്കും അതിരുകള്‍ കല്പിച്ച ആ വേദാന്തപൊരുളില്‍ അവന്‍ ഒന്നിനും കൊള്ളാത്തവനായി. നിന്ദ്യനായി. കാടിനേയും കാട്ടാറിനേയും, മണ്ണിനേയും, മരങ്ങളെ യും, വന്യമൃഗങ്ങളേയും, വാനമ്പാടികളെയും സ്‌നേഹിച്ച അവന്‍ കാട്ടാളനുമായി.
അമ്പും വില്ലും നിരോധിച്ച കൂട്ടര്‍ മഴുവും മാരകായുധങ്ങളു മായി കാടിളക്കി. കൂട്ടത്തോടെ മരങ്ങള്‍ വെട്ടിവീഴ്ത്തി. കാട്ടില്‍ തീയിട്ടു. കാട്ടുമൃഗങ്ങളും കാടും വെന്തുവെണ്ണീറായി. കാട്ടാനകളെ വെടിവെച്ചു. അതിന്റെ അഴകുള്ള കൊമ്പുകള്‍ ആഢ്യന്റെ സംഹാസനങ്ങളെ വിലപിടിപ്പുള്ളതാക്കി.
വേടന്‍ വിഹ്വലതയോടെ, വെറുംകയ്യൊടെ വിശന്നു പൊരിയുന്ന മക്കളെ ഓര്‍ത്ത് വിശപ്പുകെട്ട്, തന്റെ ഏറുമാടത്തി ലേക്ക് തിരിച്ചു ചെല്ലുമ്പോള്‍.....
തന്റെ മാടവും മാടംകെട്ടിയ മരവും വെന്തുവെണ്ണീറായി പോയതു കണ്ടു.
വേടത്തിയെ ആരോ ബലാല്‍സംഗം ചെയ്ത് കൊന്നിട്ടിരിക്കു ന്നു. പറക്കമുറ്റാത്ത മക്കള്‍ കാട്ടിലെവിടെയോ ഓടിഒളിച്ചിരിക്കുന്നു.
വേടന്റെ സങ്കടത്തില്‍ കാടിളകി. കാട്ടരുവികള്‍ തലതല്ലി. കാട്ടുകിളികള്‍ ചിറകിട്ടടിച്ചു നിലവിളിച്ചു.
ക്ഷുദ്ര വേദാന്തം അപ്പോഴും അവനെതിര്‍ നിന്നു.
പാവം വേടന്‍ അപ്പോളൊരു കാട്ടാളനായി. തോല്‍ക്കാന്‍ മനസ്സില്ലാതെ അവന്‍ ഒളിസങ്കേതം തേടി കൊടുങ്കാടിന്റെ ഉള്ളറ കളിലെങ്ങോ മറഞ്ഞു.