"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 25, ബുധനാഴ്‌ച

അംബേദ്കറുടെ ജാതി നിര്‍മ്മാര്‍ജ്ജനം എന്ന ഗ്രന്ഥത്തില്‍ നിന്നും - മുന്തൂര്‍ കൃഷ്ണന്‍

'സാമൂഹ്യമായ കാര്യക്ഷമതയില്ലാതെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ ഒന്നിലും സ്ഥിരമായ വളര്‍ച്ച സാധ്യമല്ല.'
'ഒരുവര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ അടക്കി ഭരിക്കുവാന്‍ യോഗ്യമല്ല.'
'രാഷ്ട്രീയ ഭരണഘടന സാമൂഹ്യ സംഘടനകളെ പരിഗണിക്കുക തന്നെ വേണം.'
'രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് മുന്നോടിയായി സാമൂഹ്യവും മതപരവുമായ വിപ്ലവങ്ങള്‍ ഉണ്ടായിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.'
'മനുഷ്യരുടെ രാഷ്ട്രീയ വികാസത്തിന് നിര്‍ബന്ധമായും ആദ്യം ഉണ്ടാകേണ്ടത് മാനസീകവും ആത്മീയവുമായ വിമോചനമാണ്.''മതം സാമൂഹ്യ പദവി, സമ്പത്ത് എന്നിവ അധികാരത്തിന്റെയും അംഗീകാരത്തിന്റെയും ഉറവിടങ്ങളാണ്.'
'സ്വാതന്ത്ര്യമെന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളുടെ മേലുള്ള മേധാവിത്വത്തെ തകര്‍ക്കലാണ്.'
'വലിയവനെന്നും ചെറിയവനെന്നും ശുദ്ധനെന്നും അശുദ്ധനെന്നും ഉള്ള മുന്‍വിധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഇന്ത്യയ്ക്ക് ഒരു സോഷ്യലിസ്റ്റ് രാജ്യമായി എങ്ങിനെ നിലനില്‍ക്കാന്‍ കഴിയും?'
'വിപ്ലവത്തിന് മുന്‍പ് ജാതിയെ കണക്കിലെടുക്കാത്ത ഒരുവന്‍ വിപ്ലവത്തിന് ശേഷം അതിനെ കണക്കിലെടുക്കാന്‍ നിര്‍ബന്ധിതനാകും.'
'എത് ദിശയിലേക്ക് തിരിഞ്ഞാലും അവിടെയെല്ലാം നിങ്ങളുടെ വഴി മുടക്കിക്കൊണ്ട് ജാതി രാക്ഷസന്‍ നില്‍ക്കുന്നുണ്ടാകും. ഈ ജാതിരക്ഷസനെ കൊല്ലാതെ നിങ്ങള്‍ക്ക് സാമൂഹ്യപരിഷ്‌കരണമോ, സാമ്പത്തിക പരിഷ്‌കരണമോ നേടുക സാധ്യമല്ല.'
'ജാതി വ്യവസ്ഥ തൊഴിലിനെ വിഭജിക്കുക മാത്രമല്ല അത് തൊഴിലാളികളെയും തമ്മില്‍ വിഭജിക്കുന്നു.'
'ജാതിയുടെ ഉത്ഭവത്തിന് ഒരു ശാസ്ത്രീയ അടിത്തറയില്ല. ആരെങ്കിലും അതിന് യുക്തിയുടെ പിന്‍ബലം നല്‍കാന്‍ ശ്രമിക്കുന്നെങ്കില്‍ അത് തീര്‍ത്തും അശാസ്ത്രീയമായതിനെ ശാസ്ത്രീയമായി പിന്‍താങ്ങുന്നതിന് തുല്യമാണ്.'
'ഹിന്ദു സമൂഹം എന്നത് ഒരു കെട്ടുകഥയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നില്ല. അത് ജാതികളുടെ ഒരു കൂട്ടം മാത്രം. ജാതികള്‍ക്ക് ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല.'
'ഒരു യഥാര്‍ത്ഥ ഹിന്ദു എലിയെപ്പോലെ തന്റെ മാളത്തില്‍ കഴിയുന്നു. മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ.'
'ഹിന്ദു ബോധം വസ്തുനിഷ്ഠമല്ല. അവനില്‍ കുടികൊള്ളുന്നത് ജാതി വിചാരം മാത്രമാണ്.'
'പാരസ്പര്യത്തില്‍ കൂടിയേ സമൂഹത്തിന് നിലനില്‍പ്പുള്ളു.'
'ജാതി സമ്പ്രദായം പൊതുപരിപാടികളെ വിലക്കുകയും, കൂട്ടായ പ്രവര്‍ത്തനങ്ങളെ വിലക്കിക്കൊണ്ട് യോജിച്ച ജീവിതത്തിനും ഒന്നാണെന്ന ബോധത്തിനും തടസ്സം നില്‍ക്കുകയും ചെയ്യുന്നു.'
'ഇന്ത്യക്കാര്‍ ഒരു ജനതയല്ല. ഒരു ആള്‍ക്കൂട്ടം മാത്രമാണ്.'
'ജാതി നിലനില്‍ക്കുവോളം ഹിന്ദുമതത്തിന് ഒരു മിഷിനറി മതമാവാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല ശുദ്ധിയെന്നത് മഠയത്തരവും വ്യര്‍ത്ഥവുമാവുകയും ചെയ്യും.'
'മാറ്റങ്ങളെ തടയുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും ഉള്ള മാരകമായ ആയുധമാണ് യാഥാസ്ഥിതികഹിന്ദുവിന്റെ കയ്യിലെ ജാതി.'
'ജാതി പൊതുബോധത്തെ നശിപ്പിക്കുന്നു. പൊതുജനാഭിപ്രായത്തെ അസാധ്യമാക്കുന്നു. പൊതുജനക്ഷേമപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.'
'ഹിന്ദുവിന്റെ പൊതു എന്നത് അവന്റെ ജാതിയാണ്. അവന്റെ ഉത്തരവാദിത്വം തന്റെ ജാതിയോട് മാത്രം. അവര്‍ തന്റെ ജാതിയോട് വിധേയനായിരിക്കുന്നു. അവന്റെ സദാചാരം ജാതി നിബദ്ധമായിരിക്കുന്നു. അവിടെ അര്‍ഹിക്കുന്നവര്‍ക്ക് ദയ കിട്ടില്ല. കഴിവുകളെ അംഗീകരിക്കപ്പെടുകയില്ല.'
'ഒരു മനുഷ്യന്റെ കഴിവുകളെ ജാതിക്കപ്പറും ആസ്വാദിക്കാനുള്ള കഴിവ് ഒരു ഹിന്ദുവിനില്ല.'
'എന്റെ ആദര്‍ശലോകം സ്വാതന്ത്ര്യം, സമത്വം എന്നീ മൂല്യങ്ങളുടെ അടിത്തറയില്‍ ഉള്ളതാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അത് സാമൂഹ്യമായ നീതി ആണ്. അത് സാഹോദര്യമാണ്. അത് ജനാധിപത്യത്തിന്റെ മറ്റൊരു പേരാണ്.'
'ജാതിയുടെ അടിത്തറയില്‍ നിങ്ങള്‍ക്ക് ഒന്നും കെട്ടിപ്പൊക്കാന്‍ കഴിയില്ല. ഒരു ജനതയേയോ ഒരു സദാചാരമോ വാര്‍ത്തെടുക്കാനാവില്ല.'
'ജാതിയുടെ അടിത്തറയില്‍ നിങ്ങള്‍ പടുത്തുയര്‍ത്തുന്നത് എന്തായാലും അത് അപൂര്‍ണ്ണമായിരിക്കും.'