"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 1, ഞായറാഴ്‌ച

കറുത്ത അമേരിക്ക: ആദ്യത്തെ കടന്നു കയറ്റം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

കൊളംബസ്സിനും സഹസ്രാബ്ദ ങ്ങള്‍ക്ക് മുമ്പേ ആഫ്രിക്കക്കാര്‍ അമേരിക്കയില്‍ എത്തിയിരുന്നു എന്ന് പ്രൊ. ഇവാന്‍ വാന്‍ സെര്‍ടീമ (Prof. Ivan Van Sertima) They came before Columbus എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അന്ന് ആ മണ്ണിന് അമേരിക്ക എന്ന് നാമകരണം ചെയ്തിരുന്നില്ല. എന്നാലും മണ്ണ് അതുതന്നെയാ യിരുന്നു. അമേരിക്ക യിലെ റെഡ് ഇന്ത്യാക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ആദിവാസികളുടെ സാന്നിദ്ധ്യം മറ്റ് ഏത് വിധത്തിലാണ് ന്യായീകരിക്ക പ്പെടാവുന്നത്? അവര്‍ അവിടെ തന്നെ ഉത്ഭവിച്ചതാണെങ്കില്‍ മനുഷ്യന്‍ ഭൂമിയില്‍ പല സ്ഥലത്തും ഉണ്ടായില്ല എന്ന് സങ്കല്പിക്കേണ്ടി വരും. അങ്ങനെ പല സ്ഥലത്തും പല ഘട്ടങ്ങളിലായി സ്വയം രൂപം കൊണ്ടിട്ടും മനുഷ്യരുടെ ആകൃതിയും പ്രകൃതിയുമെല്ലാം എങ്ങനെ ഒരേ വിധത്തി ലായി? ആഫ്രിക്കയില്‍ ജനിച്ചവരും യൂറോപ്പിലും ആസ്‌ട്രേലിയയിലും ജനിച്ചവരും ഇന്ത്യയിലും ചൈനയിലും ജനിച്ചവരും ഒരേ ശരീരപ്രകൃ തിയോട് കൂടിയവരായത് എങ്ങനെ? എല്ലാവര്‍ക്കും രണ്ട് കണ്ണും ഒരു മൂക്കും രണ്ട് കൈയ്യും രണ്ട് കാലും ഒരു തലയും അങ്ങനെ ഒന്നിലും കാതലായ ഒരു വ്യത്യാസവും ഇല്ലാത്തവരായത് എങ്ങനെ? വെറുതെ തൊലിപ്പുറത്തെ വ്യത്യാസം മാത്രം. പരിണാമ സിദ്ധാന്തപ്രകാരമോ സൃഷ്ടിയുടെ ഫലമായോ എന്തുകൊണ്ട് മറിച്ച് സംഭവിച്ചില്ല. തന്‍മൂലം മനുഷ്യന്‍ ഒരിടത്ത് ജനിച്ചു പലസ്ഥലങ്ങളിലേക്കും പകരുകയാണു ണ്ടായത് എന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടിവരും.

അതുപോലെ തന്നെ വിരാട് പുരുഷന്റെ മുഖത്ത് നിന്നും ഭുജങ്ങളില്‍ നിന്നും നാഭിയില്‍ നിന്നും പാദങ്ങളില്‍ നിന്നും ജനിച്ചവരും എല്ലാവരും ഒരേ ആകൃതിയിലും പ്രകൃതിയിലും തന്നെ ജനിച്ചു. പാദങ്ങളില്‍ നിന്നും ജനിച്ചവര്‍ക്ക് നാലു പാദങ്ങളോ മുഖത്ത് നിന്ന് ജനിച്ചവര്‍ക്ക് രണ്ട് മുഖങ്ങളോ ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ ചിലര്‍ അവകാശപ്പെടുന്നത് അവര്‍ക്ക് ബുദ്ധിശക്തിയില്‍ മാറ്റമുണ്ട് എന്നാണ്. പക്ഷേ അത് ഒരു അവകാശവാദം മാത്രമാണ്. പരിതസ്ഥിതി അനുകൂലമായാല്‍ എവിടെയും ഏത് വംശത്തിലും ബുദ്ധിയിലും കഴിവിലും പ്രഗത്ഭരായവര്‍ ഉണ്ടായി എന്നു വരാം. കാറല്‍ മാര്‍ക്‌സും ഐന്‍സ്റ്റീനും മാത്രമല്ല ശ്രീബുദ്ധനും ഡോ:അംബേദ്ക്കറും എല്ലാം അതിന് ഉദാഹരണങ്ങളാണ്. ഒരു മഹറിന്റെ പുത്രനായി ജനിച്ച അംബേദ്ക്കര്‍ ആരേയും വെല്ലുവിളിക്കുന്ന ബുദ്ധികൂര്‍മ്മതയുടെ ഉടമസ്ഥനായി. ബുദ്ധന്‍ ഒരു ഗോത്രവംശജനാണ്. കാട്ടാളനാണ് വാല്മീകി ആയത്. മുക്കുവനാണ് വ്യാസനായത് എന്ന് പറയുന്നു. ബ്രാഹ്മണകുലത്തില്‍ ജനിച്ചു എന്ന അവകാശപ്പെടുന്ന ശങ്കരാചാ ര്യര്‍ക്ക് തുല്യരും ഒരു പടി ഉയരത്തിലുമല്ലേ ഇവരെല്ലാവരും.

ആഫ്രിക്കക്കാര്‍ അന്ന് അമേരിക്കയില്‍ അടിമകളായിട്ടല്ല വന്നത്. അത് രണ്ടാമത് നടന്ന സംഭവമാണ്. ആദ്യം അവര്‍ എത്തിയത് കര്‍ഷകരും വ്യാപാരികളുമെല്ലാമായിട്ടായിരിക്കണം. ആഫ്രിക്കന്‍ ജനതയുടെ ഒരു പരിഛേദം തന്നെയാണ് അവിടെ എത്തിയത്. ഏഷ്യയുടെ കിഴക്കേ കോണിലുള്ള കാംചാട്കാ എന്ന കരയിടുക്ക് വഴിയാണ് ആ കുടിയേറ്റം നടന്നത് എന്ന് അവകാശപ്പെടുന്നവരുണ്ട് എന്നു പറഞ്ഞുവല്ലോ. പശ്ചിമ ദക്ഷിണാഫ്രിക്കയില്‍ നിന്നുംബ്രസീലിലേക്ക് കടല്‍മാര്‍ഗ്ഗമാണ് അന്നവര്‍ കടന്നത് എന്ന് അവകാശപ്പെടുന്ന വരുമുണ്ട്. 

വര്‍ത്തമാനപുസ്തകം'എഴുതിയ പാറേമാക്കല്‍ തോമ്മാക്കത്തനാരും കൂട്ടരും 1778ല്‍ റോമില്‍ പോയത് ദക്ഷിണാഫ്രിക്കയില്‍ നിന്നും നേരെ ബ്രസീലില്‍ എത്തി അവിടെ നിന്നും തിരികെ അറ്റ്‌ലാന്റിക് സമുദ്ര ത്തിന്റെ ഇങ്ങേക്കരയിലെത്തി സ്‌പെയിന്‍ വഴി മധ്യധരണിക്കടലില്‍ പ്രവേശിച്ചാണ്. അതിന് 280 വര്‍ഷം മുമ്പ് വാസ്‌കോഡിഗാമ ഇന്ത്യയി ലേയ്ക്ക് സ്വീകരിച്ച വഴി അതായിരുന്നില്ല. അതിനെല്ലാം ആയിരക്കണ ക്കിന് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍ നിന്ന് മനുഷ്യന്‍ എങ്ങനെ അമേരിക്കയിലെത്തി എന്നത് ഇന്നും ഒരു പ്രഹേളിക യാണ്. ഇന്ന് ആഫ്രിക്കന്‍ ജനിതകബന്ധം കൂടുതലായി കണ്ടെത്തുന്നത് തെക്കേ അമേരിക്കയിലും മധ്യഅമേരിക്ക യിലുമാണ്. ആഫ്രിക്കയിലെ കറുമ്പരുടെ അതേ ചിഹ്‌നങ്ങളോട് കൂടിയ കളിമണ്‍പാത്രങ്ങള്‍ മധ്യഅമേരിക്കയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒരു പക്ഷെ ആഫ്രിക്കന്‍ കാലാവസ്ഥയാകാം അവര്‍ അമേരിക്കയില്‍ കണ്ടത്. അവിടെ എല്ലാമായ തിനാല്‍ കടന്നുവന്നര്‍ തങ്ങളുടെ വാസം അവിടെ ഉറപ്പിച്ചിരിക്കാം.

കറുമ്പര്‍ അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെഎല്ലാഭാഗങ്ങളിലും എത്തിയിരുന്നു.മനുഷ്യര്‍ ഉത്ഭവിച്ചത് ആഫ്രിക്ക യിലാണെങ്കില്‍ അവിടെ നിന്നും എത്താതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മനുഷ്യരുണ്ടാകുക യില്ലല്ലോ? അന്ന് 'മനുഷ്യന്‍' എന്നു ചിന്തിച്ചാല്‍ ആഫ്രിക്കക്കാരന്‍ കറുമ്പന്‍ മാത്രമാണ് ചിന്തയില്‍ വരുന്നത്. അത് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കാം. ആ കറുമ്പരാണ് പിന്നീട് പല വംശങ്ങളായി മാറിയത് എന്ന് കരുതാം. അത് നൂറ്റാണ്ടു കള്‍ക്ക് കൊണ്ടോ സഹസ്രാബ്ദങ്ങള്‍ കൊണ്ടോ ഉണ്ടായ പരിവര്‍ത്ത നമല്ല. അതിന് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വന്നിരിക്കാം. ഏതായാലും മനുഷ്യന്റെ തറവാടും അവന്റെ മുത്തശ്ശിയും ആഫ്രിക്ക യില്‍ തന്നെയായിരുന്നു. ആദവും ഹവ്വായും ആഫ്രിക്കയില്‍ തന്നെയായിരുന്നുവോ. ഇന്ന് ഹവ്വായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നു എന്ന് അറിയപ്പെടുന്നത് സൗദി അറേബ്യ യിലാണല്ലോ. അതിനാല്‍ അന്ന് അമേരിക്കയും അറിയപ്പെടാത്ത ലോക ത്തില്‍പ്പെട്ടത് ആയിരുന്നില്ല. പേര് ഇന്നത്തേത് ആയിരുന്നില്ല എന്ന് മാത്രം. അഥവാ അന്ന് സ്ഥലങ്ങള്‍ക്കെല്ലാം പേരുകള്‍ ഉണ്ടായിരുന്നുവോ? എന്നാല്‍ മണ്ണ് ഇതു തന്നെയായിരുന്നു. അതിന് ശേഷം അത്രയും വലിയ സുനാമി ഒന്നും ഉണ്ടായതായി അറിവില്ല.